Begin typing your search above and press return to search.
proflie-avatar
Login

മുഖ്യവൈരുധ്യം

മുഖ്യവൈരുധ്യം
cancel

മയക്കംവെടിഞ്ഞ് കണ്ടക്ടർ പുറത്തേക്കു നോക്കി. പിന്നെ തലതിരിച്ച് തനിക്കു മുന്നിൽ ഞാന്നുകിടന്ന കയറിൽ പിടിച്ചുതൂങ്ങി. പൊറ്റമ്മൽ ഇറങ്ങണമെന്ന ഞങ്ങളുടെ ആവശ്യം കയറുകയറുകയായിരുന്നു. കയറിൽ തൊടുത്ത ബെല്ലി​​ന്റെ ശബ്ദം കേട്ട് ൈഡ്രവർ േബ്രക്കിൽ ചവിട്ടിനിർത്തി. റോഡിൽ ഉരഞ്ഞുനിന്ന ടയർ ഞങ്ങളെ ഇറങ്ങാൻ അനുവദിച്ചു. ബത്തേരിയിൽനിന്ന് കെ.എസ്​.ആർ.ടി.സി ബസിലാണ് ഞങ്ങൾ വന്നത്. കവിയും കുതുകിയുമായ അലോഷിയുമുണ്ട് കൂടെ. സഹപാഠിയാണ്. ബത്തേരിയിൽ ഒരുമിച്ച് പി.ജിക്ക് പഠിക്കുന്നു. ഗീതാനന്ദനെ കാണണം. േഗ്രാ വാസുവേട്ടൻ താമസിക്കുന്ന സ്​ഥലത്ത് കണ്ടുമുട്ടാം എന്നാണ് പറഞ്ഞിട്ടുള്ളത്. ഞാൻ എഡിറ്ററായ കോളജ് മാഗസിനിലേക്ക്...

Your Subscription Supports Independent Journalism

View Plans

മയക്കംവെടിഞ്ഞ് കണ്ടക്ടർ പുറത്തേക്കു നോക്കി. പിന്നെ തലതിരിച്ച് തനിക്കു മുന്നിൽ ഞാന്നുകിടന്ന കയറിൽ പിടിച്ചുതൂങ്ങി. പൊറ്റമ്മൽ ഇറങ്ങണമെന്ന ഞങ്ങളുടെ ആവശ്യം കയറുകയറുകയായിരുന്നു. കയറിൽ തൊടുത്ത ബെല്ലി​​ന്റെ ശബ്ദം കേട്ട് ൈഡ്രവർ േബ്രക്കിൽ ചവിട്ടിനിർത്തി. റോഡിൽ ഉരഞ്ഞുനിന്ന ടയർ ഞങ്ങളെ ഇറങ്ങാൻ അനുവദിച്ചു.

ബത്തേരിയിൽനിന്ന് കെ.എസ്​.ആർ.ടി.സി ബസിലാണ് ഞങ്ങൾ വന്നത്. കവിയും കുതുകിയുമായ അലോഷിയുമുണ്ട് കൂടെ. സഹപാഠിയാണ്. ബത്തേരിയിൽ ഒരുമിച്ച് പി.ജിക്ക് പഠിക്കുന്നു. ഗീതാനന്ദനെ കാണണം. േഗ്രാ വാസുവേട്ടൻ താമസിക്കുന്ന സ്​ഥലത്ത് കണ്ടുമുട്ടാം എന്നാണ് പറഞ്ഞിട്ടുള്ളത്. ഞാൻ എഡിറ്ററായ കോളജ് മാഗസിനിലേക്ക് ഭൂമിയുടെ രാഷ്ട്രീയത്തെക്കുറിച്ച് ഒരു അഭിമുഖം തയാറാക്കണം. മാഗസിനിലേക്കായി സി.കെ. ജാനുവി​​ന്റെയും കെ.കെ. കൊച്ചി​​ന്റെയും കെ.കെ. ബാബുരാജി​​ന്റെയും സണ്ണി എം. കപിക്കാടി​​ന്റെയും മറ്റും എഴുത്തും സംസാരവും തയാറായിക്കഴിഞ്ഞിരുന്നു. മുത്തങ്ങ വെടിവെപ്പിനെ തുടർന്നുള്ള നിയമവ്യവഹാരങ്ങളിൽ കുരുങ്ങി നട്ടംതിരിയുകയാണ് ഗീതൻ. ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല.

വാസുവേട്ട​​ന്റെ താമസസ്​ഥലം കണ്ടുപിടിക്കണം. രാത്രി സമയം ഒമ്പതുമണിയോടടുത്തിട്ടുണ്ടാവണം. ഇരുട്ടിൽ നേരിയ വെളിച്ചം നിഴലടിക്കുന്നുണ്ട്. വെളിച്ചത്തി​​ന്റെ നിഴൽ. ഇരുട്ടി​​ന്റെ വെളിച്ചം. നിരത്തിൽ ആളുകൾ അധികമില്ല. കണ്ടുമുട്ടിയ ആ

രോടോ ചോദിച്ചു. മെയിൻ റോഡിൽനിന്ന് തെന്നിമാറി ഇടത്തോട്ടുപോവുന്ന റോഡിലേക്ക് അയാൾ കൈചൂണ്ടി. അപരിചിത​​ന്റെ ചൂണ്ടുവിരൽ പിന്തുടർന്ന് ഞങ്ങൾ സ്​ഥലം കണ്ടുപിടിച്ചു. കെട്ടിടത്തിൽനിന്ന് റോഡിൽ പതിഞ്ഞ ജനൽവെളിച്ചത്തിൽനിന്ന് ഒരു പൂച്ച ഞങ്ങളെ തിരിഞ്ഞുനോക്കി.

മുകളിലേക്ക് കോണികയറണം. വാസുവേട്ടൻ ഈ പീടികമുകളിലാണ് താമസം. കുട ഉണ്ടാക്കി വിൽക്കുന്ന അദ്ദേഹത്തി​​ന്റെ പീടിക താഴെ എവിടെയോ ആണ്. കോണിപ്പടികൾ ഞങ്ങളുടെ ചെങ്കുത്തായ ചവിട്ടിനെ താങ്ങി മുകളിലേക്ക് കയറ്റിവിട്ടു. കതകിൽ മുട്ടിയപ്പോൾ വാതിൽ തുറന്ന് ഒരാൾ പ്രത്യക്ഷപ്പെട്ടു. മീശ പിരിച്ചിട്ടുണ്ട്. അയാളുടെ ചിരിയിൽ മീശയുടെ കൊമ്പൊടിഞ്ഞു താണ് ചങ്ങാത്തം അലയടിച്ചു. പേര് ചോദിച്ചു, അകത്തേക്ക് വരാൻ പറഞ്ഞു. ഞങ്ങൾ കയറിയിരുന്നു.

വാസുവേട്ടൻ കാര്യങ്ങൾ തിരക്കിയപ്പോൾ ഞങ്ങൾ ലക്ഷ്യം വ്യക്തമാക്കി. ഗീതൻ പത്തുമണിക്ക് വരാമെന്നു പറഞ്ഞിട്ടുണ്ട്. വാസുവേട്ടൻ ഞങ്ങൾക്ക് വെള്ളമെടുക്കാൻ അകത്തേക്കു പോയി. അത്യാവശ്യം ഭക്ഷണം പാചകംചെയ്യാനുള്ള ചുറ്റുപാടുണ്ട് അകത്ത്.

ഇരുകാലികളായ ഞങ്ങൾ നാൽക്കാലിയിൽ ചാരിയിരുന്ന് മുകളിലോട്ട് കണ്ണുകൾ ഉയർത്തി. ചുമരിൽ തൂങ്ങിക്കിടന്ന് മാർക്സും മാവോയും ജ്യോതിബാഫൂലെയും ബാബാ സാഹിബ് അംബേദ്കറും ബുദ്ധനും മറ്റും ഞങ്ങളെ തിരിച്ചുനോക്കുന്നുണ്ടായിരുന്നു. ധാരാളം ഫോട്ടോകളുണ്ട് ചുമരിൽ. വാസുവേട്ട​​ന്റെ സംഘടനാപ്രവർത്തനത്തി​​ന്റെ ഓരോ ചരിത്രഘട്ടത്തെയും അടയാളപ്പെടുത്തുന്നവ. ഉറ്റ ചങ്ങാതി സഖാവ് വർഗീസി​​ന്റെ ഫോട്ടോയും ഉണ്ട്. അയ്യൻകാളിയും ഭഗത് സിങ്ങും ഫൂലൻദേവിയുമായിരുന്നു മറ്റു ചിലർ.

വാസുവേട്ടൻ കുടിക്കാനുള്ള വെള്ളവുമായി തിരിച്ചെത്തിയിരുന്നു. ഞങ്ങളോട് ഭക്ഷണം കഴിച്ചോ എന്ന് തിരക്കി. അതിനിടയിൽ ചുമരിലെ ചിത്രങ്ങളോരോന്നിനോടും വാസുവേട്ടനുള്ള ബന്ധം ഞങ്ങൾ ആരാഞ്ഞു.

വാസുവേട്ടൻ പറഞ്ഞുതുടങ്ങി. മാർക്സിസ്റ്റുകാരനായ അദ്ദേഹം മാവോയെ വായിക്കുന്നതിലൂടെയാണ് രാഷ്ട്രീയത്തി​​ന്റെ ഗതി മാറുന്നത്. ഓരോ രാജ്യത്തെയും മുഖ്യവൈരുധ്യത്തെ തിരിച്ചറിഞ്ഞുവേണം വിമോചനപദ്ധതി എന്നതായിരുന്നു മാവോയുടെ ലൈൻ. വാസുവേട്ടൻ അതിനായി വായനയും അന്വേഷണവും നടത്തി. ജാതിജന്മിത്തമാണ് ഇന്ത്യയിലെ മുഖ്യ വൈരുധ്യമെന്ന വീക്ഷണത്തിലെത്തിച്ചേർന്നു. സഖാവ് വർഗീസും ജന്മിത്തമാണ് മുഖ്യവൈരുധ്യമെന്ന പക്ഷക്കാരനായിരുന്നു. വർഗീസും മറ്റു സമാന ചിന്താഗതിക്കാരായ സഖാക്കളുമൊന്നിച്ച് പ്രവർത്തിക്കുന്നതിലേക്ക് നയിച്ചത് ഈ കാഴ്ചപ്പാടായിരുന്നു. ഇതി​​ന്റെ ഫലമാണ് വയനാട്ടിലെ ജന്മിത്ത-ഹുണ്ടിക മൂലധനചൂഷണത്തിനെതിരായ തിരുനെല്ലി-തൃശ്ശിലേരി ഉന്മൂലന പദ്ധതികൾ. അതി​​ന്റെ ശരിതെറ്റുകളെക്കുറിച്ചുള്ള ചില സന്ദിഗ്ധതകൾ അദ്ദേഹം പങ്കുവെച്ചു.

പിന്നീട് ഫൂലെയെയും അംബേദ്കറെയും ആഴത്തിൽ വായിക്കുന്നതോടെയാണ് ബ്രാഹ്മണികമായ മൂല്യമണ്ഡലത്തിലൂടെയാണ് ജാതി-ജന്മിത്തം പ്രവർത്തനക്ഷമമാവുന്നതെന്ന് വാസുവേട്ടൻ തിരിച്ചറിയുന്നത്. അതിനിടയിൽ ഒരു പൂച്ചയുടെ കരച്ചിൽകേട്ട് അദ്ദേഹം അകത്തേക്കു പോയി. ഞങ്ങൾ വീണ്ടും ചുമരുകളിലേക്ക് ദൃഷ്​ടിപതിപ്പിച്ചു. മാർക്സിനും മാവോക്കും ഫൂലെക്കും അംബേദ്കർക്കുമിടയിൽ വലകെട്ടി

ക്കൊണ്ടിരുന്ന ഒരു ചിലന്തി പൊടുന്നനെ വലപൊട്ടി താഴേക്ക് പതിച്ചു. പക്ഷേ, അത് അദൃശ്യമായൊരു നൂലിൽ തൂങ്ങി വീണ്ടും മുകളിലോട്ടു കയറാൻ പരിശ്രമിക്കുന്നുണ്ടായിരുന്നു. കാലുകൾ എട്ടുണ്ടായിട്ടും കാലുറപ്പിക്കാതെ ഈ ജീവി എന്താണ് ചെയ്യുന്നത്? വലകെട്ടലും വല തകർക്കലും ജീവിതത്തി​​ന്റെ സന്ദിഗ്ധപാഠങ്ങളാണെന്ന് കാണിച്ചുതരുകയാണോ?

പൂച്ചയുടെ കരച്ചിൽ നേർത്തുനേർത്ത് കേൾക്കാതായപ്പോൾ വാസുവേട്ട​​ന്റെ കാലൊച്ച ഞങ്ങളോടടുത്തു. താഴെ റോഡിൽ ഒരു ഓട്ടോറിക്ഷ ഹോൺ മുഴക്കി കടന്നുപോയി. പൂച്ചക്ക് ഭക്ഷണം കൊടുക്കാൻ പോയതായിരുന്നു വാസുവേട്ടൻ. പൂച്ചകൾ നായ്ക്കളെപ്പോലെയല്ല. അവക്കു യജമാനഭക്തിയും വിധേയത്വവും നന്നേ കുറവാണ്. സ്​നേഹമുണ്ടുതാനും. കസേരയിൽ കാലുകയറ്റിയിരിക്കും. ചിലപ്പോൾ മടിയിലും മുതുകിലും. ഒരുപക്ഷേ, അവ അവയുടെ പാട്ടിന് പോയെന്നുംവരും. പിന്നെ എപ്പോഴെങ്കിലുമായിരിക്കും തിരിച്ചുവരുക. വാസുവേട്ടന് മുമ്പുണ്ടായിരുന്ന ഒരു മലയണ്ണാനും ഇതേപോലെയായിരുന്നു. ഒരു സ്വതന്ത്രസഞ്ചാരി, സ്വതന്ത്രരായ അരുമകൾ. വാസുവേട്ടൻ കല്യാണം കഴിച്ചിരുന്നു. വളരെ കുറച്ച് ദിവസമേ ഒന്നിച്ച് താമസിച്ചിട്ടുള്ളൂ. ഇരുവരുടെയും ജീവിതവീക്ഷണത്തിലെ വൈരുധ്യം സ്വതന്ത്രമായ പിരിഞ്ഞുപോക്കിലാണ് കലാശിച്ചത്. ഇത്രയും കേട്ടപ്പോൾ വാതിൽ തുറന്നുകിടന്ന ഒരു തത്തക്കൂട് കാറ്റിൽ ഇളകിയാടുന്നതായി എനിക്കു തോന്നി.

മുകളിലേക്ക് കയറിപ്പോയ ചിലന്തി അതേ ഫോട്ടോകൾക്കിടയിൽതന്നെ വലകെട്ടാൻ ശ്രമിച്ച് വീണ്ടും താഴെ വീണു. അപ്പോഴാണ് ‘ബുദ്ധനോ കാൾ മാർക്സോ’ എന്ന അംബേദ്കറി​​ന്റെ പ്രഭാഷണം ഓർമയിലേക്കു വന്നത്. ബുദ്ധനും കാൾ മാർക്സും സമത്വം ലക്ഷ്യമാക്കിയവരാണ്. ലക്ഷ്യം മാർഗത്തെ സാധൂകരിക്കുമെന്ന മാർക്സി​​ന്റെ വാദത്തെ ലക്ഷ്യംപോലെ മാർഗവും ഹിംസാരഹിതമായിരിക്കണമെന്ന ബുദ്ധദർശനത്തിലൂടെ തിരുത്തുകയാണ് അംബേദ്കർ. വാസുവേട്ടന് മുന്നിൽ ഈ വൈരുധ്യം ചൂണ്ടിക്കാട്ടി. നീണ്ട മൗനമായിരുന്നു മറുപടി.

അതിനിടയിൽ ഗീതാനന്ദൻ മുറിയിലേക്കു കയറിവന്നു. സംഭാഷണം വഴിമുറിഞ്ഞ് ഗീതനിലേക്കു തിരിഞ്ഞു. കേരളത്തിലെ ഭൂമിയുടെ ജാതിരാഷ്ട്രീയത്തെക്കുറിച്ച് ഗീതൻ ആദിവാസി ഭൂസമരത്തി​​ന്റെ പശ്ചാത്തലത്തിൽ വിശദീകരിച്ചു. അദ്ദേഹത്തിന് രാവിലെ എറണാകുളം ഹൈകോർട്ടിൽ എത്തേണ്ടതാണ്. പുലർച്ചെ

കോഴിക്കോട്ടുനിന്നുള്ള എക്സിക്യൂട്ടിവിന് പോകണം. സംഭാഷണം അവസാനിച്ചപ്പോൾ അദ്ദേഹം പോയി കിടന്നു. വാസുവേട്ടൻ അപ്പോഴേക്കും ഉറങ്ങിയിരുന്നു. ഞങ്ങൾ നടന്ന് പുതിയ ബസ് സ്റ്റാൻഡിൽ ചെന്ന് ചായകുടിച്ച് സിഗരറ്റും വലിച്ച് തിരിച്ച് വാസുവേട്ട​​ന്റെ താമസസ്​ഥലത്തുവന്ന് പായവിരിച്ച് കിടന്നു.

നേരം പുലർന്നപ്പോഴേക്ക് ഗീതൻ പോയിരുന്നു. വയനാട്ടിലേക്ക് ​േപാകാനായി ഞങ്ങളും എഴുന്നേറ്റു. ചായ കുടിച്ചിട്ട് പോവാം എന്നായി വാസുവേട്ടൻ. താഴെ നന്മ ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോയി. പൊറാട്ടയും മുട്ടറോസ്റ്റും ചായയും വാങ്ങിത്തന്നു. ഞങ്ങൾ പൈസ കൊടുക്കാൻ ശ്രമിച്ചപ്പോൾ ഹോട്ടൽ ഉടമ വാങ്ങിയില്ല.

പിരിയുമ്പോൾ ഇനിയും കാണണമെന്ന് പറഞ്ഞു. വാസുവേട്ടനെ കണ്ട് സംസാരിക്കാൻ പിന്നീടൊരവസരം ഉണ്ടായില്ല. മടക്കയാത്രയിൽ അ

ലോഷി വാസുവേട്ട​​ന്റെ ജീവചരിത്രമെഴുതേണ്ടതി​​ന്റെ രാഷ്ട്രീയ അനിവാര്യതയെക്കുറിച്ച് പറഞ്ഞു.

വർഷങ്ങൾ കുറെ കഴിഞ്ഞിരിക്കുന്നു. ഈ കൂടിക്കാഴ്ച നടന്നത് രണ്ടായിരത്തി മൂന്നിലോ മറ്റോ ആണ്. പിന്നീട് ഞങ്ങൾ തുടർപഠനത്തിനും ഗവേഷണത്തിനുമായി കേരളം വിട്ട് മറ്റ് സംസ്​ഥാനങ്ങളിലേക്കും അവിടന്ന് തൊഴിലിനായി വിദേശത്തേക്കും പോയി. ഞാൻ ഇടക്ക് കോഴിക്കോട്ട് വീട്ടിൽ വരുമ്പോൾ വാസുവേട്ടനെക്കുറിച്ച് അന്വേഷിക്കാറുണ്ടായിരുന്നു. അതിരുകൾ മായ്ച്ച് അരികുകളിൽനിന്ന് അരികുകളിലേക്ക് അദ്ദേഹം രാഷ്ട്രീയഭൂപടം വിപുലീകരിച്ചുകൊണ്ടിരുന്നു.

ജാതിവിരുദ്ധ സമരത്തിലും പാരിസ്​ഥിതിക പ്രശ്നത്തിലും ലിംഗനീതിക്കായുള്ള നീക്കത്തിലും കൊലപാതകരാഷ്ട്രീയത്തിനെതിരെയും ഹിന്ദുത്വഭരണകൂടത്തി​​ന്റെ മുസ്​ലിം ഉന്മൂലനത്തിനെതിരെയും വ്യാജ ഏറ്റുമുട്ടൽ കൊലക്കെതിരെയും അദ്ദേഹം നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്നു. ഇന്ത്യയിലെ മുഖ്യവൈരുധ്യം ജാതിവ്യവസ്​ഥയും അതിന് അടിസ്​ഥാനമായ ബ്രാഹ്മണ അർഥ-പ്രത്യയശാസ്​ത്രവുമാണെന്ന് അറിഞ്ഞിരിക്കുന്നു. അതിനെതിരെ ദലിതരും ആദിവാസികളും മുസ്​ലിംകളുമടങ്ങുന്ന വിപുലമായൊരു ബഹുജനമുന്നണിയെ വിഭാവനം ചെയ്യുന്നു. ഒരുപക്ഷേ അദ്ദേഹം നിർമിക്കുന്ന കുടയുടെ പേര് മുമ്പേതന്നെ ‘മാരിവില്ല്’ എന്ന് മാറ്റിയത് നീലയും പച്ചയും ചുവപ്പും അടങ്ങുന്ന വർണാഭമായ ഒരു പുതിയ രാഷ്ട്രീയത്തെ മുൻകൂട്ടി കാണാൻ കഴിഞ്ഞതിനാലായിരിക്കും.

94കാരനായ വാസുവേട്ടൻ ജയിലിൽനിന്ന്​ പുറത്തുവന്നിട്ടുണ്ട്​. 2016 നവംബർ 24ന് നിലമ്പൂരിൽ നടന്ന വ്യാജ ഏറ്റുമുട്ടൽ കൊലപാതകത്തോട് ജനാധിപത്യപരമായ രീതിയിൽ പ്രതികരിച്ചതിനാണ് അദ്ദേഹത്തിനും സുഹൃത്തുക്കൾക്കുമെതിരെ പൊലീസ്​ കുറ്റം ചുമത്തിയത്​. വിചാരണകോടതി 10,000 രൂപ പിഴ അടച്ച് സ്വന്തം ജാമ്യത്തിൽ പോകാൻ വാസുവേട്ടനോട് പറഞ്ഞു. അപ്പോൾ ‘‘എട്ടുപേരെ വെടിവെച്ചുകൊന്നവർക്കെതിരെ കേസില്ല, കുറ്റം ചെയ്യാത്ത ഞാൻ എന്തിനാണ് പിഴ അടക്കുന്നത്’’ എന്നായിരുന്നു മറുപടി.

വിചാരണയില്ലാത്ത കഠിനതടവും കൊടിയ പീഡനവും വധശിക്ഷകളും ദലിതർക്കും മുസ്​ലിംകൾക്കും ആദിവാസികൾക്കും മറ്റു സമത്വവാദികൾക്കും വിധിച്ച് നടപ്പാക്കുന്ന ഒരു തുറന്ന ജയിലായി ഇന്ത്യൻ സമൂഹവും ഭരണകൂടരാഷ്ട്രീയ സംവിധാനവും മാറിയ കാലത്ത് അടഞ്ഞ ജയിലിൽ കിടന്ന് അദ്ദേഹം നമ്മളോട് പറയാതെ പറഞ്ഞതെന്താണ്? നമ്മളെല്ലാവരും പലതരത്തിൽ തുറന്ന ജയിലി​​ന്റെ നടത്തിപ്പുകാരോ തടവുകാരോ ആണെന്ന യാഥാർഥ്യമാണോ? അതോ മതിലുകളില്ലാത്ത തുറന്ന ജയിലുകൾ എങ്ങനെ തകർക്കുമെന്ന വിഷമപ്രശ്നമായിരിക്കുമോ?

l

News Summary - Madhyamam weekly article