
പാലക്കാട് ജില്ലയിലെ തൃത്താലക്കടുത്ത് ഭാരതപ്പുഴയുടെ തീരത്താണ് ആനക്കര വടക്കത്ത് തറവാട്. അമ്മു സ്വാമിനാഥന്‍, ക്യാപ്റ്റന്‍ ലക്ഷ്മി, മൃണാളിനി സാരാഭായ്, മല്ലികാ സാരാഭായ്, സുഭാഷിണി അലി തുടങ്ങി ഇന്ത്യയുടെ രാഷ്ട്രീയരംഗത്തും കലാരംഗത്തും സാമൂഹികരംഗത്തും ഇടംപിടിച്ച പെണ്‍പുലികളുടെ ഈറ്റില്ലം. ആനക്കര തറവാടിനെക്കുറിച്ച് നാട്ടുകാര്‍ കളിയായി പറയുന്നത് പിടിയാനക്കരയെന്നാണ്. അക്കാര്യത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് മല്ലികാ സാരാഭായിയോട് സംസാരിച്ചുതുടങ്ങിയതുതന്നെ. ഇതുകേട്ട് പൊട്ടിച്ചിരിച്ചുകൊണ്ട് അവര്‍ പറഞ്ഞു: ...so...I am a Pidiyana...?
തൃശൂരിലെ പേള്‍ റീജന്‍സിയുടെ ലോണിലിരുന്ന് അവര്‍ പൊട്ടിച്ചിരിച്ചു. ചിരി നിര്‍ത്തുക പ്രയാസമായി പിന്നീട്്. എന്തിനോടും ക്രിയാത്മകമായും വൈകാരികമായും പ്രതികരിക്കുന്ന മല്ലികാ സാരാഭായ് എന്ന വ്യക്തിത്വത്തെ യഥാര്‍ഥത്തില്‍ അടയാളപ്പെടുത്തേണ്ടത് എവിടെയാണ്? നര്‍ത്തകി, സാമൂഹികപ്രവര്‍ത്തക, സിനിആര്‍ട്ടിസ്റ്റ്, രാഷ്ട്രീയപ്രവര്‍ത്തക എന്നിങ്ങനെ തികച്ചും വ്യത്യസ്തമായ മേഖലകളില്‍ ഒരേസമയം പ്രവര്‍ത്തിക്കുക മാത്രമല്ല, പ്രവര്‍ത്തിക്കുന്ന ഓരോ മേഖലകളിലും മികവു പ്രകടിപ്പിക്കുകകൂടി ചെയ്യുന്ന ആര്‍ട്ടിസ്റ്റ്-ആക്ടിവിസ്റ്റ്. മോഡിക്കെതിരെ സന്ധിയില്ലാസമരം പ്രഖ്യാപിച്ചതുകൊണ്ടുമാത്രം ഗുജറാത്ത് സര്‍ക്കാറിന്‍െറ കണ്ണിലെ കരടും കലാപക്കാരിയുമായിമാറി ഇവര്‍. സ്ത്രീകള്‍ പൊതുമണ്ഡലത്തിലേക്കത്തൊന്‍ വളരെ പ്രയാസമായിരുന്ന കാലത്ത് കോണ്‍ഗ്രസിന്‍െറ സജീവപ്രവര്‍ത്തകയും സ്വാതന്ത്ര്യസമരനായികയുമായിരുന്നു മല്ലികയുടെ അമ്മൂമ്മ അമ്മു സ്വാമിനാഥന്‍. സ്വാതന്ത്ര്യപോരാട്ടത്തില്‍ സമാന്തരസായുധവഴികള്‍ തേടിയ സുഭാഷ് ചന്ദ്രബോസ് രൂപംനല്‍കിയ ഇന്ത്യന്‍ നാഷനല്‍ ആര്‍മിയുടെ വനിതാ റെജിമെന്‍റിന്‍െറ ക്യാപ്റ്റനായിരുന്നു വലിയമ്മ ക്യാപ്റ്റന്‍ ലക്ഷ്മി. അമ്മ മൃണാളിനി സാരാഭായ് വിശ്വപ്രസിദ്ധ നര്‍ത്തകി. സുഭാഷിണി അലി, ശ്രീലതാ സ്വാമിനാഥന്‍ എന്നിങ്ങനെ പിടിയാനക്കരയിലെ വീരാംഗനമാരുടെ പട്ടിക നീളുകയാണ്. മല്ലികാ സാരാഭായിയുടെ സിരകളിലെ പോരാട്ടത്തിന്‍െറ കനല്‍ പകര്‍ന്നുകിട്ടിയത് എവിടെനിന്നെന്ന ചോദ്യത്തിന് പ്രസക്തിയെന്ത്? നൂറുകാര്യങ്ങളില്‍ ഇടപെടുമ്പോഴും ഓരോന്നിലും സത്യസന്ധത പുലര്‍ത്താന്‍ കഴിയുന്നതെങ്ങനെയെന്ന് അദ്ഭുതപ്പെടേണ്ട കാര്യമില്ല, ഓരോ നിമിഷത്തെയും ചര്‍ച്ചകളാലും സംവാദങ്ങളാലും സജീവമാക്കുകയാണവര്‍. നെടുമ്പാശ്ശേരിയിലേക്കുള്ള യാത്രക്കുമുമ്പ് വീണുകിട്ടിയ നേരത്ത് ചടുലതയോടെ സംസാരിക്കാനുള്ള ഒഴിവുസമയവും അവര്‍തന്നെ കണ്ടത്തെിയിരുന്നു.
അഞ്ചോ ആറോ കരിയറുകള്‍ ഒരേസമയം കൊണ്ടുനടക്കുകയും അവയിലെല്ലാം മികവുപുലര്‍ത്താന്‍ ശ്രദ്ധിക്കുകയും ചെയ്യുന്ന അസാധാരണത്വമായിരിക്കും ഒരുപക്ഷേ, താങ്കളെ മറ്റുള്ളവരില്‍നിന്നു വേര്‍തിരിക്കുന്നത്. മല്ലികാ സാരാഭായ് ഒരു നര്‍ത്തകിയാണ്, കൊറിയോഗ്രാഫറാണ്, പബ്ളിഷറാണ്, ആക്ടറസാണ്, തിയറ്റര്‍ ആര്‍ട്ടിസ്റ്റാണ്, സാമൂഹികപ്രവര്‍ത്തകയാണ്, രാഷ്ട്രീയപ്രവര്‍ത്തകയാണ്. താങ്കള്‍ താങ്കളെ എങ്ങനെയാണ് നിര്‍വചിക്കുന്നത്?
എനിക്ക് എന്നത്തെന്നെ define ചെയ്യേണ്ട കാര്യമില്ല. നിങ്ങള്‍ പറഞ്ഞതിനുമപ്പുറം മറ്റെന്തെല്ലാമോ ആണു ഞാന്‍. ഞാന്‍ മല്ലികയാണ്. അമ്മയാണ്, മകളാണ്, ആക്ടിവിസ്റ്റ്, വിപ്ളവകാരി അങ്ങനെ എന്തെല്ലാമോ ആണ്. ജനങ്ങള്‍ക്കാണ് എന്നെ define ചെയ്യേണ്ട ആവശ്യംവരുന്നത്. എനിക്കെന്നെ define ചെയ്യേണ്ട ആവശ്യമില്ല.
മറ്റുപലരും മടിച്ചുനില്‍ക്കുമ്പോഴും ഒരു ഫെമിനിസ്റ്റ് ആണെന്ന് ഉറക്കെ പ്രഖ്യാപിക്കാന്‍ മടിയില്ലാത്ത വ്യക്തിയാണ് താങ്കള്‍. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ മാത്രമല്ല, വിദേശങ്ങളിലും യാത്രചെയ്യുന്ന ആള്‍. ആ നിലയില്‍ കേരളത്തെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യാമോ?
ഞാന്‍ ഒരു ഫെമിനിസ്റ്റാണ്. ഫെമിനിസ്റ്റ് എന്നാല്‍, ഹ്യൂമനിസ്റ്റ് ആണ്. ലോകത്തെ പകുതിയോളം വരുന്നവര്‍ക്കുവേണ്ടിയാണ് നിങ്ങള്‍ പോരാടുന്നതെങ്കില്‍ അതിനര്‍ഥം ലോകത്തിനുവേണ്ടിത്തന്നെയാണ് നിങ്ങള്‍ പോരാടുന്നതെന്നാണ്. സ്ത്രീകള്‍ക്ക് ഉയരാന്‍ കഴിയുന്നത്രയും ഉയര്‍ത്തിക്കൊണ്ടുവരുകയും സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുകയുമാണ് ഫെമിനിസ്റ്റുകള്‍ ചെയ്യുന്നത്. അതൊരിക്കലും പുരുഷനെതിരല്ല. അര്‍ധനാരീശ്വരനെ ആരാധിക്കുന്ന, ഹിന്ദുക്കള്‍ക്ക് ഭൂരിപക്ഷമുള്ള ഇന്ത്യയിലെ സ്ത്രീകള്‍ ഈ പാവംപെണ്ണെന്ന ഇമേജ് വലിച്ചെറിഞ്ഞ് ശക്തിസ്വരൂപിണികളായി മാറുകയാണ് വേണ്ടത്.
ഞാന്‍ കേരളത്തിലത്തെുമ്പോള്‍ വളരെയധികം നിരാശപ്പെടാറുണ്ട്. ഇവിടെ സ്ത്രീകള്‍ പേടിച്ചരണ്ടും അടിച്ചമര്‍ത്തപ്പെട്ടുമാണ് ജീവിക്കുന്നത്.
ക്യാപ്റ്റന്‍ ലക്ഷ്മി, മൃണാളിനി സാരാഭായ് എന്നിവരുടെ നാട്ടിലെ സ്ത്രീകള്‍ എത്ര മോശപ്പെട്ട അവസ്ഥയിലാണ് ജീവിക്കുന്നതെന്ന് അദ്ഭുതം തോന്നുന്നു. സിനിമാതിയറ്ററില്‍ വളരെക്കുറച്ചു സ്ത്രീകള്‍ മാത്രം. ആണ്‍കുട്ടികള്‍ കളിയാക്കുമെന്നു ഭയപ്പെട്ട് പെണ്‍കുട്ടികള്‍ക്കു റോഡിലിറങ്ങി സ്വതന്ത്രമായി നടക്കാന്‍ പേടിയാണെന്ന് അവരെന്നോട് പറയുന്നു. നമ്മളിത്രമാത്രം ഭയപ്പെടുന്ന സമൂഹം നമ്മുടെ ഒരു വിഷമഘട്ടത്തില്‍ നമ്മെ സഹായിക്കുകയുമില്ല. ഗാര്‍ഹികപ്രശ്നങ്ങളില്‍ ഇടപെടാനാവില്ല എന്നായിരിക്കും അവരുടെ നിലപാട്. എന്തു സംഭവിച്ചാലും സ്കൂളുകളിലും കോളജുകളിലും അധ്യാപകര്‍തന്നെ വിദ്യാര്‍ഥിനികളെ പ്രതികരിക്കാതിരിക്കാനായി ഉപദേശിക്കുന്നു. കേരളത്തിലെ സ്ത്രീകളുടെ അവസ്ഥയില്‍ ഞാന്‍ വളരെയധികം ദു$ഖിക്കുന്നു. ഗുജറാത്തി സ്ത്രീകള്‍ കുറെക്കൂടി തന്‍േറടമുള്ളവരും സ്വന്തം അഭിപ്രായങ്ങള്‍ തുറന്നുപറയുന്നവരുമാണ്.
കേരള സ്റ്റേറ്റ് വിമന്‍സ് ഡെവലപ്മെന്‍റ് കോര്‍പറേഷന്‍െറ അംബാസഡര്‍ ആണല്ളോ. ആ അനുഭവങ്ങളെക്കുറിച്ച് പറയാമോ? കേരളത്തിലെ സ്ത്രീകളുടെ അവസ്ഥയെക്കുറിച്ച് എന്തു തോന്നുന്നു?
* കേരള സ്റ്റേറ്റ് വിമന്‍സ് ഡെവലപ്മെന്‍റ് കോര്‍പറേഷനുവേണ്ടി ‘ഉണര്‍ത്തുപാട്ട്’ എന്ന പ്രോജക്ട് ചെയ്യാനായി 14 വനിതാകോളജുകളില്‍ പെണ്‍കുട്ടികളോട് സംസാരിക്കാനായി ഞാന്‍ പോയിരുന്നു. ഫലം തീര്‍ത്തും നിരാശാജനകം.
സ്ത്രീകള്‍ക്ക് ഏറെ സാമ്പത്തികസ്വാശ്രയത്വവും വിദ്യാഭ്യാസവും ഉള്ള നാടാണ് കേരളം. എന്നിട്ടും സ്വന്തം ജീവിതം ജീവിക്കാനുള്ള സ്വാതന്ത്ര്യമില്ളെങ്കില്‍ പിന്നെ ഇതുകൊണ്ടെന്തു കാര്യം? എല്ലാം ക്ഷമിക്കുന്ന, സഹിക്കുന്ന സ്ത്രീകള്‍. ഇവര്‍ ആരെയാണ് പേടിക്കുന്നത്? ഈ അവസ്ഥ തിരിച്ചറിഞ്ഞുകൊണ്ടാണ് ഞാന്‍ ഈ പ്രോജക്ടില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. കൗമാരം എന്ന വിഷയത്തെ അടിസ്ഥാനമാക്കി അരമണിക്കൂര്‍ നീണ്ട ഒരു സിനിമചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചു. നമ്മുടെ നാട്ടിലെ സന്നദ്ധസംഘടനകളും കൗമാരക്കാരുടെ പ്രശ്നങ്ങള്‍ കാര്യമായി ഏറ്റെടുക്കുന്നില്ല. കുട്ടികള്‍ക്ക് വളരെയേറെ പ്രയാസമേറിയ ഒരു കാലഘട്ടമാണ് കൗമാരം. ടി.വി. ചന്ദ്രന്‍െറ മകന്‍ യാദവന്‍ ചന്ദ്രനാണ് സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിച്ചത്. ‘ദര്‍പ്പണ’യിലും പ്രവര്‍ത്തിക്കുന്നുണ്ട് അദ്ദേഹം. സിനിമയിലൂടെ കോളജുകളിലെ പെണ്‍കുട്ടികളുമായി ആശയസംവാദം നടത്താനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. പെണ്‍കുട്ടികള്‍ക്കു മാത്രമല്ല, അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പുരുഷന്മാര്‍ക്കും ബോധവത്കരണം ആവശ്യമാണ്. സ്ത്രീധനത്തിനെതിരായി ശബ്ദമുയര്‍ത്തുന്ന ഒരു പുതിയ തലമുറയെ സൃഷ്ടിക്കുക എന്നതായിരിക്കും ഇതിന്‍െറ പ്രധാന ലക്ഷ്യം.
കേരളത്തില്‍ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിക്കുന്നത്് എന്തുകൊണ്ടാണ്?
* കേരളത്തിന്‍െറ കാര്യത്തില്‍ എനിക്ക് സവിശേഷമായ ഉത്തരവാദിത്തമുണ്ടെന്ന് ഞാന്‍ കരുതുന്നു. എന്‍െറ മലയാളിജീനുകള്‍ വളരെ സ്ട്രോങ് ആണ്. കേരളത്തിന്‍െറ മകളെന്നാണ് ഞാന്‍ വിളിക്കപ്പെടുന്നത്. എന്‍െറ ആശയങ്ങളെയും ചിന്തകളെയും കേരളം എന്നും പിന്തുണച്ചിട്ടുണ്ട്. കേരളത്തിലെ യുവതലമുറയെ മുന്നോട്ടുനയിക്കാന്‍ അവര്‍ക്കു മുന്നില്‍ ഇന്നൊരു മാതൃകയില്ല. കേരള സ്റ്റേറ്റ് വിമന്‍സ് ഡെവലപ്മെന്‍റ് കോര്‍പറേഷനിലെ മൂന്നുമാസത്തെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ പെണ്‍കുട്ടികളുടെ നൂറുകണക്കിന് ഇ-മെയിലുകളാണ് ലഭിച്ചുകൊണ്ടിരുന്നത്. വിബ്ജിയോര്‍ ഫിലിം ഫെസ്റ്റിവെലില്‍ പങ്കെടുത്ത ഡസന്‍കണക്കിനു പെണ്‍കുട്ടികള്‍ എന്നോട് പറഞ്ഞു: ‘‘മാഡം നിങ്ങളാണ് ഞങ്ങളുടെ റോള്‍മോഡല്‍, ഞങ്ങളുടെ ഐക്കണ്‍.’’ അവരോട് സംവദിക്കാനും സത്യസന്ധയാവാനും കഴിഞ്ഞാല്‍ മാറ്റമുണ്ടാക്കാന്‍ കഴിയുമെന്നുറപ്പാണ്. മാറ്റമാണ് നമ്മുടെ ആവശ്യവും.
ബഹിരാകാശഗവേഷണരംഗത്തെ അവസാന വാക്കായിരുന്നു വിക്രം സാരാഭായ്. മൃണാളിനി സാരാഭായ് വിദേശത്തുപോലും പ്രശസ്തയായിരുന്ന നര്‍ത്തകിയും ദര്‍പ്പണ എന്ന സ്കൂളിന്‍െറ സ്ഥാപകയും. വ്യത്യസ്തമേഖലകളില്‍ പ്രഗല്ഭരായ അച്ഛനമ്മമാരാണല്ളോ താങ്കളുടേത്. കുട്ടിക്കാലത്തെ ഇതെങ്ങനെയാണ് സ്വാധീനിച്ചിരിക്കുക?
* മാന്ത്രികമായൊരു കുട്ടിക്കാലമായിരുന്നു അത്. ഞങ്ങള്‍ കുഞ്ഞുങ്ങളായിരിക്കുമ്പോള്‍ മാതാപിതാക്കള്‍ ഞങ്ങളോട് വളരെയധികം അര്‍പ്പണമനോഭാവമുള്ളവരായിരുന്നു. അവരുടെ എല്ലാ വിജയത്തിലും ഞാനും എന്‍െറ സഹോദരന്‍ കാര്‍ത്തികേയനുമായിരുന്നു എപ്പോഴുമുണ്ടാവുക. വിജയം എല്ലായ്പോഴും കുടുംബത്തോടൊപ്പം പങ്കുവെക്കപ്പെടുമായിരുന്നു. അമ്മക്ക് ഒരു അവാര്‍ഡ് ലഭിച്ചാല്‍ ഞങ്ങളെല്ലാവരും ആനന്ദിക്കും. അച്ഛന്‍െറ നേട്ടങ്ങളിലും ഞങ്ങള്‍ ആഹ്ളാദിച്ചിരുന്നു. ഞങ്ങള്‍ എന്തായിത്തീരണമെന്നതു സംബന്ധിച്ച് ഒരുവിധത്തിലുള്ള സമ്മര്‍ദവും അവരുടെ ഭാഗത്തുനിന്നുണ്ടായിരുന്നില്ല. ഒരു തോട്ടക്കാരന്‍ തന്‍െറ ചെടികളെ സംരക്ഷിക്കുന്നതുപോലെയാണത്. ഏതു വിത്തുനട്ടാലും ‘‘വളരൂ വളരൂ ഒരു മാവായിത്തീരൂ’’ എന്ന് ശാഠ്യംപിടിക്കാനാകാത്തതുപോലെ. ചെടി സ്വാഭാവികമായി വളര്‍ന്ന് പൂവിടുന്നതുപോലെ ഞങ്ങളെന്താണോ അതായിത്തീരാന്‍ അവരാഗ്രഹിച്ചു. വിജയം നേടാനായി അവര്‍ നിര്‍ബന്ധിച്ചതേയില്ല. ശാസ്ത്രജ്ഞനാകണമെന്നോ എന്‍ജിനീയറാകണമെന്നോ നിര്‍ബന്ധിച്ചില്ല. ഞങ്ങള്‍ കുട്ടികളുടെ അഭിപ്രായം അവര്‍ എന്നും ചോദിച്ചിരുന്നു. ‘‘മിണ്ടാതിരിക്ക്’’ എന്നോ ‘‘എന്തുകൊണ്ട് ഇങ്ങനെ ചോദിക്കുന്നു’’ എന്നോ അവര്‍ ഞങ്ങളോട് ചോദിച്ചിട്ടില്ല. ‘‘ഞാന്‍ നിന്‍െറ അച്ഛനായതുകൊണ്ട്/അമ്മയായതുകൊണ്ട് എന്നെ അനുസരിച്ചേ മതിയാകൂ’’ എന്നവര്‍ വാശിപിടിച്ചില്ല. ഏതെങ്കിലും കാര്യത്തിന് ഞങ്ങള്‍ വിസ്സമതം പ്രകടിപ്പിക്കുമ്പോള്‍ അത് കേള്‍ക്കാനും ഞങ്ങള്‍ക്കുവേണ്ടി തീരുമാനങ്ങള്‍ അവരെടുക്കുമ്പോള്‍പോലും അതെന്തുകൊണ്ടാണെന്ന് പിടിച്ചിരുത്തി മനസ്സിലാക്കിതരുന്നതിനുമുള്ള ക്ഷമ കാണിക്കുമായിരുന്നു അവര്‍. 18 വയസ്സാകുന്നതുവരെ ഞങ്ങള്‍ക്കുവേണ്ടി തീരുമാനങ്ങളെടുത്തിരുന്നത് അവര്‍തന്നെയാണ്. എന്നാല്‍, 25 വയസ്സാകുമ്പോള്‍ 12 വയസ്സായിരുന്നപ്പോള്‍ തങ്ങളെടുത്ത ഒരു തെറ്റായ തീരുമാനത്തെപ്രതി വേദനയുണ്ടാകരുതെന്നും അവര്‍ ചോദ്യംചെയ്യപ്പെടരുതെന്നും അവരാഗ്രഹിച്ചിരുന്നു. അതുകൊണ്ട് ഞങ്ങള്‍ക്ക് പറയാനുള്ളതു കേള്‍ക്കുകയും ഞങ്ങളുടെ ഇഷ്ടം മറ്റൊന്നാകുന്ന സന്ദര്‍ഭത്തില്‍ എന്തുകൊണ്ട് മറ്റൊരു തീരുമാനമെടുക്കാന്‍ അവര്‍ നിര്‍ബന്ധിതരാവുന്നു എന്ന് മനസ്സിലാക്കിത്തരുകയും ചെയ്തു.
മൃണാളിനി സാരാഭായിയുടെ ‘ഹൃദയത്തിന്‍െറ സ്വരം’ എന്ന ആത്മകഥയില്‍ തന്‍െറ അമ്മയായ അമ്മു സ്വാമിനാഥനെക്കുറിച്ച് അസുഖകരമായ ചില പരാമര്‍ശങ്ങളുണ്ട്. കുട്ടിക്കാലത്ത് അവരൊട്ടും സന്തോഷവതിയായിരുന്നില്ല എന്നവര്‍ പറയുന്നുണ്ട്.
* ഒരു കുട്ടിയെന്ന നിലയില്‍ എന്‍െറ അമ്മ സന്തോഷവതിയായിരുന്നില്ല. അമ്മയുടെ അച്ഛനോടായിരുന്നു അമ്മക്കേറ്റവും അടുപ്പം. അമ്മക്ക് 11 വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. എന്‍െറ അമ്മൂമ്മ അമ്മു സ്വാമിനാഥന്‍ വളരെ ചെറുപ്പത്തില്‍ അതായത് 14 വയസ്സില്‍തന്നെ അമ്മയായി. അവരൊരിക്കലും ഒരു നല്ല അമ്മയായിരുന്നില്ല, പ്രത്യേകിച്ചും എന്‍െറ അമ്മക്ക്. വലിയമ്മ ലക്ഷ്മിയെ അമ്മൂമ്മ ഇഷ്ടപ്പെട്ടു. സുന്ദരിയായ, വെളുത്ത വട്ടമുഖമുള്ള, എല്ലാവരും ഇഷ്ടപ്പെടുന്ന കുട്ടിയായിരുന്നു വലിയമ്മ. അന്നുതന്നെ മെഡിസിന് പഠിക്കാനായിരുന്നു വലിയമ്മയുടെ ആഗ്രഹം. മെലിഞ്ഞ് കറുത്ത ഭംഗിയില്ലാത്ത ഒരു കുട്ടിയായാണ് എന്‍െറ അമ്മ തന്നത്തെന്നെ പരിഗണിച്ചത്. പിന്നെ തെരഞ്ഞെടുത്ത പ്രഫഷനാണെങ്കില്‍ മറ്റുള്ളവര്‍ക്ക് അത്രയൊന്നും വിലയില്ലാത്ത നൃത്തവും. അന്നുതന്നെ അമ്മ തീരുമാനിച്ചു, ഞങ്ങള്‍ കുട്ടികളെ അവര്‍ക്കു കിട്ടിയ ഏറ്റവും വിലപ്പെട്ട സമ്മാനങ്ങളായി പരിഗണിക്കണമെന്ന്. കുട്ടി എന്ന നിലയില്‍ അമ്മക്കു നഷ്ടപ്പെട്ടതെല്ലാം മക്കള്‍ എന്ന നിലയില്‍ ഞങ്ങള്‍ക്കു ലഭിക്കാന്‍ അവര്‍ക്കാവുന്നതെല്ലാം ചെയ്തു. അതില്‍ അമ്മ വിജയിച്ചു. ഒരു അസാധാരണയായ അമ്മയാണവര്‍. എന്‍െറ കുട്ടികള്‍ക്ക് ഒരു അസാധാരണയായ അമ്മൂമ്മയും. സഹോദരനായ കാര്‍ത്തികേയനും എനിക്കും വേണ്ടി ഒരു സിംഹിയെപ്പോലെ അവര്‍ പോരാടി. അമ്മയുടെ അഭിപ്രായങ്ങളെ പരിഗണിക്കാതെ തീരുമാനങ്ങളെടുത്ത് പരാജിതയാകുകയാണെങ്കില്‍പോലും കാരണമെന്തെന്ന് ചോദിക്കാതെതന്നെ എന്നോടൊപ്പം നിന്നു. എന്‍െറ സഹോദരന്‍ അത്രയൊന്നും ഇമോഷനല്‍ അല്ല. ഞാനാണ് അമ്മയോടടുത്തുനില്‍ക്കുന്ന ആള്‍. എന്‍െറ കുട്ടികളെ സ്വന്തം കുട്ടികളെപ്പോലത്തെന്നെയാണ് അമ്മ നോക്കുന്നതും. അഞ്ചോ ആറോ കരിയറുകള്‍ ഒപ്പം കൊണ്ടുനടക്കുകയും എപ്പോഴും യാത്രചെയ്യുകയും ചെയ്തുകൊണ്ടിരിക്കുന്ന എന്‍െറ ഒരേയൊരു സമാധാനം എന്നെ വളര്‍ത്തിവലുതാക്കിയപ്പോലത്തെന്നെ അവരെയും അമ്മ വളര്‍ത്തിവലുതാക്കുമെന്നതാണ്. അതിനെക്കുറിച്ച് എനിക്ക് ആധിയേയില്ല.
സയന്‍സ്, കല എന്നിവ ഒരിക്കലും കൂട്ടിമുട്ടാത്ത രണ്ടു സമാന്തരരേഖകളാണെന്നാണല്ളോ കരുതപ്പെടുന്നത്. ഒരു സ്പേസ് സയന്‍റിസ്റ്റിന്‍െറയും നര്‍ത്തകിയുടെയും മകളെന്ന നിലയില്‍ ഇതേക്കുറിച്ച് എന്തു പറയാനുണ്ട്? മാത്രമല്ല, സയന്‍സ്, കല എന്നിവയുടെ പശ്ചാത്തലത്തില്‍നിന്ന് താങ്കള്‍ നേരെ പോകുന്നത് മാനേജ്മെന്‍റ് സ്കൂളിലേക്കാണ്. ഇതുമായി ബന്ധമൊന്നുമില്ലാത്ത കലാരംഗത്താണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
* സയന്‍സും കലയും ഒന്നുതന്നെയാണ്. പ്രശസ്തരായ സയന്‍റിസ്റ്റുകള്‍ പലരും കലയുടെ ഉപാസകരായിരുന്നു. ഹോമിഭാഭ പിയാനോ വായിക്കുമായിരുന്നു. എന്‍െറ അച്ഛന് നൃത്തവും സംഗീതവും ഇഷ്ടമായിരുന്നു. സയന്‍സും കലയും കാല്‍പനികതയുടെ സാമ്രാജ്യങ്ങളാണ്. അവ രണ്ടും വ്യത്യസ്തധ്രുവങ്ങളിലാണെന്ന് ഞാന്‍ കരുതുന്നില്ല. എന്നില്‍ രണ്ടിന്‍െറയും അംശങ്ങളുണ്ട്. ഞാനൊരു മാനേജ്മെന്‍റ് സ്കൂളിലാണ് പഠിച്ചത്. മാനേജ്മെന്‍റ് സ്കൂളില്‍ പഠിച്ച് ഒരു കലാകേന്ദ്രം നടത്തിക്കൊണ്ടുപോകുന്നതെങ്ങനെ എന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. മാനേജ്മെന്‍റ് സ്കൂളുകള്‍ എന്നാല്‍ ഓരോരുത്തരും വളരാനാവശ്യമായ വളംവില്‍ക്കുന്ന സ്ഥാപനങ്ങളല്ല. ലോകത്തെ എങ്ങനെ നോക്കിക്കാണണമെന്നും ഓരോ തീരുമാനമെടുക്കുന്നതിനുമുമ്പും ആള്‍ട്ടര്‍നേറ്റിവ് എന്തെന്ന് ചിന്തിക്കാന്‍ നിങ്ങളെ പ്രാപ്തരാക്കുകയാണ് മാനേജ്മെന്‍റ് സ്കൂളുകള്‍ ചെയ്യുന്നത്. ലാഭത്തിനുവേണ്ടി ഒരു സ്ഥാപനം നടത്തിക്കൊണ്ടുപോകുന്നതിനെക്കാള്‍ പ്രയാസമാണ് ലാഭത്തിനുവേണ്ടിയല്ലാതെ ഒരു സ്ഥാപനം നടത്തുന്നത്. ലാഭത്തിനുവേണ്ടി പ്രവര്‍ത്തിക്കുക കുറെക്കൂടി എളുപ്പമാണ്. എല്ലാവര്‍ക്കുമറിയാം നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് പൈസക്കുവേണ്ടിയാണെന്ന്. ഒരു ഐഡിയോളജിക്കുവേണ്ടി പ്രവര്‍ത്തിക്കുകയും അതിനുവേണ്ടി മറ്റുള്ളവരെ തുടര്‍ച്ചയായി മോട്ടിവേറ്റ് ചെയ്തുകൊണ്ടിരിക്കുന്നതും പ്രയാസമാണ്. ദര്‍പ്പണ അതാണ് ചെയ്യുന്നത്. കലയെ ഒരു പുതിയ ലോകനിര്‍മിതിക്കുവേണ്ടി എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് ദര്‍പ്പണ അന്വേഷിച്ചുകൊണ്ടിരിക്കുന്നു.
എന്നെ ശക്തിപ്പെടുത്താനും വെറുപ്പില്‍നിന്നും അസൂയയില്‍നിന്നും രക്ഷനേടാനും മാനേജ്മെന്‍റ് സ്കൂളില്‍നിന്ന് എനിക്കുകിട്ടിയ പരിശീലനമാണ് കലാകേന്ദ്രം നടത്തിക്കൊണ്ടുപോകാനും ആളുകളോടു സംസാരിക്കാനും ഞാന്‍ ഉപയോഗിക്കുന്നത്. ആള്‍ക്കാര്‍ ഇത്തരം വേര്‍തിരിവുകള്‍ ഉണ്ടാക്കുന്നത് അവരുടെ അറിവില്ലായ്മയും സങ്കുചിതത്വവുംകൊണ്ടാണ്.
താങ്കള്‍ ഒരു നര്‍ത്തകി മാത്രമല്ലാത്തുകൊണ്ടാണ് ഇങ്ങനെയൊരു ചോദ്യം ചോദിക്കുന്നത്. ജനങ്ങളുമായി സംവദിക്കാനുള്ള മാധ്യമം എന്ന നിലയില്‍ നൃത്തത്തെ തെരഞ്ഞെടുക്കുന്നത് എത്രമാത്രം അഭികാമ്യമാണ്? പ്രത്യേകിച്ചും ഭരതനാട്യം, കുച്ചിപ്പുടി എന്നീ വരേണ്യകലകളിലൂടെ ചെറിയൊരുവിഭാഗം പ്രേക്ഷകരോടു മാത്രമല്ളേ സംവദിക്കാനാവൂ?
* വരേണ്യത എന്നത് ഒരു ചീത്തവാക്കായി മാറിയിരിക്കുന്നു. പക്ഷേ, എല്ലാം എല്ലാവര്‍ക്കുംവേണ്ടിയല്ല. കുച്ചിപ്പുടി ആവിര്‍ഭവിച്ചത് 16ാം നൂറ്റാണ്ടിലാണ്. ഭരതനാട്യം പ്രധാനമായും കലാസ്വാദകരോട് മാത്രമാണ് സംവദിക്കുന്നത്. അതുകൊണ്ട്, സാധാരണക്കാരോട് സംവദിക്കുന്ന കലാരൂപം ഉണ്ടാകണമെന്ന അന്നത്തെ ഗുരുക്കന്മാരുടെ ആവശ്യപ്രകാരമാണ് കുച്ചിപ്പുടി എന്ന കലാരൂപം ആവിഷ്കരിക്കപ്പെട്ടത്. കുച്ചിപ്പുടി എന്ന കലാരൂപം പ്രധാനമായും സമൂഹത്തിന്‍െറ താഴേതട്ടിലുള്ള അടിസ്ഥാനവര്‍ഗത്തിന് ആസ്വദിക്കാനായി ആവിഷ്കരിച്ചതാണ്. ഒരു കലയെയും ഏറ്റവും ചെറിയ അളവുകോല്‍കൊണ്ടുമാത്രം അളക്കുകയെന്നത് ശരിയായ രീതിയല്ല. പ്രേക്ഷകരുടെ ആസ്വാദനനിലവാരത്തിനനുസരിച്ച് കലയില്‍ വെള്ളംചേര്‍ക്കാനുമാകില്ല. കോമിക്ബുക് വായിക്കുന്നവരും പോര്‍ണോഗ്രഫി വായിക്കുന്നവരും ക്ളാസിക്കുകള്‍ വായിക്കുന്നവരുമുണ്ടാകാം. ചിലരുടെ നിലവാരത്തിനനുസരിച്ച് എല്ലാം പോര്‍ണോഗ്രഫിയാക്കാന്‍ കഴിയുമോ? എല്ലാതരം സാഹിത്യവും എല്ലാതരം കലയും എല്ലാതരം നൃത്തവും ജനകീയമാകണമെന്നില്ല.
2009ല്‍ എല്‍.കെ. അദ്വാനിക്കെതിരെ ഗാന്ധിനഗറില്‍ മത്സരിച്ചുകൊണ്ടാണല്ളോ രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. അന്ന് കോണ്‍ഗ്രസ് പിന്തുണ വാഗ്ദാനം ചെയ്തിരുന്നെങ്കിലും താങ്കള്‍ അത് സ്വീകരിച്ചതുമില്ല. രാഷ്ട്രീയത്തിലേക്ക് എത്തിപ്പെട്ടത് യാദൃച്ഛികമായാണോ?
* അല്ല. ഒരു പോരാളിയുടെ രക്തം എന്‍െറ സിരകളിലുണ്ട്. നമ്മുടെ രാഷ്ട്രീയ സംവിധാനം ആകെ ചീഞ്ഞുനാറുകയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അഴിമതിയും കെടുകാര്യസ്ഥതയുമാണ് എല്ലായിടത്തും. കൊടിയുടെ നിറവ്യത്യാസമില്ലാതെ രാഷ്ട്രീയക്കാര്‍ 64 വര്‍ഷങ്ങളായി ഈ രാജ്യത്തെ കൊള്ളയടിക്കുകയായിരുന്നു. പാവങ്ങളുടെ ഉന്നമനത്തിനുവേണ്ടി, മെച്ചപ്പെട്ട ആരോഗ്യസംവിധാനത്തിനുവേണ്ടി, വിദ്യാഭ്യാസപരിഷ്കരണത്തിനുവേണ്ടി, സമൂഹത്തിന്‍െറ താഴേക്കിടയിലുള്ളവര്‍ക്കുവേണ്ടി 64 വര്‍ഷങ്ങളായി ഇന്ത്യയില്‍ പണം ഒഴുക്കിക്കൊണ്ടിരിക്കുകയാണ്. അവരുടെ അവസ്ഥ മെച്ചപ്പെട്ടതായി നിങ്ങള്‍ക്കു തോന്നുന്നുണ്ടോ? ഇല്ല. എല്ലാ രാഷ്ട്രീയപാര്‍ട്ടികളും അവര്‍ ഭരിക്കുന്ന അഞ്ചുവര്‍ഷം തങ്ങളുടെ നിലവാരം മെച്ചപ്പെടുത്താനും കസേര നിലനിര്‍ത്താനുമാണ് പണം ഉപയോഗിക്കുന്നത്. ഈ അവസ്ഥ ജുഗുപ്സാവഹമാണ്. രാഷ്ട്രീയപാര്‍ട്ടികള്‍ഭേദമില്ലാതെ പത്തുവര്‍ഷം ശരിയായ ആള്‍ക്കാര്‍ക്ക് ഭരണം ലഭിച്ചാല്‍ ഈ അവസ്ഥക്ക് മാറ്റമുണ്ടാകും. പാര്‍ലമെന്‍റിലുള്ള എല്ലാ എം.പിമാരും ഇന്ത്യയില്‍ ശരിയായ ഭരണം വരണമെന്ന് ആഗ്രഹിച്ചാല്‍ ഇന്ത്യ മാറ്റത്തിന് സാക്ഷ്യംവഹിക്കും. ബി.ജെ.പിയോ കോണ്‍ഗ്രസോ സി.പി.എമ്മോ സി.പി.ഐയോ... പാര്‍ട്ടി ഏതെങ്കിലുമാവട്ടെ, അഴിമതിക്കാര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടില്ളെന്ന് ഉറപ്പുണ്ടാവണം. അഴിമതിയില്ലാതെ ഇന്ത്യയുടെ ഉന്നമനത്തിനുവേണ്ടി മാത്രം അഞ്ചു വര്‍ഷം ഭരിക്കാന്‍, അധികാരം ലഭിക്കുന്ന പാര്‍ട്ടി തീരുമാനിക്കുകയാണെങ്കില്‍ ഇന്നത്തെ സ്ഥിതിക്ക് വ്യത്യാസം വരും. അപ്പോള്‍ പുതിയ പുതിയ ആള്‍ക്കാര്‍ ഭരണരംഗത്തേക്കുവരും. അതുകൊണ്ടാണ് ഞാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. എനിക്ക് ജനങ്ങളെ ബോധ്യപ്പെടുത്തണമായിരുന്നു, സുതാര്യമായും സത്യസന്ധമായും തെരഞ്ഞെടുപ്പു ചട്ടപ്രകാരവും മത്സരിക്കാന്‍ സാധിക്കുമെന്ന്. അപ്പോള്‍ എനിക്ക് മറ്റൊരുകാര്യം ബോധ്യപ്പെട്ടു. ഇന്ത്യയില്‍ സ്വതന്ത്രയായി മത്സരിക്കുക അത്ര എളുപ്പമല്ളെന്ന്. അഴിമതിയുടെ കാര്യത്തിലും വഞ്ചനയിലും എല്ലാ പാര്‍ട്ടികളും ഒന്നാണ്. ബി.ജെ.പിയും കോണ്‍ഗ്രസും എന്നെ തോല്‍പിക്കാനായി മാത്രം ചെലവാക്കിയ പണം എത്രയെന്ന് നിങ്ങള്‍ക്ക് സങ്കല്‍പിക്കാനാവില്ല. തെരഞ്ഞെടുപ്പുകമീഷന്‍െറ നിയമങ്ങളെല്ലാം ഞാന്‍ അനുസരിച്ചു. എത്ര രൂപ സമാഹരിച്ചു, അതെങ്ങനെ ചെലവഴിച്ചു എന്നെല്ലാം ഓരോ ദിവസവും എന്‍െറ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി. മത്സരിക്കുന്ന 5000 സ്ഥാനാര്‍ഥികളെയും അങ്ങനെ ചെയ്യാനായി വെല്ലുവിളിച്ചു. ഒരാള്‍പോലും തയാറായില്ല. സ്വതന്ത്രര്‍പോലും. കോണ്‍ഗ്രസ് 200 കോടിയാണ് ഒഴുക്കിയത്. ബി.ജെ.പിയും ഒട്ടും കുറച്ചില്ല. ഇവരുടെ വിജയത്തിന് പണം മാത്രമല്ല, ഗുണ്ടകളും പ്രവര്‍ത്തിച്ചു. ചേരികളില്‍ചെന്ന് ഗുണ്ടകള്‍ ഭീഷണിപ്പെടുത്തുക മാത്രമല്ല, കുടിലുകള്‍ നശിപ്പിക്കുകയും മര്‍ദിക്കുകയും ചെയ്ത് മല്ലികാസാരാഭായിക്ക് വോട്ടുചെയ്യുമോ എന്നു ചോദിച്ചാല്‍ പാവങ്ങള്‍ എന്തു ചെയ്യാനാണ്? അവരുടെ മുന്നില്‍ മറ്റു വഴികളില്ല. പേടിച്ച് അവര്‍ പറയുന്ന സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്ത് ജീവന്‍ രക്ഷപ്പെടുത്തും. ഇതാണ് അവിടെ നടന്നത്. മോശം പാര്‍ട്ടിയാണെങ്കില്‍പോലും പാര്‍ലമെന്‍റിലേക്ക് കടന്നുപോകാനുള്ള താക്കോലായെങ്കിലും ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയില്‍ ചേര്‍ന്നാലോ എന്നാലോചിക്കുകയാണ്. ഒരു തെരഞ്ഞെടുപ്പ് എന്നെ പഠിപ്പിച്ചത് അതാണ്.
അതായത്, ഒരു രാഷ്ട്രീയപാര്‍ട്ടിയില്‍ ചേരുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നു എന്നര്‍ഥം. അങ്ങനെയെങ്കില്‍ ഏതു പാര്‍ട്ടിയായിരിക്കും തെരഞ്ഞെടുക്കുക?
* അങ്ങനെ പറഞ്ഞുകൂടാ. ഞാന്‍ എന്നോടുതന്നെ ചോദിച്ചുകൊണ്ടിരിക്കുകയാണ്. എനിക്ക് ഏകയായി എന്‍െറ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ കഴിയില്ളെന്ന് ഞാന്‍ തിരിച്ചറിയുന്നു. ഇപ്പോള്‍ ഒരു പാര്‍ട്ടിയോടും എനിക്ക് അങ്ങനെ പ്രത്യേക മമതയില്ല.
അണ്ണാ ഹസാരെയുടെ സമരത്തോട് തുടക്കത്തില്‍ അനുഭാവം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഗുജറാത്ത് സര്‍ക്കാറിനെ അനുകൂലിച്ച് ഹസാരെ പ്രസ്താവനകളിറക്കിയതിനെതുടര്‍ന്ന് പിന്തുണ പിന്‍വലിക്കുകയായിരുന്നല്ളോ. കത്തെഴുതി രണ്ടുപേരും വിയോജിപ്പുകള്‍ പരസ്യമാക്കിയിരുന്നു. പിന്നീട് എന്താണ് സംഭവിച്ചത്?
* ഞാന്‍ അണ്ണാ ഹസാരെയെ അനുകൂലിക്കുന്നില്ല. പക്ഷേ, അഴിമതിക്കെതിരായ ജനങ്ങളുടെ ഏതു പ്രക്ഷോഭത്തെയും ഞാന്‍ അനുകൂലിക്കുന്നു. 2010 സെപ്റ്റംബറില്‍ വ്യത്യസ്തമായ ഒരു ലോക്പാല്‍ബില്ലിനുവേണ്ടി ആദ്യമായി പ്രധാനമന്ത്രിക്കെഴുതിയ കത്തില്‍ ഒപ്പിട്ട പത്തോ പന്ത്രണ്ടോ പേരില്‍ ഞാനും ഉള്‍പ്പെട്ടിരുന്നു. അതായത്, ആ കോര്‍കമ്മിറ്റിയില്‍ ഞാനും ഉണ്ടായിരുന്നു. ആരെല്ലാം ഈ സമരത്തില്‍ പങ്കാളികളാകുന്നു, ആരെല്ലാം ജനശ്രദ്ധ പിടിച്ചുപറ്റുന്നു എന്നെല്ലാം കണ്ട് ആദ്യത്തെ ജനആന്ദോളനുശേഷം ഞാനാകെ ആശയക്കുഴപ്പത്തിലായിരുന്നു. അണ്ണാ ഹസാരെയുടെ രാഷ്ട്രീയചായ്വ് വ്യക്തമായി പ്രകടമായിത്തുടങ്ങിയതോടെ എന്‍െറ ആശയക്കുഴപ്പം വര്‍ധിച്ചുവന്നു. പിന്നീടദ്ദേഹം കോണ്‍ഗ്രസിനെതിരായി പ്രവര്‍ത്തിക്കുമെന്ന് പരസ്യമായി പ്രസ്താവിച്ചു. എല്ലാ പാര്‍ട്ടികളിലും സത്യസന്ധരായ കുറച്ചു മനുഷ്യരെങ്കിലുമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു നിയോജകമണ്ഡലത്തിലെ സ്ഥാനാര്‍ഥികളില്‍ സത്യസന്ധരായവര്‍ക്കും ആ മണ്ഡലത്തില്‍ നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നവര്‍ക്കും വോട്ടുചെയ്യണമെന്നാണ് എന്‍െറ പക്ഷം. കോണ്‍ഗ്രസിനെതിരെ പ്രവര്‍ത്തിക്കുകയെന്നാല്‍ ബി.എസ്.പിയും ബി.ജെ.പിയും അങ്ങനെ മറ്റു പാര്‍ട്ടികളിലുള്ളവരെല്ലാം സത്യസന്ധരാണെന്നാണോ അര്‍ഥം? അതിനെ ഞാന്‍ അനുകൂലിക്കുന്നില്ല. പക്ഷേ, അഴിമതിക്കെതിരെ ജനങ്ങളെ അണിനിരത്തുന്നതില്‍ അണ്ണാ ഹസാരെ വഹിച്ച പങ്ക് ചെറുതല്ല.
2011ല്‍ മോഡി അനുഷ്ഠിച്ച സദ്ഭാവനാനിരാഹാരത്തിനെതിരെ സത്യഗ്രഹമിരുന്ന് അറസ്റ്റ് ചെയ്യപ്പെട്ടത് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നല്ളോ?
* എന്നെ അറസ്റ്റ് ചെയ്ത കഥ തമാശയാണ്. ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാപൊലീസുകാര്‍തമ്മില്‍ എന്നെ ആര് അറസ്റ്റ് ചെയ്യണമെന്നതിനെച്ചൊല്ലി തര്‍ക്കമായിരുന്നു. കാരണം, എല്ലാവരും ആഗ്രഹിച്ചു എന്നോടൊപ്പം അവരും പത്രത്താളുകളിലും ടെലിവിഷനിലും നിറഞ്ഞുനില്‍ക്കണമെന്ന്. വനിതാപൊലീസുകാര്‍തന്നെയാണ് ഇതെല്ലാം എന്നോടു പറഞ്ഞതും. അറസ്റ്റ് ചെയ്ത ആ ഫോട്ടോഗ്രാഫ് കണ്ടാല്‍ മനസ്സിലാകും, അവര്‍ ശരിക്കും ചിരിച്ചുകൊണ്ട് ഫോട്ടോക്ക് പോസ്ചെയ്തുനില്‍ക്കുകയാണെന്ന്. എന്നെ അറസ്റ്റ് ചെയ്യാന്‍ അവര്‍ക്കിടയില്‍ മത്സരമായിരുന്നതുകൊണ്ട് തര്‍ക്കം പരിഹരിക്കാന്‍ അവര്‍തന്നെ ഒരു വഴി കണ്ടുപിടിച്ചു. അവരുടെ കൈയില്‍ ഒരു കെട്ട് ശീട്ടുകളുണ്ടായിരുന്നു. അതില്‍നിന്ന് റാണിയെ കിട്ടുന്നവരായിരിക്കണം എന്നെ അറസ്റ്റ് ചെയ്യേണ്ടതെന്നവര്‍ തീരുമാനിച്ചു. അങ്ങനെ 30 പേരില്‍നിന്ന് നറുക്കിട്ട്, ആ ഭാഗ്യം ലഭിച്ച നാലു പേര്‍ എന്നെ അറസ്റ്റ് ചെയ്യാന്‍ നിയുക്തരായി. ഞാന്‍ എപ്പോള്‍ വരുമെന്നറിയാത്തതുകൊണ്ട് ഡ്യൂട്ടിക്കിടയില്‍ ബ്രേക് എടുക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യാതെ അവര്‍ എന്നെ കാത്തുനിന്നു. എന്നെ അറസ്റ്റ് ചെയ്തതിനുശേഷമാണ് അവര്‍ ടോയ്ലറ്റില്‍തന്നെ പോയത്. പൊലീസ് ബാറ്റ്മിന്‍റണ്‍കോര്‍ട്ടിലേക്കാണ് എന്നെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. വനിതാപൊലീസുകാര്‍ സന്തോഷംകൊണ്ട് ചിരിക്കുകയായിരുന്നു. ഞങ്ങള്‍ക്കൊരു ഷട്ടിലും ബാറ്റും തരാമോ എന്ന് ഞാന്‍ പൊലീസ്ഓഫിസറോട് ചോദിച്ചു. ഇതുകേട്ട് ദേഷ്യംവന്ന പൊലീസ് ഓഫിസര്‍ ബാറ്റ്മിന്‍റണ്‍കോര്‍ട്ടിലുണ്ടായിരുന്ന നെറ്റ് അഴിച്ചുമാറ്റി. രണ്ടുമണിക്കൂറിനുള്ളില്‍ എന്നെ വിട്ടയച്ചു.
ഗുജറാത്തില്‍ മോഡിക്കെതിരെ പ്രവര്‍ത്തിക്കുക എന്നത് ഒട്ടും എളുപ്പമല്ല. എന്നിട്ടും അവിടെ ദര്‍പ്പണ എന്ന ഡാന്‍സ്സ്കൂള്‍ നടത്തുന്നു, ജീവിക്കുന്നു... ഇതൊരു സമരമല്ളേ? സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ഭീഷണികള്‍ നേരിടുന്നുണ്ടോ?
* അതെ. സമരമല്ലാതെ എന്‍െറ മുന്നില്‍ മറ്റുമാര്‍ഗങ്ങളൊന്നുമില്ല. മോഡിസര്‍ക്കാര്‍ എനിക്കെതിരെ പല അടവുകളും പ്രയോഗിച്ചു, എന്നെ നിശ്ശബ്ദയാക്കാന്‍. ഇപ്പോഴും ഭീഷണിപ്പെടുത്തുന്നുണ്ട്. ഫോണ്‍ ടാപ്പ് ചെയ്യുന്നുണ്ട്. പരിപാടികളുടെ സ്പോണ്‍സര്‍മാരെ തടയുന്നുണ്ട്. ദര്‍പ്പണക്കുള്ള എല്ലാ ഫണ്ടുകളും അവര്‍ തടഞ്ഞു. ഏതെങ്കിലും കോര്‍പറേറ്റുകള്‍ ദര്‍പ്പണയിലത്തെിയാല്‍ സര്‍ക്കാറുദ്യോഗസ്ഥര്‍ അവരെ വിളിച്ച് ചോദിക്കും; നിങ്ങള്‍ക്ക് തുടര്‍ന്നും ഗുജറാത്തില്‍ പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹമുണ്ടോ എന്ന്. എല്ലാറ്റിനോടും ചെറുത്തുനില്‍ക്കുകയാണ് ഞാന്‍.
മോഡിയുടെ നേതൃത്വത്തില്‍ ഗുജറാത്ത് എന്ന സംസ്ഥാനം നേടിയെടുത്ത നേട്ടങ്ങളെക്കുറിച്ചാണ് കോട്ടങ്ങളെക്കാള്‍ ഇപ്പോള്‍ ചര്‍ച്ചചെയ്യപ്പെടുന്നത്. ഗുജറാത്ത്മോഡല്‍ വികസനം ഏറെ കൊട്ടിഗ്ഘോഷിക്കപ്പെടുന്നു. വികസനമെന്ന മാജിക്കിന്‍െറ മറയില്‍ മറ്റെല്ലാം സാധൂകരിക്കപ്പെടുന്നുണ്ടോ?
* അഴിമതി ഏറ്റവും കാര്യക്ഷമതയോടെ നടക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. കോഴകൊടുക്കാനായി ഇടത്തോട്ടാണോ വലത്തോട്ടാണോ തിരിയേണ്ടത് എന്നോര്‍ത്ത് പരിഭ്രമി
ക്കേണ്ടതില്ല. അഴിമതിക്കായി പ്രവര്‍ ത്തിക്കുന്നത് ഏകജാലകസംവിധാനമാണ്. ഭരണചക്രം തിരിയുന്നത് കാര്യക്ഷമതയോടെയാണ്, പക്ഷേ, അതെല്ലാം പണമുള്ളവനുവേണ്ടി മാത്രമാണ്. അതായത്, കോര്‍പറേറ്റുകള്‍ക്കുവേണ്ടിമാത്രം. പാവങ്ങളുടെ ചെലവില്‍ കോടികളുടെ സബ്സിഡികള്‍ നേടിയെടുക്കുന്ന കോര്‍പറേറ്റുകളാണ് ഗുജറാത്തിലെ ഏറ്റവും സംതൃപ്തരായ ജനവിഭാഗം. ലോകത്തിലെ ഏറ്റവും നല്ല പബ്ളിസിറ്റി കാമ്പയിന്‍ ആണിവിടെ നടക്കുന്നത്. ഗുജറാത്ത്മോഡല്‍ വികസനമെന്നതിനര്‍ഥം ഗുജറാത്ത്മോഡല്‍ നുണകളെന്നാണ്. മോഡിക്കുള്ള അത്രയും സമര്‍ഥമായ ബ്രാന്‍ഡിങ് മെഷിനറി ഉണ്ടെങ്കില്‍ നട്ടുച്ചയെ അര്‍ധരാത്രിയുമാക്കാനാകും എന്നു മാത്രമല്ല, നിങ്ങളെക്കൊണ്ടു പറയിപ്പിക്കാനുമാകും ഇത് രാത്രിയാണെന്ന്. അതാണ് അവിടത്തെ ബ്രാന്‍ഡിങ് പോളിസി. കാര്യക്ഷമമായ അഴിമതി, കറയറ്റ അഴിമതി, ധനികര്‍ക്കുവേണ്ടിമാത്രമുള്ള മികവുറ്റ ഭരണസംവിധാനം, ഏറ്റവും നല്ല ബ്രാന്‍ഡിങ് മെഷിനറി. അതാണ് ഗുജറാത്ത്മോഡല്‍ വികസനം.