
""എന്‍െറ മാരിയമ്മ രക്തദാഹി
എന്‍െറ കാളി കൊലപാതകിയും
എന്‍െറ ദ്രൗപദി
വസ്ത്രമുരിയുന്നവള്‍
എന്‍െറ സീത അപരിചിതന്‍െറ
മടിത്തട്ടിലേക്ക് ചായുന്നവള്‍
എന്‍െറ എല്ലാ സ്ത്രീകളും
വഴക്കാളികള്‍
ബോംബിനെ തൃണവല്‍ഗണിച്ചവര്‍
രാജാക്കന്മാരെ നിസ്സാരവത്കരിച്ചവര്‍
എന്നെ പേരുകള്‍ വിളിച്ചുകൊള്‍ക
എനിക്കു വേവലാതികളില്ല
കടുംചുവപ്പക്ഷരമാണെന്‍െറ മുദ്ര.''
(മിസ് മിലിറ്റന്‍സി
- പേജ് 8-9)
മീനയെ കാണുമ്പോള്‍ ആ നേര്‍ത്ത വിരലുകളില്‍ ഇത്രയും ശക്തിയുണ്ടെന്ന് വിശ്വസിക്കാന്‍ പ്രയാസം. ഏതൊരു സാധാരണ പെണ്‍കുട്ടിയെയുംപോലെ പാറിപ്പറന്നുകിടക്കുന്ന മുടിയെപ്പറ്റി, പകര്‍ത്തുന്ന ഫോട്ടോയെപ്പറ്റി വേവലാതിപ്പെടുന്ന ഒരു ഇരുപത്തേഴുകാരി. സംസാരിച്ചുതുടങ്ങിയപ്പോള്‍ പക്ഷേ ആ മെലിഞ്ഞ ശരീരത്തിലെ അഗ്നിയുടെ തിളക്കം കണ്ണുകളില്‍, പൊള്ളുന്ന വാക്കുകള്‍ ഊര്‍ന്നിറങ്ങിയ വിരലുകളും വാചാലം. പതിനേഴാം വയസ്സില്‍ കവിതയിലേക്കും സാമൂഹികപ്രവര്‍ത്തനങ്ങളിലേക്കും ഇറങ്ങിയതാണ് മീന കന്ദസ്വാമി. ജീവിതത്തില്‍ എന്തുവേണമെന്ന്, എന്തായിത്തീരണമെന്ന് അവള്‍ക്കറിയാമായിരുന്നു. ഉന്നതബിരുദങ്ങള്‍ ഉണ്ടായിരുന്നിട്ടും ഐ.ഐ.ടിപോലുള്ള സ്ഥാപനങ്ങളിലായിട്ടും ദലിത് വിഭാഗത്തില്‍പ്പെട്ടവരായതുകൊണ്ട് ഉദ്യോഗക്കയറ്റം കിട്ടാത്ത മാതാപിതാക്കളുടെ ദുരവസ്ഥകണ്ട് മീന ഒരു തീരുമാനത്തിലെത്തി, ഒരിക്കലും അങ്ങനെയൊരു സ്ഥാപനത്തിലേക്കില്ല എന്ന്. കേന്ദ്രീയ വിദ്യാലയത്തിലെ പ്ളസ്ടുവിനുശേഷം മുഴുവന്‍ സമയം എഴുത്തിലേക്ക്- കവിത, വിവര്‍ത്തനം- കടന്നു. പിന്നീട് വിദൂര വിദ്യാഭ്യാസത്തിലൂടെ ഇംഗ്ളീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തരബിരുദവും അണ്ണാ യൂനിവേഴ്സിറ്റിയില്‍നിന്ന് സോഷ്യോ ലിംഗ്വിസ്റ്റിക്സില്‍ പിഎച്ച്.ഡിയും കരസ്ഥമാക്കി. രണ്ടു കവിതാ സമാഹാരങ്ങള്‍ ‘ടച്ച്’ (2006), മിസ് മിലിറ്റന്‍സി (2010) മീനയുടേതായി പുറത്തിറങ്ങിയിട്ടുണ്ട്. നിരവധി വിദേശ സര്‍വകലാശാലകളില്‍ വിസിറ്റിങ് പ്രഫസറുമാണ് മീന.
വളരെ നേരത്തേ എഴുതിത്തുടങ്ങിയിട്ടുണ്ട് ഞാന്‍. അള്‍ട്രാ സെന്‍സിറ്റിവ് ആയ ഒരാളാണ് ഞാന്‍. വളരെ പ്രക്ഷുബ്ധമായ മനസ്സുള്ളവള്‍. ജാതിവ്യവസ്ഥയെക്കുറിച്ച് വി.എസ്. നയ്പോള്‍ മൂഢമായ അഭിപ്രായപ്രകടനങ്ങള്‍ നടത്തിയത് വായിച്ചപ്പോള്‍ ഇയാള്‍ക്കെങ്ങനെ നൊബേല്‍ സമ്മാനം കിട്ടി എന്ന് അമ്പരന്നുപോയി. അങ്ങനെയാണ് എന്‍െറ ആദ്യലേഖനം പിറക്കുന്നത്- ‘Casteist, Communalist, Racist- And Now a Nobel Laureate’.
കുത്തിക്കുറിക്കുന്ന കവിതകള്‍ അധികമാരെയും കാണിച്ചിരുന്നില്ല, ചിലതൊക്കെ അനിയത്തി വായിച്ചിരുന്നു. ഒരു സുഹൃത്താണ് വെളിച്ചം പുരളാത്ത എന്‍െറ കവിതകള്‍ കമലാദാസിനെ കാണിക്കുന്നത്. അവരെന്നെ വിളിച്ച് ഒരുപാട് അഭിനന്ദിച്ചു. അവതാരിക എഴുതാമെന്നും പറഞ്ഞു. എന്‍െറ ജീവിതത്തിലെ മനോഹരമായ മുഹൂര്‍ത്തമായിരുന്നു അത്. എനിക്കും എഴുതാന്‍ പറ്റും എന്ന് ആത്മവിശ്വാസം തോന്നിയ നിമിഷം. അങ്ങനെയാണ് ‘ടച്ച്’പ്രസിദ്ധീകരിക്കുന്നത്. കമലാദാസിനെ നേരില്‍ക്കാണാന്‍ സാധിച്ചില്ലെങ്കിലും കത്തുകളിലൂടെയും ഫോണിലൂടെയും ഒരാത്മബന്ധം അവരുമായി ഉണ്ടായിരുന്നു. എന്‍െറ എഴുത്തിന്‍െറ രീതികണ്ട് പലരും ഞാന്‍ കമലാദാസിനെപ്പോലെ മലയാളിയാണെന്ന് ധരിച്ചിരുന്നു, ഇത്തരത്തില്‍ ഒരു തുറന്നെഴുത്ത് കമലാദാസിന്‍െറ നാട്ടുകാരിക്കേ കഴിയൂ എന്ന് ചിലരെങ്കിലും കരുതിയിരിക്കണം!
അരുന്ധതി റോയി എന്നെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. എഴുത്തിലേക്ക് എന്നെ ആകര്‍ഷിച്ച, എന്നെ സ്വാധീനിച്ച ഇന്ത്യന്‍ എഴുത്തുകാരികളാണ് കമലാദാസ്, അരുന്ധതി റോയി, മഹാശ്വേതാദേവി എന്നിവര്‍. കവിത ആസ്വദിക്കാനും വിലമതിക്കാനും കവിതയില്‍ സത്യസന്ധത പുലര്‍ത്താനും പഠിപ്പിച്ചത് കമലാദാസാണ്. വാക്കുകള്‍ക്ക് പുസ്തകത്താളില്‍ നൃത്തംചെയ്യാനാവുമെന്ന് കാണിച്ചുതന്നത് റോയി ആണ്. അതിലുപരി അവര്‍ അഭിസംബോധ ചെയ്ത വിഷയങ്ങള്‍- ആണവപരീക്ഷണങ്ങള്‍, വലിയ അണക്കെട്ടുകള്‍, കശ്മീര്‍... ഓരോ തവണ അവരെ കേള്‍ക്കുമ്പോഴും എനിക്ക് തോന്നിയിരുന്നു ഇവരാണ് നമ്മുടെ രാഷ്ട്രത്തിന്‍െറ മന$സാക്ഷിയെന്ന്. അവരുടെ വാക്കുകള്‍, കീര്‍ത്തി, അര്‍പ്പണബോധം, ആളുകളെ ബോധവത്കരിക്കാനുള്ള ശ്രമം, അവരോട് സത്യം തുറന്നുപറയാനുള്ള ആര്‍ജവം, രാജ്യത്തിലെ അനീതികളോടുള്ള പരുഷമായ തുറന്ന പോരാട്ടം. പെട്ടെന്ന് ഒരു എഴുത്തുകാരി വെറും കഥകള്‍ മാത്രം പറയുന്ന ആള്‍ അല്ലാതാവുന്നു. പറയപ്പെടേണ്ട കഥകള്‍ പറയുന്ന ഒരാളാവുന്നു. എഴുതിത്തുടങ്ങിയകാലത്ത് എന്നെ ബാധിച്ച കാര്യങ്ങളാണ് പറഞ്ഞിരുന്നത്. ഉന്നത വിദ്യാഭ്യാസരംഗത്തെ സംവരണം, തമിഴ് ഈഴം പ്രശ്നങ്ങള്‍ ഇവ എന്‍െറ ബ്ളോഗിലും മറ്റുമുള്ള അഭിപ്രായപ്രകടനങ്ങള്‍ മാത്രമായിരുന്നു. ദ ദലിത് എന്ന ദൈ്വമാസിക എഡിറ്റ് ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് കൂടുതല്‍ അവബോധത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ തുടങ്ങിയത്. ദലിത് രചനകളുടെ മൊഴിമാറ്റത്തിലൂടെയായിരുന്നു തുടക്കം. മുഖ്യധാരാ മാധ്യമങ്ങള്‍ പടച്ചുവിടുന്ന വികലമായ കാഴ്ചകളെക്കുറിച്ച് അവര്‍ കാണാതെപോവുന്നതിനെക്കുറിച്ച് എഴുതാന്‍ തുടങ്ങി. ഇപ്പോള്‍ത്തന്നെ ദലിത് ജീവചരിത്രങ്ങള്‍ക്ക് വായനക്കാര്‍ ഏറെയാണ്. അത് ശ്രദ്ധിക്കപ്പെടേണ്ടതുതന്നെയാണെങ്കിലും നിങ്ങളുടെ ലോകത്തുനിന്ന് നോക്കുമ്പോള്‍ ഒരുതരം വോയറിസ്റ്റിക് പ്ളഷര്‍- ഒരു ഒളിനോട്ടത്തിന്‍െറ സുഖം- അല്ലേ നിങ്ങള്‍ക്ക് ലഭിക്കുന്നത്? രാഷ്ട്രീയപരമായ, സാമൂഹികമായ പ്രശ്നങ്ങളെക്കുറിച്ച് ദലിത് എഴുത്തുകാര്‍ എഴുതുന്നുണ്ടല്ലോ, അതൊന്നും ഒരു പാഠ്യപദ്ധതിയിലും വരുന്നില്ല.
തീക്ഷ്ണമായി എഴുതുന്നവര്‍ വേറെയും ഉണ്ട്. സുകീര്‍തരണി, ലീന മണിമേഖലൈ, വെണ്ണില തുടങ്ങി നിരവധിപേര്‍ തമിഴകത്തുനിന്നും അനര്‍, വിനോദിനി എന്നിവര്‍ ഈഴത്തുനിന്നും. ഇവരെക്കൂടാതെ തമിഴ് ഡയസ്പോറയില്‍നിന്നുള്ള എഴുത്തുകാരികള്‍ വേറെയും. പുരുഷാധിപത്യലോകത്തില്‍ ഇതു വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. സ്ത്രീ ആഖ്യാതാവാവുമ്പോള്‍ തന്‍െറ നില പരുങ്ങലിലാണെന്ന് ആണിനു തോന്നുന്നു. തങ്ങളുടെ ആധിപത്യം, പുരുഷത്വം ഇവ പ്രകടിപ്പിക്കാനാവാതെ അല്ലെങ്കില്‍ അടിച്ചേല്‍പിക്കാനാവാതെ വരുമോ എന്ന് ഭയപ്പെടുന്നു. ഈ രീതിയിലുള്ള തുറന്നെഴുത്ത് തീര്‍ച്ചയായും ഒരു പൊളിച്ചെഴുത്താണ്, സ്ത്രീയെക്കുറിച്ച് പരമ്പരാഗതമായ പുരുഷ കാഴ്ചപ്പാടുകളുടെ തിരുത്തിയെഴുത്ത്. ചാരിത്രം, പാതിവ്രത്യം, ശാലീനത, ലജ്ജ തുടങ്ങിയ പുരുഷ നിര്‍മിതികള്‍ തമിഴ് പെണ്‍ എന്ന് സംഗ്രഹിക്കപ്പെട്ടതിന്‍െറ പൊളിച്ചെഴുത്ത്.തമിഴ് സ്ത്രീകള്‍ വിലങ്ങുകള്‍ പൊട്ടിച്ച് സ്വതന്ത്രയാവുന്നതിന്‍െറ സൂചനകള്‍ തീര്‍ച്ചയായും ഇവരുടെ എഴുത്തില്‍ പ്രതിഫലിക്കുന്നുണ്ട്.
തുടക്കത്തില്‍ തീര്‍ച്ചയായും പ്രശ്നങ്ങളുണ്ടായിരുന്നു. പക്ഷേ, നമുക്ക് എന്താണ് ജീവിതത്തില്‍ വേണ്ടതെന്നു അവരെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞാല്‍ പിന്നീട് പ്രശ്നങ്ങളുണ്ടാവില്ല. എന്‍െറ ‘തലതിരിഞ്ഞ’ എല്ലാ ആശയങ്ങളെയും അച്ഛനുമമ്മയും (ഡോ.ഡബ്ള്യു.ബി. വസന്ത, ഡോ. കെ. കന്ദസ്വാമി) പൂര്‍ണമായും പിന്തുണച്ചിട്ടുണ്ട്. അവരോടാണ് എനിക്ക് എല്ലാ കടപ്പാടും.
തീര്‍ച്ചയായും. ഇന്ത്യയില്‍ ഒരാളെ അളക്കുന്നതിന്‍െറ പ്രധാന മാനദണ്ഡം സദാചാരമാണ്. അദ്ഭുതമെന്നുപറയട്ടെ, ലൈംഗികതയെക്കുറിച്ച് എഴുതുന്ന പെണ്ണിനെ അസാന്മാര്‍ഗിയായാണ് സമൂഹം കരുതുന്നത്. ആണുങ്ങളുടെ അരക്ഷിതാവസ്ഥയുടെ പ്രതിഫലനമാണ് ഇത്തരമൊരു മേധാവിത്വമുള്ള വായന സാധ്യമാക്കുന്നത്. ഒരു സ്ത്രീ സെക്സിനെക്കുറിച്ച് എഴുതുമ്പോള്‍ അവള്‍ ആ കര്‍മം പൊതുസ്ഥലത്ത് പകര്‍ന്നാടുന്നതായി അവര്‍ കരുതുന്നു. ലൈംഗികത പുറത്തുപറയാന്‍ പാടില്ലാത്ത ഒരു വിഷയമായി കരുതുന്ന സമൂഹത്തില്‍ ഇത്തരം തുറന്നെഴുത്തുകള്‍ പ്രശ്നഭരിതമാണ്. ഞാന്‍ ലൈംഗികതയെക്കുറിച്ച് എഴുതുമ്പോള്‍ ഞാന്‍ പ്രതിപാദിക്കുന്നത് അതിലെ അസമത്വങ്ങള്‍, അതിന്‍െറ ഉല്‍പത്തി, വേരുകള്‍, ചരിത്രം എന്നിവയെയാണ്. ലൈംഗികതയെ നിയന്ത്രിച്ചുകൊണ്ട് തഴച്ചുവളരുന്ന ജാതിവ്യവസ്ഥയെയും സ്വന്തം ശരീരത്തിനു മുകളിലുള്ള സ്വയംനിര്‍ണയാവകാശം സ്ത്രീകള്‍ക്ക് നഷ്ടപ്പെടുത്തുന്ന ചാരിത്രം എന്ന സങ്കല്‍പത്തെയും ഞാന്‍ ചോദ്യം ചെയ്യുന്നു. ഇത്തരം നാട്ടുനടപ്പുകളെ എതിര്‍ക്കാറുമുണ്ട്. അതുകൊണ്ടാവാം എന്‍െറ എഴുത്ത് ആളുകളെ അസ്വസ്ഥരാക്കുന്നത്. ഞാന്‍ സത്യങ്ങള്‍ വിളിച്ചുപറയുന്നതുകൊണ്ടാണ് അവര്‍ വിഹ്വലരാവുന്നത്. കാരണം, അവര്‍ക്കറിയാം മാറ്റങ്ങള്‍ ആസന്നമാണെന്ന്. സമൂഹത്തിലെ അസന്തുലിതാവസ്ഥ മാറുമെന്ന് അവര്‍ ഭയക്കുന്നു.
അത്ര പെട്ടെന്നുണങ്ങുന്ന മുറിവല്ല അത്. ഒരുപാട് സ്നേഹത്തിന്‍െറ മുകളില്‍ കെട്ടിപ്പൊക്കിയ ബന്ധമായിരുന്നു എന്‍െറ വിവാഹം. ഞങ്ങളൊന്നിച്ച് ഒരുപാട് സ്വപ്നങ്ങള്‍ കണ്ടിരുന്നു. ഭാവിയെക്കുറിച്ച് ഒരുപാട് പ്രതീക്ഷകളുണ്ടായിരുന്നു. വിദ്യാസമ്പന്നനായ, മാവോയിസ്റ്റായ അത്തരമൊരാളില്‍നിന്ന് പീഡനമേല്‍ക്കുമ്പോള്‍, അയാള്‍ നിങ്ങളെ അധിക്ഷേപിക്കുമ്പോള്‍, പുറന്തള്ളുമ്പോള്‍ മുറിയുന്നത് ശരീരം മാത്രമല്ല, മനസ്സുമാണ്. നിങ്ങള്‍ക്ക് ചിന്തിക്കാവുന്നതിലുമപ്പുറമാണ് എന്‍െറ ഹൃദയം അറിഞ്ഞ വേദന. ഈ വേദനയുമായി പൊരുത്തപ്പെടാനാണ് ഏതു സ്ത്രീക്കും സംഭവിക്കാവുന്ന ഒരവസ്ഥയെക്കുറിച്ച് പറയാനാണ് ഞാനത് എഴുതിയത്. പ്രമുഖരായ, ശക്തരായ, വിദ്യാഭ്യാസമുള്ള സ്ത്രീകള്‍ക്ക് ഇങ്ങനെയൊന്നും സംഭവിക്കില്ല എന്നൊരു തെറ്റിദ്ധാരണ സമൂഹത്തില്‍ പൊതുവെയുണ്ട്. അത് ശരിയല്ല. ഗാര്‍ഹികപീഡനം ഒരു വൈറസ് പോലെയാണ്. ആര്‍ക്കും എപ്പോഴും ബാധിക്കാവുന്നത്. നിശ്ശബ്ദമായി ഒരു മര്‍ദനവും സ്ത്രീകള്‍ സഹിക്കരുത്. അങ്ങനെ ചെയ്താല്‍ സ്ഥിതിഗതികള്‍ വഷളാവുകയെയുള്ളൂ. പ്രതികരിക്കാതിരിക്കുന്നതിലൂടെ അവര്‍ ഈ ക്രൂരതക്ക് മൗനാനുവാദം നല്‍കുകയാണ് ചെയ്യുന്നത്. കൂടുതല്‍ പ്രഹരമേറ്റാലും പ്രതിരോധിക്കണം, തിരിച്ചടിക്കണം, നടപടിയെടുക്കണം, വേണമെങ്കില്‍ ഇറങ്ങിപ്പോവുകയും വേണം.
അവരാണ് കുഴപ്പക്കാര്‍ എന്ന രീതിയില്‍ സ്ത്രീകളെ കാണാതിരിക്കുക, എല്ലാ വിവാഹബന്ധങ്ങളും ഇങ്ങനെയൊക്കെതന്നെയാണ് എന്ന് ന്യായീകരിക്കാതിരിക്കുക. സഹനമാണ് നല്ലത് എന്നു പറഞ്ഞുകൊടുക്കാതിരിക്കുക. അഡ്ജസ്റ്റ് ചെയ്യാന്‍ ഉപദേശിക്കാതിരിക്കുക. സമൂഹത്തിനുവേണ്ടി ആ ബന്ധത്തില്‍ തുടരാന്‍ പ്രേരിപ്പിക്കാതിരിക്കുക. അവരെ കുറ്റപ്പെടുത്താതിരിക്കുക. ഇതിനെല്ലാമുപരി അവര്‍ക്ക് സ്നേഹവും നിങ്ങളുടെ സമയവും കൊടുക്കുക. ധൈര്യം പകരുക, നിങ്ങളുണ്ടാവും കൂടെ അവര്‍ ഇറങ്ങിവരുകയാണെങ്കില്‍ എന്ന ആശ്വാസം പകരുക.
വ്യത്യസ്തങ്ങളായ അനുഭവങ്ങളാണ്. ദക്ഷിണ ആഫ്രിക്കയിലെ ഡര്‍ബനില്‍ നടന്ന പോയട്രി ആഫ്രിക്ക ഫെസ്റ്റിവലില്‍ ആണ് ഏറ്റവും മികച്ച പ്രതികരണം ലഭിച്ചത്. വംശവെറിയുടെ ഇരകളായ അവര്‍ക്ക് ജാതിയുടെ പേരിലുള്ള ചൂഷണത്തെ, അതിനെതിരെയുള്ള പോരാട്ടങ്ങളെ നന്നായി ഉള്‍ക്കൊള്ളാനാവും. അമേരിക്കയിലും ബ്രിട്ടനിലും -അവിടെയാണ് എന്‍െറ അധികം കവിതാ വായനകളും നടന്നിട്ടുള്ളത്- നന്നായി ആസ്വദിക്കപ്പെട്ടിട്ടുണ്ട്. എന്‍െറ കവിതകള്‍ അവരെ മിക്കപ്പോഴും അമ്പരപ്പിച്ചിട്ടുണ്ട്. എന്നാല്‍, എന്‍.ആര്‍.ഐ കേള്‍വിക്കാര്‍ എപ്പോഴും എന്‍െറ പ്രതീകങ്ങളെ, വിഷയങ്ങളെ നിരാകരിച്ചുകൊണ്ടിരുന്നു, ജന്മനാടിനെ സംരക്ഷിക്കാന്‍. നിരവധി പാഠ്യപദ്ധതിയില്‍ എന്‍െറ കവിതകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്, നാട്ടിലും വിദേശത്തും. ആ വാര്‍ത്ത അമ്പരപ്പിക്കുന്നതായിരുന്നു. ഒരേസമയം എന്നെ ഞെട്ടിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്ത ഒരു വസ്തുത.
വളരെ പ്രബലമായ മാധ്യമമാണ് ഓണ്‍ലൈന്‍ സൈറ്റുകള്‍. ആളുകളില്‍ അവബോധം സൃഷ്ടിക്കാനും വിവരങ്ങള്‍ കൈമാറാനും ഉതകുന്നത്. എന്‍െറ കരിയര്‍ തുടങ്ങുന്നത് 500 കോപ്പികള്‍ മാത്രം അടിച്ചിരുന്ന ഒരു ലിറ്റില്‍ മാഗസിനിലൂടെയാണ്. വളരെ ബുദ്ധിമുട്ടും പണച്ചെലവുള്ളതുമായിരുന്നു ഇത്. പ്രസാധനം, വിതരണം, തപാല്‍ക്കൂലി എന്നിങ്ങനെ. ഇന്‍റര്‍നെറ്റില്‍ ഒരു വിവരം, ആശയം പങ്കുവെക്കാന്‍ എളുപ്പമാണ്. ഭരണകൂടത്തിന്‍െറ ഭാഗത്തുനിന്നുള്ള നിയന്ത്രണങ്ങള്‍ ഭീതിയില്‍നിന്ന് ഉടലെടുത്തതാണ്. ഇനിയുമൊരു തെഹ്രീര്‍ സ്ക്വയര്‍ എവിടെയും എപ്പോഴും സംഭവിക്കുമെന്ന് അവര്‍ ഭയപ്പെടുന്നു. ഇതേ സര്‍ക്കാര്‍തന്നെ നാളെ ഈ മാധ്യമത്തെയും അതില്‍ ശേഖരിച്ചുവെച്ചിരിക്കുന്ന വിവരങ്ങളും നമുക്കെതിരെ ഉപയോഗിച്ചുകൂടെന്നും പറയാനാവില്ല.
ഉവ്വ്. അജ്ഞാത ഫോണ്‍വിളികള്‍, ഫേസ്ബുക്, ട്വിറ്റര്‍ എന്നിവയിലൂടെയുള്ള പരസ്യമായ തെറിവിളികള്‍ മാത്രമായിരുന്നില്ല അത്. ചില സമയങ്ങളില്‍ കൂടുതല്‍ ഭീഷണമോ ശുണ്ഠിപിടിപ്പിക്കുന്നതോ ആവാം. കോയമ്പത്തൂരില്‍ എനിക്കെതിരെ ഒരു കേസ് വന്നിരുന്നു. ഞാന്‍ മൊഴിമാറ്റം നടത്തിയ ദലിത് ലീഡര്‍ എം.പി. തിരുമാവളവന്‍െറ പുസ്തകത്തെ ചൊല്ലി എനിക്കും അദ്ദേഹത്തിനും പ്രസാധകനും എതിരെ സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിക്കുന്നതായും കലാപത്തിന് പ്രേരിപ്പിക്കുന്നതായും ആരോപണമുയര്‍ന്നിരുന്നു.
അവരുടെ ഭാഗത്തുനിന്നുള്ള വിമര്‍ശങ്ങള്‍ മിക്കപ്പോഴും പുരുഷാധിപത്യം അവര്‍ ആത്മാവില്‍ സ്വാംശീകരിച്ചിരിക്കുന്നതിന്‍െറ ഫലമായാണ് ഉണ്ടാവുന്നത്. അതുകൊണ്ടുതന്നെ, അവരെ ഉത്തരവാദികളായി ഞാന്‍ കണക്കാക്കുന്നില്ല. എന്‍െറ എഴുത്ത് ഭോഗാസക്തിയുടേതാണെന്നു പറയുന്നവര്‍, ഞാന്‍ വായനക്കാരെ പ്രലോഭിപ്പിക്കുന്നു എന്നു പറയുന്നവര്‍, എന്‍െറ തെരഞ്ഞെടുക്കലുകള്‍, ഞാന്‍ പറയുന്ന കാര്യങ്ങള്‍ എന്നിവയുടെ പേരില്‍ എന്നെ കുറ്റപ്പെടുത്തുന്നവര്‍, എന്‍െറ വസ്ത്രധാരണം ശരീരഭാഗങ്ങള്‍ വേണ്ടവിധം മറയ്ക്കാത്തതാണെന്നു കരുതുന്നവര്‍- അവരെക്കുറിച്ച് എന്തുപറയാന്‍, അനുതപിക്കുക എന്നല്ലാതെ! ഈ സ്ത്രീകള്‍ക്ക് സ്വതന്ത്രമായി ചിന്തിക്കണമെങ്കില്‍ പുരുഷാധിപത്യത്തിന്‍െറ മസ്തിഷ്ക പ്രക്ഷാളനത്തില്‍നിന്ന് പുറത്തുകടന്നേ മതിയാവൂ .
അതിജീവനമല്ല മാറ്റം കൊണ്ടുവരലാണ് ബുദ്ധിമുട്ട്. എന്‍െറതന്നെ അനുഭവത്തില്‍ എനിക്കറിയാം ഒരു സ്ത്രീക്ക് പൊളിറ്റിക്കല്‍ ആവാന്‍, ആളുകളുടെ ഇടയില്‍ പ്രവര്‍ത്തിക്കാന്‍ എത്ര ബുദ്ധിമുട്ടാണെന്ന്. എന്തോ ചില കാരണങ്ങളാല്‍ പുരുഷന്മാര്‍ സ്ത്രീകളുടെ ബുദ്ധിയെ, നേതൃപാടവത്തെ, വ്യക്തി പ്രഭാവത്തെ അംഗീകരിക്കാന്‍ വിസമ്മതിക്കുന്നു. ഒരു ഉപാംഗമായി, നിഴലായി മാത്രം അവളെ നിലനില്‍ക്കാന്‍ അനുവദിക്കുന്നു. ടി.വി സീരിയലിനപ്പുറം സ്ത്രീകള്‍ ചര്‍ച്ചകള്‍ നടത്തരുതെന്ന് പുരുഷന്മാര്‍ ആഗ്രഹിക്കുന്നു. ഫലസ്തീനെക്കുറിച്ചോ മാവോയിസ്റ്റുകളെക്കുറിച്ചോ കോര്‍പറേറ്റ് ഗ്ളോബലൈസേഷനെക്കുറിച്ചോ ആണവനിലയം, അതുമല്ലെങ്കില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ സംബന്ധിച്ചോ സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ അവര്‍ അസ്വസ്ഥരാവുന്നു. ഇന്ത്യയിലെ ജാതിവ്യവസ്ഥ അനുസരിച്ച് ബ്രാഹ്മണരായിരുന്നു ബുദ്ധിമാന്മാരും ചിന്തകരും. പുരുഷന്മാര്‍ തങ്ങളെ തന്നെ കാണുന്നതും ഈ വിധമാണ്. അവര്‍ക്കുമാത്രമേ ചിന്തിക്കാന്‍ അധികാരമുള്ളൂ, ആശയങ്ങള്‍ പ്രകടിപ്പിക്കാന്‍ അവകാശമുള്ളൂ, ആളുകളെ നയിക്കാനും ജോലിചെയ്യാനും അര്‍ഹതയുള്ളൂ എന്നിങ്ങനെ. സ്ത്രീകളെ ഈ ജാതിശൃംഖലയിലെ ശൂദ്രരോ ദലിതരോ ആയാണ് കണക്കാക്കുന്നത്. ദാസ്യപ്പണി അവര്‍ക്ക് പറഞ്ഞിട്ടുള്ളതാണ്- ഭക്ഷണം പാകംചെയ്യലും വൃത്തിയാക്കലും കുടുംബംനോക്കലും അങ്ങനെ സാമൂഹിക താളക്രമം ഭംഗംവരാതെ കൊണ്ടുനടക്കലും അവരുടെ ചുമതലയായി കണക്കാക്കപ്പെടുന്നു. ഈയൊരു ആണ്‍കോയ്മാ അധീശത്വ മനോഭാവത്തിനെതിരായാണ് പോരാടേണ്ടത്. നമ്മള്‍ അകപ്പെട്ട ഈ കുടുക്കിനെതിരെ, ജാതിവ്യവസ്ഥക്കെതിരെ പടവെട്ടണം.
റീഡിഫ് ഡോട്ട്കോം ദക്ഷിണേഷ്യന്‍ എഴുത്തുകാരികളിലെ സുന്ദരികളായ ഇരുപതുപേരെ തെരഞ്ഞെടുത്തതില്‍ ഞാനുമുണ്ടായിരുന്നു. അതിനെതിരെയുള്ള എന്‍െറ പ്രതികരണമായിരുന്നു അത്. അത്തരത്തില്‍ ഒരു വിശേഷണം ഞാനാഗ്രഹിക്കുന്നില്ല. ഞാനൊരു എഴുത്തുകാരിയാണ്, സൗന്ദര്യമത്സരത്തിലെ മത്സരാര്‍ഥിയല്ല. എന്നെ അളക്കേണ്ടത് എന്‍െറ എഴുത്തിലൂടെയാണ്, ശരീരസൗന്ദര്യത്തിലൂടെയല്ല. അവളെ ശരീരം മാത്രമായി കാണുമ്പോള്‍ അവളുടെ വിപ്ളവകരമായ സ്വപ്നങ്ങളെ, ആഗ്രഹങ്ങളെ, സാമൂഹിക പ്രതിബദ്ധതയെ കാണാതിരിക്കലാണ്. ഇങ്ങനെയൊരു തരംതിരിവ് ഉപഭോഗസംസ്കാരത്തിന്‍െറ, മുഖ്യധാരാ മാധ്യമങ്ങളുടെ വെസ്റ്റേണ്‍/ബ്രാഹ്മണിക്കല്‍ കാഴ്ചപ്പാടിലെ സൗന്ദര്യസങ്കല്‍പത്തിലധിഷ്ഠിതമാണ്. അധ്വാനിക്കുന്നവളുടെ ശരീരത്തിന്‍െറ, മരണത്തോടൊപ്പം നൃത്തംചെയ്യുന്ന പോരാളികളുടെ, ചാവേറിന്‍െറ മന്ദഹാസത്തിന്‍െറ, ഓരോ നിമിഷവും പോരടിച്ചുകൊണ്ടിരിക്കുന്ന എന്‍െറ സഹോദരിമാരുടെ സൗന്ദര്യം നമുക്കാര്‍ക്കും അവകാശപ്പെടാനാവില്ല. ശരീരത്തിന്‍െറ രാഷ്ട്രീയത്തെക്കുറിച്ച് എഴുതുന്ന ഒരെഴുത്തുകാരി എന്ന നിലയില്‍ ശാരീരികതയെ, ലൈംഗികതയെ ഒരുത്സവമാക്കുന്നതില്‍ എനിക്കു മടിയില്ല. അതിനെ വെറുപ്പോടെ സമീപിക്കുന്നുമില്ല. ജാതിചിന്ത നിറഞ്ഞ പുരുഷാധിപത്യ വ്യവസ്ഥയില്‍ ജീവിക്കുമ്പോള്‍ ലൈംഗികതയെക്കുറിച്ച് എഴുതുന്നതുപോലും ഒരുതരത്തിലുള്ള പ്രതിരോധമാണ്.
മിത്തുകളുടെ പുനര്‍വായന പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു. ആധിപത്യവ്യവഹാരത്തെ മാറ്റിമറിക്കാനുള്ള മാര്‍ഗങ്ങളിലൊന്നാണത്. ഒരു സമൂഹത്തിന്‍െറ പൊതുവായ ഓര്‍മയിലുള്ള മിത്തിനെ പുനരാഖ്യാനം ചെയ്യുമ്പോള്‍ എന്തിനോ ഇളക്കംതട്ടുന്നു. സച്ചരിതയും പതിവ്രതയും അനുസരണശീലയുമായ സീതയെ സുന്ദരനായ അപരിചിതനുമായി സല്ലപിച്ച, ലക്ഷ്മണരേഖ കടന്ന ഇതിഹാസകാവ്യത്തിലെ ആദ്യവനിതയായി അവതരിപ്പിക്കുമ്പോള്‍ സംഘപരിവാറിന്‍െറ ആദര്‍ശസ്ത്രീമാതൃകക്കാണ് ഇളക്കം തട്ടുന്നത്. മാര്‍ഗരറ്റ് അറ്റ്വുഡും ആനി സെക്സ്റ്റണുമൊക്കെ ഇങ്ങനെ മിത്തുകളെയും നാടോടിക്കഥകളെയും അഴിച്ചുപണിഞ്ഞവരാണ്. ഞാനവരില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മിത്തുകളെ പുനര്‍നിര്‍വചിക്കുന്നു. കേരളത്തിലും തമിഴ്നാട്ടിലും കണ്ണകി ചാരിത്രത്തിന്‍െറ പ്രതീകമാണ്. എന്നാല്‍ എന്‍െറ കവിതയില്‍ അവള്‍ മിസ് മിലിറ്റന്‍സിയാണ്. സമരാസക്തിയുള്ളവള്‍. ഭരണകൂടത്തിന്‍െറ അനീതിക്കെതിരെ പ്രതികരിക്കുകയാണ് അവള്‍.
ഇന്ത്യ വോട്ടുചെയ്യുമോ മാറിനില്‍ക്കുമോ എന്നതിലുപരി കാര്യങ്ങള്‍ ആഴത്തില്‍ അപഗ്രഥിക്കേണ്ടതുണ്ട്. എല്‍.എല്‍.ആര്‍.സി (Lessons Learnt and Reconciliation Committee) നിര്‍ദേശങ്ങള്‍ ദ്രുതഗതിയില്‍ നടപ്പാക്കാന്‍ മാത്രമാണ് ശ്രമിക്കുന്നത്, യു.എന്‍ സംഘടനകളുടെ സഹായത്തോടെ. എല്‍.എല്‍.ആര്‍.സി മഹീന്ദ രാജപക്സെക്ക് ശ്രീലങ്കന്‍ ഗവണ്‍മെന്‍റിന്‍െറ മുന്‍ അറ്റോണി ജനറല്‍ സി.ആര്‍. ഡിസില്‍വയുടെ ഒരു ‘പ്രേമലേഖനം’ മാത്രമാണ്. ഈ റിപ്പോര്‍ട്ട് സത്യത്തില്‍ തമിഴ്വംശീയസ്വത്വത്തെ 2020ഓടെ പൂര്‍ണമായി ഇല്ലാതാക്കിക്കൊണ്ട് നടത്തുന്ന ഘടനാപരമായ വംശഹത്യയാണ്. ഇതിന്‍െറ പരിണതഫലമായി തമിഴ് സ്വത്വം ശ്രീലങ്കന്‍േറതായി മാറും. ചരിത്രപരമായി വടക്കുകിഴക്കന്‍ ശ്രീലങ്ക അഥവാ, ഈഴം തമിഴരുടേതായിരുന്നു. തമിഴ് ഭൂരിപക്ഷ പ്രദേശം എന്ന വാദം ഇല്ലാതാക്കാനായി അവിടങ്ങളില്‍ സിംഹളവംശജരെ ബലമായി കുടിയിരുത്തുകയും ചെയ്യുന്നുണ്ട്. യുദ്ധകാലത്തെ അതിക്രമങ്ങളെ കുറിച്ച് എല്‍.എല്‍.ആര്‍.സി സംസാരിക്കുന്നുമില്ല. നിരോധിക്കപ്പെട്ട ആയുധങ്ങള്‍, ക്ളസ്റ്റര്‍ ബോംബുകള്‍, രാസ ബോംബുകള്‍-നാപാം, വെള്ള ഫോസ്ഫറസ് മുതലായവയെ കുറിച്ചും. കീഴടങ്ങാന്‍ വെള്ളക്കൊടിയുമായി എത്തിയ നടേശന്‍, പുലിദേവന്‍ തുടങ്ങിയ എല്‍.ടി.ടി.ഇ നേതാക്കന്മാരുടെ അതിദാരുണമായ കൊലപാതകത്തെ കുറിച്ചും ഈ റിപ്പോര്‍ട്ട് പറയുന്നില്ല. കാണാതായവരെ കുറിച്ചുമില്ല. യുദ്ധത്തിന്‍െറ അവസാന നാളുകളില്‍ 40,000 മുതല്‍ ഒരു ലക്ഷം വരെ ആളുകള്‍ മരിച്ചുവീണതിനെ കുറിച്ചുമില്ല. ഇവയൊക്കെ കൊണ്ടുതന്നെ എല്‍.എല്‍.ആര്‍.സി നിര്‍ദേശങ്ങള്‍ നടപ്പാക്കാനുള്ള യു.എസ് തീരുമാനം പ്രഹസനം മാത്രമാണ്. ഇന്ത്യ സത്യത്തില്‍ ചെയ്യേണ്ടത് സ്വതന്ത്രമായ ഒരു അന്താരാഷ്ട്ര ഏജന്‍സിയെക്കൊണ്ട് തമിഴ് വംശഹത്യയെക്കുറിച്ച് അന്വേഷണം നടത്തിക്കുകയാണ്. ഇത്തരമൊരു പഠനം വംശഹത്യയില്‍ ഇന്ത്യയുടെ പങ്കുകൂടി വെളിവാക്കും. കശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഇന്ത്യ ഇത്തരം നരകങ്ങള്‍ ഇതിനകംതന്നെ സൃഷ്ടിച്ചിട്ടുണ്ടല്ലോ.
ഇങ്ങനെയാണ് നമ്മുടെ മാധ്യമങ്ങള്‍. ഇത് പ്രഭാകരന്‍െറ മകന്‍െറ മാത്രം മരണമല്ല, തമിഴ് വംശഹത്യതന്നെയാണ്. അതില്‍ മരിച്ചത് ഏറെയും തമിഴ് കുട്ടികളാണ്. വെടിച്ചീളുകള്‍ തറഞ്ഞുകയറിയ മുറിവുകളുമായി പിറന്നുവീഴുന്ന കുട്ടികള്‍... കൈ മുറിച്ചു മാറ്റേണ്ടിവന്ന ആറുമാസം പ്രായമായ കുട്ടി... പോളിത്തീന്‍ ബാഗില്‍ മകന്‍െറ ശവശരീരവുംകൊണ്ട് ദിവസങ്ങളോളം അലയേണ്ടിവന്ന നിസ്സഹായനായ ഒരു പിതാവ്. യുദ്ധം സൃഷ്ടിച്ച വിധവകള്‍, അനാഥര്‍, ബോംബാക്രമണത്തിലും അഭയാര്‍ഥിക്യാമ്പിലെ അടിച്ചേല്‍പിക്കപ്പെട്ട പട്ടിണിയിലും ജീവന്‍ വെടിഞ്ഞവര്‍. അവരും ഈ മാധ്യമങ്ങളില്‍ വരണം.
പല തലങ്ങളിലാണ് അവരുടെ ഭീഷണി നിലനില്‍ക്കുന്നത്. ദലിതര്‍, മുസ്ലിംകള്‍, ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍ എന്നിവര്‍ക്കെതിരായ വെറുപ്പിന്‍െറ രാഷ്ട്രീയമാണ് അവരുടേത്. ഒരുഭാഗത്ത്, മുസ്ലിംകളെ കൊന്നൊടുക്കുന്ന നരേന്ദ്രമോഡിയെ പോലുള്ളവര്‍, മറുഭാഗത്ത്, മുസ്ലിംകള്‍ക്ക് വോട്ടവകാശം നിഷേധിക്കണം എന്നാവശ്യപ്പെടുന്ന സുബ്രഹ്മണ്യം സ്വാമിയെപോലുള്ളവര്‍. ഇതേ കാവിരാഷ്ട്രീയമാണ് പബ്ബില്‍ കയറി സ്ത്രീകളെ ആക്രമിക്കുന്നത്. ദലിതരെ അപരാധികളാക്കുന്നതും സ്ത്രീകളെ അടിച്ചമര്‍ത്തുന്നതും ഇവരാണ്. അസമത്വത്തിനെതിരെ പൊരുതുന്ന ആരും സ്വാഭാവികമായും കാവിരാഷ്ട്രീയത്തെ എതിര്‍ക്കും.
ഉറക്കമില്ലാത്ത രാത്രികള്‍ തുടര്‍ച്ചയായി കടന്നുപോയപ്പോള്‍ ഫേസ്ബുക്കിലെഴുതിയതാണത്. ഞാന്‍ നിദ്രാവിഹീനയാണ്. പക്ഷേ, കടുത്ത ദു$ഖം വരുമ്പോള്‍ ഉറക്കം അസാധ്യമാവുന്നു. അങ്ങനെ നോക്കുമ്പോള്‍ ഉറക്കവും ഭക്ഷണവുമാണ് എന്‍െറ ഏറ്റവും വലിയ ശത്രുക്കള്‍. വൈകാരികസമ്മര്‍ദത്തിലായിരിക്കുമ്പോള്‍ എനിക്ക് ആഹാരം കഴിക്കാനോ ഉറങ്ങാനോ ആവില്ല. അങ്ങനെയാണ് ജീവിതം.
l