നൂൽമഴ, കോടമഞ്ഞ്, കട്ട ട്രെയിൽ റൂട്ട് - ഇതാണ് മുള്ളോടി
text_fieldsഊര് തെണ്ടികളുടെ വഴിയമ്പലമെന്ന ഞങ്ങളുടെ ചെറിയ ഗ്രൂപ്പിെൻറ മൂന്ന് - നാല് മാസം കൂടുമ്പോഴുള്ള സംഗമത്തിനാണ് കർണാടകയിലേക്ക് പുറപ്പെട്ടത്. അവിടെയുള്ള ഏതോ ഉൾനാടൻ പ്രദേശത്താണ് ഇത്തവണത്തെ മീറ്റ് എന്ന് കേട്ടിട്ടാണ് കന്നഡയിൽ സംസാരിക്കാനോ ബസിെൻറ ബോർഡ് വായിക്കാനോ അറിയില്ലാഞ്ഞിട്ടും ഈ യാത്രക്ക് ചാടിയിറങ്ങിയത്.
കുദ്രേമുഖിനടുത്തുള്ള മുള്ളോടിയെന്ന കന്നഡ ഗ്രാമത്തിലേക്കാണ് യാത്ര. കേരളത്തിെൻറ വിവിധ ഭാഗത്തുനിന്ന് പല ട്രെയിനിലും ബൈക്കിലുമായി എത്തിയവരെല്ലാം മംഗലാപുരത്തൊന്നിച്ച് കൂടി അവിടെനിന്നും കാണാവുന്നത്ര കാഴ്ചകൾ കണ്ട് മീറ്റ് നടക്കുന്നിടത്തേക്കെത്തുക എന്ന തീരുമാനത്തിലെത്തിയിരുന്നു. ബൈക്കില്ലാത്തവരെല്ലാം ഒരുമിച്ച് കർണാടക ബസിന് പോകാനും തീരുമാനിച്ചു.
മംഗലാപുരത്തുനിന്നും ചർമ്മാടി ചുരം കയറി കലസ വഴിയാണ് ബൽഗാലിലേക്കും അവിടെ നിന്ന് മുള്ളോടിയിലേക്കും എത്തേണ്ടത്. യാത്രകളിൽ ജനാലക്കരികിലെ സീറ്റിനോടുള്ള പ്രണയം കൊണ്ട് ആദ്യം തന്നെ ബസിൽ കയറി ജനൽ സീറ്റ് പിടിച്ചു. മൺസൂൺ പൂർണമായും പിൻവാങ്ങിയിട്ടില്ലാത്തതിനാൽ വഴിയിലെവിടെയും പച്ചപ്പാണ്. ജനാലക്കരികിലിരുന്ന് മുഖത്തേക്ക് തട്ടിപ്പറക്കുന്ന കാറ്റിനെ അവഗണിച്ച് ചർമ്മാടി ചുരത്തിലൂടെ കാഴ്ചകൾ കണ്ട് കലസയിലെത്തിയപ്പോൾ ഏകദേശം ഉച്ചകഴിഞ്ഞിരുന്നു. ബൽഗാവിയിലേക്ക് ഉടനെ ബസില്ലാത്തതിനാൽ യാത്രക്ക് ഒരിടവേള എന്ന നിലയിൽ കലസ അങ്ങാടിയിൽ കുറച്ചുനേരം കറങ്ങി ഭക്ഷണം കഴിച്ചു.
കലസയിൽനിന്ന് ബസ് കയറി മുള്ളോടിയിൽ ഇറങ്ങുമ്പോൾ വൈകുന്നേരമായിരുന്നു. ബൈക്കിൽ പോയവരിൽ കുറച്ചുപേരും ബംഗളൂരുവിൽനിന്ന് വന്ന സുഹൃത്തുക്കളും ഇതിനകം ഹോംസ്റ്റേയിൽ എത്തിയിട്ടുണ്ട്. കർണാടകയിലെ ചിക്കമംഗളൂരു ജില്ലയിലെ മുഡിഗരെ താലൂക്കിലാണ് മുള്ളോടിയെന്ന ചെറിയ ഗ്രാമം.
പശ്ചിമഘട്ടത്തിന്‍റെ മലനിരകൾ അതിരിടുന്ന മനോഹാരിത നിറഞ്ഞ പ്രദേശം. വലിയ രീതിയിൽ വികസനമെത്തിയിട്ടില്ലാത്ത ഇവിടത്തേക്ക് കൂടുതലും വരാറുള്ളത് ബംഗളൂരുവിൽനിന്ന് വാരാന്ത്യങ്ങൾ ചെലവഴിക്കാൻ എത്തുന്ന ടെക്കികൾ ആണ്. ചെറുതും വലുതുമായ നിരവധി ട്രെക്കിങ് പാതകളുണ്ട് ഇവിടെ. നാട്ടുകാർ നടത്തുന്ന ഹോംസ്റ്റേകളിൽ താമസിച്ച്, ഭക്ഷണം കഴിച്ച് ചെറിയ ഒന്നോ രണ്ടോ ട്രക്കിങ് കഴിഞ്ഞ് സഞ്ചാരികൾ ഞായറാഴ്ച ദിവസം തിരികെ വണ്ടികയറും.
തട്ടിൻ മുകളിലെ വിശേഷങ്ങൾ
ബസിറങ്ങിയിടത്തുനിന്ന് ഹോംസ്റ്റേയിലേക്ക് ഏകദേശം രണ്ട് കിലോമീറ്റർ ദൂരമുണ്ട്. നടന്നുപോകാവുന്നതേയുള്ളൂ എങ്കിലും ഹോം സ്റ്റേ ഉടമ സതീഷണൻ താഴേക്ക് ജീപ്പ് വിട്ടിരുന്നു. മുകളിലേക്ക് കയറിയപ്പോഴാണ് ജീപ്പിെൻറ ആവശ്യകത മനസ്സിലായത്. റോഡ് എന്നതൊരു സങ്കൽപ്പമായിരുന്നു. മഴ പെയ്ത് ചെമ്മണ്ണ് കുഴഞ്ഞ് നടന്നുപോകാൻ പറ്റാത്ത പോലെയൊരു റോഡ്.
ഹോം സ്റ്റേ എന്നാൽ വലിയ സെറ്റപ്പൊന്നുമല്ല. വടക്കൻ മലബാറിലെ പഴയ തട്ടുള്ള വീടുകൾ പോലെയൊന്ന്. ബാച്ചിലേഴ്സ് വന്നാൽ വിരിവെക്കാൻ വിശാലമായ തട്ടിൻപുറവും, ഫാമിലിയോ ലേഡീസോ വന്നാൽ താഴെ ഒന്നു രണ്ട് റൂമുകളും. കൂടെ സതീഷണ്ണന്‍റെ വീട്ടിൽ ഉണ്ടാക്കുന്ന നല്ല ഭക്ഷണവും കിട്ടും.
നൂല് പോലെ മഴ പെയ്യുന്നുണ്ട്. ആദ്യം എത്തിയവരിൽ കുറച്ചുപേർ തൊട്ടടുത്തുള്ള വ്യൂ പോയന്‍റിലേക്ക് പോയിരുന്നു. യാത്രാക്ഷീണം മാറ്റാൻ ഒരു കുളി നല്ലതാ. വീടിന് മുമ്പിലെ മൺറോഡിന് താഴെ ഒരു ചെറിയ അമ്പലവും അത്യാവശ്യം വലുപ്പമുള്ള ഒരു വെള്ളച്ചാട്ടവും ഉണ്ട്. വെള്ളച്ചാട്ടത്തിന് മുകളിലേക്ക് കാടാണ്.
നൂൽപോലെ പെയ്യുന്ന മഴയിൽ വെള്ളച്ചാട്ടത്തിൽ ഒരു കുളി പാസ്സാക്കിയപ്പോഴേക്കും വ്യൂ പോയന്‍റിൽ പോയവരെത്തിയിരുന്നു. തിരികെ ഹോംസ്റ്റേയിലെത്തി ചൂട് കട്ടനും കുടിച്ച് പരസ്പരം വിശേഷങ്ങളും പറഞ്ഞുള്ള ഇരിപ്പിനിടയിൽ സന്ധ്യ കഴിഞ്ഞു. വരാനുള്ള അവസാനത്തെയാളും എത്തിക്കഴിഞ്ഞ് ഭക്ഷണവും കഴിച്ച് ബാക്കി വിശേഷങൾ പറയാൻ തട്ടിന്‍റെ മുകളിലേക്ക്. വിശേഷങ്ങൾ പറഞ്ഞ് പറഞ്ഞെപ്പോഴോ ഉറങ്ങിപ്പോയിരുന്നു.
വഴിതെറ്റിയ ട്രെക്കിങ്
രാവിലെ എഴുന്നേറ്റിട്ടും നൂൽമഴക്ക് ശമനമില്ല. ശക്തമായി പെയ്യുകയുമില്ല, എന്നാൽ, മഴ തീരുകയുമില്ല. കാലാവസ്ഥ നല്ല പോലെ തണുത്ത് ചില്ലായിരിക്കുന്നു. രാവിലെ ഭക്ഷണവും കഴിഞ്ഞ് ഉച്ചക്കുള്ളവ എല്ലാവരും പാക്കറ്റിലാക്കി ട്രെക്കിങ് തുടങ്ങി.
സതീഷണ്ണൻ ഏർപ്പാടാക്കിയ ഗൈഡിന്‍റെ കൂടെയാണ് ട്രെക്കിങ്. ഹോംസ്റ്റേക്ക് മുമ്പിലെ മൺ റോഡ് വഴി മുകളിലേക്ക് നടന്ന് കഴിഞ്ഞാൽ പിന്നെ മൊട്ടക്കുന്നുകളാണ്. റെയിൻകോട്ടുള്ളവർ അതിട്ടും ഇല്ലാത്തവർ മഴ നനഞ്ഞും നടന്നുതുടങ്ങി.
കുദ്രേമുഖ് നാഷനൽ പാർക്കിന് സമാന്തരമായ മലകളിലൂടെയാണ് ട്രെക്കിങ് റൂട്ട്. ഇതിന്‍റെ ഗുണമെന്താണെന്ന് വെച്ചാൽ കുദ്രേമുഖ് നാഷനൽ പാർക്കിൽ പോവുകയും വേണ്ട, കുദ്രേമുഖിന്‍റെ വശ്യസൗന്ദര്യം ആസ്വദിക്കുകയും ചെയ്യാം.
മൺ റോഡുകൾ പിന്നിട്ട് യാത്ര കുന്നിൻ ചരുവുകളിലൂടെയായി, അകമ്പടിക്ക് ചെറിയ മഴയും കാറ്റും. പച്ചവിരിച്ച കുന്നുകളുടെ ഓരത്തിലൂടെ കോടിയിറങ്ങുന്ന ആകാശവും നോക്കി നടക്കുമ്പോൾ കിതപ്പോ ദൂരമോ അറിയുകയേയില്ല.
ഒരു വശത്ത് കോടമൂടിയ കുദ്രേമുഖിന്‍റെ മനോഹര കാഴ്ചകൾ, മറുവശത്ത് പേരറിയാത്ത നിരവധി മലകളും കണ്ടങ്ങനെ നടക്കുമ്പോഴാണ് ദൂരെ മലയിൽ ഒരു കന്നഡിഗൻ തട്ട് തട്ടായുള്ള കൃഷി ചെയ്യാൻ വേണ്ടി നിലം ഉഴുന്നത് കണ്ടത്. അവിടെനിന്നും കുത്തനെയുള്ള കയറ്റം തുടങ്ങിയപ്പോൾ കറുത്ത നായയും കൂടെവന്നു.
ഒരു ചെറിയ നീർച്ചോല കടന്ന് ചെറിയ കാടിനുള്ളിലൂടെ പോയ ഗൈഡ് പെട്ടെന്ന് നിന്നു. ചുറ്റും കോട മൂടിയ ഒരു കാപ്പിതോട്ടം. പുള്ളിയുടെ മുഖത്തെ അങ്കലാപ്പിൽനിന്നും വഴിതെറ്റിയിരിക്കുന്നു എന്ന യാഥാർത്ഥ്യം ഞങ്ങൾ മനസ്സിലാക്കിയ നിമിഷമായിരുന്നു.
മുമ്പിൽ നടന്ന ബ്ലാക്കി എന്ന് ഓമനപ്പേരിട്ട് ഞങ്ങൾ വിളിച്ച കറുത്ത നായ ഗൈഡായ നിമിഷം. കാപ്പിത്തോട്ടം വകഞ്ഞ് മാറ്റി അവന്‍റെ പിറകിൽ പോകാൻ കുറച്ചുപേർ തീരുമാനിച്ചു. കട്ട ട്രെയിൽ റൂട്ട്, തികച്ചും സാഹസികമായ യാത്ര. മതിലുപോലെ നിൽക്കുന്ന ഒരു മലയുടെ മുന്നിൽ ആ യാത്ര അവസാനിച്ചു. ഇത് കടക്കുക എന്നത് ഒരു കഠിന പ്രയത്നമാണെന്നറിഞ്ഞിട്ടും കുറച്ചുപേർ മുേമ്പാട്ട് വന്നു.
കാപ്പിത്തോട്ടത്തിലെ ഓറഞ്ചുകൾ
കൈകളും കാലുകളുമുപയോഗിച്ച് പകുതി ദൂരമെത്തിയപ്പോൾ മടിച്ച് നിന്നവർ കൂടി കയറാൻ തുടങ്ങി. തിരിച്ചെങ്ങനെയിറങ്ങുമെന്ന ആവലാതി മനസ്സിലുണ്ടായിരുന്നെങ്കിലും ആ നിമിഷത്തിലെ സാഹസികത ഞങ്ങൾ ആസ്വദിക്കുകയായിരുന്നു. മനോഹരമായ കാഴ്ചകൾ കാണണമെങ്കിൽ കുറച്ച് മുകളിലേക്ക് കയറണമെന്ന് പറഞ്ഞത് സത്യമാണ്.
നിരനിരയായ പച്ചവിരിച്ച മലനിരകളുടെ മുകളിലൂടെ കോട ഇറങ്ങുന്ന കാഴ്ച, കൂട്ടിന് തണുത്ത കാറ്റും. കഠിനമായ കയറ്റത്തിന്‍റെ ക്ഷീണം മാറാനും കാഴ്ചകൾ കാണാനുമുള്ള ഇരിപ്പിനൊടുവിൽ കൊണ്ടുവന്ന ഭക്ഷണവും കാലിയാക്കി. കുറെനേരം കൂടി കാഴ്ചകൾക്കും ഫോട്ടോക്കും സമയം കൊടുത്തിട്ട് മറ്റൊരു വഴിയിലൂടെ താഴേക്ക് ഇറങ്ങി.
കാപ്പിത്തോട്ടത്തിൽ ഇടവിളയായി നട്ട ഓറഞ്ച് മരങ്ങളിൽ നിന്ന് കട്ടുപറിച്ചവയുടെ മധുരവും പുളിയും നുകർന്ന് ഹോംസ്റ്റേയിലേക്ക് നടക്കുമ്പോൾ പിറകിൽ കുദ്രേമുഖിനെ കോട മൂടുകയായിരുന്നു. മനസ്സിൽ സന്തോഷം നിറച്ച ഒരു സുഹൃദ് സംഗമം കൂടി കഴിഞ്ഞിരിക്കുന്നു.
സൗഹൃദമെന്ന, യാത്രയെന്ന വികാരങ്ങളിൽ പലയിടങ്ങളിൽ നിന്നെത്തി കോടയും നൂൽമഴയും നുകർന്ന് പ്രകൃതിയിലലിഞ്ഞ് നടന്ന ഒരുകൂട്ടം വീണ്ടും കാണാൻ വേണ്ടി താൽകാലികമായി പിരിഞ്ഞു.
Travel Info:
ചിക്കമംഗളൂരു ജില്ലയിലെ മുഡിഗരെ താലൂക്കിലാണ് മുള്ളോടിയെന്ന കൊച്ചുഗ്രാമം. കുദ്രേമുഖ് നാഷനൽ പാർക്ക് കൂടാതെ നിരവധി വെള്ളച്ചാട്ടങ്ങളും ഇൗ പ്രേദശത്തെ മനോഹരമാക്കുന്നു.
മംഗലാപുരത്തുനിന്നും ചർമ്മാടി ചുരം കയറി കലസ വഴി ബൽഗാലിലേക്കും അവിടെ നിന്ന് മുള്ളോടിയിലേക്കും എത്താം. ഏകദേശം 110 കിലോമീറ്റർ ദൂരമുണ്ട് ഇൗ റൂട്ട്. ബംഗളൂരുവിൽനിന്ന് വരുന്നവർക്ക് ഹാസ്സൻ, ബേലൂർ വഴിയുടെ ഇവിടെ എത്താം. ദൂരം 320 കിലോമീറ്റർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.