Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightമരുഭൂമിയിലെ...

മരുഭൂമിയിലെ മരമുത്തശ്ശി

text_fields
bookmark_border
മരുഭൂമിയിലെ മരമുത്തശ്ശി
cancel
ബഹ്റൈനിലെ ജബൽ ദുഖാനിൽ സഞ്ചാരികളെ
ആകർഷിക്കുന്ന ‘ട്രീ ഓഫ് ലൈഫ്’ എന്ന പേരിലെ
നൂറ്റാണ്ടുകൾ പഴക്കമുള്ള മരത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കുന്നു

പേർഷ്യൻ ഗൾഫിന്റെ പടിഞ്ഞാറൻ തീരത്ത് സ്ഥിതിചെയ്യുന്ന മുപ്പതിലധികം ദ്വീപുകൾ ഉൾക്കൊള്ളുന്ന ചെറിയ ഒരു രാജ്യമാണ് കിങ്ഡം ഓഫ് ബഹ്‌റൈൻ. ഗൾഫ് പ്രദേശത്ത് ആദ്യമായി എണ്ണനിക്ഷേപം കണ്ടെത്തിയ ബഹ്‌റൈൻ എഴുപതുകൾ വരെ ബ്രിട്ടീഷ് അധീനതയിലായിരുന്നു. ഇത്തവണ യാത്രപുറപ്പെട്ടത് ബഹ്റൈനിലേക്കായിരുന്നു.

കേരളത്തിലേക്കുള്ള യാത്രാമധ്യേ രണ്ടു ദിവസത്തേക്കാണ് ബഹ്‌റൈൻ തലസ്ഥാനമായ മനാമയിൽ എത്തിയിരിക്കുന്നത്. കുറച്ച് ബന്ധുക്കളും സുഹൃത്തുക്കളും ഇവിടെയുണ്ട്. സ്നേഹപൂർവമായ അവരുടെ ഉപചാരങ്ങൾക്കുശേഷം നഗരത്തിന്റെ കാഴ്ചകൾക്കായി ഇവിടെയുള്ള സുഹൃത്തുക്കളായ ഷഹീനും നിഷാദുമൊത്ത് ഇറങ്ങി. എന്നെപ്പോലെതന്നെ യാത്രാപ്രേമികളായ ഷഹീനെയും ഭാര്യയെയും ഒരു യാത്രാവേളയിലാണ് പരിചയപ്പെട്ടത്.

‘രണ്ടു കടലുകൾ’ എന്നാണ് ബഹ്റൈൻ എന്ന വാക്കിന്റെ അർഥം. ചരിത്രാതീതകാലം മുതൽക്കേ മനുഷ്യവാസമുണ്ടായിരുന്ന ബഹ്റൈന്റെ അയൽരാജ്യങ്ങൾ സൗദി അറേബ്യയും ഖത്തറുമാണ്. സൗദിയിലേക്ക് കോസ്‌വേ പാലം വഴി ബഹ്റൈനെ ബന്ധിപ്പിച്ചിട്ടുണ്ട്, ഖത്തറിലേക്കുള്ള പാലംപണി ഇപ്പോൾ ആരംഭിച്ചു എന്ന് അറിയാൻ കഴിഞ്ഞു. പെട്രോളിയവും ടൂറിസവുമാണ് പ്രധാന വരുമാനമാർഗം. 1930കളിൽ എണ്ണനിക്ഷേപം ആദ്യം കണ്ടെത്തിയതിനാൽ ഗൾഫ് രാജ്യങ്ങൾക്കിടയിൽ വികസനം ആദ്യം എത്തിയ ഒരു പ്രദേശമാണ് ഇവിടം. മറ്റു ഗൾഫ് രാജ്യമെന്നപോലെ മലയാളികൾ ഉൾപ്പെടെ ധാരാളം ഇന്ത്യക്കാരുടെ തൊഴിലിടവുമാണ്. വിനോദസഞ്ചാരികൾക്ക്‌ വേണ്ടുന്ന വിഭവങ്ങളെല്ലാം ഈ കൊച്ചു ദ്വീപിലുണ്ട് എന്നത് ഇവിടത്തെ ഒരു പ്രത്യേകതയാണ്. ആഘോഷങ്ങൾക്കും വർണാഭമായ ആചാരങ്ങൾക്കും വലിയ സ്ഥാനമാണിവിടുള്ളത്. അംബരചുംബികളായ വ്യത്യസ്ത രൂപഘടനയിലുള്ള നിർമിതികൾ തലസ്ഥാനനഗരമായ മനാമയെ മനോഹരമാക്കുന്നു.



ട്രീ ഓഫ് ലൈഫ് മരത്തിന്റെ തടി

‘ട്രീ ഓഫ് ലൈഫ്’

ഞങ്ങളുടെ യാത്ര മരുഭൂമിയുടെ നടുവിലായി തണൽ വിരിച്ചു കിടക്കുന്ന ‘ട്രീ ഓഫ് ലൈഫ്’ എന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു വൃക്ഷത്തെ തേടിയായിരുന്നു. മനാമയിൽനിന്ന് ഏകദേശം 40 കിലോമീറ്ററാണ് ‘ട്രീ ഓഫ് ലൈഫ്’ നിൽക്കുന്ന ജബൽ ദുഖാനിലേക്കുള്ളത്. മരുഭൂമിയിലൂടെ ഏകദേശം 25 കിലോമീറ്റർ വീണ്ടും സഞ്ചരിച്ച് ‘ട്രീ ഓഫ് ലൈഫ്’ അഥവാ ‘ഷജറത്ത് അൽ ഹയാത്തിനു’സമീപം എത്തി. നല്ല തിരക്കുണ്ടായിരുന്നു അവിടെ. മരുഭൂമിയിൽ ഒറ്റപ്പെട്ടു പടർന്നുപന്തലിച്ചുനിൽക്കുന്ന ഒരു വലിയ വൃക്ഷം. വെള്ളവും വളവും കുറവായ ഈ മരുഭൂമിയിൽ നൂറ്റാണ്ടുകളോളം ഈ വൃക്ഷം നിലനിന്നത് ഒരു വിസ്മയംതന്നെയാണ്. 10 മീറ്ററോളം ഉയരമുള്ള പ്രോസോപിസ് സിനേറിയ എന്ന ശാസ്ത്രീയ നാമമുള്ള അകേഷ്യ മരമാണിത്.

നമ്മുടെ നാട്ടിൽ സാധാരണയായി കാണപ്പെടുന്ന വൃക്ഷങ്ങളുടെ വലുപ്പം മാത്രമാണ് ഇതിനുള്ളത്. അറേബ്യൻ മരുഭൂമിയിലെ തരിശായ പ്രദേശത്തെ ചെറിയ കുന്നിൻ മുകളിലുള്ള ഈ മരത്തിന്റെ വലുപ്പമല്ല അതിന്റെ പ്രാധാന്യത്തിന് കാരണം. മറിച്ച്, ഈ മരം ഇത്രകാലം എങ്ങനെ ഇവിടെ നിലനിന്നു എന്ന അത്ഭുതമാണ്.

മഴ കുറവുള്ള ഈ മരുഭൂമിയിൽ അഞ്ചു നൂറ്റാണ്ടുകളുടെ കാലപ്പഴക്കമുള്ള, ഈ പ്രദേശത്തെ ഒരേ ഒരു പ്രധാന വൃക്ഷം സമൃദ്ധമായ ഇലകളാൽ മൂടപ്പെട്ട് നിലകൊള്ളുന്നു. ഈ വസ്തുത കാരണമാകാം ഈ വൃക്ഷം ധാരാളം വിനോദസഞ്ചാരികളെ ആകർഷിക്കുന്നത്. കാലപ്പഴക്കത്തിന്റെ അടയാളങ്ങൾ തൊലിപ്പുറത്തു കാണാം. ശിഖരങ്ങൾ ചാഞ്ഞു തറയിൽ സ്പർശിച്ച് ഉപവൃക്ഷങ്ങൾ രൂപപ്പെട്ടിരിക്കുന്നു. പുളിയില പോലത്തെ കുഞ്ഞ് ഇലകളാണിതിന്. അന്തരീക്ഷത്തിൽനിന്ന് പരമാവധി ഈർപ്പം വേർതിരിച്ചെടുക്കാൻ ഇലകളും പഠിച്ചുവെന്ന് പഠനങ്ങൾ തെളിയിക്കുന്നു. കൂടാതെ, വൃക്ഷത്തിന്റെ വേരുകൾ 50 മീറ്ററിലധികം ആഴത്തിലേക്ക് പോയിട്ടുള്ളതിനാൽ അത് ഭൂഗർഭ വെള്ളത്തിലെത്താൻ മതിയാകും. ഭൂമിക്കടിയിൽ കൂടുതൽ നിഗൂഢമായ ജലസ്രോതസ്സുണ്ടാകാമെന്ന്‌ ചിലർ അവകാശപ്പെടുന്നു. വൃക്ഷത്തിന്റെ ജൈവികതക്ക് യുക്തിസഹജമായ വിശദീകരണങ്ങൾ കൂടാതെ പലരും ഉത്തരങ്ങൾക്കായി പുരാണങ്ങളിലേക്കും മതങ്ങളിലേക്കും തിരിയുന്നുണ്ട്. ബാബിലോണിയൻ, സുമേറിയൻ പുരാണങ്ങളിലെ പുരാതന ജലദേവനായ എൻകി (Enki) വൃക്ഷത്തെ സംരക്ഷിക്കുന്നുവെന്ന് ചിലർ വാദിക്കുന്നു. എന്നാൽ, ഈ സ്ഥലം ഏദൻ തോട്ടം നിന്നിരുന്ന സ്ഥലമാണെന്ന് വിശ്വസിക്കുന്നവരുമുണ്ട്.

2010ൽ പുരാവസ്തു ഗവേഷകർ 500 വർഷം പഴക്കമുള്ള മൺപാത്രങ്ങളും മറ്റു പുരാവസ്തുക്കളും മരത്തിന്റെ പരിസരത്തുനിന്ന് കണ്ടെത്തിയിരുന്നു. അമേരിക്കൻ ഗവേഷകർ 1990കളിൽ നടത്തിയ മണ്ണിന്റെയും ഡെൻഡ്രോക്രോണോളജിയുടെയും (tree ring rating) വിശകലനത്തിൽ 16ാം നൂറ്റാണ്ടിൽ (1583ൽ) നട്ടുപിടിപ്പിച്ചതാണിതെന്നാണ് നിഗമനം. ഈ പ്രദേശത്ത് സാധാരണമല്ലാത്ത മരം പോർചുഗീസിൽനിന്നോ മറ്റോ വന്ന വ്യാപാരികൾ കൊണ്ടുവന്ന്‌ അന്ന് മനുഷ്യവാസം ഉണ്ടായിരുന്ന ഇവിടെ നട്ടതാകും എന്ന് അനുമാനിക്കുന്നു. സ്റ്റീവ് മാർട്ടിന്‍റെ എൽ.എ സ്റ്റോറി എന്ന ബോളിവുഡ് സിനിമയിൽ ഭൂമിയിലെ ഏറ്റവും നിഗൂഢമായി വിശേഷിപ്പിക്കുന്ന ഒന്നായി വൃക്ഷത്തെ പരാമർശിച്ചിട്ടുണ്ട്.

2009ൽ പ്രകൃതിയുടെ പുതിയ ഏഴ് അത്ഭുതങ്ങളുടെ പട്ടികയിലേക്ക് ഈ വൃക്ഷം നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്. ട്രീ ഓഫ് ലൈഫ് മരത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഇതിനു ചുറ്റും മതിൽ കെട്ടി അധികൃതർ സംരക്ഷിക്കുന്നുണ്ട്. ലോകത്ത് പല രാജ്യങ്ങളിലായി ഇതുപോലെയുള്ള ഒമ്പതു മരങ്ങളുണ്ട്‌. അതിന്റെ വിവരങ്ങൾ മതിലിൽ പല ഭാഗത്തായി രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, മരത്തിന്റെ പ്രാധാന്യങ്ങൾ വിവരിക്കുന്ന ഒരു ലഘുപ്രദർശനവും അവിടെ ചുറ്റുമതിലിന്റെ ഒരു ഭാഗത്തായി ഉണ്ട്.

കുറച്ചു സമയംകൂടി അവിടെ ചെലവഴിച്ചതിനുശേഷം ഞങ്ങൾ മനാമയിലേക്കു തിരിച്ചു. തിരികെയുള്ള യാത്രയിൽ സമീപത്തായുള്ള ബഹ്റൈനിലെ ആദ്യത്തെ എണ്ണക്കിണർ നിർമിച്ച സ്ഥലവും സന്ദർശിച്ചു. അനവധി മറ്റ് എണ്ണക്കിണറുകളും എണ്ണശുദ്ധീകരണ ശാലകളും പാതക്കിരുവശവും യാത്രാവേളയിൽ കാണാൻ സാധിച്ചു.

പ്രകൃതിയിലെ ചില പ്രതിഭാസങ്ങള്‍ അത്ഭുതമുളവാക്കുന്നവയാണ്, അത്തരം ഒരു കാഴ്ചയായിരുന്നു ബഹ്‌റൈനിലെ ‘ട്രീ ഓഫ് ലൈഫ്’. ഓരോ യാത്രയും വഴിതെളിക്കുന്നത് പുതിയ അനുഭവങ്ങളിലേക്കാണെന്ന് ഒരിക്കൽകൂടി തിരിച്ചറിഞ്ഞു.

സിബി മാത്യു കൊട്ടാരക്കര



ജബൽ ദുഖാനിലെ ട്രീ ഓഫ് ലൈഫിനു മുന്നിൽ ലേഖകനും സുഹൃത്തുക്കളും


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:travelogueQatar
News Summary - Desert tree grandmother
Next Story