Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right'എന്തൊരു...

'എന്തൊരു ചങ്കുറപ്പ്'..!; സ്റ്റോയിനിസിന് മുന്നിൽ ചെന്നൈ വീണു

text_fields
bookmark_border
എന്തൊരു ചങ്കുറപ്പ്..!; സ്റ്റോയിനിസിന് മുന്നിൽ ചെന്നൈ വീണു
cancel

ചെന്നൈ: ലഖ്നോവിലെ കടം ചെന്നൈയിൽ തീർക്കാമെന്ന് കരുതിയ സൂപ്പർ കിങ്സിന് വീണ്ടും അടിതെറ്റി. ചെന്നൈ നായകൻ ഋതുരാജ് ഗെയ്ക് വാദും ശിവം ദുബെയും ചേർന്ന് കെട്ടിപൊക്കിയ 211 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം മാർകസ് സ്റ്റോയിനിസ് എന്ന ആസ്ട്രേലിയൻ ഓൾറൗണ്ടറുടെ ചങ്കുറപ്പിന് മുന്നിൽ തകർന്നടിഞ്ഞു. 19.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലഖ്നോ സൂപ്പർ ജയന്റ്സ് ലക്ഷ്യം കണ്ടു. 63 പന്തിൽ ആറ് സിക്സും 13 ഫോറുമുൾപ്പെടെ 124 റൺസുമായി മാർകസ് സ്റ്റോയിനിസ് പുറത്താകാതെ നിന്നു.

മുസ്തഫിസുർ റഹ്മാൻ എറിഞ്ഞ അവസാന ഓവറിൽ ലഖ്നോക്ക് ജയിക്കാൻ 17 റൺസ് വേണമായിരുന്നു. ക്രീസിൽ മാർകസ് സ്റ്റോയിനിസ് ആദ്യ പന്ത് പന്ത് ലോങ് ഓണിലൂടെ സിക്സ്, രണ്ടാം പന്ത് സ്ട്രൈറ്റിൽ ബൗളറെ തൊട്ടുരുമി ഫോർ, നോ ബോൾ വിളിച്ച മൂന്നാം പന്ത് ഡീപ് തേർഡിലൂടെ ബൗണ്ടറിയിലേക്ക്. ജയിക്കാൻ രണ്ട് റൺസ്. ഫ്രീ ഹിറ്റിൽ സ്റ്റോയിനിസ് ഫൈൻ ലെഗിലൂടെ അതിർത്തി കടത്തി. വെറും മൂന്ന് പന്തിൽ 19 റൺസെടുത്ത് സ്റ്റോയിനിസ് ലഖ്നോക്ക് രാജകീയ ജയം സമ്മാനിച്ചു.

15 പന്തിൽ 34 റൺസെടുത്ത നിക്കോളസ് പൂരാനും ആറ് പന്തിൽ 17 റൺസെടുത്ത് പുറത്താകാതെ നിന്ന ദീപക് ഹൂഡയും സ്റ്റോയിനിസിന് മികച്ച പിന്തുണയേകി. ഓപണർമാരായ ക്വിന്റൺ ഡികോക് റൺസൊന്നും എടുക്കാതെ ദീപക് ചഹാറിന് വിക്കറ്റ് നൽകി മടങ്ങിയപ്പോൾ 16 റൺസെടുത്ത നായകൻ കെ.എൽ.രാഹുലിനെ മുസ്തഫിസുർ റഹ്മാൻ പുറത്താക്കി. 19 പന്തിൽ 13 റൺസെടുത്ത ദേവ്ദത്ത് പടിക്കൽ പതിരാനയുടെ പന്തിൽ ക്ലീൻ ബൗൾഡായി. മതീഷ പതിരാന രണ്ടു വിക്കറ്റ് വീഴ്ത്തി.

നേരത്തെ നായകൻ ഋതുരാജ് ഗെയ്ക് വാദിന്റെ തകർപ്പൻ സെഞ്ച്വറിയുടെയും ശിവം ദുബെയുടെ വെടിക്കെട്ട് അർധസെഞ്ച്വറിയുടെയും ബലത്തിലാണ് ലഖ്നോ സൂപ്പർ ജയന്റ്സിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് മികച്ച സ്കോർ കണ്ടെത്തിയത്.

നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 210 റൺസെടുത്തു. ഗെയ്ക് വാദ് 60 പന്തിൽ 12 ഫോറും മൂന്ന് സിക്സറും സഹിതം 110 റൺസെടുത്ത് പുറത്താകാതെ നിന്നു. 27 പന്തിൽ ഏഴു സിക്സും മൂന്ന് ഫോറുമുൾപ്പെടെയാണ് ദുബൈ 66 റൺസെടുത്തത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് നാല് റൺസെടുക്കുന്നതിനിടെ ഓപണർ അജിങ്കെ രഹാനെയെ (1) നഷ്ടമായി. മാറ്റ് ഹെൻറി പന്തിൽ വിക്കറ്റിന് പിന്നിൽ രാഹുൽ പിടിച്ചു പുറത്താക്കുയായിരുന്നു. തുടർന്നെത്തിയ ഡാരിൽ മിച്ചൽ(11) യാഷ് ഠാക്കൂറിന് വിക്കറ്റ് നൽകി മടങ്ങി. നോൺ സ്ട്രൈക്കിങ് എൻഡിൽ വിക്കറ്റ് വീഴുമ്പോഴും നായകൻ ഗെയ്ക് വാദ് വെടിക്കെട്ട് മൂഡിലായതോടെ അതിവേഗം സ്കോറുയർന്നു. രവീന്ദ്ര ജദേജയെ കൂട്ടുപിടിച്ച് 12ാമത്തെ ഓവറിൽ സ്കോർ 100 കടത്തി.

താളം കണ്ടെത്താതെ വിഷമിച്ച ജദേജ 19 പന്തിൽ 17 റൺസെടുത്ത് മുഹ്സിൻ ഖാന്റെ പന്തിൽ പുറത്തായി. എന്നാൽ ശിവം ദുബെ ക്രീസിലെത്തിയതോടെ കളിമാറി. തകർത്തടിച്ച് തുടങ്ങിയ ദുബെ ഗെയ്ക് വാദിന് മികച്ച പിന്തുണയേകി. യാഷ് ഠാക്കൂർ എറിഞ്ഞ 16ാമത്തെ ഓവറിൽ ഹാട്രിക് സിക്സടിച്ച ശിവം ദുബൈ ടീം സ്കോർ 150 കടത്തി.

18ാമത്തെ ഓവറിൽ യാഷ് ഠാക്കൂറിനെ തുടരെ തുടരെ സിക്സും ഫോറുമടിച്ച് ഋതുരാജ് ഗെയ്ക് വാദ് ഐ.പി.എല്ലിൽ തന്റെ രണ്ടാമത്തെ സെഞ്ച്വറി പൂർത്തിയാക്കി. 56 പന്തിലാണ് സെഞ്ച്വറി നേടിയത്. തൊട്ടടുത്ത ഓവറിൽ മുഹ്സിൻ ഖാനെ സിക്സർ പറത്തി ശിവം ദുബെ അർധ സെഞ്ച്വറി പൂർത്തിയാക്കി. 21 പന്തിൽ ആറ് സിക്സും മൂന്ന് ഫോറും ഉൾപ്പെടെയാണ് അർധ ശതകം. മാർകസ് സ്റ്റോയിനിസ് എറിഞ്ഞ അവസാന ഓവറിൽ ദുബെ (66) റണ്ണൗട്ടാകുകയായിരുന്നു. അവസാന പന്ത് നേരിട്ട എം.എസ് ധോണി ഫോറടിച്ച് ഇന്നിങ്സ് അവസാനിപ്പിച്ചു.

ജയത്തോടെ 10 പോയിന്റുമായി ചെന്നൈയെ മറികടന്ന് ലഖ്നോ പട്ടികയിൽ നാലാമതെത്തി. ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് ലഖ്നോ, ചെന്നൈയെ നേരിടുന്നത്. ലഖ്നോവിൽ നടന്ന മത്സരത്തിൽ ചെന്നൈ എട്ടുവിക്കറ്റിന് പരാജയപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chennai Super KingsIPLmarcus stoinisLucknow Super Giants
News Summary - Lucknow Super Giants won by eight wickets against Chennai Super Kings
Next Story