ജലത്തെയും ജീവിതത്തെയും കുറിച്ച ആധികള്‍ | Madhyamam Weekly
Weekly


ജലത്തെയും ജീവിതത്തെയും കുറിച്ച ആധികള്‍

വായന: അനു പി.പി

സാറാ ജോസഫ് കഥ പറയുന്നത് ജീവനുവേണ്ടിയാണ്. ജീവിതമാകട്ടെ നിലനില്‍പിനുവേണ്ടി നിരന്തരം പ്രതിരോധിച്ചുകൊണ്ടിരിക്കുന്ന ചരിത്രസന്ധിയിലാണ്. പരിസ്ഥിതിരാഷ്ട്രീയത്തിന് ഇന്നൊരു മുഖവുര ആവശ്യമില്ല. ഭൗമവിശുദ്ധികള്‍ മുഴുവനും വില്‍പനക്കുവെച്ചിരിക്കുന്ന കമ്പോളലോകത്തില്‍ പ്രതിരോധത്തിന്‍െറ നവരൂപമായി എഴുത്ത് മാറിക്കഴിഞ്ഞിരിക്കുന്നു.
ചെറുത്തുനില്‍പിനുവേണ്ടിയുള്ള സമരങ്ങളില്‍ നമ്മള്‍ ഏതുപക്ഷത്തു നില്‍ക്കണം എന്ന ചോദ്യം നിരന്തരം എഴുത്തുകാരി തന്നോടുതന്നെ ചോദിച്ചതിന് ഉത്തരമാണ് ‘ആതി’. പൊതുധാരാ രാഷ്ട്രീയം തമസ്കരിക്കുന്ന ജൈവിക ബോധങ്ങളുടെ ഇടങ്ങളില്‍ സൂക്ഷ്മ രാഷ്ട്രീയബോധം (micro political)എങ്ങനെ ചര്‍ച്ചയാകുന്നു എന്നതിന്‍െറ സാക്ഷ്യമാണ് ഈ നോവല്‍.

Person is political എന്നതാണ് സൂക്ഷ്മരാഷ്ട്രീയബോധത്തിന്‍െറ അവലംബം. അത് ഭൂരിപക്ഷം/ സ്റ്റേറ്റ് നിര്‍ണയിക്കുന്ന ജനാധിപത്യബോധത്തോട് കലഹിക്കുകയും പ്രാന്തവത്കരിക്കപ്പെട്ടവരുടെ ജീവിതത്തിലേക്കും പ്രതിരോധത്തിലേക്കും ഇറങ്ങിച്ചെല്ലുകയും ചെയ്യുന്നവരുടെ രാഷ്ട്രീയംകൂടിയാണ്. പ്രതീക്ഷ അര്‍പ്പിച്ച പ്രത്യയശാസ്ത്രങ്ങള്‍ അധികാര രാഷ്ട്രീയ സ്വരൂപത്തിന്‍െറ ഭാഗമായി, സമരോത്സുക പ്രതിരോധങ്ങളില്‍നിന്ന് സമരസപ്പെടലുകള്‍ക്ക് വിധേയമായപ്പോള്‍  ഉല്‍പതിഷ്ണുക്കളായ ഒരു പറ്റം പ്രതിരോധത്തിന്‍െറ പാതയിലിറങ്ങുകയും സമരം തുടരുകയും ചെയ്തു. സ്വാഭാവികമായും അവര്‍ അധികാരത്തിനെതിരെ നിരന്തരം പോരാട്ടത്തിലായി. പ്ളാച്ചിമടയും എന്‍ഡോസള്‍ഫാനും ക്രിക്കറ്റ് സ്റ്റേഡിയത്തിനായി കായല്‍നികത്തുന്നതിനെതിരെയുള്ള കൊച്ചിയിലെ സമരവും ഇത്തരത്തിലുയര്‍ന്ന പ്രതിരോധസ്വരങ്ങളായിരുന്നു. അധികാരത്തില്‍ കാലാകാലം ഭാഗഭാക്കാകുന്നവര്‍ അസഹിഷ്ണുതയോടെ പ്രതിരോധങ്ങളെ തിരസ്കരിക്കുകയോ കണ്ടില്ലെന്നു നടിക്കുകയോ അടിച്ചമര്‍ത്തുകയോ ചെയ്തുകൊണ്ടിരിക്കുന്നു. സ്വന്തം ജലത്തിനും മണ്ണിനും അണുപ്രസരമേല്‍ക്കുന്ന കൂടങ്കുളം പശ്ചാത്തലം യാഥാര്‍ഥ്യമായിനില്‍ക്കുമ്പോഴും ഭരണകൂടഭീകരത പൗരന്‍െറമേല്‍ അടിച്ചേല്‍പിക്കപ്പെടുകയാണ്. കൂടങ്കുളം സമരം സാമ്രാജ്യത്വമൂലധനംകൊണ്ട് സര്‍ക്കാറിതരസംഘടനകള്‍ നടത്തുന്ന ദേശവിരുദ്ധ പ്രവൃത്തിയാണെന്ന് രാജ്യത്തിന്‍െറ പ്രധാനമന്ത്രി വാദിക്കുന്നു. ഒരു ജനതയെ മുഴുവന്‍ വിഷലിപ്തമാക്കിയ പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍െറ പ്രവൃത്തിക്ക് ഇരകളാകേണ്ടിവന്നവര്‍ക്കിടയില്‍ അധികാരരാഷ്ട്രീയത്തിന്‍െറ മുതലെടുപ്പാണ് കണ്ടത്. അവനവന്‍െറ മാലിന്യങ്ങള്‍ അന്യന്‍െറ പറമ്പില്‍ നിക്ഷേപിക്കേണ്ടതാണെന്ന പുതിയ സമവായം പ്രതിരോധിച്ച തദ്ദേശീയരുടെ സമരത്തെ അധികാരം പ്രയോഗിച്ച് അടിച്ചമര്‍ത്തുന്നത് ലാലൂരും കിനാലൂരും ബ്രഹ്മപുരവും വടവാതൂരും വിളപ്പില്‍ശാലയും കാണിച്ചുതന്നു.
ഈ പശ്ചാത്തലത്തിലാണ് നമ്മള്‍ എഴുത്തുകാരന്‍െറ / എഴുത്തുകാരിയുടെ രാഷ്ട്രീയ ഇടപെടലുകളുടെ ന്യായാന്യായങ്ങള്‍ അന്വേഷിക്കുന്നത്. നിരന്തരം സമരോത്സുകമായിരിക്കുന്ന ഒരെഴുത്തുമനസ്സിന് ഇവയോടൊക്കെ സമരസപ്പെട്ടു ജീവിക്കാന്‍ വയ്യ. രാഷ്ട്രീയപക്ഷങ്ങളില്‍നിന്നുകൊണ്ട് അവയെ ന്യായീകരിക്കാനും വയ്യ. അധികാരം നിര്‍ണയിക്കുന്ന വാക്കുകള്‍ക്കും ശബ്ദത്തിനും പുറത്ത് വാക്കും ശബ്ദവും ഉണ്ടെന്ന് അവര്‍ വിളിച്ചുപറയുന്നു. അപഥസഞ്ചാരത്തിലേക്കുപോയ വികസനം, മാറ്റിയെഴുതപ്പെടുന്ന സംസ്കൃതി, നിരന്തരം ചൂഷണത്തിനു വിധേയമാക്കപ്പെടുന്ന പൊതുവിഭവങ്ങള്‍, അടിച്ചേല്‍പിക്കുന്ന പുതിയ മൂല്യാവബോധം എന്നിവക്കെതിരെ അവര്‍ ഉണരുന്നു, പ്രതിരോധിക്കുന്നു. ‘ആതി’യുടെ രാഷ്ട്രീയവും ഇത്തരം പ്രതിരോധമാണ്.

സാറാ ജോസഫിന്‍െറ എഴുത്തുജീവിതത്തില്‍ മൂന്നു പ്രതിരോധഘട്ടങ്ങളെ നമുക്ക് തിരിച്ചറിയാനാകും.ആദ്യകാല എഴുത്ത് പെണ്ണവസ്ഥകളുടെ നേരനുഭവങ്ങളാണ്(പാപത്തറ). രണ്ടാം ഘട്ടത്തില്‍ അത് പെണ്‍ഭാഷയുടെ കരുത്തുറ്റ പ്രതിരോധങ്ങളിലേക്കു വളരുന്നു (മാറ്റാത്തി, ആലാഹയുടെ പെണ്‍മക്കള്‍). മൂന്നാംഘട്ടത്തില്‍, അടിച്ചമര്‍ത്തപ്പെടുന്ന ഒരു ജനത പ്രതിരോധത്തിനായി പിടഞ്ഞെണീക്കുമ്പോള്‍ പെണ്‍ ഇടപെടലിന്‍െറ വിശാലമായ പരിപ്രേക്ഷ്യത്തിലേക്കു വലുതാകുകയാണ് അവരുടെ എഴുത്ത്. പലതരം കൈയേറ്റങ്ങളിലൂടെ സ്വന്തം ജൈവികതകള്‍ അന്യമായിപ്പോയ ജനതയുടെ പ്രതിനിധാനമാണ് ‘ആതി’. ജലവും മണ്ണും ഏറ്റവും വലിയ മൂലധനചരക്കുകളായി മാറിയ രാഷ്ട്രീയകാലത്ത്, പരിമിതപ്പെട്ടുപോയ നമ്മുടെ ശീലങ്ങളെ ‘ആതി’ ചോദ്യംചെയ്യുന്നു. അണുപ്രസരമേറ്റ മലിനമാക്കപ്പെട്ട ശുദ്ധജലത്തെക്കുറിച്ചുള്ള ആധിയില്‍നിന്നാണ് ‘ആതി’ പിറക്കുന്നത്.

ആതി എന്നാല്‍ തളംകെട്ടിനില്‍ക്കുന്നതോ വിഷലിപ്തമായതോ ആയ ജല/ ജന സഞ്ചയമായിരുന്നില്ല. മറിച്ച്, ജൈവികാവസ്ഥകള്‍ മലീമസമാകാത്ത ഒരു ആദി ഇടമാണത്. അവിടേക്ക് നമ്മെ വിളിച്ചടുപ്പിക്കുന്നത് നാഗരിക വ്യവസ്ഥകള്‍ക്കും വ്യവഹാരങ്ങള്‍ക്കും പുറത്തുള്ള സൂക്ഷ്മ ജൈവിക പ്രപഞ്ചമാണ്. അവിടെയുള്ള എല്ലാ സൂക്ഷ്മാണുവിനും സ്വമേധയാ ഉള്ള നിലനില്‍പിന്‍െറ ഇടങ്ങളുണ്ട്. സമൃദ്ധിയായുള്ള ജൈവിക മത്സ്യനിക്ഷേപങ്ങളാണ് അവിടത്തെ ഉല്‍പാദനങ്ങള്‍. ആക്രമിക്കലും കീഴടക്കലുമില്ലാതെ എടുക്കുകയും കൊടുക്കുകയും ചെയ്യുന്ന ക്രയവിക്രയങ്ങളുടെ സ്വാഭാവികപെരുമാറ്റങ്ങള്‍ മാത്രമാണ് ആതിയില്‍ പുലര്‍ന്നിരുന്നത്. കൊന്നും വെന്നും നടത്തേണ്ടുന്ന സമ്പാദ്യശേഖരത്തിന്‍െറ മത്സരലോകമില്ല. ഒന്ന് ഊളിയിട്ടാല്‍ കിട്ടുന്ന അക്ഷയഖനികളാണ് ആതിയുടെ വിഭവസമൃദ്ധികള്‍. പ്രകൃതിയുടെ വിശുദ്ധമായ കരുതലായിരുന്നു ആതി. അവിടെ അഭയം പ്രാപിച്ച് ഓടിവന്നത് തിരസ്കരിക്കപ്പെട്ടവരോ ബഹിഷ്കൃതരായവരോ ആണ്. മുഖ്യധാരാ സമൂഹത്തിന്‍െറ അതിരുകളില്‍നിന്നുപോലും പുറത്താക്കപ്പെട്ടവര്‍ക്കുള്ള ജീവസന്ധാരണമായിരുന്നു ആതി. നിലവിളികളോടെ ജലത്തെ പ്രാപിച്ചവര്‍ ആതിയുടെ ചരിത്രത്തിന്‍െറ ഭാഗമാകുകയായിരുന്നു. അധിനിവേശക്കാരുടെ ചരിത്രത്തില്‍നിന്ന് പുറത്താക്കപ്പട്ടവരാണ് തങ്ങള്‍ എന്ന് അമ്മമാര്‍ മക്കള്‍ക്ക് ചരിത്രം പറഞ്ഞുകൊടുക്കുന്നു.

‘‘തൊട്ടാ കുറ്റം, മിണ്ടിയാ കുറ്റം, തിന്നാ കുറ്റം, ഒറങ്ങിയാ കുറ്റം, രോഗം വന്നാ കുറ്റം...കുറ്റത്തിനുള്ള ശിക്ഷ  ചവിട്ടാണ്, നെഞ്ചത്തായാലും കടവയറ്റിലായാലും ചവിട്ടും. കരയാന്‍ പാടില്ല, തടുക്കാന്‍ പാടില്ല...അങ്ങനെ ചവിട്ടിക്കൂട്ടി കൊല്ലണ കണ്ടു. രായ്ക്കുരാമാനം പേടിച്ചോടി എല്ലാവരും...ഓടി ഓടി ഇവിടെ വന്ന് വീണു...’’
(അധ്യായം 8,  പേജ് 49)

പ്രകൃതിയുടെ കരുതല്‍ധനത്തില്‍ ജനതയുടെ തിരിച്ചറിവുകള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടപ്പോള്‍ ആദിയില്‍നിന്ന് തുടങ്ങിയ ദേശം ആതിദേശമായി. ആരും കാണാതെ, ആരും തൊടാതെ ശുദ്ധമായിക്കിടന്ന കരയും വെള്ളവും കാടുമായിരുന്നു ആതിയുടെ നന്മ. എന്നാല്‍, അധിനിവേശങ്ങള്‍ ആതിയെയും വിഷലിപ്തമാക്കി. ആസക്തികള്‍ക്കും പ്രലോഭനങ്ങള്‍ക്കും ആതിദേശം കീഴ്പ്പെട്ടുപോകുന്നു. നഗരത്തിന്‍െറ തന്ത്രങ്ങള്‍ വിശുദ്ധിയുടെ ഒരു കുമ്പിള്‍ ജലത്തെ മറികടക്കുന്നതോടെ ആതിക്ക് ജൈവികശീലങ്ങളെ നഷ്ടപ്പെടുത്തേണ്ടിവന്നു. ജലം ദാനം ചെയ്യുന്ന സമ്പത്ത് പര്യാപ്തമല്ലെന്നും പുറംലോകം വെച്ചുനീട്ടുന്ന സമ്പത്ത് അപരിമേയമാണെന്നും ‘കുമാര’ന്മാര്‍ കരുതുന്നു. അങ്ങനെ കരുതുന്നവരുടെ എണ്ണം വിപുലപ്പെടുത്താന്‍, വിപണിയുടെ വല നീട്ടി നെയ്യുന്നു. അങ്ങനെ ഒരു ജനതയുടെ ശൈശവശുദ്ധികള്‍ ജാലവിദ്യയുടെ കൈപ്പിടിയിലൊതുക്കുന്നു. വിപണിയുടെ മൂലധനത്തിന്‍െറ ഉപകരണങ്ങള്‍ നിരവധിയാണ്. ഉല്‍പതിഷ്ണുക്കളായ യുവതയെയും നിഷ്കളങ്കരായ ബാല്യങ്ങളെപ്പോലും ജാലവിദ്യയിലൂടെ ആകൃഷ്ടരാക്കാം. പരിഷ്കാരത്തെ നിര്‍വചിക്കുന്നതും നിര്‍മിക്കുന്നതും കമ്പോളമാണ്. അവിടെ നൈസര്‍ഗികമായ ജീവിതം നയിച്ചവര്‍ പ്രാകൃതരെന്നു മുദ്രകുത്തപ്പെടുന്നു.അധ്വാനങ്ങളെ അപരിഷ്കൃതമെന്ന് ആക്ഷേപിക്കുന്നു. വീണ്ടും സംശയിച്ചുനില്‍ക്കുന്നവരുണ്ടെങ്കില്‍ അവരെ ജനാധിപത്യത്തിന്‍െറ പേര് പറഞ്ഞ് കീഴ്പ്പെടുത്തിക്കളയും. എല്ലാം നാടിനുവേണ്ടിയാണെന്ന തന്ത്രവാക്യം ആതിയിലും ഫലപ്രാപ്തിയിലെത്തുന്നു.

കമ്പോളം ഒന്നിനെയും വെറുതെ വിടുന്നില്ല. ആതിയുടെ ദൈവസങ്കല്‍പത്തെയും കച്ചവടവത്കരിക്കാന്‍ കുമാരനിലൂടെ വിപണിതലവന്മാര്‍ക്ക് കഴിയുന്നു. കാടില്‍നിന്ന് വിഗ്രഹങ്ങളിലേക്കും സ്വര്‍ണക്കവചങ്ങളിലേക്കും ആതിയുടെ തമ്പുരാനെ മാറ്റുന്നു. മുതലാളിത്തത്തിന്‍െറ മുദ്രയാണ് പൊന്ന്. നമ്മുടെ വില പൊന്നിനോട് താരതമ്യംചെയ്ത് നിശ്ചയിക്കപ്പെടുമ്പോള്‍ കമ്പോളത്തിന്‍െറ തൂക്കങ്ങളില്‍ നമുക്ക് കനമില്ലാതാകുന്നു. ഇത്തരം താരതമ്യങ്ങള്‍ക്ക് വിധേയരാക്കപ്പെടുമ്പോള്‍ ആകാംക്ഷകളിലേക്കും ആസക്തികളിലേക്കും നമുക്ക് അധ$പതിക്കേണ്ടിവരുന്നു. കള്ളന്മാര്‍ എന്ന വര്‍ഗമുണ്ടെന്ന് ആതി അതിശയിക്കുന്നതിന്‍െറ പശ്ചാത്തലമിതാണ്.
ആതിയുടെ മൂല്യബോധത്തിനും സാമൂഹികബോധത്തിനും  കാലഹരണപ്പെട്ടതാണെന്ന പരിഹാസം കേള്‍ക്കേണ്ടിവരുന്നുണ്ട്. ഭ്രൂണങ്ങള്‍ നിസ്സാരമായി ക്ളോസറ്റിലടിച്ചു കളയുന്ന ദൈനംദിനയാഥാര്‍ഥ്യങ്ങളോടു പൊരുത്തപ്പെടാത്തതുകൊണ്ടാണ് ആതിയിലെ ഷൈലജക്ക് പട്ടണത്തിലെ ആശുപത്രിജോലി നഷ്ടമാകുന്നത്. ജൈവികമായതില്‍ അനധികൃത കടന്നുകയറ്റങ്ങളുണ്ടാകുമ്പോള്‍ കരയില്‍ പിടിച്ചിട്ട മീനുകളെപ്പോലെ അവര്‍ക്ക് ശ്വാസംമുട്ടേണ്ടിവരുന്നു. ചക്കംകണ്ടത്തിന്‍െറ മാലിന്യഭൂമിയില്‍ ദാമ്പത്യംതന്നെ വേണ്ടെന്നുവെച്ച ശൈലജക്ക് ഒടുവില്‍ ആതിയും മാലിന്യത്തിന്‍െറ മുറിവാണ് നല്‍കിയത്.

അങ്ങനെ, ‘ആതി’ മുറിവേറ്റവരുടെയും തമസ്കരിക്കപ്പെട്ടവരുടെയും ചരിത്രാഖ്യായികകളാകുന്നു. അത് ബൃഹദാഖ്യായികകളല്ല, സമാന്തര സൂക്ഷ്മജീവിത ആഖ്യായികകളാണ്. കഥപറച്ചിലുകാര്‍ പറയുന്ന കഥകളില്‍ ഓരോ സൂക്ഷ്മാണുവിന്‍െറയും ഇടങ്ങളാണ് തുന്നിച്ചേര്‍ക്കപ്പെടുന്നത്. പടയോട്ടങ്ങളും വെട്ടിപ്പിടിക്കലും അല്ല, കല്ലുകൊത്തുന്നവന്‍െറയും കക്ക വാരുന്നവന്‍െറയും തീരെ ചെറിയ ഒച്ചകളാണ ് അടയാളപ്പെടുന്നത്. ആ ചരിത്രം നിലനില്‍പിന്‍െറ ഒറ്റമരങ്ങളുടെ നട്ടുനനയ്ക്കലാണ്. അതിനായി മഹാപ്രളയത്തിലേക്ക് ഭൂമി കാതോര്‍ക്കും. നൂറ്റാണ്ടുകളുടെ മഹാനിദ്രയിലേക്ക് പ്രപഞ്ചം അമരും. അവിടെ നിന്ന് മുളപൊട്ടുന്ന വിത്തിന്‍െറ ഒച്ചകളാണ് ‘ആതി’യിലെ സൂക്ഷ്മരാഷ്ട്രീയ അവലംബങ്ങള്‍.


വായന

മുന്‍ ലക്കങ്ങള്‍