Begin typing your search above and press return to search.
proflie-avatar
Login

കേരളചന്ദ്രികയുടെ നാളുകൾ

കേരളചന്ദ്രികയുടെ നാളുകൾ
cancel

കേരളത്തിന്റെ പത്രപ്രവർത്തന ചരിത്രത്തിൽ അധികം പരാമർശിക്കപ്പെടാത്ത പേരുകളാണ്​ ‘കേരളചന്ദ്രിക’യുടെയും അതിന്റെ സ്ഥാപകനായ എം.കെ. അബ്ദുർറഹിമാൻ കുട്ടിയുടെയും. ​ പത്രമാരണ നിയമങ്ങൾക്ക്​ എതിരെയും സാമൂഹിക മുന്നേറ്റത്തിനു​ വേണ്ടിയും നിലകൊണ്ട്​ ആ പ്രസിദ്ധീകരണത്തി​ന്റെയും പ്രസാധക​ന്റെയും ചരിത്രം രേഖകളുടെ അടിസ്​ഥാനത്തിൽ വിവരിക്കുകയാണ്​ ചരിത്രകാരനായ ലേഖകൻ.

മാനവസമൂഹത്തിൽ മാറ്റങ്ങൾക്ക് ചാലകശക്തിയാകുന്നതിന് സഹായിക്കുന്ന ഒന്നായിട്ടാണ് അച്ചടിയെ കണക്കാക്കിവരുന്നത്. അച്ചടിമഷി പുരണ്ട പ്രതലങ്ങൾ പൊതുവെ ജനങ്ങളുടെ ചിന്തയെ സ്വാധീനിക്കുന്നതിന് വലിയൊരളവുവരെ സഹായിച്ചിരുന്നു. മതപ്രചാരണ പ്രവർത്തനങ്ങൾക്കായി പിറവികൊണ്ട ആദ്യകാല മലയാള പത്രങ്ങളെല്ലാം തന്നെ പിൽക്കാലത്ത് സമുദായ പുരോഗതി, ശാസ്ത്ര - ചരിത്ര ബോധം, ജ്ഞാനമണ്ഡല വികാസം എന്നിത്യാദികൾക്കായി നിലനിന്നു. മലയാളികളെ ആധുനികതയിലേക്ക് നയിക്കുന്നതിന് വലിയൊരളവുവരെ സഹായിച്ചതും അച്ചടിമാധ്യമങ്ങളായിരുന്നു. നിലവിൽ അച്ചടിയിലില്ലാത്ത, കേരളീയരുടെ സ്മൃതിപഥങ്ങളിൽനിന്നു തന്നെ അപ്രത്യക്ഷമായ പല പത്രങ്ങളും പകർന്നു നൽകിയ ദിശാബോധത്തിലൂടെയാണ് ഇന്നത്തെ മലയാളിസമൂഹം പിറവികൊണ്ടിട്ടുള്ളത്.

കേരളത്തിന്റെ പത്രപ്രവർത്തന ചരിത്രത്തിൽ ഒരു രീതിയിലും രേഖപ്പെടുത്തിയിട്ടില്ലാത്ത പേരാണ് ‘കേരളചന്ദ്രിക’യും അതിന്റെ സ്ഥാപകനായ എം.കെ. അബ്ദുർറഹിമാൻ കുട്ടിയുടേതും. പത്രചരിത്ര സംബന്ധമായ ചില കൃതികളിൽ ‘കേരളചന്ദ്രിക’ എന്ന പത്രനാമം പരാമർശവിധേയമാണെങ്കിലും വലിയ വിശദീകരണങ്ങൾ ഒന്നുംതന്നെ ലഭ്യമല്ല. മുസ്‍ലിം സമുദായത്തെ ഉദ്ധരിക്കുന്നതിനായി മലയാളത്തിലും അറബി-മലയാളത്തിലും പത്രികകൾ സ്ഥാപിച്ച് പ്രചരിപ്പിച്ച് വന്നിരുന്ന കാലത്ത് വളരെ അവിചാരിതമായി പത്ര പ്രസാധനരംഗത്തേക്ക് കടന്നുവന്നവരായിരുന്നു അബ്ദുർറഹിമാൻ കുട്ടിയും ‘കേരളചന്ദ്രിക’യും. തിരുവിതാംകൂറിലെ ഏഴ് ശതമാനം വരുന്ന മുസ്‌ലിംകൾക്ക് വേണ്ടി ഉണ്ടായ ഒന്നല്ല; അതായത്, മുസ്​ലിം വിഷയസംബന്ധി മാത്രമായിരുന്നില്ല ‘കേരളചന്ദ്രിക’. മലയാളനാടിനെ സ്പർശിക്കുന്ന എല്ലാംതന്നെ അതിന് വിഷയീഭവിക്കുക സാധാരണമായിരുന്നു. കൂടാതെ, മുസ്​ലിം രാജ്യങ്ങളിൽ നടന്നുകൊണ്ടിരുന്ന രാഷ്ട്രീയ - സാമൂഹിക ചലനങ്ങൾ, ഇന്ത്യയിലെ രാഷ്ട്രീയ മാറ്റങ്ങൾ, പരിഷ്കരണ പ്രവർത്തനങ്ങൾ, സാമൂഹിക സമത്വവും സഹിഷ്ണുതയും ഊട്ടിയുറപ്പിക്കുന്നതിനുള്ള പരിശ്രമങ്ങൾ എന്നിവകളെല്ലാംതന്നെ അതിൽ വാർത്തകളായി ഉൾപ്പെട്ടുവന്നിരുന്നു.

കേരളചന്ദ്രിക പിറക്കുന്നു

‘ചന്ദ്രിക’ (1933)യും ‘ഭാരതചന്ദ്രിക’ (1944)യും പിറവി കൊള്ളുന്നതിന് മുമ്പ് കൊല്ലത്തുനിന്നും പ്രസിദ്ധീകരണമാരംഭിച്ച പ്രതിവാര പത്രമായിരുന്നു ‘കേരളചന്ദ്രിക’. തിരുവിതാംകൂറിന്റെ സാംസ്കാരിക കേന്ദ്രമായിരുന്ന കൊല്ലത്ത് സമ്പന്നരായ പലരും എത്തിച്ചേരാൻ ആഗ്രഹിക്കാത്ത പത്രമേഖലയിൽ കൈവെക്കാൻ യുവാവായ അബ്ദുർറഹിമാൻ കുട്ടി നടത്തിയ ശ്രമമാണ് ‘കേരളചന്ദ്രിക’യുടെ പിറവിക്ക് കാരണമായത്. 1894 ൽ കൊല്ലത്തെ വലിയ കടചേരിയിൽ ജോനകപ്രത്തു പുത്തൻവീട്ടിൽ ജനിച്ച എം.കെ. അബ്ദുർറഹിമാൻ കുട്ടി, പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം സ്വപ്രയത്‌നത്താൽ മലയാളം, ഇംഗ്ലീഷ്, തമിഴ്, അറബി ഭാഷകൾ വശത്താക്കി. ആധുനിക രീതികൾക്കനുസരിച്ച് വിജ്ഞാനവും കൈത്തൊഴിലും നേടണമെന്നാഗ്രഹക്കാരനായിരുന്ന അദ്ദേഹം മോട്ടോർ ബസ് ഡ്രൈവിങ് വശത്താക്കി.

വായനയിലൂടെ താൻ ആർജിച്ച ലോകവീക്ഷണത്തിലൂടെ സാമൂഹിക പരിവർത്തനാശയങ്ങളിലേക്ക് അദ്ദേഹം ആകൃഷ്ടനായി. പൗരാവകാശം, സമുദായ പുരോഗതി എന്നീ ആശയങ്ങളിൽ ഊന്നിനിന്നുകൊണ്ടുള്ള പ്രവർത്തനങ്ങളിലേക്ക് അദ്ദേഹം തിരിഞ്ഞു. പത്രപ്രവർത്തനത്തോട് താൽപര്യം തോന്നിയ അദ്ദേഹം 1919 ജനുവരിയിൽ കൊല്ലത്തുനിന്നും ‘കേരളചന്ദ്രിക’ എന്ന പ്രതിവാര പത്രത്തിന് (തിങ്കളാഴ്ച തോറും) തുടക്കമിട്ടു. തന്റെ 25ാം വയസ്സിൽ ആരംഭിച്ച ‘കേരളചന്ദ്രിക’ പത്രത്തിന് അധികാരികളുടെ വിശ്വസ്തത നേടിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു. തന്മൂലം അദ്ദേഹത്തിന്റെ അഭ്യർഥനപ്രകാരം സർക്കാർ വക പ്രസിദ്ധീകരണങ്ങളെല്ലാം തന്നെ ‘കേരളചന്ദ്രിക’ക്ക് സൗജന്യമായി എത്തിച്ചു നൽകി.[1] സ്വന്തമായി അച്ചുകൂടമില്ലാതിരുന്നതിനാൽ കൊല്ലം പട്ടണത്തിൽ പ്രവർത്തിച്ചിരുന്ന കേശവവിലാസം പ്രസ്, ശ്രീരാമവിലാസം പ്രസ്, ശ്രീകൃഷ്ണവിലാസം പ്രസ്, മനോമോഹനൻ പ്രസ് എന്നിങ്ങനെ അച്ചുകൂടങ്ങളിൽനിന്നാണ് ‘കേരളചന്ദ്രിക’ പുറത്തുവന്നത്.

പത്രപ്രവർത്തന പാതയിൽ വന്നു ചേരുന്ന കല്ലുകടികളെ ഒരുമിച്ചു നിന്ന് എതിർത്ത ചരിത്രം ‘കേരളചന്ദ്രിക’ക്കു കൂടി അവകാശപ്പെട്ടതാണ്. സ്വദേശാഭിമാനിക്കും കേസരിക്കും ഇടയിലുള്ള പത്രമാരണ പ്രവർത്തനങ്ങൾക്ക് എതിരെ ശബ്ദിക്കുവാൻ പലപ്പോഴും അബ്ദുർറഹിമാൻ കുട്ടിക്ക് സാധിച്ചിട്ടുണ്ട്. 1920ൽ മദ്രാസ് ഗവർണറുടെ സന്ദർശന വേളയിൽ അതുമായി ബന്ധപ്പെട്ട വാർത്തകൾ ജനങ്ങളുടെ മുന്നിൽ എത്തിക്കുന്നതിന് തടസ്സമായി നിരവധി പത്രപ്രവർത്തകർക്ക് പാസ് നൽകാതെ വിലക്കേർപ്പെടുത്തിക്കൊണ്ട് തിരുവിതാംകൂർ ഗവൺമെന്റ് നടത്തിയ വിവേചനത്തിനെതിരെ തിരുവിതാംകൂറിലെ പല പത്രങ്ങളും പ്രതിഷേധിക്കുകയുണ്ടായി. 1920 ഒക്ടോബർ 20ന് ‘പ്രതിധ്വനി’ പത്രാധിപരായിരുന്ന എ. നീലകണ്ഠപ്പിള്ളയുടെ നേതൃത്വത്തിൽ തിരുവിതാംകൂറിലെ ഒമ്പത് പ്രധാന പത്രങ്ങളുടെ പത്രാധിപന്മാർ ഒപ്പുവെച്ച ഒരു നിവേദനം അന്നത്തെ ദിവാൻ എം. കൃഷ്ണൻ നായർക്കു സമർപ്പിച്ചു. അധികാരികളുടെ ഇത്തരം പിന്തിരിപ്പൻ നടപടിക്കെതിരെ പ്രതിഷേധിച്ച് നിവേദനം നടത്തിയ ഒമ്പത് പത്രങ്ങളിൽ പ്രതിധ്വനിക്കു പുറമെ മിതഭാഷി, സമദർശി, സുദർശനം, കേരളചന്ദ്രിക, മലയാളി, കൗസ്തുഭം, വീരകേരളൻ, ശ്രീവാഴുംകോട്, ദേശാഭിമാനി എന്നിവ ഉൾപ്പെട്ടിരുന്നു.

നിവേദനം ഇപ്രകാരമാണ് സംഭവത്തെ രേഖപ്പെടുത്തിയിരിക്കുന്നത്: ‘‘ബഹുമാനപ്പെട്ട മദ്രാസ് ഗവർണർ അവർകളുടെ സന്ദർശനം പ്രമാണിച്ചുള്ള അടിയന്തിരങ്ങളിൽ ഹാജരായി അവയെപ്പറ്റി റിപ്പോർട്ടു ചെയ്യുന്നതിനു ഈ രാജ്യത്തുള്ള രണ്ടു പത്രങ്ങൾക്കു ഏതാനും സൗകര്യങ്ങൾ നൽകിയിരിക്കെ, ഞങ്ങൾക്ക് ഊഹിക്കാൻ സാധിക്കുന്നില്ലാതായ കാരണങ്ങളാൽ അത്തരത്തിലുള്ള പെരുമാറ്റം ഞങ്ങളുടെ നേർക്ക് ഉണ്ടായിട്ടില്ലായെന്ന് താഴെ ഒപ്പിട്ടിരിക്കുന്ന തിരുവിതാംകൂർക്കാരായ പത്രപ്രതിനിധികളായ ഞങ്ങൾ അറിയിച്ച് കൊള്ളുന്നു. ഈർശാജനകമായ ഈ ഭേദബുദ്ധിയെ കുറിച്ച് ഞങ്ങൾ ശോചിക്കുകയും ഒരേ വർഗത്തിൽ ഉൾപ്പെട്ട ആളുകളോട് ഏകരീതിയിലും നിഷ്പക്ഷപാതമായും പെരുമാറുന്നതിനു ഞങ്ങൾ അവിടത്തോടു അപേക്ഷിക്കുകയും ചെയ്യുന്നു. മദ്രാസ് പ്രതിദിന പത്രങ്ങളിലുള്ള വർത്തമാനങ്ങൾ എത്രയും ദൂരം തന്നെയെത്തുമെന്നിരുന്നാലും മഹാനുഭാവരായ ഈ അതിഥികളെ സംബന്ധിച്ചുള്ള വൃത്താന്തങ്ങളുടെ സൂക്ഷ്മമായ നിവേദനം ലഭിക്കുന്നതിലേക്കു ഈ രാജ്യവാസികളായ മഹാരാജാവ് തിരുമനസിലെ പ്രജകൾക്ക് ഏകാന്ത ശരണമായുള്ള ഞങ്ങൾ തന്നെയാണെന്നു ഈ അപേക്ഷയോടുകൂടി ഞങ്ങൾ എടുത്തുപറയണമെന്നില്ലല്ലോ. അതിനാൽ അവിടത്തിൽനിന്നു ഞങ്ങൾ പ്രതീക്ഷിക്കുന്നതുപോലെയുള്ള സമബുദ്ധിയോടുകൂടി ഈ കാര്യത്തെപ്പറ്റി ആലോചിക്കുമെന്നും അവിടത്തെ തീരുമാനം ദയാപൂർവം ഞങ്ങൾക്കും അറിയിച്ചുതരണമെന്നും അപേക്ഷിച്ചുകൊള്ളുന്നു.’’ [2] ആ നിവേദനത്തിലെ പരാമർശങ്ങൾ ഉൾക്കൊണ്ടുകൊണ്ടുള്ള ഒരു മറുപടി ദിവാനുവേണ്ടി ചീഫ് സെക്രട്ടറി എൻ. രാജാ രാമറാവു വിവിധ പത്രങ്ങൾക്കു നൽകി. ഗസറ്റിലും പ്രസിദ്ധീകരിച്ചു. അതിലൂടെ പത്രസ്വാതന്ത്ര്യത്തെ മാനിക്കുന്നുവെന്നും യുക്തമായ രീതിയിൽ വാർത്തകൾ റിപ്പോർട്ടു ചെയ്യാൻ എല്ലാ പത്രങ്ങൾക്കും അനുമതി നൽകുന്നുവെന്നും അറിയിക്കുകയുണ്ടായി.

‘കേരളചന്ദ്രിക’യുടെ വർത്തമാനങ്ങൾ ശേഖരിക്കുന്നതിൽ സർക്കാർ ഹെഡ് ട്രാൻസിലേറ്റർ എല്ലാ ലക്കങ്ങളും വരുത്തി വായിച്ചിരുന്നു. അതി​േന്മൽ റിപ്പോർട്ടും ദിവാന് സമർപ്പിച്ചിരുന്നു. 1924 സെപ്റ്റംബർ മാസത്തിൽ പുറത്തു വന്ന 12 മുതൽ 14 വരെ ലക്കങ്ങളിൽ സർക്കാറിനെ വിമർശിക്കുന്ന ചില റിപ്പോർട്ടുകൾ കടന്നുകൂടിയിരുന്നു. തന്മൂലം അവ സർക്കാർ ഹെഡ് ട്രാൻസിലേറ്ററുടെ ഓഫിസിലേക്ക് അയച്ചിരുന്നില്ല. തുടർന്ന് സർക്കാർ തലത്തിൽ കിട്ടാനുള്ള ലക്കങ്ങൾക്കായി മാനേജരെ ഓർമപ്പെടുത്തുന്നതിനായി കത്തയച്ചു. 1924 നവംബർ 22ന് ‘കേരളചന്ദ്രിക’ മാനേജർക്ക് അയച്ച കത്തിൽ മുടക്കം വന്ന ലക്കങ്ങൾ ഉടനടി പ്രസ് സെക്രട്ടറിക്കോ ഹെഡ് ട്രാൻസിലേറ്റർക്കോ അയക്കണമെന്നാവശ്യപ്പെടുകയുണ്ടായി. [3]

വൈക്കം സത്യഗ്രഹവും കേരളചന്ദ്രികയും

ഇന്ത്യൻ ദേശീയ പ്രക്ഷോഭത്തിന്റെ ആശയങ്ങളിൽ ആകൃഷ്ടനായ അബ്ദുർറഹിമാൻ കുട്ടി തന്റെ പത്രത്തിലൂടെ സ്വാതന്ത്ര്യം, സമത്വം, പൗരാവകാശം എന്നീ ആശയങ്ങളിൽ ഊന്നിയുള്ള വാർത്തകൾ പ്രസിദ്ധീകരിച്ചുതുടങ്ങി. 1924 മാർച്ച് 30ന് ആരംഭിച്ച പൗരാവകാശ പ്രക്ഷോഭമായ വൈക്കം സത്യഗ്രഹത്തെ പിന്തുണച്ച ‘കേരളചന്ദ്രിക’ സത്യഗ്രഹം സംബന്ധിച്ച വാർത്തകളും റിപ്പോർട്ടുകളും എഡിറ്റോറിയലും പ്രസിദ്ധീകരിച്ചിരുന്നു. വിവിധ ജാതി - മത വിഭാഗങ്ങളിൽനിന്നുള്ളവർ സത്യഗ്രഹ രംഗത്തേക്ക് എത്തിക്കൊണ്ടിരുന്ന ആദ്യഘട്ടത്തിൽ വൈക്കത്തെ കായൽക്കരയിലെത്തി എം.കെ. അബ്ദുർറഹിമാൻ കുട്ടി സമത്വത്തെ കുറിച്ച് പ്രസംഗിച്ചു:

1924 ഏപ്രിൽ 18/ കൊ.വ. 1099 മേടം 6ന് വന്ന സത്യഗ്രഹാശ്രമം വാർത്താ ബുള്ളറ്റിനിൽ ‘മുസ്‍ലിം സഹകരണം’ എന്ന പേരിൽ വന്ന കുറിപ്പിൽ കേരളചന്ദ്രിക പത്രാധിപർ എം.കെ. അബ്ദുർറഹിമാൻ കുട്ടിയുടെ സത്യഗ്രഹ സമരത്തിലെ ഇടപെടൽ പരാമർശിക്കുന്നുണ്ട്: ‘‘കേരളചന്ദ്രിക മാനേജിങ് എഡിറ്റർ ജനാബ് അബ്ദുർറഹിമാൻ കുട്ടി അവർകൾ സത്യഗ്രഹം പ്രമാണിച്ച് ഏതാനും മുസ്ലീങ്ങളോടുകൂടി ഈ മാസം ഒന്നാം തീയതി വൈക്കത്ത് എത്തുകയുണ്ടായി. സത്യഗ്രഹ സംരംഭത്തിൽ മുസ്‍ലിം സഹകരണത്തിന്റെ അപര്യാപ്തിയെ പരിഹരിക്കുന്നതിനായിട്ടാണ് ഇവർ പുറപ്പെട്ടിരിക്കുന്നത്. അബ്ദുർറഹിമാൻകുട്ടി അവർകൾ സമുദായത്തിലുള്ള പല പ്രമാണികളോടും ആലോചന നടത്തി ഈ പ്രസ്ഥാനത്തിൽ മുഹമ്മദീയർ സഹകരിക്കേണ്ട ആവശ്യകതയെപ്പറ്റി ഉദ്ബോധിപ്പിച്ചു കഴിഞ്ഞിട്ടാണ് ഇവിടെ എത്തിയിരിക്കുന്നത്. ശ്രീമാൻ അബ്ദുർറഹിമാൻ കുട്ടി അവർകൾ ഒരു വാളണ്ടിയറായി ചേർന്നു കഴിഞ്ഞു. പല മുസ്‍ലിം സംഘങ്ങൾക്കും മുസ്‍ലിം പ്രമാണികൾക്കും അദ്ദേഹം സന്ദേശങ്ങൾ അയച്ചിട്ടുണ്ട്. കോട്ടാറ്റുനിന്നും ഒരു മാന്യ മുസ്ലീമായ ജനാബ് എം.കെ. അബ്ദുറഹിം വാളണ്ടിയറന്മാരുടെ നേതാവായി പ്രവൃത്തിയെടുത്തുവരുന്നു. ശ്രീമാൻ പരീതുസാഹിബും മറ്റു നാലു മുസ്ലീം വാളണ്ടിയർമാരും ഇവിടെ എത്തിയിരിക്കുന്നു. മദ്രാസ് പ്രസിഡൻസി ഖിലാഫത്ത് വാളണ്ടിയർ ക്യാപ്റ്റൻ ജനാബ് അബ്ദുൾ ഹമീദ്ഖാൻ, കല്ലടക്കുറിച്ചി മഹീദ്ഖാൻ സാഹിബ്, സേലം പതുരുത്തിയിൽനിന്നും സേത്തു ഹുസ്സൈൻ സാഹിബ് തുടങ്ങിയവർ വാളണ്ടിയർമാരായി ചേർന്ന് ഇവിടെ എത്തുമെന്ന് അറിയിച്ചിരിക്കുന്നു. കേരള ഖിലാഫത്ത് കമ്മിറ്റി സെക്രട്ടറി മുഹമ്മദ് അബ്ദുറഹിമാൻ വൈക്കം സത്യാഗ്രഹം സംബന്ധമായി ചെയ്യേണ്ടതിനെപ്പറ്റി ആലോചിക്കുവാൻ പ്രസ്തുത കമ്മിറ്റിയുടെ ഒരു യോഗം കൂടുന്നതിന് ക്ഷണപ്രതികകൾ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. പത്തനാപുരത്തുനിന്നും എച്ച്.ബി. മുഹമ്മദ് റാവുത്തർ ഏതാനും വാളണ്ടിയർമാരേയും കുറെ പണവും അയയ്ക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ടെന്നും അറിയുന്നു.” [4]

വൈക്കം സത്യഗ്രഹ ശതാബ്ദി സ്മാരക മ്യൂസിയത്തിൽ സ്ഥാപിച്ചിട്ടുള്ള ഒരു പോസ്റ്ററിൽ സത്യഗ്രഹത്തിലെ മുസ്​ലിം സാന്നിധ്യം വിവരിച്ചിട്ടുണ്ട്: ‘‘സത്യാഗ്രഹ സമരത്തിൽ ക്രിസ്ത്യൻ സഹോദരങ്ങൾ മാത്രമല്ല വോളന്റിയറായി സേവനമനുഷ്ഠിക്കുന്നതിന് എത്തിയത്. എം.കെ. അബ്ദുറഹീം, കല്ലടക്കുറിച്ചി മഹീദ് ഖാൻ സാഹിബ്, സേത്തു ഹുസൈൻ സാഹിബ് തുടങ്ങി ധാരാളം മുസ്​ലിം സഹോദരങ്ങളും വൈക്കത്തു വരികയുണ്ടായി. കേരളചന്ദ്രിക പത്രത്തിന്റെ മാനേജിംഗ് എഡിറ്റർ [എം].കെ. അബ്ദുൾ റഹ്മാൻ കുട്ടി സത്യാഗ്രഹ ക്യാമ്പിൽ എത്തി സംസാരിക്കുകയും ഇക്കാര്യത്തിൽ മുസ്ലീം സമുദായത്തിന്റെ പൂർണപിന്തുണ ലഭിക്കുകയും ചെയ്തു.’’ അതിൽ കേരളചന്ദ്രിക പത്രത്തിന്റെ മാനേജിങ് എഡിറ്ററായ അബ്ദുർറഹിമാൻ കുട്ടിയുടെ ‘എം.കെ’ എന്ന പൂർണമായ ഇനീഷ്യൽ ചേർക്കാ​െതയാണ് പ്രസ്താവിച്ചിരിക്കുന്നത്.

ശ്രീമൂലം പ്രജാസഭയിലേക്ക്

പൊതുപ്രവർത്തനരംഗത്തും പത്രമേഖലയിലും നിറഞ്ഞു നിന്നിരുന്ന അദ്ദേഹത്തെ കൊല്ലം പട്ടണ പരിഷ്കരണ കമ്മിറ്റിയിലും തുടർന്ന് തിരുവിതാംകൂർ പ്രജാസഭയിലേക്കും തിരഞ്ഞെടുക്കുകയുണ്ടായി. 1926ൽ ആരംഭിച്ച പ്രജാസഭയുടെ 22ാം സെഷനിലേക്കാണ് മുനിസിപ്പൽ കൗൺസിൽ പ്രതിനിധിയായി അദ്ദേഹം ഉൾപ്പെട്ടുവന്നത്. 1935ൽ കൊല്ലത്തെ മുനിസിപ്പൽ കൗൺസിൽ പ്രതിനിധിയായി രണ്ടാമതും എം.കെ. അബ്ദുർറഹിമാൻകുട്ടി പ്രജാസഭയിലെത്തി. കൊല്ലം മുനിസിപ്പൽ പ്രദേശത്തെ ബാധിക്കുന്ന പൊതുവായ കാര്യങ്ങൾ നിരന്തരം സഭയിൽ ഉന്നയിക്കുന്നതിൽ അദ്ദേഹം വിജയിച്ചിരുന്നു. ഒപ്പം സ്വസമുദായത്തിന്റെ ഉന്നമനത്തിന് ആവശ്യമായ കാര്യങ്ങളിൽ അദ്ദേഹം അഭിപ്രായപ്രകടനം നടത്തുന്നതിനും സമയം കണ്ടെത്തിയിരുന്നു.

പൊതു സർവിസ് രംഗത്ത് മുസ്‌ലിംകൾക്ക് മതിയായ പ്രാതിനിധ്യമില്ലെന്നതിനാൽ ഈ പോരായ്മ പരിഹരിക്കാൻ കൂടുതൽ മുസ്‌ലിംകളെ പൊതു സർവിസിൽ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. ഒപ്പംതന്നെ, “ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റിലെ നിയമനങ്ങളുടെ കാര്യത്തിൽ, മുസ്‌ലിംകളെ പരദേശി, സ്വദേശി എന്നിങ്ങനെ പലവകയായി തരംതിരിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ മാറ്റം വരുത്തുകയും മുസ്‍ലിം സമുദായത്തെ ഒറ്റ സമുദായമായി കണക്കാക്കുകയും വേണം. രണ്ടാമതായി, രണ്ട് മുസ്​ലിം ബിരുദധാരികളെ വിദേശരാജ്യങ്ങളിലേക്ക് ഉപരിപഠനത്തിന് അനുയോജ്യമായ സ്‌കോളർഷിപ്പ് നൽകി ഡെപ്യൂട്ടേഷനിൽ നിയോഗിക്കുകയും അതിനാവശ്യമായ തുക അടുത്ത വർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തുകയും വേണം. മഹമ്മദൻ ഇൻസ്പെക്ടർ ഓഫ് സ്കൂളുകളുടെ അധികാരങ്ങളും ചുമതലകളും നിർവചിക്കണം. വെർണാക്കുലർ സ്കൂളുകളിലെ അസിസ്റ്റന്റ് ഇൻസ്പെക്ടർമാരുടെ കേഡറിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയെങ്കിലും, മുസ്‍ലിം ആൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന് അധ്യാപകരെ നിയമിക്കാനോ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാനോ അദ്ദേഹത്തിന് അധികാരമില്ലായിരുന്നു. എക്‌സൈസ് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കൊല്ലത്തെ എക്‌സൈസ് ഡിപ്പോക്ക് സമീപത്തുള്ള സ്ഥലം മുസ്​ലിം പെൺകുട്ടികൾക്കായുള്ള സ്‌കൂളിന് കെട്ടിടം പണിയുന്നതിന് പ്രദേശത്തെ മുസ്‍ലിംകൾക്ക് നൽകണം.” [5] പ്രജാസഭയിലൂടെയും പത്രത്തിലൂടെയും സഹജീവികൾക്ക് ഗുണകരമായി ഭവിക്കുന്ന ഇടപെടലുകളാണ് അദ്ദേഹം നടത്തിവന്നിരുന്നത്.

തുടർന്ന് പൊതുരംഗത്തുനിന്നും പത്രപ്രവർത്തനരംഗത്തു നിന്നും നിഷ്ക്രമിച്ച അദ്ദേഹം പ്രാദേശികമായി നിരവധി സംരംഭങ്ങളിൽ സജീവമായി ശിഷ്ടകാലം കഴിഞ്ഞുകൂടുകയാണുണ്ടായത്. തിരുവിതാംകൂറിലെ ജനങ്ങളുടെ നന്മക്കായി പുരോഗമന പാതയിൽ സഞ്ചരിച്ച അബ്ദുർറഹിമാൻകുട്ടിയുടെ ജീവിതം ആരും തന്നെ അടയാളപ്പെടുത്തുകയോ പത്രചരിത്രകാരന്മാർ ‘കേരളചന്ദ്രിക’യെ കുറിച്ച് അറിയുന്ന ഭാവം നടിക്കുകയോ ചെയ്യുന്നില്ല എന്നതാണ് വർത്തമാനകാല യാഥാർഥ്യം.

മറ്റൊരു കേരളചന്ദ്രിക

ഇതേ കാലഘട്ടത്തിൽതന്നെ തിരുവനന്തപുരം കോട്ടയ്കകത്ത് കമലാലയം പ്രസിൽനിന്നും വർക്കലക്കാരൻ വി.കെ. സെയ്ദ് മുഹമ്മദിന്റെ പത്രാധിപത്യത്തിൽ ‘കേരളചന്ദ്രിക’ എന്ന പേരിൽതന്നെ ഒരു പത്രിക പുറത്തു വന്നു. 1924 നവംബറിൽ ഇത് സംബന്ധമായ സ്പെഷൽ റിപ്പോർട്ട് മജിസ്ട്രേറ്റ് മുമ്പാകെ സമർപ്പിച്ചിരുന്നു. ആലപ്പുഴ കക്കാഴം ബാവയുടെ കുടുംബത്തിലെ അംഗവും പിൽക്കാലത്ത് തിരുവിതാംകൂർ രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്നിരുന്ന എച്ച്.ബി. മുഹമ്മദ് റാവുത്തറായിരുന്നു പത്രത്തിന്റെ ഉടമസ്ഥൻ. 1924 നവംബർ 6ന് ആരംഭിച്ച ഈ വൃത്താന്തപത്രം എല്ലാ ചൊവ്വാഴ്ചകളിലും പുറത്തു വന്നു. പിൽക്കാലത്ത് പുതിയ ചന്ദ്രികകൾ വടക്കുദിച്ചപ്പോൾ പഴയവ ചരിത്ര താളുകളിൽനിന്നുപോലും വീണ്ടെടുക്കാൻ കഴിയാത്തവിധം വിസ്മൃതിയിലാണ്ടു.

സൂചിക:

1 File No. 80/ 1920, Judicial, Kerala State Archives, Trivandrum.

2 The Travancore Government Gazette, Vol. LVIII, No. 16, 2nd November 1920, Trivandrum, p. 1072

3 File No.526 / 1925, Judicial, Kerala State Archives, Trivandrum.

4 പി.കെ. ഹരികുമാർ (എഡി.), വൈക്കം സത്യഗ്രഹ രേഖകൾ, എൻ.ബി.എസ്, കോട്ടയം, 2020, പു. 103

5 Proceedings of Sri Mulam Popular Assembly of Travancore, 1935, Trivandrum, p.250

(എറണാകുളം മഹാരാജാസ് കോളജിൽ ചരിത്രവിഭാഗം മേധാവിയാണ്​ ലേഖകൻ

Show More expand_more
News Summary - history of kerala chandrika