
നിരന്തരമൂല്യനിര്‍ണയത്തിന് നിദാനമാകേണ്ട പഠനപ്രവര്‍ത്തനങ്ങള്‍ (പ്രോജക്ട് അസൈന്‍മെന്റ്, സെമിനാര്‍, കലക്ഷന്‍, റെക്കോഡ്) എല്ലാ കുട്ടികളും ഒരുപോലെയല്ല ചെയ്തത്, എല്ലാവര്‍ക്കും ഒരുപോലെ ചെയ്യാനും കഴിയില്ല. പഴയ സമ്പ്രദായത്തില്‍ ക്ലാസില്‍ മിടുക്കന്മാരായ കുട്ടികള്‍ നല്ലവണ്ണം പഠിച്ച് പരീക്ഷയെഴുതി ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയിരുന്നതുപോലെ പുതിയ രീതിയിലും മിടുക്കരായ കുട്ടികള്‍ മാത്രമാണ് ഈ പഠനപ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ ചെയ്തത്. ഒറ്റക്കായാലും ഗ്രൂപ്പായാലും കൂട്ടത്തിലെ മിടുക്കന്മാരാണ് യഥാര്‍ഥത്തില്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്തത്. പിന്നാക്കക്കാര്‍ ഇതിന്റെ പകര്‍പ്പെടുക്കുകമാത്രമാണ് ചെയ്യുന്നത്. ഇതും ചെയ്യാത്തവരെക്കൊണ്ട് അധ്യാപകര്‍തന്നെ എന്തെങ്കിലും ചെയ്യിച്ച് മൂല്യനിര്‍ണയം നടത്തി. നിരന്തരമൂല്യനിര്‍ണയത്തിന് എല്ലാവര്‍ക്കും 80 ശതമാനത്തിന് മുകളില്‍ സ്‌കോര്‍ നല്‍കുകയും ചെയ്തു. എത്ര നിലവാരം കുറഞ്ഞ പ്രവര്‍ത്തനം നടത്തിയാലും 80 ശതമാനത്തിനു മുകളില്‍ നിരന്തരമൂല്യനിര്‍ണയത്തിന് സ്‌കോര്‍ ലഭിച്ചു. ശരിയായ രീതിയില്‍ പഠനപ്രവര്‍ത്തനങ്ങള്‍ നടത്തി ശേഷികള്‍ ആര്‍ജിച്ച വിദ്യാര്‍ഥിയാണെങ്കില്‍ എഴുത്തുപരീക്ഷയില്‍ ലഭിക്കുന്ന സ്‌കോറും നിരന്തരമൂല്യനിര്‍ണയത്തിന്റെ സ്‌കോറും അനുപൂരകമാകേണ്ടതാണ്. എന്നാല്‍, കേരളത്തിലെ പത്താംക്ലാസ് പരീക്ഷ പാസായവരുടെ മിക്കവരുടെയും സ്‌കോര്‍ പരിശോധിച്ചാല്‍ ഇതിലെ പൊരുത്തമില്ലായ്മ ബോധ്യപ്പെടും. നിരന്തരമൂല്യനിര്‍ണയത്തിന് ഉയര്‍ന്ന സ്‌കോര്‍ ലഭിച്ച ഭൂരിഭാഗത്തിനും എഴുത്തുപരീക്ഷയില്‍ വളരെ താഴെയുള്ള സ്‌കോര്‍ മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഇതില്‍നിന്ന്, നിരന്തര മൂല്യനിര്‍ണയമെന്ന അധികാരത്തെ അധ്യാപകര്‍ എത്രത്തോളം ദുരുപയോഗം ചെയ്തു എന്നു മനസ്സിലാക്കാം. അങ്ങനെ ചെയ്യണമെന്ന ഔദ്യോഗിക നിര്‍ദേശവും ഉണ്ടായിരുന്നു.
മാര്‍ക്കിന് പകരം ഗ്രേഡ് നല്‍കുന്ന രീതിയും മൂല്യനിര്‍ണയത്തിലെ പുതിയൊരു കാല്‍വെപ്പായിരുന്നു. മുന്‍കാലങ്ങളില്‍ അറുനൂറില്‍ ഏറ്റവും കുറഞ്ഞത് ഇരുനൂറ്റിപത്ത് മാര്‍ക്ക് കിട്ടിയാല്‍ മാത്രമേ ഒരാള്‍ പത്താംക്ലാസ് പരീക്ഷ വിജയിച്ചിരുന്നുള്ളൂ. ഗ്രേഡിങ്ങില്‍ അതിനുപകരം എല്ലാ വിഷയത്തിലും കുറഞ്ഞത് D+ ഗ്രേഡെങ്കിലും ലഭിക്കണം. അങ്ങനെ D+ ലഭിച്ചാല്‍ അയാള്‍ പത്താംക്ലാസ് ജയിച്ചു എന്നല്ല. പകരം, ഉപരിപഠനത്തിന് അര്‍ഹത നേടി (eligible for higher studies) എന്നാണ് പറയുക. ഒരാള്‍ പരീക്ഷയില്‍ തോറ്റു എന്നുപറയുന്നതും ഉപരിപഠനത്തിന് അര്‍ഹതനേടിയില്ല എന്നുപറയുന്നതും ജയിച്ചു എന്നതും ഉപരിപഠനത്തിന് അര്‍ഹനാണ് എന്നു പറയുന്നതും തമ്മില്‍ സൈദ്ധാന്തികമായി വ്യത്യാസമുണ്ടാവുമായിരിക്കും. ഉപരിപഠനത്തിനര്‍ഹനല്ല എന്ന സര്‍ട്ടിഫിക്കറ്റ് കിട്ടുന്ന ഒരു കുട്ടിക്ക് താന്‍ ജയിച്ചിട്ടില്ലെങ്കിലും തോറ്റിട്ടില്ല എന്ന ഒരു ത്രിശങ്കുസന്തോഷം ലഭിക്കുമായിരിക്കും.
നിരന്തരമൂല്യനിര്‍ണയവും ഗ്രേഡും നടപ്പിലാക്കുന്നതിലൂടെ പഠനം പാല്‍പായസമാകുമെന്നും വിദ്യാര്‍ഥികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും മാനസിക പിരിമുറുക്കം ഇല്ലാതാകുമെന്നും പറയപ്പെട്ടിരുന്നു. എന്നാല്‍, പരീക്ഷയെഴുതുന്ന കുട്ടിയെയും രക്ഷിതാവിനെയും സംബന്ധിച്ചിടത്തോളം കഴിഞ്ഞ വര്‍ഷങ്ങളിലെ വിജയശതമാനം 95ന് മുകളിലാണെന്ന് അറിഞ്ഞിട്ടുപോലും സമ്മര്‍ദം കുറഞ്ഞതായി കാണുന്നില്ല. മാത്രമല്ല, ജില്ലാ പഞ്ചായത്തുകളും ഗ്രാമപഞ്ചായത്തുകളും മറ്റും ആ സമ്മര്‍ദത്തിന് വശംവദരാവുകയാണ് ചെയ്യുന്നത്. പത്താംക്ലാസ് പൊതുപരീക്ഷക്ക് മുമ്പായി ജനുവരി- ഫെബ്രുവരി മാസങ്ങളില്‍ സ്‌കൂളുകളില്‍ പഠനക്യാമ്പ് സംഘടിപ്പിച്ച് രാപ്പകലില്ലാതെ ചോദ്യോത്തരങ്ങള്‍ ഗുളികരൂപത്തിലും മറ്റ് പലരൂപത്തിലും പടവുകള്‍, മുകുളങ്ങള്‍, സോപാനം, തിരനോട്ടം തുടങ്ങിയ പല പേരുകളില്‍ അച്ചടിച്ചുനല്‍കുന്നു. നിരന്തരമായ പഠനപ്രവൃത്തിയിലൂടെയും മൂല്യനിര്‍ണയത്തിലൂടെയും സ്വയം വിജ്ഞാനം നിര്‍മിച്ചുകഴിഞ്ഞ കുട്ടിയെ വര്‍ഷാവസാനം റിവിഷന്‍ ക്യാമ്പുകള്‍ നടത്തി പരീക്ഷക്ക് തയാറാകുന്നതിന് പിന്നിലെ പ്രചോദനമെന്താണ്?
മാര്‍ക്ക് നല്‍കിയിരുന്ന കാലത്ത് റാങ്കുകാരും ഡിസ്റ്റിങ്ഷന്‍കാരും വലിയ സാമൂഹികശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഈ പ്രവണതമാറ്റാന്‍ ഗ്രേഡ് സമ്പ്രദായത്തിലൂടെ കഴിയുമെന്നുള്ളൊരു പാഠവുമുണ്ടായിരുന്നു. എന്നാല്‍, പരീക്ഷാഫലം പുറത്തുവരുന്നതോടെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ വാര്‍ത്താമാധ്യമങ്ങളില്‍ മുഴുവന്‍ വിഷയങ്ങളിലും A+ കിട്ടിയ കുട്ടികളുടെയും സ്‌കൂളിന്റെ പടവും അവരുമായുള്ള അഭിമുഖവും വന്നുകൊണ്ടിരിക്കുന്നു. റാങ്ക് കണക്കാക്കിയിരുന്ന കാലത്ത് വിരലിലെണ്ണാവുന്നവരുടെ മാത്രം ഫോട്ടോ പത്രങ്ങളില്‍ വന്നെങ്കില്‍ ഇപ്പോള്‍ ഒരുപാട് A+ കാരുടെ ഫോട്ടോ അച്ചടിച്ചുവരുന്നു. അതും ഒരു നേട്ടമായി എണ്ണാവുന്നതാണ്.
മാര്‍ക്കായാലും ഗ്രേഡായാലും വലിയൊരു വ്യത്യാസമില്ല എന്നതിനാല്‍ ഈ മാറ്റത്തെക്കുറിച്ച് വല്ലാതെ പരിഭ്രമിക്കേണ്ട കാര്യമൊന്നുമില്ല. മാര്‍ക്കില്‍നിന്ന് ഗ്രേഡിലേക്കുള്ള മാറ്റത്തെക്കുറിച്ച്, മുമ്പ് ബക്കറ്റില്‍ വെള്ളംകോരി ഇപ്പോള്‍ പാളയില്‍ വെള്ളം കോരുന്നു എന്നൊരു സമാധാനപ്പെടലിന് സാധ്യതയുണ്ട്. പ്ലാസ്റ്റിക് നിരോധിക്കപ്പെടേണ്ട മാലിന്യവും പാള പ്രകൃതിജീവനവും ആണല്ലോ.
പാഠ്യപദ്ധതിപരിഷ്‌കരണത്തിന്റെ രണ്ടാംഘട്ടം ആരംഭിക്കുന്നത് 2005ല്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതോടുകൂടിയാണ്. അതിന് മുമ്പ് വിദ്യാഭ്യാസത്തിന്റെ രീതിശാസ്ത്രം, ക്ലാസ് റൂം സമീപനം, മൂല്യനിര്‍ണയം എന്നീ മേഖലകളില്‍ മാത്രമാണ് പരിഷ്‌കാരങ്ങള്‍ നടക്കുന്നത്. എന്നാല്‍, എം.എ. ബേബി വിദ്യാഭ്യാസ മന്ത്രിപദം ഏറ്റെടുത്തതിനെതുടര്‍ന്ന് വിദ്യാഭ്യാസ ദര്‍ശനത്തില്‍തന്നെ കാതലായ മാറ്റങ്ങളാണ് കൊണ്ടുവന്നത്.
കേരള പാഠ്യപദ്ധതി ചട്ടക്കൂട്
2005ലെ ദേശീയ പദ്ധതി ചട്ടക്കൂടിന്റെ (National Curriculam Framework) ചുവടുപിടിച്ചുകൊണ്ട് ഈ മാറ്റങ്ങള്‍ തുടങ്ങുന്നു എന്നാണ് പറയുന്നത്. എന്നാല്‍, ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് വിദ്യാഭ്യാസ ദര്‍ശനത്തില്‍ കാര്യമായ മാറ്റങ്ങള്‍ നിര്‍ദേശിക്കുന്നില്ല. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം, രീതിശാസ്ത്രം, മൂല്യനിര്‍ണയം, ക്ലാസ് റൂം സമീപനം എന്നിവയില്‍ മാത്രമൊതുങ്ങുന്ന പരിഷ്‌കാരങ്ങളാണ് എന്‍.സി.എഫ് മുന്നോട്ട് വെച്ചത്. 2006 ഒക്‌ടോബര്‍ 18ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രൂപംനല്‍കിയ പാഠ്യപദ്ധതി പരിഷ്‌കരണത്തിനായുള്ള കോര്‍ക്കമ്മിറ്റി, 2007ല്‍ കേരള പാഠ്യപദ്ധതി ചട്ടക്കൂട് (Kerala Curriculam Framework) തയാറാക്കി. ഇപ്പോള്‍, കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന സ്‌കൂള്‍ പാഠ്യപദ്ധതിയുടെ രണ്ടാംഘട്ട പരിഷ്‌കരണത്തിന്റെ അടിസ്ഥാനരേഖയാണിത്.
കേരളത്തില്‍ നടന്നുവന്ന പാഠ്യപദ്ധതിപരിഷ്‌കരണത്തിന് പിന്നിലെ സൈദ്ധാന്തികവും ചരിത്രപരവും ദാര്‍ശനികവുമായ സമീപനങ്ങള്‍ ദേശീയ പദ്ധതി ചട്ടക്കൂടും സ്വീകരിച്ചിരിക്കുന്നുവെന്നും ഇത് കേരള വിദ്യാഭ്യാസ കാഴ്ചപ്പാടുകള്‍ക്കുള്ള അംഗീകാരമായി കണക്കാക്കാമെന്നും പറഞ്ഞുകൊണ്ട് കേരളം അഭിമുഖീകരിക്കുന്ന സാമൂഹിക- സാംസ്‌കാരിക- സാമ്പത്തിക- രാഷ്ട്രീയ പ്രശ്‌നങ്ങളെ എണ്ണമിട്ടുനിരത്തുന്നുണ്ട് കേരള പാഠ്യപദ്ധതിചട്ടക്കൂടില്‍ (കെ.സി.എഫ്). ഈ പ്രശ്‌നങ്ങളെയെല്ലാം വിശകലനം ചെയ്ത് എട്ട് പ്രശ്‌നമേഖലകളിലായി ക്രോഡീകരിക്കുന്നു.
1. വിശ്വമാനവന്‍ എന്ന കാഴ്ചപ്പാട് രൂപപ്പെടാത്ത അവസ്ഥ.
2. അധ്വാനശേഷി വികാസത്തിന്റെ അഭാവം.
3. സാംസ്‌കാരികത്തനിമയെ കുറിച്ചും അതിന്റെ സ്വതന്ത്ര വികാസത്തെ കുറിച്ചുമുള്ള ധാരണക്കുറവ്.
4. കൃഷി ഒരു സംസ്‌കാരമായി കാണാത്ത അവസ്ഥ.
5. ശാസ്ത്രീയമായ ആരോഗ്യ- പൊതുജനാരോഗ്യ കാഴ്ചപ്പാടിന്റെ അഭാവം.
6. പാര്‍ശ്വവത്കരിക്കപ്പെട്ടവരോടുള്ള പരിഗണന ഇല്ലായ്മ.
7. ശാസ്ത്രീയമായ സ്ഥല- ജലമാനേജ്‌മെന്റിന്റെ അഭാവം.
8. പരിസ്ഥിതി സൗഹൃദപരമായ വ്യവസായവത്കരണത്തിന്റെയും നഗരവത്കരണത്തിന്റെയും അഭാവം.
മേല്‍പ്പറഞ്ഞവയോടൊപ്പംതന്നെ ദേശീയവും അന്തര്‍ദേശീയവുമായ വികസനപ്രശ്‌നങ്ങളും പാഠ്യപദ്ധതി രൂപവത്കരണ പ്രക്രിയയില്‍ പ്രസക്തമാണെന്നും പറയുന്നു.
കേരളസമൂഹം നേരിടുന്ന വെല്ലുവിളികള്‍ എന്നപേരില്‍ ഉന്നയിച്ചിരിക്കുന്ന ഈ കാര്യങ്ങളെല്ലാംതന്നെ 'ദേശീയപാഠ്യപദ്ധതി ചട്ടക്കൂടും കേരളവും' എന്ന തലക്കെട്ടിനു താഴെയാണ് ചേര്‍ത്തിരിക്കുന്നത്. ഇത് സത്യത്തില്‍ തെറ്റിദ്ധാരണക്കിടയാക്കുന്നുണ്ട്. ദേശീയപാഠ്യപദ്ധതി ചട്ടക്കൂടില്‍ പരാമര്‍ശിക്കപ്പട്ടതാണ് ഈ പ്രശ്‌നങ്ങള്‍ എന്നൊരു തോന്നല്‍ ഇത് ഉളവാക്കും.
സാമൂഹിക വെല്ലുവിളികള്‍ എന്ന പേരില്‍ ഇത്രയും ഗൗരവമുള്ള കാര്യങ്ങള്‍ വളരെ കൃത്യമായി അക്കമിട്ട് നിരത്തുമ്പോള്‍ അവ ഏതുരീതിയിലാണ് കണ്ടെത്തിയതെന്നും ഇത്തരം കണ്ടെത്തലുകളിലേക്ക് നയിച്ച പഠനത്തിനുപയോഗിച്ച ഗവേഷണസങ്കേതങ്ങളും മാനദണ്ഡങ്ങളും രീതിശാസ്ത്രവും എന്തായിരുന്നുവെന്നും ഒരിടത്തും വ്യക്തമാക്കിയിട്ടില്ല. 14 ഫോക്കസ് ഗ്രൂപ്പുകളുടെ പഠനത്തിലൂടെയും സംസ്ഥാനതലത്തില്‍ രൂപപ്പെടുത്തിയ കോര്‍ഗ്രൂപ്പിന്റെ നിരവധി യോഗങ്ങളിലെ ചര്‍ച്ചയിലൂടെയും രൂപപ്പെട്ട കരട് രൂപരേഖ കേരളത്തിലെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ചര്‍ച്ചചെയ്യുകയുണ്ടായി. അതുപോലെതന്നെ, വിദ്യാഭ്യാസ തല്‍പരരായ ഏതൊരാള്‍ക്കും ഈ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിന് സംസ്ഥാനതലത്തിലും ഇന്റര്‍നെറ്റ്‌വഴിയും അവസരമൊരുക്കുകയും ചെയ്തു എന്ന് ആമുഖത്തില്‍ പറയുന്നുണ്ട്. എന്നാല്‍, പതിനാല് ഫോക്കസ് ഗ്രൂപ്പുകളില്‍ ഉള്‍പ്പെട്ട വ്യക്തികള്‍, അവരുടെ എണ്ണം, പഠനമേഖല, പഠനരീതി, അതിന് സ്വീകരിച്ച സങ്കേതങ്ങള്‍ എന്നിവയൊന്നും സൂചിപ്പിക്കുന്നില്ല.
പരിഷത്തിന്റെ കടന്നുകയറ്റം
ഫോക്കസ്ഗ്രൂപ്പുകളുടെ കണ്ടെത്തല്‍ സംസ്ഥാന കോര്‍സമിതി ചര്‍ച്ചചെയ്താണ് കരട്‌രേഖയുണ്ടാക്കിയിരിക്കുന്നത്. മുപ്പത് പേരാണ് ഈ കോര്‍ഗ്രൂപ്പിലുള്ളത്. പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ചെയര്‍മാനും ഭാഷാഇന്‍സ്റ്റിറ്റിയൂട്ടിലെ റിട്ടയേര്‍ഡ്് അസിസ്റ്റന്റ് ഡയറക്ടര്‍ വൈസ്‌ചെയര്‍മാനും എസ്.സി. ഇ.ആര്‍.ടി ഡയറക്ടര്‍ കണ്‍വീനറും കരിക്കുലം ആന്‍ഡ് ടെക്‌സ്റ്റ്ബുക്‌സ് വിഭാഗം തലവന്‍, തൃശൂര്‍ മുല്ലശ്ശേരി സ്‌കൂളിലെ അധ്യാപകന്‍ സി. മധുസൂദനന്‍ എന്നിവര്‍ ജോയന്റ് കണ്‍വീനര്‍മാരുമായിട്ടുള്ള കമ്മിറ്റിയില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ആറ് പ്രതിനിധികളും പത്ത് അധ്യാപക സംഘടനാപ്രതിനിധികളും വിദ്യാഭ്യാസവകുപ്പ്, കേരള യൂനിവേഴ്‌സിറ്റി എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥന്മാരായ പത്ത് പേരും അടങ്ങുന്നു. കമ്മിറ്റിയില്‍ വിദ്യാഭ്യാസ വിദഗ്ധരായി ഉള്‍പ്പെടുത്തിയിരിക്കുന്ന മൂന്നുപേരെയാണ് എന്‍.സി.ഇ.ആര്‍.ടിയിലെ കരിക്കുലം ഗ്രൂപ്പ് തലവന്‍ ഡോ. എം.എ. ഖാദര്‍, ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയിലെ ഡോ. അനിത രാംപാല്‍, കേരള വിദ്യാഭ്യാസ ഉപദേശകസമിതി ചെയര്‍മാന്‍ പ്രഫ.എം.ആര്‍. രാഘവവാര്യര്‍ എന്നിവരാണവര്‍. സന്നദ്ധ സംഘടനാ പ്രതിനിധിയായി ഉള്‍പ്പെടുത്തിയിരിക്കുന്നത് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന ഡോ. കെ.എന്‍. ഗണേശിനെയാണ്.
മേല്‍പ്പറഞ്ഞ കമ്മിറ്റിയില്‍ ഉദ്യോഗസ്ഥന്മാരും പത്ത് അധ്യാപക സംഘടനാ പ്രതിനിധികളും സാങ്കേതികാര്‍ഥത്തിലുള്ള അംഗങ്ങളാണ്. ജോ. കണ്‍വീനര്‍ സി.മധുസൂദനനും കെ. എന്‍. ഗണേശിനെപോലെത്തന്നെ ശാസ്ത്രസാഹിത്യപരിഷത്തിന്റെ നേതാവാണ്. ഇതില്‍ സാങ്കേതികാംഗങ്ങള്‍ ഒഴിച്ചുള്ളവരുടെ സംഭാവനയായിരിക്കുമല്ലോ അക്കാദമികമായ നയരൂപവത്കരണത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലിച്ചിട്ടുണ്ടാവുക. ഇതില്‍തന്നെ ഏറ്റവും കൂടുതല്‍ സ്വാധീനംചെലുത്തിയത് ശാസ്ത്രസാഹിത്യപരിഷത്തിന്റെ പ്രതിനിധികളാണ്. ഇത് മനസ്സിലാക്കാന്‍ 2003ല്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പുറത്തിറക്കിയ 'വിദ്യാഭ്യാസ പരിവര്‍ത്തനത്തിനൊരാമുഖം' എന്ന പുസ്തകവും 2007ലെ കേരള പാഠ്യപദ്ധതി ചട്ടക്കൂടും ഒന്നു താരതമ്യം ചെയ്താല്‍ മതിയാകും. ആശയപരമായി പരിഷത്ത് പ്രസിദ്ധീകരണത്തോട് പൂര്‍ണമായും കടപ്പെട്ടിരിക്കുന്ന പ്രസ്തുത രേഖയില്‍ 'വിദ്യാഭ്യാസ പരിവര്‍ത്തനത്തിനൊരാമുഖം'എന്ന പുസ്തകത്തിലെ, ഖണ്ഡികകള്‍ അതേപടി പകര്‍ത്തിവെച്ചിരിക്കുന്നതുകാണാം. പരിഷത്തിന്റെ പുസ്തകത്തിലെ 221, 222, 223 പേജുകള്‍ തന്നെയാണ് കേരള പാഠ്യപദ്ധതി ചട്ടക്കൂടിലെ 41, 42 പേജുകള്‍. ഒരു കടപ്പാടുപോലും രേഖപ്പെടുത്താതെയാണ് ഈ പകര്‍പ്പ് നടത്തിയിരിക്കുന്നത്.
തദ്ദേശസ്ഥാപനങ്ങള്‍ക്ക് ചര്‍ച്ചചെയ്യാന്‍ നല്‍കിയ കെ.സി. എഫിന്റെ കരടുരേഖയില്‍ യഥാര്‍ഥ കെ.സി. എഫില്‍ പറയുന്ന കാര്യങ്ങളുമുണ്ടായിരുന്നില്ല. മാത്രമല്ല, തദ്ദേശസ്ഥാപനങ്ങളില്‍ ഭൂരിഭാഗവും പേരിനുപോലും ചര്‍ച്ചനടത്തുകയോ റിപ്പോര്‍ട്ട് അയക്കുകയോ ചെയ്തിട്ടില്ല. അധ്യാപകര്‍ക്കിടയില്‍ ചര്‍ച്ചചെയ്യാന്‍ ക്ലസ്റ്റര്‍ യോഗത്തില്‍ നല്‍കിയതാവട്ടെ എഡിറ്റ് ചെയ്യപ്പെട്ട കെ.സി.എഫുമായി വിദൂരബന്ധംപോലുമില്ലാത്ത ഒരു രേഖയായിരുന്നു. വിമര്‍ശാത്മക പഠനം, ഭാഷാസമഗ്രതാദര്‍ശനം എന്നിവയൊന്നുംതന്നെ ആ രേഖയിലുണ്ടായിരുന്നില്ല.
ഒരു സമൂഹത്തിന്റെ വിദ്യാഭ്യാസദര്‍ശനങ്ങള്‍ക്ക് രൂപംകൊടുക്കുമ്പോള്‍ അത് നേരിടുന്ന പ്രശ്‌നങ്ങളിലാണോ ഊന്നേണ്ടത്? അങ്ങനെയാണ് വേണ്ടതെങ്കില്‍ അത്തരം പ്രശ്‌നങ്ങള്‍ ഉടലെടുക്കാനിടയാക്കിയ സാഹചര്യങ്ങള്‍ പഠനവിധേയമാക്കേണ്ടതല്ലേ? കെ.സി.എഫ് മുന്നോട്ടുവെക്കുന്ന സമീപനത്തില്‍നിന്ന് ഇവിടെ നിലനിന്ന വിദ്യാഭ്യാസ സമ്പ്രദായം മാത്രമാണ് ഇത്തരത്തിലുള്ള പ്രശ്‌നസാഹചര്യത്തിലേക്ക് സമൂഹത്തെ എത്തിച്ചത് എന്ന് തോന്നിപ്പോകും. അതും ശരിയാണെന്ന് പറയാമായിരുന്നു, അത് കണ്ടെത്തിയത് വ്യവസ്ഥാപിതവും ശാസ്ത്രീയവുമായ പഠനത്തിന്റെ വെളിച്ചത്തിലാണെങ്കില്‍. അങ്ങനെയൊന്നും നടന്നതായി കാണുന്നില്ല. 1995 മുതല്‍ 2007 വരെയുള്ള ഒരു വ്യാഴവട്ടക്കാലം വിദ്യാഭ്യാസ പരിഷ്‌കരണം നടന്നിട്ടും സമൂഹം കൂടുതല്‍ പ്രശ്‌നബഹുലമാവുകയാണോ ചെയ്തത്? അങ്ങനെയാണെങ്കില്‍ പരിഷ്‌കരണത്തിന്റെ ഫലമുണ്ടായതാവില്ലേ ഈ സങ്കീര്‍ണതകള്‍?
കെ.സി.എഫ് മുന്നോട്ടുവെക്കുന്ന പ്രധാനപ്പെട്ട മറ്റൊരു പ്രശ്‌നം വിദ്യാഭ്യാസത്തിലെ സ്ത്രീ-പുരുഷ വിവേചനമാണ്. ഇത് തെളിയിക്കുന്നതിനായി ചില പ്രശ്‌നങ്ങള്‍ അക്കമിട്ടുനിരത്തുന്നുണ്ട്. കുടുംബത്തിലും സമൂഹത്തിലും നിലനില്‍ക്കുന്ന സ്ത്രീവിരുദ്ധമായ സമീപനങ്ങളും കാഴ്ചപ്പാടുകളും തിരുത്തേണ്ടതിന്റെ ആവശ്യകതയും രേഖ എടുത്തുപറയുന്നുണ്ട്.
പരാമര്‍ശിക്കുന്ന കാര്യങ്ങളെല്ലാംതന്നെ ഏറിയും കുറഞ്ഞും ലോകത്താകമാനം നിലനില്‍ക്കുന്നവയാണ്. ഇത് കേരളത്തിന്റെ മാത്രം സാഹചര്യമല്ല. മറിച്ച്, കേരളത്തില്‍ പെണ്‍കുട്ടികള്‍ക്ക് താരതമ്യേന സ്വതന്ത്രവും വിവേചനരഹിതവുമായ സാഹചര്യമുള്ളത് വിദ്യാലയങ്ങളിലാണ്. വിദ്യാഭ്യാസത്തിലും സാക്ഷരതയിലും പെണ്‍കുട്ടികള്‍ വളരെയേറെ മുന്നിലാണ്. ഉന്നതവിദ്യാഭ്യാസ മേഖല പൂര്‍ണമായും പെണ്‍കുട്ടികള്‍ കീഴടക്കി എന്നുതന്നെ പറയേണ്ടിവരും. കേരളത്തിലെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകള്‍ ബി.എഡ് കോളജുകള്‍, ടി.ടി.ഐകള്‍ എന്നിവയിലെല്ലാം പെണ്‍കുട്ടികള്‍ക്കാണ് ഭൂരിപക്ഷം. യൂനിവേഴ്‌സിറ്റി പരീക്ഷാഫലവും പത്താം ക്ലാസ് പരീക്ഷാഫലവും പുറത്തുവരുമ്പോള്‍ നമുക്ക് മനസ്സിലാവുന്നത് പെണ്‍കുട്ടികള്‍ നിലം മാത്രമല്ല റാങ്കുകളും എ പ്ലസുകളും തൂത്തുവാരുന്നു എന്നാണ്.
പലപ്പോഴും പെണ്‍കുട്ടികളെ സ്‌കൂളുകളിലേക്കാകര്‍ഷിക്കുന്ന ഒരു ഘടകം വീടിനെക്കാളുപരി വിദ്യാലയ അന്തരീക്ഷത്തില്‍ അവര്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയും അംഗീകാരവുംതന്നെയാണ്. സമൂഹത്തിന്റെ പരമ്പരാഗത തൊഴില്‍- ലിംഗബന്ധിതമായ കാഴ്ചപ്പാടും സാമ്പത്തികനിലയും മതവിശ്വാസവും വിവാഹ-കുടുംബ സങ്കല്‍പങ്ങളുമെല്ലാം ചേര്‍ന്ന ഒരു സാഹചര്യമാണ് സ്ത്രീ-പുരുഷ വിവേചനത്തിന്റെ പിന്നിലെന്നുകാണാന്‍ കഴിയും. ഇതാവട്ടെ, വിദ്യാഭ്യാസം നേടിയ തലമുറയില്‍ മാറിവരുന്നുമുണ്ട്. ഈ വിവേചനം മാറാന്‍ കെ.സി.എഫ് പലതരത്തിലുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കുന്നുണ്ടെങ്കിലും പ്രായോഗികമായി ക്ലാസ്‌റൂമില്‍ നടത്താന്‍ നിര്‍ദേശിച്ച മാറ്റങ്ങള്‍ രസാവഹമായിരുന്നു. കുട്ടികളുടെ ഹാജര്‍പട്ടികയില്‍ ആണ്‍-പെണ്‍ പേരുകള്‍ ഇടകലര്‍ത്തിയെഴുതുക, ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഇടകലര്‍ത്തിയിരുത്തുക (ഇത് 'വിദ്യാഭ്യാസ പരിവര്‍ത്തനത്തിനൊരാമുഖം' എന്ന പുസ്തകത്തിലെ നിര്‍ദേശമാണ്), പാഠപുസ്തകത്തിലും അധ്യാപകസഹായികളിലും മറ്റു രേഖകളിലും വിദ്യാര്‍ഥി-അധ്യാപക സമൂഹത്തെ ഒന്നാകെ സൂചിപ്പിക്കാന്‍ വിദ്യാര്‍ഥിനി, ഗവേഷക, അധ്യാപിക എന്നിങ്ങനെ സ്ത്രീലിംഗ ശബ്ദം മാത്രം പ്രയോഗിക്കുക എന്നിവയായിരുന്നു അത്. ലവണതൈലം പുരട്ടിയാല്‍ കുടവയര്‍ കുറയുമായിരിക്കും...!
തീരുമാനമെടുക്കേണ്ട മേഖലകളില്‍ സ്ത്രീകളുടെ പ്രാതിനിധ്യക്കുറവ് ചൂണ്ടിക്കാട്ടുന്ന കെ.സി.എഫിന്റെ രൂപവത്കരണത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം മുപ്പത്തിയൊന്നില്‍ രണ്ടുപേര്‍ മാത്രമാണ്. അധ്യാപകസഹായികള്‍, പാഠപുസ്തക രചനാ സെമിനാര്‍ എന്നിവയില്‍ പൂര്‍ണമായ പുരുഷമേധാവിത്വം കാണാവുന്നതാണ്. 2009ലെ എട്ടാം ക്ലാസ് സാമൂഹികശാസ്ത്ര അധ്യാപകസഹായി ഉണ്ടാക്കിയ സമിതിയില്‍ പതിമൂന്നില്‍ പതിമൂന്നും പുരുഷന്മാരാണ്. അടിസ്ഥാനശാസ്ത്ര അധ്യാപകസഹായിക്ക് പിന്നില്‍ 26 പേരില്‍ രണ്ട് പേര്‍ മാത്രമാണ് സ്ത്രീകള്‍. 2010 ഗണിതാധ്യാപക സഹായിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച 13ല്‍ ഒരാളാണ് സ്ത്രീ. ഇത്രയും പ്രാതിനിധ്യം ലഭിച്ചതുതന്നെ അവര്‍ എസ്. സി.ഇ.ആര്‍.ടിയിലെ ജീവനക്കാരികള്‍ ആയതിനാലാണ്.
സത്യത്തില്‍ കേരള വിദ്യാഭ്യാസ ചരിത്രത്തില്‍ വിപ്ലവാത്മകമായ അധ്യായമായി മാറാവുന്ന പാഠ്യപദ്ധതിപരിഷ്‌കരണം ഇത്രത്തോളം പരിഹാസ്യമാക്കിയത് ചിലരുടെ സൈദ്ധാന്തിക പിടിവാശിയാണ്. പഴയതെല്ലാം പിന്തിരിപ്പനും അശാസ്ത്രീയവുമെന്ന് ധരിച്ചുവശായ അതിവിപ്ലവകാരികളുടെ ചെറിയ ബുദ്ധിക്ക് വലുതെന്ന് തോന്നിയതെല്ലാം നടപ്പാക്കാന്‍ അധികാരികള്‍ നിന്നുകൊടുത്തിടത്താണ് തെറ്റിന്റെ ഉറവിടം. മാനവികതാവാദവും ചേഷ്ടാവാദവും ജ്ഞാനനിര്‍മിത വാദവും പരസ്‌പരം ശത്രുപക്ഷത്താണെന്ന് വരുത്തി കൂട്ടത്തില്‍ മൂന്നാമത്തേതാണ്് എല്ലാതരം വിദ്യാഭ്യാസ വ്യവഹാരങ്ങള്‍ക്കും യോജ്യമെന്ന് ചിന്തിച്ചതാണ് കുഴപ്പം. ഇവ മൂന്നും വിദ്യാഭ്യാസ രീതിശാസ്ത്രത്തിന്റെ വിവിധ സമീപനങ്ങളാണെന്നും ഒന്നും കുറ്റമറ്റതോ പ്രയോജനരഹിതമോ അല്ലെന്നും മനസ്സിലാക്കണം.