ഒരു ദേശത്തിന്‍െറ ഹൃദയത്തിലൂടെ | Madhyamam Weekly
Weekly


ഒരു ദേശത്തിന്‍െറ ഹൃദയത്തിലൂടെ

സുസ്മേഷ് ചന്ത്രോത്ത്

അവസാനത്തെ ചേരമാന്‍ പെരുമാളായ രാമകുലശേഖരന്‍ ‘‘ചത്തും കൊന്നും അടക്കിക്കൊള്‍ക’’എന്നു പറഞ്ഞ് ഏറനാട്ടിലെ നാടുവാഴിയായിരുന്ന മാനവിക്രമന് സമ്മാനിച്ച പ്രദേശമാണ് പിന്നീട് വൈദേശികരുടെയും സ്വദേശികളുടെയും പ്രിയനഗരമായി മാറിയ കോഴിക്കോട്. പതിനൊന്നാം നൂറ്റാണ്ടില്‍ നടന്ന ഒരു യുദ്ധത്തിലെ ധീരതക്ക് അഭിവാദ്യമായി നാടുവാഴിക്ക് ലഭിച്ച ചതുപ്പുനിലം പിന്നീട് ഇന്നു കാണുന്ന കോഴിക്കോട് നഗരമായി മാറിയെങ്കില്‍ ആ നഗരത്തിനും നഗരപരിസരജീവികള്‍ക്കും പറയാന്‍ ഏറെ കഥകള്‍ കാണും.

അറിവിനുമേല്‍ വീഴുന്ന പ്രഹരമായും ലഹരിയായും വായിക്കാവുന്ന ചരിത്രസമ്പര്‍ക്കത്തിന്‍െറ കാലലീലകളാണ് പി. സക്കീര്‍ ഹുസൈന്‍ സമാഹരിച്ച ‘കോഴിക്കോട്-ഒരോര്‍മപ്പുസ്തകം’ എന്ന ഗ്രന്ഥം. കേരളരൂപവത്കരണത്തിനുമുമ്പുള്ള ഇന്നത്തെ ആറു ജില്ലകള്‍ ചേര്‍ന്നുകിടന്ന സംസ്ഥാനമായിരുന്നു അന്നത്തെ ‘മലബാര്‍’. അതിന്‍െറ ആസ്ഥാനമായിരുന്നു കോഴിക്കോടും അവിടത്തെ ഹജൂര്‍ കച്ചേരിയും. വന്നവരെല്ലാം കോഴിക്കോടിന് കൊണ്ടുവന്നു കൊടുത്തതും ചൊരിഞ്ഞതും ലോകോത്തരമായ വമ്പത്തരങ്ങള്‍ മാത്രം. കഥതന്നെയാണ് ചരിത്രമായി വേഷം മാറുന്നതെങ്കില്‍ അഥവാ ചരിത്രമാണ് കഥകളായി പരിണമിക്കുന്നതെങ്കില്‍ അതാണ് മാനവികബോധത്തിന്മേല്‍ വീഴുന്ന ആദ്യത്തെ മരവിപ്പുകള്‍ എന്ന് നമുക്ക് പറയേണ്ടതായും വരും.

പന്ത്രണ്ടാം നൂറ്റാണ്ടിന്‍െറ പ്രാരംഭത്തില്‍ അടിത്തറ പാകപ്പെട്ട കോഴിക്കോട് നഗരത്തിന്‍െറ ആധികാരികചരിത്രമോ ചരിത്രാവലംബിയായ സാഹിത്യരൂപമോ അല്ല ഈ പുസ്തകം. ഇത് ഈ നൂറ്റാണ്ടില്‍ മാത്രം കോഴിക്കോട് കണ്ട-പോയനൂറ്റാണ്ടില്‍നിന്ന് സംസാരിക്കുന്നവരും പുസ്തകത്തില്‍ ഉണ്ടെങ്കിലും അവര്‍ക്കും വേരുകള്‍ നീളുന്നുണ്ട് ഈ നൂറ്റാണ്ടിലേക്ക്. കൊച്ചിയിലെ ഡച്ച് പാതിരിയായിരുന്ന ജേക്കബ് കാന്‍റര്‍ വിഷറുടേത് ഒഴിച്ച്-ഏതാനും പേരുടെ സ്മരണകളുടെ സമാഹാരമാണ്. ചെമ്മണ്‍പാതകളും ജഡ്കകളും റിക്ഷകളും കുതിരവണ്ടികളും അപൂര്‍വമായ ഓടിട്ട ഇരുനിലവീടുകളും പോയി പുതിയ നഗരം രൂപപ്പെട്ടതുവരെയുള്ള ചരിത്രമാണ് ഈ പുസ്തകത്തില്‍നിന്ന് വായനക്കാരന് ശേഖരിക്കാന്‍ കഴിയുന്നത്.

‘കോഴിക്കോട്’ എന്ന പേരിന്‍െറ ഉദ്ഭവം ‘കോയില്‍ക്കോട്’ എന്ന വാക്കില്‍നിന്നായിരിക്കണം. കോയില്‍+കോട് എന്ന് പിരിച്ചെഴുതാം. രാജകൊട്ടാരം എന്ന് അര്‍ഥം ലഭിക്കും.‘ഴ’ എന്ന അക്ഷരം പരിണമിച്ചുവന്നതാണെന്നും അനുമാനിക്കാം. ഇങ്ങനെ രൂപപ്പെട്ട കോഴിക്കോട് മലയാളികളല്ലാത്തവരുടെ ഉച്ചാരണങ്ങളില്‍ ‘കോയിക്കോട്’ എന്നോ ‘കോളിക്കോട്’ എന്നോ ‘കോഷിക്കോട്’ എന്നോ ആയി മാറും. കോഴിക്കോട് എന്ന പദം തമിഴില്‍ ‘കല്ലിക്കോട്ടൈ’ എന്നും അറബിയില്‍ ‘കാലിക്കൂത്ത്’ എന്നും യൂറോപ്പില്‍ ‘കാലിക്കറ്റ്’ എന്നും മാറിയത് ഉദാഹരണങ്ങളാണ്.’’
ഈ പുസ്തകത്തിലെ തന്‍െറ ദീര്‍ഘലേഖനത്തില്‍ എം.ജി.എസ്. നാരായണന്‍ പറയുന്നു.
കെ.പി. കേശവമേനോന്‍, വൈക്കം മുഹമ്മദ് ബഷീര്‍, സഞ്ജയന്‍, എ.കെ. ഗോപാലന്‍, എം.ടി. വാസുദേവന്‍ നായര്‍, സി.എച്ച്. കുഞ്ഞപ്പ, മൂര്‍ക്കോത്ത് കുഞ്ഞപ്പ, ഇ. മൊയ്തുമൗലവി, എസ്.കെ. പൊറ്റെക്കാട്ട്, ഉറൂബ്, വി.കെ.എന്‍, ഒ.വി. വിജയന്‍, എന്‍.പി. മുഹമ്മദ്, കെ.ടി. മുഹമ്മദ്, ചെറുകാട്, പവനന്‍, തിക്കോടിയന്‍, നെട്ടൂര്‍ പി. ദാമോദരന്‍,ജേക്കബ് കാന്‍റര്‍ വിഷര്‍, എം.ജി.എസ്. നാരായണന്‍, കാട്ടുമാടം നാരായണന്‍, പി.പി. ഉമ്മര്‍കോയ, യു.എ. ഖാദര്‍, എം.കെ. മുനീര്‍, ബാബു ഭരദ്വാജ്, പി. വത്സല, ചെറിയാന്‍ കെ. ചെറിയാന്‍, എം.എന്‍. കാരശ്ശേരി, പി.ആര്‍. നാഥന്‍, അക്ബര്‍ കക്കട്ടില്‍, കെ.പി. രാമനുണ്ണി, കല്‍പറ്റ നാരായണന്‍, വാസു പ്രദീപ്, യു.കെ. കുമാരന്‍, പി.കെ. പാറക്കടവ്, വി.ആര്‍. സുധീഷ്, സുഭാഷ് ചന്ദ്രന്‍, വി.എം. കുട്ടി, ജമാല്‍ കൊച്ചങ്ങാടി, സി.പി. രാജശേഖരന്‍, സത്യന്‍ അന്തിക്കാട്, പോള്‍ മണലില്‍, സിബി മലയില്‍, പ്രിയ എ.എസ്, രേഖ കെ, വി. മുസഫര്‍ അഹമ്മദ്, കെ. മോഹന്‍ലാല്‍, വി. ദിലീപ്, ഡോ. ഖദീജ മുംതാസ്, ശ്രീബാല കെ.മേനോന്‍ എന്നിവരാണ് ഈ പുസ്തകത്തിലെ ലേഖകര്‍. നമുക്കേറെ പരിചിതരായ അവരവരുടെ പേരുകളില്‍നിന്നുതന്നെ അവരവര്‍ എഴുതിയിട്ടുള്ള ലേഖനങ്ങളുടെ സ്വഭാവവും കാലവും നമുക്ക് പിടിച്ചെടുക്കാവുന്നതാണ്. അതിലൂടെ തെളിയുന്നത് പതിനഞ്ചാം നൂറ്റാണ്ടു മുതല്‍ വിദേശവ്യാപാരക്കരാറുകളിലൂടെയും വിദേശരാജ്യസമ്പര്‍ക്കങ്ങളിലൂടെയും സാമൂതിരി-കോനാതിരി-നാടുവാഴി ബന്ധങ്ങളിലൂടെയും ഉറപ്പിച്ചെടുത്ത കോഴിക്കോടന്‍ സംസ്കൃതിയുടെ ചിത്രംതന്നെയാണ്.

കെ.പി. കേശവമേനോന്‍ (കോഴിക്കോട്ടെ പഠനകാലവും മറ്റും), എ.കെ. ഗോപാലന്‍ (എന്നെ മാര്‍ക്സിസം പഠിപ്പിച്ച നഗരം), എം.ടി (കോഴിക്കോട്- ചില ഓര്‍മപ്പൊട്ടുകള്‍), സി.എച്ച്. കുഞ്ഞപ്പ (കോഴിക്കോട്ടെ പ്രമുഖന്മാര്‍, അതികായന്മാര്‍), ഇ. മൊയ്തുമൗലവി (കോഴിക്കോട്ടെ സമരകഥകള്‍), എസ്.കെ. പൊറ്റെക്കാട്ട് (പഴയ കോഴിക്കോട്), ചെറുകാട് (ഉരുകുന്ന ഓര്‍മകളുമായി കോഴിക്കോട്ടേക്ക് യാത്ര), കെ.ടി. മുഹമ്മദ് (മാഞ്ഞുപോയ കാഴ്ചകള്‍), നെട്ടൂര്‍ പി. ദാമോദരന്‍ (പി.കൃഷ്ണപിള്ളയുടെ സൈക്കിളില്‍ നെഹ്റു), എം.ജി.എസ് (കോഴിക്കോട്-ഇന്നലെയും ഇന്നും), കാട്ടുമാടം (കോഴിക്കോടന്‍ സ്മരണകള്‍), എം.എന്‍. കാരശ്ശേരി (കോഴിക്കോടിന്‍െറ സാഹിത്യപാരമ്പര്യം), അക്ബര്‍ കക്കട്ടില്‍ (കോഴിക്കോടന്‍ യാത്രകള്‍), വാസു പ്രദീപ് (കോഴിക്കോട്ടെ നാടകപരീക്ഷണങ്ങള്‍), വി.എം. കുട്ടി (ഇശല്‍ പൂക്കും ഓര്‍മകള്‍),വി. മുസഫര്‍ അഹമ്മദ് (പകലുകളും രാത്രികളും കോഴിക്കോട്)എന്നീ ലേഖനങ്ങള്‍ ഈ പുസ്തകത്തെ അഗാധമാക്കുകയും സവിശേഷമാക്കുകയും ചെയ്യുന്നു.

മലയാളത്തിന്‍െറ പ്രിയപ്പെട്ട എഴുത്തുകാരുടെയും കലാകാരന്മാരുടെയും കോഴിക്കോടന്‍ അനുഭവങ്ങളുടെ സമാഹാരമെന്ന നിലയില്‍ ഈ ഓര്‍മപുസ്തകം വായനക്കാരെ സമ്പന്നരാക്കും. അതേസമയം, പ്രാദേശിക ചരിത്രത്തിന്‍െറ ഇഴകീറി പരിശോധിക്കാന്‍ മുതിരുന്നവര്‍ നിരാശരാവുകയും ചെയ്യും. കാരശ്ശേരി മാഷിന്‍െറ ലേഖനവും എം.ജി.എസിന്‍െറ ലേഖനവും ചേര്‍ത്തുവെച്ച് ഒരു ഗവേഷണപുസ്തകത്തിന്‍െറ പ്രാധാന്യത്തിലേക്ക് വായനക്കാരന്‍ ചിന്തിച്ചാല്‍ അതിന്‍െറ കിറുക്കും കോഴിക്കോടന്‍ സംസ്കാരത്തിനു സ്വന്തം. എഡിറ്റര്‍ ആ സാധ്യതയെ കാണാതെപോവുകയുമരുത്. വായനക്കാരന്‍, ലേഖകരുടെ കോഴിക്കോടന്‍ ഓര്‍മകളിലൂടെ കടന്നുപോകുമ്പോള്‍ തിരിച്ചുപിടിക്കുന്നത് വേരുറപ്പുള്ള ജീവിതത്തെയായിരിക്കും. അത് തീര്‍ച്ചയാണ്. ഒരുപക്ഷേ, തിരുവിതാംകൂറിലെ തലസ്ഥാനത്തിനും നഗരങ്ങള്‍ക്കും കൊച്ചിയിലെ തുറമുഖത്തിനും നഗരത്തിനും തരാനാവുന്നതിലുമധികം കോഴിക്കോട് ഇനിയും വരുന്നവര്‍ക്കായി കരുതിവെച്ചിട്ടുണ്ടെന്ന് ഓര്‍മിപ്പിക്കുകയും ചെയ്യും.

വായനക്കുശേഷം ഒരു കാര്യം പുസ്തകം വെളിപ്പെടുത്തുന്നു. അത് ഈ നൂറ്റാണ്ടില്‍ ഭാരതത്തെയും കേരളത്തെയും രാഷ്ട്രീയമായും സാംസ്കാരികമായും നവീകരിച്ചവരിലും കെട്ടിപ്പടുത്തവരിലും മുന്‍പന്തിയില്‍നിന്ന ചില കേരളീയരെയാണ്. അവരെ അവഗണിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല. അവര്‍ പലേടത്തായി ഇതില്‍ കടന്നുവരുന്നുണ്ട്. കെ. കേളപ്പന്‍, മുഹമ്മദ് അബ്ദുറഹ്മാന്‍, ഇ. മൊയ്തുമൗലവി, കെ.പി. കേശവമേനോന്‍, മാധവന്‍ നായര്‍, യു. ഗോപാലമേനോന്‍, എ.കെ.ജി, പി. കൃഷ്ണപിള്ള എന്നിവരൊക്കെ സ്വാതന്ത്ര്യലബ്ധിക്കുമുമ്പായും കെ.എ. കൊടുങ്ങല്ലൂര്‍, എന്‍.വി. കൃഷ്ണവാരിയര്‍, എം.ടി എന്നിവര്‍ അതിനുശേഷവും പലരാലും സ്മരിക്കപ്പെടുന്നുണ്ട്. അതുകൊണ്ടും തീരുന്നില്ല കോഴിക്കോടിനെ സ്പര്‍ശിച്ചുപോയ പ്രഗല്ഭമതികളുടെ കൂട്ടം. പാട്ടും താളവും അഭിനയവും രുചികളും സിനിമയും രൂപപ്പെട്ട വഴികളും വളര്‍ന്ന് സ്വന്തം വഴി കണ്ടെത്തിയ ഗാഥകളും ഇവിടെ പലരും ആഘോഷത്തോടെ ഓര്‍മിക്കുന്നുണ്ട്. അവയെല്ലാം 1962ല്‍ ‘കാലിക്കറ്റ് മുനിസിപ്പാലിറ്റി’യില്‍നിന്ന്  ‘സിറ്റി കോര്‍പറേഷ’നായി മാറിയ കോഴിക്കോടിനെ കേന്ദ്രീകരിച്ചാണെന്നു മാത്രം. കോഴിക്കോടിന്‍െറ ഓര്‍മകള്‍ അവിടെ പരിമിതമാക്കപ്പെടുന്നുണ്ട്. അതേപോലെ ഇ.എം.എസും ഇടശ്ശേരിയും സുരാസുവും മാധവിക്കുട്ടിയും ടി. പത്മനാഭനും അക്കിത്തവും അരവിന്ദനും അരവിന്ദന്‍െറ ‘ചെറിയ ലോകവും വലിയ മനുഷ്യരും’കേരളത്തിലുണ്ടായിട്ടുള്ള രേഖാചിത്രകാരന്മാരില്‍ മുന്തിയ സ്ഥാനത്തുനില്‍ക്കുന്ന എ.എസുമൊക്കെ ഇതില്‍ കടന്നുവരാത്തതെന്തെന്നും വായനക്കാരന്‍ ആത്മാര്‍ഥതമൂലം സംശയിക്കും.

ഒ.വി. വിജയന്‍െറ ലേഖനത്തില്‍ നിന്ദിതനും പീഡിതനുമായ ഒരു രാജാവിനെ വര്‍ത്തമാനകാലത്ത് കണ്ടുമുട്ടുകയാണെങ്കില്‍ എന്ന് സങ്കല്‍പിക്കുന്നുണ്ട്. അതേപോലെ ഒഴിവാക്കപ്പെട്ട പലരെയും വര്‍ത്തമാനകാലത്ത് ക്ഷീണിതരായി കണ്ടെത്താന്‍ കഴിയുമെന്നത് ഇത്തരം സമാഹാരപരിശ്രമങ്ങളിലെ ദുര്യോഗംമാത്രം. പഴയ മലബാറിന്‍െറയും അതില്‍പ്പെട്ട കോഴിക്കോടിന്‍െറയും ചരിത്രവും ഐതിഹ്യവും കേട്ടുകേള്‍വികളും അതിബൃഹത്തായ അനേകം ഗ്രന്ഥങ്ങള്‍ക്കുള്ള സാധ്യതകളാണെന്ന് ഈ പുസ്തകം സൂക്ഷിച്ചുവായിക്കുമ്പോള്‍ നമുക്ക് മനസ്സിലാകും.


വായന

മുന്‍ ലക്കങ്ങള്‍