പരിഷത്തില്‍നിന്ന് പ്രതീക്ഷിക്കുന്നത് | Madhyamam Weekly
Weekly


പരിഷത്തില്‍നിന്ന് പ്രതീക്ഷിക്കുന്നത്

ഡോ.എ. വേണുഗോപാലന്‍, അഷ്ടമൂര്‍ത്തി

മാതൃഭാഷയില്‍ക്കൂടി ശാസ്ത്രപഠനം എന്ന ലക്ഷ്യത്തോടെയാണ് കേരള ശാസ്ത്രസാഹിത്യപരിഷത്ത് സ്ഥാപിക്കപ്പെട്ടത്. കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ഇതുപോലുള്ള സംഘടനകള്‍ സ്ഥാപിക്കപ്പെട്ടു. ആയിരത്തിത്തൊള്ളായിരത്തി അറുപതുകളിലായിരുന്നു അത്. സ്വന്തം ഭാഷയിലൂടെയേ ശാസ്ത്രവിഷയങ്ങളുടെ സംവേദനം ഫലപ്രദമാവൂ എന്ന തിരിച്ചറിവിന്‍െറ ഭാഗമായിരുന്നു അത്.  ശാസ്ത്രവിദ്യാഭ്യാസം സാധാരണജനങ്ങളിലേക്ക് എത്തിക്കുക എന്ന മഹത്തായ ഒരു ലക്ഷ്യംകൂടിയുണ്ടായിരുന്നു അതിന്.
മറ്റു സംസ്ഥാനങ്ങളിലെ ലോക് വിജ്ഞാന്‍ സംഘടനപോലെയുള്ള സംരംഭങ്ങള്‍  ഈ പ്രാഥമികലക്ഷ്യത്തില്‍ത്തന്നെ തുടര്‍ന്നപ്പോള്‍ കേരള ശാസ്ത്രസാഹിത്യപരിഷത്ത് കുറെക്കൂടി മുന്നോട്ടു പോയി.   ‘ശാസ്ത്രം സാമൂഹികവിപ്ളവത്തിന്’ എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് പരിഷത്ത് ശാസ്ത്രം സാമൂഹികനന്മക്ക് ഉപയോഗപ്രദമാക്കണം എന്ന വലിയ ലക്ഷ്യംവെച്ച് അതിന്‍െറ പ്രവര്‍ത്തനം വിപുലീകരിച്ചു. സാങ്കേതികപദങ്ങള്‍ക്ക് മലയാളത്തില്‍ വാക്കുകള്‍ സൃഷ്ടിക്കുന്നതിനപ്പുറം ശാസ്ത്രത്തിന് വലിയ തോതില്‍ ഒരു ജനകീയാടിത്തറ ഉണ്ടാക്കലായിരുന്നു പരിഷത്തിന്‍െറ ലക്ഷ്യം.  ഇത്തരത്തില്‍ കേരളത്തിലാകെ പടര്‍ന്നു പന്തലിച്ച ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങളെ അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ അദ്ഭുതത്തോടും ആദരവോടുംകൂടിയാണ് നോക്കിക്കണ്ടത്.  കേരളീയര്‍ക്കും അഭിമാനിക്കാവുന്ന സംഘടനയായി പരിഷത്ത് മാറി.
 കേരള ശാസ്ത്രസാഹിത്യപരിഷത്ത് രൂപവത്കരിക്കപ്പെട്ടിട്ട് ഈ വര്‍ഷം അമ്പതു കൊല്ലം തികയാന്‍ പോവുകയാണ്.  ‘ശാസ്ത്രം സാമൂഹികവിപ്ളവത്തിന്’എന്ന മുദ്രാവാക്യവുമായി രൂപവത്കരിക്കപ്പട്ട പരിഷത്തിന് ഈ മുദ്രാവാക്യത്തോട് എത്രകണ്ട് നീതിപുലര്‍ത്താന്‍ പറ്റി എന്ന ഒരാത്മപരിശോധനക്ക് സമയമായി എന്നു തോന്നുന്നു.  
ജനങ്ങളില്‍ ശാസ്ത്രബോധം വളര്‍ത്തുക മാത്രമല്ല, ശാസ്ത്രസാഹിത്യപരിഷത്തിന്‍െറ ലക്ഷ്യം എന്നാണ് മേല്‍പ്പറഞ്ഞ മുദ്രാവാക്യത്തില്‍നിന്ന് വ്യക്തമാണല്ലോ.  രസതന്ത്രവും ഊര്‍ജതന്ത്രവും ജീവശാസ്ത്രവും പഠിപ്പിക്കുകയല്ല പരിഷത്തിന്‍െറ ലക്ഷ്യം.  അതിന് പാഠപുസ്തകങ്ങളും പള്ളിക്കൂടങ്ങളുമുണ്ടല്ലോ. നിത്യജീവിതം എങ്ങനെ ഭദ്രമാക്കാം അല്ലെങ്കില്‍ അതിന്‍െറ മേന്മ എത്രകണ്ട് വര്‍ധിപ്പിക്കാം എന്നതാവണമല്ലോ ‘ശാസ്ത്രം സാമൂഹികവിപ്ളവത്തിന്’ എന്ന മുദ്രാവാക്യത്തില്‍ ഉള്ളത്. പരിഷത്തിന് ആ വഴിക്ക് എത്രകണ്ട് സഞ്ചരിക്കാന്‍ കഴിഞ്ഞു എന്നത് നമ്മള്‍ കാര്യമായി പരിശോധിക്കേണ്ടതാണ്.
ആദ്യമായി അമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കേരളീയജീവിതവും ഇന്നത്തെ കേരളീയജീവിതവും തമ്മിലുള്ള  മാറ്റങ്ങള്‍ പരിശോധിക്കുക.  അതില്‍ ഒന്ന് നമ്മുടെ ഭക്ഷണരീതിയില്‍ ഉണ്ടായതാണ്. ലോകയുദ്ധങ്ങള്‍ക്കു ശേഷമുള്ള പഞ്ഞവര്‍ഷങ്ങളായതുകൊണ്ടുകൂടിയാവാം നമുക്ക് വാങ്ങല്‍ശേഷി കുറവായിരുന്നു.  പക്ഷേ, അക്കാലത്ത് ഭക്ഷണകാര്യത്തില്‍ നമ്മള്‍ ഏറക്കുറെ സ്വയംപര്യാപ്തമായിരുന്നു.  അരിക്കും പച്ചക്കറികള്‍ക്കും വേണ്ടി നമ്മള്‍ അയല്‍സംസ്ഥാനങ്ങളെ ആശ്രയിച്ചിരുന്നില്ല. നമ്മുടെ പത്തായങ്ങളില്‍  നമ്മുടെ പാടത്തു വിളഞ്ഞ നെല്ല് നിറഞ്ഞുകിടന്നിരുന്നു.  നമ്മള്‍ വീട്ടുവളപ്പില്‍ ഉണ്ടാക്കിയ മത്തനും കുമ്പളവും വെള്ളരിയും ചേനയും ചേമ്പുംകൊണ്ട് നമ്മുടെ കലവറകള്‍  സമൃദ്ധമായിരുന്നു. അമ്പതു വര്‍ഷത്തിനുശേഷമുള്ള ഇന്നോ?  ഇന്ന് നമ്മള്‍ പത്തായങ്ങളൊക്കെ പൊളിച്ചുമാറ്റി. കലവറകളില്‍ വിലകൂടിയ റെഫ്രിജറേറ്ററില്‍ നഗരച്ചന്തയില്‍നിന്ന് വാങ്ങിക്കൊണ്ടുവന്ന വിഷംകലര്‍ന്ന പച്ചക്കറികള്‍ മരവിപ്പിക്കാന്‍ വെച്ചു.  അന്ന് നമുക്ക് പതിവില്ലാത്ത ഒരുപാട് ഇനങ്ങള്‍ ഇന്ന് നമ്മള്‍ ഉപയോഗിക്കുന്നുണ്ട് എന്നത് ഒഴിച്ചുനിര്‍ത്തിയാല്‍ത്തന്നെ അന്ന് ഒരുവിധം പച്ചക്കറികളൊക്കെ നമ്മള്‍ വീട്ടില്‍ ഉണ്ടാക്കിയിരുന്നു എന്നത് വസ്തുതയാണ്.  കൈവിട്ടുപോയ ഈ കാര്‍ഷികസംസ്കാരം വീണ്ടെടുക്കാന്‍ പരിഷത്ത് എന്തു ചെയ്തു എന്നതാണ് നമ്മള്‍ ആദ്യം ചിന്തിക്കേണ്ട വിഷയം.
കൃഷി മാന്യമായ ഒരു തൊഴിലല്ലെന്നും അതു തൊഴിലേ അല്ലെന്നും ഉള്ള ചിന്ത രൂഢമൂലമായത് ഈ കഴിഞ്ഞ അരനൂറ്റാണ്ടിനിടയിലാണ്.  കേരളം തരിശുഭൂമിയുടെ നാടായത് ഇക്കാലത്താണ്.  പച്ചക്കറിയുടെ ശവങ്ങള്‍ (എന്‍. ശശിധരന്‍െറ ഭാഷ) പ്ളാസ്റ്റിക് സഞ്ചികളില്‍ വാങ്ങിക്കൊണ്ടുവരുന്നത് മാന്യതയായി മാറുകയും ചെയ്തു. പച്ചക്കറി മാത്രമല്ല നെല്‍ക്കൃഷിയും നിലനിര്‍ത്താന്‍ നമ്മള്‍ ഒന്നും ചെയ്തില്ല.  വോട്ടര്‍മാരെ മയക്കാന്‍ ഒന്നും രണ്ടും ഉറുപ്പികക്ക് അരി കിട്ടുമ്പോള്‍ എന്തിന് നമ്മള്‍ കൃഷിചെയ്യണം? പാടങ്ങളില്‍നിന്ന് മണ്ണ് ഖനനംചെയ്ത് കൃഷിക്കാര്‍ പണക്കാരായി. അതോടെ പാടങ്ങളെല്ലാം കൃഷിയോഗ്യമല്ലാതാവുകയും ചെയ്തു. ഇതിനെതിരെ ഒരു ചെറുത്തുനില്‍പോ ബോധവത്കരണമോ ഇതുവരെ നടന്നിട്ടുണ്ടെന്നു തോന്നുന്നില്ല.  ‘വേണം മറ്റൊരു കേരളം’ എന്ന പരിഷത്തിന്‍െറ ലഘുലേഖയിലും കൃഷിയെക്കുറിച്ച് കാര്യമായ പരാമര്‍ശങ്ങളൊന്നും കാണാത്തത് നിരാശാജനകമായി. (ഈ ലഘുലേഖയില്‍ കണ്ടത് ഒരു അക്കാദമിക് സമീപനമാണ്.  കുറെക്കൂടി ലളിതമായ, അതേസമയം പ്രായോഗികനിര്‍ദേശങ്ങളുള്ള ഒരെഴുത്താണ് പ്രതീക്ഷിച്ചത്.  സ്വപ്നങ്ങളുടെ അഭാവം അതില്‍ വല്ലാതെ നിഴലിക്കുന്നുണ്ട്.  സ്വപ്നം കാണാനുള്ള കഴിവില്ലെങ്കില്‍പിന്നെ എന്തു ഭാവിയാണ് നമുക്കുള്ളത്?) പരിഷത്ത് പലപ്പോഴും നിത്യജീവിതത്തിലെ പ്രശ്നങ്ങള്‍ വേണ്ടതുപോലെ കാണാതെപോയതിന്‍െറ ഏറ്റവും വലിയ ഉദാഹരണം ഇതുതന്നെയാണെന്ന് വിചാരിക്കേണ്ടിയിരിക്കുന്നു.
കൃഷി മറന്നതു മാത്രമല്ല.  പരിഷത്തിന്‍െറ മുന്‍ഗണനകളിലും ചില ക്രമക്കേടുകള്‍ വന്നിട്ടുണ്ടോ എന്നു സംശയിക്കണം.  അതിന്‍െറ ഒരുദാഹരണമാണ് സോപ്പുനിര്‍മാണം.  ഒരു മധ്യവര്‍ഗകുടുംബത്തിന്‍െറ മാസബജറ്റില്‍ വെറും 25 ഉറുപ്പിക മാത്രം വരുന്ന സോപ്പ് ഉണ്ടാക്കാന്‍ പരിശീലനക്കളരിയും പഠനക്ളാസും പ്രദര്‍ശനവും  മറ്റുമായി പരിഷത്ത് നടത്തിയ പരിശ്രമങ്ങള്‍ എത്രകണ്ട് ആവശ്യമായിരുന്നു എന്ന് ഇനിയെങ്കിലും ചിന്തിക്കേണ്ടതാണ്.  ഹിന്ദുസ്ഥാന്‍ ലീവര്‍പോലുള്ള അന്താരാഷ്ട്രഭീമന്മാരെ തുരത്താനായിരുന്നു ആ ഉദ്യമമെങ്കില്‍ അതിപ്പോഴും ഫലവത്തായിട്ടില്ല എന്നു തീര്‍ച്ച.  അവരുടെ സോപ്പുകള്‍ ഇപ്പോഴും വിപണി അടക്കിവാഴുന്നു എന്ന ഞെട്ടിക്കുന്ന സത്യം ഇനിയെങ്കിലും നമ്മള്‍ ഉള്‍ക്കൊള്ളേണ്ടതാണ്.  
ഈ സോപ്പ് ഉണ്ടാക്കുന്നതിനു പകരം പരിഷത്ത് നമ്മുടെ വീട്ടുമുറ്റത്ത് രണ്ടു ചീരച്ചെടികള്‍ വെച്ചുപിടിപ്പിക്കാനുള്ള പരിശീലനം കൊടുക്കുകയായിരുന്നില്ലേ വേണ്ടിയിരുന്നത്?  കൈവിട്ടുപോയ ഒരു കാര്‍ഷികസംസ്കാരം നമുക്ക് തിരിച്ചുപിടിക്കാമായിരുന്നു അതുവഴി.  ഒരുകാലത്ത് ചെറുപ്പക്കാരുടെ  ആവേശമായിരുന്ന പരിഷത്തിന് വളരെ എളുപ്പം ആ സംസ്കാരം വളര്‍ത്തിയെടുക്കാന്‍ കഴിയുമായിരുന്നു.  വിത്തും വളവും വിജ്ഞാനവും ഇന്നും സുലഭമാണെങ്കിലും ചെറുപ്പക്കാരെ കൃഷിയിലേക്ക് അനുനയിക്കാന്‍ ഒരു പ്രസ്ഥാനവും ഇന്ന് കേരളത്തിലില്ല എന്നും നമ്മള്‍ മനസ്സിലാക്കണം.  ആ വിടവു നികത്താന്‍ പരിഷത്തിന് വളരെ എളുപ്പത്തില്‍ സാധിക്കുമായിരുന്നു.
ഇല്ല എന്നു പറയാന്‍ വരട്ടെ.  പരിഷത്ത് ഫലപ്രദമായി ഇടപെട്ടതിന് ഉദാഹരണങ്ങള്‍ പലതുമുണ്ട്.  എടുത്തുപറയാവുന്നത് പുകയില്ലാത്ത അടുപ്പുകളുടെ പ്രചാരംതന്നെയാണ്.  അടുക്കളയില്‍ ചൂടും പുകയും കരിയും തിന്നുന്ന വലിയൊരു വിഭാഗത്തിന് മോചനമായി മാറിയത് ഈ അടുപ്പുകള്‍തന്നെയാണ്. അതിന്‍െറ ഉടമസ്ഥാവകാശം പരിഷത്തിന് അവകാശപ്പെട്ടതല്ലായിരിക്കാം.  പക്ഷേ, അതിനെ ഇത്രമാത്രം ജനസമ്മതിയുള്ളതാക്കി മാറ്റിയത് തീര്‍ച്ചയായും പരിഷത്തുതന്നെയാണ്. പരിഷത്ത് അടുപ്പുകള്‍ കേരളത്തില്‍ത്തന്നെ അത്തരത്തിലുള്ള വലിയൊരു വ്യവസായത്തിനു വഴിതുറന്നു എന്നതും നമ്മള്‍ കാണാതെ പോവരുത്.  സ്വയം അടുപ്പുകള്‍ നിര്‍മിക്കുന്നതിനു പുറമേ ആ ആശയം ഫലപ്രദമായി പ്രചരിപ്പിക്കാന്‍ കഴിഞ്ഞത് പരിഷത്തിന്‍െറ നേട്ടംതന്നെയാണ്. ഇന്നു പണിയുന്ന വീടുകളില്‍ ഒരവിഭാജ്യഘടകമാണ് പുകയില്ലാത്ത അടുപ്പുകള്‍. ചൂടാറാപ്പെട്ടിയും മറ്റൊരുദാഹരണമാണ്. ഇന്ധനലാഭം എന്ന വലിയ സന്ദേശം നല്‍കാന്‍ അതുവഴി പരിഷത്തിനായല്ലോ.
പരാജയപ്പെട്ട സംരംഭങ്ങളുമുണ്ട്.  ജൈവപച്ചക്കറി സംഭരണി അക്കൂട്ടത്തിലൊന്നാണ്.  പച്ചക്കറികള്‍ കേടുവരാതെ സൂക്ഷിക്കാന്‍ വളരെ എളുപ്പവും ലളിതവുമായ ഒരുപകരണമായിരുന്നു അത്.  പ്രത്യേകിച്ചും വൈദ്യുതിക്ഷാമം എന്ന വിപത്ത് രൂക്ഷമായ കേരളത്തില്‍.  എന്നിട്ടും,  ഈ സംരംഭം എന്തുകൊണ്ട് വിജയിച്ചില്ല എന്ന് പരിഷത്തിന് ഒരാത്മപരിശോധന നടത്താവുന്നതാണ്.  ഒരുപക്ഷേ, ഈ സംഭരണിയുടെ കെട്ടും മട്ടും നമുക്ക് പിടിക്കാഞ്ഞിട്ടാവാം. നമ്മള്‍ വാങ്ങുന്ന എന്തുപകരണമായാലും അതിന് ഭംഗിയും വൃത്തിയും ഉണ്ടാവണമെന്ന് തോന്നുന്നത് കുറ്റമല്ലല്ലോ.  കുറച്ചുകൂടി കാഴ്ചഭംഗിയോടെയും ഉപയോഗസുഗമമായും (user friendly) നിര്‍മിച്ചിരുന്നെങ്കില്‍ ഈ ജൈവപച്ചക്കറി സംഭരണിയും വളരെ ജനപ്രിയമായി  മാറുമായിരുന്നു എന്നതിനു സംശയമില്ല.   
പുകയില്ലാത്ത അടുപ്പും ചൂടാറാപ്പെട്ടിയും ജൈവപച്ചക്കറി സംഭരണിയും വെറും ഉപകരണങ്ങള്‍ മാത്രമായിരുന്നില്ല.  പരിഷത്ത് പ്രവര്‍ത്തകര്‍ക്ക് വീടുകളിലേക്കും സാമാന്യജനങ്ങളിലേക്കും ഇറങ്ങിച്ചെല്ലാനുള്ള വാഹനങ്ങളായിരുന്നു അവ.  ഒരുകാലത്ത് പരിഷത്തിന്‍െറ പ്രവര്‍ത്തകനാണ് എന്നു പറയുന്നത് ചെറുപ്പക്കാരില്‍ ഒരഭിമാനമായിരുന്നു.  ഇന്നത്തെ ചെറുപ്പക്കാരില്‍ എത്ര പേര്‍ ഉണ്ട് പരിഷത്തിന്‍െറ പ്രവര്‍ത്തകരായി?  കൊഴിഞ്ഞുപോക്ക് ഉണ്ടായിട്ടുണ്ടാവാം. പുതിയവരെ കിട്ടാതെ പോയിട്ടുമുണ്ടാവാം.  എന്നാല്‍, അതിനുള്ള കാരണം നമ്മള്‍ അന്വേഷിക്കേണ്ടതല്ലേ?  നിത്യജീവിതത്തിലെ പ്രശ്നങ്ങളിലെ നിരന്തരമായ ഇടപെടലുകളായി പരിഷത്തിന്‍െറ പ്രവര്‍ത്തനം മാറ്റിയിരുന്നെങ്കില്‍ കൂടുതല്‍ പേരെ ഈ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുമായിരുന്നില്ലേ?
പരിഷത്തിന്‍െറ അഭിമാനങ്ങളായ മൂന്നു ആനുകാലികങ്ങളുണ്ട്. യുറീക്കയും ശാസ്ത്രകേരളവും ശാസ്ത്രഗതിയും.  ഇവയില്‍ എന്തുകൊണ്ടും മേന്മയുള്ള പ്രസിദ്ധീകരണമായിരുന്നു യുറീക്ക.  കുട്ടികളില്‍ ശാസ്ത്രബോധം വളര്‍ത്താന്‍ വളരെ ഫലപ്രദമായിരുന്ന ആ പ്രസിദ്ധീകരണത്തിന്  ഇന്ന് പ്രചാരം കുറഞ്ഞിട്ടുണ്ടോ?  ഉണ്ടെങ്കില്‍ അതിന്‍െറ കാരണം എന്താണ് എന്നും അന്വേഷിക്കേണ്ടതാണ്.  
വീടുകളിലേക്ക് ഇറങ്ങിച്ചെല്ലാതെയുള്ള പ്രവര്‍ത്തനങ്ങളാണ് പരിഷത്തിനെ ജനങ്ങളില്‍നിന്ന് അകറ്റിയതെങ്കില്‍ പല വിഷയങ്ങളിലും കൃത്യമായ നിലപാടുകളെടുക്കാത്ത സമീപനമാണ് പരിഷത്തിന്‍െറ വിശ്വാസ്യതയില്‍ ഇടിവുവരുത്തിയത്.  അതിനുമുണ്ട് ഉദാഹരണങ്ങള്‍.
കേരളത്തില്‍ ആറു മാസവും മഴക്കാലമാണ്.  നാല്‍പത്തിനാല് പുഴകളുണ്ടായിട്ടും  കേരളം ഇന്ന് കുടിവെള്ളക്ഷാമം നേരിടുന്ന സംസ്ഥാനമാണ്.  നമ്മുടെ പുഴകള്‍ മഴക്കാലത്ത് നിറഞ്ഞുകവിയുകയും മഴ നിലക്കുന്നതോടെ വറ്റിവരളുകയും ചെയ്യുന്നു. ഈ പ്രതിഭാസത്തിന് അണക്കെട്ടുകള്‍ എത്രകണ്ട് സ്വാധീനമുണ്ടാക്കിയിട്ടുണ്ട്? ഭാരതപ്പുഴതന്നെ ഉദാഹരണം.  നമ്മള്‍ കൊട്ടിഗ്ഘോഷിക്കുന്ന മണലൂറ്റലിനപ്പുറം മലമ്പുഴ അണക്കെട്ട് ഇതിന് ഒരു കാരണമായിട്ടുണ്ടോ എന്ന് ഇതുവരെ ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ? നമുക്ക് സ്വന്തമായൊരു ജലനയം സ്വരൂപിക്കാന്‍ കഴിയേണ്ടതല്ലേ? ഇപ്പോള്‍ പരിഷത്ത്  നദീസംയോജനത്തിനെതിരെ പൊതുജനാഭിപ്രായമുണ്ടാക്കാന്‍ യത്നിക്കുന്നതുപോലെത്തന്നെ പ്രധാനമാണ് ഇതും.  പരിഷത്ത് നടത്തിയ ജലവിഭവസര്‍വേ ഫലപ്രദമല്ലാതെപോയിട്ടുണ്ടെങ്കില്‍ അതിന്‍െറ കാരണമെന്താണ്?  അണ്ണാ ഹസാരെ എന്ന ഒരു സാധാരണ മനുഷ്യന് റാലേഗാന്‍സിദ്ധി എന്ന മഹാരാഷ്ട്രയിലെ  വരണ്ട ഗ്രാമം  ജലസമൃദ്ധമാക്കി മാറ്റാന്‍ കഴിഞ്ഞെങ്കില്‍ നാല്‍പത്തിനാലു പുഴകളുള്ള കേരളത്തെ നമുക്കും പച്ചപുതപ്പിക്കാന്‍ കഴിയുമായിരുന്നു തീര്‍ച്ച.
പലപ്പോഴും സ്വതന്ത്രമായ നിലപാടുകള്‍ എടുക്കാന്‍ രാഷ്ട്രീയം പേടിച്ച്  പരിഷത്ത് മടിച്ചുനിന്നിട്ടുണ്ടോ?   ഉണ്ടെന്നാണ് കരുതേണ്ടത്.  ഏറ്റവും ഒടുവിലത്തെ ഉദാഹരണം മുല്ലപ്പെരിയാര്‍തന്നെ. രാഷ്ട്രീയകക്ഷികള്‍ അനാവശ്യമായ ഭീതിയുണര്‍ത്തി അവിടെ വോട്ടുസംഭരണികള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചപ്പോള്‍ പരിഷത്ത് എവിടെയായിരുന്നു?  ഇടുക്കി അണക്കെട്ടില്‍നിന്ന് നിരുത്തരവാദപരമായി വെള്ളം ചോര്‍ത്തിക്കളയാന്‍ ഭരണാധികാരികള്‍ തയാറായപ്പോഴെങ്കിലും  അവിടെ എന്താണ് സംഭവിക്കുന്നത് എന്ന് അന്വേഷിക്കാനും ജനങ്ങളില്‍ കൃത്യമായ അറിവു പകരാനും പരിഷത്തിനു കഴിയേണ്ടതായിരുന്നില്ലേ? എന്തെങ്കിലും പരിഹാരം നിര്‍ദേശിക്കേണ്ടതായിരുന്നില്ലേ?  കുറഞ്ഞപക്ഷം കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ ബദല്‍നിര്‍ദേശത്തെപ്പറ്റിയെങ്കിലും അന്വേഷിക്കേണ്ടതായിരുന്നില്ലേ?  (സര്‍ക്കാറും രാഷ്ട്രീയകക്ഷികളുമടക്കം എല്ലാവരും അതിനെതിരെ മുഖംതിരിച്ചുനിന്നത് എന്തിനാണെന്ന് ഇനിയും മനസ്സിലായിട്ടില്ല.)  അമ്പതു വര്‍ഷത്തെ ആയുസ്സു മാത്രം ലക്ഷ്യമാക്കിയ അണക്കെട്ട് 119 കൊല്ലം അതിജീവിച്ചതാണ്.  അടുത്ത നിമിഷം അതു പൊട്ടിപ്പോവും എന്ന് ജനങ്ങളെ പേടിപ്പിക്കേണ്ടത് രാഷ്ട്രീയക്കാരുടെ ആവശ്യമായിരിക്കാം.  അത്തരം ഗൂഢലക്ഷ്യങ്ങളൊന്നും ഇല്ലാത്ത പരിഷത്ത് അതില്‍ ഇടപെടാതെ വിട്ടുനിന്നത് കഷ്ടമായിപ്പോയി.  എല്ലാ രാഷ്ട്രീയക്കാരെയും സര്‍ക്കാറിനെപ്പോലും എതിര്‍ത്തുകൊണ്ട് തികച്ചും ധീരവും സ്വതന്ത്രവുമായ നിലപാടുകള്‍ എടുത്ത ചരിത്രം പരിഷത്തിനുണ്ടുതാനും. സൈലന്‍റ്വാലിതന്നെ ഉദാഹരണം. എല്ലാ രാഷ്ട്രീയകക്ഷികളും സര്‍ക്കാറും പുറന്തിരിഞ്ഞുനിന്നപ്പോഴും അതിനെയെല്ലാം മറികടന്ന് കേരളം നേരിട്ടേക്കാവുന്ന വലിയൊരു പാരിസ്ഥിതികവിപത്ത് ഒഴിവാക്കാന്‍ കഴിഞ്ഞത് പരിഷത്തിന്‍െറ പ്രവര്‍ത്തനത്തിന്‍െറ  നേട്ടങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്.
വ്യക്തമായ ജലനയം ഇല്ലാത്തതുപോലെത്തന്നെയാണ് വൈദ്യുതിയുടെ ഉല്‍പാദനവിഷയത്തിലും കണ്ടത്.  പരിഷത്ത് ആരുടെ കൂടെയാണ്?  ജലവൈദ്യുതിപദ്ധതികളെയും ആണവനിലയങ്ങളെയും ഒരേപോലെ എതിര്‍ക്കുന്നത് യുക്തിസഹമാണോ? ചെറുകിട ജലവൈദ്യുതിപദ്ധതികള്‍ എന്ന പോംവഴി എത്രകണ്ട് പ്രായോഗികമാണ്? ഇത്തരം സംശയങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരം പരിഷത്തിന് ഇതുവരെ നല്‍കാനായിട്ടില്ല.
കേരളം കക്ഷിരാഷ്ട്രീയക്കാരുടെ പിടിയിലാണ്.  ഏതു നയം രൂപവത്കരിക്കുന്നതിനു മുമ്പും അവര്‍ എണ്ണിനോക്കുന്നത് വോട്ടുകളാണ്.  അതുകൊണ്ടുതന്നെ, അത് ശാസ്ത്രീയമാവാന്‍ വഴിയില്ല.  ദീര്‍ഘവീക്ഷണത്തിന്‍െറ കാര്യം പറയാനുമില്ല.  നാടിന്‍െറ ഉന്നമനമോ അഭിവൃദ്ധിയോ അവരുടെ ലക്ഷ്യമല്ല.  പരിഷത്തിന് ആരുടെയും മുഖംനോക്കേണ്ട കാര്യമില്ല.  വോട്ടിനെപ്പറ്റി വേവലാതിപ്പെടേണ്ടതില്ല.  അതുകൊണ്ടുതന്നെ, ദൈനംദിന രാഷ്ട്രീയത്തില്‍ ദീര്‍ഘവീക്ഷണത്തോടെ ഇടപെടേണ്ടത് അത്യാവശ്യവുമാണ്.  പറഞ്ഞുവരുന്നത് ഇപ്പോള്‍ കത്തിനില്‍ക്കുന്ന ഒരു  വിഷയത്തെപ്പറ്റി സൂചിപ്പിക്കാനാണ്. കൂട്ടിയ പെന്‍ഷന്‍പ്രായംതന്നെ അത്.  പെന്‍ഷന്‍പ്രായം 56 ആക്കിയതിനെതിരെ കടുത്ത പ്രക്ഷോഭങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണല്ലോ ഇപ്പോള്‍.  ചെറുപ്പക്കാര്‍ക്ക് ജോലിസാധ്യത ഇല്ലാതാക്കുന്നു എന്നാണല്ലോ ഒരു കാരണമായി പറയുന്നത്. ഇവിടെ  നിലവിലുള്ള ജോലികള്‍പോലും ചെയ്യാന്‍ അന്യസംസ്ഥാനത്തില്‍നിന്ന് ആളുകള്‍ വരണം എന്നല്ലേ ഇപ്പോഴത്തെ സ്ഥിതി?  നമ്മുടെ ചെറുപ്പക്കാരൊക്കെ സര്‍ക്കാറാപ്പിസുകളില്‍ ഇരുന്ന് ഉറക്കംതൂങ്ങണമെന്ന് രാഷ്ട്രീയക്കാര്‍ക്കൊക്കെ എന്താണിത്ര നിര്‍ബന്ധം? പകരം നല്ലൊരു തൊഴില്‍സംസ്കാരം വളര്‍ത്തിയെടുക്കാനല്ലേ നമ്മള്‍ ശ്രമിക്കേണ്ടത്?  അല്ലാതെ, വൃത്തികെട്ട ഈ രാഷ്ട്രീയക്കളി കളിക്കുകയാണോ? മാത്രമല്ല, ലോകത്ത് മറ്റെല്ലായിടത്തും പെന്‍ഷന്‍പ്രായം അറുപതില്‍നിന്ന് അറുപത്തഞ്ചിലേക്കും എഴുപതിലേക്കും കൂട്ടണോ എന്ന് കാര്യമായി ആലോചിക്കുമ്പോഴാണ് ഇവിടെ ഈ സമരാഭാസം നടക്കുന്നതെന്നും നമ്മള്‍ ഓര്‍മിക്കണം.  കൂടിയ ആയുര്‍ദൈര്‍ഘ്യം അമ്പത്തഞ്ചു വയസ്സിലും നമ്മളെ കര്‍മനിരതരാക്കിനിര്‍ത്തുമ്പോള്‍ എന്തിനാണ് അവരെ പിരിച്ചുവിടുന്നത്?  മാത്രമല്ല, ഈ കൂടിയ ആയുര്‍ദൈര്‍ഘ്യംകൊണ്ടുതന്നെ ഇരുപതും മുപ്പതും കൊല്ലം തികച്ചും നിരുല്‍പാദനപരമായ പെന്‍ഷന്‍ കൊടുക്കാന്‍ നമ്മളെ നിര്‍ബന്ധിതരാക്കുന്നില്ലേ?  അത് കൂടുതല്‍ ഉല്‍പാദനപരമായി ഉപയോഗിക്കാനുള്ള മാര്‍ഗം കണ്ടെത്തുന്നതല്ലേ ശാസ്ത്രീയം?  പരിഷത്ത് അടിയന്തരമായി ഇടപെടേണ്ട ഒരു വിഷയമാണ് ഇത്.
ഇതിവിടെ പറയാന്‍ പ്രത്യേകിച്ചൊരു കാരണംകൂടിയുണ്ട്.  കേരളത്തിലെ ഇടതുപക്ഷം പലപ്പോഴും പുരോഗമനത്തിന് വിലങ്ങുതടിയായാണ് കേരളത്തില്‍ തങ്ങളുടെ സാന്നിധ്യം അറിയിച്ചിട്ടുള്ളത്. എഴുപതുകളിലെ ട്രാക്ടറിനെതിരെയുള്ള നിലപാടാണ് ആദ്യത്തേത്.  അതുകൊണ്ട് എന്തുണ്ടായി?  കേരളത്തില്‍നിന്ന് കൃഷി കുടിയിറക്കപ്പെട്ടു.  പിന്നെ, എണ്‍പതുകളിലെ കമ്പ്യൂട്ടറിനെതിരെയുള്ള നിലപാട്.  അതുകൊണ്ടും ഫലമുണ്ടായി:  മറ്റ് മൂന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും സോഫ്ട്വെയര്‍ രംഗത്ത് ബഹുദൂരം മുന്നിലായപ്പോള്‍ കേരളം ഇപ്പോഴും മുടന്തിനടക്കുന്നു.  വൈകിയെത്തിയ തിരിച്ചറിവ് നമ്മളെ എവിടെയും എത്തിച്ചില്ല.
ഇനി സംഭവിക്കാന്‍ പോവുന്ന വിപത്തും അത്തരത്തിലൊന്നാണ്.  അമ്പത്തഞ്ചു വയസ്സില്‍ നമ്മള്‍ വീട്ടിലിരുത്തുന്ന സര്‍ക്കാറുദ്യോഗസ്ഥരുടെ സേവനം റാഞ്ചിക്കൊണ്ടുപോവാന്‍ സ്വകാര്യസംരംഭകര്‍ കാത്തിരിക്കുകയാണ്.  വിപ്ളവം പറയുന്നവര്‍ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ഇവരുടെ പ്രവൃത്തിപരിചയവും സേവനവും സാധാരണക്കാര്‍ക്കുവേണ്ടി ഉപയോഗിക്കാന്‍ കഴിയേണ്ടതാണെന്ന്?  സര്‍ക്കാര്‍ സര്‍വിസില്‍നിന്ന് അമ്പത്തഞ്ചു വയസ്സില്‍ വിരമിക്കുന്ന എത്ര ഡോക്ടര്‍മാര്‍ സ്വകാര്യ ആശുപത്രികളില്‍ സേവനം അനുഷ്ഠിക്കുന്നുണ്ടെന്ന് അവര്‍ എപ്പോഴെങ്കിലും അന്വേഷിച്ചിട്ടുണ്ടോ?
ജനങ്ങളെ ബോധവത്കരിക്കുകവഴി ഇവരെ നേര്‍വഴിക്കു നടത്തേണ്ടത് കേരള ശാസ്ത്രസാഹിത്യപരിഷത്തിന്‍െറ ദൗത്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാവേണ്ടതല്ലേ?  പുതിയ കേരളത്തിനുവേണ്ടിയുള്ള സ്വപ്നങ്ങളില്‍ ഇതും വേണ്ടതല്ലേ?
കൃഷിയിലേക്കുതന്നെ മടങ്ങട്ടെ.  കന്യാകുമാരിയില്‍ ഒരു വയോവൃദ്ധനുണ്ടായിരുന്നു എന്ന് അവിടത്തെ ഒരു കൂട്ടുകാരന്‍ പറയാറുണ്ട്.  ഔദ്യാഗികജീവിതത്തിന് വിരാമമായപ്പോള്‍ ആ വയോവൃദ്ധന്‍ വീട്ടിലിരിക്കുകയല്ല ചെയ്തത്. ഒരു സൈക്കിളില്‍ സഞ്ചരിച്ച് അദ്ദേഹം വീടുവീടാന്തരം കയറിയിറങ്ങി.  അദ്ദേഹത്തിന്‍െറ കുപ്പായക്കീശകളില്‍ വിവിധയിനം പച്ചക്കറിവിത്തുകള്‍ ഉണ്ടായിരുന്നു.  വീട്ടുമുറ്റത്തും മട്ടുപ്പാവുകളിലും പച്ചക്കറി കൃഷി ചെയ്യാനുള്ള സാങ്കേതികജ്ഞാനവും വിത്തുകളും അദ്ദേഹം സൗജന്യമായി വിതരണം ചെയ്തുകൊണ്ടിരുന്നു. അതിന് ഫലവുമുണ്ടായി: കന്യാകുമാരിയിലുള്ള എത്രയോ കുടുംബങ്ങള്‍ പച്ചക്കറിയില്‍ സ്വയംപര്യാപ്തരായി.
ആ വയോവൃദ്ധന്‍ ഒറ്റക്കു സാധിച്ചെടുത്തത് ഇത്രയേറെ അംഗബലമുള്ള പരിഷത്തിന് അനായാസം നേടിയെടുക്കാവുന്നതായിരുന്നു.  പരിഷത്തിന്‍െറ പ്രവര്‍ത്തനം പലപ്പോഴും സെമിനാറുകളിലും കലാജാഥകളിലും ഒതുങ്ങിനിന്നു.  പുസ്തകങ്ങള്‍ വില്‍ക്കുന്നതിനല്ലാതെ ഓരോ വീട്ടിലേക്കും കയറിച്ചെല്ലാനുതകുന്ന കാരണങ്ങള്‍ പരിഷത്ത് കണ്ടെത്തിയില്ല.   പുസ്തകങ്ങളാവട്ടെ സമൂഹത്തിലെ മേലേക്കിടക്കാര്‍ക്കിടയിലെ പ്രചാരത്തിനപ്പുറം പോയതുമില്ല.  ഒരു കടപ്പാടു തീര്‍ക്കുന്നതുപോലെയോ കൂട്ടുകാരെ പിണക്കേണ്ടെന്നു കരുതിയോ വാങ്ങുന്ന പരിഷത്തിന്‍െറ പുസ്തകങ്ങള്‍ ആരാലും വായിക്കപ്പെടാതെ ബുക്ഷെല്‍ഫുകളില്‍ അടക്കം ചെയ്യപ്പെടുകയാണ് എന്ന സങ്കടസത്യം ഇനിയെങ്കിലും പരിഷത്ത് കാണാതെപോവരുത്.
കഴിഞ്ഞ അമ്പതു വര്‍ഷത്തെ ജീവിതത്തില്‍ കേരളീയ ജീവിതത്തിലുണ്ടായ ദുരന്തം നമ്മള്‍ കൃഷി മറന്നതാണ് എന്നും അതില്‍ പരിഷത്ത് ക്രിയാത്മകമായി ഇടപെട്ടില്ല എന്നു പറയാനുമാണ് ഇത്രയും എഴുതിയത്.  ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍ സ്വരൂപിക്കുമ്പോഴെങ്കിലും കേരള ശാസ്ത്ര സാഹിത്യപരിഷത്ത് ഇതു കണക്കിലെടുക്കുമോ?


കവര്‍സ്റ്റോറി

മുന്‍ ലക്കങ്ങള്‍