Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightകാന്‍സര്‍

കാന്‍സര്‍ മാറാരോഗമല്ല

text_fields
bookmark_border
കാന്‍സര്‍ മാറാരോഗമല്ല
cancel

2011ല്‍ പിത്താശയത്തില്‍ രൂപപ്പെട്ട കല്ല് നീക്കം ചെയ്യുന്നതിന് വേണ്ടിയുള്ള ശസ്ത്രക്രിയക്കിടയിലാണ് എന്‍െറ വയറ്റിനുള്ളില്‍ അര്‍ബുദമെന്ന വില്ലന്‍ ഒളിഞ്ഞിരിക്കുന്നതായി സര്‍ജന്‍െറ ശ്രദ്ധയില്‍പ്പെട്ടത്. അണ്ഡാശയത്തില്‍ കണ്ട അസ്വഭാവികത തുടര്‍ന്നുള്ള പരിശോധനകളില്‍ കാന്‍സറാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഞാന്‍ പ്രാര്‍ഥനക്ക് വേണ്ടി സ്ഥിരമായി ആശ്രയിക്കാറുള്ള ഒരു ചെറിയ പുസ്തകമുണ്ടായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന കിടക്കരികില്‍ എന്‍െറ ഭര്‍ത്താവും യൂറോളജിസ്റ്റുമായ ഡോ. മണി ആ പുസ്തകം കൊണ്ടുവെച്ചത് എന്നെ അത്ഭുതപ്പെടുത്തി. കാന്‍സര്‍ എന്ന രോഗം എന്‍െറ ശരീരത്തെ പിടികൂടിയിരിക്കുന്നു എന്ന സത്യം അറിയിക്കുന്നതിനുള്ള മുന്നൊരുക്കത്തിന്‍െറ ഭാഗമായിരുന്നു ആ പുസ്തകം പ്രത്യക്ഷപ്പെട്ടതെന്ന് എനിക്ക് ഏറെ താമസിയാതെ മനസിലായി. കാന്‍സറിനെ ഒരു മാറാവ്യാധിയായി കരുതിപ്പോന്ന സമൂഹം നമ്മളില്‍ നാം അറിയാതെതന്നെ ഒരു ഭീതി സൃഷ്ടിക്കാറുണ്ട്്. എന്നാല്‍, എന്നെപ്പോലും അതിശയിപ്പിക്കുന്ന തരത്തില്‍ തികച്ചും ശാന്തതയോടെയും ആത്മവിശ്വാസത്തോടെയുമാണ് ഞാന്‍ എന്‍െറ രോഗവാര്‍ത്തയെ നേരിട്ടത്.

മുന്‍കാലത്തെ അപേക്ഷിച്ച് ചികിത്സാരംഗത്ത് കുതിച്ചുചാട്ടങ്ങള്‍ നടത്തിയ വൈദ്യശാസ്ത്രം കാന്‍സറിനെ ഒരു വലിയ അളവില്‍തന്നെ കീഴ്പ്പെടുത്തിയ കാര്യം നല്ലവണ്ണം അറിയാമായിരുന്നതു കൊണ്ടാവാം രോഗഭീതിയോ ജീവിതത്തെക്കുറിച്ചുള്ള ആശങ്കയോ എന്നെ തെല്ലും പിടികൂടിയില്ല. മറിച്ച് കൃത്യതയോടെയുള്ള ചികിത്സയിലൂടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനാവും എന്ന ആത്മ വിശ്വാസമായിരുന്നു എന്നെ മുന്നോട്ടു നയിച്ചത്. മികച്ച ഓങ്കോളജിസ്റ്റുകളുടെയും ആത്മാര്‍ഥതയും കഴിവുമുള്ള മെഡിക്കല്‍ സ്റ്റാഫിന്‍െറയും സഹായത്തോടെ ഞാനെന്‍െറ രോഗത്തെ കീഴ്പ്പെടുത്തുക തന്നെ ചെയ്തു. രോഗം കണ്ടെത്തി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരുദിവസം പോലും മുടങ്ങാതെ ആശുപത്രിയിലെത്താനും രാവിലെ മുതല്‍ വൈകുന്നേരം വരെ രോഗികളെ നോക്കാനും കഴിയുന്നത് ചികിത്സാ ശാസ്ത്രത്തിന്‍െറ ഒരു വലിയ നേട്ടം തന്നെയാണെന്ന് എനിക്ക് ഉറപ്പിച്ച് പറയാനാവും.

എന്നാല്‍, ഒരു രോഗിയെന്ന നിലയിലും ഡോക്ടറെന്ന നിലയിലും ഞാന്‍ കടന്നുവന്ന അനുഭവങ്ങളില്‍ നിന്ന് എനിക്ക് ബോധ്യപ്പെട്ട ചില കാര്യങ്ങളുണ്ട്്. സമൂഹം ഇന്നും കാന്‍സര്‍ എന്ന രോഗത്തെ ഭീതിയോടെയും ആശങ്കയോടെയുമാണ് കാണുന്നത്. ഇക്കാര്യം എന്നെ അത്ഭുതപ്പെടുത്താറുണ്ട്. എത്രതന്നെ ബോധവത്കരണങ്ങള്‍ നടന്നിട്ടും വിദ്യാഭ്യാസപരമായി മുന്നോട്ടുപോയിട്ടും കാന്‍സര്‍ ബാധിച്ച രോഗിയെ അനുതാപത്തോടെ വീക്ഷിക്കുന്ന പ്രവണത സമൂഹം ഉപേക്ഷിച്ചിട്ടില്ല. ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അടങ്ങുന്ന സമൂഹം ഇക്കാര്യങ്ങളില്‍ കുറച്ചുകൂടെ ശ്രദ്ധ പുലര്‍ത്തേണ്ടയിരിക്കുന്നു. എത്ര മികച്ച ചികിത്സ നല്‍കിയാലും ഒരു വ്യക്തിയുടെ രോഗശമനത്തിന് മറ്റുചില ഘടകങ്ങള്‍ക്കുടി ആവശ്യമായി വരുന്നുണ്ട്. ചികിത്സയിലുള്ള വിശ്വാസം, രോഗമുക്തിയെക്കുറിച്ചുള്ള ആത്മവിശ്വാസം, ഈശ്വരവിശ്വാസം നല്‍കുന്ന ആത്മീയ അവസ്ഥ എന്നിവക്ക് പുറമെ ബന്ധുക്കളും സുഹൃത്തുക്കളും രോഗിക്ക് നല്‍കുന്ന പോസിറ്റീവായ ചിന്തകളും രോഗശാന്തിക്ക് ആക്കം കൂട്ടുമെന്ന കാര്യം അനുഭവത്തില്‍നിന്ന് എനിക്ക് പറയാനാവും.

കാന്‍സര്‍ = മരണം എന്ന അവസ്ഥ പോയ്മറിഞ്ഞിട്ട് കാലമേറെയായി. കാന്‍സര്‍ ചികിത്സയുടെ ഭാഗമായ കീമോതെറപ്പി, റേഡിയേഷന്‍ എന്നിവ ആദ്യകാലത്ത് സൃഷ്ടിച്ചിരുക്കുന്ന പാര്‍ശ്വഫലങ്ങളും ഇന്ന് ഏതാണ്ട് ഇല്ലാതായിക്കഴിഞ്ഞു. ചികിത്സാ സൗകര്യങ്ങളും സാര്‍വത്രികമായി. അതേ സമയം കാന്‍സര്‍ വരാനുള്ള സാഹചര്യങ്ങളും സമൂഹത്തില്‍ ഏറെയാണ്. പരിസര മലിനീകരണവും രാസവസ്തുക്കളുടെ ഉപയോഗവും അനാരോഗ്യകരമായ ഭക്ഷണശീലവും നിരന്തരമുള്ള മനസിന്‍െറ സമ്മര്‍ദ്ദങ്ങളും രോഗത്തെ വ്യാപകമാക്കി കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. അതുകൊണ്ടു തന്നെ കാന്‍സറിനെക്കുറിച്ചുള്ള ബോധവത്കരണം എക്കാലത്തെയും അപേക്ഷിച്ച് ഇന്ന് അത്യാവശ്യമായി തീര്‍ന്നിരിക്കുകയാണ്. രോഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍, ചികിത്സയുടെ സ്വഭാവം, രോഗം വരാതിരിക്കാനുള്ള മാര്‍ഗങ്ങള്‍, രോഗം വന്നാല്‍ ചെയ്യേണ്ട കാര്യങ്ങള്‍, രോഗികളോട് പുലര്‍ത്തേണ്ട മനോഭാവം എന്നി കാര്യങ്ങളിലെല്ലാം ശാസ്ത്രീയ ബോധവത്കരണങ്ങള്‍ അത്യാവശ്യമാണ്.

നേരത്തെ കണ്ടെത്തി ചികിത്സിച്ചാല്‍ എത്രയും പെട്ടെന്നും ഫലപ്രദമായും രോഗങ്ങളെ കീഴ്പ്പെടുത്താമെന്നുള്ള ആശയം കാന്‍സറിന്‍െറ കാര്യത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. അതുകൊണ്ടു തന്നെ പതിവായുള്ള ഹെല്‍ത്ത് ചെക്കപ്പുകളും ശാരീരിക പ്രശ്നങ്ങള്‍ കണ്ടാല്‍ സമയം നഷ്ടപ്പെടുത്താതെ വിദഗ്ദ ചികിത്സ തേടാനുള്ള സന്നദ്ധതയും നമ്മുടെ സമൂഹം ഇനിയും ഒരു ശീലമാക്കേണ്ടിയിരിക്കുന്നു. നേരത്തെ സൂചിപ്പിച്ചത് പോലെ ആത്മവിശ്വാസം ചികിത്സ വിജയിക്കുന്നതില്‍ ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട്. രോഗികള്‍ രോഗത്തെക്കുറിച്ചോര്‍ത്ത് ടെന്‍ഷനാകാതിരിക്കാന്‍ ശ്രദ്ധിക്കണം. നിരന്തരമായ ടെന്‍ഷന്‍ വ്യക്തിയുടെ ശരീരത്തിന്‍െറ രോഗപ്രതിരോധ ശേഷിയെ പ്രതികൂലമായി ബാധിക്കുകയും അത് രോഗം വര്‍ധിക്കാന്‍ കാരണമാവുകയും ചെയ്യും. ദൈവിശ്വാസത്തെ കൂട്ടുപിടിച്ചും ആത്മധൈര്യം നല്‍കുന്ന സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാമീപ്യത്തിലൂടെയും ഇത്തരം ടെന്‍ഷനുകളെ ഒരു പരിധിവരെ മറികടക്കാനാവും.

അതേസമയം, ഒരു രോഗം വന്നാല്‍ രോഗത്തെക്കുറിച്ചുള്ള വിവരങ്ങളും ചികിത്സയെക്കുറിച്ചും ഇന്‍റര്‍നെറ്റില്‍ പരതുന്ന സ്വഭാവം ജനങ്ങള്‍ക്കിടയില്‍ പ്രത്യേകിച്ച് പുതിയ തലമുറക്കിടയില്‍ വ്യാപകമായിട്ടുണ്ട്. ഇന്‍റര്‍നെറ്റ് വഴി ലഭിക്കുന്ന അറിവുകള്‍ പലപ്പോഴും സത്യമായിരിക്കണമെന്നില്ല. പല വിവരങ്ങളും ശാസ്ത്രീയ അടിസ്ഥാനമില്ലാത്തതും കാലഹരണപ്പെട്ടതുമാകാം. ഇതൊന്നും ശ്രദ്ധിക്കാതെ നെറ്റില്‍ കിട്ടുന്ന അറിവുകളുടെ അടിസ്ഥാനത്തില്‍ സ്വയം രോഗനിര്‍ണയം നടത്തുന്നതും ചികിത്സ തേടുന്നതും അപകടകരമാണ്. ഇത്തരം പ്രവണതകള്‍ അകാരണമായി വ്യക്തികളുടെ ആത്മവിശ്വാസത്തെ ചോര്‍ത്തിക്കളയാനുമിടയാക്കും. രോഗം വന്നാല്‍ ലഭിക്കാവുന്ന ഏറ്റവും മികച്ച ചികിത്സ തേടുന്നതാണ് അഭികാമ്യം. ഡോക്ടറില്‍ പൂര്‍ണ വിശ്വാസം അര്‍പ്പിച്ചുകൊണ്ടുള്ള ചികിത്സയേ ഫലപ്രദമാകുകയുള്ളു. അതുപോലെ അന്ധവിശ്വാസങ്ങളുടെയും കേട്ടുകേള്‍വിയനുസരിച്ചുള്ള ചികിത്സകളുടെയും പിറകെ പോകാതിരിക്കുന്നതാവും നല്ലത്. വിവിധ രോഗങ്ങള്‍ക്കുള്ള ഒറ്റമൂലി എന്ന രീതിയില്‍ ഫേസ്ബുക്കിലും വാട്സ് ആപ്പിലും മറ്റും പ്രത്യക്ഷപ്പെടുന്ന ചികിത്സാവിധികള്‍ പലപ്പോഴും അപകടത്തില്‍ ചെന്നെത്തിക്കാനുമിടയാക്കും.

ഫെബ്രുവരി നാലിന് ലോകം കാന്‍സര്‍ ദിനമായി ആചരിക്കുകയാണല്ലോ. ഈ ദിനം സമൂഹത്തിനിടയിലെ കാന്‍സര്‍ ഭീതി അകറ്റാനും അന്ധവിശ്വാസങ്ങള്‍ ഇല്ലാതാക്കാനും ജനങ്ങള്‍ക്ക് ശാസ്ത്രീയമായ ബോധവത്കരണം നല്‍കാനുമുള്ള അവസരമായി മാറ്റിയെടുക്കേണ്ടതുണ്ട്.

(ലേഖിക എരഞ്ഞിപ്പാലം മലബാര്‍ ഹോസ്പിറ്റല്‍സിന്‍െറ എം.ഡിയാണ്)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world cancer day 2017
News Summary - world cancer day 2017 february 4
Next Story