ഈ വിഷത്തിന്റെ വീര്യം ശാസ്ത്രജ്ഞര്‍ക്കുപോലുമറിയില്ല | Madhyamam Weekly
Weekly


ഈ വിഷത്തിന്റെ വീര്യം ശാസ്ത്രജ്ഞര്‍ക്കുപോലുമറിയില്ല

അഭിമുഖം: ഡോ. വൈ.എസ്. മോഹന്‍ കുമാര്‍ / വേണു കള്ളാര്‍

എന്‍ഡോസള്‍ഫാനെതിരെ പ്രതികരിച്ചതിന് കേരള പ്ലാന്‍േറഷന്‍ കോര്‍പറേഷനില്‍നിന്നും കീടനാശിനി ലോബിയില്‍നിന്നും തിക്താനുഭവങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നയാളാണ് കാസര്‍കോട് ജില്ലയിലെ സ്വര്‍ഗ, പഡ്രെ ഗ്രാമങ്ങളുടെ ഡോക്ടറായ വൈ.എസ്. മോഹന്‍ കുമാര്‍. കേന്ദ്ര സര്‍ക്കാര്‍ ഇവിടേക്ക് വീണ്ടും പഠനസംഘത്തെ അയക്കുന്നത് എന്‍ഡോസള്‍ഫാന് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ മാത്രമാണെന്ന് ഇദ്ദേഹം പറയുന്നു. 28 വര്‍ഷമായി പഡ്രെ വാണിനഗറില്‍ ചികിത്സ നടത്തുന്ന മോഹന്‍കുമാര്‍ കീടനാശിനി പ്രയോഗത്തില്‍ ഭവിഷ്യത്തുകള്‍ നേരില്‍ കണ്ടറിയുകയും അത് ജനശ്രദ്ധയില്‍ കൊണ്ടുവരാന്‍ തന്‍േറതായ രീതിയില്‍ പരിശ്രമം നടത്തുകയും ചെയ്തിരുന്നു. സ്വാനുഭവങ്ങളും കാഴ്ചപ്പാടുകളും അദ്ദേഹം ആഴ്ചപ്പതിപ്പിനോട് പങ്കുവെക്കുന്നു.
പ്ലാന്‍േറഷന്‍ കോര്‍പറേഷന്‍ എസ്‌റ്റേറ്റ് മേഖലയിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണം എന്‍ഡോസള്‍ഫാനാണെന്നത് തെളിയിക്കപ്പെട്ടിട്ടില്ലെന്ന കേന്ദ്രമന്ത്രി കെ.വി. തോമസിന്റെ അഭിപ്രായം കേട്ടപ്പോള്‍ എന്തു തോന്നി?
* ഇത്രയും കാലമായി എന്‍ഡോസള്‍ഫാന്റെ കെടുതികള്‍ സഹിച്ചുകൊണ്ടിരുന്ന ജനതയെ പരിഹസിച്ചതാണ് മന്ത്രി. സ്വന്തം അഭിപ്രായമല്ല മന്ത്രി പറഞ്ഞത്. കീടനാശിനി ലോബി പറഞ്ഞുകൊടുത്തത് അതേപോലെ ഉരുവിടുകയാണ് അദ്ദേഹം ചെയ്തത്. 'തെളിവില്ല' എന്ന ഒരേ മന്ത്രം കേന്ദ്രമന്ത്രിമാര്‍ ആവര്‍ത്തിച്ച് ഉരുവിട്ടുകൊണ്ടിരിക്കുകയാണ്.
പഠനസംഘങ്ങള്‍ വീണ്ടും വരുകയാണല്ലോ?
* അതിനുപിന്നില്‍ രഹസ്യ അജണ്ടയുണ്ട്. എന്‍ഡോസള്‍ഫാനെ മഹത്ത്വവത്കരിക്കുകയാണ് അവരുടെ ലക്ഷ്യം. എന്‍ഡോസള്‍ഫാന്‍ അപകടകാരിയല്ല എന്ന് അവര്‍ക്ക് സ്ഥാപിച്ചെടുക്കണം. അതിനുള്ളതാണ് ഇനിയുള്ള പഠനങ്ങള്‍. ലോകതലത്തില്‍ എന്‍ഡോസള്‍ഫാനെ നിരോധിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നു. ഇന്ത്യാ ഗവണ്‍മെന്റും കീടനാശിനി ലോബിയും ഇതിനെ പൂര്‍ണമായി എതിര്‍ക്കുകയാണ്. അതിനൊരു ബലമുണ്ടാക്കാന്‍, ഇവിടെ എന്‍ഡോസള്‍ഫാന്‍ ദോഷമുണ്ടാക്കിയിട്ടില്ല എന്ന് തെളിയിക്കണം. അതിനുവേണ്ടിയുള്ള ശ്രമമാണിത്.
ഇനിയൊരുപഠനം ആവശ്യമില്ലെന്നാണോ?
* കേന്ദ്ര സര്‍ക്കാറിന്‍േറത് സത്യസന്ധമായ സമീപനമാണെങ്കില്‍ തെളിവായി സ്വീകരിക്കാന്‍ എന്‍.ഐ.ഒ. എച്ച് (നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒക്യുപേഷനല്‍ ഹെല്‍ത്ത് ഹസാര്‍ഡ്‌സ്) നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ധാരാളം മതിയാകും. ഇനിയൊരു പഠനത്തിന്റെ ആവശ്യമില്ല.
ദേശീയ മനുഷ്യാവകാശ കമീഷന്റെ നിര്‍ദേശപ്രകാരമാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐ.സി.എം.ആര്‍) കീഴിലുള്ള എന്‍.ഐ.ഒ.എച്ച് 2003ല്‍ ഇവിടെ പഠനം നടത്തിയത്. എന്‍ഡോസള്‍ഫാന്‍ തളിച്ച സ്വര്‍ഗപ്രദേശത്തെ സ്റ്റഡി ഏരിയയും കീടനാശിനി തളിക്കാത്ത മീഞ്ചപഞ്ചായത്തിലെ ഗ്രാമങ്ങളെ കണ്‍ട്രോള്‍ ഏരിയയായും കണക്കാക്കി എപ്പിഡെമിയോളജിക്കല്‍ സ്റ്റഡിയാണ് അവര്‍ നടത്തിയത്. ഇവിടത്തെ ആളുകളില്‍ ഹോര്‍മോണ്‍ സന്തുലനാവസ്ഥ തെറ്റിയതായി അവര്‍ കണ്ടെത്തിയിരുന്നു. പെണ്‍കുട്ടികള്‍ വളര്‍ച്ചയെത്തുന്നതിനുമുമ്പേ പ്രായപൂര്‍ത്തിയാകുന്നതും ആണ്‍കുട്ടികള്‍ പ്രായപരിധി കഴിഞ്ഞിട്ടും പ്രായപൂര്‍ത്തിയാകാത്തതും കണ്ടെത്തി. എന്‍ഡോസള്‍ഫാന്‍ ജനിതക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നാണ് ഇത് കാണിക്കുന്നത്. രക്തത്തില്‍ എന്‍ഡോസള്‍ഫാന്റെ കണികകള്‍ കണ്ടെത്തിയതായും അവരുടെ റിപ്പോര്‍ട്ടിലുണ്ട്. സ്‌കൂള്‍ വിദ്യാര്‍ഥികളുടെയും മറ്റും രക്തസാമ്പിള്‍ അവര്‍ ശേഖരിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് എന്‍ഡോസള്‍ഫാന്‍ ജനിതക വൈകല്യങ്ങള്‍ക്ക് കാരണമാകുന്നുവെന്ന തലക്കെട്ടില്‍ അമേരിക്കന്‍ ജേണലില്‍ പ്രസിദ്ധീകരിച്ചിരുന്നു.
ഇന്ത്യയില്‍ വൈദ്യശാസ്ത്ര ഗവേഷണ രംഗത്തുള്ള ഏറ്റവും ഉന്നത സ്ഥാപനമാണ് കേന്ദ്രസര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ദല്‍ഹിയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍വ്. ഇതിന്റെ കീഴിലുള്ളതാണ് അഹ്മദാബാദിലെ എന്‍.ഐ.ഒ.എച്ച് ലബോറട്ടറി. കേന്ദ്ര സര്‍ക്കാറിന് ആത്മാര്‍ഥതയുണ്ടെങ്കില്‍ എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ ഈ റിപ്പോര്‍ട്ട് ധാരാളം മതി. ഇതാണ് ഏറ്റവും വിശ്വസനീയമായിട്ടുള്ളത്.
ഇവിടത്തെ അമ്മമാരുടെ മുലപ്പാലിലും മൃഗങ്ങളുടെയും തവളകളുടെയും രക്തത്തിലും എന്‍ഡോസള്‍ഫാന്റെ അംശം ഉള്ളതായി കണ്ടെത്തിയിരുന്നല്ലോ?
* ദല്‍ഹിയിലെ സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് നടത്തിയ പഠനത്തിലാണ് കണ്ടത്. 2001ലാണത്. മണ്ണിലും മനുഷ്യരക്തത്തിലും വെള്ളത്തിലും മുലപ്പാലിലും മൃഗങ്ങളുടെ കോശങ്ങള്‍, പുല്ല്, പച്ചക്കറികള്‍ എന്നിവയിലും എന്‍ഡോസള്‍ഫാന്‍ തന്മാത്രകള്‍ അടങ്ങിയതായി അവരുടെ പഠന റിപ്പോര്‍ട്ടിലുണ്ട്. ഈ പ്രദേശത്ത് അവസാനമായി എന്‍ഡോസള്‍ഫാന്‍ തളിച്ച് 11 മാസത്തിനുശേഷമാണ് അവര്‍ സാമ്പിള്‍ ശേഖരിച്ചത്. ഇതും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചില്ല.
ഇനി ഏത് പഠനം നടത്തിയാലും അത് എന്‍ഡോസള്‍ഫാന്റെ ഇരകള്‍ക്കുവേണ്ടിയാണെന്ന് വിശ്വസിക്കാനാവില്ല. ഇപ്പോള്‍ എന്‍ഡോസള്‍ഫാന്‍ സ്‌പ്രേയിങ് നിര്‍ത്തിയിട്ട് പത്തു വര്‍ഷം കഴിയുന്നു. ഇനിയൊരു പഠനം നടത്തിയതുകൊണ്ട് മറ്റെന്തെങ്കിലും പ്രയോജനമുണ്ടാകുമെന്ന് തോന്നുന്നില്ല. തുറന്ന മനസ്സും തുറന്ന ഹൃദയവുമുണ്ടെങ്കില്‍ മാത്രമേ ഇവിടത്തെ അവസ്ഥയുടെ കാരണം മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ. കുട്ടികളിലും മറ്റും കാണുന്ന അംഗവൈകല്യവും അസാധാരണ രോഗങ്ങളും അവരുടെ അമ്മമാര്‍ ഗര്‍ഭിണികളായിരിക്കെ, ആദ്യഘട്ടത്തില്‍ ഉണ്ടായ വിഷബാധയുടെ ഫലമാണ്. എന്‍ഡോസള്‍ഫാന്‍ ശരീരത്തില്‍ പ്രതിരോധശക്തി ഇല്ലാതാക്കുന്നു. പ്രതിരോധശക്തി നഷ്ടപ്പെടുന്നതുകൊണ്ടാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. നമ്മുടെ ശാസ്ത്രജ്ഞന്മാര്‍ എന്‍ഡോസള്‍ഫാന്റെ കാര്യത്തില്‍ പൂര്‍ണ അജ്ഞരാണ് എന്ന് പറയേണ്ടിവരും. എന്‍ഡോസള്‍ഫാന്റെ പ്രവര്‍ത്തനശേഷി 80 മുതല്‍ 800 ദിവസംവരെയാണ് എന്നാണ് ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്. അത് എന്തൊരു കണക്കാണ്? ഇതുപോലും കൃത്യമായി പറയാന്‍ കഴിയാത്തവര്‍ ഇതിനെക്കുറിച്ച് എന്തു പഠനമാണ് നടത്തുക? എന്‍ഡോസള്‍ഫാന്‍ തലയില്‍ തളിക്കാനോ ശരീരത്തില്‍ കുത്തിവെക്കാനോ തയാറായി, ഒരാള്‍ പരീക്ഷണ മൃഗമായി നിന്നുകൊടുക്കേണ്ടിവരും. രാസവസ്തുക്കളുടെയും കീടനാശിനികളുടെയും ഉപയോഗം ലോകത്ത് ദിവസംപ്രതിവര്‍ധിച്ചുകൊണ്ടിരിക്കുന്നു. ഇതിന്റെ ഫലമായി കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പെരുകുന്നു. ഇത് മനസ്സിലാക്കാന്‍ വലിയ പഠനത്തിന്റെ ആവശ്യമില്ല. സാമാന്യ ബുദ്ധിമതിയാകും. ശാസ്ത്രത്തിന് ഒരുപാട് പരിമിതികളുണ്ട്. അതുകൊണ്ട്, ഇവിടത്തെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണം എന്‍ഡോസള്‍ഫാന്‍ ആണെന്നതിന് നൂറുശതമാനം തെളിവുണ്ടാക്കാന്‍ അതിന് കഴിയില്ല. സാഹചര്യത്തെളിവുകളാണ് ഇവിടെ പ്രധാനം.
ഇനിയുമൊരു പഠനസംഘം വരുന്നുവെന്ന് കേള്‍ക്കുമ്പോള്‍ ഇവിടത്തെ ജനങ്ങളുടെ മനോഭാവം എന്താണ്?
* എത്രപേര്‍ ഇങ്ങനെ വരുന്നു, പഠനം നടത്തുന്നു? ആളുകള്‍ ഇതുകണ്ട് മടുത്തിരിക്കയാണ്. ഇവിടെ വരുന്ന പതിനഞ്ചാമത്തെ കമ്മിറ്റിയായിരിക്കും ഇത്. തങ്ങള്‍ ചെയ്യാത്ത കുറ്റത്തിന് ദുരിതം അനുഭവിക്കേണ്ടിവന്നവര്‍ നിരപരാധിത്വം തെളിയിക്കാന്‍ ഇനിയും കമ്മിറ്റികള്‍ക്കു മുന്നിലേക്ക് വലിച്ചിഴക്കപ്പെടുന്നത് കഷ്ടമാണ്. എന്ത് ശാസ്ത്രീയ പഠനമാണ് ഇവര്‍ ഇനി നടത്തുക? ഇത് മലേറിയപോലുള്ള രോഗമാണോ, രക്തം പരിശോധിച്ച് രോഗാണു കണ്ടെത്താന്‍ കഴിയുമോ? മനുഷ്യശരീരത്തില്‍ കോശങ്ങളുടെയും ഡി.എന്‍.എയുടെയും ഘടനയെ മാറ്റിമറിക്കുന്ന രീതിയിലുള്ള രാസപരിവര്‍ത്തനമാണ് സംഭവിച്ചിരിക്കുന്നത്. ഇത് ഒന്നോ, രണ്ടോ ദിവസത്തെ പരിശോധനയില്‍ കണ്ടെത്താന്‍ എളുപ്പമല്ല. ഭോപാല്‍ ദുരന്തംപോലെ, വ്യവസായിക ദുരന്തമാണ് ഇവിടെ സംഭവിച്ചത്. എന്‍ഡോസള്‍ഫാന്‍ അപകടകാരിയല്ല, സുരക്ഷിതമാണ് എന്ന് സ്വയം തെളിയിക്കേണ്ട ബാധ്യത കീടനാശിനി നിര്‍മാതാക്കള്‍ക്കാണ്. അല്ലാതെ നമ്മളല്ല, ഇവിടത്തെ ജനങ്ങളല്ല ഇതിന് തെളിവുനല്‍കേണ്ടത്.
എന്‍ഡോസള്‍ഫാന്റെ കാര്യത്തില്‍ നിങ്ങളുടെ ശ്രദ്ധപതിയുന്നത് ഏത് ഘട്ടത്തിലാണ്?
* ഞാന്‍ 1982ലാണ് ഇവിടെ പ്രാക്ടീസ് തുടങ്ങുന്നത്. അന്ന് ആളുകളെ പരിചയപ്പെട്ടപ്പോള്‍തന്നെ എന്തോ പ്രകൃതിവിരുദ്ധമായി, അസാധാരണമായി സംഭവിച്ചുകൊണ്ടിരിക്കുന്നുവെന്ന് തോന്നിയിരുന്നു. വളരെ വളരെ അസാധാരണമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഞാന്‍ ഇവിടത്തെ വീടുകളില്‍ കണ്ടു. പലപ്പോഴും രോഗികളെ വീടുകളില്‍ ചെന്ന് ചികിത്സിക്കേണ്ടി വന്നിട്ടുണ്ട്. ചില വീടുകളില്‍ നാലും അഞ്ചുംപേര്‍ക്ക് ഗുരുതരമായ രോഗങ്ങള്‍ ബാധിച്ചതായി ഉണ്ടായിരുന്നു. തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങള്‍, നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍, അംഗവൈകല്യം, ഗര്‍ഭം അലസല്‍, കാന്‍സര്‍, അപസ്മാരം, മാനസിക രോഗങ്ങള്‍ എന്നിങ്ങനെ... ഭൂരിഭാഗം അസുഖങ്ങളും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയാത്തതായിരുന്നു. ഇവിടത്ത അന്തരീക്ഷത്തിലും കുടിവെള്ളത്തിലും എന്തോ കുഴപ്പമുണ്ടെന്ന് ഞാന്‍ അന്നേ മനസ്സിലാക്കിയിരുന്നു. 1996ല്‍ കേരള മെഡിക്കല്‍ ജേണലില്‍ ഞാന്‍ ഇതിനെക്കുറിച്ച് എഴുതി. അസാധാരണമായ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് പഠനം ആവശ്യമാണെന്നും വെള്ളവും അന്തരീക്ഷവും പരിശോധനക്കുവിധേയമാക്കണമെന്നും ഞാന്‍ ആ ലേഖനത്തില്‍ പറഞ്ഞിരുന്നു. അന്നൊന്നും എന്‍ഡോസള്‍ഫാനാണ് ഇതിന് കാരണമെന്ന് എനിക്ക് ബോധ്യപ്പെട്ടിരുന്നില്ല. എഴുപതുകളുടെ മധ്യത്തിലാണ് കേരള പ്ലാന്‍േറഷന്‍ കോര്‍പറേഷന്‍ ഈ ഭാഗത്തെ കശുമാവ് തോട്ടങ്ങളില്‍ ഹെലികോപ്ടറിലൂടെ എന്‍ഡോസള്‍ഫാന്‍ തളിക്കാന്‍ തുടങ്ങിയത്. ഇരുപത്തഞ്ച് കൊല്ലത്തോളം, കൊല്ലത്തില്‍ രണ്ടോ മൂന്നോ തവണ വീതം അവര്‍ അത് തുടര്‍ന്നു. 2000ലാണ് ഇതിന്റെ ഗുരുതരമായ ഭവിഷ്യത്തുകള്‍ ഞങ്ങള്‍ മനസ്സിലാക്കിയത്.
മെഡിക്കല്‍ ജേണലില്‍ നിങ്ങളെഴുതിയ ലേഖനത്തിന് ഏതെങ്കിലും പ്രതികരണമുണ്ടായോ?
* ഇല്ല, ആരും പ്രതികരിച്ചില്ല, അന്ന് ആരോഗ്യവിദഗ്ധരോ അധികൃതരോ ഇത് ശ്രദ്ധിച്ചതായി ഭാവിച്ചില്ല. ഇവിടത്തെ സാധാരണക്കാരായ ജനങ്ങള്‍ ദൈവകോപം കാരണമാണ് ഈ വിപത്തുകള്‍ സംഭവിക്കുന്നതെന്ന് വിശ്വസിച്ചു. ശരാശരിയിലധികമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണം എന്തോ രാസവസ്തുവാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഞാനാ ലേഖനം എഴുതിയത്. പക്ഷേ, അതിനുദ്ദേശിച്ച ഫലം കിട്ടിയില്ല.
ഏതുതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളാണ് കൂടുതലായി കണ്ടത്?
* പ്രധാനമായി കണ്ടത് നാഡീവ്യൂഹത്തിന്റെ തകരാര്‍ കാരണമുണ്ടാകുന്ന രോഗങ്ങളാണ്. പിന്നെ, കാന്‍സര്‍. കേന്ദ്ര നാഡീവ്യവസ്ഥയെയാണ് എന്‍ഡോസള്‍ഫാന്‍ ഏറ്റവുമധികം ബാധിക്കുന്നത്. ഇതുകാരണമാണ് അംഗവൈകല്യം, ബുദ്ധിമാന്ദ്യം, രണ്ടും ഒന്നിച്ചുള്ള അവസ്ഥ എന്നിവ ഉണ്ടാകുന്നത്. ചെറിയ കുട്ടികളില്‍ രക്താര്‍ബുദവും കരളിനെ ബാധിക്കുന്ന കാന്‍സറും കൂടുതലായിരുന്നു. മുതിര്‍ന്നവരില്‍ ആത്മഹത്യാ പ്രവണതയും വ്യാപകമായി കണ്ടു.
2000ത്തിനുശേഷം എന്‍ഡോസള്‍ഫാന്‍ തളിച്ചിട്ടില്ലല്ലോ, ഇതിന്റെ ഫലം ഏതെങ്കിലും തരത്തില്‍ പ്രകടമായോ?
ഒരുപാട് മാറ്റം കാണാനുണ്ട്. കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ അംഗവൈകല്യമുള്ള ഒരു കുഞ്ഞുപോലും ജനിച്ചിട്ടില്ല ഈ മേഖലയില്‍. രണ്ടു മൂന്നു ഗ്രാമങ്ങളിലുള്ളവരെ ഞാന്‍ ചികിത്സിക്കുന്നുണ്ടല്ലോ. അപസ്മാര രോഗികളുടെ എണ്ണവും കുറഞ്ഞു. ഗര്‍ഭം അലസല്‍പോലുള്ള സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്കും വലിയ കുറവുണ്ട്. ഇനിയൊരു അഞ്ചുപത്തു വര്‍ഷം കൂടി കഴിഞ്ഞ ശേഷമേ ശരിയായ ഫലം അറിയാന്‍ കഴിയുകയുള്ളൂ.
എന്‍ഡോസള്‍ഫാനെതിരെ പ്രവര്‍ത്തിച്ചതിന്റെ അനുഭവങ്ങള്‍ എന്തൊക്കെയാണ്?
* ഒരുപാട് പ്രയാസങ്ങളുണ്ടായി. ഞങ്ങളുടെ പോരാട്ടം തുടങ്ങിയ ഘട്ടത്തില്‍ നാട്ടുകാരുടെ പ്രതികരണം പ്രതീക്ഷിച്ചതുപോലെ അനുകൂലമായിരുന്നില്ല. ഞങ്ങള്‍ക്കെതിരെ സംസാരിച്ചവര്‍പോലുമുണ്ടായി. ആ സമയത്ത് മനഃസ്താപംകാരണം ഈ പ്രദേശം വിട്ടുപോയാലോ എന്നുപോലും തോന്നിയിട്ടുണ്ട്. നമ്മള്‍ ഒരു സ്വാര്‍ഥ ചിന്തയുമില്ലാതെ സമയവും പൈസയും ചെലവാക്കി അവര്‍ക്കുവേണ്ടി സേവനം ചെയ്യുമ്പോള്‍ അത് മനസ്സിലാക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. നമ്മളെ തെറ്റിദ്ധരിക്കുന്ന സ്ഥിതിപോലുമുണ്ടായി. പിന്നെ, കുറെ കഴിഞ്ഞപ്പോള്‍ എല്ലാവര്‍ക്കും പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലായി. ഇതുകൂടാതെ പ്രശ്‌നത്തിന്റെ ആരംഭകാലത്ത് നാലഞ്ചുവര്‍ഷം മാനസികമായും ശാരീരികമായും വിഷമങ്ങള്‍ അനുഭവിക്കേണ്ടി വന്നു. കീടനാശിനി ലോബിയും പ്ലാന്‍േറഷന്‍ കോര്‍പറേഷന്‍ ആള്‍ക്കാരും ഭീഷണിയുമായി ഊമക്കത്തുകള്‍ അയച്ചുകൊണ്ടിരുന്നു. അയക്കുന്നയാളുടെ ഊരും പേരുമില്ലാതെ ഏതൊക്കെയോ കമ്പനികളുടെ പേരില്‍ അച്ചടിച്ച കത്തുകളാണ് വന്നത്. എന്‍ഡോസള്‍ഫാനെ എതിര്‍ക്കുന്നതില്‍നിന്ന് പിന്തിരിഞ്ഞില്ലെങ്കില്‍ ഭവിഷ്യത്ത് അനുഭവിക്കുമെന്നായിരുന്നു എല്ലാ കത്തിന്റെയും ഉള്ളടക്കം. ഒരിക്കല്‍ പ്ലാന്‍േറഷന്‍ കോര്‍പറേഷന്റെ ആളുകള്‍ എന്റെ ക്ലിനിക്കിലേക്ക് നേരിട്ടുവന്നു. പത്തോളം പേരുണ്ടായിരുന്നു. കോര്‍പറേഷന്റെ ജീപ്പിലാണവര്‍ വന്നത്. വന്നിറങ്ങിയ ഉടനെ എന്നെ ചീത്തവിളിച്ച അവര്‍ ശാരീരികമായി ഉപദ്രവിക്കാനും ശ്രമിച്ചു. ജനറല്‍ മാനേജരും ഉദ്യോഗസ്ഥരും തൊഴിലാളികളുമുണ്ടായിരുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത വള്‍ഗറായ ഭാഷയിലാണ് അവര്‍ എന്നെ ചീത്തവിളിച്ചത്. ഞാന്‍ പ്ലാന്‍േറഷന്‍ കോര്‍പറേഷനെ നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും ഇനി ആവര്‍ത്തിച്ചാല്‍ ബാക്കിവെച്ചേക്കില്ലെന്നും പറഞ്ഞു. ശബ്ദംകേട്ട് നൂറോളം നാട്ടുകാര്‍ ഓടിയെത്തിയതുകൊണ്ടു ഞാന്‍ രക്ഷപ്പെട്ടു. നാട്ടുകാര്‍ അവരെ കൈകാര്യം ചെയ്ത് തിരികെയയച്ചു.
ഇതിനുശേഷം പെസ്റ്റിസൈഡ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ എനിക്ക് വക്കീല്‍നോട്ടീസ് അയച്ചു. ഞാന്‍ എന്‍ഡോസള്‍ഫാനെതിരെ പത്രങ്ങള്‍ക്ക് പ്രസ്താവന നല്‍കിയെന്നും ടി.വി ചാനലുകളില്‍ ഇന്റര്‍വ്യൂ നല്‍കിയെന്നും അത് അവര്‍ക്ക് അപകീര്‍ത്തി ഉണ്ടാക്കിയതുകൊണ്ട് നഷ്ടപരിഹാരം കൊടുക്കണമെന്നും പറഞ്ഞാണ് നോട്ടീസ് അയച്ചത്. ഞാന്‍ എനിക്ക് കിട്ടിയ തെളിവുകളും രേഖകളുമൊക്കെവെച്ച് മറുപടികൊടുത്തു. പിന്നെ, അവരുടെ അനക്കമൊന്നുമുണ്ടായില്ല.
കാസര്‍കോട് ജില്ലയിലെ പതിനൊന്ന് പഞ്ചായത്തുകളില്‍ എന്‍ഡോസള്‍ഫാന്‍ പ്രയോഗം കാരണം ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിട്ടും സ്വര്‍ഗ, പഡ്രെ, വാണിനഗര്‍ പ്രദേശങ്ങളിലെ രോഗികളാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. എന്താണ് ഈ പ്രദേശങ്ങളുടെ പ്രത്യേകത?
* കര്‍ണാടക അതിര്‍ത്തിയോടു തൊട്ടുകിടക്കുന്ന കുന്നുകളും താഴ്‌വരകളും നിറഞ്ഞ നാടാണിത്. നാലു ഭാഗത്തും കുന്നുകള്‍ വലയം സൃഷ്ടിച്ച, പാത്രത്തിന്റെ ആകൃതിയാണ് ഇവിടത്തെ ഗ്രാമങ്ങള്‍ക്ക്. കുന്നിന്റെ മുകളിലാണ് പ്ലാന്‍േറഷന്‍ കോര്‍പറേഷന്റെ കശുമാവ് തോട്ടങ്ങള്‍. അവിടെ വിഷം തളിച്ചാലും മഴ വന്നാലും താഴ്‌വാരത്തെ ജലസ്രോതസ്സുകളിലേക്ക് നേരിട്ട് ഒലിച്ചിറങ്ങും. ഐ.സി.എം.ആറിന്റെ പഠനത്തിനുവേണ്ടി ഐ.എസ്.ആര്‍.ഒ ഈ പ്രദേശത്തിന്റെ സാറ്റ്‌ലൈറ്റ് ചിത്രം എടുത്തിരുന്നു. കുന്നിന്‍മുകളില്‍ തളിച്ച വിഷം എങ്ങനെ കുടിവെള്ളത്തിലേക്ക് എത്തുന്നുവെന്ന് ഈ ചിത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹെലികോപ്ടറിലൂടെ എന്‍ഡോസള്‍ഫാന്‍ സ്‌പ്രേ ചെയ്യുമ്പോള്‍ അതിന്റെ നല്ലൊരു ശതമാനം കാറ്റിലൂടെ ജനങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളിലാണ് വന്നുവീണത്. കുന്നുകളുടെ താഴ്ഭാഗത്തുകൂടി ഒഴുകുന്ന സ്വര്‍ഗ, കൊടങ്കീരി എന്നീ തോടുകളുടെ രണ്ട് കരകളിലും താമസിക്കുന്നവരിലാണ് അസാധാരണമായ ആരോഗ്യ പ്രശ്‌നങ്ങള്‍ വളരെയധികം കണ്ടത്. പിന്നെ, വിവരങ്ങള്‍ കിട്ടാന്‍ എളുപ്പമായതുകൊണ്ട് വാര്‍ത്താ മാധ്യമങ്ങള്‍ ഈ ഭാഗത്തേക്ക് കൂടുതല്‍ ശ്രദ്ധകൊടുത്തതും ഇവിടത്തെ പ്രശ്‌നങ്ങള്‍ കൂടുതലായി അറിയപ്പെടാന്‍ ഒരു കാരണമായി.
ഇരകളുടെ ഇപ്പോഴത്തെ അവസ്ഥയെന്താണ്?
* കുറെപേര്‍ മരിച്ചുപോയി. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ നൂറിലധികം ആളുകള്‍ മരിച്ചു. കഴിഞ്ഞയാഴ്ച രണ്ടുപേര്‍ മരിച്ചു. ഇന്നലെയും ഒരു പെണ്‍കുട്ടി മരിച്ചു. ഞാന്‍ പറയുന്നത് ഈ പ്രദേശത്തെ ആള്‍ക്കാരുടെ മാത്രം കാര്യമാണ്. എന്‍മകജെ, കുമ്പഡാജെ പഞ്ചായത്തുകളിലെ കാര്യങ്ങള്‍ മാത്രം. ബാക്കി ഒമ്പത് പഞ്ചായത്തുകളിലെ റിപ്പോര്‍ട്ടുകള്‍ ഒന്നും എനിക്കറിയില്ല. സ്‌റ്റേറ്റ് ഗവണ്‍മെന്റ് ഇവിടത്തെ അറുപത് ആള്‍ക്കാര്‍ക്ക് ധനസഹായം കൊടുത്തു. ഇനിയും സഹായം കിട്ടാത്തവര്‍ ഒരുപാടുണ്ട്. ശരിയായ ദുരന്തബാധിതര്‍ പലരും ഗവണ്‍മെന്റിന്റെ ലിസ്റ്റില്‍ പെട്ടിട്ടില്ല. ജില്ലാ പഞ്ചായത്ത് തുടങ്ങിയ എന്‍ഡോസള്‍ഫാന്‍ സഹായ മിഷന്‍ പ്രവര്‍ത്തനം നിലച്ചതുപോലെയായി.
ബുദ്ധിമാന്ദ്യവും ഭേദമാക്കാന്‍ കഴിയാത്ത അംഗവൈകല്യവും ബാധിച്ചവര്‍ക്ക് ഇനി വേണ്ടത് ചികിത്സയല്ല, അവരുടെ ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള മാര്‍ഗമാണ്. അച്ഛനും അമ്മയും ജോലിക്കുപോലും പോകാതെയാണ് ഇവരെ നോക്കുന്നത്. സോളിഡാരിറ്റി സംഘടന കുറെ ആള്‍ക്കാര്‍ക്ക് വീടുണ്ടാക്കികൊടുത്തു. അങ്ങനെ, ഗവണ്‍മെന്റിനേക്കാള്‍ എത്രയോ നല്ല സഹായങ്ങള്‍ സോഷ്യല്‍ ഓര്‍ഗനൈസേഷന്‍സ് ഇവിടെ കൊടുത്തിട്ടുണ്ട്. ഒരു രോഗിക്ക് ഞങ്ങള്‍ നാട്ടുകാര്‍തന്നെ വീടുണ്ടാക്കി കൊടുത്തു. സര്‍ക്കാര്‍ എന്തെങ്കിലും കൊടുത്തതുകൊണ്ട് കാര്യമില്ല. മാസംതോറും ഒരു തുക ജീവിതച്ചെലവിന് പെന്‍ഷന്‍പോലെ കൊടുക്കാന്‍ കഴിഞ്ഞാല്‍ ഉപകാരമാവും.
സംസ്ഥാന സര്‍ക്കാര്‍ ഇതിനായി പ്രത്യേക പദ്ധതി പ്രഖ്യാപിച്ചിരുന്നല്ലോ?
* പദ്ധതികളുണ്ടായാല്‍പ്പോര, അത് ആത്മാര്‍ഥമായി കോ ഓഡിനേറ്റ് ചെയ്ത് നടപ്പാക്കുന്നതിലാണ് കാര്യം. ഉദ്യോഗസ്ഥര്‍ക്ക് പദ്ധതി പ്രവര്‍ത്തനങ്ങള്‍ വേണ്ടതുപോലെ നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രഖ്യാപനംവന്നപ്പോള്‍ പ്രതീക്ഷിച്ചതുപോലെയൊന്നും സംഭവിച്ചിട്ടില്ല. കുറച്ചുപേര്‍ക്ക് മാത്രമാണ് അതിന്റെ ഗുണം കിട്ടിയത്.
യഥാര്‍ഥത്തില്‍ നഷ്ടപരിഹാരം നല്‍കേണ്ടത് എന്‍ഡോസള്‍ഫാന്‍ നിര്‍മാതാക്കളല്ലേ?
* അതെ, അവരെ രക്ഷിക്കാനുള്ള പരിപാടികളല്ലേ നടക്കുന്നത്. എന്‍ഡോസള്‍ഫാന്‍ കമ്പനി പ്രതിസ്ഥാനത്ത് വരാതിരിക്കാനാണ് പ്ലാന്‍േറഷന്‍ കോര്‍പറേഷനും സര്‍ക്കാറും കീടനാശിനി ലോബിയും ശ്രമിച്ചുകൊണ്ടിരിക്കുന്നത്, തെളിവുകള്‍ ഇല്ലാതാക്കാന്‍ നോക്കുന്നത്. മന്ത്രിമാരുടെ പ്രസ്താവനകള്‍ ഇതിനു തെളിവാണ്.
സര്‍ക്കാര്‍ സര്‍വീസില്‍ കയറാന്‍ ശ്രമിക്കാതെ നിങ്ങള്‍ ഈ പ്രദേശത്തുതന്നെ ഒതുങ്ങിയതെന്തുകൊണ്ട്?
* ഞാന്‍ ഗ്രാമീണ മേഖലയില്‍ സേവനം നടത്തണമെന്നത് അച്ഛന്‍ സുബ്രായഭട്ടിന്റെ ആഗ്രഹമായിരുന്നു. അധ്യാപകനും സാമൂഹിക പ്രവര്‍ത്തകനുമായിരുന്നു അദ്ദേഹം. ഞാനീ ഗ്രാമത്തില്‍തന്നെ ജനിച്ചുവളര്‍ന്നയാളാണ്. ഈ പ്രദേശത്ത് ഡോക്ടര്‍മാര്‍ അധികമില്ല. മൈസൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസ് പഠനം കഴിഞ്ഞ് വാണിനഗറില്‍ വന്ന് പ്രാക്ടീസ് തുടങ്ങി. അന്നുമുതല്‍ ഇന്നുവരെ പണത്തിനുവേണ്ടിയുള്ള ചികിത്സയല്ല നടത്തിയത്. തുടക്കത്തില്‍ രണ്ടുരൂപയായിരുന്നു എന്റെ ഫീസ്. ഇപ്പോഴത് പതിനഞ്ച് രൂപയായി വര്‍ധിച്ചുവെന്നുമാത്രം.


കവര്‍സ്റ്റോറി

മുന്‍ ലക്കങ്ങള്‍