
റോബിന്‍ഹുഡ് പരിവേഷവുമായി വനാതിര്‍ത്തിയില്‍ വിഹരിച്ചിരുന്ന കാട്ടുകൊള്ളക്കാരന്‍ വീരപ്പന്‍ ഏകദേശം കാല്‍നൂറ്റാണ്ട് ദക്ഷിണേന്ത്യയുടെ കാനനസാമ്രാജ്യം അടക്കിവാണു. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും പലകുറി ഭരണം മാറിയെങ്കിലും വീരപ്പന്‍െറ കാട്ടിലെ കോട്ടക്ക് ഒരു ഇളക്കവും തട്ടിയില്ല. മേട്ടൂരിലെ വനത്തില്‍ വെറുമൊരു മരംവെട്ടുകാരനായി ആരംഭിച്ച ജീവിതം ആനക്കൊമ്പുവേട്ടയും ചന്ദനത്തടിമോഷണവുമായി വളര്‍ന്ന് പന്തലിക്കുകയായിരുന്നു. സേലം ജില്ലയിലെ മേട്ടൂര്‍-സത്യമംഗലം കാടുകള്‍ പ്രധാന താവളമാക്കിയിരുന്ന വീരപ്പനും സംഘവും പലപ്പോഴും കേരള അതിര്‍ത്തിയായ വാളയാര്‍കാടുകള്‍വരെ തന്‍െറ പ്രവര്‍ത്തനമണ്ഡലം വ്യാപിപ്പിച്ചിരുന്നു. ഐ.പി.എസ്-ഐ.എഫ്.എസ് ഓഫിസര്‍മാരടക്കം 120 പൊലീസുകാരുടെ കൊലപാതകം, രണ്ടായിരം ആനകളുടെ കൊമ്പെടുക്കല്‍, പതിനായിരം ടണ്‍ ചന്ദനക്കടത്ത്, സിനിമാനടന്‍ രാജ്കുമാര്‍, കര്‍ണാടക മന്ത്രി എച്ച്. നാഗപ്പ തുടങ്ങി സമൂഹത്തിലെ ഉന്നതരെ തട്ടിക്കൊണ്ടുപോകല്‍ എന്നിങ്ങനെ വീരപ്പന്‍െറ കുറ്റകൃത്യങ്ങളുടെ നിര നീണ്ടതാണ്. 1990ലാണ് കര്‍ണാടക-തമിഴ്നാട് സര്‍ക്കാറുകള്‍ സംയുക്തമായി വീരപ്പനെ പിടികൂടുന്നതിന് പ്രത്യേക ദൗത്യസേനക്ക് (Special Task Force) രൂപംകൊടുത്തത്. പതിനൊന്ന് കോടിയോളം രൂപ വീരപ്പനെ പിടികൂടാനുള്ള ദൗത്യസേനക്കുവേണ്ടി മാത്രം ഓരോ മാസവും ചെലവഴിക്കപ്പെട്ടു. അതിര്‍ത്തിഗ്രാമങ്ങളില്‍ ക്യാമ്പ്ഓഫിസുകള്‍ തുറന്നിട്ടും ഗ്രാമങ്ങള്‍ക്കുനേരെ വ്യാപകമായ ആക്രമണം അഴിച്ചുവിട്ടിട്ടും ഗ്രാമീണര്‍ തങ്ങളുടെ റോബിന്‍ഹുഡിനെ ഒറ്റിക്കൊടുക്കാന്‍ തയാറായില്ല. അതിര്‍ത്തിഗ്രാമങ്ങളിലെ പാവപ്പെട്ടവരായിരുന്നു എന്നും വീരപ്പന്‍െറ ശക്തി. ഗ്രാമീണര്‍ വീരപ്പനെയും പ്രത്യേക ദൗത്യസേനയെയും ഒരുപോലെ ഭയപ്പെട്ടു എന്നതാണ് വാസ്തവം. വാള്‍ട്ടര്‍ ദേവാരം, ടൈഗര്‍ അശോക്കുമാര്‍, ശങ്കര്‍ ബിദരി, എ.സി.പി ബാവ വരെയുള്ള കര്‍ണാടകയിലെയും തമിഴ്നാട്ടിലെയും സമര്‍ഥരായ പൊലീസ്ഓഫിസര്‍മാര്‍ രാപ്പകല്‍ അധ്വാനിച്ചിട്ടും വീരപ്പനെ പിടികൂടാനായില്ല. ഇന്ത്യകണ്ട ഏറ്റവും വലിയ നരവേട്ടയായിരുന്നു വീരപ്പനുവേണ്ടി ഭരണകൂടം നടത്തിയത്. അതിന് വിലകൊടുക്കേണ്ടിവന്നത് പാവപ്പെട്ട ഗ്രാമീണരായിരുന്നു എന്നുമാത്രം. നാല്‍പത്തിയെട്ട് ഗ്രാമങ്ങളിലായി നടത്തിയ പ്രത്യേക ദൗത്യസേനയുടെ സംഹാരതാണ്ഡവം നഷ്ടപ്പെടുത്തിയത് കുറെ ജീവിതങ്ങളാണ്. പന്ത്രണ്ട് വയസ്സുകാരിയടക്കം 57 സ്ത്രീകളാണ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത്. പലരും നിരവധി തവണ. കാണാതായവരും വധിക്കപ്പെട്ടവരും പീഡനത്തിനിരയായവരും ഭീകരമര്‍ദനത്തിന് വിധേയരായി ജീവച്ഛവങ്ങളായവരും അന്യായ തടങ്കലിലുള്ളവരും ടാഡാനിയമപ്രകാരം കേസ് ചാര്‍ജ് ചെയ്ത് ജയിലിലുള്ളവരുമായി നൂറുകണക്കിനാളുകള്‍ വേറെയുമുണ്ടെന്നാണ് സന്നദ്ധസംഘടനകളുള്‍പ്പെട്ട ഫാക്ട് ഫൈന്‍ഡിങ് ടീം കണ്ടെത്തിയിരിക്കുന്നത്. 2002ലാണ് പ്രത്യേകദൗത്യസേനയുടെ അതിക്രമങ്ങള്‍ അന്വേഷിക്കുന്നതിനായി സദാശിവകമീഷന്‍ രൂപവത്കരിച്ചത്. 2007ല്‍ കമീഷന്‍ പുറത്തുവിട്ട ഇടക്കാലറിപ്പോര്‍ട്ടില്‍ത്തന്നെ പ്രത്യേകദൗത്യസേനക്ക് കടുത്ത വിമര്‍ശം നേരിടേണ്ടിവന്നു. ഈ സാഹചര്യത്തില്‍ പ്രശ്നം രാജ്യത്തെ മനുഷ്യാവകാശസംഘടനകള്‍ ഏറ്റെടുത്തിരിക്കുകയാണ്.
വീരപ്പന്‍െറ ഭാര്യ മുത്തുലക്ഷ്മി മനുഷ്യാവകാശലംഘനങ്ങളുടെ ജീവിക്കുന്ന ഒരു ഉദാഹരണമാണ്. മുപ്പത്തൊമ്പത് വയസ്സായ കാട്ടുകൊള്ളക്കാരന് പതിനാറുകാരിയില്‍ തോന്നിയ പ്രണയം അവളെ തള്ളിവിട്ടത് തീരാദുരിതങ്ങളുടെ കയത്തിലേക്കാണ്. മൂന്നു വര്‍ഷം മാത്രം നീണ്ട കാനനദാമ്പത്യം മൂന്നു മക്കളെ അവള്‍ക്ക് സമ്മാനിച്ചെങ്കിലും അവരെ പോറ്റാനാവാത്ത ദു$ഖം സഹിച്ചുകൊണ്ടായിരുന്നു മുത്തുലക്ഷ്മി കാട്ടില്‍ ജീവിച്ചത്. മൂന്നാമത്തെ കുട്ടി മരിച്ച് അധികനാള്‍ കഴിയുന്നതിനുമുമ്പാണ് മുത്തുലക്ഷ്മി ദൗത്യസേനയുടെ കൈയിലകപ്പെടുന്നത്. പിന്നീട് പീഡനങ്ങള്‍ മാത്രമായിരുന്നു ജീവിതത്തിലിന്നുവരെ. മുത്തുലക്ഷ്മി തന്‍െറ ജീവിതം തുറന്നുപറയുന്നു:
1993ലാണ് എന്നെ പ്രത്യേക ദൗത്യസേന അറസ്റ്റു ചെയ്യുന്നത്. അന്ന് സേനയുടെ തമിഴ്നാടിന്‍െറ ഭാഗത്തുനിന്നുമുള്ള പ്രധാന ഉദ്യോഗസ്ഥന്‍ വാള്‍ട്ടര്‍ ദേവാരവും കര്‍ണാടക ഡെപ്യൂട്ടി കമാന്‍ഡര്‍ ശങ്കര്‍ ബിദരിയുമായിരുന്നു. തമിഴ്നാട്-കര്‍ണാടക അതിര്‍ത്തിഗ്രാമങ്ങളിലായി പ്രത്യേക ദൗത്യസേനയുടെ നിരവധി ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നു. മേട്ടൂര്‍, ദിമ്മം, പണ്ണാരി,സത്യമംഗലം...അങ്ങനെ വിവിധയിടങ്ങളില്‍. ഇരുപത് പൊലീസുകാരാണ് ഒരു ക്യാമ്പില്‍ ഉണ്ടായിരുന്നത്. എന്നെ ദിമ്മം ക്യാമ്പിലേക്കാണ് കൊണ്ടുപോയത്. എന്നെപ്പോലെ കുറെ പുരുഷന്മാരും സ്ത്രീകളും അവിടെയുണ്ടായിരുന്നു. രണ്ടു വര്‍ഷം ക്യാമ്പില്‍ത്തന്നെയായിരുന്നു. കോടതിയിലൊന്നും ഹാജരാക്കിയില്ല. ആ രണ്ടു വര്‍ഷവും ഭയങ്കര പീഡനമായിരുന്നു.
ഈ ചോദ്യത്തിന് സത്യസന്ധമായ മറുപടി പറയാന്‍ ഒരു സ്ത്രീക്ക് കഴിയില്ല. പ്രത്യേകദൗത്യസേന പിടിച്ചുകൊണ്ടുവന്ന ഒരു മനുഷ്യനും അത് സ്ത്രീയോ പുരുഷനോ ആകട്ടെ, ആത്മാഭിമാനമുള്ള മനുഷ്യന്‍ എന്ന പരിഗണന അവര്‍ ഒരിക്കലും നല്‍കിയില്ല. സ്ത്രീകളെ പൂര്‍ണ നഗ്നരായിനിര്‍ത്തുന്നതായിരുന്നു അവരുടെ പ്രധാനവിനോദം. ആ നഗ്നശരീരത്തിലാണ് മര്‍ദനം. കൈകള്‍ പിന്നില്‍ കെട്ടിയിട്ടാണ് അടിക്കുക. പലപ്പോഴും ഒന്നിരിക്കാന്‍പോലും സമ്മതിക്കില്ല. ചിലപ്പോള്‍ തലകീഴായി കെട്ടിത്തൂക്കിയിട്ട് അടിക്കും. നഗ്നശരീരത്തില്‍ ഇലക്ട്രിക് ഷോക്കടിപ്പിക്കും.
ഇല്ല. പെണ്‍പൊലീസുണ്ടായിരുന്നില്ല. പുരുഷന്മാര്‍തന്നെയാണ് ഇതെല്ലാം ചെയ്തത്.
ആദ്യം ശങ്കര്‍ ബിദരിയുടെ നേതൃത്വത്തിലുള്ള കര്‍ണാടക പൊലീസ്. പിന്നീട് തമിഴ്നാട് പൊലീസ്. കൂടാതെ, ദല്‍ഹിയില്‍നിന്ന് കേന്ദ്രസേനയും ബി.എസ്.എഫുമുണ്ടായിരുന്നു.
ഞാന്‍ അന്ന് കണവന്‍െറ (വീരപ്പന്‍െറ) ഒപ്പം കാട്ടിലായിരുന്നു താമസം. അദ്ദേഹം എങ്ങോട്ടോ പോയ ഒരു ദിവസം, പൊലീസ് ഞങ്ങളുടെ താവളം കണ്ടുപിടിച്ചു. ഞങ്ങളുടെ ആള്‍ക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. പൊലീസ് എന്‍െറ നേരെ വെടിവെച്ചപ്പോള്‍ ഞാന്‍ ഓടിരക്ഷപ്പെടുകയായിരുന്നു. കാട്ടില്‍ വഴിതെറ്റി. പിന്നെ എന്‍െറ ആള്‍ക്കാരെ കണ്ടെത്താനായില്ല. ഒരു ദിവസം മുഴുവന്‍ വഴിയറിയാതെ നടന്നു. ഒരാളെ കണ്ടപ്പോള്‍ അയാളോട് വഴിചോദിച്ചു. പക്ഷേ, അയാള്‍ എന്നെ പൊലീസിന് കാണിച്ചുകൊടുത്തു. ദിമ്മം ക്യാമ്പിലേക്കാണ് അപ്പോള്‍ കൊണ്ടുപോയത്. ആദ്യം ചോദ്യംചെയ്തത് ശങ്കര്‍ ബിദരിയായിരുന്നു. എന്‍െറ കൈയിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളെല്ലാം അദ്ദേഹം ഊരിവാങ്ങിച്ചു. താലിമാത്രം ബാക്കിവെക്കണമെന്ന് ഞാന്‍ അപേക്ഷിച്ചു. പക്ഷേ, എന്‍െറ കഴുത്തില്‍നിന്ന് താലി പൊട്ടിച്ചെടുത്തു. പിന്നീട് കണ്ണ് മൂടിക്കെട്ടി പണ്ണാരി ക്യാമ്പിലേക്ക് കൊണ്ടുപോയി. പണ്ണാരി കോവിലിനടുത്താണ് ആ ക്യാമ്പ്. പതിനഞ്ചുനാള്‍ തുടര്‍ച്ചയായ പീഡനമായിരുന്നു. ഓരോ ദിവസവും പുതിയ പുതിയ ഓഫിസര്‍മാര്‍ വരുകയും ചോദ്യംചെയ്യുകയും ചെയ്യും. മര്‍ദിക്കും. എന്നോടൊപ്പം വേറെയും നാലു സ്ത്രീകളുണ്ടായിരുന്നു അവിടെ. ഞങ്ങളെ ഒരുമിച്ച് ഒരു മുറിയിലാണ് താമസിപ്പിച്ചിരുന്നത്. എന്നോട് മോശമായി പെരുമാറാന്‍ പൊലീസുകാര്‍ക്ക് പേടിയുണ്ടായിരുന്നെങ്കിലും മറ്റുള്ളവരോട് മോശമായി പെരുമാറുന്നത് എനിക്കു കാണാമായിരുന്നു. സ്ത്രീകള്‍ ഒറ്റക്ക് ബാത്റൂമിലേക്ക് പോകുമ്പോഴാണ് പ്രശ്നങ്ങളുണ്ടാക്കുന്നത്. ശല്യം സഹിക്കാന്‍ കഴിയാതെ ഞാന്‍ എസ്.പിയോട് പരാതിപ്പെട്ടു. ‘‘ഞങ്ങളെ ചോദ്യം ചെയ്തോളൂ. കുഴപ്പമില്ല. പക്ഷേ, ഇങ്ങനെ അപമര്യാദയായി പെരുമാറുന്നത് സഹിക്കാനാവില്ല. ഇതിലും ഭേദം ഞങ്ങളെ വെടിവെച്ചുകൊല്ലുന്നതാണ്.’’ പിന്നീട് ഞങ്ങളെ തമിഴ്നാട് പൊലീസിന് കൈമാറി.
കുറെനാള്‍ വലിയ കുഴപ്പമുണ്ടായിരുന്നില്ലെങ്കിലും അപ്പോഴും പ്രശ്നം തീര്‍ന്നില്ല. ഒരു പൊലീസുകാരന്‍ എന്നെ വൃത്തികെട്ട രീതിയില്‍ ഉപദ്രവിക്കാനാരംഭിച്ചു. പൊലീസ് ്കസ്റ്റഡിയിലായതിനാല്‍ അയാളുടെ ആവശ്യങ്ങള്‍ക്ക് ഞാന്‍ വഴങ്ങിക്കൊടുക്കുമെന്ന് അയാള്‍ കരുതിയിരിക്കണം. ഒരു ദിവസം എന്നോട് മോശമായ രീതിയില്‍ പെരുമാറിയ അയാളെ ഞാന്‍ അടിച്ചു. അയാള്‍ എന്നെയും ഉപദ്രവിച്ചു. ഞാന്‍ പരാതി കൊടുക്കുകയും അയാളെ അവിടെനിന്ന് മാറ്റുകയും ചെയ്തെങ്കിലും ആ അപമാനം എനിക്കു താങ്ങാന്‍ കഴിയുമായിരുന്നില്ല. ഇങ്ങനെ ജീവിച്ചിരിക്കുന്നതെന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല. മരിക്കാന്‍തന്നെ തീരുമാനമെടുത്തു. പുറത്തുവെച്ചാണ് ഞാന്‍ മരിക്കുന്നതെങ്കില്‍ അതുകൊണ്ട് ആര്‍ക്കും ഒരു പ്രയോജനവുമില്ല. കസ്റ്റഡിയിലിരിക്കെ മരിച്ചാല്‍ പൊലീസിനാണല്ലോ ഉത്തരവാദിത്തം. ഞാന്‍ അവിടെയുണ്ടായിരുന്ന ഫെനോയില്‍ എടുത്ത് കുടിച്ചു. മരിച്ചില്ല. അതിനുമുമ്പ് ആശുപത്രിയില്‍ അഡ്മിറ്റാക്കി. പത്രങ്ങളില്‍ ഇത് വലിയ വാര്‍ത്തയായി.‘പ്രത്യേകദൗത്യസേനയുടെ പീഡനം സഹിക്കവയ്യാതെ മുത്തുലക്ഷ്മി ആത്മഹത്യക്ക് ശ്രമിച്ചു’ എന്നായിരുന്നു വാര്‍ത്ത. ഹൈകോടതി സ്വമേധയാ കേസെടുത്തു. ദൗത്യസേനക്ക് ഞങ്ങളെ കോടതിയില്‍ ഹാജരാക്കേണ്ടിവന്നു. പക്ഷേ, കോടതിയിലും ഞങ്ങള്‍ക്ക് സത്യംപറയാന്‍ സാധിച്ചില്ല. ദൗത്യസേനയിലെ പൊലീസുകാര്‍ ഞങ്ങളെ വല്ലാതെ ഭീഷണിപ്പെടുത്തിയിരുന്നു. കോടതി ഞങ്ങളെ വെറുതെവിട്ടാല്‍പ്പോലും ജീവിക്കാന്‍ അനുവദിക്കില്ല എന്നവര്‍ പറഞ്ഞു. മര്‍ദനംപോലുമായിരുന്നില്ല എന്‍െറ പേടി, സ്ത്രീയെന്ന രീതിയില്‍ നേരിടേണ്ടിവരുന്ന അപമാനങ്ങളായിരുന്നു. അവര്‍ ഞങ്ങളെ മാനഭംഗപ്പെടുത്തുമെന്ന് തീര്‍ച്ചയായും ഞാന്‍ ഭയന്നു. അവരുടെ ഭീഷണിയിലെ ധ്വനി അതായിരുന്നു. ഹൈകോടതിയില്‍ പൊലീസ് ഞങ്ങളെ ഉപദ്രവിച്ചിട്ടേയില്ല എന്ന് ഞങ്ങള്‍ക്ക് കോടതിയില്‍ കള്ളം പറയേണ്ടിവന്നു.
ഞങ്ങളെ വെറുതെ വിടണമെന്ന് ഹൈകോടതി ഉത്തരവുണ്ടായിട്ടും ഞങ്ങളെ പറഞ്ഞയച്ചില്ല. രണ്ടു ദിവസം ക്യാമ്പില്‍ത്തന്നെ താമസിപ്പിച്ചു. അതിനുശേഷം കോയമ്പത്തൂരില്‍ ഒരു മില്ലില്‍ ജോലിക്ക് പറഞ്ഞയച്ചു.
സംഗീത വാസുദേവ ടെക്സ്റ്റൈല്‍സ് എന്ന മില്ലില്‍ ജോലി ചെയ്ത് ജീവിക്കുകയായിരുന്നു മറ്റുള്ളവരുടെ കണ്ണിലെങ്കിലും, ഒരു തരത്തിലുള്ള വീട്ടുതടങ്കലിലായിരുന്നു അത്. പച്ചക്കറി വാങ്ങിക്കാന്‍ പോകണമെങ്കില്‍പോലും പൊലീസിന്‍െറ അനുവാദം വാങ്ങണം. എപ്പോഴെങ്കിലും വീരപ്പന്‍ എന്നെക്കാണാന്‍ വരുമെന്ന് പൊലീസ് കരുതിക്കാണണം. ഏകദേശം വീരപ്പന്‍ കൊല്ലപ്പെടുന്നതുവരെ ഈ നില തുടര്‍ന്നു.
ഒരിക്കല്‍ കണ്ടു. എട്ടു വര്‍ഷത്തിനുശേഷം. അപ്പോഴേക്കും പൊലീസ്നിരീക്ഷണത്തില്‍ കുറച്ച് അയവുവന്നിരുന്നു. ഒരാളെ അദ്ദേഹം പറഞ്ഞയച്ചു. രഹസ്യമായി ഞാന്‍ അദ്ദേഹത്തെ കണ്ടു. സംസാരിച്ച് തിരിച്ചുവന്നു.
അന്ന് ഞാന്‍ തമിഴ്നാട് പൊലീസ്കസ്റ്റഡിയിലായിരുന്നു. ഞാന്‍ പറഞ്ഞല്ലോ. അതായത്, വീട്ടുതടങ്കലില്‍. ഇങ്ങനെയൊരു കമീഷന്‍ ഉള്ളതായും തെളിവെടുപ്പു നടത്തുന്നതായും ഞാന്‍ അറിഞ്ഞതേയില്ല. പൊലീസ് എന്നോട് പറഞ്ഞില്ല. അന്നെനിക്ക് മറ്റാരുമായും ബന്ധമുണ്ടായിരുന്നില്ല. ബന്ധുക്കള്‍പോലും അന്ന് എന്നോട് മിണ്ടുകയോ വീട്ടിലേക്ക് വരുകയോ ചെയ്യുമായിരുന്നില്ല. പേടിയായിരുന്നു എല്ലാവര്‍ക്കും. അവസാനം ഇതിനെക്കുറിച്ചറിഞ്ഞ് പോകാന്‍ തയാറായപ്പോള്‍ പൊലീസ് അനുവദിച്ചതുമില്ല.
ബന്ദിയാക്കിയ കന്നട സിനിമാനടന്‍ രാജ്കുമാറിനെ വിട്ടയക്കാനായി വീരപ്പന്‍ കുറെ ഡിമാന്‍ഡുകളുന്നയിച്ചിരുന്നു. അതിലൊന്നായിരുന്നു പ്രത്യേക ദൗത്യസേന നടത്തിയ അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നത്. അങ്ങനെയാണ് സദാശിവകമീഷനെ സര്‍ക്കാര്‍ നിയമിക്കുന്നത്. എന്‍െറ ആത്മഹത്യാശ്രമവുമായി ബന്ധപ്പെട്ടാണ് പ്രത്യേക ദൗത്യസേന ആദിവാസി ഊരുകളില്‍ നടത്തിയ അതിക്രമങ്ങളെക്കുറിച്ച് ലോകം അറിയുന്നത്. എന്നിട്ടും എന്‍െറ മൊഴിപോലും രേഖപ്പെടുത്താത്ത റിപ്പോര്‍ട്ട് പൂര്‍ണമാകുന്നതെങ്ങനെ? മാത്രമല്ല, പീഡനങ്ങള്‍ക്കിരയായ പലരും മൊഴികൊടുക്കാന്‍ തയാറായിരുന്നില്ല. തെളിവ് നല്‍കുന്നവരെ വീണ്ടും പിടിച്ചുകൊണ്ടുപോയി മര്‍ദിക്കുമോ എന്ന് ഗ്രാമീണര്‍ ഭയപ്പെട്ടു. എന്നാല്‍, ഇതൊന്നും പേടിക്കാതെ ധൈര്യമായി പോയി കമീഷനുമുമ്പാകെ ഹാജരായവരുമുണ്ട്. പക്ഷേ, ഭൂരിപക്ഷംപേര്‍ക്കും ഭയമായിരുന്നു.
തമിഴ്-കര്‍ണാടക അതിര്‍ത്തി ഗ്രാമങ്ങളില്‍ പ്രത്യേക ദൗത്യസേന നടത്തിയ അക്രമങ്ങള്‍ സി.ബി.ഐ അന്വേഷിക്കണം. ഇടക്കാലറിപ്പോര്‍ട്ടാണ് സദാശിവകമീഷന്‍ സമര്‍പ്പിച്ചത്. അന്വേഷണത്തില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടാവരുത് എന്നതുകൊണ്ടാണ് ഞങ്ങള്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നത്. പ്രത്യേക ദൗത്യസേന പിടിച്ചുകൊണ്ടുപോയ പലരും വീട്ടിലേക്ക് പിന്നീട് തിരിച്ചുവന്നില്ല. നിരവധി പെണ്‍കുട്ടികളാണ് ബലാത്സംഗം ചെയ്യപ്പെട്ടത്. ഒരേ പെണ്‍കുട്ടികള്‍തന്നെ പല പ്രാവശ്യം ബലാത്സംഗത്തിന് വിധേയരായി. ചില ഗ്രാമങ്ങള്‍ അപ്പാടെ നശിപ്പിക്കപ്പെട്ടു. ഓരോ പൊലീസ് ഓഫിസറും എത്ര സ്ത്രീകളെ ബലാത്സംഗം ചെയ്തു, എത്ര പേരെ കൊന്നു എന്നെല്ലാം പുറംലോകം അറിയട്ടെ. നിഷ്പക്ഷമായ സി.ബി.ഐ അന്വേഷണമാണ് ഞങ്ങളുടെ ആവശ്യം.
ഇത്രയും യാതനകളനുഭവിച്ചിട്ടും മിണ്ടാതിരിക്കാനായിരുന്നു ഞാന്‍ തീരുമാനിച്ചത്. ശാന്തമായി, സമാധാനമായി ജീവിക്കാന്‍ തന്നെയായിരുന്നു എന്‍െറ ആഗ്രഹം. മിണ്ടാതിരിക്കുന്തോറും അവര്‍ എന്നെ കൂടുതല്‍ കൂടുതല്‍ കഷ്ടപ്പെടുത്തിക്കൊണ്ടിരുന്നു. എന്‍െറ ഭര്‍ത്താവിനെ അവര്‍ കൊന്നു. കുട്ടികളുടെകൂടെ സമാധാനമായി ജീവിക്കാന്‍പോലുമെന്നെ അനുവദിക്കാത്തതെന്തുകൊണ്ടാണ്? എല്ലാം കഴിഞ്ഞ് എന്നെ ജയിലിലുമാക്കി. ഇപ്പോള്‍ ഇതിനെതിരെ പോരാടുകയല്ലാതെ എന്‍െറ മുന്നില്‍ വേറെ വഴിയില്ല. 2006ല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി പൊതുതെരഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിച്ച വിവരം എല്ലാവര്‍ക്കുമറിയുന്നതാണല്ലോ. എന്നിട്ടും പിടികിട്ടാപ്പുള്ളി എന്ന പേരിലാണ് ഈ വീട്ടില്‍നിന്ന് 2008ല്‍ കര്‍ണാടക പൊലീസ് എന്നെ അറസ്റ്റുചെയ്തത്, ഉറങ്ങുകയായിരുന്ന എന്നെ ധരിച്ചിരുന്ന നൈറ്റി മാറ്റാന്‍പോലുമനുവദിക്കാതെ. രാത്രി ഒന്നരക്കായിരുന്നു അറസ്റ്റ്. സാധാരണ അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങളൊന്നും പാലിച്ചില്ല. ലോക്കല്‍ പൊലീസ്സ്റ്റേഷനില്‍ വിവരമറിയിച്ചില്ല.
കര്‍ണാടകയില്‍ അഞ്ചു മര്‍ഡര്‍കേസുകളാണ് എന്‍െറ പേരിലുണ്ടായിരുന്നത്. മുത്തുലക്ഷ്മി വീരപ്പന്‍െറ കൂടെ ഉണ്ടായിരുന്നു. അതുകൊണ്ട്, വീരപ്പന്‍ നടത്തിയ കൊലപാതകങ്ങളില്‍ എനിക്കും പങ്കുണ്ട് എന്നായിരുന്നു പൊലീസിന്‍െറ ആരോപണം. പാലാര്‍ ബോംബ്സ്ഫോടനക്കേസ്, രാംപുര പൊലീസ് സ്റ്റേഷന്‍ ആക്രമണം, ഫോറസ്റ്റ് ഓഫിസര്‍ ശ്രീനിവാസന്‍, എസ്.ഐ ഷക്കീല്‍ അഹ്മദ് എന്നിവരുടെ കൊലപാതകക്കേസുകള്‍ എന്നിങ്ങനെ വീരപ്പന്‍െറ പേരിലുള്ള കേസുകളെല്ലാം എന്‍െറ മേല്‍ ചുമത്തുകയായിരുന്നു. ടാഡാപ്രകാരമായിരുന്നു കേസ് ചാര്‍ജ് ചെയ്തത്. ജാമ്യംപോലും കിട്ടിയില്ല. 2008മുതല്‍ 2011വരെ മൂന്നുവര്‍ഷം മൈസൂര്‍ ജയിലില്‍ കിടന്നു. ആദ്യമായാണ് ഞാന്‍ ജയിലില്‍ കിടക്കുന്നത്. വളരെ മോശപ്പെട്ട ജീവിതമായിരുന്നു അതും. അവിടെവെച്ച് പഴകിയ ഭക്ഷണം കഴിച്ച് അസുഖം ബാധിച്ചതിനാല്‍ കുറെ ദിവസം ആശുപത്രിയില്‍ കിടക്കേണ്ടിവന്നു.
ഇതില്‍ രണ്ടു സംഭവങ്ങള്‍ ഞാന്‍ ഉള്ളപ്പോള്‍ നടന്നതാണ്. മറ്റു മൂന്നു കൊലപാതകങ്ങളും നടക്കുമ്പോള്‍ ഞാന്‍ പൊലീസ് കസ്റ്റഡിയിലായിരുന്നു. ഒരുമിച്ച് താമസിക്കുമ്പോള്‍പോലും എന്നെ സംഘത്തില്‍ വിട്ട് അദ്ദേഹം പോകാറുണ്ട്. അഞ്ചോ പത്തോ ദിവസങ്ങള്‍ കഴിഞ്ഞാണ് പിന്നീട് തിരിച്ചുവരുക. പലപ്പോഴും വിവരങ്ങള്‍ അറിയുന്നത് റേഡിയോയില്‍നിന്നായിരിക്കും. എന്തിനാണെന്നോ എവിടേക്കാണ് പോകുന്നതെന്നോ എന്നോട് പറയാറില്ല. ആ കേസുകളിലെല്ലാം കോടതി എന്നെ വെറുതെവിട്ടു. എനിക്കെതിരെ സാക്ഷിപറയാന്‍ ആരുമില്ലായിരുന്നു.
ഉണ്ട്. രാജ്കുമാറിനെ ബന്ദിയാക്കിയ സംഭവത്തില്‍ വീരപ്പന്‍ വാങ്ങിയ പണം ഞാന്‍ കൈപ്പറ്റിയെന്നതാണ് കേസ്. എനിക്ക് ആ പണം കിട്ടിയിട്ടില്ല. എല്ലാം നുണയാണ്. ഞങ്ങള്‍ തമ്മില്‍ കാണാന്‍പോലും കഴിഞ്ഞിട്ടില്ല. എപ്പോഴും പൊലീസുണ്ടായിരുന്നു പിറകെ. എന്നെ കാണാന്‍ ശ്രമിച്ചാല്‍ ജീവനാപത്താണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. പിന്നെങ്ങനെയാണ് പണം കൈമാറുന്നത്? എന്നെ ഏതെങ്കിലും കേസില്‍ കുടുക്കണം എന്നാണ് അവരുടെ തീരുമാനം. ആ കേസ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു.
എനിക്കൊന്നുമറിയില്ല. പൊലീസിന്‍െറ നിരീക്ഷണത്തിലായിരുന്നു എന്നും ഞാന്‍. അതുകൊണ്ട് ഒന്നും അറിയില്ല. അന്ന് തമിഴ്നാട്-കര്‍ണാടക സര്‍ക്കാറുകളും വീരപ്പനും തമ്മില്‍ ഉടമ്പടി ഉണ്ടാക്കിയിരുന്നു. അതും നശിപ്പിക്കപ്പെട്ടിരിക്കാം. ഇപ്പോള്‍ അത് കൈയിലുണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിക്കാറുണ്ട്.
ഞങ്ങളുടെ കല്യാണം കഴിയുന്നതിനു മുമ്പുതന്നെ അദ്ദേഹം ആനക്കൊമ്പ് എടുക്കുന്നത് നിര്‍ത്തിയിരുന്നു. ചന്ദനമരം വെട്ടിക്കൊണ്ടുവരുന്നതൊക്കെ എപ്പോഴോ കണ്ടിട്ടുണ്ട്. മറ്റൊന്നും ഞാന്‍ കണ്ടിട്ടില്ല.
അന്നെനിക്ക് പതിനാറ് വയസ്സായിരുന്നു പ്രായം. എനിക്കൊന്നും അറിയില്ലായിരുന്നു. എന്‍െറയും അദ്ദേഹത്തിന്‍െറയും വീട് അടുത്തടുത്ത ഗ്രാമങ്ങളിലായിരുന്നു. അദ്ദേഹത്തിന്‍െറ വീട് കര്‍ണാടക അതിര്‍ത്തിയായ ഗോപീനെത്തത്തിലും എന്‍േറത് തമിഴ്നാട് അതിര്‍ത്തിഗ്രാമമായ സിങ്കാപുരത്തും. ബസൊന്നും ഇല്ലാത്തതുകൊണ്ട് നടന്നാണ് യാത്ര. നടന്ന് സ്കൂളില്‍ പോകുമ്പോഴോ മറ്റോ എപ്പോഴെങ്കിലും അദ്ദേഹം എന്നെ കണ്ടിരിക്കണം. വീട്ടില്‍വന്ന് എന്‍െറ അച്ഛനുമമ്മയോടും കല്യാണം കഴിച്ചുതരണമെന്ന് ആവശ്യപ്പെടുമ്പോഴാണ് ഞാന്‍ അദ്ദേഹത്തെ നേരിട്ടുകാണുന്നത്. അവര്‍ക്ക് സമ്മതമായിരുന്നില്ല. അന്ന് അദ്ദേഹം ഇത്രയും കുപ്രസിദ്ധി നേടിയിട്ടില്ല. എങ്കിലും എന്‍െറ ജീവിതംകൊണ്ട് കളിക്കാന്‍ അവര്‍ ഇഷ്ടപ്പെട്ടില്ല. ‘‘നാളെ എന്തെല്ലാം പ്രശ്നങ്ങളുണ്ടാകാം, അതിനാല്‍ സമ്മതമില്ല’’ എന്നായിരുന്നു അവരുടെ മറുപടി. എന്നാല്‍ ‘‘തനിക്കുതന്നെ കല്യാണം കഴിച്ചു തരണമെന്നു’’ പറഞ്ഞ് അദ്ദേഹം വല്ലാതെ വാശിപിടിച്ചു.
അങ്ങനെയല്ല. എന്തു സംഭവിച്ചാലും ഞാന്‍ നോക്കിക്കൊള്ളാമെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ അച്ഛനുമമ്മയും മനസ്സില്ലാമനസ്സോടെ സമ്മതിച്ചു. അവിടെ അടുത്തുള്ള ഒരു കോവിലില്‍വെച്ചായിരുന്നു കല്യാണം. ആദ്യമൊക്കെ അദ്ദേഹത്തെ വല്ലാതെ എനിക്ക് പേടിയായിരുന്നു. ആ മീശ കാണുമ്പോഴെ എന്‍െറ ധൈര്യമെല്ലാം പോകും. പക്ഷേ, എല്ലാവരോടും വളരെ സൗമ്യമായാണ് അദ്ദേഹം പെരുമാറുന്നത്. ഗ്രാമീണരുടെ ഇടയില്‍ നല്ല മതിപ്പാണ്. ഇപ്പോള്‍പോലും ജനങ്ങള്‍ അദ്ദേഹത്തെ ദൈവത്തെപ്പോലെയാണ് ആരാധിക്കുന്നത്. പാവങ്ങള്‍ക്ക് വീരപ്പനോട് സ്നേഹവും ആരാധനയുമാണ്.
കാട്ടിനകത്ത് നൂറുപേരുള്ള സംഘമായിരുന്നു ഞങ്ങളുടേത്. ഇടക്കിടക്ക് താമസസ്ഥലം മാറിക്കൊണ്ടേയിരിക്കും. അഞ്ചോ പത്തോ ദിവസങ്ങള്‍ മാത്രമാണ് ഒരു സ്ഥലത്ത് തങ്ങുക. കിടപ്പെല്ലാം വെറുംതറയില്‍ തന്നെ. മഴക്കാലത്ത് മാത്രമാണ് ടെന്‍റ് കെട്ടുക. ഭക്ഷണമൊന്നും ഞാന്‍ പാചകംചെയ്യാറില്ല. കൂടെയുള്ള പയ്യന്മാരാണ് അതെല്ലാം ചെയ്യുന്നത്. 1990 ജനുവരിയിലായിരുന്നു ഞങ്ങളുടെ വിവാഹം. അതേ വര്‍ഷംതന്നെ എന്‍െറ മൂത്തമകള്‍ വിദ്യാറാണിയെ പ്രസവിക്കാനായി ഞാന്‍ നാട്ടിലേക്ക് തിരിച്ചുവന്നു. കാട്ടില്‍ കുട്ടിയെ വളര്‍ത്തുക എളുപ്പമല്ല എന്നതുകൊണ്ട് അവളെ അമ്മയുടെ പക്കല്‍ ഏല്‍പിച്ച് വീണ്ടും ഞാന്‍ കാട്ടിലേക്കുപോയി. രണ്ടാമത്തെ മകള്‍ പ്രഭയെയും അമ്മതന്നെയാണ് വളര്‍ത്തിയത്.
അതെല്ലാം നുണയാണ്. രണ്ടു പെണ്‍കുട്ടികളെ വളര്‍ത്തിയ ഞങ്ങള്‍ മറ്റൊരു കുഞ്ഞിനെ കൊന്നുകളയുമോ? അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല. മൂന്നാമത്തെ പ്രസവം കാട്ടിലായിരുന്നു. പ്രസവത്തിനിടക്കാണ് കുഞ്ഞ് മരിച്ചത്. വീരപ്പനെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ദുഷ്പ്പേര് ഉണ്ടാക്കുന്നതിനായി പൊലീസ് മെനെഞ്ഞെടുത്ത കഥയാണത്.
കാടിനുപുറത്ത് കുടുംബത്തോടൊപ്പം കഴിയണമെന്നായിരുന്നു എന്‍െറ ആഗ്രഹം. കാട്ടില്‍ എത്രനാള്‍ ഇങ്ങനെ കഴിയാനാകും? കുട്ടികളോടൊത്ത് താമസിക്കാന്‍ കഴിയാത്തത് എനിക്ക് വിഷമമുണ്ടാക്കി. അവരെ ഓര്‍ത്ത് ഞാനെന്നും വിഷമിച്ചു. ഇന്നല്ലെങ്കില്‍ നാളെ നമുക്ക് പുറത്തുവന്ന് ജീവിക്കാന്‍ സാധിക്കുമെന്ന് പറഞ്ഞ് അദ്ദേഹമെന്നെ സമാധാനിപ്പിക്കാറുണ്ടായിരുന്നു. കാട്ടില്‍ ജീവിച്ച് കുട്ടികള്‍ വിദ്യാഭ്യാസമില്ലാത്തവരായി മാറിക്കൂടാ എന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു.
മൂത്ത മകളുടെ വിവാഹം കഴിഞ്ഞു. രണ്ടാമത്തെ മകള്‍ പഠിക്കുകയണ്. കുട്ടികളെ സ്കൂളില്‍പ്പോലും പോകാന്‍ സമ്മതിക്കാതെ പൊലീസ് ബുദ്ധിമുട്ടിക്കുമായിരുന്നു. സ്കൂളില്‍പ്പോയി വീരപ്പനെവിടെ എന്ന് കുട്ടികളോട് ചോദിച്ചുകൊണ്ടിരിക്കും. ഇവരോട് കൂട്ടുകൂടാന്‍ മറ്റു കുട്ടികള്‍ക്ക് ഭയമാണ്. സ്കൂള്‍ അധികൃതര്‍ക്കും ഇവരെ സ്കൂളില്‍ പ്രവേശിപ്പിക്കാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. എന്‍െറ കുട്ടികള്‍ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്. സാധാരണജീവിതം നയിക്കണമെന്നാണ് അവരുടെ ആഗ്രഹം. അവരെ വീണ്ടും ഇതിലേക്ക് വലിച്ചിഴക്കാന്‍ എനിക്ക് താല്‍പര്യമില്ല. അതുകൊണ്ട് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ല.
ഏറ്റുമുട്ടലിലല്ല വീരപ്പന്‍ കൊല്ലപ്പെട്ടത്്. ചതിയായിരുന്നു. വലിയച്ഛന്‍െറ മകന്‍െറ വീട്ടില്‍ ഭക്ഷണം കഴിക്കാന്‍പോയ അദ്ദേഹത്തെ അവര്‍ ചതിക്കുകയായിരുന്നു. മോരില്‍ മയക്കുമരുന്ന് കലര്‍ത്തിക്കൊടുത്തതിനുശേഷം അവര്‍ ദൗത്യസേനയെ അറിയിക്കുകയായിരുന്നു. അപ്പോള്‍ പ്രത്യേക ദൗത്യസേന തലവനായ വിജയകുമാറിന്‍െറ നേതൃത്വത്തിലുള്ള സംഘം അവിടെനിന്നുമാണ് വീരപ്പനെയും കൂടെയുള്ള മറ്റു മൂന്നു പേരെയും പിടിച്ചുകൊണ്ടുപോകുന്നത്. കര്‍ണാടക, തമിഴ്നാട്, പോണ്ടിച്ചേരി, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ എട്ടു സന്നദ്ധസംഘടനകള്‍ ചേര്‍ന്ന് വീരപ്പന്‍ കൊല്ലപ്പെട്ടതെങ്ങനെയെന്ന് കണ്ടുപിടിക്കാനായി, ഒരു ഫാക്ട് ഫൈന്‍ഡിങ് ടീം രൂപവത്കരിച്ചിരുന്നു. സ്വന്തം ഊരായ ഗോപീനെത്തത്തില്‍നിന്ന് പലതരത്തിലുള്ള പീഡനങ്ങള്‍ക്ക് വിധേയമാക്കിയ ശേഷമാണ് വരവല്ലിയിലെത്തിച്ച് വ്യാജ ഏറ്റുമുട്ടല്‍ ഒരുക്കിയത് എന്നാണ് ആ ടീമിന്‍െറ കണ്ടെത്തല്‍. 2004 ഒക്ടോബര്‍ പതിനെട്ടിനായിരുന്നു അത്. അദ്ദേഹത്തിന്‍െറ ശവശരീരം വിട്ടുതരാതെ പൊലീസ് തന്നെ ചിതയൊരുക്കിയിരുന്നു. കുറെ സമ്മര്‍ദങ്ങള്‍ക്കൊടുവിലാണ് അന്ത്യകര്‍മങ്ങള്‍ക്കായി പൊലീസ് ശവശരീരം വിട്ടുതന്നത്.
ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. വീരപ്പന്‍െറ ഭാര്യയായിരുന്നു എന്നതൊഴിച്ച്. ഭര്‍ത്താവ് പറഞ്ഞതനുസരിച്ച് ജീവിക്കാനായിരുന്നു എന്‍െറ മാതാപിതാക്കള്‍ എന്നെ പഠിപ്പിച്ചത്. നല്ലവനായാലും ചീത്തവനായാലും അദ്ദേഹം എന്‍െറ ഭര്‍ത്താവാണല്ലോ. അദ്ദേഹത്തിന്‍െറ വ്യക്തിപരമായ ജീവിതത്തില്‍ ഞാനും ഒരു ഭാഗമായിരുന്നു. പക്ഷേ, മറ്റൊന്നും എനിക്കറിയില്ല. വീരപ്പന്‍ ചെയ്ത തെറ്റുകള്‍ക്ക് ശിക്ഷ നല്‍കേണ്ടത് എനിക്കല്ല. ഞാന്‍ തോക്കെടുത്ത് ആരെയും വെടിവെച്ചിട്ടില്ല. പലതും ഞാന്‍ അറിഞ്ഞിട്ടുപോലുമില്ല. എനിക്കും പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു കൊലപാതകക്കുറ്റങ്ങള്‍ എന്‍െറ മേല്‍ ചുമത്തിയത്. ’91 മുതല്‍ ’95 വരെ നടന്ന സംഭവങ്ങള്‍ക്ക് എന്നെ അറസ്റ്റ് ചെയ്തത് 2008ലാണ്. വീരപ്പന്‍ മരിച്ച് നാലു വര്‍ഷങ്ങള്‍ക്കുശേഷം. ’95ല്‍ റദ്ദുചെയ്യപ്പെട്ട ടാഡാനിയമമനുസരിച്ചായിരുന്നു കേസുകള്‍ ചാര്‍ജ് ചെയ്തത്. ’93 മുതല്‍ ’95വരെ ഞാന്‍ അന്യായതടങ്കലിലായിരുന്നു. പിന്നീട് വീട്ടുതടങ്കലിലും. പൊലീസുകാരുടെ മര്‍ദനംമൂലം ജോലിയെടുത്ത് ജീവിക്കാന്‍പോലും കഴിയാത്ത അവസ്ഥയിലാണ് ഇന്നു ഞാന്‍. എന്‍െറ ഭര്‍ത്താവിനെ ദൗത്യസേന കൊന്നു. അദ്ദേഹം ചെയ്ത തെറ്റുകള്‍ക്ക് പകരമായിട്ടായിരിക്കാം അത് എന്നുകരുതി ഞാന്‍ സമാധാനിക്കുന്നു. 100 പൊലീസുകാരെ അദ്ദേഹം കൊന്നെങ്കില്‍ അതിലുമെത്രയോ ഇരട്ടി ആള്‍ക്കാരെയാണ് ദൗത്യസേന കൊന്നത്. പൊലീസുകാര്‍ കൊല്ലപ്പെട്ട ഉടനെ കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കും.
എന്നാല്‍, ആ പൊലീസുകാര്‍ വെടിവെച്ചുകൊന്ന പാവപ്പെട്ട ഗ്രാമീണര്‍ക്ക് ഒന്നും ലഭിക്കുന്നില്ലല്ലോ? തെറ്റു ചെയ്തത് എന്‍െറ ഭര്‍ത്താവാണ്. അതിനുപകരം മരിക്കുന്നതോ നിരപരാധികള്‍. സംശയം തോന്നി ദൗത്യസേന പിടിച്ചുകൊണ്ടുപോയ പലരെക്കുറിച്ചും പിന്നീട് കേള്‍ക്കുന്ന വാര്‍ത്ത, ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്നായിരിക്കും.
പലര്‍ക്കും എന്തു സംഭവിച്ചു എന്ന് ആര്‍ക്കുമറിയില്ല. പലരുടെയും പേരിലുള്ള കുറ്റം വീരപ്പന് അരികൊടുത്തു, പരിപ്പ് കൊടുത്തു എന്നെല്ലാമാണ്. തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ഇവരെ കോടതിയില്‍ ഹാജരാക്കൂ. ശിക്ഷ വിധിക്കേണ്ടത് കോടതിയല്ലേ? എന്നെങ്കിലും അവന്‍ തിരിച്ചുവരുമെന്ന് അവന്‍െറ കുടുംബത്തിന് സമാധാനിക്കാമല്ലോ. പൊലീസും ഭരണകൂടവും എന്‍െറ ഭര്‍ത്താവും തമ്മിലാണ് പ്രശ്നം. അവര്‍ നേരിടേണ്ടത് വീരപ്പനോടല്ലേ? അതിര്‍ത്തിഗ്രാമങ്ങളിലെ പാവപ്പെട്ട ജനങ്ങളെ മുഴുവന്‍ വേട്ടയാടുന്നതെന്തിന്? തെറ്റു ചെയ്തവരെ എന്തെങ്കിലും കേസ് ചാര്‍ജ് ചെയ്ത് ജയിലിനകത്താക്കട്ടെ. വീരപ്പനെ സഹായിച്ചതുകൊണ്ട് ലഭിച്ച ശിക്ഷയാണിതെന്ന് അവര്‍ മനസ്സിലാക്കുമല്ലോ. തെറ്റു മനസ്സിലാക്കി തിരുത്താനുള്ള അവസരമല്ലേ കൊടുക്കേണ്ടത്? ഈ ജനാധിപത്യരാജ്യത്ത് നീതിയും നിയമവും എവിടെയാണ്? വീരപ്പന്‍ വേട്ട എന്നപേരില്‍ എത്ര സാധാരണ ജനങ്ങളെ ദൗത്യസേന കൊന്നൊടുക്കിയിട്ടുണ്ട്. ആര്‍ക്കെങ്കിലും ഇതുവരെ എന്തെങ്കിലും ശിക്ഷ ലഭിച്ചിട്ടുണ്ടോ? കൊലപാതകം ആരു ചെയ്താലും കൊലപാതകംതന്നെയല്ലേ? പാവപ്പെട്ടവരെല്ലാം കാക്കയും കുരുവിയുംപോലെ വിലയില്ലാത്ത ജന്മങ്ങളാണോ ഇങ്ങനെ വെടിവെച്ചുവീഴ്ത്താന്‍?