Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightകേരളത്തിന്റെ...

കേരളത്തിന്റെ 'സൈന്യ'ത്തെ വേട്ടയാടുമ്പോൾ

text_fields
bookmark_border
കേരളത്തിന്റെ സൈന്യത്തെ വേട്ടയാടുമ്പോൾ
cancel
camera_alt

മത്സ്യത്തൊഴിലാളികൾ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ സമരത്തിൽ നിന്ന്    

വി​ഴി​ഞ്ഞം: തീ​ര​ത്തി​ന് തീ​പി​ടി​ക്കു​ന്നു' പ​ര​മ്പ​ര -1

'60കളുടെ ആദ്യപാതിയിലാണ്- ഇന്ത്യൻ ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡോ. വിക്രം സാരാഭായ്, സഹപ്രവർത്തകരായ ഡോ. എ.പി.ജെ. അബ്ദുൽകലാം അടക്കമുള്ള ശാസ്ത്രജ്ഞർക്കൊപ്പം തുമ്പ എന്ന മത്സ്യബന്ധന ഗ്രാമത്തിലെ ലത്തീൻ കത്തോലിക്ക ബിഷപ് പീറ്റർ ബർണാഡ് പെരേരയെ സന്ദർശിച്ചു. ഭൂമിയുടെ കാന്തികരേഖയോട് ചേർന്നുകിടക്കുന്ന പ്രദേശമായ തുമ്പയിലെ നിർദിഷ്ട റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തെക്കുറിച്ച് പറയാനും രാജ്യത്തിന്റെ ആവശ്യത്തിനായി അവിടത്തെ ജനങ്ങൾ ഭൂമി വിട്ടുകൊടുക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനുമായിരുന്നു ആ സന്ദർശനം.

അടുത്ത ഞായറാഴ്ച സെന്റ് മേരീസ് മഗ്ദലന പള്ളിയിൽ നടത്തിയ കുർബാനക്കിടെ ബിഷപ് ശാസ്ത്രജ്ഞരുടെ ആവശ്യവും അതിന്റെ പ്രാധാന്യവും ഇടവക ജനങ്ങളോട് വിശദീകരിച്ചു. 600 ഏക്കർ ഭൂമിയും പള്ളിക്കെട്ടിടവും അവർ വിട്ടുകൊടുത്തു. ആ പള്ളിയുടെ അൾത്താരയിലിരുന്നാണ് ബഹിരാകാശ ശാസ്ത്രജ്ഞർ രാജ്യത്തിന്റെ ആദ്യത്തെ റോക്കറ്റ് ഭാഗങ്ങൾ കൂട്ടിയോജിപ്പിച്ചത്. അന്ന് പ്രദേശംവിട്ട് ഇറങ്ങിപ്പോയത് 183 കുടുംബങ്ങളാണ്.

സമാനരീതിയിൽ മത്സ്യത്തൊഴിലാളികൾ ഭൂമി വിട്ടുകൊടുത്തതുകൊണ്ടാണ് അന്താരാഷ്ട്ര വിമാനത്താവളവും ബ്രഹ്മോസ് എയ്റോ സ്‌പേസ് സെന്ററും ടൈറ്റാനിയവും മറ്റ് അഭിമാന പദ്ധതികളും തിരുവനന്തപുരത്ത് സ്ഥാപിക്കാനായത്. പതിറ്റാണ്ടുകൾ പഴക്കമുള്ള, മുൻ രാഷ്ട്രപതി അബ്ദുൽകലാം തന്റെ ആത്മകഥയിൽ വിവരിച്ചിട്ടുള്ള ഈ സംഭവം ഇവിടെ വീണ്ടും എടുത്തെഴുതാൻ ഒരു കാരണമുണ്ട്.

രാജ്യത്തിനുവേണ്ടി കിടപ്പാടവും തൊഴിലിടവും വിട്ടുകൊടുത്ത, 2018ലെ പ്രളയകാലത്ത് സ്വജീവൻ അവഗണിച്ച് സഹജീവികളെ രക്ഷിച്ച് സംസ്ഥാന മുഖ്യമന്ത്രിയിൽനിന്ന് 'കേരള സൈന്യത്തിന്റെ സൈന്യ'മെന്ന വിശേഷണം നേടിയ മനുഷ്യരെ, തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളി സമൂഹത്തെ ഭരണകൂടവും അവരുടെ പടയാളികളും ഇപ്പോൾ വിളിക്കുന്നത് വികസന വിരുദ്ധരെന്നും വിദേശ ചാരപ്പണിക്കാരെന്നുമൊക്കെയാണ്.

കേരളത്തിന്റെ അസ്ഥിവാരമിളക്കി കെ-റെയിൽ പദ്ധതിക്ക് കല്ലിടുന്നതിനെ ചെറുത്തവരെ 'തീവ്രവാദി' ചാപ്പ കുത്തി ഒറ്റപ്പെടുത്താൻ നോക്കിയ അതേ കുടിലതന്ത്രം. ഈ മനുഷ്യർ ചെയ്ത തെറ്റെന്തെന്നല്ലേ? ലോക സമ്പന്നരിൽ നാലാം സ്ഥാനക്കാരനായ, കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന നേതാക്കളുടെ ഉറ്റചങ്ങാതിയായ ഗൗതം അദാനിയുടെ കമ്പനി നടത്തുന്ന വാണിജ്യ തുറമുഖ നിർമാണം മണ്ണിനും മനുഷ്യർക്കും മത്സ്യസമ്പത്തിനും വരുത്തിവെക്കുന്ന നാശത്തെക്കുറിച്ച് വിളിച്ചുപറഞ്ഞു. തങ്ങളുടെ എല്ലാമെല്ലാമായ കടലും തീരവും ഇവ്വിധം നശിപ്പിക്കപ്പെട്ടാൽ അത് കേരളത്തിന്റെതന്നെ നാശത്തിനാവും വഴിവെക്കുക എന്ന് മുന്നറിയിപ്പ് നൽകുകയും അതിനെ ചെറുക്കാൻ സമരവുമായി മുന്നിട്ടിറങ്ങുകയും ചെയ്തു.

നാശം വിതക്കുന്ന അദാനി തുറമുഖം അടിയന്തരമായി നിർത്തിവെക്കുക, തുറമുഖം പണിയുടെ ഫലമായി വീടുകൾ നഷ്ടമായവർക്ക് ആനുപാതിക നഷ്ടപരിഹാരം നൽകുക, പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ തൊഴിലിടങ്ങളായ കടപ്പുറം വീണ്ടെടുക്കാൻ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളുമായി ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് തിരുവനന്തപുരം വിമാനത്താവളത്തിന് മുന്നിൽ അനിശ്ചിതകാല സത്യഗ്രഹവുമായാണ് അവർ സമരമാരംഭിച്ചത്. അത് ഇപ്പോഴും തുടരുന്നു. ജൂലൈ 20 മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധം നടത്തിയപ്പോഴാണ് സംഭവം നാടറിയുന്നത്.

ആഗസ്റ്റ് 16 മുതൽ വിഴിഞ്ഞം മുല്ലൂർ ബീച്ചിലുള്ള പദ്ധതി പ്രദേശത്ത് രാപ്പകൽ സമരം ആരംഭിച്ചതോടെ ഈ ചെറുത്തുനിൽപിനെ ഏതുവിധേനയും പൊളിക്കുക എന്ന അജണ്ടയുമായി മത്സ്യത്തൊഴിലാളികൾക്കെതിരെ വ്യാപക കള്ളക്കഥകളാണ് കൊളുത്തിവിടപ്പെടുന്നത്. സമരക്കാർ ശ്രീലങ്കയിൽനിന്ന് പണം വാങ്ങിയെന്നും ചൈനയിൽനിന്ന് പണം പറ്റിയെന്നും ഈ സമരം അദാനിതന്നെ സ്പോൺസർ ചെയ്യുന്നതാണെന്നും ഗൂഢാലോചന സിദ്ധാന്തങ്ങൾ പലവഴിയിൽ പ്രചരിപ്പിക്കപ്പെടുന്നു. സമരം മുൻകൂട്ടി തയാറാക്കിയതാണെന്നും പുറത്തുനിന്ന് വന്നവരാണ് സമരം ചെയ്യുന്നതെന്നും തുറമുഖ നിർമാണംമൂലം തീരത്തിന് കേടുപറ്റിയിട്ടില്ലെന്നുമാണ് ഒരുകാലത്ത് നൂറുകണക്കിന് സമരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ള കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞത്.

അല്ലെങ്കിൽതന്നെ ആദിവാസികളും ന്യൂനപക്ഷങ്ങളും കർഷകത്തൊഴിലാളികളും മത്സ്യത്തൊഴിലാളികളും ഉൾപ്പെടെയുള്ള ദുർബല സമൂഹങ്ങൾ നിലനിൽപിനായി നടത്തിയ ഏതെങ്കിലുമൊരു പോരാട്ടത്തെയെങ്കിലും ഗൂഢാലോചന സിദ്ധാന്തക്കാർ വെറുതെവിട്ടിട്ടുണ്ടോ. ജീവൻ പണയംവെച്ച് പ്രളയരക്ഷാപ്രവർത്തനം നടത്തിയതിന് സർക്കാർ വെച്ചുനീട്ടിയ പ്രതിഫലംപോലും തിരസ്കരിച്ച ആ മനുഷ്യർക്കെതിരെ പണം വാങ്ങി സമരം ചെയ്യുന്നവർ എന്ന അടിസ്ഥാനരഹിത ആരോപണം ഉന്നയിക്കുമ്പോൾ അവർക്ക് പറയാനുള്ളത് ഇതാണ്: കടലും തീരവും കഴിഞ്ഞേ ഞങ്ങൾക്ക് എന്തുമുള്ളൂ,

അത് നശിപ്പിക്കാൻ ഏതു മന്ത്രി വന്നാലും എത്ര വലിയ മുതലാളി വന്നാലും ഞങ്ങൾ അനുവദിക്കില്ല. ഞങ്ങൾക്ക് ആരോഗ്യവും അന്തസ്സും നൽകിയ കടലില്ലാതെ ഞങ്ങളെങ്ങനെ ജീവിക്കും? ഞങ്ങളെന്തിന് ജീവിക്കണം?ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ സന്നദ്ധമാകുന്നില്ലെങ്കിൽ ഓണം വാരാഘോഷവേളയിൽ വള്ളങ്ങളുമായി മുഖ്യമന്ത്രിയുടെ വസതി വളയുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അവരിപ്പോൾ.

(തുടരും)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vizhinjam protest
News Summary - While hunting Kerala's 'army'
Next Story