
അഞ്ചാമത് ഒരു മന്ത്രികൂടി മുസ്ലിംലീഗിന് കിട്ടിയാല്‍ കേരളസമൂഹത്തിന്‍െറ മതസന്തുലിത തകര്‍ന്നുപോവുമോ? വാസ്തവത്തില്‍ ഇങ്ങനെയൊരു വാദത്തിന്‍െറ അടിസ്ഥാനം മുസ്ലിം വിരോധമല്ലേ? ഈ വാദമല്ലേ മതസന്തുലിത തകര്‍ക്കുന്നത്?
അഞ്ചാംമന്ത്രിവിവാദം ഉയര്‍ന്നപ്പോള്‍ ഇവയാണ് ലീഗ് ഉയര്‍ത്തിയ വാദമുഖങ്ങള്‍. കോണ്‍ഗ്രസ് അടക്കമുള്ള യു.ഡി.എഫിലെ കക്ഷികളും പരസ്യമായ വിവാദങ്ങളില്‍ ഈ വാദം ആവര്‍ത്തിച്ചു. പക്ഷേ, കെ.പി.സി.സി യോഗത്തില്‍ കോണ്‍ഗ്രസുകാര്‍ നിലപാട് മാറ്റി. ലീഗിന്‍െറ ആവശ്യം കേരളത്തിലെ സാമുദായികസൗഹാര്‍ദത്തിന്‍െറ മരണമണി മുഴക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. ഈ ആവശ്യം അംഗീകരിച്ചാല്‍ ഉമ്മന്‍ചാണ്ടി കേരളത്തിന്‍െറ അവസാനത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രി ആയിരിക്കുമെന്ന് പ്രഖ്യാപിച്ചത് മലപ്പുറത്ത് ലീഗിനെ നിരന്തരം ചെറുത്തുനില്‍ക്കുന്ന ആര്യാടന്‍ മുഹമ്മദ്. ലീഗിന്‍െറ ആവശ്യം കെ.പി.സി.സിയുടെ നിലപാട് അവഗണിച്ചുകൊണ്ട് അംഗീകരിച്ച മുഖ്യമന്ത്രി ഹൈകമാന്‍ഡിനെ അറിയിച്ചത് മന്ത്രിസഭയുടെ നിലനില്‍പിനുപോലും ഭീഷണി ഉയര്‍ത്തിക്കൊണ്ട് ലീഗ് കടുത്ത സമ്മര്‍ദം ചെലുത്തുന്നതിനാല്‍ താന്‍ നിസ്സഹായനായെന്നാണ്. കേരള കോണ്‍ഗ്രസുകാര്‍ പരസ്യമായി ലീഗിനെ ന്യായീകരിച്ചെങ്കിലും സ്വകാര്യമായി പറഞ്ഞത് ലീഗിന്‍െറ സമ്മര്‍ദം കുറെ കടന്നുപോയെന്നുതന്നെയാണ്. ഇടതുപക്ഷം പരസ്യമായിത്തന്നെ ലീഗിന്‍െറ സമ്മര്‍ദത്തെ അപലപിച്ചു. ബി.ജെ.പിയും എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും എതിര്‍ത്തതില്‍ അതിശയിക്കാനില്ലെന്നു പറയാം.
ചുരുക്കത്തില്‍, ലീഗിന്‍െറ ആവശ്യം നൂറുശതമാനം ന്യായമാണെന്നും ഇതുമൂലം മതസന്തുലിതക്ക് കോട്ടം വരുമെന്ന വാദമാണ് വര്‍ഗീയതയെന്നും പറയാന്‍ അവസാനം കേരളത്തില്‍ അവശേഷിച്ചത് ലീഗ് മാത്രം. ആണ്ടി വലിയ അടിക്കാരനാണെന്ന് ആണ്ടി പറഞ്ഞാല്‍ പോരെന്നതിനാല്‍ ലീഗിന്‍െറ ന്യായവാദത്തിന്‍െറ ആധികാരികത ആണ്ടിയോളമേ ഉള്ളൂ. സത്യത്തില്‍ ലീഗിന്‍െറ ആവശ്യം മുഖ്യമന്ത്രി അംഗീകരിച്ചപ്പോള്‍തന്നെ അത് വഴിയൊരുക്കുമെന്ന് ഭയപ്പെട്ട സംഭവവികാസങ്ങള്‍ യാഥാര്‍ഥ്യമാകാന്‍ അതിന്‍െറ ഏറ്റവും കടുത്ത വിമര്‍ശകര്‍ കരുതിയ സമയം പോലും വേണ്ടിവന്നില്ല. പിറ്റേന്ന് ഹൈകമാന്‍ഡ് ഒഴിച്ച് ആരോടും പറയാതെ മുഖ്യമന്ത്രി മന്ത്രിസഭ അഴിച്ചുപണിതു. മൂന്നു ദശാബ്ദത്തിനുശേഷം കോണ്‍ഗ്രസിന്‍െറ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് കൈയൊഴിഞ്ഞ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഏല്‍പിച്ചു. അതുകഴിഞ്ഞാല്‍ ഏറ്റവും പ്രധാന വകുപ്പായ റവന്യൂ അടൂര്‍ പ്രകാശിന് സമ്മാനിച്ചു. ആര്യാടന് ഗതാഗതം, ശിവകുമാറിന് ആരോഗ്യം എന്നിങ്ങനെയും ചില അഡ്ജസ്റ്റ്മെന്‍റുകള്‍കൂടി മുഖ്യമന്ത്രി നടത്തി. ലക്ഷ്യം ഒന്നു മാത്രം: എന്‍.എസ്.എസിനെയും എസ്.എന്‍.ഡി.പിയെയും പ്രീതിപ്പെടുത്തുക. ഇത് മതസാമുദായികസംഘടനകളെ പ്രീണിപ്പിച്ചുകൊണ്ടു മാത്രമേ നാട് ഭരിക്കാനാവൂ എന്ന് ഇന്ത്യയുടെ ഏറ്റവും വലിയ മതനിരപേക്ഷകക്ഷി തുറന്നുപറയുന്നതിന്‍െറ പ്രഖ്യാപനമായിത്തീര്‍ന്നു. മത-സാമുദായികശക്തികളുടെ മേധാവിത്വത്തില്‍നിന്നും കേരളത്തെ ഭ്രാന്താലയമാക്കിയ സാമൂഹിക ഉച്ചനീചത്വങ്ങളില്‍നിന്നും ഈ നാടിനെ ആധുനികതയിലേക്ക് വിമോചിപ്പിച്ച നവോത്ഥാനപ്രക്രിയയുടെ മടക്കത്തിന്‍െറ ഏറ്റവും പുതിയ ഘട്ടത്തെയും കുറിക്കുന്നു ഈ സംഭവഗതികള്‍ എന്ന് കരുതുന്നവരുണ്ട്. വാസ്തവത്തില്‍, സാമുദായികമായ അസന്തുലിത മാത്രമല്ല സാമ്പത്തികവും പ്രാദേശികവും ലിംഗപരവുമായ അസന്തുലിതകള്‍ക്കാണ് ലീഗിന്‍െറ അഞ്ചാം മന്ത്രിസ്ഥാനം വഴിവെക്കുക.
അതേസമയം, കേരളത്തിലെ സവിശേഷമായ നവോത്ഥാനപ്രക്രിയയുടെ പരിണതിതന്നെയല്ലേ ഈ അവസ്ഥ? മത-ജാതി അടിസ്ഥാനത്തിലുള്ള വീതംവെപ്പ് കേരളത്തില്‍ പുതിയ കാര്യമേ അല്ല. കേരളത്തിന്‍െറ, പ്രത്യേകിച്ച് തിരുവിതാംകൂറിലെ സാമൂഹിക-രാഷ്ട്രീയ-ജനാധിപത്യപ്രസ്ഥാനങ്ങളുടെ തുടക്കവും പുരോഗതിയുംതന്നെ മത-ജാതി അവശതകള്‍ക്കും വിവേചനത്തിനും എതിരെ ആയിരുന്നതിനാലാകാം ഇത്. വാസ്തവത്തില്‍, നവോത്ഥാന-ജനാധിപത്യപ്രസ്ഥാനത്തിന്‍െറ സവിശേഷതയോ ദൗര്‍ബല്യമോ ആയി ഈ സാമുദായികഘടകത്തെ കാണാം. അതേസമയം, ശുദ്ധമായ ലിബറല്‍ മുതലാളിത്തത്തിന് വഴി ഒരുക്കാന്‍ ആവിര്‍ഭവിച്ച പാശ്ചാത്യ കൊളോണിയല്‍ ആധുനികതാപ്രോജക്ടായി മാറാതെ കേരളത്തിന്‍െറ നവോത്ഥാനത്തെ വ്യതിരിക്തമാക്കിനിര്‍ത്തിയത് ഈ സാമുദായികമാനങ്ങളാണെന്നും വാദമുണ്ട്. എല്ലാ അവകാശപ്രസ്ഥാനങ്ങളെയുംപോലെ നവോത്ഥാനത്തിന്‍െറ മുന്നില്‍നിന്ന അവശസാമുദായികസംഘടനകള്‍ക്കും ജന്മംനല്‍കിയത് ആ വിഭാഗങ്ങളില്‍ വിദ്യാഭ്യാസവും മറ്റും നേടി ഉയര്‍ന്നുവന്നവര്‍തന്നെയാണ്. പില്‍ക്കാലത്ത് ഈ സംഘടനകളുടെ തലപ്പത്തെ വരേണ്യര്‍ സ്വന്തം അധികാരവും വിഭവാധിപത്യവും അരക്കിട്ടുറപ്പിക്കാനും വ്യാപകമാക്കാനുമുള്ള ശ്രമങ്ങള്‍ക്കായി ഒരിക്കല്‍ സാമൂഹികനവീകരണത്തിന് ഊന്നല്‍ നല്‍കിയ തങ്ങളുടെ പ്രസ്ഥാനങ്ങളെ ഉപയോഗിച്ചു. രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവും ആയ വിലപേശലിനും സമ്മര്‍ദത്തിനും രാഷ്ട്രീയാധികാരത്തില്‍ സ്ഥാനം ഉറപ്പിക്കാനും ഊട്ടിവളര്‍ത്താനും ഈ സംഘടനകള്‍ ഉപയോഗിക്കപ്പെട്ടു. അതത് വിഭാഗങ്ങളിലെ ഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ മേല്‍വിലാസത്തിലാണെങ്കിലും അവര്‍ക്ക് ഒരു പ്രയോജനവും ഈ സംഘടനകള്‍മൂലമുണ്ടായില്ലെന്നത് സത്യം. എന്‍.എസ്.എസ് , എസ്.എന്‍.ഡി.പി മുതലായവയൊക്കെ ഇതില്‍നിന്ന് ഭിന്നമല്ല.
തിരുവിതാംകൂറില്‍ ജനാധിപത്യത്തിനുവേണ്ടിയും രാജഭരണത്തിനെതിരെയും വളര്‍ന്ന ജനകീയപ്രസ്ഥാനത്തിന് രൂപം നല്‍കിയത് നിവര്‍ത്തനപ്രസ്ഥാനവും സംയുക്തപ്രസ്ഥാനവും ആയിരുന്നു. കൃത്യമായി ജാതി അവശതകള്‍ക്കും വിവേചനങ്ങള്‍ക്കും എതിരെയും ജാത്യടിസ്ഥാനത്തിലുള്ള അവകാശങ്ങള്‍ക്കുവേണ്ടിയുംതന്നെയായിരുന്നു അവ. ഈഴവ-ക്രിസ്ത്യന്‍-മുസ്ലിം സമുദായാടിസ്ഥാനത്തിലായിരുന്ന ഈ പ്രസ്ഥാനങ്ങളില്‍നിന്നാണ് സ്റ്റേറ്റ് കോണ്‍ഗ്രസിന്‍െറ പിറവി. നായര്‍ സമുദായത്തിന്‍െറ ഒരു പങ്കുകൂടി ഇതോടൊപ്പം ചേര്‍ന്നു. പട്ടം താണുപിള്ള പ്രസിഡന്‍റും ടി.എം. വര്‍ഗീസ് വൈസ് പ്രസിഡന്‍റും എ. നടരാജപിള്ള സെക്രട്ടറിയും ആര്‍. ശങ്കര്‍ ട്രഷററായും സ്റ്റേറ്റ് കോണ്‍ഗ്രസ് സ്ഥാപിച്ചപ്പോള്‍ ഇവര്‍ എത്രതന്നെ ഉന്നതശീര്‍ഷരായ രാഷ്ട്രീയനേതാക്കളായിരുന്നെങ്കിലും അവരുടെ മതജാതിസ്വത്വങ്ങള്‍തന്നെ പരിഗണിക്കപ്പെട്ടുകൊണ്ടാണ്. പിന്നീടുണ്ടായ അധികാരത്തിന്‍െറയും പദവികളുടെയും പങ്കുവെപ്പും ഈ സാമുദായിക അസ്തിവാരത്തിന്‍െറ അടിസ്ഥാനത്തിലായിരുന്നു. കേരളപ്പിറവിക്കു മുമ്പ് കോണ്‍ഗ്രസിലെ പട്ടം-സി. കേശവന്‍-ടി.എം. വര്‍ഗീസ് ത്രികോണവും പിന്നീട് പട്ടം-ആര്‍. ശങ്കര്‍-പി.ടി. ചാക്കോ ത്രികോണവും ഒക്കെ ഓര്‍ക്കാം. ചാക്കോയുടെ നിര്യാണത്തിനു ശേഷം ക്രിസ്തീയശക്തി കേരളകോണ്‍ഗ്രസില്‍ പൂര്‍ണമായും, കോണ്‍ഗ്രസില്‍ നായര്‍വിഭാഗവുമായി പങ്കിട്ടും -ഇവര്‍ തമ്മില്‍ അന്നുമുതല്‍ ഇന്നും തുടരുന്ന പരസ്പരമത്സരമുണ്ട്- തങ്ങളുടെ അധികാരം നിലനിര്‍ത്തി.
തിരുവിതാംകൂറില്‍ എണ്ണത്തില്‍ കുറവായിരുന്നതിനാലാകാം മുസ്ലിംകള്‍ക്ക് ഈ വീതംവെപ്പുരാഷ്ട്രീയത്തില്‍ കാര്യമായ പങ്ക് കിട്ടിയില്ല. എന്നാല്‍, 1956ല്‍ മലബാര്‍കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ട് കേരളം പിറന്നശേഷം ഇതില്‍ മാറ്റംവന്നു. മുസ്ലിംലീഗിന്‍െറ കടന്നുവരവുതന്നെയാണ് ഇതിന്‍െറ കാരണം. തുടക്കം അറച്ചറച്ചായിരുന്നെങ്കിലും ക്രമേണ മുസ്ലിം പ്രാതിനിധ്യംകൂടി കേരളത്തിലെ അധികാരരാഷ്ട്രീയത്തിന്‍െറ മതജാതിഘടനയില്‍ നേടിയെടുക്കാനായതാണ് ലീഗിന്‍െറ നേട്ടം. എന്നാല്‍, ഇതുകൊണ്ട് ലീഗ് പ്രതിനിധാനംചെയ്ത വരേണ്യവിഭാഗത്തിനല്ലാതെ സമുദായത്തിലെ ഭൂരിപക്ഷംവരുന്ന സാധാരണക്കാര്‍ക്ക് എന്ത് നേട്ടമുണ്ടായെന്ന ചോദ്യം മറ്റെല്ലാ ജാതിസംഘടനകള്‍ക്കും ബാധകമായതിനാല്‍ ലീഗിനെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ലീഗ് ഈ നേട്ടം അത്ര എളുപ്പത്തില്‍ കൈവരിച്ചതുമല്ല. ഒട്ടേറെയായിരുന്നു പ്രതികൂലഘടകങ്ങള്‍. സ്വാതന്ത്ര്യസമരവിരുദ്ധതയും പാകിസ്താന്‍ വാദവും ലീഗിന് സൃഷ്ടിച്ച വന്‍ ബാധ്യതയും ദേശീയപ്രസ്ഥാനത്തില്‍ എതിര്‍പക്ഷത്തുനിന്നവരോടുള്ള കോണ്‍ഗ്രസിലെ വിരോധവും മലബാര്‍ കോണ്‍ഗ്രസില്‍ രൂഢമൂലമായ മതനിരപേക്ഷതാബോധവും ഒപ്പം ഉള്‍ച്ചേര്‍ന്നിരുന്ന ഹൈന്ദവാഭിമുഖ്യവും ഒക്കെമൂലം പൂര്‍ണമായ രാഷ്ട്രീയ അസ്പൃശ്യത നേരിട്ട ലീഗിന് കഷ്ടപ്പെട്ടുതന്നെ സാധ്യമായതാണ് മുഖ്യധാരയിലേക്കുള്ള പ്രവേശം. അമ്പതുകളില്‍തന്നെ മലബാറിലെ കമ്യൂണിസ്റ്റ് വളര്‍ച്ച ചെറുക്കാന്‍ കോണ്‍ഗ്രസ് വേറെ നിവൃത്തിയില്ലാതെ ലീഗുമായി അനൗപചാരികമായ ബാന്ധവമായിരുന്നു ആദ്യ വാതില്‍. പിന്നീട് മദിരാശിയില്‍ രാജാജിയുടെയും കാമരാജിന്‍െറയും ഒക്കെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ നിലനില്‍ക്കാന്‍ ബുദ്ധിമുട്ടിയപ്പോള്‍ തുണയായത് മലബാര്‍ ജില്ലയിലെ ലീഗിന്‍െറ പിന്തുണ ആയിരുന്നു. സ്വാതന്ത്ര്യലബ്ധിക്ക് ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ (1952)തന്നെ മലബാറില്‍ ലീഗിന് ആറു വിലയേറിയ സീറ്റ് ഉണ്ടായിരുന്നു. ലീഗിനെ സംബന്ധിച്ചിടത്തോളം കോണ്‍ഗ്രസുമായി വിദൂരമായ ഐക്യംപോലും ‘ദേശവിരുദ്ധ’ സംഘടനയെന്ന ആരോപണംമൂലമുള്ള അതിന്‍െറ അപകര്‍ഷബോധത്തില്‍നിന്ന് കരകയറാന്‍ അടിയന്തരാവശ്യവുമായിരുന്നു. പക്ഷേ, ലീഗിന്‍െറ പിന്തുണ ധാരാളം ഉപയോഗിച്ചെങ്കിലും അവരുമായി പരസ്യബന്ധം സ്ഥാപിച്ച് അംഗീകാരമോ മാന്യതയോ നല്‍കാന്‍ ലീഗിനെ ചത്ത കുതിരയെന്നു വിളിച്ച കോണ്‍ഗ്രസുകാര്‍ തയാറായില്ല. പിന്നീട് കേരളപ്പിറവിക്കു ശേഷവും ‘‘വേളി വയ്യ സംബന്ധമാവാം’’ എന്ന അവസ്ഥ തുടരുന്നു.
കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ വിമോചനസമരത്തിലും മറ്റെല്ലാ ജാതിമതസംഘടനകളെപ്പോലെ ലീഗും കോണ്‍ഗ്രസിന് സര്‍വാത്മനാ പിന്തുണ നല്‍കി. വിമോചനസമരശേഷം ലീഗിനോട് ആദ്യമായി ഔചാരികസഖ്യം ചേര്‍ന്നുതന്നെ കോണ്‍ഗ്രസ് മത്സരിച്ചു. ഈ പരസ്യസൗഹൃദംമൂലം തുടര്‍ന്ന് രൂപവത്കരിച്ച കമ്യൂണിസ്റ്റ് വിരുദ്ധമുന്നണിയില്‍ ആദ്യമായി ലീഗിന് ഔചാരിക അംഗത്വം നല്‍കാതിരിക്കാന്‍ കോണ്‍ഗ്രസിനാവുമായിരുന്നില്ല. 1960ലെ തെരഞ്ഞെടുപ്പ് ജയിച്ചശേഷം പി.എസ്.പിയുടെ പട്ടം മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്‍െറ ശങ്കര്‍ ഉപമുഖ്യമന്ത്രിയുമായപ്പോള്‍ മുന്നണിയിലെ മൂന്നാം സ്ഥാനക്കാരായ ലീഗ് മന്ത്രിസഭയില്‍ അര്‍ഹമായ പ്രാതിനിധ്യം ഉറപ്പായും പ്രതീക്ഷിച്ചു. പക്ഷേ, കോണ്‍ഗ്രസിന്‍െറ കേന്ദ്രനേതൃത്വം വര്‍ഗീയകക്ഷിയായ ലീഗിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ സമ്മതിച്ചില്ല. വന്‍ തര്‍ക്കങ്ങളുടെ ഒടുക്കം സ്പീക്കര്‍സ്ഥാനം മാത്രം നല്‍കാന്‍ കോണ്‍ഗ്രസ് ഹൈകമാന്‍ഡ് സമ്മതിക്കുകയായിരുന്നു. അപമാനിക്കപ്പെട്ടെങ്കിലും ലീഗ് പ്രസിഡന്‍റ് ബാഫക്കി തങ്ങള്‍ മുട്ടുമടക്കി. സ്പീക്കര്‍സ്ഥാനം സ്വീകരിക്കാന്‍ ലീഗിന്‍െറ നിയമസഭാകക്ഷിനേതാവ് കെ.എം. സീതി സാഹിബ് തയാറായി. ആദ്യമായി ലീഗിന് അധികാരത്തിലേക്കുള്ള പ്രവേശം. പക്ഷേ, 1961 ഏപ്രില്‍ 17ന് സീതിസാഹിബ് നിര്യാതനായതോടെ വീണ്ടും പ്രതിസന്ധി. ശങ്കറിനു പിന്നാലെ കെ.പി.സി.സി അധ്യക്ഷനായ സി.കെ. ഗോവിന്ദന്‍ നായര്‍ മലബാര്‍ നേതാക്കളുടെ മതേതരത്വപാരമ്പര്യത്തിന് ഉടമയായിരുന്നു. മതജാതിശക്തികള്‍ക്കൊപ്പം കോണ്‍ഗ്രസ് വിമോചനസമരത്തില്‍ പങ്കെടുത്തതിനോടുപോലും എതിര്‍പ്പുണ്ടായിരുന്ന ആളാണ് സി.കെ.ജി. സാമുദായികതയുടെ പ്രതീകങ്ങളായിരുന്ന മന്നത്ത് പത്മനാഭന്‍, ശങ്കര്‍, ചാക്കോ തുടങ്ങിയവരെ ഒന്നും അദ്ദേഹത്തിന് പിടിച്ചിരുന്നില്ല. സീതി സാഹിബിന്‍െറ മരണത്തിനു ശേഷം ലീഗിന് സ്വാഭാവികമായും ലഭിക്കേണ്ട സ്പീക്കര്‍ പദവി സാമുദായികപ്പാര്‍ട്ടിക്ക് നല്‍കാന്‍ സി.കെ.ജി വിസമ്മതിച്ചു. പക്ഷേ, ശങ്കര്‍-ചാക്കോ നേതൃത്വത്തില്‍ സാമുദായികതകൊണ്ട് തിടംവെച്ച തിരുവിതാംകൂര്‍ കോണ്‍ഗ്രസ് ലീഗിന് അനുകൂലമായി നിന്നു. കെ.പി.സി.സിക്കുള്ളില്‍ ആദ്യത്തെ ചേരിതിരിവുതന്നെ ഇതേച്ചൊല്ലിയാണ് ഉണ്ടായത്. അവസാനം ലീഗിനുണ്ടായത് മുമ്പെന്നത്തെക്കാളും വലിയ അപമാനമാണ്. ലീഗില്‍നിന്ന് രാജിവെച്ചാല്‍ മാത്രം സ്പീക്കര്‍ ആക്കാമെന്നായി ഹൈകമാന്‍ഡിന്‍െറ പിന്തുണയുണ്ടായിരുന്ന സി.കെ.ജിയുടെ കോണ്‍ഗ്രസ് നേതൃത്വം. നേരത്തേ സ്പീക്കര്‍പദവിക്കെന്നപോലെ ഈ അപമാനത്തിനു മുന്നിലും ലീഗ് തലകുനിച്ചു. തൊപ്പി ഊരി സ്പീക്കറാകാന്‍ വന്നത് സാക്ഷാല്‍ സി.എച്ച്. മുഹമ്മദ് കോയ. ഇതുകഴിഞ്ഞും കെ.പി.സി.സി നേതൃത്വത്തില്‍നിന്ന് ലീഗ് നിരന്തരമായി അപമാനങ്ങള്‍ സഹിച്ചുവന്നു. ഒടുവില്‍, ഇനി സഹിക്കാനാവില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് 1962 ഡിസംബറില്‍ ലീഗ് മുന്നണി വിടുകയും സ്പീക്കര്‍സ്ഥാനം സി.എച്ച് രാജിവെക്കുകയും ചെയ്തു.
രണ്ടുവര്‍ഷം രാഷ്ട്രീയ വനവാസത്തിലായിരുന്ന ലീഗുമായി പിന്നീട് ബന്ധം സ്ഥാപിച്ചത് പുതുതായി രൂപംകൊണ്ട സി.പി.എമ്മാണ്. പാര്‍ട്ടി പിറന്നശേഷം ആദ്യം നേരിട്ട 1965ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ ഇ.എം.എസ് ലീഗുമായി ബന്ധം സ്ഥാപിച്ചു. അന്ന് സി.പി.ഐയും ആര്‍.എസ്.പിയും മറ്റും സി.പി.എമ്മിനെ ഏറ്റവും അധികം അധിക്ഷേപിച്ചത് ഈ ബന്ധത്തിന്‍െറ പേരിലായിരുന്നു. ചൈനാചാരന്മാരെന്നപേരില്‍ ബഹുഭൂരിപക്ഷം സഖാക്കളും ജയിലിലായിരുന്നപ്പോള്‍ പുറത്തുണ്ടായിരുന്ന ഏക പ്രമുഖനായിരുന്ന ഇ.എം.എസിന്‍െറ ഒറ്റക്കുള്ള നേതൃത്വത്തില്‍ തെരഞ്ഞെടുപ്പില്‍ സി.പി.എം 40 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ലീഗും സി.പി.എമ്മും ഒന്നിച്ച് പിന്തുണച്ച നാലു സ്വതന്ത്രരും ജയിച്ച സ്ഥാനാര്‍ഥികളില്‍പെട്ടു. ഇവര്‍ നാലു പേരും ജയിച്ചശേഷം ലീഗില്‍ ചേരുകയും ചെയ്തു. പക്ഷേ, തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ആര്‍ക്കും ഒറ്റക്ക് ഭൂരിപക്ഷമില്ലാത്ത അനിശ്ചിതത്വത്തിന്‍െറ നാളുകളില്‍ ലീഗ് കോണ്‍ഗ്രസുമായും കേരളകോണ്‍ഗ്രസുമായും ഒക്കെ ബന്ധപ്പെട്ടു. പുതുതായി രൂപംകൊണ്ട കേരളകോണ്‍ഗ്രസും 23 സീറ്റുമായി മാന്യമായ വിജയം നേടിക്കൊണ്ട് മത്സരിച്ച 16ല്‍ ആറു സീറ്റ് നേടിയ ലീഗുമായി സഖ്യവും സ്ഥാപിച്ചു. ഇവര്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ പിന്തുണ വാഗ്ദാനം ചെയ്തെങ്കിലും കോണ്‍ഗ്രസ് അത് പുച്ഛിച്ചുതള്ളി. അവസാനം പ്രസിഡന്‍റുഭരണം.
ലീഗിന് കേരളരാഷ്ട്രീയത്തില്‍ പൂര്‍ണ മാന്യതയോടെ അംഗീകാരം ലഭിക്കുന്നത് 1967ലെ തെരഞ്ഞെടുപ്പിലാണ്. സി.പി.എമ്മിന്‍െറ നേതൃത്വത്തില്‍ രൂപംകൊണ്ട സപ്തകക്ഷിമുന്നണിയില്‍ മൂന്നാം കക്ഷിയായി അംഗത്വം; 14 സീറ്റുമായി സി.പി.എമ്മിനും സി.പി.ഐക്കും എസ്.എസ്.പിക്കും പിന്നില്‍ ഏറ്റവും കൂടുതല്‍ സീറ്റ്; പ്രധാന വകുപ്പുകളോടെ രണ്ടു മന്ത്രിസ്ഥാനങ്ങള്‍. ഇതിനുശേഷം എണ്‍പതുകളില്‍ ലീഗില്‍ പിളര്‍പ്പ് ഉണ്ടാകുകയും അഖിലേന്ത്യാലീഗ് 1985വരെ ഇടതുചേരിയില്‍നിന്നെങ്കിലും പിന്നീട് രണ്ടു ലീഗും തമ്മില്‍ യോജിച്ച് ഐക്യജനാധിപത്യമുന്നണിയുടെ ഒപ്പംതന്നെ നിലകൊള്ളുന്നു. 2006ലെ അസംബ്ളി തെരഞ്ഞെടുപ്പിലൊഴിച്ചാല്‍ ലീഗിന്‍െറ പിന്തുണയിലും സീറ്റിലും യു.ഡി.എഫിലെ സ്വാധീനത്തിലും ഇടിവുപറ്റാതെ തുടരുകയാണ്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 20 സീറ്റ് എന്ന വന്‍ നേട്ടത്തിന് ഉടമയാകുകയും ചെയ്തു. ലീഗിന്‍െറ ഇതുവരെയുള്ള യാത്രയിലെ അനുഭവങ്ങള്‍ പരിഗണിക്കുമ്പോള്‍ തങ്ങളുടെ തൊപ്പി ഊരിപ്പിച്ച കോണ്‍ഗ്രസിനെ കൃത്യം 50 വര്‍ഷം കഴിഞ്ഞപ്പോള്‍ താലത്തില്‍ അഞ്ചാം മന്ത്രിപദവുമായി മുട്ടുകുത്തിനില്‍ക്കുന്ന അവസ്ഥയിലെത്തിച്ചതെന്ന് അഭിമാനംകൊള്ളാന്‍ ലീഗിന് തീര്‍ച്ചയായും വകയുണ്ട്. അഞ്ചാം മന്ത്രിപദം നല്‍കുന്നതുവഴി കോണ്‍ഗ്രസിന്‍െറ അന്തസ്സ് കെട്ടെന്ന് മാറത്തടിച്ച് നിലവിളിക്കുന്ന കോണ്‍ഗ്രസുകാരുടെ മുന്നില്‍ അര നൂറ്റാണ്ടിനുശേഷം ലീഗ് കൈവരിക്കുന്ന മധുരമായ പ്രതികാരം. ബാഫക്കിതങ്ങളും സീതി സാഹിബും സി.എച്ച്. മുഹമ്മദ് കോയയും ഒക്കെ ഉള്‍പ്പെട്ട തങ്ങളുടെ മുന്‍തലമുറ നേരിട്ട കൊടിയ അപമാനത്തിന് പുതിയ തലമുറ നടത്തുന്ന പകരംവീട്ടലിന് ഒരു കാല്‍പനിക മധുരമുണ്ട്.
പക്ഷേ, അത് ലീഗിന്‍െറ കാര്യം. അതുകൊണ്ട് ലീഗിന്‍െറ ആവശ്യത്തിന്‍െറ സാമുദായികത ഇല്ലാതാകുമോ? ഒരിക്കലുമില്ല. മാത്രമല്ല, ലീഗിന് കേരളീയസമൂഹത്തില്‍ അംഗീകാരവും സാധുതയും നേടിയെടുക്കാനായതിന്‍െറ പിന്നില്‍ അതിന്‍െറ പക്വതയും പാകതയും ഉണ്ടായിരുന്ന ഒട്ടേറെ പഴയ നേതാക്കളുടെ ദീര്‍ഘനാളത്തെ കഠിനാധ്വാനത്തിന്‍െറ ചരിത്രമുണ്ട്. അപമാനവും മറ്റും ഏറെ സഹിച്ചെങ്കിലും ആത്മനിയന്ത്രണത്തോടെ ജനാധിപത്യപ്രക്രിയയില്‍ പങ്കെടുത്തുകൊണ്ട് വര്‍ഗീയത, സാമുദായികത എന്നീ തീവ്ര നിലപാടുകളില്‍ നിന്നൊഴിഞ്ഞുതന്നെ ബുദ്ധിപൂര്‍വമായ രാഷ്ട്രീയതന്ത്രങ്ങള്‍ പയറ്റിയ ചരിത്രമാണത്. എന്നാല്‍, അപ്പോള്‍ ഒരു ചോദ്യം ഉയരാം. മറ്റ് രാഷ്ട്രീയകക്ഷികള്‍ക്കൊന്നും ഇല്ലാത്ത ക്ഷമയും സഹിഷ്ണുതയും സഹനവും ലീഗിന് മാത്രം ഉണ്ടാകണമെന്നു പറയുന്നത് എന്ത് ന്യായമെന്ന് ചോദ്യം. ഇവിടെയാണ് മറ്റ് പാര്‍ട്ടികളുമായുള്ള ലീഗിന്‍െറ വ്യത്യാസം പ്രസക്തമാകുന്നത്. മതനിരപേക്ഷവ്യവസ്ഥയില്‍ ഒരു മതത്തെ ആശ്രയിച്ചും ആ മതത്തിന്‍െറ അംഗങ്ങള്‍ക്ക് മാത്രം പ്രവേശം നല്‍കിയും പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിക്ക് വാസ്തവത്തില്‍ സാധുത ഇല്ല. ലീഗ് മാത്രമേ ഇങ്ങനെയൊരു പാര്‍ട്ടിയായി നിലനില്‍ക്കുന്നുള്ളൂ. എന്നിട്ടും, കേരളസമൂഹത്തില്‍ ലീഗിന് മറ്റേതൊരു പാര്‍ട്ടിയെപ്പോലെയും സാധുതയോടെ പ്രവര്‍ത്തിക്കാനാവുന്നത് അത് ഇന്നുവരെ അതിരുവിട്ട സാമുദായികസമ്മര്‍ദരാഷ്ട്രീയം കളിക്കാത്തതുകൊണ്ടുതന്നെയാണ്. ആ കളി ആരംഭിക്കുമ്പോള്‍ ലീഗിന്‍െറ ഈ സാധുത റദ്ദായിത്തുടങ്ങും. അതോടെ അതിന്‍െറ നില കേരളരാഷ്ട്രീയത്തില്‍ അസ്പൃശ്യത നേരിടുന്ന ബി.ജെ.പിയെപ്പോലെയാകും. ദീര്‍ഘനാളത്തെ കഠിനയത്നങ്ങള്‍ക്കുശേഷവും ബി.ജെ.പി നേരിടുന്ന ‘അയിത്തത്തിനു’ കാരണം കേരളരാഷ്ട്രീയത്തില്‍ മത-സാമുദായികവിഭാഗീയത എടുക്കാച്ചരക്കാണെന്നതുതന്നെ. എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി തുടങ്ങിയ സംഘടനകള്‍പോലും ബി.ജെ.പിയോട് തൊട്ടുകൂടായ്മ പുലര്‍ത്തുന്നത് 45 ശതമാനത്തോളം വരുന്ന ന്യൂനപക്ഷങ്ങളോട് അത് പ്രത്യക്ഷമായ വിരോധം പുലര്‍ത്തുന്ന പാര്‍ട്ടി ആയതിനാല്‍തന്നെ. ലീഗിന്‍െറ സമ്മര്‍ദം അതിരുവിടുമ്പോള്‍ 55 ശതമാനം വരുന്ന ഭൂരിപക്ഷസമുദായങ്ങള്‍ക്ക് ഉണ്ടാകുന്ന ഭീതി അതിനെ പണ്ടത്തെ ഒറ്റപ്പെടലിലേക്ക് നയിച്ചാല്‍ അദ്ഭുതപ്പെടേണ്ടതില്ല. ആരും തൊടാന്‍ ഭയക്കുന്ന അവസ്ഥ.
ലീഗിന്‍െറ അഞ്ചാം മന്ത്രിപദം സാമുദായികമല്ല, രാഷ്ട്രീയമായ ആവശ്യമാണെന്നവാദവും നിലനില്‍ക്കുന്നതല്ല. കാരണം, ലീഗ് ഒരു സാമുദായികപ്പാര്‍ട്ടിതന്നെയാണെന്നതുതന്നെ. തീര്‍ച്ചയായും വര്‍ഗീയമോ തീവ്രവാദപരമോ ആയ നിലപാടുകള്‍ ഇല്ലെങ്കിലും രാഷ്ട്രീയത്തില്‍ ഇടപെടുന്ന ഒരു സാമുദായിക കക്ഷി. ഒരു സമുദായത്തിലെ അംഗങ്ങള്‍ മാത്രം പ്രവര്‍ത്തിക്കുന്നതും ആ സമുദായത്തിന്‍െറ ആവശ്യങ്ങള്‍ക്കുവേണ്ടി മാത്രം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കക്ഷി എങ്ങനെയാണ് സാമുദായികപ്പാര്‍ട്ടി ആകാതിരിക്കുക? മാത്രമല്ല, സാമുദായികതയല്ലാതെ, ഏതെങ്കിലും രാഷ്ട്രീയമോ സാമ്പത്തികമോ സാംസ്കാരികംപോലുമോ ഒരു നയമോ പരിപാടിയോ ലീഗിനില്ല. അതുകൊണ്ടാണ്, സി.പി.ഐയുടെ എല്ലാ മന്ത്രിമാരും ഈഴവ സമുദായക്കാരായപ്പോഴും ഉയരാത്ത വിവാദം ലീഗിന്‍െറ അഞ്ചാം മന്ത്രിക്കാര്യത്തില്‍ ഉണ്ടാകുന്നത്.
ഇതിനുപുറമേയാണ് അഞ്ച് ലീഗ് മന്ത്രിമാര്‍ ഉണ്ടാകുമ്പോള്‍ ഉളവാകു
ന്ന ഭൂമിശാസ്ത്രപരമായ അസന്തുലി തത്വം. മലപ്പുറം ജില്ലയില്‍ മാത്രം മേധാവിത്വമുള്ള ഒരു പാര്‍ട്ടിക്ക് മന്ത്രിസഭയിലെ അഞ്ചിലൊന്ന് മന്ത്രിമാരും എന്നത് ഏത് മാനദണ്ഡപ്രകാരമാണ് ന്യായീകരിക്കാനാവുക? മറ്റ് ജില്ലകളോട് ചെയ്യുന്ന നീതിയാകുമോ ഇത്?
സാമുദായികവും പ്രാദേശികവുമായ അസന്തുലിതയെക്കാള്‍ ഒട്ടും പിന്നിലല്ല, ലീഗിന് അര്‍ഹിക്കുന്നതിലേറെ മന്ത്രിമാര്‍ ഉണ്ടായാല്‍ സൃഷ്ടിക്കപ്പെടുന്ന സാമ്പത്തിക അസന്തുലിതത്വം. സാമ്പത്തികമായും സാമൂഹികമായും കേരളത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന വിഭാഗങ്ങള്‍ ദലിതര്‍ കഴിഞ്ഞാല്‍ ഇന്നും മുസ്ലിംകളാണ് എന്ന് എല്ലാ കണക്കുകളും തെളിയിക്കുന്നു. തൊഴില്‍പങ്കാളിത്തത്തിലും അധികാരസ്ഥാനങ്ങളിലും ഇന്നും ദലിതര്‍ക്കൊപ്പം മുസ്ലിംകളും പിന്നാക്കമാണ്. അതിനാല്‍തന്നെ മുസ്ലിംകള്‍ കേരളീയസമൂഹത്തില്‍ സമീപകാലത്ത് സ്വത്തുടമസ്ഥതയിലും അധികാരസ്ഥാനങ്ങളിലും അമിതമായ മേധാവിത്വം നേടിയെന്ന വ്യാപകമായിവരുന്ന ധാരണ ഒരു സമുദായം എന്ന നിലയില്‍ മൊത്തത്തിലെടുത്താല്‍ ശരിയാകാന്‍ ഒരു സാധ്യതയുമില്ല. അതേസമയം, ഈ സമുദായത്തിലെ വലുതായിവരുന്ന ഒരു വരേണ്യവിഭാഗം ഇക്കഴിഞ്ഞ ഒന്നു രണ്ടു ദശാബ്ദത്തില്‍ മറ്റേതൊരു വിഭാഗത്തെക്കാള്‍ വളരെയേറെ സാമ്പത്തികവും സാമൂഹികവുമായി ആധിപത്യം നേടിവരുന്നുണ്ടെന്ന് സംശയമില്ല. ആദായനികുതിദായകരുടെ പട്ടിക, ബിസിനസ് മേഖലയിലെ സാന്നിധ്യം, ഭൂസ്വത്തുടമസ്ഥതയിലെ നിലവിലുള്ള സാമുദായികക്കണക്ക്, സംസ്ഥാനത്തിന്‍െറ ഏറ്റവും വരുമാനമുള്ള വ്യവസായമേഖലകളായ വിദ്യാഭ്യാസ-ആരോഗ്യസ്ഥാപനങ്ങളുടെയും മാധ്യമസ്ഥാപനങ്ങളുടെയും ഉടമസ്ഥത എന്നീ സാമ്പത്തികഘടകങ്ങള്‍ക്കൊപ്പം വിവിധ സംസ്ഥാന-ദേശീയമത്സരപ്പരീക്ഷകളിലെ വിജയികളുടെ എണ്ണം തുടങ്ങിയ ഘടകങ്ങളും മുസ്ലിം വിഭാഗത്തില്‍നിന്നുണ്ടായ ഒരു വന്‍ മുന്നേറ്റത്തെ കുറിക്കുന്നു. അതേസമയം, കേരളത്തില്‍ സാമ്പത്തികവളര്‍ച്ചക്കൊപ്പം ഇപ്പോള്‍ ഏറിവരുന്ന സാമ്പത്തിക അസമത്വം ഏറ്റവും കൂടുതല്‍ രൂക്ഷം മുസ്ലിം സമുദായത്തിനുള്ളില്‍തന്നെയാകാനാണ് -ഇത് സംബന്ധിച്ച ആധികാരികമായ കണക്കുകള്‍ ഇല്ലെങ്കിലും- സാധ്യത ഇപ്പോഴും ഈ വിഭാഗവും ഇവര്‍ അധിവസിക്കുന്ന മേഖലയുടെയും മൊത്തത്തിലുള്ള പിന്നാക്കാവസ്ഥ സൂചിപ്പിക്കുന്നു. ഗള്‍ഫ്പണമടക്കമുള്ള അതിന്‍െറ കാരണങ്ങളിലേക്ക് പോകുകയല്ല ഈ ലേഖനത്തിന്‍െറ ഉദ്ദേശ്യം.
എന്നാല്‍, കേരളസമൂഹത്തിലെ ഈ വരേണ്യ മുസ്ലിം മുന്നേറ്റം ഭൂപരിഷ്കാരത്തിനുശേഷം ഇതില്‍ മുന്നില്‍നിന്ന ക്രിസ്തീയവരേണ്യവിഭാഗത്തെയും കവച്ചുവെക്കുന്നതരത്തിലാണ്. അതുകൊണ്ടുതന്നെ, കേരളത്തില്‍ പലേടത്തും കൂടുതല്‍ സാമുദായികസംഘര്‍ഷസാധ്യതകള്‍ സ്വത്തുടമസ്ഥതയില്‍ പരസ്പരമത്സരത്തില്‍ എത്തിയിരിക്കുന്ന മുസ്ലിം-ക്രിസ്ത്യന്‍ സമ്പന്നവര്‍ഗങ്ങള്‍ തുല്യശക്തിയിലുള്ള മേഖലകളില്‍ ആകാനും സാധ്യതയുണ്ട്. പത്തനംതിട്ടയും തൊടുപുഴയും ഒക്കെ ഇതിന്‍െറ സൂചനകള്‍ നല്‍കുന്നു. ഇതിനര്‍ഥം, ഈ മുസ്ലിം വരേണ്യവിഭാഗത്തിന്‍െറ പ്രകടമായ മുന്നേറ്റം അന്യായമായ വഴികളിലൂടെയാണെന്നല്ല. പക്ഷേ, ഈ യാഥാര്‍ഥ്യത്തിന്‍െറ പശ്ചാത്തലത്തിലാണ് ആ വിഭാഗത്തെ പ്രതിനിധാനംചെയ്യുന്ന മുസ്ലിംലീഗിന്‍െറ അഞ്ചാംമന്ത്രി ആവശ്യവും അതിനായുള്ള സമ്മര്‍ദവും സമൂഹത്തില്‍ വളര്‍ത്തിയ ആശങ്കയും.
മുസ്ലിം സമുദായത്തിലെ പിന്നാക്കക്കാര്‍ക്കോ ദലിത് ക്രിസ്ത്യാനികള്‍ക്കോ ഒരു മന്ത്രിപദവിപോലും നല്‍കിയിട്ടുള്ളവയല്ലല്ലോ ഈ പാര്‍ട്ടികള്‍. ഇതിനുപുറമേയാണ് ലളിതമായ കണക്കിന്‍െറ അടിസ്ഥാനത്തിലും ജനസംഖ്യയിലെ ഭൂരിപക്ഷംവരുന്ന സമുദായങ്ങളിലേറെ പ്രാതിനിധ്യം ന്യൂനപക്ഷസമുദായങ്ങള്‍ക്ക് ലഭിക്കുന്ന അവസ്ഥ ആദ്യമായി കേരളത്തിലെ ഒരു മന്ത്രിസഭയില്‍ ഉണ്ടാകുന്നത്. ഇതിനൊക്കെ പുറമേയാണ് ലീഗിന്‍െറ അഞ്ചാം മന്ത്രിപദം കാരണമാക്കുന്ന ലിംഗപരമായ അസന്തുലിത.
ഇന്നേവരെ നിയമസഭയിലേക്കോ പാര്‍ലമെന്‍റിലേക്കോ ഒരു വനിതയെപ്പോലും അയക്കാത്ത ലീഗിന്‍െറ മന്ത്രിമാര്‍ പെരുകുമ്പോള്‍ കേരളീയ ജനതയില്‍ ഭൂരിപക്ഷമായ സ്ത്രീകളുടെ പ്രാതിനിധ്യം ഇനിയും ശോഷിക്കുമെന്ന് സംശയമില്ലല്ലോ.