Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഅതുകൊണ്ടാണ് ‘ബാഹുബലി’...

അതുകൊണ്ടാണ് ‘ബാഹുബലി’ ദേശീയതലത്തില്‍ മികച്ച ചിത്രമായത്

text_fields
bookmark_border
അതുകൊണ്ടാണ് ‘ബാഹുബലി’ ദേശീയതലത്തില്‍ മികച്ച ചിത്രമായത്
cancel

ദേശീയ ചലച്ചിത്രപുരസ്കാരങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രഹസനമായിരുന്നു ഇത്തവണത്തെ അവാര്‍ഡ് പ്രഖ്യാപനം. മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് രാജമൗലി സംവിധാനം ചെയ്ത തെലുങ്കു ചിത്രം ‘ബാഹുബലി’. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും മുതല്‍ മുടക്കുള്ള സിനിമ എന്ന അവകാശവാദവുമായി പ്രദര്‍ശനത്തിനത്തെിയ ‘ബാഹുബലി’ പുരാണവും മിത്തും ചരിത്രവുമൊക്കെ ഇടകലര്‍ത്തി ഒരു പുതിയ ഇതിഹാസകഥ മെനയുകയായിരുന്നു. 300, ഗ്ളാഡിയേറ്റര്‍, ട്രോയ് പോലുള്ള ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന സാങ്കേതികത്തികവാര്‍ന്ന യുദ്ധരംഗങ്ങളും വിഷ്വല്‍ ഇഫക്ട്സിന്‍െറ മായാജാലങ്ങളും ചിത്രത്തിലുണ്ട്. ചിലയിടങ്ങളില്‍ മികവോ പൂര്‍ണതയോ ഇല്ലാത്ത പരിതാപകരമായ ദൃശ്യങ്ങളും കാണാം. (നദിയിലെ ഒഴുക്കില്‍ പൊക്കിപ്പിടിച്ച ആ കുഞ്ഞ് ഒരു പാവക്കുട്ടിയാണെന്ന് ആര്‍ക്കും മനസ്സിലാവും. ശിവലിംഗം ഒരു ഫൈബര്‍ മോഡല്‍ ആണെന്നും. പോരിനിറങ്ങുന്ന കാളക്കൂറ്റനുമില്ല ഒരു ഒറിജിനാലിറ്റി) 120 കോടിക്ക് ഒരു വിലയുമില്ളെടേയ് എന്നു ചോദിപ്പിക്കുന്ന ഇത്തരം രംഗങ്ങളുണ്ടെങ്കിലും യുക്തിയെ പരണത്തുവെച്ചാല്‍ അമര്‍ചിത്രകഥ തിരശ്ശീലയില്‍ വായിക്കുന്നതുപോലെ കണ്ടിരിക്കാം. ഒറ്റനോട്ടത്തില്‍ നിര്‍ദോഷമെന്നു തോന്നുമെങ്കിലും രാജമൗലി ഒരുക്കുന്ന ദൃശ്യവിരുന്നിന്‍െറ സൂക്ഷ്മരാഷ്ട്രീയം അത്രയൊന്നും നിഷ്കളങ്കമല്ല എന്നുകാണാം. അതു തന്നെയാണ് ദേശീയതലത്തില്‍ ഈ സിനിമ മികച്ച ചിത്രമായി അംഗീകരിക്കപ്പെട്ടതിന്‍െറ കാരണവും. അതായത് ഹിന്ദുവലതുപക്ഷ സര്‍ക്കാറിന്‍െറ ആവശ്യമായിരുന്നു ‘ബാഹുബലി’ അംഗീകരിക്കപ്പെടേണ്ടത്. അവരുടെ താല്‍പര്യങ്ങളെ /ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്ന ഒരുപാട് ഘടകങ്ങള്‍ ചിത്രത്തിലുണ്ട്.

ഇത് ഒരു സിനിമയല്ളേ, അതിനെ അങ്ങനെ കണ്ടാല്‍ പോരേ, ഈ അവാര്‍ഡിനു പിന്നില്‍ ഗൂഢാലോചനാസിദ്ധാന്തങ്ങള്‍ ആരോപിക്കേണ്ടതുണ്ടോ എന്നൊക്കെ ചോദിക്കുന്ന നിഷ്കളങ്കര്‍ക്കും ശുദ്ധഗതിക്കാര്‍ക്കുമായി രണ്ടുകാര്യങ്ങള്‍ ചൂണ്ടിക്കാട്ടട്ടെ. ഒന്ന്, മികച്ച സിനിമാസൗഹൃദസംസ്ഥാനം എന്ന ഒരു വിഭാഗം ഇത്തവണ അവാര്‍ഡുകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യഅവാര്‍ഡ് കൊടുത്തിരിക്കുന്നതോ, ഗുജറാത്തിനും. മോദി ഭരിച്ച ഗുജറാത്തിന്‍െറ വികസനവാഴ്ത്തുക്കള്‍ ഫോട്ടോഷോപ്പ് ഗാഥകളായി പ്രചരിച്ചിരുന്നല്ളോ. ആ പ്രചാരവേലയുടെ തുടര്‍ച്ചയായാണ് ഇങ്ങനെയൊരു അവാര്‍ഡ് പുതുതായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജൂറിയുടെ സൈറ്റേഷന്‍ വായിച്ചാല്‍ കാര്യം മനസ്സിലാവും. ഗുജറാത്തില്‍ ഷൂട്ടിങിന് ചെലവു കുറവായതിനാല്‍ കഴിഞ്ഞ മൂന്നുകൊല്ലത്തിനുള്ളില്‍ നൂറോളം അന്യഭാഷാ സിനിമകള്‍ അവിടെ നിര്‍മിക്കപ്പെട്ടു. അതിന്‍െറ പേരിലാണത്രെ അവാര്‍ഡ്. വര്‍ഷത്തില്‍ ശരാശരി മുപ്പത്തിയഞ്ചില്‍ താഴെ സിനിമകള്‍ നിര്‍മിക്കുന്ന നാടാണ്. ഗുജറാത്ത് വംശഹത്യയെക്കുറിച്ചുള്ള രാഹുല്‍ ധോലാക്യയുടെ ‘പര്‍സാനിയ’യും നന്ദിതാദാസിന്‍െറ ‘ഫിറാഖും’ നിരോധിക്കപ്പെട്ട നാട്. നര്‍മദ ഡാമിനെതിരെ സംസാരിച്ച ആമിര്‍ഖാന്‍െറ ‘ഫന’ക്ക് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയ സംസ്ഥാനം. അതാണത്രെ സിനിമാസൗഹൃദസംസ്ഥാനം.!

രണ്ടാമത്തെ കാര്യം, ഏറ്റവും മികച്ച സംസ്കൃതചിത്രത്തിന് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നുവെന്നതാണ്. സംസ്കൃതം മൃതഭാഷ എന്നാണ് ചരിത്രത്തില്‍ അറിയപ്പെടുന്നത്. ആ ഭാഷ ആരും സംസാരിക്കാറില്ല.  ദേവഭാഷ എന്നൊക്കെ ഹിന്ദുമതപുനരുത്ഥാനവാദികള്‍ പറയും. ജി.വി അയ്യരുടെ ‘ആദിശങ്കരാചാര്യ’യും (1983), ‘ഭഗവദ്ഗീത’ (1993)യുമാണ് ഇന്ത്യയില്‍ നിര്‍മിക്കപ്പെട്ട സംസ്കൃത സിനിമകള്‍. മൂന്നാമത്തേതാണ് മലയാളികളുടെ സംരംഭമായ ‘പ്രിയമാനസം’. മികച്ച സംസ്കൃതചിത്രം എന്ന് ഒരു ചിത്രത്തെ തെരഞ്ഞെടുക്കുമ്പോള്‍ ആ വിഭാഗത്തില്‍ മല്‍സരിക്കാന്‍ ഒന്നിലധികം എന്‍ട്രികള്‍ ഉണ്ടാവണം. അതില്ല. അപ്പോള്‍ നിങ്ങള്‍ സംസ്കൃതത്തില്‍ ഒരു സിനിമയെടുത്താലും അതിന് ഞങ്ങള്‍ മികച്ച സംസ്കൃതസിനിമക്കുള്ള അവാര്‍ഡു തന്നുകൊള്ളാം എന്ന പ്രോല്‍സാഹനത്തിന്‍െറ ധ്വനിയുണ്ട് ഈ കാറ്റഗറി ഏര്‍പ്പെടുത്തിയതിനു പിന്നില്‍. ഹിന്ദു വലതുപക്ഷ സര്‍ക്കാറിന്‍െറ മതപുനരുത്ഥാനശ്രമങ്ങള്‍ക്ക് അനിവാര്യമായ ഒന്നാണ് സംസ്കൃതത്തിന്‍െറ പുനരുജ്ജീവനം. ആ ഭാഷയിലാണ് സവര്‍ണാധിപത്യത്തിന്‍െറ വേദപുസ്തകങ്ങള്‍ എഴുതപ്പെട്ടിരിക്കുന്നത്. ഈ ഭാഷയില്‍ നിര്‍മിക്കപ്പെടുന്ന സിനിമകള്‍ സവര്‍ണഹൈന്ദവ/പുരാണപശ്ചാത്തലങ്ങളില്‍ ഉള്ളവയായിരിക്കുമെന്നതിനാലും മതപുനരുത്ഥാനത്തിനായുള്ള ശ്രമങ്ങള്‍ക്ക് അവ സാംസ്കാരികോര്‍ജം പകരും എന്ന കണക്കുകൂട്ടലും അതിനു പിന്നിലുണ്ട്.
അതായത് ഈ അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തപ്പെട്ടതും നിര്‍ണയിക്കപ്പെട്ടതും നിലവിലുള്ള നിയമാവലി അനുസരിച്ചായിരുന്നില്ല. മറിച്ച് കൃത്യമായ അജണ്ട മുന്‍നിര്‍ത്തിയായിരുന്നുവെന്ന് സ്പഷ്ടം. ഇനി നമുക്ക് ‘ബാഹുബലി’യിലേക്കു വരാം. ‘ബാഹുബലി’ ഹിന്ദുവലതുപക്ഷ സര്‍ക്കാറിന്‍െറ പലതരത്തിലുള്ള ആശയപ്രകാശനങ്ങളെയും പ്രവൃത്തികളെയും ദൗത്യങ്ങളെയും പ്രതിഫലിപ്പിക്കുന്ന ചിത്രമാണ്. അവ ഏതൊക്കെയെന്നു നോക്കാം.
1) സംസ്കൃതത്തില്‍ ‘ബാഹുബലി’ എന്ന പദത്തിന് അര്‍ഥം മസില്‍മാന്‍, ശക്തിമാന്‍, പേശീദാര്‍ഢ്യമുള്ളവന്‍ എന്നൊക്കെയാണ്. ഇന്ത്യയെ ഗുജറാത്തുപോലെ വികസിപ്പിക്കാന്‍ 56 ഇഞ്ച് നെഞ്ചളവുള്ള തന്നെപ്പോലൊരാള്‍ വേണമെന്ന് മോദി യു.പിയിലെ തെരഞ്ഞെടുപ്പു റാലിയില്‍ പറഞ്ഞിരുന്നല്ളോ. ‘ബാഹുബലി’യില്‍ പ്രഭാസിന്‍െറ പേശീദാര്‍ഢ്യത്തിലാണ് പലപ്പോഴും കാമറക്കണ്ണുകള്‍ ഉടക്കിനില്‍ക്കുന്നത്. ഹിന്ദു വലതുപക്ഷത്തിന്‍െറ പോഷകവിഭാഗങ്ങളായ സംഘപരിവാര്‍ സംഘടനകളെല്ലാം ബാഹുബലംകൊണ്ട് അധികാരം പിടിച്ചെടുക്കാനും ആധിപത്യമുറപ്പിക്കാനും ശ്രമിക്കുന്നവരാണ്. അതിനായി അവര്‍ക്ക് കായികപരിശീലനം നല്‍കുന്നുണ്ട്. ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കും നേരെയുള്ള അവരുടെ നീക്കങ്ങളെല്ലാം തന്നെ ബാഹുബലത്തില്‍ ഊന്നിയുള്ളതാണ്. അഖ്ലാക്കിനെ കൊന്നവരിലും കനയ്യയെ ചവുട്ടിമെതിച്ചവരിലുമൊക്കെയുള്ളത് ഈ ബാഹുബലത്തിന്‍െറ നിര്‍ലജ്ജമായ പ്രയോഗമാണ്. ആശയത്തിന്‍െറ കൊടുക്കല്‍ വാങ്ങലുകള്‍ അവരുടെ രാഷ്ട്രീയത്തിലില്ല. രാജാക്കന്മാരുടെ കാലത്തെ ആയോധനവീര്യത്തിലാണ്, ജനാധിപത്യത്തിന്‍െറ നയനിലപാടുകളില്ല അവരുടെ ശ്രദ്ധ.

2) ‘ബാഹുബലി’ ഹിന്ദുപുരാണങ്ങളെയും ഇതിഹാസങ്ങളെയും ഉപജീവിച്ച് നിര്‍മിക്കപ്പെട്ട ചിത്രമാണ്. പടത്തിന്‍െറ ട്രെയിലര്‍ ലോഞ്ചിനിടെ സംവിധായകന്‍ അത് തുറന്നുസമ്മതിച്ചിട്ടുണ്ട്. മഹാഭാരതമാണ് ചിത്രത്തിന് പ്രചോദനമായത് എന്ന് രാജമൗലി പറയുന്നു. കട്ടപ്പക്ക് ഹസ്തിനപുരത്തിന്‍െറ സംരക്ഷകനായ ഭീഷ്മരുടെ ഛായയുണ്ട്. ശിവകാമിക്ക് കൃഷ്ണന്‍െറ മാതാവ് ദേവകിയുടെ ഛായയുണ്ട്. വില്ലന്മാരായ കാലകേയന്മാര്‍ ഹിന്ദുപുരാണമനുസരിച്ച് അസുരന്മാരാണ്. മതപുനരുത്ഥാനത്തിന് ഹൈന്ദവപുരാണങ്ങളുടെ വീണ്ടെടുപ്പും പുനരുജ്ജീവനവും അനിവാര്യമാണ്. അത്തരം പൗരാണികമൂല്യങ്ങളെ പരിരക്ഷിക്കുകയും ഉദാത്തവത്കരിക്കുകയും ചെയ്യുകയാണ് ‘ബാഹുബലി’. പൗരാണികതയെ ആഘോഷിക്കുന്ന അമര്‍ചിത്രകഥ പരുവത്തിലുള്ള സിനിമകള്‍ നിര്‍മിക്കപ്പെടുന്നത് ജനപ്രിയസംസ്കാരത്തെ ഹിന്ദു റിവൈവലിസത്തിന് അനുഗുണമാക്കാന്‍ സഹായിക്കും. എല്ലാം പുരാണത്തില്‍ പറഞ്ഞിട്ടുണ്ട് എന്നാണല്ളോ ഹിന്ദുത്വയുടെ വക്താക്കള്‍ പറയുന്നത്.

ഇന്ത്യന്‍ ചരിത്രഗവേഷണ കൗണ്‍സിലിന്‍െറ ചെയര്‍മാനായി മോദി സര്‍ക്കാര്‍ നിയമിച്ച വൈ. സുദര്‍ശന്‍ റാവു രാമായണത്തെയും മഹാഭാരതത്തെയും കണ്ടത് കേവലം ഇതിഹാസങ്ങളായല്ല. മറിച്ച് ചരിത്രഗ്രന്ഥങ്ങളായാണ്. അവയുടെ ചരിത്രപരതക്ക് തെളിവുകളില്ളെന്ന് റോമിലാ ഥാപര്‍ ഉള്‍പ്പെടെയുള്ള വിഖ്യാത ചരിത്രഗവേഷകര്‍ കണ്ടത്തെിയിട്ടുള്ളതാണ്. ഇതിഹാസങ്ങള്‍ക്കും പുരാണങ്ങള്‍ക്കും ശാസ്ത്രീയമായ സ്ഥിരീകരണം നല്‍കാനുള്ള തിരക്കില്‍ പമ്പരവിഡ്ഢിത്തങ്ങള്‍ എഴുന്നള്ളിച്ചിട്ടുണ്ട് സുദര്‍ശന്‍ റാവു. 5000 കൊല്ലം മുമ്പ് ഇന്ത്യയില്‍ വിമാനയാത്രയുണ്ടായിരുന്നെന്നും ടെസ്റ്റ്റ്റ്യൂബ് ശിശുക്കളെ ഉല്‍പാദിപ്പിച്ചിരുന്നെന്നും കോസ്മിക് ആയുധങ്ങള്‍ ഉപയോഗിച്ചിരുന്നുവെന്നുമൊക്കെയാണ് റാവു പറഞ്ഞത്. പുഷ്പകവിമാനവും ഗാന്ധാരിയുടെ പ്രസവവുമെല്ലാം തെളിവായി കാട്ടാനുണ്ടല്ളോ. പ്ളാസ്റ്റിക് സര്‍ജറി പണ്ടേക്കുപണ്ടേ ഇന്ത്യയിലുണ്ടായിരുന്നുവെന്നതിന് തെളിവാണ് ഗണപതിയുടെ ശിരസ്സ് എന്നു പറഞ്ഞത് പ്രധാനമന്ത്രിയാണ്. ഇങ്ങനെ ഒൗദ്യോഗികതലത്തില്‍ തന്നെ പുരാണത്തെ ചരിത്രമാക്കി അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് ‘ബാഹുബലി’യുടെ വരവ് എന്നോര്‍ക്കണം. മിത്തിലും പുരാണത്തിലും മതപുനരുത്ഥാനവഴികള്‍ തേടുന്ന ഫാഷിസ്റ്റ് രാഷ്ട്രീയത്തിന് സാംസ്കാരികോര്‍ജം നല്‍കുന്ന സിനിമ മികച്ച സിനിമയാവാതെ തരമില്ല.


3) ‘ബാഹുബലി’യിലെ പ്രതിയോഗികള്‍ കറുത്തവരാണ്. കാലകേയന്മാര്‍. വേദിക് മിത്തോളജി അനുസരിച്ച് ദേവന്മാരുമായി പടവെട്ടിയ അസുരന്മാരാണ് കാലകേയന്മാര്‍. തങ്ങളുടെ ആധിപത്യത്തെ ചോദ്യംചെയ്യുന്ന അസുരന്മാരായാണ് ഉന്നതജാതി ഹിന്ദുക്കള്‍ ദലിതരെ കാണുന്നത്. രോഹിത് വെമുലയെ ആത്മഹത്യയിലേക്കു തള്ളിവിട്ടത് കേന്ദ്രമാനവശേഷി മന്ത്രി സ്മൃതി ഇറാനിയും കേന്ദ്രസഹമന്ത്രി ബന്ദാരു ദത്താത്രേയയും ഹൈദരാബാദിലെ ബി.ജെ.പി നേതാക്കളും ഒക്കെ ചേര്‍ന്നാണ്. യു.പിയിലെ ദലിതരെ ചുട്ടെരിച്ചത് സവര്‍ണ ഹിന്ദുക്കളാണ്. അടിവസ്ത്രം കഴുകാത്ത ദലിത് ജീവനക്കാരിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച സബ് ജഡ്ജിയും ഉന്നതജാതിക്കാരനാണ്. ദലിതരെയും അവര്‍ണരെയും കാലകേയന്മാരാക്കി കൊന്നും വെന്നും കഴിയാനാഗ്രഹിക്കുന്ന സവര്‍ണരുടെ മോഹമുക്തിക്ക് ഉതകുന്ന യുദ്ധരംഗങ്ങളുണ്ട് ‘ബാഹുബലി’യില്‍. ഭീകരരൂപികളായാണ് സിനിമ കാലകേയന്മാരെ അവതരിപ്പിക്കുന്നത്. പരിഷ്കൃതലോകത്തെയും അവരുടെ സവര്‍ണ ഫ്യൂഡല്‍ മൂല്യങ്ങളെയും എതിരിടാന്‍ വരുന്ന അപരിഷ്കൃതരും കാടന്മാരുമായി കറുത്തവര്‍ അവതരിപ്പിക്കപ്പെടുന്നു. പ്രാകൃതമായ ഭാഷയാണ് കാലകേയന്മാര്‍ സംസാരിക്കുന്നത്. നാഗരിക ലോകത്തിന്‍െറ പരിഷ്കൃതമൂല്യങ്ങള്‍ സ്വാംശീകരിച്ചിട്ടില്ലാത്തവരായി ദലിതരെ കാണുന്ന സവര്‍ണാധിപത്യത്തിന്‍െറ പ്രയോക്താക്കള്‍ക്ക് നന്നായി സുഖിക്കും കാലകേയന്മാരെ കാലപുരിക്കയക്കുന്ന യുദ്ധരംഗങ്ങള്‍ ആവോളമുള്ള ബാഹുബലി.

4) യുദ്ധത്തിനു സജ്ജനാവുന്നതിനു മുമ്പ് കാളിക്ക് മൃഗബലി നല്‍കുന്ന പതിവു വേണ്ടെന്നുവെക്കുന്നയാളാണ് ബാഹുബലി. മിണ്ടാപ്രാണിയുടെ തലവെട്ടി കുരുതികൊടുത്ത് അങ്കത്തിനിറങ്ങാന്‍ അയാള്‍ തയാറാവുന്നില്ല. യുദ്ധത്തിനിറങ്ങുന്നതിനുമുമ്പ് കാലികളോട് ഹിംസ വേണ്ടെന്നു പറഞ്ഞ് സ്വന്തം വിരല്‍ പോറി ചോരയിറ്റിക്കുകയാണ് അയാള്‍. ഗോവധ നിരോധത്തിന്‍െറയും ബീഫ് തിന്നുവെന്ന് ആരോപിച്ച് അഖ്ലാക്കിനെ കൊന്നതിന്‍െറയും പശ്ചാത്തലത്തില്‍ ഈ രംഗങ്ങള്‍ രാഷ്ട്രീയമായ മാനം ആര്‍ജിക്കുന്നുണ്ട്.

5) ഭൂരിപക്ഷമതവിശ്വാസങ്ങളെ ചിത്രം ഊട്ടിയുറപ്പിക്കുന്നുണ്ട്. ശിവലിംഗത്തില്‍ അഭിഷേകം നടത്താനുള്ള അമ്മയുടെ കഷ്ടപ്പാട് കണ്ട് ശിവലിംഗം തോളിലേറ്റി വെള്ളച്ചാട്ടത്തിന് താഴെ കൊണ്ടുപോയി വെക്കുകയാണ് നായകന്‍. ആയിരം കുടം വെള്ളം നദിയില്‍ നിന്നെടുത്ത് ചുമന്നുകൊണ്ടുപോയി ശിവലിംഗത്തില്‍ ഒഴിക്കാനായി അമ്മ ഓടിനടന്ന് കഷ്ടപ്പെടുന്നത് കണ്ട് സഹിക്കാതെ അയാള്‍ അങ്ങനെ ചെയ്യുമ്പോള്‍ പശ്ചാത്തലത്തില്‍  ശിവസ്തുതി ഉച്ചസ്ഥായിയില്‍ മുഴങ്ങുന്നു. ശിവരാത്രി ദിനത്തില്‍ ‘ബാഹുബലി’യിലെ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് ബാഹുബലി സംഘം ശിവരാത്രി ആശംസ നേര്‍ന്നത്.

6) 125 അടി ഉയരമുള്ള ഭല്ലാല്‍ദേവന്‍െറ പ്രതിമ സ്ഥാപിക്കുന്ന രംഗമുണ്ട് ‘ബാഹുബലി’യില്‍. സെല്‍ഫിയെടുത്തും മെഴുകുപ്രതിമകള്‍ സ്ഥാപിച്ചും ആത്മരതിയിലാറാടുന്ന ഭരണാധികാരിയുടെ കാലത്ത് ഈ പ്രതിമ ഉയര്‍ത്തലിന് പ്രാധാന്യമുണ്ട്.  പ്രവൃത്തികളും ദൗത്യങ്ങളുടെ പൂര്‍ത്തീകരണവുമല്ല, പ്രതിമകളും പി.ആര്‍ പ്രചാരവേലകളും സെല്‍ഫികളുമൊക്കെയാണ് ഭരണാധികാരിയുടെ നിലനില്‍പ്പിന് ആധാരം എന്ന് കരുതുന്ന പുതിയ കാലരാജാക്കന്മാരെ ഈ ചിത്രം പ്രതിഫലിപ്പിക്കുന്നു. സര്‍ദാര്‍ പട്ടേലിനുവേണ്ടി ഗുജറാത്തിലെ നര്‍മദയുടെ തീരത്ത് സ്ഥാപിക്കാന്‍ പോവുന്നത് 597 അടി ഉയരമുള്ള പ്രതിമയാണ്. പൂര്‍ത്തിയായാല്‍ ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായിരിക്കും അത്. 2063 കോടിയാണ് നിര്‍മാണച്ചെലവ്. 2014 ഒക്ടോബറില്‍ നിര്‍മാണം തുടങ്ങി. പട്ടേലിനെ ഹിന്ദുത്വവാദിയാക്കി പ്രകീര്‍ത്തിക്കാന്‍ കോടികള്‍ വാരിയെറിയുമ്പോള്‍ നര്‍മദാതീരത്തെ നിരവധി പേരുടെ അവകാശങ്ങളാണ് നിഷേധിക്കപ്പെട്ടത്.

7) ‘ബാഹുബലി’ പോലുള്ള സിനിമകള്‍ പോയകാല മൂല്യങ്ങളിലും അമര്‍ചിത്രകഥാഭാവനകളിലും പ്രേക്ഷകലക്ഷ:ങ്ങളെ ഉറക്കിക്കിടത്തുകയാണ്. സാമൂഹിക ജീവിതയാഥാര്‍ഥ്യങ്ങളെക്കുറിച്ച് ആകുലതയോ ഉത്കണ്ഠയോ പ്രകടിപ്പിക്കാത്ത ഒരു സമൂഹം ഉണ്ടാവേണ്ടത് ഏതൊരു സമഗ്രാധിപത്യസമുഹത്തിന്‍െറയും ആവശ്യമാണ്. എതിര്‍ശബ്ദങ്ങളുയര്‍ത്താതെ ഉറങ്ങിക്കിടക്കുന്ന ജനതയെയാണ് അവര്‍ക്ക് അധികാരം നിലനിര്‍ത്താന്‍ ആവശ്യം. ദൈനംദിനജീവിതത്തിന്‍െറ ദുരിതങ്ങളില്‍നിന്ന് സ്വപ്നസ്വര്‍ഗങ്ങളിലേക്ക് തെല്ലുനേരത്തേക്കെങ്കിലും പലായനംചെയ്യാനുള്ള പ്രേക്ഷകന്‍െറ തൃഷ്ണകളെ ‘ബാഹുബലി’യിലെ കെട്ടുകാഴ്ചകളുടെ ദൃശ്യശൃംഖല സഹായിക്കുന്നുണ്ട്.
8) ദേശീയ അവാര്‍ഡ് ഇന്ത്യയുടെ ബഹുസ്വരതയെയും ബഹുസാംസ്കാരികതയെയും വിളിച്ചോതുന്ന ഒന്നായിരിക്കണം. എല്ലാ പ്രാദേശിക ഭാഷകളിലുമുള്ള മികച്ച സംരംഭങ്ങള്‍ അവിടെ അംഗീകരിക്കപ്പെടണം. എന്നാല്‍ ഹിന്ദു വലതുപക്ഷ സര്‍ക്കാര്‍ ഇന്ത്യയുടെ ബഹുസ്വരതയെയും സാംസ്കാരിക വൈവിധ്യത്തെയും അംഗീകരിക്കുന്നില്ല. ഹിന്ദുത്വത്തിന്‍െറ സാംസ്കാരികദേശീയതയെ ഉയര്‍ത്തിപ്പിടിക്കുന്ന കലകളെയും സാംസ്കാരികോല്‍പ്പന്നങ്ങളെയും മാത്രമേ തങ്ങള്‍ അംഗീകരിക്കൂ എന്ന് അടിവരയിട്ടു പറഞ്ഞിരിക്കുകയാണ് ‘ബാഹുബലി’ക്കുള്ള പുരസ്കാര സമര്‍പ്പണത്തിലൂടെ കേന്ദ്രവാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രാലയം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahubali
Next Story