Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_right...

മ​ത​നി​ര​പേ​ക്ഷ​ത​യു​ടെ വി​ജ​യം

text_fields
bookmark_border
മ​ത​നി​ര​പേ​ക്ഷ​ത​യു​ടെ വി​ജ​യം
cancel

ഏഴു നിയമസഭ സീറ്റുകളും യു.ഡി.എഫിെൻറ അഥവാ മുസ്ലിം ലീഗിെൻറ കൈവശമിരിക്കുന്ന മലപ്പുറം ലോക്സഭ മണ്ഡലത്തിൽ ഇ. അഹമ്മദിെൻറ നിര്യാണംമൂലം വേണ്ടിവന്ന ഉപതെരഞ്ഞെടുപ്പിൽ ലീഗിെൻറ ഏറ്റവും കരുത്തനായ നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ച മികച്ച വിജയം അപ്രതീക്ഷിതമോ അമ്പരപ്പിക്കുന്നതോ അല്ല. മുൻഗാമിക്ക് ലഭിച്ചിരുന്ന ഭൂരിപക്ഷത്തേക്കാൾ കാൽലക്ഷത്തോളം വോട്ടിെൻറ കുറേവ കുഞ്ഞാലിക്കുട്ടിക്ക് നേടാനായുള്ളൂവെന്നും വേണമെങ്കിൽ പറയാം. ഇ. അഹമ്മദിെൻറ പ്രതിയോഗി ഇടതുമുന്നണി സ്ഥാനാർഥി തീരെ ദുർബലയായിരുന്നെങ്കിൽ, ഇത്തവണ കുഞ്ഞാലിക്കുട്ടിക്കെതിരെ താരതമ്യേന ശക്തനായ യുവസ്ഥാനാർഥിയെ മത്സരരംഗത്തിറക്കാൻ എൽ.ഡി.എഫ് ശ്രദ്ധിച്ചതുകൊണ്ടാവാം മുൻ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ലക്ഷത്തിൽപരം വോട്ട് കൂടുതൽ നേടാൻ അവർക്ക് സാധിച്ചത്. ഇൗ പശ്ചാത്തലത്തിൽ മലപ്പുറത്തെ ഫലം യു.ഡി.എഫിെൻറ മനോവീര്യമുയർത്താൻ പര്യാപ്തമായിരിക്കെത്തന്നെ എൽ.ഡി.എഫിനേറ്റ വൻ തിരിച്ചടിയായെന്ന് വിലയിരുത്താൻ പറ്റില്ല. എന്നാൽ, ഇലക്ഷൻ പ്രചാരണവേളയിൽ ഫലം കേന്ദ്ര^സംസ്ഥാന സർക്കാറുകളുടെ ഭരണത്തെക്കുറിച്ച വിലയിരുത്തലാവും എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടിരുന്നു. അങ്ങനെയെങ്കിൽ 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥികൾക്ക് മൊത്തം ലഭിച്ച വോട്ടുകളേക്കാൾ കുറവാണ് അവരുടെ സ്ഥാനാർഥി എം.ബി. ഫൈസലിന് കിട്ടിയത് എന്നതുകൊണ്ട് പിണറായി വിജയെൻറ നേതൃത്വത്തിലുള്ള ഇടതുസർക്കാറിെൻറ പ്രകടനത്തിൽ ജനങ്ങൾ സംതൃപ്തരല്ലെന്നതിെൻറ സൂചനയായി തെരഞ്ഞെടുപ്പ് ഫലത്തെ കാണേണ്ടിവരും.

ഭരണമുന്നണിയിലെ രണ്ടാമത്തെ ഘടകമായ സി.പി.െഎ സെക്രട്ടറി കാനം രാജേന്ദ്രൻ ചൂണ്ടിക്കാട്ടിയ പാളിച്ചകളെ ജനങ്ങളും അങ്ങനെത്തന്നെ വീക്ഷിക്കുന്നുവെന്നാണ് മറ്റൊരുവിധം പറഞ്ഞാൽ ഇതിനർഥം. സി.പി.എം^സി.പി.െഎ തർക്കേമാ വിവാദമോ എങ്ങനെ കലാശിച്ചാലും തെറ്റ് തിരുത്താൻ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ സർക്കാറിെൻറ പ്രതിച്ഛായ വരുംനാളുകളിൽ കൂടുതൽ മോശമാവാനാണിട. അതേയവസരത്തിൽ മുസ്ലിം വർഗീയതയുടെ ധ്രുവീകരണമാണ് മലപ്പുറത്ത് ദൃശ്യമായതെന്നും അത് അപകടകരമാണെന്നുമുള്ള പരാജിതനായ ഇടതുസ്ഥാനാർഥി ഫൈസലിെൻറ അവകാശവാദത്തെ വസ്തുതാപരമായി ന്യായീകരിക്കാനാവില്ല. എക്കാലത്തും മുസ്ലിംലീഗിെൻറ കോട്ടകളായി തുടർന്ന മണ്ഡലങ്ങളിൽ ഇത്തവണ വൻവിജയം അഭിമാനപ്രശ്നമായി കരുതി പാർട്ടി ശക്തമായ പ്രചാരണം അഴിച്ചുവിടുകയും പതിവിന് വിപരീതമായി യു.ഡി.എഫിലെ മുഖ്യകക്ഷി കോൺഗ്രസ് എല്ലാ ഭിന്നതകളും മാറ്റിവെച്ച് രംഗത്തിറങ്ങുകയും ചെയ്തതിൻ ഫലമാണ് കുഞ്ഞാലിക്കുട്ടിയുടെ തകർപ്പൻ വിജയം എന്ന് തീർച്ച. അത്തരമൊരു വിജയം പ്രതീക്ഷിച്ചതിനാലും പ്രത്യേക പ്രാധാന്യമൊന്നുമില്ലാത്തതിനാലും എസ്.ഡി.പി.െഎ, വെൽഫെയർ പാർട്ടി എന്നീ ചെറിയ പാർട്ടികൾ ഇലക്ഷനിൽ പെങ്കടുത്തില്ല. അവരുടെ അണികൾ ഒരുപക്ഷത്തിനുമാത്രം വോട്ട് ചെയ്തു എന്നതിനും തെളിവില്ല. മറിച്ച് പി.ഡി.പിയാകെട്ട പരസ്യമായി ഇടതുമുന്നണിയെ പിന്തുണക്കുകയും ചെയ്തു. പിന്നെയെന്ത് ധ്രുവീകരണം?

മലപ്പുറത്ത് ഏതെങ്കിലും വിധത്തിലുള്ള സാമുദായിക ധ്രുവീകരണം നടന്നിട്ടുണ്ടെങ്കിൽ മാറിയ സാഹചര്യത്തിൽ എൻ.ഡി.എ സ്ഥാനാർഥി ശ്രീപ്രകാശിന് ലഭിച്ച വോട്ട് സംഖ്യ ഉയരേണ്ടതായിരുന്നു. 2014ൽ ബി.ജെ.പി സ്ഥാനാർഥിക്ക് ലഭിച്ചതിനേക്കാൾ വെറും 970 വോട്ടുകളാണ് ഇത്തവണ എൻ.ഡി.എ സ്ഥാനാർഥിക്ക് ലഭിച്ചിരിക്കുന്നത്. തുഷാർ വെള്ളാപ്പള്ളിയുടെ ബി.ഡി.ജെ.എസ് എൻ.ഡി.എ ഘടകമായിട്ടും വോട്ട് വിഹിതം കൂടിയില്ല. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥികൾക്ക് ലഭിച്ച 73,447 വോട്ടുകളേക്കാൾ കുറവാണിതെന്നതും ശ്രദ്ധേയമാണ്. നരേന്ദ്ര േമാദിയുടെ മാസ്മരിക നേതൃത്വത്തെയും യു.പി തെരഞ്ഞെടുപ്പിൽ നേടിയ അതിഗംഭീര വിജയത്തെയും അവിടെ മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളിൽപോലും ബി.ജെ.പി സ്ഥാനാർഥികൾ ജയിച്ചുകയറിയതിനെയും കുറിച്ച അവകാശവാദങ്ങൾ കത്തിനിൽക്കെയാണ് സാമാന്യം ഭേദപ്പെട്ട ഇൗ തിരിച്ചടി. രാജ്യത്താകെ ഭൂരിപക്ഷമായ സമുദായം എണ്ണത്തിൽ ന്യൂനപക്ഷമായ മലപ്പുറത്ത് അവരുടെ വോട്ടുകൾ ധ്രുവീകരിക്കപ്പെട്ടുവെങ്കിൽ അതിെൻറ ഫലം ഇൗ തെരഞ്ഞെടുപ്പിൽ പ്രകടമാവേണ്ടതായിരുന്നു. അതുണ്ടായില്ലെന്ന് മാത്രമല്ല, ഫാഷിസ്റ്റ് ശക്തികൾക്കെതിരെ മതേതര പാർട്ടികളും ന്യൂനപക്ഷ സമുദായങ്ങളും െഎക്യപ്പെടണമെന്ന് പരസ്യമായി ആഹ്വാനം ചെയ്ത യു.ഡി.എഫ് സ്ഥാനാർഥിക്ക് അഭിമാനാർഹമായ വിജയം കൊയ്യാൻ സാധിക്കുകയുംചെയ്തു. എൽ.ഡി.എഫും പ്രചാരണത്തിലുടനീളം മുഖ്യശത്രുവായി അവതരിപ്പിച്ചത് മോദിയെയും തീവ്രവലതുപക്ഷത്തെയും തന്നെയാണുതാനും.

മുസ്ലിം ലീഗിെൻറ അനിഷേധ്യനേതാവും ദേശീയ ജനറൽ സെക്രട്ടറിയുമായ കുഞ്ഞാലിക്കുട്ടിയെ അദ്ദേഹം ആഗ്രഹിച്ചപോലെയും അഭ്യർഥിച്ചപോലെയും തിളക്കമാർന്ന വിജയം തുണച്ചിരിക്കെ തന്നിൽ വന്നുചേർന്ന ഉത്തരവാദിത്തത്തി െൻറ ഗൗരവത്തെക്കുറിച്ച് തികച്ചും ബോധവാനായിരിക്കും അദ്ദേഹമെന്ന് പ്രതീക്ഷിക്കാവുന്നതാണ്. രാജ്യം സമഗ്രാധിപത്യത്തിലേക്കും ഫാഷിസത്തിലേക്കും അതിവേഗം കൂപ്പുകുത്തുന്ന സന്ദിഗ്ധഘട്ടത്തിൽ അതിന് തടയിടാൻ മതന്യൂനപക്ഷങ്ങളുടെയും മതനിരപേക്ഷ ജനാധിപത്യശക്തികളുടെയും െഎക്യപ്പെടലിനായി ദേശീയതലത്തിൽ പ്രവർത്തിക്കുകയാണ് തെൻറ പ്രഥമ ചുമതല എന്നദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. നിശ്ചയമായും ഇൗ രംഗത്ത് അദ്ദേഹം ഒറ്റക്കാവില്ല. കോൺഗ്രസിൽനിന്നും മതേതര പാർട്ടികളിൽനിന്നും ഇടതുപക്ഷത്തുനിന്നും അതിന്നനുകൂലമായ ശബ്ദം ഉയർന്നുതുടങ്ങിയിരിക്കെ അടവുനയങ്ങളിലും രാഷ്ട്രീയ നയസമീപനങ്ങളിലും വൈദഗ്ധ്യം തെളിയിച്ച പി.കെ. കുഞ്ഞാലിക്കുട്ടിക്ക് പാർലമെൻറിനകത്തും പുറത്തും ക്രിയാത്മകമായ കാൽവെപ്പുകൾ സാധ്യമാവുമെന്ന് തന്നെയാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. പുതിയ ദൗത്യ നിർവഹണത്തിൽ അദ്ദേഹത്തിന് സർവവിധ ആശംസകളും നേരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
News Summary - win of secular
Next Story