ഇരുട്ടിന്‍െറ പര്യായങ്ങള്‍ | Madhyamam Weekly
Weekly


ഇരുട്ടിന്‍െറ പര്യായങ്ങള്‍

സ്മരണ: വി.ആര്‍. സന്തോഷ്

വെളിച്ചത്തിന്‍െറ തുള്ളികള്‍നിറഞ്ഞ പരപ്പില്‍ ഇരുട്ടിന്‍െറ പര്യായങ്ങള്‍ പരന്നൊഴുകുന്നത് ആരും കാണാറില്ല.  വെളിച്ചത്തിന്‍െറ അപാരമായ വിതാനത്തില്‍ അതിന് പ്രസക്തിയില്ലാത്തതുകൊണ്ടായിരിക്കാം ശ്രദ്ധിക്കാതിരിക്കുന്നത്.  ലോകസാഹിത്യത്തില്‍ ഈ വിതാനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ഇരുട്ടിന്‍െറ പര്യായങ്ങള്‍ കണ്ടെത്തിയവരാണ് ദസ്തയേവ്സ്കിയും അസ്തൂരിയാസും ഗിലെര്‍മോ കബ്രേറ ഇന്‍ഫന്തെയും പിന്‍ചനും പോള്‍ ഓസ്റ്ററുമൊക്കെ.  ഇവര്‍ സമൂഹത്തിന്‍െറ വെളിച്ചത്തില്‍ ഇരുട്ടിന്‍െറ കത്തികൊണ്ട് കീറി ഹൃദയവും രക്തവും വേദനയുമുള്ള മറ്റൊരു സമൂഹത്തെ പുറത്തെടുത്തു.  എന്നിട്ട് ഇത് നമ്മളല്ലെന്നുപറഞ്ഞു.  പിന്നെ ആരെന്നു ചോദിക്കാന്‍ ഇടംതരാതെ അതിനെ മെല്ലെ നടത്തി.

  ആധുനിക - ആധുനികാനന്തര മെക്സിക്കന്‍ സാഹിത്യത്തെ മാന്ത്രിക യാഥാര്‍ഥ്യത്തില്‍നിന്ന് പുറത്തെടുത്തുനടത്തിയ സാഹിത്യകാരനാണ് കാര്‍ലോസ് ഫ്യുയന്‍റസ്.  എണ്‍പത്തി മൂന്നാം വയസ്സില്‍ ഈ ലോകത്തുനിന്ന് തിരിഞ്ഞുനടക്കുമ്പോള്‍ ഇരുപതിലേറെ നോവലുകളും ഒട്ടേറെ ചെറുകഥാസമാഹാരങ്ങളും തിരക്കഥകളും നാടകങ്ങളും രാഷ്ട്രീയ ലേഖനങ്ങളും ഇരുട്ടിന്‍െറ പര്യായങ്ങളായി ബാക്കിവെച്ചു.  
രാഷ്ട്രീയ-സാംസ്കാരിക ബന്ധങ്ങളില്‍ കുടുംബവും സമൂഹവും എങ്ങനെ അവതരിപ്പിക്കാം എന്നതിന്‍െറ ക്രിയാപരമായ സാക്ഷ്യങ്ങളാണ് ഫ്യുയന്‍റസിന്‍െറ കൃതികള്‍.  വട്ടുകളിയുടെ ആശാനായ ഹൂലിയോ കോര്‍ത്തസറിനെയും സൂര്യശിലകൊണ്ട് ചായംതേച്ച ഒക്ടേവിയോ പാസിനെയും മാന്ത്രിക വിമാനസഞ്ചാരിയായ മാര്‍കേസിനെയും യുഗത്തിന്‍െറ പ്രേതസാക്ഷ്യങ്ങളിലൂടെ കടന്നുപോയ വര്‍ഗാസ് യോസയെയും നാം ഹൃദയത്തില്‍ സൂക്ഷിക്കുമ്പോള്‍, കലഹത്തിന്‍െറയും സ്നേഹത്തിന്‍െറയും മൂര്‍ച്ചയാല്‍ ഒരുവേള മുറിഞ്ഞുതൊടുന്ന എഴുത്തുകാരനാണ് കാര്‍ലോസ് ഫ്യുയന്‍റസ്.

മുപ്പതാമത്തെ വയസ്സില്‍ പ്രസിദ്ധീകരിച്ച  ‘വേര്‍ ദ എയര്‍ ഈസ് ക്ളിയര്‍’  എന്ന നോവല്‍ ഒരു ക്ളാസിക്കായി മാറുന്നതോടെ ഫ്യുയന്‍റസിന്‍െറ എഴുത്തിനായി വായനക്കാര്‍ കാത്തിരുന്നു.  ദ്വന്ദ്വ വ്യക്തിത്വത്തിന്‍െറ ഉടമയായ ഇതിലെ റെഡ് ഇന്ത്യന്‍ ആഖ്യാതാവ് സംസ്കാരത്തിന്‍െറയും ഭൂത-വര്‍ത്തമാനത്തിന്‍െറയും ഇടങ്ങളിലൂടെ മാറിമാറി സഞ്ചരിക്കുന്നു.  ഇങ്ങനെ മിത്തിന്‍െറയും യാഥാര്‍ഥ്യത്തിന്‍െറയും ചേരുവയിലൂടെ കാലത്തിന്‍െറ ദൃഢപേശികളെ എടുത്തുകാണിക്കുകയായിരുന്നു ഫ്യുയന്‍റസ്.  കാലം അദ്ദേഹത്തിന്‍െറ എക്കാലത്തെയും വിഷയമായിരുന്നതുപോലെ രാഷ്ട്രീയവും അദ്ദേഹത്തിന്‍െറ വിഷയമായിരുന്നു.   ‘ദ ഓള്‍ഡ് ഗ്രിന്‍ഗോ’  (പത്രപ്രവര്‍ത്തകനായ ആംബ്രോസ് ബിയേഴ്സ്) യിലെ ഒരു നിരീക്ഷണംപോലും ഈ രീതിയില്‍ ശ്രദ്ധേയമാണ്.  മണ്ണിനെക്കുറിച്ച്  വ്യാകുലപ്പെടുമ്പോള്‍ മുട്ടറ്റം ചേറില്‍ പണിയെടുക്കുന്ന കര്‍ഷകരെക്കുറിച്ച് ആരും വ്യാകുലപ്പെടുന്നില്ല എന്ന് എണ്‍പതുകളുടെ മധ്യത്തില്‍ നിരീക്ഷിക്കുന്നത് പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് എതിരായിട്ടല്ല. അതൊരു മെക്സിക്കന്‍ യാഥാര്‍ഥ്യവും ലോകയാഥാര്‍ഥ്യവും ആയിത്തീരും എന്നു പറയാന്‍കൂടിയായിരുന്നു.  ഇന്ന് അത് യാഥാര്‍ഥ്യമായി മാറിയപ്പോള്‍ ഗ്രിന്‍ഗോയുടെ പ്രസക്തിയെക്കുറിച്ചോര്‍ത്തെന്നു മാത്രം.
 വെളിച്ചം  മാത്രമല്ല ഇരുട്ടുകൂടി ഈ വഴികളിലൊക്കെ സഞ്ചരിക്കുന്നുണ്ടെന്ന് ഓര്‍മപ്പെടുത്താന്‍ ഫ്യുയന്‍റസ് എപ്പോഴും ശ്രമിച്ചിട്ടുണ്ട്.  വിപ്ളവാത്മക ആശയങ്ങളുടെ സഹയാത്രികനായ ആര്‍ട്ടിമിയോഗ്രൂസ് ഒരു ചെറിയ ജോലിക്കാരനാണെങ്കിലും കാപട്യവും സാമ്പത്തിക ലക്ഷ്യങ്ങളും കാണുന്നതിന്‍െറ ഒരു വലിയ ആഖ്യാനം അദ്ദേഹത്തിന്‍െറ ‘ദ സത്ത് ഓഫ് ആര്‍ട്ടിമിയോക്രൂസി’ലുണ്ട്.  ലോകക്രമത്തില്‍ വന്ന മാറ്റങ്ങള്‍ വളരെ മുമ്പുതന്നെ കാണാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്ന ഈ എഴുത്തുകാരന്‍ അതുകൊണ്ടായിരിക്കാം ഫിദല്‍ കാസ്ട്രോയെയും ഊഗോ ചാവെസിനെയും സ്നേഹിക്കുകയും ഒടുവില്‍ വിമര്‍ശിക്കുകയും ചെയ്തത്.  അന്ത$സംഘര്‍ഷങ്ങളുടെ വിളനിലത്ത് എന്നും സ്വന്തം വിത്തുമായി നടക്കാന്‍ ഇഷ്ടപ്പെട്ടതുകൊണ്ടായിരിക്കാം തെറ്റിപ്പിരിയലിന്‍െറ ചങ്ങാതിയായത്. ഇതുകൊണ്ടുതന്നെയായിരിക്കാം ഇ.ഐ. പെയ്സില്‍ കോളമിസ്റ്റായി മാറിയതും.  രാഷ്ട്രീയ, സാംസ്കാരിക രംഗങ്ങളില്‍ തനിക്കുള്ളതുപറയാന്‍ ഈ കോളം നന്നായി ഉപയോഗിക്കുകയും ചെയ്തിരുന്നു ഫ്യുയന്‍റസ്.

എങ്കിലും, ഫിക്ഷനിലേക്കു കടക്കുമ്പോള്‍ അത് യാന്ത്രികമായി ഉപയോഗപ്പെടുത്തുകയായിരുന്നില്ല ഫ്യുയന്‍റസ്.  ലാറ്റിനമേരിക്കന്‍ ചരിത്രമായി കരുതുന്ന   ടെറനോസ്ട്രയില്‍  പുതിയ ചരിത്രാഖ്യാനംതന്നെ നടത്തുന്നുണ്ട്  അദ്ദേഹം.  ഇരുപതാം നൂറ്റാണ്ടിന്‍െറ വെളിപാടിലേക്കു തുറക്കുന്ന ഈ നോവല്‍ പൗരാണിക റോമില്‍നിന്ന് യാത്ര പുറപ്പെടുകയും സമകാലിക   മെക്സികോയിലേക്ക് വന്നുനില്‍ക്കുകയും ചെയ്യുന്നു.  കാലത്തിന്‍െറ, ജീവിതത്തിന്‍െറ പരിണാമം ഒരു നോവലില്‍ എങ്ങനെ ചിത്രീകരിക്കാമെന്നതിന്‍െറ ഉദാഹരണംകൂടിയാണിത്.  എല്ലാ എഴുത്തിലും കാലം ഒരു ഘടികാരമായി ചലിക്കുകയും ചിന്തിക്കുകയും ചെയ്യുന്നത് ഫ്യുയന്‍റസ്കൃതികളില്‍ വ്യത്യസ്തമായി കാണാം.  അദ്ദേഹം രചിച്ച അവസാന നോവലായ ‘ഡെസ്റ്റിനി ആന്‍ഡ് ഡിസയറി’ലും (2011) മെക്സിക്കന്‍ കാലികത പ്രകാശനംചെയ്യുന്നുണ്ട്.  ലൈംഗികതയും ഹിംസാത്മകതയും ഒരു സവിശേഷ നിലയിലാണ് ഇവിടെ കടന്നുവരുന്നത്, മാറിയ ലോകത്തിന്‍െറ  അത്രക്കു സുന്ദരമല്ലാത്ത ഒരു സാഹചര്യത്തില്‍ ചുറ്റുപാടിന്‍െറ ഇരുട്ടിനെ സസൂക്ഷ്മം പിടിച്ചെടുക്കുന്ന ഫ്യൂയന്‍റസിന്‍െറ കൃതികള്‍ ഇരുട്ടിന്‍െറ പര്യായങ്ങളാകുന്നത് ഇത്തരം എഴുത്തിനാലാണ്.  ഈ കൃതികളില്‍നിന്നെല്ലാം ഇരുട്ട് അതിന്‍െറ വഴികളില്‍ സഞ്ചരിച്ച് ലോകത്തിന്‍െറ ചെറുതുരുത്തുകളില്‍ വെളിച്ചം കാണാനിരിക്കുന്ന കാഴ്ച രസകരമാണ്.
 സ്ത്രീഎഴുത്തുകളുടെ  വികാസഘട്ടത്തില്‍ അദ്ദേഹം രചിച്ച ‘ഔ’  (1928) എന്ന നോവല്ല  സ്ത്രീയുടെ ആന്തരികതയെ കണ്ടെത്തുന്നതാണ്.  സ്ത്രീയുടെ അപരയും അതിന്‍െറ വിന്യായങ്ങളും ‘ഔ’യിലുണ്ട്.  ഇതൊരു ആണ്‍ഭാവന എന്ന നിലയില്‍ തെറ്റായിവായിക്കാമെങ്കിലും ഇതിലെ ഏകവചന മധ്യമപുരുഷ ആഖ്യാനം നമ്മെ കൊണ്ടുപോകുന്നത് വാര്‍ത്താ സ്ത്രീയിലേക്കാണ്. ഉഗെറ്റ്സ് എന്ന ജാപനീസ് ചിത്രത്തില്‍നിന്നുള്ള പ്രചോദനം ഉള്‍ക്കൊണ്ട് രചിച്ച ‘ഔ’, ചരിത്രം, കാമന എന്നിവക്കിടയില്‍ സഞ്ചരിക്കുന്നു.

ഫെലിപേ മൊന്‍േറരോ, കോന്‍ഷലോ, ഔ എന്നീ മൂന്നു കഥാപാത്രങ്ങളിലൂടെ കാമനയുടെ ചക്രം പൂര്‍ത്തിയാകുന്നു.  അറുപതുവര്‍ഷം മുമ്പ് മരിച്ചുപോയ ജനറല്‍ ലോറന്‍േറയുടെ ഓര്‍മക്കുറിപ്പുകള്‍ പ്രസിദ്ധീകരിക്കാനുള്ള പത്രപരസ്യത്തില്‍നിന്ന് ആരംഭിക്കുന്ന ഫെലിപേ മൊന്‍േറരോയുടെ ‘ഔ’ ചരിത്രം നാലായിരം പെഡോവക്കും ഔക്കും ഇടയിലൂടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സഞ്ചാരമായി മാറുന്നു.

 ഔയെ തിരിച്ചുകൊണ്ടുവരാനും യൗവനത്തെ തിരിച്ചെടുക്കാനും ശ്രമിക്കുന്ന പ്രണയസങ്കല്‍പം വൃദ്ധകാമനയുടെ സങ്കല്‍പമായി നാം അനുഭവിക്കുന്നു. ഇത്  സാഗാ എന്ന മുയല്‍ വാര്‍ധക്യത്തിലെ കോന്‍ഷലോയുടെ ഏകാന്തതയെ മറികടക്കുന്നതുപോലെ ഫെലി പേ ഔയിലൂടെ തന്‍െറ സ്ത്രീസങ്കല്‍പത്തെ മറികടക്കുന്നുണ്ട്.  ഔയെ വെളിച്ചത്തിലേക്ക് കൂട്ടിക്കൊണ്ടുവരാന്‍ ഫെലിപേ ശ്രമിക്കുമ്പോള്‍ ഔ വൃദ്ധയിലേക്കും തന്നിലേക്കും കടന്നുകയറുന്നതിന്‍െറ സ്വത്വവ്യാഖ്യാനം ചരിത്രപരമായി സ്ത്രീയെ അടയാളപ്പെടുത്തുന്നുണ്ട്.
 പുരുഷന്‍െറ ഗൃഹാതുരത്വത്തിന്‍െറ കുറ്റസമ്മതങ്ങള്‍ക്കിടയില്‍നിന്ന് സ്ത്രീ എപ്പോഴും മാറിനില്‍ക്കാന്‍ ശ്രമിക്കാറുണ്ട്. ഗൃഹാതുരത്വത്തിന്‍െറ രാഷ്ട്രീയ നിര്‍മിതി പുരുഷന് അനുകൂലമായിരിക്കും.  അതുകൊണ്ടാണ്, സ്ത്രീ ഒഴിഞ്ഞുമാറുന്നത്.  ഇവിടെ ഔയും ആ രീതിയില്‍ ഒഴിഞ്ഞുമാറുന്നുണ്ട്.  എഴുതപ്പെട്ട, വ്യാഖ്യാനിക്കപ്പെട്ട ഗൃഹാതുരത്വം വര്‍ത്തമാനകാലത്ത് ഒരു ബാധ്യതയായി മാറുന്നുണ്ട്.  അത് ലൈംഗികതയിലേക്കു ക്ഷണിക്കുമെന്നും പരിസര യാഥാര്‍ഥ്യങ്ങള്‍ തെളിയിച്ചുകൊണ്ടിരിക്കെ ഫ്യുയന്‍റസ് എത്രയോ മുമ്പ് അതിനെക്കുറിച്ച് ബോധവാനായിരുന്നുവെന്ന് ഔ ഓര്‍മിപ്പിക്കുന്നു.  ചരിത്രപരമായ വൈകാരികതയില്‍ വന്നുചേരുന്ന കാലഘട്ടത്തിന്‍െറ ഒരു ലക്ഷണമായ ഗൃഹാതുരത്വത്തിനുമേല്‍ നാമെന്തിന് ഇരിക്കണമെന്ന യാഥാര്‍ഥ്യംകൂടി ഔ തെളിയിക്കുമ്പോള്‍ വെളിച്ചത്തിന്‍െറ തുള്ളികള്‍ ഇരുട്ടിന്‍െറ പര്യായങ്ങളായി മാറുന്നു.  പാരമ്പര്യത്തിന്‍െറ വേരുകള്‍ ആഴത്തിലേക്കല്ല, പ്രതലത്തിലേക്കാണ് പടരുന്നതെന്ന യാഥാര്‍ഥ്യംകൂടി ഫ്യുയന്‍റസ് വ്യക്തമാക്കുന്നു.  മരിച്ച് ദിവസം കഴിഞ്ഞ് വാര്‍ത്തയായ ഫ്യുയന്‍റസ്, താനൊരു പരസ്യമല്ലെന്ന് നമ്മോടു പറയുന്നു.  ഇതിനപ്പുറം ഒരെഴുത്തുകാരന് എന്താണ് പറയാനാവുക, വെളിച്ചം തൂകിവീഴുമ്പോള്‍ ഇരുട്ടിന്‍െറ പര്യായമായി ജീവിച്ചെന്നല്ലാതെ...!


‌സ്മരണ

മുന്‍ ലക്കങ്ങള്‍