Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഗവര്‍ണര്‍-സര്‍ക്കാര്‍...

ഗവര്‍ണര്‍-സര്‍ക്കാര്‍ തർക്കം; വെറും വ്യാജ ഏറ്റുമുട്ടലാണ്

text_fields
bookmark_border
ഗവര്‍ണര്‍-സര്‍ക്കാര്‍ തർക്കം; വെറും വ്യാജ ഏറ്റുമുട്ടലാണ്
cancel
camera_alt

മുഖ്യമന്ത്രി പിണറായി വിജയനും ഗ​വ​ര്‍ണ​ര്‍ ആരിഫ് മുഹമ്മദ്ഖാനും

ഗവര്‍ണര്‍ പദവിയെന്നത് അധികാരത്തേക്കാള്‍ ഉത്തരവാദിത്തം നിക്ഷിപ്തമാക്കപ്പെട്ടിരിക്കുന്ന ഭരണഘടന സ്ഥാനമാണ്. ഭരണഘടനയിലും കീഴ് വഴക്കങ്ങളിലും ഒതുങ്ങിനിന്ന് പ്രവര്‍ത്തിക്കേണ്ട പദവി. പക്ഷേ, അതാണോ കേരളത്തില്‍ നടക്കുന്നത്? പാര്‍ലമെന്ററി ജനാധിപത്യത്തില്‍ നിയമസഭക്കും മുഖ്യമന്ത്രിക്കും മന്ത്രിസഭക്കും സുപ്രധാന സ്ഥാനവും ആ സ്ഥാനം പ്രദാനം ചെയ്യുന്ന അവകാശ അധികാരങ്ങളുമുണ്ട്.

അതിനൊപ്പമോ മുകളിലോ അല്ല ഗവര്‍ണര്‍. തങ്ങൾക്ക് അധികാരമില്ലാത്ത സംസ്ഥാനങ്ങളിലെ സര്‍ക്കാറുകളെ അസ്ഥിരപ്പെടുത്താന്‍ ഗവര്‍ണര്‍മാരെ ഉപയോഗിക്കുകയെന്നത് ബി.ജെപി തന്ത്രമാണ്. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന സംഘ്പരിവാര്‍ ലക്ഷ്യത്തിനൊപ്പം കേരളത്തില്‍ യു.ഡി.എഫിനെ ഇല്ലാതാക്കുകയെന്ന സി.പി.എം അജണ്ടയും ഒന്നുചേരുന്നിടത്താണ് ഗവര്‍ണര്‍- സര്‍ക്കാര്‍ വ്യാജ ഏറ്റുമുട്ടലിനെ നോക്കിക്കാണേണ്ടത്.

സര്‍വകലാശാലകളിലെ ചട്ടവിരുദ്ധമായ നിയമനങ്ങളുമായി ബന്ധപ്പെട്ടാണ് സര്‍ക്കാറും ഗവര്‍ണറും തമ്മിലെ വാക്‌പോര് തുടരുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മാതൃകാപരമായ സംഭാവനകള്‍ നല്‍കേണ്ട സര്‍വകലാശാലകളിലാകട്ടെ ഭരണക്കാരുടെ തന്നിഷ്ടവും രാഷ്ട്രീയ ഇടപെടലും അനധികൃത, ചട്ടവിരുദ്ധ നിയമനങ്ങളുമാണ് നടക്കുന്നത്.

വൈസ് ചാന്‍സലർ മുതൽ പാർട് ‍ടൈം തോട്ടക്കാരന്‍ വരെ എന്തു ജോലിയിലേക്കും ആര് വേണമെന്ന് തീരുമാനിക്കുന്നത് സി.പി.എം നേതാക്കളാണ്. സര്‍ക്കാര്‍ നടത്തിയ നിയമവിരുദ്ധവും ചട്ടവിരുദ്ധവുമായ നിയമനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയെന്ന തെറ്റാണ് ഇത്രകാലവും ഗവര്‍ണര്‍ ചെയ്തത്.

സാങ്കേതിക സര്‍വകലാശാല വി.സി നിയമനം നിയമവിരുദ്ധമെന്ന് സുപ്രീംകോടതി ഉത്തരവിട്ടതിനുപിന്നാലെയാണ് പൊതുജനത്തെ കബളിപ്പിക്കാന്‍ ഗവര്‍ണറും സര്‍ക്കാറും രണ്ടു ചേരികളിലായത്. കണ്ണൂര്‍ ഉള്‍പ്പെടെയുള്ള സര്‍വകലാശാലകളിലെ വി.സി നിയമനം ചട്ടവിരുദ്ധമാണെന്ന നിലപാടാണ് യു.ഡി.എഫും പ്രതിപക്ഷവും തുടക്കം മുതല്‍ക്കെ സ്വീകരിച്ചിരുന്നത്.

മുഖ്യമന്ത്രിയുടെ സമ്മർദത്തെ തുടര്‍ന്നാണ് കണ്ണൂര്‍ വി.സിക്ക് പുനര്‍നിയമനം നല്‍കിയതെന്ന് പിന്നീട് ചാന്‍സലറും സമ്മതിച്ചു. അങ്ങനെയെങ്കില്‍ ചട്ടവിരുദ്ധമായി സ്ഥാനം നേടിയ വി.സിയുടെ രാജി ആവശ്യപ്പെടുകയോ അതിന് തയാറായില്ലെങ്കില്‍ പുറത്താക്കുകയോ ചെയ്യണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്.

എന്നാല്‍, തിരുത്തല്‍ നടപടിക്ക് ചാന്‍സലര്‍ തയാറായില്ല. ഇതിനു പിന്നാലെയാണ് സാങ്കേതിക സര്‍വകലാശാല വി.സിക്കെതിരായ സുപ്രീംകോടതി വിധി വന്നത്. യു.ഡി.എഫും പ്രതിപക്ഷവും കാലങ്ങളായി ഉന്നയിച്ച കാര്യങ്ങള്‍ തന്നെയാണ് വിധിയിലുമുള്ളത്. അതുകൊണ്ടുതന്നെ ചട്ടവിരുദ്ധമായി നിയമനം നേടിയ വി.സിമാര്‍ രാജിവെക്കണമെന്ന് ചാന്‍സലര്‍ ആവശ്യപ്പെട്ടതിന് വിരുദ്ധമായൊരു നിലപാടെടുക്കേണ്ട ആവശ്യം പ്രതിപക്ഷത്തിനില്ല.

സര്‍ക്കാറിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കൊക്കെ കൂട്ടുനില്‍ക്കുന്ന ഗവര്‍ണറോട് വിഷയാധിഷ്ഠിത നിലപാടാണ് പ്രതിപക്ഷത്തിനുള്ളത്. ഗവര്‍ണറും സര്‍ക്കാറും കൂടിയാണ് എല്ലാ നിയമനങ്ങളും നടത്തിയത്. സുപ്രീം കോടതിയില്‍ തോറ്റത് ഗവര്‍ണറും സര്‍ക്കാറുമാണ്; ജയിച്ചത് പ്രതിപക്ഷ നിലപാടും.

തെറ്റ് ആരുചെയ്താലും ചോദ്യം ചെയ്യും

പ്രീതി നഷ്ടപ്പെട്ടതുകൊണ്ട് സംസ്ഥാന ധനമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഗവര്‍ണര്‍ക്ക് അതിനുള്ള അധികാരമില്ലെന്ന് ശക്തിയുക്തം പറഞ്ഞത് പ്രതിപക്ഷമായിരുന്നു. കേരള സര്‍വകലാശാല വി.സി നിയമനത്തില്‍ സെര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കാനുള്ള അധികാരം ചാന്‍സലറെന്ന നിലയില്‍ ഗവര്‍ണര്‍ക്കുണ്ട്.

കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധികളെ നല്‍കില്ലെന്ന സര്‍ക്കാര്‍ നിലപാട് തെറ്റാണ്. അതേസമയം കേരള സര്‍വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പിന്‍വലിക്കാന്‍ ഗവര്‍ണര്‍ തീരുമാനിച്ചപ്പോള്‍ 11 അംഗങ്ങളെ മാത്രമേ പിന്‍വലിക്കാന്‍ അധികാരമുള്ളൂവെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

ഡിപ്പാർട്മെന്റ് തലവന്മാരായ നാലുപേരെ പിന്‍വലിക്കാനുള്ള അധികാരം ചാന്‍സലര്‍ക്കില്ല. കേരളത്തില്‍ ക്രിയാത്മകമായൊരു പുതിയ രാഷ്ട്രീയം ഉണ്ടാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. പ്രതിപക്ഷത്തിരുന്നപ്പോള്‍ എല്ലാത്തിനും സര്‍ക്കാറിനെ എതിര്‍ക്കുകയെന്നതായിരുന്നു എല്‍.ഡി.എഫ് നിലപാട്.

സ്വാഗതം ചെയ്തത് തെറ്റ് തിരുത്തിയതിനെ

സാങ്കേതിക സര്‍വകലാശാല വി.സി നിയമനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ്, ചട്ടവിരുദ്ധ നിയമനം നേടിയ വി.സിമാര്‍ക്കെതിരായ നടപടിയുമായി ഗവര്‍ണര്‍ രംഗത്തെത്തിയത്. ഏതൊക്കെ സര്‍വകലാശാലകളിലാണോ യു.ജി.സി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി വി.സിമാരെ നിയമിച്ചിട്ടുള്ളത്, ആ നിയമനങ്ങളെല്ലാം നിയമിച്ചപ്പോള്‍തന്നെ നിയമവിരുദ്ധമായെന്നാണ് (Void Ab Initio) വിധിയില്‍ പറഞ്ഞിരിക്കുന്നത്.

കേരളത്തിലെ ഒമ്പത് സര്‍വകലാശാലകളിലെയും വി.സിമാരുടെ നിയമനം സുപ്രീംകോടതി വിധി അനുസരിച്ച് Void Ab Initio ആണ്. ഈ സാഹചര്യത്തില്‍ നിയമവിരുദ്ധമായി നിയമിക്കപ്പെട്ട വി.സിമാര്‍ എങ്ങനെയാണ് തുടരുന്നത്? ഇതുതന്നെയാണ് കണ്ണൂര്‍, സംസ്‌കൃത സര്‍വകലാശാല വി.സിമാരുടെ കാര്യത്തില്‍ പ്രതിപക്ഷം പറഞ്ഞത്.

മൂന്നുമുതല്‍ അഞ്ചുപേരുടെ പാനല്‍ നല്‍കണമെന്ന് പറയുമ്പോള്‍ ഒറ്റപ്പേരാണ് കൊടുത്തത്. അക്കാദമീഷ്യന്മാര്‍ മാത്രം സെര്‍ച്ച് കമ്മിറ്റിയില്‍ വരണമെന്ന് യു.ജി.സി നിഷ്‌കര്‍ഷിക്കുമ്പോള്‍ ചീഫ് സെക്രട്ടറിയെ വെക്കുന്നു. സര്‍വകലാശാലയുമായി ബന്ധമുള്ള ആരും സെര്‍ച്ച് കമ്മിറ്റിയില്‍ ഉണ്ടാകാന്‍ പാടില്ലെന്ന മാനദണ്ഡവും സര്‍ക്കാര്‍ അട്ടിമറിച്ചു.

മന്ത്രിമാരുടെയും സി.പി.എം നേതാക്കളുടെയും ബന്ധുക്കളെ സര്‍വകലാശാലകളില്‍ അധ്യാപകരായി പിന്‍വാതിലിലൂടെ നിയമിക്കുന്നതിനുവേണ്ടി മാത്രമാണ് ഇഷ്ടക്കാരെ വി.സിമാരാക്കാന്‍ നിയമവിരുദ്ധ മാര്‍ഗങ്ങള്‍ തേടിയതും ഗവര്‍ണറുമായി ഒത്തുചേര്‍ന്നതും. ചെയ്ത തെറ്റ് തിരുത്താന്‍ ഗവര്‍ണര്‍ ഇപ്പോള്‍ തയാറായി. അതിനെയാണ് പ്രതിപക്ഷം സ്വാഗതം ചെയ്തത്.

ഗവർണർ മാറിയാൽ എ.കെ.ജി സെന്റര്‍ വി.സിമാരെ നിയമിക്കും

സര്‍ക്കാറും മുഖ്യമന്ത്രിയും ഒന്നിച്ചുചെയ്ത തെറ്റിനുള്ള പരിഹാരമല്ല ചാന്‍സലറെ മാറ്റാനുള്ള ഓര്‍ഡിനന്‍സ്. ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ മാറ്റിയാല്‍ ഇപ്പോള്‍ പിന്‍വാതിലിലൂടെ ബന്ധുക്കളെയും പാര്‍ട്ടി നേതാക്കളെയും നിയമിച്ചതുപോലെ സി.പി.എം എ.കെ.ജി സെന്ററില്‍നിന്ന് വി.സിമാരെ നിയമിക്കുന്ന സ്ഥിതിയുണ്ടാകും.

ബംഗാളില്‍ ചെയ്തതുപോലെ കമ്യൂണിസ്റ്റ് പശ്ചാത്തലമുള്ളവരെ വി.സിമാരാക്കി ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. ഗവര്‍ണര്‍ സംഘ്പരിവാറുകാരെ വി.സിമാരായി നിയമിക്കുമെന്ന ഭയംപോലെ സര്‍ക്കാർ കമ്യൂണിസ്റ്റുകാരെ തിരുകിക്കയറ്റുമോയെന്ന ഭയം പ്രതിപക്ഷത്തിനുണ്ട്. ചാന്‍സലറെ മാറ്റേണ്ട ഒരു സാഹചര്യവും ഇവിടെയില്ല. സുപ്രീംകോടതി വിധി മറികടക്കാനാണ് ധിറുതിപ്പെട്ട് ഓര്‍ഡിനന്‍സ് ഇറക്കിയിരിക്കുന്നത്. അതിനെ പ്രതിപക്ഷം ശക്തമായി എതിര്‍ക്കും.

സംഘ്പരിവാര്‍ അജണ്ട ചെറുക്കും

സംഘ്പരിവാറിന്റെ കേരളത്തിലെ പ്രതിനിധിയെന്ന് മുഖ്യമന്ത്രി വിശേഷിപ്പിക്കുന്ന ഈ ഗവര്‍ണറുമായി ചേര്‍ന്നാണ് സര്‍വകലാശാലകളില്‍ സർക്കാർ നിയമവിരുദ്ധ നിയമനങ്ങള്‍ നടത്തിയത്. നിയമവിരുദ്ധ നിയമനങ്ങള്‍ക്ക് കൂട്ടുനിന്നതിന്റെ പേരില്‍ ഗവര്‍ണറെ ഏറ്റവും കൂടുതല്‍ എതിര്‍ത്തത് പ്രതിപക്ഷമാണ്. മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍ ഒരു അധിക്ഷേപവും പറഞ്ഞിട്ടില്ല.

പ്രതിപക്ഷ നേതാവിനെതിരെ തുടര്‍ച്ചയായി ഗവര്‍ണര്‍ അധിക്ഷേപങ്ങള്‍ ചൊരിഞ്ഞിട്ടും അതിനെതിരെ ഒരു വാക്കുപോലും മുഖ്യമന്ത്രി പറഞ്ഞില്ലല്ലോ. അന്ന് മുഖ്യമന്ത്രി ഗവര്‍ണര്‍ക്കൊപ്പംനിന്ന് ഇതിനൊക്കെ കൂട്ടുനില്‍ക്കുകയായിരുന്നു. സുപ്രീംകോടതി വിധി വന്നപ്പോള്‍ മാത്രമാണ് ഗവര്‍ണറുടേത് സംഘ്പരിവാര്‍ മുഖമെന്ന് പറയുന്നത്.

നാളെ ഏതെങ്കിലും സംഘ്പരിവാര്‍ പ്രതിനിധിയെ വി.സിയാക്കാനോ സംഘ്പരിവാര്‍ അജണ്ട നടപ്പാക്കാനോ ഗവര്‍ണര്‍ ശ്രമിച്ചാല്‍ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുന്നത് കേരളത്തിലെ പ്രതിപക്ഷമായിരിക്കും. അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala governmentgovernorcontroversy
News Summary - Governor-Government controversy-vd satheesan
Next Story