Begin typing your search above and press return to search.
proflie-avatar
Login

ക്ഷാമകാലത്തെ വാക്കുകള്‍

ക്ഷാമകാലത്തെ   വാക്കുകള്‍
cancel

സമൃദ്ധിയുടെ പെയിന്‍റടിച്ച

ക്ഷാമകാലമേ,

തടിയനെലികളെപ്പോലെ

വാക്കുകള്‍

പുളഞ്ഞുകളിക്കുന്ന

ക്ഷേമകാലമേ,

ആകാശമേഘങ്ങള്‍

ആലേഖനം ചെയ്ത

തടവുമുറികളേ,

സ്വാതന്ത്ര്യംപോലെ

തൂങ്ങിക്കിടക്കുന്ന

തൂക്കുകയറുകളേ,

ചേരികളെ

നയതന്ത്രഭിത്തികള്‍ കെട്ടി

മറയ്ക്കുന്ന

സമ്മേളനങ്ങളേ,

ആക്രിക്കാരെ

ഓടകളിലേക്ക് തള്ളുന്ന

പൈലറ്റ് വാഹനങ്ങളേ,

വെളിച്ചം വെളിച്ചമെന്ന്

തോന്നിപ്പിക്കുന്ന

ഇരുള്‍പ്രതിമകളേ,

കാലടികളും തലച്ചോറും

കാര്‍ന്ന് കാര്‍ന്ന്

രസിപ്പിക്കുന്ന

ഭൂതമഹത്വങ്ങളേ,

ഗ്യാസ് ചേംബറുകളിലേക്ക്

കുതിക്കുന്ന

വന്ദേവാഗണുകളേ,

സൈഡ് സീറ്റിന് കൊതിക്കുന്ന

ബലിയാടുകളേ,

എന്നെ വിളിച്ചില്ല

എന്നെ പരിഗണിച്ചില്ല

എന്‍റെ പേരുവച്ചില്ല

എന്ന പരിഭവങ്ങളേ,

തിരക്കുകൂട്ടരുതേ,

മെല്ലെ മെല്ലെ

അതിമെല്ലെ

വേഗപ്പതുക്കെ

നിങ്ങളിലേക്ക് തന്നെയാണ്

പാഞ്ഞുവരുന്നത്.

ക്ഷമിപ്പിന്‍,

കാത്തിരിപ്പിന്‍

സമൃദ്ധി

നിങ്ങളെ

വൈകാതെ

സ്വര്‍ഗസ്ഥരാക്കും.

Show More expand_more
News Summary - weekly literature poem