Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightNaturechevron_rightഉള്ളില്‍ നിറയുന്നൊരു...

ഉള്ളില്‍ നിറയുന്നൊരു പച്ചപ്പിന്‍റെ കാടും തണുപ്പും

text_fields
bookmark_border
ഉള്ളില്‍ നിറയുന്നൊരു പച്ചപ്പിന്‍റെ കാടും തണുപ്പും
cancel

വയനാട്ടിലേക്കുള്ള ഓരോ യാത്രകള്‍ കഴിഞ്ഞു ചുരമിറങ്ങുമ്പോഴും ഉള്ളില്‍ പച്ചപ്പിന്‍റെ ഒരു കാട് തണുപ്പായി വളര്‍ന്നു മുറ്റി നില്‍ക്കുന്നുണ്ടാകും.  മരുഭൂമിയിലെ ജോലിയും തിരക്കും പിരിമുറുക്കവും നെഞ്ചില്‍ കൂട്ടിവെച്ച മണല്‍ കൂമ്പാരങ്ങളും വെയിലിന്‍റെ വേവും കഴുകി വെടിപ്പായതും, ചാറ്റല്‍ മഴയുടെ കുളിര് ഹൃദയത്തില്‍ പെയ്തു നിറയുന്നതും അപ്പോഴറിയാം.പതിനാറാം വയസ്സ് മുതല്‍ ഈ ചുരം കടന്നുപോയിട്ടുണ്ട്‌. ബാംഗ്ലൂരിലെ പ്രവാസകാലം. വേരുപറിഞ്ഞു പോകുന്ന വേദനയോടെ, ഒട്ടും ഇഷ്ടമില്ലാതെ നാട് വിട്ടുപോകുന്ന ആ യാത്രകളില്‍ ചുരവും വയനാടന്‍ കാഴ്ചകളും ഒട്ടും ആഹ്ലാദപ്പെടുത്തിയിരുന്നില്ല. പറിച്ചുമാറ്റിയതിന്‍റെ  വേദന   മരവിപ്പായി പടര്‍ന്ന മനസ്സിനെ സന്തോഷിപ്പിക്കാന്‍  പുറത്തെ പ്രകൃതിഭംഗിക്ക് കഴിഞ്ഞിട്ടില്ലായിരിക്കാം. കൂട്ടില്ലാത്ത ദീര്‍ഘദൂര യാത്രയിലെ വിഹ്വലമായ മനസ്സിന് അതൊന്നും പിടിച്ചെടുക്കാന്‍ പറ്റാഞ്ഞതാവം.

ഏറെവര്‍ഷങ്ങള്‍  കഴിഞ്ഞ്  കുടുംബവും കുട്ടികളുമായി വീണ്ടും  വയനാടിനെ അറിയാനും ആസ്വദിക്കാനും വേണ്ടിയുള്ള യാത്രകളിലാണ് പച്ചപ്പും തണുപ്പും കൊണ്ട് ആ മണ്ണ് വീണ്ടും വീണ്ടും മോഹിപ്പിച്ചു കൊണ്ട് ചേര്‍ത്ത് പിടിച്ചത്. ചുരം കയറുമ്പോള്‍ യാത്രക്കാരെ കാത്ത് നിരത്തുവക്കില്‍ ഇരിക്കുന്ന കുരങ്ങന്മാരിലേക്ക് മക്കളുടെ ചിരി ഉണരും. ആണും പെണ്ണും കുട്ടിയുമായി യാത്രക്കാര്‍ നല്‍കുന്ന ഭക്ഷണസാധനങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പ്. ഒമ്പത് ഹെയര്‍പിന്‍ വളവുകള്‍ കയറി മുകളിലോട്ടു പോകുന്ന ചുരം. ഓരോ വളവുകളിലും താഴോട്ടു നോക്കുമ്പോള്‍ താഴെ നിന്ന് ചുരം കയറി വരുന്ന വലിയ വാഹനങ്ങളുടെ ദൃശ്യത്തിന്‍റെ മനോഹാരിത. ചുരത്തിന് ഏറ്റവും മുകളില്‍ വാഹനം നിര്‍ത്തി പ്രകൃതിഭംഗി ആസ്വദിക്കുന്ന യാത്രികര്‍. മേലെ തുറന്ന ആകാശത്തില്‍ ഒഴുകി നീങ്ങുന്ന മേഘങ്ങളും താഴോട്ടു നോക്കുമ്പോള്‍ പുകപോലെ പടരുന്ന മഞ്ഞ് പൊതിഞ്ഞു നില്‍ക്കുന്ന ചുരവും. പേടിപ്പെടുത്തുന്ന താഴ്ചയും ചുരം കയറി വരുന്ന വാഹനങ്ങളും.....ലക്കിടിയിലെ  നിരത്തോരത്താണ് ‘ചങ്ങലമരം’. ദുര്‍ഘടമായ വയനാടന്‍ കുന്നിലേക്കുള്ള എളുപ്പവഴി കാണിച്ച ആദിവാസിയായ  കരിന്തണ്ടനെ  സായിപ്പ് കൊന്നുകളഞ്ഞെന്നും, പ്രേതമായി വന്ന് വഴിയാത്രക്കാരെ ബുദ്ധിമുട്ടിച്ച  കരിന്തണ്ടനെ ഏതോ മന്ത്രവാദി ഈ മരത്തില്‍ ചങ്ങലയില്‍ ബന്ധിച്ചു  എന്നും ഐതീഹ്യം. നേട്ടങ്ങള്‍ക്കും കണ്ടുപിടിത്തങ്ങള്‍ക്കും സാഹസികതകള്‍ക്കും വീരശൃംഖല ഏറ്റുവാങ്ങാന്‍ യോഗമില്ലാതെ പോയ അധകൃതരുടെ  സ്മാരകമായി ഈ ഇരുമ്പുചങ്ങല നൂറ്റാണ്ടുകളും കടന്നുപോകുന്നതില്‍ ഒരു പൊള്ളുന്ന ഫലിതമുണ്ട്‌. 

വൈത്തിരിയിലെ പൂക്കോട്ടുതടാകത്തിലെ ബോട്ടുയാത്രയുടെ മനോഹാരിത ചുറ്റും ഉയര്‍ന്നു നില്‍ക്കുന്ന കാടിന്‍റെയും മലകളുടെയും  പച്ചപ്പു നിറഞ്ഞ കാഴ്ചയുമാണ്. ചന്നംപിന്നം പെയ്യാനൊരു മഴ കൂടി കൂട്ടിനുണ്ടെങ്കില്‍ ഈ കാഴ്ച ഒന്നുകൂടി മനോഹരമാവും. തടാകത്തെ വലം വെച്ചുള്ള നടപ്പാതയിലൂടെ കാടിനെ തൊട്ടു നടക്കാം. കാടിന്‍റെ വന്യതയറിയാന്‍ മുത്തങ്ങയിലൂടെ സഞ്ചരിക്കണം. നിരത്തിന് ഇരുപുറവും കണ്ണെത്താദൂരത്തോളം പടര്‍ന്നു  നില്‍ക്കുന്ന കാട്. ചിലപ്പോഴൊക്കെ ഒറ്റയാന്‍ മുന്നില്‍പെട്ടുപോയ കഥകള്‍ കൂട്ടുകാര്‍ പറയാറുണ്ട്‌. ഏറെ അകലെയല്ലാതെ മദിക്കുന്ന മാനുകളും കുരങ്ങുകളും കാട്ടുപോത്തും മിക്ക യാത്രകളിലും കാണാം. പച്ചപ്പിന്‍റെ തണലില്‍ കാടിന്‍റെ നിശബ്ദതയറിഞ്ഞൊരു സഞ്ചാരം. ഇന്ത്യയിലെ ഏറ്റവും വലിയ, മണ്ണുകൊണ്ട് നിര്‍മ്മിച്ച ബാണാസുരസാഗര്‍ അണക്കെട്ടും ചുറ്റുമുള്ള പ്രദേശങ്ങളും ഏറെ സുന്ദരമാണ്. അണക്കെട്ടിലൂടെയുള്ള ബോട്ടുയാത്രയില്‍ പച്ചപ്പ്‌ നിറഞ്ഞ കുന്നുകളും കാടും നമ്മെ മോഹിപ്പിക്കും. തെളിഞ്ഞ ആകാശത്തിന് കീഴില്‍ നിശബ്ദമായ ജലാശയത്തിലെ യാത്ര വിദേശ ടൂറിസ്റ്റ് കേന്ദ്രങ്ങളെ ഓര്‍മ്മിപ്പിക്കും.ബോട്ടുയാത്രക്ക് പുറമേ, സഞ്ചാരികള്‍ക്കായി കാട്ടുമരങ്ങളില്‍ കെട്ടിയുണ്ടാക്കിയ ഊഞ്ഞാലുകളില്‍ ആടിത്തിമര്‍ക്കാം.  അണക്കെട്ട് തുറന്നു വിടുന്ന വേളകളില്‍ വെള്ളത്തോടൊപ്പം പുറത്തേക്ക് കുതിച്ചു ചാടുന്ന മീനുകളെ പിടിക്കാന്‍ ദൂരെദേശത്തു നിന്നുപോലും ആളുകള്‍ എത്തും. ഒഴുക്കിലൂടെ കുതിക്കുന്ന വലിയ ഭാരമുള്ള മീനുകളെ തടഞ്ഞു പിടിച്ച് ചെകിളക്കുള്ളിലൂടെ കൈകോര്‍ത്ത് വലിച്ചു കൊണ്ടുവരുന്ന ചെറുപ്പക്കാര്‍. നീരൊഴുക്കിലെ കുളിയുടെ ഹരവും സാഹസികതയും ത്രസിപ്പിക്കുന്ന അനുഭവമാണ്.

മേപ്പാടിയില്‍ ആണ് സൂചിപ്പാറ വെള്ളച്ചാട്ടം. ഉയരത്തിലേക്ക് ഏറെ നടന്ന് വേണം അങ്ങോട്ടെത്താന്‍. പാറക്കെട്ടില്‍ നിന്ന് വെള്ളം താഴേക്ക് പതിക്കുന്ന ഹുങ്കാരം ദൂരെ നിന്ന് തന്നെ കേള്‍ക്കാം. പലജാതി മരങ്ങള്‍ ഇടതൂര്‍ന്ന് വളര്‍ന്നു നില്‍ക്കുന്നുണ്ട്. ഉയരത്തില്‍ നിന്ന് കുതിച്ചു ചാടുന്ന വെള്ളച്ചാട്ടം ദൂരെനിന്നേ മനോഹര കാഴ്ചയാണ്.  താഴെ പാറക്കെട്ടുകളില്‍ രൂപപ്പെട്ട ചെറിയ തടാകത്തില്‍ നീന്താം. കുത്തിയൊഴുകുന്ന വെള്ളത്തിന്‍റെ തണുപ്പനുഭവിക്കാം. മറ്റെല്ലാ ശബ്ദങ്ങളെയും നിഷ്പ്രഭമാക്കിക്കൊണ്ട് കുതിച്ചു വീഴുന്ന ജലത്തിന്‍റെ വലിയ ഒച്ചയില്‍ നാം മുങ്ങിപ്പോകും. വെള്ളിത്തിളക്കത്തോടെ ചിതറിപ്പെയ്യുന്ന ജലത്തിന്‍റെ മനോഹരകാഴ്ചയില്‍ ഇവിടെ നാം ഭ്രമിച്ചു നില്‍ക്കും.മരക്കൊമ്പുകളില്‍ കെട്ടിയ ഏറുമാടങ്ങളില്‍ ഇരുന്ന് കാടിന്‍റെ മനോഹാരിത കാണാനും അറിയാനുമുള്ള സൌകര്യവും ഇവിടെയുണ്ട്.വയനാട്ടിലേക്കുള്ള ഓരോ യാത്രകളിലും പച്ചപ്പും കാടും ജലാശയങ്ങളും വെള്ളച്ചാട്ടവും എപ്പോഴും ഭ്രമിപ്പിച്ചു കൊണ്ടേ ഇരുന്നതിനാല്‍ എടക്കല്‍ ഗുഹയെ സൌകര്യപൂര്‍വ്വം മറന്നു കളയുകയാണ് പതിവ്. പക്ഷെ ഈ പ്രാവശ്യം എന്തായാലും എടക്കല്‍ ഗുഹയും കാണണം എന്നത് മക്കളുടെ നിര്‍ബന്ധം കൂടി ആയിരുന്നു. അമ്പുകുത്തിമലയില്‍ ഒരുപാട് ഉയരത്തിലാണ് എടക്കല്‍ ഗുഹ. സമുദ്രനിരപ്പില്‍ നിന്ന് 4000 അടി ഉയരം. ഗുഹയിലേക്ക് എത്തുന്നതിനു മുമ്പ് തന്നെ മലയുടെ ഉച്ചിയിലേക്ക് ഏറെദൂരം നടക്കണം. നല്ല ടാറിട്ട റോഡുണ്ടായിട്ടും ഇത്രയും ദൂരം വാഹനങ്ങള്‍ അനുവദിക്കാതെ ഈ കയറ്റം നടന്നു കയറേണ്ടിവരുന്നതിന്‍റെ യുക്തി എന്താണെന്ന് അറിയില്ല.കരിങ്കല്ലുകള്‍ കൊണ്ട് പടികള്‍ തീര്‍ത്ത കുത്തനെയുള്ള കയറ്റമാണ് ഗുഹ നില്‍ക്കുന്ന മലയുടെ താഴ്വാരത്തു നിന്നും. ടിക്കറ്റ് എടുത്ത് അകത്തേക്ക് കയറുമ്പോള്‍ ഇടുങ്ങിയ കയറ്റത്തില്‍ സഞ്ചാരികളുടെ തിരക്കായിരിക്കും. പറക്കെട്ടുകള്‍ക്ക് ഉള്ളിലൂടെ നടന്നും ചെറിയ പടികള്‍ ചവിട്ടിയും കുത്തനെയുള്ള കയറ്റം കയറുക അല്‍പം സാഹസികമാണ്‌. മുന്നിലും പിറകിലുമായി കയറുന്നവരുടെ തിരക്കില്‍ സൂക്ഷിച്ചും ശ്രദ്ധിച്ചും കയറണം. ഏറ്റവും ഉയരത്തില്‍ എത്തുമ്പോള്‍ കയറാനും ഇറങ്ങാനുമുള്ള വഴി ഒന്നാകുന്നു.

അമ്പുകുത്തിമലയുടെ മുകളില്‍ നിന്ന് നോക്കുമ്പോള്‍ വയനാടിന്‍റെ മനോഹരമായ ദൃശ്യം കാണാം. കുന്നും മലയും കാടും വയലുകളും ജലാശയങ്ങളും കൊണ്ട് സമ്പന്നമായ വയനാട്. എത്ര കണ്ടു നിന്നാലും മതിയാവാതെ, പ്രകൃതി വരച്ചു വെച്ച മനോഹരചിത്രം.എടക്കല്‍ ഗുഹയിലേക്ക് ഇറങ്ങിചെല്ലുമ്പോള്‍ നാം നൂറ്റാണ്ടുകള്‍ക്ക് പിറകിലേക്കാണ്‌ ചെല്ലുന്നത്. ഏറ്റവും ഉച്ചിയില്‍ രണ്ടു പാറകള്‍ക്കിടയില്‍ വീണുകിടക്കുന്ന ഭീമാകാരമായ കല്ലിനിടയിലൂടെ വീഴുന്ന സൂര്യപ്രകാശമാണ് ഇവിടെയുള്ള വെളിച്ചം. ഇടയില്‍ വീണു കിടക്കുന്ന ആ കല്ല്‌ കാരണമാണത്രേ ഈ ഗുഹയുടെ പേര് എടക്കല്‍ ഗുഹ എന്നായത്. ഗുഹയുടെ ഒരു മൂലയിലെ ഇരുമ്പ് വേലിയിലൂടെ താഴേക്ക് നോക്കുമ്പോള്‍ പാറയുടെ അഗാധമായ വിള്ളല്‍ കാണാം. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ട് രൂപപ്പെട്ട ഗുഹയും പാറകളും ഒക്കെ നമ്മെ അമ്പരപ്പിക്കും.ഗുഹയുടെ ഇരുഭിത്തികളിലുമായി കല്ലുകൊണ്ട് കോറി വരച്ചപോലെ ആഴത്തില്‍ പതിഞ്ഞു നില്‍ക്കുന്ന ചിത്രങ്ങളും പുരാതന ലിപികളിലുള്ള എഴുത്തുകളുമാണ് എടക്കല്‍ ഗുഹയുടെ പ്രത്യേകത. ക്രിസ്തുവിനു മുമ്പ് 4000 വര്‍ഷങ്ങള്‍ക്കും 1000 വര്‍ഷങ്ങള്‍ക്കും ഇടയില്‍ ദക്ഷിണേന്ത്യയില്‍ നിലനിന്നിരുന്ന നവീനശിലായുഗത്തിലേതാണ് ഈ ചിത്രങ്ങള്‍ എന്ന് ചരിത്രകാരന്മാര്‍ കണ്ടെത്തിയിട്ടുണ്ട്. തലപ്പവോട് കൂടിയ മനുഷ്യരൂപം, അമ്പും വില്ലും എന്തിയ പുരുഷ രൂപം, നൃത്തം ചെയ്യുന്ന സ്ത്രീരൂപം, ആന, നായ, പൂക്കള്‍, ചെടികള്‍, ചക്രവണ്ടി ജ്യാമിതീയരൂപങ്ങള്‍, നക്ഷത്രചിഹ്നം തുടങ്ങിയ ചിത്രങ്ങളാണ് ഇവിടെ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ളത്.

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ച മനുഷ്യരെക്കുറിച്ചും അവരുടെ സംസ്കാരത്തെക്കുറിച്ചുമെല്ലാം വെളിച്ചം വീശുന്ന ഈ ചിത്രങ്ങള്‍ നമ്മെ അത്ഭുതപ്പെടുത്തും. ഒപ്പമുള്ള ലിഖിതങ്ങള്‍ക്ക് ചിത്രങ്ങളുടെ അത്ര പഴക്കമില്ലെങ്കിലും AD 2-5 നൂറ്റാണ്ടുകലാണ് ഈ ലിഖിതങ്ങളുടെ കാലം എന്ന് ചരിത്രകാരന്മാര്‍ കണക്കാക്കുന്നു. “ശ്രീ വിഷ്ണുവര്‍മ്മാ(നാഹ) കുടുംബിയ കുലവര്‍ദ്ധനസ്യ ലിഖിതം- ശ്രീ  വിഷ്ണുവര്‍മ്മന്‍റെ കുടുംബത്തിന്‍റെയും കുലത്തിന്‍റെയും ശേയസ്സിനു വേണ്ടി എഴുതപ്പെട്ടത്” നട്ടുച്ചയിലും തണുപ്പ് കെട്ടി നിന്ന അവിടെ  നിന്ന്  ചെറുപ്പക്കാരന്‍ വിശദീകരിച്ചു തരുമ്പോള്‍ ഞാനോര്‍ത്തത് അവിശ്വസനീയമായ ആ പുരാതനകാലത്തെ കുറിച്ചായിരുന്നു. കഴിഞ്ഞ കാലം വരെയും വന്യമൃഗങ്ങളും ഘോരവനങ്ങളും നിറഞ്ഞ വയനാട്ടിലെ ഇന്നും ദുര്‍ഘടമായ ഒരു മലയുടെ ഉച്ചിയില്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കോറിവെച്ച ചിത്രങ്ങളില്‍ ചക്രവാഹനങ്ങളുടെ രൂപം! ....ജാറുമായി നില്‍ക്കുന്ന മനുഷ്യന്‍....മുടിയലങ്കാരത്തോട് കൂടിയ ആട്ടക്കോലം....തലപ്പാവും ആടയാഭരണങ്ങളും ധരിച്ച മനുഷ്യന്‍.......കേരളത്തിന്‍റെ ഇന്നലകളെ കുറിച്ചുള്ള നമ്മുടെ ധാരണകള്‍ എവിടെയൊക്കെയോ പിഴച്ചുവോ? കാടുകള്‍ വന്നു മൂടുംമുമ്പുള്ള  വയനാടിനു മറ്റൊരു ചരിത്രമുണ്ടോ? നീണ്ട കാലങ്ങളിലെ മഴയും വെയിലും പ്രകൃതിക്ഷോഭങ്ങളും അതിജയിച്ച് കാലം കാത്തുവെച്ച ഈ ചിത്രങ്ങളും ലിഖിതങ്ങളും എത്രമേല്‍ അമൂല്യമാണ്‌. കൌതുകക്കാഴ്ചക്കപ്പുറം ഇന്നലെകളിലേക്ക് തുറക്കുന്ന ഈ അത്ഭുതവാതിലിലൂടെ ആരെങ്കിലും കടന്നുപോയിട്ടുണ്ടാകുമോ? മാര്‍ക്ക് നേടാനുള്ള പഠനത്തിനും തൊഴിലിനും അപ്പുറം ലോകത്തിനും വരും തലമുറക്കും വേണ്ടിയൊരു സാഹസിക ശ്രമം.

വിനോദസഞ്ചാര കേന്ദ്രങ്ങളിലെ കാഴ്ചകള്‍ക്കപ്പുറം  വയനാട് ശരിക്കും ഒരു അനുഭവമാണ്. പച്ചപ്പിന്‍റെ ശാന്തതയും തണുപ്പും അനുഭവിച്ച് മനസ്സൊരു അപ്പൂപ്പന്‍ താടിപോലെ പറത്തിവിടാന്‍ കഴിയും ഇവിടം. വമ്പന്‍ കെട്ടിടങ്ങളും വാഹനങ്ങളും തിരക്കുപിടിച്ച നിരത്തുകളും വിഴുങ്ങിക്കളഞ്ഞ നമ്മുടെ ജീവിതത്തെ .....കരിപിടിച്ചുപോയ മനസ്സിനെ കഴുകിയെടുക്കാനുള്ള ഇടം.......തിരിച്ചുപോരുമ്പോള്‍  പച്ചപ്പിന്‍റെ ഒരു കാട് ഉള്ളില്‍ തണുപ്പായി വളര്‍ന്നു തുടങ്ങുന്നത് നാം അറിയും. അപ്പോള്‍ എന്തിനെന്നറിയാതെ ഒരു കരച്ചില്‍ ഉള്ളില്‍ വന്നു മുട്ടിനില്‍ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad News
Next Story