Begin typing your search above and press return to search.
proflie-avatar
Login

‘ജനങ്ങളുടെ ബലത്തിൽ മോദി അധികാരത്തിലേറില്ല; അതിന്​ കൃത്രിമത്വം വേണ്ടിവരും’

‘ജനങ്ങളുടെ ബലത്തിൽ   മോദി അധികാരത്തിലേറില്ല;  അതിന്​ കൃത്രിമത്വം വേണ്ടിവരും’
cancel

രാജ്യത്തെ പ്രമുഖ അഭിഭാഷകനും ആക്​ടിവിസ്​റ്റും രാഷ്​ട്രീയ നിരീക്ഷകനുമായ പ്രശാന്ത്​ ഭൂഷൺ രാജ്യം വൈകാതെ അഭിമുഖീകരിക്കുന്ന പൊതു തെരഞ്ഞെടുപ്പി​ന്റെ പശ്ചാത്തലത്തിൽ ത​ന്റെ കാഴ്ചപ്പാടുകളും നിഗമനങ്ങളും തുറന്ന്​ അവതരിപ്പിക്കുന്നു. ഇൗ സംഭാഷണത്തിൽ അദ്ദേഹം ഇൻഡ്യ മുന്നണിയുടെ സാധ്യതകൾ, മോദിയുടെ തെരഞ്ഞെടുപ്പ്​ തന്ത്രങ്ങൾ, ഇലക്​ടറൽ ബോണ്ട്​ എന്നിവയെപ്പറ്റിയും ത​ന്റെ നിലപാടുകൾ വ്യക്തമാക്കുന്നു.രാജ്യത്ത് ഭരണകൂടം പലവ‍ഴികളിലും അതിന്‍റെ ഫാഷിസ്റ്റ് മുഖം പ്രകടമാക്കിക്കൊണ്ടിരിക്കുമ്പോൾ, ഇത്തരം നടപടികൾക്കെതിരെ നിയമംകൊണ്ടും നാവുകൊണ്ടുമെല്ലാം സധൈര്യം മുന്നിൽനിന്ന് പോരാടുന്നവരിൽ ഒരാൾ; പ്രമുഖ...

Your Subscription Supports Independent Journalism

View Plans
രാജ്യത്തെ പ്രമുഖ അഭിഭാഷകനും ആക്​ടിവിസ്​റ്റും രാഷ്​ട്രീയ നിരീക്ഷകനുമായ പ്രശാന്ത്​ ഭൂഷൺ രാജ്യം വൈകാതെ അഭിമുഖീകരിക്കുന്ന പൊതു തെരഞ്ഞെടുപ്പി​ന്റെ പശ്ചാത്തലത്തിൽ ത​ന്റെ കാഴ്ചപ്പാടുകളും നിഗമനങ്ങളും തുറന്ന്​ അവതരിപ്പിക്കുന്നു. ഇൗ സംഭാഷണത്തിൽ അദ്ദേഹം ഇൻഡ്യ മുന്നണിയുടെ സാധ്യതകൾ, മോദിയുടെ തെരഞ്ഞെടുപ്പ്​ തന്ത്രങ്ങൾ, ഇലക്​ടറൽ ബോണ്ട്​ എന്നിവയെപ്പറ്റിയും ത​ന്റെ നിലപാടുകൾ വ്യക്തമാക്കുന്നു.

രാജ്യത്ത് ഭരണകൂടം പലവ‍ഴികളിലും അതിന്‍റെ ഫാഷിസ്റ്റ് മുഖം പ്രകടമാക്കിക്കൊണ്ടിരിക്കുമ്പോൾ, ഇത്തരം നടപടികൾക്കെതിരെ നിയമംകൊണ്ടും നാവുകൊണ്ടുമെല്ലാം സധൈര്യം മുന്നിൽനിന്ന് പോരാടുന്നവരിൽ ഒരാൾ; പ്രമുഖ സുപ്രീംകോടതി അഭിഭാഷകനും ആക്ടിവിസ്റ്റും രാഷ്ട്രീയ നിരീക്ഷകനുമെല്ലാമായ പ്രശാന്ത് ഭൂഷണിനെ ഇങ്ങനെ വിശേഷിപ്പിക്കാം. കേന്ദ്രസർക്കാറിന്‍റെ അനീതികളെയും കോർപറേറ്റ് പ്രീണന നയങ്ങളെയും നഖശിഖാന്തം എതിർക്കുന്ന പ്രശാന്ത് ഭൂഷൺ എന്നും ഭരണക്കാരുടെ കണ്ണിലെ കരടാണ്.

എന്നാൽ, അതൊന്നും നീതിക്കും ധർമത്തിനും വേണ്ടിയുള്ള പ്രയാണത്തിൽനിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കുന്നില്ല. ഏറ്റവുമൊടുവിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ഇലക്ടറൽ ബോണ്ട് കേസിൽ സമയം നീട്ടി ചോദിച്ചുള്ള എസ്.ബി.ഐ ഹരജിക്കെതിരെ കോടതിയലക്ഷ്യ ഹരജി ഫയൽചെയ്തും ഈ നിയമപോരാളി ത​ന്റെ പോരാട്ടവീര്യം തുടർന്നു. രാജ്യത്തെ അഴിമതി മുക്തമാക്കി മാറ്റുന്നതിനായി വർഷങ്ങൾക്കു മുമ്പ് അണ്ണാ ഹസാരെയുമായി കൈകോർക്കുകയും പിന്നാലെ അരവിന്ദ് ​െകജ്രിവാൾ രൂപവത്കരിച്ച ആം ആദ്മി പാർട്ടിയിൽ മുൻനിരയിൽനിന്ന് പ്രവർത്തിക്കുകയുംചെയ്തു.

പിന്നീട് അഭിപ്രായഭിന്നതകൾമൂലം പാർട്ടിയിൽ തുടരാനായില്ലെങ്കിലും ത​ന്റെ രാഷ്ട്രീയവും സാമൂഹികവുമായ നിലപാടുകൾ ഉറക്കെ, ഉറച്ചുപറയുന്നതിൽ അദ്ദേഹം അന്നും ഇന്നും ഒരു മടിയും കാണിച്ചില്ല. കശ്മീരിലെ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിന് ശ്രീരാമസേനയുടെ മർദനത്തിനിരയായത് 2011ലാണ്.

 

രാഹുൽ ഗാന്ധിയുടെ ഭാരത്​ ജോഡോ യാത്രയിൽ യോഗേന്ദ്രയാദവിനൊപ്പം പ്രശാന്ത്​ ഭൂഷൺ പങ്കാളിയായപ്പോൾ

രാഹുൽ ഗാന്ധിയുടെ ഭാരത്​ ജോഡോ യാത്രയിൽ യോഗേന്ദ്രയാദവിനൊപ്പം പ്രശാന്ത്​ ഭൂഷൺ പങ്കാളിയായപ്പോൾ

സാധാരണക്കാരായ ആളുകൾക്ക് നീതി നേടിക്കൊടുക്കുന്നതിൽ ഏറെ തൽപരനായ ഭൂഷൺ ഇതിനകം നൂറുകണക്കിന് പൊതുതാൽപര്യ ഹരജികൾ സുപ്രീംകോടതിയിൽ ഫയൽ ചെയ്യുകയും മിക്കവയിലും തീർപ്പുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. മുൻ കേന്ദ്ര നിയമ മന്ത്രിയും മനുഷ്യാവകാശ പ്രവർത്തകനുമായ അഡ്വ. ശാന്തി ഭൂഷന്റെ മകൻ കൂടിയായ പ്രശാന്ത് ഭൂഷൺ അഴിമതിക്കെതിരായി ആരംഭിച്ച ഇന്ത്യ എഗൻസ്റ്റ് കറപ്ഷൻ കൂട്ടായ്മയിലെ മുൻനിരക്കാരനായിരുന്നു. പിന്നീട് 2015ൽ അഴിമതി വിരുദ്ധ പാർട്ടിയായ സ്വരാജ് അഭിയാൻ സ്ഥാപിച്ചവരിൽ ഒരാളായിരുന്നു. പബ്ലിക് പോളിസി ആൻഡ് പൊളിറ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ടായ ‘സമഭാവന’യുടെയും സ്ഥാപകനാണ്.

രാജ്യം ഏറെ നിർണായകമായ ഒരു പൊതു തെരഞ്ഞെടുപ്പിലേക്കടുക്കുമ്പോൾ കൊച്ചിയിലെത്തിയ പ്രശാന്ത് ഭൂഷൺ തെരഞ്ഞെടുപ്പിലെ വിവിധ പാർട്ടികളുടെ പ്രവർത്തനത്തെക്കുറിച്ചും നിലവിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചുമെല്ലാം ചർച്ചചെയ്യുന്നു.

വീണ്ടുമൊരു പൊതു തെരഞ്ഞെടുപ്പിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് രാജ്യം. എങ്ങനെ വിലയിരുത്തുന്നു തെരഞ്ഞെടുപ്പിലെ പ്രവണതകളെ?

നമുക്കറിയാം, എല്ലായിടത്തും മോദി മോദി മോദി എന്ന മന്ത്രം മാത്രമേ ഉയർന്നുകേൾക്കുന്നുള്ളൂ. സർക്കാർ അതിന്റെ പരമാവധി ഫണ്ടും മോദിയെ പുകഴ്ത്താനും ഉയർത്തിക്കാട്ടാനുമായി ഒരു നിയന്ത്രണവുമില്ലാതെ ചെലവഴിച്ചുകൊണ്ടിരിക്കുകയാണ്. മോദി വേഴ്സസ് പ്രതിപക്ഷം എന്ന രീതിയിലേക്കാണ് ബി.ജെ.പി കാര്യങ്ങളെ എത്തിക്കുന്നത്.

എന്നാൽ, ഈ പ്രചാരണങ്ങൾക്കും രാം മന്ദിറിന്റെ പേരിലുള്ള പ്രവർത്തനങ്ങൾക്കും വർഗീയ വിഷപ്രചാരണത്തിനും എല്ലാത്തിനുമപ്പുറം ഈ രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളും നിലവിലെ സ്ഥിതിയിൽ കടുത്ത അസംതൃപ്തരാണ്. കാരണം, ഈ രാജ്യത്തെ ജനാധിപത്യ സംവിധാനത്തോട് അവർ (കേന്ദ്രസർക്കാർ) ചെയ്യുന്നതും ഇ.ഡി, എൻ.ഐ.എ, ഐ.ബി പോലുള്ള അന്വേഷണ ഏജൻസികളെ രാഷ്ട്രീയപരമായി ദുരുപയോഗം ചെയ്യുന്നതും മാധ്യമങ്ങളെ കള്ളപ്രചാരണത്തിനായി ഉപയോഗിക്കുന്നതും ഓരോ കാര്യങ്ങളിലും അസത്യം പ്രചരിപ്പിക്കുന്നതും തൊഴിലില്ലായ്മയും ദാരിദ്ര്യവും മറച്ചുവെക്കാനുള്ള ശ്രമങ്ങളും ഇതിനെല്ലാം അപ്പുറത്ത് അംബാനി, അദാനിമാരെപ്പോലുള്ള ചുരുക്കം ചിലർ തഴച്ചുവളരുന്നതും പാവപ്പെട്ടവർ വീണ്ടും പാവപ്പെട്ടവരായി മാറുന്നതുമെല്ലാം ഈ രാജ്യം കണ്ടുകൊണ്ടിരിക്കുകയാണ്.

അതുകൊണ്ടുതന്നെ, ഇത്രയധികം അനീതിയും അധാർമികതയും അരങ്ങേറുന്ന ഒരു നാട്ടിൽ ജനങ്ങളുടെ തെരഞ്ഞെടുപ്പിന്റെ ബലത്തിൽ ഇനിയും മോദി അധികാരത്തിലേറില്ല എന്നാണ് എ​ന്റെ വിലയിരുത്തൽ. അതല്ല, ഇനിയും മോദി സർക്കാർ അധികാരത്തിലെത്തണമെങ്കിൽ അത്, ഇ.വി.എമ്മിൽ (ഇലക്ട്രോണിക് വോട്ടു യന്ത്രം) നടത്തുന്ന കൃത്രിമത്വം ഒന്നുകൊണ്ടു മാത്രമായിരിക്കും.

ഈ പ്രതീക്ഷ നമ്മൾ 2019ലും വെച്ചുപുലർത്തിയിരുന്നു. പക്ഷേ, അന്ന് കാര്യങ്ങൾ മാറിമറിഞ്ഞല്ലോ‍?

അന്നും നമുക്ക് പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ, രണ്ടു ഘടകങ്ങളാണ് കാര്യങ്ങൾ മാറ്റിമറിച്ചത്. അതിലൊന്ന് പുൽവാമ-ബാലാകോട്ട് ആക്രമണമാണ്. അന്ന് ജനങ്ങൾ ഒരുപാട് സ്വാധീനിക്കപ്പെട്ടു. കാരണം, അന്ന് ഇതൊരു ആസൂത്രിത സംഭവമാണെന്ന് ആർക്കും അറിയില്ലായിരുന്നു. ഇത്തവണ അങ്ങനെ ഒരു നീക്കമുണ്ടാവുമെന്ന് തോന്നുന്നില്ല.

 

എ.എ.പി നേതാവ്​ അരവിന്ദ്​ കെജ്​രിവാളിനൊപ്പം പ്രശാന്ത്​ ഭൂഷൺ

എ.എ.പി നേതാവ്​ അരവിന്ദ്​ കെജ്​രിവാളിനൊപ്പം പ്രശാന്ത്​ ഭൂഷൺ

രണ്ടാമത്തെ കാര്യം അന്ന് നമുക്കറിയില്ല ഇ.വി.എമ്മിൽ കൃത്രിമത്വം കാണിച്ചിരുന്നോ എന്ന കാര്യം, അത് ഒരുപക്ഷേ അങ്ങനെ സംഭവിച്ചിട്ടുണ്ടാകാം. സിറ്റിസൻസ് കമീഷൻ ഓഫ് ഇലക്ഷൻസ് നയിച്ച മുൻ സുപ്രീംകോടതി ജഡ്ജിപോലും ഇ.വി.എം തട്ടിപ്പുകളെ കുറിച്ച് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതിലെ പ്രോഗ്രാമബിൾ ചിപ്, വിവിപാറ്റ് യന്ത്രത്തിന്റെ രൂപകൽപനയും അതിലെ പ്രോഗ്രാമബ്ൾ ചിപ്പും തുടങ്ങിയവയെല്ലാം കൃത്രിമത്വത്തിനു സഹായിക്കുന്നതോ ദുരുപയോഗം ചെയ്യാവുന്നതോ ആയ നിലക്കുള്ളതാണ്. അതുകൊണ്ടാണ് ഞാൻ പറയുന്നത്, വോട്ടുയന്ത്രത്തിൽ തിരിമറി നടത്തിയില്ലെങ്കിൽ മാത്രം അവർ ഇനിയൊരിക്കൽ കൂടി അധികാരത്തിലെത്തില്ല.

പക്ഷേ, നമുക്കെങ്ങനെ പറയാനാവും അങ്ങനെയൊരു തിരിമറി നടക്കുന്നില്ലെന്ന്?

അതുതന്നെയാണ് പ്രശ്നം, നമുക്ക് പറയാനാവില്ല. വിവിപാറ്റ് സ്ലിപ് വോട്ടറുടെ കൈയിൽ നൽകണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടാൽ മാത്രം നീതിയുക്തമായി തെരഞ്ഞെടുപ്പ് നടക്കും. അങ്ങനെ വന്നാൽ, ബി.ജെ.പിക്ക് ജയിക്കാനാവില്ല. ചില സംസ്ഥാനങ്ങളിലും ചില മണ്ഡലങ്ങളിലും ഇത്തരത്തിൽ സെലക്ടിവ് മാനിപ്പുലേഷൻ ആണ് നടത്തുക. അങ്ങനെചെയ്യുന്ന ഇടങ്ങളിൽ അവരെന്തായാലും ജയിക്കും, എന്നാൽ എല്ലാ മണ്ഡലങ്ങളിലും ഇതുചെയ്യുന്നുമില്ല. വോട്ടുയന്ത്രം പരീക്ഷിച്ച പല രാജ്യങ്ങളും അതിലെ അപാകത മനസ്സിലാക്കി പേപ്പർ ബാലറ്റിലേക്ക് മടങ്ങി. നമ്മുടെ രാജ്യവും ആ രീതിയിൽ ചിന്തിക്കേണ്ടതുണ്ട്.

ഏറെ പ്രതീക്ഷയോടെ തുടക്കമിട്ട ഇൻഡ്യ മുന്നണിയിലിന്ന് അപസ്വരങ്ങളും അഭിപ്രായഭിന്നതകളുമെല്ലാം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഒരു സഖ്യത്തിന് തെരഞ്ഞെടുപ്പിൽ എത്രത്തോളം മികവുപുലർത്താനാവും?

ഇന്ന് അസംഖ്യം ആളുകൾ രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും വിശ്വസിച്ച് ആശ്രയിച്ച് രംഗത്തുവരുന്നുണ്ട്. രാഹുലിന്റെ നല്ല പ്രതിച്ഛായയും ഇടപെടലുകളും പ്രവർത്തനങ്ങളും വാക്കുകളുമെല്ലാം കോൺഗ്രസിന്റെ നില മെച്ചപ്പെടുത്തും. തീർച്ചയായും പ്രതിപക്ഷ കക്ഷികൾക്കും ഇൻഡ്യ മുന്നണിക്കുമുള്ളിൽ നിരവധി പ്രശ്നങ്ങളും പ്രതിസന്ധികളുമുണ്ട്. ദൗർഭാഗ്യവശാൽ മുന്നണിയിലെ വിവിധ കക്ഷി നേതാക്കൾ ഇ.ഡിയുടെയും ആദായനികുതി വകുപ്പിന്റെയും സി.ബി.ഐയുടെയുമെല്ലാം സമ്മർദത്തിന് വഴങ്ങാൻ ഇടയുള്ളവരാണ്.

അതുകൊണ്ടുതന്നെ ബി.ജെ.പിയുടെ പ്രലോഭനങ്ങളിൽ എളുപ്പത്തിൽ വീഴാൻ സാധ്യതയുമുള്ളവരാണ്. അതുതന്നെയാണ് ബി.ജെ.പി ചെയ്തുകൊണ്ടിരിക്കുന്നതും. ഇത്തരത്തിൽ നിരവധിപേർ മുന്നണിയിലുണ്ടെന്നിരിക്കേ തന്നെ രാഹുൽ ഗാന്ധി, തേജസ്വി യാദവ്, ഉദ്ധവ് താക്കറെ തുടങ്ങിയ ആദർശം പണയംവെക്കാത്ത മറ്റു പലരുമുണ്ടെന്നതും പ്രതീക്ഷാവഹമാണ്.

പക്ഷേ, കുറെ പേർ സമ്മർദത്തിൽ വീഴാനിടയുള്ള, ദുർബലരായ, ഭീരുക്കളായ ചിലരാണ് മുന്നണിയെ ചീത്തപ്പേരിലാക്കുന്നത്. യഥാർഥത്തിൽ ഈ രാജ്യത്തെ തെരഞ്ഞെടുപ്പെന്നാൽ പണംകൊണ്ടുള്ള കളിയാണ്. തെരഞ്ഞെടുപ്പിന്റെ കാര്യത്തിൽ മിക്ക പ്രതിപക്ഷ പാർട്ടികൾപോലും പണമുണ്ടാക്കിക്കൊണ്ടിരിക്കുന്നു. ഇവരെതന്നെയാണ് ബി.ജെ.പി, ഇ.ഡി പോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് ടാർഗറ്റ് ചെയ്യുന്നതും.

പ്രമുഖരാ‍യ പലരും കോൺഗ്രസ് എന്ന പാർട്ടി ഉപേക്ഷിച്ച് ബി.ജെ.പിയിൽ ചേക്കേറിക്കൊണ്ടിരിക്കുകയാണല്ലോ. ദിവസങ്ങൾക്കുമുമ്പാണ് കേരളത്തിൽ മുൻ മുഖ്യമന്ത്രി കെ. കരുണാകര​ന്റെ മകൾ പത്മജ വേണുഗോപാൽ കൂടുവിട്ട് കൂടുമാറിയത്. ഈ ഒരു പ്രവണതയെ കുറിച്ച്?

പണവും സ്ഥാനമാനങ്ങളും നൽകി വശീകരിക്കൽ, ഇ.ഡി പോലുള്ള ഏജൻസികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി വശംവദരാക്കൽ തുടങ്ങി ചെയ്യാൻ പറ്റുന്നതെല്ലാം ബി.ജെ.പി ചെയ്തുകൊണ്ടിരിക്കുകയാണ്. കൂടുതൽ വൾനറബ്ൾ ആയ, അത്യാഗ്രഹികളായ ചില കൂട്ടർ ഈ സമ്മർദത്തിനടിപ്പെട്ട് ബി.ജെ.പിയിലേക്ക് പറക്കും. സത്യത്തിൽ ഇത്തരക്കാർ കോൺഗ്രസ് പാർട്ടി വിടുന്നതു തന്നെയാണ് നല്ലതെന്ന് ഞാൻ വിശ്വസിക്കുന്നു. ഇങ്ങനെ ഉള്ളിൽ മറ്റൊരു ചിന്തയുമായി പാർട്ടിയിൽ നിൽക്കുന്നതിനേക്കാൾ ഇവർ പോയാൽ പാർട്ടി കുറേക്കൂടി ശുദ്ധീകരിക്കപ്പെടും. ഉദാഹരണത്തിന് മധ്യപ്രദേശിലെ മുൻ മുഖ്യമന്ത്രി കമൽനാഥിന്റെ കാര്യം നോക്കൂ. അദ്ദേഹം പാർട്ടി വിടുകയാണ് വേണ്ടത്, അല്ലെങ്കിൽ പിടിച്ചുപുറത്താക്കണം.

ബി.ജെ.പി (സ്ഥാനമാനങ്ങൾ) ഒന്നും നൽകാത്തതുകൊണ്ടാണ് അദ്ദേഹം ആ പാർട്ടിയിൽ പോയി ചേരാത്തത്. അതുകൊണ്ടു മാത്രമാണ് കമൽനാഥ് സാങ്കേതികമായി കോൺഗ്രസ് പാർട്ടിയിൽതന്നെ തുടരുന്നത്. ഇത്തരക്കാരെ പാർട്ടിയിൽനിന്നും ഒഴിവാക്കുകയാണ് വേണ്ടത്. അവരെല്ലാം വളരെയധികം സ്വാധീനിക്കാവുന്നവരും അതിമോഹികളുമാണ്. പാർട്ടിതന്നെ പിടിച്ചു പുറത്താക്കുകയാണ് ഇത്തരക്കാരെ ചെയ്യേണ്ടത്. ഇവരൊന്നും ഇല്ലെങ്കിൽ കോൺഗ്രസ് എത്ര മെച്ചപ്പെട്ടേനേ.

പക്ഷേ, തങ്ങൾ ഏറെ ബഹുമാനത്തോടും പ്രതീക്ഷയോടും കണ്ട നേതാക്കൾ കോൺഗ്രസ് വിട്ടുപോകുമ്പോൾ പൊതുജനം, അല്ലെങ്കിൽ പാർട്ടിയെ സ്നേഹിക്കുന്ന സാധാരണക്കാർ വളരെയധികം നിരാശരാവുന്നുണ്ട്.‍.?

അതു ശരിയാണ്. പക്ഷേ, ഇങ്ങനെ പോകുന്നവർക്ക് യഥാർഥ ആദർശമോ പ്രത്യയശാസ്ത്രമോ ധാർമികമൂല്യങ്ങളോ ഒന്നുമില്ലെന്ന് സാധാരണക്കാർ തിരിച്ചറിയണം. കാരണം, ബി.ജെ.പി നമ്മുടെ സമൂഹത്തെ തകർത്തുകൊണ്ടിരിക്കുകയാണ്, നമ്മുടെ ജനാധിപത്യത്തെയും നാഗരികതയെയും ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കുകയാണ്. ഈ ബി.ജെ.പിയിലേക്കാണ് അവർ പോകുന്നത് എന്നതിനർഥം അവർക്ക് പ്രത്യേകിച്ച് രാഷ്ട്രീയ, സാമൂഹിക മൂല്യങ്ങളോ പൊതുസമൂഹത്തോട് പ്രതിബദ്ധതയോ ഒന്നുമില്ലെന്നാണ്. മറിച്ച് അവരുടേതായ സുഖങ്ങൾക്കും വ്യക്തിപരമായ നേട്ടങ്ങൾക്കും അധികാരത്തിനും സമ്പത്തിനും മാത്രമായാണ് ഇവർ വിടുന്നതെന്നും നമ്മൾ തിരിച്ചറിയണം. അങ്ങനെ പോവുന്നവർ പോവട്ടെ എന്നുവെക്കണം.

മുമ്പ് ആം ആദ്മി പാർട്ടിയിൽ പ്രവർത്തിച്ചതിന്റെ അനുഭവമുണ്ടല്ലോ താങ്കൾക്ക്. ഈ തെരഞ്ഞെടുപ്പിൽ എ.എ.പിയുടെ പങ്കിനെ കുറിച്ചും പാർട്ടിയുടെ നിലവിലെ പ്രവർത്തന രീതികളും എങ്ങനെ വിലയിരുത്തുന്നു.‍.?

രാഷ്ട്രീയ പാർട്ടികളുടെ രീതിയിൽനിന്ന് വ്യത്യസ്തമായ രീതിയിലായിരിക്കും ആം ആദ്മി പാർട്ടി എന്നു പറഞ്ഞായിരുന്നു പാർട്ടി രൂപംകൊണ്ടതുതന്നെ. പക്ഷേ, മറ്റെല്ലാ പാർട്ടികളും നീങ്ങിയ വഴിയിൽതന്നെയാണ് എ.എ.പിയും നടന്നുനീങ്ങിയത്. ഉൾപാർട്ടി ജനാധിപത്യത്തോടും സുതാര്യതയോടും അഴിമതിവിരുദ്ധതയോടും പ്രതിബദ്ധത പുലർത്തുകയും നിലവിലെ പാർട്ടികൾക്ക് ഒരു ബദലാവുകയും ചെയ്യുമെന്ന പ്രതീക്ഷയിലും ആഗ്രഹത്തിലുമാണ് ആ പാർട്ടിയിൽ െചന്നുചേരുന്നത്.

എന്നാൽ, ദൗർഭാഗ്യവശാൽ പാർട്ടി ചെയർമാൻ അരവിന്ദ് ​െകജ് രിവാൾ അതിനെ ഒരു ഏകാധിപത്യ പാർട്ടിയാക്കി മാറ്റി, സുതാര്യതയും ജനാധിപത്യവും എല്ലാം എടുത്തുകളഞ്ഞ് മറ്റു പല പാർട്ടികളെയും പോലെയാക്കി മാറ്റി. എന്നാൽ, ആം ആദ്മിയിൽ ഇപ്പോഴും ചില ബഹുമാന്യരും ആദർശവാദികളുമായ നേതാക്കളുണ്ട്. ഡൽഹി നിയമസഭാംഗവും പാർട്ടി അഖിലേന്ത്യ ചീഫ് സ്പോക്സ് പേഴ്സനുമായ സൗരഭ് ഭരദ്വാജിനെപ്പോലുള്ള ചിലർ മാത്രം. എന്നാൽ, ഇന്ന് പാർട്ടി‍യിലുണ്ടായിരുന്ന ആദർശശാലികളായ പലരും പാർട്ടി വിട്ടുപോയിരിക്കുന്നു. എ​ന്റെ അഭിപ്രായത്തിൽ ബി.ജെ.പിയെക്കാൾ എന്തുകൊണ്ടും മെച്ചമാണ് ആം ആദ്മി പാർട്ടി, എന്നാൽ കോൺഗ്രസിന്റെ അടുത്തെത്തുകയുമില്ല. വ്യക്തിപരമായി പറഞ്ഞാൽ ഇന്നുള്ളതിൽ ഏറ്റവും മികച്ചത് കോൺഗ്രസ് പാർട്ടിതന്നെയാണ്.

അരുന്ധതി റോയ്​, ജിഗ്​നേഷ്​ മേവാനി എന്നിവർക്കൊപ്പം ഒരു വാർത്താസമ്മേളനത്തിൽ പ്രശാന്ത്​ ഭൂഷൺ

അരുന്ധതി റോയ്​, ജിഗ്​നേഷ്​ മേവാനി എന്നിവർക്കൊപ്പം ഒരു വാർത്താസമ്മേളനത്തിൽ പ്രശാന്ത്​ ഭൂഷൺ

 

ബി.എസ്.പി, എസ്.പി, തൃണമൂൽ കോൺഗ്രസ് പോലുള്ള പാർട്ടികളെ കുറിച്ച്?

ഇതിന്റെയെല്ലാം അടിസ്ഥാനപ്രശ്നം ഒന്നുതന്നെ. ബി.ജെ.പി ഇത്തരം പാർട്ടിയിലെ നേതാക്കളെയെല്ലാം സ്വത്ത് സമ്പാദനത്തിന്റെ പേരിൽ ഭീഷണിപ്പെടുത്തുകയോ സ്ഥാനമാനങ്ങൾ കാണിച്ച് പ്രലോഭിപ്പിക്കുകയോ െചയ്യുകയാണ്. മിക്ക പാർട്ടികളും വലിയ അളവിൽ അഴിമതിക്കാരായി മാറിയിരിക്കുന്നു. അതുതന്നെയാണ് ബി.ജെ.പി ചൂഷണംചെയ്തുകൊണ്ടിരിക്കുന്നതും. എന്നാൽ, മറ്റൊരു പ്രധാന കാര്യമെന്തെന്നാൽ ഈ പാർട്ടികളൊന്നും ബി.ജെ.പി ചെയ്യുന്നതുപോലെ നമ്മുടെ സാമൂഹികാന്തരീക്ഷത്തെ തച്ചുടച്ചു കളയുന്നില്ലല്ലോ.

ഇലക്ടറൽ ബോണ്ട് വിഷയത്തിലേക്കു വന്നാൽ, നിലവിലെ സുപ്രീംകോടതി ഉത്തരവ് ഈ തെരഞ്ഞെടുപ്പിൽ എത്രത്തോളം നിർണായകമായി പ്രതിഫലിക്കും?

സത്യത്തിൽ ബി.ജെ.പിയുടെ പക്കൽ ഇപ്പോൾതന്നെ ആവശ്യത്തിലധികം പണമുണ്ട്, അവർക്കിനി ഇലക്ടറൽ ബോണ്ടിന്റെയൊന്നും ആവശ്യമുള്ളതായി തോന്നുന്നില്ല. മാത്രവുമല്ല അവർക്ക് മറ്റുപല രീതിയിലും പണം കിട്ടും, സർക്കാറിനെ സാമ്പത്തികാവശ്യങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്യാം. യഥാർഥത്തിൽ ഇലക്ടറൽ ബോണ്ടുകൾ റദ്ദാക്കിയതിനേക്കാൾ പ്രാധാന്യം മുമ്പ് ബോണ്ടുകൾ നൽകിയവരുടെ വിശദാംശങ്ങൾ സുപ്രീംകോടതി തേടിയതിലാണ്. അതുതന്നെയാണ് ബി.ജെ.പിയെ ഭയപ്പെടുത്തുന്നത്.

അതുകൊണ്ടാണ് ബി.ജെ.പി എസ്.ബി.ഐയെക്കൊണ്ട് വിവരങ്ങൾ പങ്കുവെക്കുന്നതിന് ജൂൺ വരെ സമയം വേണമെന്നാവശ്യപ്പെട്ട് ഹരജി നൽകിപ്പിച്ചതും. ആ ഹരജി പരിഗണിച്ചാൽ തെരഞ്ഞെടുപ്പിനു മുമ്പ് പേരുകൾ പുറത്തുവരുന്നതിൽനിന്ന് രക്ഷപ്പെടാം. പേരുകൾ പുറത്തുവന്നാൽ ബി.ജെ.പിക്ക് കിട്ടിയ പണത്തിന്റെ മുഖ്യപങ്കും (ഏകദേശം പതിനായിരം കോടിക്കു മുകളിൽ) കൈക്കൂലിപ്പണമാണെന്ന് വ്യക്തമാകും.

അനുകൂലമായ കരാറുകൾ നേടിയെടുക്കാനും നയമാറ്റങ്ങൾ വരുത്തുന്നതിനും ഇ.ഡി, സി.ബി.ഐ പോലുള്ളവയുടെ ഉപദ്രവത്തിൽനിന്ന് രക്ഷനേടാനുമെല്ലാമായി നൽകിയ കൈക്കൂലിപ്പണമാണ് ഇതെല്ലാം. ഇലക്ടറൽ ബോണ്ടിലെ ഏകദേശം 90 ശതമാനത്തിനു മുകളിൽ, അല്ലെങ്കിൽ നൂറു ശതമാനവും എന്നുതന്നെ പറയാം, ഇത്തരത്തിൽ കൈക്കൂലിയായി നൽകുന്ന പണമാണ്. അതുകൊണ്ടുതന്നെയാണ് അവർ ഇക്കാര്യത്തിൽ രഹസ്യസ്വഭാവം സൂക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നതും. കേസിൽ അടുത്ത ദിവസം നിർണായകമായ വിധികൾ വരും. (അഭിമുഖം ഈ ഹരജികൾ പരിഗണിക്കുന്നതിനു മുമ്പ് നടത്തിയതാണ് ^പ​ത്രാധിപർ)

ഈ കേസിൽ എസ്.ബി.ഐയുടെ ഹരജിക്കു പിന്നാലെ എസ്.ബി.ഐക്കെതിരെ താങ്കളുടെ നേതൃത്വത്തിൽ കോടതിയലക്ഷ്യ ഹരജി നൽകിയിരുന്നല്ലോ. അതി​ന്റെ വിധിയെ കുറിച്ച്?

സുപ്രീംകോടതി എസ്.ബി.ഐ ഹരജി തള്ളിക്കളയുമെന്നാണ് എ​ന്റെ പ്രതീക്ഷ. കാരണം, അത്രമാത്രം പരിഹാസ്യമായ ഒരു പെറ്റീഷനാണത്. അവർ പറയുന്നത് ബോണ്ടുകൾ നൽകിയവരെ കുറിച്ചുള്ള വിവരങ്ങളുള്ള ഒരു കേന്ദ്ര ഓഫിസും ഈ ബോണ്ടുകൾ സ്വീകരിച്ച രാഷ്ട്രീയ പാർട്ടികളെ കുറിച്ചുള്ള വിവരങ്ങളടങ്ങിയ ഓഫിസുമുണ്ടെന്നാണ്. പിന്നെന്താ, ഈ വിവരങ്ങൾ പരസ്പരം യോജിപ്പിക്കാനാണോ ഇത്രയും സമയം വേണ്ടത്. 22,000 ബോണ്ടുകൾ പാർട്ടികളുമായി മാച്ച് ചെയ്യിക്കാൻ അഞ്ചു മാസം സമയമെടുക്കുമെന്നത് പരിഹാസ്യമായ വാദമാണ്. നമുക്ക് ആ പട്ടിക തന്നാൽ, രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ എല്ലാം റെഡിയാക്കി തിരിച്ചുതരും.

എൻ.ഡി.എ തന്നെ അധികാരത്തിലേറിയാൽ എന്തു സംഭവിക്കും?

അങ്ങനെ വന്നാൽ രാജ്യത്തെ ജനാധിപത്യത്തോടും ഭരണഘടനയോടുമെല്ലാം ഗുഡ്ബൈ പറയാം. കാരണം, അവർ ഭരണഘടന ഒന്നാകെ പൊളിച്ചെഴുതുകയോ ഇല്ലാതാക്കുകയോ ചെയ്യും. രാജ്യത്തിന്‍റെ പരമോന്നത മൂല്യങ്ങളായ ജനാധിപത്യവും മതേതരത്വവും സോഷ്യലിസവുമെല്ലാം പഴങ്കഥയായി മാറും. അവർ, ഈ രാജ്യത്തെ ഒരു ഏകാധിപത്യ ഹിന്ദുരാഷ്ട്രമായി മാറ്റും. ഇപ്പോൾതന്നെ രാജ്യം അതിന്‍റെ ഏറ്റവും മോശമായ സ്ഥിതിയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഇനിയും അവർ വന്നാൽ, രാജ്യത്തെ പാവപ്പെട്ടവർ അതിദാരിദ്ര്യത്തിന്‍റെ കൊടുമുടിയിലെത്തും. ഇപ്പോൾ സംഭവിക്കുന്നതെല്ലാം കൂടുതൽ രൂക്ഷമായ സ്ഥിതിയിൽ അരങ്ങേറും.

 

എൻ.ഡി.എയുടെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ, തെരഞ്ഞെടുപ്പുവേളയിൽ പ്രതിപക്ഷസഖ്യത്തിന്‍റെ പ്രവർത്തനങ്ങൾക്കുമപ്പുറം സാധാരണക്കാർക്ക് എന്തുചെയ്യാനാവും?

സാധാരണക്കാർക്കാണ് ഇക്കാര്യത്തിൽ വലിയൊരു പങ്കുവഹിക്കാനാവുക. ബി.ജെ.പിയുടെ വർഗീയ പ്രചാരണങ്ങളെയും ഗോദി മീഡിയയുടെ വിഷലിപ്തമായ വാർത്തകളെയും സത്യപ്രചാരണത്തിലൂടെയും ഫാക്ട് ചെക്കിലൂടെയും പൊളിച്ചടുക്കാൻ ജനങ്ങൾ സംഘടിതരായി പ്രവർത്തിക്കേണ്ടതുണ്ട്. ഇതിനായി സമൂഹമാധ്യമങ്ങളെ നല്ലരീതിയിൽ പ്രയോജനപ്പെടുത്താം. മോദിയെക്കുറിച്ച് വാഴ്ത്തിപ്പാടുകയും വർഗീയ വിഷപ്രചാരണം നടത്തുകയും ചെയ്യുന്ന മാധ്യമങ്ങൾക്കിടയിലും മികച്ചരീതിയിൽ മാധ്യമപ്രവർത്തനം നടത്തുന്ന ജേണലിസ്റ്റുകളുണ്ടെന്നത് ആശ്വാസകരമാണ്.

ഇന്റർനെറ്റ്, സോഷ്യൽ മീഡിയ തുടങ്ങിയവയിലൂടെ വലിയൊരു വിഭാഗത്തെ സ്വാധീനിക്കുന്ന രീതിയിൽ അവർ ഇടപെടലുകൾ നടത്തുന്നുമുണ്ട്. ഇതേ മാതൃക സാധാരണക്കാർക്കും പിന്തുടരാം. പ്രത്യേകിച്ച് ചെറുപ്പക്കാർക്ക് ഈ സത്യപ്രചാരണ പ്രസ്ഥാനത്തിൽ ഒരുപാടു കാര്യങ്ങൾ ചെയ്യാനാവും. അവരുടെ ഊർജവും സാങ്കേതിക മികവും പരിജ്ഞാനവുമെല്ലാം ഇത്തരത്തിൽ പോസിറ്റിവായി ഉപയോഗിക്കപ്പെടേണ്ടതുണ്ട്.

രാജ്യത്തെ തൊഴിലില്ലായ്മക്കെതിരെയും വർഗീയതക്കെതിരെയും മറ്റും അവരുടെ ശബ്ദം ഉയരേണ്ടതുണ്ട്. തെരുവുകളിൽ ഇറങ്ങി സംഘടിക്കുകയും ശക്തരാവുകയും ചെയ്യുക എന്നാണ് യുവാക്കളോടും മറ്റും പറയാനുള്ളത്. എന്തിനാണ് ഒരു രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തുന്നതിനായി എല്ലാവരും കാത്തിരിക്കുന്നത്. ഓരോരുത്തരും ഇറങ്ങി പോരാടണം. ഈ രാജ്യത്തെ ഓരോ പൗരനും അതിനുള്ള ഉത്തരവാദിത്തമുണ്ട്.

ഇ.വി.എമ്മിന്‍റെ കാര്യത്തിലും ഈ സുതാര്യത ഉറപ്പുവരുത്തും വരെയുള്ള പോരാട്ടത്തിലുമെല്ലാം പൊതുജനം അണിനിരക്കേണ്ടതുണ്ട്. കാരണം, നമ്മൾതന്നെയാണ് അതിന്‍റെ ഏറ്റവും വലിയ തൽപരകക്ഷികൾ.

ഭാരത് ജോഡോ യാത്രക്കു മുമ്പും പിമ്പുമുള്ള രാഹുൽ ഗാന്ധിയെ എങ്ങനെ വിലയിരുത്തുന്നു?

അദ്ദേഹം എപ്പോഴും ഒരു മാന്യവ്യക്തിയാണ്. ദൗർഭാഗ്യവശാൽ അദ്ദേഹത്തെ താറടിച്ചുകാണിക്കാനുള്ള പല ശ്രമങ്ങളും, കാമ്പയിനുകൾ വരെ ബി.ജെ.പിയുടെ ഭാഗത്തുനിന്നുണ്ടാവാറുണ്ട്. തീർച്ചയായും അദ്ദേഹം ഒരു രാഷ്ട്രീയക്കാരനെന്ന നിലക്ക് ക്രമാനുഗതമായി വളർന്നുവരുന്നയാളാണ്. ഒരു വ്യക്തിയെന്ന നിലക്കും രാഷ്ട്രീയക്കാരനെന്ന നിലക്കും അദ്ദേഹം ത​ന്റെ അനുഭവസമ്പത്തും പരിചയവും പ്രകടനം മെച്ചപ്പെടുത്താൻ ഉപയോഗിക്കുന്നുണ്ട്. ധാർമികവും രാഷ്ട്രീയവുമായ മൂല്യങ്ങളിൽ അടിയുറച്ചുനിൽക്കുന്ന വ്യക്തിയാണദ്ദേഹം. ഒരുപക്ഷേ പെർഫെക്ട് ആവണമെന്നില്ല, എന്നാൽ, മുഖ്യധാരാ രാഷ്ട്രീയത്തിൽ ഇന്നുള്ള ഏറ്റവും നല്ല നേതാവായി അദ്ദേഹത്തെ ഞാൻ കാണുന്നു.

രാഹുൽ വയനാട് ഉൾപ്പെടെ രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കുന്നതിനെ കുറിച്ച്?

രാഹുൽ ഗാന്ധി ഏതെങ്കിലും ഒരു മണ്ഡലത്തിൽ മത്സരിക്കുന്നതായിരുന്നു നല്ലതെന്നാണ് അഭിപ്രായം. രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്നത് പരാജയഭീതിമൂലമാണെന്ന് പ്രചരിപ്പിക്കപ്പെടും.

 

ആം ആദ്മി പാർട്ടിയിൽ മുമ്പ് പ്രവർത്തിച്ചയാളാണ് താങ്കൾ. ഇന്ന് കോൺഗ്രസിനെ പുറത്തുനിന്ന് പിന്തുണക്കുകയും ചെയ്യുന്നുണ്ട്. കോൺഗ്രസിൽ ചേരാനുള്ള എന്തെങ്കിലും പദ്ധതിയുണ്ടോ?

ഇല്ല, ഞാൻ പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കാനൊന്നും ആലോചിക്കുന്നില്ല. എന്നാൽ ഈ പറഞ്ഞതുപോലെ പുറത്തുനിന്നു പിന്തുണക്കുന്നവരിൽ ഒരാളായി ഉണ്ടാകും.

News Summary - weekly interview