Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
kurichyar mala
cancel
Homechevron_rightTravelchevron_rightNaturechevron_rightകുറിച്യര്‍ മലയിലേക്ക്...

കുറിച്യര്‍ മലയിലേക്ക് യാത്ര അവസാനിക്കുന്നില്ല

text_fields
bookmark_border

അറിയാത്ത സ്ഥലങ്ങളിലേക്കുള്ള അപ്രതീക്ഷിതമായ യാത്രകള്‍ക്ക് വല്ലാത്ത ജീവനുണ്ടാകും. മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ച യാത്രയുടെ അവസാനം എവിടാണെന്ന് ധാരണയുണ്ടാകും. എന്നാല്‍ യാതൊരു മുന്‍ധാരണകളോ റൂട്ട് മാപ്പോ ഇല്ലാതെ എവിടേക്കെന്നില്ലാതെയുള്ള യാത്ര വാക്കുകള്‍ക്കപ്പുറത്താണ്. അവ ചിലപ്പോള്‍ വീടിന് തൊട്ടടുത്ത സ്ഥലങ്ങളാകാം അല്ലെങ്കില്‍ നൂറുകണക്കിന് കിലോമീറ്ററുകള്‍ക്കപ്പുറത്തേക്കുമാകാം. ഇത്തരം അപ്രതീക്ഷിത യാത്രകളാണ് പലപ്പോഴും ജീവീതത്തില്‍ ഒരിക്കലും കാണാന്‍ സാധിക്കില്ലെന്നു കരുതുന്ന കാഴ്ചകളിലേക്ക് കൊണ്ടെത്തിക്കുന്നത്.

കനത്ത മഴയുടെ ആലസ്യത്തില്‍ നിന്നും ഉണരാതെ സെപ്റ്റംബര്‍ ഒക്ടോബര്‍ മാസങ്ങളില്‍ ഋതുമതിയായി നില്‍ക്കുന്ന വയനാടിനോളം സുന്ദരിയായ മറ്റൊരിടം വിരളമായിരിക്കും. ഒരു ദിവസം പതിവ് പോലെ സുഹൃത്തായ ജോണ്‍സന്‍ വീട്ടിലെത്തി. എവിടേക്കോ പോകുന്നതിനിടെ വീട്ടില്‍ കയറിയതാണ്. പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതിരുന്ന ഞാന്‍ ചോദിച്ചു, ഏങ്ങോട്ടെങ്കിലും പോയാലോ എന്ന്. അവൻെറ ബൈക്ക് ഉപയോഗിച്ച് അധികം ദൂരം പോകാന്‍ പറ്റില്ല. ഏതെങ്കിലും ഒരു കമ്പനിയുടേതെന്ന് അവകാശപ്പെടാന്‍ സാധിക്കാത്ത ബൈക്കായിരുന്നു അത്. ബജാജ്, ഹോണ്ട, ഹീറോ തുടങ്ങിയ മിക്ക പ്രമുഖ കമ്പനികളുടേയും പാര്‍ട്‌സുകള്‍ ആ ബൈക്കിലുണ്ടായിരുന്നു. എന്തായാലും പോകാമെന്നായപ്പോള്‍ കുടയുമെടുത്ത് ഇറങ്ങി.

മഴ ചിണുങ്ങിച്ചിണുങ്ങി പെയ്യുന്നുണ്ടായിരുന്നു. വീട്ടില്‍ നിന്നുള്ള ചെറിയ വഴി പിന്നിട്ട് ബൈക്ക് മെയില്‍ റോട്ടില്‍ കയറിയപ്പോള്‍ ജോണ്‍സന്‍ പറഞ്ഞു പൊഴുതന പോകാമെന്ന്. അങ്ങനെ പൊഴുതനക്ക് തിരിച്ചു. വൈത്തിരിയില്‍ നിന്നും പടിഞ്ഞാറത്തറയിലേക്കുള്ള വഴിയിലാണ് പൊഴുതന. വൈത്തിരിയില്‍ പൊഴുതന വഴി പടിഞ്ഞാറത്തറക്കുള്ള യാത്ര ഒരു സഞ്ചാരിക്കും നഷ്ടമാകില്ല. കാട്ടിലൂടെയാണ് വൈത്തിരിയില്‍ നിന്നും പാത ആരംഭിക്കുന്നത്. വളഞ്ഞ പുളഞ്ഞ് പോകുന്ന വഴിയിലൂടെ കുറച്ചു ദൂരം പിന്നിടുമ്പോള്‍ പൊഴുതനയെത്തും. തേയിലത്തോട്ടങ്ങളുടെ ചാരുതയായി പിന്നീടങ്ങോട്ട്. വീണ്ടും സഞ്ചരിച്ചാല്‍ വനമാണ്. പിന്നീട് ബാണാസുര സാഗര്‍ ഡാമിന്റെ വൃഷ്ടി പ്രദേശം. വെള്ളക്കെട്ടുകള്‍ക്കിടയില്‍ അങ്ങിങ്ങായി പൊന്തി നില്‍ക്കുന്ന കുന്നുകള്‍ ഈ വഴി നീളെ കാണാം.


കാവുമന്ദത്തുനിന്നും പന്നിയോറ വഴി പൊഴുതനയിലേക്ക് വണ്ടി തിരിച്ചു. വര്‍ഷവും നന്നാക്കുകയും പൊളിയുകയും ചെയ്യുന്ന റോട്ടിലൂടെ ബൈക്ക് നീങ്ങി. ഇടക്ക് ബൈക്കിന്റെ പാര്‍ട്‌സ് ഇളകിപ്പോകുമോ എന്നു പേടിച്ചു. പൊഴുതനയെത്തി വീണ്ടും മുന്നോട്ട് പോയി. കുറച്ചു ദൂരം പോയപ്പോള്‍ വലത്തേക്ക് ഒരു വഴിയും കുറിച്യര്‍ മല എന്ന ബോര്‍ഡും കണ്ടു. തോയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ അപ്രത്യക്ഷമാകുന്ന വഴിയായിരുന്നു അത്. എന്തായാലും ആ വഴി തെരഞ്ഞെടുത്തു.

പണ്ടെന്നോ ടാറ് ചെയ്തതിന്റെ ഗൃഹാതുരത്വം ഉണര്‍ത്തുന്നതായിരുന്നു റോഡ്. അങ്ങിങ്ങായി ടാറ് പറ്റിയ കല്ലുകള്‍ കിടന്നിരുന്നു. ഗട്ടര്‍ റോഡിലൂടെ ട്രാക്ടര്‍ നീങ്ങുന്ന ശബ്ദത്തോടെ ബൈക്ക് നീങ്ങി. വണ്ടിയെങ്ങാനും വഴിയില്‍ കുടുങ്ങിയാല്‍ മൂന്നു കിലോമീറ്ററോളം നടന്നാലെ ആള്‍ത്താമസം ഉള്ളിടത്തെത്താന്‍ സാധിക്കൂ. വനവും തേയിലത്തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും നിറഞ്ഞ വിജനമായ വഴി. എവിടെയും മനുഷ്യനെയോ മൃഗങ്ങളെയോ കാണാനില്ല. വഴി തീരുന്നിടം വരെ
പോകാമെന്നുറച്ച് മുന്നോട്ട് പോയി.


നാല് കീലോ മീറ്ററോളം പോയപ്പോള്‍ വഴി രണ്ടായി പിരിഞ്ഞു. ഈ കവലയില്‍ പാടികളുണ്ടായിരുന്നു. തേയിലത്തോട്ടത്തിലെ പണിക്കാരുടെ താമസ സ്ഥലമാണ് പാടി. കുട്ടികള്‍ പാടികളുടെ മുറ്റത്ത് ഓടിക്കളിക്കുന്നുണ്ടായിരുന്നു. മുതിര്‍ന്നവരെയാരെയും കണ്ടില്ല. ഇവിടം നിന്നും ഇടത്തെ വഴിയാണ് തെരഞ്ഞെടുത്തത്. ഇരുവശത്തും കാപ്പിത്തോട്ടമായിരുന്നു. പ്രായം ചെന്ന കാപ്പിയായിരുന്നതിനാല്‍ കാര്യമായ കാ പിടുത്തമില്ല. ഈ സമയത്താണ് കാപ്പയില്‍ കുരു പിടിക്കുന്നത്.

പലതും വെട്ടിനിര്‍ത്തിയിട്ടുണ്ട്. കാപ്പി വെട്ടിയൊരുക്കുന്നതിന് റെക്കയെടുക്കുക എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇടവിട്ട വര്‍ഷങ്ങളില്‍ കാപ്പിക്കമ്പിന്റെ അറ്റം ചെറുതായി വെട്ടിക്കളഞ്ഞാല്‍ കുരുപിടിക്കുന്നത് വര്‍ധിക്കും. ഇതിനായി പ്രത്യേകം പണിക്കാരുമുണ്ടായിരുന്നു. കാപ്പിയുല്‍പ്പാദനം കുറഞ്ഞതോടെ ഈ പണിയറിയാവുന്നവരുടെ എണ്ണവും ഗണ്യമായി കുറഞ്ഞു.


മുന്നിലുള്ളത് കുത്തനെയുള്ള കയറ്റമാണ്. കയറ്റം കണ്ടപ്പോള്‍ വണ്ടിയൊന്നു നിര്‍ത്തി. ഞാന്‍ എന്തെങ്കിലും പറയുന്നതിന് മുമ്പ് തന്നെ ജോണ്‍സന്‍ ബൈക്ക് മുന്നോട്ടെടുത്തു. കയറ്റം പകുതിയെത്തിയപ്പോള്‍ ഭഗവതി ക്ഷേത്രം കണ്ടു. അടുത്ത കാലത്തൊന്നും പൂജയോ മറ്റോ നടന്നതിന്റെ ലക്ഷണമില്ല. വിശേഷ ദിവസങ്ങളില്‍ മാത്രം പൂജനടത്തുന്ന ക്ഷേത്രമായിരിക്കാം ഇത്. ബാക്കി കയറ്റം കൂടി കയറാന്‍ ബൈക്കിന്റെ ആരോഗ്യസ്ഥിതി സമ്മതിക്കാത്തതിനാല്‍ അവിടെ നിന്നും തിരിക്കാന്‍ തീരുമാനിച്ചു. കുത്തനെയള്ള ഇറക്കം ഇറങ്ങി വീണ്ടും പഴയ കവലയിലെത്തി.

ദൂരെയെവിടെയോ വെള്ളച്ചാട്ടത്തിന്റെ ശബ്ദം കേട്ടപ്പോള്‍ അതന്വേഷിച്ചു പോകാമെന്നായി. അങ്ങനെ ശബ്ദം കേട്ട വഴിയിലേക്ക് വണ്ടി തിരിച്ചു. അല്‍പ്പ ദൂരം മുന്നോട്ട് പോയപ്പോള്‍ മരപ്പാലമായി. വലിയ തടികള്‍ കൊണ്ട് ഉണ്ടാക്കിയ ഒന്നാന്തരം പാലം. ഭീമന്‍ മരങ്ങള്‍ തോടിന് കുറുകെ വെച്ച് കെട്ടി അതിന് മുകളില്‍ പലക നിരത്തിയിരിക്കുകയാണ്. പാലത്തിന്റെ അടിയില്‍ നിന്നും നോക്കിയാല്‍ പാലത്തിനുപയോഗിച്ച വന്‍ മരങ്ങള്‍ കാണാം. മനോഹരമായ കൈവരിയും പിടിപ്പിച്ചിട്ടുണ്ട്.

വഴിയിലെ മരപ്പാലം
കുറച്ചു കൂടി മുന്നോട്ട് പോയപ്പോള്‍ വെള്ളച്ചാട്ടത്തിന്റെ ശബ്ദം കൂടിക്കൂടി വന്നു. വെള്ളച്ചാട്ടത്തിന് അടുത്തെത്തിയെന്ന് മനസിലായപ്പോള്‍ ബൈക്ക് നിര്‍ത്തി. ചെറിയൊരു ഇടവഴി വെള്ളച്ചാട്ടത്തിന് സമീപത്തേക്ക് പോകുന്നുണ്ടായിരുന്നു. വള്ളിക്കെട്ടുകള്‍ക്കിടയിലൂടെ കുത്തനെയുള്ള ഇറക്കത്തിലൂടെ ഞങ്ങള്‍ പതിയെ താഴേക്കിറങ്ങി.
വലുതല്ലെങ്കിലും മനോഹരമായ വെള്ളച്ചാട്ടത്തിന് സമീപത്തെത്തി. ഉരുളന്‍ പാറക്കല്ലുകളില്‍ തട്ടിച്ചിതറി ആര്‍ത്തുല്ലസിച്ച് പതഞ്ഞെത്തുന്ന വെള്ളം പാറക്കെട്ടിലൂടെ താഴേക്ക് കുത്തിയൊഴുകുകയാണ്. മലമുകളില്‍ നിന്നും വരുന്നതിനാലാകാം തെളിഞ്ഞ വെള്ളമായിരുന്നു. കുറേ ദൂരം പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ ഒഴികിയെത്തുന്ന വെള്ളം ചെറിയൊരു കുഴിയിലെത്തിയ ശേഷമാണ് വെള്ളച്ചാട്ടമായി താഴേക്ക് പതിക്കുന്നത്.
വെള്ളത്തിലെ വലിയ വാൽമാക്രികൾ
വാല്‍മാക്രിയുടെ വലിപ്പത്തെക്കുറിച്ചുള്ള സങ്കല്‍പ്പമെല്ലാം അവിടെ വെച്ച് തകിടം മറിഞ്ഞു. തവളയുടെ അത്രതന്നെ വലിപ്പമുള്ള വാല്‍മാക്രികള്‍ തെളിഞ്ഞ വെള്ളത്തിലൂടെ പുളച്ചു നടക്കുന്നു. വാല്‍മാക്രികള്‍ക്കിടയിലൂടെ ചെറിയ, പല വര്‍ണങ്ങളിലുള്ള മീനുകളുമുണ്ടായിരുന്നു.

പാറയില്‍ കയറി നിന്ന് ഫോട്ടോ എടുക്കുമ്പോളാണ് അടുത്ത കാഴ്ച കണ്ടത്. അസാമാന്യ വലിപ്പമുള്ള മഞ്ഞ നിറമുള്ള ഒച്ച് പാറയുടെ മുകളില്‍ വിശ്രമിക്കുന്നു. കാല്‍പ്പെരുമാറ്റം കേട്ടതോടെ തല ഇളക്കി നോക്കി. എന്നിട്ട് പതുക്കെ നീങ്ങാന്‍ തുടങ്ങി. ശല്യം ചെയ്യേണ്ടെന്ന് കരുതി ഉടന്‍ തന്നെ ഞാന്‍ അവിടെ നിന്നും മാറി. ജീവിതത്തിലാധ്യമായാണ് ഇത്രയും വലുതും മഞ്ഞ നിറമുള്ളതുമായ ഒച്ചിനെ കാണുന്നത്. അതിജീവനത്തിന് വേണ്ടി ക്ലേശിക്കുന്ന ഇനത്തില്‍പെടുന്ന ഒച്ചായിരിക്കാം ഇത്. പണ്ട് വയനാട്ടില്‍ ധാരാളം മഴ ലഭിച്ചിരുന്ന സമയത്ത് നിറയെ ഒച്ചുകളുണ്ടായിരുന്നു. പിന്നീട് ചൂടുകൂടിയതോടെ മഴക്കാലത്ത് വല്ലപ്പോളും കാണുന്ന ജീവിയായി ഒച്ച് മാറി. രണ്ട് തരം ഒച്ചുകളയെ ഇപ്പോള്‍ കാണാനുള്ളു.

വെള്ളച്ചാട്ടം

മഴക്കാലത്തുമാത്രം സജീവമാകുന്ന വെള്ളച്ചാട്ടാണിത്. മലമുകളില്‍ നിന്നുമെത്തുന്ന വെള്ളമാണ് വെള്ളച്ചാട്ടത്തിന് ശക്തി പകരുന്നത്. പരിസരത്ത് നിരവധി പക്ഷികളും പൂമ്പാറ്റകളും തുമ്പികളും പാറിനടക്കുന്നുണ്ട്. വെള്ളച്ചാട്ടത്തിന്റെ ശബ്ദത്തെ ഭേധിച്ചുകൊണ്ട് കിളികളുടെ പാട്ടുകള്‍ ഉയര്‍ന്നു വന്നു. ഇളം വെയില്‍ മരത്തലപ്പുകള്‍ക്കിടയിലൂടെ സ്വര്‍ണനൂലുകളായി ഇറങ്ങി വന്ന് കണ്ണാടിവെള്ളത്തില്‍ ലയിച്ചു. അവിടെയുള്ള എല്ലാ ജന്തുജാലങ്ങളും വളരെ ആഹ്ലാദത്തിലാണ്.

മഴക്കാലം കഴിയുന്ന സമയത്ത് വയനാടിന് മറ്റെങ്ങും കാണാന്‍ സാധിക്കാത്ത പച്ചപ്പ് കൈവരും. ഈ പച്ചപ്പ് തന്നെയാണ് വയനാടന്റെ അഴകും. തണുത്ത വെള്ളത്തിലൂടെ അല്‍പ്പ നേരം നടന്നശേഷം മടങ്ങാന്‍ തീരുമാനിച്ചു. തിരിച്ച് റോട്ടിലെത്തിയപ്പോള്‍ പലയിടത്തും പൂമ്പാറ്റകള്‍ പാറി നടക്കുന്നുണ്ടായിരുന്നു. പാറി നടക്കുന്ന പൂവുകളെപ്പോലെ തന്നെയായിരുന്നു അവയില്‍ പലതും. ഒരു ചെടിയുടെ തലപ്പത്ത് ചെന്നിരുന്നശേഷം വളരെ പെട്ടന്ന് തന്നെ എന്തോ ഓര്‍ത്തിട്ടെന്നപോലെ തിടുക്കപ്പെട്ട് പാറാന്‍ തുടങ്ങും. അധികം വൈകാതെ തന്നെ മറ്റൊരിടത്തു പോയിരിക്കും. ചിലപ്പോള്‍ കൂട്ടമായി പറന്നുയരും.

വഴിയിലെ പൂമ്പാറ്റക്കൂട്ടം
ഇവിടെ പൂമ്പാറ്റകളെയോ മറ്റു ജീവജാലങ്ങളെയോ ശല്യം ചെയ്യാന്‍ ആരുമില്ലെന്നത് വലിയ പ്രത്യേകതയാണ്. അതുകൊണ്ട് തന്നെ സ്വാതന്ത്ര്യത്തിന്റെ ആഘോഷത്തിലാണ് ഇവയൊക്കെയും. ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് കുറച്ചു കൂടി മുന്നോട്ട് പോയി നോക്കാമെന്നായി. വഴി ചെന്ന് അവസാനിക്കുന്നത് ഒരു റാട്ടയിലായിരുന്നു. കുറേ കെട്ടിടങ്ങളല്ലാതെ അവിടെ ആരെയും കണ്ടില്ല. എന്നാല്‍ ആളുകള്‍ അവിടെ താമസിക്കുന്നതിന്റെ ലക്ഷണങ്ങളുണ്ടായിരുന്നു. ഒരുപക്ഷേ എസ്റ്റേറ്റിലേക്കോ മറ്റോ പോയതായിരിക്കാം. അധിക നേരം അവിടെ നില്‍ക്കാതെ മടക്കയാത്ര ആരംഭിച്ചു. തിരിച്ചു പോരുമ്പോള്‍ മഴ ചാറാന്‍ തുടങ്ങി.
കുന്നിറങ്ങി വളരെ സാവധാനം ഒഴുകിയെത്തുന്ന ചാറ്റല്‍മഴ. കുട നിവര്‍ത്താന്‍ നില്‍ക്കാതെ ആ മഴ നനയാമെന്ന് കരുതി. വിനോദ സഞ്ചാര കേന്ദ്രമെന്ന നാമധേയത്തിലേക്കൊതുങ്ങാത്ത ഏറ്റവും മനോഹരമായ ഒരിടത്ത് പോകാന്‍ കഴിഞ്ഞ സംതൃപ്തിയോടെയായിരുന്നു മടക്കം. കുറിച്യര്‍മല തേടിയാണ് യാത്ര തിരിച്ചത്. എന്നാല്‍ ആസ്ഥലം കണ്ടെത്താനായില്ല. ഒരു പക്ഷെ ഈ കുന്നകളെയെല്ലാം ചേര്‍ത്ത് വിളിക്കുന്ന പേരായിരിക്കാം കുറിച്യര്‍മല. അല്ലെങ്കില്‍ അങ്ങനെ ഒരു അങ്ങാടി എവിടെയെങ്കിലും ഉണ്ടാകാം. എന്തായാലും കുറിച്യര്‍മലയിലേക്കുള്ള യാത്ര അവസാനിച്ചിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam travelmalayalam newskurichyar malawayanad
Next Story