Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightആഴ്സനൽ തകർത്തെറിഞ്ഞ...

ആഴ്സനൽ തകർത്തെറിഞ്ഞ ‘മെന്റൽ ​​േബ്ലാക്ക്’, ബിഗ് ഗെയിമുകളിലെ വമ്പൻ സ്റ്റേറ്റ്മെന്റ്....

text_fields
bookmark_border
Arsenal
cancel

ഴ്സനൽ ഗോളി ആരോൺ റാംസ്ഡെയ്ൽ പറഞ്ഞതാണ് ​ശരി. മാഞ്ചസ്റ്റർ സിറ്റിയോടു മുട്ടുമ്പോൾ മുട്ടുവിറയ്ക്കുന്ന പതിവുകഥ വെംബ്ലിയിൽ പീരങ്കിപ്പട മാറ്റിയെഴുതിക്കഴിഞ്ഞു. ആധുനിക ഫുട്ബാളിലെ മിന്നും താരങ്ങളും പെപ് ഗ്വാർഡിയോളയുടെ കൗശലതന്ത്രങ്ങളു​മൊന്നും ആഴ്സനലിനെ മറിച്ചിടാൻ ഞായറാഴ്ച രാവിൽ മാഞ്ചസ്റ്ററു​കാർക്ക് മതിയായില്ല. ബിഗ് ഗെയിമുകളിൽ ഇതൊരു വലിയ സ്റ്റേറ്റ്മെന്റ് കൂടിയാണ്. വരും സീസണിലെ മത്സരങ്ങളാണ് അതി​ന്റെ തെളിവു നൽകേണ്ടതെന്നുമാത്രം. അതിൽ തെളിയാനിരിക്കുന്നതെന്തായാലും റാംസ്ഡെയ്ൽ പറഞ്ഞതുപോലെ, ആ ‘മെന്റൽ ​​​​േബ്ലാക്ക്’ ആഴ്സനൽ അത്യുജ്വലമായിത്തന്നെ മറികടന്നിരിക്കുന്നു. സീസണിന്റെ തുടക്കത്തിൽ സിറ്റിയെ മലർത്തിയടിച്ച് നേടിയ കമ്യൂണിറ്റി ഷീൽഡ് മുന്നോട്ടുവെക്കുന്ന സൈക്കോളജിക്കൽ ഇംപാക്ട് ഒരിക്കലും അണ്ടർഎസ്റ്റിമേറ്റ് ചെയ്യപ്പെടരുതാത്ത നേട്ടവുമാണു താനും.

കമ്യൂണിറ്റി ഷീൽഡ് കൈയിലെത്തിയെന്ന് സിറ്റിക്കാർ ഉറപ്പിച്ചുനിൽക്കെയാണ് ഇഞ്ചുറി ടൈമിന്റെ അവസാന നാഴികയിൽ ലിയാൻഡ്രോ ട്രൊസാർഡിന്റെ ഷോട്ടിൽ മാനുവൽ അകാൻജിയുടെ ദേഹത്തുരുമ്മിയ പന്ത് പ്രതാപികളായ സിറ്റിയുടെ വലയിലേക്ക് ഉരുണ്ടുകയറിയത്. 1-1ന് തുല്യനിലയിലായ കളിയിൽ പിന്നെ പെനാൽറ്റി ഷൂട്ടൗട്ട്. ആ നൂൽപ്പാലത്തിൽ റോ​ഡ്രിയുടെ കിക്ക് തടഞ്ഞിട്ട് റാംസ്ഡെയ്ൽ ഗണ്ണേഴ്സിനെ കമ്യൂണിറ്റി ഷീൽഡിന്റെ വെള്ളിവെളിച്ചത്തിലേക്ക് കൈപിടിച്ചുയർത്തുകയായിരുന്നു. ഇക്കഴിഞ്ഞ പ്രീമിയർ ലീഗിൽ 248 ദിവസം മുന്നേിലോടിയശേഷം അവസാന ലാപ്പിലെ സിറ്റിയുടെ കുതിപ്പിൽ കിരീടം തലനാരിഴക്ക് കൈവിട്ടുപോയ മൈക്കൽ ആർടേറ്റയുടെ കുട്ടികൾക്ക് അൽപമൊരാശ്വാസമായി അതുമാറി. കഴിഞ്ഞ സീസണിൽ മൂന്നു തവണ-രണ്ടു തവണ പ്രീമിയർ ലീഗിൽ, ഒരു തവണ എഫ്.എ കപ്പിൽ-സിറ്റിയോട് കീഴടങ്ങിയതിനൊടുവിലാണ് തുടർതോൽവികളുടെ കദനഭാരം ആഴ്സനൽ കുടഞ്ഞുകളഞ്ഞത്. വെംബ്ലിയിലിറങ്ങും മുമ്പ് ഇളംനീലക്കുപ്പായക്കാർക്കുമുമ്പിൽ അവസാന ഒമ്പതു കളികളിലും പരാജയം രുചിച്ച ടീമിന് ഈ വിജയം നൽകുന്ന മധുരവും ഊർജവും ചില്ലറയായിരിക്കില്ല.

കിരീടവിജയം ശീലമാക്കിയ മാഞ്ചസ്റ്റർ സിറ്റി വെംബ്ലിയുടെ ചരിത്രമുറ്റത്തും അഭിമാനകരമായ വിജയഭേരി സ്വപ്നം കണ്ടു നിൽക്കെയായിരുന്നു ആ തിരിച്ചടി. കൈയിലെത്തിയെന്നു കരുതിയ ഷീൽഡ് കൈവിട്ടുപോയതിന്റെ നിരാശ ഗ്വാർഡിയോളയുടെ വാക്കുകളിൽ പ്രകടമാണ്. അതുകൊണ്ടാണ് സിറ്റി കോച്ച് ‘നീണ്ടുപോയ’ ഇഞ്ചുറി​ ടൈമിനുമേൽ കുറ്റം ചാർത്തുന്നതും.

ലോകം ഉറ്റുനോക്കിയ മത്സരത്തിൽ ആഴ്സനലിന്റെ ക്രിയേറ്റിവ് ഫുട്ബാൾ ഏറെ മതിപ്പുനൽകുന്നതായിരുന്നു. സിറ്റിയുടെ പൊസഷൻ ഗെയിമിനെ വേഗവും ക്രിയേറ്റിവിറ്റിയും ചാലിച്ച കൗണ്ടർ അറ്റാക്കിങ്ങുകളാൽ വിറപ്പിച്ചായിരുന്നു ആഴ്സനലിന്റെ അശ്വമേധം. സമ്മർ സൈനിങ്ങിൽ വെസ്റ്റ് ഹാമിൽനിന്ന് 10 കോടി പൗണ്ടിന്റെ പണക്കിലുക്കവുമായെത്തിയ മിഡ്ഫീൽഡർ ഡെക്‍ലാൻ റൈസ്, ചെൽസിയിൽനിന്ന് കൂടുമാറിവന്ന ജർമൻ സ്ട്രൈക്കർ കയ് ഹാവെർട്സ്, അയാക്സിൽനിന്ന് ചേക്കേറിയ ഡിഫൻഡർ ജൂറിയൻ ടിംബർ എന്നിവർ ടീമിന്റെ കഥാഗതികളിൽ മാറ്റമുണ്ടാക്കാൻ പോന്നവരാണെന്ന ആത്മവിശ്വാസവും സൂചനകളും വെംബ്ലി നൽകി. ലെഫ്റ്റ് ബാക്ക് പൊസിഷനിൽനിന്ന് ഇടക്ക് മിഡ്ഫീൽഡിൽ കരുനീക്കങ്ങൾക്കായി കട്ടുചെയ്തു കയറിയെത്തിയ ടിംബർ വരും സീസണിൽ ആഴ്സനലിന് ഊർജം പകരുമെന്നതി​ന്റെ സാക്ഷ്യമായിരുന്നു സിറ്റിക്കെതിരായ മത്സരത്തിലെ പ്രകടനം.

പകരക്കാരനായിറങ്ങിയ യുവതാരം കോൾ പാർമറിന്റെ ഇടങ്കാലിൽനിന്നുതിർന്ന തകർപ്പൻ ഷോട്ടിൽ 77-ാം മിനിറ്റിൽ ലീഡ് നേടിയ മാഞ്ചസ്റ്ററുകാർ എല്ലാം ഭദ്രമെന്നു കരുതി ആഘോഷമുറപ്പിച്ചു​നിൽക്കെയാണ് ഗണ്ണേഴ്സിന്റെ പീരങ്കിയിൽനിന്ന് തിരിച്ച് അന്തിമനാഴികയിൽ വെടിപൊട്ടിയത്. മധ്യനിരക്കുപിന്നിൽനിന്ന് പന്തുമായിക്കുതിച്ച ഫിൽ ഫോഡനായിരുന്നു സിറ്റിയുടെ ഗോളിന് ചരടുവലിച്ചത്. ഫോഡൻ ഉയർത്തിയിട്ട പന്ത് ആഴ്സനൽ ഡിഫൻഡർ കീറാൻ ടിയർനി കാൽവെച്ച് തടഞ്ഞെങ്കിലും പന്തെത്തിയത് ഡിബ്രൂയിനരികിലേക്ക്. ബെൽജിയൻ സൂപ്പർ താരം ഹെഡറിലൂടെ പന്ത് പാർമറിന് നൽകി. വലതുവിങ്ങിലൂടെ മുന്നേറിയ 21കാരൻ പന്തിനെ ബോക്സിനുള്ളിൽനിന്ന് ഒന്നാന്തരമൊരു ടെക്സ്റ്റ്ബുക്ക് ആംഗുലർ ഷോട്ടിലൂടെ ഇടങ്കാലുകൊണ്ട് വലയിലേക്ക് പായിച്ചപ്പോൾ ആഴ്സനൽ ഗോളി ആ​രോൺ റാംസ്ഡെയ്ലിന്റെ ഡൈവ് വെറുതെയായി.

പന്തിന്റെ മേധാവിത്വം കൂടുതൽ സമയവും തങ്ങളുടെ കാലുകളിലൊതുക്കിയ പ്രീമിയർലീഗ് ചാമ്പ്യന്മാരെ പക്ഷേ, പൊള്ളുന്ന മിന്നലാക്രമണങ്ങളിൽ ആദ്യപകുതിയിൽ ആഴ്സനൽ ആധിയിലാഴ്ത്തുകയായിരുന്നു. ഗോളെന്നുറച്ച രണ്ടവസരങ്ങൾ ഇടവേളക്കുമുമ്പ് ഗണ്ണേഴ്സിന് തുറന്നെടുക്കാൻ കഴിഞ്ഞു. കയ് ഹാവെർട്സിനായിരുന്നു രണ്ടു തവണയും വലയിലേക്ക് നിറയൊഴിക്കാനുള്ള നിയോഗം. എന്നാൽ, മെയ്‍വഴക്കവും ഭാഗ്യവും സമന്വയിപ്പിച്ച തകർപ്പൻ പ്രതിരോധത്തിലൂടെ ഗോളി സ്റ്റെഫാൻ ഒർട്ടേഗ ഗോളിനും ആഴ്സനലിനുമിടയിൽ വൻമതിലായി.

പതിയെയാണ് ആഴ്സനൽ തുടങ്ങിയത്. തുടക്കത്തിൽ മാഞ്ചസ്റ്ററുകാരുടെ നിയന്ത്രണത്തിനൊത്ത് ചരിച്ച കളിയിൽ അവർ കാഴ്ചക്കാരായി. പിന്നാലെ, മുനകൂർത്ത പ്രത്യാക്രമണങ്ങളുമായി പീരങ്കിപ്പട കയറിയെത്തിയപ്പോൾ കളി ആവേശകരമായി. വേഗവും പന്തടക്കവും സമാസമം ചേർത്ത ആഴ്സനൽ നീക്കങ്ങളുടെ രസച്ചരട് ഏറിയകൂറും വലതു വിങ്ങിൽ ബുകോയ സാകയുടെ ബൂട്ടിലായിരുന്നു. 40-ാം മിനിറ്റിൽ വിങ്ങിൽനിന്ന് കട്ട്ചെയ്ത് ബോക്സിൽ കയറിയ സാക സിറ്റി ഡിഫൻഡർ മാനുവൽ അകാൻജിയെ മറികടന്ന് പിന്നിലേക്ക് തട്ടിനീക്കിയ പന്തിനും ഗോളിനുമിടയിൽ ഹാവെർട്ടിനുണ്ടായിരുന്നത് എട്ടുവാര അകലം മാത്രം. വലങ്കാലുകൊണ്ട് ഫസ്റ്റ്ടൈം ഷോട്ട്. മിന്നൽപിണർപോലെയെത്തിയ പന്തിനെ ഒർട്ടേഗ ശ്രമകരമായി തടഞ്ഞിട്ടു. അതിനു മുമ്പ് 26-ാം മിനിറ്റിലാണ് ഹാവെർട്ടിന് മറ്റൊരു സുവർണാവസരം കിട്ടിയത്. വൈറ്റിന്റെ ക്രോസിൽനിന്ന് ഇതൾവിരിഞ്ഞ അവസരത്തിൽ ഹാവെർട്സിന്റെ ഷോട്ട് ഇടങ്കാലുകൊണ്ടാണ് ഒർട്ടേഗ തടഞ്ഞത്. റീബൗണ്ടിൽ മാർട്ടിനെല്ലിയുടെ ഷോട്ടിന് കൈകൾ പിന്നിലേക്കുകെട്ടി ‘നെഞ്ചുവിരിച്ച്’ നേരിട്ട സ്റ്റോൺസാണ് പ്രതിരോധമൊരുക്കിയത്. പെനാൽറ്റിക്കുവേണ്ടിയുള്ള ആഴ്സനലിന്റെ അവകാവാദങ്ങളും വിലപ്പോയില്ല. വലതു വിങ്ങിൽനിന്ന് പലകുറി സിറ്റി ഹാഫിലേക്ക് ആക്രമണം നയിച്ചെത്തിയ മാർട്ടിനെല്ലിയും മികവു കാട്ടി.


മറുതലക്കൽ സൂപ്പർ സ്ട്രൈക്കർ എർലിങ് ഹാലാൻഡ് ആദ്യപകുതിയിലുടനീളം നനഞ്ഞ പടക്കമായിരുന്നു. ബെൻ വൈറ്റും വില്യം സലിബയും ഗബ്രിയേലും നയിച്ച ആഴ്സനൽ ഡിഫൻസ് ജാഗരൂകമായി കെട്ടിപ്പൂട്ടി നിർത്തിയപ്പോൾ, വല ലക്ഷ്യമിട്ട് ഒരു ഷോട്ടുപോലും ഉതിർക്കാൻ നോർവേക്കാരന് കഴിഞ്ഞില്ല. ഈ ‘പത്മവ്യൂഹ’ത്തിൽനിന്ന് മറ്റുനിരകൾ പാഠമുൾക്കൊണ്ടാൽ വരും സീസണിൽ സിറ്റിയു​ടെ പ്രഹരശേഷിയെ അത് പ്രതികൂലമായി ബാധിക്കുമെന്നുറപ്പ്. സ്റ്റാർട്ടിങ് ഇലവനിൽ ഹാലാൻഡിനൊപ്പം തേരുതെളിച്ച യുവതാരം യൂലിയൻ ആൽവാരസാണ് മുൻനിരയിൽ താരതമ്യേന അപകടകാരിയായത്. 64-ാം മിനിറ്റിൽ ഹാലാൻഡിനെ മാറ്റി കോച്ച് പെപ് ഗ്വാർഡിയോള യുവതാരം കോൾ പാർമറിനെ കളത്തിലിറക്കി. ചെൽസിയിൽനിന്ന് കൂടുമാറിയെത്തിയ മരിയോ കൊവാസിച്ച് സിറ്റിനിരയിലെ തന്റെ അര​ങ്ങേറ്റ മത്സരത്തിൽ പ്രശംസനീയമായ രീതിയിലാണ് നീക്കങ്ങൾ മെനഞ്ഞത്.

മത്സരം താൻ പ്രതീക്ഷിച്ച രീതിയിൽ പുരോഗമിക്കാതെ പോയതോടെ കളി ഒരുമണിക്കൂർ പിന്നിടവേ, കൊവാസിച്ചിനെ പിൻവലിച്ച് ഗ്വാർഡിയോളക്ക് തന്റെ തുരുപ്പുചീട്ടായ കെവിൻ ഡി ബ്രൂയിനെ രംഗത്തിറക്കേണ്ടിവന്നു. ജാക്ക് ഗ്രീലിഷിനുപകരം ഫിൽ ഫോഡനുമെത്തി. ഈ മാറ്റങ്ങൾ സിറ്റിയെ കരുത്തരാക്കുകയായിരുന്നു. പടിയിറങ്ങിയ ഇൽകായ് ഗുണ്ടോഗന്റെ അഭാവം വലിയൊരളവിൽ പരിഹരിക്കാൻ തനിക്ക് കഴിയുമെന്ന് ഫോഡൻ ഗ്വാർഡിയോളയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. സിറ്റി തുടരെ മുന്നേറ്റങ്ങൾ ചമച്ച ഈ ഘട്ടത്തിൽ ആഴ്സനൽ അൽപം പിന്നാക്കം പോയെങ്കിലും അനിവാര്യമായ സമയത്ത്, അവസാന അവസരത്തിൽ അവർ എല്ലാം അനുകൂലമാക്കിയെടുത്തു. നായകനടക്കം പടിയിറങ്ങിയ സിറ്റിക്ക് പുതുസീസണിന്റെ തുടക്കത്തിലേറ്റ ഈ പ്രഹരം കനത്തതുതന്നെയാണ്. അത് ആഴ്സനൽ ഉൾപെടെയുള്ളവർക്ക് നൽകുന്നതാവട്ടെ, നിറഞ്ഞ പ്രതീക്ഷകളും.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manchester cityarsenalCommunity Shield
News Summary - Arsenal removed ‘mental block’ with Community Shield win over Manchester City
Next Story