Begin typing your search above and press return to search.
proflie-avatar
Login

പ്രിയ നേതാവ്​, സുഹൃത്ത്​ -വി.എം സുധീരൻ ഉമ്മൻചാണ്ടിയൊത്തുള്ള ഓർമകൾ പങ്കുവെക്കുന്നു

പ്രിയ നേതാവ്​, സുഹൃത്ത്​ -വി.എം സുധീരൻ ഉമ്മൻചാണ്ടിയൊത്തുള്ള ഓർമകൾ പങ്കുവെക്കുന്നു
cancel

കോൺഗ്രസ്​ നേതാവും മുൻ സ്​പീക്കറുമായ വി.എം. സുധീരന്​ ആറു പതിറ്റാണ്ടിന്റെ​ നീണ്ട ബന്ധമാണ്​ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി ഉണ്ടായിരുന്നത്​.ഒരുമിച്ച്​ പ്രവർത്തിച്ച കാലം ഒാർക്കുകയാണ്​ സുധീരൻ. ഉമ്മൻ ചാണ്ടിയുടെ സ്വഭാവസവിശേഷതകളും പ്രവർത്തനരീതികളും അദ്ദേഹം വിവരിക്കുന്നു.ഉമ്മൻ ചാണ്ടിയെ ഞാൻ ആദ്യം കാണുന്നത് 1964 ആഗസ്റ്റ് രണ്ടിനാണ്. ഞാൻ എസ്.എസ്.എൽ.സി കഴിഞ്ഞ് തൃശൂർ സെന്റ് തോമസ് കോളജിൽ ഒന്നാം വർഷ പ്രീഡിഗ്രിക്ക് ചേർന്ന സമയം. 16 വയസ്സ് കാണും. ഉമ്മൻ ചാണ്ടിക്ക് 21 വയസ്സും. എറണാകുളത്ത് ചേരുന്ന കെ.എസ്.യു സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുക്കാൻ എത്തിയതാണ്​ ഞാൻ. മേയിൽ ആലുവ കൊട്ടുകാപ്പിള്ളി ബിൽഡിങ്ങിൽ...

Your Subscription Supports Independent Journalism

View Plans
കോൺഗ്രസ്​ നേതാവും മുൻ സ്​പീക്കറുമായ വി.എം. സുധീരന്​ ആറു പതിറ്റാണ്ടിന്റെ​ നീണ്ട ബന്ധമാണ്​ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി ഉണ്ടായിരുന്നത്​.ഒരുമിച്ച്​ പ്രവർത്തിച്ച കാലം ഒാർക്കുകയാണ്​ സുധീരൻ. ഉമ്മൻ ചാണ്ടിയുടെ സ്വഭാവസവിശേഷതകളും പ്രവർത്തനരീതികളും അദ്ദേഹം വിവരിക്കുന്നു.

ഉമ്മൻ ചാണ്ടിയെ ഞാൻ ആദ്യം കാണുന്നത് 1964 ആഗസ്റ്റ് രണ്ടിനാണ്. ഞാൻ എസ്.എസ്.എൽ.സി കഴിഞ്ഞ് തൃശൂർ സെന്റ് തോമസ് കോളജിൽ ഒന്നാം വർഷ പ്രീഡിഗ്രിക്ക് ചേർന്ന സമയം. 16 വയസ്സ് കാണും. ഉമ്മൻ ചാണ്ടിക്ക് 21 വയസ്സും. എറണാകുളത്ത് ചേരുന്ന കെ.എസ്.യു സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുക്കാൻ എത്തിയതാണ്​ ഞാൻ. മേയിൽ ആലുവ കൊട്ടുകാപ്പിള്ളി ബിൽഡിങ്ങിൽ ചേർന്ന കെ.എസ്.യു സംസ്ഥാന ക്യാമ്പ് വയലാർ രവി പ്രസിഡന്‍റായ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഈ ക്യാമ്പിൽ ഞാൻ പങ്കെടുത്തിരുന്നില്ല. പക്ഷേ, ക്യാമ്പ് തെരഞ്ഞെടുത്ത അടുത്ത സംസ്ഥാന കമ്മിറ്റിയിൽ ഹൈസ്കൂൾ വിദ്യാർഥികളെ പ്രതിനിധാനംചെയ്താണ് എന്നെ ഉൾപ്പെടുത്തിയത്​. 21 അംഗ സ്റ്റേറ്റ് കമ്മിറ്റിയുടെ ആദ്യ യോഗമാണ്​ ആഗസ്റ്റ് രണ്ടിന് എറണാകുളത്ത് ചേർന്നത്. കണ്ടശ്ശാംകടവ് ഹൈസ്കൂൾ ലീഡറായിരുന്നു ഞാൻ. അങ്ങനെയാണ് ഹൈസ്കൂൾ വിദ്യാർഥി പ്രതിനിധിയായുള്ള യോഗത്തിലെ എന്‍റെ നിയോഗം. ഈ യോഗത്തിൽ പക്ഷേ, വയലാർ രവി അധ്യക്ഷപദവി ഒഴിഞ്ഞു. പകരം എ.കെ. ആന്റണി പുതിയ പ്രസിഡന്റായി. ഉമ്മൻ ചാണ്ടി ജനറൽ സെക്രട്ടറിയായി.

ഉമ്മൻ ചാണ്ടി കോട്ടയത്ത് വിദ്യാർഥിരംഗത്തൊക്കെ അറിയപ്പെട്ട് തുടങ്ങിയ കാലമാണ്. അഖില കേരള ബാലജന സഖ്യത്തിന്‍റെ പ്രസിഡന്‍റായിരുന്നുവെന്ന്​ കേട്ടിട്ടുണ്ട്. പക്ഷേ, നേരിൽകണ്ട് പരിചയമില്ല. മീറ്റിങ് കഴിഞ്ഞ ഇടവേളയിലാണ് നേരിട്ട് സംസാരിക്കുന്നതും കൂടുതൽ പരിചയപ്പെടുന്നതും. അന്ന് തുടങ്ങിയ ബന്ധം വർഷങ്ങൾ നീണ്ടു. അദ്ദേഹത്തിന്‍റെ ആദ്യത്തെ പെരുമാറ്റവും ഇട​െപടലുമെല്ലാം എനിക്ക് വളരെ ഹൃദ്യമായി ആദ്യമേ തോന്നി. അപരിചിതനായ, ആദ്യമായി കാണുന്ന ഒരാളോടുള്ള ഇടപെടലായിരുന്നില്ല അദ്ദേഹത്തി​ന്റേത്​. മറിച്ച്, എത്രയോ കാലമായി അടുപ്പമുള്ള ഒരു അനിയനെ വീണ്ടും കണ്ടതുപോലെയായിരുന്നു പെരുമാറ്റം. എന്നെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ വലിയ വഴിത്തിരിവായിരുന്നു ആ കൂടിക്കാഴ്ച. മാത്രമല്ല, പുതിയ അനുഭവവുമായിരുന്നു. ആന്‍റണിയെയും വയലാർ രവിയെയും ഞാൻ ആദ്യമായി കാണുന്നതും അന്നാണ്. പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിൽ യഥാർഥത്തിലുള്ള ഉത്തേജനം കൂടിയായിരുന്നു അന്നത്തെ കൂടിക്കാഴ്ച.

ഉമ്മൻ ചാണ്ടി -ഒരു പഴയകാല ചിത്രം

ഉമ്മൻ ചാണ്ടി -ഒരു പഴയകാല ചിത്രം

1962ലെ തലശ്ശേരി സമ്മേളനത്തിനുശേഷം കെ.എസ്.യുവിന്‍റെ പ്രവർത്തനം അൽപം നിർജീവമായിരുന്നു. പലയിടത്തും ജില്ല കമ്മിറ്റികളുടെ പ്രവർത്തനം അത്ര സജീവമായിരുന്നില്ല. അതുകൊണ്ടാണ് വയലാർ രവി മുൻകൈയെടുത്ത് 1964ൽ യോഗം വിളിച്ചു ചേർക്കുന്നതും സംഘടന പുനഃസംഘടിപ്പിക്കുന്നതും. തൃശൂർ ജില്ലയിൽ കെ.എസ്.യു പുനഃസംഘടിപ്പിക്കാൻ വയലാർ രവിയും എ.കെ. ആന്റണിയും ഉമ്മൻ ചാണ്ടിയും എന്നെയാണ് ചുമതലപ്പെടുത്തിയത്. പിന്നീട് ഞാൻ കെ.എസ്.യു ജില്ല സെക്രട്ടറിയായി. സംസ്ഥാന കമ്മിറ്റിയംഗമായി തുടരുന്നതിനൊപ്പമായിരുന്നു ഇത്.

തൃശൂർ സെന്റ് തോമസ് കോളജിൽ പാനൽ ചെയർമാനായിരുന്ന സിറിയക് വെളിയത്തിലായിരുന്നു പ്രസിഡന്‍റ്. ജില്ലയിലെ കെ.എസ്.യു പ്രവർത്തനങ്ങൾക്കായി ഉമ്മൻ ചാണ്ടി ഇടക്കിടക്ക് തൃശൂരിൽ വരും. ഞങ്ങളൊരുമിച്ച് യാത്രചെയ്യും. ഭക്ഷണം കഴിക്കും. അങ്ങനെയങ്ങനെ ബന്ധം കൂടുതൽ ഊഷ്മളമായി. പലപ്പോഴും ഭക്ഷണം കഴിക്കാനൊന്നും പൈസ ​കൈയിൽ ഉണ്ടാവില്ല. തൃശൂർ ജില്ല കോൺഗ്രസ് കമ്മിറ്റി ഓഫിസിനടുത്ത് ക്രസന്‍റ് ഹോട്ടൽ, ലക്ഷ്മി ഹോട്ടൽ എന്നിങ്ങനെ ഒന്നു രണ്ട് ഹോട്ടലുകളുണ്ട്. പിന്നീട് പൈസ തരാമെന്ന വാക്കുറപ്പിലാണ് ഇവിടെനിന്ന് ഭക്ഷണം കഴിച്ചിരുന്നത്. ബസിലാകും ഞങ്ങളൊന്നിച്ചുള്ള തൃശൂരിലെ അധികയാത്രകളും. പിന്നീട് ഞാൻ കെ.എസ്.യു തൃശൂർ ജില്ല പ്രസിഡന്‍റായി.

ആന്‍റണി പ്രസിഡന്‍റായ കാലത്ത് ‘കലാശാല’ എന്ന പേരിൽ ഒരു ദ്വൈവാരിക കെ.എസ്.യു തുടങ്ങിയിരുന്നു. അതിന്റെ പരസ്യം പിടിക്കാനും സംഘടന ചെലവുകൾക്കുള്ള പിരിവിനുമൊക്കെയായി ഉമ്മൻ ചാണ്ടിയും ആന്‍റണിയുമെല്ലാം ജില്ലയിൽ വരും. ഞങ്ങളൊന്നിച്ചാണ് ജില്ലയിലെ പൊതുകാര്യപ്രസക്തരായ ആളുകളെ ധനസമാഹരണാർഥം കാണാൻ പോവുക. വിദ്യാലയവർഷം തുടങ്ങുന്ന സമയത്തും പിന്നീട് സംസ്ഥാന സമ്മേളന കാലത്തുമാണ് പ്രധാനമായും പിരിവുകളുണ്ടാവുക. കിട്ടുന്ന പണത്തിന്‍റെ പകുതി സ്റ്റേറ്റ് കമ്മിറ്റിക്കാണ്. ശേഷിക്കുന്ന പകുതി ജില്ല കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്കും. കെ. കരുണാകരൻ പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് ഞങ്ങൾക്കൊപ്പം കലക്ഷന് വന്നിട്ടുണ്ട്. പൈസക്ക് വലിയ പ്രശ്നമാണ്.

കെ.എസ്.യു പൂർണമായും ഒരു സ്വതന്ത്ര വിദ്യാർഥി സംഘടനയായിരുന്നു. കെ.എസ്.യു പ്രവർത്തനത്തിൽ അന്ന് അങ്ങനെ പുറമേനിന്നുള്ള ഇടപെടലൊന്നുമുണ്ടായിരുന്നില്ല. എല്ലാം കെ.എസ്.യു തീരുമാനിക്കും. ഡി.സി.സി ഓഫിസുമായൊക്കെ ബന്ധമുണ്ട്. ചില നേതാക്കൾ നമ്മളെ സഹായിക്കുമായിരുന്നു. അത്രയേയുള്ളൂ. സ്വാതന്ത്ര്യസമര സേനാനിയും ഡി.സി.സി പ്രസിഡന്‍റുമായിരുന്ന കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്, വി.കെ. കുമാരൻ മാഷ്, കെ.ടി. അച്യുതൻ വക്കീൽ ഇവരൊക്കെ അന്ന് ഞങ്ങളെ സഹായിച്ചിരുന്നു.

കുഞ്ഞു പോക്കറ്റ് ഡയറിയിലെ കുറിപ്പുകൾ

1966ലാണ്​ ഉമ്മൻ ചാണ്ടി കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റാകുന്നത്. അതായത് എറണാകുളത്ത് ചേർന്ന കെ.എസ്.യുവിന്‍റെ ഒമ്പതാം സമ്മേളനത്തിൽ. 1967ൽ സപ്ത മുന്നണി സർക്കാറാണ് അധികാരത്തിൽ വന്നത്. വിദ്യാർഥികൾക്കെതിരെ കടുത്ത നടപടികളാണ് ഈ സർക്കാറിന്‍റെ ഭാഗത്തുനിന്നുണ്ടായത്. കാസർകോടുണ്ടായ പൊലീസ് വെടിവെപ്പിൽ സുധാകർ അഗ്ഗിത്തായ, ശാന്താറാം ഷേണായി എന്നീ വിദ്യാർഥികൾ കൊല്ലപ്പെട്ടു. സംസ്ഥാന വ്യാപകമായി ഇതിനെതിരെ കെ.എസ്.യു കനത്ത പ്രതിഷേധമുയർത്തി. പിന്നീടാണ് എറണാകുളം തേവര കോളജിലെ വിദ്യാർഥി മുരളി കൊല്ലപ്പെടുന്നത്. വളരെ വ്യാപകവും ശക്തവുമായ സമരം ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ സംസ്ഥാനമാകെ ആർത്തിരമ്പി. ഈ കാലയളവിലാണ് സ്കൂളുകളിലും കോളജുകളിലും കെ.എസ്.യു വ്യാപകമായി ഇരച്ചുകയറുന്നത്.

ഒരു കാര്യം ഏറ്റെടുത്താൽ വളരെ ഭംഗിയായി മുന്നോട്ടു കൊണ്ടുപോകുമെന്നതാണ് ഉമ്മൻ ചാണ്ടിയുടെ പ്രത്യേകത. സമയം നിശ്ചയിച്ച് യോഗം തീരുമാനിച്ചാൽ എത്ര പ്രശ്നങ്ങളും പ്രതിബന്ധങ്ങളുമുണ്ടെങ്കിലും അതിനെയെല്ലാം തരണംചെയ്ത് ഉമ്മൻ ചാണ്ടി കൃത്യസമയത്തെത്തും. ഭക്ഷണവും ഉറക്കവും അന്നും പ്രശ്നമല്ല. അതോടൊപ്പം ആളുകളുമായി ഇടപഴകുന്നതും. അന്ന് അദ്ദേഹത്തിനൊരു കുഞ്ഞു പോക്കറ്റ് ഡയറിയുണ്ടായിരുന്നു. ആ ഡയറി ശീലം ജീവിതത്തിൽ അവസാനംവരെയും മറന്നില്ല. ഏൽക്കുന്ന പരിപാടികളും പങ്കെടുക്കേണ്ട യോഗങ്ങളുമെല്ലാം അദ്ദേഹം കൃത്യമായി ഡയറിയിലിങ്ങനെ കുനുകുനാ എഴുതിവെക്കും. പ്രോഗ്രാമുകൾ കൃത്യമായി നോട്ട് ചെയ്യും. അതായിരുന്നു ഗൈഡ് ലൈൻ. ഒപ്പം, പ്രധാനപ്പെട്ട ഫോൺനമ്പറുകളും ആളുകളുടെ അഡ്രസുകളുമെല്ലാമുണ്ടാകും. മൊബൈൽ ഫോണൊന്നും ഇല്ലാത്ത കാലമാണല്ലോ. ഇത്രത്തോളം കേരളത്തിൽ അങ്ങോളമിങ്ങോളം സഞ്ചരിച്ച മറ്റൊരാളുണ്ടാവില്ല. അത്രത്തോളമുണ്ട് അദ്ദേഹത്തിന്‍റെ യാത്രകൾ. ബസായാലും ​െട്രയിനായാലും. ജനറൽ കമ്പാർട്മെന്‍റ് കടലാസ് തറയിൽ വിരിച്ച് ഇരുന്നും നിന്നുതിരിയാൻ ഇടമില്ലാത്ത കോച്ചിൽ കമ്പിയിൽ തൂങ്ങിനിന്നുമെല്ലാം അദ്ദേഹം നിരന്തരം ഓടിക്കൊണ്ടേയിരുന്നു.

240 രൂപക്ക് കെ.എസ്.ആർ.ടി.സി ബസ്

കെ.എസ്.യു പത്താം സമ്മേളനത്തിൽ ഉമ്മൻ ചാണ്ടി പ്രസിഡന്‍റും ഞാൻ ജനറൽ സെക്രട്ടറിയുമായി. കോഴിക്കോടായിരുന്നു പത്താം സമ്മേളനം. മുരളി കൊല്ലപ്പെട്ടതിനെ തുടർന്ന് വൻപ്രതിഷേധങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും നേതൃത്വം കൊടുത്തതു വഴി കെ.എസ്.യുവിന്‍റെ അടിത്തറ ശക്തിപ്പെട്ടു വരുന്ന സമയമാണന്ന്. ഇതിനിടെയാണ് വിദ്യാർഥി ജീവിതകാലത്തെ മറക്കാനാകാത്ത ഒരു സംഭവമുണ്ടാകുന്നത്. അന്ന് സി.പി.എമ്മിന്‍റെ ഒരു സമ്മേളനം നടന്നിരുന്നു. ഇമ്പിച്ചിബാവയാണ് ഗതാഗത മന്ത്രി. കെ.എസ്.ആർ.ടി.സി ബസിലാണ് സി.പി.എമ്മുകാർ സമ്മേളനത്തിന് ആളെ കൊണ്ടുപോയത്. 240 രൂപക്കാണ് ഒരു ബസ് വിട്ടുനൽകിയത്. സി.പി.എം സമ്മേളനത്തിന് 240 രൂപക്ക് വിട്ടുനൽകിയെങ്കിൽ കെ.എസ്.യു സമ്മേളനത്തിന് എന്തുകൊണ്ട് 240 രൂപക്ക് ബസ് ആവശ്യപ്പെട്ടുകൂടാ എന്നതായിരുന്നു എന്‍റെ ചിന്ത. ഇതേ മാതൃകയിൽ തൃശൂരിൽനിന്ന് വിദ്യാർഥികളെ കോഴിക്കോട് നടക്കുന്ന കെ.എസ്.യു സമ്മേളനത്തിന് എത്തിക്കാൻ ഞങ്ങൾ ആലോചിച്ചു. വിഷയം ഉമ്മൻ ചാണ്ടിയോടു പറഞ്ഞപ്പോൾ ‘വെരി ഗുഡ് ’ എന്ന പ്രതികരണത്തോടെ മുന്നോട്ടു പോകാനായിരുന്നു നിർദേശം.

ഒരുദിവസം ഉച്ചകഴിഞ്ഞ് ഞാനും അഞ്ചെട്ടു പ്രവർത്തകരും തൃശൂർ ഡിപ്പോയിലെത്തി ഡി.ടി.ഒയെ കണ്ടു, കാര്യം അവതരിപ്പിച്ചു. ‘‘ഏയ് അതൊന്നും നടക്കില്ല’’ എന്നായി ഡി.ടി.ഒ. സി.പി.എം സമ്മേളനത്തിന് വണ്ടി വിട്ടുകൊടുത്ത കാര്യം പറഞ്ഞപ്പോൾ, ‘‘അതൊന്നും എനിക്കറിയില്ല, അങ്ങനൊയൊന്നും വണ്ടി വിട്ടു തരാനാവില്ലെ’’ന്നായി പ്രതികരണം. ഞങ്ങളും വിട്ടുകൊടുത്തില്ല. അവിടെ കുത്തിയിരുന്നു. സി.ഐ.ടി.യു തൊഴിലാളികൾ ധാരാളമുള്ള ഡിപ്പോയാണത്. അവരുടെ ഭാഗത്തുനിന്ന് അസ്വസ്ഥത ഉയരാൻ തുടങ്ങി. ചിലർ പ്രകോപനപരമായി സംസാരിക്കാനും ആരംഭിച്ചു. ഞങ്ങൾ കൂളായി അവിടെയിരുന്നു. വിവരം കാട്ടുതീപോലെ പരന്നു. തൃശൂർ നഗരത്തിലെ കോളജുകളിൽനിന്നും സ്കൂളുകളിൽനിന്നും വിദ്യാർഥികൾ ഒഴുകിയെത്തി. കുറച്ച് കഴിഞ്ഞപ്പോൾ ഡിപ്പോയിലേക്ക് അന്നത്തെ ഗതാഗതമന്ത്രി ഇമ്പിച്ചിബാവയുടെ ഫോണെത്തി. സമരക്കാരോട് സംസാരിക്കണമെന്നായി. ഫോണിലും ഞാൻ ആവശ്യം ആവർത്തിച്ചു. സി.പി.എം സമ്മേളനത്തിന് വിട്ടുകൊടുത്തതുപോലെ 240 രൂപ വാടകക്ക് ഞങ്ങൾക്കും ബസ് വേണം. ഉടൻ എത്ര ബസ് വേണമെന്നായി അദ്ദേഹം. രണ്ട് ബസെന്ന് മറുപടി. ശരി അനുവദിക്കാമെന്ന് മന്ത്രിയുടെ ഉറപ്പുമെത്തി. സംഭവം പിറ്റേന്ന് പത്രങ്ങളിലെല്ലാം വലിയ വാർത്തയായി. ഇങ്ങനെ സമരംചെയ്ത് കിട്ടിയ ബസുകളുമായാണ് തൃശൂർ സെന്‍റ് തോമസ് കോളജിലെയും കേരളവർമ കോളജിലെയും വിദ്യാർഥികളുമായി കോഴിക്കോടെത്തുന്നത്. ഉമ്മൻ ചാണ്ടി നൽകിയ പിന്തുണയാണ് ഇതിനെല്ലാം എനിക്ക് വലിയ ആത്മവിശ്വാസമേകിയത്.

എ.കെ. ആന്റണിക്കൊപ്പം ഉമ്മൻ ചാണ്ടി

എ.കെ. ആന്റണിക്കൊപ്പം ഉമ്മൻ ചാണ്ടി

ഞാനവിടെ ചെല്ലുമ്പോഴാണ് ജനറൽ സെക്രട്ടറിയായി എന്നെ നിയോഗിച്ചുവെന്ന വിവരം അറിയുന്നത്. ഭരണഘടന പ്രകാരം സംസ്ഥാന പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, ട്രഷറർ, സംസ്ഥാന കമ്മിറ്റി എന്നിവരെയാണ് തെരഞ്ഞെടുക്കുന്നത്. ജനറൽ സെക്രട്ടറിമാരെ പ്രസിഡന്‍റ് നോമിനേറ്റ് ചെയ്യും. ഇത്തരത്തിൽ പ്രസിഡന്‍റായ ഉമ്മൻ ചാണ്ടിയാണ് ജനറൽ സെക്രട്ടറിയായി എന്നെ നോമിനേറ്റ് ചെയ്തത്. പി.സി. ചാക്കോ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരാണ്​ എനിക്കൊപ്പം മറ്റ് ജനറൽ സെക്രട്ടറിമാർ. സംഘടനയുടെ സംസ്ഥാനതല പ്രവർത്തനങ്ങളിലേക്ക് കടക്കുമ്പോഴാണ് ഉമ്മൻ ചാണ്ടിയുമായി കൂടുതൽ അടുത്തിടപെടാൻ അവസരം കിട്ടുന്നത്. അദ്ദേഹവുമൊരുമിച്ച് കൂടുതൽ യാത്രചെയ്യാൻ അവസരം കിട്ടിയതും ഈ സമയത്താണ്. തമാശയും സൊറപറഞ്ഞും പരസ്പരം കളിയാക്കിയുമെല്ലാം സൗഹൃദം കൂടുതൽ ദൃഢമായി. ഔപചാരികമായിരുന്നില്ല ഇടപെടലുകളൊന്നും.

എം.എന്നിന്‍റെ വെല്ലുവിളിയും ഉമ്മൻ ചാണ്ടിയുടെ വിത്തിറക്കലും

വെല്ലുവിളികൾ ഏറ്റെടുക്കുന്നതിൽ ഉമ്മൻ ചാണ്ടി മടികാണിച്ചിരുന്നില്ല. അത്തരമൊരു വെല്ലുവിളിയേൽക്കലാണ് കേരളം കണ്ട വിപ്ലവകരമായ സംഭവത്തിലേക്ക് വഴിതുറന്നതും. ഇ.എം.എസാണ് മുഖ്യമന്ത്രി. എം.എൻ. ഗോവിന്ദൻ നായരാണ് കൃഷി മന്ത്രി. എം.എൻ ഒരിക്കൽ പരസ്യമായി പറഞ്ഞു. ‘‘വിദ്യാർഥികൾ സമരം മാത്രം ചെയ്യുന്നതല്ലാതെ എന്തുകൊണ്ട് ക്രിയാത്മകമായ പ്രവർത്തനങ്ങളിലേക്ക് ഇറങ്ങുന്നില്ല...’’ ഉമ്മൻ ചാണ്ടി ഈ വെല്ലുവിളി ഏറ്റെടുത്തു.

അങ്ങനെയാണ് വിദ്യാർഥികളെ അണിനിരത്തി ‘ഓണത്തിന് ഒരു പറ നെല്ല്’ പദ്ധതി കെ.എസ്.യു പ്രഖ്യാപിക്കുന്നത്. ആവശ്യമായ വിത്ത് കൃഷിവകുപ്പ് നൽകാമെന്ന് എം.എൻ ഏറ്റു. വളം എഫ്.എ.സി.ടിയും. എം.കെ.കെ. നായരാണ് എഫ്.എ.സി.ടി മാനേജിങ് ഡയറക്ടർ. ആലുവ എഫ്.എ.സി.ടിയിൽനിന്ന് വളം ലോറിയിൽ ശേഖരിച്ച് എല്ലാ ജില്ലകളിലും എത്തിക്കാനുള്ള ചുമതല ഉമ്മൻ ചാണ്ടി എന്നെയാണ് ഏൽപിച്ചത്. ഞാൻ നേരത്തേ എഫ്.എ.സി.ടിയിൽ ചെല്ലും. ലോറിയിൽ അപ്പോഴേക്കും വളം നിറച്ചിട്ടുണ്ടാകും. ഡ്രൈവർ മാത്രമേ ഉണ്ടാകൂ. അങ്ങനെ ലോറിയിൽ ജില്ലകളിൽനിന്ന് ജില്ലകളിലേക്ക് വളവുമായി യാത്ര. വിത്ത് അതത് ജില്ലകളിലെ കൃഷിവകുപ്പ് ഓഫിസുകളിൽനിന്ന് നൽകിയിരുന്നതിനാൽ വിത്തുവിതരണം വികേന്ദ്രീകൃതമായിരുന്നു.

1967ൽ കുന്ദംകുളത്ത് കെ.എസ്.യുവിന്‍റെ സംസ്ഥാന ക്യാമ്പ് നടക്കുന്നു. ഈ ക്യാമ്പിലായിരുന്നു ‘ഓണത്തിന് ഒരു പറനെല്ല്’ പദ്ധതിയുടെ വിത്തിറക്കൽ ഉദ്ഘാടനം നടന്നത്. കുന്ദംകുളത്തെ പാറേമ്പാടത്ത് അന്നത്തെ കൃഷി മന്ത്രി എം.എൻ തന്നെയായിരുന്നു പദ്ധതി ഉദ്ഘാടനം ചെയ്തതും. കേന്ദ്രസർക്കാറിന്‍റെ ഫിലിംസ് ഡിവിഷൻ ദേശീയതലത്തിൽ ഉദ്ഘാടന വാർത്ത പ്രചരിപ്പിച്ചു. പദ്ധതി സ്കൂളുകളും കോളജുകളുമെല്ലാം ഇരു ​ൈകയും നീട്ടി സ്വീകരിച്ചു. കൊയ്ത്തുത്സവവും ഉത്സവാന്തരീക്ഷത്തിലായിരുന്നു. ഇത്തരത്തിൽ മുരളി സമരം, ക്രിയാത്മകമായ ‘ഓണത്തിന് ഒരു പറനെല്ല് പദ്ധതി’ എന്നിവയിലൂടെ സമരവും സേവനവും ക്രിയാത്മക ഇടപെടലുമെല്ലാം ഉൾക്കൊള്ളിച്ച് വിദ്യാർഥി രാഷ്ട്രീയത്തിന് ഒരു പുതിയ ഭാവം നൽകുകയായിരുന്നു ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ കെ.എസ്.യു. വിദ്യാർഥി രാഷ്ട്രീയമെന്നാൽ സമരം മാത്രമല്ലെന്ന് ഉമ്മൻ ചാണ്ടി തെളിയിച്ചു. രണ്ടാം വർഷത്തെ വിത്തിറക്കൽ ഒറ്റപ്പാലം ക്യാമ്പിൽ സാക്ഷാൽ കാമരാജാണ് ഉദ്ഘാടനം ചെയ്തത്.

ഓണത്തിന് ഒരു പറനെല്ല് പദ്ധതിയുടെ തൃശൂർ ജില്ലതല ഉദ്ഘാടനത്തിൽ പനമ്പിള്ളി ഗോവിന്ദമേനോൻ നടത്തിയ പരാമർശം വലിയ വിവാദമായതും ഓർമയിലെത്തുന്നു. പ്രതിപക്ഷത്തിന്‍റെ പ്രവർത്തനം ദുർബലമാണെന്നായിരുന്നു പനമ്പിള്ളി തുറന്നടിച്ചത്. കോൺഗ്രസിന്‍റെ അവസ്ഥയെ കുറിച്ച് ‘മല്ലീശ്വരന്‍റെ ഒടിഞ്ഞ വില്ലുപോലവേ’ എന്നായിരുന്നു പനമ്പിള്ളിയുടെ വിശേഷണം. മാത്രമല്ല, കെ.എസ്.യുവിനെയും യൂത്ത്കോൺഗ്രസിനെയും മാതൃകയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ സ്വയംവിമർശനം കോൺഗ്രസ് രാഷ്ട്രീയത്തിൽ വലിയ വിവാദക്കൊടുങ്കാറ്റിനായിരുന്നു തിരികൊളുത്തിയത്.

സ്വകാര്യ കോളജിലെയും സർക്കാർ കോളജിലെയും ഫീസുകൾ ഏകീകരിക്കുക, സെക്കൻഡറി വിദ്യാഭ്യാസം സൗജന്യമാക്കുക, പ്രീഡിഗ്രി വിദ്യാഭ്യാസം സൗജന്യമാക്കുക, യൂനിവേഴ്സിറ്റി യൂനിയൻ പുനഃസംഘടിപ്പിക്കുക, വിദ്യാർഥികളിൽ ജനാധിപത്യബോധം വളർത്തുന്നതിന് കോളജ് യൂനിയൻ തെരഞ്ഞെടുപ്പുകളും സ്കൂൾ പാർലമെന്‍റുകളും ആരംഭിക്കുക എന്നിവ ഇക്കാലത്ത് കെ.എസ്.യു ഉന്നയിച്ചിരുന്ന ആവശ്യങ്ങളാണ്. ഇതെല്ലാം പിന്നീട് അംഗീകരിക്കപ്പെട്ടുവെന്നതും ചരിത്രം. സർവകലാശാല ബോഡികളിൽ വിദ്യാർഥി പങ്കാളിത്തം ഉറപ്പുവരുത്തണമെന്നത് കെ.എസ്.യുവിന്‍റെ വളരെ ശക്തമായ ആവശ്യമായിരുന്നു. ഇക്കാര്യം സർക്കാർ അംഗീകരിച്ച് നിയമം പാസാക്കി. ചരിത്രത്തിൽ ആദ്യമായി കേരള സർവകലാശാല സെനറ്റിൽ മൂന്ന് വിദ്യാർഥി പ്രതിനിധികളെ ഉൾപ്പെടുത്തി. കെ.എസ്.യുവിൽനിന്ന് എം.എം. ഹസൻ, എസ്.എഫിൽനിന്ന് എം.എ. സലാം, എ.ഐ.എസ്.എഫിൽനിന്ന് ജെ. ഉദയഭാനു എന്നിവരായിരുന്നു ഈ മൂന്നുപേർ.

ഉമ്മൻ ചാണ്ടിയുടെ വിവാഹചിത്രം

ഉമ്മൻ ചാണ്ടിയുടെ വിവാഹചിത്രം

ഉമ്മൻ ചാണ്ടിക്കുശേഷം ഒറ്റപ്പാലം ക്യാമ്പിൽ കടന്നപ്പള്ളി രാമചന്ദ്രൻ കെ.എസ്.യു പ്രസിഡന്‍റായി. ഞാൻ വൈസ് പ്രസിഡന്‍റും. ദേശീയ വിദ്യാർഥി പ്രസ്ഥാനമായ എൻ.എസ്.യു.ഐ രൂപവത്കരിക്കാനുള്ള തീരുമാനവും മുന്നൊരുക്കവും ചർച്ചയും നടന്നത് കെ.എസ്.യുവിന്‍റെ ഒറ്റപ്പാലം ക്യാമ്പിലാണ്. ഏതാനും സംസ്ഥാനങ്ങളിൽ പല പേരുകളിലാണ് വിദ്യാർഥി സംഘടന പ്രവർത്തിച്ചിരുന്നത്. അന്ന് ബംഗാളിലെ ഛത്രപരിഷത്ത് പ്രസിഡന്‍റായിരുന്ന പ്രിയരഞ്ജൻ ദാസ് മുൻഷി, സൗഗത് റോയി, പങ്കജ് ബാനർജി എന്നിവരെല്ലാം ഒറ്റപ്പാലം ക്യാമ്പിൽ എത്തിയിരുന്നു. കെ.എസ്.യുവിന്‍റെ പ്രവർത്തനം പഠിക്കാൻ പല സംസ്ഥാനങ്ങളിൽനിന്നും സൗഹാർദ പ്രതിനിധികളെ അയച്ചിരുന്നു. അങ്ങനെയാണ് ഇവരെല്ലാം എത്തുന്നത്. ഈ ചർച്ചയിലാണ് ദേശീയതലത്തിൽ വിദ്യാർഥി സംഘടന വേണമെന്ന ആവശ്യമുയരുന്നതും അങ്ങനെ എൻ.എസ്.യു.ഐയിലേക്ക് വഴിതുറക്കുന്നതും.

ഉമ്മൻ ചാണ്ടിക്ക് ഡ്രൈവിങ് ഇഷ്ടമായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിക്ക് അന്ന് ഒരു കറുത്ത അംബാസഡർ കാറുണ്ട്. പ്രസിഡന്‍റ് എന്ന നിലയിൽ പാർട്ടി പരിപാടികൾക്ക് ഇതും ഡ്രൈവ് ചെയ്ത് അദ്ദേഹം പോകും. കെ.എസ്.യുവിന്‍റെ 12ാം സംസ്ഥാന സമ്മേളനം കോട്ടയത്ത് നടക്കുന്ന സമയം. അതിന്‍റെ എല്ലാ മുന്നൊരുക്കങ്ങളും ഉമ്മൻ ചാണ്ടിയായിരു ന്നു. ഇതുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി പുതുപ്പള്ളിയിലേക്ക് കാർ ഡ്രൈവ് ചെയ്ത് പോയി വരുമ്പോഴാണ് ലോറിയുമായി കൂട്ടിയിടിച്ച് അപകടമുണ്ടാകുന്നത്. മുമ്പിൽ പോയ ലോറി പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് അപകടമുണ്ടാക്കിയത്. ഉമ്മൻ ചാണ്ടിക്ക് പരിക്കേറ്റു. എന്‍റെ ഓർമ ശരിയാണെങ്കിൽ അതിനുശേഷമാണ് അദ്ദേഹം ഡ്രൈവിങ് നിർത്തിയത്.

എം.എൽ.എ സങ്കൽപം അട്ടിമറിക്കുന്നു

ഇതിനിടെ ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽനിന്ന് നിയമസഭയിലേക്കെത്തി. എം.എൽ.എമാരെക്കുറിച്ചുള്ള സങ്കൽപംതന്നെ ഉമ്മൻ ചാണ്ടി അട്ടിമറിച്ചു. മുമ്പ് എം.എൽ.എ എന്നാൽ, നിയമസഭയിൽ പ്രവർത്തിക്കുക, അത്യാവശ്യം പരിപാടികളിൽ പങ്കെടുക്കുക എന്നതിലെല്ലാം പരിമിതമായിരുന്നു. എന്നാൽ, എല്ലാ കല്യാണവീടുകളിലും മരണവീടുകളിലും ഓടിയെത്തി ജനങ്ങളുമായി അടുത്ത് ഇടപഴകാനും എം.എൽ.എക്ക് കഴിയുമെന്ന് തെളിയിച്ചത്​ ഉമ്മൻ ചാണ്ടിയാണ്. തൃശൂരിൽ 13ാം സമ്മേളനം നടന്ന 1971ലാണ് ഞാൻ കെ.എസ്.യു പ്രസിഡന്‍റാകുന്നത്. ഉമ്മൻ ചാണ്ടി എം.എൽ.എക്കൊപ്പം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് സ്ഥാനവും ഏറ്റെടുത്തു. ആന്‍റണി ഒഴിഞ്ഞതിനെ തുടർന്നായിരുന്നു ഇത്.

കെ. കരുണാകരൻ, ഉമ്മൻ ചാണ്ടി, ഇന്ദിര ഗാന്ധി, ജ്യോതി വെങ്കടാചലം, കെ.എം. മാണി തുടങ്ങിയവർ

കെ. കരുണാകരൻ, ഉമ്മൻ ചാണ്ടി, ഇന്ദിര ഗാന്ധി, ജ്യോതി വെങ്കടാചലം, കെ.എം. മാണി തുടങ്ങിയവർ

ആന്‍റണി കെ.പി.സി.സി ജനറൽ സെക്രട്ടറിയായി. ഒപ്പം സി.പി.ഐയും കോൺഗ്രസും ചേർന്നുള്ള അന്നത്തെ മുന്നണിയുടെ ലെയ്സൺ കമ്മിറ്റി കൺവീനറുമായി. വിദ്യാർഥികളുടെ ആവശ്യങ്ങളെല്ലാം അംഗീകരിക്കപ്പെട്ടത് ഇക്കാലത്താണ്. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിലെ ചുമതലകൾക്ക് പുറമെയായിരുന്നു എം.എൽ.എ എന്ന നിലയിലെ പ്രവർത്തനങ്ങൾ. രണ്ട് ചുമതലകളും കൂടിയായതോടെ അധ്വാനഭാരം പതിന്മടങ്ങായി. നിയോജക മണ്ഡലം നോക്കണം. യൂത്ത്കോൺഗ്രസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കണം. കേരളത്തിലങ്ങോളമിങ്ങോളം പ്രശ്നപരിഹാരത്തിനായി ഉമ്മൻ ചാണ്ടിയെയാണ് സമീപിച്ചിരുന്നത്.

പാതിരാവിലെ ലോറിയാത്ര

ഉമ്മൻ ചാണ്ടിക്കൊപ്പം യാത്രചെയ്യാനുള്ള അവസരങ്ങളും മനസ്സിൽ മായാത്ത അനുഭവങ്ങളാണ്. ഒറ്റപ്പാലത്ത് യൂത്ത് കോൺഗ്രസ് സമ്മേളനം കഴിഞ്ഞുവരുന്ന സമയം. ആന്‍റണിയും ഉമ്മൻ ചാണ്ടിയും ഷൺമുഖദാസും ഞാനുമുണ്ട്. രാത്രി ഒരുപാട് വൈകി. പിറ്റേദിവസം എറണാകുളത്തെത്തണം. ആന്‍റണിയാണ് പ്രസിഡന്‍റ്. യൂത്ത് കോൺഗ്രസിന്‍റെ സ്റ്റേറ്റ് കമ്മിറ്റിവെച്ചിരിക്കുകയാണ്. എങ്ങനെയൊക്കെയോ ഷൊർണൂർ എത്തി. പക്ഷേ, പിന്നീട് തുടർയാത്രക്ക് ബസില്ല. മറ്റ് മാർഗങ്ങളുമില്ല. അങ്ങനെ എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുമ്പോഴുണ്ട് ഒരു ലോറി വരുന്നു. ‘‘ഞാൻ ഒരു പണി കാണിക്കാമെന്ന്’’ എന്നോട് പറഞ്ഞ് ഉമ്മൻ ചാണ്ടി ലോറിക്ക് കൈ കാട്ടി. വണ്ടി നിർത്തി. ഡ്രൈവർ മാത്രമേയുള്ളൂ. ‘‘തൃശൂർ ഇറക്കിയാൽ മതി.’’ അദ്ദേഹത്തോട് കാര്യങ്ങൾ പറഞ്ഞു.

ഡ്രൈവർ ഞങ്ങളെ കയറ്റി. വടക്കാഞ്ചേരി എത്താറായപ്പോഴുണ്ട്, ഒരു ക്ഷേത്രത്തിൽ ഉത്സവമാണ്. റോഡിൽ നിറയെ ആളുകൾ. വണ്ടി നീങ്ങുന്നില്ല. ആന്‍റണി ചെറിയ മയക്കത്തിലാണ്. ഒരു പ്രവർത്തകൻ ഉമ്മൻ ചാണ്ടിയെ തിരിച്ചറിഞ്ഞു. ഇതോടെ ആൾക്കൂട്ടമായി. നേതാക്കളെയെല്ലാം ഒന്നിച്ച് കണ്ടപ്പോൾ ആളുകൾക്കെല്ലാം ആഘോഷവും. അൽപനേരം ചെലവഴിച്ച ശേഷമാണ് വണ്ടി വിട്ടത്. തൃശൂരിൽ ലോറി ഇറങ്ങിയ ശേഷം ഞങ്ങൾക്ക് ബസ് കിട്ടി. അപ്പോഴേക്കും പാതിരാവ് പിന്നിട്ടിരുന്നു. അസൗകര്യങ്ങളെ ആസ്വദിച്ചും ഇത്തരത്തിൽ ഒന്നിച്ചുള്ള യാത്രകളൊക്കെ ഇങ്ങനെ ആവേശകരമായിരുന്നു. ബസിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. വടക്കുനിന്ന് വരുന്ന വണ്ടികളൊക്കെ പെരിന്തൽമണ്ണയിൽ നിർത്തും. പെരിന്തൽമണ്ണയിൽ ഒരു കൃഷ്ണൻ നായരുടെ ഹോട്ടലുണ്ട്. സ്റ്റാൻഡിന് സമീപത്തായാണ് ഹോട്ടൽ. ഇവിടെനിന്നാണ് മിക്കവാറും ഞങ്ങളുടെ ഭക്ഷണം. അല്ലെങ്കിൽ ഷൊർണൂർ.

(തുടരും)

News Summary - vm sudheeran remembering oommen chandy