Begin typing your search above and press return to search.
proflie-avatar
Login

‘കേരളത്തിലും മാധ്യമങ്ങളുടെ പ്രവർത്തനത്തിൽ ഇടപെടാൻ ഭരണകൂട ശ്രമം നടക്കുന്നുണ്ട്​’

‘കേരളത്തിലും മാധ്യമങ്ങളുടെ പ്രവർത്തനത്തിൽ ഇടപെടാൻ   ഭരണകൂട ശ്രമം നടക്കുന്നുണ്ട്​’
cancel

ഇപ്പോഴും കർമനിരതനായ രാജ്യത്തെ ഏറ്റവും മുതിർന്ന മാധ്യമപ്രവർത്തകൻ, 91കാരനായ ബി.ആർ.പി. ഭാസ്കർ ആയിരിക്കണം. ‘ദ ഹിന്ദു’, ‘ഡെക്കാൻ ഹെറാൾഡ്’, ‘സ്റ്റേറ്റ്സ്മാൻ’, ‘യുനൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ’ എന്നിവയിൽ സീനിയർ എഡിറ്റോറിയൽ പദവികൾ വഹിച്ച അദ്ദേഹം ഷാർജയിൽനിന്ന് പ്രസിദ്ധീകരിക്കുന്ന ‘ഗൾഫ് ടുഡേ’ പത്രത്തിലും ‘മാധ്യമം’ ദിനപത്രത്തിലും കോളമിസ്റ്റുമായിരുന്നു. യുക്തിബോധവും വ്യക്തതയും വഴിയുന്ന വാക്കുകളുടെ വക്താവായ അദ്ദേഹം കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക ലോകത്തെ നിറസാന്നിധ്യവും മനുഷ്യാവകാശലംഘനങ്ങൾക്കെതിരെ സജീവമായി രംഗത്തുള്ള ആക്ടിവിസ്റ്റുമാണ്. മാധ്യമപ്രവർത്തനരംഗത്തെ സമഗ്ര സംഭാവനക്ക് കേരള സർക്കാർ...

Your Subscription Supports Independent Journalism

View Plans

ഇപ്പോഴും കർമനിരതനായ രാജ്യത്തെ ഏറ്റവും മുതിർന്ന മാധ്യമപ്രവർത്തകൻ, 91കാരനായ ബി.ആർ.പി. ഭാസ്കർ ആയിരിക്കണം. ‘ദ ഹിന്ദു’, ‘ഡെക്കാൻ ഹെറാൾഡ്’, ‘സ്റ്റേറ്റ്സ്മാൻ’, ‘യുനൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ’ എന്നിവയിൽ സീനിയർ എഡിറ്റോറിയൽ പദവികൾ വഹിച്ച അദ്ദേഹം ഷാർജയിൽനിന്ന് പ്രസിദ്ധീകരിക്കുന്ന ‘ഗൾഫ് ടുഡേ’ പത്രത്തിലും ‘മാധ്യമം’ ദിനപത്രത്തിലും കോളമിസ്റ്റുമായിരുന്നു. യുക്തിബോധവും വ്യക്തതയും വഴിയുന്ന വാക്കുകളുടെ വക്താവായ അദ്ദേഹം കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക ലോകത്തെ നിറസാന്നിധ്യവും മനുഷ്യാവകാശലംഘനങ്ങൾക്കെതിരെ സജീവമായി രംഗത്തുള്ള ആക്ടിവിസ്റ്റുമാണ്. മാധ്യമപ്രവർത്തനരംഗത്തെ സമഗ്ര സംഭാവനക്ക് കേരള സർക്കാർ നൽകുന്ന സ്വദേശാഭിമാനി-കേസരി മാധ്യമപുരസ്കാര ജേതാവുകൂടിയായ അദ്ദേഹം രാജ്യവും കേരളവും നേരിടുന്ന വിവിധ വിഷയങ്ങളെക്കുറിച്ച്​ സംസാരിക്കുന്നു.

ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ​യെ 2024ലെ പൊതുതെരഞ്ഞെടുപ്പിൽ നേരിടുകയെന്ന ലക്ഷ്യ​ത്തോടെ 21 കക്ഷികൾ ചേർന്ന് ബംഗളൂരുവിൽ ‘ഇൻഡ്യ’ എന്ന പേരിൽ പുതിയ സഖ്യത്തിന് രൂപംനൽകിയിട്ടുണ്ടല്ലോ. ഈ സഖ്യത്തിന്റെ സാധ്യതകളെ എങ്ങനെ വിലയിരുത്തുന്നു. തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി പുലർത്തുന്ന സ​മ​ഗ്രവാഴ്ചക്ക് വിള്ളലുണ്ടാക്കുന്നതിൽ ഇത് വിജയം കാണുമോ?

പുതിയ സഖ്യത്തിന്റെ ഭാവിസാധ്യതകളെക്കുറിച്ച് ഏതെങ്കിലും തരത്തിൽ അന്തിമ തീർപ്പ് ഇപ്പോഴേ പറയുന്നത് അനുചിതമാകുമെന്നാണ് എനിക്കു തോന്നുന്നത്. വരുംനാളുകളിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നോക്കിക്കാണണം. തെരഞ്ഞെടുപ്പിലേക്ക് ഇനിയുമുണ്ട് അൽപം ദൂരം. കുറഞ്ഞ കാലം പ്രവർത്തിച്ച് സഖ്യത്തിനകത്തെ കക്ഷികൾ എങ്ങനെ ഐക്യത്തോടെ നിൽക്കുന്നുവെന്നും നേതൃത്വം എത്രകണ്ട് വിജയകരമാണെന്നും മനസ്സിലാക്കിയശേ​ഷമേ ഇത് പറയാനൊക്കൂ. ​കടലാസിൽ എന്തൊക്കെ പറഞ്ഞാലും രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക വിഷയങ്ങളിൽ അവരുടെ നിലപാട് സംബന്ധിച്ച് പൊതുജനത്തിനുണ്ടാകുന്ന മതിപ്പാണ് ഭാവി സംബന്ധിച്ച് നമ്മെയും കൃത്യമായ തീർപ്പിലെത്താൻ സഹായിക്കുന്നത്.

മണിപ്പൂരിൽ ഗോത്രവർഗ ന്യൂനപക്ഷങ്ങ​ൾക്കെതിരായ അതിക്രമങ്ങളിൽ മൗനംവെടി​ഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി അവയെ അപലപിച്ചിട്ടുണ്ടെങ്കിലും പ്രതിസന്ധി പരിഹരിക്കാൻ കൃത്യമായ നടപടികൾക്ക് സർക്കാർ ഉറപ്പൊന്നും നൽകാത്ത സ്ഥിതിക്ക് അവ വിശ്വാസത്തിലെടുക്കാനാകുമോ? ബി.ജെ.പി കേന്ദ്രത്തിൽ ഭരണത്തിലിരിക്കെ രാജ്യത്തെ മത, ഗോത്രവർഗ ന്യൂനപക്ഷങ്ങൾ സുരക്ഷിതരാകുമെന്ന് താങ്കൾ കരുതുന്നുണ്ടോ?

മതപരവും അല്ലാത്തതുമായ ന്യൂനപക്ഷങ്ങളെക്കുറിച്ച് രാജ്യത്തെ ജനങ്ങളിൽ ആധി നിലനിൽക്കുന്നുണ്ടെന്ന് ബി.ജെ.പി യാഥാർഥ്യബോധത്തോടെ മനസ്സിലാക്കണം. ആ കക്ഷി രൂപം നൽകിയതുതന്നെ ഭൂരിപക്ഷാധിപത്യ തത്ത്വശാസ്ത്രത്തിനു മേലാണെന്നതുതന്നെ കാരണം. പ്രവർത്തനരംഗത്ത് അവരുടെ ആദ്യ പതിറ്റാണ്ടുകൾവെച്ച്, പാർട്ടിയുടെ രാഷ്ട്രീയ നിലപാടുകൾ സംബന്ധിച്ച് ജനത്തിന് ചില പക്ഷങ്ങളൊക്കെയുണ്ട്. അവയെല്ലാം പരിഗണിച്ചുവേണം ഇതേക്കുറിച്ച അന്തിമ തീരുമാന​ത്തിലെത്താൻ.

 

മണിപ്പൂരിൽ സംഘർഷം ലഘൂകരിക്കാൻ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാർ വല്ലതും ചെയ്തെന്ന് താങ്കൾ ചിന്തിക്കുന്നുണ്ടോ?

മണിപ്പൂരിനെക്കുറിച്ച് മൗനികളായിരുന്നതിന്റെ പേരിൽ സർക്കാർ ശരിക്കും വിമർശനം നേരിടുന്നുണ്ട്. പ്രധാനമന്ത്രിയും മണിപ്പൂർ പ്രശ്നത്തിൽ മൗനംപാലിക്കുകയായിരുന്നു. അവിടെ നടന്ന ചില സംഭവവികാസങ്ങളിൽ ഭരണകക്ഷിക്ക്​ പങ്കുള്ളതായും റിപ്പോർട്ടുകൾ വന്നു. ശരിക്കും വൈകാരികമായ ഒരു മേഖലയാണിത്. ഒരിടം അതിർത്തിപ്രദേശമെങ്കിൽ മറ്റേത് അശാന്തിയുടെ നീണ്ട ചരിത്രമുള്ള ഗോത്രങ്ങൾ പുലർന്നുപോരുന്ന ഗോത്രവർഗപ്രദേശവും. ഞാൻ വായിച്ച റിപ്പോർട്ടുകൾ വെച്ച് വിലയിരുത്തിയാൽ സംഘർഷത്തിൽ രാഷ്ട്രീയ കക്ഷികളുടെ പങ്കാളിത്തമുണ്ടായെന്ന ഉറച്ച തീർപ്പ് സാധ്യമല്ല. മാധ്യമ റിപ്പോർട്ടിങ് തീരെ ദുർബലമായിരുന്നു. ഇത്തരം സംഘർഷമേഖലകളിൽ റിപ്പോർട്ടിങ്ങിന് പരിമിതികളുമുണ്ടാകും. എന്നാലും, കാര്യങ്ങൾ കൈവിട്ടുപോകുന്നില്ലെന്ന് ഉറപ്പാക്കാൻ മാധ്യമങ്ങൾ ജാഗ്രതയോടെയിരിക്കണം. മൊത്തത്തിൽ, മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾപ്രകാരം തീർപ്പുപറയാൻ ഞാനില്ല. അതുകൊണ്ടുതന്നെ, ഈ വിഷയത്തിൽ ഖണ്ഡിതമായ ഒരു പ്രസ്താവന പറയുന്നുമില്ല.

സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമങ്ങൾ പിറകിലായെന്ന് താങ്കൾ പറഞ്ഞു..?

മണിപ്പൂർ മാധ്യമങ്ങളെക്കുറിച്ചല്ല ഞാൻ ഉദ്ദേശിച്ചത്. സംസ്ഥാനം ആഴ്ചകളായി സംഘർഷമുനയിലാണ്. ദേശീയ മാധ്യമങ്ങളിൽനിന്ന് നമുക്ക് ലഭിക്കുന്ന വിവരങ്ങൾ എന്തൊക്കെയാണ്? ദേശീയ മാധ്യമങ്ങളുടെ ദൗർബല്യമാണ് ചൂണ്ടിക്കാട്ടിയത്. ദേശീയ മാധ്യമങ്ങളെയാണ് ഞാൻ ​വാർത്തകൾക്ക് ആശ്രയിക്കാറ്. ഇക്കാര്യത്തിൽ സത്യസന്ധമായി പറഞ്ഞാൽ പ്രശ്നങ്ങളുണ്ട്. മാധ്യമങ്ങൾ ജാഗ്രത പുലർത്തിയേ പറ്റൂ. സംഘർഷങ്ങളിൽ ഇരുവശത്തും നിൽക്കുന്ന വിഭാഗങ്ങളെ പേരെടുത്തുപറയുന്നത് വിലക്കി മാർഗനിർദേശങ്ങൾ നിലവിലുണ്ട്. അതുകൊണ്ടുതന്നെ, നിലവിൽ വിഷയം അധികൃതർ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് നോക്കാനാണ് എനിക്ക് താൽപര്യം, മാധ്യമങ്ങൾ എങ്ങനെ അവ റിപ്പോർട്ട് ചെയ്യുന്നുവെന്നതല്ല. കേ​​ന്ദ്ര ആഭ്യന്തരമന്ത്രി സ്ഥലത്തെത്തി സന്ദർശനം നടത്തിയിട്ടും സംഘർഷം തുടർന്നു. അദ്ദേഹത്തിന്റെ ഇ​ടപെടൽ നിഷ്ഫലമായെന്നല്ലേ ഇതിനർഥം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി പ്രശ്നങ്ങളുണ്ട്. വലിയ സംഘർഷമായി കത്തിപ്പടരാൻ സാധ്യതയുള്ളവയാണ് അവയിൽ ചിലത്. അതുകൊണ്ടുതന്നെ അധികൃതരുടെ ഒന്നാം പരിഗണന സംവിധാനത്തെ കൈകാര്യം ചെയ്യുന്നതിലാകണം. പ്രശ്നം പുകയുമ്പോൾ അത് നേരത്തേ മനസ്സിലാക്കാനാകും. അതുവഴി മുളയിലേ നുള്ളിക്കളയാനും കഴിയണം. ഇങ്ങനെ ചെയ്യുന്നതിൽ പരാജയമായാൽ അത് സംഘട്ടനമായി ​രൂപം മാറും. അതിവേഗത്തിലാകണം അധികൃതരുടെ ഇടപെടൽ. മണിപ്പൂരിൽ ആഴ്ചകളോളം സംഘർഷം തുടർന്നതിൽനിന്ന് ഞാൻ മനസ്സിലാക്കുന്നത് ഭരണകൂട ഇ​ടപെടൽ ഫലപ്രദമായിരുന്നില്ലെന്നാണ്. ക്രമസമാധാനപ്രശ്നമാകുമ്പോൾ സർക്കാർ ഇടപെടലുകൾ ഒരു പ്രഖ്യാപനത്തോടെയാകും നടക്കുക. ഇവിടെ ഭരണകൂടമോ സുരക്ഷാ ഏജൻസികളോ ഒന്നും ചെയ്തില്ലെന്ന് പറയാനാകില്ല. എന്നാൽ, വിജയം കണ്ടില്ലെന്ന് വ്യക്തം. ഏതേത് നടപടികൾ സ്വീകരിച്ചുവെന്നും അവ എന്തുകൊണ്ട് ഫലപ്രദമായില്ലെന്നുമുള്ള പുനരാലോചന വേണ്ടിയിരുന്നു. എന്നിട്ട്, അടുത്ത നടപടികൾ സ്വീകരിക്കുകയും വേണം.

നിലവിലെ രാഷ്ട്രീയ സംവിധാനം ബി.ജെ.പി അനുകൂല പ്രസിദ്ധീകരണങ്ങൾക്ക് സഹായം നൽകാനായി ഒത്തിരി പണം ചെലവഴിക്കുന്നുണ്ട്. അങ്ങനെ, ബി.ജെ.പിക്ക് ഗുണകരമായ കഥകൾ പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യൻ ജനാധിപത്യത്തിന്റെ ആരോഗ്യത്തിന് ഗുണകരമാകുംവിധം മാധ്യമപ്രവർത്തനത്തെ സ്വതന്ത്രവും ന്യായയുക്തവുമാക്കാൻ വല്ല മാർഗവുമുണ്ടോ?

ഇന്ത്യയിലെ മാധ്യമങ്ങളെ സൂക്ഷ്മമായി പിന്തുടരുന്ന നിരവധി പേർ ചേർന്ന് അടുത്തിടെ തയാറാക്കിയ വാർഷിക റിപ്പോർട്ടിൽ കാര്യങ്ങൾ കൂടുതൽ മോശമായി വരുന്നുവെന്ന് കണ്ടെത്തിയിരുന്നു. ലോകത്തുടനീളമുള്ള മാധ്യമങ്ങളെ ഇങ്ങനെ നിരീക്ഷണവിധേയമാക്കുന്ന ആഗോള മാധ്യമങ്ങളുണ്ട്. അവരുടെ സമീപകാല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത് വർഷംതോറും കാര്യങ്ങൾ വഷളായിവരുകയാണെന്നാണ്. അതുകൊണ്ടുത​ന്നെ ആധിയേറ്റുന്നതാണ് വിഷയം. ഭരണകൂടങ്ങൾക്കുകൂടി വിഷയത്തിൽ ഉത്കണ്​ഠ വേണം. കാരണം, രാജ്യാന്തര ഏജൻസികൾ നിരീക്ഷിച്ച് തയാറാക്കുന്ന റിപ്പോർട്ടുകളിൽ സ്ഥിതി വഷളാകുന്നുവെന്ന് വരുന്നത് അതത് ഭരണകൂടങ്ങൾക്ക് ദുഷ്പേര് നൽകുന്നതാണ്. അതുകൊണ്ടുതന്നെ സംഭവവികാസങ്ങൾ ഭരണകൂടം നിരീക്ഷണവിധേയമാക്കണം. മാധ്യമസ്വാതന്ത്ര്യം തിരി​ച്ചുകൊണ്ടുവരാൻ നടപടി സ്വീകരിക്കുകയും വേണം. അത് അവർക്കുകൂടി സൽപേര് നൽകും.

 

ബി.ജെ.പിക്കും അതിന്റെ ഫാഷിസ്റ്റ് നയങ്ങൾക്കുമെതിരായ പോരാട്ടത്തിൽ ഇടതുപക്ഷം ഭരിക്കുന്ന കേരളമാകണം മുന്നിൽനിൽക്കേണ്ടതെന്ന് രാജ്യത്തെ രാഷ്ട്രീയ നേതാക്കളിൽ നിരവധി പേർ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ, കേരളത്തിലെ ഭരണകൂടവും രാഷ്​ട്രീയ വിയോജിപ്പുകൾക്കെതിരെ അസഹിഷ്ണുത കാണിക്കുകയാണ്. ഈ ഭരണകൂടം ഏതേത് വഴികളിലാണ് മുൻ സർക്കാറുകളിൽനിന്ന് വ്യത്യസ്തമാകുന്നത്? ​

​ചോദ്യം ഉന്നയിച്ചതിൽതന്നെ പ്രശ്നമുണ്ട്. ഇടതുഭരണമുള്ള ഏക സർക്കാർ കേരളമാണെന്ന് പറഞ്ഞാണ് നിങ്ങൾ തുടങ്ങുന്നത്. അതുകഴിഞ്ഞ്, അവർക്ക് കാര്യമാത്ര പങ്കുവഹിക്കാനുണ്ടെന്നും പറയുന്നു. എന്നാൽ, ഈ വിഷയത്തിൽ കുറെക്കൂടി പ്രായോഗികമാകണം. ഒരു സംസ്ഥാനത്ത് മാത്രം അധികാരമുള്ള ഒരു കക്ഷിക്ക് എങ്ങനെയാണ് ദേശീയതലത്തിൽ ചലനം സൃഷ്ടിക്കാനാകുക? ഒരു സംസ്ഥാന കക്ഷിക്ക് ദേശീയതലത്തിൽ ഇടപെടുന്നതിന് പരിമിതികളുണ്ട്.

പ്രത്യേക സംസ്ഥാനത്ത് ഭരണസാന്നിധ്യമെന്നതിലുപരി ഇടതുപക്ഷമെന്ന ​ആഗോള പ്രത്യയശാസ്ത്രത്തെക്കുറിച്ചാണ് ഞാൻ സൂചിപ്പിച്ചത്?

ഒരു ആഗോള പ്രത്യയശാസ്ത്രമെന്ന നിലക്ക് ലോകം മുഴുക്കെ അത് തകർന്നിട്ടുണ്ട്. ഇനിയും അത് അതിജീവിക്കുന്ന ചൈനപോലുള്ള രാജ്യങ്ങൾ പിന്തുടരുന്നതാകട്ടെ, മാർക്സിസവുമല്ല. നിങ്ങളുടെ ചോദ്യത്തിന്റെ രണ്ടാം ഭാഗം ഏറെ വിശാലമാണ്. അതുകൊണ്ടുതന്നെ ഉത്തരം എളുപ്പമല്ല. ഭരണകൂടങ്ങൾക്ക് അവരുടെ യുക്തിയും സ്വന്തം ബലതന്ത്രങ്ങളുമുണ്ട്. അവരുടെ പ്രഖ്യാപനവും പ്രയോഗവും വ്യത്യസ്തമാകാം. നിലവിൽ ഇന്ത്യൻ സാഹചര്യം മൊത്തമായി അപഗ്രഥിച്ചാൽ, വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത കക്ഷികളാണ് ഭരണചക്രം തിരിക്കുന്നത്. ദേശീയ പാർട്ടികൾതന്നെ നിരവധിയുണ്ട്. പ്രാദേശിക കക്ഷികൾ വേറെയും. അ​പ്പോഴറിയാം, ദേശീയ പാർട്ടികൾക്കുപോലും അധികാരം പരിമിതമാണെന്ന്. എന്നുവെച്ചാൽ, ഒരു ദേശീയ കക്ഷിയും രാജ്യം മുഴുക്കെ ഞങ്ങൾക്ക് നിയന്ത്രണമുണ്ടെന്ന് പറയാവുന്ന അവസ്ഥയിലല്ല. സ്വാതന്ത്ര്യം നേടുമ്പോൾ രാജ്യത്ത് ദേശീയാടിസ്ഥാനത്തിൽ സ്വാധീനം കോൺഗ്രസിന് മാത്രമായിരുന്നു. ഇന്ന് അങ്ങനെയല്ല സ്ഥിതി. പലതും പ്രാദേശിക കക്ഷികളാണ്. അവയിൽ ചിലത് സ്വന്തം സംസ്ഥാനത്തുമാത്രം ഒതുങ്ങിനിൽക്കുന്നതും. സമീപ പതിറ്റാണ്ടുകളിൽ ഇത്തരം പ്രാദേശിക കക്ഷികളിൽ ​കുറെയെണ്ണം ദേശീയാടിസ്ഥാനത്തിലും സജീവമാകാറുണ്ട്. അതുപക്ഷേ, തെരഞ്ഞെടുപ്പ് കാലത്തുമാത്രം. തെരഞ്ഞെടുപ്പ് പൂർത്തിയായാൽ സഖ്യത്തിൽ അവരുടെ സാന്നിധ്യം നാമമാത്രമായി ചുരുങ്ങും. ബി.ജെ.പി ഭരിക്കുന്ന എൻ.ഡി.എയിൽ നിരവധി കക്ഷികളുണ്ട്. എന്നാൽ, ബി.ജെ.പി സർക്കാറിൽ അവർക്ക് എന്തുമാത്രം സ്വാധീനം ചെലുത്താനാകുന്നുണ്ട്. എന്നുവെച്ചാൽ, ക്ലിഷ്ടമാണ് സാഹചര്യം. എല്ലാവരും തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിലാണ്.

അടുത്ത തെരഞ്ഞെടുപ്പിൽ എന്തെങ്കിലും കാതലായ മാറ്റങ്ങൾക്ക് സാധ്യത അതിവിദൂരം. ഭ​രണകൂട അസഹിഷ്ണുതയെക്കുറിച്ചാണെങ്കിൽ, കേരളത്തിൽ അധികാരത്തിൽ വരുന്ന രണ്ടു സർക്കാറുകളിൽ ഒന്ന് കോൺഗ്രസ് നയിക്കുന്ന യു.ഡി.എഫും രണ്ടാമത്തേത് സി.പി.എം നേതൃത്വം നൽകുന്ന ഇടതുപക്ഷവുമാണ്. ഇരുമുന്നണികളുടെയും അമരത്തുള്ള രണ്ടു പാർട്ടികളുടെയും സമീപനത്തിൽ കാര്യമായ വ്യത്യാസമുണ്ട്. ജനാധിപത്യസംവിധാനത്തെ അവർ നോക്കിക്കാണുന്നതിലുമുണ്ട് വേർപിരിയൽ. ജനാധിപത്യത്തിന്റെ പേരിൽ നടക്കുന്നതെല്ലാം ശരിയായല്ലെന്ന മൗലികവിശ്വാസമാണ് ഇടതുപക്ഷത്തെ നയിക്കുന്നത്. അതുപക്ഷേ, അവർ തുറന്നുപറയാറില്ല. ഇടതുപക്ഷത്തിന് അധികാരം പിടിക്കാൻ തെരഞ്ഞെടുപ്പുതന്നെ വേണം. എന്നാൽ, ഇന്ന് നടക്കുന്നത് ജനാധിപത്യ​മല്ലെന്ന് അവർ കരുതുന്നു. ഈ മൗലികമായ അന്തരം അവരുടെ സമീപനങ്ങളിലുമുണ്ടാകുക സ്വാഭാവികം. വിപ്ലവത്തിലൂടെയേ ജനാധിപത്യം പുലരൂ എന്നാണ് അവരുടെ വിശ്വാസം.

അവരുടെ കാഴ്ചയിൽ ഇന്ത്യയിലും പുറംരാജ്യങ്ങളിലും ജനാധിപത്യമെന്ന പേരിൽ അരങ്ങേറുന്നത് കുത്തകമുതലാളിത്തം നയിക്കുന്ന ചില കളികൾ മാത്രം. ഈ മാർഗംതന്നെയാണ് അവർക്കും അധികാരമേറാനുള്ള വഴിയെന്നതിനാൽ അവരത് പരസ്യമാക്കുന്നില്ല. ആരംഭകാലത്ത്, ഇത്തരം ജനാധിപത്യങ്ങളിൽ തങ്ങൾക്ക് വിശ്വാസമില്ലെന്ന് അവർ പ്രഖ്യാപിച്ചിരുന്നു. ഈ ജനാധിപത്യത്തിൽ പങ്കാളികളാകുന്നത് പൊതുജനത്തിന് രാഷ്ട്രീയ പാഠങ്ങൾ നൽകുകയെന്ന ലക്ഷ്യത്തോടെ മാത്രമെന്നുമായിരുന്നു അവരുടെ പ്രചാരം. എന്നാൽ, പിന്നീട് ഇ​തേ രീതിയിൽ തെ​രഞ്ഞെടുപ്പുകളിൽ ജയിച്ചുതുടങ്ങിയതോടെ സമീപനത്തിൽ മാറ്റം കണ്ടുതുടങ്ങി. അധികാരത്തിലിരിക്കുന്ന ഓരോ സർക്കാറും ഭരണഘടനാ മാർഗനിർദേശങ്ങൾപ്രകാരം പ്രവർത്തിച്ചിരിക്കണമെന്നാണ് ചട്ടം. ഈ പരിമിതികളത്രയും ബോധ്യമായി സ്വീകരിച്ചുതന്നെയാണ് ഇടതുകക്ഷികളും ജനാധിപത്യപ്രക്രിയയിൽ പങ്കാളികളാകുന്നത്.

കേരള സമൂഹത്തിൽനിന്ന് ഏതുതരം എതിർപ്പും ചെറുത്തുനിൽപും ഇല്ലാതാക്കി അയഥാർഥമായ പരിവേഷം സൃഷ്ടിക്കുകയാണ് നിലവിലെ സർക്കാറെന്ന് ഒരു വിഭാഗം വിമർശനമുന്നയിക്കുന്നുണ്ടല്ലോ. കെ-റെയിലിന്റെ പേരിലെ ബഹളം ഒരു ഉദാഹരണം.

കെ-റെയിൽ പദ്ധതിവെച്ച് വന്യമായ ഒരു തീർപ്പുണ്ടാക്കേണ്ടതൊന്നുമില്ലെന്നാണ് എന്റെ പ​ക്ഷം. കെ-റെയിൽ പദ്ധതി അവതരിപ്പിച്ചപ്പോൾ അനുകൂലിച്ചും എതിർത്തും വിഭാഗങ്ങളുണ്ടായിരുന്നു. കേന്ദ്ര സർക്കാർ ഒപ്പമില്ലെങ്കിൽ ഒരു സംസ്ഥാന സർക്കാറിനും ഇതുപോലൊരു റെയിൽവേ പദ്ധതിയുമായി മുന്നോട്ടുപോകാനാകില്ല. കാരണം, റെയിൽവേ എന്നത് കേന്ദ്ര വിഷയമാണ്. നിങ്ങൾ സൂചിപ്പിച്ച വിമർശനം എല്ലാ സർക്കാറുകൾക്കും ബാധകമാണ്. പ്രഖ്യാപനവും അതുകഴിഞ്ഞ് പ്രയോഗവത്കരണത്തിലുമാണ് മാറ്റം. ജനാധിപത്യത്തിൽ ആദ്യം വാക്കുകളും അതുകഴിഞ്ഞ് അധികാരമേറുമ്പോൾ പ്രയോഗവത്കരണവുമാകുമ്പോൾ പാർട്ടികളെല്ലാം ഏകദേശം ഒരുപോലെയാണ്. പ്രതിപക്ഷത്തിരിക്കുമ്പോൾ പറയുന്നതും അധികാരം കൈയിലിരിക്കെ പറയുന്നതും തമ്മിലെ വ്യത്യാസവും സ്വാഭാവികം. കേരളംപോലൊരു സംസ്ഥാനത്ത് തങ്ങളുടെ മിടുക്കുകൊണ്ട് ജനം അധികാരം നൽകുമെന്ന് ഒരു കക്ഷിയും വിശ്വസിക്കില്ല. സഖ്യകക്ഷികളെ കൂടെ കൂട്ടിയാണ് അവർ ഈ പ്രതിസന്ധി മറികടക്കുന്നത്. സംസ്ഥാനത്ത് കമ്യൂണിസ്റ്റ് പാർട്ടി ആദ്യമായി അധികാരമേറിയപ്പോൾ സഖ്യത്തിൽ കക്ഷികളല്ല, വ്യക്തികളാണുണ്ടായിരുന്നത്. പിറ​കെ അവരും സഖ്യമായിമാറി. ഇരു സഖ്യങ്ങളെയും നയിക്കുന്ന പ്രമുഖ കക്ഷികൾ കോൺഗ്രസും സി.പി.എമ്മുമാണ്. സംസ്ഥാന തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തിയാൽ ഇത് വ്യക്തമാകും.

പദ്ധതിനടത്തിപ്പിന് സംസ്ഥാനത്തെ എല്ലാ ജനങ്ങളും ഒറ്റക്കെട്ടായി കൂടെനിൽക്കുകയും വേണ്ടേ?

ഞാൻ സമ്മതിക്കുന്നു. കേരളത്തിൽ, ഈ പദ്ധതികൾ എവിടെനിന്ന് വരുന്നുവെന്ന് ജനം അറിയുന്നില്ല. ഓരോ പദ്ധതിക്കും സ്വാഭാവികമായി ഒരു പ്രഭവകേന്ദ്രം ഉണ്ടാകും. റെയിൽവേയുമായി ബന്ധപ്പെട്ട് നമുക്ക് ഒത്തിരി പരാതികളുണ്ട്. ഓരോ സംസ്ഥാനത്തിന്റെയും ഗതാഗതരംഗത്തെ ആവശ്യങ്ങളെക്കുറിച്ച് റെയിൽവേ അധികൃതർ വ്യവസ്ഥാപിത പഠനം നടത്തണം. എന്നിട്ട്, കേരളത്തിൽ റെയിൽവേയുടെ പങ്ക് എത്രത്തോളമാകണമെന്ന് മനസ്സിലാക്കണം. ജലഗതാഗതരംഗത്തെ ചുവടുവെപ്പുകൾ കേരള വിനോദസഞ്ചാര വികസനം ലക്ഷ്യമിട്ടുള്ളതാണെന്ന് നിങ്ങളും ചിന്തിക്കുന്നുണ്ടാകുമെന്ന് ഞാൻ കരുതുന്നു.

 

ഒരു കക്ഷിക്ക് ഒറ്റക്ക് തെരഞ്ഞെടുപ്പ് ജയിക്കാനാകില്ലെന്നത് ഏകാധിപത്യമില്ലാതാക്കി ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നത് വസ്തുതയാണ്. എന്നാൽ, അടിസ്ഥാന സാഹചര്യം അങ്ങനെയാണോ?

ഏകാധിപത്യ സ്വഭാവത്തോടെ പെരുമാറുന്ന പ്രവണത അതത് കക്ഷികളുടെ സമീപനത്തിന്റെകൂടി പ്രശ്നമാണ്. സാഹചര്യങ്ങൾ അവരെയതിന് നിർബന്ധിക്കുകയുമാകാം. എന്നാൽ, മാതൃകാപരമായ ജനാധിപത്യത്തിൽ ജനാധിപത്യമൂല്യങ്ങളെ മാനിക്കുന്ന കക്ഷികളെയാണ് നാം പ്രവർത്തിക്കാൻ അർഹതയുള്ളതായി കാണുന്നുള്ളൂ. അതേസമയം, ജനാധിപത്യത്തിൽ പങ്കാളികളാകുന്ന ആളുകൾ അങ്ങനെ ജനാധിപത്യത്തിൽ വിശ്വസിക്കണമെന്നില്ല. ഇത്തരക്കാർ അധികാരമേറുമ്പോഴാണ് വൈരുധ്യം പ്രകടമാകുക. സ്വാംശീകരിക്കപ്പെടേണ്ട ഒരു വിശ്വാസ ധാരകൂടിയാണ് ജനാധിപത്യം. ആദ്യമായി കേരള തെരഞ്ഞെടുപ്പിൽ പങ്കാളികളാകുമ്പോൾ കമ്യൂണിസ്റ്റ് പാർട്ടി പറഞ്ഞത് ഞങ്ങൾ ജനാധിപത്യത്തിൽ വിശ്വസിക്കുന്നില്ലെന്നും അതിനെ ഉപയോഗപ്പെടുത്തുകയാണെന്നുമാണ്. സൈദ്ധാന്തികമായി അന്നു സ്വീകരിച്ച നിലപാടിൽനിന്ന് അവർ വഴിമാറിയാണിപ്പോൾ സഞ്ചരിക്കുന്നത്.

പൊതുസമൂഹത്തിന്റെ കാവൽക്കാരെന്ന നിലക്കുള്ള ഉത്തരവാദിത്തം നിർവഹിക്കുന്നതിലും നിലവിലെ ഭരണകൂടത്തെയും സംവിധാനത്തെയും നിരന്തരം വിമർശനവിധേയമാക്കുന്നതിലും കേരളത്തിലെ മാധ്യമസ്ഥാപനങ്ങൾ കടുത്ത സമ്മർദം നേരിടുകയാണ്. അടിയന്തരാവസ്ഥക്കാലത്തെ ഓർമിപ്പിച്ച് അടുത്തിടെ മാധ്യമപ്രവർത്തകർക്കെതിരെ പൊലീസ് കേസുകൾ ഫയൽചെയ്തത് അവരെ ഭയപ്പെടുത്തുന്നതായാണ് തോന്നുന്നത്. ​ലൈവായി ഒരു ആരോപണം റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകനെതിരായ കേസ് ഉദാഹരണം. അടിയന്തരാവസ്ഥക്കാലത്ത് ജോലി ചെയ്ത ഒരു മാധ്യമപ്രവർത്തകനെന്ന നിലക്ക് അന്നത്തെ സാഹചര്യങ്ങളിൽനിന്ന് ഇന്ന് എത്രത്തോളം വ്യത്യാസമുണ്ട്. അതോ, അടിയന്തരാവസ്ഥയുമായി തുലനംചെയ്യുന്നത് വെറുതെയുള്ള അത്യുക്തിയാണോ?

വിഷയം മാധ്യമങ്ങളിലെ ഇടപെടലെങ്കിൽ എപ്പോഴും അടിയന്തരാവസ്ഥ ഒരു മാനകമായി മാറിയിട്ടുണ്ട്. തീർച്ചയായും വ്യത്യാസം നാം മനസ്സിലാക്കണം. അടിയന്തരാവസ്ഥയെന്നത് നമ്മുടെ ഭരണഘടനപ്രകാരമുള്ള ഒരു നടപടിയായിരുന്നു. ഏതു സാഹചര്യത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാമെന്ന് ഭരണഘടന വ്യക്തമാക്കുന്നുണ്ട്. ആ അർഥത്തിൽ 1975ലേത് അന്യായമായ അടിയന്തരാവസ്ഥയായിരുന്നു. കാരണം, ഭരണഘടന വ്യവസ്ഥചെയ്ത ലക്ഷ്യങ്ങളൊന്നും അവിടെ ഉദ്ദേശിക്കപ്പെട്ടിരുന്നില്ല. ഇന്നു പക്ഷേ, സാഹചര്യം വ്യത്യസ്തമാണ്. ഇത്തരം വിഷയങ്ങളിലൊന്നും അടിയന്തരാവസ്ഥ പ്രയോഗിക്കപ്പെടരുത്. ഇവിടെ നടക്കുന്നത് മാധ്യമങ്ങളി​ൽ നേരിട്ടുള്ള ഇടപെടലാണ്. അടിയന്തരാവസ്ഥ സംഭവിച്ചത് ഒരു പ്രത്യേക സാഹചര്യത്തിലാണ്. ഇന്ന്, വിമർശിക്കുന്ന മാധ്യമങ്ങളെ ഒതുക്കാൻ വിവിധ മാർഗങ്ങൾ സ്വീകരിക്കപ്പെട്ടുപോരുന്നു. കേരളത്തിലും അത്തരം ചിലത് സംഭവിച്ചു. അത് നിയമവിരുദ്ധമാണ്.

മറുനാടൻ മലയാളിക്കെതിരെ സ്വീകരിച്ച നടപടികളാണോ താങ്കൾ ഉദ്ദേശിക്കുന്നത്?

മറുനാടൻ മലയാളിപോലെ മറ്റു പലതും സംഭവിക്കുന്നുണ്ട്. മറുനാടൻ മലയാളിക്കെതിരെ എതിർപ്പുണ്ടെങ്കിൽ അവരെ പ്രോസിക്യൂട്ട് ചെയ്യാം. എന്നാൽ, അവരെന്താണ് ചെയ്തത്? ഇന്ത്യയുടെ ഒരറ്റം മുതൽ മറുതലവരെ മറുനാടൻ മലയാളി ജീവനക്കാരുടെ വീടുകളിൽ റെയ്ഡ് നടത്തി അവരുടെ കുടുംബങ്ങളെ വേട്ടയാടി. എന്താകും ഇതിന്റെ ലക്ഷ്യം? മറുനാടൻ മലയാളി നടത്തിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ കൈകാര്യംചെയ്യലല്ല, ആ ഓൺലൈൻ സ്ഥാപനത്തെ ഭീഷണിയുടെ മുനയിൽ നിർത്തുക മാത്രമെന്ന് വ്യക്തം. അങ്ങനെയാണോ ഒരു ജനാധിപത്യ സമൂഹത്തിൽ സംഭവിക്കേണ്ടത്. കേരളത്തിൽ പത്തിവിടർത്തിയാടുന്ന അത്യപകടകരമായ പ്രവണതകളാണിവയെന്നു പറയാതെവയ്യ.

ഭരണകൂടവും ഉദ്യോഗസ്ഥവൃന്ദവും നടത്തുന്ന ഇത്തരം പരിധിവിടലുകൾക്കെതിരെ സിവിൽ സമൂഹം പുലർത്തുന്ന നിശ്ശബ്ദതയെക്കുറിച്ച് എന്താണ് അങ്ങയുടെ അഭിപ്രായം? സ്റ്റേറ്റിന്റെ അപായകരമായ നിലപാട് അവരെയും പേടിപ്പെടുത്തു​ന്നുണ്ടോ?

നാം മനസ്സി​ലാക്കേണ്ടത് കേരളത്തിലെ സിവിൽ സമൂഹം ദുർബലമാണെന്നതാണ്. സിവിൽ സമൂഹത്തിന്റെ ഭാഗമായി നിൽക്കേണ്ട സംഘടനകൾ, പ്രസ്ഥാനങ്ങൾ എന്നിവയിലേറെയും യഥാർഥത്തിൽ ഏതെങ്കിലും രാഷ്ട്രീയകക്ഷി​യുടെയോ ജാതി, മത സംഘടനകളുടെയോ ഭാഗമാണ്. എന്നുവെച്ചാൽ അവർ സിവിൽ സമൂഹത്തെയല്ല പ്രതിനിധാനംചെയ്യുന്നത്. രാഷ്ട്രീയമായോ അല്ലാതെയോ ഉള്ള സംഘടനകൾ ഭരിക്കുന്നവയാണ്. സിവിൽ സമൂഹ സംഘടനകൾ പ്രവർത്തി​ക്കുക കൃത്യമായ ചില തത്ത്വങ്ങൾ മുൻനിർത്തിയാണ്. അതുപക്ഷേ, ഇവി​ടെ സംഭവിക്കുന്നില്ല. വിഭാഗീയ താൽപര്യങ്ങളെ പ്രതിനിധാനംചെയ്യുന്നവയാണ് നമ്മുടെ കക്ഷികളും കൂട്ടായ്മകളും. എന്നാൽ, കഴിഞ്ഞ 25, 30 വർഷങ്ങളിൽ തുടർച്ചയായി സർക്കാറുകൾ കൊണ്ടുവന്ന പല പദ്ധതികളും ജനം എതിർക്കുകയും ഒടുവിൽ അവ ഉപേക്ഷിക്കാൻ സർക്കാർ നിർബന്ധിതമാകുകയും ചെയ്തത് നമുക്ക് ഓർമകളിൽ ഉണ്ടാകേണ്ടതാണ്. പൊതുജന എതിർപ്പിനു മുന്നിൽ കീഴടങ്ങിയായിരുന്നു പിന്മാറ്റം. മറുവശത്ത്, സിവിൽ സമൂഹം ദുർബലമാകുമ്പോഴും സ്റ്റേറ്റിന്റെ പൊതുനന്മക്ക് അനുഗുണമല്ലെന്നു കാണുന്ന നയങ്ങൾക്കെതിരെ സംഘടിച്ച് ഭരണകൂടത്തെ തോൽപിക്കാൻ പൊതുജനത്തിന് ശേഷിയുണ്ട്. അവർക്കു പക്ഷേ, സമൂഹത്തിന് ഗുണകരമായ പദ്ധതികൾ ഏറ്റെടുത്ത് നടപ്പാക്കാൻ ഭരണകൂടങ്ങളെ നിർബന്ധിക്കാൻ സാധ്യമാകാറില്ല.

സംസ്ഥാനത്തെ ബുദ്ധിജീവികൾ, ഒരുപറ്റം എഴുത്തുകാർ, മാധ്യമപ്രവർത്തകർ, ഇടത് ബുദ്ധിജീവികൾ വളർത്തിയെടുത്ത അഭിപ്രായരൂപവത്കരണം നടത്തുന്നവർ എന്നിവരെല്ലാമുള്ളതാണോ ഗവൺമെന്റിനെ വെല്ലുവിളിക്കാൻ അവർക്ക് തടസ്സം സൃഷ്ടിക്കുന്നത്?

ബുദ്ധിജീവികളെന്ന് നിങ്ങൾ വിളിക്കുന്ന വിഭാഗങ്ങൾക്കുമേൽ ഇടതുപക്ഷത്തിന് വൻസ്വാധീനമുള്ള കാലമുണ്ടായിരുന്നു. അങ്ങനെയാണ് ഇപ്പോഴും കാര്യങ്ങളെന്ന് ഞാൻ വിശ്വസിക്കുന്നില്ല. സ്വന്തം ഗ്രൂപ്പുകളെ സംഘടിപ്പിച്ച് ഇത് മറികടക്കാൻ കോൺഗ്രസിനായിട്ടുണ്ട്. അവർക്കും അവരുടേതായ സമിതികളും ബുദ്ധിജീവികളുമുണ്ട്. അതോടെ അതുപോലൊരു സാഹചര്യം ഒഴിവായിട്ടുണ്ട്. നമ്മുടെ സമൂഹം ഏതെങ്കിലും രാഷ്ട്രീയ, ജാതി, മത സംഘടനകൾക്കു കീഴിലാണെന്നതാണ് കേരളത്തിന്റെ ഒരു പ്രശ്നം. അത് ഒരു പ്രശ്നമേ ആകുന്നുള്ളൂ. ചില രേഖകൾക്ക് ഇരുവശത്തുമായി സമൂഹം ചിതറിനിൽക്കുമ്പോൾ അവിടെ ചർച്ചകൾക്ക് പ്രസക്തിയില്ല.

മാധ്യമങ്ങളോടും മറ്റ് എതിരാളികളോടും കേന്ദ്രസർക്കാറും ബി.ജെ.പിയും പുലർത്തുന്ന വല്യേട്ടൻ നയത്തിനെതിരെ സംസ്ഥാന സർക്കാറും എൽ.ഡി.എഫും വാതോരാതെ വിമർശിക്കാറുണ്ടെങ്കിലും അസഹിഷ്ണുത കാണിക്കുന്നിടത്ത് സംസ്ഥാന സർക്കാറും സമാന രീതിതന്നെയാണല്ലോ പിന്തുടരുന്നത്. കേന്ദ്രത്തിൽ ബി.ജെ.പി സർക്കാറും കേരളത്തിൽ എൽ.ഡി.എഫ് സർക്കാറും തമ്മിൽ അസഹിഷ്ണുത കാണിക്കുന്നതിൽ എന്ത് വ്യത്യാസമാണ് താങ്കൾ കാണുന്നത്?

രണ്ടു ഭരണകൂടങ്ങളെയും ഇങ്ങനെ തുലനംചെയ്യുന്നതിൽ തെല്ലും കാര്യമില്ല. ഒരു സ്ഥലത്ത് അധികാരമുള്ള പാർട്ടിയും സർക്കാറും അവർക്കിഷ്ടമില്ലാത്ത റിപ്പോർട്ട് നൽകുന്ന മാധ്യമവും തമ്മിലാണ് അന്തരം. ഒറ്റ പ്രസ്താവനയിൽ ഈ വിഷയത്തെ കാണാനാകും– അഥവാ, അധികാരവും സത്യവും തമ്മിൽ അസ്വാരസ്യമുണ്ടാകുമ്പോൾ ഇത്തരം സാഹചര്യവുമുണ്ടാകും. കാരണം, അധികാരം സത്യത്തെ അടിച്ചമർത്താൻ ശ്രമിക്കും.

അതിൽ പ്രത്യയശാസ്ത്രം വിഷയമല്ലെന്നാണോ?

തങ്ങൾക്ക് അഹിതമായി മാറുന്നിട​ത്ത് അധികാരം സത്യത്തിനെതിരെ നിലയുറപ്പിക്കും. അതാണ് വസ്തുത.

ഇന്ത്യൻ രാഷ്ട്രീയത്തിൽ മുഖ്യശക്തിയായി ബി.ജെ.പി എത്തിയത് മുതൽ കേരളത്തിലെ മാധ്യമസമൂഹത്തിന്റെ കാഴ്ചയിൽ ഇനി രാഷ്ട്രീയ വ്യവഹാരങ്ങളെ നയിക്കേണ്ടത് ഇടതുപക്ഷമാണെന്ന ഒരു പ്രകടമനസ്സ് വന്നിരുന്നു. മാധ്യമപ്രവർത്തകർ പലപ്പോഴും ഏതെങ്കിലും ഒരു കക്ഷിയോട് തങ്ങളുടെ രാഷ്ട്രീയ ചായ്‍വ് പരസ്യമാക്കാൻ ആഗ്രഹിക്കുന്നവരാണ്. ഇത്തരം ചിന്തകളും ഒപ്പം അധികാരത്തിലുള്ള രാഷ്ട്രീയകക്ഷിയോട് ആഭിമുഖ്യവും സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന്റെ കടക്കൽ കത്തിവെക്കുമോ?

ഈ വിഷയത്തിൽ സവിശേഷ ശ്രദ്ധ ആവശ്യമുള്ള എന്തെങ്കിലും ഉണ്ടെന്ന് ഞാൻ ചിന്തിക്കുന്നില്ല. മാധ്യമപ്രവർത്തനത്തിൽ എല്ലാതരം ചിന്തകളുമുള്ള മനുഷ്യരുണ്ട്. അവർക്ക് സ്വന്തം നിലപാടുകൾ പ്രചരിപ്പിക്കാൻ സ്വാതന്ത്ര്യമുണ്ട്. അഭിപ്രായ പ്രകടനത്തിനായി സ്വന്തം ജേണലുകൾ തുടങ്ങുകയോ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ പ്രയോജനപ്പെടുത്തുകയോ ആകാം. അതൊന്നും പ്രശ്നമുള്ളതല്ല. എന്നാൽ, അതും മാധ്യമപ്രവർത്തനമെന്ന തൊഴിലും തമ്മിലെ വ്യത്യാസം തിരിച്ചറിയണം. ഓരോ വ്യക്തിക്കും മാധ്യമപ്രവർത്തകനാകാം. കാരണം, അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കും പറഞ്ഞതാണ്. ഭരണഘടനയിൽ മാധ്യമ​സ്വാതന്ത്ര്യം വേറെ പരാമർശിച്ചിരുന്നില്ല. ഇതേക്കുറിച്ച് ഡോ. അംബേദ്കർ പറഞ്ഞത്, ഓരോ പൗരനും അഭി​പ്രായ സ്വാതന്ത്ര്യം ഭരണഘടന വകവെച്ചുനൽകുന്നതിനാൽ മാധ്യമസ്വാതന്ത്ര്യം വേറെ പറയേണ്ടതില്ല എന്നായിരുന്നു. കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയിലായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമർശം. അഭിപ്രായമറിയിക്കൽ പൗരന് അവകാശപ്പെട്ടതാണ്. എന്നാൽ, അത് സ്റ്റേറ്റിന്റെ സമാധാനത്തെ ഭംഗംവരുത്തുകയോ ക്രമസമാധാന പ്രശ്നത്തിൽ ഇടപെടുകയോ ചെയ്യുന്നതാകുമ്പോൾ തീർച്ചയായും പ്രത്യാഘാതങ്ങളുണ്ടാകും.

പാർട്ടിപക്ഷം പിടിക്കാത്ത മാധ്യമസ്ഥാപനങ്ങളുടെ തല​പ്പ​ത്തെത്തുന്ന മുതിർന്ന മാധ്യമപ്രവർത്തകർ പരസ്യമായി തങ്ങളു​ടെ രാഷ്ട്രീയ ചായ്‍വ് പ്രഖ്യാപിക്കുമ്പോൾ, കീഴിൽ പ്രവർത്തിക്കുന്നവർ തൊഴിൽസുരക്ഷ മുൻനിർത്തി സ്വാഭാവികമായും കൂടെനിൽക്കാൻ നിർബന്ധിതരാകില്ലേ? ഇവിടെ മാധ്യമപ്രവർത്തനത്തിനല്ലേ പരിക്കു പറ്റുന്നത്?

ഓരോ സ്ഥാപനത്തിനകത്തും സംഘടനാപരമായ ഒരു സംവിധാനവും സവിശേഷതലത്തിൽ തീരുമാനങ്ങളുമുണ്ടാകും. തന്റെ ചുമലിലിരുന്ന് ഒരാൾ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുവെന്ന സാഹചര്യം ഇല്ലാതിരിക്കുമ്പോഴേ ഒരു എഡിറ്റർ കരുത്തുറ്റവനാകൂ. സ്വത​ന്ത്രവും നിരാശ്രയവുമാണ് ഒരു എഡിറ്ററുടെ കർമരംഗ​​മെങ്കിൽ അത് ശരിക്കും സവിശേഷതയുള്ള ഒരു സാഹചര്യംതന്നെയാണ്. മാധ്യമസ്ഥാപനങ്ങളിൽ നയപരമായ കാര്യങ്ങൾ പ്രത്യേക തലത്തിലാണ് തീരുമാനമാക്കുന്നത്. എഡിറ്ററോ സ്ഥാപന ഉടമയോ ആകും പത്രനയം നിർണയിക്കുക. കീഴ്ജീവനക്കാർക്ക് അതിനെ മാനിക്കൽ നിയമപരമായും ധാർമികമായും ഉത്തരവാദിത്തമുള്ളതാണ്. ഇവിടെ സംഘട്ടനത്തിന്റെ ഒരു വിഷയം ഞാൻ കാണുന്നില്ല. ഒരു മാധ്യമപ്രവർത്തകന്റെ പ്രഫഷനൽ സ്വാതന്ത്ര്യമാണ് മറ്റൊരു വിഷയം. ഇടപെടലില്ലാതെ പ്രവർത്തിക്കാൻ അവനു സാധ്യമാകണം. അതാണ്, ​മാധ്യമസ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന ദർശനം. അതേസമയം, ഒരു പൊതുമാധ്യമ സ്ഥാപനത്തിൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായങ്ങൾക്ക് ഇടം നൽകാൻ ഉടമയും എഡിറ്ററും നിർബന്ധിതരാണ്. ഇനി പ്രത്യേക പ്രത്യയശാസ്ത്രവും അഭിപ്രായവും പ്രചരിപ്പിക്കാൻ ഇറങ്ങിയാൽ മൊത്തം സമൂഹത്തെയും കൂടെക്കൂട്ടാൻ അയാൾക്കാകില്ല. മൊത്തം സമൂഹം പിന്തുണക്കുന്നില്ലെങ്കിൽ ഒരു ബഹുജന മാധ്യമസ്ഥാപനമെന്ന നിലക്ക് അവർ പരാജയപ്പെടും.

ഒരു മാധ്യമപ്രവർത്തകന് പ്രത്യേക കക്ഷിയോട് താൽപര്യമുണ്ടാകുകയും അത് ഭരണകക്ഷിയാകുകയും ചെയ്താൽ അത് തന്റെ രാഷ്ട്രീയവിശ്വാസത്തിനനുഗുണമായി വാർത്ത സെൻസർ ചെയ്യാൻ പ്രേരണയാകില്ലേ?

ഒരു പാർട്ടിപത്രത്തിലാണ് അയാൾ പ്രവർത്തിക്കുന്നതെങ്കിൽ എന്തുമാകാം. എന്നാൽ, പൊതുസമൂഹത്തെ ആകർഷിക്കാൻ ലക്ഷ്യമിടുന്ന പ്രസിദ്ധീകരണമോ ചാനലോ ആകുമ്പോൾ ആ വേദിയുടെ ആവശ്യങ്ങളെ ആദരിക്കാതെ വയ്യ.

മൊഴിമാറ്റം: കെ.പി. മൻസൂർ അലി

l

News Summary - BRP Bhasker interview