Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightമാണിക്യമലരായ പൂവി......

മാണിക്യമലരായ പൂവി... വിവാദത്തിനു പിന്നിലാരാ...? 

text_fields
bookmark_border
മാണിക്യമലരായ പൂവി... വിവാദത്തിനു പിന്നിലാരാ...? 
cancel

'ഖാതിമുന്നബിയേ വിളിച്ച് കച്ചവടത്തിന്നയച്ച് കണ്ടനേരം ഖല്‍ബിനുള്ളില്‍ മോഹമുദിച്ചു...'' ഈ വരികള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട്  പതിറ്റണ്ടുകളായി. പി.എം.എ. ജബ്ബാര്‍ എഴുതിയ ഗാനം ആദ്യം തലശ്ശേരി റഫീഖിലൂടെയും പിന്നീട് എരിഞ്ഞോളി മൂസയിലൂടെയും 1978 മുതല്‍ കേട്ട് പതിഞ്ഞപ്പോള്‍ നാടാകെ അതേറ്റുചൊല്ലി. കല്യാണവീടുകളും മൈലാഞ്ചിരാവുകളും യുവതികള്‍ ഒത്തുകൂടുന്ന സദസ്സുകളും മാണിക്യമലരായ പൂവിയുടെ തേന്‍ നുകര്‍ന്നപ്പോഴൊന്നും പാട്ടില്‍ ആരും 'അനിസ്‌ലാമികത' ദര്‍ശിച്ചില്ല. എണ്ണമറ്റ പ്രവാചക പ്രകീര്‍ത്തനങ്ങളുടെ കൂട്ടത്തില്‍ ഒന്ന് എന്നതിപ്പുറം ആ വരികളിലെ സൂക്ഷ്മാര്‍ഥം തെരഞ്ഞുപിടിച്ച് ബഹളമുണ്ടാക്കാന്‍ ആരും മെനക്കെട്ടില്ല. അങ്ങനെ മെനക്കെട്ട് 'ദീന്‍വിരുദ്ധത' തെരഞ്ഞുപിടിക്കുന്ന സംസ്‌കാരിക മൂരാച്ചിത്തം മാപ്പിളമാരുടെ സ്വഭാവമല്ല താനും. 

മാപ്പിളപ്പാട്ട് സരണി മലബാറിലെ ഇസ്‌ലാംമത വിശ്വാസികളുടെട ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്‍റെയും സാഹിതീ പാരമ്പര്യത്തിന്‍റെയും കലാഭിരുചിയുടെയും അതിരുകളില്ലാത്ത ഒരു പൈതൃകത്തിന്‍റെ അനസ്യൂതമായ നീരൊഴുക്കാണ്. ആ സര്‍ഗാത്മക സപര്യയില്‍  മുങ്ങിനിവര്‍ന്നവരും നീന്തിത്തുടിച്ചവരും സാമാന്യജനത്തിന്‍റെ ഹൃദയവികാരങ്ങളിലേക്ക് ഭാഷയുടെയോ ആശയത്തിന്‍റെയോ വൈതരണികള്‍  വകവെക്കാതെ ഊളിയിട്ടവരാണ്. മതം നിഷ്‌കര്‍ഷിക്കുന്ന വിലക്കുകളെ അല്ലെങ്കില്‍ വിശ്വാസം നിരത്തിയേക്കാവുന്ന കടമ്പകളെ മറികടക്കുന്നതിനു പ്രവാചകന്‍റെയും പ്രിയ പത്‌നിമാരുടെയും പുത്രി ഫാത്വിമയുടെയും ബദര്‍, ഉഹദ് ശുഹദാക്കളുടെയും (രക്തസാക്ഷികള്‍) സച്ചരിതരായ പുണ്യവാളന്മാരുടെയുമൊക്കെ പോരിശകളും അമാനുഷികതകളും പ്രകീര്‍ത്തന രൂപത്തിലും സ്‌നേഹാദരവുകളില്‍ ചാലിച്ചും നീട്ടിപ്പാടുമ്പോള്‍ അതൊരു ജനതയുടെ കലാസ്വാദാന പാരമ്പര്യത്തിന്‍റെ സവിശേഷ ധാരയായി വാര്‍ന്നുവീഴുകയാണ്. ആ ധാരയാണ് മാപ്പിളപ്പാട്ടായി വളര്‍ന്നു പന്തലിച്ചത്. തലശ്ശേരി പട്ടണം മാപ്പിളപ്പാട്ടിന്‍റെ ഈറ്റില്ലമായി മാറാന്‍ കാരണം, പോയകാലത്ത് ധന്യതയിലും ക്ഷേമൈശ്വര്യങ്ങളിലും കഴിഞ്ഞുകൂടിയ ഒരു സമൂഹം കലാസ്വാദനത്തിന്‍റെ അതിരുകള്‍ക്കകത്ത് എണ്ണമറ്റ പരീക്ഷണങ്ങള്‍ നടത്തിയതാണ്. 
മൂന്നോ നാലോ ദിവസം നീണ്ടുനില്‍ക്കുന്ന കല്യാണ ആഘോഷങ്ങളില്‍ വിവിധ ്രപായക്കാര്‍ വിവിധ ഇൗണത്തിലും ശൈലിയിലും പാട്ടുകള്‍ പാടി രാവുകള്‍ സജീവമാക്കിയപ്പോഴാണ് എരഞ്ഞോളി മൂസയും ഉമ്മര്‍ കുട്ടിയും പീര്‍ മുഹമ്മദും റഫീഖും മറ്റ് ഒട്ടനവധി പുകള്‍പെറ്റ ഗായകരും കാലത്തെ അതിജീവിച്ച സ്വരമാധൂരിയിലൂടെ അനുവാചക ഹൃദയത്തില്‍ കയറിക്കൂടുന്നുത്. വീടുകളില്‍ പൊതുവെ ഒതുങ്ങിക്കൂടിയ സ്ത്രീ സമൂഹത്തിന്‍റെ അരങ്ങ്‌വാഴ്ചയുടെയും സ്വാതന്ത്ര്യ ആസ്വാദനത്തിന്‍റെയും അപൂര്‍വ മുഹൂര്‍ത്തങ്ങള്‍ കൂടിയാണ് സംഘമായും ചേരിതിരിഞ്ഞുമുള്ള പാട്ടാവിഷ്‌കാരങ്ങള്‍. അവിടെങ്ങളില്‍ മതം ഇടപെടുകയോ പണ്ഡിതര്‍ വടിയെടുത്ത്  കയറിവരുകയോ ഫത്‌വകള്‍ ഇറക്കി വിലക്കുകള്‍ വെക്കുകയോ ചെയ്തിരുന്നില്ല. എന്നല്ല, മഹാകവി ടി. ഉബൈദിനെയും ഒ. ആബുസാഹിബിനെയും പി.ടി അബദുറഹ്മാനെയും പോലുള്ള കൃതഹസ്തരായ കവികള്‍ ഉത്തരമലബാറില്‍ മാപ്പിളപ്പാട്ടിനെ പുഷ്ടിപ്പെടുത്താന്‍ തൂലിക അനുസ്യൂതം ചലിപ്പിക്കുകയും എല്ലാ പ്രോല്‍സാഹനങ്ങളും മാണിക്യമലരിനെ ചുറ്റിപ്പറ്റി ഉയര്‍ന്നുവെന്ന് പറയുന്ന വിവാദം മാധ്യമ സൃഷ്ടിയാണ്.

#OruAdaarLove

അതിനു പിന്നില്‍ സംഘ്പരിവാര്‍ സഹചാരികളല്ലേ എന്ന് ബലമായി സംശയിക്കണം. 'ഒരു അഡാര്‍ ലവ്' എന്ന മലയാള ചലച്ചിത്രത്തിലെ വിനീത് ശ്രീനിവാസന്‍റെ സ്വരം ഇന്റര്‍നെറ്റിനെലൂടെ സൂപ്പര്‍ ഹിറ്റായത് ആര്‍ക്കൊക്കെയോ ഇരിക്കപ്പൊറുതി ഇല്ലാതായത് പോലെ. കേരളത്തില്‍നിന്ന് ഒരാളും ആ ഗാനത്തിനെതിരെ പ്രതിഷേധ സ്വരമുയര്‍ത്തിയിട്ടില്ല. 'മതമൗലികവാദികളെ' കുറിച്ച് നമ്മുടെ മുഖ്യമന്ത്രി പോലും പരിദേവനം കൊള്ളുന്നതായി മുഖപേജില്‍ വായിക്കാന്‍ കഴിഞ്ഞു. മതപരമായ അസഹിഷ്ണുത യെ കുറിച്ച് വിലപിക്കാന്‍ അദ്ദേഹം സമയം കണ്ടെത്തിയതിന് നന്ദി. എന്നാല്‍, മുഖ്യമന്ത്രി ഇടപെടാന്‍ മാത്രം ഇവിടെ ഒന്നും സംഭവിച്ചിട്ടില്ല. ഹിന്ദുത്വതീവ്രവാദികള്‍ 'പത്മാവതി'ന് എതിരെ നടത്തിയ പോര്‍വിളിയും പേക്കൂത്തുകളും അന്തരീക്ഷം മലീമസമാക്കിയപ്പോള്‍ അതിനു സമാനമായതൊന്ന് മുസ്‌ലിംകളുടെ പേരിലുമിരിക്കട്ടെ എന്ന് ചിലര്‍ തീരുമാനിച്ചത് പോലെ. അങ്ങനെയാണ് ചില വ്യാജ ഫത്‌വകള്‍ ദേശീയ മാധ്യമങ്ങള്‍ക്ക് വാര്‍ത്തയായത്. ടൈംസ് നൗ ചാനലിന്‍റെ വ്യാജനായ ടൈംസ് ഹൗ എന്ന പാരഡി അക്കൗണ്ടില്‍നിന്നുള്ള വാര്‍ത്തയാണ് ട്വീറ്റ് ചെയ്ത് പലരും സായൂജ്യമടഞ്ഞത്. പ്രാര്‍ഥനക്കായി കണ്ണടക്കുമ്പോള്‍ 'ലവ് 'നായിക പ്രിയ നായരുടെ മുഖം മനസ്സില്‍ തെളിഞ്ഞുവരുന്നുവെന്ന് ഏതോ ഒരു മൗലാനാ ഖാദിരിയുടെ  ആത്മസംഘര്‍ഷം പോലും വ്യാജസൃഷ്ടിയാണ്.

jabbar-karuppadanna
മാണിക്യമലരായ പൂവി... എന്ന പാട്ടെഴുതിയ പി.എം.എ ജബ്ബാർ
 


മലയാളം പാട്ടിനെതിരെ കേസ് കൊടുത്ത ഹൈദരാബാദിലെ ഗ്രൂപ്പ് ബി.ജെ.പിയുടെ സഹയാത്രികരാണത്രെ. ഇവരുടെ കൈയിലുള്ള പാട്ടിന്‍റെ പരിഭാഷയില്‍ എന്താണാവോ പറയുന്നത്? ഫത്‌വ കൊണ്ട് മുസ്‌ലിം സമൂഹത്തെ അടിക്കാന്‍ വളരെ എളുപ്പമാണ്. ഊരും പേരൂമില്ലാത്ത ഏതെങ്കിലുമൊരു മൗലാനയുടെ പേരില്‍ 'ഫത്‌വ'യുടെ ലാബലൊട്ടിച്ച് ്എന്തു കാച്ചിവിട്ടാലും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി ഉറക്കമൊഴിച്ചുനില്‍ക്കുന്ന നമ്മുടെ ദേശീയ മാധ്യമങ്ങള്‍ക്ക് അത് 'ബ്രൈക്കിങ് ന്യൂസ്' ആണ്. ദാറുല്‍ ഇഫ്ത ജാമിയ നിസാമിയ്യയോ മുംബൈയിലെ റാസാ അക്കാദമിയോ ഇത്തരം വിഷയങ്ങളില്‍ മതവിധി പുറപ്പെടുവിക്കാന്‍ ആരും അധികാരപ്പെടുത്തിയിട്ടില്ല. അവരുടെ ഫത്‌വകള്‍ രാജ്യത്തെ മുസ്‌ലിംകള്‍ക്ക് ബാധകമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മാധ്യമങ്ങള്‍ പെടുന്ന പാടുന്ന പരിഹാസ്യമാണ്. പത്മവതിനെതിരായ കര്‍ണിസേനക്കാരുടെ കോപ്രായങ്ങള്‍ക്ക് ബദലായി മറുപക്ഷത്ത് ഒന്നു കണ്ടെടുക്കാനുള്ള ശ്രമം പോലും ന്യൂനപക്ഷവിരുദ്ധത കൊണ്ടു നടക്കുന്ന മീഡിയയുടെ വേലയാണ്.

ഒറ്റദിവസം കൊണ്ട് ഹിറ്റായ ആ പാട്ടും ദൃശ്യാവിഷ്‌കാരവും പരിശോധിച്ചാല്‍ ഒരുകാര്യം മനസ്സിലാവും: പഴമയുടെ മാധുര്യമുറ്റി നില്‍ക്കുന്ന ആ പാട്ടും സിനിമാ ദൃശ്യങ്ങളും തമ്മില്‍ യാതൊരു പൊരുത്തവുമില്ല. പ്രവാചകനും പത്‌നി ഖദീജയും തമ്മിലുള്ള ബന്ധത്തെ പ്രതിപാദിക്കുന്നിടത്ത് ന്യൂജനറേഷന്‍ പ്രേമചപലതകള്‍ ദൃശ്യവത്കരിച്ചതിനോട് വിയോജിപ്പുള്ളവരുണ്ടാവുക സ്വാഭാവികം. പക്ഷേ, അതിന്‍റെ പേരില്‍ പോലും ഇവിടെ ആരും ബഹളം വെക്കാനോ വിവാദം സൃഷ്ടിക്കാനോ ശ്രമിച്ചിട്ടില്ല. ഇത്തരം വിഷയങ്ങള്‍ വിവാദമാകുന്നതോടെ മുതലെടുപ്പ് നടത്തുന്നത് നിക്ഷിപ്ത താല്‍പര്യക്കാരാണെന്ന് മനസ്സിലാക്കാനുള്ള പക്വത ബന്ധപ്പെട്ട സമൂഹം നേടിയെടുത്തിട്ടുണ്ടെന്ന് വേണം കരുതാന്‍. 

'തട്ടത്തില്‍ മറയത്തി'ലൂടെ വിനീത് ശ്രീനിവാസന്‍ തലശ്ശേരിയിലെ ഒരു 'ഉമ്മച്ചിപ്പെണ്ണിനെ' നായര്‍ചെറുക്കന്' പിടിച്ചു കൊടുത്തപ്പോള്‍ ആരെങ്കിലും ബഹളം വെച്ചോ? പത്മാവത് എന്ന ചരിത്രകഥാപാത്രം അലാവുദ്ദീന്‍ ഖില്‍ജി എന്ന മുസ്‌ലിം ചക്രവര്‍ത്തിയുടെ മുന്നില്‍ നൃത്തം ചെയ്തു എന്ന് പറഞ്ഞല്ലേ ചരിത്രത്തിന്‍റെ വക്രീകരണത്തിന്‍റെ പേരില്‍ മാസങ്ങളോളം അന്തരീക്ഷം മലീമസപ്പെടുത്തിയത്! സിനിമ പുറത്തു വന്നപ്പോള്‍ സാമാന്യജനം പോലും പരസ്പരം പറഞ്ഞു, ഇവിടെ കോലാഹലം ഉണ്ടാക്കേണ്ടിയിരുന്നത്, അലാവുദ്ദീന്‍റെ ഇത്ര ക്രൂരനും നിന്ദ്യനുമായ ദൃശ്യവത്കരിച്ചതിന് അദ്ദേഹത്തിന്‍റെ ആള്‍ക്കാരാണെന്ന്. എല്ലാ വിവാദങ്ങള്‍ക്കും ബഹളങ്ങള്‍ക്കും പിന്നില്‍ ഒരു രാഷ്ട്രീയമുണ്ടെന്ന് മറക്കാതിരിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmusic newsManikya Malaraya Poovioru adaaru lovepma jabbar
News Summary - MANIKYA MALARAYA POOVI song in ORU ADAARU LOVE -Music News
Next Story