Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ong sang suchi
cancel
Homechevron_rightOpinionchevron_rightOpen Forumchevron_rightബർമയിലിപ്പോൾ 'സൂചി...

ബർമയിലിപ്പോൾ 'സൂചി വീണാൽ' കേൾക്കുന്ന നിശബ്​ദത; വീണ്ടും തടവറയുടെ ഇരുട്ടിലേക്ക്​ സൂചി

text_fields
bookmark_border

നാലു പതിറ്റാണ്ട്​ നീണ്ട സൈനിക ഭരണം അവസാനിപ്പിച്ച്​ മ്യാൻമർ എന്ന കൊച്ചുരാജ്യം പതിയെ ജനാധിപത്യത്തിലേക്ക്​ ചുവടുവെക്കു​േമ്പാൾ ലോകം കൺപാർത്തത്​ ഓങ്​ സാൻ സൂചിയെന്ന വലിയ പോരാളിയിലേക്കായിരുന്നു. 2010 നവംബറിലെ ഒരു തണുത്ത വൈകുന്നേരത്തിലായിരുന്നു, അവരെയും ജനങ്ങളെയും വേർതിരിച്ച്​ യൂനിവേഴ്​സിറ്റി അവന്യൂവിലുണ്ടായിരുന്ന ബാരിക്കേഡുകൾ സൈന്യം എടുത്തുമാറ്റുന്നത്​. അതുവരെയും അക്ഷമയോടെ കാത്തിരുന്ന, ലുങ്കിയും ചെരിപ്പുമണിഞ്ഞ അനുയായികൾ അത്യാവേശത്തോടെ 400 അടി അകലെയുള്ള സൂചി ഭവനത്തിലേക്കോടി. തങ്ങളുടെ ധീരവനിതക്കായി ഉറക്കെയു​റക്കെ മുദ്രാവാക്യം വിളിച്ചു. നാട്​ മാത്രമല്ല, ലോകവും വാഴ്​ത്തുപാട്ടുകൾ ഉറക്കെ പാടി. ജനാധിപത്യം ബർമയെ ആവേശിക്കാൻ പോകുന്നുവെന്ന്​ അകത്തും പുറത്തുമുള്ള നേതാക്കൾ വാഴ്​ത്തി.

ഞാൻ മാർഗരറ്റ്​ താച്ചറോ മദർ തെരേസയോ അല്ലെന്ന്​ സൂചി അന്നേ പ്രഖ്യാപിച്ചെങ്കിലും മ്യാൻമറിൽ സാമൂഹികമായും രാഷ്​ട്രീയമായും അനിവാര്യമായ ചിലത്​ ചെയ്യാനാണ്​ ഈ വരവെന്ന്​ ജനം കൊതിച്ചു. തടങ്കലിലായിരുന്ന 21ൽ (1989- 2010) 15വർഷവും വീട്ടുതടങ്കലിൽ കഴിഞ്ഞ ശേഷമായിരുന്നു ജനപ്രീതിയുടെ മുഖമായി അവർ അവതാരമെടുക്കുന്നത്​. ചിലർ ഗാന്ധിജിയെ പോലെയോ നെൽസൺ മണ്ടേ​ലയെയോ പോലെയും, മറ്റു ചിലർ ഡയാന രാജകുമാരിയെ പോലെയുമൊക്കെ ആദരിച്ച സൂചി ​പക്ഷേ, പിന്നീടുള്ള കാലം കൊണ്ട്​ തെളിയിച്ചത്​ മറ്റൊന്ന്​.


അറസ്​റ്റുകാലം അവസാനിപ്പിച്ച്​ രാജ്യത്ത്​ രാഷ്​​്ട്രീയ ജീവിതത്തിൽ സജീവമായിട്ടും പുതിയ ആശയങ്ങൾക്കോ പീഡിതരായി തുടർന്ന മതവിഭാഗങ്ങൾക്കോ വേണ്ടി ആശയങ്ങളൊന്നും അവരിൽ പിറവിയെടുത്തില്ല. സൂചി സ്​ഥാപിച്ച നാഷനൽ ലീഗ്​ ഫോർ ഡെമോക്രസി അപ്പോഴേക്ക്​ പിരിച്ചുവിടൽ ഭീഷണിയിലായത്​ മിച്ചം. മ്യാൻമറിനെ പതിവു ജീവിതത്തിലേക്ക്​ തിരികെ നടത്താൻ കോടികൾ നൽകിയ ജോർജ്​ സോറോസിനു പോലും സൂചിയെ കാണാൻ അവസരം ലഭിച്ചില്ല.

അറസ്​റ്റിലായ കാല​ത്തെ പോലെ പിന്നെയും അവർ പാതി ഒളിവു ജീവിതം തുടർന്നു. ജനാധിപത്യത്തിനായിട്ടാണ്​ നേരത്തെ മുദ്രാവാക്യം ഉയർന്നിരുന്നതെങ്കിൽ വോട്ടുരാഷ്​ട്രീയം മാത്രമായി പിന്നീട്​ അവരുടെ മനസ്സും വാക്കുകളുമെന്ന്​ ലോകം തിരിച്ചറിഞ്ഞു. സ്വന്തം മോചനം ഉറപ്പായെങ്കിലും ജയിലിൽ കഴിഞ്ഞ മറ്റു നേതാക്കൾക്ക്​ അവർ വഴി പുറംലോകം കാണാൻ അവസരമൊരുങ്ങിയില്ല. തനിക്ക്​ പിൻഗാമി ആരാകുമെന്നും 75കാരി പറഞ്ഞില്ല. പതിയെ തുടങ്ങിയ ഈ ശൈലീമാറ്റം അവസാന ഘട്ടത്തിലെത്തിയപ്പോൾ അതിവേഗത്തിലായിരുന്നു.

2015ലെ തെരഞ്ഞെടുപ്പിൽ​ നാഷനൽ ലീഗ്​ ഫോർ ഡെമോക്രസി എന്ന സ്വന്തം സംഘടന സ്വപ്​ന തുല്യമായ വിജയവുമായാണ്​ ​അധികാരമേറിയത്​. ഭർത്താവ്​ മൈക്കൽ ആറിസ്​ വിദേശ പൗരനായതിനാൽ പ്രസിഡൻറ്​ പദത്ത​ിലേറാൻ സാധിച്ചില്ലെങ്കിലും ഭരണകക്ഷി ഉപദേഷ്​ടാവും വിദേശകാര്യ മന്ത്രിയുമായി സൂചി പിന്നാമ്പുറത്ത്​ ഭരണ ചക്രം നിയന്ത്രിച്ചു. പ്രധാനമന്ത്രി പദം മുതൽ വിദ്യാഭ്യാസം വരെ പലതും ത​െൻറ മാത്രം കുത്തകയാക്കി നിലനിർത്തി.


പക്ഷേ, പുതിയ ഭരണഘടന പ്രകാരം 25 ശതമാനം സീറ്റ്​ കൈയിൽവെച്ച പട്ടാളത്തിനായിരുന്നു ആഭ്യന്തരം, പ്രതിരോധം ഉൾപ്പെടെ വകുപ്പുകൾ. ഭരണം സൂചിക്കായിട്ടും തീരുമാനം സൈന്യത്തി​​േന്‍റതു മാത്രമായി. എന്നുവെച്ചാൽ, മ്യാൻമറിൽ എല്ലാം പട്ടാളം ഇച്​ഛിക്കുംപോലെ സംഭവിച്ചു. സാമ്പത്തിക പരിഷ്​കാരങ്ങളോ പുരോഗതിയോ സാക്ഷാത്​കരിക്കപ്പെട്ടില്ല. രാജ്യത്തെ വലിയ പങ്കുവരുന്ന പാവങ്ങൾ ഒരിക്കലും രക്ഷപ്പെട്ടുമില്ല.

അതിലേറെ ഞെട്ടിക്കുന്നതായിരുന്നു, മ്യാൻമറിന്‍റെ പടിഞ്ഞാറൻ മേഖലയിലെ റാഖൈൻ മേഖലയിൽ പതിറ്റാണ്ടുകളായി ന്യൂനപക്ഷമായ റോഹിങ്ക്യ മുസ്​ലിംകൾക്കെതിരെ പട്ടാളത്തി​െൻറ നേതൃത്വത്തിൽ അര​ങ്ങുതകർത്ത വംശഹത്യ. റോഹിങ്ക്യൻ ഗ്രാമങ്ങളും ഭവനങ്ങളും അഗ്​നിയിൽ വെന്തു. സ്​ത്രീകൾ കൂട്ട ബലാത്സംഗത്തിനിരയായി. അതിർത്തി കടന്ന്​ ജീവനുംകൊണ്ടോടാൻ സാധിക്കാത്തവർ അറുകൊല ചെയ്യപ്പെട്ടു.

ലോകത്തെ ഏറ്റവും പാർശ്വവത്​കരിക്കപ്പെട്ടവരിൽപെട്ട റോഹിങ്ക്യകൾക്കായി വല്ലതും ചെയ്യാൻ ലോകം സൂചിയോടാവശ്യപ്പെട്ടു. റോഹിങ്ക്യകൾക്ക്​ ചെറുത്തുനിൽപ്പ്​​ ഒരുക്കേണ്ട സൂചി പക്ഷേ, മൗനത്തി​െൻറ വാത്​മീകത്തിലൊളിച്ചു. അവിടെയും അവസാനിപ്പിക്കാത്ത ഭരണാധികാരി, 'എളുപ്പം പരിഹരിക്കാനാവാത്തത്ര സങ്കീർണമാണ്​ റാഖൈൻ മേഖലയിലെ സാഹചര്യമെന്ന്​' കേസ്​ പരിഗണിച്ച ഹാഗിലെ അന്താരാഷ്​ട്ര കോടതിയിൽ മൊഴിയും നൽകി. വംശഹത്യയും കൊടിയ പീഡനങ്ങളും നടന്നെന്ന വാദം സംഭവത്തെ കുറിച്ച്​ തെറ്റിദ്ധാരണാജനകവും​ അപൂർണവുമായ ചിത്രമേ നൽകൂ എന്നു കൂടി സൂചി പറഞ്ഞുതീർത്തു.


കടുത്ത ദേശീയവാദിയെന്ന്​ ചെറിയ കാലം കൊണ്ട്​ തെളിയിച്ച സൂചി വംശീയ സ്വത്വത്തിൽ മാത്രം അഭയം കൊണ്ടു. അതിനാൽ തന്നെ മ്യാൻമറിലെ പാവം റോഹിങ്ക്യ ന്യൂനപക്ഷം ​അനുഭവിച്ചതൊന്നും അവരെ അലട്ടിയതേയില്ല. ബർമീസ്​ ദേശീയതയുടെ മഹാനായ നായക​ൻ ഓങ്​സാ​െൻറ മകളെ​ ദേശീയവാദം മാത്രമായിരുന്നു ഉടനീളം മുന്നോട്ടുനയിച്ചത്​. അതിനാൽ ജനം ഇപ്പോഴും സൂചിക്കായി മുദ്രാവാക്യം വിളിക്കാൻ തയാർ.

റോഹിങ്ക്യൻ വംശഹത്യക്കിടെ ഏഴു ലക്ഷം മുസ്​ലിംകൾ ബംഗ്ലാദേശ്​ അതിർത്തി കടന്നതായാണ്​ ഏകദേശ കണക്ക്​. സൈന്യം നേരിട്ടാണ്​ വംശഹത്യക്ക്​ നേതൃത്വം നൽകിയത്​ എന്നതിനാൽ ഇവർക്കുവേണ്ടി ഒന്നും ചെയ്യാനാകുമായിരുന്നില്ലെങ്കിൽ വാക്കുകൾ കൊണ്ടെങ്കിലും സൂചിക്ക്​ എതിർക്കാമായിരുന്നു. അതും സംഭവിച്ചില്ല.

അധികാരമേറു​േമ്പാൾ അവർ പറഞ്ഞ വാക്കുകൾ പ്രതീക്ഷയുടെ സ്വർഗങ്ങൾ തീർക്കുന്നവയായിരുന്നു. വംശങ്ങ​ളേറെയുള്ള ഈ രാജ്യത്ത്​ ഇനി ഭവനമില്ലാത്തവരും പ്രത്യാശയില്ലാത്തവരുമുണ്ടാകില്ലെന്നായിരുന്നു അവർ അന്ന്​ പറഞ്ഞത്​. പക്ഷേ, ഹിംസയെ അവഗണിച്ചും മാധ്യമങ്ങൾക്ക്​ മുഖം കൊടുക്കാതെയും രാജ്യാന്തര സമ്മേളനങ്ങളിൽനിന്ന്​ വിട്ടുനിന്നും അവർ പ്രതിഷേധങ്ങൾ തന്നിലെത്താതെ സൂക്ഷിച്ചു. അങ്ങനെ ആരുടെയെങ്കിലും മുന്നിൽ പെട്ടാൽ അതിക്രമങ്ങളേയില്ലെന്നു പറഞ്ഞ്​ സ്വയം രക്ഷപ്പെട്ടു.

പക്ഷേ, എല്ലാം കാണുന്ന ലോകം അവരെ വെറുതെ വിട്ടില്ല. തടവു കാലത്ത്​ സൂചിയെ തേടിയെത്തിയ പുരസ്​കാരങ്ങൾ അനവധിയായിരുന്നു. 1991ലെ നൊബേൽ പുരസ്​കാരത്തിൽ തുടങ്ങി ആംനസ്​റ്റി, സഖറോവ്​, യു.എസ്​ പ്രസിഡൻഷ്യൽ സ്വാതന്ത്ര്യ മെഡൽ തുടങ്ങി പലതും പലതും. അതിൽ ആംനസ്​റ്റി ഇൻറർനാഷനൽ നൽകിയ പുരസ്​കാരം പിൻവലിച്ചു. പിൻവലിക്കാനാവില്ലെന്നതിനാൽ നൊബേൽ സമ്മാനം അവർക്ക്​ നഷ്​ടമാകില്ലെന്ന്​ ആശ്വസിക്കാം.


രാജ്യം പഴയ സൈനിക ഭരണത്തിലേക്ക്​ തിരികെ പോകു​േമ്പാൾ സൂചി എത്രകാലം രാഷ്​ട്രീയമറിയാതെ​ എകാന്ത തടവിൽ കഴിയേണ്ടിവരുമെന്നാണ്​ ലോകം കാത്തിരിക്കുന്നത്​. കഴിഞ്ഞ വർഷത്തെ തെരഞ്ഞെടുപ്പിൽ കൃത്രിമം ആരോപിച്ച്​ ഒരു വർഷം പൂർണമായി സൈന്യം നിയന്ത്രിക്കുമെന്നാണ്​ നിലവിലെ പ്രഖ്യാപനമെങ്കിലും അത്​ നീളാതിരിക്കാൻ അത്​​ഭുതങ്ങൾ സംഭവിക്കണം. ടെലഫോൺ ലൈനുകൾ ഇപ്പോഴേ നിശ്​ചലമായി കഴിഞ്ഞു. ഇൻറർനെറ്റും പണിമുടക്കിലാണ്​. ടെലിവിഷനിൽ ഒന്നും കാണാനേയില്ല. എന്നുവെച്ചാൽ, അവിടെ നടക്കുന്നതൊന്നും ഇനി ലോകമറിയില്ല.

അൽപം സൂചി ചരിത്രം

ബ്രിട്ടീഷ്​ കൊളോണിയൽ ഭരണത്തിൽനിന്ന്​ സ്വതന്ത്രമായ 1948ൽ പിതാവ്​ ഓങ്​ സാൻ വധിക്കപ്പെടു​േമ്പാൾ മകൾ സൂചിക്ക്​ വയസ്സ്​ രണ്ടു മാത്രം. 1960ൽ മാതാവ്​ ഡോ ഖിൻ കി ഇന്ത്യയിൽ അംബാസഡറായി വരു​േമ്പാൾ കൂടെ പോന്ന കൗമാരക്കാരി നാലു വർഷം കഴിഞ്ഞ്​ ഉന്നത വിദ്യാഭ്യാസത്തിനായി ഓക്​സ്​ഫഡിലെത്തി. അവിടെ തത്ത്വശാസ്​ത്രം, രാഷ്​ട്രീയം, സാമ്പത്തിക ശാസ്​ത്രം എന്നിവയൊക്കെയും അവർ പഠിച്ചു. അവിടെ ത​െൻറ സഹയാത്രികനായ മൈക്കൽ ആറിസിനെ കണ്ടുമുട്ടി. ജപ്പാൻ, ഭൂട്ടാൻ തുടങ്ങി പലയിടങ്ങളിൽ കഴിഞ്ഞ അവർ പിന്നീട്​ യു.കെയിൽ തന്നെ കഴിഞ്ഞു. അലക്​സാണ്ടർ, കിം എന്നീ മക്കളും​ കൂടെയുണ്ടായിരുന്നു.


രോഗപീഡയുടെ മൂർധന്യത്തിലായിരുന്ന മാതാവി​െന പരിചരിക്കാൻ 1988ൽ നാട്ടിലെത്തിയ സൂചി എത്തിപ്പെട്ടത്​ വലിയ രാഷ്​ട്രീയ പ്രശ്​നങ്ങളുടെ നടുക്കടലിൽ.സ്വാതന്ത്ര്യമാവശ്യപ്പെട്ട്​ പതിനായിരങ്ങളായിരുന്നു അന്ന്​ തെരുവിൽ. കൂടെ തെരുവിലിറങ്ങിയ അവർ ജയിലിലായി. 1990ൽ നടന്ന തെരഞ്ഞെടുപ്പിൽ സൂചിയുടെ എൻ.എൽ.ഡി വൻ ഭൂരിപക്ഷത്തോടെ ജയിച്ചെങ്കിലും സൈന്യം ഭരണം കൈമാറിയില്ല. റംഗൂണിൽ വീട്ടുതടങ്കലിൽ ആറു വർഷം. പിന്നീട്​ 2000ലും അവർ വീട്ടുതടങ്കലിലായി. പുറത്തും അകത്തുമായി കഴിച്ചുകൂട്ടിയതിനൊടുവിലാണ്​ ശരിക്കും ഭരണത്തിലേറുന്നതും നല്ല വാക്കുകളിലേറെ അപസ്വരം കേൾപ്പിക്കുന്നതും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:burmamyanmerAung San Suu Kyimyanmer politics
News Summary - Aung San Suu Kyi again detained by military
Next Story