Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightശിരോവസ്​ത്രമല്ല,...

ശിരോവസ്​ത്രമല്ല, ഭരണഘടനയാണ്​ കീറിയെറിയപ്പെടുന്നത്​

text_fields
bookmark_border
ശിരോവസ്​ത്രമല്ല, ഭരണഘടനയാണ്​ കീറിയെറിയപ്പെടുന്നത്​
cancel

കുറ്റ്യാടി ഗവ.ഹൈസ്കൂളിലെ റിസാ നഹാൻ കേരളീയ പൊതുജീവിതത്തിന്​ മുന്നിൽ പ്രസക്തമായൊരു പ്രശ്നമുയർത്തി എഴുന്നേറ്റു നിൽക്കാൻ തുടങ്ങിയിട്ട് കുറച്ചു​ മാസങ്ങളായി. സ്റ്റുഡൻറ്​ പൊലീസ്​ കാഡറ്റായി (എസ്​.പി.സി) ചേർന്ന റിസ ടീച്ചറുടെ നിർദേശപ്രകാരം അയച്ച യൂനിഫോം ഫോ​ട്ടോയിൽ ഹെഡ്സ്കാർഫും ഫുൾസ്ലീവും ധരിച്ചിരുന്നു. ഇത്​ ഡ്രസ് കോഡിന് എതിരാണെന്നും അനുവദിക്കാനാവില്ലെന്നും ടീച്ചർ അറിയിച്ചു. മതപരമായ ത​െൻറ ബാധ്യത നിർവഹിക്കാൻ ഭരണഘടനയുടെ 25ാം വകുപ്പ്​ നൽകുന്ന അവകാശത്തി​െൻറ നിഷേധമാണെന്നും എസ്​.പി.സിയുടെ അച്ചടക്കത്തെയോ മറ്റുള്ളവരെയോ ഒരുനിലക്കും ബാധിക്കാത്ത ഈ അവകാശം തടയുന്നത്​ നീതിനിഷേധമാണെന്നും വാദിച്ച് വിദ്യാർഥിനി ഹൈകോടതിയെ സമീപിച്ചു. ഈ ആവശ്യമുന്നയിച്ച്​ കേരള സർക്കാറിനെ സമീപിക്കാനായിരുന്നു കോടതിയുടെ നിർ​േദശം. അതിൻ പ്രകാരം സമർപ്പിക്കപ്പെട്ട അപേക്ഷയിലാണ്​ സ്​​റ്റുഡൻറ്​ പൊലീസ്​ കാഡറ്റുകൾക്ക്​ ഹെഡ്സ്കാർഫും ഫുൾസ്ലീവും ധരിക്കാനാവില്ലെന്ന് ഇടതുപക്ഷ സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്.

അപകടകരങ്ങളായ ന്യായീകരണങ്ങൾ

പൊലീസി​​േൻറതു പോലുള്ള പരിശീലനവും യൂനിഫോമുമാണ് എസ്​.പി.സിയിൽ നൽകുന്നതെന്നും മതചിഹ്നങ്ങൾ പൊലീസ്​ യൂനിഫോമിൽ അനുവദനീയമല്ലാത്തതിനാൽ എസ്​.പി.സിയിലും പറ്റില്ല എന്നാണ്​ സംസ്ഥാന പൊലീസ് മേധാവി സർക്കാറിന്​ നൽകിയ ഉപദേശം. മതപരമായ ബാധ്യതകളൊന്നുമില്ലാത്ത ജൻഡർന്യൂട്രൽ യൂനിഫോമാണ് എസ്​.പി.സിയുടേതെന്നും കഴിഞ്ഞകാലങ്ങളിൽ സംവിധാനത്തി​െൻറ ഭാഗമായ10 - 12 ശതമാനം വരുന്ന മുസ്​ലിം കുട്ടികളാരും ഉന്നയിക്കാത്ത അപേക്ഷ തള്ളേണ്ടതാണെന്നും എസ്​.പി.സിയുടെ അഡീ. നോഡൽ ഓഫിസർ ബോധിപ്പിച്ചു. ഈ ആവശ്യം അനുവദിച്ചാൽ സമാന ആവശ്യങ്ങൾ വീണ്ടും ഉയർന്നുവരുമെന്നും അത്​ സംസ്ഥാനത്തി​െൻറ സെക്കുലറിസത്തെ കാര്യമായി ബാധിക്കുമെന്നും മനസ്സിലാക്കുന്നതിനാൽ അപേക്ഷ തള്ളുന്നു എന്നാണ് സർക്കാർ ജനുവരി 21ന് ഉത്തരവ് ഇറക്കിയിരിക്കുന്നത്.

മതനിരപേക്ഷതയിൽ നിന്ന്​ മതരാഹിത്യത്തിലേക്കോ?

സ്റ്റേറ്റ് ഏതെങ്കിലുമൊരു മതത്തെ പിന്തുണക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യില്ലെന്നും അതേസമയം വ്യക്തികൾക്ക് മതം ആചരിക്കാനും പ്രചരിപ്പിക്കാനും അനുമതിയുണ്ടെന്നുമാണ് ഇന്ത്യൻ ഭരണഘടന പറയുന്നത്. എന്നിരിക്കെ മറ്റൊരാളെയും ഒരുനിലക്കും ബാധിക്കാത്ത ഒരു വ്യക്തിയുടെ വിശ്വാസാചരണം സംസ്ഥാനത്തി​െൻറ സെക്കുലറിസത്തെ കാര്യമായി ബാധിക്കുമെന്ന് സർക്കാർ പറയുന്നത് എന്തടിസ്ഥാനത്തിലാണ്? മഹാഭൂരിപക്ഷം മതവിശ്വാസികൾ താമസിക്കുന്ന രാജ്യത്ത്​ മതചിഹ്നങ്ങളും ആചാരങ്ങളും ഒഴിവാക്കിയേ സെക്കുലറാവാൻ കഴിയൂ എന്ന് ഇടതുസർക്കാർ പറയുമ്പോൾ മതമുക്തനായേ ഒരാൾക്ക് പൊതുരംഗത്ത് ഉത്തരവാദിത്തബോധമുള്ള പൗരനായി പ്രവർത്തിക്കാനാവൂ എന്നാണ് സർക്കാർ പറഞ്ഞുവെക്കുന്നത്. മതചിഹ്നങ്ങൾ ഒരാൾ സ്വീകരിക്കുന്നത്​ സെക്കുലറിസത്തെ ഗൗരവതരമായി ബാധിക്കുന്നതാണെങ്കിൽ അത്​ പൊലീസിൽ മാത്രം പരിമിതപ്പെടുത്താനാവില്ലല്ലോ. ഉത്തരവിന്റെ ധ്വനി മതനിരപേക്ഷമായി ജോലിചെയ്യേണ്ടുന്ന സർക്കാർ സംവിധാനങ്ങളിൽ ഒന്നിലും ജീവനക്കാരിൽ ഒരു മത സൂചനയും പ്രകടമായിക്കൂടാ എന്നാണ്. അതും കടന്ന്​ വീടിന്റെയോ ആരാധനാലയങ്ങളുടെയോ സ്വകാര്യതകൾക്കപ്പുറത്ത് മതാചാരങ്ങൾ കൊണ്ടുനടക്കുന്ന ഏതൊരാളും സെക്കുലർ ഫാബ്രിക്കിനെ ഗുരുതരമായി ബാധിക്കുന്ന സാന്നിധ്യമാണ് എന്നാണ് പറഞ്ഞുവെക്കുന്നത്.

ഉത്തരവി​െൻറ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ

ഗൗരവതരമായ മറ്റൊരുചോദ്യം മതപരമായ ആചാരം / സൂചകം എന്നതി​െൻറ പരിധി എവിടെയാണ് ഗവൺമെൻറ്​ നിശ്ചയിച്ചിരിക്കുന്നത് എന്നാണ്. സർക്കാർ സംവിധാനങ്ങളിൽ നിർബാധം തുടരുന്ന പൂജകൾ, തേങ്ങയുടയ്ക്കൽ, നിലവിളക്ക് എന്നിവയൊക്കെ മതാചാരമായി ഇടതുപക്ഷം കാണാത്തതുകൊണ്ടാണോ അവരുടെ സർക്കാറിനുകീഴിൽ അവ നിർബാധം നടക്കുന്നത്? സവർണ ആചാരങ്ങളൊന്നും മതപരമല്ലെന്നും പാരമ്പര്യത്തി​െൻറ ഭാഗമാണെന്നും പറഞ്ഞ് അവയെ പൊതുവത്കരിച്ച് ഏകസംസ്കാരത്തിലേക്ക്​ രാജ്യത്തെ എത്തിക്കാനുള്ള ശ്രമത്തിലാണല്ലോ സംഘ്പരിവാർ. നമ്മുടെ സാംസ്കാരിക ബഹുത്വത്തെ ശല്യമായിക്കാണുന്ന ആ പൊളിറ്റിക്കൽ പ്രോജക്ടി​െൻറ ഭാഗമാവാൻ ഇടതുപക്ഷത്തിന്​ മടിയില്ലാതാവുന്നു എന്നാണോ നാം കരുതേണ്ടത്? സെക്കുലർ പേടിയിൽ തടയപ്പെടുന്നത് ഒരു പ്രത്യേക മതത്തിന്റെ ആചാരം മാത്രമാണോ എന്നൊരു തോന്നൽ ബഹുസ്വരതക്ക്​ ഏൽപിക്കുന്ന പരിക്കിനെകുറിച്ച് ഇടതുപക്ഷം കുറെക്കൂടി ഗൗരവത്തിൽ ആലോചിക്കേണ്ടിയിരുന്നു.

ന്യായമായ നിയന്ത്രണങ്ങൾ എന്നാൽ

മതാചാരങ്ങൾക്ക് സ്വാതന്ത്ര്യം ഉറപ്പുതരുന്ന ഭരണഘടനയുടെ ആർട്ടിക്ക്ൾ 25 (1) ചൂണ്ടിക്കാണിച്ചാണ് അത്യാവശ്യ മതാചാരമായ ഹെഡ്സ്കാർഫും ഫുൾസ്ലീവും റിസ ആവശ്യപ്പെട്ടത്. എന്നാൽ, ആർട്ടിക്കിൾ19 (2) ഉയർത്തിക്കാട്ടി, ഏതു​ സ്വാതന്ത്ര്യത്തിനും ന്യായയുക്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പറ്റുമെന്നാണ് സർക്കാർ പറഞ്ഞത്. പ​ക്ഷേ, സർക്കാറുകൾക്ക് തോന്നിയപോലെ ഏർപ്പെടുത്താവുന്ന ഒന്നല്ല ഈ നിയന്ത്രണം. ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളാണ്; നിയന്ത്രണങ്ങളല്ല മൗലികമെന്ന നിയമവാഴ്ച സംബന്ധിച്ച അടിസ്ഥാനപാഠമാണ്. ആർട്ടിക്കിൾ19 (2) പറയുന്നത് ഇന്ത്യയുടെ പരമാധികാരത്തിന്റെയും അഖണ്ഡതയുടെയും താൽപര്യങ്ങൾ, സ്‌റ്റേറ്റിന്റെ സുരക്ഷ, വിദേശരാജ്യങ്ങളുമായുള്ള സൗഹൃദബന്ധം, പൊതുക്രമം, മാന്യത / ധാർമികത, കോടതിയലക്ഷ്യം, അപകീർത്തിപ്പെടുത്തൽ, കുറ്റകൃത്യത്തിന് പ്രേരണ തുടങ്ങിയ കാരണങ്ങളാലാണ് നിയന്ത്രണങ്ങൾ ആകാവുന്നത് എന്നാണ്. ഓരോ വ്യക്തിക്കും പൊതുക്രമം, ധാർമികത, ആരോഗ്യം എന്നിവക്ക്​ വിധേയമായി സ്വതന്ത്രമായി മതംപറയുന്നതിനും ആചരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള അവകാശമുണ്ട് എന്നാണ് ആർട്ടിക്കിൾ 25 പറയുന്നത്. ഇതിൽ ഏതാണ് റിസയുടെ സ്ക്കാർഫ് ധാരണം വഴി അതിലംഘിക്കപ്പെടുന്നത്?

ത്വരിതപ്പെടുന്ന അരികുവൽക്കരണം

കേരളത്തിലെ ജനസംഖ്യയിൽ 27 ശതമാനത്തോളം വരുന്ന മുസ്​ലിംകൾ വിദ്യാഭ്യാസ സാമൂഹിക മേഖലകളിൽ പിന്നാക്കം നിൽക്കുന്നവരാണ്. ചരിത്രപരമായ കാരണങ്ങളാൽ എന്ന ഭംഗിവാക്കിൽ പൊതിഞ്ഞ് നാം അവതരിപ്പിക്കാറുള്ള ഈയവസ്ഥ സമൂഹം സ്വയംസംതൃപ്തിയോടെ സ്വീകരിച്ചതല്ല. എൺപതുകളോടെ ഗൾഫ്പ്രഭാവത്തിൽ സമുദായമാർജ്ജിച്ച സാമ്പത്തികസ്വാശ്രയത്വത്തോടെയും അതുണ്ടാക്കിയ വിദ്യാഭ്യാസ ഉണർവോടെയും​ ഭയപ്പാടിന്റെ കാണാമറയങ്ങളിൽനിന്ന് ​ആത്മവിശ്വാസത്തിന്റെ വെളിച്ചത്തിലേക്ക് കടന്നുനിൽക്കാൻ തങ്ങൾക്കാവുമെന്ന്​ മുസ്​ലിം സമുദായത്തിലെ ആൺ-പെൺകുട്ടികൾ ഒരുപോലെ തെളിയിച്ചപ്പോൾ കേരളത്തിന്റെ വിദ്യാഭ്യാസരംഗത്ത് അഭൂതപൂർവമായ കുതിച്ചുചാട്ടമാണുണ്ടായത്. വിവാഹത്തോടെ അവസാനിക്കുന്ന പഠനം എന്ന രീതി തുടർന്നിരുന്ന മുസ്​ലിം സ്​ത്രീ സമൂഹം വിവാഹ -കുടുംബസംവിധാനങ്ങളോടൊപ്പം പഠന-ഉദ്യോഗങ്ങളെക്കൂടി കൊണ്ടുനടക്കുന്ന തലത്തിലേക്ക് വളർന്നു. അതിന്റെ തുടർച്ചയിലാണ്​​ മുമ്പില്ലാതിരുന്ന പലമേഖലകളിലും മുസ്​ലിം പെൺകുട്ടികൾ സാന്നിധ്യമറിയിക്കുന്നത്. തങ്ങളുടെ മതനിഷ്ഠകളും ആചാരസമ്പ്രദായങ്ങളും ഒഴിവാക്കിമാത്രം മുസ്​ലിം പെൺകുട്ടികൾക്ക് കടന്നുചെല്ലാൻ കഴിയുമായിരുന്നവയായിരുന്നു അറുപതുകളിലും എഴുപതുകളിലും വിദ്യാഭ്യാസ സാമൂഹിക മേഖലകൾ പലതും.

തൊണ്ണൂറുകളോടെ, മതനിഷ്ഠയാർന്ന വേഷങ്ങളോടെതന്നെ അവരെ ഉൾക്കൊള്ളാൻ പാകത്തിൽ നമ്മുടെ പൊതുമണ്ഡലവും ബഹുസ്വരതയിലേക്ക്​ പതിയെ വളർന്നു. അതി​െൻറ സ്വാഭാവികതയിലാണ്​ കഴിഞ്ഞ നിരവധി വർഷങ്ങളായി പല സ്കൂളുകളിലും പ്രശ്നലേശ​െമന്യേ മുസ്​ലിം പെൺകുട്ടികൾ എസ്​.പി.സിയിലും ഗൈഡ്സിലുമൊക്കെ മഫ്തയും ഫുൾസ്ലീവുമണിഞ്ഞ്​ അണിനിരക്കുന്നത്​. പല സ്ഥാപനങ്ങളിലും നേരത്തേ അനുവദിക്കപ്പെട്ടിരുന്ന ഈ വേഷവിധാനം കുറ്റ്യാടിയിൽ നിഷേധിക്കപ്പെടുന്നതോടെയാണല്ലോ റിസക്ക് കോടതിയെയും സർക്കാറിനെയും സമീപിക്കേണ്ടിവരുന്നത്. അനുവദിക്കപ്പെടാതിരുന്ന സ്കൂളുകളിൽ, സന്തോഷത്തോടെയല്ല മറിച്ച്, തങ്ങളുടെ സാംസ്കാരിക വ്യതിരിക്തതയെ ഉൾക്കൊള്ളാൻ മാത്രം വീതിയില്ലാത്തതാണല്ലോ പറഞ്ഞുകേൾക്കുന്ന നാനാത്വം എന്ന സങ്കടത്തോടെയാണ്​ കുട്ടികൾ പലരും അതി​െൻറ ഭാഗമായത്. മതം, പാഠ്യേതരപ്രവർത്തനം ഇവയിൽ രണ്ടിലൊന്നേപറ്റൂ എന്ന സങ്കടക്കടലിലേക്കാണ് സർക്കാർ തീരുമാനം മുസ്​ലിം പെൺകുട്ടികളെ തള്ളിവീഴ്ത്തുന്നത്.

'ഇത്രകാലമില്ലാത്തത് എന്തേ ഇപ്പോൾ' എന്നചോദ്യം പോരാട്ടങ്ങളിലൂടെ നാം നേടിയെടുത്ത സാമൂഹിക മാറ്റങ്ങളെ തടുക്കാൻ പ്രതിലോമശക്തികൾ ഉന്നയിച്ചുവന്നതാണ്. ഈ ചോദ്യത്തെ ധൈര്യപൂർവം മറികടന്നില്ലായിരുന്നുവെങ്കിൽ അരയ്ക്ക്മുകളിലുള്ള വസ്ത്രവും പാദരക്ഷകളും ധരിക്കാനും ഒന്നിച്ചിരിക്കാനും ഒന്നിച്ച് ഉച്ചക്കഞ്ഞികഴിക്കാനും എത്രകുട്ടികൾക്ക് കഴിയുമായിരുന്നു എന്ന് ആലോചിക്കാതെപോവരുത്​. എസ്​.പി.സി ഒരു നിർബന്ധ സർവിസല്ലെന്നും താൽപര്യമുള്ളവർ മാത്രം പങ്കെടുത്താൽമതിയല്ലോ എന്നുമാണ്​ സർക്കാർ വാദം. ചെറുപ്പം മുതലേ നേതൃഗുണ പരിശീലനം ലഭിക്കുന്ന, സാമൂഹിക സേവനത്തിന്​ അവസരമൊരുക്കുന്ന, പരീക്ഷകളിൽ ഗ്രേസ്മാർക്ക്കിട്ടുന്ന ഒരുസംവിധാനം ഉപയോഗപ്പെടുത്തണമെങ്കിൽ മതനിഷ്ഠ ഒരു മതവിഭാഗം ഒഴിവാക്കേണ്ടിവരുക എന്നു പറഞ്ഞാൽ ബഹുസ്വരതയിലധിഷ്ഠിതമായ ഇന്ത്യൻ മതനിരപേക്ഷതയെ തകർക്കലാണ് എന്ന്​ മറക്കാതിരിക്കുക. സർക്കാർ ചടങ്ങുകളിലെ തേങ്ങയുടക്കലിനും പൂജക്കുമെതിരിൽ ആ​ന്ധ്രപ്രദേശിലെ യുക്തിവാദിസംഘടന1991ൽ കോടതിയെ സമീപിച്ചിരുന്നു. തങ്ങൾ അങ്ങനെ ചെയ്യാൻ ആരോടും നിർദേശിച്ചിട്ടില്ലെന്നും പബ്ലിക്ഓർഡറിനെ ബാധിക്കുകയോ മറ്റാർക്കെങ്കിലും പ്രയാസമുണ്ടാകുകയോ ചെയ്യാത്തിടത്തോളം ബഹുഭൂരിപക്ഷം മതവിശ്വാസികളുള്ള രാജ്യത്ത് അത​ നിരോധിക്കാനാവില്ലെന്നും ഉള്ള നിലപാടാണ് അവിടത്തെ സംസ്​ഥാന സർക്കാർ കോടതിയെ അറിയിച്ചത്​. കോടതി ആ വാദം അംഗീകരിക്കുകയും ചെയ്തു. എന്നാൽ, നമ്മുടെ കേരളത്തിൽ ഭരണഘടനയനുസരിച്ച് ന്യായയുക്തമായ നിയന്ത്രണങ്ങൾക്ക് ഒരു പഴുതുമില്ലാത്ത ആചാരനിരോധത്തിന്​ മുതിരുകയാണ്​ സർക്കാർ ചെയ്തിരിക്കുന്നത്. ഈ അമിതാവേശമാണ് കിട്ടിയ അവസരങ്ങളൊക്കെ മതരഹിത സമൂഹ നിർമിതിക്ക് ഉപയോഗപ്പെടുത്തുകയാണ് സർക്കാർ എന്ന സംശയം ബലപ്പെടുത്തുന്നത്.

ന്യൂനപക്ഷമെന്നത് പൗരാവകാശങ്ങൾ ന്യൂനമായി മാത്രം ലഭിക്കാൻ അർഹതയുള്ള സമൂഹമല്ല. എല്ലാമതങ്ങൾക്കും തുല്യ ആദരവ്നൽകുന്ന ഇന്ത്യൻ മതനിരപേക്ഷതയുടെ സ്വാഭാവികമായ താൽപര്യമാണ്​ മതമനുഷ്ഠിക്കാനുള്ള സ്വാതന്ത്ര്യം. സംസ്ഥാനത്തെ വിഭവവിതരണത്തി​െൻറ ചുമതലക്കാരായ സർക്കാറിനോടോ ഏതെങ്കിലും രാഷ്ട്രീയ കക്ഷിയോടോ ചേർന്നുനിൽക്കുന്നു എന്നതുകൊണ്ട് കോംപ്രമൈസ്ചെയ്ത്കൊടുക്കാവുന്നതല്ല ഈ ഭരണഘടനാദത്ത അവകാശങ്ങൾ. ബ്രിട്ടീഷ്​ കാലത്ത്​ ജയിലിൽ നൽകിയിരുന്ന മുട്ടുമറയാത്ത വസ്​തം ധരിച്ച്​ നമസ്ക്കാരം സാധ്യമാവുന്നില്ലെന്നു പറഞ്ഞ്​ സമരം ചെയ്ത് അത് നേടിക്കൊടുത്തത് കോൺഗ്രസ്​ നേതാവായ മുഹമ്മദ് അബ്ദുറഹ്മാനാണ്. ആ അബ്ദുറഹിമാൻ സാഹിബ്​ പ്രസിഡന്‍റായിരുന്ന കെ.പി.സി.സിയിൽ സെക്രട്ടറിയായിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാട്​ പിൽകാലത്ത്​ മുഖ്യമന്ത്രിയായപ്പോഴാണ്​ മുസ്​ലിംകൾക്ക്​ ഏറെ വിദ്യാഭ്യാസ പൊതുമണ്ഡലാവസരങ്ങൾ തുറന്ന്കൊടുത്തത് എന്ന് അവകാശപ്പെടുന്നവരാണ് മാർക്സിസ്റ്റുകൾ. അവർ ഭരിക്കുമ്പോൾ മുസ്​ലിം പെൺകുട്ടികൾക്ക്​ സ്​റ്റുഡൻറ്​ പൊലീസിലും സ്കൗട്ട്​ ആൻഡ്​ ഗൈഡ്സിലും പ്രവർത്തിക്കണമെങ്കിൽ ശിരോവസ്​ത്രം ഊരിയേ പറ്റു എന്ന ഉത്തരവിറങ്ങുന്നത് എന്നത് എത്രയേറെ അപമാനകരമാണ്.

(ഇന്റഗ്രേറ്റഡ് എജൂക്കേഷൻ കൗൺസിൽ ഇന്ത്യ സി.ഇ.ഒ ആണ് ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Freedom to Dress
News Summary - It is the constitution, not the headscarf, that is being torn down
Next Story