Begin typing your search above and press return to search.
proflie-avatar
Login

''ന്യൂനപക്ഷ തീവ്രവാദം ഹിന്ദുത്വയോളം വലിയ ഭീഷണിയായി വളർന്നിട്ടില്ല'' -പ്രകാശ് കാരാട്ട് 'മാധ്യമം ആഴ്ചപ്പതിപ്പിനോട്' സംസാരിക്കുന്നു

ന്യൂനപക്ഷ തീവ്രവാദം ഹിന്ദുത്വയോളം വലിയ ഭീഷണിയായി വളർന്നിട്ടില്ല -പ്രകാശ് കാരാട്ട് മാധ്യമം ആഴ്ചപ്പതിപ്പിനോട് സംസാരിക്കുന്നു
cancel
രാജ്യം ഹിന്ദുത്വത്തിന്‍റെ പിടിയിലേക്ക് പൂർണമായും അമരുന്നതിന്‍റെ ആശങ്കകൾ പങ്കുവെച്ച്, അതിനെതിരെ പോരാട്ടത്തിനുള്ള ആഹ്വാനം പുതുക്കിയുമാണ് സി.പി.എമ്മിന്‍റെ 23ാം പാർട്ടി കോൺഗ്രസ് കണ്ണൂരിൽ കൊടിയിറങ്ങിയത്. ചരിത്രത്തിലാദ്യമായി പാർട്ടിയുടെ പോളിറ്റ് ബ്യൂറോയിലേക്ക് ഒരു ദലിത് പ്രതിനിധിയെ തെരഞ്ഞെടുക്കുകയും ചെയ്തു.പാർട്ടി കോൺഗ്രസ് ചർച്ചകളുടെ പശ്ചാത്തലത്തിൽ മുതിർന്ന പോളിറ്റ് ബ്യൂറോ അംഗവും മുൻ ജനറൽ സെക്രട്ടറിയുമായ പ്രകാശ് കാരാട്ട് 'മാധ്യമ'വുമായി സംസാരിക്കുന്നു.

നരേന്ദ്ര മോദി ഭരണം ഒമ്പതാം വർഷത്തിലേക്ക് കടക്കുമ്പോൾ ഹിന്ദുത്വ അജണ്ട ഓരോന്നായി നടപ്പായിക്കൊണ്ടിരിക്കുന്നു. എന്തുകൊണ്ട് ഒരു മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ പ്രക്ഷോഭം ഉയർത്തിക്കൊണ്ടുവരാൻ പ്രതിപക്ഷത്തിന് കഴിയുന്നില്ല?

മോദി സർക്കാറിനെതിരെ വിവിധ ജനവിഭാഗങ്ങളിൽനിന്ന് പ്രതിഷേധങ്ങൾ ഉയർന്നുവരുന്നുണ്ട്. അവ പലതും മതേതര ജനാധിപത്യ ഉള്ളടക്കമുള്ളവയുമാണ്. പൗരത്വ പ്രക്ഷോഭം അതിൽ സവിശേഷമായ ഒന്നാണ്. എന്‍റെ നോട്ടത്തിൽ ഹിന്ദുത്വ ആശയം നടപ്പാക്കാനുള്ള ആർ.എസ്.എസ് ശ്രമത്തിനെതിരെ നടന്ന ആദ്യത്തെ ജനകീയ മതേതര മുന്നേറ്റമാണത്. പൗരത്വനിയമം മുസ്ലിം ന്യൂനപക്ഷത്തെ നേരിട്ട് ബാധിക്കുന്ന ഒന്നാണ്. അവരുടെ പൗരാവകാശം ചോദ്യംചെയ്യപ്പെടുന്ന ഘട്ടത്തിൽ മുസ്ലിം വിഭാഗത്തിൽനിന്ന് കാര്യമായതോതിൽ ജനങ്ങൾ തെരുവിലിറങ്ങി. പൗരത്വ പ്രക്ഷോഭ ഇടങ്ങളിൽ വലിയ അളവിൽ ജനങ്ങൾ ഒത്തുകൂടി. മുസ്ലിം സ്ത്രീകൾ പതിവിൽനിന്ന് വിരുദ്ധമായി തെരുവിലേക്കിറങ്ങി. ശഹീൻബാഗ് സമരം ഓർമിക്കുന്നില്ലേ. മാസങ്ങൾ നീണ്ട ആ റോഡ് ഉപരോധം നയിച്ചത് സാധാരണ മുസ്ലിം വീട്ടമ്മമാരാണ്.

പൗരത്വ സമരത്തിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം അതിൽ ഉയർന്ന മുദ്രാവാക്യങ്ങളാണ്. അവരുടെ പ്ലക്കാർഡുകളിലും മുദ്രാവാക്യങ്ങളിലും തെളിഞ്ഞുകണ്ടതും കേട്ടതും ഭരണഘടന അവകാശം നിഷേധിക്കപ്പെടുന്നതിനെതിരായ നിലപാടാണ്. അത് പ്രസക്തമാണ്. വിഷയം ഒരു മതവിഭാഗത്തിന്‍റെ പ്രശ്നം എന്ന നിലക്കല്ല അവതരിപ്പിച്ചത്. ഭരണഘടനയെക്കുറിച്ചാണ് പറഞ്ഞത്. ഭരണഘടന അവർ ഉൾപ്പെടെ എല്ലാവർക്കും നൽകുന്ന പൗരത്വ അവകാശത്തെക്കുറിച്ചാണ് പറഞ്ഞത്. പൗരത്വസമരത്തിൽ ഒപ്പം നിന്ന മറ്റ് വിഭാഗങ്ങളും പറഞ്ഞത് അതാണ്. ഭരണഘടന നൽകുന്ന പൗരത്വ അവകാശത്തിൽ ഒരു വിഭാഗത്തോട് വിവേചനം കാണിക്കുന്നത് അംഗീകരിക്കാനാവില്ല. ജനാധിപത്യ മതേതര കക്ഷികൾ അതിനെ കണ്ടത് ഭരണഘടനാ അവകാശങ്ങളിലുള്ള കടന്നുകയറ്റമായാണ്. മുസ്ലിം വിഭാഗങ്ങളുടെ പ്രക്ഷോഭവേദികളിലും സമാനമായ മുദ്രാവാക്യം ശക്തമായി ഉയർന്നപ്പോൾ പൗരത്വപ്രക്ഷോഭം ഒരു യഥാർഥ മതേതര മുന്നേറ്റമായി മാറുകയായിരുന്നു. ദൗർഭാഗ്യകരമെന്ന് പറയട്ടെ, ആ മുന്നേറ്റം കോവിഡ് ലോക്ഡൗൺ നിയന്ത്രണങ്ങൾകാരണം നിർത്തിവെക്കേണ്ടി വന്നു. അല്ലായിരുന്നുവെങ്കിൽ ആർ.എസ്.എസ് അജണ്ടയെ വലിയ അളവിൽ തകർക്കാൻ കഴിവുള്ള പ്രക്ഷോഭമായി അതു വളരുമായിരുന്നു.

മോദി സർക്കാറിനെ മുട്ടുകുത്തിച്ച കർഷകപ്രക്ഷോഭവും സമാനമായ ഒരു മുന്നേറ്റമാണ്..?

അതൊരു ചരിത്രപരമായ ജനകീയ മുന്നേറ്റമായിരുന്നു. മോദി സർക്കാറിന് വിവാദ കർഷക നിയമങ്ങൾ പിൻവലിക്കേണ്ടി വന്നത് ഇനിയുള്ള സമരങ്ങൾക്ക് വലിയ ഊർജംപകരും. ഡൽഹിക്ക് ചുറ്റുമുള്ള അഞ്ചു സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് ഒരു വർഷം നീണ്ടുനിന്ന സമരത്തിൽ സി.പി.എമ്മും കിസാൻ സഭയും സജീവമായി തന്നെ രംഗത്തുണ്ടായി. ആളുകളെ കൂട്ടുന്നതിനും ധർണ തുടർന്നുകൊണ്ടുപോകുന്നതിലും ഞങ്ങളുടെ ഇടപെടൽ കർഷക പ്രക്ഷോഭത്തിന് വലിയ ഗുണം ചെയ്തിട്ടുണ്ട്. കർഷകസമരത്തിൽ ഞങ്ങൾ വലിയ ശക്തിയായിരുന്നില്ല. എന്നാൽ, പ്രക്ഷോഭകാരികളെ ഏകോപിപ്പിച്ച് നിർത്തി സമരത്തിന് ഐക്യവും ശക്തിയും പകരുന്നതിൽ സി.പി.എമ്മിന്‍റെയും കിസാൻ സഭയുടെയും പങ്ക് വളരെ വലുതും നിർണായകവുമായിരുന്നു.

ഇത്തരം സമരങ്ങളിലെ സജീവ പങ്കാളിത്തം അവകാശപ്പെടുമ്പോഴും സി.പി.എമ്മിന് ആ മേഖലകളിൽ സ്വാധീനം സ്ഥാപിക്കാൻ കഴിയുന്നില്ല..?

കർഷക സമരവും പൗരത്വ പ്രക്ഷോഭവും ഞങ്ങളാണ് നടത്തിയതെന്ന അവകാശവാദം ഒരിക്കലുമില്ല. 500ലേറെ കർഷക കൂട്ടായ്മകളുടെ പ്രക്ഷോഭമാണ് നടന്നത്. പഞ്ചാബിലെ കർഷക സംഘടനകൾ അതിൽ വലിയ പങ്കുവഹിച്ചു. പഞ്ചാബിൽ ഞങ്ങൾക്ക് വലിയ ശക്തിയില്ല. എന്നാൽ, രാജസ്ഥാനിലെ കർഷകരെ പ്രക്ഷോഭത്തിൽ ചേർത്തുനിർത്തുന്നതിൽ സി.പി.എമ്മിന് കാര്യമായ പങ്കുണ്ട്. ഹരിയാനയിൽ കർഷക പ്രക്ഷോഭത്തിലൂടെയാണ് പാർട്ടി ചില കേന്ദ്രങ്ങളിൽ സ്വാധീനംനേടിയത്. ഹരിയാനയിലും വെസ്റ്റേൺ യു.പിയിലും കർഷകരെ സംഘടിപ്പിക്കുന്നതിൽ കിസാൻ സഭയുടെ പങ്ക് ചെറുതല്ല. കർഷക പ്രക്ഷോഭത്തിലൂടെ സി.പി.എമ്മിന് പുതിയ അവസരങ്ങൾ തുറന്നുകിട്ടിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്തി അത്തരം മേഖലകളിൽ ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങൾ പാർട്ടി കാഴ്ചവെക്കേണ്ടതുണ്ട്. അങ്ങനെയുണ്ടായാൽ അതിനുള്ള നേട്ടം സി.പി.എമ്മിന് ഉണ്ടാകുമെന്നാണ് നേതൃത്വം കരുതുന്നത്.

പൗരത്വ പ്രക്ഷോഭത്തിലും സി.പി.എം സജീവമായി ഇടപെട്ടിട്ടുണ്ട്. അത് ഞങ്ങൾ നിലകൊള്ളുന്ന മതേതര ജനാധിപത്യ കാഴ്ചപ്പാടിനോടുള്ള പ്രതിബദ്ധതയാണ്. വിഷയത്തിൽ പാർട്ടിയുടെ ശക്തമായ മതേതര നിലപാടും പ്രതിബദ്ധതയും മുസ്ലിം ന്യൂനപക്ഷത്തിന് ബോധ്യമാകുന്ന നില ഉണ്ടായിട്ടുണ്ട്. പൗരത്വപ്രക്ഷോഭം കോവിഡ് നിയന്ത്രണങ്ങളിൽ തട്ടി നിലച്ചുപോയില്ലായിരുന്നുവെങ്കിൽ അത് സി.പി.എമ്മിന് പുതിയ ജനവിഭാഗങ്ങളിലേക്ക് സ്വാധീനം പടർത്താവുന്ന അവസരങ്ങൾ തുറക്കുമായിരുന്നുവെന്നാണ് പാർട്ടി വിലയിരുത്തിയത്.

സീതാറാം യെച്ചൂരിക്കൊപ്പം

ബി.ജെ.പി ശക്തമല്ലാത്ത സംസ്ഥാനങ്ങളിൽ വേരോട്ടമുണ്ടാക്കാനാണ് രണ്ടാം മോദി സർക്കാർകാലത്ത് അവർ കരുനീക്കുന്നത്?

ഇതുവരെ കാര്യമായ വിജയം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ലാത്ത സംസ്ഥാനങ്ങളിൽ ബി.ജെ.പി കാര്യമായ ശ്രമങ്ങൾ നടത്തുന്നുണ്ട്. ചിലയിടങ്ങളിൽ അവർക്ക് വളർച്ചയുമുണ്ട്. അത് വലിയ അപകടമായാണ് സി.പി.എം വിലയിരുത്തുന്നത്. കണ്ണൂരിൽ സമാപിച്ച 23ാമത് പാർട്ടി കോൺഗ്രസ് ചർച്ചകളിൽ ഇക്കാര്യം വന്നിട്ടുണ്ട്. ബി.ജെ.പി ഇപ്പോൾ വലിയ ശക്തിയല്ലാത്ത സംസ്ഥാനങ്ങളിൽ അവർ നേരിടുന്ന വളർച്ച വലിയ ഭീഷണിയായി കണ്ട് നേരിടണമെന്ന രാഷ്ട്രീയ വിദ്യാഭ്യാസം നൽകണമെന്ന നിർദേശമാണ് ഉയർന്നത്. ബി.ജെ.പി ശക്തമല്ലാത്ത സംസ്ഥാനങ്ങളിൽ അവിടങ്ങളിൽ ഭരണത്തിലുള്ള പ്രാദേശിക പാർട്ടികളെയും ഭരണത്തെയും നേരിടുന്നതിനൊപ്പം തന്നെ നല്ല ജാഗ്രതയോടെ ബി.ജെ.പിയുടെ വളർച്ചക്കെതിരായ പ്രവർത്തനവും സംഘടിപ്പിക്കണമെന്നാണ് സി.പി.എം കാണുന്നത്.

ബി.ജെ.പിയെ തോൽപിക്കാൻ പ്രതിജ്ഞ പുതുക്കിയാണ് 23ാം പാർട്ടി കോൺഗ്രസ് സമാപിച്ചത്. അത്തരമൊരു യുദ്ധം നയിക്കാൻ സി.പി.എമ്മിനും ഇടതുപക്ഷത്തിനും ഇപ്പോഴത്തെ സാഹചര്യത്തിൽ കെൽപുണ്ടോ?

ബി.ജെ.പിയെ തോൽപിക്കുകയെന്നത് ഞങ്ങൾ കമ്യൂണിസ്റ്റുകളെ സംബന്ധിച്ച് പ്രത്യയശാസ്ത്രപരമായ ബാധ്യതയാണ്. വിദ്വേഷത്തിന്‍റെ, വംശീയതയുടെ രാഷ്ട്രീയം ഒരിക്കലും അംഗീകരിക്കാനാകില്ല. അതിനോട് ഒരുതരത്തിലും സന്ധിചെയ്യാൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് കഴിയില്ല. സാധ്യമായ എല്ലാ ശക്തിയും ഉപയോഗപ്പെടുത്തി പോരാടുക എന്നതാണ് ഞങ്ങൾ കാണുന്നത്. സി.പി.എമ്മിനും ഇടതുപാർട്ടികൾക്കും തകർച്ച നേരിട്ടിട്ടുണ്ട്. 2004 ലോക്സഭയിൽ 43 അംഗങ്ങളുണ്ടായിരുന്നു. അന്ന് ബി.ജെ.പിയെ മാറ്റിനിർത്താനായി. ലോക്സഭയിൽ അംഗബലം ഗണ്യമായി കുറഞ്ഞത് ഞങ്ങളുടെ ആ നിലക്കുള്ള സ്വാധീനശക്തി കുറച്ചിട്ടുണ്ട്. എങ്കിലും ബി.ജെ.പിക്കെതിരായ യുദ്ധത്തിൽ പാർട്ടിയുടെ നിലപാടിൽ കുറവൊന്നുമില്ല. ബി.ജെ.പിക്കെതിരെ ആശയപരമായും സംഘടനാപരമായും സന്ധിയില്ലാ സമരം പാർട്ടിക്ക് സാധ്യമായ നിലയിൽ തുടരും. വർഗീയതയെ എതിർത്ത് തോൽപിച്ച് മാത്രമേ സി.പി.എമ്മിനെപോലൊരു പാർട്ടിക്ക് മുന്നോട്ടുപോകാനാവൂ.

ആർ.എസ്.എസിനെതിരെ പറയുമ്പോഴെല്ലാം ന്യൂനപക്ഷ തീവ്രവാദത്തെയും ചേർത്ത് പറയുന്ന സമീപനം പാർട്ടിയുടെ പ്രതികരണത്തിൽ പ്രകടമാണ്?

ഇന്നത്തെ സാഹചര്യത്തിൽ വലിയ ഭീഷണിയായി കാണേണ്ടത് സർക്കാർ സ്പോൺസർഷിപ്പിൽ വരുന്ന ഹിന്ദുത്വവത്കരണം തന്നെയാണ്. അതിൽ സംശയത്തിന് ഇടമില്ല. ഹിന്ദുത്വയും ഹിന്ദുയിസവും ഒന്നല്ല. ഹിന്ദുത്വ എന്നത് ഹിന്ദുയിസമല്ല. ഹിന്ദുത്വ ഒരു രാഷ്ട്രീയ പദ്ധതിയാണ്. ഹിന്ദുത്വയുടെ ഗുരു സവർക്കർ തന്നെ അത് പറഞ്ഞിട്ടുണ്ട്. അതിന് ഹിന്ദുമതവുമായി ഒരു ബന്ധവുമില്ല. ആഗോളതലത്തിലുള്ള ഇസ്ലാമിസവും സമാനമായ ഒരു രാഷ്ട്രീയ പദ്ധതിയാണ്. ഹിന്ദുത്വവാദികൾ അവരുടെ ഹിന്ദുത്വ രാഷ്ട്രം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നതുപോലെ ഇസ്ലാമിസ്റ്റുകൾ ഇസ്ലാമിക രാജ്യമാണ് സ്വപ്നം കാണുന്നത്. രണ്ടും തമ്മിൽ വ്യത്യാസമില്ല. എന്നാൽ, നമ്മുടെ രാജ്യത്തെ കാര്യമെടുക്കുമ്പോൾ ഹിന്ദുത്വ കൂടുതൽ അപകടകരമായ നിലയിലാണ്. കാരണം, ഭരണത്തിലുള്ള പാർട്ടിയും സർക്കാറുകളും ഹിന്ദുത്വ ആശയത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. ഹിന്ദുത്വ ആധിപത്യ ഭരണത്തിന് ശില പാകുന്ന ജോലികളാണ് അവരുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. ന്യൂനപക്ഷ തീവ്രവാദവുമായി മറുപക്ഷത്തുള്ളത് അവിടെയും ഇവിടെയുമായുള്ള ചെറുഗ്രൂപ്പുകളാണ്. അത് ഹിന്ദുത്വയോളം വലിയ ഭീഷണിയായി വളർന്നിട്ടില്ല.

പാർട്ടി കോൺഗ്രസിൽ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചത് താങ്കളാണ്. ബംഗാളിലും ത്രിപുരയിലും അംഗത്വം ഗണ്യമായി കുറഞ്ഞത് ഉൾപ്പെടെ സംഭവിച്ച തകർച്ചയെ എങ്ങനെയാണ് വിലയിരുത്തിയത്?

സംഘടനാ റിപ്പോർട്ട് സ്വയം വിമർശനപരമായ ഒന്നാണ്. രാഷ്ട്രീയ സംഘടനാ പ്രവർത്തനത്തിലെ കുറവുകൾ, ദൗർബല്യങ്ങൾ എന്തൊക്കെയാണ് എന്നാണ് പരിശോധിച്ചത്. അതനുസരിച്ച് ഭാവിയിലേക്കുള്ള പ്രവർത്തന പദ്ധതി തയാറാക്കുകയും ചെയ്യും. കഴിഞ്ഞ നാലു വർഷം സാധാരണനിലയിലുള്ള ഒരു കാലമായിരുന്നില്ല. രണ്ടു വർഷം കോവിഡ് മഹാമാരിയുടെ പിടിയിലായിരുന്നു. സാധാരണകാലത്ത് നമുക്ക് ചെയ്യാൻ പറ്റുന്ന രാഷ്ട്രീയ പ്രവർത്തനങ്ങളും സമരവും യോഗങ്ങളുമൊന്നും കോവിഡ് കാലത്ത് നമുക്ക് നടത്താൻ സാധിച്ചിട്ടില്ല. കോവിഡിന് മുമ്പുള്ള രണ്ടു വർഷം, കോവിഡ് കാലത്തെ രണ്ടു വർഷം എന്നിങ്ങനെ കണക്കാക്കണം. 2018ൽനിന്ന് 2022ലെത്തുമ്പോൾ കേരളത്തിലൊഴികെ മറ്റിടങ്ങളിൽ പാർട്ടി മെംബർഷിപ്പ് കുറഞ്ഞിട്ടുണ്ട്. ബംഗാളിലും ത്രിപുരയിലും ഗണ്യമായി ചോർച്ച തന്നെ ഉണ്ടായി. ലോക്ഡൗൺ കാലത്ത് മെംബർഷിപ്പ് പുതുക്കൽ ജോലികൾ വേണ്ടവിധം പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ആകെ മെംബർഷിപ്പിലെ കുറവ് ഇതുമൂലം സംഭവിച്ചതാണ്. കോവിഡ് അന്തരീക്ഷം മാറിയ സാഹചര്യത്തിൽ മെംബർഷിപ്പ് പഴയനിലയിൽനിന്ന് മുകളിലേക്ക് പോകുമെന്ന് കരുതുന്നു. ഹൈദരാബാദ് പാർട്ടി കോൺഗ്രസിൽ കൈക്കൊണ്ട തീരുമാനങ്ങൾ പലതും നടപ്പാക്കാൻ സാധിച്ചിട്ടില്ലെന്ന വീഴ്ച ഞങ്ങൾ അംഗീകരിക്കുന്നു. അതിന് ഒരു കാരണം പാർട്ടി സെന്ററിന്‍റെയും പോളിറ്റ് ബ്യൂറോയുടെയും ദൗർബല്യങ്ങളാണ് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അത് പരിഹരിക്കാനുള്ള നടപടികളുണ്ടാകും.

പാർട്ടിയുടെ പുനരുജ്ജീവനത്തിന് പാർട്ടി കോൺഗ്രസ് മുന്നോട്ടുവെച്ച പദ്ധതികൾ എന്തൊക്കെയാണ്?

സംഘടനാ റിപ്പോർട്ടിന്‍റെ പ്രധാന ഊന്നൽ പാർട്ടിയുടെ സ്വന്തം ശക്തി എങ്ങനെ കൂടുതൽ ശക്തിപ്പെടുത്താം എന്നതാണ്. ഞങ്ങളുടെ പാർട്ടിയുടെ മൂന്നു സ്വാധീന കേന്ദ്രങ്ങളിൽ രണ്ടിടത്ത് ബംഗാളിലും ത്രിപുരയിലും പാർട്ടി വലിയ ആക്രമണത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണ്. ത്രിപുരയിൽ ബി.ജെ.പിയുടെ നേതൃത്വത്തിലും ബംഗാളിൽ ഭരണകക്ഷി തൃണമൂൽ കോൺഗ്രസിന്‍റെ നേതൃത്വത്തിലും ക്രൂരമായ അടിച്ചമർത്തലാണ് സി.പി.എമ്മിന് നേരെ നടന്നുകൊണ്ടിരിക്കുന്നത്.

തെരഞ്ഞെടുപ്പുകൾ സുതാര്യമായല്ല നടക്കുന്നത്. അവസാനം നടന്ന ബംഗാൾ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർഥികൾക്ക് മിക്കയിടങ്ങളിലും പത്രിക നൽകാൻ പോലും അവസരം ലഭിച്ചില്ല. പോളിങ് നടപടികൾക്ക് മുമ്പുതന്നെ തെരഞ്ഞെടുപ്പ് പരസ്യമായി അട്ടിമറിക്കപ്പെടുന്ന കാഴ്ചയാണുള്ളത്. ഇത്തരം സാഹചര്യം ബംഗാളിലും ത്രിപുരയിലും പാർട്ടിയുടെ സംഘടനാ സംവിധാനം നിശ്ചലമാകാനും കൂടുതൽ ദുർബലമാകാനും കാരണമായിട്ടുണ്ട്. ബംഗാളിലും ത്രിപുരയിലും പാർട്ടിയുടെ ശക്തി തിരിച്ചുപിടിക്കുന്നതിന് കാണുന്ന പ്രധാന കാര്യങ്ങളിലൊന്ന് പാർട്ടി അംഗങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നതാണ്. കൂടുതൽ യുവത പാർട്ടിയിലേക്കും നേതൃത്വത്തിലേക്കും കടന്നുവരണം. സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യം ലഭിക്കണം.

2015ലെ പാർട്ടി പ്ലീനം തെറ്റുതിരുത്തൽ നടപടികൾക്ക് തീരുമാനമെടുത്തിരുന്നു. അവ കൃത്യമായി നടപ്പാക്കാൻ പാർട്ടിക്ക് കഴിഞ്ഞിട്ടില്ല?

തെറ്റുതിരുത്തൽ ഒരു തുടർപ്രക്രിയയാണ്. കഴിഞ്ഞ പാർട്ടി കോൺഗ്രസിന് ശേഷം ഇക്കാര്യത്തിൽ കാര്യമായി ചെയ്യാൻ കഴിഞ്ഞിട്ടില്ല. കാരണം, പാർട്ടി അംഗങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനാണ് ഊന്നൽ നൽകിയത്. തെറ്റുതിരുത്തൽ നടപടികൾ പാർട്ടി കോൺഗ്രസിന് ശേഷം ഉണ്ടാകും. പാർട്ടിയിൽ ദലിത്, വനിത പ്രാതിനിധ്യം ഞങ്ങൾ പ്രത്യേക ശ്രദ്ധ നൽകുന്ന വിഷയമാണ്. എല്ലാ വർഷവും മെംബർഷിപ്പ് കാമ്പയിനിൽ അതിന്‍റെ നില വിലയിരുത്താറുണ്ട്. ഇക്കാര്യത്തിൽ പുരോഗതി നേടിയിട്ടുണ്ട്. പാർട്ടിയിലെ ദലിത് അംഗത്വനില ദേശീയ ശരാശരിക്ക് ഒപ്പമാണ്.

പോളിറ്റ് ബ്യൂറോയിൽ ദലിത് പ്രതിനിധിയുടെ കുറവ് നികത്തിയത് ഇപ്പോൾ മാത്രമാണ്. തീരുമാനം വല്ലാതെ വൈകിപ്പോയില്ലേ?

വൈകിയെന്ന് കാണേണ്ടതില്ല. അതു സംഭവിച്ചു കഴിഞ്ഞുവല്ലോ. സി.പി.എം എക്കാലത്തും ദലിത് പിന്നാക്ക വിഭാഗങ്ങൾക്ക് വേണ്ടി ശബ്ദിച്ചിട്ടുള്ള പാർട്ടിയാണ്. അതിന്‍റെ വിവിധ ഘടകങ്ങളിൽ ധാരാളം പേർ ദലിത് വിഭാഗങ്ങളിൽനിന്നുള്ളവരുണ്ട്. പോളിറ്റ് ബ്യൂറോയിൽ ഒരാൾ എത്തുന്നത് ഇപ്പോഴാണ് എന്നു മാത്രമേയുള്ളൂ. ഡോ. രാമചന്ദ്ര ഡോം ബംഗാളിൽ പാർട്ടിയുടെ പോരാട്ടത്തിൽ മുൻനിരയിലുള്ള നേതാവാണ്. ദലിത് ശോഷൻ മുക്തി മഞ്ചിന്‍റെ ജനറൽ സെക്രട്ടറി എന്ന നിലയിൽ ദലിത് ചൂഷിത വിഭാഗങ്ങൾക്കിടയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചയാളാണ്. അങ്ങനെയൊരാൾ പോളിറ്റ് ബ്യൂറോയിൽ വരുന്നത് പാർട്ടിയുടെ മർദിത പിന്നാക്ക വിഭാഗങ്ങളോടുള്ള പ്രതിബദ്ധത ആവർത്തിച്ചുറപ്പിക്കുകയാണ് ചെയ്യുന്നത്. അത് രാജ്യത്തിനാകെയുള്ള സന്ദേശമാണ്.

2024ൽ ബി.ജെ.പി വിരുദ്ധ പ്രതിപക്ഷ സഖ്യത്തിന്‍റെ സാധ്യത എങ്ങനെയാണ് സി.പി.എം വിലയിരുത്തുന്നത്? അതിൽ കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് എന്നീ പാർട്ടികളുടെ ഇടം എന്തായിരിക്കും?

ദേശീയ സഖ്യത്തിന് സാധ്യതയില്ല. സംസ്ഥാന തലത്തിൽ പ്രാദേശിക സഖ്യങ്ങളാകാം. 2024 തെരഞ്ഞെടുപ്പിന് ശേഷം ഒരുപക്ഷേ, പ്രതിപക്ഷത്തിന്‍റെ പുതിയ ചേരുവ രൂപപ്പെട്ടേക്കാം. ഇപ്പോൾ പ്രവചനം സാധ്യമല്ല. കോൺഗ്രസ് പാർട്ടികൾ ഹിന്ദുത്വ അജണ്ട നേരിടുന്നതിൽ വിട്ടുവീഴ്ചകൾ ചെയ്യുന്നു. കോൺഗ്രസ് നേതാക്കൾ തുടർച്ചയായി ബി.ജെ.പിയിലേക്ക് പോവുകയാണ്. അത്തരക്കാരെ എങ്ങനെയാണ് ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ വിശ്വസിക്കുക. പാർട്ടി കോൺഗ്രസിന്‍റെ ഭാഗമായി നടന്ന സെമിനാറിലേക്ക് കോൺഗ്രസ് നേതാക്കളെ അയക്കുന്നത് എ.ഐ.സി.സി വിലക്കിയത് കണ്ടല്ലോ. കോൺഗ്രസ് അവരുടെ മതേതര പ്രതിബദ്ധത തെളിയിക്കേണ്ടതുണ്ട്. തൃണമൂൽ കോൺഗ്രസിനെ ഒരു ജനാധിപത്യ പാർട്ടിയായി സി.പി.എം കാണുന്നില്ല. സി.പി.എമ്മിനെതിരെ ഫാഷിസ്റ്റ് അക്രമം നടത്തുകയും തെരഞ്ഞെടുപ്പിൽ മത്സരിക്കാനോ പ്രവർത്തനം നടത്താനോ അനുവദിക്കാത്ത അവരെ ജനാധിപത്യ പാർട്ടിയായി കാണാൻ നമുക്ക് കഴിയില്ല. അവർ ബി.ജെ.പിക്കെതിരെ പൊരുതുന്നുവെങ്കിൽ പൊരുതട്ടെ. അത് അവരുടെ കാര്യം. ഞങ്ങൾക്ക് അതിൽ ഒന്നും പറയാനില്ല.

പ്രകാശ് കാരാട്ട് മൻമോഹൻ സിങ്ങിനൊപ്പം

കോൺഗ്രസ് തോറ്റപ്പോൾ രാഹുൽ ഗാന്ധി എ.ഐ.സി.സി പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞു. പക്ഷേ, തുടർച്ചയായ തിരിച്ചടികൾക്ക് ശേഷവും സി.പി.എമ്മിൽ അത്തരമൊരു ചർച്ച സംഭവിക്കുന്നില്ല?

രാഹുൽ ഗാന്ധി പദവി ഒഴിഞ്ഞുവെങ്കിലും അദ്ദേഹംതന്നെയാണ് ഇപ്പോഴും പാർട്ടി അധ്യക്ഷനെന്നപോലെ കാര്യങ്ങൾ നിയന്ത്രിക്കുന്നത്. അത് അവരുടെ കാര്യം. സൂചിപ്പിച്ചുവെന്ന് മാത്രം. തെരഞ്ഞെടുപ്പ് സംബന്ധിച്ച് കമ്യൂണിസ്റ്റ് പാർട്ടിയുടെ കാഴ്ചപ്പാടും കോൺഗ്രസ് പോലുള്ള ബൂർഷ്വാ പാർട്ടികളുടെ കാഴ്ചപ്പാടും വ്യത്യസ്തമാണ്. ഞങ്ങൾ ഒരു നേതാവിനെ മാത്രം മുൻനിർത്തി തെരഞ്ഞെടുപ്പിനെ നേരിടാറില്ല. ഞങ്ങൾ തെരഞ്ഞെടുപ്പ് വിജയിക്കുകയാണെങ്കിൽ അത് കൂട്ടായ നേതൃത്വത്തിന്‍റെ വിജയമാണ്. തോൽക്കുകയാണെങ്കിൽ അതിന്‍റെ ഉത്തരവാദിത്തവും കൂട്ടമായി തന്നെയാണ് ഏറ്റെടുക്കുക. തോൽവി ആരുടെയെങ്കിലും ചുമലിൽ വെക്കാറില്ല. വ്യക്തികളെയല്ല, മറിച്ച് പാർട്ടി പരിപാടികളും പ്രകടനപത്രികയും വെച്ചാണ് ഞങ്ങൾ തെരഞ്ഞെടുപ്പിൽ ജനങ്ങളെ സമീപിക്കാറുള്ളത്.

ഞങ്ങളുടെ പാർട്ടി തെരഞ്ഞെടുപ്പിൽ ജയിച്ചതിനേക്കാൾ കൂടുതൽ തവണ തോൽക്കുകയാണ് ചെയ്തിട്ടുള്ളത്. ചരിത്രം പരിശോധിച്ചു നോക്കൂ. എത്ര തെരഞ്ഞെടുപ്പുകളിലാണ് കമ്യൂണിസ്റ്റ് പാർട്ടി വിജയംവരിച്ചിട്ടുള്ളത്. കേരളത്തിലും നേരത്തേ ബംഗാളിലും മറ്റും കുറച്ചുതവണ വിജയിച്ചിട്ടുണ്ട്. പൊതുവിൽ പരാജയങ്ങളാണ് ഉണ്ടായിട്ടുള്ളത്. അതേക്കുറിച്ച് പാർട്ടിക്ക് വലിയ വേവലാതി ഉണ്ടായിട്ടില്ല. തെരഞ്ഞെടുപ്പ് വിജയം മാത്രമല്ല പ്രധാന കാര്യം. ആശയപരമായ കൃത്യത ഉൾപ്പെടെ മറ്റ് കാര്യങ്ങളുണ്ട്. അതാണ് ഞങ്ങൾക്ക് പ്രധാനം. ഞങ്ങൾ തെരഞ്ഞെടുപ്പ് വിജയിക്കാൻ വേണ്ടി മാത്രം പ്രവർത്തിക്കുന്നവരല്ല. അത് പ്രവർത്തനത്തിന്‍റെ ഒരു ഭാഗം മാത്രമാണ്.

Show More expand_more
News Summary - prakash karat interview