Begin typing your search above and press return to search.
proflie-avatar
Login

മാധ്യമങ്ങൾ നേരറിയുമെന്ന് അവർ ഭയപ്പെട്ടു

മാധ്യമങ്ങൾ നേരറിയുമെന്ന്   അവർ ഭയപ്പെട്ടു
cancel

ഇസ്രായേൽ-ഹമാസ് തൽക്കാല വെടിനിർത്തലിൽ വിട്ടയക്കപ്പെട്ട ഫലസ്തീൻ തടവുകാർക്ക് സന്തോഷം പ്രകടിപ്പിക്കാൻ അനുവാദമുണ്ടായിരുന്നില്ലത്രെ! വെടിനിർത്തൽ കരാറിലൊന്നുമില്ലാത്ത ഈ വിചിത്രമായ നിബന്ധന, ഫലസ്തീനി ബന്ദികളെ വിട്ടയക്കുന്ന സമയത്ത് ഇസ്രായേൽ പട്ടാളക്കാർ അവരോട് പറഞ്ഞുവെന്ന് ചില റിപ്പോർട്ടുകളിൽ കണ്ടു: സന്തോഷം കാണിക്കരുത്. മാധ്യമങ്ങളോട് സംസാരിക്കരുത്.പക്ഷേ, ആ നിബന്ധന തന്നെ കഥ മുഴുവൻ പറഞ്ഞു. വിട്ടയക്കപ്പെട്ട ബന്ദികൾക്ക് ഇസ്രായേലി പട്ടാളത്തെപ്പറ്റി മോശമല്ലാതൊന്നും പറയാനുണ്ടാകില്ലെന്ന് ഏറ്റവുമധികം അറിയുക ആ പട്ടാളത്തിനു തന്നെയാണല്ലോ. മറുവശത്ത്, ആർക്കും എന്തും ചോദിക്കാമെന്ന മട്ടിൽ...

Your Subscription Supports Independent Journalism

View Plans

ഇസ്രായേൽ-ഹമാസ് തൽക്കാല വെടിനിർത്തലിൽ വിട്ടയക്കപ്പെട്ട ഫലസ്തീൻ തടവുകാർക്ക് സന്തോഷം പ്രകടിപ്പിക്കാൻ അനുവാദമുണ്ടായിരുന്നില്ലത്രെ! വെടിനിർത്തൽ കരാറിലൊന്നുമില്ലാത്ത ഈ വിചിത്രമായ നിബന്ധന, ഫലസ്തീനി ബന്ദികളെ വിട്ടയക്കുന്ന സമയത്ത് ഇസ്രായേൽ പട്ടാളക്കാർ അവരോട് പറഞ്ഞുവെന്ന് ചില റിപ്പോർട്ടുകളിൽ കണ്ടു: സന്തോഷം കാണിക്കരുത്. മാധ്യമങ്ങളോട് സംസാരിക്കരുത്.

പക്ഷേ, ആ നിബന്ധന തന്നെ കഥ മുഴുവൻ പറഞ്ഞു. വിട്ടയക്കപ്പെട്ട ബന്ദികൾക്ക് ഇസ്രായേലി പട്ടാളത്തെപ്പറ്റി മോശമല്ലാതൊന്നും പറയാനുണ്ടാകില്ലെന്ന് ഏറ്റവുമധികം അറിയുക ആ പട്ടാളത്തിനു തന്നെയാണല്ലോ.

മറുവശത്ത്, ആർക്കും എന്തും ചോദിക്കാമെന്ന മട്ടിൽ ഇസ്രായേലി ബന്ദികളെ ഹമാസ് പോരാളികൾ പുറത്തുകൊണ്ടുവന്നത് പ്രായമായവരെ കൈകളിൽ താങ്ങിയും കുട്ടികളെ കളിപ്പിച്ചുമാണ്. ബന്ദികൾ പോരാളികളോട് പുഞ്ചിരിയോടെ ‘ബൈ’ പറയുന്നതും കണ്ടു. ഈ ബന്ദികൾക്കായി ഇസ്രായേൽ മറ്റൊരു നിബന്ധന വെച്ചിട്ടുണ്ട്. അവരെ കുടുംബങ്ങളിലേക്ക് ഉടനെ അയക്കില്ലെന്നും പ്രത്യേക കേന്ദ്രങ്ങളിൽ പരിചരിക്കപ്പെടുമെന്നും അവർക്ക് പ്രത്യേക മേൽനോട്ടക്കാരുണ്ടാകുമെന്നുമാണത്. മുമ്പ് വിട്ടയക്കപ്പെട്ട രണ്ട് ബന്ദികൾ ഹമാസിനെപ്പറ്റി നല്ല വാക്കുകൾ പറഞ്ഞതും അത് ആഗോള മാധ്യമങ്ങൾക്ക് വാർത്തയായതും ഓർമയിലുള്ളതുകൊണ്ടാകണം, ഹമാസ് വിട്ടയച്ചവരെ പ്രത്യേകം പാർപ്പിക്കുന്നത്.

എന്നിട്ടും, വിട്ടയക്കപ്പെട്ട തായ്‍ലൻഡുകാരന്റെ സഹോദരി മാധ്യമങ്ങളോട് ചിലതൊക്കെ പറഞ്ഞുകളഞ്ഞു. നല്ല ഭക്ഷണവും നല്ല പെരുമാറ്റവുമാണ് ഹമാസിൽനിന്ന് കിട്ടിയതെന്ന് സഹോദരൻ പറഞ്ഞതായാണ് അവർ മാധ്യമങ്ങളെ അറിയിച്ചത്. മുമ്പൊരിക്കലും ഉണ്ടായിരുന്നിട്ടില്ലാത്ത വിധത്തിൽ ഫലസ്തീന് അനുകൂലമായും ഇസ്രായേലിനെതിരായും അമേരിക്കയിലടക്കം ജനവികാരം രൂപപ്പെട്ടിട്ടുണ്ട് – വിശേഷിച്ച് പുതുതലമുറയിൽ. 2022ലെ പ്യൂ റിസർച്ചിൽ കണ്ടെത്തിയ ഇക്കാര്യം ബ്രൂക്കിങ്സ് ഇൻസ്റ്റിറ്റ്യൂഷന്റെ പുതിയ പഠനത്തിലും സ്‍ഥിരീകരിച്ചിട്ടുണ്ട്.

എന്നാൽ, ഈ മാറ്റത്തിന് ഇസ്രായേൽ അനുകൂല കേന്ദ്രങ്ങൾ ഒരു വിശദീകരണം നൽകാൻ ശ്രമിക്കുന്നുണ്ട്. ഇസ്രായേലിനെ എതിർക്കുന്നവർ ചൈനയുടെയും റഷ്യയുടെയും ഇറാന്റെയും ഹമാസിന്റെയുമൊക്കെ കുപ്രചാരണത്തിൽ പെട്ടുപോയവരാണത്രെ. സമൂഹമാധ്യമങ്ങളിലും മറ്റും കടുത്ത പ്രചാരണയുദ്ധം നടക്കുന്നുണ്ടെന്നത് സത്യം. അതിനപ്പുറം ഇതുവരെയുള്ള അനുഭവം ഹമാസ് പറഞ്ഞുവന്ന കാര്യങ്ങൾ യഥാർഥമാണെന്നും ഇസ്രായേലിന്റെ മിക്ക വാദങ്ങളും തെറ്റാണെന്നും തെളിഞ്ഞതായിട്ടാണ്.

നേർവാർത്ത ലഭ്യമാകാതിരിക്കാൻ ആര് ശ്രമിക്കുന്നോ അവരെയാണല്ലോ സംശയിക്കേണ്ടത്. ഈ വാദം ശരിയാണെങ്കിൽ, ഇസ്രായേൽപക്ഷംതന്നെയാണ് പ്രതിക്കൂട്ടിൽ നിൽക്കേണ്ടത്. ശരിയായ വാർത്തക്കെതിരെ കൂടിയാണ് അവരുടെ പോരാട്ടം. സ്വതന്ത്ര മാധ്യമങ്ങളെ ബോധപൂർവം വേട്ടയാടുന്നുണ്ട് ഇസ്രായേൽ.

ഗസ്സയിൽ നാലു ദിവസത്തേക്ക് തൽക്കാല വെടിനിർത്തലിന് ആഗോള സമ്മർദമുയർന്നപ്പോൾ അമേരിക്കക്കും ആ തീരുമാനത്തോട് യോജിക്കാതെ നിർവാഹമില്ലെന്ന് വന്നു. വെടിനിർത്തലിനെ അമേരിക്കൻ സർക്കാറിൽ ചിലർ ആശങ്കയോടെയാണ് കണ്ടതെന്ന് പൊളിറ്റികോ മാഗസിൻ റിപ്പോർട്ട് ചെയ്തിരുന്നു.

എന്താണ് ആ ആശങ്കക്ക് കാരണമെന്നല്ലേ? ‘‘ഗസ്സയിലേക്ക് പ്രവേശിക്കാൻ മാധ്യമപ്രവർത്തകർക്ക് കൂടുതൽ അവസരമുണ്ടാകും; അവിടത്തെ സർവനാശം കൂടുതൽ വെളിപ്പെടുന്നതോടെ ഇസ്രായേലിനെതിരായ വികാരം ശക്തിപ്പെട്ടേക്കും’’ എന്നതുതന്നെ! യഥാർഥ വാർത്തയെ ഇസ്രായേലും അമേരിക്കയും ഭയപ്പെടുന്നു എന്ന്.

സെൻസറിങ് പലവിധം

ഗസ്സയിൽനിന്ന് യഥാർഥ വാർത്ത ലഭിക്കാൻ പാശ്ചാത്യ മാധ്യമങ്ങൾക്കോ പാശ്ചാത്യ ഏജൻസികൾക്കോ മാർഗമില്ല. ഇസ്രായേലിലിരുന്ന് അവിടത്തെ അധികൃതർ നൽകുന്നത് റിപ്പോർട്ട് ചെയ്യുകയാണ് ഒരു രീതി. മറ്റൊരു രീതി, ഗസ്സയിലേക്ക് കടന്ന ഇസ്രായേലി സൈന്യത്തോടൊപ്പം ‘എംബെഡഡ്’ ആയി പോവുക എന്നതും. അതായത്, സൈന്യത്തിന്റെ സംരക്ഷണത്തിൽ, അവരുടെ വക്താവ് നൽകുന്ന വിവരങ്ങൾ മാത്രം റിപ്പോർട്ട് ചെയ്യുക. വാർത്ത പുറത്തുവിടുന്നതിനുമുമ്പ് അത് ഇസ്രായേലി സൈന്യം കാണുകയും അംഗീകരിക്കുകയും ചെയ്തിരിക്കണമെന്ന് നിബന്ധനയുണ്ട്.

‘എംബെഡഡ്’ അല്ലാതെ, ഗസ്സയിൽനിന്നുള്ള വിവരങ്ങൾ കൃത്യമായും സത്യസന്ധമായും റിപ്പോർട്ട് ചെയ്യുന്നവർ ഇസ്രായേലിന്റെ രോഷത്തിനിരയാകുന്നുണ്ട്. ഒരു മാസത്തിനിടെ ഗസ്സയിൽ മാത്രം 50ഓളം മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു എന്ന് ‘കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ്സ്’ (സി.പി.ജെ) അറിയിക്കുന്നു. സർവകാല റെക്കോഡാണ് ഈ പ്രതിമാസ കുരുതി. മാധ്യമപ്രവർത്തകർക്ക് പുറമെ അവരുടെ കുടുംബങ്ങളെയും പ്രത്യേകം ഉന്നമിട്ട് കൊല്ലുന്നതായി സാഹചര്യത്തെളിവുകൾ സൂചിപ്പിക്കുന്നു.

ഗസ്സയിലെ മാധ്യമപ്രവർത്തകർ ഇങ്ങനെ ജീവൻ പണയംവെച്ചാണ് വാർത്ത ചെയ്യുന്നത്. അതിന് കിട്ടുന്ന പ്രതിഫലം മരണവും കുടുംബക്കാരുടെ മരണവുമൊക്കെയാണ്. മുഹമ്മദ് അബൂഹത്താബ് എന്ന ‘ഫലസ്തീൻ ന്യൂസ് ഏജൻസി’യുടെ റിപ്പോർട്ടറെ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊന്നത് (നവം. 3) അദ്ദേഹത്തിന്റെ കുടുംബത്തിലെ 11 പേരോടൊപ്പമായിരുന്നു.

ഇത് റിപ്പോർട്ട് ചെയ്യുമ്പോൾ അതേ ന്യൂസ് ഏജൻസിയിലെ സൽമാനുൽ ബശീർ കാമറക്ക് മുന്നിൽ വെച്ച് തന്റെ ‘പ്രസ്’ എന്നെഴുതിയ ജാക്കറ്റും ജേണലിസ്റ്റുകളുടെ പ്രത്യേക നീല ഹെൽമറ്റും അഴിച്ച് നിലത്തേക്ക് വലിച്ചെറിയുന്നു. പ്രകടമായ ആധിയോടെ അദ്ദേഹം ചോദിക്കുന്നു, ‘‘എന്തിനാണിതൊക്കെ എടുത്തണിയുന്നത് ഞങ്ങൾ? എന്തായാലും കൊല്ലപ്പെടാൻ പോവുകയല്ലേ?’’ അദ്ദേഹവുമായി സംസാരിക്കുമ്പോൾ സ്റ്റുഡിയോയിലെ അവതാരകനും കരയുന്നുണ്ടായിരുന്നു. ആ വലിച്ചെറിയലിലും കരച്ചിലിലുമുണ്ട് പാശ്ചാത്യ മാധ്യമങ്ങളെല്ലാം കൂടി പറഞ്ഞതിലേറെ ഗസ്സ യാഥാർഥ്യം.

പടിഞ്ഞാറൻ മാധ്യമങ്ങളും സ്ഥാപനങ്ങളും ഗസ്സ വാർത്ത സെൻസർ ചെയ്യുന്നതിന്റെ അനേകം ഉദാഹരണങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഹാർവഡ് ലോ സ്കൂളിന്റെ ഗവേഷണ പ്രസിദ്ധീകരണത്തിൽ വരെ സെൻസറിങ് നടക്കുന്നതായാണ് വിമർശനമുയർന്നിരിക്കുന്നത്. ‘ഹാർവഡ് ലോ റിവ്യൂ’വിന് വേണ്ടി ഒരു ഫലസ്തീൻ പണ്ഡിതനെ പ്രത്യേകം ഏൽപിച്ച് ചെയ്യിച്ച പഠനപ്രബന്ധത്തിനാണ് ഈ ഗതി. ഗസ്സയിൽ ഇസ്രായേൽ ചെയ്യുന്ന വംശഹത്യയെപ്പറ്റിയായിരുന്നു പ്രബന്ധം. ‘ലോ റിവ്യൂ’വിന്റെ പ്രസിഡന്റ് അപ്സര അയ്യർ പ്രത്യേകം നിർദേശിച്ച പ്രകാരമാണത്രെ പതിവില്ലാത്തവിധം ആവർത്തിച്ച് പരിശോധക സമിതി ചേർന്നതും ഒടുവിൽ ഭൂരിപക്ഷ അഭിപ്രായപ്രകാരം പ്രബന്ധം പ്രസിദ്ധപ്പെടുത്തേണ്ടെന്ന് തീരുമാനിച്ചതും. ദ നേഷൻ വാരിക പിന്നീട് അത് പ്രസിദ്ധപ്പെടുത്തി.

ബി.ബി.സിയുടെ കളികൾ രസകരമാണ്. സ്കോട്‍ലൻഡിൽ ‘ബാഫ്റ്റ’ (ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ ആർട്സ്) അവാർഡ് പരിപാടിയിൽ പുരസ്കാരം നേടിയ ചിലർ സ്റ്റേജിൽ ചെയ്ത പ്രസംഗങ്ങളിൽ ഫലസ്തീനോടുള്ള ഐക്യദാർഢ്യ പ്രഖ്യാപനംകൂടി ഉണ്ടായിരുന്നു. അതത്രയും കൃത്യമായിത്തന്നെ ബി.ബി.സി അതിന്റെ റിപ്പോർട്ടിൽനിന്ന് വെട്ടിമാറ്റി.

ഭാഷയിലെ കളി

ബി.ബി.സി ഈയിടെ ഒരു ഫലസ്തീൻകാരിയെ ഇന്റർവ്യൂ ചെയ്തു. ഇസ്രായേലി തടവിൽനിന്ന് മോചിതയായ അവരോട് തടവിലെ അനുഭവത്തെപ്പറ്റിയാണ് ചോദിച്ചത്. അവരുടെ മറുപടി ഇങ്ങനെ: ‘‘കൊടും തണുപ്പിൽ അവർ ഞങ്ങളെ മരിക്കാൻ വിട്ടു. ഞങ്ങൾക്കുമേൽ കുരുമുളക് സ്പ്രേ ചെയ്തു...’’

അറബിയിലുള്ള ഈ സംഭാഷണത്തിന്റെ വിഡിയോ ഇറക്കിയപ്പോൾ ഇംഗ്ലീഷ് സബ്ടൈറ്റിൽ ചേർത്തു. അതിൽ ഇപ്പറഞ്ഞ വാചകങ്ങളുടെ സ്ഥാനത്ത് ഇങ്ങനെ: ‘‘ഹമാസ് മാത്രമാണ് ഞങ്ങളെ ശരിക്ക് പരിചരിക്കുന്നത്. ഞങ്ങൾക്ക് അവരെ ഇഷ്ടമാണ്.’’ ഇങ്ങനെ ചെറുതും വലുതുമായി ഏഴു വിവർത്തനപ്പിഴവുകൾ.

പദപ്രയോഗങ്ങളിലെ ചായ്‍വ് മിക്ക പടിഞ്ഞാറൻ മാധ്യമങ്ങളിലും തുടരുന്നുണ്ട്. ഗസ്സയിലെ തൽക്കാല വെടിനിർത്തലിനെപ്പറ്റിയുള്ള റിപ്പോർട്ടിൽ ദ ഗാർഡിയൻ എഴുതി: ‘‘വിട്ടയക്കപ്പെടുന്ന [ഇസ്രായേലി] ബന്ദികൾ സ്ത്രീകളും കുട്ടികളുമാണ്. [വിട്ടയക്കപ്പെടുന്ന] ഫലസ്തീനി തടവുകാരിലുമുണ്ട് സ്ത്രീകളും പതി​നെട്ടോ അതിൽ കുറവോ പ്രായമുള്ള ആളുകളും. ഇത് ഇരുപക്ഷവും സ്ഥിരീകരിച്ചു.’’ (The hostages to be freed are women and children, and the Palestinian prisoners are also women and people aged 18 and younger, both sides have confirmed.)

ഇസ്രായേലികൾ ‘ബന്ദികൾ’ (തട്ടിക്കൊണ്ടുപോകപ്പെട്ടവർ) ആണ്; ഫലസ്തീനികൾ ‘തടവുകാർ’ (കുറ്റം ചെയ്തിരിക്കാവുന്നവർ) ആണ്. ഇസ്രായേലികളിൽ ‘‘കുട്ടികൾ’’ ഉൾപ്പെടുമ്പോൾ ഫലസ്തീനികളിൽ ‘‘പതി​നെട്ടോ കുറവോ പ്രായമുള്ള ആളുകൾ’’ ആണുള്ളത്.

ന്യൂയോർക് ടൈംസ് റിപ്പോർട്ടിൽ ഇങ്ങനെ: ഇസ്രായേലികളായ ‘‘50 സ്ത്രീകളെയും കുട്ടികളെയും’’ (Women and children) വിട്ടയക്കുന്നതിനു പകരമായി ‘‘150 ഫലസ്തീനി സ്ത്രീകളെയും മൈനർമാരെയും’’ (Women and Minors) വിട്ടയക്കും. വിട്ടയക്കപ്പെടുന്ന ഫലസ്തീൻകാരെ ‘‘തടവുകാരാ’’യും ഇസ്രായേലികളെ ‘‘ബന്ദികളാ’’യും എ.പി വാർത്താ ഏജൻസിയും വിശേഷിപ്പിച്ചു.

ബി.ബി.സിയുടെ എഡിറ്റോറിയൽ പക്ഷപാതിത്വത്തോട് വിയോജിപ്പുള്ളവർ കുറെയുണ്ട്. വാർത്താവിഭാഗം ഡയറക്ടർ ടിം ഡേവിക്ക് ഒക്ടോബർ 24ന് റമി റുഹയ്യിം എന്ന ലേഖകൻ ഒരു കത്തെഴുതി. അതിൽ ഭാഷാപരമായ വിവേചനത്തിന്റെ ഉദാഹരണങ്ങൾ നിരത്തി. ‘‘കൂട്ടക്കൊല’’ (Massacre), ‘‘കശാപ്പ്’’ (Slaughter) തുടങ്ങിയ വാക്കുകൾ ഹമാസിനെപ്പറ്റി മാത്രം ഉപയോഗിക്കുന്നു. ‘‘ഭീകരപ്രവർത്തനം’’ എന്നതിന് കൃത്യമായ ഏത് നിർവചനവും പടിഞ്ഞാറൻ രാജ്യങ്ങൾക്കാണ് കൂടുതൽ ചേരുകയെന്ന് നോം ചോംസ്കി ചൂണ്ടിക്കാട്ടുന്നു. മാധ്യമ പക്ഷപാതിത്വത്തിന്റെ ഒരു മഹാ ഗ്രന്ഥമായിട്ടുണ്ട് ഇസ്രായേൽ-ഫലസ്തീൻ കവറേജ്.

News Summary - weekly column media scan