
‘‘അതൊരു മഹത്തായ കവിതയൊന്നുമല്ല. മികച്ച ഒരു രാഷ്ട്രീയ വിശകലനമാണെന്നും പറഞ്ഞുകൂടാ.’’ മ്യൂണിക്കില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന സുഡറ്റ്ഷെ സൈതുന്‍ഗ് (Suddeutsche zaitung) ദിനപത്രത്തിലെ കള്‍ച്ചറല്‍ വിഭാഗത്തില്‍ നൊബേല്‍ സമ്മാന ജേതാവായ ജര്‍മന്‍ എഴുത്തുകാരന്‍ ഗുന്തര്‍ഗ്രാസ് ഇസ്രായേലിനെ വിമര്‍ശിച്ച് എഴുതിയ വിവാദ കവിതയെ കുറിച്ച് ദെര്‍ സ്പീഗല്‍ വാരികയുടെ പ്രസാധകന്‍ ജേക്കബ് അഗസ്റ്റിന്‍ വിലയിരുത്തിയത് അങ്ങനെയാണ്. കവിത ജര്‍മനിയില്‍നിന്ന് ഇംഗ്ളീഷിലേക്ക് മൊഴിമാറ്റിയ അറ്റ്ലാന്‍റിക് വയറിന്‍െറ ഫീച്ചര്‍ എഡിറ്ററും ലോകസമാധാനത്തിനായുള്ള കാര്‍ണിജ് എന്‍ഡോവ്മെന്‍റിന്‍െറ മുന്‍ ഗവേഷകയുമായ ഹീതര്‍ ഹോണും ജര്‍മനിലെ മൂലരചന അത്രക്കൊന്നും മനോഹരമല്ലെന്ന് പറയുന്നുണ്ട്. ഒരു രാഷ്ട്രീയ പ്രസ്താവനയുടെ ശൈലിയാണ് കവിതയുടെ പരിഭാഷ വായിക്കുമ്പോള്‍ അനുഭവപ്പെടുക. കവിതയായാലും പ്രസ്താവനയായാലും അതിലടങ്ങിയ രാഷ്ട്രീയം സ്ഫോടനാത്മകമാണ്. അതുകൊണ്ടാണ് കാവ്യഗുണമില്ലെന്ന് പറയുമ്പോഴും ജേക്കബ് അഗസ്റ്റിന്‍ ഇങ്ങനെ എഴുതിയത്: എങ്കിലും സമാധാനത്തിനെതിരെ ഇസ്രായേല്‍ ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ച് ചര്‍ച്ചക്ക് തുടക്കമിട്ടതിന് ഗ്രാസിനോട് നന്ദി പറയേണ്ടതുണ്ട്.
ആന്‍റി സെമിറ്റിസം
കവിതയിലടങ്ങിയ രാഷ്ട്രീയംതന്നെയാണ് ജര്‍മനിയിലും വെളിയിലും ഒച്ചപ്പാട് സൃഷ്ടിച്ചത്. കടന്നല്‍ക്കൂട്ടിലാണ് താന്‍ കല്ലെറിയുന്നതെന്ന് കവിത പ്രസിദ്ധീകരിക്കുന്നതിന് മുമ്പേ ഗുന്തര്‍ഗ്രാസിന് അറിയാതെയല്ല. ‘ആന്‍റി സെമിറ്റിസ’ ത്തിനുള്ള ശിക്ഷ തന്നെ കാത്തിരിക്കുന്നുണ്ടെന്ന് കവിതയില്‍തന്നെ ഗ്രാസ് സൂചിപ്പിക്കുന്നുമുണ്ട്. യൂറോപ്പിന്‍െറ ആവിഷ്കാര സ്വാതന്ത്ര്യമൊക്കെ സ്വാഹയായിപ്പോകുന്ന വിശുദ്ധഗോവാണ് ‘സെമിറ്റിസം’. അതിനെ തൊട്ടാല്‍ ആരുടെ കൈയും പൊള്ളും. യഹൂദവംശവുമായി ബന്ധപ്പെട്ട ഒന്നും അക്കാദമിക തലത്തില്‍പോലും ചോദ്യംചെയ്യപ്പെടാവതല്ല. ഹോളോകോസ്റ്റിലെ പെരുപ്പിച്ച സംഖ്യയെ വസ്തുനിഷ്ഠമായി വിശകലനം ചെയ്തതിന്‍െറ പേരിലാണ് ഒരുകാലത്ത് ഫ്രാന്‍സിലെ പ്രഖ്യാത മാര്‍ക്സിസ്റ്റ് സൈദ്ധാന്തികനായിരുന്ന റജാ ഗരോഡിക്ക് ലക്ഷങ്ങള്‍ പിഴയൊടുക്കേണ്ടി വന്നത്. അറബ് ബുദ്ധിജീവികള്‍ കാമ്പയിന്‍ നടത്തി സംഖ്യ സ്വരൂപിച്ചുകൊടുത്തതുകൊണ്ട് തടവുശിക്ഷയില്‍നിന്ന് ഗരോഡി രക്ഷപ്പെട്ടു. ഗരോഡിയെ പിന്തുണച്ചതിന്‍െറ പേരില്‍ ഫ്രാന്‍സിലെ സമാദരണീയനായ ക്രൈസ്തവ പുരോഹിതന്‍ ഫാദര്‍ ആബെ ശല്യം സഹിക്കവയ്യാതെ വിദൂരമായ ഒരു മഠത്തിലേക്ക് സ്ഥലംമാറേണ്ടിവന്നു. പ്രമുഖ പ്രസാധകര്‍ ഗരോഡിയുടെ ഗ്രന്ഥങ്ങള്‍ പിന്നീട് പ്രസിദ്ധീകരിക്കാന്‍ മടിച്ചു. നാസി ക്യാമ്പില്‍ പീഡനത്തിനിരയായ വ്യക്തിയായിരുന്നു ഗരോഡിയും. ഹോളോകോസ്റ്റ് അദ്ദേഹം നിഷേധിച്ചിരുന്നില്ല. കണക്കുകളുടെ അടിസ്ഥാനത്തില്‍ അതിലെ അതിശയോക്തികളെ ഖണ്ഡിക്കുക മാത്രമേ ചെയ്തിരുന്നുള്ളൂ.
അനഭിമതന്‍
പ്രതീക്ഷിച്ചപോലെതന്നെ ഗുന്തര്‍ഗ്രാസ് വളരെ പെട്ടെന്ന് ഇസ്രായേലില്‍ അനഭിമതനായി പ്രഖ്യാപിക്കപ്പെട്ടു. ഇസ്രായേല്‍ സന്ദര്‍ശിക്കുന്നതില്‍ ഗ്രാസിന് വിലക്കേര്‍പ്പെടുത്തിക്കഴിഞ്ഞു. ഏപ്രില്‍ നാലിനാണ് ഗുന്തര്‍ഗ്രാസിന്‍െറ വിവാദ കവിത വെളിച്ചം കണ്ടത്. പിറ്റേന്ന്, ഇസ്രായേല്‍ പത്രങ്ങള്‍ പുറത്തിറങ്ങിയത് ഗ്രാസിനെതിരെ നിശിതമായ ആക്രമണമഴിച്ചുവിട്ടുകൊണ്ടാണ്. ജര്‍മന്‍ ജൂതരുടെ കേന്ദ്ര കൗണ്‍സില്‍ അധ്യക്ഷനായ ഡീറ്റര്‍ ഗ്രാമാന്‍, ഗ്രാസ് ഹിറ്റ്ലറുടെ വാഫന്‍ എസ് എസ് വിട്ടത് ശരിയാണെങ്കിലും സെമിറ്റിസംവിരോധം ഒരിക്കലും ഉപേക്ഷിച്ചിട്ടില്ലെന്ന് ആക്ഷേപിച്ചു. ഇറാന്‍ അണുബോംബു നിര്‍മിക്കുന്നുവെന്ന വ്യാജ ആരോപണത്തിന്മേല്‍ ആ രാജ്യത്തെ മുന്നേറായി ആക്രമിക്കാന്‍ ഇസ്രായേല്‍ വട്ടംകൂട്ടുന്നതിനെതിരെയാണ് ഗ്രാസിന്‍െറ കവിത. കൂട്ടനശീകരണായുധ നിര്‍മാണം എന്ന ഇതുപോലുള്ള മറ്റൊരു നുണബോംബിന്‍െറ അടിസ്ഥാനത്തിലായിരുന്നു ജോര്‍ജ് ബുഷിന്‍െറ ഇറാഖ് ആക്രമണം. ബിന്‍ലാദിനെപിടിക്കാനെന്നപേരില്‍ അഫ്ഗാനിസ്താനെയും ആക്രമിച്ചു. എന്തുകൊണ്ട് ഈ കവിത ഇപ്പോള്‍ എന്ന ചോദ്യത്തിന് ‘‘പടിഞ്ഞാറിന്‍െറ കാപട്യം മടുത്തതിനാല്‍’’ എന്ന് കവിതയില്‍ ഗ്രാസ് മറുപടി പറയുന്നുണ്ട്.
ഇറാന്‍ എന്ന ‘തെമ്മാടി രാജ്യ’വുമായി ഇസ്രായേല്‍ എന്ന ‘ജനാധിപത്യ രാജ്യ’ത്തെ താരതമ്യം ചെയ്തതിലാണ് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്‍െറ രോഷമത്രയും. ഹോളോകോസ്റ്റ് നിഷേധിക്കുകയും ഇസ്രായേലിനെ ഭൂപടത്തില്‍നിന്ന് മായ്ച്ചുകളയാന്‍ ആഹ്വാനം നടത്തുകയും ചെയ്യുന്ന ഇറാനുവേണ്ടിയുള്ള ഗ്രാസിന്‍െറ വക്കാലത്ത് അസംബന്ധമാണെന്ന് നെതന്യാഹു പറഞ്ഞു.
കവിതയിലെ കേന്ദ്രപ്രമേയത്തെ വിട്ടു തന്നെ വ്യക്തിപരമായി ആക്രമിക്കുന്നതില്‍ സമയംപാഴാക്കുന്ന വിമര്‍ശകരുടെ നിലപാടില്‍ ഗ്രാസ് ദു$ഖം പ്രകടിപ്പിച്ചു. ഏപ്രില്‍ ആറിന് ദു$ഖവെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ദേര്‍ സ്പീഗലിന്‍െറ ഓണ്‍ലൈന്‍ എഡിഷന് നല്‍കിയ അഭിമുഖത്തില്‍ ഗ്രാസ് വിശദീകരിച്ചു: ‘‘ഇസ്രായേല്‍ എന്ന രാജ്യത്തെയല്ല ഞാന്‍ വിമര്‍ശിക്കുന്നത്, നെതന്യാഹുവിന്‍െറ നിലവിലെ നയങ്ങളെയാണ്. ഇറാന്‍ പ്രസിഡന്‍റ് അഹ്മദി നെജാദിയുടെ ഹോളോകോസ്റ്റ് നിരാകരണത്തോട് ഞാന്‍ മുമ്പുതന്നെ പ്രതികരിച്ചിട്ടുണ്ട്. പറഞ്ഞകാര്യം ഇനിയും ആവര്‍ത്തിക്കേണ്ടതില്ല.’’ തന്നെപ്പോലെ, തങ്ങളുടെ രാജ്യത്തെക്കുറിച്ച് അസ്വസ്ഥരായ ധാരാളം ഇസ്രായേലികളുണ്ടെന്ന് ഗ്രാസ് ചൂണ്ടിക്കാട്ടി. ഫലസ്തീനി വീടുകള്‍ തകര്‍ത്ത് അവിടെ യഹൂദ കുടിയേറ്റ പാര്‍പ്പിടങ്ങള്‍ നിര്‍മിക്കുന്നതിലെ നൈതികത അവര്‍ ചോദ്യം ചെയ്യുന്നുണ്ട്. ഐക്യരാഷ്ട്ര സഭയുടെ പ്രമേയങ്ങള്‍ പുച്ഛിച്ചുതള്ളുന്ന ഒരേയൊരു രാജ്യം ഇസ്രായേലായിരിക്കും’’, അഭിമുഖത്തില്‍ ഗ്രാസ് പറഞ്ഞു. ഒരു ആണവയുദ്ധത്തിനുള്ള സന്നാഹങ്ങള്‍ ഇറാന് ഇല്ല. എന്നാല്‍, ഇസ്രായേലിന്‍െറ കൈയില്‍ ആണവായുധങ്ങളുണ്ട്. ഇത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്ന് ഗ്രാസ് ചൂണ്ടിക്കാട്ടുന്നു.
നാസികളുടെ വഫന്‍ എസ് എസില്‍ പ്രവര്‍ത്തിച്ചതാണ് ഗ്രാസിനെതിരെ വിമര്‍ശകര്‍ ഉന്നയിക്കുന്ന ഒരു ആരോപണം. 2006ല്‍ ഗ്രാസ്തന്നെ വെളിപ്പെടുത്തിയതാണ് ഈ സംഭവം. വാര്‍ധക്യത്തില്‍ ഐഷ്മാനെ പിടികൂടി ശിക്ഷിച്ചപോലെ എന്നെങ്കിലുമൊരിക്കല്‍ ഇസ്രായേലി ചാരക്കണ്ണുകള്‍ ഇത് കണ്ടെത്തി തനിക്കെതിരെ ദുരുപയോഗം ചെയ്യുമെന്ന് ഗ്രാസ് മനസ്സിലാക്കിക്കാണണം. അതുകൊണ്ടായിരിക്കാം ഗ്രാസ്തന്നെ അത് വെളിപ്പെടുത്താന്‍ മുന്നോട്ടുവന്നത്. ലോകമഹായുദ്ധകാലത്ത് ഈ സംഭവം നടക്കുമ്പോള്‍ 17 വയസ്സ് മാത്രമായിരുന്നു ഗ്രാസിന്‍െറ പ്രായം. അതൊരു സന്നദ്ധ സേവനമായിരുന്നില്ലതാനും. നിര്‍ബന്ധ റിക്രൂട്ട്മെന്‍റിന്‍െറ ഇരയായിരുന്നു അദ്ദേഹം. അക്കാരണത്താല്‍ നിലനില്‍ക്കുന്നതല്ല ഈ കുറ്റാരോപണം.
ജര്‍മനിയിലെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയെ ഗുന്തര്‍ഗ്രാസിന്‍െറ കവിത പരുങ്ങലിലാക്കിയേക്കാം. വില്ലി ബ്രാന്‍റിന്‍െറ കാലത്തേ എസ്.ഡി.പിയോട് അനുഭാവം പുലര്‍ത്തുന്ന ഗ്രാസ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍െറ മുന്‍പന്തിയിലുണ്ടാകാറുണ്ട്. എസ്.ഡി.പി ഇനി ഗ്രാസിനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുമോ എന്നത് ജര്‍മനിയില്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയമാണ്. ഇസ്രായേലിന് മുങ്ങിക്കപ്പല്‍ നല്‍കിയ ജര്‍മന്‍ സര്‍ക്കാറിന്‍െറ നടപടിയും ഗ്രാസിന്‍െറ കവിതയില്‍ വിമര്‍ശവിധേയമായിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ ജൂതവോട്ടുകളുടെ ചോര്‍ച്ചയെക്കുറിച്ച് എസ്.ഡി.പിക്ക് ആശങ്കയുണ്ടാവാം. അതെന്തായാലും ഗ്രാസിനെതിരിലുള്ള സയണിസ്റ്റ് ലോബിയുടെ ആക്രമണം ശക്തിപ്പെടുമ്പോഴും ഇസ്രായേലിലടക്കം അദ്ദേഹത്തെ പിന്തുണക്കാന്‍ പലരും മുന്നോട്ടുവന്നുകൊണ്ടിരിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. ഇസ്രായേലിലെ സമാധാനപ്രസ്ഥാനത്തിന്‍െറ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ എഴുത്തുകാരനായ യൂറി അവ്റോണ്‍ സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിനുള്ള ഗ്രാസിന്‍െറ അവകാശത്തിന് പിന്തുണ പ്രഖ്യാപിക്കുകയുണ്ടായി. ഗ്രാസിന് ഇസ്രായേലില്‍ വിലക്ക് ഏര്‍പ്പെടുത്തിയത് അനാവശ്യ നടപടിയായിപ്പോയി എന്ന് മുന്‍ ഇസ്രായേലി നയതന്ത്രജ്ഞനായ ഷിമോണ്‍ സ്റ്റയിന്‍ പ്രഖ്യാപിച്ചതും അനുസ്മരണീയമാണ്. പണ്ടത്തേതില്‍നിന്ന് ഭിന്നമായി ഇസ്രായേലിന്‍െറ ദു$ശാഠ്യങ്ങള്‍ ലോകം മനസ്സിലാക്കിത്തുടങ്ങുകയും പ്രതികരിക്കുകയും ചെയ്യുന്നുവെന്നതാണ് ശ്രദ്ധേയം. നൊബേല്‍ സമ്മാനജേതാവായ ഹരോള്‍ഡ് പിന്‍റര്‍ അടക്കം ഇസ്രായേല്‍ നയങ്ങള്‍ക്കെതിരെ യഹൂദ ബുദ്ധിജീവികളുടെ കൂട്ടായ്മ ഇപ്പോള്‍ യൂറോപ്പില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഈ രാഷ്ട്രീയത്തിന്‍െറ അടയാളക്കുറിയാണ് ഗ്രാസിന്‍െറ കവിതയും.
ഇസ്രായേലിന്‍െറ ഇഷ്ടഭാജനം
ഗുന്തര്‍ഗ്രാസ് ഇസ്രായേലിന് ഇഷ്ടഭാജനമായിരുന്ന ഒരു കാലവുമുണ്ടായിരുന്നുവെന്നത് ഇതിനോട് ചേര്‍ത്തുവായിക്കണം. ഇസ്രായേലിന്‍െറ നിലനില്‍പിനെ പിന്തുണക്കുകയും ന്യായീകരിക്കുകയും ചെയ്തിട്ടുണ്ട് ഈ എഴുത്തുകാരന്‍. പലതവണ ഇസ്രായേലില്‍ അദ്ദേഹം സന്ദര്‍ശനം നടത്തിയിട്ടുണ്ട്. മുന്‍ ജര്‍മന്‍ ചാന്‍സലര്‍ വില്ലി ബ്രാന്‍റിനൊപ്പമായിരുന്നു ഒരു സന്ദര്‍ശനം. ഇസ്രായേലി പ്രസിഡന്‍റ് ലെവി എഷ്കോളും പ്രധാനമന്ത്രി ഗോള്‍ഡാമീറുമാണ് അന്ന് അദ്ദേഹത്തെ സ്വീകരിച്ചത്. ഗോള്‍ഡാമീര്‍ ആവശ്യപ്പെട്ടപ്രകാരം അവരുടെ ഒരു ചിത്രം അന്ന് ഗ്രാസ് വരച്ചുകൊടുക്കുകയുണ്ടായി. മൂന്നു വാല്യങ്ങള്‍ വരുന്ന അദ്ദേഹത്തിന്‍െറ പ്രസംഗങ്ങളുടെയും ലേഖനങ്ങളുടെയും സമാഹാരങ്ങളില്‍ പലേടത്തും ഇസ്രായേല്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. അവയിലൊന്നും അറബികളെകുറിച്ച് ഒരു പരാമര്‍ശവുമില്ല. 1967ലെ അറബ്-ഇസ്രായേല്‍ യുദ്ധത്തിന്‍െറ തൊട്ടുടനെ അറബികള്‍ക്കുള്ള എല്ലാ സഹായങ്ങളും നിര്‍ത്തല്‍ചെയ്യാന്‍ കിഴക്കന്‍ ജര്‍മനിയോട് ഗുന്തര്‍ഗ്രാസ് ആവശ്യപ്പെടുകയുണ്ടായി. ഇസ്രായേലിനെ അയല്‍ക്കാരിയായി പരിഗണിക്കാനും ഇസ്രായേലിന്‍െറ മേലുള്ള ഏതൊരാക്രമണത്തെയും ജര്‍മനിക്കെതിരെയുള്ള ആക്രമണമായി കാണാനും ഫെഡറല്‍ ജര്‍മനിയോട് അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. ‘ഷാലോം ഇസ്രായേല്‍’ (ഇസ്രായേലിന് സമാധാനം) എന്ന് അഭിവാദ്യം ചെയ്തുകൊണ്ടാണ് ഗുന്തര്‍ഗ്രാസ് തന്‍െറ പ്രഭാഷണം ഉപസംഹരിക്കുന്നത്. ഇത്തരമൊരു നിലപാടെടുക്കാന്‍ അന്ന് ഗ്രാസിന് പ്രേരകമായത് ചരിത്രത്തിലുടനീളം പീഡിപ്പിക്കപ്പെട്ട യഹൂദ ജനതയോടുള്ള അനുഭാവമായിരിക്കാം. ഇരകള്‍ വേട്ടക്കാരായി മാറുമ്പോള്‍ അദ്ദേഹവും നിലപാട് മാറ്റുന്നു. ഏത് വിഷയത്തില്‍ നിലപാടെടുക്കുമ്പോഴും ഗ്രാസ് തന്‍േറതായ തത്ത്വങ്ങള്‍ മുറുകെപിടിക്കാറുണ്ട്. പരേതനായ ജര്‍മന്‍ ചാന്‍സലര്‍ കോണ്‍റഡ് അഡ്നവറിനെ പിന്തുണച്ച ജര്‍മനിയിലെ മഞ്ഞപ്പത്രങ്ങളുമായുള്ള സമ്പര്‍ക്കത്തിന്‍െറ പേരില്‍ മുന്‍ ഇസ്രായേലി പ്രധാനമന്ത്രി ഡേവിഡ് ബെന്‍ഗൂറിയനെ ഗ്രാസ് വിമര്‍ശിച്ചിട്ടുണ്ട്. ജര്‍മനിലെ നവ എഴുത്തുകാര്‍ അന്ന് കോണ്‍റഡിനും ഈ പത്രങ്ങള്‍ക്കും എതിരായിരുന്നു. 1989ല്‍ സല്‍മാന്‍ റുഷ്ദിക്ക് നിരുപാധിക പിന്തുണ നല്‍കാന്‍ മടിച്ച ജര്‍മന്‍ ഫൈന്‍ ആര്‍ട്സ് അക്കാദമിയില്‍നിന്ന് ഗ്രാസ് രാജിവെക്കുകയുണ്ടായി. അതുപോലെ അഭയാര്‍ഥികളോട് മാനുഷികനയം സ്വീകരിക്കാത്തതിന്‍െറ പേരില്‍ 1992ല്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍നിന്ന് അദ്ദേഹം രാജിവെച്ചിരുന്നു. വംശീയോന്മൂലനത്തിന് വിധേയരായ ജിപ്സികളോടുള്ള ഗ്രാസിന്‍െറ നിലപാടും സുവിദിതമാണ്. ജര്‍മനികളുടെ ഏകീകരണത്തിന് സ്വീകരിച്ച രീതിയിലും ഗ്രാസിന് യോജിപ്പുണ്ടായിരുന്നില്ല. ഏകീകരണത്തെ തന്‍െറ വ്യക്തിപരമായ നേട്ടമാക്കാന്‍ ശ്രമിച്ച മുന്‍ ജര്‍മന്‍ ചാന്‍സലര്‍ ഹെല്‍മുട്ട് കോളിനെതിരായിരുന്നു ഗ്രാസ്.
ഇസ്രായേല്‍ വിമര്‍ശം ഒരു തുടര്‍ച്ച
ഇസ്രായേലിന്‍െറ ചെവിയില്‍ ഗുന്തര്‍ഗ്രാസ് തന്‍െറ ‘തകരച്ചെണ്ട’ കൊട്ടുന്നത് ഇത് ആദ്യമല്ല. ഇസ്രായേലി നയങ്ങള്‍ക്കെതിരെ രണ്ടായിരാമാണ്ടിന്‍െറ തുടക്കത്തിലും ഗുന്തര്‍ഗ്രാസ് രംഗത്തുവന്നിരുന്നു. ജര്‍മന്‍ ജൂതസമൂഹത്തിന്‍െറ തലവന്‍ പവല്‍ സ്പീഗല്‍ അതിന്‍െറ പേരില്‍ അന്ന് ഗ്രാസിനെ നിശിതമായി വിമര്‍ശിക്കുകയുണ്ടായി. ഗ്രാസിന്‍െറ പ്രതികരണം ഇങ്ങനെയായിരുന്നു: ‘‘ഇസ്രായേല്‍ തുടര്‍ന്നുവരുന്ന നയത്തെ വിമര്‍ശിക്കുന്ന അനേകം ആളുകളുടെ അതേ ആവശ്യം മാത്രമേ ഞാനും ഉന്നയിച്ചിട്ടുള്ളൂ. ഈ വിമര്‍ശകരില്‍ ഇസ്രായേലിനകത്തും ലോകത്തെമ്പാടും ജര്‍മനിയില്‍ തന്നെയുമുള്ള ജൂതന്മാരും ഉള്‍പ്പെടും. ഇസ്രായേല്‍ ഓസ്ലോ കരാറിലേക്ക് തിരിച്ചുവരണം. അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശങ്ങളില്‍നിന്ന് പിന്‍വലിയുകയും വേണം. ഒപ്പം ക്രിമിനല്‍ മാര്‍ഗേണ ആ പ്രദേശങ്ങളില്‍ ഉണ്ടാക്കിയ നിയമവിരുദ്ധ കോളനികള്‍ ഒഴിയുകയും വേണം. നാം സമാധാനമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഇതാണ് ചെയ്യേണ്ടത്. ഈ വിമര്‍ശം എന്‍െറ ബാധ്യതയാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇസ്രായേല്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളെ കുറ്റകൃത്യങ്ങള്‍ എന്ന് വിളിക്കാനുള്ള അവകാശം എനിക്കുണ്ട്. ലബനാനില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ചെയ്തുകൂട്ടിയത് കൊടും കുറ്റങ്ങള്‍തന്നെയാണ്. ’’
ചെന്നായയെ ആടെന്ന് വിളിച്ചില്ല എന്നതാണ് ഗുന്തര്‍ഗ്രാസിന്‍െറ കുറ്റം!
l