Begin typing your search above and press return to search.
proflie-avatar
Login

ചിരിയുടെ മഴവിൽക്കാവടി

ചിരിയുടെ   മഴവിൽക്കാവടി
cancel

ഇന്നസെന്റ് ഓർമയായിട്ട് മാർച്ച് 26ന് ഒരു വർഷം. അദ്ദേഹത്തെയും സിനിമാ പ്രവർത്തനങ്ങളെയും ഒാർക്കുകയാണ്​ ചലച്ചിത്രപ്രവർത്തകനും ഇന്നസെന്റ്​ അഭിനയിച്ച പല സിനിമകളിലും സഹസംവിധായകനുമായിരുന്ന ലേഖകൻ.‘‘ജീവിതത്തിലായാലും മരണത്തിലായാലും സങ്കടപ്പെടുന്ന മനുഷ്യന് നൽകാൻ എന്റെ കൈയിൽ ഒരു ഔഷധം മാത്രമേയുള്ളൂ. ഫലിതം.’’ –ഇന്നസെന്റ് മലയാള സിനിമക്ക് ചിരിയുടെ മഴവിൽക്കാവടി സമ്മാനിച്ച നടനായിരുന്നു ഇന്നസെന്റ്​. ജീവിതത്തോട് അടുത്തുനിൽക്കുന്ന വൈവിധ്യമുള്ള നിരവധി കഥാപാത്രങ്ങളെ മഴവില്ലി​ന്റെ മനോഹാരിതയിൽ അഭിനയിച്ചു ഫലിപ്പിച്ച നടനാണദ്ദേഹം. അഭിനയമികവുകൊണ്ട് മനുഷ്യജീവിതങ്ങളുടെ സൂക്ഷ്മ...

Your Subscription Supports Independent Journalism

View Plans
ഇന്നസെന്റ് ഓർമയായിട്ട് മാർച്ച് 26ന് ഒരു വർഷം. അദ്ദേഹത്തെയും സിനിമാ പ്രവർത്തനങ്ങളെയും ഒാർക്കുകയാണ്​ ചലച്ചിത്രപ്രവർത്തകനും ഇന്നസെന്റ്​ അഭിനയിച്ച പല സിനിമകളിലും സഹസംവിധായകനുമായിരുന്ന ലേഖകൻ.

‘‘ജീവിതത്തിലായാലും മരണത്തിലായാലും

സങ്കടപ്പെടുന്ന മനുഷ്യന് നൽകാൻ എന്റെ

കൈയിൽ ഒരു ഔഷധം

മാത്രമേയുള്ളൂ. ഫലിതം.’’

–ഇന്നസെന്റ്

മലയാള സിനിമക്ക് ചിരിയുടെ മഴവിൽക്കാവടി സമ്മാനിച്ച നടനായിരുന്നു ഇന്നസെന്റ്​. ജീവിതത്തോട് അടുത്തുനിൽക്കുന്ന വൈവിധ്യമുള്ള നിരവധി കഥാപാത്രങ്ങളെ മഴവില്ലി​ന്റെ മനോഹാരിതയിൽ അഭിനയിച്ചു ഫലിപ്പിച്ച നടനാണദ്ദേഹം. അഭിനയമികവുകൊണ്ട് മനുഷ്യജീവിതങ്ങളുടെ സൂക്ഷ്മ സ്​പന്ദനങ്ങൾ തൊട്ടറിഞ്ഞ, എല്ലാ കാലത്തും ഓർമിക്കപ്പെടുന്ന അപൂർവ പ്രതിഭയാണ് ഇന്നസെന്റ്​.

മലയാളത്തിൽ അതുവരെയുണ്ടായിരുന്ന ഹാസ്യനടൻമാരിൽനിന്നും വേറിട്ട മുഖമായിരുന്നു ഇന്നസെന്റ്. ഒരുപക്ഷേ, ഇത്രയേറെ താരപദവി നേടിയ ഒരു ഹാസ്യനടൻ മലയാള സിനിമയുടെ ചരിത്രത്തിലുണ്ടായിട്ടുണ്ടെന്ന് തോന്നുന്നില്ല. അടൂർ ഭാസിയും ജഗതി ശ്രീകുമാറുമൊക്കെ ഹാസ്യ രാജാക്കന്മാരായി സിനിമയെ അടക്കിഭരിച്ചിട്ടുണ്ടെങ്കിലും ഇന്നസെന്റ്​ ഉണ്ടാക്കിയെടുത്ത സൂപ്പർതാരങ്ങളോടൊപ്പം നിൽക്കുന്ന ഒരു സ്റ്റാർ വാല്യൂ അത്, മലയാള സിനിമയിൽ ആദ്യമായിരുന്നു.

സാക്ഷാൽ വൈക്കം മുഹമ്മദ് ബഷീറി​ന്റെ ജീവിതാനുഭവങ്ങൾപോലെ മനുഷ്യജീവിതത്തി​ന്റെ സകലമാന പ്രശ്നങ്ങളെ നേരിടുമ്പോഴും അതികഠിനമായ അത്തരം പ്രതിസന്ധികളെ തരണംചെയ്ത് ’ഇതൊക്കെ ഒരു ജീവിതനാടകമല്ലേ’ എന്ന് കരുതി മുന്നേറി ഒരു മനുഷ്യന് നേടിയെടുക്കുവാൻ കഴിയാവുന്ന വിജയത്തി​ന്റെ, ഉന്നതിയുടെ കൊടുമുടി കീഴടക്കിയ കലാകാരനായിരുന്നു ഇന്നസെന്റ്​. ഇടവേളകളില്ലാതെ നിരന്തരമായ പരാജയങ്ങൾ ഏറ്റുവാങ്ങുമ്പോഴും ലക്ഷ്യത്തിലെത്തുമെന്ന ഉറച്ച ആത്മവിശ്വാസമായിരുന്നു ഇന്നസെന്റിന്റെ വിജയം. ആഴമേറിയ ജീവിതസങ്കീർണതകളിലൂടെ കടന്നുവന്ന ഒരു മനുഷ്യൻ ധീരമായ മനക്കരുത്തും ജന്മസിദ്ധമായ സർഗസിദ്ധികൊണ്ടും ഉയരങ്ങളിലെത്തിയ കഥ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.

കൈയിൽ പത്തു പൈസയില്ലാതെ റോഡിലെ ടാപ്പുകളിൽനിന്നും വെള്ളം മാത്രം കുടിച്ച് ദിവസം തള്ളിനീക്കിയ കഥകൾ ഇന്നസെന്റ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. മദ്രാസിലെ ആ താമസക്കാലത്തെ രൂക്ഷമായ പട്ടിണിയെ കുറിച്ച് ഇന്നസെന്റ്​ ആത്മകഥയിൽ പറയുന്നത് രസകരമാണ്. ‘‘റോഡുവക്കിൽ കാണുന്ന പൈപ്പുകളുടെ ടാപ്പുകൾ തിരിച്ചാൽ അതിൽനിന്നും വെള്ളം വരും. ഇതതല്ല, എ​ന്റെ തീക്ഷ്ണമായ നോട്ടം കണ്ടാൽ തന്നെ പൈപ്പി​ന്റെ ടാപ്പ് തന്നെ തിരിഞ്ഞു വെള്ളം ഒഴുകുമെന്ന നിലപാടാകും.

കാരണം, ദാരിദ്യ്രം തന്നെ!’’ സിനിമയിൽ പിന്നീട്, സജീവമായപ്പോൾ താൻ കണ്ട, അനുഭവിച്ച, കടന്നുപോയ ജീവിത ചിത്രങ്ങൾ അദ്ദേഹം അഭിനയിച്ച എത്രയോ സിനിമകളിൽ കഥാപാത്രങ്ങളായും നാം കണ്ടു. ചെറിയ വേഷങ്ങൾ ചെയ്ത്, സിനിമകൾ നിർമിച്ച് ത​ന്റെ സാന്നിധ്യമറിയിക്കുമെന്ന് ഇന്നസെന്റ്​ ഉറപ്പിച്ചിരുന്നുവെങ്കിലും, മലയാള സിനിമയുടെ അനിവാര്യമായ ഒരു കാലഘട്ടം അത് തന്റേതാകുമെന്ന് ഒരു പക്ഷേ സ്വപ്നത്തിൽ​പോലും അദ്ദേഹം കരുതിക്കാണാനിടയില്ല.

ഇന്നസെന്റ്​ അഭിനയിച്ച ധാരാളം സിനിമകളിൽ ഞാൻ സഹസംവിധായകനായി ജോലിചെയ്തിട്ടുണ്ട്. ചില ആർട്ടിസ്റ്റുകളുണ്ട്, സംവിധായകൻ ഷോട്ട് പറയുമ്പോൾ വിളിക്കാൻ ചെന്നാൽ നൂറ് ചോദ്യങ്ങൾ ഇങ്ങോട്ട് ചോദിക്കും. കുറച്ച് കഴിയട്ടെ, ഇപ്പോൾ വരാം എന്നൊക്കെ പറഞ്ഞ് സമയം കളയും. പക്ഷേ, ഇന്നസെന്റ് ഷോട്ട് ആയി എന്ന് പറഞ്ഞാൽ ആ നിമിഷംതന്നെ എഴുന്നേൽക്കും. വളരെ മാന്യമായി സ്​നേഹത്തോടെ മാത്രമേ ആരോടും പെരുമാറൂ.

വർക്കി​ന്റെ കാര്യത്തിൽ സംവിധായകനോ നിർമാതാവിനോ ഒരിക്കൽപോലും ബുദ്ധിമുട്ടുണ്ടാക്കാത്ത നടനാണ് ഇന്നസെന്റ്. ഷൂട്ടിങ് കഴിഞ്ഞ് ഡബിങ്ങിന് സ്റ്റുഡിയോയിൽ വന്നാൽ വലിയ ഡയലോഗുകൾ മുറിച്ച് മുറിച്ചാണ് ഇന്നസെന്റ് ഡബ് ചെയ്യുക. ഇന്നസെന്റിന്റെ സാന്നിധ്യമുള്ള എന്നാൽ, ഡയലോഗുകൾ ഇല്ലാത്ത ബ്ലാങ്കായി തോന്നുന്ന പല സീനുകളിലും അവിടെ വോയ്സ്​ ഓവറിൽ സന്ദർഭത്തിനനുസരിച്ച് ത​ന്റെ ശബ്ദം നൽകി ആ സീനിനെ ലൈവാക്കി മാറ്റുന്ന നടൻകൂടിയാണ് ഇന്നസെന്റ്.

വലിയ ഡയലോഗുകൾ മുറിച്ച് ചെറുതാക്കിയാണ് ഡബ് ചെയ്തിരുന്നതെങ്കിലും അദ്ദേഹം ലൊക്കേഷനിൽ കാമറക്കു മുന്നിൽ അഭിനയിക്കുമ്പോൾ കിട്ടിയിരുന്ന അതേ ഫീലിന് ഒരു കുറവും സംഭവിക്കാറില്ലായിരുന്നു. ഇന്നസെന്റ്​ നായകനായ ‘ഗജകേസരി യോഗം’ സിനിമയിലെ ഒരു സീനിനെ കുറിച്ച് സിനിമയുടെ എഴുത്തുകാരൻകൂടിയായ കലൂർ ഡെന്നീസ്​ പറയുന്നു, ‘‘സിനിമയിൽ ആനയെ കുളിപ്പിക്കുന്ന ഒരു സീനുണ്ട്. ‘ഇതിനെയൊന്ന് കുളിപ്പിച്ച് മനുഷ്യക്കോലമാക്കണമെങ്കിൽ ദിവസം കുറേ പിടിക്കും’ എന്ന ഡയലോഗ് അവൻ പറയുന്നത് കേട്ട് ഞങ്ങളെല്ലാം ചിരിച്ചു ചിരിച്ചു മറിഞ്ഞു.’’

ഞാൻ തൃശൂരിലായതുകൊണ്ട് പല സിനിമകളുടെയും ഷൂട്ടിങ് കഴിയുമ്പോൾ ഇന്നസെന്റിന്റെ കൂടെ ഒരേ കാറിൽ യാത്ര ചെയ്യുക പതിവായിരുന്നു. ഇന്നസെന്റിന് പോകാൻ െപ്രാഡക്ഷനിൽനിന്നും കാർ തൃശൂരിലേക്ക് അയക്കുമ്പോൾ പലപ്പോഴും കൂടെ ഞാനുമുണ്ടാകും. ഒരുപാട് തമാശകൾ, ജീവിതാനുഭവങ്ങൾ, സിനിമയുടെ വിശേഷങ്ങൾ, ഷൂട്ടിങ് സെറ്റിലെ രസകരമായ കാര്യങ്ങൾ... അങ്ങനെ ഇന്നസെന്റിന്റെ കൂടെ തൃശൂരിലേക്കുള്ള ഓരോ യാത്രകളും ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവങ്ങളാണ്. എങ്ങനെയാണ് ഇത്ര ഭംഗിയായി എഴുതാൻ പറ്റുന്നതെന്നൊക്കെ ചോദിച്ചാൽ ചിരിച്ചുകൊണ്ട് ‘‘പ്രത്യേകിച്ച് ഒന്നുമില്ല, പേനയെടുത്ത് എഴുതുന്നു അത്ര തന്നെ!’’ എന്നുപറയും.

അഭിനയത്തിലും എഴുത്തിലും ഈശ്വരൻ അനുഗ്രഹിച്ചു നൽകിയ സർഗസിദ്ധിയുള്ള കലാകാരനായിരുന്നു ഇന്നസെന്റ്. ഏത് വിഷയത്തെ കുറിച്ച് ചോദിച്ചാലും രാഷ്ട്രീയമോ സാഹിത്യമോ സാമൂഹികമായ മറ്റു കാര്യങ്ങളോ എന്തുമാകട്ടെ എല്ലാം അദ്ദേഹത്തിനറിയാമായിരുന്നു. കൃത്യമായി മറുപടിയും തരും. തനിക്കു ചുറ്റുമുള്ള കാര്യങ്ങൾ വളരെ സൂക്ഷ്മതയോടെ മനസ്സിലാക്കിയിരുന്ന ഒരാൾകൂടിയായിരുന്നു ഇന്നസെന്റ്. സ്റ്റേജിൽ മൈക്കിൽ ഇന്നസെന്റ് സംസാരിക്കുമ്പോൾ എത്രസമയം വേണമെങ്കിലും നമ്മളത് കേട്ടുകൊണ്ടിരിക്കും. അപൂർവം ചില ആൾക്കാർക്കുള്ള സിദ്ധിവിശേഷമാണത്. സ്വഭാവത്തിലോ പെരുമാറ്റത്തിലോ പ്രസംഗത്തിലോ എഴുത്തിലോ അഭിനയത്തിലോ ഒന്നിലും കള്ളത്തരമില്ലാത്ത അദ്ദേഹത്തി​ന്റെ പേരുപോലെ തന്നെ നിഷ്കളങ്കനായ ഒരാളായിരുന്നു ഇന്നസെന്റ്​.

 

തെക്കേത്തല വറീതി​ന്റെയും മർഗലീത്തയുടെയും അഞ്ചാമത്തെ മകനായി 1948 ഫെബ്രുവരി 28നാണ് ജനനം. ഇരിങ്ങാലക്കുട ലിറ്റിൽഫ്ലവർ കോൺവെന്റ്, നാഷനൽ സ്​കൂൾ, ഇരിങ്ങാലക്കുട ബോയ്സ്​ ഹൈസ്​കൂൾ എന്നിവിടങ്ങളിലായിരുന്നു പഠിച്ചത്. എട്ടാം ക്ലാസിൽ പഠിപ്പു നിർത്തി. പൊള്ളുന്ന ജീവിതാനുഭവങ്ങളിലൂടെ ജീവിക്കാൻവേണ്ടി കെട്ടിയാടേണ്ടിവന്ന വേഷങ്ങൾക്ക് കണക്കില്ല. സൈക്കിളിൽ സഞ്ചരിച്ച് സോപ്പ്, കണ്ണാടി, പൗഡർ വിൽക്കുന്ന കച്ചവടക്കാരനായും, തീപ്പെട്ടിക്കമ്പനി നടത്തിപ്പുകാരനായും പിന്നീട് സിനിമയിലഭിനയിക്കാൻ മദ്രാസിലെ ഓരോ സ്റ്റുഡിയോകളുടെയും മുന്നിൽ ചെന്ന് നിർമാതാക്കളോട് ചാൻസ്​ ചോദിച്ചും ചെറിയ ചെറിയ വേഷങ്ങൾചെയ്തും ഇന്നസെന്റ് കടന്നുപോയ വഴികൾ കഠിനമായിരുന്നു.

താൻ അലഞ്ഞതും കണ്ടതും അനുഭവിച്ചതും എത്ര പുസ്​തകങ്ങളെഴുതിയാലും തീരില്ലെന്ന് അദ്ദേഹംതന്നെ പറഞ്ഞിട്ടുണ്ട്. മദ്രാസിൽ വട്ടിപ്പലിശക്കാരിൽനിന്നും അവരുടെ ചീത്ത കേട്ടും പണം കടം വാങ്ങി തനിക്കു ഭക്ഷണമുണ്ടാക്കി കാത്തിരുന്ന മനുഷ്യനെ കുറിച്ചും കർണാടകയിൽ ദാവൺഗരെയിലെ മൈലപ്പയും മറ്റും പകർന്നു നൽകിയ ഊഷ്മളമായ സ്​നേഹത്തി​ന്റെ കഥകളെപ്പറ്റിയും ആത്മകഥയിൽ ഇന്നസെന്റ് പറയുന്നുണ്ട്. ഇതേ മനുഷ്യൻതന്നെയാണ് പിന്നീട് നഗരസഭ കൗൺസിലറായതും ചലച്ചിത്ര നിർമാതാവായതും എഴുത്തുകാരനായതും മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടൻമാരിൽ ഒരാളായതും എം.പിയായതും അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി വർഷങ്ങളോളം ചുമതല വഹിച്ചതും.

എട്ടാം ക്ലാസിൽ തോറ്റ് പഠനം നിർത്തിയ ഈ മനുഷ്യൻ എഴുതിയ ത​ന്റെ ആത്മകഥയിലെ ഒരു ഭാഗമാണ് അഞ്ചാം ക്ലാസിലെ വിദ്യാർഥികൾക്കുള്ള പാഠപുസ്​തകത്തിൽ പഠിക്കാനുള്ളതെന്നും മനസ്സിലാക്കുമ്പോഴാണ് ഇന്നസെന്റ്​ കേരളത്തി​ന്റെ അഭിമാനമായി മാറുന്നത്. പരാജയത്തി​ന്റെ ഒട്ടേറെ അനുഭവങ്ങളിലൂടെ പിന്നിട്ട ഒരു മനുഷ്യൻ സിനിമയുടേതെന്നല്ല, നമ്മുടെ കലാ സാംസ്​കാരിക രാഷ്ട്രീയ ചരിത്രത്തി​ന്റെ തന്നെ ഒരു ഭാഗമായി മാറി എന്നുപറയുമ്പോൾ എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച് ഒരു മനുഷ്യൻ നേടിയെടുത്ത ഐതിഹാസികമായ വിജയത്തി​ന്റെ കഥ അമ്പരപ്പിക്കുന്നതാണ്.

ഇംഗ്ലീഷ് ഭാഷയിൽ ‘ഇന്നസെന്റ്​’ എന്നാൽ നിഷ്കളങ്കൻ എന്നാണ് അർഥം. ചെറുപ്പത്തിലേയുള്ള ത​ന്റെ കള്ളനോട്ടം കാരണമാണ് അപ്പൻ തനിക്ക് ആ പേരിട്ടതെന്ന് ഇന്നസെന്റ് തമാശരൂപേണ പല വേദികളിലും പറഞ്ഞിട്ടുണ്ട്. ഇന്നസെന്റിനെ കലാകാരനാക്കിയത് അപ്പനായിരുന്നു. അപ്പൻ നല്ല നർമബോധമുള്ള ആളായിരുന്നു. അത് മകനും വേണ്ടുവോളം ലഭിച്ചു. ഒന്നിനും കൊള്ളാത്തവനെന്ന് മറ്റുള്ളവർ പരിഹസിക്കുമ്പോഴും അപ്പൻ ആ മകനൊപ്പം നിന്നു.

എല്ലാവരും ഉറങ്ങിയശേഷം വീട്ടിലേക്ക് വരുന്ന മകനെ നോക്കി ഉണ്ണാതെയും ഉറങ്ങാതെയുമിരുന്ന അപ്പനായിരുന്നു എ​ന്റെ അപ്പനെന്ന് ഇന്നസെന്റ്​ പലവട്ടം പറഞ്ഞിട്ടുണ്ട്. നടനാകാനുള്ള ആഗ്രഹം ആദ്യം പറയുന്നതും അപ്പനോടാണ്. അപ്പന് അത് സന്തോഷമായിരുന്നു. വലിയ കമ്യൂണിസ്റ്റുകാരനായിരുന്ന അപ്പൻ പാർട്ടിയുടെ മീറ്റിങ്ങിന് രാത്രി പോകുമ്പോൾ ഇന്നസെന്റിനെയും കൂടെ കൊണ്ടുപോകും. കാരണം, മീറ്റിങ് കഴിഞ്ഞാൽ കെ.പി.എ.സിയുടെ നാടകമുണ്ടാകും. അത് ഒരുമിച്ചിരുന്ന് കാണാൻ.

മനുഷ്യത്വം, അനുകമ്പ, വലുപ്പചെറുപ്പമില്ലാതെ മറ്റുള്ളവരോടുള്ള ബഹുമാനം ഇതൊക്കെ അപ്പനിൽനിന്നാണ് പഠിക്കുന്നതെന്ന് ഇന്നസെന്റ് പറഞ്ഞിട്ടുണ്ട്. അപ്പൻ പഠിപ്പിച്ച പാഠത്തിന് ഇന്നസെന്റ് ഒരു ഉദാഹരണവും പറയുന്നുണ്ട്. അതീവ ദരിദ്രനായൊരു കൂട്ടുകാരനെ കുറിച്ചാണത്. ഒരിക്കൽ കൂട്ടുകാരൻ ക്ഷണിച്ച് വീട്ടിൽ പോയതാണ്. ദാരിദ്യ്രം നിറഞ്ഞ വീട്ടിൽ വൃത്തിയില്ല എന്നു തോന്നിയതിനാൽ കൂട്ടുകാരൻ നിർബന്ധിച്ചിട്ടും ഇന്നസെന്റ് ഭക്ഷണം കഴിച്ചില്ല. മറ്റു വീടുകളിൽനിന്നും കൊണ്ടുവരുന്ന എച്ചിൽ ഭക്ഷണമെന്ന് കരുതിയാണോ കഴിക്കാത്തതെന്നു പോരുമ്പോൾ കൂട്ടുകാരൻ ചോദിച്ചു.

അവിടെ പോയത് അപ്പനറിഞ്ഞാൽ അടിയുടെ പൂരമാകുമെന്ന് ഇന്നസെന്റിനോട് അമ്മയും പറഞ്ഞു. രാത്രി ഉറക്കംവരാതെ കിടക്കുമ്പോൾ അപ്പൻ വരുന്നതു കണ്ടു. ഇന്നസെന്റ് പേടിച്ചു വിറച്ചു. അപ്പൻ അരികിലിരുന്നശേഷം പറഞ്ഞു, ‘‘നീ അവിടെപ്പോയത് തെറ്റല്ല. പക്ഷേ, ഭക്ഷണം കഴിക്കാതിരുന്നത് തെറ്റാണ്. അത് എച്ചിലാണെങ്കിലും നീ കഴിക്കേണ്ടതായിരുന്നു. ഈ രാത്രി നി​ന്റെ കൂട്ടുകാരൻ നീ ഭക്ഷണം കഴിക്കാതിരുന്നതി​ന്റെ സങ്കടം സഹിക്കാതെ അമ്മയെ കെട്ടിപ്പിടിച്ചു പായയിൽ കിടന്നു കരയുകയാകും. ഇനി അതുണ്ടാകരുത്.’’ അന്നു രാത്രി ഇന്നസെന്റ്​ കരഞ്ഞുവെന്നും വലുതായപ്പോൾ പലതവണ ആ വീട്ടിൽ പോയി ഭക്ഷണം കഴിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

ഇരിങ്ങാലക്കുടയിൽ സഹോദര​ന്റെ കൂടെ തീപ്പെട്ടിക്കമ്പനി നടത്തുമ്പോൾ അതി​ന്റെ ആവശ്യങ്ങൾക്കായി ഇടക്കിടെ ശിവകാശിയിൽ പോകുമായിരുന്നു. അങ്ങനെ ഒരിക്കൽ പോയ ഇന്നസെന്റ് തിരിച്ചുപോയില്ല. അതുവഴി മദ്രാസിൽ പോയി. എന്നിട്ട് തീപ്പെട്ടിക്കമ്പനിയുടെ ആവശ്യങ്ങൾക്കായി കൊണ്ടുപോയ പണത്തിൽനിന്നും 250 രൂപ കൈയിൽ വെച്ചു ബാക്കി ചേട്ടന് അയച്ച് കൊടുത്തു. ഒപ്പം ഞാനിവിടെ നിൽക്കുകയാണെന്ന് ഒരു കത്തും. ഇതറിഞ്ഞ് അപ്പൻ പറഞ്ഞു, ‘‘ഒന്നും പേടിക്കേണ്ട. മൂന്നു ഭാഷകളിൽ കടം ചോദിക്കാൻ അറിയാവുന്നതുകൊണ്ട് എവിടെപ്പോയാലും അവൻ ജീവിച്ചോളും.’’ തീപ്പെട്ടിക്കമ്പനിയിൽനിന്നും മാറിനിന്നത് മറ്റൊന്നിനുമായിരുന്നില്ല, സിനിമാ മോഹം തന്നെയായിരുന്നു കാരണം.

 

കോടമ്പാക്കത്തെ സിനിമാക്കാരുടെ സ്​ഥിരം താവളമായ ഉമാ ലോഡ്ജിലാണ് ഇന്നസെന്റും ചെന്നുപെട്ടത്. മാസം മുപ്പത് രൂപ വാടകയിൽ അവിടെ താമസിച്ചു. അതീവ ദാരിദ്യ്രത്തോടെയുള്ള ജീവിതം. നല്ലതെന്ന് പറയാൻ ആകെ ഒരു ഷർട്ടും മുണ്ടുമാണുണ്ടായിരുന്നത്. മദ്രാസിൽ ഷൂട്ടിങ് നടക്കുന്ന ഓരോ സെറ്റിലും സ്റ്റുഡിയോകളിലും അഭിനയിക്കാൻ ചാൻസ്​ ചോദിച്ച് നടക്കുകതന്നെയായിരുന്നു പണി. വൈകീട്ട് ലോഡ്ജിൽ വന്നാൽ ഷർട്ടും മുണ്ടും കഴുകിയിടണം. അത് ഉണങ്ങിയിട്ടു വേണം അടുത്ത ദിവസം വീണ്ടുമിടാൻ. 15 പൈസയുണ്ടെങ്കിൽ ടൗണിലേക്ക് ബസിനു പോകാം. പക്ഷേ, കാശില്ല.

അതുകൊണ്ടു അഞ്ചു കിലോമീറ്ററോളം നടന്നാണ് പോയിരുന്നത്. തന്റെ സുഹൃത്തും നാട്ടുകാരനുമായ മോഹനാണ് ഇന്നസെന്റിനെ സിനിമയിലെത്തിക്കുന്നത്. പിന്നീട്, മോഹൻ സ്വതന്ത്ര സംവിധായകനായപ്പോൾ അദ്ദേഹത്തി​ന്റെ മിക്കവാറുമെല്ലാ സിനിമകളിലും ഇന്നസെന്റിന് വേഷമുണ്ടായിരുന്നു. ‘ശാലിനി എ​ന്റെ കൂട്ടുകാരി’യും, ‘രണ്ടു പെൺകുട്ടികളും ’, ‘രചന’യും, ‘ഇളക്കങ്ങളും’, ‘വിട പറയും മുമ്പേ’യും, ‘പക്ഷേ’യും പോലുള്ള മികച്ച സിനിമകളൊരുക്കിയ സംവിധായകൻ മോഹൻ ഇന്നസെന്റ്​ സിനിമയിലെത്തിയ കഥ പറയുന്നു: ‘‘എ.ബി. രാജി​​ന്റെ ‘നൃത്തശാല’ എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയം. ഞാൻ കോടമ്പാക്കത്തെ ഉമ ഹോട്ടലിൽ താമസിക്കുന്നു. രാവിലെ ഏഴായി കാണും. ഒരു പെട്ടിയും തൂക്കി ഇന്നസെന്റ്​ മുന്നിൽ നിൽക്കുന്നു. എ​ന്റെ നാട്ടുകാരനും കൂട്ടുകാരനുമാണ്.

എന്താണ് വിളിക്കാതെ വന്നതെന്ന് ചോദിച്ച് അകത്തേക്ക് വിളിച്ചു. ഇന്നസെന്റിന് സിനിമാമോഹമുള്ള കാര്യം എനിക്കറിയാം. അതിനാൽ ഇവിടത്തെ ബുദ്ധിമുട്ടുകളെ കുറിച്ചു നാട്ടിലെത്തുമ്പോൾ പറയും. സിനിമാ മോഹവുമായി ഇവിടെ വന്ന് നരകിക്കുന്നതു കാണാൻ എനിക്കാകില്ല. അത്രക്ക് കഷ്ടമായിരുന്നു സിനിമയിൽ അഭിനയിക്കണമെന്ന മോഹവുമായി വരുന്നവരുടെ കാര്യം. ഞാൻ അന്ന് അസോസിയേറ്റ് ഡയറക്ടറാണ്. ഉടനെ കുളിച്ച് റെഡിയാവാൻ പറഞ്ഞു. എനിക്കു പോകാനുള്ള കാറ് വന്നപ്പോൾ ഇന്നസെന്റിനെയും കൂട്ടി ലൊക്കേഷനിലെത്തി. സിനിമയിൽ ഏതെങ്കിലും റോൾ സംഘടിപ്പിക്കാം.

പക്ഷേ, തുടർന്ന് എങ്ങനെ മുന്നോട്ട് പോകും. അതായിരുന്നു ചിന്ത. ജീവിതം മുന്നോട്ട് പോകേണ്ടേ? ‘നൃത്തശാല’യുടെ െപ്രാഡക്ഷൻ മാനേജർ ലത്തീഫായിരുന്നു. ഞാൻ അവിടെ എത്തിയപ്പോൾ ബാഗ് കക്ഷത്തു ​െവച്ച് ലത്തീഫ് തിരിഞ്ഞു നിൽക്കുകയായിരുന്നു. ഉടൻ കക്ഷത്തിരിക്കുന്ന ബാഗ് ഞാൻ വലിച്ച് ഇന്നസെന്റിന്റെ കൈയിൽ കൊടുത്തു. എന്താണ് എന്നറിയാതെ ലത്തീഫ് തിരിഞ്ഞുനോക്കി. പിന്നെ കാര്യങ്ങൾ വിശദീകരിച്ചു. ഇന്നസെന്റിന്റെ സിനിമാ ജീവിതത്തിലെ ആദ്യ നിയോഗം െപ്രാഡക്ഷൻ അസി. മാനേജറായിട്ടായിരുന്നു. വേഷവും തരപ്പെട്ടു. സിനിമയിൽ ഒരു കാർണിവൽ നടക്കുമ്പോൾ അവിടേക്കു വരുന്ന ഒരു പത്രക്കാര​ന്റെ വേഷമായിരുന്നു ഇന്നസെന്റിന്റേത്. സിനിമാ ജീവിതത്തിലേക്കുള്ള രംഗപ്രവേശം അങ്ങനെയാണ്.’’

ആദ്യ ചിത്രമായ ‘നൃത്തശാല’യിൽ പ്രതിഫലമായി ലഭിച്ചത് 30 രൂപ. പിന്നീട്, രാമു കാര്യാട്ടി​ന്റെ ‘നെല്ലി’ൽ അഭിനയിച്ചതിന് കിട്ടിയത് 1500 രൂപ. ഇന്നസെന്റ് പറയുന്നു: ‘‘അക്കാലത്ത് ഒരു ദിവസത്തെ വർക്കിന് 15 രൂപയാണ് പ്രഖ്യാപിത നിരക്ക്. ഡയലോഗ് ഉണ്ടെങ്കിൽ പത്തുരൂപ കൂടി കിട്ടും. ‘ഫുട്ബോൾ ചാമ്പ്യൻ’ എന്ന ചിത്രത്തിൽ തനിക്കൊരു ഡയലോഗ് ഉണ്ടെന്നും ഈ ഇനത്തിൽ പത്തു രൂപ കിട്ടാനുണ്ടെന്നും ചിത്രത്തി​ന്റെ നിർമാതാവിനോടും സംവിധായകനോടും പരാതി പറഞ്ഞു.

സംവിധായകനും നിർമാതാവും സ്​ക്രിപ്റ്റ് അരിച്ചുപെറുക്കി ഡയലോഗ് കണ്ടെത്തി, ‘വിജയനെവിടെ’ എന്നതായിരുന്നു ഡയലോഗ്. ചിത്രത്തി​ന്റെ നിർമാതാവ് ടി.ഇ. വാസുദേവൻ അപ്പോൾതന്നെ പത്തുരൂപ എടുത്തു തന്നു.’’ ഫുട്ബോൾ താരം ഐ.എം. വിജയനെ കാണുമ്പോഴൊക്കെ ഈ ഡയലോഗി​ന്റെ കാര്യം ഓർക്കുമെന്നും ഇന്നസെന്റ് പറയാറുണ്ട്. കഠിനമായ പരിശ്രമമാണ് ഇന്നസെന്റിനെ ഇത്ര പ്രശസ്​തിയിലേക്കെത്തിച്ചത്. ജീവിതത്തോടു ഏറ്റുമുട്ടിയപ്പോഴൊക്കെ പിടിച്ചുനിർത്തിയത് ആത്മവിശ്വാസവും ജന്മസിദ്ധമായി ലഭിച്ച ഹാസ്യവുമായിരുന്നു. എല്ലാ പരാജയങ്ങൾക്കൊടുവിലും ചിരിയോടെ നിവർന്നുനിന്ന് മലയാള സിനിമയെ തന്റേതുകൂടിയാക്കി മാറ്റിയ, സമാനതകളില്ലാത്ത വ്യക്തിത്വമായിരുന്നു ഇന്നസെന്റിന്റേത്.

മുഴുപ്പട്ടിണിയുമായി സിനിമയിലഭിനയിക്കാൻ കുറെയേറെ അലഞ്ഞു ഇന്നസെന്റ്. ശോഭന പരമേശ്വരൻ നായരുടെ ശിപാർശയിലാണ് രാമു കാര്യാട്ടി​ന്റെ ‘നെല്ലി’ൽ അഭിനയിക്കാൻ അവസരം കിട്ടുന്നത്. തിരുനെല്ലിയിലായിരുന്നു ‘നെല്ലി​’ന്റെ ഷൂട്ടിങ്. ‘നെല്ല്’ കൂടാതെ പിന്നെയും ചില സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങൾചെയ്തു ഇന്നസെന്റ്. ‘ഉർവശി ഭാരതി’, ‘ജീസസ്​’ തുടങ്ങിയ സിനിമകൾ.

1978ൽ ത​​ന്റെ പ്രിയസുഹൃത്ത് മോഹൻ സ്വതന്ത്ര സംവിധായകനായ ‘രണ്ടു പെൺകുട്ടികൾ’ സിനിമയിൽ പ്യൂണി​ന്റെ വേഷത്തോടെ ഇന്നസെന്റിനെ േപ്രക്ഷകർ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു. മോഹ​ന്റെ തന്നെ ‘വാടകവീട്’ (1979), ‘സൂര്യദാഹം’, ‘കൊച്ചുകൊച്ചു തെറ്റുകൾ’ (1980), ‘നിറം മാറുന്ന നിമിഷങ്ങൾ’, ‘ഇടവേള’ (1982)... തുടങ്ങിയ സിനിമകളിലും ചെറിയ വേഷങ്ങൾചെയ്തു. ‘ചങ്ങാത്തം’ (ഭദ്രൻ ), ‘േപ്രംനസീറിനെ കാണ്മാനില്ല’ (ലെനിൻ രാജേന്ദ്രൻ), ‘മൗനരാഗം’ (അമ്പിളി -1983), ‘പഞ്ചവടിപ്പാലം’ (കെ.ജി. ജോർജ് -1984), ‘കാതോട് കാതോരം’ (ഭരതൻ), ‘സീൻ നമ്പർ –7’ (അമ്പിളി), ‘അക്കരെ നിന്നൊരു മാരൻ’ (ഗിരീഷ്), ‘അരം + അരം = കിന്നരം’ (പ്രിയദർശൻ), ‘ഇരകൾ’ (കെ.ജി. ജോർജ് -1985) അങ്ങനെ കുറെ സിനിമകളിൽ ചെറുതല്ലാത്ത വേഷങ്ങളും ചെയ്തു. ഈ സിനിമാഭിനയത്തിനിടയിൽ ഡേവിഡ് കാച്ചപ്പിള്ളിയുമായി ചേർന്ന് കുറച്ച് സിനിമകളും നിർമിച്ചു ഇന്നസെന്റ്​. മോഹ​ന്റെ സംവിധാനത്തിൽ ‘വിടപറയും മുമ്പേ’ ആയിരുന്നു ആദ്യചിത്രം. അത് തരക്കേടില്ലാതെ ഓടി. അതിൽ ചെറിയൊരു വേഷവും ചെയ്തു.

പിന്നീട്, നിർമിച്ചത് ‘ഇളക്കങ്ങളാ’ണ് (1982). അതും മോഹ​ന്റെ തന്നെ സംവിധാനത്തിൽ. അതിലും ശ്രദ്ധിക്കപ്പെടുന്ന വേഷം കിട്ടി. ദേവസിക്കുട്ടി എന്ന കറവക്കാര​ന്റെ റോൾ. ഇരിങ്ങാലക്കുടക്കാരനായ ഒരു കഥാപാത്രം തന്നെയായിരുന്നു അത്. ആ വേഷം വളരെയേറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. പക്ഷേ, നിർമാതാവ് എന്ന നിലയിൽ ചിത്രം വലിയ വിജയമായില്ല. ശ്രദ്ധിക്കപ്പെടുന്ന അഭിനയം കാഴ്ചവെച്ചിട്ടു കൂടി റോളുകളും അധികം തേടി വന്നില്ല. ഡേവിഡുമായി ചേർന്ന് ഒരു സിനിമ കൂടി നിർമിക്കാൻ തീരുമാനിച്ചു. അതായിരുന്നു ഭരതൻ സംവിധാനംചെയ്ത ‘ഓർമയ്ക്കായി ’ (1982). ‘ഓർമയ്ക്കായി’ സാമ്പത്തികമായി ലാഭം നേടി.

ഈ ലാഭംകൊണ്ടു കെ.ജി. ജോർജി​ന്റെ സംവിധാനത്തിൽ ‘ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്’ (1983) എന്ന സിനിമ നിർമിച്ചു. ആ സിനിമയോടുകൂടി മാർവാഡികളെയും കടം കൊടുക്കാനുള്ളവരെയും പേടിച്ച് ഒളിച്ചുനടക്കേണ്ട ഗതികേടായി.

ഈ കടങ്ങൾക്കിടയിലും വീണ്ടും സിനിമ നിർമിച്ചു. മോഹ​ന്റെ സംവിധാനത്തിൽ ‘ഒരു കഥ ഒരു നുണക്കഥ’ (1986). ഇന്നസെന്റ്​ പറയുന്നു, ‘‘അപ്പോഴേക്കും ആലീസി​ന്റെ ഓരോരോ ആഭരണങ്ങളുമായി ഞാൻ മാർവാഡികളുടെ കടകൾ കയറിയിറങ്ങി. ‘ഹിന്ദി പഠിക്കാൻ’... മാർവാഡികൾ ഹിന്ദിയാണല്ലോ സംസാരിക്കുന്നത്. ആലീസി​ന്റെ ആഭരണങ്ങൾ പണയംവെക്കാൻ ചെല്ലുമ്പോൾ എനിക്കും ആ വഴി ഹിന്ദി പഠിക്കാം. അങ്ങനെയാണ് വീട്ടുവാടക കൊടുക്കുന്നതും, പടത്തി​ന്റെ പണികൾ തീർത്തുകൊണ്ടിരുന്നതും. അവസാനം ആലീസി​ന്റെ കൈയിൽ അവശേഷിച്ചത് രണ്ടേ രണ്ടു വളകൾ മാത്രമാണ്.’’

എല്ലാം അവസാനിപ്പിച്ച് പായും തലയിണയും മറ്റു സാധനങ്ങളുമെല്ലാം കെട്ടിവെച്ച് കോടമ്പാക്കത്തുനിന്നും മടങ്ങാൻ തീരുമാനിച്ചപ്പോൾ സെഞ്ചറി ഫിലിംസി​ന്റെ കൊച്ചുമോൻ വിളിക്കുന്നു. ‘‘ഒരു സിനിമയുണ്ട്... അതിൽ ഇന്നസെന്റിനൊന്നഭിനയിക്കാൻ പറ്റുമോ? രണ്ടു സീനേ ഉള്ളൂ...’’ ജോൺപോൾ തിരക്കഥയെഴുതി കെ.എസ്​. സേതുമാധവൻ സംവിധാനംചെയ്ത മോഹൻലാലും മമ്മൂട്ടിയും പ്രധാന വേഷംചെയ്ത ‘അവിടത്തെപ്പോലെ ഇവിടെയു’മാണ് (1985) സിനിമ.

ഇന്നസെന്റ്​ പോയി അതിലെ തൃശൂർക്കാര​ന്റെ വേഷം ഗംഭീരമാക്കി. സിനിമ കണ്ട ആളുകൾ മുഴുവൻ ‘‘ഇന്നസെന്റ് കൊള്ളാമല്ലോ’’ എന്നു പറഞ്ഞു. ഈ സിനിമ ഇന്നസെന്റിന്റെ അഭിനയജീവിതത്തിൽ വഴിത്തിരിവായി. പിന്നീട്, ഒരു പാട് വേഷങ്ങൾ ഇന്നസെന്റിനെ തേടിവന്നു. കിട്ടിയ വേഷങ്ങളെല്ലാം ചെറുതും വലുതുമൊന്നും നോക്കാതെ എല്ലാംചെയ്തു ഇന്നസെന്റ്. ‘‘ഞാൻ നടനായതിനും ഇന്നത്തെ ഇന്നസെന്റായതിനും’’ ഈ സിനിമയാണ് തുടക്കമിട്ടതെന്ന് ഒരുപാട് തവണ ഇന്നസെന്റ് പറഞ്ഞിട്ടുണ്ട്. മലയാള സിനിമയിൽ പിന്നീട് നിരവധി കഥാപാത്രങ്ങൾ ഇന്നസെന്റിലൂടെ അനശ്വരങ്ങളായി.

നർമം മാത്രമല്ല, കാരക്ടർ വേഷങ്ങളും വില്ലൻ വേഷങ്ങളും എല്ലാം ഇന്നസെന്റ്​ മികവുറ്റതാക്കി. ’86ൽ അയൽവാസി ഒരു ദരിദ്രവാസി’, ‘ദൂരെ ദൂരെ ഒരു കൂടു കൂട്ടാം’ തുടങ്ങിയ ചിത്രങ്ങളിൽ അത്യാവശ്യം പ്രാധാന്യമുള്ള വേഷങ്ങൾചെയ്തുവെങ്കിലും ശ്രീനിവാസ​ന്റെ തിരക്കഥയിൽ മോഹൻലാൽ നായകനായ, സത്യൻ അന്തിക്കാടി​ന്റെ ‘ഗാന്ധിനഗർ സെക്കൻഡ് സ്​ട്രീറ്റി’ലെ പൊലീസുകാരൻ േപ്രക്ഷകരെ ഏറെ ചിരിപ്പിച്ചു. അവിസ്​മരണീയമായ അഭിനയമുഹൂർത്തങ്ങൾകൊണ്ട് പിന്നീട് േപ്രക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറുകയായിരുന്നു ഇന്നസെന്റ്.

മലയാള സിനിമ ഇന്നസെന്റിന്റെ അപാരമായ വളർച്ച കാണുകയായിരുന്നു എന്നു വേണം പറയാൻ. ‘രേവതിയ്ക്കൊരു പാവക്കുട്ടി’, ‘ഒരു കഥ ഒരു നുണക്കഥ’, ‘മിഴിനീർ പൂവുകൾ’, ‘യുവജനോത്സവം’ (1986)... തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടുവെങ്കിലും ശ്രീനിവാസൻ, സത്യൻ അന്തിക്കാട്, മോഹൻലാൽ ടീമി​ന്റെ ‘സന്മനസ്സുള്ളവർക്ക് സമാധാനം’ സിനിമയിലെ ചാലപുരയ്ക്കൽ കുഞ്ഞിക്കണ്ണൻ നായർ എന്ന കഥാപാത്രം കൂടുതൽ ശ്രദ്ധ നേടി.

വാങ്ങിയ കടം വീട്ടാൻ പറ്റാതെ ഗോപാലകൃഷ്ണ പണിക്കരുടെ എഴുപത്തിയേഴ് സെന്റ് തെങ്ങുംപറമ്പ് ലേലംചെയ്തു വിൽക്കാൻ കോടതി ഉത്തരവ് വാങ്ങിച്ചുവരുന്ന രസികൻ കഥാപാത്രത്തെ ഇന്നസെന്റ്​ ഗംഭീരമാക്കി. കരയുള്ള വെള്ളമുണ്ടും മടക്കിക്കുത്തി കൈയുള്ള ജുബ്ബയിട്ട് തോളിൽ മേൽമുണ്ടും കഴുത്തിൽ രുദ്രാക്ഷമാലയും വിരലിൽ സ്വർണമോതിരവും പിന്നെ ചന്ദനക്കുറിയും

തൊട്ടുള്ള ഇന്നസെന്റിന്റെ ആ വരവ് തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടു. ‘‘മരിക്കുന്നതുവരെ കാശ് തരാം കാശ് തരാമെന്ന് ശ്ലോകം ചൊല്ലിയതുകൊണ്ട് വല്ല കാര്യമുണ്ടോ?’’ എന്നു ഗോപാലകൃഷ്ണ പണിക്കരോട് ചോദിക്കുന്ന ഇന്നസെന്റും മോഹൻലാലും ചേർന്നുള്ള സീനൊക്കെ േപ്രക്ഷകരെ ഏറെ ചിരിപ്പിക്കുകയും, ആ രണ്ടുപേരുടെയും നിസ്സഹായാവസ്ഥ ഉള്ളിൽ തട്ടുന്നതുമായിരുന്നു. ആ വർഷംതന്നെ ബാലചന്ദ്ര മേനോ​ന്റെ ‘വിവാഹിതരെ ഇതിലെ’, പ്രിയദർശ​ന്റെ ‘ധീം തരികിട തോം’, സത്യൻ അന്തിക്കാടി​ന്റെ ‘പപ്പൻ പ്രിയപ്പെട്ട പപ്പൻ’... തുടങ്ങിയ സിനിമകളിൽ ഇന്നസെന്റ്​ ചെറുതല്ലാത്ത വേഷങ്ങൾ ചെയ്തുവെങ്കിലും തൊട്ടടുത്ത വർഷം 1987ൽ വേണു നാഗവള്ളി തിരക്കഥയെഴുതി സംവിധാനംചെയ്ത മോഹൻലാൽ സിനിമയായ ‘സർവകലാശാല’ വേറൊരു വഴിത്തിരിവായി.

സിനിമയിലെ ‘ഇന്നച്ചൻ’ എന്ന കോച്ചി​ന്റെ കഥാപാത്രം അനായാസമായ നർമംകൊണ്ട് േപ്രക്ഷകരുടെ കൈയടി നേടിയെടുത്തു. ഇതേ വർഷംതന്നെയാണ് ദാസ​ന്റെയും വിജയ​ന്റെയും കഥ പറഞ്ഞ ശ്രീനിവാസൻ, സത്യൻ അന്തിക്കാട്, മോഹൻലാൽ കൂട്ടുകെട്ടിന്റെ ‘നാടോടിക്കാറ്റി’​ന്റെ വരവ്. അതിലെ ബാലേട്ടൻ എന്ന കഥാപാത്രത്തെ േപ്രക്ഷകർക്ക് വളരെയധികം ഇഷ്ടപ്പെട്ടു. കോമഡിയും ഇമോഷനലും ഒക്കെ മാറിമാറി വരുന്ന കഥാപാത്രത്തെ ഇന്നസെന്റ് ഭംഗിയായി അവതരിപ്പിച്ചു. ‘‘ബാലേട്ടാ, വേറൊരു ആശ്രയവുമില്ലാത്തതുകൊണ്ടാ... അച്ഛൻ മരിച്ചതിൽപിന്നെ സ്​ഥിതിയൊക്കെ വളരെ മോശമായി. എന്നെ പഠിപ്പിക്കാൻ വേണ്ടി ഉണ്ടായിരുന്ന കിടപ്പാടംവരെ അമ്മക്ക് വിൽക്കേണ്ടിവന്നു.

എന്നെങ്കിലും ഞാനൊരു കരപറ്റുമെന്ന് പാവം അമ്മ വിചാരിച്ചു’’ എന്ന് വിഷമത്തോടെ ലാലി​ന്റെ കഥാപാത്രം ദാസൻ പറയുമ്പോൾ ‘‘പോയി കിടന്നുറങ്ങ്... ഏതായാലും നേരം വെളുക്കട്ടെ’’ എന്ന് വേദനയോടെ പറയുന്ന ശുദ്ധഹൃദയനും സ്​നേഹസമ്പന്നനുമായ ബാലേട്ടനെ ഇന്നസെന്റ്​ ‘നാടോടിക്കാറ്റി’ൽ അനശ്വരമാക്കുകയായിരുന്നു. ഈ കഥാപാത്രംതന്നെ ‘നാടോടിക്കാറ്റി​’ന്റെ രണ്ടാം ഭാഗമായ ‘പട്ടണപ്രവേശ’ത്തിലും (1988) ഇന്നസെന്റ്​ അസ്സലായി അവതരിപ്പിച്ചു. ഇതേ വർഷംതന്നെ ‘വെള്ളാനകളുടെ നാടി’ലെ ബ്ലോക്ക് ഓഫിസർ ബാലുവും, ‘മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു’വിലെ രാമൻകുട്ടി നായരും, ‘ഒരു മുത്തശ്ശിക്കഥ’യിലെ തമ്പുരാനും, ‘ആര്യൻ’ സിനിമയിലെ ഗോവിന്ദൻ നായരും... തുടങ്ങി കുറെ കഥാപാത്രങ്ങൾ ചെയ്ത ഇന്നസെന്റിന് അദ്ദേഹത്തി​ന്റെ അഭിനയജീവിതത്തിലെ മറ്റൊരു പൊൻതൂവലായി മാറിയ കഥാപാത്രമാണ് രഘുനാഥ് പലേരിയുടെ രചനയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘പൊന്മുട്ടയിടുന്ന താറാവി’ലെ പണിക്കർ.

 

ഗ്രാമീണ ജീവിതത്തെ ലളിതവും രസകരവുമായി അവതരിപ്പിച്ച ‘പൊന്മുട്ടയിടുന്ന താറാവ്’, ഇന്നസെന്റിന്റെ അഭിനയമുഹൂർത്തങ്ങൾകൊണ്ടുകൂടി ശ്രദ്ധേയമായ ചലച്ചിത്രമാണ്. വ്യത്യസ്​ത വേഷങ്ങൾ ചെയ്യുമ്പോഴാണല്ലോ ഒരു നട​ന്റെ റേഞ്ച് മനസ്സിലാകുന്നത്.

അങ്ങനെ ഏതുതരത്തിലുള്ള കഥാപാത്രവും ചെയ്യാൻ തനിക്കു കഴിയുമെന്ന് തെളിയിച്ചുകൊണ്ട് േപ്രക്ഷകരുടെ സ്വീകാര്യത എളുപ്പത്തിൽ നേടിയെടുക്കുകയായിരുന്നു ഇന്നസെന്റ് ഈ സിനിമയിലൂടെ ’89ൽ ‘പെരുവണ്ണാപുരത്തെ വിശേഷങ്ങളും’ ‘പ്രാദേശിക വാർത്തകളും’ (കമൽ), ‘വടക്കുനോക്കിയന്ത്ര’വും (ശ്രീനിവാസൻ), ‘പൂര’വും (നെടുമുടി വേണു), ‘ജാതക’വും (സുരേഷ് ഉണ്ണിത്താൻ), ‘വരവേൽപും’ (സത്യൻ അന്തിക്കാട്), ‘വർണ്ണ’വും (അശോകൻ)... തുടങ്ങി ജീവിതത്തോട് അടുത്തുനിൽക്കുന്ന, മലയാളിക്ക് ഏതു കാലത്തും ഓർത്തോർത്ത് ചിരിക്കാൻപോന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇന്നസെന്റിന്, അദ്ദേഹത്തി​ന്റെ അഭിനയജീവിതത്തെ വഴിതിരിച്ചുവിട്ട, സുവർണലിപികളാൽ എഴുതി ച്ചേർക്കപ്പെട്ട രണ്ടു സിനിമകളിറങ്ങിയ വർഷംകൂടിയായിരുന്നു അത്. സത്യൻ അന്തിക്കാടി​ന്റെ ‘മഴവിൽക്കാവടി’യും, സിദ്ദിഖ്-ലാലി​ന്റെ ‘റാംജിറാവ് സ്​പീക്കിങ്ങു’മാണ് ആ രണ്ടു ചിത്രങ്ങൾ.

ഇതിൽ ‘മഴവിൽക്കാവടി’യിലെ കിഴക്കാംതൊടിയിൽ ശങ്കരൻകുട്ടി മേനോൻ ഇന്നസെന്റിന്റെ അഭിനയജീവിതത്തിലെ നാഴികക്കല്ലായി മാറി. രഘുനാഥ് പലേരിയും സത്യൻ അന്തിക്കാടും ചേർന്ന് സൂക്ഷ്മതയോടെ മെനഞ്ഞെടുത്ത കഥാപാത്രത്തെ വൈവിധ്യവും തന്മയത്വവുമുള്ള അഭിനയമികവുകൊണ്ട് ഇന്നസെന്റ്​ അനശ്വരമാക്കി. നർമത്തിൽനിന്നും മാറി ഇന്നസെന്റിന് കിട്ടുന്ന ആദ്യത്തെ വലിയ പ്രാധാന്യമുള്ള സ്വഭാവ വേഷമായിരുന്നു ‘മഴവിൽക്കാവടി’യിലേത്.

ഒരു നടന് പലപ്പോഴും അപൂർവമായി മാത്രം ലഭിക്കുന്ന വേഷമായിരുന്നു അത്. വളരെ മിഴിവോടെ ഇന്നസെന്റ് അത് അവതരിപ്പിച്ചു. സിനിമാ നിർമാതാവ് എന്നനിലയിൽ രണ്ട് തവണ സംസ്ഥാന അവാർഡ് നേടിയിട്ടുണ്ടെങ്കിലും (‘വിടപറയും മുമ്പേ’, ‘ഓർമ്മക്കായി’) അഭിനയത്തിന് ഇന്നസെന്റിന് ലഭിച്ച സംസ്ഥാന അവാർഡ് (മികച്ച രണ്ടാമത്തെ നടൻ) ‘മഴവിൽക്കാവടി’ (‘ജാതക’വും ചേർത്ത്) യിലായിരുന്നു. ‘റാംജിറാവ് സ്​പീക്കിങ്ങാ’ണ് ഇന്നസെന്റിന് സ്റ്റാർ പദവി നേടിക്കൊടുത്ത സിനിമ. അതുവരെയുള്ള മലയാള സിനിമക്ക് പുതിയൊരു അനുഭവമായിരുന്നു അത്.

‘റാംജിറാവ് സ്​പീക്കിങ്ങും’ അതിലെ കേന്ദ്ര കഥാപാത്രമായ ‘മാന്നാർ മത്തായി’യും മലയാള സിനിമയിൽ ഒരു സൂപ്പർസ്റ്റാറിന് കിട്ടുന്ന ആദരവും ജനപ്രീതിയുമാണ് ഇന്നസെന്റിന് നേടിക്കൊടുത്തത്. ഇന്നസെന്റിനെ കാണാൻ വേണ്ടിമാത്രം വീണ്ടും വീണ്ടും ഈ സിനിമ കണ്ടവരുണ്ട്. ഹാസ്യവേഷങ്ങളും കാരക്ടർ വേഷങ്ങളും മാത്രം ചെയ്തുപോന്നിരുന്ന നടൻ ഒരു സൂപ്പർസ്റ്റാർ ഇമേജി​ന്റെ സ്വീകാര്യതയിലെത്തിയത് മലയാള സിനിമയുടെ ചരിത്രമായി മാറി. പൊട്ടിച്ചിരിയും വേദനയും കണ്ണീരും ഇടകലർത്തി ജീവിതത്തോടു അടുത്തുനിൽക്കുന്ന കഥാപാത്രങ്ങളെയൊരുക്കി അവിസ്​മരണീയമായ നർമമുഹൂർത്തങ്ങളെക്കൊണ്ട് കോർത്തിണക്കിയപ്പോൾ ‘റാംജിറാവ് സ്​പീക്കിങ്ങ്’ മലയാളത്തിലെ എക്കാലത്തെയും മികച്ച വിജയചിത്രങ്ങളിൽ ഒന്നായി മാറി.

 

ഈയൊ​െരാറ്റ ചിത്രത്തിലൂടെ ഇന്നസെന്റ് നേടിയ താരപദവി മലയാള സിനിമ അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. ഈ സിനിമക്കുശേഷം ഇന്നസെന്റ്​ അഭിനയിച്ച ഓരോ സിനിമക്കും സ്​ക്രീനിൽ ആദ്യമായി അദ്ദേഹത്തെ കാണിക്കുമ്പോൾ കിട്ടിയിരുന്ന കൈയടി മലയാള സിനിമയിൽ മറ്റൊരു സ്വഭാവനടനും കിട്ടിയിട്ടില്ല. ഒരു സൂപ്പർസ്റ്റാറിന് ലഭിച്ചുകൊണ്ടിരുന്ന സമാനമായ േപ്രക്ഷക പിന്തുണതന്നെയായിരുന്നു അത്. ജഗതി ശ്രീകുമാറും കുതിരവട്ടം പപ്പുവും ഇന്ദ്രൻസുമൊക്കെ തിളങ്ങിനിൽക്കുമ്പോഴും മലയാള സിനിമയിലെ വിലയുള്ള ഹാസ്യതാരം ‘ബ്രാൻഡ്’ അത് പിന്നീട്, ഇന്നസെന്റായി മാറുകയായിരുന്നു.

‘റാംജിറാവ്’ റിലീസായ കാലത്തെ പറ്റി ത​ന്റെ ആത്മകഥയായ ‘ചിരിക്കു പിന്നിൽ’ ഇന്നസെന്റ്​ ഇങ്ങനെ പറയുന്നു: ‘‘ഞാനും ആലീസുംകൂടി തൃശൂരിൽ സിനിമക്കു കയറി. സിനിമ കണ്ട് ആളുകൾ കസേരയിൽ കയറിനിന്നു ചിരിക്കുകയാണ്. ചിരിയുടെ തിരമാലകൾക്കു നടുവിൽ ഒരാൾ മാത്രം ചിരിക്കാതെ ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ. ചിരിക്കു പകരം എ​ന്റെ കണ്ണിൽനിന്നു കണ്ണീർ ഒഴുകിക്കൊണ്ടേയിരുന്നു.

ഇതിനാണല്ലോ ദൈവമേ ഞാൻ ഇത്രനാൾ അലഞ്ഞത്, പട്ടിണി കിടന്നത്, പരിഹസിക്കപ്പെട്ടത്, ഉടുതുണിക്ക് മറുതുണിയില്ലാതെ ഒളിച്ചിരുന്നത്, ഭ്രാന്തി​ന്റെ വക്കോളം ചെന്നെത്തിയത്... അതോർത്തപ്പോൾ ആ ഇരുട്ടിൽ, അട്ടഹാസത്തിനും ചിരികൾക്കും നടുവിൽ ഇരുന്ന് ഞാൻ തേങ്ങിക്കരഞ്ഞുപോയി. ആഘോഷത്തിനിടയിൽ പക്ഷേ ആരും അതു കണ്ടില്ല.’’

’90ൽ ‘കളിക്കളം’, ‘സസ്​നേഹം’, ‘തലയണമന്ത്രം’ (സത്യൻ അന്തിക്കാട്), ‘തൂവൽസ്​പർശം’, ‘ശുഭയാത്ര’, ‘പാവം പാവം രാജകുമാരൻ’ (കമൽ), ‘നമ്പർ 20 മദ്രാസ്​ മെയിൽ’ (ജോഷി), ‘ചെറിയ ലോകവും വലിയ മനുഷ്യരും’ (ചന്ദ്രശേഖരൻ), ‘സാന്ദ്രം’ (അശോകൻ – താഹ), ‘ഡോക്ടർ പശുപതി’ (ഷാജി കൈലാസ്​ ), ‘ഗജകേസരി യോഗം’ (പി.ജി. വിശ്വംഭരൻ), ‘മാളൂട്ടി’ (ഭരതൻ), ‘ഇന്നലെ’ (പത്മരാജൻ)... തുടങ്ങിയ സിനിമകൾ ഇന്നസെന്റിന് അളവറ്റ ജനപ്രീതി നേടിക്കൊടുത്തു. ഇതിൽ, ‘നമ്പർ 20 മദ്രാസ്​ മെയിലി’ൽ പാട്ടു പാടി അഭിനയിച്ച് നമ്മളെ ചിരിപ്പിച്ച ഇന്നസെന്റ് ‘ഗജകേസരി യോഗ’ത്തിലും ‘ഡോക്ടർ പശുപതി’യിലും നായകവേഷങ്ങളാണ് ചെയ്തത്.

ഹിന്ദി മാത്രം അറിയാവുന്ന ആനയോടു ഹിന്ദി പറഞ്ഞു മനസ്സിലാക്കാൻ ബുദ്ധിമുട്ടുന്ന ആനക്കാരൻ അയ്യപ്പൻ നായരെ വളരെ സ്വാഭാവികതയോടെ ഇന്നസെന്റ് അഭിനയിച്ചു ഫലിപ്പിച്ച സിനിമയായിരുന്നു ‘ഗജകേസരി യോഗം’. ‘നമ്പർ 20 മദ്രാസ്​ മെയിലി’ലെ ഇന്നസെന്റിന്റെ ടി.ടി.ഇ നാടാർ അത്ര പെട്ടെന്ന് മറക്കാൻ കഴിയുന്ന വേഷമല്ല.

ടോണി കുരിശിങ്കലും (മോഹൻലാൽ) സുഹൃത്തുക്കളും യാത്രചെയ്യുന്ന െട്രയിനിൽ ടി.ടി.ഇ ആയി വന്ന് അവരോടൊപ്പം ചേർന്ന് തമാശകൾ പറഞ്ഞും ആഹ്ലാദിച്ചും രസിക്കുന്ന രസികൻ കഥാപാത്രത്തെ ഇന്നസെന്റ്​ അദ്ദേഹത്തി​ന്റെ സ്വതഃസിദ്ധമായ നമ്പറുകളെല്ലാം ചേർത്ത് പൊലിപ്പിച്ച് അവിസ്​മരണീയമാക്കി. ‘‘ഇന്നെങ്കിൽ നാളെ വരും നാളെങ്കിൽ മറ്റന്നാൾ വരും എന്നെങ്കിലും എപ്പളും വരൂ ടോണിക്കുട്ടാ...’’ സിനിമയിൽ ഇന്നസെന്റ്​ പാടിയ ഈ പാട്ടും മറക്കാൻ കഴിയുന്നതല്ല.

’91–മലയാള സിനിമയിൽ ഇന്നസെന്റിന്റെകൂടി വർഷമായിരുന്നു. അത്രയേറെ ജനസമ്മതി നേടിയ കഥാപാത്രങ്ങളെയാണ് ആ വർഷം ഇന്നസെന്റ് അവതരിപ്പിച്ചത്. വില്ലൻ വേഷവും ആ വർഷം ചെയ്തു. പ്രിയദർശ​ന്റെ ‘കിലുക്ക’ത്തിലെ കിട്ടുണ്ണിയും സിദ്ദിഖ്-ലാലി​ന്റെ ‘ഗോഡ്ഫാദറി’ലെ സ്വാമിനാഥനും, സത്യൻ അന്തിക്കാടി​ന്റെ ‘സന്ദേശ’ത്തിലെ ഐ.എൻ.സി.പി ഓൾ ഇന്ത്യ പ്രസിഡന്റ് യശ്വന്ത് സഹായിയും ഭരത​ന്റെ ‘കേളി’യിലെ വില്ലൻ കഥാപാത്രം ലാസറും അഭിനയംകൊണ്ട് ഇന്നസെന്റ്​ അമ്പരപ്പിക്കുകയും വിസ്​മയിപ്പിക്കുകയും ചെയ്തു.

‘കിലുക്ക’ത്തിൽ ലോട്ടറിയടിച്ചതറിഞ്ഞ് ബോധംകെട്ടു വീഴുന്ന കിട്ടുണ്ണിയെ അവതരിപ്പിച്ച അതേ ഇന്നസെന്റ് തന്നെയാണ് ‘കേളി’യിൽ ക്രൂരതയുള്ള വില്ലനെ അവതരിപ്പിച്ച്​ ഭയപ്പെടുത്തി നിർത്തിയതും. ഇന്നസെന്റ്​ അഭിനയത്തി​ന്റെ ഉയരങ്ങളിലേക്കുള്ള പടവുകൾ കയറി പോകുന്ന കാഴ്ചയായിരുന്നു അത്. ‘ഉള്ളടക്ക’ത്തിലെ കുഞ്ഞച്ചൻ, ‘അപൂർവം ചിലരി’ലെ പ​േത്രാസ്​, ‘കടിഞ്ഞൂൽ കല്യാണ’ത്തിലെ പണിക്കർ, ‘കനൽക്കാറ്റി’ലെ ജോണി, ‘എന്നും നന്മകളി’ലെ തോറ്റ എം.എൽ.എ വിശ്വനാഥൻ (1991), ‘വിയറ്റ്നാം കോളനി’യിലെ കെ.കെ. ജോസഫ്, ‘അദ്വൈത’ത്തിലെ ശേഷാദ്രി അയ്യർ, ‘മക്കൾ മാഹാത്മ്യ’ത്തിലെ കുറുപ്പു മാഷ്, ‘ആയുഷ്‍കാല’ത്തിലെ ഗോപാല മേനോൻ (1992), ‘ദേവാസുര’ത്തിലെ വാര്യർ, ‘മണിച്ചിത്രത്താഴി’ലെ ഉണ്ണിത്താൻ, ‘മിഥുന’ത്തിലെ കെ.ടി. കുറുപ്പ് (1993), ‘പക്ഷേ’യിലെ ഇൗനാശു, ‘കാബൂളിവാല’യിലെ കന്നാസ്​, ‘സന്താനഗോപാല’ത്തിലെ അടിയോടി, ‘പവിത്ര’ത്തിലെ എരുശ്ശേരി, ‘പിൻഗാമി’യിലെ അഡ്വക്കറ്റ് അയ്യങ്കാർ (1994), ‘മാന്നാർ മത്തായി സ്​പീക്കിങ്ങി’ലെ മാന്നാർ മത്തായി (1995), ‘തൂവൽക്കൊട്ടാര’ത്തിലെ രാധാകൃഷ്ണൻ, ‘അഴകിയ രാവണ’നിലെ കരയോഗം പ്രസിഡന്റ് (1996), ‘ആറാം തമ്പുരാനി’ലെ എസ്​.ഐ ഭരതൻ, ‘ചന്ദ്രലേഖ’യിലെ ഇരവിക്കുട്ടി പിള്ള (1997), ‘ചിന്താവിഷ്ടയായ ശ്യാമള’യിലെ അച്യുതൻ നായർ, ‘അയാൾ കഥയെഴുതുകയാണി’ലെ മാമച്ചൻ (1998), ‘ഉസ്​താദി’ലെ കുഞ്ഞിപ്പാലു (1999), ‘കൊച്ചു കൊച്ചു സന്തോഷങ്ങളി’ലെ ജോസേട്ടൻ (2000), ‘ഇഷ്ട’ത്തിലെ നാരായണൻ, ‘നരേന്ദ്രൻ മകൻ ജയകാന്തൻ വക’യിലെ വെള്ളിക്കാല, ‘ദേവാസുര’ത്തിന്റെ രണ്ടാം ഭാഗമായ ‘രാവണപ്രഭു’വിലെ വാര്യർ (2001), ‘യാത്രക്കാരുടെ ശ്രദ്ധയ്ക്കി’ലെ പോൾ, ‘നന്ദന’ത്തിലെ കേശവൻ നായർ, ‘കല്യാണരാമനി’ലെ പോഞ്ഞിക്കര (2002), ‘മനസ്സിനക്ക​െര’യിലെ ചാക്കോ മാപ്പിള (2003), ‘നരനി’ലെ കേളപ്പൻ, ‘അച്ചുവി​ന്റെ അമ്മ’യിലെ പൗലോസ്​ (2005), ‘രസതന്ത്ര’ത്തിലെ മണികണ്ഠനാശാരി (2006), ‘വിനോദയാത്ര’യിലെ തങ്കച്ചൻ (2007), ‘ഇന്നത്തെ ചിന്താവിഷയ’ത്തിലെ ഇമ്മാനുവൽ (2008), ‘പത്താം നിലയിലെ തീവണ്ടി’യിലെ ശങ്കരനാരായണൻ, ‘ഭാഗ്യദേവത’യിലെ മാത്തച്ചൻ (2009), ‘ഒരു ഇന്ത്യൻ പ്രണയകഥ’യിലെ ഉതുപ്പ് വള്ളിക്കാടൻ (2013)... തുടങ്ങി എത്രയെത്ര കഥാപാത്രങ്ങളെയാണ് ഇന്നസെന്റ് അനശ്വരമാക്കിയത്.

നർമവും വൈകാരികതയും വില്ലനിസവും തുടങ്ങി എല്ലാ തലത്തിലും ഭാവാഭിനയത്തിന് വെല്ലുവിളിയാകുന്ന കഥാപാത്രങ്ങളെയാണ് ഇന്നസെന്റ്​ അവതരിപ്പിച്ച് ഉജ്ജ്വലമാക്കി മാറ്റിയത്. നർമം ചെയ്യുമ്പോഴുള്ള അസാധാരണമായ അനായാസതയും ജന്മസിദ്ധമായി കിട്ടിയ സർഗസിദ്ധിയും ഇന്നസെന്റിന്റെ മുതൽക്കൂട്ടായിരുന്നു. അഭിനയിച്ചതിലധികവും മനുഷ്യസ്​പർശമുള്ള കഥാപാത്രങ്ങളെയാണ്. സത്യൻ അന്തിക്കാടി​ന്റെ മിക്കവാറുമെല്ലാ സിനിമകളിലും മികച്ച വേഷങ്ങളാണ് ഇന്നസെന്റിന് ലഭിച്ചത്. കോമഡി സിനിമകളിൽനിന്നും മാറി ‘മഴവിൽക്കാവടി’യിലേതുപോലെ ഇന്നസെന്റ്​ ചെയ്ത അതിമനോഹരമായ കഥാപാത്രമായിരുന്നു ഐ.വി. ശശിയുടെ ‘ദേവാസുര’ത്തിലെ മോഹൻലാലി​ന്റെ സന്തതസഹചാരിയായ വാര്യർ.

സമർഥനായ ഒരു നടന് മാത്രം ചെയ്യാൻ കഴിയുന്ന ഒരു കഥാപാത്രത്തെ അസാധാരണമായ ഭാവവൈവിധ്യംകൊണ്ട് എവിടെയും അഭിമാനപൂർവം ഉയർത്തിക്കാട്ടാവുന്ന പ്രകടനമാക്കി മാറ്റി ഇന്നസെന്റ് ‘ദേവാസുര’ത്തിൽ. മോഹൻലാൽ മംഗലശ്ശേരി നീലകണ്ഠനായി നിറഞ്ഞാടിയ സിനിമയിൽ ലാലി​ന്റെ ഒപ്പത്തിനൊപ്പം നിൽക്കുന്ന അഭിനയ മുഹൂർത്തങ്ങളായിരുന്നു ഇന്നസെന്റും കാഴ്ചവെച്ചത്. ‘ദേവാസുര’ത്തിലെ വേഷം വന്നതിനെക്കുറിച്ച് ഇന്നസെന്റ്​ പറയുന്നു: ‘‘ഒരുദിവസം ലാൽ വന്ന് മുഖവുരയില്ലാതെ പറഞ്ഞു. ‘‘ഞാനൊരു പുതിയ സിനിമ ചെയ്യുന്നു. ഐ.വി. ശശിയാണ് സംവിധായകൻ. തിരക്കഥ രഞ്ജിത്തിന്റേതാണ്.

അതിലൊരു വേഷമുണ്ട്, അത് നിങ്ങൾ ചെയ്താൽ നന്നാകും’’ എന്ന്. എനിക്ക് വളരെയധികം തിരക്കുള്ളതിനാൽ ഒഴിഞ്ഞുമാറാൻ നോക്കിയപ്പോൾ ലാൽ സ്​ക്രിപ്റ്റ് മുഴുവൻ എ​ന്റെ കൈയിലേൽപിച്ച് ഒന്നു വായിച്ചുനോക്കാൻ പറഞ്ഞു. അന്നുതന്നെ ഞാൻ ഒറ്റയിരിപ്പിന് വായിച്ചു. ഉടനെ ലാലിനെ കാണാൻ മുറിയിൽച്ചെന്ന് സ്​ക്രിപ്റ്റ് തിരിച്ചേൽപിച്ച് പറഞ്ഞു, ‘ഞാൻ വാര്യരുടെ വേഷംചെയ്യുന്നു, നീലകണ്ഠാ...’ എന്ന്. ലാൽ ഉടനെ എന്നെ വന്നു കെട്ടിപ്പിടിച്ചു.’’

കോമഡി റോളുകൾ ചെയ്യുമ്പോഴുള്ള സവിശേഷമായ ശരീരഭാഷയും സംഭാഷണവും മുഖത്തെ ഭാവങ്ങൾ മിന്നിമറയുന്നതും ഇന്നസെന്റിന്റെ മാത്രം പ്രത്യേകതയായിരുന്നു. അദ്ദേഹം ചെയ്യുമ്പോൾ വളരെ നൈസർഗികമായി ഒഴുകിവരുന്നതുപോലെ നമുക്കനുഭവപ്പെട്ടു. അഭിനയത്തിലെ ഈ അനായാസതയാണ് നമുക്ക് ഏറ്റവും പരിചിതമായ മുഖമായി ഇന്നസെന്റ്​ ഇ​പ്പോഴും നമ്മുടെ മുന്നിൽ നിൽക്കുന്നത്.

‘‘തോന്നയ്ക്കൽ പഞ്ചായത്തിലെ ഓരോ അരിയും ഞാൻ പെറുക്കിയെടുത്തു...’’ (അഴകിയ രാവണൻ), ‘‘ഇതല്ല, ഇതിനപ്പുറം ചാടിക്കടന്നവനാണീ കെ.കെ. ജോസഫ്...’’ (വിയറ്റ്നാം കോളനി), ‘‘അടിച്ചു മോളേ...’’ (കിലുക്കം), ‘‘മോന്തയ്ക്കൊന്നു കൊടുത്തിട്ട് കണ്ണാടിയെടുത്ത് കാണിച്ചുകൊടുക്കെടാ, അപ്പം കാണും മാർക്ക്...’’ (മിഥുനം)... തുടങ്ങി ഇന്നസെന്റ് അനശ്വരമാക്കിയ ഡയലോഗുകൾ എത്ര വർഷങ്ങൾ കഴിഞ്ഞിട്ടും നമ്മളിപ്പോൾ കേട്ടാലും ചിരിയടക്കാനാവാത്തതാണ്. മലയാള സിനിമക്ക് ‘ചിരിയുടെ ഔഷധം’ കൊണ്ടുവന്ന നടനാണ് ഇന്നസെന്റ്​. ചിരിയിൽ ഇന്നസെന്റ്​ പകരക്കാരനില്ലാത്ത നടനായി മാറുന്നതും അതുകൊണ്ടാണ്.

കേരളത്തി​ന്റെ കലാ സാംസ്​കാരിക രാഷ്ട്രീയ ചരിത്രത്തിൽ വേദനാപൂർണമായ വേർപാടായിരുന്നു ഇന്നസെന്റിന്റെ മരണം. മലയാളികൾക്ക് ചിരിയുടെ ഉത്സവകാലം സമ്മാനിച്ച്, സങ്കടങ്ങളെ നർമംകൊണ്ട് മറികടക്കാമെന്ന് തെളിയിച്ച വിസ്​മയാവഹമായ പ്രതിഭയുടെ പേരാണ് ഇന്നസെന്റ്​. 2023 മാർച്ച് 26ന് 75ാം വയസ്സിൽ അദ്ദേഹം വിട പറഞ്ഞപ്പോൾ അഭിനയത്തിലും എഴുത്തിലും പ്രസംഗത്തിലും, എല്ലായിടത്തും ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന സർഗധനനായ കലാകാരനെയാണ് നമുക്ക് എ​െന്നന്നേക്കുമായി നഷ്​ടമായത്. കാൻസർ എന്ന മഹാരോഗത്തെ ധീരമായി നേരിട്ട അനിതരസാധാരണമായ പ്രതിരോധത്തി​ന്റെ കഥയാണ് ഇന്നസെൻിന്റേത്.

 

ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും ഹാസ്യംകൊണ്ടു തോൽപിച്ച കലാകാരനായിരുന്നു ഇന്നസെന്റ്. അഞ്ചു പതിറ്റാണ്ട് ​െകാണ്ട് അഞ്ഞൂറിലേറെ സിനിമകളിലഭിനയിച്ച ഇന്നസെന്റ്​ മലയാളം കൂടാതെ തമിഴിലും ഹിന്ദിയിലും അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ തുടരെ വേഷങ്ങൾ കിട്ടാതെ ഒരു രീതിയിലും പിടിച്ചുനിൽക്കാൻ പറ്റാത്ത അവസ്ഥയിൽപോലും ഡേവിഡ് കാച്ചപ്പിള്ളിയുമായി ചേർന്ന് ശത്രു ഫിലിംസി​ന്റെ ബാനറിൽ നിർമിച്ചതു മുഴുവനും സമാന്തര സിനിമകളായിരുന്നു.

കലയുടെ ആത്മാവുള്ള സിനിമകൾ! മലയാളത്തിലിറങ്ങിയ പല നല്ല സിനിമകളുടെയും കഥ, തിരക്കഥാ ചർച്ചകളിൽ ഇന്നസെന്റിന്റെ സംഭാവനയും ഉണ്ടായിട്ടുണ്ട്. ‘പാവം ഐ.എ. ഐവാച്ചൻ’, ‘കീർത്തനം’ തുടങ്ങിയ രണ്ട് സിനിമകൾക്ക് കഥയെഴുതിയതും ഇന്നസെന്റായിരുന്നു. സിനിമയിൽ വലിയ പേരെടുത്തപ്പോഴും ഇരിങ്ങാലക്കുടയിൽ ജീവിക്കാൻ തന്നെയായിരുന്നു ഇന്നസെന്റ്​ ആഗ്രഹിച്ചത്. കൂടെയുണ്ടായിരുന്ന പലരും സിനിമയുടെ തട്ടകം നോക്കി മദ്രാസിലേക്കും പിന്നീട്, കൊച്ചിയിലേക്കും താമസം മാറിയപ്പോഴും ഇരിങ്ങാലക്കുടയിൽ ജീവിച്ച്, ഇരിങ്ങാലക്കുടക്കാരൻ എന്നറിയപ്പെട്ട്, ഇരിങ്ങാലക്കുടക്കാരനായി മരിക്കാനാണിഷ്ടമെന്ന് ഇന്നസെന്റ്​ എപ്പോഴും പറയുമായിരുന്നു.

‘ചിരിക്കു പിന്നിൽ’, ‘ഞാൻ ഇന്നസെന്റ്​’, ‘കാൻസർ വാർഡിലെ ചിരി’, ‘ദൈവത്തെ ശല്യപ്പെടുത്തരുത്’, ‘ഈ ലോകം അതിലൊരു ഇന്നസെന്റ്’, ‘മഴക്കണ്ണാടി’ തുടങ്ങി ഇന്നസെന്റ്​ എഴുതിയ പുസ്​തകങ്ങൾ വെറും ഗൃഹാതുരസ്​മരണകൾ മാത്രമല്ല അതിൽ, അനാവൃതമാക്കുന്ന ജീവിതമേഖലകളുടെ വൈചിത്യ്രവും അനുഭവങ്ങളുടെ വൈവിധ്യവും ഏറ്റവും സഫലവും സാർഥകവുമായി നമുക്കനുഭവിക്കാം. സ്​നേഹവും മാനുഷികതയും ജീവിതമൂല്യങ്ങളും എല്ലാം കടന്നുവരുന്ന ഉള്ളുലക്കുന്ന ജീവിത ചിത്രങ്ങളാണത്. ഓരോ മനുഷ്യനും നിർബന്ധമായും വായിച്ചിരിക്കേണ്ട, പഠിച്ചിരിക്കേണ്ട ജീവിത പാഠപുസ്​തകങ്ങളുമാണത്.

News Summary - weekly culture film and theatre