ഞങ്ങള്‍ പാതകള്‍ നിര്‍മിച്ചു, പാതകള്‍ ഞങ്ങളെയും | Madhyamam Weekly
Weekly


ഞങ്ങള്‍ പാതകള്‍ നിര്‍മിച്ചു, പാതകള്‍ ഞങ്ങളെയും

അഭിമുഖം എ.ടി. അരിയരത്നെ / പി.ബി. അനൂപ്

‘‘തമ്പീ...’’ കാറിന്‍െറ ചില്ല് താഴ്ത്തുന്നതിനിടയില്‍ ചിതറിച്ചിലമ്പിച്ച ശബ്ദത്തോടെ നടരാജന്‍ എന്നെ വിളിച്ചു. ഗാള്ളെ  കൊളംബോ പ്രധാന നഗരവീഥിയിലൂടെ സര്‍വോദയ ആശ്രമം ലക്ഷ്യമാക്കിയുള്ള യാത്ര. തെളിഞ്ഞ വാനില്‍ തലയാട്ടിനില്‍ക്കുന്ന തെങ്ങുകള്‍. എങ്ങും പച്ചപ്പ്. കണ്‍നിറയുന്ന കാഴ്ചകള്‍ നമ്മുടെ നാട്ടിന്‍പുറങ്ങളെ ഓര്‍മിപ്പിക്കുന്നു. കൊളംബോ നഗരം ചുറ്റിയൊഴുകുന്ന, ശ്രീലങ്കയിലെ ഏറ്റവും വലിയ തടാകമായ ബോള്‍ഗോഡയുടെ ഓളപ്പരപ്പുകളെ തൊട്ടുരുമ്മിയത്തെുന്ന കാറ്റ്. മനുഷ്യകുലത്തിന് മോചനത്തിന്‍െറ മഹാമാര്‍ഗം കാണിച്ചുതന്ന ശ്രീബുദ്ധന്‍െറ തിരുശേഷിപ്പുകള്‍ പേറുന്ന സരണ്‍ ദ്വീപിലെ കാറ്റ്. പക്ഷേ, ആ കാറ്റില്‍ അടക്കിപ്പിടിച്ച തേങ്ങലുകളുണ്ട്, നാടും നഗരവും നഷ്ടപ്പെട്ട അഭയാര്‍ഥികളുടെ ആര്‍ത്തനാദങ്ങളുണ്ട്, പതിറ്റാണ്ടുകള്‍ നീണ്ട വംശവെറിയുടെ ചോരമണമുണ്ട്. ഒപ്പം, ദുരിതങ്ങളുടെ പോര് കാലങ്ങള്‍ക്കൊടുവില്‍ സമാധാനത്തിന്‍െറ സൂര്യോദയം സ്വപ്നംകാണുന്ന ഒരു ജനതയുടെ പ്രതീക്ഷകളുടെ സ്നേഹസുഗന്ധവുമുണ്ട്. ബോള്‍ഗോഡ തടാകത്തിനപ്പുറത്തെ  സിന്‍ഹരാജവനത്തിന്‍െറ ഓരംപറ്റിയുള്ള തടിമില്ലുകള്‍ക്ക് മലയാളിയുടെ നീണ്ട പ്രവാസചരിത്രത്തില്‍ നിര്‍ണായക സ്ഥാനമാണുള്ളത്. അതിജീവനത്തിന്‍െറ വഴിതേടി സിലോണിലത്തെിയ ഒരുപാട് മുന്‍ തലമുറകള്‍ക്ക് അഭയമേകിയ ഇടങ്ങളിലൊന്ന് ഈ തടിമില്ലുകളായിരുന്നു. ചിലര്‍ സിംഹള സ്ത്രീകളെ വിവാഹം കഴിച്ച് ശ്രീലങ്കയുടെ നീണ്ട കുടിയേറ്റ ചരിത്രങ്ങളില്‍ തങ്ങളുടേതായ വര്‍ഗസങ്കലനത്തിന്‍െറ അധ്യായങ്ങള്‍ എഴുതിച്ചേര്‍ത്തു.
****
ദ്വീപിന്‍െറ ചരിത്രവര്‍ത്തമാനങ്ങളുടെ ആ ഓര്‍മത്തിരകള്‍ക്കിടെ നടരാജന്‍െറ ശബ്ദം വീണ്ടും ഉയര്‍ന്നു: ‘‘നിങ്ങള്‍ സംഘര്‍ഷങ്ങള്‍ക്കിടയില്‍ ജീവിച്ചിട്ടുണ്ടോ?’’ നടരാജന്‍െറ ആ ചോദ്യത്തിന് ഇല്ളെന്ന് ഞാന്‍ മറുപടി പറഞ്ഞു. ‘‘സംഘര്‍ഷങ്ങള്‍ക്കിടയില്‍ ജീവിക്കുമ്പോഴേ നിങ്ങള്‍ക്ക് സമാധാനത്തിന്‍െറ വില മനസ്സിലാകൂ. ജീവിതത്തോട് അടങ്ങാത്ത സ്നേഹം തോന്നൂ. ആരോ കുറിച്ചിട്ട മരണസമയത്തിന്‍െറ നിഴലില്‍ ജീവിക്കുമ്പോഴേ നമ്മള്‍ കടന്നുപോകുന്ന ഓരോ നിമിഷവും എത്ര വിലപ്പെട്ടതാണെന്ന് നമ്മള്‍ തിരിച്ചറിയുകയുള്ളൂ...’’ നടരാജന്‍െറ വാക്കുകളില്‍ ഓര്‍മകളുടെ മുറിപ്പാടുകള്‍. ശ്രീലങ്കന്‍ തമിഴ്വംശജനാണ് നടരാജന്‍. സ്വദേശം ട്രിങ്കോമാലി. ക്ഷുഭിതയൗവനനാളുകളില്‍ നടരാജന്‍ ജീവനും സ്വത്തിനും സുരക്ഷിതത്വം നഷ്ടപ്പെട്ടലഞ്ഞ സ്വന്തം ജനതക്കുവേണ്ടി ആയുധമെടുത്തു. പിന്നീട് രക്തക്കറകള്‍ മനോവ്യഥകളുടെ സങ്കടക്കടലില്‍ കഴുകിക്കളഞ്ഞ് ശാന്തിയുടെ താഴ്വരകളില്‍ അലഞ്ഞു. ഇപ്പോള്‍ സര്‍വോദയ ആശ്രമത്തില്‍. ‘ഗ്രാമഭിക്ഷു’ എന്ന തൂലികാനാമത്തില്‍ നടരാജന്‍ കവിതകളെഴുതുന്നു. പിന്നിട്ട വഴികളിലെ അനുഭവതീക്ഷ്ണതകള്‍ അക്ഷരങ്ങളിലൂടെ പെയ്തൊഴിയുന്നു. ഭാര്യ ഒരു സിംഹള സ്ത്രീയാണ്. നടരാജന്‍ തന്‍െറ ജീവിതകഥ ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞൊതുക്കി.
‘‘I’ve got the bombs to make you blow
  I got the beats to make it bang...’’  
വരികളില്‍ വെടിമരുന്നും സംഗീതത്തില്‍ സ്ഫോടനവും ആവാഹിച്ച് കാര്‍സ്റ്റീരിയോയിലൂടെ ശ്രീലങ്കന്‍ ഗായിക മാതംഗി മായാ അരുള്‍പ്രകാശം പാടുന്നു.  യുദ്ധത്തിനിടയില്‍ കാണാതാവുകയും മുറിവേല്‍ക്കുകയും കൊല്ലപ്പെടുകയുമൊക്കെ ചെയ്യുന്നവരെ പട്ടാളഭാഷയില്‍ ‘‘മിസിങ് ഇന്‍ ആക്ഷന്‍’’ എന്ന് പറയുന്നത് ‘എം.ഐ.എ’ എന്ന് ചുരുക്കി സ്വന്തം വിളിപ്പേരാക്കിയ മാതംഗി മായാ അരുള്‍പ്രകാശം. ശ്രീലങ്കന്‍ തമിഴ്വംശജരുടെ രാഷ്ട്രീയവും സാമൂഹികവുമായ പ്രശ്നങ്ങള്‍ സംഘര്‍ഷത്തിന്‍െറ സംഗീതംകൊണ്ട് അടയാളപ്പെടുത്തിയ ഗായിക.

 ‘‘നമ്മള്‍ മൊറാടുവയില്‍ എത്താറായി. ആശ്രമത്തിലേക്ക് അധികം ദൂരമില്ല...’’, നടരാജന്‍ പറഞ്ഞു. ശ്രീലങ്കയുടെ തെക്കുപടിഞ്ഞാറന്‍  കടലോരഭാഗത്താണ് മൊറാടുവ. ലീലാവതീറാണിയുടെ ‘ഒരുലക്ഷം സൈന്യവും’ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ വീരപുരന്‍ അപ്പുവും ഈ പട്ടണത്തിന് ചരിത്രത്തിലെ മേല്‍വിലാസമാകുന്നു. ഇന്ന് ഈ പട്ടണത്തിന്‍െറ ആത്മാവ് ക്രിക്കറ്റുകളിയാണ്. ഒപ്പം സിരകളില്‍ നുരയുന്നത് സംഗീതവും. നാട്ടുവഴികളില്‍ കളിയാരവങ്ങള്‍. ശ്രീലങ്കന്‍ ദേശീയ ടീമിന് ഒട്ടേറെ താരങ്ങളെ ഇവിടം സംഭാവന ചെയ്തിട്ടുണ്ട്. ‘‘പുന്‍സദാ പായാ മൊറാടുവ ദിലേനാ...’’ എന്ന ഏറെ പ്രശസ്തമായ നഗര നാടോടിഗാനം പൗര്‍ണമിനാളില്‍ വെണ്ണിലാവില്‍ നീരാടുന്ന മൊറാടുവയുടെ നഗരസൗന്ദര്യത്തെക്കുറിച്ചുള്ളതാണ്. ആഫ്രിക്കമുതല്‍ ചെന്തമിഴുവരെ നീളുന്ന  ശ്രീലങ്കന്‍ കുടിയേറ്റ സംഗീതധാരകളോട് ആ വരികള്‍ വിളക്കിച്ചേര്‍ത്ത് മൊറാടുവവാസികള്‍ നിലാവിന്‍െറ നാദപ്രപഞ്ചം വരുംതലമുറകള്‍ക്ക് പകര്‍ന്നുനല്‍കുന്നു.   
 
നിറനിലാവിനെ സ്വപ്നംകണ്ട് സന്ധ്യയത്തെി. ആശ്രമകവാടം കടന്നത്തെിയപ്പോള്‍ ഒരു അന്തേവാസി കാറിന്‍െറ ഡോറുതുറന്നുതന്നു. നടരാജന്‍ വളരെവേഗത്തില്‍ നടന്നു. ഇറങ്ങാന്‍നേരം നടരാജനുനേരെ പിന്‍വിളിയോടെ കൈ കാണിച്ചെങ്കിലും മുഖം എനിക്കുനേരെ   തിരിച്ച് ‘‘ഇങ്ങു പോരൂ... എന്‍െറ  കൈസഹായത്തിന്‍െറ  ആവശ്യമെന്തിനാണ്’’ എന്ന് അയാള്‍ പറഞ്ഞു. മരങ്ങള്‍ തണല്‍വിരിച്ച മുറ്റം. നടുവില്‍ ഒരു തടാകം. തടാകക്കരയില്‍ ധ്യാനലീനനായ ബുദ്ധന്‍െറ  വെണ്‍ശിലാശില്‍പം. അതിനടുത്ത് ‘സര്‍വോദയ ശ്രമദാന പ്രസ്ഥാനത്തിന്‍െറ’ ചിഹ്നം- ‘സൂര്യനും താമരയും’.       

ധര്‍മപഥത്തിലെ നന്മമരങ്ങള്‍
  സന്ധ്യാപ്രാര്‍ഥനയുടെ  ആഴങ്ങളിലായിരുന്നു ‘വിശ്വനികേതന്‍’. ധര്‍മപഥത്തില്‍ പൂത്തുലഞ്ഞ വിശ്വശാന്തിയുടെ നന്മമരമായി ഗൗതമബുദ്ധന്‍. ചുറ്റും വെള്ളവസ്ത്രം ധരിച്ച ആശ്രമവാസികള്‍. ലോകമാകെ സമാധാനം പുലരാന്‍ പാലിയിലും സിംഹളയിലുമുള്ള പ്രാര്‍ഥനയുടെ പടവുകളിറങ്ങുന്ന ചുണ്ടുകള്‍. ജപമാലതഴുകുന്ന വിരലുകള്‍. ബി.സി മൂന്നാം നൂറ്റാണ്ടില്‍ ബുദ്ധശിഷ്യനായ സംഘമിത്രയില്‍നിന്ന് തുടങ്ങുന്ന ബൗദ്ധിക പാരമ്പര്യമുള്ള മണ്ണാണിത്. ലോകത്തെ എല്ലാ മതവിശ്വാസങ്ങളുടെയും സംസ്കാരസമ്പന്നതകളുടെയും ആലയമായാണ് ‘വിശ്വനികേതന്‍’ നിര്‍മിച്ചിട്ടുള്ളത്. പ്രാര്‍ഥനകള്‍ ചുവരുകള്‍ തീര്‍ക്കുന്ന ‘വിശ്വനികേത’നരികെ ‘സമാധാനത്തിന്‍െറ  പൂന്തോട്ടം’.

വീരസിന്‍ഹയാണ് ആശ്രമത്തില്‍ എനിക്ക് വഴികാട്ടിയായി വന്നത്. കൊലപാതകക്കേസില്‍ കുറ്റവാളിയായി ‘വെലികട’ ജയിലിലായിരുന്നു അയാള്‍. ആറുമാസം മുമ്പാണ് ജയില്‍മോചിതനായത്. ശ്രീലങ്കയിലെ ഏറ്റവും വലിയ ജയിലാണ് വെലികട. ഏഴായിരത്തിലേറെ അന്തേവാസികള്‍. 1983ല്‍ ‘ കറുത്ത ജൂലൈ’ എന്ന പേരില്‍ നടന്ന വംശീയ കലാപത്തിന്‍െറ  ഭാഗമായി വെലികട ജയിലില്‍ അമ്പത്തിമൂന്ന് ജയില്‍പുള്ളികളുടെ മരണത്തിനിടയാക്കിയ കൂട്ടക്കൊല നടന്നിരുന്നു. ജയില്‍പുള്ളികള്‍ക്കായി  ആശ്രമം നടത്തിവന്നിരുന്ന ശാന്തി പ്രാര്‍ഥനകളില്‍ പങ്കെടുത്താണ് വീരസിന്‍ഹ സര്‍വോദയയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നത്. പിന്നീട് അഴികള്‍ക്കപ്പുറത്തേക്കുള്ള ലോകത്തേക്ക് വാതില്‍ തുറന്നുകിട്ടിയപ്പോള്‍ ഇവിടെ അഭയംതേടിയത്തെി. ഞങ്ങള്‍ക്ക് കൂട്ടായി ചന്ദ്രികയുമുണ്ടായിരുന്നു. ഏഴുവയസ്സുകാരി ചന്ദ്രിക രൂപസിന്‍ഹ.  ആഭ്യന്തരയുദ്ധത്തില്‍ ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട അനാഥ ബാല്യം. ദു$ഖങ്ങളുടെ ഒരുപാട് അമാവാസികള്‍താണ്ടിയ ചന്ദ്രിക. ശരീരത്തിലെയും മനസ്സിലെയും ആഴമേറിയ മുറിവുകള്‍ മറച്ച് ചാന്ദ്രശോഭയോടെ അവള്‍ മന്ദഹസിച്ചു. ‘വിശ്വനികേത’നിലെ സ്വീകരണമുറിയില്‍ അരമണിക്കൂര്‍നീണ്ട കാത്തിരിപ്പിനൊടുവില്‍ വെളുത്ത വസ്ത്രം ധരിച്ച്, നിറഞ്ഞ പുഞ്ചിരിയോടെ ഒരു കുറിയ മനുഷ്യന്‍ കടന്നുവന്നു. എ.ടി. അരിയരത്നെ! പതിഞ്ഞ ശബ്ദത്തില്‍ സ്വാഗതവും വൈകിയതിനുള്ള ക്ഷമയും പറഞ്ഞു.    
    ****
ശ്രീലങ്കയിലെ ഏറ്റവും വലിയ ജനകീയപ്രസ്ഥാനമായ ‘സര്‍വോദയ ശ്രമദാന’യുടെ സ്ഥാപകന്‍. ബുദ്ധവിശ്വാസങ്ങളില്‍ അധിഷ്ഠിതമായി ഗാന്ധിയന്‍ മൂല്യങ്ങളോടെ ആരംഭിച്ച ‘സര്‍വോദയ ശ്രമദാന’ ശ്രീലങ്കയുടെ ചരിത്രവഴികളില്‍ മാറ്റങ്ങളുടെ ഒരുപാട് അധ്യായങ്ങള്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. ചുറ്റിലും ചോരക്കടല്‍ ആര്‍ത്തിരമ്പുന്ന ആ ദ്വീപുനാട്ടില്‍ വംശഹത്യകളുടെ ഭീതിദപരമ്പരകള്‍ക്കും കലങ്ങിമറിഞ്ഞ രാഷ്ട്രീയ വ്യവസ്ഥിതികള്‍ക്കും ഇടയില്‍പ്പെട്ടുപോയ നിസ്വരായ ഒരു ജനതക്ക് അതിജീവനത്തിന്‍െറ  ബുദ്ധപാത തുറന്നുകൊടുക്കുകയായിരുന്നു അഹംഗമാഗേ റ്റുഡോര്‍ അരിയരത്നെ എന്ന എ.ടി. അരിയരത്നെ. അരിയരത്നെ അവരെ സ്വപ്നങ്ങള്‍ കാണാന്‍ പഠിപ്പിച്ചു. സമാധാനം ഒരു മരുപ്പച്ചയല്ളെന്ന തിരിച്ചറിവുനല്‍കി. അധികാരികളുടെ കണ്‍വെട്ടങ്ങളില്‍ വരാതെ അരികുപറ്റി ജീവിച്ച ഗ്രാമീണര്‍ക്ക് നിലനില്‍പിന്‍െറ  രാഷ്ട്രീയം പകര്‍ന്നുകൊടുത്തു. ജന്മംകൊണ്ടും ജീവിതംകൊണ്ടും ഭാഷകൊണ്ടും അതിരുകള്‍ തീര്‍ത്ത മനസ്സുകള്‍ക്ക് ദു$ഖമോചനത്തിന്‍െറ  അഷ്ടമാര്‍ഗം കാണിച്ചുകൊടുത്തു. കൊലവിളികളില്‍ പച്ചമാംസം കത്തിയെരിഞ്ഞപ്പോള്‍ അയാള്‍ അവരോട് പറഞ്ഞു: ‘‘വരൂ... ഈ തെരുവുകളിലെ രക്തം കാണൂ...നിങ്ങള്‍ കൊന്നത് നിങ്ങളുടെ സഹോദരങ്ങളത്തെന്നെയാണ്.’’ സേവനസമ്പൂര്‍ണവും ഓരോ നിമിഷവും സജീവവുമായ ആ കര്‍മകാണ്ഡത്തിന് എണ്‍പതിന്‍െറ  നിറവ്. സമഗ്രവും സമ്പൂര്‍ണവും ശാശ്വതവുമായ ഗ്രാമീണവികസനം ലക്ഷ്യമിടുന്ന ‘സര്‍വോദയ ശ്രമദാന’ പ്രസ്ഥാനം അഞ്ചുപതിറ്റാണ്ട് പിന്നിടുകയാണ്.

സര്‍വോദയ ശ്രമദാന പ്രസ്ഥാനത്തിന് വിവിധ ശ്രീലങ്കന്‍ ഗ്രാമങ്ങളിലായി പതിനയ്യായിരത്തിലേറെ സംഘങ്ങളുണ്ട്. പതിനൊന്ന്  ദശലക്ഷത്തിലധികം ആളുകളിലേക്ക് സര്‍വോദയയുടെ സഹായഹസ്തമത്തെുന്നു. എണ്ണായിരത്തിലധികം പ്രാഥമിക വിദ്യാലയങ്ങള്‍, ഒരു ലക്ഷത്തിലേറെ വരുന്ന ചെറുതും വലുതുമായ ജലപദ്ധതികള്‍, നാലായിരത്തോളം പാലങ്ങള്‍ തുടങ്ങി വികസനമത്തെിനോക്കാത്ത ഗ്രാമങ്ങളിലേക്ക് ജനകീയ കൂട്ടായ്മയുടെ വിജയമത്തെി. മികച്ച സൂനാമി ദുരിതാശ്വാസ പദ്ധതിക്കുള്ള ഐക്യരാഷ്ട്ര സഭയുടെ പുരസ്കാരം സര്‍വോദയയുടെ ശ്രമദാന പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു. 1969ല്‍ റമണ്‍ മഗ്സാസെ പുരസ്കാരവും 1996ല്‍ മഹാത്മാഗാന്ധി സമാധാന സമ്മാനവുമുള്‍പ്പെടെ നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങള്‍ അരിയരത്നെയെത്തേടിയത്തെി. 2007ല്‍ ശ്രീലങ്കന്‍ സര്‍ക്കാറിന്‍െറ  ഏറ്റവും ഉയര്‍ന്ന ഒൗദ്യോഗിക ബഹുമതിയായ ‘ശ്രീലങ്കാഭിമാന്യ’ നല്‍കി ജന്മദേശം അദ്ദേഹത്തെ ആദരിച്ചു. ശ്രീലങ്കന്‍ ജനത അരിയരത്നെയെ ബഹുമാനപൂര്‍വം ‘ശ്രീലങ്കന്‍ ഗാന്ധി’ എന്നാണ് വിളിക്കുന്നത്. ‘ത്രിപിടക’യുടെ ശാന്തിമന്ത്രങ്ങളും ധര്‍മചക്രവും താണ്ടുന്ന ഈ ജീവിതം പങ്കുവെക്കുന്നത് ശ്രീലങ്കന്‍ ജനതയുടെ ചെറുത്തുനില്‍പുകളുടെയും ജീവിതത്തിലേക്കുള്ള മടങ്ങിവരവിന്‍െറയും കഠിനവഴികളാണ്. ഒരു ജനത എന്നത് ഒരു ഭൂപടത്തിലൊതുങ്ങുന്നില്ല എന്ന ഓര്‍മപ്പെടുത്തലാണ്. മാറിയ കാലത്ത് ‘ബുദ്ധനെന്തുപ്രസക്തി?’ എന്ന ചോദ്യത്തിനുള്ള പലവിധ ഉത്തരമാണ്.

വിവിധ വംശങ്ങളുടെ ഒരു സമാഹാരമാണ് ശ്രീലങ്കന്‍ ജനത. ബുദ്ധമതത്തിലെ തെരാവാദാ എന്ന പ്രാചീന പദ്ധതി പിന്തുടരുന്നവരാണ് ഭൂരിഭാഗവും. 1948ല്‍ ബ്രിട്ടീഷ് കോളനിഭരണത്തില്‍നിന്ന് ശ്രീലങ്ക സ്വാതന്ത്ര്യം നേടി. ബ്രിട്ടീഷ് ഭരണകാലത്ത് ‘‘പുതിയ സമൂഹത്തിന് യോജിക്കാത്ത മതം’’ എന്നമുദ്ര ചാര്‍ത്തി ബുദ്ധമതത്തെ അവഗണിച്ചിരുന്നു. എന്നാല്‍, സ്വാതന്ത്ര്യാനന്തരം ബുദ്ധമതം പുതിയ ഭാവുകത്വം നേടുകയായിരുന്നു. ബുദ്ധമതത്തെ സിംഹള ദേശീയതയുമായിച്ചേര്‍ത്ത് പോരാട്ടങ്ങള്‍ ആരംഭിച്ചു. എന്നാല്‍, ബുദ്ധവിശ്വാസങ്ങളുടെ  പാരമ്പര്യവഴികളില്‍നിന്ന് മാറിനടക്കുകയായിരുന്നു അരിയരത്നെ. ‘‘പുതിയ സാമൂഹികസാഹചര്യങ്ങള്‍ക്ക് ബുദ്ധമതം യോജിക്കുന്നതല്ല എന്ന വിശ്വാസം ശക്തമായിരുന്നു. എന്നാല്‍, അരിയരത്നെ പുതിയ കാലത്തെ സാമൂഹിക പ്രശ്നങ്ങള്‍ക്ക് ബുദ്ധപഥങ്ങളിലൂടെയാണ് പരിഹാരം കാണുന്നത്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, എല്ലാവര്‍ക്കും തുല്യപ്രാധാന്യമുള്ള ഒരു പുത്തന്‍ സാമൂഹിക ക്രമത്തിന് ബുദ്ധവിശ്വാസങ്ങളിലൂടെ രൂപംകൊടുക്കുകയാണ് അരിയരത്നെ ചെയ്തത്. ‘അരിയരത്നെയുടെ ജീവിതത്തെക്കുറിച്ചുള്ള ബുദ്ധിസം പ്രവൃത്തിയില്‍’ എന്ന പുസ്തകത്തില്‍ നോര്‍ത്ത് വെസ്റ്റേണ്‍ സര്‍വകലാശാലയിലെ മതവിഭാഗം പ്രഫസര്‍ ജോര്‍ജ് ബോണ്ട് കുറിക്കുന്നു. സിംഹള  ബുദ്ധ ദേശീയതയിലുള്ള കടുംപിടിത്തം പൊതുവേ ശാന്തിമാര്‍ഗമെന്ന് കണക്കാക്കിയിരുന്ന ബുദ്ധമതത്തില്‍ അക്രമോത്സുകതയുടെ രൗദ്രഭാവം പകര്‍ന്നുനല്‍കി. ഹിന്ദു, തമിഴ്, മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരായ നിലപാടുകള്‍ ശക്തമായി. ബുദ്ധഭിക്ഷുക്കള്‍പോലും പോര്‍വിളികളുമായി തെരുവിലിറങ്ങി. ബുദ്ധവഴികളിലെ രോഷത്തിന്‍െറ വിത്തുകളെ പൂര്‍ണമായും നിരാകരിച്ചു എന്നതാണ് അരിയരത്നെയെയും അദ്ദേഹത്തിന്‍െറ ബുദ്ധവിശ്വാസങ്ങളെയും പ്രസക്തമാക്കുന്നത്. തമിഴ് മുസ്ലിംകളുള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്ക് നിര്‍ണായകസ്ഥാനം നല്‍കി.

 മൂന്നു പതിറ്റാണ്ടോളം നീണ്ട ആഭ്യന്തര യുദ്ധം. വലിയൊരു ദുരിതക്കടലാണ് ശ്രീലങ്കന്‍ ജനത നീന്തിക്കടന്നത്. സമാധാനത്തിനുവേണ്ടി പ്രവര്‍ത്തിച്ച ഒരു വ്യക്തി എന്നനിലയില്‍ എങ്ങനെ കാണുന്നു?
* തീര്‍ച്ചയായും അതൊരു ദുരിതക്കടല്‍തന്നെയായിരുന്നു. എങ്ങും നിലവിളികള്‍, രക്തം, മരണം, വേദനിപ്പിക്കുന്ന ദൃശ്യങ്ങള്‍. ആ സംഘര്‍ഷവഴികളില്‍ ശ്രീലങ്കന്‍ ജനത ബലിനല്‍കിയത് അവരുടെ ഭാവിയും ജീവനും സ്വത്തും എല്ലാമായിരുന്നു. കലാപങ്ങള്‍ അവരെ പ്രതീക്ഷയറ്റ ജനങ്ങളാക്കി മാറ്റി. നഷ്ടമായത് പുരോഗതി എന്ന സ്വപ്നമാണ്. ഒടുവില്‍ ആരാണ് ജയിച്ചത് എന്ന ചോദ്യത്തിന് ഉത്തരമില്ല. ആരുടെ ഭാഗത്തായിരുന്നു ശരി എന്നതിനും ഉത്തരമില്ല. സഹോദരങ്ങള്‍ തമ്മിലുള്ള യുദ്ധം കുലംമുടിക്കുക മാത്രമേ ചെയ്യൂ. സാധാരണക്കാരായ തമിഴനും സാധാരണക്കാരായ സിംഹളര്‍ക്കും ഈ കലാപങ്ങളില്‍ ഒരു താല്‍പര്യവുമില്ലായിരുന്നു. അവര്‍ ഈ രക്തച്ചൊരിച്ചില്‍ ആഗ്രഹിച്ചിരുന്നില്ല. അശാന്തിയുടെ ആ നാളുകള്‍ക്ക് ഇപ്പോള്‍ താല്‍ക്കാലികമായി അറുതിവന്നിരിക്കുന്നു. പക്ഷേ, സമാധാനമെന്നത് കേവലം യുദ്ധമില്ലാത്ത അവസ്ഥയല്ല.  

എന്തായിരുന്നു ഈ അശാന്തിപര്‍വത്തിന്‍െറ യഥാര്‍ഥ കാരണം?
* സത്യത്തില്‍ കേവല രാഷ്ട്രീയകാരണങ്ങള്‍ക്കപ്പുറത്ത് മറ്റ് കാരണങ്ങളൊന്നും ഇല്ലായിരുന്നു. അത് വളര്‍ന്നുവന്ന് ഒരുതരം സംഹാരത്തിന്‍െറ തത്ത്വശാസ്ത്രമായിമാറി. മത്തുപിടിപ്പിക്കുന്ന മനുഷ്യവിരോധമായി. സ്വാതന്ത്ര്യാനന്തരകാലത്തെ അധികാര അവ്യക്തതകള്‍ മുതലെടുക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ ശ്രമിച്ചതാണ് ഈ പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. സിംഹള ദേശീയതയുടെ പേരില്‍ മറ്റ് ന്യൂനപക്ഷങ്ങളെ വേട്ടയാടാന്‍ തുടങ്ങി. സിംഹളരും തമിഴരും വംശീയതയുടെ പേരില്‍ സംഘടിച്ചു. പരസ്പരം പോരടിച്ചു. ഇതിന് നേതൃത്വം നല്‍കിയവര്‍ക്കാകട്ടെ സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അധികാരം എന്ന സ്വപ്നത്തിനുമപ്പുറം സ്വന്തം ജനങ്ങളോട് അവര്‍ക്ക് ഒരു കൂറുമുണ്ടായിരുന്നില്ല. സിംഹള രാഷ്ട്രീയപാര്‍ട്ടികളും തമിഴ് രാഷ്ട്രീയപാര്‍ട്ടികളും നാള്‍ക്കുനാള്‍ സ്ഥിതിഗതികള്‍ വഷളാക്കിക്കൊണ്ടിരുന്നു; മുതലെടുപ്പ് നടത്തിക്കൊണ്ടിരുന്നു. ശ്രീലങ്കയിലെ എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ഈ പാപത്തില്‍ പങ്കുണ്ട്. ജാതി-മത-വര്‍ഗ വ്യത്യാസങ്ങളെ അധികാരരാഷ്ട്രീയം എക്കാലത്തും ആയുധമാക്കുകയാണല്ളോ പതിവ്.
രോഷത്തിന്‍െറ വിത്തുകള്‍ ശ്രീലങ്കന്‍ മണ്ണില്‍വീണ 1959-61 കാലങ്ങളില്‍ ഞങ്ങള്‍ ഇതിനെതിരെ രംഗത്തത്തെിയതാണ്. എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നതാണ്. അന്ന് സ്ഥിതിഗതികള്‍ അത്ര വഷളായിരുന്നില്ല. പക്ഷേ, ആരും ചെവിക്കൊണ്ടില്ല. വംശീയ വിഭജനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ രാഷ്ട്രീയപാര്‍ട്ടികളും അധികാരിവര്‍ഗവും ഞങ്ങളെക്കാള്‍ ശക്തരായിരുന്നു. പണവും അധികാരവും മാധ്യമങ്ങളും അവര്‍ക്കൊപ്പമായിരുന്നു. അതുകൊണ്ട് ഞങ്ങളുടെ ശബ്ദം ആരുംകേട്ടില്ല.
1983 മുതല്‍ കാര്യങ്ങള്‍ വഷളായി. സംഹാരതാണ്ഡവം അതിന്‍െറ മൂര്‍ധന്യതയില്‍ എത്തി. എല്ലാത്തിനും നേതൃത്വം നല്‍കിയിരുന്നവരില്‍നിന്ന് കാര്യങ്ങള്‍ കൈവിട്ടുപോയി. പക്ഷേ, ഞങ്ങള്‍ തകര്‍ന്നില്ല. എല്ലാം ശാന്തമാകുമെന്ന ശുഭാപ്തിവിശ്വാസം ഞങ്ങള്‍ക്കുണ്ടായിരുന്നു. ഞങ്ങള്‍ തളര്‍ന്നവന്‍െറ, തകര്‍ന്നവന്‍െറ കൂടെനിന്നു. അവന്‍െറ വംശം നോക്കിയില്ല. അവന്‍ സിംഹളനോ തമിഴനോ എന്ന് നോക്കിയില്ല. കലാപങ്ങളെ നേരിടാന്‍ പുനരധിവാസമുള്‍പ്പെടെയുള്ള അഞ്ചിന കര്‍മപരിപാടികള്‍ നടപ്പാക്കി. പ്രാര്‍ഥനായോഗങ്ങള്‍ സംഘടിപ്പിച്ചു. സാമൂഹിക കൂട്ടായ്മകളും സാംസ്കാരിക സംഗമങ്ങളും ഒരുക്കി. സമാധാനധ്യാനങ്ങള്‍ നടത്തി. എല്ലാ അതിരുകളും ഭേദിച്ച് ലക്ഷക്കണക്കിന് ആളുകള്‍ ഇതില്‍ പങ്കാളികളായി. സര്‍ക്കാറുകള്‍ നോക്കുകുത്തിയായപ്പോള്‍ ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പം നിന്നു. മാറ്റത്തിന്‍െറ കാറ്റ് പതുക്കെയാണ് വീശിയത്. പക്ഷേ, അതൊരു വസന്തത്തിന്‍െറ വരവായിരുന്നു. ആഭ്യന്തരയുദ്ധം ഏറെ നാശം വിതച്ച വടക്കു  കിഴക്കന്‍ മേഖലകളില്‍ ഒട്ടേറെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സര്‍വോദയക്ക് കഴിഞ്ഞു.

ആഭ്യന്തരയുദ്ധത്തിന്‍െറ ഭാഗമായി ഒട്ടേറെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടന്നിട്ടുണ്ടല്ളോ. യുദ്ധകുറ്റങ്ങള്‍ സംബന്ധിച്ച് ഐക്യരാഷ്ട്രസഭയില്‍ ശ്രീലങ്കക്കെതിരെ പ്രമേയവും പാസാക്കിയിരുന്നു?
* യുദ്ധംതന്നെ ഏറ്റവും വലിയ മനുഷ്യാവകാശ ധ്വംസനമാണ്. കലാപങ്ങള്‍ വരും തലമുറകളോടുള്ള കുറ്റകൃത്യമാണ്. അതിന് ഒരു പ്രമേയത്തിന്‍െറയും സാക്ഷ്യപത്രം ആവശ്യമില്ല.  

ശ്രീലങ്കന്‍ പ്രശ്നത്തിലെ ഇന്ത്യയുടെ ഇടപെടലുകളെ എങ്ങനെ കാണുന്നു?
* സത്യസന്ധമായി വിലയിരുത്തിയാല്‍ ശ്രീലങ്കന്‍ പ്രശ്നത്തില്‍ ഇന്ത്യയുടെ നിലപാട് ഒരിക്കലും ആത്മാര്‍ഥതയുള്ളതായിരുന്നില്ല. ഫലവത്തായ ഒരു സമീപനം ഇന്ത്യക്ക് സ്വീകരിക്കാമായിരുന്നു. ഇന്ത്യയിലെ രാഷ്ട്രീയപാര്‍ട്ടികളുടെ സ്വാര്‍ഥത ഈ നിലപാടുകളെ സ്വാധീനിച്ചിരുന്നു. യാഥാര്‍ഥ്യ ബോധത്തോടെയുള്ള ഒരു ഇടപെടല്‍ ഇന്ത്യനടത്തിയിരുന്നെങ്കില്‍ കാര്യങ്ങള്‍ ഇത്ര വഷളാകുമായിരുന്നില്ല. സിംഹളര്‍ക്കും തമിഴര്‍ക്കുമിടയില്‍ സമവായത്തിന്‍െറ ഒരു വാതില്‍ തുറക്കാന്‍ ഇന്ത്യക്ക് കഴിയുമായിരുന്നു. പക്ഷേ, കാലാകാലങ്ങളില്‍ വന്ന ഇന്ത്യയിലെ സര്‍ക്കാറുകള്‍ അതിന് ശ്രമിച്ചില്ല. ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ ഇരട്ടത്താപ്പുള്ള നയമാണ് സ്വീകരിച്ചിട്ടുള്ളത്.  ഇന്ത്യയിലെ തമിഴരെ തൃപ്തിപ്പെടുത്താന്‍ പക്ഷംപിടിച്ചുള്ള സമീപനമാണ് തുടക്കത്തില്‍ ഇന്ത്യ സ്വീകരിച്ചത്. തമിഴ്പുലികള്‍ക്ക് ഇന്ത്യയില്‍  സായുധപരിശീലനത്തിനുള്ള അവസരം ലഭിച്ചു. ‘‘തീ കൊണ്ടാണ് കളിക്കുന്നതെ’’ന്ന്  ഇന്ത്യയിലെ ഭരണനേതൃത്വത്തോട്  ഞാന്‍ പലപ്പോഴും പറഞ്ഞിരുന്നു. രാജീവ് ഗാന്ധി വധത്തോടെ കാലം അത് ശരിവെച്ചു.
മറ്റ് രാജ്യങ്ങളെപ്പോലെയല്ല. ഇന്ത്യയെ ഒരു മൂത്തസഹോദരന്‍െറ സ്ഥാനത്താണ് ശ്രീലങ്കന്‍ ജനത കാണുന്നത്. ഇന്ത്യയുടെ വാക്കുകള്‍ക്കും ഇടപെടലുകള്‍ക്കും വളരെ ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് ഇന്ത്യയുടെ നിലപാടുകള്‍ നിര്‍ണായകമാകുന്നതും. സമാധാനശ്രമങ്ങള്‍ നടത്തുന്ന ഞങ്ങളെപ്പോലുള്ളവരുടെ കൂടെനില്‍ക്കാന്‍  ഇന്ത്യന്‍ ഭരണനേതൃത്വം ഒരിക്കലും മുന്നോട്ടുവന്നിട്ടില്ല. ഇന്ത്യയില്‍നിന്ന് സാധാരണ ശ്രീലങ്കന്‍ ജനത ഏറെ പ്രതീക്ഷിക്കുന്നുണ്ട്. അനുജന്‍ ഏട്ടനില്‍നിന്നെന്നപോലെ.

താങ്കളെ ഗാന്ധിയന്‍ ആശയങ്ങള്‍ ആഴത്തില്‍ സ്പര്‍ശിച്ചിട്ടുണ്ടല്ളോ. എങ്ങനെയായിരുന്നു ഗാന്ധിസത്തിലേക്കുള്ള എത്തിച്ചേരല്‍? ശ്രീലങ്കന്‍ജനത താങ്കളെ ‘ശ്രീലങ്കന്‍ ഗാന്ധി’എന്നാണ് വിളിക്കുന്നതും?
* ഗാന്ധിയെ ഞാന്‍ ഒരിക്കലും നേരില്‍ കണ്ടിട്ടില്ല. ഞാന്‍ ഒരു ബുദ്ധമത വിശ്വാസിയാണ്. ബുദ്ധമതവും ഹിന്ദുമതവുമെല്ലാം പറയുന്നത് മനുഷ്യന് പുനര്‍ജന്മങ്ങളുണ്ടെന്നാണ്. ഞാന്‍ കരുതുന്നത് പൂര്‍വജന്മങ്ങളിലെപ്പോഴോ ഞാന്‍ ഗാന്ധിയെ കണ്ടിട്ടുണ്ടെന്നാണ്. ഒരുപാട് സംസാരിച്ചിട്ടുണ്ടെന്നാണ്. അദ്ദേഹവുമായി ആശയങ്ങളും ചിന്തകളും കൈമാറിയിരിക്കാം. പക്ഷേ, അന്ന് ഞാന്‍ അരിയരത്നെയും അദ്ദേഹം ഗാന്ധിയും ആയിരുന്നിരിക്കില്ല. ഞങ്ങള്‍ വേറേതോ ജീവബിന്ദുക്കളായിരുന്നിരിക്കാം. ഞങ്ങള്‍ക്കിടയില്‍ ജന്മാന്തരബന്ധങ്ങളുടെ ഒരു ഇഴയടുപ്പമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.
അദ്ദേഹം വെടിയേറ്റു മരിക്കുമ്പോള്‍ ഞാന്‍ വിദ്യാര്‍ഥിയായിരുന്നു. അദ്ദേഹം ഒരു മനുഷ്യസ്നേഹിയായിരുന്നു എന്നതില്‍ കവിഞ്ഞ് എനിക്ക് ഏറെയൊന്നും അറിയില്ലായിരുന്നു. പക്ഷേ, അദ്ദേഹം വെടികൊണ്ട് മരിച്ച ആ വാര്‍ത്തയറിഞ്ഞപ്പോള്‍ ഞാന്‍ എന്തുകൊണ്ടോ ഒരുപാട് കരഞ്ഞു. കാരണമറിയില്ലായിരുന്നു. എന്തോ വല്ലാത്തൊരു നഷ്ടം സംഭവിച്ചപോലൊരു തോന്നല്‍. പിന്നീട് ഞാന്‍ അദ്ദേഹത്തെക്കുറിച്ച് പഠിച്ചപ്പോള്‍ ആ കരച്ചിലിന് ആത്മാവ് തൊടുന്നൊരു സത്യമുണ്ടായിരുന്നുവെന്ന് മനസ്സിലായി.
സാമൂഹിക മാറ്റത്തെക്കുറിച്ച് സ്വപ്നംകണ്ട നാളുകള്‍ കമ്യൂണിസമുള്‍പ്പെടെ പല ആശയസംഹിതകള്‍ക്കു പിറകെയും പോയിരുന്നു.  കമ്യൂണിസത്തില്‍ ഒരുപാട് പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. പക്ഷേ, ചോരമണക്കുന്ന, ജീവനെടുത്തുള്ള ഒരു വിപ്ളവത്തെയും എനിക്ക് അംഗീകരിക്കാന്‍ കഴിയില്ലായിരുന്നു. സ്വന്തം ആശയസംഹിതകള്‍ നിലനിര്‍ത്താന്‍ ആളുകളെ കൊന്നൊടുക്കിയ സ്റ്റാലിനെ ഒരിക്കലും സ്വീകരിക്കാന്‍ കഴിയില്ല. സോവിയറ്റ് യൂനിയന്‍െറ തകര്‍ച്ച കമ്യൂണിസ്റ്റ് വിപ്ളവം ശാശ്വതമല്ല എന്ന് തെളിയിച്ചു. സമൂലവും ശാശ്വതവും യഥാര്‍ഥവുമായ വിപ്ളവപാതതേടിയുള്ള അന്വേഷണം എത്തിനിന്നത് ഗാന്ധിയിലായിരുന്നു. ശരീരവും മനസ്സും ആത്മാവും പൂര്‍ണമായും ഉള്‍ക്കൊള്ളുന്ന യഥാര്‍ഥ വിപ്ളവത്തിന് ഗാന്ധിയന്‍വഴിയാണ് ശരി. ഒരു ബുദ്ധമത വിശ്വാസിയായതുകൊണ്ട് അഹിംസയില്‍ അടിയുറച്ച ഗാന്ധിയന്‍ ചിന്തകള്‍ എന്നെ കൂടുതല്‍ സ്വാധീനിച്ചു. എനിക്ക് സ്വീകരിക്കാവുന്ന ഏറ്റവും ഉചിതമായ വഴി അതാണെന്ന് തിരിച്ചറിഞ്ഞു. ഹിന്ദു  ബുദ്ധിസ്റ്റ് സാമൂഹിക പശ്ചാത്തലമുള്ള ശ്രീലങ്കക്ക് ഗാന്ധിയന്‍ രീതികളാകും ചേരുക എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ചിന്തകളിലെ വിപ്ളവം, പ്രവൃത്തികളിലെ വിപ്ളവം, വിശ്വാസങ്ങളിലെ വിപ്ളവം ഈ രീതിയില്‍ സമ്പൂര്‍ണവിപ്ളവം കൊണ്ടുവരാന്‍ ഗാന്ധിസത്തിനേ കഴിയൂ. അഹിംസക്കേ കഴിയൂ. ശരിയായ മാര്‍ഗത്തിലൂടെ മാത്രമേ ശരിയായ ലക്ഷ്യത്തിലത്തൊന്‍ കഴിയൂ. അത് എല്ലാ അര്‍ഥത്തിലുമുള്ള അടിമുടിയുള്ള മാറ്റമാണ്. ഗാന്ധി ഒരു വ്യക്തിയില്‍ ഒതുങ്ങുന്നില്ല. അത് മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് പ്രവഹിക്കുന്ന അദ്ഭുതകരമായ ഒരു ചിന്താധാരയാണ്.
പിന്നെ ‘ശ്രീലങ്കന്‍ ഗാന്ധി’ എന്ന വിശേഷണം. പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനും നയതന്ത്രജ്ഞനുമായ ഡോക്ടര്‍ പാട്രിക് മെന്‍റിസാണ് ഈ വിശേഷണത്തിന് ശക്തമായ പ്രചാരണം നല്‍കിയത്. എന്നെ അങ്ങനെ വിശേഷിപ്പിക്കുന്നത് ശ്രീലങ്കന്‍ ജനതയുടെയും ലോകത്തിന്‍െറയും ഹൃദയവിശാലത. പക്ഷേ, എനിക്കറിയാം ഞാന്‍ ആ വിശേഷണത്തിന് അത്രയൊന്നും യോഗ്യനല്ളെന്ന്. ഗാന്ധിപോലും യഥാര്‍ഥ ഗാന്ധിയാകാന്‍  ശ്രമിച്ചപ്പോള്‍ എനിക്കെങ്ങനെ അവകാശപ്പെടാന്‍ കഴിയും ഞാനുമൊരു ഗാന്ധിയാണെന്ന്?  അതിനുള്ള ആത്മബോധമില്ലായ്മയൊന്നും എനിക്കില്ല. അദ്ദേഹം ഒരു ജനതയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച വ്യക്തിയാണ്. അദ്ദേഹം ഒരുപാട് സമരങ്ങള്‍ നയിച്ചു. തീര്‍ത്തും അസാധ്യമെന്നും വിജയസാധ്യത ഇല്ലാത്തതെന്നും കരുതിയ ഒരു സമരമാര്‍ഗം വളരെ ശക്തിയുള്ള ഒരു ആയുധമാണെന്ന് ലോകത്തിന് മനസ്സിലാക്കിക്കൊടുത്തു. ഇത്രയൊന്നും ഞാന്‍ ചെയ്തിട്ടില്ലല്ളോ. അതുപോലൊരു മനുഷ്യന്‍ ജീവിച്ചിരുന്നു എന്ന് വിശ്വസിക്കാന്‍ വരും തലമുറകള്‍ക്ക് ബുദ്ധിമുട്ടായിരിക്കുമെന്നാണ് ഐന്‍സ്റ്റൈന്‍ ഗാന്ധിയെക്കുറിച്ച് പറഞ്ഞത്. അസാധ്യമായൊരു ജീവിതം. അതിശയിപ്പിക്കുന്ന കര്‍മപഥങ്ങള്‍. ഗാന്ധി എനിക്ക് നിരന്തരം ഊര്‍ജം നല്‍കിക്കൊണ്ടിരിക്കുന്നു.  

മഹീന്ദ രാജപക്സെയെ എങ്ങനെ വിലയിരുത്തുന്നു?
* അധികാരം എല്ലാവരെയും ദുഷിപ്പിക്കും. ആത്മാവിലെ നേരുകളെയും സത്യസന്ധതയെയും അടര്‍ത്തിമാറ്റും. ഒരു വ്യക്തി എന്ന നിലയില്‍ രാജപക്സെക്ക് ചില നന്മകളുണ്ട്. ആത്മാര്‍ഥതയുണ്ട്. ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ആരെയും വിലയിരുത്താന്‍ ഞാന്‍ ആളല്ല. പക്ഷേ, അധികാരം അയാളെ മറ്റൊരവസ്ഥയില്‍ എത്തിച്ചിരിക്കുന്നു. അയാള്‍ക്ക്ചുറ്റുമുള്ള അനുചരവൃന്ദം അയാളെ വഴിതെറ്റിക്കുകയാണ്. അയാളുടെ കാഴ്ച മറയ്ക്കുകയാണ്. പല കാര്യങ്ങളും രാജപക്സെ അറിയുന്നുപോലുമില്ല. ചരിത്രത്തില്‍ പല അധികാരികള്‍ക്കും സംഭവിച്ച അതേ ദുര്യോഗം.
ചിലപ്പോഴെല്ലാം രാജപക്സെ എന്നെ വിളിക്കാറുണ്ട്. കാണാന്‍ വരാറുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് കൂടിക്കാഴ്ചക്കായി എത്തിയിരുന്നു. എനിക്ക് രാജപക്സെ സര്‍ക്കാര്‍ ‘ശ്രീലങ്കാഭിമാന്യ’ പുരസ്കാരം നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ ഞാന്‍ എതിര്‍ത്തു. ചോരപുരണ്ട ഒരു പുരസ്കാരം എനിക്ക് വേണ്ട. പക്ഷേ, ശ്രീലങ്കയിലെ പൊതുസമൂഹത്തില്‍നിന്ന് സമ്മര്‍ദം ശക്തമായി. ‘ശ്രീലങ്കാഭിമാന്യ’രാജപക്സെയുടെ പുരസ്കാരമല്ളെന്നും ശ്രീലങ്കന്‍ ജനതയുടെ പുരസ്കാരമാണെന്നുമുള്ള അഭിപ്രായം പല കോണുകളില്‍നിന്നായി ഉയര്‍ന്നു. പുരസ്കാരം സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ദിവസവും കത്തുകള്‍ വരുമായിരുന്നു. ഒടുവില്‍, ഞാന്‍ പുരസ്കാരം സ്വീകരിക്കാമെന്ന് സമ്മതിച്ചു, ശ്രീലങ്കയിലെ മുറിവേല്‍ക്കുന്നവനുവേണ്ടി.
അധികാരവര്‍ഗവുമായി എനിക്ക് ബന്ധങ്ങളില്ല. എനിക്ക് ഒരു രാഷ്ട്രീയതാല്‍പര്യങ്ങളുമില്ല. അവരില്‍നിന്നെല്ലാം അകലം പാലിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ വിമര്‍ശിക്കണമെന്ന് തോന്നുമ്പോള്‍ എനിക്ക് ഒരു തടസ്സവുമില്ല.

വേലുപ്പിള്ള പ്രഭാകരനുമായുള്ള പരിചയം?
* പ്രഭാകരനുമായി ഞാന്‍ കാര്യമായ ബന്ധമൊന്നും പുലര്‍ത്തിയിരുന്നില്ല. പ്രഭാകരന് എന്നോട് വളരെ ബഹുമാനമായിരുന്നു. വളരെ ആദരവോടുകൂടിയാണ് എന്നോട് സംസാരിക്കാറ്. 1983ല്‍ ജാഫ്നയില്‍ നടന്ന ഒരു പൊതുചടങ്ങില്‍വെച്ചാണ് ഞങ്ങള്‍ ആദ്യമായി കാണുന്നത്. ചടങ്ങ് കഴിഞ്ഞ ശേഷം പ്രഭാകരന്‍ എന്‍െറ മുറിയില്‍ വന്നു. വളരെ ആത്മാര്‍ഥതയുള്ള ഒരു വ്യക്തി. എന്നോട് ഒരുപാട് സംശയങ്ങള്‍ ആറ്റിക്കുറുക്കിയ വാക്കുകളില്‍ ചോദിച്ചു. മറുപടികള്‍ മിണ്ടാതെ നിന്ന് കേട്ടു. അയാള്‍ തെരഞ്ഞെടുത്ത വഴിയോടാണ് എനിക്ക് വിയോജിപ്പുണ്ടായിരുന്നത്. ഇക്കാര്യം പ്രഭാകരനെ മനസ്സിലാക്കിക്കാനും ആയുധമുപേക്ഷിപ്പിക്കാനും ഞാന്‍ എന്‍േറതായ രീതിയില്‍ നിരന്തരം ശ്രമിച്ചിരുന്നു. പക്ഷേ, അയാള്‍ എല്ലാം നിശ്ശബ്ദനായി കേട്ടുനില്‍ക്കുക മാത്രം ചെയ്തു.
പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം ഒരു യാത്രക്കിടെ ഞങ്ങള്‍ വീണ്ടും കണ്ടു. കാര്യമായി ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല. എന്നോട് എന്തോ അത്യാവശ്യമായി പ്രധാനപ്പെട്ടൊരു കാര്യം സംസാരിക്കാനുണ്ടെന്ന് കാണിച്ച് അയാള്‍ എനിക്ക് ഒരു സന്ദേശമയച്ചിരുന്നു. യാത്രാബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നതുകൊണ്ട് അപ്പോള്‍ എനിക്ക് അയാളെ കാണാന്‍ കഴിഞ്ഞില്ല. എന്നാല്‍, എന്തോ നിര്‍ണായകമായ കാര്യമാണെന്നും എത്രയും വേഗം കാണണമെന്നും കാണിച്ച് പ്രഭാകരന്‍ വീണ്ടും സന്ദേശമയച്ചു. ഞാന്‍ കൂടിക്കാഴ്ചക്ക് അനുമതി നല്‍കിയിരുന്നെങ്കിലും പലകാരണങ്ങള്‍കൊണ്ട് ആ കൂടിക്കാഴ്ച നീണ്ടുപോയി. പക്ഷേ, പിന്നെയത്തെിയത് പ്രഭാകരന്‍െറ മരണവാര്‍ത്തയായിരുന്നു.
****
പവിഴപ്പുറ്റുകള്‍ വശ്യമനോഹരമാക്കിയ ഗ്രാമമാണ് ഉണവറ്റുണ. സിലോണിനു തെക്ക് ഗാളെള ജില്ലയില്‍ ‘മുത്തിന്‍െറ’ ആകൃതിയിലുള്ള കടലോരഗ്രാമമാണിത്. തെങ്ങും തേയിലയും റബറും വിളയുന്ന ഇടങ്ങള്‍. കുടിയേറ്റങ്ങളുടെയും വൈദേശിക ആധിപത്യത്തിന്‍െറയും വഴികള്‍ ശ്രീലങ്കയിലേക്ക് തുറക്കുന്നത് ഉണവറ്റുണയില്‍നിന്നാണ്. പോര്‍ചുഗീസുകാര്‍ കീഴടക്കലിന്‍െറ കൊളോണിയല്‍ രീതികളുമായി ആദ്യമത്തെി. യക്ഷ ഗന്ധര്‍വ കിന്നരന്മാര്‍ വാഴുന്ന ഇടമായി വാല്മീകിരാമായണത്തില്‍  ഉണവറ്റുണയുടെ ഐതിഹ്യപ്പഴമകള്‍ നിറഞ്ഞുനില്‍ക്കുന്നു. ഉണവറ്റുണയില്‍ 1931 നവംബര്‍ അഞ്ചിന് അരിയരത്നെ ജനിച്ചു. ബ്രിട്ടീഷ് ഭരണത്തിനു കീഴിലായിരുന്നു ശ്രീലങ്കയപ്പോള്‍.

ജന്മഗ്രാമമായ ഉണവറ്റുണ താങ്കളുടെ ജീവിതത്തെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ടല്ളോ. താങ്കളുടെ ആത്മകഥയായ ‘ഭാവ താന്‍ഹ’യില്‍ ഇത് വ്യക്തമായി അടയാളപ്പെടുത്തുന്നുണ്ട്. എങ്ങനെയായിരുന്നു ബാല്യം ?
* തീര്‍ച്ചയായും ഉണവറ്റുണ എന്നെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. ഐതിഹ്യപ്പഴമകളോളം നീണ്ട വര്‍ണാഭമായ ചരിത്രം ഈ കടലോരഗ്രാമത്തിനുണ്ട്. പ്രാര്‍ഥനാഭരിതമാണ് അവിടത്തെ കാറ്റുപോലും. ഒരു സാധാരണ കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. അച്ഛന്‍ ഹെന്‍ട്രിക് ഹിനവദന. അമ്മ റോസ്ലിന്‍ ഗജധീര. കൊളോണിയല്‍ സംസ്കാരത്തിന്‍െറ സ്വാധീനം ഈ പേരുകളില്‍ വ്യക്തമാണ്. ബുദ്ധമതത്തില്‍ അടിയുറച്ച് വിശ്വസിച്ചിരുന്ന കുടുംബം. എന്‍െറ വീടിന്‍െറ അടുത്ത് ഒരു ബുദ്ധക്ഷേത്രമുണ്ടായിരുന്നു. എല്ലാ സന്ധ്യകളിലും ഞാന്‍ അവിടെ പോകുമായിരുന്നു. അച്ഛന്‍ ഒരു കോണ്‍ട്രാക്ടറായിരുന്നു. കിട്ടുന്ന പണമെല്ലാം അച്ഛന്‍ സഹായം ചോദിച്ചുവരുന്നവര്‍ക്ക് നല്‍കും. സമ്പാദ്യമൊന്നും ഇല്ലായിരുന്നു. അമ്മ ഒരു സാധാരണ വീട്ടമ്മ. സ്കൂള്‍ വിദ്യാഭ്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും അമ്മ നാട്ടിലെ രോഗികളെയെല്ലാം ശുശ്രൂഷിക്കാന്‍ പോകും.
ബുദ്ധമതചിട്ടകള്‍ക്കനുസരിച്ചാണ് ഞാന്‍ വളര്‍ന്നത്. ബുദ്ധഭിക്ഷുകള്‍ക്ക് കീഴിലായിരുന്നു അക്ഷരങ്ങള്‍ പഠിച്ചത്. ലോകയുദ്ധങ്ങളുടെ കരിനിഴല്‍വീണ നാളുകളിലായിരുന്നു വിദ്യാഭ്യാസം. പിന്നീട് പുരാതന ബുദ്ധവിദ്യാഭ്യാസ സ്ഥാപനമായ മഹിന്ദ കോളജില്‍ പഠിച്ചു. പിന്നീട് മെഡിസിന്‍ പഠിച്ചെങ്കിലും വീട്ടിലെ സാമ്പത്തിക പരാധീനതകള്‍ മൂലം പഠനം നിര്‍ത്തി. ഞങ്ങളുടെ കുടുംബം വലിയ പ്രതിസന്ധികള്‍ നേരിട്ട നാളുകളായിരുന്നു അത്. വിശ്വാസം മാത്രമായിരുന്നു കൈമുതല്‍. ജോലി ഒരു ആവശ്യമായിമാറി. അങ്ങനെ അധ്യാപകപഠനത്തിനു ചേര്‍ന്നു.               

എങ്ങനെയായിരുന്നു സര്‍വോദയ ശ്രമദാന പ്രസ്ഥാനങ്ങളുടെ തുടക്കം?
* പഠനകാലത്തുതന്നെ ഞാന്‍ സാമൂഹിക പ്രശ്നങ്ങളില്‍ ഇടപെട്ടിരുന്നു. കയര്‍ ഫാക്ടറികളില്‍ പണിയെടുക്കുന്ന സ്ത്രീതൊഴിലാളികളുടെ പ്രശ്നങ്ങളാണ് ഇതിന് വഴിയൊരുക്കിയത്. ഞാന്‍ എന്‍െറ പഠനകാലത്ത് കയര്‍ ഫാക്ടറിയില്‍ പണിയെടുക്കുന്ന ഒരു വൃദ്ധക്കൊപ്പമായിരുന്നു ഉച്ചഭക്ഷണം കഴിച്ചത്. ആഴ്ചയില്‍ എല്ലാദിവസവും പത്തു മണിക്കൂര്‍  പണിയെടുക്കുന്ന അവര്‍ക്ക് വളരെ തുച്ഛമായ കൂലിയായിരുന്നു കിട്ടിയിരുന്നത്. അവരുടെ ജീവിതസാഹചര്യങ്ങള്‍ വളരെ ദുഷ്കരമായിരുന്നു. കോളജ് പഠനകാലത്ത് ഇവരുടെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ തീരുമാനിച്ചു. അങ്ങനെ കയര്‍ ഫാക്ടറിത്തൊഴിലാളികള്‍ക്കായി ഒരു സഹകരണ സംഘം തുടങ്ങി. അതിനിടെ അധ്യാപകപഠനം പൂര്‍ത്തിയാക്കി ഞാന്‍ നളന്ദ കോളജില്‍ അധ്യാപകനായി ജോലിക്ക് ചേര്‍ന്നു. അധ്യാപനത്തിനിടയില്‍ ലഭിച്ച ഇടവേളകളില്‍ പിന്നാക്ക ജനവിഭാഗങ്ങളെക്കുറിച്ച് ഒരു പഠനം നടത്തി. സര്‍ക്കാറുകള്‍ തിരിഞ്ഞുനോക്കാത്ത അവരുടെ ജീവിതസാഹചര്യങ്ങള്‍ എങ്ങനെ മെച്ചപ്പെടുത്താം എന്ന അന്വേഷണമാണ് എന്നെ ‘സര്‍വോദയ’യുടെ രൂപവത്കരണത്തിലേക്ക് നയിച്ചത്.

ഈ നാളുകളിലല്ളേ താങ്കള്‍ ആചാര്യ വിനോഭഭാവയെ കാണുന്നത്?
* അതെ. സ്ഥിതിസമത്വത്തിനായുള്ള വഴികള്‍ തിരയുമ്പോഴാണ് വിനോഭാജിയെ ഞാന്‍ കണ്ടത്തെുന്നത്. അദ്ദേഹത്തിന്‍െറ ഭൂദാനപ്രസ്ഥാനത്തിന്‍െറ അലയൊലികള്‍ സിലോണിലും നിറഞ്ഞിരുന്നു. അദ്ദേഹത്തെക്കാണാന്‍ ഞാന്‍ ചെന്നൈയിലത്തെി. അദ്ദേഹം എവിടെയുണ്ടാകുമെന്ന് എനിക്ക് അറിയില്ലായിരുന്നു. ചെന്നൈയിലത്തെിയപ്പോള്‍ അറിഞ്ഞു അദ്ദേഹം ദല്‍ഹിയിലാണുള്ളതെന്ന്. ഒരു ജോടി വസ്ത്രങ്ങളും ഒരുപാട് ചോദ്യങ്ങള്‍ നിറഞ്ഞ മനസ്സുമായി ഞാന്‍ ദല്‍ഹിയിലേക്കു വണ്ടി കയറി. അവിടെനിന്നറിഞ്ഞു അദ്ദേഹം പഞ്ചാബിലാണെന്ന്. പഞ്ചാബില്‍ നല്ല തണുപ്പായിരുന്നു. എന്‍െറ കൈയില്‍ തണുപ്പകറ്റാനുള്ള വസ്ത്രങ്ങളൊന്നും ഇല്ലായിരുന്നു. തണുത്തുവിറച്ച് പനിബാധയുമായി അവിടെയത്തെിയപ്പോള്‍ അദ്ദേഹം മൗനവ്രതത്തിലായിരുന്നു. ഞാന്‍ എന്‍െറ ആശങ്കകളും മാറ്റത്തിനായുള്ള സ്വപ്നങ്ങളും അദ്ദേഹത്തോട് പറഞ്ഞു. നീണ്ട മൗനം എനിക്കായി മുറിച്ചുകൊണ്ട് അദ്ദേഹം ഉപദേശങ്ങള്‍ തന്നു. ശരിക്കും അതൊരു ദൈവിക അനുഭവമായിരുന്നു.

സര്‍വോദയുടെ രൂപവത്കരണം?
*പഞ്ചാബില്‍നിന്ന് തിരിച്ചത്തെിയശേഷം ഞാന്‍ സര്‍വോദയയുടെ രൂപവത്കരണത്തിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. അതിന് കൂട്ടായിനിന്നത് എന്‍െറ വിദ്യാര്‍ഥികളായിരുന്നു. യുവശക്തി എങ്ങനെ സാമൂഹിക മാറ്റത്തിനായി വിനിയോഗിക്കാം എന്ന ചിന്തയായിരുന്നു എനിക്ക്. അങ്ങനെ നാല്‍പത് വിദ്യാര്‍ഥികളെയും പന്ത്രണ്ട് അധ്യാപകരെയും കൂട്ടി ഒരു വിദ്യാഭ്യാസപരിഷ്കരണം എന്നനിലയില്‍ ഞങ്ങള്‍ ഗ്രാമീണസേവനത്തിനുപോയി. വികസനം എത്തിനോക്കിയിട്ടില്ലാത്ത, അടിസ്ഥാന സൗകര്യങ്ങളില്ലാത്ത കനറ്റോലുവ എന്ന ഗ്രാമമാണ് തെരഞ്ഞെടുത്തത്. അതുപിന്നെ സംഘടനയായി  ശ്രീലങ്കന്‍ ഗ്രാമങ്ങളിലേക്ക് വളരെവേഗം ആഴത്തില്‍ വളരുകയായിരുന്നു.

എന്താണ് സര്‍വോദയയുടെ അടിസ്ഥാനതത്ത്വങ്ങള്‍?
* ബുദ്ധതത്ത്വങ്ങളെ സാമൂഹികമാറ്റത്തിന് ഉതകുംവിധത്തില്‍ പ്രായോഗികരീതിയില്‍ കൊണ്ടുവരുക. അതിന് ഗാന്ധിയന്‍മാര്‍ഗമുപയോഗിക്കുക. എല്ലാവരുടെയും ഉന്നതി എന്നതാണ്  സര്‍വോദയ എന്ന സംസ്കൃതപദത്തിന്‍െറ അര്‍ഥം. എന്നാല്‍, ഞങ്ങള്‍  അതിന് കുറെക്കൂടി ആത്മീയതയുടെ തലം നല്‍കി ‘എല്ലാവരുടെയും ജ്ഞാനോദയം’ എന്നാക്കി. ഗാന്ധിജിയാണ് സര്‍വോദയ എന്ന വാക്കിനുപിറകില്‍. ശ്രമദാനം എന്നാല്‍ കര്‍മദാനം, സേവനദാനം എന്നൊക്കെയാണ് അര്‍ഥം. നമുക്കുള്ളത് സമൂഹത്തിന്‍െറ ഉന്നതിക്കുവേണ്ടി പങ്കുവെക്കുക എന്നത് മഹത്തായ ഒരു വീക്ഷണമാണ്. ഇതാണ് ദാനം.
അവനവന്‍െറ ഉള്ളിലുള്ള മാറ്റവും ചുറ്റുപാടിലുള്ള മാറ്റവും  ലക്ഷ്യംവെക്കുന്നു. സമൂഹത്തിന്‍െറ ഉന്നതിക്ക് ശാസ്ത്രവും വിശ്വാസങ്ങളും കൈകോര്‍ക്കണം.
ഈ ലോകത്തിലെ എല്ലാ പീഡകള്‍ക്കും പിറകില്‍ ഒരു കാരണമുണ്ടെന്നാണ് ബുദ്ധന്‍ പഠിപ്പിച്ചിട്ടുള്ളത്. ഇതില്‍ നിലനിന്ന് രക്ഷനേടാനുള്ള വഴിയാണ് അഷ്ടാംഗമാര്‍ഗം. ബുദ്ധന്‍െറ ഈ മാര്‍ഗങ്ങളെ മതേതരമായ രീതിയില്‍ ഞങ്ങള്‍ നടപ്പിലാക്കുന്നു. സാമൂഹിക സേവനത്തിലൂടെ മുക്തി, മോക്ഷം  അതാണ് സര്‍വോദയ ശ്രമദാനയുടെ സന്ദേശം. ഗ്രാമങ്ങളുടെ അടിസ്ഥാന സൗകര്യവികസനം, സ്ത്രീകളുടെയും കുട്ടികളുടെയും ന്യൂനപക്ഷങ്ങളുടെയും ക്ഷേമം, ആരോഗ്യക്ഷേമ പദ്ധതികള്‍, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍, പിന്നാക്ക മേഖലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എന്നിവ നടത്തുന്നു.

ഗ്രാമങ്ങളുടെ രാഷ്ട്രീയവത്കരണം സംബന്ധിച്ച താങ്കളുടെ നിലപാടുകള്‍ ഏറെ വ്യത്യസ്തമാണല്ളോ?
* ഗ്രാമങ്ങളാണ് വികസനത്തിന്‍െറ അടിസ്ഥാനഘടകം. ഇന്നുള്ള എല്ലാ തത്ത്വസംഹിതകളും അധികാരത്തി
ന്‍െറ തലത്തിലത്തെുമ്പോള്‍ അവയുടെ ഉദ്ദേശ്യശുദ്ധി നഷ്ടമാകുന്നു.
കാരണം, അവര്‍ ലക്ഷ്യമിടുന്നത്
മേല്‍ത്തട്ടിലുള്ള അധികാരം മാത്ര
മാണ്. ഒടുവില്‍ അധികാരം ഈ തത്ത്വ
സംഹിതകളെ നശിപ്പിക്കുന്നു. ഒപ്പം
ഇന്നത്തെ അധികാരവ്യവസ്ഥയില്‍ ഗ്രാമങ്ങളുടെ ശബ്ദം, അവരുടെ ആവശ്യ
ങ്ങള്‍ അധികാരികള്‍ കേള്‍ക്കുന്നില്ല. ഇതിനുള്ള ഏക പരിഹാരമാര്‍ഗം ഗ്രാമ
ങ്ങളെ രാഷ്ട്രീയമായി സ്വതന്ത്രമാക്കു
ക എന്നതാണ്. സ്വതന്ത്രാധികാരങ്ങളു
ള്ള, സ്വന്തം കാലില്‍ നിലനില്‍പുള്ള ഗ്രാമങ്ങളുടെ ഒരു കൂട്ടായ്മയാകണം രാജ്യമെന്ന ഗാന്ധിയന്‍ തത്ത്വമാണ് ഇതിന് അടിസ്ഥാനം. ഗ്രാമസ്വരാജ്. ഒരു രാജ്യം ശക്തമാകാന്‍ അവിടത്തെ സൈന്യമല്ല, അവിടത്തെ ഗ്രാമങ്ങളാണ് ശക്തമാകേണ്ടത്.തങ്ങളുടെ ശേഷികളെക്കുറിച്ചും അധികാരങ്ങളെക്കുറിച്ചും ഗ്രാമീണരെ ബോധവാന്മാരാക്കുക. രാഷ്ട്രീയസ്വത്വമുള്ളവരാക്കുക. ഈ രാഷ്ട്രീയബോധം പാര്‍ട്ടി അടിസ്ഥാനത്തിലുള്ളതല്ല. മറിച്ച്, പ്രാതിനിധ്യസ്വഭാവമുള്ളതായിരിക്കണം. ശ്രീലങ്കയിലെ മൂവായിരത്തിലധികം ഗ്രാമങ്ങള്‍ സര്‍വോദയ ശ്രമദാനക്ക് കീഴില്‍ സ്വയം പര്യാപ്തമായിട്ടുണ്ട്.       

ശാന്തിമന്ത്രങ്ങള്‍മേഞ്ഞ
സ്വപ്നക്കൂടാരങ്ങള്‍
അരിയരത്നെയോട് യാത്രപറഞ്ഞ് വലിയ മരത്തൂണുകള്‍ അതിരുപാകിയ നടവഴികളിലൂടെ വിശ്വനികേതന്‍െറ പുറത്തേക്ക് നടന്നു. മരച്ചില്ലകളിലൂടെ അരിച്ചിറങ്ങുന്ന കാറ്റില്‍ രാവിന്‍െറ സംഗീതം. ബോധിവൃക്ഷങ്ങളില്‍ ആത്മജ്ഞാനത്തിന്‍െറ നിലാമഴ. ബുദ്ധം ശരണം ഗച്ചാമി! സംഘം ശരണം ഗച്ചാമി!
 വിശ്വനികേതനോട് ചേര്‍ന്നുള്ള അന്തേവാസികളുടെ താമസസ്ഥലം. ഇരുട്ടിന്‍െറ മറപറ്റി നടരാജനും ഭാര്യയുമിരിക്കുന്നു. ‘‘വരൂ തമ്പീ...’’നടരാജന്‍ എന്നെ വിളിച്ചു. ഞാന്‍ അവര്‍ക്കരികിലേക്ക് നടന്നു. ചുവരില്‍ചാരി നടരാജനിരിക്കുന്നു. അഭിമുഖമായി ഭാര്യയും. ഭാര്യ അയാളുടെ വായിലേക്ക് ഭക്ഷണം വാരിക്കൊടുക്കുകയായിരുന്നു.‘‘എല്ലാം കഴിഞ്ഞോ തമ്പീ...?’’ നടരാജന്‍  ഈ ചോദ്യം ചോദിക്കുമ്പോള്‍ അയാളുടെ ശരീരത്തിന്‍െറ വലതുഭാഗത്ത് കൈക്കുപകരം തൂങ്ങിക്കിടക്കുന്ന ഒരു മാംസഖണ്ഡത്തില്‍ വേദനകലര്‍ന്ന അതിശയത്തോടെ കണ്‍പായിക്കുകയായിരുന്നു ഞാന്‍.
അയാള്‍ ചിരിച്ചു. ദു$ഖം നിറങ്ങള്‍ ചോര്‍ത്തിക്കളഞ്ഞൊരു ചിരി. പിന്നീട് ഒരു നിശ്വാസത്തില്‍ എല്ലാം കഴുകിക്കളഞ്ഞ് മുഖത്ത് പ്രസന്നതവരുത്തി നടരാജന്‍ തുടര്‍ന്നു.:  ‘‘ഇതാണോ... കലാപങ്ങള്‍ക്കിടയിലെ ഒരു സ്ഫോടനത്തില്‍ പറ്റിയതാണ്. ആറുവര്‍ഷമായി. സാരമില്ല ഞാന്‍ സന്തുഷ്ടനാണ്. നിങ്ങള്‍ ഒരു ‘കൈസഹായം’ ചോദിച്ചത് ആരോടാണെന്ന് ഇപ്പോള്‍ മനസ്സിലായോ! വിഷമിക്കണ്ട ഞാന്‍  വെറുതേ പറഞ്ഞതാട്ടോ...’’
‘‘ഇപ്പോള്‍ എന്‍െറ ജീവിതത്തിന്‍െറ താങ്ങും  മനസ്സിലെ അക്ഷരങ്ങള്‍ക്ക് രൂപം നല്‍കുന്നതും ഇവളാണ്’’, തന്‍െറ സിംഹളഭാര്യയെ നോക്കി നടരാജന്‍ പറഞ്ഞു. പിരിയാന്‍ നേരത്ത് നടരാജന്‍ തന്‍െറ ഒരു കവിതാശകലം പാടി...
‘‘പരസ്പരം കൊന്ന്
തീര്‍ക്കുമ്പോഴും
ഞങ്ങള്‍ക്കറിയാമായിരുന്നു;
ഞങ്ങളിരുവരും
സഹോദരങ്ങളാണെന്ന്.
ആര്‍ത്തലയ്ക്കുന്ന കടലിനും
ചുട്ടുപഴുത്ത മണല്‍
ത്തിട്ടകള്‍ക്കും നടുവേ,
കത്തിയെരിയുന്ന
ഗോപുരത്തിനുകീഴെ
 ഞങ്ങളുടെ അമ്മ
നിലവിളിച്ചുനിന്നു...’’

നിലാവ് പരന്നൊഴുകുന്നു. ധ്യാനലീനനായ ബുദ്ധന്‍െറ ശില്‍പത്തിനുമുകളിലൂടെ വെണ്‍മ പരന്നൊഴുകുന്നു. മുറ്റത്തെ തടാകത്തില്‍ ബുദ്ധശില്‍പത്തിന്‍െറ പ്രതിബിംബം. നടന്നകലവെ ആ ഈരടികള്‍ പ്രതിധ്വനിച്ചു...
‘‘ഞങ്ങള്‍ക്കറിയാമായിരുന്നു
ഞങ്ങളിരുവരും സഹോദരങ്ങളാണെന്ന്.’’   
   


അഭിമുഖം

മുന്‍ ലക്കങ്ങള്‍