
ഡിഗ്രിക്ക് എന്നോടൊപ്പം പഠിച്ച അശോകനെന്ന അച്ചുവാണ് തുണ്ടത്തില്‍ സുരേഷിനെ എനിക്ക് പരിചയപ്പെടുത്തിത്തന്നത്. കുമാരനാശാന്‍െറ ജന്മദേശമായ കായിക്കരയാണ് രണ്ടുപേരുടെയും വീട്. എഴുപതുകളുടെ മധ്യാഹ്നകാലം. ഞങ്ങള്‍ മൂവര്‍സംഘം മിക്കവാറും ദിവസങ്ങളില്‍ ആറ്റിങ്ങല്‍ ഒത്തുകൂടും. ഒരുമിച്ച് സിനിമക്ക് പോകും. നാടകത്തിനുപോകും. ആറ്റിങ്ങല്‍ ആരംഭിച്ച പുതിയ സിനിമാ തിയറ്ററില്‍ പുതിയ ചിത്രങ്ങള്‍ റിലീസ് ചെയ്യുമായിരുന്നു. മാറിവരുന്ന സിനിമകള്‍ എല്ലാം കാണുമായിരുന്നു. ഭരതന്‍െറ ‘ആരവം’ അങ്ങനെ കണ്ടതാണ്. സ്ഥിരം മാറ്റിനിക്കാരായിരുന്നു ഞങ്ങള്‍.
ആറ്റിങ്ങല്‍ കൊല്ലമ്പുഴ പാലത്തിനു സമീപം പുഴയോരത്ത്, നല്ല എരിവുള്ള ഭക്ഷണം കിട്ടുന്ന ഒരു ഷാപ്പുണ്ടായിരുന്നു. ചില ദിവസങ്ങളില്‍, ഞങ്ങളുടെ ഒത്തുചേരല്‍ അവിടെവെച്ചായിരുന്നു. പ്രകൃതിമനോഹരമായ സ്ഥലം. തണുത്ത ഇളം കാറ്റ്. മണിക്കൂറുകള്‍ അവിടെ ചെലവഴിക്കും. കലയും സാഹിത്യവും സിനിമയും വര്‍ത്തമാനത്തില്‍ നിറയും. അങ്ങനെ ഒത്തുകൂടിയ ഒരു ദിവസം സുരേഷ് വെളിപാടുപോലെ പറഞ്ഞു: ‘‘നമുക്കൊരു സിനിമയെടുത്താലെന്താ?’’ തമാശയായി പറഞ്ഞെന്ന ധാരണയിലായിരുന്നു ഞാന്‍. പിന്നെയുള്ള ദിവസങ്ങളില്‍ അതാവര്‍ത്തിച്ചപ്പോള്‍ തമാശ കാര്യമായി മാറി. സിനിമാ നിര്‍മാണത്തിന്‍െറ വ്യാകരണമൊന്നും ഞങ്ങള്‍ക്കാര്‍ക്കും അറിയില്ല. മറ്റൊരാള്‍ക്കുവേണ്ടി നിര്‍മാതാവിന്‍െറ വേഷംകെട്ടി കോടമ്പാക്കത്തും മറ്റും ചുറ്റിക്കറങ്ങിയ ഒരനുഭവം എനിക്കുണ്ടായിരുന്നു. നടക്കാതെപോയ ഒരു സിനിമാപ്രോജക്ട്. കെ.എല്‍. മോഹനവര്‍മയുടെ ‘ചമ്പല്‍’ എന്ന നോവല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവരുന്ന സമയമാണ്. എനിക്ക് പരിചയമുണ്ടായിരുന്ന മോഹനവര്‍മയുമായി ഞാന്‍ ബന്ധപ്പെട്ടു. അദ്ദേഹം തിരുവനന്തപുരത്ത് വന്നു. സംസാരിച്ചു. നിര്‍മാണച്ചെലവ് താങ്ങാന്‍ പറ്റില്ലെന്നറിഞ്ഞപ്പോള്‍ ‘ചമ്പല്‍’ക്കഥ ഉപേക്ഷിച്ചു.
സിനിമയെടുക്കാനുള്ള ആവേശത്തിലായിരുന്നു സുരേഷ്. ഞാന്‍ ഉഴപ്പുന്നുവെന്ന പരാതിയും ഉണ്ടായി. അവന്‍െറ സാമ്പത്തിക സ്രോതസ്സ് എന്താണെന്നെനിക്കറിയില്ല. കായിക്കര തുണ്ടത്തില്‍ രാമന്‍കുട്ടി മുതലാളിയുടെ മകന്‍ സുരേഷിന് അതൊരു പ്രശ്നമാകില്ലെന്ന് ഞാന്‍ കരുതി. ഭരതന്‍- പത്മരാജന്‍ ടീമിന്‍െറ ‘തകര’ റിലീസ് ചെയ്ത് ഗംഭീരമായി ഓടുന്നു. അങ്ങനെയാണ് പത്മരാജനെ കാണാമെന്ന ചിന്തയുണ്ടാകുന്നത്. പത്മരാജനുമായി എനിക്ക് അടുപ്പവും സൗഹൃദവുമുണ്ട്. ഞാനും അച്ചുവും കൂടി പത്മരാജനെ കാണാന്‍ പൂജപ്പുര വീട്ടിലെത്തി. അന്നവിടെ ‘ശാലിനി എന്‍െറ കൂട്ടുകാരി’ നിര്‍മിക്കാന്‍ തയാറായി വന്നിട്ടുള്ള വിന്ധ്യനും ‘പെരുവഴിയമ്പല’ത്തിന്‍െറ നിര്‍മാതാവ് പ്രേംപ്രകാശുമുണ്ട്. അവരൊക്കെ സ്ഥലംവിട്ടശേഷം ഞാന്‍ പത്മരാജനോട് ഞങ്ങളുടെ സിനിമാക്കാര്യം അറിയിച്ചു. സമ്മതം. സന്തോഷം. വൈകുന്നേരത്തെ ഫൈ്ളറ്റില്‍ പത്മരാജന് സിനിമാചര്‍ച്ചക്ക് മദ്രാസിലെത്തണം. എയര്‍പോര്‍ട്ടിലേക്ക് ഞങ്ങളെയും കൂട്ടി. വഴുതക്കാട്ടെ മാഗ്നറ്റ് ഹോട്ടലില്‍ കാര്‍ ചെന്നുനിന്നു. വിമാനത്തില്‍ കയറാനുള്ള ധൈര്യത്തിന് ഒരു പെഗ് വീശാമെന്ന് പത്മരാജന്‍. മദ്രാസില്‍നിന്ന് മടങ്ങിവന്നാലുടന്‍ കഥയിലേക്ക് കടക്കാമെന്നും സൂചിപ്പിച്ചു.
പിന്നീടുള്ള സിനിമാചര്‍ച്ചയൊക്കെ കലാകാരന്മാരുടെ കേന്ദ്രമായ വഴുതക്കാട്ടെ നികുജ്ഞത്തില്‍ വെച്ചായിരുന്നു. പ്രധാന സംവിധാന സഹായിയായി തോപ്പില്‍ഭാസിയുടെ മകന്‍ അജയന്‍ (പെരുന്തച്ചന്‍) എത്തി. പല കഥകള്‍ ചര്‍ച്ചയില്‍ വന്നു. ‘കള്ളന്‍ പവിത്രനും’, ‘തൂവാനത്തുമ്പികളും’ മറ്റും മറ്റും. ഞങ്ങള്‍ക്കുവേണ്ടത് വ്യത്യസ്തമായ ഒന്നാണെന്ന് ഞാനും സുരേഷും തീര്‍ത്തുപറഞ്ഞു. അങ്ങനെയാണ് ‘ഒരിടത്തൊരു ഫയല്‍വാനി’ല്‍ എത്തുന്നത്. ആദ്യമൊക്കെ ഈ പേര് ആര്‍ക്കും സുഖിച്ചില്ല. പത്മരാജന്‍ ഉറച്ചുനിന്നു. അതുപോലെ നിര്‍മാണ കമ്പനിയുടെ പേരിടുന്നതിലും തര്‍ക്കമുണ്ടായി. അവസാനം പത്മരാജന്‍ പറഞ്ഞു: സുരേഷിന്‍െറ വീട്ടുപേരില്‍ തന്നെയാവാം -തുണ്ടത്തില്‍ ഫിലിംസ്.
പിന്നീട് ലൊക്കേഷന്‍ തേടി യാത്രകള്‍. പല സ്ഥലങ്ങളിലും അലഞ്ഞു. ഒടുവില്‍ കുമരകം തെരഞ്ഞെടുത്തു. വേമ്പനാട് കായലും ആമ്പല്‍ക്കുളവും തോടുകളും പശ്ചാത്തലമായ കുമരകം പ്രധാന ലൊക്കേഷനായി. കോട്ടയത്തുകാരനായ കറിയാച്ചനാണ് (പ്രേംപ്രകാശ്) അതിനു നിമിത്തമായത്. കറിയാച്ചന്‍ ‘ഫയല്‍വാനി’ല്‍ വെടിക്കാരന്‍െറ വേഷവും ചെയ്തു.
കുമരകത്ത് ഓലമേഞ്ഞ സായിപ്പിന്‍െറ ബംഗ്ളാവില്‍ തമ്പടിച്ച് പത്മരാജന്‍ ഫൈനല്‍ തിരക്കഥയിലേക്ക് കടന്നു. ഞാനും അജയനും ലൊക്കേഷന്‍തേടി അലഞ്ഞു. ഈ സമയത്തൊന്നും സുരേഷ് രംഗത്ത് വന്നിരുന്നില്ല. ഷൂട്ടിങ്ങിനുമുമ്പുള്ള കാര്യങ്ങളൊക്കെ സംഘടിപ്പിക്കുന്ന തിരക്കിലായിരുന്നു ഞാന്‍. അപ്പോഴാണ് എനിക്ക് മാതൃഭൂമിയില്‍ ചിത്രകാരനായി നിയമനം കിട്ടിയ കത്തുവരുന്നത്. ‘ഫയല്‍വാനി’ലെ ശിവന്‍പിള്ള മേസ്തിരിയുടെ തയ്യല്‍ക്കട സെറ്റ് പൂര്‍ത്തിയാക്കി ഞാന്‍ കോഴിക്കോട്ടേക്കുപോയി.
ഫോണ്‍സൗകര്യം ഇല്ലാത്ത അക്കാലത്ത് പത്മരാജന്‍ എനിക്ക് ടെലഗ്രാം ചെയ്യും. കത്തുകളയക്കും. ഉടനെ എത്തണം. കാര്യങ്ങള്‍ മുടങ്ങിക്കിടക്കുകയാണ്. ഷൂട്ടിങ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം. സുരേഷിനെ കണ്ടുകിട്ടാനില്ല. മാതൃഭൂമിയില്‍ ഞാന്‍ ജോയിന്‍ ചെയ്തതേയുള്ളൂ. ലീവ് കിട്ടില്ല. ഞായര്‍ മാത്രം അവധി. ശനിയാഴ്ച രാത്രി വണ്ടിക്ക് ജനറല്‍ കമ്പാര്‍ട്മെന്‍റില്‍ ഞെങ്ങിഞെരുങ്ങി കയറിക്കൂടി കോട്ടയത്തെത്തി. നേരം പുലരുന്നതുവരെ റെയില്‍വേസ്റ്റേഷനിലിരുന്നു. വെളുത്തപ്പോള്‍ ബസില്‍ കയറി കുമരകത്തേക്ക്. പത്മരാജന്‍ ചൂടായി നില്‍ക്കുകയാണ്. സുരേഷ് എത്തിയിട്ടില്ല. ഞാനന്ന് പകല്‍ മുഴുവന്‍ അവിടത്തെ കാര്യങ്ങള്‍ക്ക് ഓടിനടന്നു. രാത്രിയായി. സുരേഷിനെ കണ്ടില്ല. പാതിരാത്രി പത്മരാജന്‍ എന്നെ കോട്ടയം റെയില്‍വേസ്റ്റേഷനിലെത്തിച്ചു. നേരം പുലര്‍ന്നു നല്ല വെളിച്ചമായപ്പോള്‍ ഞാന്‍ കായിക്കര സുരേഷിന്‍െറ വീട്ടിലെത്തി. അവന്‍ സുഖമായി മൂടിപ്പുതച്ച് കിടന്നുറങ്ങുന്നു. ഷൂട്ടിങ്ങിന്‍െറ ആശങ്കയൊന്നും അവന്‍െറ മുഖത്തില്ല. പത്മരാജനെ അഭിമുഖീകരിക്കാന്‍ മടിയായതിനാല്‍ സുരേഷ് എന്നോടൊപ്പം വന്നില്ല. ഷൂട്ടിങ് ചെലവിനുള്ള പൈസ ഒരു ബാഗിലാക്കി എന്നെ ഏല്‍പിച്ചു.
ഷൂട്ടിങ് സമയത്തും സുരേഷ് വല്ലപ്പോഴും മാത്രമേ രംഗത്ത് വന്നിരുന്നുള്ളൂ. പൈസപ്രശ്നം ചോദിച്ചാല്‍ അവന്‍ വെറുതെ ചിരിച്ചുനില്‍ക്കും. കുത്തിക്കുത്തി ചോദിച്ചപ്പോള്‍ പറഞ്ഞു: അമ്മയുടെ സ്ഥലം വിറ്റ് എഴുപതിനായിരം സംഘടിപ്പിച്ചു. പണം സ്വരൂപിക്കാനുള്ള തത്രപ്പാടിലാവും ഇടക്കിടെ മുങ്ങിയിരുന്നത്.
നെടുമുടി വേണുവും അശോകനും എന്‍.എല്‍. ബാലകൃഷ്ണനും കൃഷ്ണന്‍കുട്ടിനായരും പത്മരാജനും ഞങ്ങളുമൊക്കെ ഒറ്റമുറിയില്‍ താമസിച്ച്, വേമ്പനാട്ടുകായലില്‍ പോയി മുങ്ങിക്കുളിച്ച്, തൊട്ടടുത്ത വീട്ടില്‍ ഒരുക്കിയ നാടന്‍ ഭക്ഷണം കഴിച്ച് ഒരു കുടുംബത്തിലെ അംഗങ്ങളെന്നപോലെ ചിത്രീകരണത്തില്‍ മുഴുകി. ദല്‍ഹിയില്‍നിന്ന് ഒ.വി. വിജയനും സക്കറിയയും ഷൂട്ടിങ് കാണാന്‍ വന്നു.
ചിത്രത്തിലെ ഗുസ്തിമത്സരം, നോട്ടീസ് അടിച്ച് വിതരണം ചെയ്ത്, ടിക്കറ്റ്വെച്ച് നടത്തി ഷൂട്ടുചെയ്യുകയാണുണ്ടായത്. നാട്ടുകാര്‍ സജീവമായി പങ്കെടുത്തു. മത്സരത്തിന്‍െറ വിജയാഹ്ളാദത്തില്‍ പത്മരാജനും പങ്കെടുത്തത് വിപിന്‍ദാസ് കാമറയില്‍ പകര്‍ത്തി. ഈ ദിവസം സുരേഷ് മുഴുവന്‍ സമയവും കൂടെയുണ്ടായിരുന്നു. അവനോടൊപ്പം ഫൈനാന്‍സ് ചെയ്ത ബാങ്ക് മാനേജരും കൂടെയുണ്ടായിരുന്നു. കുമരകത്തെ നാടന്‍ സല്‍ക്കാരവും ഉണ്ടായിരുന്നു. ചെലവ് ചുരുക്കി, ചിത്രത്തിന്‍െറ ചിത്രീകരണം വിജയകരമായി പൂര്‍ത്തിയാക്കി ഞാന്‍ കോഴിക്കോടിനു മടങ്ങി.
ബാക്കി വര്‍ക്കുകള്‍ മദ്രാസിലായിരുന്നു. അതെല്ലാം സുരേഷിന്‍െറ ചുമതലയിലായി. അത് മറ്റൊരു ലോകം. കോടമ്പാക്കം സിനിമാലോകത്ത് അമ്പരപ്പോടെ സുരേഷും ഒരു കണ്ണിയായി. അന്നത്തെ പ്രസിദ്ധ നിര്‍മാതാവ് ഹരിപോത്തന്‍ വിതരണം ഏറ്റിരുന്നെങ്കിലും ചിത്രത്തില്‍ പാട്ടൊന്നും ഇല്ലാത്തതിനാല്‍ പിന്മാറി. 1980ല്‍ ഷൂട്ടിങ് കഴിഞ്ഞ ചിത്രം റിലീസ് ചെയ്തത് 1982ലാണ്. കലക്ഷന്‍ കുറവായിരുന്നെങ്കിലും ചിത്രത്തെക്കുറിച്ച് നല്ല അഭിപ്രായമായിരുന്നു. ആ വര്‍ഷത്തെ പനോരമ സെലക്ഷന്‍ കിട്ടി. സുരേഷും പത്മരാജനും കല്‍ക്കത്ത ഫെസ്റ്റിവെലിനു പോയി. മികച്ച സംവിധാനത്തിനും തിരക്കഥക്കുമുള്ള ഏഷ്യന്‍ അവാര്‍ഡ് ലഭിച്ചു. മലേഷ്യന്‍ ടി.വി ടെലികാസ്റ്റ് ചെയ്തു. മലയാളത്തിലിറങ്ങിയിട്ടുള്ള മികച്ച പത്ത് സിനിമകളിലൊന്നായി ‘ഒരിടത്തൊരു ഫയല്‍വാനെ’ പലരും രേഖപ്പെടുത്തിയിട്ടുണ്ട്.
നല്ല ചിത്രമെടുത്താല്‍ വിലയും നിലയുമുണ്ടെന്ന് സുരേഷ് തിരിച്ചറിഞ്ഞു. പല സംവിധായകരും മറ്റൊരു ചിത്രം നിര്‍മിക്കാന്‍ സമീപിച്ചെങ്കിലും അവന്‍ ഒഴിഞ്ഞുമാറി. ആരെയും പിണക്കിയതുമില്ല. എന്തുണ്ടെങ്കിലും എന്നെ വിളിച്ച് ചോദിക്കുമായിരുന്നു. എല്ലാ വര്‍ഷവും സുരേഷ് ഫിലിം ഫെസ്റ്റിവെലില്‍ പങ്കെടുത്തു. ലോകസിനിമയുടെ ഗതികള്‍ തിരിച്ചറിഞ്ഞു. പത്മരാജനെക്കൊണ്ട് മറ്റൊരു ചിത്രം സംവിധാനം ചെയ്യാനുള്ള ആലോചനയുണ്ടായി. പത്മരാജനും മോഹന്‍ലാലിനും അഡ്വാന്‍സ് കൊടുത്തു. പത്മരാജന്‍ തിരക്കിലായതിനാല്‍ നീണ്ടുപോയി. പെട്ടെന്നുള്ള പത്മരാജന്‍െറ മരണം സുരേഷിന് ഒരു ഷോക്കായിരുന്നു. മോഹന്‍ലാല്‍ കോഴിക്കോട്ടുണ്ടായിരുന്ന ഒരവസരത്തില്‍ സുരേഷ് വന്ന് എന്നെയും കൂട്ടി ലാലിനെ കാണാന്‍ പോയി. ലാലിന്‍െറ അന്നത്തെ അവസ്ഥയില്‍ ചെറിയൊരു ചിത്രം നിര്‍മിക്കുക എളുപ്പമായിരുന്നില്ല. മോഹന്‍ലാല്‍ സുരേഷിന് അഡ്വാന്‍സ് തിരിച്ചുനല്‍കി.
സുരേഷിന്‍െറ അലസത പത്മരാജനെ പലപ്പോഴും ശുണ്ഠിപിടിപ്പിച്ചിരുന്നു. എന്നാലും രണ്ടുപേരും വലിയ അടുപ്പത്തിലായിരുന്നു. പത്മരാജന്‍ സുരേഷിനെക്കുറിച്ച് അന്ന് പറയുമായിരുന്നു: ‘‘ഈ നിര്‍മാതാവിനെ കാറിന്‍െറ മുന്നിലിരുത്തി യാത്രചെയ്യുന്നത് ഒരു സുഖമാണ്. ഇവനൊരലങ്കാരമാണ്.’’ സുരേഷിന്‍െറ രൂപസൗഭാഗ്യം ഉദ്ദേശിച്ചാണ് അങ്ങനെ പറഞ്ഞത്. ചുരുണ്ട മുടിയും താടിയും വിഷാദം നിറഞ്ഞ കണ്ണുകളും സുരേഷിന് ഒരു അനുഗ്രഹമായിരുന്നു, ഒരു ശാപവും. ‘ഞാന്‍ ഗന്ധര്‍വന്‍െറ’ ഷൂട്ടിങ് സമയത്താണ് ഞാനും സുരേഷും സിനിമയുടെ കാര്യം ഓര്‍മപ്പെടുത്താന്‍ പത്മരാജനെ അവസാനമായി കാണാന്‍ പോയത്.
പത്മരാജന്‍ സുരേഷിനെ വിളിച്ചിരുന്നത് ‘ഫയല്‍വാന്‍’ എന്നാണ്. നെടുമുടിയും അജയനും എന്‍.എല്‍. ബാലകൃഷ്ണനും എപ്പോഴും വിളിച്ചിരുന്നത് ഫയല്‍വാന്‍ സുരേഷ് എന്നായിരുന്നു.
കഴിഞ്ഞ നാലഞ്ചുവര്‍ഷമായി ഞാനും സുരേഷും ഒരുമിച്ചായിരുന്നു തിരുവനന്തപുരം ഫെസ്റ്റിവെലില്‍ പങ്കെടുത്തിരുന്നത്. ആ സമയമാകുമ്പോള്‍ എനിക്കവിടെ ഒരു മുറി ബുക് ചെയ്തിടുമായിരുന്നു. വീണ്ടും നല്ലൊരു ചിത്രം നിര്‍മിക്കാനുള്ള മോഹം സുരേഷിനുണ്ടായിരുന്നു. കുറെ നാളുകള്‍ക്കുമുമ്പ് അങ്ങനെ ഒരു ചിന്തയുമായി ഞങ്ങള്‍ യാത്രയൊക്കെ ചെയ്തു. സാമ്പത്തികം ചോദിക്കുമ്പോള്‍ അതൊക്കെയുണ്ടെന്ന് ചിരിയിലൊതുക്കും. ബാങ്ക്ലോണെടുക്കാം. ചിത്രാഞ്ജലി പാക്കേജില്‍ ചെയ്യാം.
‘ഫയല്‍വാന്‍െറ’ നിര്‍മാണച്ചെലവ് മൂന്നരലക്ഷം രൂപയായിരുന്നു. തിയറ്റര്‍ കലക്ഷനും വിതരണക്കാരന്‍െറ ഷെയറും കാര്യമായി കിട്ടിയിരുന്നില്ല. പനോരമ സെലക്ഷന്‍ കിട്ടി ഇരുപതുവര്‍ഷത്തിനുശേഷമാണ് നാഷനല്‍ ടെലികാസ്റ്റ് ചെയ്തത്. കമീഷനൊന്നും കൊടുക്കാതെ എട്ടുലക്ഷം രൂപകിട്ടി. മറ്റു ചാനലുകളിലും ആര്‍ക്കൈവ്സിലും മറ്റും കൊടുത്ത അത്രയും തുകയും കിട്ടിയിട്ടുണ്ട്. നല്ല ചിത്രമെടുത്തതുകൊണ്ടാണ് ഈ നേട്ടമുണ്ടായത്. അവനൊരു അഡ്രസ് ഉണ്ടായതും. എങ്ങനെ മാര്‍ക്കറ്റ് ചെയ്യാമെന്നും പഠിച്ചിരുന്നു. അതുകൊണ്ടാണ് കച്ചവടസിനിമ എന്ന ചിന്ത സുരേഷിന് ഒരിക്കലും ഉണ്ടാകാതിരുന്നത്.
സുരേഷിന്‍െറ വ്യക്തിത്വത്തില്‍ ഒരു മിസ്റ്റിസിസം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. നിര്‍മാതാവിന്‍െറ മേലങ്കിയണിഞ്ഞ് ഒരു സാങ്കല്‍പിക ലോകത്തില്‍ സുരേഷ് സഞ്ചരിച്ചിരുന്നു. ഇല്ലായ്മ പുറത്തുകാണിക്കാതെ പലരെയും നല്ല രീതിയില്‍ സല്‍ക്കരിച്ചു. സിനിമാപ്രോജക്ടുമായി വന്ന സംവിധായകരോട് മറുത്തൊന്നും പറഞ്ഞിരുന്നില്ല. അവര്‍ ആ മോഹവുമായി വീണ്ടും വീണ്ടും ബന്ധപ്പെട്ടിരുന്നുവെന്ന് തോന്നുന്നു. സ്വയം തീര്‍ത്ത നിര്‍മാണക്കുപ്പായം അവനെ വേട്ടയാടിയിരുന്നുവെന്ന് കുടുംബജീവിതത്തിന്‍െറ പാളിച്ചകള്‍ വിളിച്ചറിയിക്കുന്നു. എന്നോടുപോലും മനസ്സ് പൂര്‍ണമായും തുറന്നിരുന്നില്ല. പത്മരാജന്‍ ഒരിക്കല്‍ പറഞ്ഞു: ‘‘ഇവനെക്കുറിച്ച് ഞാനൊരു കഥയെഴുതും. -‘അലസനായ മാന്ത്രികന്‍’.’’
മാര്‍ച്ച് 29ന് തിരുവനന്തപുരം മ്യൂസിയം ഓഡിറ്റോറിയത്തില്‍ സുരേഷ് എന്നെ കാണാന്‍ വന്നു. അഞ്ചുദിവസം നീണ്ടുനിന്ന ലളിതകലാഅക്കാദമിയുടെ ചിത്രകലാക്യാമ്പിന്‍െറ ഡയറക്ടറായി ഞാനവിടെയുണ്ടെന്ന് അറിയിച്ചിരുന്നു. പുതിയ സിനിമാനിര്‍മാണത്തെക്കുറിച്ചാണ് അധികം സംസാരിച്ചത്. നിര്‍മാതാക്കളുടെ പൊതുസ്വഭാവമായ ജ്യോത്സ്യവിശ്വാസത്തില്‍ പ്രസിദ്ധനെ കണ്ടെന്നും നല്ലസമയമാണ്, സെപ്റ്റംബറില്‍ തുടങ്ങാമെന്നൊക്കെ ഏറെ സന്തോഷത്തില്‍ എന്നോട് വിശദീകരിച്ചു. നമുക്കൊരുമിച്ച് മൂകാംബികയില്‍ പോണം, വര്‍ക്കല പുതുതായി തുടങ്ങിയ റിസോര്‍ട്ടില്‍ കുറച്ചുദിവസം താമസിച്ച് സിനിമാചര്‍ച്ച പൂര്‍ത്തിയാക്കണം.
ഉച്ചക്ക് എന്നോടൊപ്പമിരുന്ന് ഊണുകഴിച്ച് സുരേഷ് സന്തോഷത്തോടെ മടങ്ങി. നന്നായി ചിത്രം വരയ്ക്കുന്ന അവന്‍െറ കുട്ടികള്‍ക്ക് നല്‍കാന്‍ ഞാന്‍ കളര്‍ ബോക്സ് കൊടുത്തയച്ചു.
ഏപ്രില്‍ 14ന് ഒരു സുഹൃത്തെന്നെ വിളിച്ചുപറഞ്ഞു, സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്തിരിക്കുന്നു. ഞാനപ്പോള്‍ തൃശൂരായിരുന്നു. വിഷുവിന്‍െറയും മറ്റും തിരക്കായതിനാല്‍ എനിക്ക് പോകാന്‍ പറ്റിയില്ല. 20ന് അത്യാവശ്യമായി കോഴിക്കോട് പോയി സന്ധ്യക്ക് മടങ്ങിയെത്തിയപ്പോഴാണ് വിവരമറിഞ്ഞത്. പിറ്റേദിവസം കായിക്കര വീട്ടിലെത്തി. അപ്പോഴേക്കും സുരേഷ് ചാരമായിക്കഴിഞ്ഞിരുന്നു. ഏഴുവര്‍ഷങ്ങള്‍ക്കുമുമ്പ് ഞങ്ങളോടൊപ്പമുണ്ടായിരുന്ന അച്ചു വിടപറഞ്ഞിരുന്നു. അത് ഒരു ഏപ്രില്‍ 22. സുരേഷ് വിടചൊല്ലിയത് ഏപ്രില്‍ 20. പത്രത്തിന്‍െറ ചരമപേജില്‍ ഒറ്റക്കോളം വാര്‍ത്ത: ‘ഒരിടത്തൊരു ഫയല്‍വാന്‍’ നിര്‍മാതാവ് തുണ്ടത്തില്‍ സുരേഷ് അന്തരിച്ചു.
മിന്നല്‍പ്പിണര്‍പോലെ ഇടക്കിടക്ക് രംഗത്ത് പ്രത്യക്ഷപ്പെട്ട് അപ്രത്യക്ഷനാകുന്ന ഒരു കഥാപാത്രത്തെപോലെയായിരുന്നു സുരേഷ്. കുറെനാളത്തേക്ക്, മാസങ്ങളോളം ഒരു വിവരവുമുണ്ടാവില്ല. പെട്ടെന്നൊരുനാള്‍ പ്രത്യക്ഷപ്പെട്ട് അശരീരിപോലെ പറയും പുതിയ പ്രോജക്ട് ഉടനെ തുടങ്ങണം. ബാഹ്യഞെരുക്കങ്ങള്‍ക്കും കുടുംബദുരിതങ്ങള്‍ക്കും ഇടയില്‍ ഇനിയും നിര്‍മിക്കാന്‍ പോകുന്ന സിനിമ സ്വപ്നംകണ്ട് ചെറുമന്ദഹാസത്തോടെ സുരേഷ് തിരിഞ്ഞുനടക്കും. സാങ്കല്‍പിക നിര്‍മാതാവിന്‍െറയും ഭൗതിക ജീവിതത്തിന്‍െറയും കുപ്പായം ഊരിവെച്ച് തുണ്ടത്തില്‍ സുരേഷ് അപ്രത്യക്ഷനായി. അലസനായ ജാലവിദ്യക്കാരന്‍ ഇനി ഒരിക്കലും എന്‍െറ മുന്നില്‍ പ്രത്യക്ഷപ്പെടില്ല.