Begin typing your search above and press return to search.
proflie-avatar
Login

കലാലയങ്ങളിലെ അധ്യാപക പൊലീസിങ് ഇനിയും തുടരണോ?

കലാലയങ്ങളിലെ  അധ്യാപക പൊലീസിങ്  ഇനിയും തുടരണോ?
cancel

കലാലയങ്ങളിൽ അധ്യാപകരും അവരു​ടെ സദാചാര പൊലീസിങ്ങും എങ്ങനെയാണ്​ പ്രവർത്തിക്കുന്നത്​? ജാതിബോധവും ബ്രാഹ്മണ്യവും അധ്യാപകർ എങ്ങനെയൊക്കെയാണ്​ വിദ്യാർഥികളിൽ അടിച്ചേൽപിക്കുന്നത്​? നിലവിലുള്ള സാമൂഹികവ്യവസ്ഥക്ക് വിദ്യാർഥികൾ വെല്ലുവിളി ഉയർത്തുന്നത് തടയാൻ സ്കൂൾതലം മുതൽതന്നെ ബദ്ധശ്രദ്ധരായിരിക്കുന്നത് അധ്യാപകരിൽ സവർണമൂല്യം ഉൾക്കൊണ്ടവരാണോ? എന്താണ്​ ബദൽ? -അധ്യാപകർകൂടിയായ ലേഖികമാരുടെ നിരീക്ഷണം.മനുഷ്യസ്വഭാവത്തിലെ അല്ലെങ്കിൽ പെരുമാറ്റത്തിലെ ശരിതെറ്റുകളെ വേർതിരിക്കുന്ന തത്ത്വം എന്നാണ് സദാചാരം എന്ന വാക്കുകൊണ്ട് പൊതുവിൽ അർഥമാക്കുന്നത്. മതപരമോ ജാതീയമോ വർഗപരമോ പ്രാദേശികമോ ആയി...

Your Subscription Supports Independent Journalism

View Plans

കലാലയങ്ങളിൽ അധ്യാപകരും അവരു​ടെ സദാചാര പൊലീസിങ്ങും എങ്ങനെയാണ്​ പ്രവർത്തിക്കുന്നത്​? ജാതിബോധവും ബ്രാഹ്മണ്യവും അധ്യാപകർ എങ്ങനെയൊക്കെയാണ്​ വിദ്യാർഥികളിൽ അടിച്ചേൽപിക്കുന്നത്​? നിലവിലുള്ള സാമൂഹികവ്യവസ്ഥക്ക് വിദ്യാർഥികൾ വെല്ലുവിളി ഉയർത്തുന്നത് തടയാൻ സ്കൂൾതലം മുതൽതന്നെ ബദ്ധശ്രദ്ധരായിരിക്കുന്നത് അധ്യാപകരിൽ സവർണമൂല്യം ഉൾക്കൊണ്ടവരാണോ? എന്താണ്​ ബദൽ? -അധ്യാപകർകൂടിയായ ലേഖികമാരുടെ നിരീക്ഷണം.

മനുഷ്യസ്വഭാവത്തിലെ അല്ലെങ്കിൽ പെരുമാറ്റത്തിലെ ശരിതെറ്റുകളെ വേർതിരിക്കുന്ന തത്ത്വം എന്നാണ് സദാചാരം എന്ന വാക്കുകൊണ്ട് പൊതുവിൽ അർഥമാക്കുന്നത്. മതപരമോ ജാതീയമോ വർഗപരമോ പ്രാദേശികമോ ആയി രൂപപ്പെട്ടുവരുന്ന പെരുമാറ്റച്ചട്ടങ്ങളെ എല്ലാംതന്നെ സദാചാരത്തിന്റെ ഗണത്തിൽപെടുത്താം. അതുകൊണ്ടുതന്നെ സദാചാരത്തെ നിശ്ചിതമായോ സാർവത്രികമായോ കണക്കാക്കാവുന്നതല്ല. അത് സാംസ്കാരിക വ്യത്യാസങ്ങൾക്കനുസരിച്ച്, തലമുറകൾക്കനുസരിച്ച്, കാലത്തിനനുസരിച്ച്, വ്യത്യസ്തമായി നിലനിൽക്കുന്നു.

അതായത്, ഒരു വിഭാഗത്തിന്റെ സദാചാരങ്ങൾക്ക് സ്വീകാര്യമായത് മറ്റൊരു വിഭാഗത്തിന് നിഷിദ്ധമായിരിക്കാം. വിശ്വാസങ്ങൾക്കും സിദ്ധാന്തങ്ങൾക്കുമപ്പുറം നിലനിൽക്കുന്ന പുതിയ ലോകത്ത് സദാചാരം എന്നത് വ്യക്തിപരമായ വിശ്വാസവും നിലപാടുമായാണ് നിലനിൽക്കുന്നത്. അതുകൊണ്ടുതന്നെ സദാചാര ചിന്തകൾക്ക് സമൂഹത്തെയും വ്യക്തികളെതന്നെയോ നിയന്ത്രിക്കുന്ന അധികാരമായി നിലനിൽക്കുക എന്നത് സാധ്യമല്ല.

എങ്കിലും ഇന്ത്യൻ സമൂഹങ്ങളിൽ സദാചാര പൊലീസിങ് എന്നത് നിത്യേനയുള്ള ഒരു വിഷയമായി എക്കാലത്തേക്കാൾ അധികം തീവ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. ഒരു വ്യക്തിയുടെയോ വിഭാഗത്തിന്റെയോ മുകളിൽ ചില നിശ്ചിത പെരുമാറ്റച്ചട്ടങ്ങൾ അടിച്ചേൽപിക്കുന്ന രീതിയാണ് സദാചാര പൊലീസിങ് എന്നതുകൊണ്ട് അർഥമാക്കുന്നത്. ഇത്തരം അടിച്ചേൽപിക്കലുകൾ പലപ്പോഴും അവരുടെ വ്യക്തിജീവിതത്തിലേക്കും മത, സാംസ്കാരിക വിശ്വാസങ്ങളിലേക്കുമുള്ള നിയന്ത്രണവും കടന്നുകയറ്റവും ആയിരിക്കും. ആൾക്കൂട്ട ആക്രമണത്തിലൂടെയും വാക്കേറ്റത്തിലൂടെയും ഉപദ്രവിക്കലിലൂടെയും പലതരത്തിലും സദാചാര പൊലീസിങ് നടപ്പാക്കുന്നതായി കാണാം. പല സമയങ്ങളിലും സർക്കാറും പൊലീസും മതസംഘടനകളും ഒക്കെതന്നെ സദാചാര പൊലീസിങ്ങിന്റെ വക്താക്കളായി മാറുന്നതും കാണാൻ സാധിക്കും.

സദാചാര പൊലീസിങ് നടത്തുന്ന വ്യക്തികളെയും ഗ്രൂപ്പുകളെയും ശിക്ഷിക്കുന്ന വിവിധ നിയമങ്ങൾ ഇന്ത്യയിൽ നിലവിലുള്ളപ്പോൾതന്നെ അത്​ ഇന്ത്യയിൽ ശക്തിപ്പെട്ടുവരുന്നതായാണ് വിവിധ പ്രദേശങ്ങളിൽനിന്നായി വരുന്ന വാർത്തകളിൽനിന്ന് വ്യക്തമാകുന്നത്. സമൂഹത്തി​ന്റെ അടിസ്ഥാന മാനദണ്ഡങ്ങളെ ലംഘിക്കുന്ന ആളുകളെ നിയന്ത്രിക്കുന്നതിനുള്ള മാർഗമായാണ് ഇന്ത്യയിൽ സദാചാര പൊലീസിങ് നിലനിൽക്കുന്നത്. അതുകൊണ്ടുതന്നെ ഈ അടിസ്ഥാന മാനദണ്ഡങ്ങൾ എന്ത് എന്നും അവ എങ്ങനെ രൂപപ്പെട്ടു എന്നും അവക്ക് ഇന്ത്യൻ സമൂഹത്തിൽ എത്രമാത്രം സാധ്യതയുണ്ടെന്നും കണക്കാക്കേണ്ടത് അത്യാവശ്യമാണ്.

ഇന്ത്യയിൽ സദാചാരവാദത്തിന്റെ മാനദണ്ഡങ്ങൾ ഹിന്ദു യാഥാസ്ഥിതിക ചിന്തകളിൽ അടിയുറച്ചതാണ്. അതുകൊണ്ടുതന്നെ ഇവിടെ സദാചാരബോധം എല്ലായ്പോഴും തന്നെ വിരൽ ചൂണ്ടുന്നത് ന്യൂനപക്ഷങ്ങൾക്കും ദലിതർക്കും അവർണർക്കും സ്ത്രീകൾക്കും നേരെയാണ് എന്നത് വ്യക്തമാണ്. കൂടാതെ, പാശ്ചാത്യ സംസ്കാരത്തിൽനിന്ന് ‘ഭാരതീയ’ സംസ്കാരത്തെ രക്ഷിക്കുക എന്നത് തങ്ങളുടെ രാഷ്ട്രീയ സാംസ്കാരിക ദൗത്യമായികൂടി ഹിന്ദു യാഥാസ്ഥിതിക സദാചാരവാദികൾ കാണുന്നു.

അതുകൊണ്ടുതന്നെ പാശ്ചാത്യ സംസ്കാരത്തോട് ചേർന്നുനിൽക്കുന്ന ആധുനികതകളെയും ആഘോഷങ്ങളെയും വിലക്കുന്ന ഇവർ വാലന്റൈൻസ് ദിനാഘോഷം തുടങ്ങി ആധുനിക വസ്ത്രധാരണവും സ്ത്രീപുരുഷ സൗഹൃദവും വരെ അക്രമത്തിലൂടെ തടയുക എന്നതിൽ ഭാരതീയ സംസ്കാരത്തിന്റെ പേരിൽ അഭിമാനം കൊള്ളുന്നവരാണ്.

ഇന്ത്യയിൽ നടന്ന ആക്രമണങ്ങളിൽ ഏറ്റവും ദേശീയശ്രദ്ധ നേടിയ ഒന്നാണ് 2009 ജനുവരിയിൽ മംഗളൂരുവിൽ പബിനു നേരെ ശ്രീരാം സേന നടത്തിയ ആക്രമണം. പബിൽ മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്ന സ്ത്രീകൾ ഭാരതീയ സംസ്കാരത്തെ കളങ്കപ്പെടുത്തുന്നു എന്ന് ആരോപിച്ചായിരുന്നു ആക്രമണം. അന്ന് ആർ.എസ്.എസ് നേതാവും ശ്രീരാമസേനയുടെ സ്ഥാപകനുമായ പ്രമോദ് മുത്തലിക് ഈ ആക്രമണത്തെ ന്യായീകരിച്ചിരുന്നു. മംഗളൂരു പബ് ആക്രമണത്തിനും വാലന്റൈൻസ് ഡേ ആഘോഷങ്ങൾക്കും എതിരെ പ്രമോദ് മുത്തലിക് പ്രഖ്യാപിച്ച പ്രക്ഷോഭത്തിനെതിരെയും ഒരുകൂട്ടം സ്ത്രീകൾ നടത്തിയ സമാധാനപരമായ പ്രതിഷേധമായിരുന്നു പിങ്ക് ഷഡ്ഡി കാമ്പയിൻ.

വാലന്റൈൻസ് ദിനത്തിൽ മുത്തലിക്കിന്റെ ഓഫിസിലേക്ക് പിങ്ക് നിറത്തിലുള്ള അടിവസ്ത്രങ്ങൾ അയച്ചുകൊടുത്തുകൊണ്ടായിരുന്നു പ്രതിഷേധം. ഈ പ്രതിഷേധത്തിന് ഇന്ത്യയിലെമ്പാടുമുള്ള സ്ഥലങ്ങളിൽനിന്ന് പിന്തുണ ലഭിച്ചുവെങ്കിലും ആക്രമണ വിഷയത്തിൽ ദേശീയ വനിതാ കമീഷന്റെ നിലപാടുകളും പ്രസ്താവനകളും തീർത്തും വിവാദപരമായിരുന്നു. മൂന്നംഗ അന്വേഷണസംഘത്തിലെ ഒരാളായ നിർമല വെങ്കിടേഷ് കുറ്റം ആരോപിച്ചത് ആക്രമിക്കപ്പെട്ട പബിനും പെൺകുട്ടികൾക്കും നേരെയാണ്. പെൺകുട്ടികൾ നഗ്നത പ്രദർശിപ്പിച്ചു നൃത്തം ചെയ്തതുകൊണ്ടാണ് അവർ ആക്രമിക്കപ്പെട്ടത് എന്നായിരുന്നു നിർമല വെങ്കിടേശിന്റെ വാദം.

പിന്നീട് പക്ഷപാതപരമായ അന്വേഷണത്തിന്റെ പേരിൽ നിർമല വെങ്കിടേഷ് തൽസ്ഥാനത്തുനിന്ന് നീക്കപ്പെട്ടു. അധികം വൈകാതെ അവർ ബി.ജെ.പിയിൽ അംഗത്വം സ്വീകരിച്ചു. 2018ൽ മുത്തലിക്കിനെയും മറ്റ് 24 പേരെയും ആക്രമണവുമായി ബന്ധപ്പെട്ട കുറ്റങ്ങളിൽനിന്ന് തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു.

ഈ സംഭവത്തിൽ ഇന്ത്യൻ നിയമവ്യവസ്ഥയും ദേശീയ വനിത കമീഷൻപോലുള്ള ഭരണഘടനാപരമായ സർക്കാർ സംവിധാനങ്ങളും ഒരുപോലെ സദാചാര പൊലീസിങ്ങിന്റെ അടിത്തട്ടിൽ പ്രവർത്തിക്കുന്ന യാഥാസ്ഥിതിക ബോധത്തോട് ചെറുത്തുനിൽക്കാൻ കഴിയാതെ പരാജയപ്പെടുന്നത് കാണാൻ സാധിക്കും.

ആക്രമിച്ച ശ്രീരാമസേനയുടെ സ്ഥാപകനായ പ്രമോദ് മുത്തലിക്കിലും വനിത കമീഷൻ അംഗമായി സംഭവമന്വേഷിക്കാൻ വന്ന നിർമല വെങ്കിടേഷിലും പ്രവർത്തിക്കുന്നത് ഒരേ യാഥാസ്ഥിതിക ബ്രാഹ്മണിക ബോധമാണ്. രണ്ടുപേരും കപട ഹിന്ദു ദേശീയതയുടെ വക്താക്കളും ഒരുപോലെ പാശ്ചാത്യ ആധുനികതയിൽനിന്ന് ഭാരതസംസ്കാരത്തെ സംരക്ഷിക്കുക എന്നത് രാഷ്ട്രീയമായി കണക്കാക്കുന്നവരുമാണ്.

 

വിനായകൻ

വിനായകൻ

സ്ത്രീകളെ ബാധിക്കുന്ന എല്ലാ നയപരമായ കാര്യങ്ങളിലും സർക്കാറിനു വേണ്ട നിർദേശങ്ങൾ നൽകുന്നതിനായി നിലകൊള്ളുന്ന ഇന്ത്യ ഗവൺമെന്റിന്റെ നിയമപരമായ സ്ഥാപനമാണ് ദേശീയ വനിത കമീഷൻ. മംഗളൂരു പബ് ആക്രമണ വിഷയത്തിൽ എന്നപോലെ കാലാകാലങ്ങളായി സ്ത്രീകൾ ആക്രമിക്കപ്പെടുന്ന സന്ദർഭങ്ങളിൽ വിവാദപരമായി തന്നെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തി ഇരകളെ കുറ്റപ്പെടുത്തുന്ന ശൈലി ദേശീയ വനിത കമീഷൻ തുടരുന്നത് കാണാൻ സാധിക്കും.

ഇതിന് പ്രധാന കാരണം ദേശീയ വനിത കമീഷൻ ഭരണഘടനാപരമായി സ്ഥാപിക്കപ്പെട്ടതാണ് എങ്കിലും അതി​ന്റെ ഭാരവാഹിത്വത്തിലേക്ക് വരുന്നവരോ അവരെ നിയമിക്കുന്ന സർക്കാർ തന്നെയോ ഇന്ത്യൻ ഭരണഘടനയെ കുറിച്ചോ ഭരണഘടന സ്ത്രീകൾക്ക് നൽകുന്ന നിയമപരമായ അവകാശങ്ങളെ കുറിച്ചോ പരിരക്ഷയെ കുറിച്ചോ ബോധവാന്മാരല്ല എന്നതാണ്. ഭരണഘടനയെക്കാൾ അധികം ഈ ഭാരവാഹികളെ നിയന്ത്രിക്കുന്നത് അവരിൽ ജാതീയമായും മതപരമായും കടന്നുകൂടിയ യാഥാസ്ഥിതിക ബോധമാണ്, വിദ്വേഷ ചിന്തകളുമാണ്.

2009ലെ പബ് ആക്രമണത്തിനെതിരെ നടന്ന പ്രതിഷേധങ്ങൾ ഒന്നുംതന്നെ മുത്തലിക് എന്ന ‘സാധു’ ബ്രാഹ്മണനിൽ മാറ്റം ഒന്നും വരുത്തിയില്ല എന്ന് മാത്രമല്ല അയാൾ തന്റെ ഹിന്ദു യാഥാസ്ഥിതിക വിദ്വേഷ പ്രചാരണങ്ങൾ തുടരുകയും ചെയ്തു. ഈ വർഷം 2023 ജനുവരി 12ന് നടന്ന സ്വാമി വിവേകാനന്ദ ജയന്തിയുമായി ബന്ധപ്പെട്ട ഹിന്ദു കൺവെൻഷനിൽ സ്ത്രീകളുടെ സുരക്ഷക്കായി വീടുകളിൽ വാളുകൾ പ്രദർശിപ്പിക്കണമെന്നാണ് മുത്തലിക് ആഹ്വാനംചെയ്തത്. ഒരു ഹിന്ദു പെൺകുട്ടിയെ നഷ്ടപ്പെട്ടാൽ 10 മുസ്‍ലിം പെൺകുട്ടികളെ കെണിയിലാക്കാനാണ് മുത്തലിക് ഹിന്ദു യുവാക്കളോട് ആവശ്യപ്പെട്ടത്. ഇത്തരത്തിൽ ‘ലവ് ജിഹാദി’നെ എതിർക്കുന്നവർക്ക് ശ്രീരാമസേന സംരക്ഷണവും ജോലിയും നൽകുമെന്ന് മുത്തലിക് വാഗ്ദാനം ചെയ്തതും ഈ 2023 ഫെബ്രുവരി മാസം മാത്രമാണ്.

കേരളത്തിലും ഇത്തരം സദാചാര പൊലീസിങ് എണ്ണം വർധിച്ചുവരുന്നതാണ് കാണുന്നത്. കർണാടകത്തിലും മറ്റും സദാചാര പൊലീസിങ്ങിന് ഇരയാക്കപ്പെടുന്നതിൽ കൂടുതൽ ഹിന്ദു സംസ്കാരത്തി​ന്റെ പേരിൽ മത ന്യൂനപക്ഷങ്ങളും ഐ.ടി മേഖലയിലും മറ്റു ജോലിചെയ്യുന്ന യുവജനങ്ങളുമാണ് എങ്കിൽ കേരളത്തിലെ സദാചാര പൊലീസിങ്ങിന് ഏറ്റവും കൂടുതൽ ഇരയാക്കപ്പെടുന്നത് വിദ്യാർഥികളാണ്. വിദ്യാലയത്തിന് അകത്തും പുറത്തും അവർ പലതരത്തിലുള്ള സദാചാര പൊലീസിങ്ങിന് ഇരയാക്കപ്പെടുന്ന വാർത്തകളും അതുമൂലം വിദ്യാർഥികൾ ജീവൻ ഒടുക്കുന്ന സംഭവങ്ങളും കേരളത്തിൽ ഒറ്റപ്പെട്ട വിഷയമല്ലാതെയായി മാറിക്കഴിഞ്ഞു.

ആൺകുട്ടിയും പെൺകുട്ടിയും ഒരുമിച്ച് നടക്കുന്നതും സംസാരിക്കുന്നതും ചിരിക്കുന്നതും യാത്രചെയ്യുന്നതും ഭക്ഷണം കഴിക്കുന്നതും എല്ലാംതന്നെ കേരളത്തിലെ പൊതുബോധത്തിന് എന്നും പ്രശ്നംതന്നെയാണ്. വിദ്യാർഥികളെ ആൺ പെൺ വേർതിരിച്ച് ക്ലാസുകളിൽ ഇരുത്തുന്നതും നടക്കാൻ പ്രത്യേക കോവണിപ്പടികൾ നൽകുന്നതുമടക്കമുള്ള സദാചാരങ്ങൾ കേരളത്തിൽ ഇന്നും തെറ്റില്ലാതെ നടന്നുവരുന്നു. എന്നാൽ ഇത്തരം ‘സാധാരണ’ ആചാരങ്ങൾക്കപ്പുറമുള്ള സ്വഭാവഹത്യകളും വ്യക്തിഹത്യകളുമാണ് വിദ്യാർഥികളെ പലപ്പോഴും ആത്മഹത്യയിലേക്കും മറ്റും നയിക്കുന്നത്. ഇത്തരം സ്വഭാവഹത്യകൾക്കും വ്യക്തിഹത്യകൾക്കും കാരണമായി പലപ്പോഴും പ്രവർത്തിക്കുന്നത് കേരളത്തിൽ നിലനിൽക്കുന്ന ജാതി പൊലീസിങ് അല്ലെങ്കിൽ ജാതിബോധത്തിൽ അടിസ്ഥാനപ്പെടുത്തിയ സദാചാര പൊലീസിങ് തന്നെയാണ്.

2017ൽ കേരള മനഃസാക്ഷിയെ ഉലച്ച വിനായകന്റെ ആത്മഹത്യ ജാതി പൊലീസിങ്ങിന്റെ ദൃഷ്ടാന്തമാണ്. 2017 ജൂലൈ 18നാണ്​ വിനായകൻ എന്ന ദലിത്​ യുവാവ് തൃശൂർ പാവറട്ടി പൊലീസിന്റെ കസ്റ്റഡി മർദനത്തെ തുടർന്ന് ആത്മഹത്യ ചെയ്യുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടും വിനായകനൊപ്പം മർദനമേറ്റ ശരത്തും കൂടാതെ മറ്റു ദൃക്സാക്ഷികളും, ക്രൂരമായ കസ്റ്റഡി മർദനം നടന്നു എന്ന് സ്ഥിരീകരിച്ചിരുന്നു. ശാരീരികമായ മർദനത്തിന് പുറമേ മാനസികമായും ഇല്ലാതാക്കുന്ന രീതിയിൽ സംസാരിക്കുകയും ഇകഴ്ത്തുകയും ചെയ്തിരുന്നു. പെൺസുഹൃത്തിനൊപ്പം സംസാരിച്ചു നിൽക്കുമ്പോഴാണ് വിനായകനെയും സുഹൃത്ത് ശരത്തിനെയും പാവറട്ടി പൊലീസ് പിടിച്ചുകൊണ്ടുപോകുന്നത്. വാഹനത്തി​ന്റെ രേഖകൾ കൈയിൽ വെക്കാതെ യാത്ര ചെയ്തു എന്ന് ആരോപിച്ചാണ് അത്.

പിന്നീട് തൊഴിൽ, കുടുംബ പശ്ചാത്തലം, ജാതി തുടങ്ങിയ വിവരങ്ങൾ മനസ്സിലാക്കിയശേഷം മാലമോഷണ കുറ്റവും കഞ്ചാവ് ഉപയോഗവും ആരോപിച്ച് മർദിച്ചു. ബ്യൂട്ടിപാർലർ ട്രെയ്നി ആയിരുന്ന വിനായകന്റെ നീട്ടിവളർത്തിയ പുതിയ രീതിയിലുള്ള ഹെയർ സ്റ്റെൽ ആണ് പൊലീസിന് പ്രശ്നമായത്. മുടി വെട്ടാൻ നിർദേശിച്ചാണ് വിനായകനെ അവർ വിട്ടയക്കുന്നത്. മുടിവെട്ടിയതിനു പിറ്റേദിവസം വിനായകൻ ആത്മഹത്യ ചെയ്തു.

 

വിനായകന് സംഭവിച്ച അതേ രീതിയിലുള്ള മാനസിക പീഡനത്തിലൂടെ തന്നെയാണ് ആരതി എന്ന നേമത്തെ വിക്ടറി ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനിയും കടന്നുപോയത്. 2023 ജൂലൈയിലാണ് ആരതി ആത്മഹത്യ ചെയ്യുന്നത്. ആരതിക്ക് ഒരു ആൺകുട്ടിയുമായി അടുപ്പമുണ്ടെന്ന് പറഞ്ഞായിരുന്നു അധ്യാപികയുടെ പീഡനം. ആരതി അവസാനമായി സ്കൂളിൽ പോയ ദിവസം സ്കൂളിലെ പ്രധാനാധ്യാപിക ആരതിയുടെ ബാഗിൽ ഫോൺ ഉണ്ടെന്ന് ആരോപിച്ച് ബാഗ് മറ്റു കുട്ടികളുടെ മുന്നിൽ ​െവച്ച് പരിശോധിച്ചിരുന്നു. ആരതി നല്ല വസ്ത്രം ധരിച്ചാലും വാച്ച് ധരിച്ചാലും സ്വർണമാലയിട്ടാലും അധ്യാപിക കളിയാക്കിയിരുന്നു എന്നും അധിക്ഷേപിച്ചിരുന്നു എന്നും ആരതിയുടെ അമ്മ പറയുന്നു.

മറ്റു കുട്ടികൾ ചെയ്യുന്ന തെറ്റിനും ആരതി പഴി കേൾക്കേണ്ടിവന്നിരുന്നു. ആരതി ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് പൊലീസ് സ്റ്റേഷനിൽ വിളിച്ച് തനിക്ക് അധിക്ഷേപം നേരിട്ടിരുന്നതായും സ്കൂളിൽ പോകാൻ കഴിയില്ല എന്നും അറിയിച്ചിരുന്നതായും റിപ്പോർട്ട് ഉണ്ട്. വിനായകന്റെ വിഷയത്തിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നത് പൊലീസ് ആണ് എങ്കിൽ ആരതിയുടെ വിഷയത്തിൽ അത് അധ്യാപികയാണ്.

വിനായകന്റെ പുതിയ രീതിയിലുള്ള ഹെയർ സ്റ്റൈലും ആരതിയുടെ പുതിയ വസ്ത്രധാരണവും വിനായക​ന്റെ പെൺസുഹൃത്തും ആരതിയുടെ ആൺസുഹൃത്തും എല്ലാം പൊലീസിനെയും അധ്യാപികയെയും അലോസരപ്പെടുത്തുന്നു. അത്​ ചോദ്യംചെയ്യലിനും നിയന്ത്രണത്തിനും വിഷയമാക്കുന്നതിനും ഈ രണ്ടു കൂട്ടരിലും പ്രവർത്തിക്കുന്നത് ഒരേ രീതിയിലുള്ള ജാതിബോധവും ജാതിബോധത്തിൽ അടിയുറച്ച സദാചാരബോധവും ആയതിനാലാണ്. വിനായകനെയും ആരതിയെയും പോലുള്ള ദലിത്​ ശരീരങ്ങൾക്ക് ഇന്നും വിലക്കപ്പെട്ടതായ സ്വതന്ത്ര വസ്ത്രധാരണവും സാമൂഹിക ഇടപെടലും എന്ന ജാതിബോധവും അതിൽ അടിയുറച്ച അസഹിഷ്ണുതയുമാണ് ഈ രീതിയിലുള്ള വ്യക്തിഹത്യകൾക്കും സ്വഭാവഹത്യകൾക്കും അടിസ്ഥാനം.

ജാതി തങ്ങൾക്കുമേൽ അടിച്ചേൽപിക്കുന്ന വിവേചനങ്ങളെയും അടിച്ചമർത്തലുകളെയും അധിക്ഷേപങ്ങളെയും വിനായകനെയും ആരതിയെയുംപോലുള്ള യുവതലമുറ മറികടക്കുന്നതും ചോദ്യംചെയ്യുന്നതും തങ്ങളുടേതായ ശൈലിയിലാണ്​. വസ്ത്രധാരണത്തിലൂടെയും ജീവിതശൈലിയിലൂടെയും ഹെയർ സ്റ്റൈലിലൂടെയും ആധുനികതയെ സ്വാംശീകരിച്ച് അത് തങ്ങളുടെ ശരീരഭാഷയിലൂടെ പ്രകടമാക്കിക്കൊണ്ടാണ്.

ഈ രീതിയിൽ വളർന്നുവരുന്ന, ജാതിയുടെ വേർതിരിവുകളെ മറികടന്നുകൊണ്ടും ചോദ്യംചെയ്തുകൊണ്ടും വികസിച്ചുവരുന്ന, വ്യക്തികളെയും ശരീരങ്ങളെയും എങ്ങനെയും തങ്ങളുടെ ജാതിബോധത്തിന്റെ വലയിൽ നിലനിർത്തി അപകർഷതക്കും അടിച്ചമർത്തലിനും പാത്രമാക്കി നിലനിർത്തുക എന്നത് തങ്ങളുടെ ദൗത്യമായി ഏറ്റെടുത്തവരാണ് വിനായകന്റെ വിഷയത്തിൽ പൊലീസുകാരും ആരതിയുടെ വിഷയത്തിൽ അധ്യാപകരും. അതിനായി ഇത്തരക്കാർ തങ്ങൾ ഏറ്റവും ജനായത്തപരമായി പ്രവർത്തിക്കേണ്ട തങ്ങളുടെ കർമമണ്ഡലങ്ങളെപോലും അധികാരപ്രയോഗ മാർഗമായി ഉപയോഗപ്പെടുത്തുന്നു.

ഇന്ത്യയിൽ സദാചാര പൊലീസിങ്ങിന്റെ ചരിത്രത്തിൽ പൊലീസിൽനിന്നുള്ള സദാചാരവേട്ട നിരന്തരം നടന്നുകൊണ്ടിരിക്കുന്ന ഒന്നാണ്. എന്നാൽ, അധ്യാപകരിൽനിന്നുള്ള സദാചാര പൊലീസിങ് എന്നത് വളരെ ഗൗരവമുള്ള വിഷയമാണ്. ഇന്ത്യയിലും, കേരളത്തിൽ പ്രത്യേകിച്ചും, അധ്യാപകരിൽനിന്ന് വിദ്യാർഥികൾക്കു നേരെയുള്ള സദാചാര പൊലീസിങ് സംഭവങ്ങൾ കൂടിവരുന്നു എന്നത് ഭയപ്പെടേണ്ട കാര്യം തന്നെയാണ്. ഇത്തരം സദാചാര പൊലീസിങ്ങുകൾക്ക് ജാതിയുടെ മാനങ്ങൾ ഉണ്ടെങ്കിൽ അതിനെ ആഴത്തിൽ പരിശോധിക്കേണ്ടതും തിരിച്ചറിയേണ്ടതും തടയേണ്ടതും ആവശ്യമാണ്. കാരണം ആത്മഹത്യചെയ്ത ആരതിയെ പോലെ വളരെയധികം വിദ്യാർഥികൾ സ്കൂളിലും കാമ്പസിലുമായി ജാതി പൊലീസിങ് നേരിട്ട് അതിനോട് മല്ലടിച്ച് വ്യക്തിത്വ വികാസത്തിന് തടസ്സം നേരിട്ട് ജീവിക്കുന്നവരാണ്.

ഉത്തർപ്രദേശിലെ മുസഫർനഗറിൽ ഗൃഹപാഠംചെയ്യാത്തതിന്റെ പേരിൽ അധ്യാപിക ഏഴു വയസ്സുള്ള മുസ്‍ലിം വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് മുഖത്തടിപ്പിക്കുന്ന ദൃശ്യങ്ങൾ ഞെട്ടലുണ്ടാക്കുന്നതാണ്. മാത്രമല്ല, ആ കുട്ടിയെ മുഹമ്മദൻ എന്ന് വിളിച്ചുപറയുന്നതും ആഞ്ഞടിക്കാൻ ആക്രോശിക്കുന്നതും വളരെ വ്യക്തമായി കേൾക്കാം. പ്രമോദ് മുത്തലിക്കിനെ പോലെ ആ അധ്യാപികയിലും നിറഞ്ഞുനിൽക്കുന്നത് ഹിന്ദു യാഥാസ്ഥിതിക ബ്രാഹ്മണ്യ മൂല്യങ്ങളാണ്. അതിനാൽതന്നെയാണ് അധ്യാപിക ത​ന്റെ തെറ്റുകൾ സമ്മതിക്കുന്നതിന് പകരം മലക്കംമറിയുന്നത്.

താൻ ചെയ്തത് തെറ്റാണ് എന്ന തോന്നൽ ലവലേശംപോലും അവർക്കില്ല. ‘നല്ല വിദ്യാഭ്യാസം’, ‘സ്കൂൾ റൂൾസ്’ തുടങ്ങിയ വാക്കുകൾ പ്രയോഗിച്ചാണ് അവർ ത​ന്റെ തെറ്റിനെ ന്യായീകരിക്കുന്നത്. അവരെ സംബന്ധിച്ച് ഈ വിഷയം നിസ്സാരവും നിത്യസംഭവവുമാണ്. ഈ രീതിയിൽ അല്ലാതെ നല്ല വിദ്യാഭ്യാസം നൽകുന്നത് എങ്ങനെ എന്ന് ചിന്തിക്കാൻപോലും അവർക്ക് കഴിയില്ല. കാരണം, അവരിൽ വേരൂന്നിയ മതവിദ്വേഷ ചിന്തകളും സനാതന മൂല്യങ്ങളും അത്രക്കും ആഴത്തിലുള്ളതാണ്.

 

പ്രമോദ് മുത്തലിക്

പ്രമോദ് മുത്തലിക്

ജാതിബോധം വ്യക്തിയുടെ രാഷ്ട്രീയ സ്വത്വത്തി​ന്റെയും സാമൂഹിക സ്വത്വത്തി​ന്റെയും അടിസ്ഥാനമായി തുടരുന്നതുകൊണ്ട് പൗരരായി ഇന്ത്യയിലെ ജനങ്ങൾ മാറുന്നില്ല. രാഷ്ട്രീയ കക്ഷികൾ ഭരണം നേടുന്നതിന് അടിസ്ഥാനമാകുന്നത് ഇന്നും വ്യക്തികളുടെ ജാതി സ്വത്വമാണ്. വിഭവാധികാരവും സംഘടിക്കാനും വിലപേശാനുമുള്ള രാഷ്ട്രീയബോധവും നയവും ഇന്നും കൈവശമുള്ളത് സവർണ ജാതികൾക്ക് ആയതുകൊണ്ട് ഭരണം നിയന്ത്രിക്കുന്നത് അവരാണ്.

ഇ.ഡബ്ല്യു.എസ് വിഷയത്തിൽ ഇതു വ്യക്തമായതാണ്. ഇന്ത്യ ഒരു ജനായത്ത രാജ്യമായി മാറുന്നതിന് തടസ്സം നിൽക്കുന്നത് സവർണതയാണ്. ചെറുതും വലുതുമായ എല്ലാ സാമൂഹിക വ്യവഹാരങ്ങളിലും വിദ്യാഭ്യാസരംഗത്തും നീതിന്യായ മേഖലയിലും ഭരണരംഗത്തും അതിലൂടെ നയരൂപവത്കരണത്തിലും വിജയം കൈവരിക്കുന്നത് സവർണ അജണ്ടയാണ്.

ഇതി​ന്റെ കാരണം ഈ മേഖലകളിൽ എല്ലാംതന്നെയുള്ള സവർണരുടെ അമിത പ്രാതിനിധ്യമാണ്. ജാതി എന്നത് വ്യക്തിയുടെ ഉള്ളിൽ പ്രവർത്തിക്കുന്ന മൂല്യബോധവും ജീവിതത്തിൽ ലഭ്യമാകുന്ന വിഭവാധികാരവും അവസരങ്ങളും സാമൂഹിക ബന്ധങ്ങളും സ്വീകാര്യതയുമാണ്. സനാതന വർണാശ്രമ ധർമം എന്ന, സവർണത ആന്തരികവത്കരിച്ചിട്ടുള്ള മൂല്യബോധം, അവർണരെയും മതന്യൂനപക്ഷങ്ങളെയും ദലിത്​, ആദിവാസി വിഭാഗങ്ങളെയും അപരവത്കരിക്കുകയും ഭരണഘടനാ ജനായത്തത്തെ, സാമൂഹിക സാംസ്കാരിക സാമ്പത്തിക രാഷ്ട്രീയ വിദ്യാഭ്യാസ മേഖലകളിലെല്ലാം അട്ടിമറിക്കുകയും ചെയ്യുന്നു. മുൻപറഞ്ഞ എല്ലാ മേഖലകളിലും താക്കോൽ സ്ഥാനങ്ങൾ നേടി, അവയെ നിയന്ത്രിക്കുന്നത് സനാതന ധർമികളാണ്.

സ്കൂൾ വിദ്യാഭ്യാസകാലം തുടങ്ങി ജനസംഖ്യയിൽ ഭൂരിപക്ഷമായ ബഹുജനങ്ങളും ദലിതരും മതന്യൂനപക്ഷങ്ങളും വിദ്യാഭ്യാസത്തിലൂടെയും കലാ സാംസ്കാരിക മേഖലകളിലും കണ്ടുകേട്ട് ആന്തരികവത്കരിക്കുന്നത് ജാതി ഹിന്ദു മൂല്യങ്ങളാണ്. ക്ഷയിച്ച തറവാടിനും സവർണരുടെ ദാരിദ്ര്യത്തിനും കാരണക്കാർ സംവരണ വിഭാഗക്കാരാണ് എന്നു ധ്വനിപ്പിക്കുന്ന ലളിതാംബിക അന്തർജനത്തി​ന്റെ ‘മനുഷ്യപുത്രി’ എന്ന ചെറുകഥയും ‘കഴിവുകെട്ട’ മക്കളെ ഡോക്ടറും പട്ടാളക്കാരനും എൻജിനീയറുമാക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്കളെ ചിത്രീകരിക്കുന്ന മാധവിക്കുട്ടിയുടെ ‘നെയ്പായസവും’ പാഠപുസ്തകങ്ങളിൽ ഇടംപിടിക്കുന്നതും പെഡഗോജിയിലൂടെ സ്കൂൾ വിദ്യാഭ്യാസ കാലം തുടങ്ങി സവർണ ഹിന്ദു മൂല്യങ്ങൾ വിദ്യാർഥികളുടെ മനസ്സിൽ ഊട്ടിയുറപ്പിക്കുന്നത് എങ്ങനെയെന്ന് വ്യക്തമാക്കുന്നു.

ജനസംഖ്യയിൽ ന്യൂനപക്ഷമായ സവർണ വിഭാഗം തങ്ങളുടെ മൂല്യങ്ങൾ സമസ്ത മേഖലയിലുമുള്ള അവരുടെ അമിത പ്രാതിനിധ്യത്തിലൂടെ മത ന്യൂനപക്ഷങ്ങളുടെയും ബഹുജനങ്ങളുടെയും ദലിത്​, ആദിവാസി വിഭാഗങ്ങളുടെയും മേൽ അടിച്ചേൽപിക്കുന്നത് ചെറുക്കാൻ സാമുദായിക സംവരണമല്ലാതെ മറ്റു മാർഗമില്ല. പ്രാതിനിധ്യ രാഷ്ട്രീയമാണ് ജനായത്തം. സാമുദായിക സംവരണം സാമൂഹിക ജനായത്ത പ്രാതിനിധ്യമാണ്.

വിദ്യാഭ്യാസ സ്ഥാപനത്തിലുള്ള വ്യക്തികളെ പൊതുവിൽ രണ്ടായി തിരിച്ചു പറയാം, വിദ്യാർഥികളും അധ്യാപകരുൾപ്പെടുന്ന സ്റ്റാഫ് അംഗങ്ങളും. മറ്റൊരു രീതിയിൽ പറഞ്ഞാൽ, പൗരർ എന്ന നിലക്ക് വിദ്യാഭ്യാസം ലഭിച്ച് പൗരർ എന്ന നിലക്ക് സ്ഥാപനത്തിൽ ജോലി നേടിയവരും പൗരർ എന്ന നിലക്ക് വിദ്യാഭ്യാസം നേടാൻ അവസരം ലഭിച്ച വിദ്യാർഥികളും. വിദ്യാർഥികൾ രൂപവത്കൃതരായി വരുന്ന വ്യക്തികളാണ്, അധ്യാപകരും സ്റ്റാഫ് അംഗങ്ങളും വിവിധ സ്വാധീനങ്ങളാൽ രൂപപ്പെട്ട വ്യക്തികളും. വിദ്യാർഥികളെ അപേക്ഷിച്ച് വിഭവാധികാരവും പദവിയും ഉള്ളവരാണ് അധ്യാപകരും സ്റ്റാഫ് അംഗങ്ങളും.

വിദ്യാർഥികളുടെ സ്വത്വബോധം സങ്കീർണമാണ്. ദലിത്​ പിന്നാക്ക വിഭാഗങ്ങളിൽനിന്നുള്ള വിദ്യാർഥികൾ അനുഭവിക്കുന്ന വിഭവദാരിദ്ര്യം, ജാതി, ലിംഗപദവി, നിറം സംബന്ധമായ ഇകഴ്ത്തലുകൾ, ഇവയോട് കൃത്യമായി പ്രതികരിക്കാൻ കഴിയാത്ത അവസ്ഥ സൃഷ്ടിക്കുന്ന ആത്മസംഘർഷങ്ങൾ, ഇത്തരം സാഹചര്യങ്ങൾ കാരണം പഠനത്തിൽ സംഭവിച്ചിട്ടുള്ള പോരായ്മകൾ ഒക്കെ അവരുടെ സ്വത്വബോധത്തെ സ്വാധീനിക്കും. മാതാപിതാക്കളുടെയും അധ്യാപകരുടെയും സ്വാധീനത്തിൽനിന്നു വഴിപിരിഞ്ഞ് സ്വയം ഒരു വ്യക്തിയായി വിദ്യാർഥി വളർന്നു തുടങ്ങുന്നത് കൗമാരത്തിലാണ്. മറ്റുള്ളവരുടെ ആശയങ്ങളും ചിന്തകളും അപ്പാടെ സ്വീകരിക്കുന്നത് നിർത്തി ചിന്തിച്ച് അവർ ശരിതെറ്റുകൾ സ്വയം നിർണയിക്കുന്നു.

സ്വതന്ത്രമായ സ്വത്വരൂപവത്കരണം യുവതലമുറ ബാഹ്യവത്കരിക്കുന്നത് മുമ്പ് സൂചിപ്പിച്ചപോലെ വസ്ത്രധാരണത്തിലും ഹെയർ സ്റ്റൈലിലും മറ്റുംകൂടിയാണ്. അതിലൂടെ താനായി മാറുന്ന പ്രക്രിയയെ ചില അധ്യാപകർ ആക്രമിച്ചു പരാജയപ്പെടുത്താൻ തുനിഞ്ഞിറങ്ങുന്നതും അതുകൊണ്ടാണ്​. ഇവരെ അലോസരപ്പെടുത്തുന്ന മറ്റൊരു വിഷയം യുവതലമുറ പാലിക്കുന്ന ശാരീരിക അടുപ്പമാണ്. കൈകോർത്തു പിടിച്ചും കെട്ടിപ്പിടിച്ചും അവർ സ്നേഹം കൈമാറുന്നത് ലൈംഗിക ചേഷ്ടകൾ ആയാണ് അധ്യാപകർക്ക് മനസ്സിലാവുന്നത്.

ശരീരത്തിനുമേൽ നിയന്ത്രണം കടുപ്പിച്ച് നിർത്തുന്നത് ജാതിവ്യവസ്ഥ നിലനിർത്തുന്നതിന് അനിവാര്യമാണ്. അതുകൊണ്ടുതന്നെ ശരീരംകൊണ്ടുള്ള കേവലമായ സ്നേഹപ്രകടനംപോലും സവർണമൂല്യങ്ങൾ പേറുന്ന അധ്യാപകരെ അസ്വസ്ഥരാക്കുന്നു. ഇതിന്റെ അടിസ്ഥാനപരമായ കാരണം ഇന്ത്യയിലെ, കേരളത്തിലെ, സാഹചര്യത്തിൽ വ്യക്തിയുടെ ഓപറേഷനൽ ഐഡന്റിറ്റി ജാതിയാണ് എന്നതാണ്. വിദ്യാർഥികൾ സ്വതന്ത്ര പൗരരായി വളർന്നുവന്നാൽ ജാതിവ്യവസ്ഥ നിലനിർത്താൻ അവരെ കിട്ടാതെ വരും. ശരീരത്തിനു മേലുള്ള കടുത്ത നിയന്ത്രണങ്ങളിൽകൂടി മാത്രമേ ജാതിവ്യവസ്ഥ തുടർന്നുകൊണ്ടുപോകാൻ സാധിക്കുകയുള്ളൂ. ദലിത്​ പിന്നാക്ക വിഭാഗങ്ങളാണ് ജനസംഖ്യയിൽ ഭൂരിപക്ഷം, ഈ ശരീരങ്ങളുടെ മേലാണ് ഇത്തരം കടുത്ത നിയന്ത്രണം പ്രയോഗിക്കപ്പെടുന്നത്.

കാമ്പസാണ് വിദ്യാർഥികൾ സ്വതന്ത്രമായി ചിന്തിക്കാനും പ്രവർത്തിക്കാനും വേദിയാകുന്ന ഇടം. നിലവിലുള്ള സാമൂഹിക വ്യവസ്ഥക്ക് വിദ്യാർഥികൾ വെല്ലുവിളി ഉയർത്തുന്നത് തടയാൻ സ്കൂൾതലം മുതൽതന്നെ ബദ്ധശ്രദ്ധരായിരിക്കുന്നത് അധ്യാപകരിൽ സവർണമൂല്യം ഉൾക്കൊണ്ടവരാണ്. അതിന് അവർ കൂട്ടുപിടിക്കുന്നത് സവർണ-ജന്മിത്ത കാഴ്ചപ്പാടായ അടിമ-ഉടമ ബന്ധമാണ്. സ്കൂളി​ന്റെ/ കലാലയത്തി​ന്റെ ഉടമസ്ഥസ്ഥാനത്ത് അവർ സ്വയം അവരോധിക്കുന്നൂ. സ്വാഭാവികമായും വിദ്യാർഥികൾ അടിമയുടെ സ്ഥാനത്തേക്ക് തരംതാഴ്ത്തപ്പെടുന്നു.

ഗൗരവമുള്ള വിഷയങ്ങളിൽ അധ്യാപകരും വിദ്യാർഥികളും തമ്മിലുണ്ടാവുന്ന ഏതൊരു വ്യവഹാരത്തിലും ഇതാണ് രണ്ടുകൂട്ടരും എടുക്കേണ്ടുന്ന സ്ഥാനം എന്ന സവർണബോധം ഈ അധ്യാപകർ ആന്തരികവത്കരിച്ചിട്ടുണ്ട്. ഇതിനെ എതിർക്കുന്ന, ആധുനിക മൂല്യങ്ങളും പൗരബോധവും ഉള്ളിൽ ഉറച്ച വിദ്യാർഥികളും അധ്യാപകരും രാക്ഷസവത്കരിക്ക​െപ്പടും.

 

കലാലയം, ദലിത്​-പിന്നാക്ക വിദ്യാർഥികളെ സംബന്ധിച്ച് അവർ ആദ്യമായി പ്രവേശിക്കുന്ന വലിയ ലോകമാണ്. മാതാപിതാക്കളും അധ്യാപകരും അവരുടെ നോട്ടപരിധിക്കുള്ളിൽ നിർത്തി നിയന്ത്രിക്കുന്ന സ്കൂൾ കാലഘട്ട അവസ്ഥ, കഴിഞ്ഞ് മുതിർന്ന വ്യക്തികളായി വിദ്യാർഥികളെ രൂപപ്പെടുത്താനും തുടർന്നുള്ള സാമൂഹിക ജീവിതത്തിന് പ്രാപ്തരാക്കാനുമുള്ള ഭൂമികയാണ് കലാലയം. അധ്വാനംകൊണ്ടും അർഹതകൊണ്ടുമാണ് ഓരോ വിദ്യാർഥിയും കലാലയ കവാടം കടന്ന് പുതിയ ലോകത്തേക്ക് പ്രവേശിക്കുന്നത്. അതു പൂർണമായും ഒരു ജനായത്തപരമായ ഇടമാകേണ്ടതാണ്.

എന്നാൽ, ജാതി റിസർവേഷനിലൂടെ പ്രവേശനം ലഭിച്ച വിദ്യാർഥികൾ കുറഞ്ഞവരാണ് എന്ന് ഭരണഘടനാ അവബോധം ഇല്ലാത്ത, സവർണ മൂല്യങ്ങൾ ഉൾക്കൊണ്ട അധ്യാപകർ ധരിച്ചു​െവച്ചിട്ടുണ്ട്. ഇത് അവരുടെ പെരുമാറ്റത്തിലും ഈ വിദ്യാർഥികളോടുള്ള നിലപാടുകളിലും പ്രതിഫലിക്കുന്നു. വിദ്യാർഥികൾ ജനായത്ത ബോധത്തിലേക്ക് വളർന്നുവരേണ്ടവരാണ്. സ്കൂളിൽ ഭാഷ, സാഹിത്യം, ചരിത്രം, സിവിക്സ്, പൊളിറ്റിക്കൽ സയൻസ് എന്നീ മാനവിക വിഷയങ്ങളുടെ പഠനത്തിലൂടെയും പരസ്പരം ഏറക്കുറെ സമഭാവനയോടെ ഇടപെട്ടും വളർന്നുവരുന്നതുകൊണ്ട് മാനവികതയുടെ സാധ്യത അവരിൽ നിലനിന്നുപോരുന്നു.

മുൻ തലമുറയിലെ വിദ്യാർഥികളെ അപേക്ഷിച്ച് ഇപ്പോഴത്തെ വിദ്യാർഥിസമൂഹം തങ്ങളിൽ വരുത്തുന്ന പരിഷ്കാരങ്ങൾ പ്രകടമാണ്. ത​ന്റെ സ്വത്വം ബാഹ്യവത്കരിക്കാൻ വ്യക്തിക്ക് തുണയാകുന്നത് പ്രാഥമികമായും ശരീരമാണ്. മുടി നീട്ടിവളർത്തിയ ആൺകുട്ടിയും മുടി കളർചെയ്ത പെൺകുട്ടിയും ത​ന്റെ സ്വത്വം തന്നെയാണ് ആവിഷ്കരിക്കാൻ ശ്രമിക്കുന്നത്. ഇത്തരം ആവിഷ്കാരങ്ങൾ സംശയദൃഷ്ടിയോടെയാണ് സദാചാര പൊലീസിങ്ങിന്റെ കാമ്പസ് വക്താക്കൾ നോക്കിക്കാണുന്നത്.

ചിന്താശേഷിയുള്ള മനുഷ്യർ രൂപപ്പെട്ടുവരേണ്ടത് കാലഘട്ടത്തി​ന്റെ ആവശ്യമാണ്. യുവതലമുറ അനുസരണ കാട്ടണം എന്നത് സവർണ മൂല്യമാണ്. തന്നെ മറ്റുള്ളവർ അനുസരിക്കണം എന്ന ചിന്ത ജനായത്ത സമൂഹത്തിൽ നിലനിൽക്കുക സാധ്യമല്ല. കലാലയത്തിൽ വിശേഷിച്ചും അത്തരം പ്രതീക്ഷകൾ സവർണബോധം ഉൾക്കൊണ്ട അധ്യാപകർ ​െവച്ചുപുലർത്തുന്നു. ജനായത്തത്തിൽ അധിഷ്ഠിതമായ പരസ്പര ബഹുമാനം അധ്യാപക വിദ്യാർഥി ബന്ധത്തിന് അടിത്തറ ആകാതെ പോകുന്നു.

കാമ്പസിൽ വിദ്യാർഥികൾ സ്വതന്ത്രമായി ചിന്തിക്കാനും പുതിയൊരു ലോകവ്യവസ്ഥ സൃഷ്ടിക്കാനുമുള്ള സാധ്യതയുണ്ട്. നിലവിലെ സാമൂഹിക അവസ്ഥ മാറ്റമില്ലാതെ തുടരുക എന്നത് സവർണതയുടെ ആവശ്യമാണ്. ഈ സവർണ അജണ്ട കാമ്പസിൽ നടപ്പാക്കുന്ന വക്താക്കൾ സവർണ മൂല്യങ്ങൾ രൂപപ്പെടുത്തിയ അധ്യാപകരാണ്. സമുദായത്തിലെ ആളെണ്ണം കാണിച്ച് രാഷ്ട്രീയ പാർട്ടികളുമായി വിലപേശുന്ന മതനേതൃത്വങ്ങളുടെ രാഷ്ട്രീയ താൽപര്യം കോളജിൽ സംരക്ഷിക്കുന്നത് ചില അധ്യാപകരുടെ സദാചാര

പൊലീസിങ് ആണ്. വിദ്യാർഥികളെ സംബന്ധിച്ച്, ഒരുവശത്ത് ആധുനിക മൂല്യങ്ങൾ ഉൾക്കൊണ്ട അധ്യാപകർ പകർന്നുകൊടുക്കുന്ന വിദ്യാഭ്യാസവും അറിവും തുറന്നുതരുന്ന വലിയ ലോകവും മറുവശത്ത് വ്യക്തികളായി അവരെ ഉൾക്കൊണ്ട് അവരുടെ രൂപവത്കരണത്തിൽ പങ്കാളികളാകുന്നതിന് പകരം അവരെ നിരന്തരം നിരീക്ഷിച്ച് കടുത്ത നിയന്ത്രണങ്ങൾക്ക് ഉള്ളിൽ നിർത്തി മത-രാഷ്ട്രീയ കൂട്ടുകെട്ടി​ന്റെ അജണ്ട നടപ്പാക്കാൻ ശ്രമിക്കുന്ന സവർണമൂല്യങ്ങൾ ആന്തരികവത്കരിച്ച അധ്യാപകരും. കടുത്ത നിയന്ത്രണങ്ങളിൽകൂടി വിദ്യാർഥിയെ കെട്ടിവരിഞ്ഞു നിർത്തുന്ന കാമ്പസിൽനിന്ന് പൗരബോധമുള്ള വ്യക്തി വളർന്നുവരുകയില്ല. വിദ്യാർഥിയെ അപഹസിക്കാൻ കാമ്പസിൽ അധ്യാപകർ നടത്തിയ ശ്രമം അടുത്തിടെ ദുരന്തത്തിൽ അവസാനിച്ചത് നമ്മൾ മറക്കാറായിട്ടില്ല.

കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജിൽ അധ്യാപകൻ ശകാരിച്ച വിദ്യാർഥിനി ആത്മഹത്യ ചെയ്തത് അധ്യാപക​ന്റെ വാക്കുകൾക്ക് അവളുടെ ആത്മബോധത്തെ തകർക്കാൻ തക്ക പ്രഹരശേഷിയും സംഹാരശേഷിയും ഉള്ളതുകൊണ്ടാണ്. സ്വത്വബോധം തകർക്കുന്നത് വ്യക്തിയെ ഇല്ലാതാക്കുന്ന പ്രവൃത്തിയാണ്. വാക്കുകളാണ് ഇവിടെ ആയുധത്തി​ന്റെ കർമം നിർവഹിക്കുന്നത്. ഇതിനോട് ഏറ്റവും തീവ്രമായി വ്യക്തി പ്രതികരിക്കും. തന്നെ ഇല്ലാതാക്കുന്ന വാക്കുകളോട് തന്നെത്തന്നെ ഇല്ലാതാക്കി വിദ്യാർഥി പ്രതികരിച്ചു.

ഇതിനെ തുടർന്ന് കോളജിലെ വിദ്യാർഥികൾ നടത്തിയ വെളിപ്പെടുത്തലുകൾ അധ്യാപകരുടെ സദാചാര പൊലീസിങ്ങിന്റെ തീവ്രതയും അത് വിദ്യാർഥികളിൽ ഏൽപിക്കുന്ന ആഘാതങ്ങളും ചർച്ചയാകാൻ കാരണമായി. ആ കാമ്പസിൽ കെട്ടിടനിർമിതികൾപോലും ആൺകുട്ടികളും പെൺകുട്ടികളും പരസ്പരം ഇടപഴകുന്ന സാഹചര്യം ഒഴിവാക്കാൻ ഉദ്ദേശിച്ചുള്ളതാണ്. ഈ സംഭവം നടന്ന് അധികം വൈകാതെ അതേ കോളജിന് യു.ജി.സി ഓട്ടോണമസ് പദവി നൽകുകയുണ്ടായി. ഇത്തരം പദവികളും സ്ഥാപനത്തിൽ നിലനിൽക്കുന്ന ജനായത്തവും മാനവികതയും തമ്മിൽ ഒരു ബന്ധവുമില്ല എന്ന് ഇതിൽനിന്നു വ്യക്തമാണ്.

മത-രാഷ്ട്രീയ നേതൃത്വങ്ങളുടെ ആനുകൂല്യങ്ങൾ നേടാൻ, അതിലൂടെ വ്യക്തിതലത്തിൽ സ്ഥാനമാനങ്ങൾ നേടാൻ, കർത്തവ്യം മറന്നു പ്രവർത്തിക്കുന്ന സവർണമൂല്യങ്ങൾ ആന്തരികവത്കരിച്ച ഒരു വിഭാഗം അധ്യാപകർ തങ്ങൾക്ക് യഥാർഥ പ്രതിബദ്ധത ആരോടാണ് ഉണ്ടാവേണ്ടത് എന്നു തിരിച്ചറിയാതെ പോകുന്നു. ഇതു വിദ്യാർഥികളുടെ സാധ്യതകൾ അടച്ചുകളയുന്നതുപോലെ തന്നെ ഈ അധ്യാപകരെയും ജീവിതത്തി​ന്റെ സാധ്യതകളിൽനിന്ന് അകറ്റുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രൈവറ്റ് സ്ഥാപനങ്ങളുടെ കടന്നുകയറ്റത്തിലൂടെ വിദ്യാർഥികളുടെ അഡ്മിഷന് റിസർവേഷൻ ഇല്ലാതാകുന്ന എൻ.ഇ.പി 2020 നടപ്പാക്കുന്നതും ഇ.ഡബ്ല്യു.എസ് എന്ന സവർണ സംവരണ അജണ്ട നടപ്പാക്കുന്നതും തടയാൻ മുന്നിട്ടിറങ്ങാൻ ഉത്തരവാദിത്തപ്പെട്ടവർ വിദ്യാഭ്യാസമേഖലയിൽ നിൽക്കുന്ന അധ്യാപക സമൂഹംതന്നെയാണ്.

ഇവയെ ചോദ്യംചെയ്യാനും തടയാനും അധ്യാപകസമൂഹത്തിന് കഴിയാതെ പോകുന്നത് ഈ കാലഘട്ടത്തിലെ അധ്യാപകരുടെ ചരിത്രപരമായ പരാജയമായി തിരിച്ചറിയേണ്ടതുണ്ട്. രാജ്യത്തെ നീതിന്യായവ്യവസ്ഥ തകർത്ത് സവർണ അജണ്ട നടപ്പാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നത് സവർണമൂല്യങ്ങൾ ഉൾക്കൊണ്ട അധ്യാപകരാണെന്നത് കാണാതെ പോകാൻ കഴിയില്ല. വിദ്യാർഥികളുടെ ജീവിതത്തിൽ പ്രസക്തരാവുക എന്നത് അധ്യാപകർ നേരിടുന്ന വെല്ലുവിളിയാണ്. ഈ വെല്ലുവിളി ഏറ്റെടുത്ത് സ്വയം പുതുക്കുമ്പോഴാണ് അവർ ഈ കാലഘട്ടത്തിലെ അധ്യാപകരാവുന്നത്.

ജീവിക്കുന്ന കാലത്തിന് ഒപ്പം സഞ്ചരിക്കുക ശ്രമകരമായ വ്യായാമമാണ്, ആന്തരികവത്കരിച്ച സവർണ മൂല്യങ്ങൾ തിരിച്ചറിഞ്ഞു സ്വയം പരിഷ്കരിച്ചെങ്കിൽ മാത്രമേ അതു സാധ്യമാവൂ. അങ്ങനെ ചെയ്തില്ലെങ്കിൽ ഈ അധ്യാപകർ കാലഹരണപ്പെട്ട് പോവുകയും വിദ്യാർഥികളുടെ ജീവിതത്തിൽ അപ്രസക്തരാവുകയും അവരുടെമേൽ ആധിപത്യം അടിച്ചേൽപിക്കാൻ ശ്രമിച്ച് അപഹാസ്യരാവുകയും ചെയ്യും.

വിദ്യാർഥികൾ ലിംഗഭേദമന്യേ ഒരുമിച്ച് ഇരിക്കുമ്പോഴും ഇഷ്ടമുള്ള വസ്ത്രങ്ങളും ഹെയർ സ്റ്റൈലും സ്വീകരിക്കുമ്പോഴും അവരെ സദാചാര പൊലീസിങ് നടത്തുന്ന സവർണ ചിന്താഗതിയുള്ള അധ്യാപകർ തിരിച്ചറിയേണ്ട വസ്തുത, വളർന്നുവരുന്ന തലമുറ, പുതിയൊരു ലോകം സൃഷ്ടിക്കാൻ പ്രാപ്തരായി മാറുന്നതിനെ തടസ്സപ്പെടുത്തി ഇന്ത്യയെ തീവ്ര വലതുപക്ഷ കാഴ്ചപ്പാടുകളിൽ തളക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നത് തങ്ങളാണ് എന്നതാണ്. വിമർശന ബുദ്ധിയോടെ കാര്യങ്ങളെ അപഗ്രഥിക്കാനും വിദ്യാർഥികളെ പൗരരായി കാണാനും മറ്റൊരു തലമുറയുടെ ചിന്താഗതികളും തീരുമാനങ്ങളും ഉൾക്കൊള്ളാനുമുള്ള തുറവി കൈവരിച്ചാൽ മാത്രമേ ഈ അധ്യാപകർക്ക് തങ്ങളുടെ അറിവും അനുഭവവും വിദ്യാർഥികൾക്കും സമൂഹത്തിനും തങ്ങൾക്കുതന്നെയും ഗുണകരമായി വിനിയോഗിക്കാൻ കഴിയൂ.

അധ്യാപകൻ/വിദ്യാർഥി എന്നാൽ അധികാരി/ വിധേയൻ എന്നു കാണാതെ, അത്തരം ദ്വന്ദ്വ പരികൽപനകൾ കാലഹരണപ്പെട്ടത് തിരിച്ചറിഞ്ഞ് സാമൂഹിക ഇടങ്ങളിലും തൊഴിലിടത്തും പൗരബോധത്തിൽ സ്വയമുറച്ച് ഈ കാലഘട്ടത്തി​ന്റെ അധ്യാപകസ്ഥാനത്തേക്ക് നടന്നുകയറാനുള്ള ആർജവം ഇവർ കാണിക്കണം.

ബുദ്ധനിൽ ആരംഭിച്ച്, ആധുനിക കാലത്ത് മഹാത്മാ ഫുലെ, നാരായണ ഗുരു, അയ്യൻകാളി, പെരിയാർ, അംബേദ്കർ എന്നിവരുൾപ്പെടെയുള്ള മഹത്തുക്കളുടെ ചിന്താ പാരമ്പര്യത്തിൽ സ്വയം കണ്ണിചേർന്ന് ആധുനിക വിദ്യാഭ്യാസം ധാർമിക ബോധത്തോടെ വിദ്യാർഥികൾക്ക് പകർന്നുകൊടുക്കുന്ന അധ്യാപകർ കാമ്പസുകളിലുണ്ട്. മാനവികതയിൽ ഊന്നിയ പുതിയൊരു ലോകം സൃഷ്ടിക്കാൻ പ്രാപ്തരായി വളർന്നുവരാൻ വിദ്യാർഥികൾക്ക് സാധിക്കും. സാമൂഹിക മാറ്റം സാധ്യമാവുക യുവതലമുറയിൽകൂടി മാത്രമാണ്. ഇന്നു നിലവിൽ ഇല്ലാത്ത പുതിയൊരു ലോകം വിഭാവന ചെയ്യാൻ അവർക്കു കഴിയും.

വിഭിന്നങ്ങളായ സ്വത്വങ്ങൾ വ്യക്തികളിൽ ആന്തരികമായി പ്രവർത്തിക്കുന്ന കോളജ് കാമ്പസ് ഏറെ സങ്കീർണമായ ഇടമാണ്. അർഥവത്തായി കോളജി​ന്റെ പ്രവർത്തനം സാധ്യമാകാൻ വ്യക്തികളുടെ സ്വത്വങ്ങളിലുള്ള വ്യത്യാസങ്ങൾ ഉൾക്കൊണ്ട് പൗരർ എന്ന സ്വത്വത്തിലേക്ക് നിലയുറപ്പിക്കാൻ എല്ലാവർക്കും കഴിയണം. തീവ്ര വലതുപക്ഷ ആശയങ്ങൾ നടപ്പിൽ വരുന്നതി​ന്റെ കെടുതികൾ രാജ്യത്താകമാനം ദൃശ്യമാണ്. ഭരണഘടനാ ജനാധിപത്യം ഉയർത്തിപ്പിടിക്കുക എന്നതു മാത്രമാണ് ജനങ്ങൾക്ക് സമാധാനപൂർവം ജീവിക്കാനുള്ള അവസ്ഥ കൈവരിക്കാൻ മുന്നിലുള്ള വഴി.

പൗര/പൗരൻ എന്ന ഐഡന്റിറ്റി മുൻനിർത്തിയാണ് ഓരോ വിദ്യാർഥിയും അധ്യാപകരും ഉദ്യോഗസ്ഥരും കോളജിൽ സ്ഥാനം നേടുന്നത്. അതുകൊണ്ടുതന്നെ കാമ്പസിലെ ഓപറേഷനൽ ഐഡന്റിറ്റി എല്ലാവരുടേതുംതന്നെ പൗരബോധമാവേണ്ടതുണ്ട്. വിദ്യാർഥികൾ ജനായത്തബോധമുള്ള പൗരരായി വളർന്നുവരുന്നതിന് വിഘാതമായി നിൽക്കുന്ന സവർണമൂല്യങ്ങൾ തങ്ങളുടെ ഉള്ളിൽ പ്രവർത്തിക്കുന്നത് സ്വയം തിരിച്ചറിഞ്ഞ് സാമൂഹികമാറ്റം സാധ്യമാക്കിയ, ബുദ്ധനിൽ ആരംഭിക്കുന്ന ആശയധാരയിൽ അടിയുറച്ച്, ഭരണഘടനാ മൂല്യങ്ങൾ ഉൾക്കൊള്ളണം.

ചരിത്രബോധം നേടി, ആധുനികതയെ ഉൾക്കൊണ്ട്, രാജ്യത്തി​ന്റെ വർത്തമാനകാല യാഥാർഥ്യങ്ങൾ മനസ്സിലാക്കി, പൗര/ പൗരൻ എന്ന സവിശേഷ സ്വത്വത്തിലേക്ക് വിദ്യാലയങ്ങളിലെ ഓരോരുത്തരും വളർന്നു കയറുന്നതിലൂടെ ഇന്ത്യയെ ജനമൈത്രിയിലൂടെ ജനായത്തവത്കരിക്കുക എന്ന വലിയ ലക്ഷ്യം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഏറ്റെടുക്കാം.

============

(ഇടുക്കി ശാന്തൻപാറ ഗവ. കോളജിൽ ഇംഗ്ലീഷ് വിഭാഗം അസി. പ്രഫസറാണ്​ ഡോ. ജെയ്മി ചിത്ര കെ.എസ്. പത്തനംതിട്ട അടൂർ ഗവ. പോളിടെക്നിക് കോളജ് ജനറൽ ഡിപ്പാർട്മെന്റിൽ അസി. പ്രഫസറാണ്​ ലക്ഷ്മി പി.എസ്)

News Summary - weekly samvadam