Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightNaturechevron_rightമാവോയെക്കുറിച്ച്...

മാവോയെക്കുറിച്ച് മിണ്ടാത്ത ചൈന

text_fields
bookmark_border
മാവോയെക്കുറിച്ച് മിണ്ടാത്ത ചൈന
cancel

ഈയടുത്ത് മകന്‍ ഡോ. ഷാനവാസിനൊപ്പം10 ദിവസം ചൈന സന്ദര്‍ശിക്കാന്‍ അവസരം കിട്ടി. ബെയ്ജിങ്, ടിയാന്‍ ജിന്‍ എന്നീ പട്ടണങ്ങള്‍ കാണാനാണ് കഴിഞ്ഞത്. അപ്പോള്‍ 1969-72 ഫാറൂഖ് കോളജില്‍ പഠിച്ച കാലഘട്ടം ഓര്‍മവന്നു. വര്‍ഗീസിന്‍െറ നേതൃത്വത്തില്‍ അതി തീവ്ര കമ്യൂണിസ്റ്റുകാര്‍ പുല്‍പള്ളിയില്‍ വിപ്ളവം നടത്തിയ കാലം. വിദ്യാര്‍ഥികള്‍ക്കിടയില്‍ വര്‍ഗീസ് ഒരു കള്‍ട്ട് ആയിരുന്നു. അന്ന് സോമന്‍െറ നേതൃത്വത്തില്‍ ഫാറൂഖ് കോളജിലും ഒരു തീവ്രവാദ ഗ്രൂപ് പ്രവര്‍ത്തിച്ചിരുന്നു. ചെഗുവേരയും മാവോയും എല്ലാം ഞങ്ങളുടെ ആരാധനാമൂര്‍ത്തികളായിരുന്നു. ഒരു ജനതയെ ചൂഷണത്തില്‍നിന്ന് മുക്തമാക്കിയ മാവോയെ അന്ന് ഞങ്ങള്‍ നെഞ്ചേറ്റിയിരുന്നു. ഇന്ന് 46 വര്‍ഷത്തിനുശേഷം തിരിഞ്ഞു നോക്കുമ്പോള്‍ ഞാനിതാ ജനകീയ ചൈന റിപ്പബ്ളിക്കിന്‍െറ തലസ്ഥാനത്ത് സാക്ഷാല്‍ മാവോയുടെ നാട്ടില്‍. ബെയ്ജിങ് വിമാനത്താവളം പൊതുവെ ശാന്തം. തിരക്ക് കുറവ്. കൗണ്ടറിലുള്ള ജീവനക്കാരുടെ കണ്ണുകളില്‍ ഉറക്കക്ഷീണമുണ്ട്. ഒരു മണിക്കൂര്‍ കൊണ്ട് പരിശോധനയൊക്കെ കഴിഞ്ഞ് പുറത്തിറങ്ങി. ഡ്രൈവര്‍മാര്‍ കുറെയൊക്കെ ചുറ്റും കൂടിയിരിക്കുന്നു. കൗണ്ടറില്‍ ഒരു സ്ത്രീ ഇരിക്കുന്നുണ്ട്. ഒരു തരി ഇംഗ്ളീഷ് അറിയില്ല. ഞങ്ങള്‍ മാപ്പ് എടുത്തു കാണിച്ചുനോക്കി. ഒന്നും മനസ്സിലാവുന്നില്ല. ഹോട്ടലിലേക്ക് ഞങ്ങളെ കൊണ്ടുപോയേ അടങ്ങൂ എന്ന വാശിയില്‍ ഡ്രൈവര്‍ ഒട്ടിപ്പിടിച്ചു നടക്കുന്നുണ്ട്. ഒടുവില്‍ 300 യുവാന്‍ നിരക്കില്‍ ഹോട്ടലിലേക്ക് ഞങ്ങളെയും കൊണ്ട് ചൈനീസ് രഥം പാഞ്ഞുപോയി. ഞങ്ങള്‍ ഡ്രൈവര്‍ക്ക് കാശുകൊടുത്ത് പിരിയുമ്പോള്‍ ഒരു താക്കീതുപോലെ ഡ്രൈവര്‍ മുറി ഇംഗ്ളീഷില്‍ പറഞ്ഞു. ധാരാളം കള്ളനോട്ടുകള്‍ ഉള്ള സ്ഥലമാണ്. സൂക്ഷിക്കണം. ഹോട്ടലിന്‍െറ കൗണ്ടറില്‍ എത്തിയപ്പോള്‍ എല്ലാവരും ഉറക്കത്തിലാണ്. തൊട്ടുവിളിച്ചു, അനങ്ങുന്നില്ല. ബെല്‍ അടിച്ചു, പ്രതികരണമില്ല. ഇഷ്ടമില്ലാത്ത ഭാവത്തോടെ ഒരാള്‍ എഴുന്നേറ്റു വന്നു. പേരും അഡ്രസും വാങ്ങിച്ച് ചാവി തന്ന് മുറിയിലേക്കുള്ള വഴിപോലും കാണിക്കാതെ സോഫയില്‍ ചുരുണ്ടുകൂടി. എന്‍െറ സ്വപ്നത്തിലെ ചൈന, മാവോയുടെ മഹത്തായ ചൈന എന്താ ഇങ്ങനെ!! 70 യുവാന്‍മാത്രം ടാക്സി വാടകയുള്ള ഞങ്ങളുടെ ഹോട്ടലിലേക്ക് ഡ്രൈവര്‍ വാങ്ങിയത് 300 യുവാന്‍. ഹോട്ടലില്‍ എത്തിയപ്പോള്‍ ആതിഥ്യമര്യാദ ഒട്ടുമില്ലതാനും.
പിറ്റേന്ന് അതിരാവിലെ ഉണര്‍ന്നു. നല്ല തണുപ്പുണ്ട്. ആകാശം മൂടിക്കെട്ടിയിരിക്കുന്നു. ഞങ്ങള്‍ 'മീഷി' തെരുവിലേക്കിറങ്ങി. പ്രസിദ്ധമായ ടിയാനന്‍മെന്‍ സ്ക്വയര്‍ ലക്ഷ്യമാക്കി നടന്നു. ചുറുചുറുക്കുള്ള സുന്ദരന്മാരായ ചെറുപ്പക്കാരായ കുറെ പട്ടാളക്കാര്‍ കൂട്ടംകൂട്ടമായി മാര്‍ച്ച് ചെയ്യുന്നുണ്ട്. ഞങ്ങളെ പട്ടാളക്കാര്‍ വിശദമായി പരിശോധിച്ചു. ടിയാനന്‍മെന്‍സ്ക്വയറിലേക്ക് കടത്തി വിട്ടു. ഈ ചത്വരത്തില്‍ മരിച്ചുവീണ മനുഷ്യരെ ഓര്‍ത്തുപോയി. 1969 ജൂണ്‍ നാലിന് 2000ത്തിലധികം ചൈനീസ് യുവാക്കളാണ് എന്‍െറ മുന്നില്‍ കാണുന്ന ചത്വരത്തില്‍ മരിച്ചുവീണത്. ഈ സമരത്തിനുപിറകില്‍ പാശ്ചാത്യശക്തികളുണ്ടെന്ന് ചൈന കരുതുന്നു. പാശ്ചാത്യരാജ്യങ്ങള്‍ ചൈനക്കുമേല്‍ സാമ്പത്തിക ഉപരോധമേര്‍പ്പെടുത്തി. ഒരു കാര്യവുമുണ്ടായില്ല. ചൈന ആരെയും കൂട്ടാക്കിയില്ല. ഇതൊക്കെ ഓര്‍ത്തുകൊണ്ട് മാവോയുടെ കൂറ്റന്‍ ചിത്രത്തിനടുത്തേക്ക് നടക്കുന്നതിനിടയില്‍ ഒരു ചെറുപ്പക്കാരന്‍ ഇംഗ്ളീഷില്‍ ഞങ്ങളെ അഭിവാദ്യം ചെയ്തു. ഇംഗ്ളീഷ് അറിയുന്ന ഒരാളെപ്പോലും കണ്ടുകിട്ടാത്തതിനിടയിലായിരുന്നു ഇത്. പരസ്പരം പരിചയപ്പെട്ടു. ഞങ്ങളെ ടിയാനന്‍മെന്‍ സ്ക്വയര്‍ കാണിക്കുന്നതില്‍ എന്തൊരു ശുഷ്കാന്തി. പേര് വെയി. ഷാങ്ഹായിയില്‍ താമസിക്കുന്നു. അവിടെ കാര്‍ഷിക ബാങ്കില്‍ ജോലിചെയ്യുന്നു. ഇടക്കിടക്ക് ചൈന ടീയെ കുറിച്ച് വെയി സംസാരിക്കുന്നു. പൊതുവെ 'ചായ'പ്രിയനായ എനിക്ക് ഒരു ചായ കുടിക്കാന്‍ മോഹം. അവന്‍ ഞങ്ങള്‍ പറയുന്നതൊന്നും കേള്‍ക്കാതെ ഒരു ടാക്സി ഫോണ്‍ ചെയ്തുവരുത്തി. ധിറുതിയില്‍ ഞങ്ങളോട് കാറില്‍ കയറാന്‍ പറഞ്ഞു. ടാക്സി ചാര്‍ജ് വെയ് തന്നെ കൊടുത്തു. ടീ സിറ്റിയില്‍ ഒരു ചായപ്പൊടി ഷോപ്പിനു മുന്നില്‍ ഞങ്ങളിറങ്ങി. ഞങ്ങള്‍ സ്റ്റാളിനുള്ളിലേക്ക് ആനയിക്കപ്പെട്ടു. ഞങ്ങളെ ഒരു പെണ്‍കുട്ടി ചൈനീസ് മര്യാദകളോടെ സ്വീകരിച്ചു. എന്നെ മേശയുടെ മധ്യത്തിലുള്ള കസേരയില്‍ ഇരുത്തി. ഞങ്ങള്‍ക്ക് വിവിധതരം ചായകള്‍ പെണ്‍കുട്ടി രുചിച്ചുനോക്കാന്‍ തന്നു. മൂന്നു വിരലുകള്‍ക്കിടയില്‍ കപ്പ് പിടിച്ച് സാവധാനം ചായ കഴിക്കാന്‍ പറഞ്ഞു. ഒമ്പതു തരം ചായകള്‍ ഞങ്ങള്‍ രുചിച്ചു. കൈ്ളമാക്സ് വരുന്നതേയുള്ളൂ. ഒരാള്‍ ബില്ലുമായി വന്നു. തൊള്ളായിരം യുവാന്‍. (പതിനൊന്നായിരം രൂപ) ഞങ്ങളൊന്നു വിയര്‍ത്തു. ചെറുപ്പക്കാരന്‍െറ സ്വഭാവം പെട്ടെന്നു മാറി. സംഖ്യ കൊടുക്കാന്‍ നിര്‍ബന്ധിച്ചു. തുക കൊടുത്തു. ഞങ്ങള്‍ ചതിക്കപ്പെടുകയായിരുന്നു. തിരിച്ച്, താമസിക്കുന്ന കിങ് സജോയ് ഹോട്ടല്‍ ലോബിയില്‍ എത്തിയപ്പോള്‍ ഞങ്ങളുടെ മുന്നില്‍ ഇംഗ്ളീഷില്‍ ബോര്‍ഡ്, ഇംഗ്ളീഷ് സംസാരിക്കുന്ന യുവതീയുവാക്കള്‍ സ്വയം പരിചയപ്പെട്ടു. ടീ സിറ്റിയിലേക്കോ ജേഡ് ഫാക്ടറിയിലേക്കോ കൊണ്ടുപോയി കൂറ്റന്‍ സംഖ്യ പിടിച്ചുപറ്റിക്കുന്നവരെ പ്രത്യേകം ശ്രദ്ധിക്കുക എന്നറിയിച്ച ബോര്‍ഡായിരുന്നു അത്.
ഒരു ദാക്ഷിണ്യവുമില്ലാത്ത ടാക്സി ഡ്രൈവര്‍ ആദ്യ ദിവസം തന്നെ വലിയ സംഖ്യ പോക്കറ്റടിച്ചു. ചൈനയുടെ ചുവപ്പുനിറം മാറുന്നുവോ? ചൈന വല്ലാതെ നിരാശപ്പെടുത്തി.
സമത്വ സുന്ദര മനോഹര ചൈന എന്ന സങ്കല്‍പം എന്നില്‍നിന്ന് മാഞ്ഞുപോയി. അവിടെയൊന്നും കമ്യൂണിസം ഞാന്‍ കണ്ടില്ല. 'മുതലാളിത്തം' എന്ന ഭൂതം ചൈനയെ അപ്പാടെ ഗ്രസിച്ചിരിക്കുന്നു. ചൈന ഡെയ്ലി ചൈനയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഇംഗ്ളീഷ് പത്രത്തിലെ ഒരു വാര്‍ത്ത കൗതുകമായി. ചൈനയില്‍ സമ്പന്നര്‍ കൂടുന്നു. അതെ, പൂച്ച വെളുത്തതോ കറുത്തതോ ആവട്ടെ. അത് എലിയെ പിടിക്കണം എന്നു പറഞ്ഞ ഡെങ് സിയാവോപെങും, 'Be rich is glory'എന്നു പറഞ്ഞ ഡെങ് സിയാവോവിന്‍െറ പിന്തുടര്‍ച്ചക്കാരായ ഇന്നത്തെ ഭരണകര്‍ത്താക്കളും മാവോയെ തടവറയിലാക്കിയിരിക്കുന്നു. ഇന്ന് ആരും മാവോയെക്കുറിച്ച് മിണ്ടുന്നതേയില്ല. ഇന്ത്യയില്‍ മഹാത്മ ഗാന്ധിയെ തമസ്കരിച്ച് നാഥൂറാം ഗോദ്സെയെ തിരിച്ചുകൊണ്ടുവന്നതുപോലെ.
ടിയാനന്‍മെന്‍ സ്ക്വയറിന്‍െറ ഒരു ഒഴിഞ്ഞ മൂലയില്‍ ആള്‍ക്കൂട്ടത്തില്‍ ഞാന്‍ തനിയെ നിന്നു. വയനാടന്‍ മലയാളത്തില്‍ ഞാന്‍ ഉറക്കെ വിളിച്ചു. മഹാത്മ ഗാന്ധി അമര്‍ ഹോ, ചെയര്‍മാന്‍ മാവോ അമര്‍ ഹോ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:china
Next Story