ചുരം കയറി മഴയുടെ തറവാട്ടിൽ
text_fieldsകോടയിറങ്ങുന്ന പശ്ചിമഘട്ട മലനിരകളിലെ ചുരങ്ങൾ. അതിലൂടെ മഴ നനഞ്ഞ് വെള്ളച്ചാട്ടത്തിലലിഞ്ഞ് മഴയുടെ വിവിധ ഭാവങ്ങൾ നുകർന്നൊരു യാത്ര. ഏതൊരു മഴ പ്രേമിയുടെയും സ്വപ്നമായിരിക്കും ഇതെല്ലാം. മഴയെ സ്നേഹിക്കുകയും അതിലലിയാനുള്ള അവസരങ്ങൾ പാഴാക്കാത്തവനുമായതുകൊണ്ട് ഒരു മഴയാത്രയും ഒഴിവാക്കാറില്ല.
അങ്ങനെ കഴിഞ്ഞ മൺസൂൺ കാലത്ത് മഴയുടെ തറവാടെന്നറിയപ്പെടുന്ന മഹാരാഷ്ട്രയിലെ അംബോളിയിലേക്കൊരു യാത്ര പോയി. മഴയിലും കോടയിലും മുങ്ങിയ ചുരം, നിറഞ്ഞൊഴുകുന്ന വെള്ളച്ചാട്ടങ്ങൾ... അങ്ങനെ കൊതിപ്പിക്കുന്ന കാഴ്ചകളെക്കുറിച്ച് വായിച്ചറിഞ്ഞപ്പോഴെ ഈ യാത്ര ഏറെ മോഹിച്ചിരുന്നു.
കൊച്ചിയിൽനിന്ന് ട്രെയിൻ കയറി കുടൽ സ്റ്റേഷനില്‍ ഇറങ്ങുമ്പോൾ നേരം പുലരുന്നതേയുള്ളൂ. ഇവിടെനിന്ന് 48 കി.മീ ഉണ്ട് അംബോളിക്ക്. ബസിൽ മഹാരാഷ്ട്രൻ മലനിരകളിലൂടെ ചുരം കയറുമ്പോൾ തണുത്ത കാറ്റിനൊപ്പം കോടമൂടിയ താഴ്വാരങ്ങളും ഏത് നിമിഷവും പെയ്യാവുന്ന കാർമേഘങ്ങളുമാവും വരവേൽക്കുക. കണ്ണടച്ചു തുറക്കും മുന്നെ പല താളത്തിൽ കൊട്ടിക്കയറിയെത്തുന്ന മഴയെ നമ്മൾ പ്രതിക്ഷിക്കണം. പ്രതീക്ഷ തെറ്റിക്കാതെ മഴയെത്തി. ആര്‍ത്തലച്ചു പെയ്ത മഴയിലേക്കാണ് അംബോളിയില്‍ ചെന്നിറങ്ങിയത്.
വലിയ വികസനമോ കെട്ടിടങ്ങളോ ഇല്ലാത്ത ചെറിയ മഹാരാഷ്ട്രൻ ഗ്രാമം. ബസ്സ്റ്റൻഡിൽ തന്നെ കണ്ട ചെറിയ കടയിൽനിന്ന് ചൂട് ചായയും വടാപാവും കഴിച്ച് വിശപ്പിന് താൽക്കാലിക ശമനമുണ്ടാക്കി. ഇനി തങ്ങാനൊരിടമാണ് വേണ്ടത്. ചെറിയ ഗ്രാമമായത് കൊണ്ട് തന്നെ താമസ സൗകര്യങ്ങൾ കുറവ്. രണ്ടു മൂന്നിടത്ത് കയറിയിറങ്ങിയെങ്കിലും എവിടെയും ഒഴിവില്ല. മഴ തിമിർത്ത് പെയ്യുന്നത് കൊണ്ട് അവസാനം കിട്ടിയ റൂമില്‍ തന്നെ കൂടാമെന്നുവെച്ചു.
മഹാരാഷ്ട്രയിൽ പശ്ചിമഘട്ടത്തിലെ സഹ്യാദ്രി കുന്നുകളിലെ സിന്ധുദുർഗ് ജില്ലയിൽ 2260 അടി ഉയരത്തിലാണ് അംബോളിയെന്ന ഹിൽസ്‌റ്റേഷൻ. അംബോളി ചുരം ഇന്ത്യയിലെ മനോഹരമായ പാതകളിലൊന്നാണ്. മാത്രമല്ല ലോകത്തിലെ ഇക്കോ ഹോട്ട് സ്പോട്ടുകളിലൊന്നുമാണ് ഈ പ്രദേശം. അംബോളിയുടെ ഒരുവശം കൊങ്കൺ തീരവും മറുവശങ്ങളിൽ താഴ്വരകളുമാണ്.
കോഹ്ലാപ്പൂരിൽനിന്ന് സിന്ധുദുർഗ് വരെയുള്ള ചുരം പാത ദൃശ്യഭംഗികൊണ്ട് മാത്രമല്ല, ജൈവവൈവിധ്യം കൊണ്ടും പശ്ചിമഘട്ട മലനിരകളിൽ പ്രാധാന്യമർഹിക്കുന്നതാണ്. അയൽ സംസ്ഥാനമായ കർണാടകയിലെ െലെഗാവിയുമായും ഗോവയിലെ പനാജിയുമായും ബന്ധിപ്പിക്കുന്ന മലമ്പാത കൂടിയാണ് അംബോളി ചുരം.
നൂൽമഴ നനഞ്ഞ് വെള്ളച്ചാട്ടത്തിലേക്ക്
മുറിയില്‍നിന്ന് ആദ്യം ഇറങ്ങിയത് അംേബാളിയിലെ പ്രധാന വെള്ളച്ചാട്ടത്തിലേക്കാണ്. പാതയോരത്തെ വെള്ളച്ചാട്ടത്തിലേക്ക് പോയത് ചുരത്തിലൂടെ നടന്ന് തന്നെയാണ്. നൂൽമഴ നനഞ്ഞ് നടക്കുമ്പോൾ ചെറുതും വലുതുമായ നിരവധി വെള്ളച്ചാട്ടങ്ങൾ കാടിനുള്ളിൽ നിന്നുമൊഴുകി താഴ്വരയിലേക്ക് പോകുന്ന കാഴ്ച കാണേണ്ടതാണ്. പച്ചപ്പാണ് ചുറ്റും. പച്ചപ്പട്ടുടുത്ത പ്രകൃതിയുടെ പല ഭാവങ്ങൾ. പച്ചപ്പിെൻറ മേലങ്കിയണിഞ്ഞ മലകളെ തഴുകുന്ന കോടമഞ്ഞിെൻറ നേർത്ത പാളികൾ. മഴയിൽ നനഞ്ഞ് ചുരത്തിെൻറ വശങ്ങളിലിരിക്കുന്ന കുരങ്ങൻമാരുടെ കളികൾ ആരുടെയും ശ്രദ്ധയാകർഷിക്കും. പ്രധാന വെള്ളച്ചാട്ടത്തില്‍നിന്ന് മുകളിലേക്ക് കയറാൻ പടികൾ ഉള്ളതുകൊണ്ട് തന്നെ സഞ്ചാരികളുടെ തിരക്കും കൂടുതലാണിവിടെ. വെള്ളച്ചാട്ടത്തിന് താഴെ റോഡില്‍ നിറയെ താല്‍കാലിക ഷെഡുകളില്‍ കച്ചവടക്കാരുടെ കടകളുണ്ട്.
മഴക്കാലത്തും വേനൽക്കാലത്തും സഞ്ചാരികളെത്തുന്ന ഒരിടമാണ് അംബോളി. ഇന്ത്യയിൽ നാലാമത്തെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലം. ഇടതൂർന്ന കാട്ടിനുള്ളിൽ പെയ്യുന്ന മഴ പലവഴികളിലൂടെയൊഴുകി പേരുള്ളതും പേരില്ലാത്തതുമായ വലുതും ചെറുതുമായ നിരവധി വെള്ളച്ചാട്ടങ്ങളായി മാറുന്നു. തുടർന്ന് ഇവ ചുരത്തിലൂടെയൊഴുകി താഴ്വാരങ്ങളിലേക്ക് പതിക്കുന്ന മനോഹര കാഴ്ച കാണാൻ ആയിരക്കണക്കിന് സഞ്ചാരികളാണ് ഓരോവർഷവും ഇവിടെയെത്തുന്നത്. അതുകൊണ്ടുതന്നെ മൺസൂൺ സമയത്ത് മഹാരാഷ്ട്രയിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് അംബോളി.
മഴയുടെ രൗദ്രഭവങ്ങള്‍ ആസ്വദിച്ച്, മഴയില്‍ നീരാടി, വെള്ളച്ചാട്ടത്തില്‍ കുളിച്ച് ആളുകളിങ്ങനെ പ്രകൃതിയിലലിയുകയാണ്. തിരക്കിനിടയിലൂടെ ശക്തമായി വെള്ളമൊഴുകുന്ന പടിക്കെട്ടുകളിലൂടെ മുകളിലേക് കയറി. ചിന്നിചിതറിയൊഴുകുന്ന വെള്ളത്തില്‍ ഒരിത്തിരിനേരം നിന്നു. കൂടുതല്‍ നേരം നിൽക്കണമെന്ന് മനസ്സ് പറയുന്നുണ്ടെങ്കിലും അംബോളിയില്‍ കാണാന്‍ ഇനിയും അനവധി കാഴ്ചകളുണ്ടെന്ന ചിന്തകള്‍ അവിടെ നിന്നുമിറക്കി.
കോടമൂടിയ താഴ്വാരങ്ങൾ
തിരിച്ച് റൂമിലേക്ക് നടക്കുംവഴി കണ്ട ഒരു വെള്ളച്ചാട്ടത്തിെൻറ മുകളിലേക്കുള്ള യാത്ര കൊണ്ടെത്തിച്ചത് കോടമൂടിയ കാട്ടിലേക്കാണ്. ഒരുവിധം അവിടെനിന്ന് പ്രധാന റോഡിലേക്കുള്ള വഴി തപ്പിപ്പിടിച്ച് ഇറങ്ങിയപ്പോള്‍ ഉച്ച കഴിഞ്ഞിരുന്നു. റോഡരികിലെ കടയില്‍നിന്ന് ഭക്ഷണം കഴിച്ചു. ഇനി പോകേണ്ടത് മഹാദേവ്ഗഡ് പോയിൻറിലേക്കാണ് (ഫോർട്ട്). അംബോളിയിൽനിന്ന് മൂന്ന് കിലോമീറ്റർ വിജനമായ പാതയിലൂടെ നടന്നാൽ ലക്ഷ്യസ്ഥാനമെത്താം. അവിടെനിന്ന് നോക്കിയാൽ മഹാരാഷ്ട്രൻ പർവതനിരകളും താഴ്വരകളും കോടയിൽ മുങ്ങുന്നത് കാണാം.
മഴക്കാലത്തല്ലെങ്കിൽ അറബിക്കടലിെൻറ വിദൂര ദൃശ്യവും കാണാനാവുമെന്ന് കേട്ടിട്ടുണ്ട്. വിജനമായ നാട്ടു പാതകളിലൂടെ ഇടക്കിടെ ചെറുവാഹനങ്ങള്‍ പോകുന്നുണ്ട്്. കോടമൂടിയ വഴികള്‍ക്കിരുവശവും കാടുകളാണ്. മഴ, കോട, പച്ചപ്പ് എന്നിവയുടെ ഒരു സമ്മിശ്രമാണ് മഹാദേവ്ഗഡ് പോയിൻറിലേക്കുള്ള വഴി. താഴ്വാരവും മലകളും കോടയില്‍ മുങ്ങിനിൽക്കുന്നു. കുറെനേരം അവിടെ തങ്ങിയശേഷം റൂമിലേക്ക് മടങ്ങി. നാളെ തിരികെ പോരും മുന്നേ രണ്ടിടങ്ങള്‍ കൂടി കാണാനുണ്ട്.
രാവിലെ എഴുന്നേറ്റ് റെഡി ആയി. ഭക്ഷണവും കഴിച്ച് പോകാനുള്ളിടത്തേക്കിറങ്ങി. ഒരേസമയം തീർഥാടനത്തിെൻറയും വിനോദസഞ്ചാരത്തിെൻറയും ഇരട്ട മുഖമുണ്ട് അംബോളിക്ക്. മഴ നനയാൻ വേണ്ടി വരുന്നവർക്കൊപ്പം വിശ്വാസികൾ കൂടി വരുന്നയിടം.
ഇനി കാണാനുള്ളത് ഗാതപ്രഭാ നദിയുടെ പോഷകനദിയായ ഹിരണ്യകേശിനദി ഉൽഭവിക്കുന്നിടത്തുള്ള ഹിരണ്യകേശി അമ്പലമാണ്. അംബോളിയിൽ വരുന്ന സഞ്ചാരികൾ മിക്കവരും സന്ദർശിക്കുന്നയിടം. ചുറ്റും കാടും പച്ചപ്പുമുള്ള അന്തരീക്ഷം, കൂടെ വിശ്വാസികളും. അമ്പലത്തിന് മുമ്പിലെ കുളത്തില്‍ നീന്തുന്നവരുടെ തിരക്കാണ്.
അവിടെ നിന്നുമിറങ്ങി കോഹ്ലാപ്പുർ റൂട്ടിൽ പത്ത് കിലോമീറ്റർ സഞ്ചരിച്ചാൽ കവൽഷെട്ട് പോയൻറിലെത്താം. ജൂൺ-ജൂലൈ മാസങ്ങളിൽ ഏകദേശം ഏഴോളം വെള്ളച്ചാട്ടങ്ങൾ കാണാമെന്നുള്ളതാണ് ഇവിടുത്തെ പ്രത്യേകത. താഴ്വരയിൽനിന്ന് ശക്തമായി കാറ്റു വീശുകയാണെങ്കിൽ താഴേക്ക് വീഴുന്ന വെള്ളം മുകളിലേക്ക് പറക്കുന്നത് കാണാം.
കര്‍ണാടക, മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് കൂടുതലായും മഴനനയാൻ എത്തുന്നത്. പേരറിയാത്തതും മഴക്കാലത്ത് മാത്രം സജീവമാകുന്നതുമായ അനവധി വെള്ളച്ചാട്ടങ്ങളുള്ള ചുരം, ഒരുവശത്ത് കാടും മറുവശത്ത് കോടമൂടിയ താഴ്വാരവുമുള്ള ചുരത്തിലൂടെ മഴ നനഞ്ഞുള്ള നടത്തം... ഇതെല്ലാം കൊണ്ടായിരിക്കും അംബോളി സഞ്ചാരികളുടെ ഇഷ്ട താവളങ്ങളിലൊന്നായത്.
കാഴ്ചകളെല്ലാം കണ്ടുകഴിഞ്ഞ് നാട്ടിലേക്ക് തിരിക്കുമ്പോള്‍ കൂടെയുള്ളത് ഒരു മഴക്കാലത്തിെൻറ മനോഹരമായ ഓർമകളാണ്. മഴ നനഞ്ഞ് അപരിചിതവും ആളനക്കവുമില്ലാത്ത ഗ്രാമത്തിലൂടെ അലഞ്ഞ് തിരിഞ്ഞ് നടക്കാൻ ഇഷ്ടമുള്ളവരാണെങ്കിൽ അംബോളി ഒരു നല്ല തീരുമാനമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.