സിനിമയുടെ മാസ്മരലോകം പല പ്പോഴും ദുരൂഹമാണ്. ചിലര്‍ അതിന്‍െറ ചിട്ടവട്ടങ്ങളില്‍ വിലയംപ്രാപിക്കും. മറ്റുചിലര്‍ ലയിക്കാതെ മാറിനിന്ന് വീക്ഷിക്കും. 1955 മുതല്‍ 1986 വരെ പതിനേഴോളം ചിത്രങ്ങള്‍ സംവിധാനം ചെയ്ത ജെ.ഡി. തോട്ടാന്‍ സിനിമയുടെ കാണാമറയത്തു നില്‍ക്കാന്‍ ആഗ്രഹിച്ച വ്യക്തിയായിരുന്നു. അതുകൊണ്ടുതന്നെ, തോട്ടാന്‍െറ വഴികള്‍ വിഭിന്നവും വിചിത്രവുമായിരുന്നു. തെളിച്ചവഴികളിലൂടെ സഞ്ചരിക്കുന്നവരാണ് സിനിമാക്കാരില്‍ പലരും. പുതിയ വഴികള്‍ വെട്ടിത്തെളിക്കാന്‍ അവര്‍ക്ക് ബുദ്ധിമുട്ടുകളുണ്ട്, പ്രയാസങ്ങളുണ്ട്. കല്ലും മുള്ളും കുഴിയും കുന്നും പ്രതിബന്ധങ്ങളാകാം. സിനിമക്ക് ഇത്തരം പാഠങ്ങളും പാഠഭേദങ്ങളും നിരവധിയാണ്. താരങ്ങള്‍ മുതല്‍ സാങ്കേതികവിദഗ്ധര്‍ വരെയുള്ളവര്‍ അനുഭവസമ്പത്തുള്ളവരാകണം എന്നത് സിനിമയിലെ അലിഖിതനിയമമാണ്. നഷ്ടത്തിന്‍െറ കണക്കുകളില്‍നിന്നു രക്ഷപ്പെടാനുള്ള മാര്‍ഗമായിരുന്നു ഇത്തരം നിയമങ്ങള്‍. പക്ഷേ, അത്തരം നിയമങ്ങള്‍ തലകീഴ്മറിഞ്ഞ സന്ദര്‍ഭങ്ങളുണ്ട്. പുതുമക്കുവേണ്ടി മുന്നിട്ടിറങ്ങിയവര്‍ നേട്ടങ്ങള്‍ കൊയ്തെടുത്ത ചരിത്രവും നമ്മുടെ തിരുമുറ്റത്തുതന്നെ അവശേഷിക്കുന്നു.
ആരും ചിന്തിക്കാത്ത കാലത്താണ് ജെ.ഡി. തോട്ടാന്‍ പുതുമുഖങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് സിനിമയെടുക്കാന്‍ തന്‍േറടം കാണിച്ചത്. നായികയും നായകനും തിരക്കഥാകൃത്തും ഗാനരചയിതാവും എന്തിനേറെ സംവിധായകനും നിര്‍മാതാവുമൊക്കെ പുതുമുഖങ്ങള്‍. ചിറയിന്‍കീഴ് ഖദീജാ പ്രൊഡക്ഷന്‍െറ ‘കൂടെപ്പിറപ്പ്’ അമ്പതുകളുടെ മധ്യത്തിലെ സംഭവമായിരുന്നു. ടി.ആര്‍. മഹാലിംഗവും ടി.ആര്‍. രാജകുമാരിയും ത്യാഗരാജഭാഗവതരും അഭിനയിച്ച പഴയ തമിഴ്ചിത്രങ്ങള്‍ കാണാന്‍ തിയറ്ററുകളില്‍ ജനം ഇടിച്ചുകയറുന്ന കാലം. 1956ല്‍ അഞ്ചു മലയാളചിത്രങ്ങളായിരുന്നു കേരളത്തില്‍ റിലീസ് ചെയ്തത് (‘അവരുണരുന്നു’, ‘ആത്മാര്‍പ്പണം’, ‘മന്ത്രവാദി’, ‘രാരിച്ചന്‍ എന്ന പൗരന്‍’ എന്നിവയായിരുന്നു മറ്റു ചിത്രങ്ങള്‍). അതിലൊന്നായിരുന്നു ‘കൂടെപ്പിറപ്പ്’. തോട്ടാന്‍െറ ഈ കന്നിച്ചിത്രം ബോക്സോഫിസ് തകര്‍ത്തുമുന്നേറി.
ചിറയിന്‍കീഴുകാരന്‍ അബ്ദുല്‍ വഹാബ് എന്ന പ്രേംനവാസാണ് നായകന്‍. തിരുവിതാംകൂര്‍ സഹോദരിമാരെന്ന് അറിയപ്പെട്ടിരുന്ന ലളിത, പത്മിനി, രാഗിണിമാരുടെ ബന്ധുവായ അംബിക നായിക. പോഞ്ഞിക്കര റാഫിയുടെ ആദ്യ തിരക്കഥ. വയലാര്‍ രാമവര്‍മയുടെ ആദ്യ സിനിമാഗാനങ്ങള്‍. കെ. രാഘവനായിരുന്നു സംഗീതം. ഒരുപക്ഷേ, ആദ്യമായി സ്വാതിതിരുനാളിന്‍െറ കൃതി ഉപയോഗിച്ചതും ഈ ചിത്രത്തിലായിരിക്കണം. മലയാളസിനിമയിലെ നവീനമായ ഗാനസരണിയാണ് ‘കൂടെപ്പിറപ്പി’ല്‍ അന്നത്തെ പ്രേക്ഷകര്‍ ശ്രവിച്ചത് (എ.എം. രാജയും ശാന്താ പി. നായരും പാടിയ ‘‘അങ്ങാടീല്‍ തോറ്റുമടങ്ങിയ...’’, രാഘവനും സംഘവും ആലപിച്ച ‘‘ആയിരം കൈകളില്‍...’’, ‘‘ബുദ്ധം ശരണം ഗച്ഛാമി...’’, എം.എല്‍. വസന്തകുമാരിയുടെ ‘‘അലര്‍ശരപരിതാപം...’’, ‘‘മണിവര്‍ണനെ ഇന്നു ഞാന്‍ കണ്ടൂ സഖീ...’’, എ.എം. രാജയുടെ ‘‘മാനസറാണീ...’’, ശാന്താ പി. നായരുടെ ‘‘ചിങ്കാരപ്പെണ്ണിന്‍െറ...’’, ‘‘പൂമുല്ല പൂത്തല്ലോ...’’, ‘‘തുമ്പീതുമ്പീ വാ വാ...’’(വയലാറിന്‍െറ ആദ്യഗാനം), ‘‘പാത്തുമ്മാ ബീവിതന്‍...’’ തുടങ്ങിയ ഗാനങ്ങള്‍). ചിറയിന്‍കീഴ് ഖദീജാ തിയറ്റര്‍ ഉടമ എം.എ. റഷീദ് നിര്‍മാതാവ്. അതുവരെ സഹസംവിധായകന്‍െറ മേലങ്കിയുമായി തെലുങ്കിലും കന്നടയിലും തമിഴിലും ഓടിനടന്നിരുന്ന ജെ.ഡി. തോട്ടാന്‍ എന്ന യുവാവ് സ്വതന്ത്രസംവിധായകനാകുന്നു. പുതുമകളുടെ തേരോട്ടം. 1955 തോട്ടാന്‍െറ ജീവിതത്തിലും കാലം മാറ്റങ്ങള്‍ കുറിച്ചിട്ടു.
1946ല്‍ മൈസൂരിലെ നവജ്യോതി ഫിലിം കമ്പനിയിലെത്തിയതോടെയാണ് ഇരിങ്ങാലക്കുടക്കാരന്‍ ജെ.ഡി. തോട്ടാന്‍െറ സിനിമാജീവിതം ആരംഭിക്കുന്നത്. നിരവധി തമിഴ്, തെലുങ്ക്, കന്നട സിനിമകളുടെ സഹസംവിധായകനായി. 1950ല്‍ മദ്രാസിലെത്തിയ തോട്ടാന്‍ നിരവധി മലയാളചിത്രങ്ങള്‍ക്കുവേണ്ടിയും പ്രവര്‍ത്തിച്ചു. രണ്ടു വര്‍ഷത്തിനുശേഷം അസോസിയേറ്റഡ് ഫിലിംസിന്‍െറ ‘ആശാദീപം’ ( ജി.എസ്. റാവു), ‘സ്നേഹസീമ’ (എസ്.എസ്. രാജന്‍) തുടങ്ങിയ ചിത്രങ്ങള്‍ക്ക് സഹസംവിധായകനായി. 1959ല്‍ തോട്ടാന്‍ സംവിധാനം ചെയ്ത ‘ചതുരംഗ’ത്തിന് മെറിറ്റ് സര്‍ട്ടിഫിക്കറ്റു ലഭിച്ചപ്പോള്‍ അതൊരു വാര്‍ത്തയായി. കാരണം, വ്യത്യസ്തമായ കഥപറച്ചിലായിരുന്നു അതിന്‍െറ ശക്തി. ഇതിലെ പാട്ടുകള്‍ക്കും വന്‍ പ്രചാരണമാണ് ലഭിച്ചത് (ദേവരാജന്‍െറ ‘‘ജന്മാന്തരങ്ങളില്‍...’’, വസന്തകുമാരിയുടെ ‘‘ഓടക്കുഴലുംകൊണ്ടോടി വരും...’’, വസന്തകുമാരി കെ.എസ്. ജോര്‍ജ് ടീമിന്‍െറ ‘‘കാറ്റേ വാ കടലേ വാ...’’, പട്ടം സദന്‍, കുമരേശന്‍ ടീമിന്‍െറ ‘‘പെണ്ണിന്‍െറ ചിരിയും...’’ തുടങ്ങിയ ഒമ്പതോളം ഗാനങ്ങള്‍).
1963ല്‍ പുറത്തുവന്ന ‘കന്യാരത്നം’ എന്ന കന്നടച്ചിത്രം തോട്ടാന്‍െറ ജീവിതത്തില്‍ സുപ്രധാന സംഭവമായി. സാമൂഹികപ്രസക്തിയുള്ള കഥാപാത്രത്തെ രാജ്കുമാര്‍ ആദ്യമായി ഈ ചിത്രത്തിലാണ് അവതരിപ്പിക്കുന്നത്. നൂറുദിവസം ഓടിയ ‘കന്യാരത്നം’ തോട്ടാന്‍െറ ജീവിതത്തില്‍ പല മാറ്റങ്ങളും സൃഷ്ടിക്കേണ്ടതായിരുന്നു. പക്ഷേ, സ്വന്തം ഭാഷയോടുള്ള ആഭിമുഖ്യം മനസ്സില്‍ കത്തിനില്‍ക്കുമ്പോള്‍ ആഘോഷങ്ങളൊന്നും തോട്ടാന്‍െറ മനസ്സില്‍തൊട്ടില്ല. വീണ്ടും മദ്രാസില്‍ മടങ്ങിയെത്തി. 1964ല്‍ ടി.ഇ. വാസുദേവന്‍ നിര്‍മിക്കുന്ന ‘കല്യാണഫോട്ടോ’യുടെ പണിയാരംഭിക്കുന്നു. ചെമ്പില്‍ ജോണിന്‍െറ നോവലായിരുന്നു പ്രമേയം. സാമ്പത്തികമായി ‘കല്യാണഫോട്ടോ’ വന്‍ വിജയമായി. എന്നാല്‍, 1965ല്‍ പുറത്തിറങ്ങിയ ‘സര്‍പ്പക്കാടി’ന്‍െറ പരാജയത്തെത്തുടര്‍ന്ന് തോട്ടാന്‍ വര്‍ഷങ്ങളോളം നിശ്ശബ്ദനായി കഴിയേണ്ടിവന്നു. അക്കാലത്തെക്കുറിച്ച് അദ്ദേഹം ഒരിക്കല്‍ പറഞ്ഞു: ‘‘അന്നത്തെ ആ അടിക്കുശേഷം കുറെനാള്‍ ഞാന്‍ നിശ്ശബ്ദനായി. ആ നിശ്ശബ്ദതയില്‍, മൗനത്തില്‍ ഞാന്‍ പലതും പഠിച്ചു. പക്ഷേ, ആ മാനസികാവസ്ഥ ഒരു മടങ്ങിപ്പോക്കിന് എന്ന പ്രേരിപ്പിച്ചില്ല. മറ്റൊന്നുമറിയാത്ത ഞാന്‍ സിനിമയെന്ന മായാപ്രപഞ്ചത്തിന്‍െറ മുഖത്ത് സംഭവിച്ച മാറ്റങ്ങളും മറിച്ചിലുകളും നോക്കിയിരുന്നു, കൗതുകത്തോടെ. പിന്നെ, ‘അനാഥ’, ‘വിവാഹം സ്വര്‍ഗത്തില്‍’, ‘ഓമന’, ‘ചെക്പോസ്റ്റ്’ തുടങ്ങിയ ചിത്രങ്ങള്‍ ചെയ്തു. വിട്ടുവീഴ്ചകളുടെയും വെറുംവീഴ്ചകളുടെയും നടുവില്‍പ്പെട്ട് പലതും ചെയ്യാന്‍ കഴിഞ്ഞില്ല. ചിലതു വിജയിച്ചു, ചിലതു തകര്‍ന്നടിഞ്ഞു.’’
അറുപതുകളുടെ മധ്യത്തോടെ സിനിമയുടെ മുഖംമാറുന്നത് തോട്ടാന്‍ മനസ്സിലാക്കി. കുടുംബകഥകളുടെ വിരസതകൊണ്ടായിരിക്കണം മസാലച്ചിത്രങ്ങള്‍ തലപൊക്കി. അടിയും പിടിയുമൊക്കെ കടന്നുവന്നു. പല സംവിധായകരും ഗതിമാറി സഞ്ചരിക്കാന്‍ തുടങ്ങുന്നത് തോട്ടാന്‍ കണ്ടു. നിശ്ശബ്ദമായി വേദനിച്ചു. മറ്റു ഭാഷകളിലെ കടുത്ത വര്‍ണങ്ങളുടെ സ്വാധീനം മലയാളത്തെ ദുഷിപ്പിക്കാന്‍ തുടങ്ങുന്നത് അക്കാലത്തായിരുന്നു. ആത്മാര്‍ഥതയുള്ള സംവിധായകര്‍ രണ്ടുതട്ടിലായി. എന്തു ചെയ്യണം, എന്തു ചെയ്യാന്‍ പാടില്ല എന്ന കാര്യത്തില്‍ പലരിലും സന്ദേഹങ്ങള്‍ വളര്‍ന്നു. ഒരു ദശാസന്ധിയുടെ തുടക്കം. സേതുമാധവനും പി. ഭാസ്കരനുമൊക്കെ രംഗത്തുനിന്ന് തല്‍ക്കാലം മാറിനിന്നു.
1985ല്‍ ‘അതിര്‍ത്തികളു’മായാണ് തോട്ടാന്‍ വീണ്ടും രംഗത്തുവരുന്നത്. എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥ. വ്യക്തികളുടെ മനസ്സിന് പ്രാധാന്യം നല്‍കുന്ന ഇതിവൃത്തം. ചിത്രത്തിന്‍െറ പണി തുടങ്ങിയപ്പോഴേക്കും താരങ്ങളും മറ്റും കോക്കസിന്‍െറ ചുറ്റുവട്ടങ്ങളിലായെന്ന് അദ്ദേഹം അറിയുന്നു. രാജ്കുമാര്‍, ശ്രീവിദ്യ, ജലജ, മധു തുടങ്ങിയ കൈയിലൊതുങ്ങുന്ന താരങ്ങളെ മുന്‍നിര്‍ത്തി ചിത്രം സ്വയം നിര്‍മിച്ചു. അതൊരു പരീക്ഷണമായിരുന്നു എന്നറിയാന്‍ സമയം വൈകിയിരുന്നു. സിനിമയുടെ വിപണനതന്ത്രങ്ങള്‍ തോട്ടാന്‍െറ കാഴ്ചവട്ടത്തിനപ്പുറമായിരുന്നു. ‘അതിര്‍ത്തികള്‍’ക്ക് മാര്‍ക്കറ്റിലെ അതിര്‍ത്തികളെ ഭേദിക്കാനായില്ല. ഇരുത്തംവന്ന സംവിധായകനെന്ന തന്‍െറ പ്രസക്തിക്ക് കാര്യമായ ഇടം കണ്ടെത്താനുമായില്ല. നിര്‍മാണച്ചെലവൊക്കെ അധികരിച്ചിരിക്കുന്നു എന്ന യാഥാര്‍ഥ്യം അദ്ദേഹത്തെ അദ്ഭുതപ്പെടുത്തി. സിനിമാലോകം തന്നെ കൈവിടുകയാണോ എന്നദ്ദേഹം ഭയന്നു. ഗ്രാമത്തിലേക്കുള്ള അവസാനത്തെ ബസും നഷ്ടപ്പെട്ട ഒരു യാത്രക്കാരന്‍െറ മുഖവും മാനസികാവസ്ഥയുമാണ് അക്കാലത്ത് ഞാന്‍ ആ സാധുമനുഷ്യനില്‍ കണ്ടത്. താന്‍ സിനിമക്കുവേണ്ടി അധ്വാനിച്ച നാല്‍പതു വര്‍ഷം ഒന്നുമല്ലാതാകുകയാണോ?
1985 ഒക്ടോബറില്‍ കോടമ്പാക്കത്തെ കരുവാളിച്ച ഒരു സന്ധ്യയിലാണ് ഞാനദ്ദേഹത്തെ അവസാനമായി കാണുന്നത്. സിനിമയൊക്കെവിട്ട് മക്കളോടൊപ്പം പോകുന്നതിനു മുമ്പ്. ‘അതിര്‍ത്തികള്‍’ ഏല്‍പിച്ച വ്യഥ അദ്ദേഹത്തിന്‍െറ പ്രായമായ കണ്ണുകളില്‍ തളംകെട്ടി നില്‍ക്കുന്നുണ്ടായിരുന്നു. കോടമ്പാക്കത്തെ യുനൈറ്റഡ് ഇന്ത്യ കോളനിയിലെ സര്‍ക്കുലര്‍ റോഡിലെ ഇരുപത്തൊമ്പതാം നമ്പറിലെ ഇരുണ്ട വാടകവീട്ടിലേക്ക് അദ്ദേഹം എന്നെ കൂട്ടിക്കൊണ്ടുപോയി (ഇലക്ട്രിസിറ്റിബോര്‍ഡ് അന്ന് ആ വീട്ടിലെ ഫ്യൂസ് ഊരിയെടുത്തിരുന്നു). ഭാര്‍ഗവീനിലയംപോലുള്ള വിശാലമായ ആ വീട്ടിലാണ് അദ്ദേഹം വര്‍ഷങ്ങളായി താമസിക്കുന്നത്. ‘അതിര്‍ത്തികളു’ടെ ചിന്തകളും കടലാസുപണികളും ആരംഭിക്കുന്നതുതന്നെ ഈ ഏകാന്തതയിലായിരുന്നു എന്നദ്ദേഹം പറഞ്ഞു. മുനിഞ്ഞുകത്തുന്ന മേശവിളക്കിന്‍െറ മുന്നിലിരുന്ന് ആത്മഗതംപോലെ, ദു$ഖത്തോടെ അദ്ദേഹം പറഞ്ഞു: ‘‘സിനിമയല്ലാതെ മറ്റൊന്നുമെനിക്കറിയില്ല. എന്‍െറ ജീവന്‍ സിനിമയുടെ വിശാലമായ മാറിലെവിടെയോ കിടക്കുകയാണ്. മറ്റെന്തെങ്കിലും പണി അറിയാമായിരുന്നെങ്കില്‍ ഞാന്‍ ഈ രംഗത്തേക്ക് വരില്ലായിരുന്നു. ഒരു ജീവിതകാലംമുഴുവന്‍ അന്വേഷണങ്ങളുടെ പിന്നിലായിരുന്നു. അവസരങ്ങള്‍ നാമറിയാതെ തെന്നിമാറുന്നു എന്നറിയാന്‍ കാലം വേണ്ടിവന്നു. ക്രിയേറ്റിവായിട്ടുള്ളവര്‍ക്കിടയില്‍ ഇത്തരത്തിലൊരു അവസ്ഥ ഉണ്ടാകുന്നത് കഷ്ടമാണ്. ഈ ജീവിതത്തില്‍ ഞാന്‍ തികച്ചും നിരാശനാണ്’’, അത്രയും പറഞ്ഞ് തോട്ടാന്‍ ഏറെ നേരം നിശ്ശബ്ദനായിരുന്നു. മങ്ങിയ പ്രകാശത്തില്‍ കറുത്ത ചെറുപാടുകളുള്ള ആ മുഖത്ത് ഒരു സമുദ്രം അലതല്ലുന്നത് എനിക്കു കാണാമായിരുന്നു. ഏറെവൈകി യാത്രപറഞ്ഞിറങ്ങുമ്പോള്‍ അത് അവസാനത്തെ കൂടിക്കാഴ്ചയാണെന്ന് ഞാന്‍ കരുതിയിരുന്നില്ല. താമസിയാതെ തോട്ടാന്‍ കോടമ്പാക്കംവിട്ട് അണ്ണാനഗറിലെ മകളുടെ വീട്ടിലേക്ക് യാത്രയായി. പിന്നീട് സിനിമയുടെ ചുറ്റുവട്ടങ്ങളിലൊന്നും ഞാന്‍ അദ്ദേഹത്തെ കണ്ടില്ല.
സിനിമയുടെ പിന്നിലും മുന്നിലുമായി തോട്ടാന്‍ വര്‍ഷങ്ങള്‍ സഞ്ചരിച്ചു. ഒരുപക്ഷേ, കന്നടയില്‍ നിന്നിരുന്നെങ്കില്‍ അവിടത്തെ ഒരു സൂപ്പര്‍ഹിറ്റ് സംവിധായകനാകുമായിരുന്നു. അതുണ്ടായില്ല. മാതൃഭാഷാപ്രണയം അദ്ദേഹത്തെ വീണ്ടും കോടമ്പാക്കത്തിന്‍െറ തരിശുനിലത്തിലെത്തിച്ചു. ഇരിങ്ങാലക്കുടക്കാര്‍ അവരുടെ വെബ്സൈറ്റില്‍പോലും ജെ.ഡി. തോട്ടാനെ മറക്കാന്‍ തയാറല്ല. ‘കൂടെപ്പിറപ്പി’ന്‍െറ പേരില്‍ അവര്‍ അദ്ദേഹത്തെ ആദരിക്കുന്നുണ്ട്. തോട്ടാന്‍ സഞ്ചരിച്ച വഴിത്താരകളും ക്ഷീരപഥങ്ങളും വിസ്മൃതിയിലായെന്നിരിക്കാം. അതിര്‍ത്തികള്‍ക്കുശേഷം അദ്ദേഹത്തിന്‍െറ മനസ്സിലേറ്റ നിരാശയുടെ അഗ്നിനാളങ്ങളും കടങ്കഥകളായി മാറിയേക്കാം. പക്ഷേ, ജെ.ഡി. തോട്ടാനെന്ന മനുഷ്യന്‍ സ്വന്തം ജീവിതത്തില്‍ കാത്തുസൂക്ഷിച്ച, പരിപാലിച്ച നന്മയുടെ ചെറുരശ്മികള്‍ ഇന്നത്തെ തിരക്കേറിയ സിനിമാക്കാരില്‍ ആര്‍ക്കെങ്കിലും ഉള്‍ക്കൊള്ളാനാവുമോ?