Begin typing your search above and press return to search.
proflie-avatar
Login

രാഷ്ട്രീയ ആത്മാഹുതി ഇവർക്ക് വാർത്തയല്ല

രാഷ്ട്രീയ ആത്മാഹുതി ഇവർക്ക്   വാർത്തയല്ല
cancel

ഒരുപാട് മലയാള പത്രങ്ങൾക്ക് ആറോൺ ബുഷ്നെലിന്റെ ആത്മാഹുതി, ചരമപ്പേജിലെ രണ്ടുവരി പോലുമായില്ല. ഫെ​ബ്രുവരി 27ലെ പത്രങ്ങളിൽ വരേണ്ടതായിരുന്നു ആ വാർത്ത. ഇസ്രായേൽ ഫലസ്തീനിൽ നടത്തുന്ന വംശഹത്യക്കെതിരെ ലോകമെങ്ങും പടരുന്ന പ്രതിഷേധങ്ങൾ വാർത്തായി തോന്നിയിട്ടില്ല കുറെ പത്രങ്ങൾക്ക്.പക്ഷേ, ഇത് അസാധാരണമായിരുന്നു. രാഷ്ട്രീയ പ്രാധാന്യംകൊണ്ടും നാടകീയതകൊണ്ടും ലോകമനസ്സാക്ഷിയോടുള്ള ചോദ്യമെന്നനിലക്കും ആറോൺ എന്ന ചെറുപ്പക്കാരന്റെ ആത്മാഹുതിക്ക് വാർത്താമൂല്യമുണ്ടായിരുന്നു. ശക്തമായ രാഷ്​്ട്രീയ പ്രസ്താവനയായിരുന്നു ആറോണിന്റെ ആത്മാഹുതി. ചില പടിഞ്ഞാറൻ മാധ്യമങ്ങൾ അതിനെ മനോരോഗിയുടെ പെട്ടെന്നുള്ള...

Your Subscription Supports Independent Journalism

View Plans

ഒരുപാട് മലയാള പത്രങ്ങൾക്ക് ആറോൺ ബുഷ്നെലിന്റെ ആത്മാഹുതി, ചരമപ്പേജിലെ രണ്ടുവരി പോലുമായില്ല. ഫെ​ബ്രുവരി 27ലെ പത്രങ്ങളിൽ വരേണ്ടതായിരുന്നു ആ വാർത്ത. ഇസ്രായേൽ ഫലസ്തീനിൽ നടത്തുന്ന വംശഹത്യക്കെതിരെ ലോകമെങ്ങും പടരുന്ന പ്രതിഷേധങ്ങൾ വാർത്തായി തോന്നിയിട്ടില്ല കുറെ പത്രങ്ങൾക്ക്.

പക്ഷേ, ഇത് അസാധാരണമായിരുന്നു. രാഷ്ട്രീയ പ്രാധാന്യംകൊണ്ടും നാടകീയതകൊണ്ടും ലോകമനസ്സാക്ഷിയോടുള്ള ചോദ്യമെന്നനിലക്കും ആറോൺ എന്ന ചെറുപ്പക്കാരന്റെ ആത്മാഹുതിക്ക് വാർത്താമൂല്യമുണ്ടായിരുന്നു.

ശക്തമായ രാഷ്​്ട്രീയ പ്രസ്താവനയായിരുന്നു ആറോണിന്റെ ആത്മാഹുതി. ചില പടിഞ്ഞാറൻ മാധ്യമങ്ങൾ അതിനെ മനോരോഗിയുടെ പെട്ടെന്നുള്ള ചെയ്തിയായി ചിത്രീകരിച്ചെങ്കിലും ആറോൺ ആലോചിച്ചുറച്ച് ചെയ്തതാണതെന്ന് വ്യക്തമാണ്. 2020ൽ അയാൾ യു.എസ് വ്യോമസേനയിൽ ഐ.ടി വിഭാഗത്തിൽ ജീവനക്കാരനായി ചേർന്നു. ഇ​സ്രാ​യേ​ൽ ഗ​സ്സ​യി​ൽ ന​ട​ത്തു​ന്ന വം​ശ​ഹ​ത്യ​യി​ൽ അ​മേ​രി​ക്ക പ​ങ്കാ​ളി​യാ​യ​ത് ആ​റോ​ണി​ൽ കു​റ്റ​ബോ​ധ​മു​ണ​ർ​ത്തി. വ്യോ​മ​സേ​ന വി​ട്ട് സോ​ഫ്റ്റ്​​വെ​യ​ർ എ​ൻ​ജി​നീ​യ​റി​ങ് മേ​ഖ​ല​യി​ൽ ജോ​ലി​നേ​ടാ​ൻ തീ​രു​മാ​നി​ച്ചു; ത​ന്റെ ലി​ങ്ക്ഡ് -ഇ​ൻ പേ​ജി​ൽ അ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തു.

അതേസമയം, ഇസ്രായേലി ഹിംസയിൽ തന്റെ നാട് പങ്കാളിയായതിലെ ഖേദവും പ്രതിഷേധവും ആറോണിനെ അസ്വസ്ഥനാക്കി. അത് മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നതരത്തിൽ നാടകീയമായി പ്രകടിപ്പിക്കാൻ എപ്പോഴാണ് അയാൾ തീരുമാനിച്ചത് എന്ന് വ്യക്തമല്ല. പക്ഷേ, ആലോചിച്ചുറപ്പിച്ചതായിരുന്നു അത്. മുൻകൂട്ടിത്തന്നെ അയാൾ തന്റെ ഒസ്യത്ത് എഴുതി. തന്റെ മരണശേഷം വളർത്തുപൂച്ചയെ അയൽവാസിയെ ഏൽപിക്കണം എന്നായിരുന്നു അതിൽ.

അതിനുശേഷം തന്റെ ഫേസ്ബുക്ക് പേജിൽ ആറോൺ ഇങ്ങനെ കുറിച്ചുവെച്ചു: ‘‘നമ്മളൊക്കെ സ്വയം ചോദിക്കാറുണ്ട് – അടിമസമ്പ്രദായം നിലനിന്ന കാലത്ത് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഞാൻ എന്താണ് ചെയ്യുക? വംശവിവേചന നിയമം (ജിം ക്രോ നിയമം), അപാർതൈറ്റ് നിയമം ഒക്കെ നിലനിന്നപ്പോൾ ഉണ്ടായിരുന്നെങ്കിൽ? എന്റെ നാട് വംശഹത്യ നടത്തുന്ന കാലത്ത് ഞാൻ എന്താണ് ചെയ്യുക? മറുപടി ഇതാ – നീ അത് ചെയ്തുകാണിക്കുകയാണ്. ഇപ്പോൾതന്നെ.’’

എന്നിട്ട് ആറോൺ (ഫെബ്രുവരി 25ന്) കുറേ മാധ്യമ റിപ്പോർട്ടർമാർക്കും ഏതാനും വെബ്സൈറ്റുകൾക്കും ഒരു ഇ-മെയിൽ സന്ദേശമയച്ചു. അതിൽ അയാൾ എഴുതി: ‘‘ഫലസ്തീൻ ജനതയെ വംശഹത്യ ചെയ്യുന്നതിനെതിരെ ഇന്ന് ഞാനൊരു ആത്യന്തിക പ്രതിഷേധം രേഖപ്പെടുത്താൻ വിചാരിക്കുന്നു.’’ അതിനുശേഷം ‘ട്വിച്ച്’ എന്ന ലൈവ്സ്ട്രീം സൈറ്റിൽ ഒരു അക്കൗണ്ടുണ്ടാക്കി. ‘ലില്ലി അനർകിറ്റി’ എന്ന പേരിലുള്ള ആ അക്കൗണ്ടിൽ പ്രൊഫൈലായി ഫലസ്തീൻ പതാക. അതിൽ ഫലസ്തീന് സ്വാതന്ത്ര്യം നൽകുക (ഫ്രീ പാലസ്റ്റൈൻ) എന്ന് തലക്കെട്ട്.

അന്ന് യു.എസ് സമയം ഉച്ചക്ക് ഒരുമണിയോടടുത്ത് ആറോൺ തന്റെ വ്യോമസേനാ യൂനിഫോമണിഞ്ഞ്, മൊബൈൽ ഫോണും പാന്റിന്റെ കാൽക്കീശയിൽ എണ്ണ (പെട്രോൾ?) കുപ്പിയുമായി യു.എസ് തലസ്ഥാനത്തെ (വാഷിങ്ടൺ ഡി.സി) ഇസ്രായേലി എംബസിക്ക് മുന്നിലെത്തുന്നു. ഫോണിന്റെ കാമറ ഓണാക്കി, ‘ട്വിച്ചി’ൽ ലൈവ് സ്ട്രീം തുടങ്ങുന്നു. സ്വയം പരിചയപ്പെടുത്തിയ ശേഷം ആറോൺ പറയുന്നു: ‘‘ഇനിയും ഞാൻ വംശഹത്യയിൽ പങ്കാളിയാകില്ല. ഞാനൊരു കടുത്ത പ്രതിഷേധം നടപ്പാക്കുകയാണ്. കോളനിവാഴ്ചക്കാർ ഫലസ്തീൻകാരോട് ചെയ്തുകൂട്ടുന്നതുമായി തട്ടിച്ചാൽ ഇതത്ര കടുത്തതേ അല്ല. നമ്മുടെ ഭരണവർഗം സാധാരണമെന്ന് തീരുമാനിച്ചിരിക്കുന്നത് ഇതാണ്.’’

ഇസ്രായേലി എംബസിക്ക് മുന്നിലെത്തിയ ആറോൺ ഗേറ്റിന് മുമ്പാകെ, നിലത്ത് സ്ഥാപിച്ച ഫോൺകാമറയിലേക്ക് നോക്കി പെട്രോൾ തലയിലൊഴിച്ച് തീകൊളുത്തുന്നു. നിന്നനിൽപിൽ കത്തി ബോധം നശിക്കുവോളം ‘‘ഫ്രീ പാലസ്റ്റൈൻ’’ എന്ന് ഉറക്കെ വിളിക്കുന്നു. മേലാകെ പൊള്ളിയ നിലയിൽ താഴെവീണ ആറോൺ ആശുപത്രിയിൽവെച്ച് മരിച്ചു.

തന്റെ മരണംകൊണ്ട് ആറോൺ ബുഷ്നെൽ ലോകത്തിന് നൽകാനുദ്ദേശിച്ച സന്ദേശം വ്യക്തമാണ്. സ്വന്തം രാജ്യം വംശഹത്യയിൽ പങ്കാളിയാകുന്നതിനോടുള്ള വിയോജിപ്പ് തന്നെ മുഖ്യം. അത് ലോകം അറിയേണ്ട രാഷ്ട്രീയ പ്രസ്താവന കൂടിയാണ്. പ്രതിഷേധത്തിന്റെ രീതിയോട് വിയോജിപ്പാകാം. പക്ഷേ, ഒരാൾ സ്വജീവൻ കൊടുത്തുകൊണ്ട് ലോകത്തോട് വിളിച്ചുപറഞ്ഞ കാര്യം റിപ്പോർട്ട് ചെയ്യാതിരിക്കുന്നതെങ്ങനെ? ട്വിറ്ററിൽ അരദിവസംകൊണ്ട് പത്തുലക്ഷം പോസ്റ്റിന് കാരണമായ സംഭവം, പക്ഷേ, മലയാളത്തിലെ കുറേ പത്രങ്ങൾ വായനക്കാരോട് പറഞ്ഞതേ ഇല്ല. മലയാള മനോരമ, മാതൃഭൂമി, മംഗളം, കേരള കൗമുദി തുടങ്ങിയവയിലൊന്നും അത് കാണാനായില്ല.

ആത്മാഹുതിയുടെ കാരണം?

‘ട്വിച്ചി’ൽ ലൈവ് സ്ട്രീം ചെയ്ത ആത്മാഹുതി ദൃശ്യം, പക്ഷേ, ‘ട്വിച്ച്’ അധികൃതർ നീക്കംചെയ്തു. അവരുടെ ചട്ടങ്ങൾക്ക് വിരുദ്ധമാണതെന്ന്. എന്നാൽ, ടാലിയ ജേയ്ൻ എന്ന ജേണലിസ്റ്റ് അത് പകർത്തിയിരുന്നു. ആറോൺ ബുഷ്നെലിന്റെ കുടുംബക്കാരുടെ സമ്മതത്തോടെ അവരത് ട്വിറ്ററിൽ പോസ്റ്റ് ചെയ്തു – ചില ഭാഗങ്ങൾ മറച്ചുകൊണ്ട്്. മറ്റു ചിലരും ദൃശ്യം അതേപടി പോസ്റ്റ് ചെയ്തു.

പാശ്ചാത്യ പത്രങ്ങൾ അത് റിപ്പോർട്ട് ചെയ്ത രീതിയും വിമർശിക്കപ്പെട്ടിട്ടുണ്ട്. സമൂഹമാധ്യമ പോസ്റ്റുകളിലും ലൈവ് സ്ട്രീമിലും മരണനിമിഷങ്ങളിലുയർത്തിയ മുദ്രാവാക്യത്തിലുംവരെ ആറോൺ തന്റെ ആത്മാഹുതിയുടെ കാരണം ഉച്ചത്തിൽ ലോകത്തോട് വിളിച്ചുപറഞ്ഞതാണ്. എന്നാൽ, ചില പത്രങ്ങളുടെ തലക്കെട്ട് കണ്ടാൽ അയാൾ ചെയ്തതൊക്കെ വെറുതെയായി. ഏത് ആത്മഹത്യ വാർത്തയിലും ഏറ്റവും പ്രധാന അംശം അതിനുപിന്നിലെ ഉദ്ദേശ്യമാണ് – മാധ്യമങ്ങൾ തലക്കെട്ടിലടക്കം അത് എടുത്തുപറയാറുമുണ്ട്.

 

ആറോൺ – അവസാന ഫേസ്ബുക്ക് പോസ്റ്റ്

ആറോൺ – അവസാന ഫേസ്ബുക്ക് പോസ്റ്റ്

പക്ഷേ, ആറോണിനോട് കുറേ മാധ്യമങ്ങൾ ആ മര്യാദ കാട്ടിയില്ല. തലക്കെട്ടുകളിൽനിന്ന് ആ വശം അവ ഒഴിവാക്കി. ന്യൂയോർക് ടൈംസ്: വാഷിങ്ടണിലെ ഇസ്രായേലി എംബസിക്കു പുറത്ത് ഒരാൾ സ്വയം തീവെച്ചതായി പൊലീസ് പറയുന്നു. 

റോയിട്ടേഴ്സ് വാർത്ത ഏജൻസി: വാഷിങ്ടണിലെ ഇസ്രായേലി എംബസിക്ക് പുറത്ത് യു.എസ് വ്യോമസൈനികൻ സ്വയം തീ​െകാടുത്തു.

സി.എൻ.എൻ: വാഷിങ്ടണിലെ ഇസ്രായേലി എംബസിക്ക് പുറത്ത് യു.എസ് വ്യോമസൈനികൻ സ്വയം തീകൊടുത്തു.

വാഷിങ്ടൺ പോസ്റ്റ്് : ഡി.സിയിലെ ഇസ്രായേലി എംബസിക്ക് പുറത്ത് വ്യോമസേനാംഗം സ്വയം തീകൊടുത്തു.

ബി.ബി.സി: വാഷിങ്ടൺ ഡി.സിയിലെ ഇസ്രായേലി എംബസിക്ക് പുറത്ത്​ വ്യോമസൈനികൻ സ്വയം തീകൊടുത്തു.

ഒരേ പകർപ്പ് പോലെ ഇരിക്കുന്ന ഈ തലക്കെട്ടുകളിൽ ഉൾപ്പെട്ടതിനെക്കാൾ ശ്രദ്ധേയം അവയിൽനിന്ന് ഒഴിവാക്കപ്പെട്ടതാണ്. ആറോൺ ആവർത്തിച്ചു പറഞ്ഞ ‘‘ഫലസ്തീൻ’’, ‘‘വംശഹത്യ’’ തുടങ്ങിയ വാക്കുകൾ ശ്രദ്ധാപൂർവം ഒഴിവാക്കപ്പെട്ടിരിക്കുന്നു.

ആത്മാഹുതി വാർത്തക്കു പിന്നാലെ ന്യൂയോർക് ടൈംസ് കൊടുത്ത തുടർവാർത്ത, ഇസ്രായേലി എംബസിയിൽ എല്ലാവരും സുരക്ഷിതർ എന്നായിരുന്നു. എംബസി വക്താവിനെ ഉദ്ധരിച്ചായിരുന്നു ഇത്. വംശഹത്യ നടത്തുന്ന രാജ്യം; അതിനെതിരെ ആത്മാഹുതി വരെ ചെയ്യാൻ നിർബന്ധിതരാകുന്ന സാഹചര്യം. എന്നിട്ടും പത്രത്തിന് ഇസ്രായേലാണ് ഇര!

News Summary - weekly column media scan