Begin typing your search above and press return to search.
proflie-avatar
Login

പ്രണയം സഹനം ആനന്ദം

പ്രണയം സഹനം ആനന്ദം
cancel

7 ഞാൻ നേരിട്ട് പുസ്​തകപ്രസാധനം ഏറ്റെടുത്തത് ഏറ്റവുമധികം ബാധിച്ചത് ചെർത്കോവിനെയാണെന്നു വെളിവായി. എനിക്കെതിരെ അതോടെ അയാൾ തുറന്ന യുദ്ധത്തിന് കോപ്പുകൂട്ടി. പ്രസിദ്ധീകരണ സ്​ഥാപനം തുറക്കുന്നതിലൂടെ സമ്പദ്സമാഹരണത്തിനപ്പുറം എനിക്ക് വേറെയും ലക്ഷ്യങ്ങളുണ്ടായിരുന്നു. ഏറെക്കാലമായി നിരോധിക്കപ്പെട്ടുകിടന്നിരുന്ന ടോൾസ്റ്റോയി കൃതികൾ പുനഃപ്രകാശനം ചെയ്യുകയെന്നതായിരുന്നു അവയിലൊന്ന്. പീറ്റേഴ്സ്​ബർഗിൽ ചെന്ന് ഉന്നതാധികാരികളെ കണ്ട് ഒരു യുക്തി അവതരിപ്പിക്കുവാൻ ഞാൻ തീരുമാനിച്ചു. നിരോധിക്കപ്പെടുന്ന ഒരു കൃതിക്ക് വ്യാജപ്പതിപ്പുകളും പ്രചാരവും വർധിക്കുക സ്വാഭാവികമാണ്....

Your Subscription Supports Independent Journalism

View Plans

7

ഞാൻ നേരിട്ട് പുസ്​തകപ്രസാധനം ഏറ്റെടുത്തത് ഏറ്റവുമധികം ബാധിച്ചത് ചെർത്കോവിനെയാണെന്നു വെളിവായി. എനിക്കെതിരെ അതോടെ അയാൾ തുറന്ന യുദ്ധത്തിന് കോപ്പുകൂട്ടി. പ്രസിദ്ധീകരണ സ്​ഥാപനം തുറക്കുന്നതിലൂടെ സമ്പദ്സമാഹരണത്തിനപ്പുറം എനിക്ക് വേറെയും ലക്ഷ്യങ്ങളുണ്ടായിരുന്നു. ഏറെക്കാലമായി നിരോധിക്കപ്പെട്ടുകിടന്നിരുന്ന ടോൾസ്റ്റോയി കൃതികൾ പുനഃപ്രകാശനം ചെയ്യുകയെന്നതായിരുന്നു അവയിലൊന്ന്.

പീറ്റേഴ്സ്​ബർഗിൽ ചെന്ന് ഉന്നതാധികാരികളെ കണ്ട് ഒരു യുക്തി അവതരിപ്പിക്കുവാൻ ഞാൻ തീരുമാനിച്ചു. നിരോധിക്കപ്പെടുന്ന ഒരു കൃതിക്ക് വ്യാജപ്പതിപ്പുകളും പ്രചാരവും വർധിക്കുക സ്വാഭാവികമാണ്. നേരെയുള്ള പ്രസിദ്ധീകരണമാണെങ്കിൽ കുറച്ചു കോപ്പികൾ മാത്രമേ പ്രചരിക്കുകയുള്ളൂ.

നിനച്ചിരിക്കാതെ ശിഷ്യരോടൊപ്പം ഒരിക്കൽ ടോൾസ്റ്റോയി പ്രസിദ്ധീകരണ സ്​ഥാപനത്തിലേക്ക് കയറിവന്നു. വന്നപാടെ ശകാരം തുടങ്ങി. തന്നെ ഒരു വ്യാജഗുരുവായി ജനത കണക്കാക്കിത്തുടങ്ങിയെന്നും ആ സ്​ഥാപനം അടച്ചുപൂട്ടണമെന്നുമായിരുന്നു വാദം. സമ്പദ്സമാഹരണം ത​ന്റെ ആദർശങ്ങൾക്ക് കടകവിരുദ്ധമാണെന്ന് ഇടക്കിടെ അദ്ദേഹം ഊന്നിപ്പറഞ്ഞുകൊണ്ടേയിരുന്നു. കുടുംബത്തി​ന്റെ രക്ഷയേക്കാൾ ത​ന്റെ പേരിനും പ്രശസ്​തിക്കും ആദർശങ്ങൾക്കും ശിഷ്യന്മാർക്കും വേണ്ടിയായിരുന്നു ടോൾസ്റ്റോയി ജീവിച്ചതെന്നു വരുമോ? പുസ്​തകങ്ങൾക്ക് വളരെ കുറഞ്ഞ വിലയേ ഈടാക്കാവൂ എന്ന കർശന നിർദേശത്തോടെ അദ്ദേഹം സ്​ഥലംവിട്ടു.

പ്രസാധനം വലിയ വിജയമായി. ആദ്യ പതിപ്പ് അതിശീഘ്രം വിറ്റഴിഞ്ഞുപോയി. രണ്ടാം പതിപ്പ് വിലകുറഞ്ഞ കടലാസിലടിച്ച്, വില കുറച്ചു വിതരണം ചെയ്തു. ഞാൻ കണക്കുകൂട്ടിയതിനേക്കാൾ ലാഭം കൈവരുന്നുണ്ടെന്നായപ്പോൾ ഒരു നിശ്ചിത ശതമാനം കാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കിവെച്ചു. രണ്ടു വർഷങ്ങൾക്കകം അറുപത്തിരണ്ടായിരം റൂബിൾ ലാഭമുണ്ടായി. ടോൾസ്റ്റോയിക്ക് സമ്പത്തിൽ താൽപര്യമുണ്ടായിരുന്നില്ല. ഭാര്യ എന്നനിലയിൽ ഞാൻ നേടിയ വലിയ വിജയത്തെ അംഗീകരിക്കുവാൻ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. എ​ന്റെ വിജയം അദ്ദേഹത്തെ ഒരു അസൂയാലുപോലുമാക്കി മാറ്റിക്കളഞ്ഞു. പിന്നീട് കടുത്ത മത്സരബുദ്ധിയോടെയായി കരുനീക്കങ്ങൾ –ഞാനതൊന്നും കണ്ടതായി ഭാവിച്ചുമില്ല.

പാവപ്പെട്ടവർക്കിടയിൽ പണിയെടുക്കുവാനിറങ്ങിയ ഒരുദിവസം ഒരു കർഷക​ന്റെ വിധവയുടെ കൊയ്ത്തരിവാൾ കാലിൽ തുളഞ്ഞുകയറി ചോരയൊലിപ്പിച്ചുകൊണ്ട് വന്നുകയറി. ഞാൻ ഡോക്ടർക്ക് ആളെ വിടാനൊരുങ്ങിയപ്പോൾ അതും വിലക്കി. വൈദ്യസഹായം നിഷേധിച്ചതിനാൽ അണുബാധ ശക്തമായി. രക്തവിഷം ബാധിച്ചു മരിക്കുമെന്നായപ്പോഴാണ് ഡോക്ടറെ കാണാൻ സമ്മതിച്ചത്.

പ്രസും ഓഫീസും അതോടെ ഞാൻ പൂട്ടി. മോസ്​കോയിൽനിന്നും ആയിടെ ഞാൻ ഒരിടവേള ചെലവഴിക്കുവാനെത്തിയതായിരുന്നു. കട്ടിൽത്തലക്കൽനിന്നു മാറാതെ രണ്ടു മാസത്തോളം ഞാൻ അദ്ദേഹത്തെ ശുശ്രൂഷിക്കുകയുംചെയ്തു. ഈ രണ്ടു മാസങ്ങളിൽ ശിഷ്യന്മാരുടെ ശല്യം വലിയതോതിലെനിക്കനുഭവപ്പെട്ടില്ല. സന്ദർശകരാകട്ടെ വർധിച്ചുവന്നു.

കട്ടിലിൽ കിടന്നുകൊണ്ട് അദ്ദേഹം ഒരു നാടകം പറഞ്ഞുതന്നു. എ​ന്റെ നഷ്ടപ്രായമായിക്കൊണ്ടിരുന്ന സാഹിത്യാഭിനിവേശം തിരിച്ചുപിടിക്കുവാൻ അത് സഹായമാവുകയുണ്ടായി. ‘കീടജന്മം’ എന്ന ആ നാടകം ഞാൻ പകർത്തിയെടുത്ത് പുസ്​തകരൂപത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ചക്രവർത്തിപോലും ആ രചനയെ പുകഴ്ത്തിപ്പറയുകയും അത് രംഗത്തവതരിപ്പിക്കുവാൻ അനുവാദം നൽകുകയും ചെയ്തു. എന്നാൽ, ആ നാടകത്തി​ന്റെ പ്രമേയം മതാധികാരികൾക്ക് അരുചികരമായാണ​േത്ര അനുഭവപ്പെട്ടത്. അവർ കലിയിളകി ചക്രവർത്തിയോട് പരാതിപ്പെട്ടതി​ന്റെ ഫലമായി ആ നാടകവും നിരോധിക്കപ്പെട്ടു. നിലവിലുള്ള സദാചാരപ്രമാണങ്ങളെ ഉല്ലംഘിക്കുന്നതും യുവതലമുറയെ വഴിപിഴപ്പിക്കുന്നതുമാണ​േത്ര ആ നാടകത്തി​ന്റെ സന്ദേശം.

എ​ന്റെ പുത്രൻ ഇലിയ ആയിടെയാണ് ഒരു പ്രണയക്കുരുക്കിൽപ്പെട്ടുപോയത്. ഞങ്ങളുടെ കുടുംബാന്തസ്സിന് ചേരുന്നതായിരുന്നില്ല ആ ബന്ധം എന്ന് എനിക്ക് തുടക്കത്തിൽതന്നെ ബോധ്യപ്പെട്ടിരുന്നു. കാര്യങ്ങൾ സങ്കീർണമാകരുത് എന്നാഗ്രഹിച്ച് ഞാൻ ആ ബന്ധത്തിന് സമ്മതിക്കുകയാണുണ്ടായത്.

ടോൾസ്റ്റോയിയും എതിർപ്പു കാണിച്ചില്ല. അനുഗ്രഹിക്കുകയും ചെയ്തു. ആ വർഷം എനിക്ക് എ​ന്റെ അവസാനത്തെ കുട്ടിയെ പ്രസവിക്കേണ്ടിവന്നു. അറുപത് വയസ്സാണ് അന്നു ടോൾസ്റ്റോയിക്ക്. ആ പ്രസവത്തി​ന്റെ ഘട്ടത്തിൽ ഞാനും ടോൾസ്റ്റോയിയും മോസ്​കോയിലായിരുന്നു. രോഗിയായ കുഞ്ഞിനെയും എന്നെയും തനിച്ചാക്കി ടോൾസ്റ്റോയി ഒരു ശിഷ്യനോടൊപ്പം സ്​ഥലംവിട്ടു. നിസ്സഹായയായ ഞാൻ എങ്ങനെയൊക്കെയോ പിടിച്ചുനിന്നു. ഒരു ദുർഘടത്തിൽനിന്നും മറ്റൊന്നിലേക്കെന്നവണ്ണം ഞാൻ നിരന്തരം യാത്രചെയ്തു.

ആ വർഷംതന്നെ ഒരു സവിശേഷ സംഭവമുണ്ടായി. ‘ക്രൂയിറ്റ്സർ സൊണാറ്റ’ എന്ന നോവലി​ന്റെ ആവിർഭാവമാണത്. ആ ചെറുനോവൽ പകർത്തിയെഴുതിക്കൊണ്ടിരിക്കെത്തന്നെ ഞങ്ങളുടെ ദാമ്പത്യപ്രശ്നങ്ങളുടെ ഛായ അതിൽ നിഴലിക്കുന്നതു ഞാൻ കണ്ടിരുന്നു. പരോക്ഷമായി കുടുംബരഹസ്യങ്ങൾ തുറന്നെഴുതപ്പെട്ട ആ നോവൽ വായനക്കാർക്കിടയിലും എ​ന്റെ ബന്ധുക്കൾക്കിടയിലും സൃഷ്ടിക്കുവാൻ പോകുന്ന കലക്കം ഞാൻ മുൻകൂട്ടി കണ്ടു. മുമ്പ് ഞങ്ങളുടെ ഒരു കുട്ടി മരിച്ചുപോയ സമയത്ത് ദുഃഖം സഹിക്കാനാവാതെ ഞാൻ ഭ്രാന്തി​ന്റെ വക്കിലെത്തിയിരുന്നു. ആ കലുഷകാലത്ത് ഞാൻ തികച്ചും മാറിപ്പോയിരുന്നു. എന്നെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവരാനായി താനിയ കഷ്ടപ്പെട്ടു. ആ കാലം മുഴുവൻ അവൾ യാസ്​നായ പോള്യാനയിൽ വന്നു താമസിച്ച് എല്ലാം നിയന്ത്രണവിധേയമാക്കി. ഒരു സന്ധ്യക്ക് അവൾ എന്നെ ഒരു സംഗീതനിശക്കു കൂട്ടിക്കൊണ്ടുപോയി. ഒരു വയലിൻ കച്ചേരിയായിരുന്നു.

പ്രഗല്ഭനും പ്രശസ്​തനുമായ ഒരു മധ്യവയസ്​കനായിരുന്നു വയലിൻവാദകനായ തനയേവ്. കുട്ടിക്കാലത്ത് ഞാനും വയലിൻ അഭ്യസിച്ചിരുന്നു. അന്നു രാത്രി കേട്ട തനയേവി​ന്റെ വയലിനിലെ സാന്ത്വനശ്രുതികൾ എ​ന്റെ മുറിവുകളെ തഴുകിയുറക്കുന്നതായാണ് എനിക്കനുഭവപ്പെട്ടത്. അന്നുതന്നെ തനയേവുമായി പരിചയപ്പെടാനെനിക്കിട വന്നു. അത്ര സുന്ദരനൊന്നുമല്ല അയാൾ. സ്​ൈത്രണമായ ചലനങ്ങൾ. സൗമ്യപ്രകൃതി. മുടങ്ങിക്കിടന്ന സംഗീതപാഠങ്ങൾ പറഞ്ഞുതരാനായി അയാൾ വീട്ടിലേക്കു വന്നുതുടങ്ങി. കുട്ടി മരിച്ചതി​ന്റെ ദുഃഖം ആ സൗമ്യാത്മാവായ വയലിനിസ്റ്റി​ന്റെ സാന്നിധ്യംകൊണ്ട് നീങ്ങിത്തുടങ്ങി. തനയേവ് വീട്ടിൽ വരുന്നത് ടോൾസ്റ്റോയിക്കോ മറ്റു കുടുംബാംഗങ്ങൾക്കോ ഇഷ്ടമായിരുന്നില്ല.

ആ പാവം ഒടുവിൽ വരാതായി. എ​ന്റെ ചാരിത്യ്രശുദ്ധിയിൽ ടോൾസ്റ്റോയിക്ക് ഒരിക്കലും സംശയമുണ്ടായിരുന്നില്ല. പക്ഷേ, ഈ വക കഥകൾ ടോൾസ്റ്റോയി സ്വാനുഭവങ്ങളായി അവതരിപ്പിക്കുമ്പോൾ വലിയ തെറ്റിദ്ധാരണകളാവും ആളുകൾ പ്രചരിപ്പിക്കുക. എ​ന്റെ ഭയം അസ്​ഥാനത്തായില്ല. പിന്നീടുണ്ടായ സംഭവഗതികൾ വിപൽക്കരങ്ങളായി മാറി. നോവൽ പുറത്തുവന്ന് അൽപം കഴിഞ്ഞപ്പോൾത്തന്നെ നിരോധിക്കപ്പെട്ടു. ടോൾസ്റ്റോയി കുടുംബത്തി​ന്റെ അന്തർരഹസ്യങ്ങൾ എന്ന മട്ടിൽ പ്രചരിക്കപ്പെട്ട ആ കൃതിയുടെ വ്യാജപ്പകർപ്പുകൾ അനവധി വട്ടം കല്ലച്ചിൽ പകർത്തിയെടുക്കപ്പെട്ടു. അവ വ്യാപകമായി വിതരണം ചെയ്യപ്പെടുകയുമുണ്ടായി.

യാഥാർഥ്യവുമായി പുലബന്ധംപോലുമില്ലാത്ത ആ അപവാദ പ്രചാരണം ആദ്യമാദ്യം ഞാൻ കാര്യമാക്കിയതേയില്ല. പക്ഷേ, എ​ന്റെ വ്യക്തിത്വത്തെ ചവിട്ടിത്തേക്കുന്ന ഭർത്താവിനുമുന്നിൽ എ​ന്റെ പക്ഷം വിശദീകരിക്കണമെന്ന വാശിയോടെ ഞാനും ഒരു നോവലെഴുതിത്തുടങ്ങി. സ്വന്തം ഭാര്യയുടെ ജാരനെ കുത്തിക്കൊല്ലുന്ന ഒരു പ്രഭുവി​ന്റെ കഥയായ ‘ക്രൂയിറ്റ്സർ സൊണാറ്റ’ക്കുള്ള മറുപടിയായിരുന്നു ‘ആരുടെ കുറ്റം’ എന്ന ശീർഷകം നൽകപ്പെട്ട എ​ന്റെ നോവൽ. കൈയെഴുത്തുപ്രതി വായിച്ച അഭ്യുദയകാംക്ഷികൾ ആ നോവൽ പ്രസിദ്ധീകരിക്കരുതെന്നാണ് എന്നോടപേക്ഷിച്ചത്. അതോടെ, ആ പദ്ധതി ഞാൻ ഉപേക്ഷിച്ചു.

എന്നാൽ, ‘ക്രൂയിറ്റ്സർ സൊണാറ്റ’ എന്നെ തരിമ്പും ബാധിക്കുന്നേയില്ല എന്നെനിക്ക് എന്നെ തന്നെയും സമൂഹത്തെയും ബോധ്യപ്പെടുത്തണമായിരുന്നു. ഞാൻ വളരെ ബുദ്ധിമുട്ടി അനവധി കടമ്പകൾ കടന്ന് കൊട്ടാരത്തിൽ ചെന്ന് ചക്രവർത്തിയെ നേരിട്ട് കണ്ട് ‘ക്രൂയിറ്റ്സർ സൊണാറ്റ’യുടെ നിരോധനം നീക്കിയെടുപ്പിച്ചു. ഭർത്താവി​ന്റെ മഹത്ത്വത്തിൽ വിശ്വസിക്കുന്ന ഒരു ഭാര്യയുടെ കടമകൂടിയായിരുന്നുവല്ലോ അത്. എ​ന്റെ അഭിമാനവും സൽക്കീർത്തിയും അതോടെ പുനഃസ്​ഥാപിക്കപ്പെടുകയും ചെയ്തു. ആ നോവൽ എനിക്കു നേടിത്തന്ന താൽക്കാലികമായ കുപ്രസിദ്ധിക്ക് ഞാനെ​ന്റെ ഭർത്താവിന് മാപ്പുനൽകി.

ചെർത്കോവി​ന്റെ നിരന്തരമായ അഭ്യർഥനകൾക്കു വഴങ്ങി ഒടുവിൽ ടോൾസ്റ്റോയി ത​ന്റെ എല്ലാ കൃതികളുടെയും പ്രസിദ്ധീകരണാവകാശം പൊതുവായി തുറന്നുകൊടുത്തു. ആ കൊടുംചതിയുടെ ഫലം ടോൾസ്റ്റോയിതന്നെ നേരിൽ കണ്ടനുഭവിക്കുന്നത് വേദനാജനകമായിരുന്നു. റഷ്യയിലെ സമ്പന്നരായ ഓരോ പ്രസാധകനും ആ കൃതികൾ അനവധി അച്ചടിച്ചിറക്കി വലിയ തോതിൽ ലാഭംകൊയ്തു. നോവലുകളോ പഠനങ്ങളോ മാത്രമല്ല ആത്മസംബന്ധിയായ രചനകൾപോലും അവർ ബാക്കിവെച്ചില്ല. ടോൾസ്റ്റോയിയുടെ നിരോധിക്കപ്പട്ട കൃതികളും അവർ അച്ചടിക്കാൻ തുനിഞ്ഞപ്പോൾ ഞാൻ കോടതിയിൽപ്പോയി. മുമ്പേ തന്നെ നിരോധിത കൃതികൾക്കുള്ള പകർപ്പവകാശം എനിക്ക് ഗവൺമെന്റ് അനുവദിച്ചിരുന്നതാണല്ലോ. പക്ഷേ, ആ വ്യവഹാരം എങ്ങുമെങ്ങുമെത്തിയില്ല.

എക്കാലത്തും ടോൾസ്റ്റോയിക്ക് അദ്ദേഹം വ്യാപരിച്ചിരുന്ന മേഖലകളിൽ ശത്രുക്കളുണ്ടായിരുന്നു. സൈനികനായിരുന്നപ്പോഴെന്നതിനേക്കാൾ ശത്രുക്കൾ സാംസ്​കാരിക മേഖലയിലായിരുന്നു. പതിയിരുന്നാക്രമിച്ചിരുന്നത് അവരായിരുന്നു. ബ്രഹ്മചര്യത്തിനുവേണ്ടി തീവ്രമായി വാദിക്കുകയും അതി​ന്റെ മഹത്ത്വത്തെപ്പറ്റി പഠനങ്ങളെഴുതി വിടുകയും പ്രസംഗിക്കുകയും ചെയ്യുന്ന ടോൾസ്റ്റോയി എങ്ങനെ പതിമൂന്നു കുട്ടിയുടെ പിതാവായി എന്ന ചോദ്യം അവർ ഉയർത്തിവിട്ടു. വൃദ്ധനായശേഷം ടോൾസ്റ്റോയി ഭാര്യയെ വെറുത്തുതുടങ്ങിയോ എന്നും അവർ പരിഹസിച്ചു.

എല്ലാ കാര്യങ്ങളിലും ഈ ഇരട്ടത്താപ്പാണ് ടോൾസ്റ്റോയി അനുവർത്തിക്കുന്നതെന്ന് ഉദാഹരണസഹിതം അവർ പത്രങ്ങളിലെഴുതി. ഭക്ഷണമേശപ്പുറത്തുനിന്നും അത്തരം ലേഖനങ്ങൾ പ്രത്യക്ഷപ്പെടുന്ന പത്രങ്ങൾ നീക്കിവെക്കുവാൻ കുടുംബാംഗങ്ങൾ കരുതൽ പുലർത്തുന്നുണ്ടായിരുന്നു. ഏറ്റവും മാരകമായിത്തീർന്ന സംഗതി വ്യാഖ്യാതാക്കളുടെ മനോധർമങ്ങളാണ്. സ്വന്തം കൃതികളിലുള്ള മേൽക്കോയ്മ നഷ്​ടപ്പെട്ട ടോൾസ്റ്റോയിക്ക് ത​ന്റെ ആശയങ്ങൾക്ക് പ്രജ്ഞാശുദ്ധിയില്ലാത്തവർ നൽകുന്ന ദുർവ്യാഖ്യാനങ്ങൾ വായിച്ച് സങ്കടവും ദേഷ്യവും വർധിച്ചു. എത്ര കൊടിയ ദുരവസ്​ഥയായിരുന്നു അതെന്നു ചിന്തിച്ചു നോക്കൂ! വിവർത്തനങ്ങളിലാണ് ഈ മലിനീകരണം കൂടുതൽ സംഭവിച്ചതെന്നത് സ്വാഭാവികവുമാണ്.

ആയിടെ അതുവരെയുണ്ടായിട്ടില്ലാത്ത മട്ടിൽ ഒരു ക്ഷാമം റഷ്യയെയാകമാനം ബാധിക്കുകയുണ്ടായി. കാലാവസ്​ഥാ വ്യതിയാനം മൂലം വിളകൾ നശിച്ചതായിരുന്നു പ്രധാന കാരണം. ദുരിതാശ്വാസ നിധിയിലേക്ക് തുടക്കത്തിൽത്തന്നെ ഞാൻ രണ്ടായിരം റൂബിൾ നൽകി. ത​ന്റെ പുസ്​തകങ്ങൾക്കുള്ള ലാഭത്തിൽനിന്നും രണ്ടായിരം കൂടി നൽകണമെന്ന് ടോൾസ്റ്റോയി ശഠിച്ചപ്പോൾ ചെലവുകൾ വെട്ടിച്ചുരുക്കി രണ്ടായിരംകൂടി ഞാൻ സംഭാവന ചെയ്തു. പക്ഷേ, സമുദ്രത്തിൽ വീണ തുള്ളികൾ മാത്രമായിരുന്നു ആ തുകകൾ എന്നുമെനിക്കറിയാമായിരുന്നു. ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സംഭവമാണ് പിന്നീട് നടന്നത്.

വൃദ്ധനായ എ​ന്റെ ഭർത്താവ് സുഹൃത്തുക്കളെയും സ്വന്തം മക്കളെയും കൂട്ടി ദുരിതാശ്വാസ പ്രവർത്തനത്തിനിറങ്ങി. അന്യരെ സഹായിക്കേണ്ടത് ത​ന്റെ കടമയാണെന്നുള്ള ടോൾസ്റ്റോയിയുടെ വിശ്വാസം അകൃത്രിമമാണെന്ന് ആ നീക്കം വ്യക്തമാക്കി. ക്ഷാമത്തി​ന്റെ ഉപോൽപന്നമായ മഹാമാരികളെ അദ്ദേഹം തരിമ്പും ഭയപ്പെടുന്നില്ലെന്ന വസ്​തുത ഒരേസമയം എന്നെ അത്ഭുതപ്പെടുത്തുകയും ഭയപ്പെടുത്തുകയുമുണ്ടായി. തുടക്കത്തിൽ ആരംഭശൂരത്വമാണെന്നേ ഞാൻ കരുതിയുള്ളൂ. ഭർത്താവി​ന്റെ ഓരോ നടപടിയും പ്രശസ്​തിക്കുവേണ്ടിയാണെന്നുള്ള വിചാരം എന്നിൽ ആഴത്തിൽ വേരോടിയിരുന്നുവല്ലോ.

എ​ന്റെ ജീവിതപങ്കാളിയുടെ അടുത്ത ഓരോ നീക്കവും എന്നെ ഞെട്ടിച്ചുകൊണ്ടിരുന്നു. അദ്ദേഹം ദുരിതാശ്വാസപ്രവർത്തനങ്ങളിലേക്ക് ആണ്ടു മുങ്ങിപ്പോയി. വളരെയധികം പേർ നാടുവിട്ടുപോകുകയോ മരണമടയുകയോ ചെയ്തുകൊണ്ടേയിരുന്നു. എവിടെയും എല്ലുന്തിയ മനുഷ്യക്കോലങ്ങൾ മാത്രം കാണപ്പെട്ടു. സ്വാർഥ താൽപര്യമല്ല, മനുഷ്യസ്​നേഹംതന്നെയാണ് ഞാൻ ഹൃദയശൂന്യനായി കരുതിയിരുന്ന എ​ന്റെ ജീവിതപങ്കാളിയുടെ സിദ്ധാന്തമെന്ന തിരിച്ചറിവ് എന്നെ ഉലച്ചു. ഉള്ളിൽ വിവിധ ചലനങ്ങളുളവാക്കി. ലോക മനഃസാക്ഷിയെ സ്​പർശിക്കും വിധമുള്ള ലേഖനങ്ങൾ ക്ഷാമത്തെയും മഹാമാരികളെയും പറ്റി ടോൾസ്റ്റോയി എഴുതി.

അവ വിദേശപത്രങ്ങൾപോലും ആവർത്തിച്ചു പ്രസിദ്ധീകരിച്ചു. ചക്രവർത്തി നടുങ്ങിപ്പോയി. താഴെയുള്ള ചെറിയ കുട്ടികളെ നോക്കാനുള്ളതിനാൽ പ്രത്യക്ഷത്തിൽ സഹായങ്ങൾക്കിറങ്ങുവാൻ എനിക്കു കഴിയുമായിരുന്നില്ല. ഭക്ഷണത്തിനിരിക്കുമ്പോൾ ക്ഷാമബാധിതരെക്കുറിച്ചോർത്ത് എ​ന്റെ ഉള്ളം ഉരുകി. ഉറക്കമില്ലാത്ത ഒരു രാത്രി പൊതുജനങ്ങളോടുള്ള ഒരു അഭ്യർഥന എന്ന പേരിൽ വികാരഭരിതമായ ഒരു സന്ദേശം തയാറാക്കി ഞാൻ എല്ലാ പത്രങ്ങൾക്കുമയച്ചു. അതി​ന്റെ ഫലം ഞാൻ പ്രതീക്ഷിച്ചതിലുമെത്രയോ അപ്പുറത്തായിരുന്നുവെന്നോ!

യൂറോപ്യൻ പത്രങ്ങളും ആ സന്ദേശം പ്രാമുഖ്യം നൽകി പ്രസിദ്ധീകരിച്ചപ്പോൾ ലോകത്തി​ന്റെ പല ഭാഗങ്ങളിൽനിന്നും തുരുതുരാ സാമ്പത്തികസഹായം പ്രവഹിച്ചു. ചിലർ നേരിട്ടുവന്നു തന്നെ സംഭാവനകൾ നൽകി. രണ്ടാഴ്ചകൾക്കകം പതിമൂവായിരം സമാഹരിക്കപ്പെട്ടു. ഭക്ഷ്യധാന്യങ്ങൾ, മരുന്നുകൾ, പച്ചക്കറി, വസ്​ത്രങ്ങൾ എന്നിങ്ങനെയുള്ളവ വാഗണുകളിൽ കയറ്റി ക്ഷാമബാധിത പ്രദേശങ്ങളിലേക്കയക്കുവാൻ സന്നദ്ധപ്രവർത്തകരായി ഒട്ടേറെ യുവാക്കൾ മുന്നോട്ടുവന്നപ്പോൾ ശ്രമകരമാകുമായിരുന്ന ആ ജോലി എനിക്കെളുപ്പവുമായി. എ​ന്റെ ആത്മാർഥവും ചടുലവുമായ അത്തരം പ്രവർത്തനങ്ങൾ ടോൾസ്റ്റോയിയെപ്പോലും വിസ്​മയിപ്പിച്ചു.

സഹായസന്നദ്ധരായി ടോൾസ്റ്റോയിയോടൊപ്പം ചേർന്നിരുന്ന ചില സുഹൃത്തുക്കൾ പകർച്ചവ്യാധികൾക്കധീനരായി മരിച്ചു വീണുവെന്നു കേട്ടപ്പോൾ ഞാൻ ആധിയോടെ എ​ന്റെ ഭർത്താവിനെ തിരിച്ചുവിളിച്ചു. പത്തു ദിവസംമാത്രം വീട്ടിലെത്തി വിശ്രമിച്ചശേഷം ഇരിക്കപ്പൊറുതിയില്ലാതെ അദ്ദേഹം മടങ്ങിയപ്പോൾ ഞാനും കൂടെച്ചെന്നു. എ​ന്റെ പ്രവർത്തനക്ഷമതയും സാമർഥ്യവും ഏവരുടെയും സ്​നേഹാദരങ്ങൾക്കു പാത്രമാകുകയുമുണ്ടായി.

ക്ഷാമകാലത്തെ ടോൾസ്റ്റോയിയുടെ പരസ്യപ്രസ്​താവനകൾക്ക് വിപ്ലവാഹ്വാനത്തി​ന്റെ ഛായയുണ്ടെന്ന് കൊട്ടാരം ഉപജാപകർ വ്യാഖ്യാനിച്ചു. ടോൾസ്റ്റോയി അറസ്റ്റ് ചെയ്യപ്പെടാമെന്ന വാർത്തകൾ കേട്ട് ഞാൻ ഭീതയായി. എനിക്കുതന്നെ ഇതുസംബന്ധിച്ച് ഒരു ഊമക്കത്ത് കിട്ടി. ടോൾസ്റ്റോയിക്ക് കഠിനശിക്ഷ ലഭിച്ചേക്കുമോ എന്ന പരിഭ്രാന്തിയാൽ കൊട്ടാരത്തിൽ സ്വാധീനമുണ്ടായിരുന്ന സുഹൃത്തുക്കൾ വഴി അന്വേഷിക്കുകയും അദ്ദേഹത്തിനെതിരായ ഗൂഢാലോചനകൾ പരാജയപ്പെടുത്തുവാൻ സഹായമഭ്യർഥിക്കുകയും ചെയ്തു. എങ്ങനെയൊക്കെയോ ആ വൻവിപത്ത് കെട്ടടങ്ങിപ്പോയി.

തിരിച്ചെത്തിയ ടോൾസ്റ്റോയി മുമ്പെപ്പോഴുമെന്നതിനേക്കാളധികം അസംതൃപ്തനും അസ്വസ്​ഥനുമായി മാറി. താൻ ഏറ്റെടുത്ത സഹായപദ്ധതികളെക്കുറിച്ചുള്ള സംശയങ്ങളായിരുന്നു ഇത്തവണ ശല്യകാരണങ്ങളായിത്തീർന്നത്. പണം വീതംവെക്കുക എന്ന ആശയം തിന്മയാണെന്ന് താൻതന്നെ ശിഷ്യർക്കു പകർന്നുകൊടുത്തിരുന്നതാണല്ലോ. ആ ആദർശത്തിനെതിരായിരുന്നില്ലേ ത​ന്റെ പ്രവർത്തനങ്ങൾ? തടിയനങ്ങി പരിചയമില്ലാത്ത ചെർത്കോവാകട്ടെ, ഈ വക സമസ്യകൾ ഊതിപ്പെരുപ്പിക്കുകയുംചെയ്തു. ശിഷ്യപ്രമുഖനായ ഈ പിത്തലാട്ടക്കാരൻ ക്ഷാമകാലത്ത് അപ്രത്യക്ഷനായി ത​ന്റെ അമ്മയുടെ എസ്റ്റേറ്റ് ബംഗ്ലാവിൽ മുറിയടച്ചിരുന്ന് ടോൾസ്റ്റോയിയുടെ കൃതികൾ പകർത്തിയെഴുതിയാണ് അയാൾ സമയം പോക്കിയത​േത്ര. ടോൾസ്റ്റോയിക്ക് എന്നിട്ടും ഈ വ്യാജശിഷ്യൻ പ്രിയങ്കരനായിത്തന്നെ തുടർന്നു.

8

ചെർത്കോവെന്നല്ല, ശിഷ്യന്മാരാരുംതന്നെ ക്ഷാമകാലത്ത് ടോൾസ്റ്റോയിയോടൊപ്പം നിന്നില്ല. ഉന്മത്തരായ ആ ചെറുപ്പക്കാരുമായുള്ള ചങ്ങാത്തം ടോൾസ്റ്റോയി ഉപേക്ഷിക്കുവാൻ ഈ നിസ്സഹകരണം കാരണമാകുമെന്ന് തീർച്ചയായും ഞാൻ പ്രതീക്ഷിച്ചു. ആ പ്രതീക്ഷ പാഴായി.

ടോൾസ്റ്റോയി മുമ്പെഴുതിയ ‘സാക്ഷാത്കാരത്തി​ന്റെ കനി’ എന്ന നാടകം ഞങ്ങളുടെ സമ്മതമില്ലാതെ പീറ്റേഴ്സ്​ബർഗിലെ ഒരു പ്രമുഖ നാടകസംഘം കളിക്കുന്നതായി എനിക്കറിവു കിട്ടി. ടോൾസ്റ്റോയി അതൊന്നും ശ്രദ്ധിക്കുകയോ പ്രതിഫലമാവശ്യപ്പെടുകയോ ചെയ്യില്ലെന്ന് അവർക്കുറപ്പുണ്ടായിരുന്നിരിക്കണം. ഞാൻ നേരെ പീറ്റേഴ്സ്​ബർഗിലേക്ക് വണ്ടി കയറി. അവരെ കണ്ടെത്തി പ്രതിഫലമാവശ്യപ്പെടുകയും തർക്കിക്കുകയും ചെയ്തപ്പോൾ അവർ വഴങ്ങി. ഞാൻ ചെക്ക് വാങ്ങി ദുരിതാശ്വാസനിധിയിലേക്കാണ് അയച്ചത്.

എ​ന്റെ കുടുംബത്തിലെ സ്​ത്രീകളെക്കാൾ കായികക്ഷമത എനിക്കുണ്ടായിരുന്നു. എ​ന്റെ പ്രയത്നശീലത്തിനനുഗുണമായിത്തീർന്നു ആ സവിശേഷത. ഒരേസമയം കൂറ്റൻ നോവലുകൾ പകർത്തിയെഴുതുവാനും കുടുംബകാര്യങ്ങൾ പക്വതയോടെ നോക്കുവാനും എസ്റ്റേറ്റ് ഭരണത്തിനും പ്രസിദ്ധീകരണ പ്രസ്​ഥാനം കെട്ടിപ്പടുക്കുവാനുമൊക്കെ സാധിച്ചത് ഇക്കാരണത്താൽ മാത്രമാണ്. ഇതിനിടെ പതിമൂന്നു വട്ടം പ്രസവിക്കുകയും ചെയ്തല്ലോ. മോസ്​കോ വസതിയിൽ എനിക്ക് ഭൃത്യരുണ്ടായിരുന്നിട്ടില്ല. ഞാൻ ധൂർത്തു കാണിക്കുന്നുവെന്ന എ​ന്റെ ജീവിതപങ്കാളിയുടെ പരാതിയിൽ ഒരു കഴമ്പുമുണ്ടായിരുന്നില്ല. മോസ്​കോയിൽ എല്ലാ വീട്ടുജോലികളും ഞാൻതന്നെയാണ് ചെയ്തിരുന്നത് –തറ വൃത്തിയാക്കലും വെള്ളം കോരലുമടക്കം.

മുഷിഞ്ഞിരുന്ന ചില ദിവസങ്ങളിൽ ഞാൻ ടോൾസ്റ്റോയിയുടെ ഒരു ആത്മീയ ഗ്രന്ഥം ഫ്രഞ്ചിലേക്ക് വിവർത്തനംചെയ്തു. ഇപ്പോഴുമെനിക്കത് അത്ഭുതമുളവാക്കുന്നു. ഫ്രഞ്ചിൽനിന്ന് സെന്റ് ഫ്രാൻസിസ്​ ഓഫ് അസീസിയുടെ ജീവചരിത്രം റഷ്യനിലേക്കും വിവർത്തനം ചെയ്തു. ടോൾസ്റ്റോയിയുടെ ആരാധനാപാത്രമായിരുന്നു ആ പുണ്യപുരുഷൻ. അതോടെ, ത​ന്റെ മതത്തിൽച്ചേർന്നു പ്രവർത്തിക്കണമെന്ന ടോൾസ്റ്റോയിയുടെ എന്നോടുള്ള നിർദേശം ശക്തമായി. ഭർത്താവി​ന്റെ ആ ആഗ്രഹം മാത്രം എപ്പോഴും ഞാൻ നിഷേധിച്ചു.

എ​ന്റെ പാരമ്പര്യം അഭ്യസിപ്പിച്ച ശീലങ്ങളിൽനിന്നും ആരാധനാക്രമങ്ങളിൽനിന്നും തരിമ്പെങ്കിലും വിട്ടുവീഴ്ചക്ക് ഞാനൊരിക്കലും വഴങ്ങിയിട്ടില്ല. ദുഃഖകാലങ്ങളിലൊഴികെ പള്ളിയിൽ പോകുന്നതു മുടക്കിയിട്ടുമില്ല. എ​ന്റെ കുട്ടികളിൽ ചിലർ എനിക്കു വഴങ്ങിയില്ല. അവർ പിതൃപക്ഷവാദികളായി അരാജകവാദികളെപ്പോലെ ജീവിച്ചു. സ്വതന്ത്രബുദ്ധികളായി ജീവിക്കുന്നതിന് പ്രായപൂർത്തിയെത്തിയശേഷം മാത്രമേ അവർക്ക് ഞാനനുമതി നൽകിയുള്ളൂ. ചിലരെങ്കിലും പള്ളിയിൽ ആരാധനക്കു പോകുന്നതുപോലും നിർത്തിയിട്ടുമുണ്ട്.

ക്രിസ്​തുമതമൂല്യങ്ങളിൽ യാഥാസ്​ഥിതികത്വം ആരോപിച്ചാണല്ലോ ടോൾസ്റ്റോയി ഒരു പുതിയ മതം സ്​ഥാപിച്ചത് –ടോൾസ്റ്റോയിയനിസം. പത്തു കൽപനകൾക്കു പകരം അഞ്ചു കൽപനകളായിരുന്നു അതി​ന്റെ അടിസ്​ഥാനം. ഗുരുവാകാൻ മോഹിച്ച ഒരു ഗൃഹസ്​ഥ​ന്റെ വിക്രിയകളും അദ്ദേഹത്തെ പിന്താങ്ങിയ, അഥവാ ആ മോഹവലയത്തിൽ പതിച്ച കുറെ തലതിരിഞ്ഞ പ്രതിഭകളുടെ പതനവുമായി കലാശിച്ചു ആ മതം.

ഇളയ കുട്ടി വാനീച്കയുടെ മരണം പരസ്​പരം അകന്നുപോയിരുന്ന ഞങ്ങളുടെ ആത്മാക്കളെ താൽക്കാലികമായെങ്കിലും കൂട്ടിയിണക്കി. ദുഃഖത്തിൽനിന്നുള്ള രക്ഷാമാർഗം കാണാതെ ഞാനും അദ്ദേഹവും ഉഴറി. ജീവിതത്തി​ന്റെ മിഥ്യാത്വം മനസ്സിലാക്കിത്തരുവാൻ ദൈവം അയച്ചതാണ് ആ കുരുന്നി​ന്റെ മരണമെന്ന് ടോൾസ്റ്റോയി ആശ്വസിക്കുവാൻ ശ്രമിച്ചു. ആ ശ്രമം ആത്മാർഥവുമായിരുന്നു. പക്ഷേ, കഠിനശോകത്തിലാണ്ട് എ​ന്റെ ഹൃദയം കല്ലിച്ചുപോയി.

ഞാൻ സംത്രസ്​തയായി പള്ളിയിലേ​േക്കാടിച്ചെന്ന് മഠാധിപതിയെ ചോദ്യംചെയ്തു. എനിക്കു സാന്ത്വനം പകരാൻ മഹാപുരോഹിതന്മാർക്ക് കഴിഞ്ഞില്ല. ഞാൻ ആത്മഹത്യയെപ്പറ്റി വീണ്ടും ചിന്തിച്ചു. അന്തിയാകും വരെ പൂജാവിഗ്രഹത്തിനു മുന്നിലിരുന്ന് പ്രാർഥിച്ചു. അക്കാലത്ത് ടോൾസ്റ്റോയി തന്നെ സാന്ത്വനിപ്പിക്കുന്നതിനായി വിടാതെ പിന്തുടർന്നു വന്നു –സാന്ത്വനശ്രമങ്ങളത്രയും പാഴായെങ്കിലും.

അനഭിമതയായ ഒരുവളെ മൂത്തമകൻ വിവാഹം കഴിച്ചതു ഞാൻ സൂചിപ്പിച്ചിരുന്നുവല്ലോ. അവൾ ഒരു വർഷത്തിനകം എല്ലാം ഊറ്റിയെടുത്തശേഷം അവനെ ഉപേക്ഷിക്കുകയും ഒരു മധ്യവയസ്​കനായ പ്രഭുവി​ന്റെ കൂടെ ഒളിച്ചോടുകയും ചെയ്തുവെന്ന് വളരെക്കഴിഞ്ഞാണ് വാർത്ത വന്നത്. ഇലിയാ എന്ന പുത്രനാകട്ടെ, കുഴപ്പങ്ങളിൽനിന്നു കുഴപ്പങ്ങളിലേക്കാണ് ചെന്നു പെട്ടത്. അവൻ വിവാഹം കഴിച്ചതും ഭദ്രമായ ഒരു തറവാടിലെ അംഗത്തെയായിരുന്നില്ല. അവ​ന്റെ കുട്ടികൾ രോഗികളായി. ഒരു കുട്ടി ക്ഷയം പിടിച്ചു മരിക്കുകയും ചെയ്തു. ആേന്ദ്ര എന്ന മകനാകട്ടെ സംതൃപ്ത ദാമ്പത്യം നയിച്ചുകൊണ്ടിരിക്കെത്തന്നെ വിലാസിനിയായ ഒരു മാദകത്തിടമ്പി​ന്റെ മായാവലയത്തിൽ വീണ് അവളുടെ പിന്നാലെയായി.

ഈ വക ദുരന്തങ്ങളുടെയെല്ലാം പ്രത്യാഘാതങ്ങളും സമ്മർദങ്ങളും എനിക്കാണ് ഏറ്റുവാങ്ങേണ്ടി വന്നത്. തറവാട്ടമ്മ എന്ന നിലക്ക് എല്ലാത്തിലും ഞാനിടപെടേണ്ടിയിരുന്നു. പലതും അപരിഹാര്യങ്ങളായതിനാൽ ഞാൻ കണ്ടില്ലെന്നു നടിച്ചു. മരണവും അന്തശ്ചിദ്രങ്ങളും ദുരൂഹ സമസ്യകളും വലയംചെയ്ത ഘട്ടത്തിൽ ടോൾസ്റ്റോയി ആന്തരസത്തയെക്കുറിച്ചുള്ള അന്വേഷണങ്ങളിലേക്ക് ഒളിച്ചോടി മറഞ്ഞു; എനിക്കുമാത്രം ഒരു പിടിവള്ളിയും കിട്ടിയില്ല. ഒരു രക്ഷാകേന്ദ്രവും എന്നെ തുണക്കുവാൻ ഞാൻ കണ്ടെത്തിയതുമില്ല –പലപ്പോഴും വരുന്ന താനിയായുടെ കത്തുകളൊഴികെ.

ത​ന്റെ വിവാഹം ഒരു അബദ്ധമായിപ്പോയി എന്ന് വൃദ്ധനായ ടോൾസ്റ്റോയി സ്വശിഷ്യന്മാരോട് പറഞ്ഞത് ഈ ഘട്ടത്തിലാണ്. ഇപ്പറഞ്ഞതിൽ പശ്ചാത്താപം തോന്നി പിന്നീട് ഇത്തരം കുറിപ്പുകൾ ഡയറികളിൽ തിരുത്തുകയും ചെയ്തിട്ടുണ്ട്. പക്ഷേ, ചെർത്കോവ് എഴുതിയ ടോൾസ്റ്റോയിയുടെ ജീവചരിത്രത്തിൽ ഒരു കാപാലികയായാണ് എന്നെ അവതരിപ്പിച്ചത്. പിന്നീട് വന്നവർ അതേ കഥ ആവർത്തിക്കുകയും ചെയ്തു.

യഥാർഥത്തിൽ സ്​നേഹ–ദ്വേഷ ബന്ധമായിരുന്നു ഞങ്ങൾക്കിടയിലുണ്ടായിരുന്നത്. പലതരം ഉയർച്ചതാഴ്ചകളിലൂടെയാണ് അത് മുന്നോട്ടൊഴുകിയിരുന്നത്. ഞങ്ങളെ എപ്പോഴും ഒന്നിപ്പിച്ചു നിർത്തിയിരുന്നത് തീർച്ചയായും സാഹിത്യപരമായ അഭിരുചികളായിരുന്നു. ആ അടിയൊഴുക്ക് ശക്തമായിരുന്നു. അന്ത്യംവരേക്കും അദ്ദേഹത്തി​ന്റെ സാഹിത്യജീവിതത്തോട് സമർപ്പണബുദ്ധിയോടെ സഹകരിക്കുവാൻ ഞാൻ തയാറായി.

‘അന്നാ കരെനീന’ എഴുതി ഇരുപതു വർഷം കഴിഞ്ഞതിനു ശേഷമാണ് എ​ന്റെ ഭർത്താവ് ‘ഉയിർത്തെഴുന്നേൽപ്’ എന്ന മഹത്തായ നോവലെഴുതുന്നത്. ഈ നോവൽ എഴുതുന്നതിന് അദ്ദേഹം എ​ന്റെ സഹായമോ സാന്നിധ്യമോ തേടിയില്ല. നോവൽ പകർത്തിയെഴുതുന്നതിനും സംയോജിപ്പിക്കുന്നതിനുമെല്ലാം ഞാൻ സഹായിക്കുവാൻ സന്നദ്ധയായപ്പോൾ അനുവദിച്ചില്ലെന്നു മാത്രമല്ല, ക്രുദ്ധനാകുകയും ചെയ്തു. മുൻകാലത്ത് ഞാൻ ചെയ്ത സഹായങ്ങൾ ത​ന്റെ ജോലിയെ താറുമാറാക്കുകയാണുണ്ടായതെന്ന് ഭർത്സിക്കുകയും ചെയ്തു. അതു കേട്ടപ്പോൾ ഞാൻ പൊട്ടിക്കരഞ്ഞു പോയി.

അദ്ദേഹം എത്ര പെട്ടെന്നാണ് കഴിഞ്ഞതെല്ലാം മറന്ന് സംസാരിക്കുന്നത്! അദ്ദേഹത്തിന് പുതിയ പകർപ്പെഴുത്തുകാരെ യഥേഷ്ടം ലഭിച്ചിരുന്നുവെന്നതാണ് യഥാർഥ കാരണം, ബിര്യുക്കോവ് എന്ന നവയുവാവായ ശിഷ്യനും സ്വന്തം പുത്രി താനിയായും പകർത്തിയെഴുതുന്നതിൽ അദ്ദേഹത്തെ മാറി മാറി സഹായിച്ചുകൊണ്ടിരുന്നു. ‘ഉയിർത്തെഴുന്നേൽപ്’ പക്ഷഭേദരഹിതമായ ഒരു രചനയാണെന്നും ഭരണകൂടവും കോടതിയും പള്ളിയും അതിനിശിതമായി വിമർശിക്കപ്പെടുന്നുണ്ടെന്നും അവരുടെ വിലയിരുത്തലുകളിൽനിന്നും എനിക്കു വ്യക്തമായി.

ഒടുവിൽ നോവൽ എനിക്ക് വായിക്കാൻ കിട്ടിയപ്പോൾ ഞാൻ പറഞ്ഞ അഭിപ്രായം സ്വീകരിക്കുവാൻ അദ്ദേഹം സന്നദ്ധനായി. നോവലിലെ നായകനായ നെഹ്ല്യൂദോവ് പ്രഭു താൻ വഴിപിഴപ്പിക്കുകയാൽ സ്വൈരിണിയായിത്തീർന്ന മാസ്​ലോവയെ വിവാഹം കഴിക്കുന്നതായിരുന്നു കഥാന്ത്യം. ആ വിവാഹം യുക്തിഹീനമാണെന്നും ആ ഭാഗം വേണ്ടെന്നുവെക്കുകയാണ് ഉചിതമെന്നും ഞാൻ വെട്ടിത്തുറന്നു പറഞ്ഞു. ആ അഭിപ്രായപ്രകടനം വിധി നിർണായകമായി മാറി. നോവലി​ന്റെ അന്ത്യം മാറ്റിയെഴുതപ്പെട്ടു.

‘ഉയിർത്തെഴുന്നേൽപ്പി’ൽ അന്നത്തെ റഷ്യൻ അവസ്​ഥയെ യഥാർഥമായവതരിപ്പിച്ചിരുന്നു. സാമൂഹ്യപരിഷ്കരണത്തിന് ദാഹിച്ചിരുന്ന ഒരു മഹാമനീഷിയുടെ വിരൽപ്പാടുകൾ ആ വലിയ നോവലിൽ മാറാമുദ്രകളായിപ്പതിഞ്ഞു. പക്ഷേ, ഈ സന്ദേശത്തി​ന്റെ നിഴലുകളോ ധ്വനിയോ ആ കൃതിയുടെ കലാമേന്മയെ തരിമ്പും സ്​പർശിക്കുകയുണ്ടായതുമില്ല എന്നതാണത്ഭുതം. പ്രചാരണപരമായിപ്പോകാൻ വല്ലാത്ത സാധ്യതയുള്ളതായിരുന്നു പ്രമേയം. ടോൾസ്റ്റോയിയെ ‘റഷ്യൻ വിപ്ലവത്തി​ന്റെ കണ്ണാടി’ എന്ന് ലെനിൻ പിൽക്കാലത്ത് പുകഴ്ത്തിയെങ്കിൽ അതിന് കാരണം ഈ നോവലി​ന്റെ സ്രഷ്ടാവ് എന്ന നിലക്കാവുമെന്നുറപ്പ്.

നോവൽ പൂർത്തിയാക്കിയ സമയത്താണ് അദ്ദേഹത്തിന് മലേറിയ ബാധിച്ചത്. തുടക്കത്തിൽ വലിയ കുഴപ്പമൊന്നും തോന്നിച്ചില്ലെങ്കിലും പോകപ്പോകെ സ്​ഥിതി വഷളായി. ചികിത്സകരെ അനുവദിക്കുകയുമില്ലല്ലോ! സുഹൃത്തായ ഒരു പ്രഭു പ്രായോഗികമായി കാര്യങ്ങളിലിടപെട്ടു. ത​ന്റെ ക്രിമിയയിലുള്ള ഒരു കൊട്ടാരത്തിലേക്ക് അയാൾ ടോൾസ്റ്റോയിയെ കൊണ്ടുപോയി. ആ സുഹൃത്ത് ചക്രവർത്തിയുടെ ഒരു മന്ത്രിയായിരുന്നതിനാൽ ശിഷ്യസംഘം നഖശിഖാന്തം ഈ യാത്രയെ എതിർത്തുവെങ്കിലും ഞാൻ കൂട്ടാക്കിയില്ല. ഞാനും അങ്ങോട്ടു താമസം മാറ്റി.

ഒരു വർഷത്തെ പരിചരണത്തിനു ശേഷമാണ് പൂർണസുഖം വീണ്ടുകിട്ടിയത്. ഒരു ശിശുവിനെയെന്നോണം അദ്ദേഹത്തെ പരിചരിക്കുവാൻ അവസരം കിട്ടി. പ്രതിഫലം വാങ്ങാതെയാണ് വിദഗ്ധരായ ഭിഷഗ്വരന്മാർ ചികിത്സ നടത്തിയത്. ആ ഒരു വർഷം എനിക്ക് മറ്റെല്ലാ കുരുക്കുകളിൽനിന്നും സ്വാതന്ത്യവും സാവകാശവും കിട്ടി. ഞാൻ ബുദ്ധമത ഗ്രന്ഥങ്ങൾ വായിച്ചു. ഫോട്ടോഗ്രഫിയിലും ചിത്രരചനയിലുമുള്ള പരിചയം പുതുക്കി. ബുദ്ധഭഗവാ​ന്റെ വചനങ്ങൾ എനിക്ക് ആന്തരവിശ്രാന്തി പകർന്നുതന്നു. ഇന്ത്യൻ തത്ത്വചിന്തയെപ്പറ്റി വലിയ ആശ്ചര്യവും ആദരവുമെനിക്കുണ്ടായി.

ഞാൻ ഒരു ആത്മീയജീവിതത്തിലേക്ക് കടക്കുകയാവണമെന്ന് ആ ഘട്ടത്തിൽ ടോൾസ്റ്റോയി നിനച്ചു. എ​ന്റെ കലാപ്രവർത്തനങ്ങളെ സഹാനുഭൂതിയോടെ നോക്കാനും തുടങ്ങി. േപ്രാത്സാഹകമായനുഭവപ്പെട്ട ചില വാഗ്ദാനങ്ങളും ആ ഭാഗത്തുനിന്നുണ്ടായി. അതൊന്നും നടപ്പിൽ വരുകയില്ലെന്ന് അന്നേ എനിക്കറിയാമായിരുന്നുതാനും.

നിരന്തരമായ പ്രസവങ്ങൾമൂലം എ​ന്റെ ഗർഭപാത്രം കേടുവന്നിരുന്നു. കിടക്ക വിട്ടൊഴിയുവാൻ വയ്യാത്ത മട്ടിൽ വയറുവേദനയനുഭവിച്ചിരുന്ന എനിക്ക് ശസ്​ത്രക്രിയ വേണ്ടിയിരുന്നു. മരിച്ചുപോകുമെന്ന നില വന്നപ്പോൾ മാത്രമാണ് ജീവിതപങ്കാളി അതിന് സമ്മതിച്ചത്. ഗർഭപാത്രത്തിൽനിന്നും ഒരു വലിയ മാംസപിണ്ഡം ഡോക്ടർ മുറിച്ചുനീക്കി.

എന്നിട്ടും രണ്ടാഴ്ചയിലേറെ വിശ്രമിക്കുവാൻ കഴിഞ്ഞില്ല. ആ ശസ്​ത്രക്രിയ എന്നെ വല്ലാതെ തളർത്തിക്കളഞ്ഞു. ഉൗന്നുവടിയുടെ സഹായത്തോടെ മാത്രമേ നടക്കാനാവൂ എന്ന നിലയുമായി. പേരക്കുട്ടികളുമായി കളിച്ചും തുന്നൽപ്പണിയിലേർപ്പെട്ടും ഞാൻ സമയം തള്ളിനീക്കി. ജീവിതത്തിലേക്ക് തിരിച്ചെത്തിയപ്പോഴേക്കും അശനിപാതം കണക്കെ പുതിയൊരു ദുരന്തം ശിരസ്സിൽ വന്നു പതിച്ചുവെന്നു പറഞ്ഞാൽ മതിയല്ലോ. മുപ്പത്താറു വയസ്സു മാത്രം പ്രായമുണ്ടായിരുന്ന മകൾ മാഷാ പിതാവിനെപ്പോലെ പാവങ്ങൾക്കു സഹായം ചെയ്യുവാൻ സദാ സന്നദ്ധയായിരുന്നു. ഒരു കർഷകഭവനം തീ പിടിച്ചപ്പോൾ തീയണക്കുവാൻ ഗർഭിണിയായിരുന്നിട്ടും തൊട്ടിയുമായി കുളത്തിൽ ചാടിയതായിരുന്നു മരണകാരണം. സ്വന്തം കുഞ്ഞുങ്ങളെ സംസ്​കരിക്കുന്നതു കണ്ടു കണ്ട് എ​ന്റെ ഹൃദയം തഴമ്പിച്ചു. ആത്മാനുകമ്പയാൽ വിങ്ങി ഞാൻ മുറിയടച്ചിരുന്നു വിലപിച്ചു.

ചക്രവർത്തിക്കെതിരായ കലാപങ്ങൾ പൊടുന്നനെ ശക്തിപ്രാപിച്ചു കാട്ടുതീയായി പടർന്നു. അവകാശാധികാരങ്ങൾക്കു വേണ്ടി ജീവൻ ബലികഴിക്കുവാൻ സന്നദ്ധരായി കർഷകരും ബുദ്ധിജീവികളും തെരുവിലിറങ്ങുവാൻ തയാറായി. എവിടെയും അക്രമപരമ്പരകൾ അരങ്ങേറി. ഭൂപ്രഭുക്കൾ ഒരു ന്യൂനപക്ഷമായിരുന്നുവെങ്കിലും ഭൂമി മിക്കവാറും അവരുടെ കൈകളിലായിരുന്നു. എ​ന്റെ വസതിയിലും ആക്രമണകാരികൾ വന്നെത്തി. അവർ വലിയ മരങ്ങൾ വെട്ടിയിട്ടു. സഹോദര​ന്റെ വസതിയിലെത്തി അയാളെ വധിച്ച് വീടു കൊള്ളചെയ്യുകയും ചെയ്തു.

അത്രത്തോളമായപ്പോൾ ഞാൻ പൊലീസുകാരെ വീടിനു കാവൽ നിർത്തണമെന്ന് അപേക്ഷ നൽകി. അപേക്ഷ പരിഗണിക്കപ്പെട്ടുവെങ്കിലും ആ പ്രവൃത്തി ശിഷ്യസംഘത്തി​ന്റെ പരിഹാസത്തിനിടവരുത്തി. വീട്ടിൽ പൊലീസുകാരെക്കണ്ട് നടുങ്ങിയ ടോൾസ്റ്റോയിയും എനിക്കു നേരെ കലിതുള്ളി. അക്രമരാഹിത്യം പ്രസംഗിക്കുന്ന പ്രവാചക​ന്റെ വീടുകാവലിന് പൊലീസ്​ എന്ന് പൊതുജനങ്ങൾ മൂക്കത്തു വിരൽ വെക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്തായാലും ഞാൻ തീരുമാനത്തിലുറച്ചുനിന്നു. പിന്നീട് വീട്ടിൽ പൊലീസുകാരുടെ കാവൽ സ്​ഥിരമായിത്തീർന്നു.

ടോൾസ്റ്റോയിയും ശിഷ്യന്മാരും എക്കാലത്തും ചക്രവർത്തിയുടെ കണ്ണിലെ കരടായിരുന്നു. അവർ ഗവൺമെന്റിനെതിരെ പ്രകടിപ്പിച്ചിരുന്ന തുറന്ന വിരുദ്ധാഭിപ്രായങ്ങൾ മന്ത്രിമാരെ വിറളി പിടിപ്പിക്കുകയും ചെയ്തിരുന്നു. കലാപങ്ങളുടെ അന്തരീക്ഷം മുതലാക്കിയ ഗവൺ​െമന്റ് ടോൾസ്റ്റോയിയുടെ ശിഷ്യന്മാരുടെ വീടുകൾ റെയ്ഡ് ചെയ്യുകയും ജപ്തി ചെയ്യുകയും ചെയ്തു. രേഖകൾ പലതും പൊലീസിന് ലഭിച്ചു. പല പ്രമുഖ ശിഷ്യന്മാരും നാടുകടത്തപ്പെട്ടു. അവരുടെ അവസ്​ഥ കണ്ട് എനിക്കും അനുതാപം തോന്നി. അവരെ യാത്രയയക്കുവാൻ ഞാനും ചെന്നിരുന്നു. ചെർത്കോവും അക്കൂട്ടത്തിൽ നാടുകടത്തപ്പെട്ടു എന്നത് എനിക്ക് ആശ്വാസമായനുഭവപ്പെടാതിരുന്നില്ല.

പക്ഷേ, നാടുകടത്തൽപോലും ചെർത്കോവിന് ഭാഗ്യാവസരമായി. ഇംഗ്ലണ്ടിലേക്കാണ് അയാളെ വിട്ടത്. ഉന്നതങ്ങളിൽ സ്വാധീനമുണ്ടായിരുന്ന മാതാവ് അവിടെ അയാൾക്കു വേണ്ട സൗകര്യങ്ങളെല്ലാം കാലേകൂട്ടി ഒരുക്കിവെച്ചിരുന്നു. മാത്രമല്ല, ഒരു രക്തസാക്ഷി പരിവേഷം ചുളുവിൽ ലഭിക്കുകയും ചെയ്തു. സർവോപരി ഒരു ലോകഗുരുവി​ന്റെ പ്രതിനിധിയായി വിലസുവാനുള്ള ലൈസൻസും പ്രാപ്തമായി. ഇതിൽപരം എന്തുവേണം? പ്രവാസം ഒരു ശിക്ഷയായി അയാൾക്കനുഭവപ്പെട്ടിരിക്കുകയില്ല.

തിരിച്ചു വന്നപാടെ ഞങ്ങളുടെ വീടിനരികിൽത്തന്നെ കുറേ ഭൂമി വാങ്ങിക്കൂട്ടി വീടുവെക്കുവാനായി ചെർത്കോവി​ന്റെ ശ്രമം –ഗുരുവി​ന്റെ അനുഗ്രഹാശിസ്സുകളോടെ രണ്ട് കൂറ്റൻ ബംഗ്ലാവുകൾ പണി കഴിപ്പിക്കപ്പെട്ടു. ടോൾസ്റ്റോയിയന്മാരുടെ ആവാസകേന്ദ്രമായി അവിടം മാറി.

തനിക്കു ലഭിച്ച രക്തസാക്ഷി പരിവേഷം സ്വന്തം പ്രയോജനത്തിനായി മാത്രം അയാൾ ചൂഷണം ചെയ്തു. ടോൾസ്റ്റോയിയുടെ സാഹിത്യസംഭാവനകളുടെ അനന്തരാവകാശിയായി തന്നെ പ്രഖ്യാപിക്കണമെന്ന ആവശ്യം അയാൾ മുന്നോട്ടുവെച്ചു. ഒരു വിൽപത്രം ഇമ്മട്ടിലെഴുതുവാൻ അയാൾ ഗുരുവിൽ സമ്മർദ്ദം ചെലുത്തി ശ്വാസംമുട്ടിച്ചു. ഞാനറിയാതെ അത്തരം ഒരു വിൽപത്രത്തിൽ ചെർത്കോവ് ടോൾസ്റ്റോയിയെക്കൊണ്ട് ഒപ്പുമിടുവിച്ചു. എനിക്കേറ്റവും ജുഗുപ്സാവഹമായി തോന്നിയത് ഈ ഗൂഢാലോചനയിൽ എ​ന്റെ മകൾ സാഷായും ഉൾപ്പെട്ടിരുന്നുവെന്ന കാര്യമാണ്.

സാഷാ പെട്ടുപോയതാണെന്നും വളരെക്കഴിഞ്ഞാണ് ചെർത്കോവി​ന്റെ തനിനിറം അവൾക്കു വ്യക്തമായതെന്നുമൊക്കെ പറഞ്ഞിട്ടെന്താണ് ഫലം? അയാൾ അപ്പോഴേക്കും വളരെയേറെ മുന്നേറിക്കഴിഞ്ഞിരുന്നു. ത​ന്റെ തെറ്റ് ടോൾസ്റ്റോയി ഒപ്പിടുമ്പോൾതന്നെ തിരിച്ചറിഞ്ഞിരുന്നു. ത​ന്റെ ശരിയായ അവകാശികളെ യഥാവിധി പരിഗണിച്ചില്ല എന്നതിൽ പശ്ചാത്താപമുണ്ടായി. ഇക്കാര്യത്തിൽ കുടുംബാന്തരീക്ഷം തർക്കങ്ങളാൽ വീണ്ടും കലുഷിതമായി.

ടോൾസ്റ്റോയിയുടെ ഡയറികൾ മിക്കതും ചെർത്കോവ് ഇരുചെവിയറിയാതെ കടത്തിക്കൊണ്ടു പോയിരുന്നു. അവയിൽ എന്നെക്കുറിച്ചുള്ള മോശം പരാമർശങ്ങൾ പൊതുശ്രദ്ധയിൽ കൊണ്ടുവരുമെന്നും ചെളിയിലൂടെ വലിച്ചിഴക്കുമെന്നും ചെർത്കോവ് ടോൾസ്റ്റോയിയുടെ സാന്നിധ്യത്തിൽ വെച്ചുതന്നെ എന്നെ ഭീഷണിപ്പെടുത്തി. അത് ഒരു തുറന്ന കലഹത്തിലേക്കു നയിച്ചു. ഒടുവിൽ ചെർത്കോവാണ് ത​ന്റെ ആത്മാവിനോട് കൂടുതൽ ഒട്ടിനിൽക്കുന്നതെന്ന് ടോൾസ്റ്റോയി പറഞ്ഞു. എത്ര മാത്രം വേദനയാണ് ഞാനനുഭവിച്ചതെന്ന് ചിന്തിച്ചുനോക്കൂ.

ആ സംഭവത്തോടെ ചെർത്കോവി​ന്റെ പേരു കേൾക്കുന്നതേ എനിക്കു കലിയായി. ഞാൻ ആർക്കുവേണ്ടി ജീവിതം ഹോമിച്ചുവോ ആ ആൾതന്നെ എന്നെ തമസ്​കരിക്കുന്നുവെന്ന സത്യം എന്നെ വെറിപിടിപ്പിച്ചു. എ​ന്റെ മകൾ സാഷായും പിതാവിന് ശക്തിപകർന്ന് കൂടെ നിന്നതോടെ ഞാൻ മഹാനൈരാശ്യത്തി​ന്റെ കൂടാരമായി മാറി. ഇടക്കിടെ ഞാൻ ആത്മഹത്യാഭീഷണി മുഴക്കി. ഭർത്താവ് വീടുപേക്ഷിച്ചുപോകുമോ എന്ന ഭയം എന്നെ അലട്ടാനും തുടങ്ങി.

എ​ന്റെ വീട്ടിൽ ഞാൻ ആരുമല്ലാതാകുകയായിരുന്നു. ആരെയും വകവെക്കാതെ ജീവിച്ച തന്റേടക്കാരിയായ സോഫിയാ തീർത്തും നിസ്സഹായയായി ഒറ്റപ്പെട്ടു. എന്നെ സ്​നേഹിക്കുവാൻ ആരുമില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു. ആരോഗ്യവും ആത്മവിശ്വാസവും തകർന്നടിഞ്ഞുവെങ്കിലും എങ്ങനെയൊക്കെയോ ഞാൻ മുന്നോട്ടുപോയി.

 

9

സ്റ്റോക്ഹോമിൽ നടന്ന ലോകസമാധാന സമ്മേളനത്തിലേക്ക് ആയിടെ ടോൾസ്റ്റോയിക്കു ക്ഷണം കിട്ടി. ഈ പ്രായത്തിൽ അത്രയധികം ദൂരേക്ക് ഒറ്റക്കു യാത്രചെയ്യുന്നത് അഭികാമ്യമായിരുന്നില്ല. ഞാനാ യാത്രയെ എതിർത്തതിന് അതായിരുന്നു കാരണം. ഒടുവിൽ ടോൾസ്റ്റോയി കീഴടങ്ങി.

ചെർത്കോവിന് ഒപ്പിട്ടു നൽകിയ വിൽപത്രം അസാധുവാക്കണമെന്ന് നിരന്തരം ഞാനാവശ്യപ്പെട്ടു. അപ്പോഴൊക്കെ ‘അസാധ്യം’ എന്ന ഒറ്റവാക്കിൽ ടോൾസ്റ്റോയി പ്രശ്നമൊതുക്കാൻ ശ്രമിച്ചു. വിഷം കുടിച്ച് ഞാൻ ആത്മഹത്യക്ക് ശ്രമിച്ചത് അത്രമേൽ സ്വൈരംകെട്ട നിമിഷത്തിലാണ്.

ആ ശ്രമവും പാളിപ്പോയി. നാടും വീടും വിട്ട് വിദേശത്തേക്ക് രക്ഷപ്പെടുവാൻ ഒരു പാസ്​പോർട്ട് ശരിയാക്കിത്തരാമോ എന്ന് ടോൾസ്റ്റോയി ആവശ്യപ്പെടുന്നതായി ഒരു കുടുംബസുഹൃത്ത് എനിക്കെഴുതിയറിയിച്ചു. താൻ എവിടെത്തന്നെപ്പോയാലും സോഫിയ പിന്തുടർന്നെത്തുമെന്നും അദ്ദേഹം ഭയപ്പെട്ടിരുന്നു.

ഞാൻ പൊടുന്നനെ മരിച്ചുപോയാൽ ടോൾസ്റ്റോയിയുടെ ഡയറികളും കൈയെഴുത്തുപ്രതികളും ശത്രുപക്ഷത്തി​ന്റെ കൈയിൽപ്പെടുമല്ലോ എന്ന ഭയം എന്നെ നീറ്റിക്കൊണ്ടേയിരിക്കെ ചെർത്കോവി​ന്റെ രണ്ടു വക്കീലന്മാർ വന്ന് ഞാനറിയാതെ ടോൾസ്റ്റോയിയുടെ മരണപത്രം തയാറാക്കി ഒപ്പിടുവിച്ചു കൊണ്ടുപോയി. പലവട്ടം വായിച്ചുകേട്ട ശേഷമാണ് അദ്ദേഹം അതിലൊപ്പിട്ടത്. അദ്ദേഹം പകർപ്പെടുത്ത് സൂക്ഷിക്കുകയുംചെയ്തു. എവിടെയാണത് സൂക്ഷിച്ചുവെച്ചിരിക്കുന്നതെന്ന് പരമാവധി അന്വേഷിച്ചിട്ടും എനിക്ക് കണ്ടെത്താൻ കഴിഞ്ഞുമില്ല.

അവനവ​ന്റെ കാര്യങ്ങൾ നിർവഹിക്കുവാനുള്ള പ്രാപ്തി നഷ്​ടപ്പെട്ടിട്ടും ഞാൻ ഭർതൃശുശ്രൂഷയിൽനിന്നും പിന്മാറിയിട്ടില്ല. വീട്ടിലെത്തുന്ന അതിഥികൾക്ക് സദാ സ്വീകരണസന്നദ്ധയായ ആതിഥേയയുടെ ഭാഗവും കൃത്യമായി നിർവഹിച്ചു. ടോൾസ്റ്റോയിയുടെ ഉടുപ്പുകളും തൊപ്പികളും എനിക്കുതന്നെ തുന്നണമായിരുന്നു.

ആൺമക്കളുടെ പിടിവാശിമൂലം സ്വത്ത് ഭാഗം വെച്ചുവെങ്കിലും അവരത് മുക്കാൽ പങ്കും അതിവേഗം വിറ്റു തുലച്ചു. ഒരാളൊഴികെ മറ്റെല്ലാ ആൺമക്കളും പിതാവിനെ കഠിനമായി വെറുക്കുകയുംചെയ്തു. പണത്തിനുവേണ്ടി അവരെന്നെ നിരന്തരം ശല്യപ്പെടുത്തി. അവരുടെ അപേക്ഷകൾ തട്ടിക്കളയാനെനിക്കു കഴിഞ്ഞിട്ടുമില്ല. എനിക്കു വേണ്ടിയായിരുന്നില്ലല്ലോ, ഞാൻ അവരുടെ അച്ഛനുമായി നിരന്തരം തർക്കിക്കുകയും കലഹിക്കുകയും ചെയ്തത്! അവർക്കു കിട്ടേണ്ടതൊക്കെ അവർക്കു തന്നെ ചെന്നുചേരാൻ വേണ്ടി മാത്രമായിരുന്നു. സഹികെട്ട് ഒരുദിവസം ഞാൻ വീട്ടിൽനിന്നിറങ്ങിപ്പോയി. സന്ധ്യയായിരുന്നു.

വിജനമായ ഒരു കുട്ടിവനത്തിനപ്പുറം വരെ ഞാൻ നടന്നു. രാത്രിയുടെ നിഴലുകൾ വീണുതുടങ്ങുകയും തെരുവിൽ അപരിചിതമുഖങ്ങൾ പ്രത്യക്ഷപ്പെടുകയും ചെയ്തതോടെ എനിക്കു ഭയമായി. അന്നെനിക്ക് അറുപത്തിയാറു വയസ്സായിരുന്നു. ഒടുവിൽ ഞാൻ ഒരു കാനയിൽ വീണു. അന്വേഷിച്ചു വന്നവർ വളരെക്കഴിഞ്ഞ് എന്നെ കണ്ടെത്തുമ്പോഴേക്കും ഞാൻ ബോധരഹിതയായിത്തുടങ്ങിയിരുന്നു. ദൃഢപേശികളുള്ള ഒരു മധ്യവയസ്​കൻ എന്നെ വാരിയെടുത്ത് തോളിലിട്ട് വീട്ടിലെത്തിച്ചു. ടോൾസ്റ്റോയിയുടെ ഒരു അകന്ന ബന്ധുവായിരുന്നു ആ മനുഷ്യൻ.

ഭർത്താവിനെ സാവകാശം കൊല്ലുന്ന ഒരു പാതകിയാണ് ഞാൻ എന്ന പഴി ശക്തമാക്കിക്കൊണ്ടിരിക്കെ തനിക്കാണ് ഇത്തരമൊരു ഭാര്യയെ ലഭിച്ചിരുന്നതെങ്കിൽ താൻ കൊലപാതകിയായി തീർന്നേനെ എന്ന് ചെർത്കോവ് ഒരു സൗഹൃദസദസ്സിൽ തട്ടിമൂളിച്ചു. ടോൾസ്റ്റോയിയെ ചികിത്സിച്ചിരുന്ന ഡോക്ടറാണത് എന്നോട് പറഞ്ഞത്. ആ ഡോക്ടറെ ഏർപ്പാടാക്കിയിരുന്നത് ചെർത്കോവായിരുന്നു. അയാൾ ഒരു നല്ല ഹൃദയത്തിനുടമയായിരുന്നു.

ഡോക്ടർ മറ്റയവ്സ്​കി എന്നാണ് ടോൾസ്റ്റോയി ശിഷ്യന്മാർ അയാളെ വിളിച്ചിരുന്നത്. വീട്ടിൽ താമസിച്ചു തന്നെയാണ് അയാൾ ടോൾസ്റ്റോയിയെ പരിശോധിച്ചുകൊണ്ടിരുന്നത്. ഒടുവിൽ ടോൾസ്റ്റോയിയുടെ അവസാനത്തെ ഇറങ്ങിപ്പോക്കിൽപോലും അനുധാവനം ചെയ്യുകയും ചെയ്തു. എനിക്കയാളെ മാത്രമാണ് ടോൾസ്റ്റോയിയുടെ ശിഷ്യന്മാരിൽ ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടുള്ളത്.

മരണപത്രം കണ്ടെത്താൻ കഴിയാത്തതി​ന്റെ വാശിയിൽ ഹാൻഡ് ബാഗിൽ പാസ്​പോർട്ടും ഒരു റിവോൾവറും ഒരു കുപ്പി വിഷവുമായി ഞാൻ വീണ്ടും വീടുവിട്ടു പോയി. ദൈവഗത്യാ റെയിൽവേ സ്റ്റേഷനിൽവെച്ച് മകൻ ആേന്ദ്രയി എന്നെ കണ്ടു. അവ​ന്റെ േപ്രരണക്കു വഴങ്ങി ഞാൻ വീണ്ടും വീട്ടിലേക്കു തിരിച്ചുവന്നു.

എ​ന്റെ പെൺകുട്ടികളെ പോലും ചെർത്കോവ് അവ​ന്റെ ആരാധകരാക്കിത്തീർത്തുവെന്നു സൂചിപ്പിച്ചിരുന്നുവല്ലോ. ഒടുവിൽ എല്ലാം സ്വന്തമായെന്നു വന്നപ്പോൾ അവൻ അവരോടും കലഹിക്കുവാൻ തുടങ്ങി. എന്തിനു പറയുന്നു, ടോൾസ്റ്റോയിയോടുപോലും ധിക്കാരപരമായി സംസാരിക്കുന്ന നിലയെത്തി. ആൺമക്കൾ എനിക്കു മനോരോഗമാണെന്ന് സ്​ഥാപിക്കുവാൻ ഒരു മനോരോഗ ചികിത്സകനെ വീട്ടിൽ കൊണ്ടുവന്നു. മനസ്സിലല്ല, ആത്മാവിലാണ് എനിക്കു മുറിവേറ്റിരുന്നതെന്ന് ഞാൻ ആ ചികിത്സകനോട് പറഞ്ഞത് കേട്ട് അയാൾക്ക് ചിരി വന്നു. എ​ന്റെ മുറിവുകൾക്കു പറ്റിയ ശമനൗഷധം മനഃശാസ്​ത്രം കണ്ടുപിടിക്കുകയില്ലല്ലോ.

ആേന്ദ്രയി മരണപത്രത്തെക്കുറിച്ച് കേട്ട് പരിഭ്രാന്തനായി വരുമ്പോഴാണ് റെയിൽവേ സ്റ്റേഷനിൽ വെച്ച് എന്നെ കണ്ടത്. വന്നപാടെ അവൻ പിതാവിനെ നേരിട്ടു. കഠിനമായ ഒരു വാദപ്രതിവാദമാണ് തുടർന്നുണ്ടായത്. പിതാവി​ന്റെ ശാരീരികസ്​ഥിതിയെ അവൻ കണക്കാക്കിയതേയില്ല. ശകാരവും ശാപവുംകൊണ്ട് അവൻ പിതാവിനെ മൂടി.

ഗുരു മരണമടഞ്ഞാലുടനെ മരണപത്രം സാധുവാക്കാൻ കാത്തിരിക്കുകയായിരുന്നു ചെർത്കോവ്. ഏത് വിധേനയും മരണപത്രം അസ്​ഥിരപ്പെടുത്തണമെന്ന ഒരേയൊരു ചിന്തയേ എ​ന്റെ മനസ്സിലവശേഷിച്ചിരുന്നുള്ളൂ. ഭയാനകമാംവിധം അന്തഃസംഘർഷങ്ങൾ പേറി ജീവിച്ച് ഓരോ ദിനവും ഞാൻ തള്ളിനീക്കി.

 

10

അവസാനവട്ടം ടോൾസ്റ്റോയി വീടുപേക്ഷിച്ചു പോയത് പെട്ടെന്നായിരുന്നില്ല. ചെർത്കോവുമായും സാഷായുമായും ചർച്ചകൾ നടന്നിരുന്നു. ഒരു രാത്രി അദ്ദേഹം ഉറങ്ങിക്കിടക്കുകയാണെന്ന ധാരണയിൽ ഞാൻ അലമാര പരിശോധിച്ചു. അതാണ് ഇത്തവണ പ്രചോദനമായത്. പോകുന്ന പോക്കിൽ എനിക്ക് ഒരു അന്ത്യസന്ദേശവും കുറിച്ചുവെച്ചിരുന്നു. അനേകം രോഗങ്ങളും ശ്വാസകോശപ്രശ്നവും ആ എൺപത്തിരണ്ടുകാരനെ വലച്ചിരുന്നു എന്നോർക്കണം. ആ യാത്ര മരണത്തിൽ കലാശിക്കുമെന്ന ഉറപ്പും അദ്ദേഹത്തിനുണ്ടായിരുന്നിരിക്കണം. അന്തർജ്ഞാനത്താൽ മരണം അദ്ദേഹം മണത്തുവെന്നു തീർച്ച. ദിവസങ്ങൾക്കകം അസ്റ്റപ്പോവ എന്ന കുഗ്രാമ റെയിൽവേ സ്റ്റേഷനിൽ കിടന്ന് അനാഥനെപ്പോലെ എ​ന്റെ ലിയോ മരണമടഞ്ഞു.

ലിയോയുടെ ബോധം മറയുംവരെ എന്നെ കാണുവാൻ ആരും അനുവദിച്ചില്ല. അന്ത്യഘട്ടത്തിൽ മകൾ സാഷായും ശിഷ്യസംഘവും മാത്രമേ അരികിലുണ്ടായിരുന്നുള്ളൂ. അവസാന സമയത്ത് അദ്ദേഹത്തെ ശുശ്രൂഷിക്കാൻ കഴിയാതെ പോയതിലുള്ള ദുഃഖം മാത്രമാണ് എനിക്ക് അവശേഷിപ്പായുള്ളത്.

എന്നെ സാന്ത്വനിപ്പിച്ചുകൊണ്ട് ആദ്യം വന്ന സന്ദേശം അന്നാ ദസ്​തയേവ്സ്​കിയുടേതായിരുന്നു. ശിഷ്യസംഘത്തി​ന്റെ തത്ത്വത്തെ അന്ന ശക്തിയുക്തം അപലപിക്കുകയും ചെയ്തു. റഷ്യ കണ്ട ഏറ്റവും വലിയ ശവഘോഷയാത്രകളിലൊന്നായിമാറി ടോൾസ്റ്റോയിയുടെ അന്ത്യയാത്ര. കർഷകത്തൊഴിലാളികളും സ്വാതന്ത്ര്യം നേടിയ അടിമകളുമായിരുന്നു കൂട്ടത്തിലേറെയും. അവർ തങ്ങളുടെ ‘ലിയോ’ക്കു വേണ്ടി കരഞ്ഞു. അലമുറയിട്ടു. മുദ്രാവാക്യങ്ങൾ മുഴക്കി. എഴുത്തുകാരും ബുദ്ധിജീവികളും വിദ്യാർഥികളുമെന്നു വേണ്ട സമൂഹത്തി​ന്റെ എല്ലാ തുറകളിൽനിന്നുമുള്ളവർ നാനാഭാഗങ്ങളിൽനിന്നും ഓടിയെത്തി.

ടോൾസ്റ്റോയിയുടെ സർഗപ്രതിഭക്ക് സഹായകരമായി ആയുരന്തം പ്രവർത്തിച്ചതി​ന്റെ പേരിൽ എന്നെ സ്​തുതിച്ചുകൊണ്ടുള്ള അനേകം കത്തുകൾ പിന്നീടെന്നെത്തേടിയെത്തി. റഷ്യൻ സംസ്​കാരത്തിന് അതുവഴി ഞാൻ നൽകിയ സംഭാവനകളെ പ്രകീർത്തിച്ചുകൊണ്ട് പന്ത്രണ്ട് മഹോന്നത കലാകാരന്മാർ ഒപ്പിട്ട ഒരു സന്ദേശവും ഏറെ വൈകാതെ വന്നു. ഇടക്കിടെ ഞാൻ എന്നെത്തേടിയെത്തുന്നവരെ ആ സന്ദേശങ്ങൾ വായിച്ചു കേൾപ്പിക്കുമായിരുന്നു.

അപ്പോഴൊക്കെ ഏതോ തണുപ്പ് എ​ന്റെ ആത്മാവിൽ വീശി. ആ കത്തുകൾ പ്രസിദ്ധീകരിക്കണമെന്ന സഹൃദയരുടെ ആവശ്യം ഞാൻ അനുവദിച്ചില്ല. അവ എ​ന്റെ മാത്രം സ്വത്താണ്. മാത്രമല്ല എന്നെ കരിപൂശുവാൻ ചെർത്കോവ് പലതും പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുകയായിരുന്ന അക്കാലത്ത് ആ കത്തുകളുടെ പ്രസിദ്ധീകരണം ഒരു മറുപടിയായി തെറ്റിദ്ധരിക്കപ്പെടുകയുംചെയ്യും. ഞാൻ ടോൾസ്റ്റോയിക്ക് ആരായിരുന്നുവെന്ന് കാലമാണ് തെളിയിക്കേണ്ടത്.

ടോൾസ്റ്റോയി മരിച്ചതറിഞ്ഞയുടൻ ചെർത്കോവും സംഘവും ധൃതിയിൽ യാസ്​നായ പോള്യാനയിലെത്തി ഭൃത്യരെ ഭയപ്പെടുത്തി ടോൾസ്റ്റോയിയുടെ അവശേഷിച്ച ഡയറികളും മറ്റു രേഖകളും കടത്തിക്കൊണ്ടുപോയി. ഞാൻ ടോൾസ്റ്റോയിയെ വീട്ടിൽനിന്നും അടിച്ചിറക്കുകയാണുണ്ടായതെന്നാണ് എനിക്കെതിരെ ചെർത്കോവ് പ്രചരിപ്പിച്ച അവസാനത്തെ ആരോപണം. ടോൾസ്റ്റോയിയെ അവഹേളിച്ച ഭാര്യ എന്ന ദുഷ്പേരിൽനിന്നും ഇന്നും പൂർണമായും ഞാൻ മുക്തി നേടിയിട്ടുമില്ല. എ​ന്റെ കണ്ണീരി​ന്റെ കഥ കേൾക്കാൻ മാത്രം ആരുമില്ല. ഞാൻ അതൊട്ടാവശ്യപ്പെടുന്നുമില്ല.

ഭർത്താവി​ന്റെ പഠനമുറി ഞാൻ അതേപടി പരിപാലിച്ചു. എസ്റ്റേറ്റും ഞാൻ നടത്തിക്കൊണ്ടുപോയി. മരണക്കിടക്കയിൽ അദ്ദേഹം നിവർത്തിവെച്ചിരുന്ന ‘കരമസോവ് സഹോദരന്മാർ’ എന്ന ദസ്​തയേവ്സ്​കിയുടെ നോവൽ അതേപടി മലർക്കെ മേശപ്പുറത്ത് തുറന്നുവെച്ചു. വേർപാടി​ന്റെ രാത്രിക്കുശേഷം ആ മുറിയിലെ മെഴുകുതിരിക്കാലുകളിൽ വെളിച്ചം കൊളുത്തിയില്ല. വീടും വിസ്​തൃതമായ എസ്റ്റേറ്റും വിൽക്കുവാൻ മക്കൾ നിർബന്ധിച്ചുവെങ്കിലും ആ മണ്ണ് വിൽക്കുവാനോ, ടോൾസ്റ്റോയി ഒപ്പുവെച്ച വിൽപത്രം ധിക്കരിക്കുവാനോ ഞാനവരെ അനുവദിച്ചുമില്ല.

സാഷാ എന്ന മകളെപ്പറ്റി ചിലതുകൂടി പറയാനുണ്ട്. അച്ഛനെ ഒാരോ ചുവടിലും അനുകരിക്കുകയും അനുസരിക്കുകയും ചെയ്തിരുന്നു ആ ബുദ്ധിമതി. അവൾക്കനുവദിക്കപ്പെട്ട ചില പുസ്​തകങ്ങളുടെ പകർപ്പവകാശം വിറ്റ് മുമ്പ് സഹോദരങ്ങൾ വിറ്റുതുലച്ച ഭൂമിയുടെ ചില ഭാഗങ്ങൾ വാങ്ങി അവൾ പാവപ്പെട്ടവർക്ക് ദാനം ചെയ്തു. ദരിദ്രകർഷകരോടുള്ള പിതാവി​ന്റെ സഹാനുഭൂതി അവൾക്കറിയാമായിരുന്നു. അങ്ങനെ പിതാവി​ന്റെ ആഗ്രഹസഫലീകരണം അവൾ സാധിച്ചെടുത്തു.

എ​ന്റെ ജീവിതം അവസാനത്തോടടുത്തിരിക്കുകയാണ്. ടോൾസ്റ്റോയിയുടെ ഭാര്യയായി ജീവിക്കാൻ കഴിഞ്ഞതിൽ ഞാൻ ദൈവത്തോട് നന്ദി പറയുന്നു. അവസാനകാലങ്ങളിൽ അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകൾ എ​ന്റെ പാപങ്ങൾക്കുള്ള പശ്ചാത്താപമായി ഞാൻ കാണുന്നു.

(ചിത്രീകരണം: തോലിൽ സുരേഷ്​)

News Summary - weekly novel