Begin typing your search above and press return to search.
proflie-avatar
Login

തിരമലയാളത്തിലെ ‘ചിറകൊടിഞ്ഞ പൈങ്കിളികള്‍’

തിരമലയാളത്തിലെ ‘ചിറകൊടിഞ്ഞ പൈങ്കിളികള്‍’
cancel

‘പൈങ്കിളി’ സാഹിത്യത്തെ മലയാള സിനിമ പലവിധത്തിൽ പരിഹസിക്കുകയും ആക്രമിക്കുകയും ചെയ്​തിട്ടുണ്ട്​. പൈങ്കിളി മോശമാണെന്ന്​ ആക്ഷേപിക്കുന്ന സിനിമകളും സീരിയലുകളും സമാനമായ ‘പൈങ്കിളി’തന്നെയാണ്​ വിളമ്പുന്നത്​ എന്ന മറ്റൊരുവിമർശനവുമുണ്ട്​. മലയാള സിനിമ ‘ജനപ്രിയ’ സാഹിത്യത്തെ എങ്ങനെയാണ്​ കൈകാര്യം ചെയ്​തത്​ എന്ന്​ പരിശോധിക്കുകയാണ്​ സിനിമാ നിരൂപകനും ഗവേഷകനുമായ ലേഖകൻ. പണ്ഡിത ന്യൂനപക്ഷത്തിന്റെ വരേണ്യയുക്തികളാണോ പൈങ്കിളി പരിഹാസത്തിനു കാരണം ?-ഒരു സംവാദത്തിന്​ തിരികൊളുത്തുകയാണ്​ ഇൗ പഠനം.​സംസ്കാരപഠനമെന്ന അക്കാദമിക പഠനശാഖയുടെ വികാസത്തിനുശേഷം സജീവമായ ചര്‍ച്ചകള്‍ക്ക് വിധേയമായ...

Your Subscription Supports Independent Journalism

View Plans
‘പൈങ്കിളി’ സാഹിത്യത്തെ മലയാള സിനിമ പലവിധത്തിൽ പരിഹസിക്കുകയും ആക്രമിക്കുകയും ചെയ്​തിട്ടുണ്ട്​. പൈങ്കിളി മോശമാണെന്ന്​ ആക്ഷേപിക്കുന്ന സിനിമകളും സീരിയലുകളും സമാനമായ ‘പൈങ്കിളി’തന്നെയാണ്​ വിളമ്പുന്നത്​ എന്ന മറ്റൊരുവിമർശനവുമുണ്ട്​. മലയാള സിനിമ ‘ജനപ്രിയ’ സാഹിത്യത്തെ എങ്ങനെയാണ്​ കൈകാര്യം ചെയ്​തത്​ എന്ന്​ പരിശോധിക്കുകയാണ്​ സിനിമാ നിരൂപകനും ഗവേഷകനുമായ ലേഖകൻ. പണ്ഡിത ന്യൂനപക്ഷത്തിന്റെ വരേണ്യയുക്തികളാണോ പൈങ്കിളി പരിഹാസത്തിനു കാരണം ?-ഒരു സംവാദത്തിന്​ തിരികൊളുത്തുകയാണ്​ ഇൗ പഠനം.​

സംസ്കാരപഠനമെന്ന അക്കാദമിക പഠനശാഖയുടെ വികാസത്തിനുശേഷം സജീവമായ ചര്‍ച്ചകള്‍ക്ക് വിധേയമായ പരികല്‍പനകളിലൊന്നാണ് ജനപ്രിയത. സംസ്കാരത്തെ സംബന്ധിച്ച് നിലനിന്നിരുന്ന വ്യവഹാര മാതൃകകളെല്ലാം ഇക്കാലയളവില്‍ പ്രശ്നവത്കരിക്കപ്പെടുകയും പുനര്‍വിചിന്തനത്തിന് വിധേയമാകുകയും ചെയ്തിട്ടുണ്ട്. അതിനാൽതന്നെ, സംസ്കാരപഠനത്തിന്റെ നോക്കുപാടില്‍ വികസിച്ച ചലച്ചിത്രനിരൂപണവും ചലച്ചിത്രപഠനവും ജനപ്രിയ സിനിമകളെക്കൂടി അഭിസംബോധന ചെയ്യുന്നവയാണ്. കലാസിനിമകളെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിത്രങ്ങളില്‍ മാത്രമൊതുങ്ങിയിരുന്ന മലയാളത്തിലെ ചലച്ചിത്ര നിരൂപണ പദ്ധതി, ജനസാമാന്യത്തിന്റെ അഭിരുചികളെക്കൂടി പരിഗണനാവിഷയമായി അംഗീകരിക്കുന്നത് സംസ്കാരപഠനത്തിന്റെ ആവിര്‍ഭാവത്തോടുകൂടിയാണ്.

ജനപ്രിയ സംസ്കാരപഠനത്തില്‍ വന്നുചേര്‍ന്നിട്ടുള്ള പ്രത്യയശാസ്ത്ര വിമര്‍ശനമാതൃക മാര്‍ക്സിസ്റ്റ് വിമര്‍ശനത്തിന്റെ സ്വാധീനത്തിലാണ് രൂപമെടുത്തിട്ടുള്ളത്. കൂടാതെ, സാമൂഹിക- സാംസ്കാരിക ബന്ധങ്ങളില്‍ അന്തര്‍ലീനമായിരിക്കുന്ന ജാത്യധികാര സൂചനകള്‍ ഇഴപിരിച്ചെടുത്ത് പരിശോധിക്കുന്നതില്‍ കീഴാള സംസ്കാരപഠനവും (Subaltern Cultural Studies) സക്രിയമായി ഇടപെട്ടിട്ടുണ്ട്. മറ്റൊരർഥത്തില്‍, വിശാലമായ ഇടതുപക്ഷ പ്രത്യയശാസ്ത്രനിരൂപണത്തിന്റെ സ്വാധീനം സിനിമയടക്കമുള്ള സാംസ്കാരികോല്‍പന്നങ്ങളുടെ വിമര്‍ശനാത്മകമായ വിശകലനത്തില്‍ പങ്കുവഹിക്കുന്നു.


എന്നാല്‍, മറ്റൊരു പരിപ്രേക്ഷ്യത്തില്‍ ചിന്തിക്കുമ്പോള്‍, ജനസാമാന്യത്തിന്റെ അഭിരുചികളുടെ ഭാഗമായി നിലനില്‍ക്കുന്ന ജനപ്രിയ സാംസ്കാരിക രൂപങ്ങള്‍ ഏകശിലാത്മകമായി മാത്രം വിമര്‍ശനവിധേയമാകുന്നില്ലേയെന്ന സംശയം ബാക്കിയാകുന്നു. ജനപ്രിയ കലാരൂപങ്ങളായ ചലച്ചിത്രം, ടെലിവിഷന്‍ പരിപാടികള്‍ എന്നിവ ആത്യന്തികമായി മുതലാളിത്ത വ്യവസ്ഥിതിയുടെ ഉൽപന്നങ്ങളാണെന്ന വസ്തുത നിലനില്‍ക്കുമ്പോള്‍തന്നെ, അവയെ നിത്യജീവിത വ്യവഹാരങ്ങളുടെ ഭാഗമായി സമീപിക്കുന്ന ജനസാമാന്യത്തിന്റെ അഭിരുചികള്‍ ആരുടെ കണ്‍വഴികളിലാണ് സാംസ്കാരിക മൂല്യച്യുതിയായി പരിണമിക്കുന്നത്? ജനപ്രിയ മാധ്യമങ്ങളിലൂടെ പ്രക്ഷേപിക്കപ്പെടുന്ന സ്ത്രീവിരുദ്ധ, ജാതിവിരുദ്ധ, സാമൂഹികവിരുദ്ധ നിലപാടുകള്‍ വിമര്‍ശനാത്മകമായി കണ്ടെടുക്കുമ്പോള്‍ എന്തുകൊണ്ടാണിവ ബഹുജനത്തിന് പ്രിയങ്കരമായി തുടരുന്നതെന്നത് അന്വേഷിക്കപ്പെടുന്നില്ല.

ജനപ്രിയ സാംസ്കാരിക രൂപങ്ങളെല്ലാം പുരോഗമന വിരുദ്ധ നിലപാടുകള്‍ പ്രഖ്യാപിക്കുന്ന വിപണിയുടെയും മുതലാളിത്തത്തിന്റെയും നിര്‍മിതികളാണെന്ന മുന്‍വിധി പിന്‍പറ്റുന്ന വിമര്‍ശന/ ഗവേഷണ രീതിശാസ്ത്ര പദ്ധതികള്‍ പൂര്‍വനിശ്ചിതമായ പരിണിതഫലം മാത്രമാണ് ഉൽപാദിപ്പിക്കുക. അതുകൊണ്ടു തന്നെ, സംസ്കാരപഠനത്തിന്റെ പലമ അഭിസംബോധന ചെയ്യുന്ന രീതിശാസ്ത്ര പദ്ധതികള്‍ അനിവാര്യമാകുന്നു.

ഇത്തരം മുന്നറിവുകളുടെ പശ്ചാത്തലത്തിലാണ് ജനപ്രിയ സിനിമ, ജനപ്രിയസാഹിത്യം തുടങ്ങിയവയെ ഈ ലേഖനത്തില്‍ തുടര്‍ന്ന് പരിശോധിക്കുന്നത്. മറ്റേതൊരു മേഖലയിലുമുള്ളതിന് സമാനമായി, സാംസ്കാരിക രൂപങ്ങള്‍ക്കുള്ളിലും പ്രകടമായ തോതില്‍ അധികാര ശ്രേണീകരണം നടപ്പിലായിട്ടുണ്ട്. ‘ഉദാത്ത’ സാഹിത്യാസ്വാദകരുടെ മുന്നില്‍ ജനപ്രിയ സാഹിത്യത്തിനും സിനിമക്കും (വിശേഷിച്ച് ജനപ്രിയ സിനിമക്ക്) കീഴ്നിലയാണുള്ളത്. സിനിമയുടെ കലാപരിസരത്തിനുള്ളിലാകട്ടെ, കലാ സിനിമാസ്വാദകരുടെ നോക്കുപാടില്‍ വിപണിയുടെ ബലതന്ത്രങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന വാണിജ്യസിനിമയുടെ നിലവാരം ശോച്യമാണ്. ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ട മറ്റൊരു അധീശത്വ നിലപാടാണ് ജനപ്രിയസിനിമയുടെ കണ്ണിലെ ജനപ്രിയ സാഹിത്യത്തിന്റെ നില.

വിപണിവിജയത്തിന് കാരണമായ നിരവധി സിനിമകള്‍ക്ക് കഥാപശ്ചാത്തലമായി ജനപ്രിയ സാഹിത്യം വര്‍ത്തിച്ചിട്ടുണ്ടെങ്കിലും ജനപ്രിയ സാഹിത്യവും അവയുടെ രചയിതാക്കളും സിനിമയുടെ പ്രമേയപരിസരത്തില്‍ പരിഹാസ്യരാണ്. എന്തുതരം മൂല്യവിചിന്തനങ്ങളുടെ അടിസ്ഥാനത്തിലാണ് കലാ-സാംസ്കാരിക രൂപങ്ങള്‍ക്കിടയിലെ ആഭിജാത്യമാതൃകകള്‍ നിര്‍മിക്കപ്പെടുന്നതെന്ന അന്വേഷണം പ്രസക്തമാണ്. ബഹുജന സാമാന്യത്തിന്റെ അഭിരുചികളെ അഭിസംബോധന ചെയ്യുന്നതും കലാനിരൂപണത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന അധികാരബോധത്തെ വിമര്‍ശനാത്മകമായി സമീപിക്കുന്നതുമായ രീതിശാസ്ത്ര പദ്ധതി ഇത്തരമൊരു പരിശോധനക്ക് അനിവാര്യമാണ്.

ജനപ്രിയത: നിഗമനങ്ങള്‍, നിലപാടുകള്‍

കലാവിമര്‍ശനത്തിന്റെയും അക്കാദമിക സംവാദങ്ങളുടെയും പരിസരങ്ങളില്‍ വ്യാപകമായി ചര്‍ച്ച ചെയ്തിട്ടുള്ള സംജ്ഞയാണ് സംസ്കാരം. കൾചര്‍ എന്നത് ഇംഗ്ലീഷ് ഭാഷയിലെ സങ്കീര്‍ണമായ പദാവലികളിലൊന്നാണെന്നാണ് റെയ്മണ്ട് വില്യംസ് അഭിപ്രായപ്പെടുന്നത്.1 സംസ്കാരത്തെക്കുറിച്ച് നിലവിലുള്ള അനവധി നിര്‍വചനങ്ങളുടെയും നിലപാടുകളുടെയും വൈവിധ്യത്തെയാണ് വില്യംസ് ഇവിടെ അടിവരയിടുന്നത്. മാത്യു അർനോള്‍ഡിന്റെ അഭിപ്രായത്തില്‍ സംസ്കാരമെന്നത് ചിന്തയിലൂടെയും പ്രയോഗത്തിലൂടെയും സമൂഹത്തില്‍ വിനിമയംചെയ്യപ്പെടുന്ന മികവിന്റെ സംഘാതമാണ്.2 അടിസ്ഥാനവര്‍ഗ ജനതയുടെ പ്രാകൃതവും അസംസ്കൃതവുമായ ജീവിതചര്യകളില്‍നിന്ന് വ്യത്യസ്തമായതും പരിഷ്കൃത ഇംഗ്ലീഷ് സമൂഹത്തിന്റെ ഉയര്‍ന്ന ജീവിതനിലവാരവുമാണ് സംസ്കാരമെന്ന് അദ്ദേഹം വിവക്ഷിക്കുന്നു. സംസ്കാരത്തിന്റെ മലീമസമായ അവസ്ഥയെ അരാജകത്വം (Anarchy) എന്നാണദ്ദേഹം വിശേഷിപ്പിക്കുന്നത്. ഇതില്‍നിന്ന് ഏറെ ഭിന്നമല്ലാത്ത നിലപാടാണ് സംസ്കാര വിമര്‍ശകനായ എഫ്.ആര്‍. ലീവിസ് ‘Mass Civilization and Minority Culture’ എന്ന ലേഖനത്തില്‍ പങ്കുവെക്കുന്നത്. സംസ്കാരത്തെ ഒരു ന്യൂനപക്ഷ വ്യവസ്ഥയായാണ്3 അദ്ദേഹം നോക്കിക്കാണുന്നത്. മറ്റൊരർഥത്തില്‍, വരേണ്യ പണ്ഡിത ന്യൂനപക്ഷത്തിന്റെ ആസ്വാദനനിലവാരവും അഭിരുചിയുമാണ് ലീവിസിന്റെ ഭാഷ്യത്തില്‍ സംസ്കാരം. യന്ത്രവത്കരണം, ഹോളിവുഡ് സിനിമ, പരസ്യങ്ങള്‍ എന്നിവയെ സാംസ്കാരിക ദുഷിപ്പുകളായും അദ്ദേഹം പരിഗണിക്കുന്നു.

സംസ്കാരവ്യവസായത്തെക്കുറിച്ച് (Culture Industry) വിശദീകരിക്കുന്ന ‘The Culture Industry: Enlightenment as Mass Deception’ എന്ന ലേഖനത്തില്‍ തിയഡോര്‍ അഡോണോ, മാക്സ് ഹോര്‍ഖ് ഹെയ്മര്‍ എന്നീ ഫ്രാങ്ക്ഫര്‍ട്ട് സ്കൂള്‍ മാര്‍ക്സിസ്റ്റ് ചിന്തകര്‍ മുതലാളിത്ത വ്യവസ്ഥിതിയുടെ ഉൽപന്നങ്ങളായ റേഡിയോ, ഹോളിവുഡ് സിനിമകള്‍, പത്രം, പരസ്യങ്ങള്‍ എന്നിവയെ നിശിതമായി വിമര്‍ശിക്കുന്നു. ഉപഭോക്താക്കളെ നിര്‍മിക്കുകയും അവരുടെ അഭിരുചികളെ നിയന്ത്രിക്കുകയും ചെയ്യുന്ന ഒന്നായാണ് സംസ്കാരവ്യവസായത്തെ അവര്‍ പരിഗണിക്കുന്നത്. “...culture today is infecting everything with sameness...” എന്നൊരു കാഴ്ചപ്പാടും അവര്‍ പങ്കുവെക്കുന്നുണ്ട്.

സംസ്കാരത്തെക്കുറിച്ചുള്ള വിശാലവും തുറവിയുള്ളതുമായ കാഴ്ചപ്പാടുകള്‍ പ്രധാനമായും സ്റ്റുവര്‍ട്ട് ഹാള്‍, റെയ്മണ്ട് വില്യംസ് തുടങ്ങിയ ചിന്തകരിലാണ് കാണാനാകുന്നത്. ഹാളിന്റെ നിരീക്ഷണത്തില്‍ സംസ്കാരമെന്നത് പങ്കുവെക്കപ്പെടുന്ന അർഥതലത്തെ4 സൂചിപ്പിക്കുന്നു. മറ്റൊരു തരത്തില്‍, സംസ്കാരമെന്ന പദത്തിനുമേല്‍ ആരോപിതമായിരുന്ന ദിവ്യത്വം, പരിശുദ്ധി തുടങ്ങിയ പരിവേഷങ്ങളെ ഹാളിന്റെ നിര്‍വചനം റദ്ദ് ചെയ്യുന്നു. സമാനമായ കാഴ്ചപ്പാട് വില്യംസും പങ്കുവെക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ‘Culture and Society’ എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ സംസ്കാരത്തെക്കുറിച്ചുള്ള പൂര്‍വകാല നിര്‍വചനങ്ങളെയും കാലികമായ പരിണാമങ്ങളെയും ഇപ്രകാരം അടയാളപ്പെടുത്തുന്നു. “...culture meant a state or habit of the mind or the body of intellectual and moral activities, it means now, also, a whole way of life...” ചുരുക്കത്തില്‍, വില്യംസിന്റെ കാഴ്ചപ്പാടില്‍ ജീവിതത്തിന്റെ സമഗ്രമായ അവസ്ഥയാണ് സംസ്കാരം.

സംസ്കാരത്തെക്കുറിച്ചുള്ള നിര്‍വചനങ്ങളില്‍ അരങ്ങേറിയിട്ടുള്ള പരിണാമങ്ങള്‍ക്ക് സമാനമായി, ജനപ്രിയ സാഹിത്യത്തെക്കുറിച്ചുള്ള വരേണ്യ പണ്ഡിത ന്യൂനപക്ഷ കാഴ്ചപ്പാട് മാറിയിട്ടില്ല എന്നതില്‍ തര്‍ക്കമില്ല. ക്യു.ഡി. ലീവിസിന്റെ Fiction and Reading Public എന്ന പുസ്തകത്തില്‍ നോവലുകളെ രണ്ടായി ഇനം തിരിക്കുന്നു. ഉദാത്ത നോവലുകളും (Great Novels) വാണിജ്യ നോവലുകളും (Best Sellers). ഉദാത്ത നോവലുകള്‍ ഉത്കൃഷ്ട കാവ്യങ്ങള്‍ക്കു സമാനമായ തലത്തില്‍ അനുവാചകരെ ഉയര്‍ത്തുമ്പോള്‍, കച്ചവടസാഹിത്യം നിരവധി അനഭിലഷണീയ പ്രവണതകള്‍ക്ക് (undesirable attitudes) വഴിതുറക്കുന്നു. ജനപ്രിയ കല- സാംസ്കാരിക രൂപങ്ങളായ സിനിമ, മാസികകള്‍, പത്രം, ജാസ് സംഗീതം തുടങ്ങിയവ മാനസികമായ ഔന്നിത്യം പ്രാപിക്കുന്നതില്‍നിന്ന് മനുഷ്യസമൂഹത്തെ തടസ്സപ്പെടുത്തുന്നുവെന്നും അവര്‍ നിരീക്ഷിക്കുന്നുണ്ട്.

ജനപ്രിയ കലാരൂപങ്ങളോടുള്ള പണ്ഡിത ന്യൂനപക്ഷത്തിന്റെ കാഴ്ചപ്പാടുകളില്‍ കാതലായ പരിവര്‍ത്തനങ്ങള്‍ ഇപ്പോഴും സംഭവിച്ചിട്ടില്ല. മുമ്പ് സൂചിപ്പിച്ചതുപോലെ സാഹിത്യ നിരൂപകരുടെ നിഗമനങ്ങളില്‍ സിനിമയും ലാവണ്യ-പ്രത്യയശാസ്ത്ര നിരൂപകരുടെ നോക്കുപാടില്‍ വാണിജ്യസിനിമയും നിസ്സാരമായ കലാവിഷ്കാരങ്ങളായി പരിണമിക്കുന്നു. ഇത്തരമൊരു പശ്ചാത്തലത്തിലാണ് കേരളത്തിലെ സാഹിത്യ-സിനിമാ ഭാവുകത്വ നിര്‍മിതി പരിശോധിക്കപ്പെടേണ്ടത്.

സാഹിത്യവും സിനിമയും തമ്മിലെന്ത്?

കേരളത്തില്‍ നിര്‍മിക്കപ്പെട്ട രണ്ടാമത്തെ നിശ്ശബ്ദ സിനിമയിലാരംഭിക്കുന്ന സാഹിത്യവുമായുള്ള ബന്ധം മലയാള ചലച്ചിത്രലോകം ഇന്നും നിര്‍ബാധം തുടരുന്നു. മലയാള സിനിമയുടെ ഖ്യാതി ലോകമെമ്പാടും എത്തിച്ചതില്‍ സാഹിത്യത്തിനും അനുകല്‍പനത്തിനും സവിശേഷ പങ്കുണ്ട്. സി.വി. രാമന്‍പിള്ളയുടെ മാര്‍ത്താണ്ഡവര്‍മ മുതല്‍, ബെന്യാമിന്‍, എസ്. ഹരീഷ്, ജി.ആര്‍. ഇന്ദുഗോപന്‍, വിനോയ് തോമസ് തുടങ്ങിയ പുതിയ കാലത്തെ എഴുത്തുകാരുടെ രചനകള്‍ വരെ വിവിധ കാലങ്ങളിലും തലങ്ങളിലും മലയാളത്തില്‍ അനുകല്‍പന വിധേയമായിട്ടുണ്ട്.

എഴുപതുകളില്‍ മലയാള സിനിമയില്‍ ശക്തമായ സാന്നിധ്യമറിയിച്ച എം.ഒ. ജോസഫിന്റെ മഞ്ഞിലാസ് അവതരിപ്പിച്ച സിനിമകളിലേറെയും സാഹിത്യകൃതികളുടെ അനുകല്‍പനങ്ങളായിരുന്നു. സമാനമായി, അക്കാലയളവിലെ പ്രേക്ഷക- നിരൂപക ശ്രദ്ധ നേടിയ നിരവധി ചിത്രങ്ങള്‍ പ്രമേയം സ്വീകരിച്ചത് സാഹിത്യകൃതികളില്‍നിന്നു തന്നെയാണ്. മലയാള ചലച്ചിത്ര വ്യവസായത്തിന്റെ അടിത്തറ പാകിയവരില്‍ പ്രധാനികളായിരുന്ന കുഞ്ചാക്കോ, പി. സുബ്രഹ്മണ്യം എന്നിവര്‍ യഥാക്രമം വടക്കന്‍പാട്ട് സിനിമകള്‍, പുരാണാനുകല്‍പന സിനിമകള്‍ എന്നീ മേഖലകളിലേക്ക് സജീവമായി ചുവടുമാറുന്ന കാലത്തോളം ചലച്ചിത്ര പ്രമേയങ്ങള്‍ക്കായി ആശ്രയിച്ചത് മലയാള സാഹിത്യശാഖയെയാണ്.

മുട്ടത്തു വര്‍ക്കി

മുട്ടത്തു വര്‍ക്കി

മുട്ടത്തു വര്‍ക്കി (‘പാടാത്ത പൈങ്കിളി’, ‘മറിയക്കുട്ടി’, ‘ഇണപ്രാവുകള്‍’ തുടങ്ങിയവ), കാനം ഇ.ജെ (‘ഭാര്യ’, ‘കാട്ടുമല്ലിക’, ‘അധ്യാപിക’ തുടങ്ങിയവ) മുതല്‍ പമ്മന്‍ (‘അടിമകള്‍’, ‘ചട്ടക്കാരി’ തുടങ്ങിയവ) വരെയുള്ള എഴുത്തുകാര്‍ ചലച്ചിത്ര മേഖലയില്‍ സവിശേഷമായി അടയാളപ്പെട്ടിട്ടുണ്ട്. ജനപ്രിയ രചനക്കുള്ള വിപണിസ്വീകാര്യത മനസ്സിലാക്കിയ മലയാള ചലച്ചിത്ര വ്യവസായം പ്രണയ-കണ്ണീര്‍-രതി കഥകളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. മറ്റൊരർഥത്തില്‍, ഉദാത്ത സാഹിത്യ സൃഷ്ടികളെന്നോ, ജനപ്രിയ/പൈങ്കിളി രചനകളെന്നോ മൂല്യവിചാരണക്ക് വിധേയമാക്കാതെ മലയാള സിനിമാവ്യവസായത്തിന്റെ പ്രാരംഭകാലം മുതല്‍ സാഹിത്യം സിനിമാ മേഖലയില്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

ജനപ്രിയ സാഹിത്യരചനകളുടെ ചരിത്രമെന്നത് സാക്ഷരകേരളത്തിന്റെ ചരിത്രത്തിലെ ഒരധ്യായം കൂടിയായി പരിഗണിക്കേണ്ടിയിരിക്കുന്നു. അക്ഷരാഭ്യാസം നേടിയ കേരളീയ സമൂഹത്തിലെ ജനസാമാന്യം വായനക്കായി കൂടുതലും ആശ്രയിച്ചതും പില്‍ക്കാലത്ത് ‘മാ പ്രസിദ്ധീകരണങ്ങള്‍’ എന്ന പേരില്‍ പരിഹസിക്കപ്പെട്ട (‘മംഗളം’, ‘മലയാള മനോരമ’, ‘മനോരാജ്യം’) വാരികകളായിരുന്നു. ഇവയിലെ രചനകള്‍ പിന്നീട് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ഗ്രാമീണ വായനശാലകളില്‍ വായന സമൂഹം അവയെ തേടിയെത്തി.

മുട്ടത്തു വര്‍ക്കി, കാനം ഇ.ജെ, കോട്ടയം പുഷ്പനാഥ്, ബാറ്റന്‍ബോസ്, മാത്യു മറ്റം, ഏറ്റുമാനൂര്‍ ശിവകുമാര്‍, മല്ലിക യൂനിസ്, എം.ഡി. രത്നമ്മ, കമല ഗോവിന്ദ്, പി.വി. തമ്പി, സുധാകര്‍ മംഗളോദയം, മോഹനകൃഷ്ണന്‍, ജോയ്സി (ജോസി വാഗമറ്റം, ജോസി ജൂനിയര്‍, സി.വി. നിര്‍മല എന്നീ തൂലികാനാമങ്ങളുണ്ട്) എന്നിവര്‍ മുതല്‍ സമകാലിക രചയിതാക്കളില്‍ ശ്രദ്ധേയനായ അനു ബാബു വരെ (പട്ടിക അപൂര്‍ണം) നീണ്ടുനില്‍ക്കുന്ന ശക്തമായ പാരമ്പര്യമാണ് ജനപ്രിയ സാഹിത്യശാഖക്കുള്ളത്. ഇവയില്‍ പലരുടെയും രചനകള്‍ സിനിമകളായും ടെലിവിഷന്‍ പരമ്പരകളായും അനുകല്‍പനം ചെയ്യപ്പെട്ടിട്ടുണ്ട്. പ്രണയം, കണ്ണീര്‍ക്കഥകള്‍ എന്നിവക്കു പുറമെ കുറ്റാന്വേഷണ നോവലുകളും ഹൊറര്‍ നോവലുകളും മാന്ത്രിക നോവലുകളും ജനപ്രിയാഖ്യാനങ്ങളുടെ വിശാല പരിസരങ്ങളിലുള്‍പ്പെടുന്നു.

ജനലക്ഷങ്ങളുടെ ആശയാഭിലാഷങ്ങളെ പൂര്‍ത്തീകരിക്കുവാനും താൽക്കാലികമായെങ്കിലും മായികവും ഭ്രമാത്മകവുമായ കഥാന്തരീക്ഷത്തിലേക്ക് അവരെ ആകര്‍ഷിക്കാനും സാധിച്ച ജനപ്രിയ സാഹിത്യ രചനാപാടവത്തെ മലയാള സാഹിത്യ നിരൂപണം എപ്രകാരമാണ് സമീപിച്ചത്? അവരുടെ നോക്കുപാടില്‍ സിനിമയെന്ന കലാരൂപം എപ്രകാരമാണ് സ്ഥാനപ്പെട്ടത്? സാഹിത്യവാരഫലമെന്ന പംക്തിയിലൂടെ സാഹിത്യമൂല്യവിചിന്തനം നടത്തിയ സാഹിത്യ പത്രപ്രവര്‍ത്തകനായിരുന്നു എം. കൃഷ്ണന്‍ നായര്‍. അദ്ദേഹത്തിന്റെ ‘പൈങ്കിളി നോവലും സിനിമയും’ എന്ന ലേഖനത്തില്‍ ഉദാത്ത സാഹിത്യകൃതികളോട് താരതമ്യപ്പെടുത്തി സിനിമയെയും (വിശേഷിച്ച് ജനപ്രിയ സിനിമ) ജനപ്രിയ നോവലുകളെയും ഇകഴ്ത്തി കാണിക്കുന്നു.

ഉത്കൃഷ്ട/ ഗൗരവസ്വഭാവമുള്ള സാഹിത്യത്തിന്റെ വിരുദ്ധ ദ്വന്ദ്വമായി പൈങ്കിളി സാഹിത്യത്തെ കൃഷ്ണന്‍ നായര്‍ അവരോധിക്കുന്നു. സമാനമായി, ജനപ്രിയ സിനിമകള്‍ക്ക് ബദലായി ആര്‍ട്ട് ഫിലിമുകളെയും അദ്ദേഹം സ്ഥാനപ്പെടുത്തുന്നു. ജനപ്രിയ സാഹിത്യത്തെ അദ്ദേഹം അടയാളപ്പെടുത്തുന്നത് ഇപ്രകാരമാണ്: “വ്യക്തി അന്തര്‍ധാനം ചെയ്താല്‍ രാത്രിയില്‍ ഗോസ്റ്റായി വരുന്നതുപോലെ നല്ല സാഹിത്യം തിരോധാനം ചെയ്യുമ്പോള്‍ പൈങ്കിളി സാഹിത്യം പ്രത്യക്ഷമാകുന്നു. സാഹിത്യത്തില്‍നിന്ന് സാഹിത്യാഭാസം...”

ഇതില്‍നിന്നും അല്‍പംകൂടി നിശിതമായ തലത്തിലാണ് ജനപ്രിയ സിനിമകളെ അദ്ദേഹം സമീപിക്കുന്നത്. ജനപ്രിയ സിനിമയുടെ ആവിര്‍ഭാവം സിനിമയില്‍നിന്നല്ലെന്നും ഛായാഗ്രഹണ പേടകത്തില്‍നിന്നുമാണെന്നും അദ്ദേഹം പരാമര്‍ശിക്കുന്നു. മാത്രവുമല്ല, താന്‍ ആദ്യമായി കണ്ട സിനിമ ‘വിഗതകുമാര’നാണെന്നും അതൊരു പൈങ്കിളി സിനിമയാണെന്നും പ്രസ്തുത ലേഖനത്തില്‍ പ്രസ്താവനയുണ്ട്. ജനപ്രിയ സിനിമ ലഹരിയാണെന്നും അവയിലെ രംഗങ്ങള്‍ പതിവായി കാണുന്നവരില്‍ കാമമിളകുമെന്നും അദ്ദേഹം വിമര്‍ശനമുന്നയിക്കുന്നു.

ആര്‍ട്ട് സിനിമകളെക്കുറിച്ച് പ്രതിപാദിക്കുമ്പോള്‍ അവയെ നാടകത്തിന്റെ കലാപരതയുമായി തുലനംചെയ്ത് ഇകഴ്ത്തിക്കാണിക്കുവാനും കൃഷ്ണന്‍ നായര്‍ മുതിരുന്നുണ്ട്. മുട്ടത്തു വര്‍ക്കിയുടെ രചനകള്‍ ധാരാളമായി സിനിമകളാകുമ്പോള്‍ ഗൗരവപൂര്‍ണമായ ‘ഖസാക്കിന്റെ ഇതിഹാസം’ എന്തുകൊണ്ട് ചലച്ചിത്രമാകുന്നില്ലായെന്ന ആശങ്കയോടെയാണ് അദ്ദേഹം തന്റെ ലേഖനം അവസാനിപ്പിക്കുന്നത്.

ഇതില്‍നിന്ന് ഏറെ ഭിന്നമല്ലാത്ത നിലപാടാണ് ആര്‍. നരേന്ദ്രപ്രസാദ് എന്ന സാഹിത്യനിരൂപകനും പ്രകടിപ്പിക്കുന്നത്. ജനപ്രിയ സിനിമയുടെ സമവാക്യങ്ങളില്‍ തിരശ്ശീലയില്‍ നിറഞ്ഞുനിന്ന അഭിനേതാവായി പില്‍ക്കാലത്ത് അദ്ദേഹം മാറിയെങ്കിലും, ജനപ്രിയ സാഹിത്യത്തോടുള്ള അദ്ദേഹത്തിന്റെ നിലപാട് പരിഹാസ രൂപത്തിലുള്ളതായിരുന്നു. അത് അദ്ദേഹം രേഖപ്പെടുത്തുന്നത് ഇപ്രകാരമാണ്: “ജനപ്രിയസാഹിത്യമെന്നാല്‍ ജനകീയ സാഹിത്യമല്ല. ജനങ്ങളെ വിദ്യാഭ്യാസം ചെയ്യിക്കാത്ത, ജനങ്ങളുടെ ധര്‍മബോധത്തെ പരിവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കാത്ത സാഹിത്യമാണ് അത്. ചിന്ത വേരറ്റുപോയ സാഹിത്യമാണ് സിനിമക്കുവേണ്ടി എഴുതുന്ന സാഹിത്യം. ‘മനോരമ’ മാത്രമല്ല, മറ്റനേകം പ്രസിദ്ധീകരണങ്ങള്‍ ഈ സാഹിത്യത്തെ പോഷിപ്പിക്കുന്നു. കടലാസില്‍ പ്രത്യക്ഷപ്പെടുന്ന വേശ്യാലയമാണ് അത്...”

ഇത്തരത്തില്‍ കേരളത്തില്‍ പ്രബലമായി പ്രവര്‍ത്തിച്ചിരുന്ന വരേണ്യ ന്യൂനപക്ഷത്തിന്റെ സാഹിത്യാഭിരുചി ഒരു പൊതുബോധമായി പരിവര്‍ത്തിക്കപ്പെടുന്നു. അതിന്‍പ്രകാരം ജനപ്രിയ സാംസ്കാരിക രൂപങ്ങളെല്ലാം, സിനിമയോ സാഹിത്യമോ ആകട്ടെ, സമൂഹത്തില്‍നിന്ന് തുടച്ചുമാറ്റേണ്ട മാലിന്യമാണ്. കലാ സിനിമയുടെ നിലപാടും മറ്റൊന്നല്ല. താരനിബിഡവും വിപണികേന്ദ്രീകൃതവുമായ ജനപ്രിയ സിനിമകളെ ജനസാമാന്യത്തിന് പ്രിയങ്കരമായ ഒരു കലാവസ്തുവായി പരിഗണിക്കാന്‍ കലാ സിനിമയുടെ വക്താക്കള്‍ വിമുഖരാണ്. മറ്റൊരു തരത്തില്‍ ചിന്തിക്കുമ്പോള്‍, വാണിജ്യസിനിമയുടെ സാമ്പത്തിക മൂലധനത്തെ കലാസിനിമയുടെ വക്താക്കള്‍ നേരിടുന്നത് സാംസ്കാരിക മൂലധനത്തിന്റെ പിന്‍ബലത്തിലാണ്. അത്തരത്തില്‍ ജനസാമാന്യത്തിന് അന്യമായതും ഒരു ന്യൂനപക്ഷ നിര്‍മിതിയായി നിലനില്‍ക്കുന്നതുമായ സാംസ്കാരിക യുക്തിയാണ് ജനരഞ്ജകമായ സിനിമകളെ അരികുവത്കരിക്കാന്‍ ഉപയോഗപ്പെടുത്തുന്നത്.

അടൂര്‍ ഗോപാലകൃഷ്ണന്‍ 

അടൂര്‍ ഗോപാലകൃഷ്ണന്‍ 

ഇത്തരമൊരു പശ്ചാത്തലത്തിലാകണം കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിഷയത്തില്‍ തനിക്കെതിരെ പ്രതികരിച്ച ആഷിക് അബു, അമല്‍ നീരദ് എന്നിവര്‍ക്കെതിരെ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ പരിശോധിക്കപ്പെടേണ്ടത്. ജനപ്രിയ സിനിമകളില്‍ പുതിയ ഭാഷ്യമൊരുക്കിയ ഇരുവരെയും അടൂര്‍ ഇകഴ്ത്തിയപ്പോള്‍ അതിന്റെ അടിപ്പടവായി പ്രവര്‍ത്തിച്ചത് കലാസിനിമയുടെ പ്രവര്‍ത്തകന്‍ എന്ന അധീശത്വബോധവും സാംസ്കാരിക മേല്‍ക്കോയ്മയെന്ന അധികയോഗ്യതയുമാണ്.

എന്നാല്‍, ഇവയില്‍നിന്ന് വ്യത്യസ്തമായി, ജനപ്രിയ സിനിമയില്‍ ഇതര ജനപ്രിയ സാംസ്കാരിക രൂപങ്ങള്‍ വ്യാപകമായി പരിഹസിക്കപ്പെടുന്നതിന്റെ യുക്തിയെന്താവാം? ജനപ്രിയ കലാരൂപങ്ങള്‍ക്കിടയില്‍ അധികാരത്തിന്റെ ശ്രേണീകരണം രൂപപ്പെട്ടതിന്റെ പിന്നിലെ സാംസ്കാരികാന്തരീക്ഷമെന്തായിരിക്കാം? എണ്‍പതുകളുടെ അവസാനവും തൊണ്ണൂറുകളിലും ജനപ്രിയ കുടുംബ ചിത്രങ്ങളായി അവതരിപ്പിക്കപ്പെട്ട സിനിമകളില്‍ ജനപ്രിയ സാഹിത്യത്തെയും അവയുടെ രചയിതാക്കളെയും വികൃതമായി അവതരിപ്പിച്ച് മുഴുത്ത ചിരികള്‍ക്ക് വക നല്‍കിയതിനു പിന്നിലെ സാഹചര്യങ്ങളാണ് തുടര്‍ന്ന് പരിശോധിക്കുന്നത്.

അംബുജാക്ഷന്റെ കഥ പോരാ! 5

ജനപ്രിയ സിനിമകളില്‍ പൈങ്കിളി സാഹിത്യത്തെയും സാഹിത്യകാരന്മാരെയും അവതരിപ്പിച്ച വിധവും അവ ഉൽപാദിപ്പിച്ച പ്രതിലോമചിന്തയും എത്തരത്തിലുള്ളതായിരുന്നുവെന്ന് ഏതാനും ചില സിനിമകളിലെ രംഗങ്ങളില്‍നിന്ന് കണ്ടെടുക്കാവുന്നതാണ്. ജനപ്രിയ ആനുകാലികങ്ങളില്‍ സചിത്ര തുടരന്‍ നോവലുകളോടൊപ്പം വായനക്കാരെ ആകര്‍ഷിച്ചിരുന്ന പംക്തികളാണ് മനഃശാസ്ത്രജ്ഞനോട് ചോദിക്കാം/ ഡോക്ടറോട് ചോദിക്കാം, ഫലിതബിന്ദുക്കള്‍ തുടങ്ങിയവ. കൂടാതെ, പൊതുവിജ്ഞാനം, പ്രശ്നോത്തരി, കാര്‍ട്ടൂണ്‍ തുടങ്ങിയ വിവിധ ചേരുവകളോടുകൂടിയായിരുന്നു കുറഞ്ഞ വിലയില്‍ ഇത്തരം വാരികകള്‍ ജനങ്ങളുടെ മുന്നിലെത്തിയിരുന്നത്. റേഡിയോ, ടെലിവിഷന്‍ എന്നിവയുടെ വ്യാപകമായ ഉപയോഗം കേരളീയസമൂഹത്തില്‍ നടപ്പിലാകുന്നതിന് മുമ്പ് ജാതി-മത-ലിംഗ വ്യത്യാസങ്ങളില്ലാതെ വിനോദത്തിന് (ചെറിയ അളവില്‍ പൊതുവിജ്ഞാനത്തിനും) ജനങ്ങള്‍ ആശ്രയിച്ചിരുന്നത് ആഴ്ചപ്പതിപ്പുകളെയായിരുന്നു. മറ്റൊരർഥത്തില്‍, ഒരു വലിയ വിഭാഗം ജനതയുടെ ഭാവനാപരിസരങ്ങളെ കാല്‍പനികവും തരളവുമായി നിലനിര്‍ത്തുന്നതില്‍ ജനപ്രിയ വാരികകള്‍ വിജയിച്ചിട്ടുണ്ട്.


രഞ്ജിത്തിന്റെ തിരക്കഥയില്‍ ഹരിദാസ് സംവിധാനംചെയ്ത ‘ജോർജൂട്ടി c/o ജോർജൂട്ടി’ (1991) എന്ന സിനിമയിലെ ആലീസ് (സുനിത) എന്ന കഥാപാത്ര നിര്‍മിതി പരിശോധിക്കാം. ശോകസംഗീതത്തിന്റെ പശ്ചാത്തലത്തില്‍ പരിഭ്രാന്തയായി റബര്‍തോട്ടത്തിലൂടെ ഓടിയെത്തുന്ന കഥാപാത്രമായാണ് നായികയെ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. കൈയില്‍ ചുരുട്ടിപ്പിടിച്ച വാരികയുമായി പുഴയോരത്തെത്തി കൂട്ടുകാരിയോട് അവള്‍ പറയുന്നത് മിന്നും പുടവയുമായി വരുന്ന വഴിയില്‍ ജോണിച്ചായനെ വണ്ടിയിടിച്ചുവെന്നും അത് മാത്തച്ചന്‍ ചെയ്യിച്ചതായിരിക്കുമെന്നുമാണ്. തുടര്‍ന്ന്, അവളുടേതായ ലോകബോധത്തില്‍നിന്ന് നല്‍കുന്ന വിശദീകരണങ്ങളിലൂടെ പരാമര്‍ശം ഒരു ജനപ്രിയ നോവലുമായി ബന്ധപ്പെട്ടതാണെന്ന് വെളിവാകുന്നു. കൂടാതെ, ഹാരിസ് പ്ലാമ്മൂടിന്റെ കഥകളുടെ പൊതുസവിശേഷതകളും ഇരുവരും പങ്കുവെക്കുന്നു. ‘കൂടില്ലാക്കുരുവികള്‍’ എന്ന നോവലിലെ കഥാപാത്രമായ വിമല്‍കുമാര്‍ വിമാനത്തില്‍നിന്ന് വീണു കാലൊടിഞ്ഞുവെന്നും (!) അവര്‍ സംഭാഷണമധ്യേ പങ്കുവെക്കുന്നു. കൂടാതെ, ചിത്രത്തിലെ നായകനായ ജോര്‍ജുകുട്ടി (ജയറാം) പെണ്ണുകാണലിനായി വരുന്ന രംഗത്തില്‍ ആലീസിന്റെ മനസ്സിലൂടെ തന്റെ പ്രിയപ്പെട്ട നോവലായ ‘മഞ്ഞണിഞ്ഞ രാത്രികളു’ടെ പശ്ചാത്തലം മിന്നിമറയുന്നതായി ആവിഷ്കരിച്ചിട്ടുണ്ട്. നോവലിലെ നായകന് പ്രതിശ്രുത വരന്റെ മുഖം സങ്കല്‍പിക്കുകയും അപ്രകാരം പ്രണയത്തിലേക്ക് വഴുതിവീഴുകയും ചെയ്യുന്നതായി സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നു.

എഴുത്തുകാരന്‍ തലക്കുളം, ചിത്രം: ‘വടക്കുനോക്കിയന്ത്രം’

എഴുത്തുകാരന്‍ തലക്കുളം, ചിത്രം: ‘വടക്കുനോക്കിയന്ത്രം’

ആഴ്ചപ്പതിപ്പുകളിലെ പംക്തികളെ പരിഹാസരൂപേണ അവതരിപ്പിക്കുന്ന രംഗങ്ങള്‍ നിരവധി മലയാള സിനിമകളില്‍ കണ്ടെത്താനാകും. ഉദാഹരണമായി, ‘വടക്കുനോക്കിയന്ത്രം’ (1989) എന്ന ചിത്രം പരിശോധിക്കാം. വിവാഹിതനാകാന്‍ പോകുന്ന തളത്തില്‍ ദിനേശന്‍ തന്റെ അപകര്‍ഷചിന്തകള്‍ പങ്കുവെക്കുകയും അവക്ക് ഒരു പ്രതിവിധി നിർദേശിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുകൊണ്ട് വാരികയിലെ പംക്തി കൈകാര്യംചെയ്യുന്ന മനഃശാസ്ത്രജ്ഞന് കത്തയക്കുന്നു. തന്റെ നാളിതുവരെയുള്ള ജീവിതം വാരികയിലെ മനഃശാസ്ത്ര വിദഗ്ധന്‍ നല്‍കിയ ഉപദേശങ്ങള്‍ക്ക് അനുസൃതമായിരുന്നുവെന്നും അയാള്‍ കത്തില്‍ വെളിപ്പെടുത്തുന്നു. എന്നാല്‍, കൃത്യസമയത്ത് വാരികയിലൂടെ മറുപടി ലഭിക്കാതെ വന്നപ്പോള്‍ അയാള്‍ സഹായത്തിനായി സമീപിക്കുന്നത് സുഹൃത്തായ തലക്കുളം (ഇന്നസെന്‍റ്) എന്ന പൈങ്കിളിസാഹിത്യകാരനെയാണ്. തലക്കുളം പ്രശ്നപരിഹാരത്തിനായി ആദ്യം നിർദേശിക്കുന്നത് താനെഴുതിയ ‘സുരഭിലമോഹങ്ങള്‍’ എന്ന നോവല്‍ വായിക്കാനാണ്. തുടര്‍ന്നും സമാനമായ നിരവധി അബദ്ധ നിർദേശങ്ങള്‍ അയാള്‍ ദിനേശന് ഉപദേശിക്കുന്നു.

ഇത്തരത്തിലുള്ള നിരവധി കഥാപാത്ര നിര്‍മിതികള്‍ മലയാള സിനിമയില്‍ കണ്ടെത്താനാകും. ‘സന്മനസ്സുള്ളവര്‍ക്ക് സമാധാനം’ (1986) എന്ന ചിത്രത്തില്‍ അവതരിപ്പിക്കപ്പെടുന്ന ‘പൂങ്കിനാവ് വാരിക’യുടെ പത്രാധിപര്‍ (സോമന്‍) മറ്റൊരു ഉദാഹരണമാണ്. താന്‍ പത്രാധിപരായിരിക്കുന്ന ‘പൂങ്കിനാവ് വാരിക’ക്ക് ഒരു നിലവാരമുണ്ടെന്ന് അയാള്‍ വിശ്വസിക്കുന്നു. കത്തിക്കുത്ത്, കൊലപാതകം എന്നിവ സംഭവിച്ചാല്‍ അവയുടെ വിശദമായ റിപ്പോര്‍ട്ടും ദാരുണമായ ചിത്രങ്ങളും വാരികയിലുണ്ടാകുമെന്ന് ഗോപാലകൃഷ്ണപ്പണിക്കര്‍ (മോഹന്‍ലാല്‍) പറയുമ്പോള്‍, അവയെല്ലാം വായനക്കാര്‍ക്ക് വലിയ ഇഷ്ടമാണെന്നാണ് അയാള്‍ പ്രതികരിക്കുന്നത്. മറ്റൊരു സന്ദര്‍ഭത്തില്‍ പത്രാധിപരായ കഥാപാത്രം ‘‘പൂങ്കിനാവ് കാണാറുണ്ടോ?’’ എന്ന് കെ.പി.എ.സി ലളിത അവതരിപ്പിച്ച കഥാപാത്രത്തോട് ചോദിക്കുന്നുമുണ്ട്.

നോവലിസ്റ്റ് ഒ.പി. ഒളശ, ചിത്രം: ‘ബോയിംഗ് ബോയിംഗ്’ 

നോവലിസ്റ്റ് ഒ.പി. ഒളശ, ചിത്രം: ‘ബോയിംഗ് ബോയിംഗ്’ 

സുരേഷ് വിനു സംവിധാനംചെയ്ത ‘കുസൃതിക്കാറ്റ്’ (1995) എന്ന ചിത്രത്തിലും ഇത്തരമൊരു വ്യാജ മനഃശാസ്ത്രജ്ഞന്റെ കഥാപാത്രം പ്രത്യക്ഷപ്പെടുന്നു. ‘മനഃസുഖം’ വാരികയുടെ പത്രാധിപരായ മാധവന്‍കുട്ടി (ജഗതി ശ്രീകുമാര്‍), ഡോ. ഗോണ്‍സാല്‍വസ് എന്ന പേരില്‍ വായനക്കാരുടെ മനഃശാസ്ത്ര സംബന്ധിയായ കത്തുകള്‍ക്ക് മറുപടി നല്‍കുന്നുണ്ട്. മറ്റൊരവസരത്തില്‍, സ്വന്തം മാസികയില്‍ ഡോ. ചന്ദ്രിക ചന്ദ്രമോഹന്‍ എന്ന വ്യാജവിലാസത്തിലും മാധവന്‍കുട്ടി മനഃശാസ്ത്ര പംക്തി കൈകാര്യംചെയ്യുന്നു.

ഇപ്രകാരം വികലവും അതിഭാവുകത്വം കലര്‍ന്നതുമായ തലത്തില്‍ ജനപ്രിയ സാഹിത്യത്തെ/വാരികകളെ അവതരിപ്പിക്കുന്ന പ്രവണത ‘ബോയിംഗ് ബോയിംഗ്’ (1985), ‘ഗാന്ധിനഗര്‍ 2nd സ്ട്രീറ്റ്’ (1986), ‘പോക്കിരിരാജ’ (2010), ‘മധുര രാജ’ (2019) തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ കണ്ടെത്താനാകും. ഇവയില്‍ പ്രിയദര്‍ശന്‍ സംവിധാനംചെയ്ത ‘ബോയിംഗ് ബോയിംഗ്’ എന്ന ചിത്രത്തിലെ ഒ.പി. ഒളശയുടെ (ജഗതി ശ്രീകുമാര്‍) ‘മണ്ണില്‍ വിരിഞ്ഞ പൂക്കള്‍ വാടിയപ്പോള്‍’ എന്ന ബോംബുകഥ പ്രസ്തുത ചിത്രത്തിലെ നര്‍മരസപ്രധാനമായ രംഗമാണ്. എഡിറ്റര്‍ക്ക് മുന്നില്‍ സവിസ്തരം തന്റെ നീണ്ടകഥ അവതരിപ്പിക്കുന്നതിനു മുമ്പ് ഒളശ സ്വന്തം സൃഷ്ടിയെ വിശേഷിപ്പിക്കുന്നത് ഇപ്രകാരമാണ്: “ഇത് വായിച്ചാല്‍ പെണ്ണുങ്ങള്‍ കരയും, ആണുങ്ങള്‍ക്ക് കലിവരും, കുട്ടികള്‍ ചിരിക്കും, സിനിമാക്കാര്‍ വായിക്കും, കാശ് തന്ന് വാങ്ങിക്കും...” ജനപ്രിയ സാഹിത്യത്തെ കുറിച്ച് സമൂഹത്തില്‍ പ്രബലമായ ധാരണകളെ ഹാസ്യാത്മകമായി പുനരവതരിപ്പിക്കുകയാണ് ഒ.പി. ഒളശയെന്ന പൈങ്കിളി എഴുത്തുകാരന്‍. സമാനമായ തരത്തില്‍, ‘ഗാന്ധിനഗര്‍ 2nd സ്ട്രീറ്റ്’ എന്ന ചിത്രത്തിലെ പൈങ്കിളി സാഹിത്യകാരനായ കുട്ടിച്ചനെയും (ശങ്കരാടി) അദ്ദേഹത്തിന്റെ രചനാശൈലികളെയും പരിഹാസ്യമായ രീതിയിലാണ് അവതരിപ്പിച്ചിട്ടുള്ളത്.

നോവലിസ്റ്റ് കുട്ടിച്ചന്‍, ചിത്രം: ‘ഗാന്ധിനഗര്‍ 2nd സ്ട്രീറ്റ്’

നോവലിസ്റ്റ് കുട്ടിച്ചന്‍, ചിത്രം: ‘ഗാന്ധിനഗര്‍ 2nd സ്ട്രീറ്റ്’

ചുരുട്ടിയെറിഞ്ഞ പേപ്പറുകള്‍ക്കും അലക്ഷ്യമായി ചിതറിക്കിടക്കുന്ന വാരികകള്‍ക്കുമിടയില്‍ തന്റെ പുതിയ കുറ്റാന്വേഷണ നോവലിലെ സംഭാഷണങ്ങള്‍ ഉറക്കെപ്പറയുന്ന കഥാപാത്രമായാണ് അയാള്‍ ചിത്രത്തില്‍ ആദ്യം പ്രത്യക്ഷപ്പെടുന്നത്. മറ്റൊരു രംഗത്തില്‍ നോവലിസ്റ്റിന്റെ മകളും മറ്റൊരു പെണ്‍കുട്ടിയും ഒരു മരച്ചുവട്ടില്‍നിന്നുകൊണ്ട് അയാളെഴുതുന്ന നോവലിലെ അപ്രകാശിത അധ്യായം വായിച്ച് വികാരവിവശരാകുന്നു. ഇത് കണ്ടുകൊണ്ടു വരുന്ന നോവലിസ്റ്റിന്റെ ഭാര്യ (കെ.പി.എ.സി ലളിത) ഇരുവരെയും ശകാരിക്കുകയും നോവലിസ്റ്റിനെ തേടിയെത്തുന്ന വാരികയുടെ പ്രസാധകരോട് കയര്‍ക്കുകയും ചെയ്യുന്നു. “അങ്ങേര് എഴുതുന്നത് വച്ചോണ്ടിരിക്കാതെ അപ്പോളപ്പോള്‍ തന്നെ വന്ന് വാങ്ങിക്കൊണ്ട് പൊക്കോണം. ഇവിടെ പ്രായമായ രണ്ട് പെണ്‍പിള്ളേരുള്ളതാ...” എന്ന നോവലിസ്റ്റിന്റെ ഭാര്യയുടെ പരാമര്‍ശത്തില്‍ ആഭാസകരവും കൗമാരങ്ങളെ വഴിപിഴപ്പിക്കാനുതകുന്നതുമായ എഴുത്താണ് ജനപ്രിയ സാഹിത്യമെന്ന ധ്വനി ഉള്ളടങ്ങിയിരിക്കുന്നു. ഒരേസമയം വിവിധ വാരികകള്‍ക്ക് വേണ്ടി രചനയിലേര്‍പ്പെട്ടിരിക്കുന്നതിനാല്‍ ഇവയിലെ കഥാപാത്രങ്ങളുടെ പേരോ, അധ്യായമോപോലും ഓര്‍മിക്കാനാവാത്ത, നിമിഷനേരംകൊണ്ട് ഒരധ്യായത്തിന്റെ രചന പൂര്‍ത്തിയാക്കാന്‍ വിരുതുള്ള എഴുത്തുകാരനായാണ് കുട്ടിച്ചനെ സിനിമയില്‍ അവതരിപ്പിച്ചിട്ടുള്ളത്.

‘അയാള്‍ കഥയെഴുതുകയാണ്’ എന്ന സിനിമയിലെ രംഗം 

‘അയാള്‍ കഥയെഴുതുകയാണ്’ എന്ന സിനിമയിലെ രംഗം 

മറ്റൊരു രംഗത്തില്‍ ചിത്രത്തിലെ നായകനായ സേതു (മോഹന്‍ലാല്‍) നോവലിസ്റ്റിനോട് സംശയം ചോദിക്കുമ്പോള്‍ അതിനുള്ള ഉത്തരം തന്റെ ‘സ്ത്രീ ഒരു പ്രതിഭാസം’ എന്ന നോവലിലുണ്ടെന്ന് അയാള്‍ പറയുന്നു. ഗൂര്‍ഖയുടെ വേഷം കെട്ടുന്ന സേതുവും ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ നിര്‍മല ടീച്ചറും (സീമ) തമ്മില്‍ അനാശാസ്യബന്ധമുണ്ടെന്ന വ്യാജ ആരോപണം ചര്‍ച്ചയാകുമ്പോള്‍തന്നെ കുട്ടിച്ചന്‍ അതിലൊരു നോവലിന്റെ സാധ്യത തിരിച്ചറിയുകയും അതിന് ‘മഞ്ഞണിമാമലയില്‍നിന്നൊരു മഞ്ഞ ഗൂര്‍ഖ’ എന്ന പേര് നിമിഷങ്ങള്‍ക്കുള്ളില്‍ ആലോചിച്ചെടുക്കുകയും ചെയ്യുന്നു. കോളനിയിലെ മദ്യപാനിയായ പ്രഫസര്‍ (ജനാർദനന്‍) മരിച്ചശേഷം അയാളുടെ കഥ നോവലാക്കുകയും, അതിനെക്കുറിച്ച് വാരികയുടെ പ്രസാധകരോട് സംസാരിക്കുകയും ചെയ്യുന്ന രംഗവും ചിത്രത്തിലുണ്ട്. പ്രസ്തുത രംഗത്തിലെ സംഭാഷണത്തില്‍ പ്രസാധകര്‍ ഈ നോവലിനെ ഒരു സംഭവകഥയുടെ ചുരുള്‍ നിവരുന്നുവെന്ന് പരസ്യപ്പെടുത്താമെന്ന് പറയുന്നു. നോവലിസ്റ്റിന്റെ കഥാവര്‍ണനയില്‍നിന്ന് വീണുകിട്ടുന്ന ‘അനാഥാലയത്തിലെ ചോരക്കുഞ്ഞ്,’ ‘ചോര തെറിക്കുന്ന പ്രായം’ തുടങ്ങിയ പ്രയോഗങ്ങള്‍ വായനക്കാരെ ആകര്‍ഷിക്കുമെന്നും (വീഴ്ത്തുമെന്നും) അത് നോവലിന്റെ ശീര്‍ഷകമാക്കാമെന്നും പ്രസാധകര്‍ നിർദേശിക്കുന്നു. ഒടുവില്‍ തന്റെ നോവലിന് ‘കുഞ്ഞാറ്റക്കിളികളെ കൂടെവിടെ’ എന്ന പേര് എഴുത്തുകാരന്‍ നല്‍കുന്നു.

നോവലിസ്റ്റ് മനോഹരന്‍ മംഗളോദയം, ചിത്രം: ‘മധുരരാജ’

നോവലിസ്റ്റ് മനോഹരന്‍ മംഗളോദയം, ചിത്രം: ‘മധുരരാജ’

കാലങ്ങള്‍ക്കുശേഷവും മലയാള സിനിമയിലെ വികല പ്രതിനിധാനങ്ങളായി ജനപ്രിയ സാഹിത്യകാരന്മാര്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ‘പോക്കിരി രാജ’, ‘മധുര രാജ’ എന്നീ ചിത്രങ്ങളിലെ പൈങ്കിളി നോവലിസ്റ്റായി മനോഹരന്‍ മംഗളോദയം (സലിം കുമാര്‍) വരുന്നു. കേരളത്തിലെ സ്ത്രീജനങ്ങള്‍ നെഞ്ചിലേറ്റി ലാളിക്കുന്ന ഒരു നോവലിസ്റ്റാണ് എന്ന് സ്വയം പ്രഖ്യാപിക്കുന്ന അയാളുടെ നോവലുകളുടെ പേരുകള്‍പോലും ചിത്രത്തില്‍ ഹാസ്യമുൽപാദിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ അതിശയോക്തി കലര്‍ത്തി അവതരിപ്പിക്കുന്നുണ്ട്. ‘മനസ്സിലൊരു കുളിര്‍മഴ,’ ‘പനി പിടിച്ച രാത്രികള്‍,’ ‘വഴി പിഴച്ച പ്രണയം,’ ‘ചെകുത്താനെ സ്നേഹിച്ച മാലാഖ,’ ‘മസില്‍മാന്‍ തകര്‍ത്ത ദാമ്പത്യം,’ ‘ഗുണ്ടക്കൊരു ഉണ്ട’ തുടങ്ങിയ പേരുകളില്‍ നോവലെഴുതുന്ന മനോഹരന്‍ മംഗളോദയത്തെയാണ് ‘പോക്കിരി രാജ’യുടെ കഥാഗതിയെ നിയന്ത്രിക്കുന്ന കഥാപാത്രമായി അവതരിപ്പിക്കുന്നത്. ‘മധുര രാജ’യുടെ കഥാപരിസരങ്ങളിലും പ്രത്യക്ഷപ്പെടുന്ന പ്രസ്തുത എഴുത്തുകാരനെ ‘എഴുത്തച്ഛന്‍’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാല്‍, ചിത്രത്തിലെ ഒരു കഥാപാത്രം അയാളെക്കുറിച്ച് പറയുന്നത് “പീറപ്പൈങ്കിളി നോവലിസ്റ്റ്” എന്നാണ്.

ഇത്തരത്തില്‍ പരിശോധിക്കുമ്പോള്‍, ജനപ്രിയ സിനിമകളില്‍ തുടര്‍ച്ചയായി പരിഹാസ്യരാകുവാന്‍ ജനപ്രിയ സാഹിത്യകാരന്മാര്‍ എന്ന വാര്‍പ്പ് മാതൃക നിര്‍മിക്കപ്പെടുന്നതായി മനസ്സിലാക്കാവുന്നതാണ്. ഇപ്രകാരം, ജനപ്രിയ സാഹിത്യത്തെ ഇകഴ്ത്തിക്കാണിക്കുന്ന പ്രവണത എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും ശ്രീനിവാസന്‍ ചിത്രങ്ങളില്‍ എപ്രകാരമാണോ ആവിഷ്കരിച്ചിരിക്കുന്നത്, അതില്‍നിന്ന് കാതലായ മാറ്റം സമകാലിക ചിത്രങ്ങളിലും സംഭവിക്കുന്നില്ല എന്നത് ഒരു വസ്തുതയാണ്. ജനപ്രിയ കലാരൂപങ്ങള്‍ക്ക് കാലാകാലങ്ങളില്‍ വന്നുചേരുന്ന മാറ്റങ്ങള്‍പോലും ഇത്തരം പാത്രസൃഷ്ടികളില്‍ കൊണ്ടുവരുവാന്‍ സിനിമ മുതിരുന്നില്ല എന്നതും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു (സമകാലിക ജനപ്രിയ ചിത്രങ്ങളില്‍ ഫ്രീക്കന്മാരെ അവതരിപ്പിക്കുന്ന വിധവും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു).

‘പോക്കിരി രാജ’യില്‍ നോവലിസ്റ്റ് മനോഹരന്‍ മംഗളോദയം

‘പോക്കിരി രാജ’യില്‍ നോവലിസ്റ്റ് മനോഹരന്‍ മംഗളോദയം

വൈരാഗ്യബുദ്ധിയോടെ ജനപ്രിയ സാഹിത്യകാരന്മാരെ മലയാള സിനിമ അപഹസിക്കുന്നതിനു പിന്നിലെ പ്രധാന കാരണം പാരമ്പര്യ സാഹിത്യാനുശീലനവും ആധുനിക ലോകബോധവും തമ്മിലുള്ള കലഹമാണ്. ഇവ പരിശോധിക്കാനുള്ള മികച്ച മാതൃകകളാണ് ശ്രീനിവാസന്‍ തിരക്കഥയെഴുതിയ ചിത്രങ്ങള്‍. ഉത്തമം/ അധമം എന്നീ ദ്വന്ദ്വപരികല്‍പനകളുടെ അടിസ്ഥാന മാതൃകയിലാണ് അദ്ദേഹത്തിന്റെ തിരക്കഥകള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നത്. മധ്യവര്‍ഗ മൂല്യബോധ നിര്‍മിതി ജനപ്രിയ സിനിമകളിലൂടെ എപ്രകാരം സാധ്യമാകുമെന്നതിന്റെ ഉദാഹരണങ്ങളായും ശ്രീനിവാസന്‍ ചിത്രങ്ങള്‍ പരിഗണിക്കപ്പെടേണ്ടതുണ്ട്.

ജനപ്രിയ സിനിമകളിലെ ‘ക്ഷുദ്രസാഹിത്യവും’ ശ്രീനിവാസന്റെ ചിരിയുടെ നാനാർഥങ്ങളും

നടനെന്ന നിലയിലും തിരക്കഥാകൃത്ത് എന്ന നിലയിലും ശ്രീനിവാസന്‍ നവമധ്യവര്‍ഗ മലയാളി സമൂഹത്തിന്റെ പരിച്ഛേദമാണ്. തന്റെ ഭൂരിഭാഗം തിരക്കഥകളിലും ജനപ്രിയ സാഹിത്യത്തെ ഇകഴ്ത്താനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ അദ്ദേഹം ഉള്‍ച്ചേര്‍ത്തിരിക്കുന്നു. 2004 ഡിസംബര്‍ ലക്കം ‘പച്ചക്കുതിര’ മാസികയില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ ശ്രീബാല കെ. മേനോന്‍ ശ്രീനിവാസനോട് ജനപ്രിയ സാഹിത്യത്തോടുള്ള നീരസത്തിന്റെ കാരണം ആരായുന്നുണ്ട്.

അതിന് അദ്ദേഹം നല്‍കുന്ന മറുപടി ഇപ്രകാരമാണ്: “നമ്മുടെ സിനിമയില്‍നിന്നും തുടച്ചുമാറ്റേണ്ട കുറേ കാര്യങ്ങളുണ്ടെന്നു തോന്നിയിട്ടുണ്ട്. അതില്‍പ്പെട്ടതാണ് പൈങ്കിളി...” ചുരുക്കത്തില്‍ മലയാള സിനിമയെ മലീമസമാക്കുന്ന ജനപ്രിയ/ പൈങ്കിളി ഉൽപന്നങ്ങളെ ബോധപൂര്‍വംതന്നെ നിഷ്കാസനം ചെയ്യാനുള്ള ശുദ്ധീകരണ പ്രക്രിയയായാണ് തന്റെ സിനിമകളെ ശ്രീനിവാസന്‍ സമീപിച്ചിരുന്നതെന്ന് അദ്ദേഹത്തിന്റെ വാക്കുകള്‍ തെളിയിക്കുന്നു.

‘സന്ദേശം’ എന്ന സിനിമയിലെ രംഗം 

‘സന്ദേശം’ എന്ന സിനിമയിലെ രംഗം 

ശ്രീനിവാസന്‍ പൈങ്കിളി സാഹിത്യകാരനായോ (അഴകിയ രാവണന്‍, ചിറകൊടിഞ്ഞ കിനാവുകള്‍), പൈങ്കിളി എഴുത്തുകാരുമായി സമ്പര്‍ക്കത്തിലുള്ള വ്യക്തിയായോ (‘വടക്കുനോക്കി യന്ത്രം’, ‘അയാള്‍ കഥയെഴുതുകയാണ്’, ‘ഗാന്ധിനഗര്‍ 2nd സ്ട്രീറ്റ്’) അവതരിപ്പിക്കപ്പെടുന്ന കഥാപാത്രത്തിന്റെ പെരുമാറ്റത്തിലും സംഭാഷണത്തിലും നിശ്ചയമായും ജനപ്രിയ രൂപങ്ങളോടുള്ള പരിഹാസം മുഴച്ചുനില്‍ക്കുന്നുണ്ടാകുമെന്നതില്‍ തര്‍ക്കമില്ല.

‘സന്ദേശം’ (1991) എന്ന ചിത്രത്തിലെ പെണ്ണുകാണല്‍ രംഗം ഇതിനൊരുദാഹരണമാണ്. വാരികകളില്‍ വരുന്ന നോവലുകള്‍ വായിക്കുന്ന പെണ്‍കുട്ടിയെയും വീട്ടുകാരെയും പ്രഭാകരന്‍ (ശ്രീനിവാസന്‍) പുച്ഛത്തോടെ നോക്കുന്നു. മാത്യു മറ്റത്തിനെയും കോട്ടയം പുഷ്പനാഥിനെയും ഇഷ്ടമാണെന്ന് പറയുന്ന പെണ്‍കുട്ടിയെ സംശയത്തോടെയാണ് അയാള്‍ വീക്ഷിക്കുന്നത്. ‘മനോരമ’യില്‍ പ്രസിദ്ധീകരിക്കുന്ന ഹവ്വാ ബീച്ചാണ് ഇഷ്ടനോവലെന്ന് പെണ്‍കുട്ടി പറയുമ്പോള്‍ ശ്രീനിവാസന്റെ കഥാപാത്രം ആശ്ചര്യപ്പെടുകയാണ്.

‘അഴകിയ രാവണനി’ല്‍ നോവലിസ്റ്റായ ടെയിലര്‍ അംബുജാക്ഷനായാണ് ശ്രീനിവാസന്‍ വേഷമിടുന്നത്. നോവലെഴുതാത്ത സമയത്ത് ടെയിലറായി ജോലിചെയ്യുന്ന അംബുജാക്ഷന്‍ തന്റെ നോവലായ ‘ചിറകൊടിഞ്ഞ കിനാവുകള്‍’ ചലച്ചിത്രമാക്കാന്‍ താൽപര്യപ്പെടുന്നു. തന്റെ നോവലിന്റെ കഥ ഉഗ്രനാണെന്നതും അമ്മ അത് വായിച്ച് കരച്ചിലായിരുന്നുവെന്നതും പ്രസ്തുത നോവല്‍ സിനിമയാക്കുവാനുള്ള കാരണമായി അയാള്‍ കരുതുന്നു. എന്നാല്‍, സംവിധായകന്റെയും നിര്‍മാതാവിന്റെയും മുന്നില്‍ വികാരതീവ്രതയോടെ തന്റെ കഥ അവതരിപ്പിച്ചുവെങ്കിലും ബലാത്സംഗ രംഗങ്ങളില്ലാത്തതിനാല്‍ “അംബുജാക്ഷന്റെ കഥ പോരാ” എന്ന നിഗമനത്തിലേക്കാണ് നിര്‍മാതാവ് എത്തിച്ചേരുന്നത്.

അത്തരമൊരു പോരായ്മ മറികടക്കുവാനായി അംബുജാക്ഷനെന്ന പൈങ്കിളിയെഴുത്തുകാരന്‍ കണ്ടെത്തുന്ന പോംവഴി നോവലിലെ നായകനായ തയ്യല്‍ക്കാരന്‍ നായിക സുമതിയെ ബലാത്സംഗം ചെയ്യട്ടെ എന്നതാണ്. ചുരുക്കത്തില്‍, ഗൗരവമായ ചിന്ത ആവശ്യമില്ലാത്ത, ഉപരിപ്ലവ എഴുത്താണ് ജനപ്രിയസാഹിത്യം എന്ന ബോധമാണ് ഇത്തരം സിനിമകളിലൂടെ നിര്‍മിക്കപ്പെടുന്നത്. 2015ല്‍ സന്തോഷ് വിശ്വനാഥിന്റെ സംവിധാനത്തില്‍ ‘ചിറകൊടിഞ്ഞ കിനാവുകള്‍’ ഒരു സ്പൂഫ് സിനിമയായി നിര്‍മിക്കപ്പെട്ടപ്പോഴും ടെയിലര്‍ അംബുജാക്ഷന്‍ എന്ന നോവലിസ്റ്റിന്റെ പാത്രനിര്‍മിതിക്ക് മാറ്റമുണ്ടാകുന്നില്ല. കൂടാതെ, ജനപ്രിയസാഹിത്യത്തിലെയും സിനിമയിലെയും ചില പതിവ് ചേരുവകള്‍ പ്രസ്തുത സിനിമയില്‍ നിശിതമായി പരിഹസിക്കപ്പെടുകയും ചെയ്യുന്നു.


‘അയാള്‍ കഥയെഴുതുകയാണ്’ (1998) എന്ന സിനിമയില്‍ ജീവിതത്തിലുണ്ടായ തിരിച്ചടികളില്‍നിന്ന് ഒളിച്ചോടിയ സാഗര്‍ എന്ന വ്യക്തിയെ സാഗര്‍ കോട്ടപ്പുറമെന്ന ജനപ്രിയ നോവലിസ്റ്റായി ശ്രീനിവാസന്‍ അവതരിപ്പിക്കുന്നു. തന്റെ നോവലുകളെല്ലാം ഒരേ കഥയുടെ വിവിധമട്ടിലുള്ള ആഖ്യാനങ്ങളാണെന്നും പശ്ചാത്തലത്തിനും കഥാപാത്രങ്ങള്‍ക്കും മാത്രമാണ് മാറ്റമെന്നും സാഗര്‍ കോട്ടപ്പുറം മദ്യലഹരിയില്‍ വിളിച്ചുപറയുന്നു. വിവിധ തൂലികാനാമങ്ങളില്‍ വാരികകളില്‍ താനെഴുതാറുണ്ടെന്നും തന്റെ വായനക്കാരായ ആരാധകരെല്ലാം വിഡ്ഢികളാണെന്നും അയാള്‍ പറയുന്നു. ജനപ്രിയ സാഹിത്യത്തിന്റെ കടുത്ത ആരാധകനായ പൊലീസ് ഉദ്യോഗസ്ഥന്‍ ധനമോഹിയായ ‘മഞ്ചാടി വാരിക’യുടെ മുതലാളി മാമച്ചന്‍ തുടങ്ങിയ ചില വാര്‍പ്പ് മാതൃകകളെയും പ്രസ്തുത ചിത്രത്തില്‍ ശ്രീനിവാസന്‍ നിര്‍മിച്ചിട്ടുണ്ട്. ജനപ്രിയ വാരികകളുടെ വിപണി താൽപര്യങ്ങളെ മാമച്ചന്റെ വാക്കുകളിലൂടെ അതിശയോക്തി കലര്‍ത്തി ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത് ഇപ്രകാരമാണ്: “മീന്‍ കച്ചവടത്തില്‍ തുടങ്ങിയതാ ഞാനെന്റെ ജീവിതം.

പിന്നീട് റബര്‍ എസ്റ്റേറ്റായി. റബറിന് വില കുറഞ്ഞപ്പോള്‍ ഞാന്‍ സാഹിത്യത്തിലേക്ക് കടന്നു...” ചുരുക്കത്തില്‍ ഹാസ്യമുൽപാദിപ്പിക്കാനായി മത്സ്യക്കച്ചവടം, റബര്‍ വ്യവസായം, പ്രസാധനം തുടങ്ങിയവ മോശം തൊഴിലുകളാണെന്ന വരേണ്യബോധമാണ് തിരക്കഥാകൃത്ത് പ്രസ്തുത സംഭാഷണശകലത്തില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നത്. സമാനമായ തരത്തില്‍, മുന്‍കാലങ്ങളെ അപേക്ഷിച്ച് ജനപ്രിയ വാരികകളില്‍ പ്രസിദ്ധീകരിക്കുന്ന സാഹിത്യരചനകള്‍ക്ക് നിലവില്‍ വായനക്കാര്‍ കുറവാണെങ്കിലും (പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന ജനപ്രിയ സാഹിത്യരൂപങ്ങള്‍ക്ക് ഇന്നും വായനക്കാരുണ്ടെന്നത് വിസ്മരിക്കാനാകില്ല), 2018ല്‍ ശ്രീനിവാസന്റെ തിരക്കഥയില്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാട് ചിത്രമായ ‘ഞാന്‍ പ്രകാശനി’ലും ജനപ്രിയ സാഹിത്യത്തെ ആക്രമിക്കാന്‍ ശ്രീനിവാസന്‍ മറക്കുന്നില്ല. ഒന്നിലേറെ രംഗങ്ങളില്‍ പരാമര്‍ശിക്കുന്ന കാട്ടാക്കട തങ്കപ്പന്റെ ‘ചാക്കിലകപ്പെട്ട പൂച്ച’ എന്ന നോവല്‍ സിനിമയുടെ ആഖ്യാനത്തില്‍ പ്രത്യേക പ്രസക്തിയൊന്നുമില്ലാത്ത ചേരുവയാണ്.

എണ്‍പതുകളിലും തൊണ്ണൂറുകളിലും മലയാളസിനിമയുടെ ഭാവുകത്വത്തെ നിര്‍ണയിച്ച പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട്, കമല്‍ തുടങ്ങിയ സംവിധായകരോടൊപ്പം ശ്രീനിവാസന്‍ സഹകരിച്ച ചിത്രങ്ങളിലാണ് ജനപ്രിയ സാഹിത്യത്തെ നിശിതമായി വിമര്‍ശിക്കുന്നത്. ജനപ്രിയ സാഹിത്യത്തോടുള്ള ജനപ്രിയ മലയാള സിനിമയുടെ വിപ്രതിപത്തിയുടെ കാരണങ്ങള്‍ അന്വേഷിക്കേണ്ടതുണ്ട്.


ശ്രീനിവാസന്‍ സിനിമകളിലെ ജനപ്രിയതയോടുള്ള മുന്‍വിധികളെ പി.എസ്. രാധാകൃഷ്ണന്‍ പരിശോധിക്കുന്നുണ്ട്. പൈങ്കിളിസാഹിത്യം വായനക്കാരെ ഇല്ലാതാക്കുന്ന വിഷമാണ് എന്നും അവക്ക് സമൂഹത്തോടും സംസ്കാരത്തോടും ഒരുവിധ പ്രതിപത്തിയുമില്ല എന്നും ശ്രീനിവാസനിലെ കലാകാരന്‍ വിശ്വസിക്കുന്നു. കാമം, ക്രോധം, മോഹം, അക്രമം തുടങ്ങിയ പതിവ് ചേരുവകളിലൂടെ മാത്രമാണ് അവക്ക് നിലനിൽപ്, വിപണിയുടെ ആവശ്യത്തിനായി അസഭ്യതയുടെ ഏതറ്റംവരെ പോകാനും അവക്ക് സാധ്യമാണ് എന്നുമുള്ള ബോധ്യം ശ്രീനിവാസന്‍ ചിത്രങ്ങള്‍ പ്രക്ഷേപിക്കുന്നതായി സിനിമകളുടെ വിശകലനത്തിലൂടെ രാധാകൃഷ്ണന്‍ നിരീക്ഷിക്കുന്നു.

കേരളീയ സമൂഹത്തിന്റെ പരിണാമത്തിലുണ്ടായ ഭാവഭേദങ്ങളാണ് ശ്രീനിവാസന്‍ ചിത്രങ്ങളിലൂടെ വെളിവാകുന്നത്. പ്രവാസത്തിലൂടെ ഇടത്തട്ട് സമൂഹശ്രേണിയിലുണ്ടായ പുത്തന്‍ സാംസ്കാരിക ഉണര്‍വ് കാതലായ അഭിരുചി വ്യതിയാനം നടപ്പാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ രൂപവത്കൃതമായ നവമധ്യവര്‍ഗ ഇംഗിതങ്ങളില്‍ നഗരജീവിതത്തോടും ഇംഗ്ലീഷ് വിദ്യാഭ്യാസ രീതിയോടുമുള്ള ആഭിമുഖ്യം വർധിച്ചു. ഗ്രാമങ്ങള്‍ ചെറുനഗരങ്ങളായും ചെറുപട്ടണങ്ങള്‍ വന്‍നഗരങ്ങളായും പരിവര്‍ത്തിക്കപ്പെട്ടപ്പോള്‍ അവയോടൊപ്പം നീങ്ങാന്‍ വെമ്പുന്ന കഥാപാത്രങ്ങളെ എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും മലയാള സിനിമയില്‍ കണ്ടെത്താനാകും (നഗരവത്കരണത്തോടു സമരസപ്പെടുവാനാകാതെ കുടുംബത്തോടൊപ്പം ഗ്രാമത്തിലെ തറവാട്ടിലേക്ക് മടങ്ങുന്നവരുടെ ആവിഷ്കരണങ്ങള്‍ ‘ടി.പി. ബാലഗോപാലന്‍ എം.എ’ പോലുള്ള ചിത്രങ്ങളില്‍ കാണാവുന്നതാണ്).

കൂട്ടുകുടുംബ വ്യവസ്ഥയുടെ തകര്‍ച്ച, ഇംഗ്ലീഷ് മീഡിയം സ്കൂള്‍ വ്യവസായം എന്നിവ നവമധ്യവര്‍ഗത്തിന്റെ മൂല്യബോധത്തില്‍ വ്യതിയാനം വരുത്തിയ സാമൂഹിക പ്രതിഭാസങ്ങളാണ്. ഇതിന്റെ പ്രതിഫലനമാണ് ജനപ്രിയ സാഹിത്യത്തോടുള്ള വിരക്തിയിലും പ്രകടമാകുന്നത്. കൂടാതെ, പുത്തന്‍ വിനോദോപാധികളായ കേബിള്‍ ടെലിവിഷന്‍ ശൃംഖലകളുടെ വളര്‍ച്ചയും ആഗോളീകരണാനന്തര വിനോദസാധ്യതകളും നവമധ്യവര്‍ഗ മലയാളിയുടെ കല/ സാഹിത്യാഭിരുചികളെ കാതലായി സ്വാധീനിച്ചു. ‘കച്ചിപ്പേപ്പറി’ല്‍ അച്ചടിച്ചിരുന്നതും കുറഞ്ഞ വിലയില്‍ ലഭ്യമായിരുന്നതുമായ ജനപ്രിയ സാഹിത്യവാരികകളില്‍നിന്ന് ലൈഫ് സ്റ്റൈല്‍ ആനുകാലികങ്ങളിലേക്ക് മധ്യവര്‍ഗ മലയാളിയുടെ താൽപര്യങ്ങള്‍ പരിവര്‍ത്തിക്കുന്നതും തൊണ്ണൂറുകളുടെ മധ്യത്തോടുകൂടിയാണ്.

ഇത്തരത്തില്‍ സമൂഹത്തിന്റെ അഭിരുചി വ്യതിയാനത്തില്‍ വന്നുചേര്‍ന്ന മാറ്റങ്ങളെ കൃത്യമായി അടയാളപ്പെടുത്താന്‍ ശ്രീനിവാസനെന്ന ജനപ്രിയ സിനിമയുടെ സമവാക്യങ്ങള്‍ മനസ്സിലാക്കിയിട്ടുള്ള തിരക്കഥാകൃത്തിന് സാധിച്ചിരിക്കുന്നു. സ്വന്തം ശരീരത്തിന്റെ സാധ്യതകളെ ആക്ഷേപഹാസ്യത്തിനായി സിനിമയില്‍ വിനിയോഗിക്കാന്‍ അദ്ദേഹത്തിന് മടിയേതുമില്ല. അതിനാൽതന്നെ, മധ്യവര്‍ഗ മലയാളികളുടെ അബോധനിര്‍മിതിയില്‍ ഇടപെടാനും അവരുടെ കപടപുരോഗമനത്തിന്റെ ചലച്ചിത്രഭാഷ്യം രൂപവത്കരിക്കാനും ശ്രീനിവാസന് ഏറെ യത്നിക്കേണ്ടിവരുന്നില്ല. അതിനാലാവണം, ‘ഗാന്ധിനഗര്‍ 2nd സ്ട്രീറ്റ്’ എന്ന ചിത്രത്തിന്റെ അവസാനത്തില്‍ ബാലചന്ദ്രന്‍ (മമ്മൂട്ടി) പൈങ്കിളി എഴുത്തുകാരനായ കുട്ടിച്ചനെ ‘ക്ഷുദ്രസാഹിത്യകാരന്‍’ എന്നു വിശേഷിപ്പിക്കുന്നത്.

ജനപ്രിയതയെന്ന ‘സാംസ്കാരിക ദുഷിപ്പി’നെ പൂര്‍ണമായും റദ്ദുചെയ്യുന്ന ശ്രീനിവാസന്റെ രാഷ്ട്രീയമാണ് ബാലചന്ദ്രന്‍ പ്രസ്തുത രംഗത്തില്‍ വെളിപ്പെടുത്തിയത്. മറ്റൊന്ന്, അച്ചടിയുടെ വ്യാപനത്തോടെ വായനാവസ്തുക്കളുടെ വ്യാപനം ദ്രുതഗതിയില്‍ സംഭവിച്ചു. അതിനെത്തുടര്‍ന്നു നിര്‍മിക്കപ്പെട്ട സാഹിത്യത്തിന്റെ മൂല്യവിചാരണ ആത്യന്തികമായി അക്ഷരങ്ങള്‍ ജാത്യവകാശമായി കരുതിയിരുന്ന ഫ്യൂഡല്‍ വരേണ്യതയുടെ ഉപോൽപന്നമാണ്. ഇത്തരമൊരു വരേണ്യ ഗൃഹാതുരതയില്‍നിന്നുമാണ് ജനപ്രിയ കലാരൂപങ്ങളോടുള്ള മൂല്യാധിഷ്ഠിത കലാപം രൂപപ്പെടുന്നത്. ശ്രീനിവാസന്‍ ചിത്രങ്ങളുടെ സൂക്ഷ്മവിശകലനത്തിലൂടെ ഇവ വെളിപ്പെടുന്നതാണ്.

ജനലക്ഷങ്ങള്‍ക്ക് അഭിമതമായിരിക്കുന്ന സാഹിത്യ-കല-സിനിമാ രൂപങ്ങള്‍ വിമര്‍ശിക്കപ്പെടേണ്ടതി​െല്ലന്ന നിഗമനം ഈ ലേഖനം മുന്നോട്ട് വെക്കുന്നില്ല. എന്നാല്‍, നിരൂപകരുടെ വൈയക്തികമായ ആസ്വാദനശീലങ്ങളുടെ അടിസ്ഥാനത്തില്‍ ഇവ ഇകഴ്ത്തപ്പെടുമ്പോള്‍ സാംസ്കാരികമായ അധീശത്വത്തിന്റെ മുന്‍വിധികള്‍ മേധാവിത്വം നേടുന്നു. ജനപ്രിയ കല-സാഹിത്യ രൂപങ്ങളിലൂടെ വിനിമയംചെയ്യപ്പെടുന്ന വികല പ്രതിനിധാനങ്ങള്‍, വിപണിയുടെ സമ്മർദത്തിന് വിധേയമായി പ്രക്ഷേപിക്കപ്പെടുന്ന വിദ്വേഷ-വംശീയ രാഷ്ട്രീയചിഹ്നങ്ങള്‍ എന്നിവ പരിശോധിക്കപ്പെടേണ്ടതും വിമര്‍ശിക്കപ്പെടേണ്ടതുമാണ്.

ചുരുക്കത്തില്‍, രൂപത്തിലൂടെയും പ്രമേയത്തിലൂടെയും പൊതുബോധ നിര്‍മിതി നടപ്പാക്കാന്‍ സാധ്യതയുള്ള വിധ്വംസക പ്രവണതകളാകണം ജനപ്രിയ കലാരൂപങ്ങളില്‍നിന്ന് കണ്ടെടുക്കേണ്ടത്. വൈയക്തികമായ ആസ്വാദനശീലങ്ങളുടെയും പ്രത്യയശാസ്ത്ര മുന്‍വിധികളുടെയും അടിസ്ഥാനത്തില്‍ വലിയവിഭാഗം വായനക്കാര്‍ക്ക്/ പ്രേക്ഷകര്‍ക്ക് രസനീയമായ ഇന്ദ്രിയാനുഭൂതി പ്രദാനംചെയ്യുന്ന ജനപ്രിയരൂപങ്ങള്‍ മൂല്യവിചാരണക്ക് വിധേയമാകുമ്പോള്‍ അവിടെ പ്രവര്‍ത്തിക്കുന്നത് പണ്ഡിത ന്യൂനപക്ഷത്തിന്റെ വരേണ്യയുക്തികളാണ്. അത്തരം ഉപരിവര്‍ഗ ബോധ്യങ്ങളോടുള്ള ജനസാമാന്യത്തിന്റെ അഭിരുചികള്‍ ഉന്നയിക്കുന്ന ചോദ്യമിതാണ്: നിങ്ങളെന്തിനാണ് ജനപ്രിയ സാഹിത്യ/കലാരൂപങ്ങളെ മഴയത്ത് നിര്‍ത്തിയിരിക്കുന്നത്?

News Summary - Representation of Popular literature in malayalam movie