Begin typing your search above and press return to search.
proflie-avatar
Login

മുസ്​ലിം-ഈഴവ ജീവിതത്തിലെ ഇഴകൾ, അപഭ്രംശങ്ങൾ

മുസ്​ലിം-ഈഴവ ജീവിതത്തിലെ  ഇഴകൾ, അപഭ്രംശങ്ങൾ
cancel

1921നോടുള്ള ഈഴവ-തിയ്യ വിഭാഗങ്ങളുടെ പ്രതികരണം ഒരൊറ്റ അടരിൽ മാത്രമായി കൊരുക്കിയിടാൻ കഴിയുമോ? തിയ്യ, ഈഴവ ജനതയുടെ ജീവിതത്തെ 1921 എങ്ങനെയൊക്കെയാണ്​ ബാധിച്ചത്​? മലബാർ കലാപത്തെ കേന്ദ്രമാക്കി മുസ്​ലിംകളും ഇൗഴവരും തമ്മിലുള്ള ബന്ധത്തെ പല കോണുകളിൽനിന്ന്​ വിശകലനംചെയ്യുന്ന പഠനത്തി​ന്റെ കഴിഞ്ഞ ലക്കം തുടർച്ച. മാപ്പിള കലാപവുമായി നേരിട്ട് ഇടപെടുന്ന തിയ്യ നേതാവ് കോഴിക്കോട്ട് താമസിച്ചിരുന്ന സി. കൃഷ്ണനും ഡോ. അയ്യത്താൻ ഗോപാലനുമാണ്. ഇരുവരും കലാപത്തെത്തുടർന്നുണ്ടായ അഭയാർഥി സംരക്ഷണത്തിൽ സജീവമായിരുന്നെങ്കിലും കൃഷ്ണ​ന്റെ പങ്ക് കുറെക്കൂടി വ്യത്യസ്​തമായിരുന്നുവെന്നാണ് അദ്ദേഹത്തി​ന്റെ...

Your Subscription Supports Independent Journalism

View Plans

1921നോടുള്ള ഈഴവ-തിയ്യ വിഭാഗങ്ങളുടെ പ്രതികരണം ഒരൊറ്റ അടരിൽ മാത്രമായി കൊരുക്കിയിടാൻ കഴിയുമോ? തിയ്യ, ഈഴവ ജനതയുടെ ജീവിതത്തെ 1921 എങ്ങനെയൊക്കെയാണ്​ ബാധിച്ചത്​? മലബാർ കലാപത്തെ കേന്ദ്രമാക്കി മുസ്​ലിംകളും ഇൗഴവരും തമ്മിലുള്ള ബന്ധത്തെ പല കോണുകളിൽനിന്ന്​ വിശകലനംചെയ്യുന്ന പഠനത്തി​ന്റെ കഴിഞ്ഞ ലക്കം തുടർച്ച. 

മാപ്പിള കലാപവുമായി നേരിട്ട് ഇടപെടുന്ന തിയ്യ നേതാവ് കോഴിക്കോട്ട് താമസിച്ചിരുന്ന സി. കൃഷ്ണനും ഡോ. അയ്യത്താൻ ഗോപാലനുമാണ്. ഇരുവരും കലാപത്തെത്തുടർന്നുണ്ടായ അഭയാർഥി സംരക്ഷണത്തിൽ സജീവമായിരുന്നെങ്കിലും കൃഷ്ണ​ന്റെ പങ്ക് കുറെക്കൂടി വ്യത്യസ്​തമായിരുന്നുവെന്നാണ് അദ്ദേഹത്തി​ന്റെ ഡയറിക്കുറിപ്പുകൾ നൽകുന്ന സൂചന.

സർക്കാർ പക്ഷക്കാരായ മാപ്പിളപ്രധാനികളെ ത​ന്റെ വസതിയിൽ താമസിപ്പിച്ചിരുന്നുവെന്ന ജനശ്രുതി പൊന്തിയിരുന്നതുകൊണ്ട് ‘ലഹള’ക്കാർ കോഴിക്കോട് പട്ടണത്തിലെത്തിയാൽ ആദ്യം അക്രമത്തിനിരയാവുക സി. കൃഷ്ണ​ന്റെ ‘ലക്ഷ്മീവിലാസ’മായിരിക്കുമെന്ന് ‘ലഹള’യുടെ ആരംഭത്തിൽ ശക്തിയായ കിംവദന്തി പട്ടണത്തിൽ പരന്നിരുന്നു. കലാപക്കാർ കോഴിക്കോട്ടേക്കു വരാനിടയുണ്ടെന്ന് കരുതിയ കൃഷ്ണനും ഭാര്യയും ബാങ്ക് റോഡിലെ വീട്ടിൽനിന്ന് പന്നിയങ്കര ബംഗ്ലാവിൽ മാറിത്താമസിച്ചു. മക്കളെ നഗരത്തിൽത്തന്നെയുള്ള മറ്റ് ബന്ധുക്കളുടെ വീട്ടിലേക്കും മാറ്റിപ്പാർപ്പിച്ചു. കുട്ടികൾ പലരും കലാപം ഒതുങ്ങുംവരെ പലയിടങ്ങളിലായാണ് താമസിച്ചതെന്ന് അദ്ദേഹത്തി​ന്റെ ജീവചരിത്രത്തിൽ കാണുന്നു.

‘മാപ്പിളലഹള’ക്കാർ നടത്തിയ ‘ക്രൂരകൃത്യങ്ങൾ’ അദ്ദേഹം ത​ന്റെ ഡയറിയിൽ വൈകാരികതയോടെ എഴുതിച്ചേർത്തിട്ടുണ്ട്. കൊടയക്കൽ എന്ന ദേശത്തുള്ള ക്രിസ്​ത്യൻ കോളനിയിൽനിന്ന് ആളുകൾ കെട്ടും ഭാണ്ഡവുമായി ഓടിപ്പോവേണ്ടിവന്നുവെന്ന് ഒരിടത്ത് വേദനയോടെ രേഖപ്പെടുത്തിയിരിക്കുന്നു: കലക്ടർക്ക് അപകടം സംഭവിച്ച ഉദ്വേഗജനകമായ വാർത്തകളും ഡയറിയിലുണ്ട്. 1921 ആഗസ്റ്റ് 21ലെ ഡയറിക്കുറിപ്പിൽ ഇങ്ങനെ രേഖപ്പെടുത്തി: ‘‘ഏറനാട്ടിൽനിന്ന് എത്രയും ഭയജനകമായ റിപ്പോർട്ടുകൾ കിട്ടിയിരിക്കുന്നു. മാപ്പിളമാർ കലക്ടറെ വളഞ്ഞെന്നും അദ്ദേഹത്തി​ന്റെ ജീവൻ അപകടത്തിലായി എന്നുമാണ് അങ്ങാടി വർത്തമാനം.’’ അർധരാത്രിയോടെ കലക്ടർ മടങ്ങിയെത്തിയെന്ന ആശ്വാസത്തോടെ അന്നത്തെ ഡയറിക്കുറിപ്പ് അവസാനിച്ചു.

പിന്നീട് മലബാർ കലക്ടർ, കൃഷ്ണനെ അദ്ദേഹത്തി​ന്റെ വീട്ടിൽ ചെന്ന് കാണുന്നുണ്ട്. ലഹളമൂലം പുറത്തു പോകേണ്ടിവന്നവരെ പാർപ്പിക്കാൻ സ്​ഥലം കണ്ടെത്തണമെന്ന ആവശ്യം കലക്ടറുമായി സംസാരിച്ചു. ഇതിനിടയിൽ അദ്ദേഹം ആലി മുസ്‍ലിയാരെയും കുഞ്ഞിക്കാദറിനെയും ജയിലിൽ പോയി കണ്ടു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സി. കൃഷ്ണൻ മറ്റു പലരോടുമൊപ്പം നേരിട്ടുതന്നെ പ്രവർത്തിച്ചു.

മലബാർ കലാപകാലത്ത് അറസ്​റ്റിലായ ഇ. മൊയ്തു മൗലവിക്കെതിരെ മൊഴികൊടുത്തതും ഒരു തിയ്യനായിരുന്നു. തനിക്കെതിരെ മൊഴികൊടുത്തത് ഇതുവരെ കണ്ടും കേട്ടിട്ടുമില്ലാത്ത ഒരു തിയ്യ സഹോദരനാണെന്നാണ് മൊയ്തു മൗലവി ത​ന്റെ ആത്മകഥയായ മൗലവിയുടെ ആത്മകഥയിൽ എഴുതിയത്.

1922ഓടെ മതംമാറ്റത്തിനു വിധേയരായവരെ തിരിച്ച് മതത്തിലെത്തിക്കാൻ ആര്യസമാജം പഞ്ചാബിൽനിന്ന് ഏതാനും പ്രവർത്തകരെ മലബാറിലേക്കയച്ചു. അവരിൽ പ്രധാനിയായിരുന്നു പണ്ഡിറ്റ് ഋഷിറാം. അദ്ദേഹം സി. കൃഷ്ണനെ സന്ദർശിച്ചു സഹായം അഭ്യർഥിച്ചു. ആര്യസമാജക്കാർ ആത്മാർഥമായി അയിത്തോച്ചാടനത്തിനു വേണ്ടി പ്രവർത്തിക്കുന്നുവെന്ന് തോന്നിയതിനാൽ അദ്ദേഹം അവർക്ക് ത​ന്റെ സഹായം വാഗ്ദാനം ചെയ്തു. ആര്യസമാജക്കാരുടെ പ്രവർത്തനങ്ങൾ അഭിനന്ദനീയമാണെന്നും അദ്ദേഹം ഡയറിയിൽ കുറിച്ചിരിക്കുന്നു. കൃഷ്ണനെ സംബന്ധിച്ചിടത്തോളം ആര്യസമാജത്തി​ന്റെ മതംമാറ്റത്തേക്കാൾ അയിത്തോച്ചാടന ശ്രമങ്ങളിലായിരുന്നു താൽപര്യം. അതേസമയം, മതംമാറ്റവുമായി ബന്ധപ്പെട്ട വ്യാഖ്യാനങ്ങൾ കൃഷ്ണനെ വല്ലാതെ ആകർഷിച്ചിരുന്നില്ലെന്ന് പിൽക്കാല സംഭവങ്ങൾ തെളിയിക്കുന്നു.

ഏകദേശം ഇക്കാലത്തുതന്നെ എസ്.എൻ.ഡി.പിയും മാപ്പിള കലാപത്തിൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരെ സഹായിക്കാൻ ടി.കെ. മാധവനെ മലബാറിലേക്ക് അയക്കുന്നുണ്ട്. എരമല്ലൂരിൽ ചേർന്ന യോഗത്തി​ന്റെ 21ാം സമ്മേളനം അസി. സെക്രട്ടറിയായി ടി.കെ. മാധവനെ തിരഞ്ഞെടുത്തു. ‘മാപ്പിളലഹള മൂലം ക്ലേശങ്ങൾ അനുഭവിക്കേണ്ടിവരുന്നവർക്ക്’ ആശ്വാസം നൽകുന്നതിനുവേണ്ടി മലബാറിൽ പോയി പ്രവർത്തിക്കാൻ എസ്.എൻ.ഡി.പി യോഗം ടി.കെയെ നിയോഗിച്ചു. ‘മതഭ്രംശം വന്ന’ പലർക്കും മാധവൻ അഭയസ്​ഥാനം നൽകി രക്ഷിച്ചുവെന്ന് ടി.കെ. മാധവ​ന്റെ ജീവചരിത്രത്തിൽ പി.കെ. മാധവൻ രേഖപ്പെടുത്തിയിട്ടുണ്ട് (257 പേജ്). ഇക്കാലത്ത് ടി.കെ. മാധവൻ നാണു മുതലാളിയുമൊത്ത് സി. കൃഷ്ണനെ കോഴിക്കോട് സന്ദർശിച്ചു. ഇതേ കാലത്തുതന്നെയാണ് കുമാരനാശാ​ന്റെ ‘ദുരവസ്ഥ’ പുറത്തുവരുന്നത്.

‘‘ക്രൂരമുഖവും കടുത്ത തടിയുമായ്

പാരം ഭയങ്കരരയ്യോ! കൈയിൽ

വാളും വാക്കത്തിയും തോക്കും വടിയുമു-

ള്ളാളുകളെങ്ങും ഞെരുങ്ങിക്കാണായ്

താടികൾ നീട്ടിയും വെട്ടിപ്പലവിധം

പേടിയാമ്മാറുതെറുത്തുവച്ചും’’ –എന്നിങ്ങനെ മാപ്പിള കലാപകാലത്തെ ‘ക്രൂരമുഹമ്മദരെ’ കടുംവർണങ്ങളിൽ വരച്ചിട്ട കുമാരനാശാൻ പിൽക്കാലത്ത് ഈഴവ പ്രതികരണത്തി​ന്റെ മാതൃകയായി ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടു.

 

കെ.എം. സീതിസാഹിബ്, ഇ. മൊയ്തു മൗലവി

കെ.എം. സീതിസാഹിബ്, ഇ. മൊയ്തു മൗലവി

വാഗ്ഭടാനന്ദനും മാപ്പിള കലാപവും

മലബാർ കലാപത്തെ വിമർശനത്തോടെ സമീപിച്ച മറ്റൊരു തിയ്യ പ്രതിനിധിയാണ് വാഗ്ഭടാനന്ദൻ. ശുദ്ധമായ സനാതനഹിന്ദുമതത്തി​ന്റെ പ്രതിനിധിയായി സ്വയം കരുതിയിരുന്ന വാഗ്ഭടാനന്ദൻ മലബാർ കലാപത്തെ ത​ന്റെ വിശ്വാസപ്രചാരണത്തിൽ പലരൂപത്തിൽ ഉപയോഗപ്പെടുത്തി. വിഗ്രഹാരാധനയുമായി ബന്ധപ്പെട്ട് സംവാദരൂപത്തിൽ എഴുതിയ ഒരു കുറിപ്പിൽ വിഗ്രഹങ്ങൾക്ക് ശക്തിയില്ലെന്ന് തെളിയിക്കാൻ അദ്ദേഹം പറയുന്നത് നോക്കുക: ‘‘ഹിന്ദുക്കളുടെ ദൈവങ്ങളെ പുൽത്തരികളോളം വകവെക്കാതെ ക്രിസ്​ത്യാനികളും മുഹമ്മദീയരും വന്ന് എന്തൊക്കെയാണ് കാട്ടിക്കൊണ്ടിരിക്കുന്നത്? ഏറനാട്ടിൽ കലാപം നടന്നുകൊണ്ടിരിക്കുന്ന കാലത്ത് ദൈവവിഗ്രഹങ്ങൾ എത്ര തകർന്നുപോയി. ദൈവങ്ങൾ വേഷംകെട്ടി വരുന്നതായി കാണുന്നില്ല’’ (പേജ് 456). മുഴുവൻ ഹിന്ദുക്കൾക്കും മുന്നിലാണ് വാഗ്ഭടാനന്ദൻ ആ ചോദ്യങ്ങൾ എറിയുന്നത്.

ടിപ്പു സുൽത്താൻ കേരളത്തെ ആക്രമിക്കാൻ വന്ന കാലത്ത് കേരളത്തിലെ സവർണ ഹിന്ദുവി​ന്റെ ആചാരനിഷ്ഠകളെ ഇളക്കാനായില്ലെന്ന് സനാതന ഹിന്ദു മാസികയിൽ ഗുരുവായൂർ സത്യഗ്രഹകാലത്ത് ശ്രീധരൻ നായർ എഴുതിയതിനെ കുറിച്ച് വാഗ്ഭടാന്ദ​ന്റെ പ്രതികരണം രസകരമായിരുന്നു.

ശ്രീധരൻനായരുടെ പ്രതികരണം ഏതൊരു ഹിന്ദുവിനെയാണ് വിഷമിപ്പിക്കാതിരിക്കുകയെന്നും ഗുരുവായൂർ ക്ഷേത്രം ഇരിക്കുന്ന പൊന്നാനി താലൂക്കിലാണ് ഹിന്ദുക്കളെ ‘മാർഗം’ ചേർക്കാൻ ഒരുങ്ങിയിരിക്കുന്ന മഹാപുരോഹിതർ ഇരുന്നരുളുന്നതെന്നും എത്ര ഹിന്ദുക്കളാണ് അസ്സനും ഉസ്സനും മറ്റുമായി പൊന്നാനി താലൂക്കിലും ചുറ്റുപാടും താമസിക്കുന്നതെന്നും കാണുവാൻ ഒന്നു നാലുപാടും തിരിഞ്ഞുനോക്കാതെ, സവർണരുടെയും അവർണരുടെയും തനിനിറം കാണാൻ തോൽതന്നെ പൊളിച്ചുകൊണ്ട് ടിപ്പുസുൽത്താ​ന്റെ ബന്ധുക്കൾ പണിതുടരുകയും പൊന്നാനി താലൂക്കും ഏറനാട്, വള്ളുവനാട് താലൂക്കും മാത്രമല്ല കേരളം ഒട്ടാകെത്തന്നെ കിടുകിടാ വിറച്ചത് ഈയിടെയാണെന്ന് ആണുങ്ങളറിയുന്നുണ്ടെന്നത് തെല്ലെങ്കിലും ചിന്തിക്കാതെയാണ് ശ്രീധരൻ നായരുടെ മേനിപറച്ചിലെന്ന് വാഗ്ഭടാനന്ദൻ (വാഗ്ഭടാനന്ദ​ന്റെ സമ്പൂർണ കൃതികൾ, പേജ് 1006) എഴുതി. കൃഷ്ണനിൽനിന്ന് വ്യത്യസ്​തമായി വാഗ്ഭടാനന്ദനെ സംബന്ധിച്ചിടത്തോളം ജാതിയോളംതന്നെ വലിയ പ്രശ്നമായിരുന്നു മതംമാറ്റം.

തിയ്യരും മാപ്പിളമാരും മലബാറിൽ

മലബാറിലെ തിയ്യരുടെ പ്രതികരണങ്ങൾ സ്വാഭാവികമായും രണ്ടു സുപ്രധാന ചോദ്യങ്ങൾ നമുക്കു മുന്നിൽ ഉയർത്തുന്നുണ്ട്. മാപ്പിളകലാപത്തെ ഒരു ഹിന്ദു-മുസ്‍ലിം പ്രശ്നമായി മലബാറിലെ തിയ്യർ കണ്ടിരുന്നോ?

കൊച്ചിയിലെയും തിരുവിതാംകൂറിലെയും ഈഴവരുടെ പ്രതികരണമെന്തായിരുന്നു? അതിലേക്ക് കടക്കും മുമ്പ് കലാപത്തിനു തൊട്ടുമുമ്പ് മലബാറിലെ തിയ്യരുടെ അവസ്​ഥയെക്കുറിച്ചുള്ള ചില സൂചനകൾ നൽകേണ്ടതുണ്ട്.

1900ത്തിനു ശേഷമുള്ള കാലം മലബാറിലെ തിയ്യർക്ക് പൊതുവെ വികാസത്തി​ന്റെ കാലമാണ്. കച്ചവടം, നെയ്ത്ത്, മദ്യവ്യവസായം, ബാങ്ക്, ഭൂമിയിലുള്ള പാട്ടം, സർക്കാർ ജോലി, കുടിയേറ്റം തുടങ്ങി ഇക്കാലത്ത് വ്യത്യസ്​ത മേഖലകളിലൂടെ ഇവർ സമ്പത്തും അധികാരവും പിടിച്ചടക്കാൻ തുടങ്ങിയിരുന്നു. കല്ലിങ്ങൽ കുടുംബം അതിനു മുമ്പേ കടൽകടന്നുള്ള വ്യാപാരംകൊണ്ട് സമ്പന്നരായിരുന്നു. ബാസൽ മിഷൻകാരുമായുള്ള ബന്ധവും ബ്രിട്ടീഷുകാരുമായുള്ള സമ്പർക്കവും വൈവാഹികബന്ധവും തിയ്യർക്കിടയിൽ ഒരു സവിശേഷ കുലീന വിഭാഗത്തെ സൃഷ്ടിച്ചു.

പിൽക്കാലത്ത് മധുവർജനം വലിയൊരു രാഷ്ട്രീയപരിപാടിയായി പടർന്നുപിടിച്ചിരുന്നെങ്കിലും അക്കാലത്തെ പ്രമുഖരിൽ പലരും പണം സ്വരൂപിച്ചിരുന്നത് കള്ളുകച്ചവടത്തിലൂടെയും മറ്റ് അനുബന്ധവ്യവസായങ്ങളിലൂടെയുമാണ്. വ്യവസായങ്ങൾക്കും ചെറിയ കച്ചവടങ്ങൾക്കും കടം കൊടുക്കാൻ സി. കൃഷ്ണനെപ്പോലുള്ളവർ സ്വന്തം ബാങ്കുകളും സ്​ഥാപിച്ചു. നഗരങ്ങളിൽ തിയ്യർ ഭൂമി വാങ്ങിക്കൂട്ടാനും പലരും ഗ്രാമീണമേഖലയിലെ തൊഴിലുകൾ വിട്ടെറിഞ്ഞ് നഗരങ്ങളിൽ ചേക്കേറാനും തുടങ്ങി. ഇങ്ങനെ നഗരങ്ങളിൽ കുടിയേറി അവിടത്തെ വ്യവസായസ്​ഥാപനങ്ങളിൽ ജോലിചെയ്യുന്നവരുടെ പദവിയെ കുറിച്ചുള്ള ഒരു ചർച്ച മൂർക്കോത്ത് കുമാര​ന്റെ നോവലായ ‘വസുമതി’യിലുണ്ട്.

നഗരങ്ങളിൽ മാപ്പിളമാരുമായിട്ടായിരുന്നു തിയ്യരുടെ മത്സരം. ഈ മത്സരത്തി​ന്റെ ഒരു ഏകദേശ ചിത്രം ദിലീപ് മേനോൻ ത​ന്റെ പുസ്​തകത്തിൽ വരച്ചിടുന്നുണ്ട്. സി. കൃഷ്ണൻ മാപ്പിള സമുദായത്തി​ന്റെ വാണിജ്യതാൽപര്യങ്ങളിൽ ഇടപെടുന്നുണ്ടെന്നുള്ള പരാതി 1915 കാലത്ത് വ്യാപകമായിരുന്നെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. മാപ്പിളമാർ ഭൂമി വാങ്ങുന്നത് തടയുന്നതിനുള്ള ചില ക്രമീകരണങ്ങൾ ഇക്കാലത്ത് തിയ്യർ നടത്തുന്നുണ്ട്. മാപ്പിള തിയ്യ വ്യാപാരികൾക്കിടയിൽ ശത്രുത വളർന്നുവരുന്നുണ്ടെന്നും ഇത് പരിഹരിക്കുന്നതിനുവേണ്ടി ഒരു അനുരഞ്ജനസമിതിക്ക് രൂപം കൊടുക്കണമെന്നും കൊറ്റ്യത്ത് രാമുണ്ണി സർക്കാറിനോട് അഭ്യർഥിച്ചു.

ഇക്കാലത്ത് ബ്രിട്ടീഷ് സർക്കാർ അബ്കാരി നിയമത്തിൽ നിർണായകമായ മാറ്റം വരുത്തി. നിയമം കർശനമായപ്പോൾ മദ്യവ്യവസായവുമായി ബന്ധപ്പെട്ട ധാരാളം പേർ നിയമത്തി​ന്റെ പിടിയിലായി. മലബാറിലെ ജയിലുകളിൽ കൂടുതലും മാന്യ കുടുംബങ്ങളിലെ തിയ്യരാണെന്നും അബ്കാരി നിയമമാണ് അതിനു പിന്നിലെന്നും ഒരു കലക്ടർ പെൻഷനായശേഷം പറഞ്ഞതായി മൂർക്കോത്ത് കുമാരൻ ‘മിതവാദി’യുടെ 1918 മാർച്ച് ലക്കത്തിൽ പ്രസിദ്ധീകരിച്ച ‘ചെത്തുകാരുടെ ആവലാതി’ എന്ന ലേഖനത്തിൽ എഴുതുന്നുണ്ട്.

1915 ഫെബ്രുവരിയിൽ തലശ്ശേരിയിൽ ക്ഷേത്രങ്ങൾക്കു മുന്നിലൂടെയുള്ള വാദ്യഘോഷത്തി​ന്റെ പേരിൽ ചില പ്രശ്നങ്ങൾ ഉടലെടുത്തതായി മൂർക്കോത്ത് ത​ന്റെ ആത്മകഥയായി എഴുതിത്തുടങ്ങിയ ഒരു കുറിപ്പിൽ പറയുന്നു. ക്ഷേത്രത്തിൽനിന്നുള്ളഘോഷയാത്ര പിലാകോട് പള്ളിക്കു മുന്നിലൂടെയായിരുന്നു പോകാൻ നിശ്ചയിച്ചത്. ഇതൊരു പൊതുപ്രശ്നമായി മാറുമെന്ന് പൊലീസിനു തോന്നി.

അദ്ദേഹം ജ്ഞാനോദയ യോഗത്തി​ന്റെ സ്​ഥാപകനായ കൊറ്റ്യത്ത് രാമുണ്ണിയുമായി ബന്ധപ്പെട്ടു. അദ്ദേഹം അത്തരമൊരു ഘോഷയാത്ര പതിവില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. വാദ്യഘോഷം കടന്നുപോകുന്ന പരിപാടി ജഗന്നാഥ ക്ഷേത്രത്തിൽ മാത്രമേയുള്ളൂവെന്ന് ചൂണ്ടിക്കാട്ടി ജഗന്നാഥക്ഷേത്രത്തി​ന്റെ പ്രാമാണ്യം വർധിപ്പിക്കാനുള്ള അവസരമായി രാമുണ്ണി വക്കീൽ അവസരം ഉപയോഗപ്പെടുത്തിയെന്ന് ദിലീപ് മേനോൻ ചൂണ്ടിക്കാട്ടുന്നു.

മുസ്‍ലിംകളുമായുള്ള മത്സരം വർധിച്ച് ഒരു ഘട്ടത്തിൽ തിയ്യരുടെ വകയായ ജഗന്നാഥ ക്ഷേത്രത്തിലെ ഉത്സവത്തിൽ മുസ്‍ലിംകളെ വിലക്കാൻ തുടങ്ങിയിരുന്നു. ‘മുഹമ്മദീയർക്ക് പ്രവേശനമില്ല’ എന്ന (ചില സമുദായങ്ങളെന്ന് എ.എൻ.പി. ഉമർകുട്ടി) ബോർഡുകൾ ഉണ്ടായിരുന്നതായി ഡോ. എ.എൻ.പി. ഉമർകുട്ടി 2005ലെ ജ്ഞാനോദയ യോഗത്തി​ന്റെ ശതാബ്ദി ചരിത്രസ്​മരണികയിൽ എഴുതുന്നു. ഇത്തരം ബോർഡുകൾ 1978ലാണ് വലിയൊരു സമരത്തെത്തുടർന്ന് നീക്കംചെയ്യുന്നത്.

ബോർഡ് പുനഃസ്​ഥാപിക്കാൻ ചിലർ ആവശ്യപ്പെട്ടെങ്കിലും സ്വാമി ആനന്ദതീർഥരുടെ നിരാഹാര സമരത്തി​ന്റെ ബലത്തിൽ ഭരണസമിതി ബോർഡുകൾ നീക്കംചെയ്യുന്നതിൽ വിജയിച്ചു. ഇക്കാലത്തുതന്നെ നിരവധി മതംമാറ്റക്കേസുകളും മലബാറിൽ ഉയർന്നുവന്നു. കലക്ടർ ഇന്നിസിനെതിരെ വധശ്രമമുണ്ടാവുന്നതുതന്നെ തിയ്യരുമായി ബന്ധപ്പെട്ട ഒരു മതംമാറ്റക്കേസാണ്. ചുരുക്കത്തിൽ നഗരങ്ങൾ കേന്ദ്രീകരിച്ച് തിയ്യർക്കും മാപ്പിളമാർക്കുമിടയിൽ 1900ത്തിനുശേഷം സംഘർഷങ്ങൾ രൂപംകൊണ്ടിരുന്നു. ഈ സംഘർഷത്തി​ന്റെ പാരമ്യത്തിലാണ് മലബാറിൽ കലാപം നടക്കുന്നത്.

മലബാറിൽ ബ്രിട്ടീഷ് അധികാരവുമായുള്ള ചാർച്ച ‘മിതവാദി’ കൃഷ്ണനെപ്പോലുള്ളവരെ മലബാർ കലാപത്തിന് എതിരായ നിലപാടെടുപ്പിച്ചു. ഒരു ഘട്ടത്തിൽ ബ്രിട്ടീഷ് വാർത്തകളുടെ കേന്ദ്രമായി ‘മിതവാദി’ മാസിക മാറി. അതേസമയം, ഒരു ഹിന്ദുവെന്ന നിലയിലായിരുന്നില്ല അദ്ദേഹം മാപ്പിള കലാപത്തെ പ്രതിരോധിച്ചത്. മറിച്ച് സ്വന്തം താൽപര്യങ്ങൾക്കുവേണ്ടി മത്സരിക്കുന്ന രണ്ടു വിഭാഗങ്ങളിൽ ഒന്നിൽപെടുന്ന ആളെന്ന നിലയിലായിരുന്നു അത്. ബ്രിട്ടീഷ് അനുകൂലികളായ മാപ്പിളമാർക്ക് അഭയംകൊടുത്തുവെന്ന സംശയമായിരുന്നു കോഴിക്കോടുള്ള സി. കൃഷ്ണ​ന്റെ വീട് ആക്രമിക്കപ്പെടുമെന്ന കിംവദന്തി പരക്കാൻതന്നെ കാരണം.

ഒന്നു നമുക്ക് ഉറപ്പിച്ച് പറയാൻ കഴിയും; മുന്നിലെത്താൻ വേണ്ടി ശ്രമിക്കുന്ന ഹിന്ദു-മുസ്‍ലിം മതവിഭാഗങ്ങളെന്ന നിലയിലല്ല, തിയ്യരും മുസ്​ലിംകളും എന്ന നിലയിലാണ് രണ്ട് സമുദായങ്ങളും പരസ്​പരം മത്സരിച്ചത്. ഈ മത്സരമായിരുന്നു അവരുടെ പ്രതികരണത്തി​ന്റെ സ്വഭാവം തീരുമാനിച്ചത്. എന്നാൽ, ഈഴവ, തിയ്യ സമുദായത്തിലെ മുഴുവൻ വിഭാഗവും ഇതേ രീതിയിലായിരുന്നുമില്ല പ്രതികരിച്ചത്. വാഗ്ഭടാനന്ദ​ന്റെ നേതൃത്വത്തിലുള്ളതും അതുപോലുള്ളതുമായ ചില വിഭാഗങ്ങളും മലബാർ കലാപത്തെ ഹിന്ദു-മുസ്‍ലിം പ്രശ്നമായാണ് അവതരിപ്പിച്ചത്. പിൽക്കാലത്ത് ദേശീയവാദിയായ അബ്ദുറഹ്മാൻ സാഹിബിനെ ഒരു മതംമാറ്റത്തിനു അനുകൂലമായിനിന്നുവെന്നതി​ന്റെ പേരിൽ വർഗീയതയുടെ മുദ്രകുത്തുന്നിടത്തോളം അത് മുന്നോട്ടുപോയി. സി. കൃഷ്ണ​ന്റെ നിലപാടുകൾ പുറത്തുനിന്നു കാണുന്നതിനേക്കാൾ കുറച്ചുകൂടി സങ്കീർണമായിരുന്നു.

സി. കൃഷ്ണ​ന്റെയും പിൽക്കാലത്ത് ടി.കെ. മാധവ​ന്റെയും രാഷ്ട്രീയചിന്ത കരുപ്പിടിപ്പിക്കുന്നതിൽ മലബാർ കലാപവും അതു സംബന്ധിച്ച അനുഭവവും ആഖ്യാനവും എന്തുപങ്കാണ് വഹിക്കുന്നതെന്നാണ് അടുത്ത ഭാഗത്തു നാം പരിശോധിക്കുന്നത്. മലബാർ കലാപത്തെ ഹിന്ദു-മുസ്‍ലിം പ്രശ്നമായി അവതരിപ്പിച്ചവരിൽ ഭൂരിഭാഗവും ഇതുവരെ നാം വിശ്വസിച്ചതിൽനിന്നും വ്യത്യസ്​തമായി ദേശീയതാവാദികളായിരുന്നുവെന്നും നമുക്ക് തിരിച്ചറിയാനാകും. ഇന്ത്യൻ മതേതരചിന്തയുടെ ഹൈന്ദവജനിതകം തിരിച്ചറിയാനും അത് നമ്മെ പ്രാപ്തരാക്കിയേക്കുമെന്നാണ് പ്രതീക്ഷ.

 

പണ്ഡിറ്റ് ഋഷിറാം, ആലി മുസ്‍ലിയാർ

പണ്ഡിറ്റ് ഋഷിറാം, ആലി മുസ്‍ലിയാർ

ഭാഗം മൂന്ന് 

സി. കൃഷ്ണൻ, മാപ്പിള മാതൃക

മലബാർ കലാപം മുസ്​ലിംകളെ മാത്രമല്ല, തിയ്യരെയും ഈഴവരെയും വലിയ തോതിൽ സ്വാധീനിച്ചിരുന്നു. ഇരു കൂട്ടരുടെയും പിൽക്കാല ചരിത്രത്തിലും അത് നിർണായക സ്വാധീനം ചെലുത്തി. ഹൈന്ദവ സാമൂഹികഘടനയുടെ ഭാഗമായ ഒരു വിഭാഗമെന്ന നിലയിലാണ് സി. കൃഷ്ണൻ തിയ്യ സമുദായത്തെ ആദ്യഘട്ടത്തിൽ വീക്ഷിച്ചിരുന്നത്. അതേസമയം, ജാതീയമായ അയിത്താചരണത്തെ നഖശിഖാന്തം എതിർക്കുകയും ചെയ്തു. മാപ്പിളമാരുമായി ചില ഉരസലുകൾ നിലനിന്നിരുന്ന കാലത്തുതന്നെ സി. കൃഷ്ണൻ മാപ്പിളമാരുടെ അവകാശങ്ങളെക്കുറിച്ച് ‘മിതവാദി’യുടെ പേജുകൾ ഉപയോഗപ്പെടുത്തി. തങ്ങളെ പുതുക്കോട്ടെ ഗ്രാമത്തിലേക്ക് കടക്കാൻ അനുവദിക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ട് പാലക്കാട്ടെ തൊമ്മലപ്പുറത്തുള്ള അഞ്ഞൂറോളം മാപ്പിളമാർ ഒപ്പിട്ട് കലക്ടർ ഇന്നിസിനു നൽകിയ പരാതിയുടെ റിപ്പോർട്ട് ‘മിതവാദി’യുടെ 1915 ഒക്ടോബർ ലക്കത്തിൽ കാണാം.

ഒരു സമുദായമായി വികസിച്ചുകൊണ്ടിരിക്കുന്ന തിയ്യരുടെ വിഭവശേഷിയുടെ കുറവ് സമുദായത്തി​ന്റെ പൊതുവായ പലതരം ശീലങ്ങളിൽനിന്ന് രൂപംകൊണ്ടതാണെന്ന് കൃഷ്ണൻ വക്കീൽ വിശ്വസിച്ചു. തിയ്യരുടെ മതകാര്യങ്ങളിലുള്ള അശ്രദ്ധയും പൊതുകാര്യങ്ങൾക്ക് പണം ചെലവഴിക്കുന്നതിലുള്ള ഉപേക്ഷയും ‘മിതവാദി’ ഇക്കാലത്ത് വിഷയമാക്കി. ഇക്കാര്യത്തിൽ മുസൽമാന്മാരെയും പാർസികളെയും നാട്ടുകോട്ട ചെട്ടിയാന്മാരെയും ക്രിസ്​ത്യാനികളെയും മാതൃകയാക്കാൻ മിതവാദി ആവശ്യപ്പെട്ടു.

തുടർന്ന് ചോദിക്കുന്നു: ‘‘തലശ്ശേരി നഗരത്തിൽ നോക്കിയാൽ എത്ര മുസൽമാൻ പള്ളിയുണ്ട്? കണ്ണൂരെത്ര? വടകര എത്ര? കോഴിക്കോട്ടെത്ര? പൊന്നാനി എത്ര? നമുക്ക് ഒരുത്തിൽ ഒരു ക്ഷേത്രം പണിയിക്കേണമെങ്കിൽ എത്ര ഞെരിയുകയും പിരിയുകയും ചെയ്യണമെന്ന് നല്ല നിശ്ചയമുള്ളതാണല്ലോ? അതൊക്കെ ധനക്കുറവുകൊണ്ടുമാത്രമെന്ന് കരുതേണ്ട’’ –അവർ നൂറ്റാണ്ടുകളായി ഈവക കാര്യങ്ങൾ പരിചയിച്ചവരാണെന്നും നമ്മുടെ പരിചയത്തിന് പത്തിരുപത്തിയഞ്ച് വർഷത്തിൽ അധികം പഴക്കമില്ലെന്നും ‘മിതവാദി’ കാരണം കണ്ടെത്തുന്നു. അതേവർഷം ഡിസംബർ ലക്കത്തിൽ പൊതുകാര്യങ്ങളിൽ താൽപര്യമില്ലാത്ത തിയ്യ സമുദായത്തെക്കുറിച്ചും മിതവാദി നീരസം പ്രകടിപ്പിക്കുന്നുണ്ട്.

കലാപത്തിനുശേഷം സി. കൃഷ്ണനെപ്പോലുള്ളവരുടെ ചിന്തയിൽ വലിയ മാറ്റം വന്നു. ഒരു സമുദായമെന്ന നിലയിൽ വ്യതിരിക്തമായി നിൽക്കുകയാണ് തിയ്യർ ചെയ്യേണ്ടതെന്ന ചിന്ത വേരുപിടിച്ചു. മലബാർ കലാപം കഴിഞ്ഞ് 1922 ആഗസ്റ്റ് മാസത്തിൽ തിയ്യർ മലബാർ സംഘത്തി​ന്റെ പ്രഥമ സമ്മേളനം കൊറ്റ്യത്ത് കൃഷ്ണൻ വക്കീലി​ന്റെ സാന്നിധ്യത്തിൽ നടന്നു. അന്നത്തെ സമ്മേളനത്തിൽ അധ്യക്ഷനായിരുന്ന സി. കൃഷ്ണൻ വളരെ സുപ്രധാനമായ ഒരു പ്രസംഗം നടത്തി. ആകെ 20 ലക്ഷവും മലബാറിലെ ജനസംഖ്യയിൽ 8 ലക്ഷവുമുള്ള തിയ്യർക്ക് നിയമനിർമാണ സഭയിൽ ഒരൊറ്റ പ്രതിനിധിപോലുമില്ലെന്ന് അദ്ദേഹം ഓർമപ്പെടുത്തി.

സ്റ്റേറ്റ് കൗൺസിൽ സവർണരും മുഹമ്മദീയരും കൈയടക്കിയിരിക്കുകയാണെന്ന് കൃഷ്ണൻ പരാതിപ്പെട്ടു. 10 ലക്ഷം ജനസംഖ്യയുള്ള മാപ്പിളമാർക്ക് രണ്ട് പ്രതിനിധിയുള്ളപ്പോൾ തിയ്യർക്ക് ഒരാൾപോലുമില്ല. തങ്ങളും മാപ്പിളമാരെപ്പോലെ രാജ്യഭക്തിയുള്ളവരാണെന്നും ഇത് സംഭവിച്ചത് നാം ആവശ്യത്തിലധികം സമാധാന പ്രിയരായതിനാലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. തെരഞ്ഞെടുപ്പും നോമിനേഷനും തിയ്യർക്ക് ഗുണകരമല്ലെന്നും മലബാറിലെ ഹിന്ദുക്കളിലെ 40 ശതമാനമുള്ള ഈഴവർക്ക് പൊതു നിയോജക മണ്ഡലങ്ങളിൽനിന്ന് ജയിച്ചുകയറുക എളുപ്പമല്ലെന്നും ജാതിഹിന്ദുക്കളിൽനിന്ന് വേറിട്ട് സ്വതന്ത്രസമുദായമായി നിന്നാൽ മാത്രമേ രക്ഷയുള്ളൂവെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. തിയ്യർ രാഷ്ട്രീയമായി സംഘടിക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞുവെച്ചത്.

സവർണരുമായി തിയ്യർക്ക് പൊതുവായി ഒന്നുമില്ലെന്നും പുച്ഛത്തിൽ നമ്മോട് പെരുമാറുന്നവരുടെ വസ്​ത്രത്തിൽ തൂങ്ങിനിൽക്കേണ്ടുന്നതായ ആവശ്യം നമുക്കെന്താണുള്ളതെന്നും അദ്ദേഹം ചോദിച്ചു. അങ്ങനെ ചെയ്യുന്നതു വഴി നാം ഹിന്ദുക്കളുടെ സംഖ്യാബലം വർധിപ്പിക്കുകയാണ് ചെയ്യുന്നത്. ഒരു രാഷ്ട്രീയ ബ്രാഹ്മണനെ ഒരിക്കലും വിശ്വസിച്ചുപോകരുതെന്ന് സർ ത്യാഗരാജച്ചെട്ടി പറഞ്ഞ കാര്യം അദ്ദേഹം ആവർത്തിച്ചു. മറ്റൊന്നുകൂടി കൂട്ടിച്ചേർത്തു -രാഷ്ട്രീയ സവർണനെയും വിശ്വസിക്കരുത്. കാരണം ഇരുകൂട്ടരുടെയും താൽപര്യങ്ങൾ ഒന്നല്ല എന്നതുതന്നെ. രാഷ്ട്രീയ ആവശ്യങ്ങൾക്കുവേണ്ടി ഹിന്ദുക്കളിൽനിന്ന് വിട്ടുനിന്ന് സ്വാധീനശക്തിയിലും രാഷ്ട്രീയാധികാരത്തിലും മെച്ചപ്പെട്ട മുസ്‍ലിം, ക്രിസ്​ത്യൻ സമുദായങ്ങളുടെ ഉദാഹരണവും ചൂണ്ടിക്കാട്ടുന്നു. അങ്ങനെ വേറിട്ടുനിൽക്കുന്നതിലാണ് നമ്മുടെ സായുജ്യം സ്​ഥിതിചെയ്യുന്നതെന്ന് സി. കൃഷ്ണൻ സൂചിപ്പിച്ചു.

കലാപം നടക്കുന്നതിന് മാസങ്ങൾക്കുമുമ്പ് മൊണ്ടേഗു ചെംസ്​ ഫോർഡ് പരിഷ്കാരങ്ങളുടെ ഭാഗമായി മദിരാശി നിയമനിർമാണസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കൃഷ്ണൻ ദയനീയമായി പരാജയപ്പെട്ടിരുന്നു. ദിവാൻ ബഹദൂർ കൃഷ്ണൻ നായരെക്കാൾ പകുതി വോട്ടാണ് കൃഷ്ണന് ലഭിച്ചത്. ഒരു തിയ്യന് പൊതുനിയോജകമണ്ഡലത്തിൽ നിന്ന് വിജയിക്കാൻ സാധ്യമല്ലെന്ന് അദ്ദേഹം സ്വജീവിതത്തിൽനിന്നു മനസ്സിലാക്കി. ഇത്തരം അനുഭവം പിൽക്കാലത്ത് കുമാരനാശാനും സഹോദരൻ അയ്യപ്പനുമുണ്ടായിരുന്നു. ഈ അനുഭവങ്ങൾ പൊതു നിയോജകമണ്ഡലങ്ങൾ അനീതിയാണെന്ന നിലപാടിലേക്ക് മൂവരെയും എത്തിക്കുകയും ചെയ്തു.

1921ൽ ‘മിതവാദി’ ഒരു പ്രതിവാരപത്രമായി മാറി. ഈ സമയത്തുതന്നെ ‘മിതവാദി’യുടെ സ്വരത്തിൽ മാറ്റം വന്നിരുന്നു. ജാതിവ്യത്യാസം, അയിത്തം ഇതൊക്കെ പ്രധാനമായി കണ്ടിരുന്ന ‘മിതവാദി’ അവക്കടിസ്​ഥാനമായ ശാസ്​ത്രങ്ങളെയും തള്ളിപ്പറഞ്ഞു. ഇങ്ങനെയുള്ള അസമത്വങ്ങളും അവശതകളും അനുഭവിച്ചുകൊണ്ട് തിയ്യരാദികൾ ഹിന്ദുമതത്തിൽ ജീവിച്ചിരിക്കുന്നതെന്തിനാണെന്നുകൂടി ‘മിതവാദി’ ചോദിച്ചു. ഈ വക അഭിപ്രായങ്ങൾക്ക് സമുദായത്തിൽ നിരവധി പേരുടെ പിന്തുണയുണ്ടായിരുന്നു.

എന്നാൽ, നാലു വർഷം മുമ്പ് ഹിന്ദുമതത്തോട് തികച്ചും വ്യത്യസ്​തമായ നിലപാടായിരുന്നു അദ്ദേഹം എടുത്തിരുന്നത്. 1917ൽ ഗുരുശിഷ്യനായ ശിവപ്രസാദ സ്വാമികൾ ഹിന്ദുമതം വിടണമെന്ന് അപേക്ഷിച്ച് ഗുരുവിന് കത്തയച്ചു. ഇത് തിയ്യ സമുദായത്തിൽ വലിയ കോലാഹലം സൃഷ്ടിച്ചു. ‘മിതവാദി’യായിരുന്നു വിവാദത്തി​ന്റെ കേന്ദ്രം. ക്ഷമനശിച്ച സ്വാമികൾ പിന്നീട് ബുദ്ധമതത്തിൽ പോയി ചേർന്നു. ഈ സമയത്തും ഹിന്ദുമതത്തിൽനിന്നുകൊണ്ടുതന്നെ മോചനം സാധ്യമാണെന്നാണ് സി. കൃഷ്ണൻ കരുതിയത്. ഗുരുവിനോട് യോജിച്ചുകൊണ്ടും എന്നാൽ, ശിവപ്രസാദ സ്വാമികളുടെ വാദത്തിൽ കഴമ്പുണ്ടെന്നുമുള്ള ഇടനിലപാടാണ് കൃഷ്ണൻ എടുത്തത്. മതംമാറുന്നെങ്കിൽ ക്രിസ്​തുമതമോ ഇസ്‍ലാം മതമോ സ്വീകരിക്കുന്നതായിരിക്കും നല്ലതെന്നും അദ്ദേഹം എഴുതി.

ജാതിഹിന്ദുക്കളെ ആശ്രയിക്കാതെയും അനുകരിക്കാതെയും ഒരു സ്വതന്ത്രസമുദായമായി നിൽക്കാൻ തിയ്യരെ ഉദ്ബോധിപ്പിക്കുന്ന ലേഖനങ്ങളും 1921നുശേഷം അദ്ദേഹം പ്രസിദ്ധപ്പെടുത്തിക്കൊണ്ടിരുന്നു. ഇതിനും പുറമെ ‘തിയ്യരുടെ അഭിവൃദ്ധിമാർഗങ്ങൾ’ എന്ന വിഷയത്തിൽ ഒരു ലേഖന മത്സരവും ‘മിതവാദി’ നടത്തി. 25 കൊല്ലമായി തിയ്യർക്കുണ്ടായ അഭിവൃദ്ധിയും കൂടുതൽ അഭിവൃദ്ധിക്ക് എന്തുചെയ്യണമെന്നുമായിരുന്നു വിഷയം. അക്കാലത്തെ നിരവധി തിയ്യ ബുദ്ധിജീവികൾ ആ മത്സരത്തിൽ പങ്കെടുത്തു. തിയ്യർ ഹിന്ദുമതം വിടണമെന്നും മതംവിട്ടശേഷം എന്തുചെയ്യണമെന്നും ലേഖനങ്ങൾ ചർച്ചചെയ്തു. തിയ്യർ ഇസ്‍ലാമിൽ ചേരണമെന്ന അഭിപ്രായം പ്രകടിപ്പിച്ചവരുമുണ്ടായിരുന്നു ആ ലേഖകരിൽ.

മാപ്പിള കലാപസമയത്ത് മുസ്​ലിംകൾക്കെതിരെ നിലപാടെടുത്ത, ദേശീയസമരത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച സി. കൃഷ്ണൻ കലാപാനന്തരം ഹിന്ദുവായി പരിണമിക്കുകയല്ല ചെയ്തത്. മുസ്​ലിംകൾക്കെതിരെ മാത്സര്യമുള്ളപ്പോൾത്തന്നെ അവരെ മാതൃകയാക്കാനാണ് സമുദായത്തെ േപ്രരിപ്പിച്ചത്. മതംമാറ്റത്തെയും ഹൈന്ദവപക്ഷത്തു നിന്നുകൊണ്ടായിരുന്നില്ല കൃഷ്ണൻ കണ്ടത്, മറിച്ച് ഈഴവ, തിയ്യ പക്ഷത്തുനിന്നായിരുന്നു. താമസിയാതെ കൃഷ്ണൻ ഹിന്ദുമതം വിടുകയും ബുദ്ധമതത്തിൽ ചേക്കേറുകയുംചെയ്തു. എന്നാൽ, മലബാർ കലാപം സി. കൃഷ്ണനുണ്ടാക്കിയ പ്രതികരണമായിരുന്നില്ല, തിരുവിതാംകൂറിൽ ജനിച്ചുവളർന്ന ടി.കെ. മാധവനിലുണ്ടാക്കിയത്.

ടി.കെ. മാധവൻ, മതംമാറ്റം

മലബാർ കലാപത്തോടുള്ള ടി.കെ. മാധവ​ന്റെ പ്രതികരണം പ്രധാനമായും മതംമാറ്റത്തോടുള്ള പ്രതികരണമെന്ന നിലയിലായിരുന്നു. നേരിട്ട് ഇടപെടാൻ സാഹചര്യമില്ലാതിരുന്നെങ്കിലും ആര്യസമാജവുമായി മാധവൻ യോജിച്ചിരുന്ന മേഖലയായിരുന്നു ഇത്. മാപ്പിളലഹളക്കാലത്ത് നിസ്സഹായരായ സാധുജനങ്ങളെ സംരക്ഷിക്കുന്നതിൽ ഋഷിറാം മുതലായവർ നടത്തിവരുന്ന പ്രവൃത്തികൾ ടി.കെയെ ആകർഷിച്ചിരുന്നുവെന്ന് ജീവചരിത്രകാരൻ രേഖപ്പെടുത്തിയിട്ടുണ്ട്. (‘ദേശാഭിമാനി’ -ടി.കെ. മാധവൻ, പേജ് 130). സ്വയമൊരു ഹിന്ദു എന്ന നിലയിലാണ് ടി.കെ ത​ന്റെ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്.

അത് എല്ലാക്കാലത്തും അങ്ങനെയായിരുന്നുതാനും. എന്നാൽ, മലബാർ കലാപത്തോടെ മതംമാറ്റത്തിന് പ്രായോഗികമായി പരിഹാരം തേടേണ്ടത് അടിയന്തര പ്രശ്നമായി. അദ്ദേഹത്തി​ന്റെ പിൽക്കാലപ്രവർത്തനങ്ങളുടെ മുഖ്യപ്രമേയം ഹിന്ദുമതത്തെ കെട്ടുറപ്പോടുകൂടി നിലനിർത്തുകയും അതിനനുസരിച്ച് പ്രവർത്തനപദ്ധതികൾ ക്രമീകരിക്കുകയുമായിരുന്നു. ദേശീയപ്രസ്​ഥാനവുമായുള്ള അദ്ദേഹത്തി​ന്റെ അടുപ്പംപോലും ഇത്തരത്തിലാണ് രൂപംകൊള്ളുന്നത്.

1923ൽ കാകിനായയിലെ 38ാം കോൺഗ്രസ്​ സമ്മേളനത്തിനു ശേഷമാണ് ടി.കെ ഔദ്യോഗികമായി കോൺഗ്രസിൽ ചേരാൻ തീരുമാനിക്കുന്നത്. എന്നാൽ, ഇതിനുമുമ്പേ മാധവൻ കോൺഗ്രസുമായി അടുപ്പം സ്​ഥാപിച്ചിരുന്നു. അയിത്താചരണത്തിനെതിരെ ക്ഷേത്രപ്രവേശനമെന്ന ആവശ്യമായിരുന്നു ടി.കെ. മാധവനെ കോൺഗ്രസിലേക്ക് ആകർഷിച്ചത്. ക്ഷേത്രപ്രവേശനമെന്ന ആവശ്യംതന്നെ ടി.കെ. മാധവ​ന്റെ സൃഷ്ടിയാണെന്ന് പറയാവുന്നിടത്തോളം അദ്ദേഹത്തിന് മുൻകൈയുണ്ടായിരുന്നു. ബംഗാൾ പാരമ്പര്യത്തിലൂടെ വളർന്നുവന്ന കുമാരനാശാൻപോലും വ്യത്യസ്​തമായ നിലപാടാണ് എടുത്തിരുന്നത്.

ആദ്യഘട്ടത്തിൽ സമുദായ പരിഷ്കരണത്തിൽ മാത്രമായിരുന്നു എസ്​.എൻ.ഡി.പി യോഗം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ‘രാഷ്ട്രീയം’ അവർ ഒഴിവാക്കിനിർത്തി. ഇന്ത്യൻ ‘രാഷ്ട്രീയവാദ’ത്തെ യോഗത്തിലേക്കെത്തിക്കുന്നത് എസ്​.എൻ.ഡി.പിയെ ഒരു ജനകീയസംഘടനയാക്കി മാറ്റാൻ പരിശ്രമിച്ച ടി.കെ. മാധവനാണ്. കുമാരനാശാനെപ്പോലുള്ളവർക്ക് ഇതിനോടു യോജിക്കാൻ കഴിഞ്ഞില്ല. ‘‘സമുദായരംഗത്തിൽനിന്നും ​േഡാക്ടർ പൽപ്പു ഒട്ടൊക്കെ അന്തർധാനംചെയ്ത ശേഷമുള്ള എസ്​.എൻ.ഡി.പി യോഗത്തി​ന്റെ മധ്യകാലചരിത്രം മിതവാദിത്വത്തി​ന്റെ മൂർത്തീകരണമായ കുമാരനാശാനവർകളും ഉജ്ജ്വലമായ ഉൽപതിഷ്ണുത്വത്തി​ന്റെ പ്രാതിനിധ്യം വഹിച്ചുകൊണ്ടു സമുദായാന്തരീക്ഷത്തിൽ നവ്യമായി ഉദിച്ചുയർന്നുവന്ന ടി.കെ. മാധവനും തമ്മിൽ നടന്ന സമരത്തി​ന്റെ കഥയായി വ്യാഖ്യാനിക്കാവുന്നതേയുള്ളൂ’’ എന്നാണ് അദ്ദേഹത്തി​ന്റെ ജീവചരിത്രകാരൻ വിശദീകരിക്കുന്നത് (പേജ് 254).

സാമുദായികവും മതപരവുമായ കാര്യങ്ങളിൽ പ്രധാനമായി പ്രവർത്തിച്ചുവന്നിരുന്ന യോഗം ക്രമേണ അതി​ന്റെ പ്രവൃത്തിപദ്ധതികളിൽ രാഷ്ട്രീയവാദങ്ങൾക്ക് പ്രാധാന്യം നൽകി. രാഷ്ട്രീയവാദമെന്ന പദത്തിലൂടെ ഇന്ത്യൻ ദേശീയസമരത്തെയാണ് സൂചിപ്പിക്കുന്നതെന്ന് വ്യക്തമാണല്ലോ.

 

മിതവാദി സി. കൃഷ്ണൻ

മിതവാദി സി. കൃഷ്ണൻ

ഇതിനൊരു മറുവശമുണ്ട്. സ്വയമൊരു സനാതന ഹിന്ദുവെന്ന നിലയിലാണ് ടി.കെ ത​ന്റെ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. യോഗത്തിലെ പല നേതാക്കളും ഹൈന്ദവതയുമായി അകന്നുതുടങ്ങിയപ്പോൾ ഹിന്ദുവായി തുടരാനാണ് ടി.കെ ശ്രമിച്ചത്. മാപ്പിള കലാപാനന്തരം മാധവനെ സംബന്ധിച്ചിടത്തോളം ഈ ശ്രമങ്ങൾ വർധിച്ചു. പല തിയ്യ, ഈഴവ നേതാക്കളും ഇക്കാലത്ത് മതംമാറ്റത്തെ രക്ഷാമാർഗമായി മുന്നോട്ടുവെച്ചിരുന്നു. മതംമാറ്റത്തെ എതിർത്തവർതന്നെ അത് സമുദായത്തി​ന്റെ ശക്തി ക്ഷയിപ്പിക്കുമെന്ന് കരുതിയതുകൊണ്ടാണ് അത്തരമൊരു നിലപാടെടുത്തത്. ഇതിൽനിന്ന് വ്യത്യസ്​തനായിരുന്നു മാധവൻ. ഹിന്ദു വീക്ഷണത്തോടെയാണ് മാധവൻ ദേശീയതയെ അഭിമുഖീകരിച്ചത്. മതംമാറ്റത്തോടുള്ള സമീപനവും വ്യത്യസ്​തമായിരുന്നില്ല. ഇടക്കാലത്ത് ഹിന്ദുമഹാസഭയുമായി അദ്ദേഹം അടുക്കുകയുംചെയ്തു.

ടി.കെയെ സംബന്ധിച്ചിടത്തോളം സനാതന ഹിന്ദുമത തത്ത്വചിന്തയോടുള്ള വെല്ലുവിളിയായിരുന്നു മതം മാറ്റം. ഈ ചിന്തയാണ് അദ്ദേഹത്തെ ദേശീയവാദത്തോട് അടുപ്പിച്ചത്. ഇക്കാലത്ത് മാധവ​ന്റെ അനുയായികളായ പല ഈഴവ കോൺഗ്രസുകാരും ഹിന്ദുമിഷനിൽ അംഗങ്ങളായി ചേരുകയും അതിലൊരാൾ കേരളത്തിനു പുറത്തുപോലും വ്യാപകമായ ഹിന്ദുമതത്തിലേക്കുള്ള മതംമാറ്റ യജ്ഞത്തിൽ പങ്കാളിയാവുകയുംചെയ്തു. വൈക്കം സത്യഗ്രഹത്തിൽ പങ്കെടുത്ത ഈഴവരിൽ നല്ലൊരു ഭാഗം ഈ മനോഭാവം വെച്ചുപുലർത്തിയവരാണ്.

മാപ്പിള കലാപത്തിനെതിരെ പ്രത്യക്ഷത്തിൽ നിലപാടെടുത്ത കുമാരനാശാൻ പിൽക്കാലത്ത് പുനർചിന്തക്ക് തയാറായിരുന്നുവെന്ന് അതിൽ നേരിട്ടിടപെട്ട സീതി സാഹിബ് വെളിപ്പെടുത്തിയിരുന്നു. 1922ൽ ‘ദുരവസ്​ഥ’ എഴുതിത്തീർത്തശേഷം മുസ്‍ലിംസമൂഹത്തിൽനിന്നും അതിനെതിരെ വലിയ എതിർപ്പുണ്ടായി. ഇതിനു പരിഹാരം കാണാൻ കുമാരനാശാൻ തന്നെ മുൻകൈയെടുത്തു. അദ്ദേഹം വക്കം മൗലവിയുമായി തിരുവനന്തപുരം മുസ്‍ലിം ഹോസ്​റ്റലിൽവെച്ച് ഒരു കൂടിക്കാഴ്ച നടത്തി. താൻ മുസ്​ലിംകളെ അപകീർത്തിപ്പെടുത്താൻ ആഗ്രഹിച്ചിരുന്നില്ലെന്ന് ആശാൻ തുറന്നുപറഞ്ഞു. പ്രായശ്ചിത്തമായി മറ്റൊരു കൃതി എഴുതുമെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ, അതിനുമുമ്പ് കുമാരനാശാൻ പല്ലനയാറ്റിൽ ബോട്ടപകടത്തിൽ മരിച്ചു.

ഉപസംഹാരം

മലബാർ കലാപത്തോടുള്ള ഈഴവ-തിയ്യ വിഭാഗങ്ങളുടെ പ്രതികരണം ഒരൊറ്റ അടരിൽ മാത്രമായി കൊരുക്കിയിടാൻ നമുക്കാവില്ല. മലബാർ കലാപം തിയ്യ, ഈഴവ ജനതയുടെ ജീവിതത്തെ വലിയതോതിൽ ബാധിച്ചു. അവരുടെ വീക്ഷണങ്ങളിൽ വലിയ മാറ്റങ്ങൾക്കു കാരണമായി. മലബാറിലെ തിയ്യരാണ് സ്വാഭാവികമായി കലാപത്തോട് നേരിട്ടു പ്രതികരിച്ചത്. ആ പ്രതികരണങ്ങളിലും രണ്ട് തരക്കാരുണ്ടായിരുന്നു. ഒന്ന് തിയ്യരെന്ന നിലയിൽ കലാപത്തെ നോക്കിക്കണ്ടവർ.

അവരിൽ പലരും ബ്രിട്ടീഷ് സർക്കാറുമായി വിമർശനാത്മകമായി ചേർന്നുനിന്നവരാണ്. അവരുടെ കലാപത്തോടുള്ള എതിർപ്പി​ന്റെ ഒരു കാരണം അതായിരുന്നു. ഒപ്പം, മാപ്പിളമാരുമായുണ്ടായ സാമ്പത്തിക മത്സരവും. ഇതൊന്നും പക്ഷേ, അവരെ ഹിന്ദുവാക്കി മാറ്റാൻ പര്യാപ്തമായില്ല. പിൽക്കാലത്ത് മാപ്പിള സമുദായത്തെ ഒരു മാതൃകയെന്ന നിലയിൽ കാണുന്നവരുമുണ്ടായിരുന്നു അവർക്കിടയിൽ. മതംമാറ്റവുമായി ബന്ധപ്പെട്ട ആഖ്യാനത്തോടും അതിനനുസരിച്ച പ്രതികരണമാണ് അവരിൽ നിന്നുണ്ടായത്. അവർ ദേശീയവാദികളുമായിരുന്നില്ല. സി. കൃഷ്ണനും അദ്ദേഹത്തി​ന്റെ പാത പിന്തുടർന്ന തിയ്യ ബുദ്ധിജീവികളും ഈ നിലപാടിലാണ് ഉറച്ചുനിന്നത്.

മറ്റൊരു മാതൃക വാഗ്ഭടാനന്ദനെപ്പോലുള്ള പരിഷ്കൃത ഹിന്ദു പ്രസ്​ഥാനക്കാരുടേതാണ്. സനാതന ഹിന്ദുക്കളുമായി പല കാര്യങ്ങളിലും എതിരഭിപ്രായമുണ്ടായിരുന്നെങ്കിലും അവർ ഹിന്ദുക്കളെന്ന നിലയിലാണ് കലാപത്തെ കണ്ടത്. ഇവരിൽ വലിയൊരു വിഭാഗം ദേശീയവാദികളുമായിരുന്നു. മതംമാറ്റവും അതുസംബന്ധിച്ച ആഖ്യാനവും ഹിന്ദുമതത്തോടുള്ള പ്രതികരണമായാണ് അവർ കണ്ടത്. അതിനോട് വൈകാരികമായി പ്രതികരിക്കുന്നതിലും അവർ ശ്രദ്ധപതിപ്പിച്ചു.

മറ്റൊരു പ്രതികരണം ടി.കെ. മാധവന്റേതാണ്. അദ്ദേഹം സ്വയമൊരു സനാതന ഹിന്ദുവായാണ് കലാപത്തോട് പ്രതികരിച്ചത്. ആര്യസമാജവുമായി നേരിട്ടു ബന്ധപ്പെട്ടില്ലെങ്കിലും മതംമാറ്റ ആഖ്യാനത്തോട് തീവ്രമായി പ്രതികരിച്ചു. കലാപാനന്തരം സി. കൃഷ്ണൻ ഹൈന്ദവതയോട് അകന്നുപോയെങ്കിൽ മാധവനെ അത് കൂടുതൽ സനാതന വാദിയാക്കി. പിൽക്കാലത്ത് മാളവ്യയെപ്പോലുള്ള ഹിന്ദുമഹാസഭാ നേതാക്കളെ മാധവൻ യോഗത്തി​ന്റെ സമ്മേളനങ്ങളിൽ പങ്കെടുപ്പിച്ചു. അയ്യപ്പനെപ്പോലുള്ളവരാണ് അന്നതിനെ പ്രതിരോധിച്ചത്.

കലാപവുമായി ബന്ധപ്പെട്ട മതംമാറ്റ ആഖ്യാനത്തോട് തീവ്രമായി പ്രതികരിച്ചവരും മുസ്‍ലിം വിരുദ്ധത തീവ്രമായി വെച്ചുപുലർത്തിയവരിലും പൊതുവായ ഒന്ന് അവർ ദേശീയവാദികളായിരുന്നുവെന്നതാണ്. ഈഴവർക്കിടയിലെ ദേശീയവാദത്തി​ന്റെ ഏറ്റവും ശക്തനായ വക്താവായിരുന്നു ടി.കെ. മാധവൻ. അദ്ദേഹത്തി​ന്റെ പല അനുയായികളും ദേശീയവാദികളായതിനോടൊപ്പം ഹിന്ദുമിഷൻ പോലുള്ള തീവ്രഹിന്ദു സംഘടനകളിൽ അംഗങ്ങളായി ചേർന്നിരുന്നു. വാഗ്ഭടാനന്ദനും ദേശീയവാദത്തോട് അനുഭാവം വെച്ചുപുലർത്തി. ഇന്ത്യൻ മതേതരത്വത്തി​ന്റെ ഹൈന്ദവാഭിമുഖ്യത്തി​ന്റെ വേരുകളെത്തന്നെയാണ് ഈ ഈഴവ അനുഭവം നമുക്കു മുന്നിൽ അനാവരണം ചെയ്യുന്നതെന്നു മാത്രം ഇപ്പോൾ പറഞ്ഞുവെക്കാം.

========

അവലംബം:

1. മഹാകവി കുമാരനാശാൻ: സി.ഒ. കേശവൻ ബി.എ, ചന്ദ്രമോഹൻ പ്രസ്​, തിരുവനന്തപുരം, 1958

2. ദേശാഭിമാനി ടി.കെ. മാധവൻ, പി.കെ. മാധവൻ, എസ്.പി.സി.എസ്​, കോട്ടയം 2016

3. ശ്രീജ്ഞാനോദയ യോഗം ശതാബ്ദി ചരിത്രസ്​മരണിക, തലശ്ശേരി, 2005

4. ശ്രീ ജഗന്നാഥക്ഷേത്ര ശതാബ്ദി സ്​മരണിക, തലശ്ശേരി, 2008

5. ജീവിതസമരം, സി. കേശവൻ, ഡി.സി ബുക്സ്, കോട്ടയം, 2005

6. ഒരു മഹാഗുരു, ഡോ. എസ്​. ഓമന, നാരായണ ഗുരുകുലം, വർക്കല, 2014

7. ബ്രഹ്മവിദ്യാസംഘവും കേരള നവോത്ഥാനവും, കെ. ദിനകരൻ, 2007

8. വാഗ്ഭടാനന്ദ​ന്റെ സമ്പൂർണ കൃതികൾ, വാഗ്ഭടാനന്ദ ഗുരു, മാതൃഭൂമി ബുക്സ്​, കോഴിക്കോട്, 2014

9. കേരളത്തിലെ കോൺഗ്രസ് ​പ്രസ്​ഥാനം, പെരുന്ന കെ.എൻ. നായർ, കറന്റ് ബുക്സ്​, തൃശൂർ, 1967

10. മൗലവിയുടെ ആത്മകഥ, ഇ. മൊയ്തു മൗലവി, എൻ.ബി.എസ്​, കോട്ടയം, 1981

11. ഈഴവരുടെ ഇതിഹാസം, കെ. ദാമോദരൻ ബി.എ, പ്രസാ: സി. കേശവൻ, കൊല്ലം, 1930

12. പുരാണ കേരളത്തിലെ രണ്ട് ധീരനായികമാർ, കെ.ആർ. ഭാസ്​കരൻ, എൻ.ബി.എസ്, കോട്ടയം, 1978

13. നവോത്ഥാന സംസ്​കൃതിയുടെ ‘സ്​പീക്കർ’ സീതി സാഹിബ്, കെ.എം. അൽത്താഫ്, ഒലിവ് പബ്ലിക്കേഷൻസ്​, കോഴിക്കോട്, 2015

14. ആംഗ്ലോ മാപ്പിള യുദ്ധം1921, എ.കെ. കോടൂർ, േഗ്രസ്​ ബുക്സ്​, കോഴിക്കോട്, 2020

15. ശ്രീകണ്ഠേശ്വര ക്ഷേത്ര പ്രതിഷ്ഠാ ശതാബ്ദി സ്​മരണിക, കോഴിക്കോട്, 2010

16. മൂർക്കോത്തു കുമാരൻ, മൂർക്കോത്ത് കുഞ്ഞപ്പ, എൻ.ബി.എസ്​, കോട്ടയം, ഏപ്രിൽ 1975

17. ശ്രീമാൻ സി. കൃഷ്ണൻ, പി.വി.കെ നെടുങ്ങാടി, കാലിക്കറ്റ് പ്രസ്​, 1939

18. സി. കൃഷ്ണൻ, കെ.ആർ. അച്യുതൻ, എൻ.ബി.എസ്​, കോട്ടയം, 1971

19. മഹർഷി വാഗ്ഭടാനന്ദ ഗുരുദേവൻ, സ്വാമി ബ്രഹ്മവ്രതൻ, ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് വാഗ്ഭടാനന്ദ മെമ്മോറിയൽ റിസർച്, അമ്പലപ്പുഴ, 1971

20. ഡോ. അയ്യത്താൻ ഗോപാലൻ, വി.ആർ. ഗോവിന്ദനുണ്ണി, മാതൃഭൂമി, 2013

21. വിവേകോദയം, മിതവാദി, ഇരിങ്ങാലക്കുടയിൽനിന്ന് പുറത്തിറങ്ങിയ വിവേകോദയം മാസിക, കേരളകൗമുദി പ്രത്യേകപതിപ്പ് തുടങ്ങിയവയുടെ വിവിധ ലക്കങ്ങൾ.

News Summary - weekly articles