പാട്ടു കഴിഞ്ഞു വിളക്കുകള്‍ കെട്ടുപോയി | Madhyamam Weekly
Weekly


പാട്ടു കഴിഞ്ഞു വിളക്കുകള്‍ കെട്ടുപോയി

മനോജ് കുറൂര്‍

മെഹ്ദി ഹസനെ ഞാന്‍ നേരില്‍ കണ്ടിട്ടില്ല; കോട്ടക്കലും കോഴിക്കോട്ടും വന്നപ്പോള്‍പ്പോലും. പക്ഷേ, രണ്ടു പതിറ്റാണ്ടിലേറെയായി ആര്‍ദ്രമായ ആ പുരുഷശബ്ദം എന്നോടൊപ്പമുണ്ട്. ആരാധകര്‍ പറയുംപോലെ അദ്ദേഹത്തിന്‍െറ സ്വരം ദൈവത്തിന്‍േറതായിരുന്നെങ്കില്‍ അശരീരിയായിത്തന്നെയാണ് ഞാനതു കേട്ടത്. കുറച്ചുകാലമായി അദ്ദേഹത്തിന്‍െറ രോഗത്തെപ്പറ്റി സംഗീതപ്രേമികള്‍ക്കൊപ്പം ഉത്കണ്ഠപ്പെട്ടപ്പോഴും ഞാന്‍ കേട്ടുകൊണ്ടിരുന്ന നാദത്തിന് ഒരിക്കലും പ്രായമോ അവശതയോ തീണ്ടിയിരുന്നില്ല. മൗനത്തില്‍നിന്ന് പെട്ടെന്നെഴുന്നേറ്റ് ‘‘സിന്ദഗീ മേം തു സഭീ’’ എന്നൊരു ഗസല്‍ പാടിത്തുടങ്ങുമെന്ന് ഞാനും വെറുതേ പ്രതീക്ഷിച്ചിരുന്നു.

സ്വന്തം സാഹചര്യങ്ങള്‍മൂലമാവാം ക്ളാസിക്കല്‍ സംഗീതത്തോട് മാത്രമാണ് ചെറുപ്പത്തില്‍ ആവേശമുണ്ടായിരുന്നത്. അതിനൊപ്പം ജനപ്രിയസംഗീതരൂപങ്ങളോട് ഒരു അകല്‍ച്ചയും അന്ന് അറിഞ്ഞോ അറിയാതെയോ വന്നുചേര്‍ന്നിരുന്നു. പക്ഷേ, പഠനകാലത്തൊരിക്കല്‍ സുരേഷ് എന്ന സുഹൃത്തിന്‍െറ സംഗീതം മാത്രമുള്ള ചെറിയ മുറിയിലിരുന്ന് ആദ്യമായി മെഹ്ദി ഹസനെ കേട്ടു. തരിച്ചുപോയി എന്നല്ലാതെ ആ അനുഭവത്തെപ്പറ്റി മറ്റൊന്നും പറയാനാവുന്നില്ല. ബൃഗകളും ഗമകങ്ങളും ഒന്നിനു പിറകേ ഒന്നായി നിരന്ന് തിരമാലപോലെ നിലക്കാത്ത സംഗതികളുമായി രാഗാലാപനത്തിന്‍െറ ക്ളാസിക്കല്‍ കരുത്ത് ഒരു വശത്ത്. ഇത്രയൊക്കെയാകുമ്പോഴും അനായാസത കൈവിടാതെ ഓരോ വാക്കിലും ഭാവങ്ങളൊരുക്കിവെച്ചുകൊണ്ട് ആഴ്ന്നിറങ്ങുന്ന തീവ്ര വൈകാരികത മറുവശത്ത്. പല ഗസലുകള്‍ പിന്നിട്ട് കേള്‍വി ‘‘ജഹാം ജാ കേ ചേന്‍ സേ മര്‍ സകും’’ എന്ന ഗാനത്തിലത്തെി.

‘‘മുത്സേ തൂ നെ ദര്‍ദ് ദിയാ ഹെ വോ
ന ബതാ സകും ന ഛുപാ സകും’’
എന്ന വരിയായതോടെ മറന്നുതുടങ്ങിയ പല മുറിവുകളും വീണ്ടും ഉണര്‍ന്ന് ഞാനിവിടത്തെന്നെയുണ്ട് എന്ന് ഓര്‍മിപ്പിച്ചുതുടങ്ങി. അതോടെ മെഹ്ദി ഹസന്‍ എന്‍െറ കൗമാരമായി.
പിന്നീടുള്ളകാലത്തും ആ നാദത്തിന്‍െറ  അദൃശ്യമായ വിരലുകള്‍ ഹൃദയത്തിനു നേര്‍ക്കുതന്നെ നീണ്ടു. ഗസലിന്‍െറ  രൂപപരമായ നൂലാമാലകളോ ഉര്‍ദുവോ വേണ്ടത്ര അറിയാതെതന്നെ അത് മറ്റൊരു ഭാഷയായി തുടര്‍ന്നും കേട്ടുകൊണ്ടിരുന്നു. മെഹ്ദിയെ ഹൃദയത്തിന്‍െറതന്നെ ഭാഷയായി തിരിച്ചറിഞ്ഞ ഇക്ബാലിക്കയെ പിന്നീടൊരിക്കല്‍ പരിചയപ്പെട്ടതോടെ ആ ഗായകനിലേക്ക് സഞ്ചരിക്കാന്‍ ഒരു പാലംകൂടിയായി. മെഹ്ദി ഹസന്‍ ഉര്‍ദു ഭാഷയുടെ നാദലിപികളും കടന്ന് പ്രണയത്തിന്‍െറയും മരണത്തിന്‍െറയും ലഹരിയുടെയും ഭാഷയായി എനിക്കുവേണ്ടി സംസാരിക്കാന്‍ തുടങ്ങി. ഉര്‍ദുവിലുള്ള വരികളുടെ അര്‍ഥവും സംഗീതത്തിലെ ശൈലീപരമായ സവിശേഷതകളുമൊക്കെ ഇക്ബാലിക്കയില്‍നിന്ന് കുറച്ചൊക്കെ ഞാനുമറിഞ്ഞു. ഗസലിന്‍െറ  കലയറിയാന്‍ വീണ്ടും വീണ്ടും കേള്‍ക്കണമെന്നുപറഞ്ഞ് കീര്‍വാണി രാഗത്തിലുള്ള ‘‘ഷോലാ ഥാ ജല്‍ ബുത്സാ ഹൂം’’ എന്ന ഗാനം അയച്ചുതന്ന അന്നുതന്നെ ഇക്ബാലിക്കയും ഈ ലോകത്തുനിന്നു യാത്രയായി. തീയായിരുന്ന താന്‍ എരിഞ്ഞുതീര്‍ന്നെന്നും മരിച്ച് ഏറെ ദൂരം താണ്ടിയ തന്നെ തിരിച്ചുവിളിക്കേണ്ടതില്ളെന്നും തുടങ്ങുന്ന ആ മെഹ്ദി ഹസന്‍ ഗസല്‍ നല്‍കിയ നടുക്കുന്ന ആകസ്മികത അതു കേള്‍ക്കുമ്പോഴൊക്കെ മൂര്‍ച്ചയുള്ള വേദനയായി ഇന്നും പിന്തുടരുന്നു. ഇക്ബാലിക്ക എന്ന മട്ടാഞ്ചേരിക്കാരനായ എം. ഇക്ബാലിന്‍െറ  മരണശേഷം അദ്ദേഹത്തിന്‍െറ  ‘ഗസല്‍: അനുഭൂതികളുടെ സംഗമം’ എന്ന പുസ്തകം പുറത്തുവന്നു. അതില്‍ വിശ്വോത്തരഗായകനെന്നു താന്‍ ആരാധിക്കുന്ന മെഹ്ദി ഹസനുമായി നിലമ്പൂരിലെ ഒരു വീട്ടില്‍വെച്ചു നടത്തിയ അഭിമുഖത്തില്‍ നിഷ്കളങ്കനായ ഇക്ബാലിക്ക ചോദിക്കുന്നു:
‘‘ഇന്ത്യയുടെയും പാകിസ്താന്‍െറയും കലയും സംസ്കൃതിയും സംഗീതവും ഒന്നുതന്നെ. ഹൃദയസ്പന്ദനവും ഒന്നുതന്നെ. രണ്ടു രാജ്യങ്ങളുടെയും ഇടയില്‍ മൈത്രിയും സൗഹാര്‍ദവും ഉറപ്പിക്കാന്‍ കലക്കും സംഗീതത്തിനും എന്തു ചെയ്യാന്‍ സാധിക്കും?’’
അതിനുള്ള മറുപടിയായി ആത്മവിശ്വാസത്തോടെ മെഹ്ദി ഹസന്‍ പറയുന്നു:
‘‘സംഗീതംതന്നെ സ്നേഹത്തിന്‍െറ  രൂപമാണ്... അതിര്‍ത്തികളെ സംഗീതവും സ്നേഹവും മറികടക്കും.’’

അതിര്‍ത്തികള്‍ നിരന്തരം മുറിച്ചു കടന്ന മെഹ്ദി ഹസനെപ്പോലെ ചിലര്‍ക്കേ അങ്ങനെ ഉറപ്പിച്ചുപറയാനാകൂ. രാഷ്ട്രീയമായ അതിര്‍ത്തികളും സാംസ്കാരികമായ അതിര്‍ത്തികളും ഒരുപോലെയാവണമെന്നില്ല എന്നദ്ദേഹം പലകുറി തെളിയിച്ചു. ഇന്ത്യയിലും പാകിസ്താനിലും അദ്ദേഹത്തിന് ഒരുപോലെ ആരാധകരുണ്ടായി. കൂടാതെ, നേപ്പാളും ബംഗ്ളാദേശും മെഹ്ദിയെ തങ്ങളിലൊരാളായി സ്നേഹിച്ചു.  1927ല്‍ രാജസ്ഥാനിലെ ലൂണയിലാണ് പതിനാറു തലമുറകളുടെ സംഗീതപാരമ്പര്യമുള്ള കലാവന്ത് കുടുംബത്തില്‍ മെഹ്ദി ഹസന്‍ ജനിച്ചത്. അദ്ദേഹത്തിന്‍െറ  പിതാവ് അസീം ഖാന്‍ ജയ്പൂര്‍ രാജാവിന്‍െറ  സദസ്സിലെ പ്രധാന ഗായകരിലൊരാളായിരുന്നു. അസീം ഖാന്‍, അമ്മാവന്‍ ഇസ്മയില്‍ ഖാന്‍ എന്നിങ്ങനെ ധ്രുപദ് ഗായകരെന്ന നിലയില്‍ പ്രസിദ്ധരായ കുടുംബാംഗങ്ങളില്‍നിന്ന് സംഗീതശിക്ഷണം ലഭിച്ച മെഹ്ദി പത്താം വയസ്സില്‍ത്തന്നെ പൊതുവേദിയില്‍ തന്‍െറ  മികവു തെളിയിച്ചു. പിന്നെയും 1945ല്‍ ഫിറോസ്പൂരിലെ സദസ്സില്‍ മെഹ്ദി അദ്ദേഹത്തെ സംഗീതം അഭ്യസിപ്പിക്കുകകൂടി ചെയ്തിട്ടുള്ള ജ്യേഷ്ഠസഹോദരന്‍ ഗുലാം ഖാദിറുമൊരുമിച്ച് ധ്രുപദ് സംഗീതം അവതരിപ്പിച്ചിട്ടുണ്ട്. പരമ്പരാഗതമായ ചിട്ടകളും ശൈലീപരമായ സങ്കീര്‍ണതകളുമുള്ള ധ്രുപദ് സംഗീതമെന്നപോലെ മനോധര്‍മപ്രധാനവും കുറെക്കൂടി വൈകാരികവുമായ ഖ്യാല്‍ സംഗീതവും അദ്ദേഹത്തെ സ്വാധീനിച്ചിട്ടുണ്ട്. ജയ്പൂര്‍ ഘരാനയില്‍ അല്ലാദിയാ ഖാന്‍ വിസ്മയങ്ങള്‍ തീര്‍ത്തിരുന്ന കാലമായിരുന്നു അതെന്നും ഓര്‍ക്കാം.  രാജസ്ഥാനിലെ നാടോടിപ്പാട്ടുകളുടെ സ്വാധീനമാണ് മറ്റൊന്ന്. മെഹ്ദി ഹസന്‍െറ  പില്‍ക്കാല സംഗീതവഴികളില്‍ ഈ വൈവിധ്യത്തിന്‍െറ  മുദ്രകള്‍ അനായാസം കണ്ടത്തൊവുന്നതേയുള്ളൂ.   
രാജ്യവിഭജനകാലത്ത് മെഹ്ദിക്ക് പത്തൊമ്പതു വയസ്സുള്ളപ്പോള്‍ അദ്ദേഹത്തിന്‍െറ  കുടുംബം പാകിസ്താനിലേക്കു കുടിയേറി. നേരത്തേതന്നെ ചില ബന്ധുക്കള്‍ താമസിച്ചിരുന്ന ചിചാവത്നി എന്ന സ്ഥലത്ത് അവരും താമസമാക്കിയെങ്കിലും ദുരിതങ്ങളുടെ കാലമായിരുന്നു അത്. ആളുകളുടെ വീടും സ്വത്വചിഹ്നങ്ങളുമെല്ലാം ഏതു സമയത്തും നഷ്ടപ്പെടാവുന്ന സാമൂഹികാവസ്ഥ. അതിജീവിക്കണമെന്നുണ്ടെങ്കില്‍ അവയെല്ലാം പുതുതായി നിര്‍മിക്കേണ്ടിവരുന്ന കലാപകാലം. പുതിയ സാഹചര്യത്തിലെ ജീവിതത്തില്‍ സംഗീതം മെഹ്ദിയുടെ രക്ഷക്കത്തെിയില്ല. ഉപജീവനത്തിനായി അദ്ദേഹത്തിന് ഒരു സൈക്കിള്‍ റിപ്പയറിങ് കടയില്‍ സഹായിയായി ചേരേണ്ടിവന്നു. പിന്നെ, മോട്ടോര്‍ സൈക്കിള്‍, കാര്‍ എന്നിങ്ങനെയുള്ള വാഹനങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതില്‍ അദ്ദേഹം വിദഗ്ധനായി.  പഞ്ചാബിലെ കൃഷിയിടങ്ങളില്‍ ട്രാക്ടര്‍ ഓടിക്കുകയെന്നതായിരുന്നു മറ്റൊരു ജോലി. ആ സമയമൊക്കെ ട്രാക്ടറിന്‍െറ  ശ്രുതിയും താളവും പശ്ചാത്തലമാക്കി അദ്ദേഹം പാടുകയായിരുന്നുവെന്നും കേട്ടിട്ടുണ്ട്. എന്നാല്‍, ഈ തൊഴിലുകളില്‍ മെഹ്ദി അത്ര തൃപ്തനായില്ല. പകല്‍ ജീവനോപായത്തിനായി പണിയെടുത്ത അദ്ദേഹത്തിന്‍െറ  കൈവിരലുകള്‍ രാത്രിയില്‍ അടങ്ങാത്ത ആവേശത്തോടെ ഹാര്‍മോണിയക്കട്ടകളിലൂടെ സഞ്ചരിച്ചു. തന്നില്‍നിന്ന് വേര്‍പെടാത്ത സംഗീതത്തെ അദ്ദേഹം അതേ സ്നേഹത്തോടെ പരിചരിച്ചുകൊണ്ടിരുന്നു. ഒടുവില്‍, മറ്റു തൊഴിലുകളെല്ലാമുപേക്ഷിച്ച് തന്‍െറ  ആത്മാവിഷ്കാരത്തിന്‍െറ  വഴിയായി മെഹ്ദി സംഗീതത്തത്തെന്നെ തെരഞ്ഞെടുത്തു. തൊഴിലിടം സഹോദരനെ ഏല്‍പിച്ച് അദ്ദേഹം ലാഹോറിലേക്കു യാത്രയായി.

1952ല്‍ മെഹ്ദി ഹസന്‍ ഭാഗ്യപരീക്ഷണത്തിനായി പാകിസ്താന്‍ റേഡിയോയുടെ സംഗീതവിഭാഗത്തിലത്തെി. ഇസ്മയില്‍ ഖാന്‍ അപ്പോഴേക്കും അവിടെ സംഗീതസംവിധായകനായിരുന്നു. എന്നാല്‍, അവിടത്തെ ഉദ്യോഗസ്ഥനും ഒപ്പം ശ്രദ്ധേയനായ കവിയും സംഗീതപ്രേമിയുമായ സലിം ഗീലാനിയാണ്് മെഹ്ദി ഹസന്‍െറ  സംഗീതജീവിതത്തെ ഗണ്യമായി സ്വാധീനിച്ചത്. മെഹ്ദിയുടെ സംഗീതംകേട്ട ഗീലാനി ആ ശബ്ദത്തിന്‍െറ  അപൂര്‍വമായ മാസ്മരികത വേഗം തിരിച്ചറിഞ്ഞെങ്കിലും അദ്ദേഹത്തിന് പെട്ടെന്ന് മെഹ്ദിയെ സഹായിക്കാനായില്ല. ഗീലാനിക്ക് ഉടന്‍ അമേരിക്കയിലേക്കു പോകേണ്ടിയിരുന്നു. എന്നാല്‍, താന്‍ തിരിച്ചറിഞ്ഞ ആ അപൂര്‍വവിഭവം മറ്റെവിടെയെങ്കിലും ധൂര്‍ത്തടിക്കപ്പെടരുതെന്ന് ഗീലാനിക്ക് നിര്‍ബന്ധവുമുണ്ടായിരുന്നു. താന്‍ മടങ്ങിവരുന്നതുവരെ കാത്തിരിക്കണമെന്ന് മെഹ്ദിയോടു നിര്‍ദേശിച്ച ഗീലാനി അതുവരെ സംഗീതം തൊഴിലാക്കരുതെന്നും നാട്ടില്‍പ്പോയി സംഗീതപരിശീലനം നിര്‍ത്താതെ തുടരണമെന്നും ഉപദേശിക്കുകയും ചെയ്തു. മൂന്നു വര്‍ഷത്തിനുശേഷം തിരിച്ചത്തെിയ സലിം ഗീലാനി തന്‍െറ  നിര്‍ദേശങ്ങളനുസരിച്ച് കാത്തിരിക്കുന്ന മെഹ്ദിയെയാണ് കണ്ടത്. അങ്ങനെ മെഹ്ദി ഹസന്‍െറ  ആദ്യഗസല്‍ ഗീലാനി ആലേഖനം ചെയ്തു. എങ്കിലും, റേഡിയോ പാകിസ്താനില്‍ ഒരു തുമ്രി ഗായകനെന്ന നിലയിലാണ് ആദ്യം അദ്ദേഹം പരിഗണിക്കപ്പെട്ടത്. ധ്രുപദിന്‍െറയും ഖ്യാലിന്‍െറയും പാരമ്പര്യത്തില്‍നിന്നുവന്ന മെഹ്ദി ഹസന് അവയെക്കാള്‍ ലളിതമെങ്കിലും പകിട്ടുകളേറെയുള്ള തുമ്രിയുടെ രൂപം ആത്മാവിഷ്കാരത്തിനുള്ള മറ്റൊരിടമായി. പിന്നീട് അദ്ദേഹത്തിന്‍െറ  ധാരാളം ഹിന്ദുസ്ഥാനി സംഗീതാവതരണങ്ങള്‍ റേഡിയോ പാകിസ്താന്‍ പ്രക്ഷേപണംചെയ്തിട്ടുണ്ട്. എന്നാല്‍, തന്‍െറ  കലയുടെ ആത്യന്തികമായ സാക്ഷാത്കാരം ഗസല്‍ ആണെന്ന് മെഹ്ദി ഹസന്‍ എളുപ്പം തിരിച്ചറിഞ്ഞു.

ഗസലിനെ ഇന്നത്തെ രീതിയില്‍ ജനപ്രിയമാക്കുന്നതിന് പ്രധാന പങ്കുവഹിച്ച ഗായകനും അദ്ദേഹമാണ്. ‘‘ആയാ മേരീ മെഹ്ഫില്‍ മേം’’ തുടങ്ങി പിന്നീട് മാസ്റ്റര്‍പീസുകളായ നിരവധി ഗസലുകള്‍ അദ്ദേഹം അറുപതുകളുടെ തുടക്കത്തില്‍ത്തന്നെ വേദികളില്‍ അവതരിപ്പിച്ചു. കൊട്ടാരക്കെട്ടുകളില്‍ പൊടിപിടിച്ച നിലയില്‍ അവശേഷിച്ച കലകളോരോന്നും പുറംലോകത്തിന്‍െറ  കാറ്റും വെളിച്ചവുമേറ്റ് പുതുക്കപ്പെട്ടുകൊണ്ടിരുന്ന കാലത്ത് ഗസലിനെയും അദ്ദേഹം അത്തരത്തില്‍ തെളിച്ചെടുത്തു. പ്രാചീനകവികളെന്നപോലെ ആധുനികകവികളുടെയും കൃതികള്‍ അദ്ദേഹം ആലാപനത്തിനായി തെരഞ്ഞെടുത്തു. മെഹ്ദി ഹസന്‍െറ  ശ്രദ്ധേയമായ ആദ്യ ഗസലുകളിലൊന്നുതന്നെ  പാകിസ്താനിലെ ആധുനികകവികളില്‍ പ്രധാനിയായ ഫയ്സ് അഹ്മദ് ഫയ്സ് ‘‘രചിച്ച ഗുലോം മെ രംഗ് ഭരേ ബാദെ നൗബഹാര്‍ ചലേ’’ ആയിരുന്നു എന്നോര്‍ക്കാം. 1959ല്‍ രാജസ്ഥാനി മാണ്ഡ് ശൈലിയില്‍, താനറിഞ്ഞ ആദ്യ സംഗീതഭാഷയില്‍, മെഹ്ദി ഹസന്‍ സംവിധാനം ചെയ്ത ഈ ഗാനം അറുപതുകളില്‍ ജനപ്രീതിയുടെ കാര്യത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചു. 1964ല്‍ ‘ഫാരംഗി’ എന്ന ചിത്രത്തില്‍ മെഹ്ദി ഹസന്‍ ഇതു പാടിയത് ജനങ്ങളേറ്റെടുത്തതോടെ അദ്ദേഹം പാകിസ്താനിലെ ശ്രദ്ധേയ ഗായകരിലൊരാളായി. ഇത്തരത്തില്‍ ആദ്യകാലത്തുതന്നെ മെഹ്ദി ഹസനെ ആലാപനത്തിലൂടെ പ്രസിദ്ധനാക്കിയ മറ്റൊരു ഗസല്‍ മിര്‍സാ ഗാലിബ് രചിച്ച ‘‘അര്‍സേ നിയാസ് ഏ ഇഷ്ക് ’’ആണ്. ഗസലിന്‍െറ  പാരമ്പര്യവും ആധുനികതയും മെഹ്ദി ഹസനില്‍ സമ്മേളിക്കുന്നതിന്‍െറ  സൂചകങ്ങളായി ഇവയെ കാണാം.

1956ല്‍ പുറത്തുവന്ന ‘ശിക്കാര്‍’ എന്ന ഉര്‍ദു ചലച്ചിത്രത്തിലൂടത്തെന്നെ മെഹ്ദി ഹസന്‍ പിന്നണിഗാനരംഗത്ത് നിലയുറപ്പിച്ചിരുന്നു. ‘‘മേരേ ഖയാല്‍ ഓ ഖവാബ് കി ദുനിയാ ലിയേ’’, ‘‘നസര്‍ മില്‍തേ ഹി ദില്‍ കീ ബാത് ’’എന്നീ ഗാനങ്ങള്‍ ആ ചിത്രത്തിലേതാണ്. 1958ല്‍ ‘ഖൈ്വദി’ എന്ന ചിത്രത്തില്‍ അന്നേ പ്രശസ്തയായ നൂര്‍ജഹാനുമൊരുമിച്ച് ‘‘ഏക് ദീവാനേ കാ ഇസ് ദില്‍ നേ കഹാ മാ ലിയാ’’ എന്നൊരു യുഗ്മഗാനവും മെഹ്ദി ഹസന്‍ പാടിയിട്ടുണ്ട്. തുടര്‍ന്ന് അദ്ദേഹം പാടിയ നൂറുകണക്കിന് ചലച്ചിത്രഗാനങ്ങളില്‍ ശ്രദ്ധേയമായവ ഏറെയുണ്ട്. ‘‘ദുനിയാ കിസീ കെ പ്യാര്‍ മേം’’ (1966), ‘‘മുച്ഛേ തും നസര്‍സേ ഗിരാ തോ രഹേ ഹൊ’’ (1967), ‘‘ഇക് നയേ മോറ് പെലേ’’ (1967), ‘‘യെ കാഗസീ ഫൂല്‍ ജൈസേ’’ (1967) എന്നു തുടങ്ങി ആദ്യകാലത്തുതന്നെ ജനകീയമായ നിരവധി ഗാനങ്ങള്‍. പാകിസ്താനില്‍ ശ്രദ്ധേയരായ പുരുഷഗായകരുള്ളപ്പോഴും അവരാരും ദീര്‍ഘകാലം സ്ഥിരമായി പ്രശസ്തിയില്‍ നിലയുറപ്പിച്ചില്ല. അക്കാര്യത്തില്‍ അപവാദമെന്നു പറയാവുന്ന നുസ്രത്ത് ഫത്തേ അലിഖാന്‍പോലും തന്‍െറ  ജീവിതത്തിലെ അവസാനദശകത്തില്‍ മാത്രമാണ് ദേശീയവും അന്തര്‍ദേശീയവുമായ തലത്തില്‍ വലിയ പ്രസിദ്ധി നേടിയത്. തന്‍െറ  സ്ഥാനം സ്ഥിരമായി ഉറപ്പിച്ചെങ്കിലും മെഹ്ദി ഹസന്‍ പാടിയവയില്‍ ചിലതൊക്കെ കേട്ടുപരിചയിച്ച സിനിമാഗാനങ്ങളുടെ പൊതുമാതൃകയിലുള്ളവതന്നെ. ചിലവ ഗസലിന്‍െറ സത്തയുള്‍ക്കൊണ്ടതെങ്കിലും അല്‍പം കൂടിയ വേഗതയും കുറുക്കിയെടുത്ത സംഗതികളുമുള്ളവ.

എന്നാല്‍, അത്തരം ഗാനങ്ങള്‍ വേദിയില്‍ അവതരിപ്പിക്കുമ്പോഴാണ് മെഹ്ദി ഹസന്‍െറ പ്രതിഭയുടെ തിളക്കം വ്യക്തമാവുക. അവിടെ സമയപരിധിയോ മറ്റു നിയന്ത്രണങ്ങളോ ഇല്ല. സ്വരവിന്യാസങ്ങളിലും ഒപ്പം കവിതയുടെ ഭാവപരതയിലും ഒരുപോലെ ശ്രദ്ധിച്ചുകൊണ്ടുള്ള ആലാപനത്തിന്‍െറ കലയില്‍ മെഹ്ദി ഹസന്‍ പലപ്പോഴും സ്വയം നഷ്ടപ്പെടുന്നതു കാണാം. ചലച്ചിത്രകലയിലൂടെ ആര്‍ജിച്ച ജനപ്രീതി ഗാനത്തിനു ചിരപരിചിതത്വം നല്‍കുമ്പോള്‍ അവതരണത്തിലെ മനോധര്‍മങ്ങള്‍ അതിനെ പുതിയൊരു സൃഷ്ടിയാക്കി മാറ്റുന്നു എന്ന സാധ്യത അദ്ദേഹം നന്നായി ഉപയോഗിച്ചു. അത്തരത്തില്‍ വ്യത്യസ്തമായ ഓരോ അവതരണവും സവിശേഷമായ ഓരോ കലാസൃഷ്ടിയാവുകയും ചെയ്തു.
മെഹ്ദി ഹസന്‍ അവതരിപ്പിക്കാറുള്ള സംഗീതരൂപങ്ങളുടെ വൈവിധ്യം എടുത്തുപറയേണ്ടതുണ്ട്. ഹിന്ദുസ്ഥാനിസംഗീതത്തിലെ വിവിധ മാതൃകകള്‍ മുതല്‍ രാജസ്ഥാനിലെ നാടോടിഗാനങ്ങള്‍വരെ അവയിലുള്‍പ്പെടുന്നു. എത്രയൊക്കെയായാലും അദ്ദേഹം ആരാധകര്‍ വിശേഷിപ്പിക്കാറുള്ളതുപോലെ ഗസലിന്‍െറ ചക്രവര്‍ത്തിയാണ്. ചലച്ചിത്രത്തിലൂടെ പ്രസിദ്ധമായതും സ്റ്റുഡിയോയില്‍ ആലേഖനം ചെയ്യപ്പെട്ടതും അരങ്ങവതരണങ്ങളിലൂടെ സഫലമായതുമൊക്കെയായി എത്രയെത്ര ഗസലുകളാണ് അദ്ദേഹം പാടിത്തീര്‍ത്തത്! ‘കഹ്നാ ഉസേ’,‘നസരാനാ’, ‘ഗസല്‍സ് ഫോര്‍ എവെര്‍’, ‘ഗോല്‍ഡന്‍ കലക്ഷന്‍ ഓഫ് മെഹ്ദി ഹസന്‍’ എന്നിങ്ങനെ എത്രയെത്ര ആല്‍ബങ്ങള്‍! വിവിധ രാജ്യങ്ങളിലായി നടന്ന ലൈവ് അവതരണങ്ങളുടെ ആലേഖനങ്ങള്‍കൂടി പരിഗണിച്ചാല്‍ അവ അസംഖ്യമാകും. അവയില്‍ മിര്‍സാ ഗാലിബിനെപ്പോലുള്ള പ്രാചീന കവികള്‍മുതല്‍ ഫയ്സ് അഹ്മദ് ഫയ്സ്, അഹ്മദ് ഫറാസ് തുടങ്ങിയ ആധുനികര്‍വരെയുള്ളവരുടെ രചനകളുണ്ട്. ‘‘ദില്‍- ഏ- നാദാം തുച്ഛേ ഹുആ ക്യാ ഹേ’’ എന്ന ഗാലിബ് ഗസലും ‘‘ആയേ കുഛ് അബ്ര് കുഛ് ശരാബ് ആയേ’’ എന്ന ഫയ്സിന്‍െറ രചനയും ‘‘ഷോലാ ഥാ ജല്‍ ബുത്സാ ഹൂം’’ എന്ന അഹമ്മദ് ഫറാസ് കൃതിയും എടുത്തുപറയേണ്ടതുണ്ട്. ജോഖും മിര്‍താ ഖമീറും തുടങ്ങിയ പഴയ കവികള്‍ മുതല്‍ ഫര്‍ഹത് ഷെഹ്നാദ്, മന്‍സൂര്‍ അന്‍വര്‍ എന്നിങ്ങനെ നീളുന്ന ഇതരകവികളുടെ കൃതികള്‍ വേറെയും. ഓരോ ഗസലിന്‍െറയും സംഗീതപരമായും കാവ്യപരമായും ഉള്ള പ്രത്യേകതകളെപ്പറ്റി അവതരണങ്ങള്‍ക്കിടയില്‍ മെഹ്ദി ഹസന്‍ വിവരിക്കുന്നത് കേട്ടാസ്വദിക്കാവുന്ന മറ്റൊരു കലയാണ്. ഈ ഗസലുകളെ ജനപ്രിയമാക്കിയതില്‍ ഇത്തരം വിശദീകരണങ്ങള്‍ക്കുള്ള പങ്ക് ചെറുതല്ല.

ആവിഷ്കര്‍ത്താവായിരിക്കുമ്പോള്‍ത്തന്നെ താന്‍ ആവിഷ്കരിക്കുന്ന രചനകളുടെ രചനാപരവും അവതരണപരവുമായ പ്രത്യേകതകളെ ഇങ്ങനെ സ്നേഹത്തോടെ സമീപിക്കാനാവുന്നതുതന്നെയാണ് മെഹ്ദി ഹസന്‍െറ ഗസല്‍ ആലാപനങ്ങളെ മറ്റൊന്നിനും പകരംവെക്കാനാവാത്തതാക്കുന്നത്. പ്രിയപ്പെട്ടവളോടുള്ള ഭാഷണം എന്നാണല്ളോ ഗസല്‍ എന്ന പദത്തിന്‍െറ പ്രാഥമികമായ അര്‍ഥം. പില്‍ക്കാലത്ത് കവിതയില്‍ സാധ്യമാകുന്ന വലിയൊരു വികാരപ്രപഞ്ചത്തെ ഉള്‍ക്കൊള്ളാനാവുന്നവിധം ഗസലിന് അര്‍ഥവികാസം സംഭവിച്ചു. പ്രണയവും കാമവും ലഹരിയും വിരഹവും മരണവും മുതല്‍ സൂഫികവികളുടെ മിസ്റ്റിക് അനുഭൂതികള്‍വരെ ആവിഷ്കരിക്കുന്ന ഗസലുകളുണ്ടായി. ഗസല്‍ ശുദ്ധമായ സംഗീതമോ വായിച്ചുമാത്രം ആസ്വദിക്കാവുന്ന കവിതയോ അല്ല. രചനയുടെ വേളയില്‍ത്തന്നെ പിറവിയെടുക്കുന്ന കവിതയുടെയും സംഗീതത്തിന്‍െറയും വേര്‍പിരിക്കാനാവാത്ത ലയമാണ് അത്. ഈ അനുഭവം സൃഷ്ടിക്കുന്നതിന് ക്ളാസിക്കല്‍ സംഗീതത്തില്‍നിന്നു നേടിയ കരുത്തും മനോധര്‍മവും ആലാപനഗുണങ്ങളെല്ലാമുള്‍ക്കൊള്ളുന്ന ശബ്ദം മെഹ്ദി ഹസന്‍െറ കൈമുതലായി. ഒരിക്കലും കൈവിടാത്ത ശബ്ദനിയന്ത്രണം അദ്ദേഹം ആദ്യകാലത്തുതന്നെ പരിചയിച്ച സംഗീതാലേഖനസന്ദര്‍ഭത്തില്‍നിന്നു ലഭിച്ചതാവാം.
പ്രണയത്തെക്കുറിച്ചു പാടുമ്പോള്‍ ആ ശബ്ദം ആര്‍ദ്രവും പ്രസന്നവുമാകുന്നു. വിരഹത്തെയും മരണത്തെയും കുറിച്ചാകുമ്പോള്‍ വിഷാദാത്മകമാകുന്നു. എന്നാല്‍, വിവിധ ഭാവങ്ങളുടെ കലര്‍പ്പില്‍ ഉന്മാദഭരിതവുമാകുമ്പോഴാണ് അത് പകരംവെക്കാനില്ലാത്ത ജീവിതാവിഷ്കാരമാകുന്നത്.

മെഹ്ദി ഹസന്‍െറ ഗസലുകളില്‍ കേള്‍ക്കാവുന്ന മറ്റൊരു പ്രത്യേകത, അവയിലെ ഉച്ചാരണത്തിന്‍െറ കൃത്യതയാണ്. ക്ളാസിക്കല്‍ രീതിയില്‍ പരിശീലനം ലഭിച്ച ഗായകരില്‍ മിക്കപ്പോഴും കാണാത്ത ഉച്ചാരണത്തിലുള്ള ശ്രദ്ധയും പദസംയോജനത്തെയും വാക്യഘടനയെയും കുറിച്ചുള്ള ബോധവും മെഹ്ദി ഹസനില്‍ കാണാം. ആദ്യകാലത്ത് സലിം ഗീലാനിയെ പ്രധാനമായി ആകര്‍ഷിച്ച ഒരു ഗുണവും ഇതുതന്നെ. സംഗീതത്തിന്‍െറ ധാരാളിത്തത്തില്‍ കാവ്യാത്മകത ഒഴുകിപ്പോകാന്‍ മെഹ്ദി ഹസന്‍ ഒരിക്കലും അനുവദിക്കാറില്ല. ഉര്‍ദുഭാഷയുടെ കാര്യത്തില്‍ മാത്രമല്ല, ഗസലുകളില്‍ പലപ്പോഴും കടന്നുവരുന്ന പേര്‍ഷ്യന്‍- അറബിക് പദങ്ങളുടെയും ഉച്ചാരണത്തിന്‍െറ കലയില്‍ അദ്ദേഹം ശ്രദ്ധവെക്കുന്നു.

അതായത്, അക്ഷരം മുതല്‍ ധ്വനിയും വികാരപരതയും വരെയുള്ള കാവ്യഘടകങ്ങള്‍ സംഗീതാവിഷ്കാരത്തിന്‍െറ ഏതു ഘട്ടത്തിലും സംരക്ഷിക്കപ്പെടുന്നത് മെഹ്ദി ഹസന്‍െറ ഗസലുകളെ ഉയര്‍ന്നതലങ്ങളിലത്തെിക്കുന്നു. കവിതയും സംഗീതവും ഒന്നു മറ്റൊന്നിനെ പൂരിപ്പിക്കുന്ന തരത്തില്‍ വികസിക്കുന്ന ഗസലിന്‍െറ കല അദ്ദേഹത്തോളം അറിഞ്ഞവര്‍ വിരളമാണ്. രാഗവും ഭാവവും സമന്വയിക്കുന്ന ഈ കല അനുഭവിക്കുന്നതിന് ഭൂപേശ്വരി രാഗത്തിലുള്ള ‘‘അബ് കേ ഹം ബിച്രേ’’, യമന്‍ രാഗത്തിലുള്ള ‘‘രഞ്ജിഷ് ഹീ സഹീ’’, ഭൂപാളിയിലുള്ള ‘‘ദുനിയാ കിസീ കേ പ്യാര്‍ മേം’’, ബിംബലാസിയിലുള്ള ‘‘സിന്ദഗീ മേം തു സഭീ’’ എന്നീ ഗസലുകള്‍ കേള്‍ക്കാവുന്നതാണ്.   
‘‘ഫൈസ്ലാ തുംകൊ ഫൂല്‍ ജാനേ കാ’’, ‘‘പത്താ പത്താ ബൂട്ടാ ബൂട്ടാ’’, ‘‘ഭൂലീ ബിസ്രീ ചന്ദ് ഉമ്മീദേ’’, ‘‘സിന്ദഗീ മേം തൊ സഭി പ്യാര്‍ കിയാ നഹീ കര്‍ത്തേ’’, ‘‘രഫ്താ രഫ്താ വോ മേരി ഹസ്തി’’, ‘‘തൂ മേരീ സിന്ദഗീ ഹേ’’ എന്നിങ്ങനെ മെഹ്ദി ഹസന്‍ പാടി അനശ്വരമാക്കിയ ഗാനങ്ങള്‍ വേറെയും അനേകമുണ്ട്. ജീവിതം സംഗീതമാക്കിയ ഒരാളുടെ പകലുകളെപ്പറ്റി പറയുന്നിടത്തോളം സമൃദ്ധമാകും അവയുടെ കണക്കെടുപ്പ്.
രണ്ടായിരാമാണ്ടില്‍ മെഹ്ദി ഹസന്‍ കോഴിക്കോടു വന്നു. ടാഗോര്‍ സെന്‍റിനറി ഹാളില്‍ നടന്ന ആ സംഗീതസായാഹ്നത്തെപ്പറ്റി എം. ഇക്ബാല്‍ എഴുതിയതിങ്ങനെ:
‘‘സദസ്യരുടെ ഇഷ്ടങ്ങള്‍ക്കൊത്ത് ഒന്നിനൊന്നു മികവായി മെഹ്ദി ഹസന്‍ അവതരിപ്പിച്ച ഗസലുകള്‍ ആസ്വാദ്യതയുടെ ഗിരിശൃംഗങ്ങള്‍ സമ്മാനിച്ചു. ഗായകന്‍ പാടി പൂര്‍ത്തിയായി ഹാര്‍മോണിയപ്പെട്ടി പൂട്ടിയിട്ടും കോഴിക്കോട്ടെ ജനങ്ങള്‍ അത് സ്നേഹപൂര്‍വം തുറപ്പിച്ചു. ഒന്നുകൂടി പാടിപ്പിച്ചു.

‘ദുനായി കിസീസെ പ്യാര്‍മെ
ജന്നത് സെ കംനഹീ
ഫൂലോം സെ കം നഹീ.’
(ആരോടെങ്കിലും ലോകത്ത് സ്നേഹമുണ്ടായാല്‍, അതു സ്വര്‍ഗത്തെക്കാള്‍ ചെറുതല്ല. ഹൃദയത്തില്‍ ഒരു വീണയുണ്ടാകും. പൂക്കളും കുറവല്ല.)
സ്നേഹത്തിന്‍െറ സ്വര്‍ഗം തീര്‍ത്തുകൊണ്ട് മെഹ്ദി കച്ചേരി അവസാനിപ്പിച്ചു.’’
മെഹ്ദി ഹസന്‍ എന്ന ഇതിഹാസഗായകന്‍െറ അവസാനത്തെ പൊതു സംഗീതസദസ്സായിരുന്നു അത്. തുടര്‍ന്ന് അദ്ദേഹം തന്‍െറ ഇന്ത്യയിലെ ശിഷ്യനായ തലത് അസീസിന്‍െറ ക്ഷണം സ്വീകരിച്ച് മുംബൈയിലേക്കുപോയി. അവിടെ തലത് അസീസുമൊത്ത് ഒരു സ്വകാര്യസദസ്സിലും ചില ഗാനങ്ങളില്‍ പങ്കുചേര്‍ന്നു.
താമസിയാതെ അദ്ദേഹത്തിനു പക്ഷാഘാതം പിടിപെട്ടു. 2005ല്‍ സംഭവിച്ച അടുത്ത പക്ഷാഘാതത്തോടെ അദ്ദേഹത്തിന്‍െറ സംസാരംതന്നെ നിലച്ചു. 2012 ജൂണ്‍ പതിമൂന്നിന് അദ്ദേഹം അന്തരിച്ചു.

ഏതു ഗായകനെക്കുറിച്ചും ഒരല്‍പം അകന്നുനിന്നുകൊണ്ട് സംസാരിക്കാം. എന്നാല്‍, മെഹ്ദി ഹസനെക്കുറിച്ച് അതു സാധ്യമായെന്നു വരില്ല. കാരണം, അദ്ദേഹത്തിന്‍െറ ഗസലുകള്‍ പുറത്തുനിന്നു കേള്‍ക്കാനാവില്ല. അവ അകത്തിരുന്ന് സംഗീതാത്മകമായി, കാവ്യാത്മകമായി, നമുക്കുവേണ്ടി സംസാരിക്കുന്നു.
പ്രിയപ്പെട്ട ഒരാളോടുള്ള സംസാരമെന്നതിനെക്കാള്‍ ആത്മഭാഷണം എന്ന നിലയിലാവും നാം അതിനെ തിരിച്ചറിയുക. ഉള്ളില്‍ മാത്രമുള്ള സംഗീതത്തിന് ഇനി ഭാഷയില്ലാതാകുന്നു.


‌സ്മരണ

മുന്‍ ലക്കങ്ങള്‍