Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
amit shah in kashmir
cancel
Homechevron_rightOpinionchevron_rightEditorialchevron_rightബി.ജെ.പിയുടെ...

ബി.ജെ.പിയുടെ മാറ്റമില്ലാത്ത കശ്മീർ അജണ്ട

text_fields
bookmark_border



ജമ്മു-കശ്മീരിന്‍റെ പ്രത്യേകപദവി എടുത്തുകളഞ്ഞ ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആദ്യമായി നടത്തിയ താഴ്വര സന്ദർശനം തികഞ്ഞ ആകാംക്ഷയോടെയാണ് കശ്മീരിന് അകത്തും പുറത്തുമുള്ളവർ നോക്കിക്കണ്ടത്. സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും പേരിൽ വാരിക്കോരി നൽകുന്ന വാഗ്ദാനങ്ങളും പദ്ധതി പ്രഖ്യാപനങ്ങളും തറക്കല്ലിടൽ, ഉദ്ഘാടനപരിപാടികളും പതിവുപോലെ നടന്നു. ജമ്മു-കശ്മീരിന് ഇതുവരെ 12,000 കോടിരൂപയുടെ നിക്ഷേപം കേന്ദ്രം ലഭ്യമാക്കിയെന്നും 2022അവസാനത്തോടെ 51,000 കോടിയുടെ നിക്ഷേപമെത്തിക്കുമെന്നും അഞ്ചു ലക്ഷം യുവാക്കൾക്കു തൊഴിൽ നൽകുമെന്നും ജമ്മുവിലും ശ്രീനഗറിലും മെട്രോ ട്രെയിൻ ഓടിക്കുമെന്നുമൊക്കെ അമിത് ഷാ വ്യക്തമാക്കി.

കഴിഞ്ഞ രണ്ടുവർഷത്തെ അടിച്ചമർത്തൽ ഭരണത്തിൽ കാര്യങ്ങളെല്ലാം ഭദ്രമായി എന്നും ആഭ്യന്തരമന്ത്രി സമർഥിച്ചു. അതിർത്തികടന്നുള്ള ഭീകരത വീണ്ടും സജീവമാകുകയും കശ്മീരിൽ ന്യൂനപക്ഷങ്ങളും കുടിയേറ്റ തൊഴിലാളികളും തോക്കിനിരയാകുകയും ചെയ്യുന്ന സന്ദർഭത്തിൽ 700 രാഷ്​ട്രീയപ്രവർത്തകരെ കരുതൽ തടങ്കലിൽ വെച്ചു നടത്തിയ സന്ദർശനത്തിലായിരുന്നു ഈ അവകാശവാദമെല്ലാമെന്ന്​ ഓർക്കണം.

സത്യത്തിൽ അവകാശവാദങ്ങളല്ല, കശ്​മീരിനെ വരുതിയിലാക്കാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്ന കേന്ദ്രത്തിെൻറ അടുത്ത ചുവട് എന്തായിരിക്കുമെന്നാണ് ഷായുടെ സന്ദർശനത്തിൽ ഏവരും ഉറ്റുനോക്കിയത്. ഏഴു പതിറ്റാണ്ടിലേറെയായി രാജ്യം ഭരണഘടനാപരമായി വകവെച്ചു കൊടുത്തിരുന്ന പ്രത്യേകപദവിയും അവകാശങ്ങളും 2019 ആഗസ്റ്റ് അഞ്ചിന് എടുത്തുകളഞ്ഞ്​ ജമ്മു-കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റിയശേഷം ആ നാടിനെ സമ്പൂർണമായി സൈനികാധിപത്യത്തിൻ കീഴിലാക്കുകയാണ് ഭരണകൂടം ചെയ്തത്.

ടെലിഫോൺ, ഇൻറർനെറ്റ് തുടങ്ങിയ അടിസ്ഥാന ആശയവിനിമയ ഉപാധികൾ പോലും സ്തംഭിപ്പിച്ചും രാഷ്​ട്രീയ നേതാക്കളെ മാസങ്ങളോളം ജയിലിലിട്ടും ജനകീയ പ്രതിഷേധങ്ങളെ ബുള്ളറ്റുകൾകൊണ്ടു നിർദയം നേരിട്ടും ജനജീവിതം ചവിട്ടിയമർത്തിയുമാണ് ബി.ജെ.പി 'പുതിയ കശ്മീർ' സൃഷ്​ടിക്കുന്നത്​. ജനസംഖ്യാപരമായും സാംസ്കാരികമായും കശ്മീരിെൻറ സവിശേഷതകൾ വെട്ടിച്ചുരുക്കി 'ഇന്ത്യൻ മുഖ്യധാരയിൽ ലയിപ്പിക്കുക'യാണ് 'പുതിയ കശ്മീർ പരിഷ്കരണ'ങ്ങളുടെ ലക്ഷ്യമെന്നും അവർ വ്യക്തമാക്കിയിട്ടുമുണ്ട്. രാജ്യത്ത് ബി.ജെ.പിയുടെ ഹിന്ദുത്വരാഷ്​ട്രീയത്തിന് വഴങ്ങാത്ത സാമൂഹിക, സാംസ്കാരിക, രാഷ്​ട്രീയപശ്ചാത്തലമുള്ള പ്രദേശത്തെ ഏതുവിധേനയും അതിനു പരുവപ്പെടുത്തിയെടുക്കലാണ് ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദു ചെയ്തതിലൂടെ പാർട്ടി ലക്ഷ്യമിട്ടത്.

ഇതര സംസ്ഥാനങ്ങളിലൊന്നെന്ന പരിഗണനയിലേക്ക് കശ്മീരിനെ കൊണ്ടുവരാൻ ഘട്ടംഘട്ടമായുള്ള നടപടിക്രമവും തയാറാക്കിയിരുന്നു. തന്ത്രപ്രധാനമായ അതിർത്തി സംസ്ഥാനത്തെ രാജ്യത്തോടു ചേർത്തുനിർത്താൻ ഭരണഘടന ശിൽപികൾ രൂപം കൊടുത്ത, ഭൂവുടമാവകാശനിയന്ത്രണമടക്കമുള്ള പ്രത്യേക അധികാരങ്ങൾ കൂടി 370 ാം വകുപ്പിനൊപ്പം റദ്ദാക്കി. അതുവഴി തുറന്ന അവസരമുപയോഗപ്പെടുത്തി കശ്മീരിലേക്ക് പുറമെ നിന്നുള്ളവരെ അധിവസിപ്പിക്കാനുള്ള പദ്ധതി ആവിഷ്കരിക്കപ്പെട്ടു. താഴ്വരയിലെ രാഷ്​ട്രീയം നിയന്ത്രിക്കുന്ന പ്രാദേശികകക്ഷികളുടെ ആധിപത്യം അവസാനിപ്പിച്ച് ബി.ജെ.പിക്കും അനുകൂലികൾക്കും കൂടുതൽ അവസരമൊരുക്കാൻ നിയമസഭയിലെ അംഗബലത്തിൽ വ്യതിയാനം വരുത്താനുള്ള ശ്രമവും നടക്കുന്നു. ഇതിെൻറ ഭാഗമായാണ് മണ്ഡല പുനർനിർണയം പ്രഖ്യാപിച്ചത്.

ജമ്മു-കശ്മീരിനെ രണ്ടായി വിഭജിച്ച ഘട്ടത്തിൽ തന്നെ വൈകാതെ തെരഞ്ഞെടുപ്പു നടത്തി സംസ്ഥാനപദവിയും നിയമസഭയും പുനഃസ്ഥാപിക്കുമെന്ന് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും വ്യക്തമാക്കിയിരുന്നു. മുന്നോടിയായി മണ്ഡലപുനർനിർണയം നടത്തുമെന്നും അറിയിപ്പുണ്ടായി. 'പുതിയ കശ്മീർ' കേന്ദ്രത്തിെൻറ പൂർണനിയന്ത്രണത്തിൽ കൊണ്ടുവരാനുള്ള മണ്ണൊരുക്കലാണ് രണ്ടു വർഷമായി ജമ്മു-കശ്മീരിൽ നടന്നുവരുന്നത്.

വിഭജനശേഷം ലഡാക്ക് വേറിട്ടുപോയതോടെ ജമ്മു-കശ്മീർ നിയമസഭയുടെ അംഗബലം 87 ൽനിന്നു 83 സീറ്റായി ചുരുങ്ങി. ഇതിൽ ഏഴു സീറ്റു കൂടി വർധിപ്പിച്ച് 90 ൽ എത്തിക്കുകയെന്നതാണ് 2020 മാർച്ച് ആറിന് റിട്ട. സുപ്രീംകോടതി ജഡ്ജി ജസ്​റ്റിസ് രഞ്ജനപ്രകാശ് ദേശായിയുടെ നേതൃത്വത്തിൽ നിലവിൽവന്ന മണ്ഡലപുനർനിർണയ സമിതിയുടെ ദൗത്യം.

കശ്മീർ താഴ്വരയിൽ 46 സീറ്റുകളും ജമ്മു മേഖലയിൽ 37 സീറ്റുകളുമാണ് നിലവിലുള്ളത്. ജനസംഖ്യയനുസരിച്ച് 56.15 ശതമാനം പേരുള്ള കശ്മീരിന് 55.42 ശതമാനം പ്രാതിനിധ്യമുള്ളപ്പോൾ 43.84 ശതമാനം ജനസംഖ്യയുള്ള ജമ്മുവിന് 44.52 ശതമാനം പ്രാതിനിധ്യമുണ്ട്. 1,49,749 പേരാണ് ശരാശരി കശ്മീർമേഖലയിലെ മണ്ഡലങ്ങളിലുള്ളത്. ജമ്മുവിൽ അത് 1,45,365 പേരാണ്. 68 ശതമാനം ജനസംഖ്യയുള്ള മുസ്​ലിംകൾക്ക് 66.66 ശതമാനവും 28.44 ശതമാനമുള്ള ഹിന്ദുക്കൾക്ക് 31 ശതമാനവും പ്രാതിനിധ്യമാണുള്ളത്. ഇതുവരെ നടന്ന മണ്ഡല പുനർനിർണയങ്ങളിലെല്ലാം ജമ്മുമേഖലക്കാണ് വർധിത പരിഗണന ലഭിച്ചത്.

ശ്രീനഗറിൽ മുസ്​ലിം ഇതര വിഭാഗത്തിൽ നിന്നുള്ളവരെയോ അവരുടെ പിന്തുണയെ ആശ്രയിക്കേണ്ടിവരുന്നവരെയോ മുഖ്യമന്ത്രി പദത്തിലിരുത്തുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്ന് കശ്മീരിലെ രാഷ്​ട്രീയകക്ഷികൾ ആരോപിക്കുന്നത് ഈ സാഹചര്യത്തിലാണ്. യഥാർഥത്തിൽ സംസ്ഥാനപദവി നൽകുന്നത് തെരഞ്ഞെടുപ്പുമായോ തെരഞ്ഞെടുപ്പിനെ മണ്ഡലപുനർനിർണയവുമായോ ബന്ധിപ്പിക്കേണ്ടതില്ലെന്നാണ് കശ്മീരിലെ ബി.ജെ.പി ഇതര രാഷ്​ട്രീയകക്ഷികളുടെ നിലപാട്.

എന്നാൽ, ആദ്യം മണ്ഡലപുനർനിർണയം, തെരഞ്ഞെടുപ്പ്, സംസ്ഥാനപദവി- ഇതാണ് മുൻഗണനാക്രമമെന്ന് അമിത് ഷാ സംശയരഹിതമായി വ്യക്തമാക്കിക്കഴിഞ്ഞു. ജമ്മു-കശ്മീർ അജണ്ടയിൽ മാറ്റമൊന്നുമില്ലെന്ന്​ ആവർത്തിച്ചുറപ്പിച്ചു എന്നതാണ്​ ആഭ്യന്തരമന്ത്രിയുടെ ത്രിദിന സന്ദർശനത്തി​ന്‍റെ ആകത്തുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu and kashmirbjp
News Summary - The BJP's unchanging Kashmir agenda
Next Story