Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകളിയുടെ കൈസർ...

കളിയുടെ കൈസർ കളമൊഴിഞ്ഞു; ഇതിഹാസതാരം ഫ്രാൻസ് ബക്കൻബോവറിന് ഫുട്ബാൾ ലോകത്തിന്റെ വിട

text_fields
bookmark_border
Franz Beckenbauer
cancel

മ്യൂണിക്: ലോക ഫുട്ബാൾ കണ്ട എക്കാലത്തേയും മികച്ച താരങ്ങളിലൊരാളായ ജർമൻ ഫുട്ബാൾ ഇതിഹാസം ഫ്രാന്‍സ് ബക്കന്‍ബോവര്‍ അന്തരിച്ചു. 78 വയസ്സായിരുന്നു. ഹൃദയസംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ലോക ഫുട്ബാൾ ചരിത്രത്തിൽ കളിക്കാരനും പരിശീലകനുമായി ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട മൂന്നുപേരിൽ ഒരാളാണ് ‘കൈസർ’ എന്ന് ലോകം ആദരവോടെ വിളിക്കുന്ന ബക്കൻബോവർ.

അനിതരസാധാരണ കഴിവുകളുള്ള ഡിഫൻഡർ എന്ന നിലയിൽ സ്വയം അടയാളപ്പെടുത്തുമ്പോഴും കളം ഭരിക്കാനുള്ള കഴിവുകൂടി സ്വായത്തമാക്കിയ ബക്കൻബോവറുടെ മിടുക്ക് ജർമൻ ഫുട്ബാളിന്റെ ആധികാരികതയുടെ സാക്ഷ്യം കൂടിയായിരുന്നു. എഴുപതുകളുടെ മധ്യത്തിൽ യൂറോപ്യൻ കപ്പ് മത്സരത്തിൽ ബയേൺ മ്യൂണിക്കിനുവേണ്ടി ഹാട്രിക് നേടിയ മിടുക്ക് അതിന്റെ തെളിവായിരുന്നു. പരിശീലകനെന്ന നിലയിൽ എതിരാളികളുടെ ശക്തിദൗർബല്യങ്ങൾ നിരീക്ഷിച്ച് കുറിക്കുകൊള്ളുന്ന തന്ത്രങ്ങൾ രൂപപ്പെടുത്തിയ അദ്ദേഹത്തിന്റെ സാമർഥ്യം ലോകഫുട്ബാളിന്റെ ആദരവിന് പാത്രമായിരുന്നു.

‘എന്റെ ഭർത്താവ് അന്തരിച്ച വിവരം വ്യസനസമേതം അറിയിക്കുന്നു’ -ബക്കൻബോവറുടെ നിര്യാണം സ്ഥിരീകരിച്ച് കുടുംബം പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു.


ജർമൻ അതികായരായ ബയേണ്‍ മ്യൂണിക് ക്ലബിന്റെ കളിചരിത്രത്തി​ലെ ഇതിഹാസതാരം കൂടിയാണ് കൈസർ. ക്ലബിനൊപ്പമുള്ള സംഭവബഹുലമായ കരിയറിൽ യുവേഫ കപ്പും മൂന്ന് യൂറോപ്യന്‍ കപ്പും നേടിക്കൊടുത്തിട്ടുണ്ട്.1974ൽ പശ്ചിമ ജർമനിയുടെ നായകനായും 1990ൽ ജർമനിയുടെ പരിശീലകനായുമാണ് ലോകകിരീടം കൈകളിലേന്തിയത്. മൂന്ന് ലോകകപ്പുകളിൽ കളിച്ച താരം പശ്ചിമ ജർമനിക്ക് വേണ്ടി 103 അന്താരാഷ്ട്ര മത്സരങ്ങളിൽ ബൂട്ടുകെട്ടി. 1972 മുതൽ തുടർച്ചയായി മൂന്ന് തവണ ബയേൺ മ്യൂണികിനെ ബുണ്ടസ്‍ലീഗ ചാമ്പ്യന്മാരാക്കി.

1945 സെപ്റ്റംബറിൽ മ്യൂണിക്കിൽ ജനിച്ച അദ്ദേഹം 1860 മ്യൂണിക്ക് ക്ലബിന്റെ ആരാധകനായിരുന്നു. എന്നാൽ, കളിക്കാരനാകാനുള്ള ഒരുക്കങ്ങളിലേക്ക് കോച്ചിങ്ങിനെത്തിയതാകട്ടെ അന്ന് അധികമൊന്നും അറിയപ്പെടാത്ത ബയേണിലും. സെന്റർ ഫോർവേഡ് പൊസിഷനിലായിരുന്നു ആദ്യം കളി മെനഞ്ഞത്. 1964ൽ ബയേണിനുവേണ്ടി അരങ്ങേറ്റ മത്സരത്തിനിറങ്ങിയത് ലെഫ്റ്റ് വിങ്ങറുടെ പൊസിഷനിലായിരുന്നു. അന്ന് പശ്ചിമ ജർമനിയുടെ രണ്ടാം ഡിവിഷനിലായിരുന്നു ബയേൺ മ്യൂണിക്.

പിന്നീട് സെന്റർ മിഡ്ഫീൽഡറുടെ റോളിലേക്ക് കൂടുമാറ്റം. മധ്യനിരയിലും മികവുകാട്ടിയ കൈസറുടെകൂടി മികവിൽ ബയേണിന് ബുണ്ടസ് ലീഗയിലേക്ക് പ്രമോഷൻ കിട്ടി. 1968-69 സീസണിൽ ടീമിന്റെ ക്യാപ്റ്റനുമായി. ആ സീസണിൽ കിരീടനേട്ടത്തിലേക്കും മുന്നേറി ക്ലബ് അതിശയക്കുതിപ്പിന് തുടക്കമിട്ടു. 1972,73,74 വർഷങ്ങളിൽ ഹാട്രിക് കിരീടനേട്ടം. 20-ാം വയസ്സിലാണ് പശ്ചിമ ജർമനിക്കുവേണ്ടി ദേശീയ ജഴ്സിയിൽ അരങ്ങേറിയത്. 1972ൽ യൂറോകപ്പ്, 1974ൽ ലോകകപ്പ്...ദേശീയ ടീമിനെ നായകനായിത്തന്നെ കിരീടനേട്ടങ്ങളിലേക്ക് നയിച്ച് തന്റെ പ്രതിഭയെ അടയാളപ്പെടുത്തി. 1972ലും 1976ലും ലോകത്തെ മികച്ച താരത്തിനുള്ള ബാലൺ ഡി ഓർ പുരസ്കാരവും നേടി. 1984ൽ കളിയിൽനിന്ന് വിരമിക്കുന്ന വേളയിൽ അമേരിക്കയിൽ ന്യൂയോർക്ക് കോസ്മോസിന്റെ താരമായിരുന്നു.


ആ വർഷം തന്നെ പശ്ചിമ ജർമനി മാനേജരായി. 1986 ലോകകപ്പിൽ ടീമിനെ ഫൈനലിലെത്തിച്ചു. 1990ൽ ഇറ്റലിയിൽ നടന്ന ലോകകപ്പിൽ പരിശീലകനായി ജർമനിയെ ലോകകപ്പ് നേട്ടത്തിലെത്തിക്കുകയും ചെയ്തു. ബക്കൻബോവറിന് പുറമെ കളിക്കാരനായും കോച്ചായും ലോകകപ്പ് നേടിയ മറ്റുള്ളവർ ബ്രസീലിന്റെ മരിയോ സഗല്ലോ, ഫ്രാൻസിന്റെ ദിദിയർ ദെഷാംപ്‌സ് എന്നിവരാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GermanyFranz Beckenbauerfootball legend
News Summary - Franz Beckenbauer dies aged 78 as tributes paid to Germany football legend
Next Story