Begin typing your search above and press return to search.
proflie-avatar
Login

വിചാരണ കോടതികൾ ഭരണകൂട​ത്തെ വല്ലാതെ ഭയക്കുന്നതായി തോന്നുന്നു

വിചാരണ കോടതികൾ   ഭരണകൂട​ത്തെ വല്ലാതെ   ഭയക്കുന്നതായി തോന്നുന്നു
cancel
camera_alt

സ​ഞ്ജ​യ് ഹെ​ഗ്ഡെ

മനുഷ്യാവകാശ വിഷയങ്ങളിൽ ഉയരെ മുഴങ്ങുന്ന ശബ്ദമാണ്​ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനായ സഞ്ജയ് ഹെഗ്ഡെയുടേത്​. രാജ്യത്തെ ജനാധിപത്യത്തെയും ജുഡീഷ്യറിയെയും സുപ്രധാന കേസുകളിലെ വിധികളെയും കുറിച്ച്​ അദ്ദേഹം സംസാരിക്കുന്നു.

സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനാണ് സഞ്ജയ് ഹെഗ്ഡെ. മനുഷ്യാവകാശ വിഷയങ്ങളിൽ ഉയരെ മുഴങ്ങുന്ന ശബ്ദം. 2012ലെ ഡൽഹി കൂട്ടമാനഭംഗക്കേസിലും കൊലപാതകത്തിലും കോടതിയെ സഹായിക്കാനായി സുപ്രീംകോടതി നിയമിച്ച രണ്ട് അമിക്കസ് ക്യൂറിമാരിൽ ഒരാൾ. ശാഹിൻബാഗ് പ്രക്ഷോഭകരുമായി സംസാരിക്കാൻ സുപ്രീംകോടതി ചുമതലപ്പെടുത്തിയ മധ്യസ്ഥൻ. എന്നാൽ, 2019 ഒക്ടോബർ 27ന് ഏകാധിപത്യവാഴ്ചക്കെതിരായ ചിത്രം പങ്കുവെച്ചതിന് ഹെഗ്ഡെയുടെ ട്വിറ്റർ അക്കൗണ്ടിന് താൽക്കാലിക വിലക്ക് വീണു.

ട്വിറ്റർ തന്റെ അക്കൗണ്ട് മരവിപ്പിച്ചതിനെതിരെ ഹെഗ്ഡെ ഡൽഹി ഹൈകോടതിയെ സമീപിച്ചു. കോടതിക്ക് മുമ്പാകെ നൽകിയ വിശദീകരണത്തിൽ, ഹെഗ്ഡെയുടെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചത് അഭിപ്രായസ്വാതന്ത്ര്യത്തെ ലംഘിക്കുന്നുവെന്നായിരുന്നു കേന്ദ്രസർക്കാർ പ്രതികരണം. നേരത്തേ, സഞ്ജയ് ഹെഗ്ഡെയുടെ സമൂഹമാധ്യമ അക്കൗണ്ട് മരവിപ്പിക്കൽ സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്നും സർക്കാർ പറഞ്ഞിരുന്നു. ഗുജറാത്ത് വംശഹത്യാക്കേസിൽ ഇരകൾ നേരിട്ട തിരിച്ചടികൾ, മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ ദീർഘകാല ജയിൽവാസം തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ച്​ സംസാരിക്കുകയാണ്​ സഞ്ജയ് ഹെഗ്ഡെ ഇൗ സംഭാഷണത്തിൽ.

അടുത്തിടെ ഗുജറാത്ത് ഹൈകോടതി വിധിക്കെതിരെ സകിയ ജാഫരി നൽകിയ അപ്പീൽ മൂന്നംഗ സുപ്രീംകോടതി ബെഞ്ച് തള്ളി. ഗുജറാത്ത് കേസിൽ ‘ഉന്നതതല ഗൂഢാലോചന’ ആരോപിച്ച പ്രത്യേക ​അന്വേഷണസംഘത്തിന്റെ അന്തിമ റിപ്പോർട്ടിനെതിരെ ഫയൽചെയ്ത പ്രതിഷേധ ഹരജി തള്ളിയത് ചോദ്യംചെയ്തായിരുന്നു ഹൈകോടതി വിധി. ഗുജറാത്ത് വംശഹത്യാ കലാപങ്ങളുമായി ബന്ധപ്പെടുത്തി ഇതിനെ എങ്ങനെയാണ് താങ്കൾ കാണുന്നത്? ഗുജറാത്ത് വംശഹത്യാ കലാപ ഇരകൾക്ക് നീതി ഇനിയും പുലരാത്ത ഒന്നായി തുടരുകയാണോ?

നിയമത്തിന്റെ വഴി പിന്തുടരുമ്പോൾ, ഉന്നത ഗൂഢാലോചന നടന്നെന്നോ ഇല്ലെന്നോ സുപ്രീംകോടതിക്ക് പറയാൻ അതിന്റേതായ കാരണങ്ങളുണ്ടാകും. അത് വസ്തുതകളുമായി ബന്ധപ്പെട്ട വിഷയമാണ്. ഏതുതരം തീർപ്പിലും കോടതിക്ക് എത്താം. എന്നാൽ, വിധിയുടെ അവസാനത്തിൽ, കോടതി ടീസ്റ്റ സെറ്റൽവാദിനെ കുറിച്ച് നടത്തിയ നിരീക്ഷണങ്ങൾ അവരെയും മുൻ ഗുജറാത്ത് ഡി.ജി.പി ആർ.ബി. ശ്രീകുമാറിനെയും അറസ്റ്റ് ചെയ്യാൻ ഭരണകൂടത്തിന് നൽകുന്ന പ്രചോദനംപോലെയായി. തീർത്തും നീതീകരിക്കാനാവാത്ത ഒന്നായിരുന്നു അത്. ശരിക്കും നടപടിക്രമങ്ങൾക്കപ്പുറത്തുള്ളത്. സത്യത്തിൽ, സംവിധാനത്തിനകത്തുനിന്ന് ഇരകൾക്ക് നീതി ലഭ്യമാക്കാൻ സഹായിച്ച ആളുകളെ ഭരണകൂടം നോട്ടമിട്ടതായിരുന്നു.

കീഴ് വഴക്കമില്ലാത്ത ഒന്നായി ഇത്. കലാപങ്ങളിലെ ഇരകൾക്ക് നീതി എളുപ്പം നേടിയെടുക്കാവുന്ന ഒന്നല്ല. അത് നടത്തിയ ആൾക്കൂട്ടത്തിന്റെ മുഖങ്ങൾ തിരിച്ചറിയൽ എളുപ്പമാകില്ല. പലപ്പോഴും നേതാക്കളുമുണ്ടാകില്ല. ഉന്നതതല ഗൂഢാലോചനപോലും സംശയിക്കപ്പെടാനേ ആകൂ. അതും ​നീതിയുടെ കോടതിയിൽ തെളിയിക്കപ്പെടൽ എളുപ്പമാകില്ല. രേഖകൾ വെച്ച്, ഗൂഢാലോചനക്ക് തെളിവുണ്ടെന്നോ ​ഇല്ലെന്നോ കോടതിക്ക് വിധിക്കാം. ആ വിഷയത്തിൽ ഒതുങ്ങിയാൽ മതിയായിരുന്നു. എന്നാൽ, അതും കടന്ന് ഇരകൾക്ക് നീതി ലഭ്യമാക്കാനായി ഇറങ്ങിത്തിരിച്ചവർക്കെതിരെയും കുറ്റം ചുമത്തി. അത് തീർത്തും തെറ്റായ ഒന്നായിരുന്നു.

അതത് ഘട്ടത്തിലെ ഭരണകൂടങ്ങൾ മൗനസമ്മതം നൽകാതെ വർഗീയ കലാപങ്ങൾ അരങ്ങേറില്ല. വർഗീയ സംഭവങ്ങളുണ്ടാകാം, എന്നാൽ, കെട്ടടങ്ങാൻ ദിവസങ്ങളെടുക്കുകയും ഒന്നാകെ പടർന്നുകയറുകയും ചെയ്ത ഒരു കലാപം അത്രക്ക് വൈപുല്യത്തോടെ അരങ്ങേറാൻ പൊലീസടക്കം ഭരണകൂടം അനുമതി നൽകാതെ സാധ്യമല്ല. നീതി പുലരുംവരെ ഉറച്ചുനിന്നു പൊരുതാനാകാത്ത പാവം മനുഷ്യരാകും പലപ്പോഴും ഇരകൾ. അതുകൊണ്ടുതന്നെ, ഓരോ കലാപത്തിലെയും ഇരകൾക്കെല്ലാം രാജ്യത്ത് നീതി സാധ്യമാക്കാൻ, കഴിഞ്ഞ കാലത്ത് ഇന്ത്യൻ നീതിന്യായ സംവിധാനത്തിന് സാധ്യമായെന്ന് ഞാൻ കരുതുന്നില്ല. എന്നാൽ, അത്യപൂർവം ഘട്ടങ്ങളിൽ ഉന്നതതല കരങ്ങളിലേക്ക് എത്തുന്ന തെളിവുകളുണ്ടാകാം. ഡൽഹി കലാപങ്ങളിൽ സജ്ജൻകുമാർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയപോലെ.

ബി.ജെ.പി സർക്കാറിനു പകരം കേന്ദ്രം ഭരിച്ചത് കോൺഗ്രസായിരുന്നെങ്കിൽ വല്ല മാറ്റവും താങ്കൾ പ്രതീക്ഷിക്കുന്നുണ്ടോ?

ഗുജറാത്ത്​ സംഭവത്തിനുശേഷം നീണ്ട 10 വർഷം കോൺഗ്രസ് സർക്കാറായിരുന്നു അധികാരത്തിൽ. അന്ന് വിധി ഉണ്ടായില്ലല്ലോ, അതിന് ആരെയാണ് പഴിക്കാനാകുക.

ഗുജറാത്ത്​ വംശഹത്യാ ഇരകളെ സഹായിക്കാൻ നിസ്വാർഥമായി നിലയുറപ്പിച്ച ആക്ടിവിസ്റ്റുകളായ ടീസ്റ്റ സെറ്റൽവാദും മുൻ ഡി.ജി.പി ആർ.ബി. ശ്രീകുമാറും കേസിൽ പ്രതിചേർക്കപ്പെട്ടു. ഇരുവരുടെയും സുരക്ഷ സംബന്ധിച്ച് ആധികളുണ്ടോ?

നിലവിൽ ഇരുവരും ജാമ്യത്തിലിറങ്ങിയിട്ടുണ്ട്. ഗുജറാത്തിൽ പ്രോസിക്യൂഷൻ എത്രകാലം നീണ്ടുപോകുമെന്ന് എനിക്കറിയില്ല. അവർക്ക് മതിയായ നിയമോപദേശം ലഭിക്കുന്നുണ്ടെന്നുതന്നെയാണ് ഞാൻ കരുതുന്നത്. വിചാരണ കോടതിയിലും ഹൈകോടതിയിലും വാദം കേൾക്കുന്ന ഘട്ടങ്ങളിൽ കേസുകൾ അതിദുഷ്‍കരമാക്കി മാറ്റിയത് സകിയ ജാഫരി വിഷയത്തിൽ സുപ്രീംകോടതി നടത്തിയ നിരീക്ഷണങ്ങളായിരുന്നു. അതിനുശേഷം തുടർന്നുള്ള സുപ്രീംകോടതി ബെഞ്ച് ഇരുവർക്കും ജാമ്യം അനുവദിച്ചു. അന്വേഷണ ഏജൻസികൾ ഈ നിരീക്ഷണങ്ങളെ അതിന്റെ യഥാർഥ അർഥത്തിൽ എടുക്കില്ലേയെന്ന നിരീക്ഷണവും അവർ പങ്കുവെച്ചിരുന്നു.

സെറ്റൽവാദും ശ്രീകുമാറും അഭിമുഖീകരിച്ച നിയമതടസ്സങ്ങൾ സമാന കേസുകളിലുള്ളവരെയും നിരുത്സാഹപ്പെടുത്തില്ലേ?

ടീസ്റ്റയും ശ്രീകുമാറും നേരിട്ടത് ഭാവിയിൽ സമാന സംഭവങ്ങളിൽ മുന്നോട്ടുവരാൻ മറ്റുള്ളവരെ നിരുത്സാഹപ്പെടുത്തിയേക്കും. അതൊരു കീഴ് വഴക്കമായി എഴുന്നള്ളിക്കപ്പെടാനും സാധ്യതയുണ്ട്.

ആർ.ബി. ശ്രീകുമാർ, ടീസ്റ്റ സെറ്റൽവാദ്​

വിവരാവകാശ നിയമം അട്ടിമറിക്കപ്പെടുന്നുവെന്നും തടസ്സങ്ങൾ നിരത്തി ഉദ്യോഗസ്ഥർ പൊതുജനത്തിന് വിവരം നൽകുന്നില്ലെന്നും വ്യാപക പരാതികളുണ്ട്. ജസ്റ്റിസ് ഭഗവതിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നല്ലോ- ‘‘ഭരണനിർവഹണത്തെ കുറിച്ച വസ്തുതകൾ, അഥവാ, ശരിയായ വസ്തുതകൾ അറിയാൻ പൊതുജനത്തിന്റെ അവകാശം ഒരു ജനാധിപത്യ രാജ്യത്തിന്റെ തൂണുകളിലൊന്നാണ്. എന്നാൽ, ഈ സവിശേഷ പദവി ജനങ്ങൾക്ക് സ്വായത്തമാകാൻ, ഭരണനിർവഹണത്തെ കുറിച്ച വിവരങ്ങൾ പൂർണമായി ലഭ്യമാകുന്ന ഒരു തുറന്ന ഭരണകൂടം വേണം.’’ ഭരണകൂടം വിവരാവകാശ നിയമത്തെ തകർക്കുന്ന പ്രക്രിയക്കാണോ നാം സാക്ഷിയാകുന്നത്?

വിവരാവകാശ നിയമം തകർക്കപ്പെടുകയാണെന്ന് ഞാനും ചിന്തിക്കുകയാണ്. ഈ നിയമത്തിൽതന്നെ സാവധാനം തുളവീണുകൊണ്ടിരിക്കുകയാണ്. ഏതെങ്കിലും കാരണങ്ങൾ നിരത്തി വിവരം നൽകാതിരിക്കാനാണ് വിവരാവകാശ കമീഷനിൽ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥർക്കുള്ള നിർദേശം. അടുത്തിടെ ഒരു വിവരാവകാശ കമീഷണർ വിരമിച്ചപ്പോൾ, ഒരു കേസിൽപോലും വിവരം നൽകാത്തയാളാണ് അടുത്തൂൺ പറ്റുന്നതെന്ന് ആളുകൾ സമൂഹമാധ്യമത്തിൽ കുറിച്ചിരുന്നു. അത് ശരിയാണോ എന്നെനിക്കറിയില്ല. വിവരാവകാശ കമീഷണർക്ക് ജനങ്ങൾക്കിടയിലെ അംഗീകാരത്തിന്റെ തോതും ഒപ്പം, പ്രായോഗികാർഥത്തിൽ ഈ നിയമം നിശ്ചലമായ ഒന്നായി മാറിയെന്ന ജനകീയ ധാരണയുമാണ് ഇത് പങ്കുവെക്കുന്നത്.

തീർപ്പാകാതെ കിടക്കുന്ന കേസുകളുടെ വലിയ നിരയാണ് രാജ്യത്ത് ജുഡീഷ്യറി നേരിടുന്ന ഏറ്റവും വലിയ വിഷയം. സമയത്ത് നീതി നിഷേധിക്കപ്പെടുന്നത് നീതി ഇല്ലാതാക്കുമെന്ന ചൊല്ല് നമ്മുടെ നീതിന്യായ സംവിധാനത്തിൽ കല്ലുകടിയായി നിലനിൽക്കുകയാണ്. നിയമഭരണം സാധ്യമാകാനും നീതിയുടെ സദ്ഫലങ്ങൾ ആസ്വദിക്കാനും സമയത്ത് നീതി നടപ്പാക്കൽ അനിവാര്യമായ ഒന്നാണ്. അതാണ്, നിലവിലെ നിയമസംവിധാനത്തിൽ ഇല്ലാതെ പോകുന്നത്. നിങ്ങൾ ഇതിനോട് യോജിക്കുന്നുണ്ടോ? ഇത് പരിഹരിക്കാൻ എന്തെങ്കിലും പരിഹാരം നിർദേശിക്കാനുണ്ടോ?

ജുഡീഷ്യൽ സംവിധാനത്തിലെ ഏറ്റവും വലിയ പരാതിക്കാർ സർക്കാർ തന്നെയാകും. പലപ്പോഴും ഒരു സർക്കാർ വകുപ്പ് മറ്റേതിനെതിരെയാകും നിയമപോരാട്ടം നയിക്കുന്നത്. ഒരു സർക്കാർ വകുപ്പുമായി ബന്ധപ്പെട്ട വിഷയം കോടതിയിലെത്തിക്കാൻ തീർച്ചയായും വലിയ, സാധുവായ കാരണങ്ങളുണ്ടാകണം. മൊത്തം സംവിധാനം സർക്കാർതന്നെ ക്രമപ്പെടുത്തുന്നില്ലെങ്കിൽ പിന്നെ സാധാരണക്കാർക്ക് നീതി ലഭ്യമാക്കൽ ദുഷ്‍കരമാകും. രണ്ടാമതായി, തീർപ്പിനായി ജഡ്ജിയുടെ മുന്നിലെത്തുംമുമ്പ് പരിഹാരം കണ്ടെത്തുന്ന കോടതി വ്യവഹാര പൂർവ പ്രക്രിയകൾ വേണ്ടത്രയില്ലെന്ന പ്രശ്നമുണ്ട്. ജുഡീഷ്യൽ സമയമെന്നത് ഏറെ വിലപ്പെട്ടതാണ്.

നേരത്തേ തീർപ്പാക്കാൻ മാർഗങ്ങളില്ലാതെയും ആശ്രയമില്ലാതെയും വിഷയങ്ങൾ പ്രോസിക്യൂഷനു മുമ്പാകെ എത്തുന്നു. കുറ്റം സമ്മതിച്ച് ചെറിയ ശിക്ഷ ഏറ്റുവാങ്ങുകയും വിചാരണ തന്നെ ഒഴിവാക്കുകയും ചെയ്യുന്നതാണ് പ്രതിക്ക് ഉത്തമം. കോടതിക്കു പുറത്തെ ബദൽ സംവിധാനങ്ങൾ വേണ്ടത്ര ഉപയോഗപ്പെടുത്തുന്നില്ല. മൂന്നാമതായി, വിഷയം അനാവശ്യമായി കോടതിയിലെത്തിക്കുന്നതിന് പിഴ നൽകുന്ന ശിക്ഷകൾ നിലവിലില്ല. നിയമം പാസാക്കുംമുമ്പ് അതുമായി ബന്ധപ്പെട്ട കോടതിവ്യവഹാരങ്ങൾ എത്രത്തോളമെന്ന സാധ്യതാ പഠനവും ഉണ്ടാകുന്നില്ലെന്ന് തോന്നുന്നു. ഉദാഹരണത്തിന്, നിരവധി കോടതികളിൽ പണമില്ലാതെ മടങ്ങിയ ചെക്കുകളുമായി ബന്ധപ്പെട്ട കേസുകൾ വളരെ കൂടുതലാണ്. യഥാർഥത്തിൽ, അടച്ചുവീട്ടാത്ത ഒരു സിവിൽ കടബാധ്യതയാണ് തുകയില്ലാതെ മടങ്ങിയ ചെക്ക്.

അതിനെ ഒരു സിവിൽ ബാധ്യതയായി പരിഗണിക്കുന്നതിന് പകരം ക്രിമിനൽ കുറ്റമായി മാറ്റി നിയമസംവിധാനത്തിൽ ഭാരമായി മാറ്റുകയാണ്. നിയമം പാസാക്കൽ എളുപ്പമാണ്. ഈ നിയമംകൂടി വരുന്നതോടെ മൊത്തം സംവിധാനത്തിനുമേലും ബാധ്യതയാകുകയും ഭാരമാകുകയും ചെയ്യുമോയെന്നാണ് നോക്കേണ്ടത്. നിലവിൽ, ക്രിമിനൽ നിയമ പരിഷ്‍കരണത്തെ കുറിച്ചാണ് സർക്കാർ സംസാരിക്കുന്നത്. വകുപ്പുകളുടെ എണ്ണം മാറ്റുന്നതിനൊപ്പം സങ്കൽപങ്ങൾതന്നെ ഉടച്ചുവാർക്കുകയാണ്. കോളനിവാഴ്ചയിൽനിന്ന് മോചിതമാകലെന്ന ലേബലിലാണ് ഇ​തത്രയും നടക്കുന്നത്. എന്നാൽ, ഈ ബില്ലുകളത്രയും നിയമമാകുന്നതോടെ 100 വർഷത്തോളം പഴക്കമുള്ള നിയമവ്യാഖ്യാനങ്ങൾകൂടിയാണ് അതോടൊപ്പം നാം വഴിയിൽ ഉപേക്ഷിക്കുന്നത്.

ഇത് ശരിക്കും, റെയിൽവേ ഇന്ത്യയിൽ കൊണ്ടുവന്നത് ബ്രിട്ടീഷുകാരായതിനാൽ അതിന് കൊളോണിയൽ പാരമ്പര്യമുള്ളതാണെന്നും വീണ്ടും കുഴിയെടുത്ത് ട്രാക്കുകൾ വിരിച്ച് നമ്മുടേതായ റെയിൽവേ പുതുത് നിർമിക്കണമെന്നും പറയുംപോലെയാണ്. ഇതിന്റെ പ്രത്യാഘാതം ഏറെ വലുതാകും. ആദ്യം സിഗ്നലിങ് സംവിധാന മാറ്റം, ലോ​കോമോട്ടിവുകൾ, പിന്നെ ഓരോന്നോരോന്നായി മാറ്റം. സത്യത്തിൽ, ഇതൊരു അതിരുവിടലാണ്. ഒരു തലക്കെട്ട് മാത്രം. നമ്മുടെ ഉദ്യോഗസ്ഥവൃന്ദം വലിയ ആശയങ്ങളും ദർശനങ്ങളും ഇഷ്ടമുള്ളവരാണ്. പക്ഷേ, എങ്ങനെ നടപ്പാക്കുമെന്നത് അവരുടെ ആലോചനകളിലില്ല.

മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ യു.പിയിലെ ഹാഥറസ് ബലാത്സംഗ കേസ് റിപ്പോർട്ട് ചെയ്യാനായി പോകുന്നതിനിടെ 2020 ഒക്ടോബറിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലടക്കപ്പെട്ടു. 2022 സെപ്റ്റംബർ ഒമ്പതിന് മാത്രമാണ് സുപ്രീംകോടതിയിൽ അ​ദ്ദേഹത്തിന് ജാമ്യം ലഭിക്കുന്നത്. കാപ്പന് ജാമ്യം ലഭിക്കാനായി ഇതിനി​ടയിൽ നടന്ന ശ്രമങ്ങളത്രയും എവിടെയുമെത്താതെ മടങ്ങി. ഭരണഘടന ഉറപ്പുനൽകിയ മൗലികാവകാശങ്ങളാണ് ഇവിടെ തടയപ്പെട്ടത്. ഓരോ വ്യക്തിക്കും മൗലികാവകാശം ഉറപ്പുനൽകുന്ന 32ാം വകുപ്പ് വ്യക്തമാക്കുന്നുണ്ട്, അവകാശലംഘനമുണ്ടായാൽ നേരിട്ട് സുപ്രീംകോടതിയെ സമീപിക്കാമെന്ന്. പലതവണ കോടതികളെ സമീപിച്ചിട്ടും കേസ് പരിഗണിക്കപ്പെട്ടില്ല. 2023 ഫെബ്രുവരിയിൽ മാത്രമാണ് അദ്ദേഹത്തിന് മോചനം ലഭിക്കുന്നത്. മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനമെന്നോണം സ്വന്തം തൊഴിൽ ചെയ്യുന്നതിനിടെ അറസ്റ്റിലാകുകയും രണ്ടു വർഷത്തിലേറെ കാലം ജയിലിലടക്കുകയും ചെയ്യുന്നത് നീതി​യെ അപഹസിക്കുന്നതിന് തുല്യമല്ലേ?

സിദ്ദീഖ് കാപ്പന്റെ അറസ്റ്റ് നീതിയെ പരിഹാസ്യമാക്കൽ തന്നെയായിരുന്നു. അദ്ദേഹത്തിനെതിരെ ഒന്നും നിരത്താനുണ്ടായിരുന്നില്ല. ഇഷ്ടമോ അനിഷ്ടമോ ഉണ്ടാകാനിടയില്ലാത്ത കുറച്ചുപേർക്കൊപ്പം ടാക്സി വാഹനത്തിൽ അദ്ദേഹം സഞ്ചരിക്കാൻ ഇട​വരുന്നു. പക്ഷേ, സംസ്ഥാന സർക്കാർ മാധ്യമപ്രവർത്തകരെ ദൂരെ നിർത്താൻ തീരുമാനിച്ചുറച്ച സമയമായിരുന്നു അത്. അപ്പോൾ പിന്നെ അറസ്റ്റിലാകുന്ന ഏത് മാധ്യമപ്രവർത്തകനെതിരെയും മാധ്യമങ്ങളിൽ കാരണം എഴുന്നള്ളിക്കപ്പെടുക സ്വാഭാവികം. സർക്കാറും ഉദ്യോഗസ്ഥവൃന്ദവും തങ്ങളുടെ ആരോപണങ്ങൾ കൂടുതൽ ശക്തിയോടെ ഉറച്ചുനിന്ന് പരമാവധി കാലം കാപ്പനെ ജയിലിൽതന്നെ പാർപ്പിച്ചു. ഇത്രയുമാകുമ്പോൾ എന്തോ വിഷയം അസംഗതമായുണ്ടെന്ന് ജനം കരുതി വശാകുക സ്വാഭാവികം. ന്യൂസ് ക്ലിക് വിഷയത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്നത് സമാന സംഭവമാണ്.

ഈ കളികൾ കോടതികൾ കാണാതെ പോകുകയോ ബോധപൂർവം കണ്ണടച്ചുപിടിക്കുകയോ ചെയ്യുന്നത് നിരാശജനകമാണ്. സിദ്ദീഖ് കാപ്പൻ 32ാം വകുപ്പ് പ്രകാരം സുപ്രീംകോടതിയെ സമീപിക്കരുതായിരുന്നു. കാരണം, വിഷയം സുപ്രീംകോടതി പരിഗണനയിലാകുമ്പോൾ ജാമ്യാപേക്ഷയിൽ കീഴ് കോടതികൾക്ക് ഉത്തരവിറക്കാൻ വിലക്കുണ്ടാകും. പകരം, സുപ്രീംകോടതി അനുബന്ധമായ ചില ചോദ്യങ്ങൾ ചോദിച്ച് പ്രാഥമിക കോടതികൾക്ക് വിടേണ്ടതായിരുന്നു. അതില്ലാതെ, കേസ് ഇവിടെതന്നെ നീണ്ടുപോകുകയും വാദങ്ങൾ സവിസ്തരം തുടരുകയും ചെയ്തത് കൂടുതൽ വൈകാനിടയാക്കി.

കാപ്പൻ നേരിടേണ്ടിവന്നപോലുള്ള ഗുരുതര നീതിനിഷേധങ്ങൾ ഒഴിവാക്കാൻ വല്ല നിയമ പോംവഴികളുമുണ്ടോ?

സുപ്രീംകോടതി ചോദിക്കുംപോലെ അതേ ആത്മവിശ്വാസത്തോടെയും അധികാരത്തോടെയും ചോദ്യങ്ങൾ ഉന്നയിക്കാൻ പ്രാഥമിക കോടതികൾക്കുമാകണമെന്നതാണ് ഇതിനുള്ള പരിഹാരം. അപ്പീൽ വഴി തങ്ങളുടെ തീർപ്പുകൾ അനായാസം തള്ളപ്പെടാതിരിക്കാനുള്ള ന്യായമായ ഉറപ്പാണ് അതിനു വേണ്ടത്. പലപ്പോഴും വിചാരണകോടതികൾ ഭരണകൂട​ത്തെ വല്ലാതെ ഭയക്കുന്നുവെന്ന് തോന്നിക്കുന്നതാണ് രീതി. വിശിഷ്യാ, മാധ്യമ ശ്രദ്ധ നേടിയ കേസുകൾ ആകുമ്പോൾ. പ്രാഥമിക കോടതികളിൽ പ്രോസിക്യൂട്ടർമാർ ശക്തമായ ചോദ്യങ്ങൾ ചോദിക്കുന്നില്ലെങ്കിൽ വിഷയങ്ങൾ സംവിധാനത്തിനുള്ളിൽ വല്ലാതെ നീണ്ടുപോകും. അത് ജനാധിപത്യത്തിൽ ഭൂഷണവുമല്ല.

1974ലെ സെന്റ് സേവ്യേഴ്സ് കോളജ് കേസിൽ സുപ്രീംകോടതി നിരീക്ഷിച്ചത് ഒരു മതേതര രാജ്യം ‘‘ദൈവവിരുദ്ധമോ ദൈവപക്ഷമോ അല്ല; ഭക്തനെയും അ​ജ്ഞേയതാവാദിയെയും നാസ്തികനെയും ഒരുപോലെയാകും അത് കാണുക. സ്റ്റേറ്റുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ദൈവത്തെ അത് മാറ്റിനിർത്തും. മതത്തിന്റെ പേരിൽ ഒരാളും വിവേചനത്തിനിരയാകുന്നില്ലെന്ന് അത് ഉറപ്പുവരുത്തും.’’ മതം, ദൈവം എന്നീ വിഷയങ്ങളിൽ സുപ്രീംകോടതിയുടെ പ്രഖ്യാപിത നിലപാട് ഇതാണ്. എന്നാൽ, സ്റ്റേറ്റിന്റെ പ്രവർത്തനങ്ങളിൽ മതചിഹ്നങ്ങൾ കൊണ്ടുവരുന്നത് ശരിയാണോ? പുതിയ പാർലമെന്റ് കെട്ടിടോദ്ഘാടനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി മോദി പുരോഹിതരിൽനിന്ന് ‘സെങ്കോൽ’ സ്വീകരിച്ചതിനെ കുറിച്ചാണ് ചോദ്യം. പൂർണമായും ഒരു സ്റ്റേറ്റ് ചടങ്ങായിരുന്നില്ലേ അത്?

ഇന്ത്യൻ മതേതരത്വമെന്നത് ദൈവവിരുദ്ധ രൂപമൊന്നുമല്ല. ഫ്രഞ്ച് മാതൃകയായ സ്റ്റേറ്റും ചർച്ചും തമ്മിലെ സമ്പൂർണ ബന്ധവിച്ഛേദവുമില്ല. എല്ലാ മതങ്ങളോടും തുല്യ അകലം പാലിക്കണമെന്നു മാത്രമേയുള്ളൂ. ഒരു മതത്തെ സവിശേഷമായി കാണുകയോ മറ്റൊന്നിനെ അകറ്റുകയോ ഇല്ല. പാർലമെന്റ് ഉദ്ഘാടനത്തോടനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കരകൗശല വസ്തുക്ക​ൾക്ക് സ്വീകരണം ഒരുക്കിയിരുന്നു. അതിൽ ഒരു സെങ്കോലോ കുരിശോ മുസ്‍ലിം സമുദായത്തിന്റെയോ മറ്റോ ഏതെങ്കിലും വസ്തുവോ ഉണ്ടാകാം. അവക്കെല്ലാം തുല്യമായി സ്വീകരണം ലഭിക്കുന്നപക്ഷം അതിൽ പ്രശ്നങ്ങളൊന്നുമില്ല.

അതേസമയം, സെങ്കോൽ മാത്രം സ്വീകരിക്കുകയും എല്ലാ ചടങ്ങുകളോടെയും സെങ്കോൽ അവിടെ പ്രതിഷ്ഠിക്കുകയും ചെയ്യുന്നത് ഇന്ത്യയുടെ മതേതര മൂല്യങ്ങൾക്ക് നിരക്കാത്തതാണ്. ഇതേ വസ്തു നേരത്തെ നെഹ്റു സ്വീകരിക്കുകയും അന്നതിനെ സുവർണ ഊന്നുവടിയായി കണ്ട് മ്യൂസിയ​ത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നതാണ്. അതിനെ പവിത്രവത്കരിച്ചിരുന്നില്ല. ഭൂരിപക്ഷ​ത്തിന്റേതാണെങ്കിൽപോലും ഒരു മതത്തിന്റെ മാത്രം വസ്തുക്കളെ പാവനമായി മാറ്റുന്നത് വിഷയമാണ്.

സിവിൽ, രാഷ്ട്രീയ അവകാശ രാജ്യാന്തര ഉടമ്പടി (ICCPR) പറയുന്നത്: ‘‘നിയമവിരുദ്ധമായി അറസ്റ്റ് ചെയ്യപ്പെടുകയോ ജയിലിലടക്കപ്പെടു​കയോ ചെയ്ത ഇരകൾക്ക് നിർബന്ധമായും ഈടാക്കാവുന്ന നഷ്ടപരിഹാരത്തിന് അർഹതയുണ്ട്’’ എന്നാണ്. എന്നാൽ, ഇന്ത്യൻ ഭരണഘടനയിൽ നഷ്ടപരിഹാരത്തിന് വകുപ്പില്ല. രണ്ടു തവണയായി അതും ഓരോ തവണയും ഒമ്പതു മാസത്തിലേറെ, അന്യായമായും നിയമവിരുദ്ധമായും ജയിലിലടക്കപ്പെട്ട ഡോ. കഫീൽ ഖാന്റെ വിഷയമെടുക്കാം. അന്യായമായ അറസ്റ്റിനും തടവിനും ഇരകൾക്ക് നഷ്ടപരിഹാരത്തിന് വകുപ്പൊന്നുമില്ലേ?

വകുപ്പുകളുണ്ട്. പക്ഷേ, അപൂർവമായാണ് ഉപയോഗിക്കപ്പെടുന്നത്. തെറ്റായി നടന്ന കോടതിവ്യവഹാരങ്ങൾക്കെതിരെ പിന്നീട് ഇര നടത്തിയ വിജയകരമായ കോടതിവ്യവഹാരത്തിനു ശേഷമാകും പലപ്പോഴും അത് നടക്കുക. ഒരു പൊലീസ് ഓഫിസർ വസ്തുത അറിഞ്ഞും ബോധപൂർവമായും സത്യ​ത്തെ നിർലജ്ജം അവഗണിച്ച് തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും അതിനാൽ അയാളെ പ്രോസിക്യൂട്ട് ചെയ്ത് ശിക്ഷ നൽകേണ്ടവനാണെന്നും നഷ്ടപരിഹാരം ഈടാക്കേണ്ടതാണെന്നും നിങ്ങൾ തെളിയിക്കണം. അരമണിക്കൂർ തടവിലിട്ടതിന് പോലും പൊലീസുകാർ കുറ്റക്കാരാണെന്നും അവരിൽനിന്ന് 50,000 രൂപ ഈടാക്കണമെന്നും അടുത്തിടെ ഡൽഹി ഹൈകോടതി ഉത്തരവിട്ടിരുന്നു.

സ്ഥാപനപരമായും അതത് വകുപ്പുകൾക്കു മേൽ വലിയ സംഖ്യ പിഴ ചുമത്തേണ്ടതുണ്ട്. ഉദാഹരണത്തിന്, യു.എസിൽ തെറ്റായി അറസ്റ്റ് ചെയ്യുകയോ മർദന-ദണ്ഡനങ്ങളേൽപിക്കുകയോ ചെയ്താൽ ആ പ്രദേശത്തെ പൊലീസ് വിഭാഗം ഉത്തരവാദിത്തമേൽക്കണം. അതുകൊണ്ടുതന്നെ, അതത് വകുപ്പുകളുടെ ബജറ്റ് വിഹിതം വിഷയമാകുമ്പോൾ പൊലീസ് ഉദ്യോഗസ്ഥരുടേതാകും ഏറ്റവും കരുതലോടെയുള്ളത്. നിലവിൽ സാ​ങ്കേതികത വളർന്നതോടെ, അറസ്റ്റിനെത്തുന്നതോ പതിവു പരിശോധനകളിലോ ഉള്ള പൊലീസുകാർ ബോഡി കാമറകൾ ഉപയോഗിച്ചാകും എല്ലാം നടത്തുക. ഇന്ത്യയിലും ഇത്തരം രീതികൾ നടപ്പാക്കുന്നത് ആലോചിക്കാവുന്നതാണ്.

സിദ്ദിഖ് കാപ്പൻ

പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ സത്തയും അടിത്തറയുമാണ്. അടിയന്തരാവസ്ഥയുടെ രണ്ടാം പ്രഖ്യാപനവുമായി ബന്ധ​െപ്പട്ട് 1974 നവംബർ 12ന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയിൽ നിരീക്ഷിക്കുന്നതിങ്ങനെ: ‘‘സമാധാനപരമായ പ്രതിഷേധങ്ങളും എതിരഭിപ്രായം ഉറക്കെ പറയലും ജനാധിപത്യമെന്ന സാകല്യത്തിൽ ശക്തിയേറിയതും ആരോഗ്യകരവുമായ ആയുധങ്ങളാണ്. അതുകൊണ്ടുതന്നെ, സമാധാനപരമായി പ്രതിഷേധിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്ത് ജയിലറകളിൽ അടക്കുന്നത് ഭരണഘടനാവിരുദ്ധമാണ്.’’ എന്നാൽ, ഭരണകൂടത്തിനെതിരെ നിലകൊള്ളുന്ന ആക്ടിവിസ്റ്റുകളിൽ പലരും യു.എ.പി.എ ചുമത്തപ്പെട്ട് ജയിലറകളിൽ ദുരിതക്കടൽ നീന്തുകയാണ്. കാലക്രമേണ എതിരഭിപ്രായങ്ങളോടുള്ള ജുഡീഷ്യറി നിലപാടിൽ മാറ്റം സംഭവിച്ചിട്ടുണ്ടോ?

ഇതും തെറ്റായ കോടതിവ്യവഹാരങ്ങളുടെ പരിധിയിൽ വരുന്ന വിഷയമാണ്. പലപ്പോഴും ഇത്തരം പ്രതിഷേധങ്ങൾ നടക്കുമ്പോൾ, ഒരു പാഠം പഠിപ്പിക്കാനായി നേതാക്കളെ വളഞ്ഞുപിടിച്ച് കടുത്ത വകുപ്പുകൾ ചുമത്തുക സ്വാഭാവികം. യു.എ.പി.എ ചുമത്തിയാൽ ജാമ്യം ​ലഭിക്കൽപോലും മിക്കവാറും അസാധ്യം. പെരുമാറ്റം പൂർണമായി സമാധാനപരമാകുകയും എന്നാൽ, പ്രതിഷേധം കടുത്ത ഭാഷയിലാകുകയും ചെയ്യുന്ന പ്രതിഷേധക്കാർക്ക് സംരക്ഷണം നൽകാൻ ജുഡീഷ്യറി മതിയായ നടപടികളെടുത്തിട്ടുണ്ടെന്ന് ഞാൻ ചിന്തിക്കുന്നില്ല. യഥാർഥ സ്വഭാവവും അല്ലെങ്കിൽ അക്രമത്തിന് പ്രേരണ നൽകലും അഭിപ്രായ പ്രകടനവും തമ്മിലെ വ്യത്യാസം കൃത്യമായി നിർവചിക്കപ്പെടാത്തതാണ്.

മുൻകാലത്തെന്നപോലെ പ്രതിഷേധങ്ങളോട് സഹിഷ്ണുത കാണിക്കാൻ ജുഡീഷ്യറിക്കുമാകുന്നില്ലെന്ന് ഞാൻ കരുതുന്നു. യഥാർഥത്തിൽ ഇവിടെയും ഭരണകൂടത്തെ ജുഡീഷ്യറി മാതൃക സ്വീകരിച്ചതാകാം. മുമ്പുകാലത്ത്, ഡൽഹിയിലെ പ്രതിഷേധങ്ങൾ പാർലമെന്റിൽ ബോട്ട് ക്ലബിലാണ് അവസാനിച്ചിരുന്നത്. ’80കളുടെ അവസാനത്തിൽ ആയിരക്കണക്കിന് കർഷകരെ അണിനിരത്തി ടിക്കായത്ത് ബോട്ട് ക്ലബ് ഉപരോധിച്ചിരുന്നു.

എന്നാൽ, ജുഡീഷ്യറി​യിപ്പോൾ കരുതുന്നത് പൊലീസ് നിർദേശിച്ച ഒരു സ്ഥലം പ്രതിഷേധിക്കാനുണ്ടെങ്കിൽ മറ്റിടങ്ങളിലൊന്നും അവ പാടില്ലെന്നാണ്. ആയുധങ്ങളില്ലാതെ സമാധാനപരമായി സംഘടിക്കാനുള്ള മൗലികാവകാശങ്ങൾ ഇവിടെ കടുത്ത പൊലീസ് നിയന്ത്രണങ്ങൾക്ക് വഴി​മാറിയെന്ന് തോന്നുന്നു.

(മൊഴിമാറ്റം: കെ.പി. മൻസൂർ അലി)

Show More expand_more
News Summary - weekly samvadam