Begin typing your search above and press return to search.
proflie-avatar
Login

ഒരു ഇന്റർവ്യൂ, ഒരു മരണം, ഒരുപാട് കാപട്യം

ഒരു ഇന്റർവ്യൂ, ഒരു മരണം,   ഒരുപാട് കാപട്യം
cancel

ഫോക്സിൽനിന്ന് പിരിച്ചുവിടപ്പെട്ട ശേഷം കഴിഞ്ഞ ഡിസംബറിൽ വൻ മുതൽമുടക്കോടെ ‘ടക്കർ കാൾസൺ നെറ്റ്‍വർക്’ (ടി.സി.എൻ) എന്ന മാധ്യമസ്ഥാപനം നീൽ പട്ടേലുമായി ചേർന്ന് ആരംഭിച്ചു. ഇതിനെ പ്രശസ്തിയിലേക്ക് ഉയർത്തിയ അഭിമുഖം കൂടിയാണ് റഷ്യൻ പ്രസിഡന്റുമായി കാൾസൺ നടത്തിയ വിവാദ ഇന്റർവ്യൂ.ടക്കർ കാൾസന്റെ പുടിൻ ഇന്റർവ്യൂവും അലക്സി നവൽനിയുടെ അസ്വാഭാവിക മരണവും തമ്മിൽ ബന്ധമുണ്ടോ? ബന്ധമുണ്ടെങ്കിലും ഇല്ലെങ്കിലും, രണ്ടും റഷ്യക്ക് വാർത്താ തലക്കെട്ടുകളിൽ ഇടംനൽകി. ഫെബ്രുവരി 8നായിരുന്നു അഭിമുഖം. അമേരിക്കയിലെ തീവ്ര വലതുപക്ഷ ചാനലായ ഫോക്സ് ന്യൂസിൽ 14 വർഷം രാഷ്ട്രീയ കമന്റേറ്ററായും ചർച്ചാ അവതാരകനായും ജോലിചെയ്ത കാൾസണെ 2023...

Your Subscription Supports Independent Journalism

View Plans

ഫോക്സിൽനിന്ന് പിരിച്ചുവിടപ്പെട്ട ശേഷം കഴിഞ്ഞ ഡിസംബറിൽ വൻ മുതൽമുടക്കോടെ ‘ടക്കർ കാൾസൺ നെറ്റ്‍വർക്’ (ടി.സി.എൻ) എന്ന മാധ്യമസ്ഥാപനം നീൽ പട്ടേലുമായി ചേർന്ന് ആരംഭിച്ചു. ഇതിനെ പ്രശസ്തിയിലേക്ക് ഉയർത്തിയ അഭിമുഖം കൂടിയാണ് റഷ്യൻ പ്രസിഡന്റുമായി കാൾസൺ നടത്തിയ വിവാദ ഇന്റർവ്യൂ.

ടക്കർ കാൾസന്റെ പുടിൻ ഇന്റർവ്യൂവും അലക്സി നവൽനിയുടെ അസ്വാഭാവിക മരണവും തമ്മിൽ ബന്ധമുണ്ടോ? ബന്ധമുണ്ടെങ്കിലും ഇല്ലെങ്കിലും, രണ്ടും റഷ്യക്ക് വാർത്താ തലക്കെട്ടുകളിൽ ഇടംനൽകി.

ഫെബ്രുവരി 8നായിരുന്നു അഭിമുഖം. അമേരിക്കയിലെ തീവ്ര വലതുപക്ഷ ചാനലായ ഫോക്സ് ന്യൂസിൽ 14 വർഷം രാഷ്ട്രീയ കമന്റേറ്ററായും ചർച്ചാ അവതാരകനായും ജോലിചെയ്ത കാൾസണെ 2023 ഏപ്രിലിൽ മുൻകൂർ നോട്ടീസ് കൂടാതെ പറഞ്ഞുവിട്ടു. ചാനൽ ഉടമ റൂപർട്ട് മർഡോക്കോ അദ്ദേഹത്തിന്റെ മകൻ ലഖ്‍ലൻ മർഡോക്കോ എടുത്ത തീരുമാനമാണതെന്ന് അഭ്യൂഹങ്ങൾ ഉയർന്നതല്ലാതെ കാരണം വ്യക്തമാക്കപ്പെട്ടില്ല.

ഫോക്സിൽനിന്ന് പിരിച്ചുവിടപ്പെട്ട ശേഷം കാൾസൺ ‘ട്വിറ്ററി’ൽ തന്റെ ഷോ അവതരിപ്പിച്ചുനോക്കിയെങ്കിലും വിജയിച്ചില്ല. കഴിഞ്ഞ ഡിസംബറിൽ വൻ മുതൽമുടക്കോടെ ‘ടക്കർ കാൾസൺ നെറ്റ്‍വർക്’ (ടി.സി.എൻ) എന്ന മാധ്യമസ്ഥാപനം നീൽ പട്ടേലുമായി ചേർന്ന് ആരംഭിച്ചു. ഇത് സ്ട്രീമിങ് സർവിസ് ആയാണ് പ്രവർത്തിക്കുന്നത്. ഇതിനെ പ്രശസ്തിയിലേക്ക് ഉയർത്തിയ അഭിമുഖംകൂടിയാണ് റഷ്യൻ പ്രസിഡന്റുമായി കാൾസൺ നടത്തിയ വിവാദ ഇന്റർവ്യൂ.

റഷ്യ യുക്രെയ്നെ കടന്നാക്രമിച്ച ശേഷം ആദ്യമായിട്ടാണ് ഒരു പാശ്ചാത്യ മാധ്യമപ്രവർത്തകൻ പുടിനെ ഇന്റർവ്യൂ ചെയ്യുന്നത്. (മാധ്യമപ്രവർത്തകൻ എന്ന വിശേഷണം അർഹിക്കാത്തയാളാണ് ടക്കർ കാൾസൺ എന്ന് വിമർശകർ പറയുന്നതിൽ കാര്യമുണ്ട്. നമ്മുടെ ചില യൂട്യൂബ് ‘ജേണലിസ്റ്റു’കളെപ്പോലെ, വിദ്വേഷവും വർഗീയതയും മുഖ്യ ചേരുവയാക്കിയാണ് കാൾസൺ ഫോക്സിലെ ഏറ്റവും കൂടുതൽ ഉയർന്ന റേറ്റിങ് ഉള്ള അവതരാകനായി മാറിയത്.) പല ജേണലിസ്റ്റുകളും പുടിനെ അഭിമുഖം നടത്താൻ ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. കാൾസണ് അനുമതി നൽകിയതും ശ്രദ്ധേയമായി. ക്രെംലിനിൽ നടന്ന അഭിമുഖം രണ്ടു മണിക്കൂർ നീണ്ടു.

അഭിമുഖങ്ങളിൽ ഒരിക്കലും തന്റെ മേൽക്കൈ വിട്ടുകൊടുക്കാത്ത കാൾസൺ, പുടിന്റെ മുന്നിൽ അച്ചടക്കത്തോടെ ഇരുന്നു. പുടിൻ തന്റെ ഉത്തരങ്ങൾക്ക് നീണ്ട സമയമെടുത്തപ്പോൾ ഇടപെടാതെ ക്ഷമയോടെ കാൾസൺ കേട്ടിരുന്നു. അത് പ്രേക്ഷകർക്കൊരു പുതിയ കാഴ്ചയായി.

ഈ അഭിമുഖത്തിനെതിരെ ഉയർന്ന ഒരു വിമർശനം, അത് പുടിന്റെ വ്യാജ പ്രചാരണങ്ങൾക്ക് വേദി നൽകി എന്നതാണ്. യുക്രെയ്ൻ യുദ്ധത്തെപ്പറ്റി തന്റെ ഭാഗം വാദിക്കാൻ പുടിന് അവസരം നൽകിയ കാൾസൺ അലോസരപ്പെടുത്തുന്ന ചോദ്യങ്ങൾ ഉയർത്തിയില്ല. റഷ്യയുടെ ചരിത്രം വളച്ചൊടിച്ചുകൊണ്ട് പുടിൻ തന്റെ വാദങ്ങൾക്ക് ന്യായം ചമച്ചപ്പോൾ എല്ലാം സമ്മതിച്ചുകൊടുക്കുകയായിരുന്നു കാൾസൺ.

പുടിന് മാത്രമല്ല ലാഭം. ട്വിറ്റർ (എക്സ്) കൂടി ഈ അഭിമുഖത്തിന് സ്വന്തം വേദി നൽകിയിരുന്നു. ആദ്യ 23 മണിക്കൂറിൽ അത് എക്സിന്റെ വിഡിയോ സർവിസിൽ മാത്രം 15 കോടി പേർ കണ്ടു. യൂട്യൂബിൽ 83 ലക്ഷം പേരും. ‘ടി.സി.എൻ’ വെബ്സൈറ്റിലൂടെ കണ്ടവർ ഇതിന് പുറമെ. അതേസമയം, റഷ്യയിൽ അതിന് പ്രേക്ഷകർ കുറവായിരുന്നു. റഷ്യയിലെ ഏറ്റവും പ്രചാരമുള്ള ടി.വി ചാനലായ ചാനൽവൺ ടി.വിയിൽ ആ അഭിമുഖം തുടർച്ചയായി രണ്ടുതവണ കാണിച്ചെങ്കിലും പ്രേക്ഷകബലത്തിൽ അത് ആദ്യത്തെ പത്തിൽപോലും വന്നില്ല.

ടക്കർ കാൾസൺ പുടിനെ ഇന്റർവ്യൂ ചെയ്യാൻ തീരുമാനിച്ചതെന്തുകൊണ്ട്? ഫെബ്രുവരി 12ന് ദുബൈയിലെ ‘വേൾഡ് ഗവൺമെന്റ് സമ്മിറ്റി’ലെ ഒരു പരിപാടി, കാൾസണുമായി ഈജിപ്ഷ്യൻ ജേണലിസ്റ്റ് ഇമാദുദ്ദീൻ അദീബ് നടത്തിയ അഭിമുഖമായിരുന്നു. അദ്ദേഹം കാൾസണോട് ആ ചോദ്യം ചോദിച്ചു: ‘‘എന്തിനായിരുന്നു ആ ഇന്റർവ്യൂ? താങ്കൾ പുടിനോട് റഷ്യയിലെ അഭിപ്രായസ്വാതന്ത്ര്യമില്ലായ്മയെപ്പറ്റിയോ പ്രതിപക്ഷ നേതാവ് നവൽനിയെ തടവിലിട്ടതിനെപ്പറ്റിയോ ഒന്നും ചോദിച്ചില്ലല്ലോ.’’

കാൾസന്റെ മറുപടി: ‘‘മറ്റ് എല്ലാ അമേരിക്കൻ മാധ്യമങ്ങളും ഉന്നയിക്കുന്ന കാര്യങ്ങളല്ല ഞാൻ സംസാരിച്ചത്. വിവിധ രാജ്യങ്ങളിലെ നേതാക്കളോടാണ് ഞാൻ ജീവിതത്തിലുടനീളം സംസാരിച്ചിട്ടുള്ളത്. എനിക്ക് മനസ്സിലായത് ഇതാണ്: എല്ലാ നേതാക്കളും ആളുകളെ കൊല്ലുന്നുണ്ട് –എന്റെ നേതാവടക്കം. ചിലർ കൂടുതലാളെ കൊല്ലും എന്ന വ്യത്യാസം മാത്രം. നേതാവായിരിക്കുന്നതിന് ആളുകളെ കൊല്ലേണ്ടിവരും...’’

നവൽനിയുടെ അന്ത്യം

ഒരാഴ്ച കഴിഞ്ഞില്ല, വാർത്ത വന്നു – അലക്സി നവൽനി റഷ്യൻ ജയിലിൽ വെച്ച് മരിച്ചു. നവൽനിയെ കൊല്ലാൻ മുമ്പും റഷ്യൻ സർക്കാർ ശ്രമിച്ചിരുന്നു; അദ്ദേഹം ജയിലിൽ കൊല്ലപ്പെട്ടതാകാനാണ് സാധ്യത. അപ്പോൾ കാൾസന്റെ പ്രസ്താവന, നവൽനിയെ കൊലപ്പെടുത്താൻ പുടിന് കിട്ടിയ മുൻകൂർ ന്യായമായി എന്നുവരെ വിമർശനമുയർന്നു.ടക്കർ കാൾസൺ ഒരു മാധ്യമപ്രവർത്തകനല്ല, പ്രചാരകൻ മാത്രമാണ്. ഒരു മാധ്യമവ്യാപാരി.എന്നാൽ, പാശ്ചാത്യ വിമർശകരുടെ കാര്യമോ? ചില പടിഞ്ഞാറൻ ജേണലിസ്റ്റുകൾ പുടിനെ ഇന്റർവ്യൂ ചെയ്യാൻ ശ്രമിച്ച് പരാജയപ്പെട്ടിരുന്നു. എന്നുവെച്ച്, റഷ്യൻ വീക്ഷണം കാണരുത് എന്നില്ലല്ലോ.

കാൾസന്റെ മഹാപാതകമായി പലരും ഇപ്പോൾ പറയുന്നത് അദ്ദേഹം പുടിന് ശബ്ദം നൽകി എന്നതാണ്. പുടിനുമായി അഭിമുഖമേ അരുതെന്ന്! രണ്ടു വർഷമായി സജീവമായി തുടരുന്ന യുക്രെയ്ൻ വിഷയത്തിൽ ഒരു അമേരിക്കൻ പത്രപ്രവർത്തകനും പുടിന് പറയാനുള്ളത് കേട്ടിട്ടില്ല; കേൾക്കാൻ സാധിച്ചിട്ടില്ല. വൈകിയിട്ടാണെങ്കിലും ഒരു പുടിൻ അഭിമുഖം വരേണ്ടതുണ്ടായിരുന്നു. പക്ഷേ, ചോദിക്കേണ്ട പലതും കാൾസൺ ചോദിച്ചില്ല –അതാണ് യഥാർഥ വീഴ്ച.

റഷ്യ എതിർശബ്ദങ്ങളെ തല്ലിയൊതുക്കാൻ നോക്കുന്നതിന്റെ ഉദാഹരണമാണ് നവൽനി. അദ്ദേഹത്തെ വധിക്കാൻ മുമ്പും ശ്രമം നടന്നിരുന്നു. ഭരണകൂട ഭീകരതയും അഴിമതിയും നവൽനി തുറന്നുകാട്ടിയതാണ് കാരണം. ഇതിനെയൊക്കെ കുറ്റപ്പെടുത്തുന്നു പാശ്ചാത്യർ. നവൽനിയെപ്പോലെ ജൂലിയൻ അസാൻജും ഭരണകൂട ഭീകരതയും അഴിമതിയും വെളിപ്പെടുത്തി. ഇപ്പോൾ അന്യായ തടങ്കലിലാണ്. ഒന്നിലേറെ തവണ വധശ്രമത്തിൽനിന്ന് രക്ഷപ്പെട്ടു. എന്തുകൊണ്ടാണ് നവൽനിയെപ്പറ്റി വാചാലരാകുന്നവർ അസാൻജിനെപ്പറ്റി മിണ്ടാത്തത്? പ്രതി അമേരിക്കയായതുകൊണ്ടോ?

‘മാധ്യമസ്വാതന്ത്ര്യം’കൊണ്ട് പടിഞ്ഞാറൻ ഭരണകൂടങ്ങൾ അർഥമാക്കുന്നത് അവരുടെ ഭാഷ്യം പ്രകാശിപ്പിക്കാനുള്ള സ്വാതന്ത്ര്യം മാത്രമാണ്. യുക്രെയ്നിലോ ഫലസ്തീനിലോ ഔദ്യോഗിക അമേരിക്കൻ ആഖ്യാനത്തിനപ്പുറത്തേക്ക് അന്വേഷിക്കാൻ അവിടത്തെ മാധ്യമങ്ങൾ തയാറല്ല. ടക്കർ കാൾസൺ യഥാർഥ ജേണലിസ്റ്റല്ല –അദ്ദേഹം പുടിനെ അഭിമുഖം നടത്തിയതല്ല തെറ്റ്; മറിച്ച് പാശ്ചാത്യ ജേണലിസത്തിലെ വംശീയതയും ഏകപക്ഷീയതയും കൂടിയ അളവിൽ കൊണ്ടുനടക്കുന്നതാണ്.

കേബ്ൾ ടെലിവിഷന്റെ അന്ത്യം?

ടക്കർ കാൾസൺ ഫോക്സ് ന്യൂസ് വിട്ട് സ്വന്തം ഓൺലൈൻ സ്ട്രീമിങ് ചാനൽ തുടങ്ങിയപ്പോൾ ഒരാളുടെ തൊഴിലിലെ സ്ഥാനചലനം മാത്രമല്ല സംഭവിച്ചത്. കേബ്ൾ ടെലിവിഷൻ ചാനലുകളുടെ അവസാനത്തിന്റെ ആരംഭംകൂടിയാണ്. ‘കേബ്ൾ മുതലാളിമാരു’ടെ കുത്തകക്ക് പകരം ഇലോൺ മസ്കിനെപ്പോലുള്ളവരുടെ കുത്തകയിലേക്കുള്ള കൂടുമാറ്റം.

 

ടക്കർ കാൾസൺ,വ്ലാദിമിർ പുടിൻ,അലക്സി നവൽനി

ടക്കർ കാൾസൺ,വ്ലാദിമിർ പുടിൻ,അലക്സി നവൽനി

2022ൽ റഷ്യ യുക്രെയ്നെ കടന്നാക്രമിക്കുമ്പോൾ അവർ ഒരു മുൻകരുതലെടുത്തിരുന്നു: യുക്രെയ്ൻ സൈന്യം വാർത്താവിനിമയത്തിന് ഉപയോഗിച്ചിരുന്ന ‘വയാസാറ്റ്’ ശൃംഖലയുടെ റൂട്ടറുകൾ ഹാക്ക് ചെയ്ത് പ്രവർത്തനരഹിതമാക്കി. സൈന്യത്തിന് പ്രതിരോധം തീർക്കാൻ അസാധ്യമായി. യുക്രെയ്ൻ അധികൃതർ ‘ട്വിറ്റർ’ സന്ദേശത്തിലൂടെ അതിന്റെ മുതലാളി ഇലോൺ മസ്കിനോട്, ‘സ്റ്റാർലിങ്ക്’ എന്ന ബ്രോഡ്ബാൻഡ് സേവനം ലഭ്യമാക്കാൻ അഭ്യർഥിച്ചു. ഇന്ന് യുക്രെയ്ന്റെ ഔദ്യോഗിക മസ്തിഷ്കമാണ് ‘സ്റ്റാർലിങ്ക്’ ടെർമിനലുകൾ.

റഷ്യയും സ്റ്റാർലിങ്ക് ടെർമിനലുകൾ സ്വന്തമാക്കിത്തുടങ്ങി എന്നതാണ് പുതിയ വിശേഷം. രണ്ടു ശത്രുക്കൾക്കും വേണ്ടപ്പെട്ടവരാണ് ഇലോൺ മസ്കും സ്റ്റാർലിങ്കുമെന്നർഥം. ടക്കർ കാൾസന്റെ ചാനൽ കേബ്ൾ വിട്ട് ഇന്റർനെറ്റ് വഴിയും വലിയൊരളവിൽ ‘എക്സ്’ (ട്വിറ്റർ) പ്ലാറ്റ്ഫോമിലൂടെയും സംപ്രേഷണം നടത്തുന്നു. ആയുധക്കമ്പനികളെപ്പോലെ സ്റ്റാർലിങ്കും പരസ്പരം പോരടിച്ചുനിൽക്കുന്ന രാജ്യങ്ങൾക്ക് സേവനം വിറ്റ് കൊഴുക്കുന്നു. അധികാരം, വിവരവിനിമയം – ഇന്നത്തെ ഏറ്റവും കരുത്തുറ്റ രണ്ട് മേഖലകൾ മസ്കിന്റെ വരുതിയിലാണ്.

News Summary - weekly column media scan