
1916ല്‍ അയര്‍ലന്‍ഡില്‍നടന്ന വിപ്ളവത്തില്‍ റിപ്പബ്ളിക്കന്‍ കക്ഷി ഡബ്ളിനിലെ പോസ്റ്റ് ഓഫിസ് കൈയടക്കി അവിടെ ഒരു വയര്‍ലെസ് സ്റ്റേഷന്‍ സ്ഥാപിച്ച് ആ വാര്‍ത്ത പ്രക്ഷേപണം ചെയ്തുവെന്നും അതേസമയം, കടലില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന കപ്പല്‍ ആ വാര്‍ത്ത സ്വീകരിച്ച് അമേരിക്കയിലേക്ക് പ്രക്ഷേപണം ചെയ്തുവെന്നുമുള്ളതാണ് വാര്‍ത്താ പ്രക്ഷേപണ ചരിത്രത്തിന്‍െറ തുടക്കം. അവിടെനിന്ന് ബഹുദൂരം സഞ്ചരിച്ചാണ് റേഡിയോ എന്ന മാധ്യമം ചക്രവാളങ്ങള്‍ കീഴടക്കിയത്. അതിനായി പ്രയത്നിച്ചവരുടെ ചരിത്രപട്ടികയില്‍ കേരളത്തില്‍നിന്ന് ആര്‍. രാമചന്ദ്രനുണ്ട്. ‘ജീവസ്സുറ്റ ശബ്ദം’ അതൊന്നുകൊണ്ട് മാത്രമാണ് ഇദ്ദേഹം നേട്ടങ്ങളുടെ പടികള്‍ കയറിപ്പോയത്.
ജീവിതത്തിന്‍െറ ഏറിയപങ്കും വാര്‍ത്താ പ്രക്ഷേപണത്തിനായിട്ടാണ് രാമചന്ദ്രന്‍ ചെലവഴിച്ചത്. ദല്‍ഹി, കോഴിക്കോട്, തിരുവനന്തപുരം എന്നീ ആകാശവാണി നിലയങ്ങളിലും യു.എ.ഇയിലും വാര്‍ത്താ പ്രക്ഷേപണം വിജയകരമായി നിര്‍വഹിച്ച് അനേകായിരം ശ്രോതാക്കളുടെ പ്രിയശബ്ദമായി മാറാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ശബ്ദംകൊണ്ടുമാത്രം സമൂഹത്തില്‍ തിരിച്ചറിയപ്പെട്ട ഈ പ്രക്ഷേപകനെക്കുറിച്ചുള്ള ആമുഖം ഇവിടെ നിര്‍ത്തുന്നു. ‘ശബ്ദ ജീവിത’ത്തെക്കുറിച്ച് ഇനി രാമചന്ദ്രന്‍തന്നെ പറയും:
ഇവിടെ ജനിച്ചു ആഗ്രഹങ്ങള്‍
യൂനിവേഴ്സിറ്റി കോളജില്‍ പഠിക്കുമ്പോഴാണ് വാര്‍ത്താ പ്രക്ഷേപകനാകണമെന്ന ആഗ്രഹം തോന്നിത്തുടങ്ങിയത്. ആകാശവാണിയുടെ വാര്‍ത്താ പ്രക്ഷേപണം എന്നില്‍ ആവേശം ജനിപ്പിച്ചിരുന്നു. നിയോഗം ഇതാവുമെന്ന് മനസ്സ് പറഞ്ഞെങ്കിലും എന്നെപ്പോലെ ഒരാളിന് കടന്നുചെല്ലാന്‍ പറ്റാത്തത്ര ഉയരത്തിലാണ് പ്രക്ഷേപണ മേഖലയെന്ന തിരിച്ചറിവ് ആവേശത്തെ തണുപ്പിച്ചിരുന്നു. യൂനിവേഴ്സിറ്റി കോളജില്‍ അന്ന് കോളജ് ദിനാഘോഷങ്ങള്‍ നടക്കുകയായിരുന്നു. കലാമത്സരങ്ങള്‍ക്കിടയില്‍ ഓര്‍ക്കാപ്പുറത്തുവന്ന പ്രഖ്യാപനംകേട്ട് ഞാന്‍ ഞെട്ടി: ‘‘അടുത്ത പരിപാടി റേഡിയോ വാര്‍ത്തകള്‍.’’ പരിപാടി തുടങ്ങിയതോടെ എന്‍െറ ശ്രദ്ധമുഴുവന്‍ അതിലായി. ആകാശവാണി സ്റ്റൈലില്‍ കാമ്പസ് വാര്‍ത്തകള്‍ അവതരിപ്പിക്കുന്നു. ഗുപ്തന്‍ നായര്‍ സാറായിരുന്നു അതിനുപിന്നില്‍ പ്രവര്‍ത്തിച്ചത്. ഇതെനിക്കുമാകാമെന്ന തോന്നല്‍ അതോടെ ശക്തിപ്പെട്ടു. ആകാശവാണിയായിരുന്നു സ്വപ്നമെങ്കിലും ആദ്യം ജോലികിട്ടിയത് സംസ്ഥാന വൈദ്യുതിബോര്‍ഡിലെ ഗുമസ്തതസ്തികയില്‍. പൊരുത്തപ്പെടാന്‍ തീരെ കഴിയാത്ത ജോലി. ശ്വാസംമുട്ടലോടെ അഞ്ചുവര്‍ഷം അവിടെ കഴിച്ചുകൂട്ടി. ഇതിനിടയില്‍ ആകാശവാണിയുടെ എല്ലാ പരസ്യങ്ങള്‍ക്കും അപേക്ഷ അയക്കുന്നുണ്ടായിരുന്നു. വിളിച്ച ടെസ്റ്റുകളെല്ലാം എഴുതി. പലവട്ടം ഇന്‍റര്‍വ്യൂ കഴിഞ്ഞു. തെരഞ്ഞെടുത്തുവെന്ന അറിയിപ്പുകളും കിട്ടി. പക്ഷേ, ജോലിമാത്രം കിട്ടിയില്ല. ഒഴിവില്ല എന്ന പല്ലവിയാണ് പതിവായി കേട്ടത്. ഇതിനിടയില്‍, 1965ല്‍ അനൗണ്‍സര്‍മാരെ തെരഞ്ഞെടുക്കാനുള്ള ടെസ്റ്റ് എഴുതി. തുടര്‍ന്ന് ഇന്‍റര്‍വ്യൂവിനായി ആകാശവാണിയിലെത്തി. ശബ്ദപരിശോധനകഴിഞ്ഞ പത്തിരുപതാളുകള്‍ ഇന്‍റര്‍വ്യൂവിനായി കാത്തിരിപ്പുണ്ട്. സ്റ്റേഷന്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘമാണ് ഇന്‍റര്‍വ്യൂ നടത്തുന്നത്. അവസാനമാണ് എന്നെ വിളിച്ചത്. പരിചയപ്പെടലിനുശേഷം ഡയറക്ടറുടെ ചോദ്യംവന്നു: ‘‘ആരാണ് ഇപ്പോഴത്തെ വിദേശകാര്യമന്ത്രി? ’’ കേട്ടപാടെ ഉത്തരം നല്‍കി: ‘‘സര്‍ദാര്‍ സ്വരണ്‍സിങ്.’’ എനിക്കല്‍പം ധൈര്യംവന്നു. ‘‘ഇന്ന് വെള്ളിയാഴ്ച ഉച്ചക്ക് 12മണി, ഇതാ ഇപ്പോള്‍, ഈ സമയത്ത്, നമ്മുടെ വിദേശകാര്യമന്ത്രി എന്തുചെയ്യുകയാണെന്ന് പറയാമോ?’’ ഞാന്‍ നടുങ്ങിപ്പോയി. ശ്ശെടാ, ഇതു ഞാനെങ്ങനെ അറിയും? ഇന്നിപ്പോള്‍ മന്ത്രി എന്തുചെയ്യുകയാണെന്ന് നാളെ പത്രം വന്നാലല്ലേ അറിയൂ? ആകെ പകച്ചുപോയി. മന്ത്രി ഇപ്പോള്‍ എന്തുചെയ്യുകയാവും? പാര്‍ലമെന്‍റില്‍ പ്രസംഗിക്കുകയാണോ? അതോ മീറ്റിങ്ങിലാവുമോ? അതോ വീട്ടിലാണോ? ആര്‍ക്കറിയാം? ദയനീയഭാവത്തില്‍ ഡയറക്ടറെ നോക്കി. അദ്ദേഹം ചെറുചിരിയുമായി എന്‍െറ മുഖത്തുതന്നെ നോക്കിയിരിപ്പാണ്. ഒറ്റനിമിഷം! ഓര്‍മയില്‍ വെളിച്ചംവന്നു. രാവിലെ പത്രം നോക്കിയപ്പോള്‍ കണ്ണിലുടക്കിയ വാര്‍ത്ത ഓര്‍മയിലേക്ക് കയറിവന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന സര്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ മരിച്ച വിവരമായിരുന്നു ആ വാര്‍ത്ത. ഇന്ന് അന്ത്യകര്‍മങ്ങള്‍ നടക്കുകയാണ്. ഇന്ത്യയെ പ്രതിനിധാനംചെയ്ത് അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കുന്നത് വിദേശകാര്യമന്ത്രി സ്വരണ്‍ സിങ്ങാണ്. പെട്ടെന്ന് ഞാന്‍ പറഞ്ഞു: സാര്‍, സ്വരണ്‍ സിങ് ഇപ്പോള്‍ ലണ്ടനിലാണ്. വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്‍െറ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കുകയാണ്. സ്റ്റേഷന്‍ ഡയറക്ടര്‍ പൊട്ടിച്ചിരിച്ചു: ‘‘ഗുഡ്’’. പിന്നെ, വലിയ ചോദ്യങ്ങളൊന്നുമുണ്ടായില്ല. സെലക്ഷന്‍ കിട്ടി. പക്ഷേ, ജോലി എന്ന് കിട്ടുമെന്ന വിചാരത്തില്‍ നടക്കുന്നതിനിടെ അച്ഛനമ്മമാര്‍ എനിക്ക് വിവാഹാലോചന നടത്തുകയായിരുന്നു. അങ്ങനെ, 1965 ഏപ്രില്‍ ഏഴിന് എന്‍െറ വിവാഹം നടന്നു. വധു യൂനിവേഴ്സിറ്റി ഉദ്യോഗസ്ഥ വിജയലക്ഷ്മി. രണ്ടുദിവസത്തെ അവധിക്കുശേഷം ഒമ്പതാം തീയതി ഓഫിസില്‍ ചെന്നപ്പോള്‍ ആകാശവാണിയില്‍നിന്നുള്ള അനൗണ്‍സര്‍ നിയമന ഉത്തരവ് മേശപ്പുറത്തിരിക്കുന്നു. വലിയ ആഹ്ളാദം തോന്നി. അതിനിടെ, വീട്ടില്‍ സംഘര്‍ഷമായി. നിലവിലെ പെന്‍ഷനുള്ള നല്ല ജോലി ഉപേക്ഷിച്ച് ആകാശവാണിയിലെ കരാര്‍ പണിക്ക് പോകേണ്ടെന്ന് അച്ഛന്‍. അനിയനാണെങ്കില്‍ ചേട്ടന്‍ എന്ത് നിലപാടെടുത്താലും അനുകൂലം. വിജയലക്ഷ്മി ആകാശവാണിയില്‍ ചേരണമെന്ന് വാദിച്ചു. അങ്ങനെ 1965 ഏപ്രില്‍ 26ന് അനൗണ്‍സറായി ചേര്‍ന്നു. അന്ന് കാഷ്വല്‍ കരാറായിരുന്നെങ്കിലും പിന്നീട് പെന്‍ഷനബ്ള്‍ സര്‍വിസായി. രണ്ടുമാസം കഴിഞ്ഞപ്പോള്‍ ന്യൂസ് റീഡര്‍ നിയമനവും വന്നു. ദല്‍ഹിനിലയത്തിലാണ് നിയമനം. ആഗസ്റ്റ് 16ന് ദല്‍ഹി നിലയത്തിലെ മലയാളം യൂനിറ്റില്‍ ന്യൂസ് റീഡറായി ചേര്‍ന്നു. ജോലികിട്ടിയതിന്‍െറ ആവേശം കെട്ടടങ്ങാന്‍ വളരെ ദിവസം വേണ്ടിവന്നില്ല. പറിച്ചുനട്ടമാതിരിയായി ജീവിതം. നാട്ടിലേക്ക് സ്ഥലംമാറ്റത്തിന് വലിയ ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. വേക്കന്‍സി ഇല്ലാത്തതായിരുന്നു കാരണം. ദല്‍ഹി നിലയവുമായി പൊരുത്തപ്പെട്ടു വരുന്നതിനിടെ കോഴിക്കോട് വിഭാഗത്തില്‍ വാര്‍ത്താ വിഭാഗം തുടങ്ങുന്നതായി അറിഞ്ഞു. അങ്ങനെയെങ്കില്‍ ഒരു ന്യൂസ് റീഡറെ അങ്ങോട്ടയക്കാന്‍ സാധ്യതയുണ്ട്. കേട്ടപാട് ഡയറക്ടറേറ്റിലേക്ക് ഓടി. അപേക്ഷ കൊടുത്തു. യൂനിറ്റ് ചീഫിന്‍െറ ശിപാര്‍ശയോടെ 1996 ജൂലൈയില്‍ കോഴിക്കോട്ടേക്ക് വണ്ടികയറി. ഉറൂബ് എന്ന പി.സി. കുട്ടികൃഷ്ണന്‍ അന്നവിടെ പ്രൊഡ്യൂസറാണ്. പ്രസിദ്ധ സംഗീത സംവിധായകരായ കെ. രാഘവന്‍, പഴയന്നൂര്‍ പരശുരാമന്‍, കെ.വി. രാമചന്ദ്രന്‍, തിക്കോടിയന്‍, എന്‍.എന്‍. കക്കാട്, അക്കിത്തം, വിനയന്‍ തുടങ്ങി അനേകം പ്രശസ്തരായ കലാകാരന്മാര്‍ അന്ന് കോഴിക്കോട് നിലയത്തിലുണ്ടായിരുന്നു. 1969 ഡിസംബറില്‍ കോഴിക്കോട്ടുനിന്ന് തിരുവനന്തപുരം നിലയത്തിലേക്ക് മടങ്ങി. ഈ നിലയത്തില്‍ വാര്‍ത്താ പ്രക്ഷേപകനാകണമെന്ന ഒരുപാട് നാളത്തെ ആഗ്രഹം സഫലമാക്കിയപ്പോള്‍ മനസ്സ് നിറഞ്ഞു. എന്നെ ഞാനാക്കിയത് പിന്നീട്, ഈ നിലയംതന്നെയായിരുന്നു.
സംഘര്‍ഷങ്ങളും കണ്ണീരും
35 വര്‍ഷത്തോളംനീണ്ട പ്രക്ഷേപണ ജീവിതത്തില്‍ മറക്കാനാവാത്ത സംഭവങ്ങള്‍ നിരവധിയുണ്ട്. മാനസിക സമ്മര്‍ദവും ഏറെ പിരിമുറുക്കവും അനുഭവിക്കേണ്ടിവന്ന അത്തരത്തിലൊരു പ്രക്ഷേപണ സന്ദര്‍ഭത്തെക്കുറിച്ചാണ് ഇനി പറയുന്നത്.
പൊതുതെരഞ്ഞെടുപ്പ് കഴിഞ്ഞ്, ഭരണച്ചുമതല ഏറ്റെടുത്തുകഴിഞ്ഞാല്‍ പ്രധാനമന്ത്രി രാഷ്ട്രത്തോട് പ്രക്ഷേപണം ചെയ്യുക പതിവാണ്. 1976ലെ ചരിത്രപ്രധാനമായ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്ദിരഗാന്ധി മന്ത്രിസഭ പരാജയപ്പെട്ടു. മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരത്തില്‍വന്നു. മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തദിവസം വൈകുന്നേരം അറിയിപ്പുലഭിച്ചു; പ്രധാനമന്ത്രി പിറ്റേദിവസം രാവിലെ രാഷ്ട്രത്തെ അഭിസംബോധനചെയ്യുന്നുവെന്ന്. പ്രധാനമന്ത്രിയുടെ രാഷ്ട്രത്തോടുള്ള പ്രക്ഷേപണം ആകാശവാണിയുടെ ഏറ്റവും പ്രധാനപ്പെട്ട പരിപാടിയാണ്. രാവിലെ എട്ടുമണിക്ക് പരിപാടി തുടങ്ങും. പ്രധാനമന്ത്രിയുടെ പ്രസംഗത്തിനുപിന്നാലെ അതിന്‍െറ മലയാളം പരിഭാഷ തിരുവനന്തപുരം നിലയം പ്രക്ഷേപണം ചെയ്യണം. ഇംഗ്ളീഷിലുള്ള പ്രസംഗത്തിന്‍െറ പൂര്‍ണരൂപം. സാധാരണഗതിയില്‍ തലേദിവസംതന്നെ ദല്‍ഹിയില്‍നിന്ന് കിട്ടാറുണ്ട്. അത് നേരത്തേ പരിഭാഷപ്പെടുത്തി, റെക്കോഡ് ചെയ്തുവെച്ചാല്‍, പ്രസംഗത്തിനുപിന്നാലെ, ആ ടേപ് പ്ളേ ചെയ്താല്‍ മതിയാവും. പരിഭാഷയുടെയും പ്രക്ഷേപണത്തിന്‍െറയും ചുമതല സന്തോഷത്തോടെയാണ് ഏറ്റെടുത്തത്. പക്ഷേ, അന്ന് ഇംഗ്ളീഷിലുള്ള പ്രസംഗം നേരത്തേ എത്തിയില്ല. പ്രസംഗം അതിരാവിലെ വാര്‍ത്താ ഏജന്‍സി ടെലിപ്രിന്‍ററില്‍ അയക്കുമെന്ന സന്ദേശം മാത്രമേ വന്നുള്ളൂ. വെളുപ്പിനുവന്ന് പരിഭാഷ ചെയ്യേണ്ടിവരുമെന്നര്‍ഥം. അങ്ങനെ പുലര്‍ച്ചക്കു മുമ്പേ നിലയത്തിലെത്തി. നാലരയോടെ പ്രസംഗം ടെലിപ്രിന്‍ററിലൂടെ വരാന്‍ തുടങ്ങി. റോള്‍ പേപ്പര്‍ കീറി; കിട്ടിയ ടേക്കുകള്‍ അടുക്കിവെച്ച് എഴുതിത്തുടങ്ങി. ആദ്യത്തെ ടേക്കില്‍തന്നെ മുന്നറിയിപ്പ് അടിവരയിട്ട് ചേര്‍ത്തിട്ടുണ്ട്. രാവിലെ എട്ടിനുമുമ്പേ പ്രസിദ്ധീകരിക്കാനോ പ്രക്ഷേപണം ചെയ്യാനോ പാടില്ല. സഹോദരീസഹോദരന്മാരേ, എന്നുതുടങ്ങുന്ന ആദ്യവാക്യം എഴുതുമ്പോള്‍ മൊറാര്‍ജിയുടെ കനത്ത ശബ്ദം കാതില്‍ മുഴങ്ങുന്നുണ്ടായിരുന്നു. ആദ്യടേക്ക് എഴുതിക്കഴിഞ്ഞപ്പോള്‍ ഒരുകാര്യം വ്യക്തമായി. സംഗതി എളുപ്പമല്ല. ലളിതമായ ഭാഷയാണെങ്കിലും, ആശയങ്ങള്‍ വ്യക്തമാക്കാന്‍ യോജിച്ച മലയാള പദങ്ങള്‍ കണ്ടെത്താന്‍ വിഷമം. രണ്ടു ടേക്കുകള്‍ എഴുതിക്കഴിഞ്ഞപ്പോള്‍ മണി അഞ്ചര. തുടര്‍ന്നുള്ള ടേക്കുകള്‍ സെക്യൂരിറ്റി ഓഫിസര്‍ രാഘവന്‍പിള്ള കീറിക്കൊണ്ടുവന്നപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. ടേക്കുകളുടെ എണ്ണം കൂടുതല്‍. ഇത് പതിവില്ലാത്തതാണ്. രാവിലെ ആറരമണിയായപ്പോള്‍ നാലോ അഞ്ചോ ടേക്കു മാത്രമേ എഴുതിയിരുന്നുള്ളൂ. പക്ഷേ, ടേക്കുകള്‍ക്ക് അവസാനമില്ലെന്നുതോന്നി. അവ വന്നുകൊണ്ടേയിരുന്നു. കാലുകള്‍ വിറകൊള്ളുന്നുണ്ടോ എന്ന സംശയം. പക്ഷേ, കൈകള്‍ ചലിച്ചുകൊണ്ടിരുന്നു. ടേക്കില്‍നിന്ന് കണ്ണെടുക്കാന്‍ പറ്റുന്നില്ല. എഴുതുന്ന വാക്കുകളില്‍ കണ്ണോടിക്കാനും കഴിയുന്നില്ല. രാവിലെ എട്ടുമണിക്ക് പ്രധാനമന്ത്രിയുടെ പ്രസംഗം കേട്ടുകഴിഞ്ഞാല്‍, പരിഭാഷ കേള്‍ക്കാതിരുന്നാലുള്ള സ്ഥിതി ഊഹിക്കാന്‍ വയ്യ. ഉള്ളില്‍നിന്ന് തീനാളം പടര്‍ന്നുകയറി. ഏഴു മണിയായപ്പോള്‍ പത്തു ടേക്കുകള്‍ എഴുതിത്തീര്‍ന്നു. അപ്പോള്‍ നിലവിലുള്ള രാഷ്ട്രീയസാഹചര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു പ്രധാനമന്ത്രി. അടുത്ത അര മണിക്കൂറിനുള്ളില്‍ അദ്ഭുതമെന്തെങ്കിലും സംഭവിച്ചാലേ ഇത് പൂര്‍ത്തിയാക്കാന്‍ കഴിയൂ എന്നെനിക്ക് തോന്നി. അദ്ഭുതം തന്നെയാണ് സംഭവിച്ചത്, ഏതോ ഒരു ശക്തി, ദേഹമാസകലം പൊതിഞ്ഞുവെന്ന് തോന്നി. ഭ്രാന്തമായ വേഗതയില്‍ ബുദ്ധിയും കൈയും ചലിച്ചുകൊണ്ടിരുന്നു. പൊതുവെ എന്‍െറ കൈയക്ഷരം, പരമ ബോറാണ്, അത് വായിച്ചെടുക്കുക ഭീകരമായ അനുഭവമായിരിക്കും. ഇന്നത്തെ വേഗതയും വെപ്രാളവുംകൂടിയായപ്പോള്‍ വിശേഷമായി. എട്ടുമണിക്കുതന്നെ പ്രധാനമന്ത്രിയുടെ പ്രസംഗം റേഡിയോയില്‍ കേട്ടുതുടങ്ങി. ഇനി മൂന്നു ടേക്ക് കൂടി ബാക്കിയുണ്ട്. പ്രസംഗം നീളുമെന്നറിയാം. എഴുതാന്‍ ഇനി അരമണിക്കൂറെങ്കിലും വേണ്ടിവരും. എഴുതിയത് വായിച്ചുനോക്കാന്‍ പത്തു മിനിറ്റ് വേറെയും. ജീവന്‍ കൈയിലെടുത്തുപിടിച്ചമാതിരി എഴുതിയ കടലാസുകളും എഴുതാനുള്ള കടലാസും ഏജന്‍സി ടേക്കുകളുമായി സ്റ്റുഡിയോയിലേക്കു കയറി. മൈക്കിനു മുന്നില്‍ എഴുത്ത് തുടര്‍ന്നു. പ്രധാനമന്ത്രിയുടെ സ്വരം എനിക്ക് കേള്‍ക്കാം. പ്രസംഗം തീരുംമുമ്പ് എഴുത്ത് പൂര്‍ത്തിയാവുമെന്ന് ഉറപ്പില്ല. അന്തംവിട്ടുള്ള എഴുത്ത് തുടരുകയാണ്. സമയം 8.28. അവസാനഭാഗം പരിഭാഷപ്പെടുത്തുമ്പോള്‍, പ്രധാനമന്ത്രി ആ ഭാഗം വായിക്കുകയാണ്. പ്രധാനമന്ത്രിയുടെ പ്രസംഗം പൂര്‍ത്തിയായി. എന്‍െറ എഴുത്തും തീര്‍ന്നിരിക്കുന്നു. പക്ഷേ, എഴുതിയത് ഒന്നോടിച്ചുനോക്കാന്‍പോലും കഴിഞ്ഞിട്ടില്ല. എങ്കിലും, ഒരു വിശ്വാസത്തിന്‍െറ ബലത്തില്‍ മൈക്കിന്‍െറ ഫേഡര്‍ തുറന്നു. വികൃതമായ കൈയക്ഷരത്തിലുള്ള വാര്‍ത്ത വായിക്കാന്‍ തുടങ്ങി. പല വാക്കുകളും പ്രയോഗങ്ങളും കടലാസില്‍നിന്നല്ല, ഓര്‍മയില്‍നിന്നാണ് വായിച്ചത്. ആവര്‍ത്തനം വേണ്ടിവന്നില്ല. പ്രധാനമന്ത്രി 28 മിനിറ്റുകൊണ്ട് വായിച്ചുതീര്‍ത്ത പ്രസംഗം, ഏതാണ്ടത്രയും നേരംകൊണ്ട് പൂര്‍ത്തിയാക്കി. വായന മോശമായില്ലെന്ന അഭിപ്രായംകൂടി വന്നപ്പോള്‍ സത്യത്തില്‍ അഭിമാനം തോന്നി.
കൗതുക വാര്‍ത്തകള്‍
ജനതാപാര്‍ട്ടി കേന്ദ്രം ഭരിക്കുന്നകാലം. അന്നത്തെ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി പുരുഷോത്തം ലാല്‍ കൗശിക്കാണ് ‘ഹ്യൂമന്‍ ഇന്‍ററസ്റ്റ് ബുള്ളറ്റിന്‍’ എന്ന പുതിയൊരാശയം നടപ്പാക്കിയത്. പത്രങ്ങളോ മറ്റ് ഏജന്‍സികളോ നല്‍കുന്ന റിപ്പോര്‍ട്ടുകളില്‍നിന്ന് കൗതുകകരമായ വാര്‍ത്തകള്‍ കണ്ടെത്തി അവതരിപ്പിക്കലാണ് ‘ഹ്യൂമന്‍ ഇന്‍ററസ്റ്റ് ബുള്ളറ്റിന്‍’. ദല്‍ഹിയിലായിരുന്നു ഈ വാര്‍ത്ത തയാറാക്കിയിരുന്നത്. പിന്നീട്, രാജ്യത്തൊട്ടാകെയുള്ള മറ്റ് റേഡിയോ നിലയങ്ങളിലേക്ക് ഈ വാര്‍ത്ത ടെലിഗ്രാംവഴി എത്തിക്കും. തിരുവനന്തപുരം നിലയത്തിലും ഹ്യൂമന്‍ ഇന്‍ററസ്റ്റ് ബുള്ളറ്റിന്‍ പ്രക്ഷേപണം ചെയ്യാന്‍ ഒരുക്കങ്ങള്‍ തുടങ്ങി. അന്നേരം സ്റ്റേഷന്‍ ഡയറക്ടര്‍ക്കൊരു സംശയം, ബുള്ളറ്റിന് ജനകീയ വാര്‍ത്തകളെന്നോ ജനകൗതുക വാര്‍ത്തകളെന്നോ പേര്‍ നല്‍കിയാല്‍ പോരേ...? എങ്കില്‍ ഇതിലേത് പേര്‍ നല്‍കണം. ഞാന്‍ ഇടപെട്ടു: ‘‘ജനമെന്തിനാ സാര്‍, കൗതുക വാര്‍ത്തകള്‍ പോരെ...?’’ ‘‘മതി, ധാരാളം മതി’’ -ഡയറക്ടര്‍ ഇ.എം.ജെ. വെണ്ണിയൂര്‍ ചിരിച്ചു. അക്കാലത്ത് വാര്‍ത്താ വിഭാഗത്തിലുണ്ടായിരുന്ന സിനിമാ സംവിധായകന്‍ പത്മരാജനാണ് ‘കൗതുക വാര്‍ത്തകളു’ടെ ആദ്യ നറുക്ക് വീണത്. പിന്നെ, പ്രതാപന്‍െറ ഊഴമായി. താമസിയാതെ പ്രതാപനും ഒഴിഞ്ഞതോടെ ചുമതല എനിക്കായി. അങ്ങനെ, കൗതുകവാര്‍ത്തകള്‍ ഞാന്‍ അവതരിപ്പിക്കാന്‍ തുടങ്ങി. ദല്‍ഹിയില്‍നിന്ന് വരുന്ന ബുള്ളറ്റിന്‍ പരിഭാഷപ്പെടുത്തുമ്പോള്‍ വാമൊഴിവാക്കുകള്‍കൂടി ഉള്‍പ്പെടുത്തി നാടകീയമായി അവതരിപ്പിക്കാന്‍ തുടങ്ങിയതോടെ കൗതുകവാര്‍ത്തകള്‍ക്ക് ജീവന്‍ കൈവന്നു. കേള്‍വിക്കാരെ ആകര്‍ഷിച്ചു. അക്കാലത്ത് ഏറ്റവും കൂടുതല്‍ ജനപ്രീതി നേടിയ റേഡിയോ പരിപാടികളിലൊന്ന് കൗതുക വാര്‍ത്തകളായിരുന്നു. എന്‍െറ ശബ്ദം ഏറ്റവും കൂടുതല്‍ പേര്‍ തിരിച്ചറിഞ്ഞതും ഇഷ്ടപ്പെട്ടതും കൗതുകവാര്‍ത്തകളിലൂടെയായിരുന്നു. ആകാശവാണി വിട്ടുപോയിട്ടും ശ്രോതാക്കളുടെ ഇഷ്ടത്തിന് കുറവു വന്നില്ലെന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞത് അന്ന് ബഹ്റൈനില്‍നിന്ന് വന്ന ആ ഫോണ്‍കോളിലൂടെയായിരുന്നു. അക്കാലത്ത് ഗള്‍ഫ് റേഡിയോയില്‍ ജോലി ചെയ്തുവരുകയായിരുന്നു. ഫോണിലെ മറുതലക്കല്‍ അജ്ഞാതനായ ഒരു മലയാളിയായിരുന്നു. കാര്യംചോദിച്ചപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടി. അദ്ദേഹത്തിന്‍െറ ആവശ്യം വളരെ ലളിതം. നടപ്പാക്കാന്‍ കഴിയാത്തതാണെന്നുമാത്രം. അയാളെ നിരാശനാക്കിയതില്‍ ഇന്നും വിഷമമുണ്ട്. അന്ന്, ഗള്‍ഫ് റേഡിയോ കൗതുക വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്തിരുന്നു. പത്തുവര്‍ഷംമുമ്പ് ആകാശവാണിയുടെ തിരുവനന്തപുരം നിലയത്തില്‍ പ്രക്ഷേപണം ചെയ്ത മുട്ടനാടിന്‍െറ കഥ ഗള്‍ഫ് റേഡിയോയില്‍ ഒന്നുകൂടെ പറഞ്ഞുകേള്‍ക്കണമെന്നായിരുന്നു അയാളുടെ ആവശ്യം. ആത്മാര്‍ഥത തുളുമ്പുന്ന അയാളുടെ അഭ്യര്‍ഥന കേട്ടപ്പോള്‍ അത് സ്വീകരിക്കാന്‍ കഴിയുന്നില്ലല്ലോ എന്ന് വിഷമം തോന്നി. പത്തു വര്‍ഷംമുമ്പ് നടന്ന കാര്യം ഇപ്പോഴെങ്ങനെ പ്രക്ഷേപണം ചെയ്യും? നിസ്സഹായത പ്രകടിപ്പിച്ചപ്പോള്‍ അയാള്‍ക്ക് നിരാശ. ഫോണ്‍ വെച്ചപ്പോള്‍ ആ മുട്ടനാടിന്‍െറ കഥ ഉള്ളിലേക്ക് വീണ്ടും കടന്നുവന്നു.
തൃപ്പൂണിത്തുറ പ്രൈവറ്റ് ബസ്സ്റ്റാന്‍ഡാണ് രംഗം. രാവിലെ എട്ടിന് ‘ഗോമതി’യെന്ന പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ പിടിച്ചിട്ടു. കാത്തുനിന്ന യാത്രക്കാര്‍ തിക്കിക്കയറുന്നു. ഇതിനിടയില്‍ ഒരു യാത്രക്കാരന്‍മാത്രം ക്ഷമയോടെ അകന്നുമാറിനില്‍ക്കുന്നു. അവന് തിക്കും തിരക്കും ഇഷ്ടമല്ലെന്നു വ്യക്തം. കണ്ടക്ടര്‍ ഇടക്ക് വെളിയിലേക്ക് നോക്കി അവനോട് പറഞ്ഞു: ‘‘ബ്ടെ നിന്നോ, കേറ്റിക്കോളാം.’’ അതവനുമറിയാം. അവസാനം കേറ്റിക്കോളും. കണ്ടക്ടര്‍ക്കും യാത്രക്കാര്‍ക്കും അവന്‍ പ്രിയപ്പെട്ട യാത്രികനാണ്. മുട്ടനാടാണ് ആ കഥാപാത്രം. അവസാനം മാത്രം അവന്‍ ബസിനുള്ളില്‍ കടക്കും. നേരെ ചോറ്റാനിക്കരയിലേക്ക്. ക്ഷേത്രനടയില്‍ ബസ് നിര്‍ത്തുമ്പോള്‍ ആദ്യം ഇറങ്ങുന്നതും അവന്‍ തന്നെ. ‘അമ്മയെ’ കുമ്പിട്ടു വണങ്ങിയശേഷം ദേശഭരണം ആരംഭിക്കും. അവിടെ എല്ലാവരും അവന്‍െറ മിത്രങ്ങള്‍. ഇഷ്ടംപോലെ ആഹാരം. ഉച്ചക്ക് മരത്തണലില്‍ വിശ്രമം. വൈകുന്നേരം ആറിന് ‘ഗോമതി’ മടക്കയാത്രക്കെത്തുമ്പോള്‍ അവസാനത്തെ യാത്രക്കാരനായി അവനും കയറും. ഈ മുട്ടനാട് എവിടെനിന്ന് വരുന്നു, എവിടെപ്പോകുന്നു? ആര്‍ക്കും പിടിയില്ല. ടിക്കറ്റില്ലാ യാത്രക്കാരന്‍െറ കഥ ‘കൗതുക വാര്‍ത്തകളി’ല്‍ ഉള്‍പ്പെടുത്തി. ശ്രോതാക്കള്‍ക്ക് ‘കഥ’ വളരെയേറെ ഇഷ്ടപ്പെട്ടു. മുട്ടനാടിനെയും അവതാരകനായ ഈയുള്ളവനെയും അഭിനന്ദിച്ചുകൊണ്ട് നിരവധിപേര്‍ കത്തെഴുതി. എനിക്കും ഒട്ടൊരുപാട് സന്തോഷം തോന്നി. നല്ലൊരു കഥ ശ്രോതാക്കളെ കേള്‍പ്പിക്കാന്‍ കഴിഞ്ഞുവല്ലോ...? പക്ഷേ, ഒരു മാസത്തിനുശേഷം ലഭിച്ച ഒരെഴുത്ത് തീര്‍ത്തും അമ്പരപ്പിച്ചു. ‘‘മുട്ടനാടിന്‍െറ കഥ ഞങ്ങള്‍ കേട്ടു. സംഗതി സത്യം തന്നെ. ഇപ്പോഴവനെ കാണുന്നില്ല. ആരോ വകവരുത്തി. ഇറച്ചിക്കുതന്നെ.’’ കത്ത് വായിച്ച് സ്തംഭിച്ചിരുന്നു. കൗതുക വാര്‍ത്തകളായിരുന്നോ കൊലയാളിയുടെ ശ്രദ്ധ അവനില്‍ പതിപ്പിച്ചത്? ഈ കഥയാണ് ബഹ്റൈനില്‍നിന്ന് വിളിച്ച സുഹൃത്ത് ഒരിക്കല്‍കൂടി കേള്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടത്. അതിന് കഴിഞ്ഞില്ലെങ്കിലും ‘‘എന്തിനാ എനിക്ക് പ്രചാരണം തന്നതെ’’ന്ന ചോദ്യവുമായി ആ മുട്ടനാട് ഓര്‍മയില്‍നിന്ന് വീണ്ടും തലയാട്ടിവന്നു.
ശബ്ദം സാക്ഷി
വര്‍ഷങ്ങള്‍ക്കു മുമ്പൊരു വൈകുന്നേരത്താണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനിലേക്ക് കയറിച്ചെന്നത്. സ്റ്റേഷന്‍വളപ്പിലേക്ക് കാല്‍കുത്തിയപ്പോള്‍തന്നെ എന്തോ ഒരരുതായ്ക. സ്വീകരണം എങ്ങനെയാകുമെന്ന് നിശ്ചയം പോരാ. സ്റ്റേഷനുള്ളില്‍ വലിയ ശബ്ദം. ഇടതുവശത്തെ എസ്.ഐയുടെ മുറിയില്‍ ആരെയോ പെരുമാറുകയാണ്. ധൈര്യം സംഭരിച്ച് അകത്ത് കയറി. സുന്ദരനായ യുവാവാണ് എസ്.ഐ. എന്നെ കണ്ടെങ്കിലും കാണാത്ത മട്ടിലിരിക്കുകയണ് ഏമാന്‍. കുറച്ചുകഴിഞ്ഞപ്പോള്‍ പരുക്കന്‍ ചോദ്യംവന്നു:
‘‘എന്താ...?’’
‘‘ഒന്നു കാണാന്‍ വന്നതാണ്.’’
‘‘അതു മനസ്സിലായി... എന്താ കാര്യം?’’ ഒരു മയവും തോന്നിയില്ല. ഒടുവിലൊരു തുറുപ്പുചീട്ടിറക്കി.
‘‘ഞാന്‍ ആകാശവാണിയില്‍നിന്നാണ്.’’
‘‘വരൂ, ഇരിക്കൂ!’’ തുടക്കം ഗംഭീരമായി. ഉടന്‍ തന്നെ ഇരിപ്പിടം കൈയടക്കി.
‘‘അപ്പോ... എന്താ പേര്?’’ എസ്.ഐയുടെ ചോദ്യമായി.
പേരു പറഞ്ഞു. ഒപ്പം വന്ന കാര്യവും ചുരുക്കിപ്പറഞ്ഞു. ബന്ധുവായ യുവാവിനെ തലവേദനയുമായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുവന്നു. വഴിക്കുവെച്ച് അവന്‍ മരിച്ചു. അതറിയാതെ കൂടെയുള്ളവര്‍ ഒ.പിയില്‍ അഡ്മിറ്റ് ചെയ്തു. ഇപ്പോള്‍ ബോഡി മോര്‍ച്ചറിയിലാണ്. റിപ്പോര്‍ട്ട് പൊലീസിന് വന്നിട്ടുണ്ടെന്ന് തോന്നുന്നു.
‘‘സുരേഷ് അല്ലേ...? മലയിന്‍കീഴ്...?’’ മുന്നിലിരിക്കുന്ന കടലാസ് നോക്കി എസ്.ഐ ചോദിച്ചു.
‘‘റിപ്പോര്‍ട്ട് ഇപ്പോള്‍ കിട്ടിയതേയുള്ളൂ. ഉടനെ പോസ്റ്റ്മോര്‍ട്ടത്തിന് ഏര്‍പ്പാട് ചെയ്യാം.’’
‘‘അക്കാര്യം പറയാനാണ് വന്നത്. പോസ്റ്റ്മോര്‍ട്ടം ചെയ്യാതെ ബോഡി വിട്ടുതരണം. അവന്‍ മെനഞ്ചൈറ്റിസ് രോഗിയായിരുന്നു. കാറിലിരുന്ന് മരിച്ച കുട്ടിയെ എന്തിനാണ് പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നത്? ഒഴിവാക്കണം!’’
‘‘ഡെഡ്ബോഡി എന്തിന് അഡ്മിറ്റ് ചെയ്തു? തിരിച്ചുകൊണ്ടുപോകരുതായിരുന്നോ?’’ എസ്.ഐയുടെ മറുചോദ്യം.
‘‘അറിയാതെ പറ്റിപ്പോയതാണ്. മരിച്ചുവെന്ന സംശയമേ ഉണ്ടായിരുന്നില്ല.’’
‘‘വെരി സോറി രാമചന്ദ്രന്‍ സാര്‍. ചട്ടമില്ല, താങ്കള്‍തന്നെ സമ്മതിക്കുന്നല്ലോ മരിച്ചതായി തോന്നിയില്ലെന്ന്.’’
‘‘ഡോക്ടര്‍ നോക്കിയപ്പോഴേ അതറിഞ്ഞുള്ളൂ.’’
‘‘കേസ് ഷീറ്റില്‍ ‘ബ്രോട്ട് ഡെഡ്’ എന്നാണ്. മരണം സംശയാസ്പദം എന്നര്‍ഥം. അപ്പോള്‍ മരണകാരണം അറിയണം. പോസ്റ്റ്മോര്‍ട്ടം മസ്റ്റ്.’’
‘‘അയ്യോ, ഇത് സംശയമുള്ള കേസല്ല.’’
‘‘സംശയമില്ലെന്ന് താങ്കള്‍ പറയുന്നു. നാളെ ഇതുസംബന്ധിച്ച പരാതി വന്നാല്‍ ഞാനും സാറും തൂങ്ങും. അതുവേണോ?’’ ഞാന്‍ മിഴിച്ചിരുന്നു.
എന്‍െറ വിഷമം എസ്.ഐക്ക് മനസ്സിലായിരിക്കണം. അദ്ദേഹം പറഞ്ഞു: ‘‘ഞാന്‍ നിയമം പറഞ്ഞു. നിങ്ങള്‍ക്ക് വേണമെങ്കില്‍ ഒരു കാര്യം ചെയ്യാം. ഇതാ ഫോണ്‍. സിറ്റിയിലുള്ള ഏതെങ്കിലും പ്രമാണിയെ വിളിക്കുക. അദ്ദേഹം എന്നോട് പറയട്ടെ, ബോഡി വിട്ടുതരാന്‍. ഞാന്‍ വിട്ടുതരാം...’’ നന്ദിപൂര്‍വം എസ്.ഐയെ നോക്കി ഫോണെടുത്തു. മുഖ്യമന്ത്രി ഇ.കെ. നായനാരുടെ പി.എ കെ. മോഹനനെ വിളിച്ചു. കഥ കേട്ടുകഴിഞ്ഞപ്പോള്‍ മോഹനന്‍െറ ശബ്ദത്തിന്‍െറ ശക്തികുറഞ്ഞു. പോസ്റ്റ്മോര്‍ട്ടം നടക്കട്ടെ. അതാണ് നല്ലത്. ഫോണ്‍ വെച്ചു. അടുത്തവിളി വക്കം പുരുഷോത്തമനെ. വിവരം പറഞ്ഞപ്പോള്‍ ഇതിലെങ്ങനെ ഇടപെടുമെന്ന മറുപടി. പിന്നെയും ഒരുപാട് പേരെ വിളിച്ചു. അനുകൂല മറുപടി മാത്രം ലഭിച്ചില്ല. സഹായിക്കാന്‍ ആരുമില്ല. അടുപ്പക്കാരെന്ന് കരുതിയവര്‍ നിയമം പറയുന്നത് കേട്ടപ്പോള്‍ ഉള്ളുനൊന്തു. ഞാന്‍ ദയനീയമായി എസ്.ഐയെ നോക്കി. എന്‍െറ നീക്കങ്ങള്‍ അദ്ദേഹം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ‘‘സംഗതിയുടെ ഗൗരവം നേരില്‍ ബോധ്യമാകട്ടെയെന്ന് കരുതിയാണ് ഞാനതുപറഞ്ഞത്. ആരും താങ്കളെ സഹായിക്കാന്‍ പോകുന്നില്ല. ആരും റിസ്ക് എടുക്കില്ല.’’ ഒരു മിനിറ്റ് മൗനത്തിനുശേഷം എസ്.ഐ വീണ്ടും തുടര്‍ന്നു: ‘‘ഒന്നു ചോദിക്കട്ടെ, കൗതുക വാര്‍ത്തകള്‍ വായിക്കുന്ന രാമചന്ദ്രന്‍ താങ്കള്‍തന്നെയാണോ?’’ എനിക്ക് നന്നായി ദേഷ്യം വന്നു. കൗതുക വാര്‍ത്തകള്‍ പറയാന്‍കണ്ട നേരം.
എസ്.ഐ എഴുന്നേറ്റ് എന്‍െറ കൈകളില്‍ പിടിച്ചു: ‘‘രാമചന്ദ്രന്‍ സാര്‍, ഞാന്‍ രമേശ്കുമാര്‍, താങ്കളുടെ ഫാന്‍. താങ്കളുടെ കൗതുക വാര്‍ത്തകള്‍ എനിക്ക് ഹരമാണ്.’’ രമേശ് കുമാറിന്‍െറ കണ്ണുകള്‍ ആവേശത്താല്‍ തിളങ്ങി. ‘‘താങ്കളുടെ പ്രശ്നത്തിന് പരിഹാരമുണ്ട്. താങ്കളെ ഞാന്‍ സഹായിക്കും. എനിക്ക് മാത്രമേ അത് കഴിയൂ.’’ ‘‘നേരോ?’’ ഉള്ളിലെ തീയാറി. എസ്.ഐ പരിഹാരക്രിയ വിശദീകരിച്ചു: ‘‘പരിചയമുള്ള ഡോക്ടറെ ഉടനെ കാണുക. സുരേഷിനെ രാവിലെ കണ്ട് പരിശോധിച്ചിരുന്നെന്നും അവന്‍െറ നില മോശമായിരുന്നെന്നും അതിനാല്‍ ആശുപത്രിയിലേക്കയച്ചെന്നും സര്‍ട്ടിഫിക്കറ്റെഴുതിക്കണം. വേറെ വഴിയില്ല.’’ എന്‍െറ ആവേശം കെട്ടുപോയി. രോഗിയെ കാണാതെ ഏത് ഡോക്ടര്‍തരും സര്‍ട്ടിഫിക്കറ്റ്? അന്നേരം ഡോ. രാമചന്ദ്രന്‍െറ പേര്‍ മനസ്സിലേക്ക് പൊടുന്നനെ കടന്നുവന്നു. ചെറിയ പരിചയമേയുള്ളൂ. എന്നാലും നോക്കാം. കണ്ടയുടനെ ഹാര്‍ദമായ സ്വാഗതം. ‘‘വാര്‍ത്തകളെന്താ ഈ വഴി? വരണം. വരണം’’ മുഖവുര കൂടാതെ ഒറ്റശ്വാസത്തില്‍ കഥ പറഞ്ഞുതീര്‍ത്തു. മറ്റൊന്നും ചോദിക്കാതെ പത്തുമിനിറ്റിനകം അദ്ദേഹം സര്‍ട്ടിഫിക്കറ്റ് തന്നു. എനിക്കൊരക്ഷരം ഉരിയാടാന്‍ കഴിഞ്ഞില്ല. ആ വലിയ ഹൃദയത്തിനു മുന്നില്‍ നിറഞ്ഞകണ്ണുകളുമായി നിന്നു. അദ്ദേഹം തോളില്‍തട്ടി ആശ്വസിപ്പിച്ചു. ‘‘സാരമില്ല. വേഗം പോയി ബോഡി ഏറ്റുവാങ്ങൂ.’’ സ്റ്റേഷനില്‍ മടങ്ങിയെത്തിയപ്പോള്‍ എസ്.ഐ ഇല്ല. പക്ഷേ, എന്‍െറ കാര്യം നോക്കാന്‍ എ.എസ്.ഐയെ പ്രത്യേകം പറഞ്ഞേല്‍പിച്ചിരുന്നു. മൃതദേഹം വിട്ടുകിട്ടാനുള്ള ഉത്തരവുമായി ആശുപത്രിയിലേക്കോടി. മൃതദേഹം വിട്ടുകിട്ടാന്‍ ആര്‍.എം.ഒ ഇല്ല. ആര്‍.എം.ഒയെ കണ്ടെത്തി റിലീസ് ഓഡര്‍ വാങ്ങിയപ്പോള്‍ മണി അഞ്ച്. മോര്‍ച്ചറി അടച്ചു. ഇനി നാളെ രാവിലെ. വാച്ചറോട് കാര്യംപറഞ്ഞെങ്കിലും ടെക്നീഷ്യന്‍ വരാതെ കാര്യം നടക്കില്ലെന്ന് തീര്‍ത്തുപറഞ്ഞു. ‘‘നടക്കാത്ത കാര്യം നടത്തിയാ ഞാന്‍ വന്നേക്കുന്നേ. ബോഡിയുംകൊണ്ടേ ഞാനിന്ന് പോകൂ.’’ കടക്കണ്ണുകൊണ്ട് ഒരു വേലയും കാണിച്ചു കൊടുത്തു. വിടര്‍ന്ന ചിരിയോടെ വാച്ചര്‍ എഴുന്നേറ്റു. സുരേഷിന്‍െറ വിറങ്ങലിച്ച ശരീരം ഹൃദയഭാരത്തോടെ ഞാന്‍ ഏറ്റുവാങ്ങി.
മാധ്യമ വിജയം
1993 ആഗസ്റ്റിലാണ് ഞാന്‍ ഗവ. സര്‍വിസില്‍നിന്ന് പെന്‍ഷന്‍പറ്റി പിരിയുന്നത്. ഏത് ഉദ്യോഗസ്ഥന്‍െറയും ജീവിതത്തിലെ പ്രധാന വഴിത്തിരിവ്. തിരക്കുപിടിച്ച ദിനചര്യക്ക് പെട്ടെന്ന് മാറ്റം. ഒറ്റദിവസംകൊണ്ട് വമ്പിച്ച പരിവര്‍ത്തനം. പെന്‍ഷന്‍ തീയതിക്ക് നാലോ അഞ്ചോ ദിവസംമുമ്പ് ഒരു ചെറുപ്പക്കാരന്‍ വീട്ടിലേക്ക് കയറിവന്നു. മാധ്യമത്തില്‍ നിന്നാണ്, പേര്‍ രാജ്മോഹനെന്ന് പരിചയപ്പെടുത്തി. പെന്‍ഷന്‍പറ്റുന്ന വാര്‍ത്താ പ്രക്ഷേപകനെ ഇന്‍റര്‍വ്യൂ ചെയ്യാനാണ് അയാള്‍ വന്നതെന്നറിഞ്ഞപ്പോള്‍ അദ്ഭുതപ്പെട്ടുപോയി. ബ്യൂറോ ചീഫ് വയലാര്‍ ഗോപകുമാറിന്‍െറ ഡയറിയില്‍ താങ്കളുടെ പെന്‍ഷന്‍ തീയതി കുറിച്ചിട്ടിരുന്നെന്നും അദ്ദേഹത്തിന്‍െറ നിര്‍ദേശമനുസരിച്ചാണ് വന്നതെന്നും രാജ്മോഹന്‍ പറഞ്ഞു.
‘രാമചന്ദ്രന്‍ ഇനി വായിക്കുന്നില്ല’ എന്ന ബാനര്‍ തലക്കെട്ടുമായാണ് ജൂലൈ 29ന് മാധ്യമം പുറത്തിറങ്ങിയത്. വലിയൊരു ചിത്രവും അകംപേജിലേക്ക് നീളുന്ന വലിയ റിപ്പോര്‍ട്ടും. രാവിലെ ഫോണ്‍വിളികളുടെ ബഹളം. സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍, പത്രലേഖകര്‍. ഇതിനിടയില്‍ മനോരമയില്‍നിന്ന് ജോണി ലൂക്കോസിന്‍െറ പരിഭവം കലര്‍ന്ന അന്വേഷണം. ‘‘രാമചന്ദ്രന്‍ സാറേ, മനോരമയിലായിരുന്നില്ലേ ഇതാദ്യം വരേണ്ടിയിരുന്നത്?’’ നടന്ന കാര്യം ജോണിയോടു പറഞ്ഞു. അന്നുതന്നെ ജോണി വീട്ടിലെത്തി ഇന്‍റര്‍വ്യൂ എടുത്തു. പിന്നെല്ലാ പത്രങ്ങളിലും വാര്‍ത്ത വന്നു. കേരളത്തിലെ ഏതെങ്കിലും ഗവ. ഉദ്യോഗസ്ഥന്‍ പെന്‍ഷന്‍ പറ്റുമ്പോള്‍ ഇത്തരത്തില്‍ പ്രസ് കവറേജ് കിട്ടിയിട്ടുണ്ടെന്ന് തോന്നുന്നില്ല. സംസ്ഥാനത്തെ പത്രങ്ങള്‍ മികച്ച കവറേജാണ് എനിക്ക് നല്‍കിയത്. ‘‘ഈ ജോലിക്ക് ഇത്ര വലിയ കവറേജ് എങ്ങനെ കിട്ടി’’യെന്ന് പല ഉദ്യോഗസ്ഥരും ചോദിച്ചിരുന്നു.
ഈ ‘കവറേജ്’ ജീവിതത്തിന്‍െറ വഴിത്താര മാറ്റിമറിച്ചു. ഒട്ടും പ്രതീക്ഷിക്കാത്ത ഗതിമാറ്റമാണുണ്ടാക്കിയത്. ഗള്‍ഫിലെ റാസല്‍ ഖൈമ റേഡിയോ പ്രക്ഷേപണ സര്‍വിസ് നടത്താന്‍ പ്രഫഷനലിനെ തേടിക്കൊണ്ടിരുന്ന സമയത്താണ് എന്നെക്കുറിച്ച് പത്രങ്ങളില്‍ വലിയ റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരുന്നത്. ഇത് കാണാനിടയായ റോഡിയോയുടെ മുഖ്യ സംഘാടകന്‍ അബ്ദുല്ല എന്നെത്തേടി കേരളത്തിലെത്തി. ആദ്യം താല്‍പര്യം കാട്ടിയില്ലെങ്കിലും അബ്ദുല്ലയുടെ സ്നേഹപൂര്‍ണമായ നിര്‍ബന്ധത്തിനും പ്രേരണക്കും വഴങ്ങി. എമിറേറ്റ്സുകളില്‍ മലയാള പ്രക്ഷേപണം ആദ്യമായി ആരംഭിച്ചത് റാസല്‍ഖൈമയിലാണ്. ഖുര്‍ആന്‍ വചനങ്ങള്‍, നാടകം, ചിത്രീകരണം, ചലച്ചിത്രഗാനം തുടങ്ങി വൈവിധ്യമാര്‍ന്ന അനേകം പരിപാടി ആര്‍.എ.കെ റേഡിയോ പ്രക്ഷേപണം ചെയ്തിരുന്നു. അവസാനം നാട്ടിലെ വാര്‍ത്തകളും. കെ.പി. അബ്ദുല്ലയായിരുന്നു മുഖ്യ സംഘാടകന്‍. ദുബൈയില്‍ അബ്ദുല്ലയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്റ്റുഡിയോയിലാണ് പരിപാടികള്‍ റെക്കോഡ് ചെയ്തിരുന്നത്. 50 മിനിറ്റ് നേരത്തെ പരിപാടികള്‍ റെക്കോഡ് ചെയ്ത ടേപ്പുകള്‍ എല്ലാ ദിവസവും റാസല്‍ഖൈമയിലേക്കെത്തിക്കുകയായിരുന്നു പതിവ്. അവ പ്ളേ ചെയ്യുകയും അവസാനത്തെ പത്തുമിനിറ്റ് വാര്‍ത്തകള്‍ ‘ലൈവായി’ പ്രക്ഷേപണം ചെയ്യുകയുമായിരുന്നു പതിവ്. വാര്‍ത്താ പ്രക്ഷേപണത്തിനായി എനിക്ക് റാസല്‍ ഖൈമയില്‍ താമസിക്കേണ്ടിവന്നു. ആഴ്ചയില്‍ മൂന്നോ നാലോ ദിവസം മറ്റ് പരിപാടികള്‍ തയാറാക്കാനും റെക്കോഡു ചെയ്യാനുമായി ദുബൈയിലെ സ്റ്റുഡിയോയില്‍ പോകേണ്ടിയിരുന്നു. യു.എ.ഇ റേഡിയോ മലയാള പ്രക്ഷേപണ പരിപാടിയുടെ ഉള്ളടക്കത്തിലും അവതരണത്തിലും ഗുണപരമായ മാറ്റംവരുത്താന്‍ കഴിവതു ശ്രമിച്ചുവെന്നാണ് എന്‍െറ വിശ്വാസം. കേരളത്തിലെ വാര്‍ത്തകളറിയാന്‍ അന്ന് ഗള്‍ഫില്‍ റേഡിയോ അല്ലാതെ മറ്റ് മാര്‍ഗങ്ങളുണ്ടായിരുന്നില്ല. വലിയ ട്രക്കുകള്‍ ഉള്‍പ്പെടെയുള്ള വാഹനമോടിക്കുന്ന മലയാളികള്‍ വാര്‍ത്തയുടെ സമയമാകുമ്പോള്‍ വണ്ടികള്‍ വഴിയരികില്‍ ഒതുക്കും. വാര്‍ത്ത തുടങ്ങുന്നതോടെ വാഹനത്തിന് ചുറ്റും ജനക്കൂട്ടം തന്നെ രൂപപ്പെടും.
കെ.പി.കെ. വേങ്ങര ഉള്‍പ്പെടെ നിരവധി പേര്‍ ഇതിനിടയില്‍ വലിയ സുഹൃത്തുക്കളായി മാറി. ആത്മാര്‍ഥതയും കൂറുമുള്ള വലിയൊരു സംഘം സുഹൃത്തുക്കളെ ലഭിച്ചത് ജീവിതത്തിലെ പ്രധാന നേട്ടമായി തോന്നി. ഇതിനിടെ ആര്‍.എ.കെ റേഡിയോ മലയാളം പരിപാടി നടത്തുന്ന കമ്പനി നഷ്ടത്തിലോടുകയാണെന്ന് ശ്രുതിപരന്നു. ഒരിന്ത്യന്‍ കമ്പനി പ്രക്ഷേപണത്തിന്‍െറ ചുമതല ഏറ്റെടുക്കുകയാണെന്നും ഇല്ലെന്നുമുള്ള കിംവദന്തികള്‍ക്കിടയില്‍ കുറെനാള്‍ നീങ്ങി. ഈ സാഹചര്യത്തില്‍ ഗള്‍ഫില്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്ന് തോന്നി. അങ്ങനെ 1996 ഏപ്രില്‍ 30ന് ഞാനും ഭാര്യയും യു.എ.ഇ വിട്ടുപോന്നു.
ശബ്ദം വിജയിച്ചുകൊണ്ടിരുന്നു
ഇനി വിശ്രമം എന്ന ധാരണയിലാണ് ഗള്‍ഫില്‍നിന്ന് മടങ്ങിയത്. പക്ഷേ, അധികം വൈകാതൊരു പുലര്‍ച്ചക്ക് ഗള്‍ഫില്‍നിന്ന് കെ.പി.കെ. വേങ്ങരയുടെ വിളി വന്നു. ഉം അല്‍ക്വയിന്‍ റേഡിയോ മലയാള വിഭാഗത്തിന്‍െറ പ്രോഗ്രാം ഡയറക്ടറായി നിയമിതനായെന്നും ഞാന്‍കൂടി ജോലിക്കായി അങ്ങോട്ട് ചെല്ലണമെന്നുമാണ് വേങ്ങരയുടെ ആവശ്യം. അന്നത്തെ സാഹചര്യത്തില്‍ വീണ്ടും ഗള്‍ഫിലേക്ക് പോകാനുള്ള ക്ഷണം സ്വീകരിക്കാന്‍ എനിക്ക് കഴിയുമായിരുന്നില്ല. അസൗകര്യം അറിയിച്ചപ്പോള്‍ ആ ടെലിഫോണ്‍ സംഭാഷണം മറ്റൊരുവഴിക്ക് തിരിഞ്ഞു. റേഡിയോയുടെ കേരള ലേഖകനായി സാറിനെ നിയമിക്കാം. വാര്‍ത്തകള്‍ എല്ലാ ദിവസവും ഉച്ചയോടെ ഫാക്സ് വഴി ഷാര്‍ജയിലെ സ്റ്റുഡിയോയില്‍ എത്തിച്ചാല്‍ മതി. വായിക്കാന്‍ മറ്റാരെയെങ്കിലും ചുമതലപ്പെടുത്താം. ഈ നിര്‍ദേശം ആഹ്ളാദപൂര്‍വം ഞാന്‍ സ്വീകരിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ നിയമന ഉത്തരവും ഫാക്സ് മെഷിനും അയച്ചുകിട്ടി. പിന്നീട്, വീട്ടിലിരുന്നുതന്നെ വാര്‍ത്തകള്‍ തയാറാക്കി ഫാക്സ് അയക്കാന്‍ തുടങ്ങി. ശ്രോതാക്കളുടെ ആവശ്യം പരിഗണിച്ച് താമസിയാതെ റേഡിയോ കമ്പനി രണ്ടാമതൊരു ചാനല്‍കൂടി മലയാളം പരിപാടിക്ക് ഏര്‍പ്പെടുത്തി. പുതിയ ഫ്രീക്വന്‍സി മോഡുലേഷന്‍ ചാനല്‍! എഫ്.എം ചാനലില്‍ മറ്റ് പരിപാടികളോടൊപ്പം വാര്‍ത്തകളും വേണമെന്നായി. ഇതുസംബന്ധിച്ച് വേങ്ങരയുമായി ടെലിഫോണ്‍ ചര്‍ച്ച നടത്തി. പുതിയ ചാനലില്‍ അഞ്ചോ ആറോ മിനിറ്റ് മാത്രം നീണ്ടുനില്‍ക്കുന്ന വാര്‍ത്താ ബുള്ളറ്റിന്‍. അതില്‍ ഏറ്റവും പുതിയ വാര്‍ത്തകള്‍ മാത്രം. അതും എന്‍െറ ശബ്ദത്തില്‍തന്നെ വേണം. ചര്‍ച്ചയില്‍ അവസാനം പറഞ്ഞതായിരുന്നു ഏറ്റവും വലിയ പ്രത്യേകത. തികച്ചും പുതിയ പരീക്ഷണം! ബുള്ളറ്റിന്‍ പൂര്‍ണമായി വീട്ടിലിരുന്ന് തയാറാക്കി ടെലിഫോണില്‍ വായിച്ചുകൊടുക്കുകയാണ് വേണ്ടത്. ഷാര്‍ജയിലെ സ്റ്റുഡിയോയില്‍ അതേസമയം, റെക്കോഡു ചെയ്യുന്നു. റെക്കോഡിങ്ങിന് ഒരു കുഴപ്പവുമില്ല. വളരെ വ്യക്തം. വീടിനടുത്തെങ്ങാനും കോഴി കൂവുകയോ പട്ടി കുരക്കുകയോ ചെയ്താല്‍ അത് ഷാര്‍ജയില്‍ പ്രതിധ്വനിക്കുമെന്ന് മാത്രം. അങ്ങനെ അന്യശബ്ദമെങ്ങാനും കടന്നുവരുകയോ എന്‍െറ ശബ്ദംതന്നെ വ്യക്തമാകാതിരിക്കുകയോ ചെയ്താല്‍ അത്രയും ഭാഗം ഒന്നുകൂടി വായിക്കേണ്ടി വരും. ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് ഷാര്‍ജാ സ്റ്റുഡിയോ ലൈനില്‍ വരുന്നു. അപ്പോഴേക്കും ഞാന്‍ ബുള്ളറ്റിന്‍ തയാറാക്കിയിട്ടുണ്ടാവും. ഏറ്റവും അവസാനത്തെ വാര്‍ത്തകൂടി ചേര്‍ക്കണമെന്നുള്ളതിനാല്‍ ഉച്ചക്ക് ഒരു മണിക്കുശേഷം മാത്രമേ ബുള്ളറ്റിന്‍ തയാറാക്കി തുടങ്ങുകയുള്ളൂ. രാവിലെ പത്തു മണിയോടെ ആരംഭിക്കുന്ന മെയിന്‍ ചാനല്‍ ബുള്ളറ്റിന്‍െറ പണി അപ്പോള്‍ തീര്‍ന്നിരിക്കില്ല. ഫാക്സ് ചെയ്യാനുള്ള ആ ബുള്ളറ്റിന്‍െറ ജോലി രണ്ടു മണി കഴിഞ്ഞ് എഫ്.എം ബുള്ളറ്റിന്‍ അയച്ചതിനുശേഷം തുടരുകയായിരുന്നു പതിവ്. ആകപ്പാടെ നല്ല തിരക്കിട്ട പണി. തിരക്കുകൂട്ടാന്‍ ഞാന്‍ ഒരാളെയുള്ളൂ എന്നതാണ് രസം. ബുള്ളറ്റിന്‍െറ എഡിറ്ററും റിപ്പോര്‍ട്ടറും പരിഭാഷകനും പരിശോധകനും സബ് എഡിറ്ററും ശിപായിയുമൊക്കെ ഞാന്‍ തന്നെ. അത്യന്തം ആകര്‍ഷകവും ആവേശകരവും പുതുമയാര്‍ന്നതുമായിരുന്നു ടെലിഫോണ്‍ പ്രക്ഷേപണം. ഗള്‍ഫ് മേഖലയില്‍ വലിയൊരു വിഭാഗം ശ്രോതാക്കള്‍ ധരിച്ചത് ഞാന്‍ വീണ്ടും ഗള്‍ഫിലെത്തിയെന്നാണ്. കാരണം, ബുള്ളറ്റിന്‍ കേട്ടാല്‍ അങ്ങനെ തോന്നിപ്പോകുമായിരുന്നു. ശ്രോതാക്കള്‍ ഈ പുതിയ സംവിധാനത്തെ സ്വാഗതംചെയ്തു. വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസവും തിരക്കുള്ള പണിയാണ്. നഗരംവിട്ട് എങ്ങോട്ടും പോകാന്‍ കഴിഞ്ഞിരുന്നില്ല. അത്യാവശ്യങ്ങള്‍ക്ക് മറ്റിടങ്ങളിലേക്ക് പോകേണ്ടിവന്ന സന്ദര്‍ഭങ്ങളില്‍ അവിടങ്ങളിലെ എസ്.ടി.ഡി ബൂത്ത് കണ്ടെത്തി പബ്ളിക് ഫോണ്‍ വഴി വാര്‍ത്തകള്‍ വായിക്കേണ്ടി വന്നിട്ടുണ്ട്. ടെലിഫോണ്‍ വഴിയുള്ള വാര്‍ത്താ പ്രക്ഷേപണം 1998 ഡിസംബര്‍വരെ നീണ്ടുനിന്നു. ഇന്‍റര്‍നെറ്റ് സംവിധാനം നിലവില്‍വന്നതോടെ വാര്‍ത്തകള്‍ നേരത്തേതന്നെ ഷാര്‍ജയില്‍ കിട്ടുമെന്നതുകൊണ്ടാണ് ഈ സംവിധാനം നിര്‍ത്തിയത്.
വാര്‍ധക്യം ശരീരത്തില്‍ മാറ്റങ്ങള്‍ വരുത്തിയെങ്കിലും രാമചന്ദ്രന്‍െറ ‘ശബ്ദ’ത്തിനു മാത്രം ഇന്നും പതര്‍ച്ചയില്ല. ‘സാക്ഷി’ ഉള്‍പ്പെടെ ടെലിവിഷന്‍ ചാനലുകളിലെ നിരവധി വാര്‍ത്താധിഷ്ഠിത പരിപാടികള്‍ക്ക് രാമചന്ദ്രന്‍ ഇതിനിടെ ‘ശബ്ദം’ പകര്‍ന്ന് ജീവന്‍ നല്‍കിയിരുന്നു.